സ്വാഗതം
WELCOME

News Update..

Tuesday, March 18, 2014

മണിമലയാറ്റില്‍ മാലിന്യത്തിന്‍െറ അളവ് വര്‍ധിച്ചു Madhyamam News Feeds

മണിമലയാറ്റില്‍ മാലിന്യത്തിന്‍െറ അളവ് വര്‍ധിച്ചു Madhyamam News Feeds

Link to

മണിമലയാറ്റില്‍ മാലിന്യത്തിന്‍െറ അളവ് വര്‍ധിച്ചു

Posted: 18 Mar 2014 12:23 AM PDT

Subtitle: 
പഠനം നടത്തിയത് കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍െറ നേതൃത്വത്തില്‍ സ്വകാര്യ കമ്പനി

പൊന്‍കുന്നം: വേനല്‍ കനത്തതോടെ മണിമലയാറ്റില്‍ മാലിന്യത്തിന്‍െറ അളവ് വര്‍ധിക്കുന്നതായി പരിശോധന റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍െറ നേതൃത്വത്തില്‍ ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് പഠനം നടത്തിയത്. വേനലില്‍ ആറ് വറ്റി വരണ്ടതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് മാലിന്യത്തിന്‍െറ അളവ് വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ 44 നദികള്‍ ഉള്ളതില്‍ മാലിന്യ നിക്ഷേപത്തില്‍ 41ാം സ്ഥാനത്താണ് മണിമലയാര്‍. ഒരോ വര്‍ഷവും വെള്ളത്തില്‍ അലിഞ്ഞുചേരുന്ന ഓക്സിജന്‍െറ അളവില്‍ കുറവ് വരുന്നതായും  പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ 71 ശതമാനം മാത്രമാണ്  ഓക്സിജന്‍െറ അളവ് .
 ഓക്സിജന്‍െറ അളവ് കുറയുന്നതുമൂലം മത്സ്യ-ജീവസാന്നിധ്യവും കുറയുകയാണ്. ജലത്തില്‍ ലയിച്ചുചേരുന്ന യൂറിന്‍െറ അളവ് 39 ശതമാനമായി വര്‍ധിച്ചു. വെള്ളത്തില്‍ ഡിറ്റര്‍ജന്‍റിന്‍െറയും ഫ്യൂയിഡ് ഓയിലിന്‍െറയും അളവ് വര്‍ധിച്ചിട്ടുണ്ട്.മുണ്ടക്കയം മുതല്‍  മല്ലപ്പള്ളി വരെയുള്ള  ആറ്റുതീരങ്ങളില്‍ നിരവധി ഫാക്ടറികളും സ്ഥിതിചെയ്യുന്നുണ്ട്.
 വേനല്‍രൂക്ഷമായതോടെ  നദീജല ഉപയോഗംമൂലം മറ്റ് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
 

"ക്രീമിയ"ക്ക് സ്വതന്ത്ര പരമാധികാര രാഷ്ട്രപദവി

Posted: 18 Mar 2014 12:17 AM PDT

Image: 

മോസ്കോ: യുക്രെയ്നില്‍ നിന്ന് വിഘടിച്ച് റഷ്യയുടെ ഭാഗമാകുന്നതിനുള്ള ക്രീമിയയുടെ തീരുമാനത്തിന് റഷ്യന്‍ ഭരണകൂടത്തിന്‍െറ അംഗീകാരം. ക്രീമിയക്ക് പ്രത്യേക രാഷ്ട്രപദവി നല്‍കാനുള്ള ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ ഒപ്പുവെച്ചു. സ്വതന്ത്ര പരമാധികാര രാഷ്ട്രമായാണ് ക്രീമിയയെ റഷ്യ അംഗീകരിച്ചത്.

ക്രീമിയ പ്രശ്നത്തിന്‍െറ പേരില്‍ റഷ്യക്കെതിരെ അമെരിക്കയും യൂറോപ്യന്‍ യൂണിയനും സാമ്പത്തിക ഉപരോധവും യാത്രാവിലക്കും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രത്യേക രാഷ്ട്രപദവി തീരുമാനത്തില്‍ പുടിന്‍ ഒപ്പുവെച്ചത്. ശീത യുദ്ധം അവസാനിച്ചതിന് ശേഷം റഷ്യ കൈക്കൊള്ളുന്ന ശക്തമായ നടപടിയാണ് ക്രീമിയക്ക്  പ്രത്യേക രാഷ്ട്രപദവി നല്‍കാനുള്ള തീരുമാനം.

യുക്രെയ്നില്‍ നിന്ന് വിഘടിക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 11ന് ക്രീമിയന്‍ പാര്‍ലമെന്‍റ് പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ അനുകൂല വിധിയാണുണ്ടായത്. 96.8 ശതമോനത്തോളം പേരും ക്രീമിയ റഷ്യയുടെ ഭാഗമാകണമെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്വതന്ത്ര സ്റ്റേറ്റായി അംഗീകരിക്കാന്‍ ഐക്യരാഷ്ട്രസഭയോടും മറ്റ് ലോകരാജ്യങ്ങളോടും ക്രീമിയന്‍ അധികൃതര്‍ അഭ്യര്‍ഥിക്കുകയും റഷ്യന്‍ കറന്‍സിയായ റൂബ്ള്‍ ക്രീമിയയുടെ ഒൗദ്യോഗിക കറന്‍സിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ ജില്ലയിലെത്തി

Posted: 18 Mar 2014 12:11 AM PDT

Subtitle: 
പെരുമാറ്റച്ചട്ടം സംബന്ധിച്ച് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച ചെലവ് നിരീക്ഷകര്‍ ജില്ലയിലെത്തി.  ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലായി ഓരോ നിരീക്ഷകരാണ് ഉണ്ടാവുക.
പാലക്കാടിന്‍െറ നിരീക്ഷകന്‍ ഡി.കെ. ശേഖര്‍ (8301896421), ആലത്തൂരിന്‍െറ നിരീക്ഷകന്‍ വേദപ്രകാശ് (8301896423) എന്നിവരാണ്. ശേഖര്‍ മധ്യപ്രദേശ് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസിലെ അക്കൗണ്ടന്‍റ് ജനറലും വേദപ്രകാശ് ന്യൂഡല്‍ഹി നോര്‍ത്തേണ്‍ റെയില്‍വേ ഫിനാന്‍ഷ്യല്‍ അഡൈ്വസറും ചീഫ് അക്കൗണ്ട്സ് ഓഫിസറുമാണ്. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച്  ലഭ്യമാവുന്ന കണക്കുകള്‍ പരിശോധിക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. നിരീക്ഷകര്‍ കലക്ടറേറ്റില്‍  കലക്ടര്‍ കെ. രാമചന്ദ്രന്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥികളുടെ ചെലവ്, പെരുമാറ്റച്ചട്ടം സംബന്ധിച്ച്  കമീഷന്‍ നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിരീക്ഷകര്‍ ആവശ്യപ്പെട്ടു. വാഹനങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണം. യോഗത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. എ.ഡി.എം  എന്‍.കെ. ആന്‍റണി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കോപ്ടര്‍ ഇടപാട്: ഇറ്റാലിയന്‍ കോടതി വിധിക്കെതിരെ ഇന്ത്യ ഹരജി നല്‍കും

Posted: 18 Mar 2014 12:09 AM PDT

Image: 

മിലന്‍: ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുമായുള്ള കോപ്ടര്‍ ഇടപാട് റദ്ദാക്കിയ ഇന്ത്യക്ക് കരാര്‍ തുക തിരികെ നല്‍കാനാവില്ളെന്ന് ഇറ്റാലിയന്‍ കോടതി.
ഫിന്‍മെക്കാനിക്കയുടെ കോപ്ടര്‍ നിര്‍മാണ വിഭാഗമായ അഗസ്താ വെസ്റ്റ്ലന്‍ഡുമായുള്ള കരാര്‍ റദ്ദാക്കിയതിനാല്‍ കൈമാറിയ 2364 കോടി രൂപ തിരിച്ചു നല്‍കണമെന്നാണ്  ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ ജനുവരി മുതല്‍ അഗസ്താ വെസ്റ്റലാന്‍ഡിന്‍്റെ എല്ലാ ഇടപാടുകളും മരവിപ്പിച്ചിരുന്നു. അതിനാല്‍ ഇന്ത്യയുടെ കരാര്‍ തുക തിരിച്ചു നല്‍കാന്‍ കഴിയില്ളെന്ന് മിലനിലെ കോടതി വ്യക്തമാക്കി.
അതേസമയം, അഗസ്താ വെസ്റ്റലാന്‍ഡിന് അനുകൂലമായ മിലന്‍ കോടതി വിധിക്കെതിരെ ഹരജി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടു ബാങ്ക് ഗ്യാരണ്ടികളായി 2.4 ബില്യണ്‍ രൂപ ഇന്ത്യ ഇറ്റലിക്ക് കൈമാറിയിരുന്നു.
അതിപ്രമുഖ വ്യക്തികളുടെ യാത്രക്കായി 735 ദശലക്ഷം രൂപയുടെ വിലയുള്ള കോപ്ടറുകള്‍ വാങ്ങുന്നതിനാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്.  2012 ഡിസംബറില്‍ കോപ്ടറുകള്‍ കൈമാറണമെന്നായിരുന്നു ഉടമ്പടി.  എന്നാല്‍  ഹെലികോപ്ടറുകള്‍ വില്‍പന നടത്താന്‍ കരാര്‍ നേടുന്നതിന്  ഫിന്‍മെകാനികയുടെ തലവന്‍ ജിയുസെപ്പി ഒര്‍സി സര്‍ക്കാറിന്  67 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്ന  ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയും കരാര്‍ റദ്ദാക്കുകയും ചെയ്തു.
2012ലാണ്  പ്രധാനമന്ത്രി അടക്കമുള്ള വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാനായി 12 അത്യാധുനിക ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയുമായി കരാറുണ്ടാക്കിയത്.

ചാലക്കുടിയില്‍ വെള്ളം കുടിക്കുന്നതാര്

Posted: 17 Mar 2014 11:43 PM PDT

Subtitle: 
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയനേതാവും മലയാള സിനിമാതാര സംഘടനയായ അമ്മയുടെ അമരക്കാരനും തമ്മിലെ മത്സരം തീപാറുമെന്ന് ഉറപ്പായി

കൊച്ചി: ഇന്നസെന്‍റിന്‍െറ സാന്നിധ്യത്തിലൂടെ ആദ്യം കേരള ശ്രദ്ധ. പിന്നീട് പി.സി. ചാക്കോയുടെ വെച്ചുമാറ്റത്തിലൂടെ ദേശീയശ്രദ്ധ നേടിയ മണ്ഡലം-ചാലക്കുടി. മണ്ഡലമാറ്റ വിവാദം കോണ്‍ഗ്രസ് പാര്‍ട്ടിയെ മുള്‍മുനയിലാക്കിയതിന് പുറമെ ദേശീയ നേതാവിന്‍െറ പാര്‍ട്ടി വിരുദ്ധ പ്രസ്താവനവരെയുള്ള കാര്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ് ചാലക്കുടിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. അതൊക്കെ ക്കൊണ്ടുതന്നെ  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയനേതാവും മലയാള സിനിമാതാര സംഘടനയായ അമ്മയുടെ അമരക്കാരനും തമ്മിലെ മത്സരം തീപാറുമെന്നതും ഉറപ്പായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പിറവികൊണ്ട മണ്ഡലമാണ് ചാലക്കുടി.
മുകുന്ദപുരം മണ്ഡലത്തെ ചാലക്കുടിയായി പരിവര്‍ത്തിപ്പിച്ചപ്പോള്‍ എറണാകുളം ജില്ലയിലെ നാല് നിയമസഭ  മണ്ഡലങ്ങളും തൃശൂരിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളുമാണ് ചാലക്കുടിയുടെ ഭാഗമായത്. മുകുന്ദപുരമായിരുന്നപ്പോള്‍ തൃശൂര്‍ ജില്ലയിലെ നാലും എറണാകുളത്തെ മൂന്നും നിയോജകമണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്.
പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ചാലക്കുടി നിയമസഭ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലേത്. ബാക്കി മൂന്നു മണ്ഡലങ്ങള്‍ തൃശൂരിലും.
ഇക്കുറി സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലമാണ് ചാലക്കുടി. ആകെയുള്ള 1121133 വോട്ടര്‍മാരില്‍ 570464 പേര്‍ വനിതകളും 550669 പേര്‍ പുരുഷന്മാരുമാണ്. ഇതില്‍ 45743 പേര്‍ പുതിയ വോട്ടര്‍മാരാണ്.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 1075390 ആയിരുന്നു. ഇതില്‍ 792910 വോട്ടുകളാണ് പോള്‍ ചെയ്തത്്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍ 399035 വോട്ടു നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിന്‍െറ അഡ്വ. യു.പി. ജോസഫിന് 327356 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 45,367 വോട്ടാണ് ലഭിച്ചത്.  71679 വോട്ടിന്‍െറ ഭൂരിപക്ഷമായിരുന്നു ധനപാലന്്. മണ്ഡലം മുകുന്ദപുരമായിരിക്കെ 2004ല്‍ സി.പി.എമ്മിന്‍െറ ലോനപ്പന്‍ നമ്പാടനായിരുന്നു പ്രതിനിധി. കരുണാകരപുത്രി പത്മജ വേണുഗോപാലിനെയാണ് നമ്പാടന്‍ പരാജയപ്പെടുത്തിയത്. ’99ല്‍ കെ.കരുണാകരനും ’98ല്‍ എ.സി. ജോസും ’96ല്‍ പി.സി. ചാക്കോയും ’89, ’91 വര്‍ഷങ്ങളില്‍ സാവിത്രി ലക്ഷ്മണനും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മത്സരിച്ച് മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. ’84ല്‍ യു.ഡി.എഫിലെ കേരള  കോണ്‍ഗ്രസ്-ജെ സ്ഥാനാര്‍ഥി കെ. മോഹന്‍ദാസാണ് വിജയിച്ചത്. ’80ല്‍ സി.പി.എമ്മിന്‍െറ ഇ. ബാലാനന്ദനായിരുന്നു വിജയി. ’77ല്‍ എ.സി. ജോര്‍ജ് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് വിജയിച്ചു. ’77 മുതലുള്ള ലോക്സഭ ചരിത്രം പരിശോധിച്ചാല്‍ മണ്ഡലത്തില്‍ രണ്ടുതവണ മാത്രമാണ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ നാല് നിയമസഭ മണ്ഡലങ്ങള്‍ ഇടതിനൊപ്പം നിന്നപ്പോള്‍ മൂന്ന് മണ്ഡലങ്ങള്‍ മാത്രമാണ് യു.ഡി.എഫിനെ വരിച്ചത്. അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, കയ്പമംഗലം നിയമസഭ മണ്ഡലങ്ങളാണ് ഇടതുമുന്നണിയെ വിജയിപ്പിച്ചത്. ആലുവ, കുന്നത്തുനാട്, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പം നിന്നു. തികച്ചും പുതുമുഖങ്ങളാണ് കഴിഞ്ഞതവണ ചാലക്കുടിയില്‍ മത്സരിച്ചതെങ്കില്‍ ഇക്കുറി ഇടതുമുന്നണിയാണ് പുതുമുഖത്തെ പരീക്ഷിക്കുന്നത്. എന്നാല്‍, ഇടതുപക്ഷം അവതരിപ്പിക്കുന്ന ഈ പുതുമുഖം കേരളം മുഴുവന്‍ പരിചയമുള്ള മുഖമാണെന്ന പ്രത്യേകതയുമുണ്ട്്. ഇന്നസെന്‍റ് എന്ന അറിയപ്പെടുന്ന സിനിമാതാരത്തിന്‍െറ സാന്നിധ്യമാണ് ഇടതുപക്ഷം ചാലക്കുടിയിലെ അടിയൊഴുക്കായി പ്രതീക്ഷിക്കുന്നത്. 40,000ഓളം പുതിയ വോട്ടര്‍മാരില്‍നിന്നാണ് ഇന്നസെന്‍റിന്‍െറ സാന്നിധ്യത്തിലൂടെ ഇടതുമുന്നണി അധികമായി പ്രതീക്ഷിക്കുന്നത്. ഒപ്പം സ്ത്രീ വോട്ടും. വെള്ളിത്തിരയിലെ അഭിനയത്തികവിനൊപ്പം പണ്ട് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച പാരമ്പര്യവും ഇന്നസെന്‍റിനുണ്ട്.
നമ്പാടനെ ഗോദയിലിറക്കി 2004ല്‍ മണ്ഡലം തിരിച്ചുപിടിച്ച പാരമ്പര്യം ഇന്നസെന്‍റിലൂടെ ഇക്കുറി ആവര്‍ത്തിക്കാമെന്നാണ് ഇടതിന്‍െറ കണക്കുകൂട്ടല്‍. എന്നാല്‍, പി.സി. ചാക്കോ എന്ന കോണ്‍ഗ്രസിന്‍െറ ദേശീയ നേതാവിനെ വീണ്ടും മണ്ഡലത്തിന് ലഭിച്ചതിന്‍െറ സന്തോഷത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
മികച്ച പാര്‍ലമെന്‍േററിയനും കോണ്‍ഗ്രസിന്‍െറ ദേശീയ വക്താവുമെന്ന യോഗ്യത തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന ഘടകമാകും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിനെല്ലാം ഉപരി സിറ്റിങ് എം.പി കെ.പി. ധനപാലന്‍െറയും പി.സി. ചാക്കോയുടെയും മണ്ഡലമാറ്റം ഉണ്ടാക്കിയ വിവാദങ്ങള്‍ തെരഞ്ഞെടുപ്പിലുണ്ടാകാവുന്ന സ്വാധീനവും ചെറുതായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രാഷ്ട്രീയ ഘടകങ്ങള്‍ക്കപ്പുറം സാമുദായിക വികാരങ്ങളും ഈ മണ്ഡലം മാറ്റത്തില്‍ പ്രതിഫലിക്കാം. ഏറ്റവും ഒടുവില്‍ ഈ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായേക്കാവുന്ന തിരിച്ചടി പ്രവചിച്ചുകൊണ്ടുള്ള പി.സി. ചാക്കോയുടെ വിവാദ പ്രസ്താവനയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമാകും. തൃശൂരില്‍ ഗ്രൂപ്പുപോരാട്ടം ശക്തമായപ്പോള്‍ ഒരു വിഭാഗം യാത്രയയപ്പ് നല്‍കിയാണ് ചാക്കോയെ ചാലക്കുടിയില്‍ എത്തിച്ചത്
ഓരോ തെരഞ്ഞെടുപ്പിലും വോട്ടിങ് നിര ചെറിയ തോതിലെങ്കിലും ഉയര്‍ത്തുന്ന ബി.ജെ.പി ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് മുന്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണനെയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി തങ്ങളുടെ പ്രഥമ മത്സരത്തില്‍ അറിയപ്പെടുന്ന ദലിത് ആക്ടിവിസ്റ്റും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ. അംബുജാക്ഷനെയാണ് ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ആല്‍ഫ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് ചെയര്‍മാനും ഇന്നസെന്‍റിന്‍െറ സുഹൃത്തുമായ കെ.എം. നൂറുദ്ദീനാണ് ആം ആദ്മിയുടെ സ്ഥാനാര്‍ഥി. എസ്്.ഡി.പി.ഐ അടക്കമുള്ള പാര്‍ട്ടികളും ചാലക്കുടിയില്‍ പരീക്ഷണത്തിനുണ്ട്.
 

പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപിടിത്തം

Posted: 17 Mar 2014 11:04 PM PDT

Subtitle: 
തീയിട്ടതിനു പിന്നില്‍ നഗരസഭയെന്ന് നാട്ടുകാര്‍

തലശ്ശേരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് തീ പുകയാന്‍ തുടങ്ങിയത്. തലശ്ശേരിയില്‍നിന്ന് ഫയര്‍ഫോഴ്സിന്‍െറ രണ്ട് വണ്ടികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ എട്ട് തവണ വെള്ളമെത്തിച്ചാണ് തീയണച്ചത്. മാലിന്യത്തിന് ആരെങ്കിലും തീ കൊടുത്തതാവും കാരണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
വര്‍ഷങ്ങളായി നിക്ഷേപിച്ചുവന്ന മാലിന്യം കുറക്കുന്നതിന് നഗരസഭയുടെ അറിവോടെയാണ് തീയിടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തീപിടിച്ചതെന്നാണ് പറയുന്നതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് എങ്ങനെ സാധ്യമാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. വീടുകളില്‍ പുക നിറയുന്നത് മൂലം പിഞ്ചുകുട്ടികളും സ്ത്രീകളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ തീപുകഞ്ഞ് നാല് ദിവസങ്ങളോളം പ്രദേശവാസികള്‍ ദുരിതത്തിലായിരുന്നു.
 

ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

Posted: 17 Mar 2014 11:01 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിനത്തെ പിന്തുണച്ച് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം. അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക്  പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ അനുമതി വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്. ക്വാറികളുടെ പ്രവര്‍ത്തനത്തെ ന്യായീകരിക്കുന്നത് നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം ഉള്ളതിനാലാണെന്നാണ് സംസ്ഥാനം നല്‍കുന്ന വിശദീകരണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഈയാഴ്ച തന്നെ ദേശീയ ഹരിത ട്രൈിബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള 123 പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ക്വാറി അനുവദിക്കില്ല. എന്നാല്‍ മറ്റു പ്രദേശങ്ങളിലെ അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികളുടെ  പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി വേണ്ട. ക്വാറികളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കിയ വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പിഴവില്ളെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
 

യു.ഡി.എഫ് തരംഗം –രമേശ് ചെന്നിത്തല

Posted: 17 Mar 2014 10:52 PM PDT

Subtitle: 
നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു

കല്‍പറ്റ: മന്ദഗതിയിലായ യു.ഡി.എഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് കല്‍പറ്റയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍.
 യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 1977ലെ സാഹചര്യമാണ് കേരളത്തിലുള്ളത്. 20 സീറ്റിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമാണ് കാര്യങ്ങള്‍. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ 20ഉം നേടാനാകും.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എല്‍.ഡി.എഫ് പൂര്‍ണമായി തകര്‍ന്നു. ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് ജനതയും ഇപ്പോഴുള്ള ആര്‍.എസ്.പിയും വിട്ടുപോയതോടെ എല്‍.ഡി.എഫ് ഒറ്റപ്പെട്ടു -രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്‍െറ ജനകീയ അടിത്തറ അനുദിനം തകരുകയാണ്. ബംഗാളിലെ സ്ഥിതി അതിദയനീയമാണ്. നിശ്ചിത ശതമാനം വോട്ടും സീറ്റും കിട്ടിയില്ലെങ്കില്‍ അഖിലേന്ത്യാ പാര്‍ട്ടിയെന്ന പദവി സി.പി.എമ്മിന് നഷ്ടമാകും. പാര്‍ട്ടിയുടെ നയവും നിലപാടുകളുമാണ് തകര്‍ച്ചക്ക് കാരണം. മുന്നണി മര്യാദകള്‍ പാലിച്ചാണ് യു.ഡി.എഫ് സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കിയത്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തിലായ സി.പി.എമ്മിന്‍െറ അഞ്ച് സ്ഥാനാര്‍ഥികള്‍ പേമെന്‍റ് സീറ്റില്‍ വന്നവരാണ്. പേമെന്‍റ് സീറ്റ് എന്ന ആരോപണം നിഷേധിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. നരേന്ദ്ര മോദിയെ ഉയര്‍ത്തുന്നത് കോര്‍പറേറ്റുകളും കുത്തക മുതലാളിമാരുമാണ്. അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളാണ് മോദിയെ വാഴ്ത്തുന്നത്. വര്‍ഗീയകക്ഷിയായ ബി.ജെ.പി രാജ്യത്തിന് ഗുണംചെയ്യില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസല്ലാതെ മറ്റാരുമില്ല. മൂന്നാം മുന്നണി എന്നത് പൊളിഞ്ഞു.
പെരിഞ്ഞനത്ത് നവാസ് എന്ന നിരപരാധിയായ ചെറുപ്പക്കാരനെ 15 തവണ വെട്ടിയാണ് സി.പി.എം ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തിയത്. ടി.പി വധത്തിന് സമാനമായ സംഭവമാണിത്. രാഷ്ട്രീയ കൊലപാതകമെന്ന സ്ഥിരം ശൈലിയാണ് സി.പി.എം പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ എത്ര ഉന്നതരായ ആളുകളുണ്ടായാലും അവരെ പിടികൂടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ച കൊടും ഭീകരന്മാരായ കൊലയാളികള്‍ക്ക് വക്കാലത്തുമായി പോയത് കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മിന്‍െറ എം.എല്‍.എമാരുമാണ്.
പെരിഞ്ഞനം സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ലോക്കല്‍ സെക്രട്ടറിക്ക് നിയമസഹായം നല്‍കുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നത്. ഭീകരമുഖമുള്ള ഇത്തരം പ്രസ്ഥാനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. തെറ്റ് തിരുത്താതെ ഹീനമാര്‍ഗങ്ങളിലൂടെയാണ് സി.പി.എം സഞ്ചരിക്കുന്നത്. 30 വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടിയെ സേവിച്ച എം.ഐ. ഷാനവാസിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കുപ്രചാരണങ്ങള്‍ തള്ളണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലടക്കം കര്‍ഷകവിരുദ്ധമായ ഒരു നടപടിക്കും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും കുടിയേറ്റ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എം.ഐ. ഷാനവാസിന്‍െറ വിജയത്തിന് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ പറഞ്ഞു. യു.ഡി.എഫ് കെട്ടുറപ്പോടെ പ്രവര്‍ത്തിച്ച കാലങ്ങളിലൊക്കെ വന്‍ വിജയം നേടാനായിട്ടുണ്ട്. ഇത്തവണ അത് ആവര്‍ത്തിക്കും.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ഏച്ചോം ഗോപി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി, കെ.പി.സി.സി ജന. സെക്രട്ടറി സജീവ് ജോസഫ്, പി.കെ. ഗോപാലന്‍, മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍, പി.വി. ബാലചന്ദ്രന്‍, എന്‍.ഡി. അപ്പച്ചന്‍, പ്രഫ. കെ.പി. തോമസ്, കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥന്‍, കെ.ജെ. ദേവസ്യ, എം.സി. സെബാസ്റ്റ്യന്‍, പി.ടി. ഗോപാലക്കുറുപ്പ്, ജോസ് പാറപ്പുറം, പ്രവീണ്‍ തങ്കപ്പന്‍, അഡ്വ. കെ. ജയന്ത്, അഡ്വ. പി. ശങ്കരന്‍, എന്‍.കെ. റഷീദ്,  പി.പി.വി. മൂസ, ഒ.എം. ജോര്‍ജ്, ഗോകുല്‍ദാസ് കോട്ടയില്‍, കെ.വി. പോക്കര്‍ ഹാജി, കെ.കെ. അഹമ്മദ് ഹാജി, കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍, പി.കെ. അബൂബക്കര്‍, എ.പി. ശ്രീകുമാര്‍, എം.എ. ജോസഫ് എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ പി.പി.എ. കരീം സ്വാഗതം പറഞ്ഞു. വയനാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.

കലക്ടറും മേയറും രണ്ടു തട്ടില്‍; കുടിനീരിനായി ജനം വലയുന്നു

Posted: 17 Mar 2014 10:40 PM PDT

Subtitle: 
കുടിവെള്ള വിതരണം

കോഴിക്കോട്: കുടിവെള്ളം ആര് വിതരണം ചെയ്യണമെന്ന കാര്യത്തില്‍ ജില്ലാ കലക്ടറും കോര്‍പറേഷന്‍ മേയറും രണ്ടു തട്ടില്‍. വെള്ളമെത്തിക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് കലക്ടര്‍ പറയുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് ഉദ്ധരിച്ച് റവന്യൂ വകുപ്പാണ് ജലവിതരണം നടത്തേണ്ടതെന്ന് മേയര്‍ പറയുന്നു. ആരു വിതരണം ചെയ്താലും വേണ്ടില്ല കുടിവെള്ളം അത്യാവശ്യമായി കിട്ടണമെന്ന നിലപാടിലാണ് ജനം. വെള്ളം വിതരണം ചെയ്യാനുള്ള റിപ്പോര്‍ട്ട് തയാറാക്കിയെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. റിപ്പോര്‍ട്ട് തയാറായതുകൊണ്ട് വെള്ളം കിട്ടില്ലല്ലോ. പതിവ് തെറ്റിച്ച് നേരത്തേയെത്തിയ കുടിവെള്ളക്ഷാമം നേരിടാന്‍ ജില്ലാ ഭരണകൂടവും കോര്‍പറേഷനും മുന്‍കൂട്ടി യോജിച്ച പ്രവര്‍ത്തനം നടത്താത്തതിനാലാണ് ജനം ദാഹിച്ചുവലയുന്നത്. കോര്‍പറേഷന്‍െറ 75 വാര്‍ഡുകളിലും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കുടിവെള്ള വിതരണം നടത്താന്‍ കഴിയില്ലെങ്കില്‍ രേഖാമൂലം റവന്യൂ വിഭാഗം അത് കോര്‍പറേഷനെ അറിയിച്ചാലേ നഗരസഭ വെള്ളമെത്തിക്കേണ്ടതുള്ളൂ എന്നാണ് മേയറുടെ വാദം. റവന്യൂ വിഭാഗമാകട്ടെ, ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ ഇത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്. വരള്‍ച്ചയുടെ ഭാഗമായി കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് മേയര്‍ മാര്‍ച്ച് 10ന് റവന്യൂ മന്ത്രിക്ക് കത്തയച്ചിരുന്നു. കടലാസ് പണികള്‍ നടന്നുവെന്നല്ലാതെ ജനങ്ങള്‍ക്ക് അടിയന്തരമായി വെള്ളമെത്തിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് റവന്യൂ വകുപ്പിന്‍െറയും കോര്‍പറേഷന്‍െറയും ഭാഗത്തുനിന്നുണ്ടാകുന്നത്.
കുതിരവട്ടം വാര്‍ഡില്‍ വളയനാട് ക്ഷേത്രം പരിസരം, കാവില്‍ കോട്ട, കാവിലത്താഴം, ഗോവിന്ദപുരത്തിനു തെക്കുഭാഗം എന്നിവിടങ്ങളിലെ പൈപ്പില്‍ തുള്ളിവെള്ളം എത്താതെ ജനം വലയുകയാണ്. ഈ മേഖലയില്‍ നിരവധി സ്ഥലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.
ഇവിടത്തെ ഫ്ളാറ്റുകളുടെ കുഴല്‍ക്കിണറില്‍നിന്ന് ധാരാളം വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ പരിസരത്തെ കിണറുകളെല്ലാം വറ്റുകയാണെന്ന് കൗണ്‍സിലര്‍ ചേമ്പില്‍ വിവേകാനന്ദന്‍ പറയുന്നു. ടാങ്കര്‍ ലോറി വെള്ളം എത്രയും പെട്ടെന്ന്  ഈ മേഖലകളിലെത്തിക്കാന്‍  റവന്യൂ വിഭാഗം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊമ്മേരി വാര്‍ഡില്‍ പട്ടാളം റോഡ്, അടമ്പാട്ടുമീത്തല്‍, എരവത്തുകുന്ന്, മേലേകുന്നത്തുകണ്ടി, മേത്തോട്ടുമീത്തല്‍, ഗോവിന്ദപുരം ഐ.ടി.ഐ പരിസരം എന്നിവിടങ്ങളിലും ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. പൊക്കുന്ന്, പേരാച്ചിക്കുന്ന്, കച്ചേരിക്കുന്ന് എന്നിവിടങ്ങളില്‍ കിണറുകളില്ല.
കെ.ഡബ്ള്യു.എയുടെ പൈപ്പ് വെള്ളം മാത്രമാണിവര്‍ക്ക് ആശ്രയം. ഒരു മാസമായി ഈ മേഖലയില്‍ വെള്ളമില്ല. ഈ മേഖലയിലും പൈപ്പ് വ്യാപകമായി പൊട്ടിയൊലിക്കുന്നുണ്ട്. പക്ഷേ, റിപ്പയര്‍ ചെയ്യാന്‍ നടപടിയില്ല.
മാങ്കാവിലെ തേനാകുന്ന്, തളിക്കുന്ന്, കൂളിത്തറ, കാവില്‍ത്താഴം, കടുപ്പിനി, തളിക്കുളങ്ങര, കച്ചേരിക്കുന്ന് ഭാഗങ്ങളില്‍ ഒരാഴ്ചയായി പൈപ്പില്‍ തീരെ വെള്ളമില്ല. കെ.ഡബ്ള്യു.എയുടെ കുടിവെള്ളം മാത്രമാണ് ഇവിടെയും ആശ്രയം.  ആഴ്ചവട്ടത്തെ മണല്‍ത്താഴം, കാളൂര്‍ റോഡ് എന്നിവിടങ്ങള്‍ ചേരിപ്രദേശമായതിനാല്‍ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ്.
പന്നിയങ്കരയില്‍ ശ്രീകൃഷ്ണപുരം, മൈത്രി റോഡ്, മാനാരി, കണ്ണഞ്ചേരി, കൊട്ടാരം റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാഗങ്ങളിലും രൂക്ഷമായ പ്രതിസന്ധിയുണ്ട്. ശക്തികുറച്ച് വെള്ളം പമ്പ് ചെയ്തില്ലെങ്കില്‍ ഈ മേഖലയില്‍ പൈപ്പ് പൊട്ടുമത്രെ.
അതിനാല്‍ നേരിയ തോതിലാണ് ഈ മേഖലയില്‍ കെ.ഡബ്ള്യു.എ ജലം പമ്പ് ചെയ്യുന്നത്

ദുബൈ മെട്രോ സ്റ്റേഷനുകള്‍ ആര്‍ട്ട് മ്യൂസിയങ്ങളാക്കുന്നു

Posted: 17 Mar 2014 09:13 PM PDT

Image: 

ദുബൈ: കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാന്‍ ദുബൈയിലെ മെട്രോ സ്റ്റേഷനുകള്‍ ആര്‍ട്ട് മ്യൂസിയങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. ‘ആര്‍ട്ട് ദുബൈ 2015’ന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് 12 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
ദുബൈ മെട്രോ യാത്രക്കാര്‍ക്ക് വ്യത്യസ്ത യാത്രാനുഭവം സമ്മാനിക്കുകയും കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര രംഗത്ത് ദുബൈയുടെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.   
ആദ്യഘട്ടത്തില്‍ നാല് പ്രധാന മെട്രോ സ്റ്റേഷനുകളാണ് മ്യൂസിയങ്ങളാക്കി മാറ്റുക. കലയുടെ വിവിധ രൂപങ്ങളെ പ്രതിനിധീകരിച്ച് വ്യത്യസ്ത തീമുകളായിരിക്കും ഓരോ സ്റ്റേഷനുകളിലും സംവിധാനിക്കുക. ഇസ്ലാമിക് ആര്‍ട്ട്- അറബിക് കാലിഗ്രാഫി മ്യൂസിയം, കണ്ടുപിടിത്തങ്ങളുടെ മ്യൂസിയം, കണ്ടമ്പററി ആര്‍ട്ട് മ്യൂസിയം, വിഷ്വല്‍ ആര്‍ട്ട് മ്യൂസിയം എന്നിങ്ങനെയായിരിക്കും ആദ്യ ഘട്ട സജ്ജീകരണം. മെട്രോ സ്റ്റേഷനുകളുടെ അകവും പുറവും ഈ തീമുകള്‍ക്കനുസരിച്ച് രൂപകല്‍പന ചെയ്യും.
1400 വര്‍ഷം പഴക്കമുള്ള ഇസ്ലാമിക കലാ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കും ഇസ്ലാമിക് ആര്‍ട്ട് ആന്‍ഡ് അറബിക് കാലിഗ്രാഫി മ്യൂസിയം. പുരാതന ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികള്‍, പ്രാചീന പാത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിക്കും. വിവിധ കാലഘട്ടങ്ങളിലെ അറബിക് കാലിഗ്രാഫിയും യാത്രക്കാര്‍ക്ക് ഇവിടെ ആസ്വദിക്കാനാവും.  എന്‍ജിനിയറിങ്, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രധാന കണ്ടുപിടിത്തങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നതായിരിക്കും ഇന്‍വെന്‍ഷന്‍സ് മ്യൂസിയം. പ്രധാന കണ്ടുപിടിത്തങ്ങള്‍ക്ക് പുറകിലെ വ്യക്തികളെക്കുറിച്ചും ഇവിടെ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരുടെ സമകാലിക കലാരൂപങ്ങളുടെ പ്രദര്‍ശനമായിരിക്കും കണ്ടമ്പററി ആര്‍ട്ട് മ്യൂസിയത്തിലുണ്ടാവുക. പെയിന്‍റിങുകള്‍, ഡിസൈനുകള്‍, ഗ്രാഫിക് ഇല്ലസ്ട്രേഷനുകള്‍, മോഡലുകള്‍ തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും.
ചലച്ചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍, മള്‍ട്ടിമീഡിയ കലാരൂപങ്ങള്‍ തുടങ്ങിയവ വിഷ്വല്‍ ആര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാകും മ്യൂസിയങ്ങള്‍ ഒരുക്കുക. ട്രെയിനുകളുടെ അകവും പുറവും അലങ്കരിക്കും.
ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള പദ്ധതിയനുസരിച്ച് മൊബൈല്‍ ആപ്ളിക്കേഷനുകളും ഇതോടനുബന്ധിച്ച് പുറത്തിറക്കും. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ യാത്ര ചെയ്യുന്ന ദുബൈ മെട്രോയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതി നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ തിങ്കളാഴ്ച നടന്ന യോഗത്തില്‍ ശൈഖ് മുഹമ്മദ് വിലയിരുത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരും സന്നിഹിതരായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP