സ്വാഗതം
WELCOME

News Update..

Thursday, March 13, 2014

ജില്ലയില്‍ കനത്ത ചൂട്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് Madhyamam News Feeds

ജില്ലയില്‍ കനത്ത ചൂട്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് Madhyamam News Feeds

Link to

ജില്ലയില്‍ കനത്ത ചൂട്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Posted: 13 Mar 2014 12:16 AM PDT

Subtitle: 
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാതപത്തിന് സാധ്യത കൂടുതല്‍

തൊടുപുഴ: വേനല്‍ കടുത്തതോടെ ജില്ലയില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പുമായി രംഗത്ത്. പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പ് നല്‍കി. ഏറ്റവുമധികം അന്തരീക്ഷ താപം പ്രതീക്ഷിക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാതപത്തിന്  സാധ്യത കൂടുതലായാണ് കണ്ടെത്തുന്നത്.
 അന്തരീക്ഷ താപത്തെ തുടര്‍ന്ന് 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരളുക, ശ്വസനം സാവധാനമാകുക, മാനസിക പിരിമുറുക്കം, തലവേദന, പേശി മുറുകല്‍, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലി, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് സൂര്യാതപത്തിന് സാധ്യത കൂടുതല്‍. കുട്ടികള്‍, പകല്‍  തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.  കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ജില്ലയില്‍ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്തരീക്ഷ താപം പരിധിക്കപ്പുറമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനം തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്‍െറ നിര്‍ണായക പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കിയേക്കാം. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും പൊലീസ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കും പാറാവുകാര്‍, പെട്ടിക്കടകള്‍ നടത്തുന്നവര്‍, ആസ്ബസ്റ്റോസിന് കീഴില്‍ ജോലി ചെയ്യുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കുമാണ് ഏറെയും സൂര്യാതപത്തിന്    സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ ഡി.എം.ഒ വഴി താഴത്തേട്ടിലേക്ക് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.
സൂര്യാതപത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് തൊഴിലിടങ്ങളില്‍ ഉച്ച സമയത്തെ വിശ്രമ സമയം മൂന്ന് മണിക്കൂര്‍ ആക്കിയിരുന്നു. രാവിലെ 11  മുതല്‍ വൈകുന്നേരം മൂന്നു വരെയായിരുന്നു വിശ്രമ സമയം.   തുറസ്സായ പ്രദേശങ്ങളിലെ തൊഴിലുകള്‍ക്കാണ് വിശ്രമം കൂടുതലായി അനുവദിക്കുന്നത്. എന്നാല്‍, ഈ ക്രമീകരണം പല തൊഴിലിടങ്ങളിലും പാലിക്കുന്നില്ലെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിയന്ത്രിത നിര്‍മാണ സ്ഥലങ്ങളില്‍ പോലും ഇത് നടപ്പാകുന്നില്ല. തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തുന്നതിനോട് തൊഴിലുടമകള്‍ക്ക് താല്‍പര്യമില്ല.
 

പോളിങ് ശതമാനം ഉയര്‍ത്താന്‍ കൂട്ടായ ശ്രമം വേണം -കേന്ദ്ര നിരീക്ഷകന്‍

Posted: 13 Mar 2014 12:14 AM PDT

Subtitle: 
പുതിയ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണം

പത്തനംതിട്ട: വോട്ടവകാശത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് വോട്ടര്‍മാരെ പ്രത്യേകിച്ച് പുതിയ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് വ്യാപക പ്രചാരണ പരിപാടികള്‍ നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച പ്രത്യേക നിരീക്ഷകന്‍ പ്രകാശ് മാഗ്ഡം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും  പോളിങ് ശതമാനം കുറവുള്ള മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഉയര്‍ത്തുന്നതിന് കൂട്ടായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണ പരിപാടികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് എത്തിയ അദ്ദേഹം കലക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം നല്‍കിയത്. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം വി.ആര്‍. വിനോദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഒ. രാജു, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വോട്ടര്‍ ബോധവത്കരണത്തിന് രാഷ്ട്രീയ ബന്ധമില്ലാത്ത സന്നദ്ധ സംഘടനകളെയും വനിത  വോട്ടര്‍മാര്‍ക്ക് അവബോധം നല്‍കുന്നതിന് അങ്കണവാടി, ആശവര്‍ക്കര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തണമെന്ന് നിരീക്ഷകന്‍ നിര്‍ദേശം നല്‍കി. പോളിങ് ബൂത്തുകളില്‍ വെളിച്ചം, ടോയ്ലറ്റ്, കുടിവെള്ളം, റാമ്പ് മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. തെരഞ്ഞെടുത്ത പോളിങ് ബൂത്തുകള്‍ മാതൃക ബൂത്തുകളാക്കണം. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം.
സമ്മതിദാനാവകാശമുള്ള മുഴുവന്‍ പേര്‍ക്കും വോട്ടിങ്ങിനെകുറിച്ച് വ്യക്തമായ അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തലത്തിലുള്ള സിസ്റ്റമാറ്റിക് വോട്ടര്‍ എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍െറ (സ്വീപ്) നേതൃത്വത്തില്‍ വ്യാപക ബോധവത്കരണ പരിപാടികള്‍ നടത്തുന്നതായി കലക്ടറുടെ ചുമതലയുള്ള വി.ആര്‍.വിനോദ് പറഞ്ഞു.  തിരക്കേറിയ കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിപാടി നടത്തും. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.വൈ.കെ എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്തും.
കേന്ദ്ര നിരീക്ഷകന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുമായും  പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ സ്റ്റുഡന്‍റ് റോള്‍ അംബാസഡറും പുതുവോട്ടറുമായ ആര്യ എസ്. നാഥുമായും ആശയവിനിമയം നടത്തി. വോട്ടുചെയ്യാന്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കണമെന്ന് നിര്‍ദേശിച്ച നിരീക്ഷകന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ഈ ചുമതല നിര്‍വഹിക്കണമെന്നും അഭ്യര്‍ഥിച്ചു.
കലക്ടറേറ്റില്‍ ടച്ച് സ്ക്രീന്‍, കണ്‍ട്രോള്‍ റൂം, മീഡിയ സെന്‍റര്‍ എന്നിവ സന്ദര്‍ശിച്ച നിരീക്ഷകന്‍ കോഴഞ്ചേരി, കോന്നി താലൂക്ക് ഓഫിസുകളും ആറന്മുള, കോന്നി നിയമസഭ  മണ്ഡലങ്ങളിലെ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളും സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തി. നിരീക്ഷകന്‍ വെള്ളിയാഴ്ചവരെ ജില്ലയിലുണ്ടാകും. വ്യാഴാഴ്ച രാവിലെ തിരുവല്ല, ഉച്ചക്ക് ശേഷം അടൂര്‍, 14 ന് രാവിലെ റാന്നി താലൂക്ക് ഓഫിസുകളും തെരഞ്ഞെടുത്ത പോളിങ് ബൂത്തുകളും സന്ദര്‍ശിക്കും.
 

എം.എല്‍.എയും എം.പിയും പോരടിച്ച പൂഞ്ഞാര്‍

Posted: 12 Mar 2014 11:57 PM PDT

ഈരാറ്റുപേട്ട: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ആറന്മുള വിമാനത്താവളവും കത്തിനില്‍ക്കുന്ന മണ്ഡലമാണ് പത്തനംതിട്ട . തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോള്‍ പഴയ രാജഭരണത്തിന്‍െറ ആസ്ഥാന കേന്ദ്രമായ പൂഞ്ഞാര്‍ എങ്ങനെ ചിന്തിക്കുമെന്നത് പ്രസക്തമാണ്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ വിജയം വരിച്ചത് യു.ഡി.എഫാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും സി.പി.എം എം.എല്‍.എയുമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ഇടതുപക്ഷത്തെ ഞെട്ടിച്ച് മത്സരരംഗത്ത് നിന്ന് പിന്മാറിയതും പിന്നീട് സ്ഥാനാര്‍ഥിയായ ജോര്‍ജ് ജെ. മാത്യു ഇടതുപിന്തുണ വേണ്ടെന്നുപറഞ്ഞ് മാറിനിന്നതും പി.സി. ജോര്‍ജിന് അനായാസ വിജയം നല്‍കി. എല്‍.ഡി.എഫിലെ മോഹന്‍ തോമസിനെ 15,704 വോട്ടുകളുടെ വ്യത്യാസത്തിലാണ് പി.സി. ജോര്‍ജ് പരാജയപ്പെടുത്തിയത്. പിന്നീട് പി.സി. ജോര്‍ജിന് ചീഫ് വിപ്പ് പദവി നല്‍കിയതു മുതല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വരെ പ്രശ്നങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലവും വാര്‍ത്താപ്രാധാന്യം നേടി.
എന്നാല്‍, യു.ഡി.എഫില്‍ കക്ഷികള്‍ തമ്മിലെ ബന്ധം ഇപ്പോള്‍ പഴയപടിയല്ല. പി.സി. ജോര്‍ജിന്‍െറ പ്രസ്താവനകള്‍ പ്രധാന കക്ഷിയായ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും  പരസ്പരം കൊമ്പുകോര്‍ക്കുന്നതിന് കാരണമായി. പി.സി. ജോര്‍ജിനെ ഉപരോധിക്കുന്നതിലും വഴിയില്‍ തടയുന്നതിനും ഇത് കളമൊരുക്കി. ഒപ്പം എം.എല്‍.എയും മണ്ഡലത്തിലെ എം.പിയും രണ്ടുചേരിയിലായി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ വരവ് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും മാറ്റി. സമരത്തില്‍ കേരള കോണ്‍ഗ്രസ്, സി.പി.എം അടക്കമുള്ളവരുമായി കൈകോര്‍ത്തു. വിഷയത്തില്‍ കോണ്‍ഗ്രസിനെയും ആന്‍േറാ ആന്‍റണി എം.പിയെയും തെറ്റുകാരായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥക്കും കാരണമാക്കി.
ആന്‍േറാ ആന്‍റണി തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുന്നത് തങ്ങളുടെ പ്രതീക്ഷകള്‍ക്ക്  വകയുണ്ടെന്നാണ് ഇടതു കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
എന്നാല്‍, കരട് വിജ്ഞാപനം ഇറങ്ങിയതും അന്തിമ റിപ്പോര്‍ട്ടിനു മുമ്പ് വീണ്ടും തിരുത്താന്‍ അവസരമുണ്ടെന്നും ഇതിലൂടെ കര്‍ഷകരായ വോട്ടര്‍മാരുടെ ആശങ്കകള്‍ വിട്ടൊഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. പി.സി.ജോര്‍ജും ആന്‍േറായും തമ്മില്‍ പിണക്കത്തിലാണെന്നത് എതിരാളികളുടെ അഭിപ്രായമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നല്ല ഭൂരിപക്ഷം ആന്‍േറാ ആന്‍റണിക്ക് പൂഞ്ഞാര്‍ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റായിരുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഫിലിപ്പോസ് തോമസിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്വാധീനവും സഹകരണവും യു.ഡി.എഫ് വോട്ട്ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അതിലൂടെ എല്‍.ഡി.എഫിന് മണ്ഡലത്തില്‍ മുന്‍തൂക്കം കിട്ടുമെന്നും മറുപക്ഷം വാദിക്കുന്നു.
2011ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സന്തോഷ്കുമാര്‍ പൂഞ്ഞാറില്‍ നേടിയത് 5010 വോട്ടുകളാണ്. സ്ഥാനാര്‍ഥിയില്ലെങ്കില്‍ ബി.ജെ.പി വോട്ടുകള്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ മുന്‍പന്തിയിലുള്ള ഫിലിപ്പോസ് തോമസിന് അനുകൂലമാകാനാണ് സാധ്യതയെന്നും കരുതുന്നു.
2011 മത്സരിച്ച എസ്.ഡി.പി.ഐയുടെ സുലൈമാന്‍ മൗലവി 3579 വോട്ടുകള്‍ നേടിയിരുന്നു. 35 ശതമാനത്തോളം മുസ്ലിംകളും അത്രതന്നെ പിന്നാക്ക  ആദിവാസി വിഭാഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ വസിക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ തങ്ങള്‍ നിര്‍ണായക ശക്തിയായി മാറുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മന്‍സൂര്‍ തെങ്ങണ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു.
എരുമേലി, കൂട്ടിക്കല്‍, മുണ്ടക്കയം, പാറത്തോട്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകളാണ് മണ്ഡലത്തിന് കീഴില്‍ വരുന്നത്.

ഇരകള്‍ വിധിയെഴുതും

Posted: 12 Mar 2014 11:33 PM PDT

Subtitle: 
ദേശീയപാത, വാതകപൈപ്പ് ലൈന്‍, വിമാനത്താവളം എന്നിവയിലെ ഇടത്-വലത് നിലപാടുകള്‍ ചര്‍ച്ചയാകും

മലപ്പുറം: വിവിധ പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ചര്‍ച്ചാ വിഷയമാകും. ദേശീയപാത വീതി കൂട്ടല്‍, ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി, കരിപ്പൂര്‍ വിമാനത്താവള വികസനം എന്നിവക്കാണ് ജില്ലയില്‍ ഭൂമിയേറ്റെടുക്കുന്നത്. യു.ഡി.എഫിനും എല്‍. ഡി.എഫിനും ഇവ കീറാമുട്ടിയാകും. മൂന്ന് പദ്ധതികള്‍ക്കും ഭൂമിയേറ്റെടുക്കുന്നതിനെതിരെ ശക്തമായ ജനവികാരമാണ്  അതത് മേഖലകളില്‍. മൂന്നും കേന്ദ്രപദ്ധതികളായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് വിലയിരുത്തല്‍.
ദേശീയപാതാ വികസനം ഇരുമുന്നണികളെയും കുഴക്കും. കുറ്റിപ്പുറം മുതല്‍ ഇടിമൂഴിക്കല്‍ വരെ 56 കിലോമീറ്റര്‍ 45 മീറ്റര്‍ വീതികൂട്ടുന്നതിനായാണ് ഭൂമിയേറ്റെടുക്കേണ്ടത്. 500ഓളം ഏക്കറാണ് ഇരുമണ്ഡലങ്ങളിലുമായി ഏറ്റെടുക്കുക. ദേശീയപാതാ വികസനത്തിന് വീതി കൂട്ടേണ്ട 40 കിലോമീറ്റര്‍ കടന്നുപോകുന്ന പൊന്നാനി മണ്ഡലത്തില്‍ ഇത് പ്രധാനചര്‍ച്ചാവിഷയമാണ്. 16 കിലോമീറ്ററാണ് മലപ്പുറം മണ്ഡലത്തില്‍ വരുന്നത്.
 ദേശീയപാതാ സമരത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഇവരെ സന്ദര്‍ശിക്കാന്‍ തയാറായില്ല എന്നതുള്‍പ്പെടെ എം.പിയില്‍നിന്ന് കാര്യമായ പിന്തുണ  ലഭിച്ചില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ വക്താക്കള്‍ പറയുന്നു.
മലപ്പുറം മണ്ഡലത്തിലെ അവസ്ഥയും തിരിച്ചല്ല.  സി.പി.എമ്മില്‍നിന്ന് ഇരകള്‍ക്കനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ആം ആദ്മി ടിക്കറ്റില്‍ പൊന്നാനി മണ്ഡലത്തില്‍ മത്സരരംഗത്തിറങ്ങുമെന്നും സൂചനയുണ്ട്. ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസിപ്പിക്കുന്നതിനെതിരെ പ്രദേശത്തെ ജനങ്ങളെല്ലാം രംഗത്തിറങ്ങിയിട്ടും അത് ചെവികൊള്ളാത്ത നിലപാടായിരുന്നു ഇരുമുന്നണികളും സ്വീകരിച്ചത്.
മംഗലാപുരം-കൊച്ചി എല്‍. എന്‍.ജി വാതകപൈപ്പ് ലൈന്‍  സ്ഥാപിക്കുന്നതിന് 56 കിലോമീറ്ററില്‍ സ്ഥലമേറ്റെടുക്കണം. ഈ വിഷയത്തില്‍ പാര്‍ട്ടികള്‍ പ്രദേശികമായി വന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി പുതിയ അലൈന്‍മെന്‍റ് വേണമെന്നാണ് ഇരകളുടെ ആവശ്യം. വിഷയം ഇരുമണ്ഡലങ്ങളിലും സജീവ ചര്‍ച്ചയാണ്.
കരിപ്പൂര്‍ വിമാനത്താവളവികസനത്തിന് 13ാം തവണ ഭൂമിയേറ്റെടുക്കുന്നത് 87 ഏക്കറാണ്. കൂടാതെ 244 ഏക്കറും ഏറ്റെടുക്കുമെന്ന് പറയുന്നുണ്ട്. നിരവധി തവണ വികസനവുമായി സഹകരിച്ചവരെ വീണ്ടും കുടിയൊഴിപ്പിക്കുന്നതിരെ പ്രാദേശിക വികാരം ശക്തമാണെങ്കിലും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ നടത്തുന്നുണ്ട്. ഇനിയും ഒരു കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് ഇരുമുന്നണികളില്‍ നിന്നും ഉറപ്പ് ലഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
 

കോട്ടയത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും -ജനതാദള്‍ എസ്

Posted: 12 Mar 2014 11:25 PM PDT

Image: 

കൊച്ചി: സി.പി.എം  കോട്ടയത്തു നല്‍കുന്ന സീറ്റില്‍  പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ജനതാദള്‍ എസ്. നേതാവ് മാത്യു ടി.തോമസ് അറിയിച്ചു. കൊച്ചിയില്‍ നടക്കാനിരിക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയയോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എം.പി പി.സി തോമസ് ജനതാദള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശരിയല്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും മാത്യൂ ടി.തോമസ് പറഞ്ഞു.

കളമശേരിയില്‍ രണ്ടിടത്ത് തീപിടിത്തം

Posted: 12 Mar 2014 11:23 PM PDT

കളമശേരി: രണ്ടിടത്തുണ്ടായ തീപിടിത്തത്തില്‍ ഫയര്‍ഫോഴ്സിന്‍െറ അവസരോചിത ഇടപെടല്‍മൂലം ദുരന്തം ഒഴിവായി. രാവിലെ 11 ഓടെ സൗഹൃദ നഗറില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ബാബുവിന്‍െറ വീടിന്‍െറ മുകളിലത്തെ നിലയില്‍ പാചകവാതക ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്നിബാധയും സീപോര്‍ട്ട് റോഡരികില്‍ പുല്ലിന് തീപിടിച്ചതില്‍നിന്ന് സമീപത്തെ ഗോഡൗണില്‍ കൂട്ടിയിട്ട കേബ്ളുകളിലേക്ക് തീ പടര്‍ന്നു പിടിച്ചതും ഫയര്‍ഫോഴ്സ് വിഭാഗം സ്ഥലത്തെത്തിയതിനാല്‍ അപകടം ഒഴിവായി.  ബാബുവിന്‍െറ വീടിന്‍െറ മുകളിലെ നിലയില്‍ താമസിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ എട്ടോളം പെണ്‍കുട്ടികള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് സിലിണ്ടറില്‍നിന്ന് തീ പടര്‍ന്നത്. തീ സമീപത്തെ മറ്റൊരു സിലിണ്ടറിലേക്ക് പടര്‍ന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയവര്‍ ഏലൂര്‍ ഫയല്‍ഫോഴ്സില്‍ വിവരം അറിയിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ വിപിന്‍െറ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥത്തെത്തി തീയണച്ചു. വൈകുന്നേരം 4.30ഓടെയാണ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപം ഗോഡൗണിലെ കേബ്ളിന് തീപിടിച്ചത്. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബ്ളുകളും അനുബന്ധ ഉപകരണങ്ങളിലുമാണ് തീപിടിച്ചത്. ഗോഡൗണിലെ ജീവനക്കാര്‍ ആദ്യം അറിഞ്ഞില്ല. സമീപത്തെ പുല്ലിന് തീപിടിച്ചത് അണക്കുന്നതിനിടെ ഗോഡൗണിലെ തീ കണ്ട ഫയര്‍ഫോഴ്സ് വിഭാഗം ഉടന്‍ അകത്തുകടന്ന് അണക്കുകയായിരുന്നു. തീ കൂടുതല്‍ വ്യാപിച്ചതോടെ തൃക്കാക്കരയില്‍നിന്നും ഗാന്ധിനഗറില്‍നിന്നും രണ്ട് യൂനിറ്റുകൂടി എത്തിയാണ് തീയണച്ചത്. തക്കസമയത്തുള്ള ഇടപെടല്‍മൂലം കൂടുതല്‍ നാശനഷ്ടവും ദുരന്തവും ഒഴിവായി.
 

ഇന്ത്യാവിഷന്‍ വാര്‍ത്താസംപ്രേഷണം മുടങ്ങി; പുനരാരംഭിച്ചു

Posted: 12 Mar 2014 11:14 PM PDT

Image: 
Subtitle: 
ചാനല്‍ ഏറ്റെടുത്തെന്ന് മിനിമൂത്തൂറ്റ് ഗ്രൂപ്

കൊച്ചി: വ്യാഴാഴ്ച രാവിലെ വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെച്ച ഇന്ത്യാവിഷന്‍ ചാനല്‍ മണിക്കൂറിനുശേഷം പുനരാരംഭിച്ചു. രാവിലെ 11ന് വാര്‍ത്ത വായിക്കുന്നതിനിടെയാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കുന്നതായി പൊടുന്നനെ അറിയിപ്പുണ്ടായത്. ജീവനക്കാരും മാനേജ്മെന്‍റും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന്  സംപ്രേഷണം നിര്‍ത്തിവെക്കുകയാണെന്ന് വാര്‍ത്ത വായിച്ചയാള്‍ അറിയിച്ചു. ഇതോടെ തുടര്‍ സംപ്രേഷണങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

എന്നാല്‍, പഴയ ചില പ്രോഗ്രാമുകള്‍ ഇട്ട്  സംപ്രേഷണം തുടരാനുള്ള ശ്രമത്തിലായിരുന്നു മാനേജ്മെന്‍റ്. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വാര്‍ത്താ സംപ്രേഷണം ഉണ്ടാവില്ളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഏതാണ്ട് 12 മണിയോടെ വാര്‍ത്താ സംപ്രേഷണം പുനരാരംഭിക്കുകയായിരുന്നു. പുതിയ അംഗങ്ങളെ വെച്ചാണ് വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചത് എന്നാണ് സൂചന.

എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറിനെയും കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. പി.ദിലീപ് കുമാറിനെ  പുതിയ എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍.കെ ഭൂപേഷിനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

മാസങ്ങളായി ജീവനക്കാരും മാനേജ്മെന്‍റും തമ്മില്‍ ഇന്ത്യാവിഷനില്‍ ശീതസമരം  നിലനില്‍ക്കുകയായിരുന്നു. ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഒടുവില്‍ സംപ്രഷണം നിര്‍ത്തിവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. രണ്ടു മാസത്തിലേറെയായി ശമ്പളം മുടങ്ങിയിരിക്കുകയായിരുന്നു. അതിനിടെ, മിനി മുത്തൂറ്റ് ഗ്രൂപ് ചാനല്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

വ്യാഴാഴ്ച രാവിലെ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്താന്‍ തീരുമാനിച്ചത്. നേരത്തെ സ്ഥാപന നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റസിഡന്‍റ് എഡിറ്റര്‍ ജമാലുദ്ധീന്‍ ഫാറൂഖിക്കെക്കിരെ അന്വേഷണം നടത്തണമെന്ന് ജീവനക്കാര്‍ മനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍  ഓഡിറ്റര്‍ പാനലിനെ മാനേജ്മെന്‍റ് നിയോഗിച്ചെങ്കിലും ജമാലുദ്ധീന്‍ ഫാറൂഖി ഇന്ത്യവിഷന്‍ ചെയര്‍മാന്‍ മുനീറിന്‍റെമേല്‍ സമ്മര്‍ദം ചെലുത്തി അന്വേഷണം തടസ്സപ്പെടുത്തിയതായി ആരോപണമുണ്ട്. 20 കോടി രൂപയുടെ സമ്പത്തിക ബാധ്യത  ഇന്ത്യാവിഷന്‍ ചാനലിന് ഇപ്പോള്‍ ഉള്ളതായിട്ടാണ് അറിയുന്നത്. മന്ത്രി എം.കെ മുനീര്‍,ഭാര്യ,മക്കള്‍,ജമാലുദ്ധീന്‍ ഫാറൂഖി,ഐ.എം.എ, മുത്തൂറ്റ് ഗ്രൂപ് തുടങ്ങിയവര്‍ക്കാണ് ചാനലില്‍ ഓഹരി പങ്കാളിത്തമുള്ളത്. ഏറ്റവും കൂടുതല്‍ ഓഹരി മുനീറിനും കുടുംബത്തിനുമാണ്.

കടല്‍ഭിത്തി ദുര്‍ബലം; നെഞ്ചിടിപ്പോടെ തീരവാസികള്‍

Posted: 12 Mar 2014 11:11 PM PDT

Subtitle: 
തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ പാനൂര്‍ പള്ളിമുക്ക് മുതല്‍ പുത്തന്‍പുര ജങ്ഷന്‍ വരെ കടല്‍ ഭിത്തി ദുര്‍ബലമായി

ആറാട്ടുപുഴ: ചുമരിനടുത്ത് കടലെത്തിയതോടെ തീരവാസികളുടെ നെഞ്ചിടിപ്പേറി. കടല്‍ഭിത്തി ദുര്‍ബലമായതിനാല്‍ വരുന്ന കാലവര്‍ഷത്തില്‍ തങ്ങളുടെ കിടപ്പാടങ്ങള്‍ കടലെടുക്കുമോയെന്ന ഭീതിയിലാണ് തീരവാസികള്‍. തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ പാനൂര്‍ പള്ളിമുക്ക് മുതല്‍ പുത്തന്‍പുര ജങ്ഷന്‍ വരെ ഭാഗത്തെ കടല്‍ ഭിത്തി ദുര്‍ബലമായതാണ് ഭീഷണിക്ക് കാരണം.  മാസങ്ങള്‍ക്ക് മുമ്പുവരെ ഏറെ അകലെയായിരുന്ന കടല്‍ കഴിഞ്ഞ കാലവര്‍ഷ സമയത്തെ കടലാക്രമണത്തോടെയാണ് തീരം കവര്‍ത്ത് അടുത്തെത്തിയത്.
തീരദേശത്തുകൂടി കടന്നുപോകുന്ന റോഡിനോടടുത്ത്  കടല്‍ എത്തിക്കഴിഞ്ഞു.
ഇവിടെയുള്ള വീടുകളും കടലും തമ്മില്‍ റോഡിന്‍െറ അകലം മാത്രമാണുള്ളത്. ചെറിയ കടലിളക്കത്തില്‍പോലും റോഡും വീടും നഷ്ടപ്പെമെന്ന അവസ്ഥ നിലനില്‍ക്കുന്നു. കഴിഞ്ഞ കടലാക്രമണ വേളയില്‍ ഏതാനും ലോഡ് കല്ലുകള്‍ ഇറക്കിയാണ് പ്രദേശം താല്‍ക്കാലികമായെങ്കിലും സംരക്ഷിച്ചത്.
കടലാക്രമണ ഭീഷണി ഒഴിഞ്ഞതിനുശേഷം ഇവിടം ശക്തമായ കടല്‍ഭിത്തി കെട്ടി സംരക്ഷിക്കേണ്ട നടപടി ഇനിയും ഉണ്ടായില്ല. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ വരുന്ന കാലവര്‍ഷത്തോടെ ഉണ്ടാകുന്ന കടല്‍ക്ഷോഭത്തില്‍ വന്‍നാശമാണ് ഉണ്ടാവുക. നൂറോളം വീടുകള്‍ കടലാക്രമണഭീഷണി നേരിടുന്നുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വീടുകളാണ് ഭൂരിഭാഗവും.
വരുന്ന കടലാക്രമണത്തില്‍ ആദ്യം തകരുക റോഡായതിനാല്‍ അടിയന്തരമായ ഭിത്തിനിര്‍മാണവും ഇതുമൂലം സാധ്യമല്ലാതാകും.
 കല്ലിറക്കി കടല്‍ക്ഷോഭത്തിന്‍െറ നാശം കുറക്കാനുള്ള ശ്രമവും നടക്കാതെപോകും. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് തീരവാസികളുടെ ആവശ്യം.
 

പണി പാതിവഴിയില്‍ നിര്‍ത്തി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Posted: 12 Mar 2014 11:01 PM PDT

കുമ്പള: റോഡുപണി പാതിവഴിയില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ആരിക്കാടി-കളത്തൂര്‍ റോഡാണ് ബുധനാഴ്ച നാട്ടുകാര്‍ ആരിക്കാടിയില്‍ ഉപരോധിച്ചത്. പൊലീസ് സ്ഥലത്തെത്തി ഒരാഴ്ചക്കകം പണി തുടങ്ങുമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ പിരിഞ്ഞത്.കരാറുകാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് പണി പാതിവഴിയിലായത്.
 

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് അബൂദബിയുടെ ആദരം

Posted: 12 Mar 2014 10:52 PM PDT

Image: 

അബൂദബി: തലസ്ഥാന എമിറേറ്റിന്‍െറ വിവിധ മേഖലകളിലെ വികസനങ്ങള്‍ക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ ഏഴ് പേര്‍ക്ക് അബൂദബിയുടെ ആദരം. സാമൂഹിക, സാംസ്കാരിക, ആരോഗ്യ, മാനുഷിക, പൈതൃക മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് 14 വയസുകാരനടക്കം ഏഴാമത് അബൂദബി അവാര്‍ഡ് സമ്മാനിച്ച് ആദരിച്ചത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് ചടങ്ങ് നടന്നത്. ഇറാഖി സ്വദേശിയായ ഡോ. ഫഹദ് ഹന്ദാല്‍, ക്രോയേഷ്യന്‍ ബാലനായ ഡൊമനിക് വുഗ്രനിക്, പരേതയായ മൂസ ബിന്‍ത് മുര്‍ഷിദ് അല്‍ സുബൂസി, ബ്രിട്ടീഷ് വംശജനായ യു.എ.ഇ പൗരന്‍ പീറ്റര്‍ ഹെല്ലിയര്‍, ജുമാ മനീ അല്‍ ഖുവൈസ്, റോജര്‍ ഉപ്ടണ്‍, അബ്ദുല്ല മുഹമ്മദ് അല്‍ മസൂദ് എന്നിവരെയാണ് ആദരിച്ചത്. അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഏഴ് പേര്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
40 വര്‍ഷങ്ങള്‍ മുമ്പ് അബൂദബിയിലെ എണ്ണ മേഖലയില്‍ ജോലി ചെയ്യാനത്തെിയ ഡോ. ഫഹദ് യു.എ.ഇയുടെ പ്രാദേശിക ഭാഷാ വൈവിധ്യങ്ങളിലും കവിതകളിലും താല്‍പര്യം തോന്നി ചരിത്രകാരനായി മാറുകയായിരുന്നു. രാജ്യത്തിന്‍െറ ചരിത്രത്തെ സംബന്ധിച്ച് ആധികാരികമായ രചനകള്‍ നിര്‍വഹിച്ച വ്യക്തിത്വമാണ് ഇദ്ദേഹം. യു.എ.ഇയില്‍ ഉപയോഗിക്കുന്ന അറബിയുടെ പ്രാദേശിക വാക്കുകള്‍ കണ്ടെടുത്ത് ഡിക്ഷനറി തയാറാക്കുകയും ചെയ്തിട്ടുണ്ട്.  35ലധികം പ്രമുഖ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ഫഹദ് ഹന്ദാല്‍.  
ഡൊമനിക് വുഗ്രനിക് എന്ന 14കാരന്‍ കൗമാര പ്രായത്തില്‍ നട്ടെല്ലിനെ ബാധിക്കുന്ന സ്കോലിയോസിസ് എന്ന രോഗത്തെ കുറിച്ച് നടത്തി ബോധവത്കരണത്തിലൂടെയാണ് ശ്രദ്ധേയനായത്. രോഗം കണ്ടുപിടിക്കാതെയും പരിശോധിക്കാതെയും പോയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളിലും സമൂഹത്തിലും ബോധവത്കരണം നടത്തുകയാണ് ഈ ബാലന്‍ ചെയ്തത്. 2012ല്‍ തനിക്ക് രോഗം കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഡൊമനിക് സമൂഹത്തിലേക്ക് ഇറങ്ങിയത്. അല്‍ റഹ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ ഇദ്ദേഹത്തിന്‍െറ ശ്രമ ഫലമായി പരിശോധനയിലൂടെ 14 കൂട്ടുകാര്‍ക്ക് രോഗം തുടക്കത്തില്‍ തന്നെ കണ്ടത്തൊന്‍ കഴിഞ്ഞു.
പരേതയായ മൂസ ബിന്‍ത് മുര്‍ഷിദ് അല്‍ സുബൂസി പച്ച മരുന്നുകളിലൂടെ നൂറുകണക്കിന് പേര്‍ക്ക് ആശ്വാസം പകര്‍ന്ന സ്വദേശിനിയായിരുന്നു. മകന്‍ ഖതീം അല്‍ റൊമൈതി അവാര്‍ഡ് ഏറ്റുവാങ്ങി.  
ബ്രിട്ടീഷ് വംശജനായ യു.എ.ഇ പൗരന്‍ പീറ്റര്‍ ഹെല്ലിയര്‍ 40 വര്‍ഷം മുമ്പാണ് അബൂദബിയില്‍ എത്തുന്നത്. ചരിത്രകാരനും പെട്രോളിയം മേഖലയിലെ ഉപദേശകനും ആയി പ്രവര്‍ത്തിച്ച ഇദ്ദേഹം അബൂദബിയുടെ സമ്പന്നമായ ചരിത്രത്തെയും പൗരാണികതയെയും പുരാവസ്തു ശാസ്ത്രത്തെയും കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തി. അബൂദബി ഐലന്‍റ്സ് ആര്‍ക്കിയോളജി സര്‍വേയുടെ സഹസ്ഥാപകനായ ഇദ്ദേഹത്തിന്‍െറ നേതൃത്വത്തിലാണ് സര്‍ ബനിയാസ് ദ്വീപില്‍ 1400 വര്‍ഷം പഴക്കമുള്ള ആശ്രമം കണ്ടത്തെിയത്. ഇമാറാത്തി സംസ്കാരത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളിലൊരാളാണ് ജുമാ മനീ അല്‍ ഖുവൈസ്. തന്‍െറ കവിതകളിലൂടെ ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും ഇടയില്‍ ഒരേ പോലെ ആദരിക്കപ്പെടുന്ന ജുമാ, പൈതൃകത്തില്‍ ഊന്നിയാണ് രചനകള്‍ നിര്‍വഹിച്ചിട്ടുള്ളത്. ദേശീയദിനാഘോഷ വേളകളിലും ജുമായുടെ കവിതകളാണ് ആലപിക്കാറുള്ളത്.
50 വര്‍ഷത്തിലായി ഫാല്‍ക്കണ്‍ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് ബ്രിട്ടീഷുകാരനായ റോജര്‍ ഉപ്ടണ്‍ ആദരിക്കപ്പെട്ടത്.
യു.എ.ഇ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനോടൊപ്പം ഫാല്‍ക്കണ്‍റിയിലെ വിവിധ മേഖലകള്‍ മനസ്സിലാക്കാന്‍ യാത്ര ചെയ്തിട്ടുള്ള റോജര്‍ ‘അറബ് ഫാല്‍ക്കണ്‍റി: ഹിസ്റ്ററി ഓഫ് എ ഓഫ് ലൈഫ്’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. റോജറിന് വേണ്ടി മകന്‍ മാര്‍ക് ഉപ്ടണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.  
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ രംഗത്ത് യു.എ.ഇ സര്‍ക്കാറിന് വേണ്ടി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് അബ്ദുല്ല മുഹമ്മദ് അല്‍ മസൂദ് അവാര്‍ഡിന് അര്‍ഹനായത്.  അബ്ദുല്ല അല്‍ മസൂദ് ആന്‍റ് സണ്‍സ് കമ്പനി ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. മരുമകന്‍ മസൂദ് അഹ്മദ് അല്‍ മസൂദ് പുരസ്കാരം ഏറ്റുവാങ്ങി.  

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP