സ്വാഗതം
WELCOME

News Update..

Monday, June 30, 2014

ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസചര്‍ച്ച നാളെ, മേയര്‍ക്കെതിരെ ബുധനാഴ്ച Madhyamam News Feeds

ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസചര്‍ച്ച നാളെ, മേയര്‍ക്കെതിരെ ബുധനാഴ്ച Madhyamam News Feeds

Link to

ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസചര്‍ച്ച നാളെ, മേയര്‍ക്കെതിരെ ബുധനാഴ്ച

Posted: 30 Jun 2014 12:30 AM PDT

കൊല്ലം: കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസത്തിന്മേലുള്ള ചര്‍ച്ച ചൊവ്വാഴ്ച നടക്കാനിരിക്കെ ഇരുമുന്നണികള്‍ക്കും ആശങ്ക. ഇരുപക്ഷത്തും 27 വീതം അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ പി.ഡി.പി അംഗം എം.കമാലുദ്ദീന്‍െറ നിലപാടാണ് നിര്‍ണായമാകുക.
ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെ തുടര്‍ന്ന് യു.ഡി.എഫാണ് അവിശ്വാസ പ്രമേയങ്ങള്‍ കൊണ്ടുവന്നുതുടങ്ങിയത്. മരാമത്ത്, അരോഗ്യ സ്ഥിരംസമിതി അധ്യക്ഷര്‍ക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആര്‍.എസ്.പിയുടെ പിന്തുണയില്‍ പാസായിരുന്നു. ഡെപ്യൂട്ടി മേയറായി തുടരുന്നത് ആര്‍.എസ്.പി അംഗം ഗോപിനാഥാണ്. ഇദ്ദേഹത്തെ പുറത്താക്കാന്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് ബദലായി മേയര്‍ക്കെതിരെ യു.ഡി.എഫും രംഗത്തുവന്നു.
രണ്ട് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം കിട്ടിയ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന യു.ഡി.എഫിനും സ്ഥിതി അനുകൂലമല്ല. 27 കൗണ്‍സിലര്‍മാരുമായി ഇരുപക്ഷവും തുല്യത പാലിക്കുമ്പോള്‍ പി.ഡി.പി അംഗം എങ്ങോട്ട് ചായുമെന്ന് പറയാനാവാത്ത അവസ്ഥയാണ്.
ഒപ്പംനിന്നാല്‍ പി.ഡി.പി കൗണ്‍സിലര്‍ കമാലുദ്ദീന് ഏതെങ്കിലും സ്ഥിരംസമിതിയുടെ അധ്യക്ഷസ്ഥാനം നല്‍കാമെന്നായിരുന്നു യു.ഡി.എഫ് നിലപാട്. എന്നാല്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കുള്ള ദിവസമടുത്തുവെങ്കിലും യു.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച ഉറപ്പ് കിട്ടിയിട്ടില്ലത്രെ. ഉപാധികളില്ലാതെ പിന്തുണക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും പറയുന്നു.
എല്‍.ഡി.എഫാകട്ടെ പി.ഡി.പിക്ക് പ്രത്യേകിച്ച് ഒരുസ്ഥാനവും വാഗ്ദാനം ചെയ്തിട്ടില്ല. അതേസമയം 27ല്‍ ആടിയുലയുന്ന അംഗങ്ങളെ ഉറപ്പിച്ചുനിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ജെ.എസ്.എസ് അംഗം പ്രേം ഉഷാറിന്‍െറ പിന്തുണ അവര്‍ ഉറപ്പാക്കികഴിഞ്ഞു. ഭരണം മറിഞ്ഞാല്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നല്‍കാമെന്നാണ് ധാരണ. പാലക്കടവ് ഡിവിഷനില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് വിമത അംഗം ജി.സതീഷ്കുമാറിന് ഡി.സി.സി സെക്രട്ടറി സ്ഥാനമാണ് വാഗ്ദാനം.
യു.ഡി.എഫിലെ ഒരംഗത്തെപോലും അടര്‍ത്താനാവാത്തതാണ് എല്‍.ഡി.എഫിന്‍െറ പ്രതിസന്ധി. പലരുമായും രഹസ്യചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടില്ല. പി.ഡി.പി അംഗത്തിനെ കൂടെ നിര്‍ത്താന്‍ ഫലപ്രദമായ ചര്‍ച്ചകളും എല്‍.ഡി.എഫ് നടത്തിയിട്ടില്ല. കൂടെനിന്നാല്‍ ഏതെങ്കിലും സ്ഥിരംസമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കമാലുദ്ദീനെ പരിഗണിക്കാമെന്നാണ് ചില എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്. 42 മാസ ഭരണത്തില്‍ എല്‍.എഡി.എഫിനെ പിന്തുണച്ചായിരുന്നു പി.ഡി.പി അംഗം കൗണ്‍സിലില്‍ ഇരുന്നിരുന്നത്.
ഭരണം നിലനിര്‍ത്താന്‍ പി.ഡി.പിയുടെ പിന്തുണ വേണ്ടെന്ന സി.പി.ഐ നിലപാടാണ് യു.ഡി.എഫ് ക്യാമ്പിലേക്ക് ചായാന്‍ പി.ഡി.പിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഇരുപക്ഷവും കടുത്ത അങ്കലാപ്പിലാണ്.

അട്ടിമറിക്കാന്‍ സ്വകാര്യബസുടമകള്‍ ഫണ്ട് ശേഖരിക്കുന്നു; പെര്‍മിറ്റ് ഒന്നിന് ഒന്നരലക്ഷം

Posted: 30 Jun 2014 12:13 AM PDT

തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ ക്ളാസ് ബസ് സര്‍വീസുകള്‍ ദേശസാത്കരിച്ച സര്‍ക്കാര്‍ നടപടി അട്ടിമറിക്കാന്‍ സ്വകാര്യബസുടമകള്‍ വന്‍ ഫണ്ട് ശേഖരണം നടത്തുന്നു. ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളുടെ ഉടമകളില്‍നിന്ന് പെര്‍മിറ്റ് ഒന്നിന് ഒന്നര ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
സ്വകാര്യബസുകള്‍ ഏറ്റെടുക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടും പ്രയോജനമില്ലാതായതോടെ സര്‍ക്കാറിന്‍െറ ഗതാഗതനയം തിരുത്തി പെര്‍മിറ്റുകള്‍ നിലനിര്‍ത്താമെന്ന് വാഗ്ദാനം ചെയ്താണ് പണം പിരിക്കുന്നത്. ഭരണപക്ഷത്തെ രണ്ട് ഘടകകക്ഷി നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ നടത്തുന്ന ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തതോടെയാണ് ഗതാഗത മന്ത്രാലയത്തെ തന്നെ പണമെറിഞ്ഞ് സ്വാധീനിക്കാന്‍ ശ്രമം തുടങ്ങിയത്. കൊല്ലം, കോട്ടയം ജില്ലകളിലെ രണ്ട് പ്രമുഖ ബസ് ഉടമകളാണ് പിരിവിന് പിന്നില്‍. ഇതുവരെ രണ്ടു കോടിയിലേറെ രൂപ ഇവര്‍ സമാഹരിച്ചു കഴിഞ്ഞുവെന്ന് ബസുടമകള്‍ പറയുന്നു.
ദേശസാത്കൃത റൂട്ടുകളില്‍നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കാനുള്ള തീരുമാനത്തിനും സൂപ്പര്‍ക്ളാസ് പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാക്കിയതിനുമെതിരായ കേസുകള്‍ നടത്താനാണ് പണം പിരിക്കുന്നതെന്നാണ് ബസുടമ സംഘടന നേതാക്കളുടെ വിശദീകരണം. സ്വകാര്യബസ് സര്‍വീസുകള്‍ വന്‍നഷ്ടത്തിലാണെന്ന വാദം ഉയര്‍ത്തി ബസ് ചാര്‍ജ് വര്‍ധനക്ക് നിര്‍ബന്ധിക്കുന്നതിനൊപ്പം പെര്‍മിറ്റ് നിലനിര്‍ത്താന്‍ എന്തിന് ഇത്രയും തുക മുടക്കി കേസ് നടത്തുന്നുവെന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് മറുപടിയില്ല.
കോടതി വിധികളുടെ പിന്തുണയോടെ സ്വകാര്യപെര്‍മിറ്റുകള്‍ ഏറ്റെടുക്കുന്നത് കെ.എസ്.ആര്‍.ടി.സി ഊര്‍ജിതമാക്കിയതോടെ കേരള രാഷ്ട്രീയത്തില്‍ വന്‍സ്വാധീനമുള്ള നേതാക്കള്‍ വരെ സ്വകാര്യബസുകള്‍ക്ക് വേണ്ടി വാദിച്ചു തുടങ്ങി. 2009ല്‍ സ്വകാര്യ ഫാസ്റ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ട കോട്ടയം ജില്ലയിലെ പ്രമുഖ എം.എല്‍.എയാണ് ഈ വിഷയത്തില്‍ സര്‍ക്കാറിന്‍െറയും ബസുടമകളുടെയും ഇടനിലക്കാരന്‍. 2000 സൂപ്പര്‍ക്ളാസ് ബസുകള്‍ സ്വകാര്യമേഖലയില്‍ ഉണ്ടെന്നും ഇത് ഏറ്റെടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ശേഷിയില്ലെന്നുമാണ് ഈ എം.എല്‍.എ പ്രചരിപ്പിക്കുന്നത്. ഇത്രയും ബസുകള്‍ ഒറ്റയടിക്ക് ഇല്ലാതായാല്‍ ജനം വലയുമെന്നും എം.എല്‍.എ പറയുന്നു. എന്നാല്‍, ബസുടമകള്‍ ഹൈകോടതിയില്‍ നല്‍കിയ രേഖകളിലടക്കം സംസ്ഥാനത്ത് 241 സൂപ്പര്‍ ക്ളാസ് സര്‍വീസുകളെയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ സ്വകാര്യ ബസുടമകളുടെ പല സംഘങ്ങള്‍ മൂന്ന് വട്ടം ഗതാഗത മന്ത്രിയുമായി അനൗപചാരിക ചര്‍ച്ച നടത്തി. ദേശസാത്കരണം ഉപേക്ഷിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. എന്നാല്‍, ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന ദേശസാത്കരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അട്ടിമറിച്ചുവെന്ന് ആരോപണമുയരാന്‍ ഇടയുണ്ടെന്നതിനാല്‍ ഗതാഗത മന്ത്രാലയം ഉറപ്പുകളൊന്നും നല്‍കിയില്ല.
ദേശസാത്കരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഹൈകോടതി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇവ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നിലും ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഗതാഗതനയം മാറ്റുന്നത് സംബന്ധിച്ച് ബസുടമകളുമായി ചര്‍ച്ച നടത്തുകയാണെന്നാണ് സര്‍ക്കാറിന് വേണ്ടി അഭിഭാഷകര്‍ ഹൈകോടതിയെ ധരിപ്പിച്ചത്. ഇതിന് സമാന്തരമായി സ്വകാര്യബസുകള്‍ ഏറ്റെടുക്കാനാവശ്യമായ നടപടികളില്‍ വെള്ളം ചേര്‍ത്ത് കെ.എസ്.ആര്‍.ടി.സിയുടെയും ഗതാഗത വകുപ്പിന്‍െറയും ജില്ലാ മേധാവികളും സ്വകാര്യ ഉടമകള്‍ക്ക് ഒത്താശ ചെയ്യുകയാണ്. കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത പെര്‍മിറ്റുകള്‍ പോലും പുതുക്കി നല്‍കുകയാണ് ഗതാഗത വകുപ്പ്. ഫലത്തില്‍ പെര്‍മിറ്റ് ഏറ്റെടുത്ത റൂട്ടിലൂടെ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസും ഒന്നിച്ച് സര്‍വീസ് നടത്തുകയാണ്. രാത്രി കോട്ടയത്തുനിന്ന് കണ്ണൂരിലേക്കും വയനാട്ടിലേക്കും പെര്‍മിറ്റില്ലാത്ത ബസുകള്‍ പോലും യഥേഷ്ടം ഓടുന്നു. കൊട്ടാരക്കര-എറണാകുളം റൂട്ടിലും പെര്‍മിറ്റില്ലാതെ സ്വകാര്യ സൂപ്പര്‍ ക്ളാസ് ഓടിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഉതിമൂടുനിന്ന് എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ എക്സ്പ്രസ് ബസിന്‍െറ പെര്‍മിറ്റ് രണ്ടുദിവസം മുമ്പ് അവസാനിച്ചുവെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. എന്നാല്‍, ഇതിന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ടെന്ന് എം.എല്‍.എയുടെ ബന്ധു കൂടിയായ ഉടമ പറയുന്നു. രേഖയില്‍ കൃത്രിമം നടത്തിയെന്നാണ് സൂചനയെങ്കിലും നടപടിയെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.
ഒരു പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആര്‍.ടി.എയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കാറുണ്ട്. സൂക്ഷിച്ചുവെക്കേണ്ട ഇവ പല യൂനിറ്റുകളിലും നശിപ്പിക്കപ്പെട്ടുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഒരു വര്‍ഷം മുമ്പ് സൂപ്പര്‍ക്ളാസുകള്‍ ദേശസാത്കരിച്ച് ഉത്തരവ് ഇറക്കിയപ്പോള്‍ തന്നെ സംസ്ഥാനത്തെ ഇത്തരം സ്വകാര്യബസുകളുടെ കണക്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കെ.എസ്.ആര്‍.ടി.സി അനങ്ങിയില്ല. പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷയുമായി ഉടമകള്‍ ആര്‍.ടി.എയെ സമീപിക്കുമ്പോള്‍ എതിര്‍ക്കാനും ഇപ്പോള്‍ യൂനിറ്റ് തല ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ല. ദീര്‍ഘദൂര സര്‍വീസുകളുടെ പ്രശ്നം വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഏത് യൂനിറ്റാണ് ഇടപെടേണ്ടത് എന്നതിലും തര്‍ക്കം നിലനില്‍ക്കുകയാണ്.

ഗുരുവായൂരിലെ യാത്രാദുരിതം: എല്‍.ഡി.എഫ് സമരത്തിന്

Posted: 29 Jun 2014 11:52 PM PDT

ഗുരുവായൂര്‍: തകര്‍ന്ന റോഡുകളുടെ വിഷയത്തില്‍ സമരരംഗത്തിറങ്ങാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. ഗുരുവായൂരിലെ സഞ്ചാരദുരിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എല്‍.ഡി.എഫ് സമരത്തിനിറങ്ങുന്നതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും സമരങ്ങളുമായി മുന്നോട്ട് പോകുമ്പോഴും എല്‍.ഡി.എഫിന്‍െറ മൗനം ചര്‍ച്ചയായിരുന്നു. അതിനിടെയാണ് സമരപ്രഖ്യാപനവുമായി എല്‍.ഡി.എഫ് രംഗത്തു വരുന്നത്.
ഒരു വര്‍ഷം മുമ്പ് സി.പി.എം സമരം നടത്തിയിരുന്നെങ്കിലും യാത്രാദുരിതം രൂക്ഷമായിരിക്കെ സി.പി.എമ്മിനെയും ബഹുജന സംഘടനകളെയും സമരരംഗത്ത് കാണാനില്ലായിരുന്നു. ഗുരുവായൂര്‍ എ.കെ.ജി സ്മാരക സദനത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സമരരൂപം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം തീരുമാനിക്കുമെന്നാണ് അറിയിച്ചത്. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, അഴുക്കുചാല്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുക, റെയില്‍വേ മേല്‍പാലം നിര്‍മാണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, നഗരസഭ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ. സുധീരന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ പി.കെ. സെയ്താലിക്കുട്ടി, ജനതാദള്‍ സംസ്ഥാന സെക്രട്ടറി സുരേഷ് വാര്യര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എം.സി. സുനില്‍കുമാര്‍, മോഹന്‍ദാസ് ചേലനാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഉപവാസ സമരം
ഗുരുവായൂര്‍: മുസ്ലിംലീഗിന്‍െറ സമ്മര്‍ദമാണ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രന്‍. ഗുരുവായൂരിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ നടന്ന 12 മണിക്കൂര്‍ ഉപവാസ സമരം പടിഞ്ഞാറേ നടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരസഭ കൗണ്‍സിലര്‍ തേലംപറ്റ വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാനന്ദന്‍ മാമ്പുള്ളി, ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് എം. മഹേഷ്, ബിജു പാലുവായ്, അനില്‍ മഞ്ചറമ്പത്ത്, പി.എം. ഭരതന്‍, വി.കെ. ശശികുമാര്‍, പി.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭ ലൈബ്രറി വളപ്പിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉപവാസം ആരംഭിച്ചത്.
ഭക്തരോടുള്ള ക്രൂരത
ഗുരുവായൂര്‍: തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാത്തത് ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരോട് കാണിക്കുന്ന ക്രൂരതയാണെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി മാതൃസമിതി സംസ്ഥാന സംഗമം കുറ്റപ്പെടുത്തി. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജെ. ലളിതാംബിംക ഉദ്ഘാടനം ചെയ്തു. വീരമാത പുരസ്കാരം യശോദ മാധവന് സമ്മാനിച്ചു. മാതൃസമിതി സംസ്ഥാന പ്രസിഡന്‍റ് പ്രഫ. വി.ടി. രമ അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷ മേനോന്‍, എന്‍. ലീലാമണി, ഡോ. ജയപ്രസാദ്, കെ.എസ്. നാരായണന്‍, ശാന്ത എസ്. പിള്ള എന്നിവര്‍ സംസാരിച്ചു.
കരാറുകാരനെ മാറ്റണം
ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടുന്നതില്‍ വീഴ്ചവരുത്തി ഗുരുവായൂരിനെ ദുരിത്തിലാക്കിയ കരാറുകാരനെ മാറ്റണമെന്ന് ക്ഷേത്ര നഗര വികസനസമിതി ആവശ്യപ്പെട്ടു.
പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ പി.ഡബ്ള്യു.ഡി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ എന്നിവയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. നഗരവികസന സമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് അയച്ചു. ഗുരുവായൂരിലെത്തിയ ചീഫ് സെക്രട്ടറി ഭരത്ഭൂഷനെ നേരില്‍ കണ്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി സമിതി ജനറല്‍ കണ്‍വീനര്‍ ടി.എന്‍. മുരളി അറിയിച്ചു.
മുഖ്യമന്ത്രി വരണം
ഗുരുവായൂര്‍: റോഡുകളുടെ ദുരവസ്ഥ അറിയാന്‍ മുഖ്യമന്ത്രി ഗുരുവായൂര്‍ സന്ദര്‍ശിക്കണമെന്ന് ജനതാദള്‍ എസ് ആവശ്യപ്പെട്ടു. പതിനായിരങ്ങള്‍ എത്തുന്ന ഗുരുവായൂരില്‍ മൂന്ന് വര്‍ഷത്തിലധികമായി റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി. നഗരസഭയും എം.എല്‍.എയും കലക്ടറും നല്‍കിയ നിര്‍ദേശങ്ങളൊന്നും കരാറുകാരനും ഉദ്യോഗസ്ഥരും അനുസരിക്കാത്ത സാഹചര്യവുമുണ്ട്.
എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ രാഗി എസ്. വാര്യര്‍, ഉണ്ണികൃഷ്ണന്‍ ചെറുപറമ്പില്‍, ടി.ഡി. ജയദേവന്‍, കെ.വി. മോഹന്‍ദാസ്, കെ. സുഭാഷ് എന്നിവര്‍ സംസാരിച്ചു.
ഉത്തരവാദി എം.എല്‍.എ –യു.ഡി.എഫ്
ഗുരുവായൂര്‍: റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിന്‍െറ പ്രധാന ഉത്തരവാദി എം.എല്‍.എയാണെന്ന് യു.ഡി.എഫ് നേതൃയോഗം കുറ്റപ്പെടുത്തി. റോഡുകള്‍ തകര്‍ന്ന് കിടന്നിട്ടും നഗരസഭ വേണ്ടവിധത്തില്‍ പ്രതികരിച്ചില്ലെന്നും ആരോപിച്ചു. റോഡുകളുടെ പ്രശ്നത്തില്‍ ഇതുവരെ മൗനം പാലിച്ച സി.പി.എം ഇപ്പോള്‍ സമരരംഗത്തിറങ്ങുന്നവരെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പി.എ. മാധവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കര്‍ ഹാജി, പി.ഐ. സൈമണ്‍, അഡ്വ. വി.എ. ജോസ്, വി. വേണുഗോപാല്‍, ആര്‍.വി. അബ്ദുല്‍ റഹിം, കെ.പി.എ. റഷീദ്, ആര്‍. രവികുമാര്‍, ശശി വാറനാട്ട്, ആര്‍.എ. അബൂബക്കര്‍, കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

അനാഥ രോഗികളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി

Posted: 29 Jun 2014 11:23 PM PDT

പാലക്കാട്: ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ അനാഥരായ രോഗികള്‍ മരിച്ചാല്‍ അവരുടെ സ്വത്ത് ബന്ധുക്കളെന്ന പേരില്‍ തട്ടിയെടുക്കാനുള്ള ശ്രമം ആശുപത്രി അധികൃതര്‍ക്ക് തലവേദനയാകുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സക്കിടെ ഒരു രോഗിയില്‍നിന്ന് ചിലര്‍ നിര്‍ബന്ധപൂര്‍വം രേഖകള്‍ ഒപ്പിട്ടു വാങ്ങാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരും മറ്റു രോഗികളും ഇടപെട്ട് വിഫലമാക്കിയിരുന്നു. അജ്ഞാതന്‍ എന്ന വിഭാഗത്തിലാണ് രോഗിയെ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇത്തരക്കാരില്‍നിന്നാണ് ബന്ധുക്കളെന്ന് പറഞ്ഞ് എത്തുന്നവര്‍ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നത്. രേഖകളില്‍ ഒപ്പിട്ടുവാങ്ങാനുള്ള ശ്രമം സംബന്ധിച്ച് പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം നല്‍കിയിയിട്ടുണ്ട്. അടുത്തിടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പലപ്പോഴും ആശുപത്രി ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് രോഗികളെ രക്ഷിക്കുന്നത്.
അനാഥരെന്ന പേരില്‍ ബന്ധുക്കള്‍ തന്നെ അവശരായ രോഗികളെ ഐസൊലേഷന്‍ വാര്‍ഡിലാക്കി കടന്നുകളയുന്ന സംഭവങ്ങളുമുണ്ട്. നാട്ടുകാര്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്ന സംഭവങ്ങളിലും പിന്നീട് ബന്ധുക്കളെന്ന പേരില്‍ പലരും എത്താറുണ്ട്. ജില്ലാ ആശുപത്രിയുടെ ആരംഭകാലം മുതലുള്ള പൈതൃക വാര്‍ഡായ നെഹ്റു വാര്‍ഡാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്. വയറിളക്ക സംബന്ധമായ രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള വാര്‍ഡാണിത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പൊലീസും സന്നദ്ധ പ്രവര്‍ത്തകരും എത്തിക്കുന്ന അനാഥരും നിരാലംബരുമായ രോഗികളെ മറ്റു വാര്‍ഡുകളില്ലാത്തതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിക്കുന്നത്. ചികിത്സക്കുശേഷം ചിലര്‍ തിരിച്ചുപോകും. മറ്റു ചിലര്‍ അവിടെത്തന്നെ തുടരും.
അനാഥരായ ആളുകള്‍ ചികിത്സക്കിടെ മരിച്ചാല്‍ പൊലീസ് എയ്ഡ് പോസ്റ്റ് വഴി മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തും. തുടര്‍ന്ന് ഒരാഴ്ചക്കകം ബന്ധുക്കളെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം സംസ്കരിക്കും. ഇതിനിടെയാണ് അവശരായ രോഗികളെ കബളിപ്പിച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നത്. അനാഥരും അശരണരുമായ രോഗികളെ സുരക്ഷിതമായി ചികിത്സിക്കുന്നതിന് സാമൂഹിക ക്ഷേമം ഉള്‍പ്പെടെ വകുപ്പുകള്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയെ മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു

Posted: 29 Jun 2014 11:19 PM PDT

Image: 

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ മുന്‍ പ്രധാന അധ്യാപികയായിരുന്ന ഊര്‍മിളയെ തിരുവനന്തപുരം മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇംഗ്ളീഷ് ക്ളബ്ബിന്‍്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പങ്കടെുക്കാന്‍ സ്കൂളിലത്തെിയ മന്ത്രിയെ പൊതുവേദിയില്‍ അപമാനിച്ചുവെന്ന ആരോപണത്തില്‍ കഴിഞ്ഞ ആഴ്ചയാണ് അധ്യാപികയെ സ്ഥലംമാറ്റിയത്.  ആറ്റിങ്ങല്‍ അയിലം സ്കൂളിലേക്കായിരുന്നു മാറ്റം.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ധ്യാപിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രധാന അധ്യാപക സ്ഥാനത്തു നിന്നും മാറ്റരുതെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കോട്ടണ്‍ഹില്‍ സ്കൂളില്‍ വീണ്ടും നിയമനം നല്‍കാനാവില്ളെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് തിരുവനന്തപുരം മോഡല്‍സ്കൂളിലേക്ക് മാറ്റി നിയമിച്ചത്.സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നതായി ഊര്‍മ്മിളാ ദേവി പറഞ്ഞു.

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്

Posted: 29 Jun 2014 11:08 PM PDT

ചങ്ങരംകുളം: സംസ്ഥാനപാതയില്‍ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ ഇന്നോവ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കാസര്‍കോട് സ്വദേശികളായ ദര്‍ജല്‍ വീട്ടില്‍ ഫാത്തിമ (32), മുഹമ്മദ് ഇബ്രാഹിം (42), മുഹമ്മദ് നൗഷാദ് (17), കുഞ്ഞിബീവി (65) , അബ്ദുല്‍ റസാഖ് (14), ജംഷീദ് (18), അബ്ദുല്‍ ലത്തീഫ് (24), സിദ്ദീഖ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ടാങ്കര്‍ ലോറി മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ചതോടെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ ഗട്ടറിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മനസ്സിന് കുളിരുപകര്‍ന്ന് റമദാന്‍

Posted: 29 Jun 2014 11:02 PM PDT

Image: 

വിശുദ്ധമാസമായ റമദാന്‍ വീണ്ടും എത്തിച്ചേര്‍ന്നിരിക്കുന്നു. വിശ്വാസിയുടെ മനസ്സിന് കുളിര് പകര്‍ന്നും മാനവസമൂഹത്തില്‍ നന്മയുടെ കതിര് വിളയിച്ചും സത്കര്‍മങ്ങളുടെയും ദാനധര്‍മങ്ങളുടെയും വസന്തകാലമായാണ് റമദാന്‍ സമാഗതമാകുന്നത്. ഖുര്‍ആനും നോമ്പുമാണ് റമദാനിന്‍െറ മുഖ്യമായ ഉള്ളടക്കം.
സ്രഷ്ടാവായ അല്ലാഹു അവന്‍െറ സവിശേഷ സൃഷ്ടിയായ മനുഷ്യനോട് സംസാരിച്ച വചനങ്ങളാണ് ഖുര്‍ആന്‍. അത് മനുഷ്യനെ കൃത്യമായി നിര്‍വചിക്കുന്നു. അവന്‍ എവിടെനിന്ന് വന്നെന്നും എങ്ങോട്ട് പോകുന്നെന്നും പറഞ്ഞുകൊടുക്കുന്നു. അവന്‍െറ ദൗത്യമെന്തെന്ന് അവനെ പഠിപ്പിക്കുന്നു. ഭൂമിയെ പരിപാലിച്ചും അതില്‍ സംസ്കാരവും നാഗരികതയും കെട്ടിപ്പടുത്തും മുന്നോട്ടുപോകുമ്പോള്‍ അവന്‍ ചലിക്കേണ്ട ഏറ്റവും ശരിയായ വഴിയേതെന്ന് ഖുര്‍ആന്‍ കാണിച്ചുകൊടുക്കുന്നു.
ഖുര്‍ആന്‍ വായിക്കാനും പഠിക്കാനും അതിനെ അനുധാവനം ചെയ്യുമെന്ന പ്രതിജ്ഞ പുതുക്കാനുമുള്ള സവിശേഷ സന്ദര്‍ഭമാണ് റമദാന്‍. ഖുര്‍ആന്‍ അനുധാവനം ചെയ്യാന്‍ വര്‍ധിച്ച ആത്മശക്തിയും മനക്കരുത്തും ആവശ്യമാണ്. പൈശാചിക ചോദനകളെ പ്രതിരോധിച്ചുമാത്രമേ ഏതൊരാള്‍ക്കും ഖുര്‍ആനിക ജീവിതം നയിക്കാനാവൂ.  അനേകം പ്രലോഭനങ്ങള്‍ തിരിച്ചറിഞ്ഞും തടഞ്ഞുനിര്‍ത്തിയും മാത്രമേ ഖുര്‍ആന്‍ ജീവിതത്തിന്‍െറ വഴികാട്ടിയായി സ്വീകരിക്കാന്‍ മനുഷ്യന് സാധിക്കൂ. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും ഭോഗസുഖങ്ങള്‍ വേണ്ടെന്നുവെച്ചും ഈ ആത്മീയശക്തിയില്‍ മനശ്ശക്തിയുമാണ് വിശ്വാസി ആര്‍ജിക്കുന്നത്.
റമദാന്‍ കാരുണ്യത്തിന്‍െറയും സഹാനുഭൂതിയുടെയും മാസമാണ്. ഓരോ വിശ്വാസിയും കൂടുതല്‍ ഉദാരമതിയായിത്തീരുകയും കഷ്ടപ്പെടുന്നവന്‍െറയും പ്രയാസമനുഭവിക്കുന്നവന്‍െറയും നേരെ സഹായഹസ്തം നീട്ടുകയും വേണം.
റമദാന്‍ കര്‍മനിരതരാകേണ്ട മാസമാണ്. ആലസ്യത്തിന്‍െറയും നിഷ്ക്രിയത്വത്തിന്‍െറയും മാസമല്ല. ബദ്ര്‍ യുദ്ധമടക്കമുള്ള മഹാസമരങ്ങള്‍ അതുകൊണ്ടുതന്നെയാണ് റമദാന്‍ മാസത്തിലായത്. വിശുദ്ധറമദാനിലെ രാവുകള്‍ ഉണ്ണാനും പകലുകള്‍ ഉറങ്ങാനുമുള്ളതല്ല. രാവുകള്‍ നിന്ന് നമസ്കരിക്കാനും പകലുകള്‍ സത്കര്‍മങ്ങള്‍ ചെയ്യാനുമുള്ളതാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഹൃദയംതുറന്ന റമദാന്‍ ആശംസകള്‍.

നെല്ലിന്‍െറ കുടിശ്ശിക വൈകുന്നു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Posted: 29 Jun 2014 10:57 PM PDT

Image: 

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍െറ കുടിശ്ശിക വൈകുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കൊടുക്കാന്‍ വൈകിയ കുടിശ്ശികക്കുള്ള പലിശ കൂടി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണ്. അന്നം നല്‍കിയവരോട് സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിയ മന്ത്രി അനൂപ് ജേക്കബ്, നെല്ല് സംഭരിച്ച വകയില്‍ 186 കോടി നല്‍കാനുണ്ടെന്ന് സഭയെ അറിയിച്ചു. നാളെ ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

അടുത്ത വര്‍ഷം മുതല്‍ നെല്ല് സംഭരണം ബാങ്കുകളുമായി ബന്ധപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തവണ റെക്കോര്‍ഡ് സംഭരണമാണ് നടന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അസാപ് പദ്ധതി വ്യാപിപ്പിക്കും

Posted: 29 Jun 2014 10:57 PM PDT

പത്തനംതിട്ട: തൊഴില്‍ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്ന അസാപ് (അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം) പദ്ധതി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാപകമായി നടപ്പാക്കും.
സ്കൂള്‍, കോളജ് വിദ്യാഭ്യാസത്തിനൊപ്പം പ്രത്യേക തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്ളസ് വണ്‍, ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്.
തൊഴില്‍ നൈപുണ്യം നേടാനുള്ള വാസനയും താല്‍പര്യവും പരിഗണിച്ചായിരിക്കും കുട്ടികളെ തെരഞ്ഞെടുക്കുക. 30 വിദ്യാര്‍ഥികള്‍ വീതമുള്ള രണ്ട് ബാച്ചുകള്‍ വരെ ഒരു വിദ്യാലയത്തില്‍ ഉണ്ടാകും. 100 മണിക്കൂര്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷും 80 മണിക്കൂര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അടിസ്ഥാന വിവരങ്ങളും ചേര്‍ന്ന 180 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫൗണ്ടേഷന്‍ മൊഡ്യൂള്‍, തെരഞ്ഞെടുക്കുന്ന തൊഴില്‍ വൈദഗ്ധ്യ കോഴ്സിനൊപ്പം നിര്‍ബന്ധമായി പഠിക്കണം.
ഐ.ടി, ഫിനാന്‍സ് സര്‍വീസസ്, ടെലികോം, ഹോസ്പിറ്റാലിറ്റി, ഓര്‍ഗനൈസ്ഡ് റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍, മീഡിയ, റബര്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, ഓട്ടോമാറ്റീവ് പ്രിന്‍റിങ്, മൊബൈല്‍ കമ്യൂണിക്കേഷന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, ഓട്ടോമേഷന്‍ ടെക്നോളജി തുടങ്ങിയ തൊഴില്‍ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന കോഴ്സുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബന്ധപ്പെട്ട വ്യവസായ-തൊഴില്‍ സ്ഥാനപങ്ങളില്‍ നിര്‍ബന്ധിത ഇന്‍േറണ്‍ഷിപ്പുമുണ്ടാകും. തൊഴിലുകളില്‍ വൈദഗ്ധ്യം നേടുന്നതിന് സ്കില്‍ മൊഡ്യൂളില്‍, അതിനു സഹായകമായ സിലബസാണ് തയാറാക്കിയിരിക്കുന്നത്. സ്കൂള്‍, കോളജ് പഠന സമയത്തിനു പുറമെ സമയമായിരിക്കും അസാപിന്‍െറ അധ്യയനസമയം. പൊതു അവധി ദിവസങ്ങളിലും ശനിയാഴ്ചകളിലും ഞായറാഴ്കളിലും ക്ളാസുണ്ടാകും.
ഫൗണ്ടേഷന്‍ കോഴ്സ് ക്ളാസ് പ്രവൃത്തിദിവസങ്ങളിലും സ്കില്‍ കോഴ്സ് ക്ളാസ് അവധി ദിവസങ്ങളിലും നടക്കും. ഓരോ അധ്യയന വര്‍ഷവും കോളജ്, ഹയര്‍ സെക്കന്‍ഡറി പ്രവേശം പൂര്‍ത്തിയായി, നവംബര്‍ 30 വരെയായിരിക്കും കോഴ്സുകളിലേക്കുള്ള പ്രവേശം. അടുത്ത അധ്യയനവര്‍ഷം മേയില്‍ കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഇന്‍േറണല്‍- ഫൈനല്‍ അസസ്മെന്‍റുകള്‍ ഉണ്ടാകും. കമ്യൂണിക്കേഷന്‍ സ്കില്‍ അസസ്മെന്‍റ് ബ്രിട്ടീഷ് കൗണ്‍സിലിന്‍െറ 'അപ്റ്റിസ്'ടെസ്റ്റിലൂടെ നടത്തും. തൊഴില്‍ വൈദഗ്ധ്യ വിലയിരുത്തല്‍ അതത് തൊഴില്‍ പരിശീലനത്തിനുള്ള അക്രഡിറ്റഡ് ഏജന്‍സിയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് നടത്തുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും അതത് മേഖലയിലെ വ്യവസായ അക്രഡിറ്റേഷന്‍ ഏജന്‍സികളും ചേര്‍ന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിജയകരമായി ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നേടുന്നതിന് പരിഗണന ലഭിക്കും.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന ജില്ലയിലെ ഗവ. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും പ്രധാനാധ്യാപകരുടെയും യോഗം കലക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ദിരാമ്മ അധ്യക്ഷത വഹിച്ചു. കെ.കെ. സുലേഖ, ആര്‍. രമ എന്നിവര്‍ സംസാരിച്ചു.

ഡോക്ടര്‍മാര്‍ കുറവ്; ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം

Posted: 29 Jun 2014 10:42 PM PDT

കോട്ടയം: ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ക്ഷുഭിതരായ രോഗികളും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച രാവിലെ 12.30നാണ് സംഘര്‍ഷമുണ്ടായത്. ഒ.പി അവധിയായതിനാല്‍ പനിബാധിതരടക്കമുള്ള നൂറുകണക്കിന് രോഗികള്‍ രാവിലെ മുതല്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് മുന്നിലെ ക്യൂവിലാണ് നിരന്നത്. ഈസമയം രോഗികളെ നോക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു വനിതാഡോക്ടര്‍ മാത്രമായിരുന്നു. ഇതിനിടെ, രാവിലെ എട്ടുമുതല്‍ കൈക്കുഞ്ഞുമായി ക്യൂവില്‍ ഇടംപിടിച്ചവര്‍ തളര്‍ന്നിട്ടും ഡോക്ടറെ കാണാന്‍ അവസരം ലഭിച്ചില്ല. ഇതില്‍ ക്ഷുഭിതരായ രോഗികളും അവര്‍ക്കൊപ്പം എത്തിയവരും ബഹളംവെച്ചു. ഇത് ചോദ്യംചെയ്ത ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. എയ്ഡ്പോസ്റ്റിലെ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. വിശ്രമമില്ലാതെ രോഗികളെ നോക്കിയ വനിതാ ഡോക്ടറും കുഴഞ്ഞു. ഇതിനൊപ്പം അത്യാഹിത വിഭാഗത്തിലേക്ക് അടിയന്തരചികിത്സകിട്ടേണ്ട ആളുകളും എത്തിയതോടെ രോഗികളുടെ കാത്തിരിപ്പ് പിന്നെയും നീണ്ടു. ഉച്ചക്ക് രണ്ടുമുതല്‍ എട്ടുവരെ പ്രവര്‍ത്തിക്കുന്ന ഫീവര്‍ ക്ളിനിക്കിന്‍െറ പ്രവര്‍ത്തനവും അവതാളത്തിലായി. പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കുന്നതടക്കം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധകൊടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമല്ലെന്ന് ആക്ഷേപമുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP