സ്വാഗതം
WELCOME

News Update..

Thursday, March 6, 2014

അലമാരയില്ല; ഫയലുകള്‍ ചാക്കില്‍ Madhyamam News Feeds

അലമാരയില്ല; ഫയലുകള്‍ ചാക്കില്‍ Madhyamam News Feeds

Link to

അലമാരയില്ല; ഫയലുകള്‍ ചാക്കില്‍

Posted: 06 Mar 2014 01:09 AM PST

Subtitle: 
താലൂക്ക് സര്‍വേ സൂപ്രണ്ട് ഓഫിസില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

നെടുങ്കണ്ടം: ഉടമ്പന്‍ചോല താലൂക്ക് സര്‍വേ സൂപ്രണ്ട് ഓഫിസില്‍ ഫര്‍ണിച്ചറിന്‍െറ അഭാവം മൂലം ഫയലുകളെല്ലാം ചാക്കില്‍ കെട്ടിയിട്ടിരിക്കുന്നു.
വളരെ വിലപിടിപ്പുള്ളതും അത്യാവശ്യമുള്ളതുമായ ഫയലുകളാണ് മുറിക്കുള്ളിലും മൂലയിലും കൂട്ടിയിട്ടിരിക്കുന്നത്. പഴയ  പല ഫയലുകള്‍ക്കും നിരവധിപേര്‍ അപേക്ഷ നല്‍കിയെങ്കിലും കൊടുക്കാന്‍ കഴിയാതെ ജീവനക്കാര്‍ കുഴയുകയാണ്.  ഒരാഴ്ച മുമ്പ് സര്‍വേ സൂപ്രണ്ട് ഓഫിസിലെ  റീസര്‍വേ വിഭാഗവും എ.എല്‍.സി വിഭാഗവും നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലെ വാടകക്കെട്ടിടത്തില്‍നിന്ന് മിനി സിവില്‍ സ്റ്റേഷന്‍ വക കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഓഫിസ് പ്രവര്‍ത്തനം താളംതെറ്റി വെള്ളവും വെളിച്ചവും ഇരിക്കാന്‍  ഇരിപ്പിടവും ഫയലുകള്‍ സൂക്ഷിക്കാന്‍ ഷെല്‍ഫും തുടങ്ങി ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇഴഞ്ഞു നീങ്ങുകയാണ്. വാടക ക്കെട്ടിടത്തില്‍നിന്ന് പറിച്ചുനട്ടത് വലിയ രണ്ടു ഹാളിലേക്കാണെന്നത് ഒഴിച്ചാല്‍ ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ജീവനക്കാര്‍ വലയുകയാണ്.
രണ്ടു ഓഫിസുകളിലായി 70 ജീവനക്കാര്‍ ചക്രശ്വാസംവലിക്കുകയാണ്.  ഷെല്‍ഫുകള്‍, അലമാരകള്‍, കാബിന്‍ ടെലിഫോണ്‍, നെറ്റ് കണക്ഷന്‍ തുടങ്ങി ഒരു സൗകര്യവുമില്ല. മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി  കണക്ഷന്‍ ഇല്ലാത്തതിനാല്‍ സൃഷ്ടിക്കുന്ന ദുരിതം ഏറെയാണ്. വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കാന്‍ കെട്ടിട നമ്പര്‍ പോലും ഇല്ലാത്തതാണ് ഏറെ വിചിത്രം. മിനി സിവില്‍ സ്റ്റേഷനില്‍ സ്വാഭാവികമായും ഫോട്ടോസ്റ്റാറ്റ് സ്ഥാപനവും കാന്‍റീനും ഡി.ടി.പി സൗകര്യവും ഒക്കെ ഉണ്ടാകും.  പക്ഷെ നെടുങ്കണ്ടത്ത് ഇതൊന്നുമില്ല. എന്തിനേറെ കുടിവെള്ള സംവിധാനം പോലുമില്ല. സുരക്ഷിതമോ  രാത്രിയില്‍ കാവല്‍കാരോ പരിസരം വൃത്തിയാക്കാന്‍  ജീവനക്കാരോ ഇല്ല.  കമ്പ്യൂട്ടര്‍, നെറ്റ് കണക്ഷന്‍, വൈദ്യുതി തുടങ്ങിയവ ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളബില്‍ തയാറാക്കാന്‍ പോലും  പാടുപെടുകയാണ്. 1998ലാണ് നെടുങ്കണ്ടത്ത് ഓഫിസ് ആരംഭിക്കുന്നത്. അതിനു ശേഷവും രണ്ടുമൂന്നു വാടകക്കെട്ടിടങ്ങള്‍ മാറിയിട്ടുണ്ട്.  ജീവനക്കാര്‍ ഏറ്റവും അധികം ഒരുമിച്ചെത്തുന്നത് ബുധനാഴ്ച ദിവസങ്ങളിലാണ്. അന്ന് ഇരിക്കാന്‍ കസേരക്ക് പിടിവലിയാണ്.  ഉള്ള കസേരകള്‍  തുരുമ്പെടുത്ത് കാലുകള്‍ ഒടിഞ്ഞവയുമാണ്.

കോണ്‍ഗ്രസിന്‍െറ പ്രാഥമിക പട്ടിക ഒമ്പതിന് എ.ഐ.സി.സിക്ക് നല്‍കും -സുധീരന്‍

Posted: 06 Mar 2014 12:53 AM PST

Image: 

തൃശൂര്‍: സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കേണ്ടവരുടെ പ്രാഥമിക പട്ടിക ഒമ്പതിന് എ.ഐ.സി.സി സ്ക്രീനിങ്ങ് കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. അന്നുച്ചക്ക് ചേരുന്ന പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയില്‍ പ്രാഥമിക ലിസ്റ്റ് ധാരണയാവും. സ്ക്രീനിങ്ങ് കമ്മിറ്റി പരിശോധിച്ച് എ.ഐ.സി.സി അധ്യക്ഷയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതിയുടെ കൂടി പരിശോധനക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. 10ന് തന്നെ അതുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി തൃശൂര്‍ പ്രസ്ക്ളബിന്‍െറ ‘മീറ്റ് ദ പ്രസി’ല്‍ സുധീരന്‍ പറഞ്ഞു.
നാളെ സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ് എന്നിവയുമായി ചര്‍ച്ചയുണ്ട്. മുസ്ലിംലീഗുമായി അത്തരത്തിലൊരു ചര്‍ച്ചയുടെ ആവശ്യം വരില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ പരസ്യമായ ഗ്രൂപ്പിസം അവസാനിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കരട് വിജ്ഞാപനം ഇന്നോ നാളെയോ പുറത്തിറങ്ങാനാണ് ശ്രമം നടത്തുന്നതെന്ന് സുധീരന്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്‍റണി, കെ.വി. തോമസ്, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഇതിനായി ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി പ്രസിഡന്‍റും ബന്ധപ്പെട്ട മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ കണ്ട് ചര്‍ച്ച ചെയ്തിട്ടുണ്ട്. കരട് വിജ്ഞാപനം സംബന്ധിച്ച ആശങ്കക്ക് അധികം ആയുസില്ല. ഇക്കാര്യത്തില്‍ ആരുടെ നിലപാടിനേയും അന്ത്യശാസനമായി കാണുന്നില്ല. എല്ലാം സൗഹാര്‍ദപരമായ നിര്‍ദേശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മുനിസിപ്പല്‍ പാര്‍ക്കിന് ഒന്നരക്കോടിയുടെ പുനരുദ്ധാരണം ഉടന്‍

Posted: 06 Mar 2014 12:50 AM PST

കോട്ടയം: മുന്‍സിപ്പല്‍ ജൂബിലി പാര്‍ക്കിന് ഒന്നരക്കോടിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോട്ടയം നഗരസഭ കൗണ്‍സില്‍യോഗം തീരുമാനിച്ചു. ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ആസ്തി ഫണ്ടില്‍നിന്ന് അനുവദിച്ച ഒന്നരക്കോടിയാണ് പുനരുദ്ധാരണത്തിന് വിനിയോഗിക്കുന്നത്.
ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 90.48 ലക്ഷം രൂപ നഗരസഭക്ക് ലഭിച്ചതായി നഗരസഭ ചെയര്‍മാന്‍ എം.പി.സന്തോഷ്കുമാര്‍ അറിയിച്ചു.
അത്യാധുനിക സൗകര്യത്തോടെയാണ് പുനര്‍നിര്‍മാണം. ബെഞ്ചമിന്‍ ബെയ്ലിയുടെ പ്രതാപം എടുത്തുകാട്ടുന്ന തരത്തില്‍, നിലവില്‍ പാര്‍ക്കിലുള്ള ബെഞ്ചമിന്‍ ബെയ്ലി പ്രതിമ മോടിപിടിപ്പിക്കും.  മൂന്നര ഏക്കര്‍ വരുന്ന സ്ഥലത്ത് കൂട്ടികള്‍ക്ക് നടക്കുന്നതിനും കളിക്കുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും. മിനി ഓപണ്‍ എയര്‍ തിയറ്റര്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവയും അലങ്കാരദീപങ്ങളും ഉണ്ടാകും.
അഗ്രി  ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിക്കാണ് പാര്‍ക്കിന്‍െറ പ്രവര്‍ത്തന ചുമതല. ഏറെക്കാലമായി അവഗണിക്കപ്പെട്ടുകിടന്ന പാര്‍ക്ക് സംരക്ഷിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.
ജവഹര്‍ ബാലഭവന്‍ അങ്കണത്തിലെ ട്രാഫിക് പാര്‍ക്ക് നവീകരിക്കുന്നതിന് നടപടി വേണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

നിരപരാധിത്വം തെളിയിക്കാന്‍ അമൃതാനന്ദമയി മഠത്തിന് ഉത്തരവാദിത്വമുണ്ട് -വി.എം. സുധീരന്‍

Posted: 06 Mar 2014 12:47 AM PST

Image: 

തൃശൂര്‍: തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ അമൃതാനന്ദമയി മഠത്തിന് ഉത്തരവാദിത്വമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം പോലെ പ്രധാനമാണത്. നിയമം അതിന്‍െറ വഴിക്ക് പോകണം. പ്രശ്നത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ കാണുമെന്നാണ് കരുതുന്നത്. എന്തോ നടപടി നടക്കുന്നതായി മനസിലാക്കുന്നു. ആരെങ്കിലും ആരോപിച്ചാല്‍ അതേപടി ഏറ്റെടുക്കണമെന്ന് പറയാനാവില്ളെന്നും സുധീരന്‍ പറഞ്ഞു.
 

കുടിവെള്ള വിതരണം: നേട്ടം കൊയ്തത് കരാറുകാര്‍

Posted: 05 Mar 2014 11:19 PM PST

Subtitle: 
സൗജന്യ കുടിവെള്ള വിതരണത്തില്‍ ക്രമക്കേടെന്ന് കോര്‍പറേഷന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്

തൃശൂര്‍: കോര്‍പറേഷന്‍ ഫണ്ട് കാലിയാക്കി ടാങ്കറില്‍ നടത്തിയ കുടിവെള്ള വിതരണത്തില്‍ കരാറുകാര്‍ നേട്ടം കൊയ്തതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്.  കുടിവെള്ളക്ഷാമം രൂക്ഷമായ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ടാങ്കര്‍ ലോറികളില്‍ കരാറുകാര്‍ മുഖേന  നടത്തിയ സൗജന്യ കുടിവെള്ള വിതരണത്തില്‍ വന്‍ക്രമക്കേടുകളെക്കുറിച്ച് കോര്‍പറേഷന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കരാറുകാര്‍ മുഖേന ലോറികളില്‍  താല്‍ക്കാലിക സംവിധാനത്തിനായി കോടികള്‍ ചെലവിട്ടത്. മേഖലാ ഓഫിസ് പരിധിയില്‍ കരാറുകാര്‍ മുഖേന നടത്തിയ കുടിവെള്ള വിതരണം സുതാര്യമല്ലാത്തതും കൃത്യമായ നിരീക്ഷണം സാധ്യമല്ലാത്തതുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാവിലെ ആറ് മുതല്‍ രാത്രി 10 വരെ വിവിധ ഡിവിഷനുകളില്‍ വാഹനങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തെന്നാണ് അവകാശവാദം. ഈ ജലവിതരണം ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ നിരീക്ഷിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.  കരാറുകാര്‍ നല്‍കുന്ന ട്രിപ്ഷീറ്റുകള്‍ കാര്യമായി പരിശോധിക്കാതെ ബില്ലുകള്‍ തയാറാക്കി പാസാക്കുകയാണ് പതിവ്. കരാറുകാര്‍ക്ക് നല്‍കുന്ന തുകക്ക് ആനുപാതികമായി ജലവിതരണം നടത്തുന്നുണ്ടോ എന്ന് പരിശോധനയില്ല. ഇതുസംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇരുചക്രവാഹനങ്ങളുടെ നമ്പറുകള്‍ പോലും ടാങ്കര്‍ വഴിയുള്ള ജലവിതരണത്തിനായി ഉപയോഗിച്ച് തുക കൈപ്പറ്റിയത് സംബന്ധിച്ച കാര്യവും ഓഡിറ്റ് റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്.
കോര്‍പറേഷന് സ്വന്തമായുള്ള കുടിവെള്ള ടാങ്കറുകളില്‍ പഴയ മുനിസിപ്പല്‍ പ്രദേശത്ത് ദിനേന ശരാശരി രണ്ട് ട്രിപ്പുകള്‍ വീതം നടത്തുമ്പോള്‍ കരാറുകാര്‍ ജലസ്രോതസ്സില്‍ നിന്നും വിതരണസ്ഥലത്തേക്ക് ദിനേന 14 ട്രിപ്പുകള്‍ വരെ (മാസത്തില്‍ 400 ട്രിപ്പുകള്‍ വരെ) നടത്തി.
ഈയിനത്തിയ ഭീമമായ തുകകള്‍ കരാറുകാര്‍ കോര്‍പറേഷനില്‍ നിന്ന് കൈപ്പറ്റി. ഡിവിഷന്‍ പ്രദേശത്ത് തൃപ്തികരമായി ജലവിതരണം നടത്തിയെന്ന് കൗണ്‍സിലറുടെ കത്തിന്‍െറ അടിസ്ഥാനത്തിലും കാര്‍ഡുകളുടെ റാന്‍ഡം പരിശോധനയുടെയും അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ ബില്ലുകള്‍ പാസാക്കുന്നത്. ഓരോ ഡിവിഷന്‍ പ്രദേശത്തും എത്ര ട്രിപ്പുകള്‍ വീതം നടത്തിയിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ 31ാം ഡിവിഷന്‍ ഒഴികെ മറ്റൊരു ഡിവിഷന്‍ കൗണ്‍സിലറും കത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. കുടിവെള്ള വിതരണം കാര്യക്ഷമവും സുതാര്യവുമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ കഴിയുന്നില്ല.
2012-13 വര്‍ഷത്തെ നിരക്കിനെ അപേക്ഷിച്ച് 13-14 വര്‍ഷത്തില്‍ ലഭിച്ച ടെന്‍ഡറുകളില്‍ ഭീമമായ വര്‍ധനയാണ് കരാറുകാര്‍ രേഖപ്പെടുത്തിയത്. മേഖലാ ഓഫിസ് പരിധിയിലെ ഏറ്റവും കുറഞ്ഞ വര്‍ധന 229 ശതമാനം രേഖപ്പെടുത്തിയിട്ടും റീടെന്‍ഡര്‍ ക്ഷണിക്കാനോ വിലപേശല്‍ നടത്താനോ തയാറാകാതെ ടെന്‍ഡര്‍ ഉറപ്പിച്ച നഗരസഭയുടെ നടപടി അംഗീകരിക്കാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ കുടിവെള്ളവിതരണം സുതാര്യമാക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കിലും ഈ സംവിധാനവും കാര്യക്ഷമമലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മേഖലാ പ്രദേശങ്ങളിലെ 38 ഡിവിഷനുകളിലായി 277 പോയന്‍റുകളില്‍ കണ്‍സ്യൂമര്‍ കാര്‍ഡ് ഉള്ള ഗുണഭോക്താക്കള്‍ക്ക് ഇടവിട്ട ദിവസങ്ങളിയ 1000 ലിറ്റര്‍ വീതം ജലം നല്‍കുന്നതിന് കൗണ്‍സില്‍ നിശ്ചയിച്ചിരുന്നു.
ഇതുപ്രകാരം ഓരോ അഞ്ച് ഗുണഭോക്താവിനും ഒരു ട്രിപ് എന്ന നിലയില്‍ ട്രിപ് കണക്കാക്കിയാണ് ബില്‍ തയാറാക്കിയത്. എന്നാല്‍, വിതരണം ചെയ്യുന്ന പോയന്‍റുകളില്‍ ഓരോ ഗുണഭോക്താവിനും 1000 ലിറ്റര്‍ വീതം ജലം നല്‍കുന്നുണ്ടോ എന്നോ ഇത്രയും ജലം സംഭരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ഉണ്ടോയെന്നോ പരിശോധിച്ചില്ല.
കണ്‍സ്യൂമര്‍ കാര്‍ഡ് കൈപ്പറ്റിയ ഗുണഭോക്താക്കളുടെ ഡിവിഷന്‍ തിരിച്ചുള്ള എണ്ണം ലഭ്യവുമല്ല. ഗുണഭോക്താക്കളെ വാര്‍ഡുസഭ അംഗീകരിച്ചിട്ടുമില്ല. കണ്‍സ്യൂമര്‍ കാര്‍ഡുകള്‍ക്ക് ഏകീകൃത നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന് പകരം ഓരോ ഡിവിഷനും ഒന്ന് മുതല്‍ നമ്പര്‍ നല്‍കുന്നതിനാലും ഒരേ വാഹനം തന്നെ ഒന്നിലധികം ഡിവിഷനിലും ഒരു ഡിവിഷനില്‍ ഒന്നിലധികം വാഹനങ്ങള്‍ ജലവിതരണം നടത്തുന്നതിനാലും കരാറുകാര്‍ സമര്‍പ്പിക്കുന്ന ട്രിപ്ഷീറ്റുകള്‍ വ്യാജമാണോയെന്ന് പരിശോധിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ നിലവിലെ സംവിധാനവും സുതാര്യമാണെന്ന് പറയാനാവില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
 

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷ അപര്യാപ്തം

Posted: 05 Mar 2014 11:05 PM PST

Subtitle: 
നെല്ലിയാമ്പതിയില്‍ വനപാതകളുടെ ശോച്യാവസ്ഥ, ഇടിഞ്ഞുവീഴാവുന്ന മലകള്‍, മുന്നറിയിപ്പ് സംവിധാനക്കുറവ്

നെല്ലിയാമ്പതി: സീസണായതോടെ നെല്ലിയാമ്പതിയിലേക്ക് വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന വിനോദസഞ്ചാരികള്‍ സുരക്ഷാ സജ്ജീകരണങ്ങളുടെ അപര്യാപ്തത മൂലം കഷ്ടപ്പെടുന്നു.
വനംവകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ എത്തുന്നത് വാഹനങ്ങളിലാണ്. എന്നാല്‍, വനപാതകള്‍ കല്ലുകള്‍ നിറഞ്ഞതും വാഹനങ്ങള്‍ തെന്നിവീഴാവുന്നവയുമാണ്. ആനമട-മിന്നാംപാറ വനപാതയിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂറോളം വേണ്ടിവരുന്നു. അത്രക്ക് ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍. മുമ്പ് ഇവിടെ വാഹനം മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.
നെല്ലിയാമ്പതിയിലെ വ്യൂ പോയിന്‍റ്,  സീതാര്‍കുണ്ട് ഭാഗങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന നിലയില്‍ നില്‍ക്കുന്ന മലയുടെ ഭാഗങ്ങള്‍ ഭീതിയുളവാക്കുന്നു. രണ്ട് വര്‍ഷം മുമ്പ്, ധാരാളം ടൂറിസ്റ്റുകള്‍ ഉള്ള സമയത്ത് മലയിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് ടൂറിസ്റ്റുകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്വകാര്യ എസ്റ്റേറ്റിന്‍െറ ഭാഗമായ ഈ ടൂറിസം പോയന്‍റുകളില്‍ ടൂറിസ്റ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സംവിധാനമില്ല.
മാവോവാദികളുടെ സാന്നിധ്യത്തിന് സാധ്യതയുള്ളതിനാല്‍ വനംവകുപ്പും പൊലീസും നെല്ലിയാമ്പതി വനമേഖലയില്‍ അടുത്തകാലത്ത് കൂടുതല്‍ ശ്രദ്ധ നല്‍കി വരുന്നുണ്ട്.
അപരിചിതരുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പും പൊലീസ്-വനം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് മതിയായ സുരക്ഷ വേണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്.
മറുനാടുകളില്‍ നിന്നും വിദേശത്ത് നിന്നും അനേകം സഞ്ചാരികള്‍ നെല്ലിയാമ്പതിയിലെത്തുന്നുണ്ടെങ്കിലും ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവെക്കാനും മറ്റും ഉത്തരവാദപ്പെട്ടവര്‍ ഒരുങ്ങുന്നില്ല.
കൊക്കകളും വെള്ളച്ചാട്ടങ്ങളും ധാരാളമുള്ള നെല്ലിയാമ്പതിയില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനമൊരുക്കിയിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കം തുടങ്ങി

Posted: 05 Mar 2014 10:51 PM PST

മലപ്പുറം: ഏപ്രില്‍ 10ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ തുടങ്ങി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാഴാഴ്ച  കലക്ടറേറ്റില്‍  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും. രാവിലെ 11നാണ് യോഗം.
പോളിങ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് സമാഹരിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. മാര്‍ച്ച് ഒമ്പതിന് വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയതായി ജില്ലാ കലക്ടര്‍ കെ. ബിജു അറിയിച്ചു.
 

കസ്തൂരിരംഗന്‍: നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം

Posted: 05 Mar 2014 10:50 PM PST

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. കരട് വിജ്ഞാപനം ഇറങ്ങിയില്ളെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി എം. വീരപ്പമൊയ് ലിയുമായുമായി ഫോണില്‍ വിഷയം ചര്‍ച്ച ചെയ്തതായും പ്രസ്താവനയിലൂടെ മാണി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഞ്ചാവ് വിറ്റ അഞ്ചുപേര്‍ പിടിയില്‍

Posted: 05 Mar 2014 10:47 PM PST

Subtitle: 
ഷാഡോ പൊലീസ് നിരീക്ഷണം ശക്തമാക്കി

കൊച്ചി: സിറ്റിയില്‍ ഷാഡോ പൊലീസിന്‍െറ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ കേന്ദ്രീകരിച്ച്  മയക്കുമരുന്ന് വേട്ട.  ഇരുപത്തിയഞ്ചോളം സ്കൂളുകളില്‍ നടന്ന പരിശോധനയില്‍ നിരന്തരമായി കഞ്ചാവ് ഉപയോഗത്തില്‍ ഏര്‍പ്പെട്ടിരുന്നതും മറ്റുകുട്ടികളെ പ്രേരിപ്പിച്ചിരുന്നതുമായ  അഞ്ചുപേരെ ഷാഡോ പൊലീസ് പിടികൂടി.
സിറ്റിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നാണ് നാലുപേരെ പിടികൂടിയത്.
മുനമ്പം പള്ളിപ്പുറം തഡലിപ്പറമ്പ് രൂപേഷ് റാഫേല്‍ (18), ചിറ്റൂര്‍ കടമക്കുടി  മൂളിക്കല്‍  വീട്ടില്‍  ഷിനോ ജോര്‍ജ് (20), മാമല  അമ്മാഴത്ത്  സഞ്ജയ് സജീവന്‍ (18), തൃപ്പൂണിത്തുറ ഇരുമ്പനം ശ്യാംകുമാര്‍ (19) എന്നിവരെയാണ് ഷാഡോ പൊലീസ് നോര്‍ത്  പൊലീസിന്‍െറ സഹായത്താല്‍  കഞ്ചാവുപൊതികളുമായി പിടികൂടിയത്.
ഇതേ സ്ഥാപനത്തിലെ തമ്മനം ചക്കരപ്പറമ്പ്  അരവിന്ദിന്‍െറ വീട്ടില്‍നിന്ന്  കഞ്ചാവുചെടി ഷാഡോ പൊലീസ് പാലാരിവട്ടം പൊലീസിന്‍െറ സഹായത്താല്‍ കണ്ടെടുത്തു.  ഇയാള്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസ് എടുത്തു.
 പിടിയിലായവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെയും ഉടന്‍ പിടികൂടും. സ്കൂളുകളിലും  കോളജുകളിലും കഞ്ചാവ് വലിക്കുന്ന കുട്ടികളും ഇനി ഷാഡോ പൊലീസിന്‍െറ വലയിലാകും. സ്ഥാപനങ്ങളോട് ചേര്‍ന്ന്  കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും ഷാഡോ പൊലീസ്  നിരീക്ഷിക്കും.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ ലഹരിമരുന്ന് കൈവശം വെക്കുന്നതോ ഉപയോഗിക്കുന്നതോ  മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതോ ആയി കാണപ്പെടുന്ന വ്യക്തികള്‍ സ്കൂള്‍ കുട്ടികള്‍ ആണെങ്കിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും പൊലീസ് ആസൂത്രണം ചെയ്യുമെന്നും പ്രത്യേക സംഘം സിറ്റിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങളും സന്ദര്‍ശിക്കുമെന്നും സമഗ്രമായ ലിസ്റ്റ് ശേഖരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ നിശാന്തിനി പറഞ്ഞു.
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്പെഷല്‍ ബ്രാഞ്ച് അസി. പൊലീസ്  കമീഷണര്‍ എം. രമേശ് കുമാര്‍, ഷാഡോ എസ്.ഐ എ. അനന്തലാല്‍, നോര്‍ത്  എ.എസ്.ഐ ഹണി കെ. ദാസ്, പാലാരിവട്ടം എസ്.ഐ സജീവന്‍, എ.എസ്.ഐ നിത്യാനന്ദന്‍, പൊലീസുകാരായ ആന്‍റണി, യൂസുഫ്, രഞ്ജിത്ത്, വിനോദ്  എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
 

ഫസല്‍ വധം: കാരായിമാരുടെ വിടുതല്‍ ഹരജി തള്ളി

Posted: 05 Mar 2014 10:30 PM PST

Image: 

കൊച്ചി: ഫസല്‍ വധക്കേസില്‍  സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിര്‍ നല്‍കിയ വിടുതല്‍ ഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ളി. കേസില്‍ തങ്ങള്‍ക്കെതിരെ സാക്ഷി മൊഴികളില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കാരായിമാര്‍ ഹരജി നല്‍കിയിരുന്നത്.
മാര്‍ച്ച് 21 ന് കാരായി രാജനും ചന്ദ്രശേഖരനുമെതിരായ കുറ്റപത്രം കോടതിയില്‍ വായിച്ചുകേള്‍പ്പിക്കും.
 തലശേരി കോടിയേരി മാടപീഠികയില്‍ ഫസല്‍ 2006 ഒക്ടോബര്‍ 22 നാണ് കൊല്ലപ്പെട്ടത്. കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കാരായി ചന്ദ്രശേഖരന്‍്റെ മേല്‍ ചുമത്തിയിരിക്കുന്നത്. സി.പി.എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമായിരുന്ന കാരായി രാജന്‍ കേസില്‍ ഏഴാം പ്രതിയും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ കാരായി ചന്ദ്രശേഖരന്‍ എട്ടാം പ്രതിയുമാണ്.

സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറിയതിലുള്ള വിരോധത്താല്‍ കാരായിമാര്‍ ഗൂഢാലോചന നടത്തി കൊടി സുനി ഉള്‍പ്പെട്ട സംഘത്തെ ഉപയോഗിച്ച് കൊന്നെന്നാണ് സി.ബി.ഐ കേസ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP