സ്വാഗതം
WELCOME

News Update..

Wednesday, March 19, 2014

കടല്‍ക്കൊലക്കേസ്: ഇറ്റാലിക്കായി ഐക്യരാഷ്ട്ര സംഘടന ഇടപെടുന്നു Madhyamam News Feeds

കടല്‍ക്കൊലക്കേസ്: ഇറ്റാലിക്കായി ഐക്യരാഷ്ട്ര സംഘടന ഇടപെടുന്നു Madhyamam News Feeds

Link to

കടല്‍ക്കൊലക്കേസ്: ഇറ്റാലിക്കായി ഐക്യരാഷ്ട്ര സംഘടന ഇടപെടുന്നു

Posted: 19 Mar 2014 12:28 AM PDT

Image: 

 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന  ഇറ്റലിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേസില്‍ ഐക്യരാഷ്ട്രസംഘടന ഇടപെടുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനിടെ കേസിന്‍്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് യു.എന്‍ പൊതുസഭ പ്രസിഡന്‍്റ് ജോണ്‍ ആഷ് അറിയിച്ചു. ഇന്ന് ഇന്ത്യയിലത്തെുന്ന ജോണ്‍ ആഷ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തും. 22 വരെ നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തില്‍ ആഷ് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും മറ്റ് പ്രമുഖരായും കൂടിക്കാഴ്ച നടത്തും.
ഇന്ത്യയില്‍  വിചാരണ നീണ്ടു പോകുന്നു. നാവികരുടെ മോചനത്തിനു യു. എന്‍ ഇടപെടണം. വിചാരണ ഇറ്റലിയിലേക്കു മാറ്റണമെന്നും ആവശ്യം ഉന്നയിച്ച് ഇറ്റാലിയന്‍  ആഭ്യന്തരമന്ത്രി മന്ത്രി ആന്‍ഞ്ചലിനോ അല്‍ഫാനോയാണ് കഴിഞ്ഞ ദിവസം യു.എന്നില്‍ അപ്പീല്‍ നല്‍കിയത്. ജോണ്‍ ആഷിനെ സന്ദര്‍ശിച്ച അല്‍ഫനോ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യാ സന്ദര്‍ശനത്തിനിടെ കടല്‍ക്കൊലക്കേസ് അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്ന് ജോണ്‍ ആഷിന്‍്റെ വക്താവ് ഇറ്റലിയെ അറിയിക്കുകയായിരുന്നു.
നാവികരുടെ മോചനത്തിനായി അന്തര്‍ദേശീയ പിന്തുണ തേടി അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവയെ ഇറ്റലി നേരത്തേ സമീപിച്ചിരുന്നു. 2012 ഫെബ്രുവരിയില്‍ കേരള തീരത്തുവെച്ചാണ് ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നത്. ഇത് ഇന്ത്യഇറ്റലി നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കുകയും ചെയ്തു. വിചാരണക്കായി നാവികര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്.

മഴക്കുഴി നിര്‍മാണത്തില്‍ വന്‍ അഴിമതി

Posted: 19 Mar 2014 12:23 AM PDT

തൃശൂര്‍: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ വടക്കാഞ്ചേരി പഞ്ചായത്ത് 13ാം വാര്‍ഡില്‍ മഴക്കുഴി നിര്‍മാണത്തില്‍ വന്‍ അഴിമതി. 135 മഴക്കുഴി നിര്‍മിച്ചതായാണ് പഞ്ചായത്ത് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, 39 കുഴികളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 13ാം വാര്‍ഡിലെ തൊഴിലുറപ്പ് പ്രവര്‍ത്തനം  സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ തൊഴിലുറപ്പ് ഓംബുഡ്സ്മാന്‍ നടത്തിയ പരിശോധനയിലാണ് അഴിമതി വെളിവായത്. തൊഴിലുറപ്പ് തൊഴില്‍ കാര്‍ഡ് ലഭിച്ചവരുടെ വീട്ടില്‍ നടത്തേണ്ട മഴക്കുഴി നിര്‍മാണം കാര്‍ഡ് ലഭിക്കാത്തവരുടെ പറമ്പിലും നടത്തിയതായി കണ്ടെത്തി.
ബ്ളോക്ക് പഞ്ചായത്ത് -ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും കരാര്‍ ജീവനക്കാരുടെയും മേറ്റുമാരുടെയും കൃത്യവിലോപവും കുറ്റകരമായ അനാസ്ഥയും ഓംബുഡ്സ്മാന്‍ ജോര്‍ജ് പുലിക്കുത്തിയന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പൊതുഫണ്ട് ദുരുപയോഗപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും നടപടികളും നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ബി.ഡി.ഒ ഓംബുഡ്സ്മാന് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതകള്‍ മറച്ചുവെച്ചതിനാല്‍ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴില്‍ കാര്‍ഡ് ഇല്ലാത്തവരുടെ ഭൂമിയില്‍ നടത്തിയ പ്രവൃത്തികള്‍ക്ക് ചെലവാക്കിയ മുഴുവന്‍ തുകയും തൊഴിലുറപ്പ് ഫണ്ടിലേക്ക് തിരിച്ചടക്കാനും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴില്‍ കാര്‍ഡില്ലാത്ത സാജു എബ്രഹാമിന്‍െറ ഉടമസ്ഥതയില്‍ വടക്കാഞ്ചേരി പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഒരേക്കര്‍ ഭൂമിയില്‍ 40 തൊഴിലാളികള്‍ ഒരു ദിവസം പണിയെടുത്തതായി സാജു മൊഴി നല്‍കി. മസ്റ്ററോള്‍ പരിശോധിച്ചപ്പോള്‍ 2013 ഡിസംബര്‍ ഏഴിന് നടത്തിയ പ്രവൃത്തികളില്‍ 28 തൊഴിലാളികളാണ് സാജുവിന്‍െറ ഭൂമിയില്‍ പണി ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായി നടത്തിയ പ്രവൃത്തികളില്‍ ചെലവായ തുക തൊഴിലുറപ്പ് പദ്ധതിയിലേക്ക് പഞ്ചായത്ത് കമ്മിറ്റി തിരിച്ചടക്കണമെന്ന നിര്‍ദേശവും ഓംബുഡ്സ്മാന്‍ നല്‍കിയിട്ടുണ്ട്. ഈ കാലത്ത് വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഷാജി മോഹനനാണ് സാജു അബ്രഹാമിന് നിയമവിരുദ്ധമായി തൊഴില്‍ കാര്‍ഡ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ചെറുകിട കര്‍ഷകരുടെ ഭൂമിയില്‍ നിര്‍മിച്ചുവെന്ന് പറയുന്ന മഴക്കുഴികളുടെ മുഴുവന്‍ യാഥാര്‍ഥ്യങ്ങളും പുന$പരിശോധിച്ച്, പദ്ധതി ഫണ്ടില്‍നിന്ന് അനധികൃതമായി ചെലവാക്കിയ തുക തിരിച്ചടക്കാന്‍ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മരുന്ന് സംഭരണശാല കുന്നന്താനത്തേക്ക് മാറ്റുന്നു

Posted: 19 Mar 2014 12:04 AM PDT

Subtitle: 
മരുന്ന് കമ്പനിയുടെ ലോറി ചുമട്ടു തൊഴിലാളികള്‍ തടഞ്ഞു

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേരള  മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍െറ മരുന്ന് സംഭരണശാല  കുന്നന്താനത്തേക്ക് മാറ്റാന്‍ നീക്കം നടക്കുന്നു.
ജില്ലയില്‍ വിതരണം ചെയ്യാനുള്ള മരുന്നുകള്‍ കുന്നന്താനത്തെ സംഭരണശാലയില്‍ എത്തിച്ചാല്‍ മതിയെന്നാണ് മരുന്നു കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.  
ഈ നിര്‍ദേശം അറിയാതെ ചൊവ്വാഴ്ച   എറണാകുളത്തുനിന്നു മരുന്നുമായിവന്ന ലോറി നന്നുവക്കാട്ടെ മരുന്നു സംഭരണശാലയില്‍ എത്തി.
തുടര്‍ന്ന് ഇറക്കാനായി തൊഴിലാളികള്‍ എത്തിയതോടെ മരുന്നുകള്‍ കുന്നന്താനത്താണ് ഇറക്കേണ്ടതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മരുന്നുമായി എത്തിയ ലോറിയുടെ ഡ്രൈവര്‍ക്ക് പത്തനംതിട്ട മരുന്ന് സംഭരണശാലയില്‍ ഇറക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. ഈ നിര്‍ദേശം പ്രിന്‍റ് ചെയ്ത പേപ്പര്‍ മരുന്ന് സംഭരണശാലയിലുള്ളവരെ കാണിച്ചെങ്കിലും വെയര്‍ഹൗസ് മനേജരുടെ ഉത്തരവാണെന്ന് പറഞ്ഞ് ജീവനക്കാര്‍ കൈയൊഴിഞ്ഞു.
മരുന്നുകള്‍ കുന്നന്താനത്തേക്ക് കൊണ്ടുപോകുമെന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ലോറി തടഞ്ഞിട്ട് ഗേറ്റ് അടച്ചു.
മരുന്ന് സംഭരണശാല ഘട്ടംഘട്ടമായി പൂട്ടാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും തങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം കിട്ടിയാല്‍ മാത്രമേ ലോറി അയക്കൂവെന്നും തൊഴിലാളികള്‍ പറഞ്ഞു. വെയര്‍ഹൗസ് മനേജറുമായി തൊഴിലാളികള്‍ ഫോണില്‍ സംസാരിച്ചെങ്കിലും ഒന്നും ചെയ്യാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം നന്നുവക്കാട് സ്ഥിതിചെയ്യുന്ന മരുന്നു സംഭരണ ശാലയിലെ സാധനങ്ങള്‍ കുന്നന്താനത്തേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു.  ഇത് വിവാദമായതോടെ ആ നീക്കം ഉപേക്ഷിച്ചു. അന്ന് മുതല്‍ പുതിയ സ്റ്റോക് ഒന്നും നന്നുവക്കാട്ടെ മരുന്ന് സംഭരണശാലയിലേക്ക് എത്തിയിട്ടില്ല. സ്റ്റോക് ഇരിക്കുന്ന മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ നിന്ന് വിതരണം ചെയ്യുന്നതെന്ന് സംഭരണശാലയിലെ ജീവനക്കാര്‍ പറയുന്നു.
സ്റ്റോക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് ഘട്ടംഘട്ടമായി ജില്ലാ ആസ്ഥാനത്തുള്ള മരുന്ന് സംഭരണശാല അടച്ചുപൂട്ടാനാണ് അധികൃതരുടെ തീരുമാനം.

അടിമാലി താലൂക്ക് ആശുപത്രി സി.പി.എം ഉപരോധിച്ചു

Posted: 18 Mar 2014 11:56 PM PDT

Subtitle: 
പ്രസവത്തോടെ യുവതി മരിച്ച സംഭവം

അടിമാലി: പ്രസവത്തിന് സമയമായില്ലന്ന് പറഞ്ഞ് ഡോക്ടര്‍ തിരിച്ചയച്ച ആദിവാസി സ്ത്രീ മണിക്കൂറുകള്‍കള്‍ക്കുള്ളില്‍ കുടിയില്‍ പ്രസവിക്കുകയും മരിക്കുകയും ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മറയൂര്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രി ഉപരോധിച്ചു. മറയൂര്‍ കമ്മളാംകുടി കുതിരേശന്‍െറ ഭാര്യ ദൈവറാണിയാണ് (30) ഈമാസം 16ന് രാവിലെ മരിച്ചത്. പിഞ്ചുകുഞ്ഞ് സുരക്ഷിതമാണ്. ഗര്‍ഭിണിയായ റാണി നാളുകളായി മറയൂര്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുവതിയില്‍ രക്തക്കുറവ് കണ്ടതോടെ അവിടത്തെ ഡോക്ടര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു.15 ന് രാവിലെ അടിമാലി ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പ്രസവത്തിന് ഇനിയും മൂന്നാഴ്ചയുണ്ടെന്ന്  കണ്ടെത്തി. വിദഗ്ധ പരിശോധനയില്‍ അമ്മയും കുഞ്ഞും സുരക്ഷിതമാണെന്നും കണ്ടെത്തി. പിന്നീട്  സമയമാകുമ്പോള്‍ എത്താന്‍ നിര്‍ദേശിച്ച് ഡോക്ടര്‍ ഇവരെ പറഞ്ഞയച്ചു. കുടിയില്‍ എത്തിയപ്പോള്‍ റാണിക്ക് വേദന അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ യുവതി കുടിയില്‍ പ്രസവിച്ചു. അമിത രക്തസ്രാവം ഉണ്ടായി. അടുത്ത ക്ളിനിക്കില്‍ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. ഈ സംഭവത്തില്‍ ഡോക്ടര്‍ അനാസ്ഥ കാണിച്ചെന്നാരോപിച്ചാണ് ആശുപത്രി ഉപരോധം നടത്തിയത്. എന്നാല്‍, ഡോക്ടറുടെ ഭാഗത്ത് തെറ്റില്ലെന്നും പരിശോധനയില്‍ പ്രസവത്തിന് ഇനിയും മൂന്നാഴ്ചയുണ്ടെന്നും പ്രസവ വേദനയുമായല്ല യുവതി ആശുപത്രിയില്‍ എത്തിയതെന്നും പ്രസവത്തിന് സമയമാകാത്തതിനാലാണ് തിരിച്ചയച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഉപരോധ  ത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ ബിജുമോന്‍, എം. മാടസ്വാമി, എസ്. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വേനല്‍ ചൂടിനെ കടത്തിവെട്ടി എറണാകുളത്ത് വീറും വാശിയും

Posted: 18 Mar 2014 11:35 PM PDT

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ചൂടും ചൂരും മണ്ഡലമാകെ നിറഞ്ഞതോടെ സംസ്ഥാനത്തിന്‍െറ വ്യവസായ തലസ്ഥാനമായ എറണാകുളത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വീറും വാശിയും ഏറി. വേനല്‍ചൂടിനെ പിന്നിലാക്കുന്ന തെരഞ്ഞെടുപ്പ് ചൂടാണ് മണ്ഡലത്തിലാകെ.
ആറാം അങ്കത്തിനിറങ്ങിയ പ്രഫ. കെ.വി. തോമസിനെതിരെ രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എത്തിയതോടെ മത്സരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
 സ്ഥാനാര്‍ഥികള്‍ ഇരുവരും ഉറ്റ സുഹൃത്തുക്കളും ഡല്‍ഹിയില്‍ കുടുംബാംഗങ്ങളെ പോലെ കഴിഞ്ഞവരും ലത്തീന്‍ സമുദായത്തില്‍ പ്പെട്ടവരുമാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ സഭ എറണാകുളത്ത് ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലുമാണ്. പേമെന്‍റ് സീറ്റെന്ന ആരോപണത്തോടെയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസിന്‍െറ മണ്ഡലത്തിലേക്കുള്ള കടന്നുവരവ്. സ്ഥാനാര്‍ഥി ചിത്രം തെളിയുന്നതിന് മുമ്പുതന്നെ എറണാകുളത്ത് രണ്ടുഘട്ട പ്രചാരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.വി. തോമസിന് കഴിഞ്ഞിരുന്നു. ഇതിനെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്നണി. പേമെന്‍റ് സീറ്റ് ആരോപണം മറികടക്കാന്‍, പതിവിന് വിപരീതമായി പ്രത്യേക സമ്മേളനം തന്നെ വിളിച്ചുകൂട്ടിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത്. ഈ സംവാദ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ അധികവും പേമെന്‍റും ബിസിനസ് നോമിനി ആരോപണങ്ങളുമായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ക്രിസ്റ്റിക്കായി എന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
ഫാക്ടും കൊച്ചി കപ്പല്‍ശാലയും തുറമുഖവും നേരിടുന്ന പ്രതിസന്ധി, വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍, റെയില്‍വേ- ദേശീയപാത വികസനം, തീരദേശ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സി.ആര്‍.ഇസഡ് അടക്കമുള്ള വിഷയങ്ങള്‍, മത്സ്യമേഖലയുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍, പാചകവാതക സബ്സിഡി, റേഷന്‍ സംവിധാനത്തിലെ തകര്‍ച്ച തുടങ്ങിയവയാണ് ഇടതുമുന്നണിയുടെ മുഖ്യ പ്രചാരണ വിഷയങ്ങള്‍. 6700 കോടിയുടെ ഫാക്ട് പാക്കേജും പിന്നീട് പ്രഖ്യാപിച്ച 991 കോടിയുടെ പാക്കേജും ഇനിയും നടപ്പാക്കാനാകാത്തതും അവര്‍ ആയുധമാക്കുന്നുണ്ട്. ഫാക്ടിനെ സംരക്ഷിക്കാന്‍ ഫാക്ട് സേവ് സമിതി തുടരുന്ന സമരവും യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. കോടികള്‍ മുതല്‍ മുടക്കി നിര്‍മിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഒ.എന്‍.ജി.സി പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നതും ഇടതുപക്ഷം പ്രചാരണായുധമാക്കുന്നുണ്ട്. ദേശീയപാത വികസനത്തിനൊപ്പം ഇഴയുന്ന മെട്രോ റെയില്‍ പദ്ധതിയും ഇതിനായി കുടിയിറക്കപ്പെടുന്നവരുടെ ദുരിതങ്ങളും പ്രചാരണ രംഗത്തെ മുഖ്യവിഷയങ്ങളാണ്.
ഭക്ഷ്യസുരക്ഷാ നിയമത്തിന്‍െറ ശില്‍പിയെന്ന നിലയിലാണ് കെ.വി. തോമസിനെ യു.ഡി.എഫ് അവതരിപ്പിക്കുന്നത്്. കൊച്ചി മെട്രോയുടെയും ബി.പി.സി.എല്ലിന്‍െറയും വിവിധ പദ്ധതികള്‍ ഉയര്‍ത്തി മൊത്തം 55000 കോടിയുടെ വികസനം നടപ്പാക്കിയെന്ന അവകാശവാദവുമായാണ് കെ.വി. തോമസ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. വികസനനേട്ടങ്ങള്‍ ഉയര്‍ത്തി പുറത്തിറക്കിയ കൈപ്പുസ്തകവും പ്രചാരണത്തിന് ഉപയോഗിക്കുന്നു. എന്നാല്‍, പുസ്തകത്തിലെ പ്രഖ്യാപനങ്ങള്‍ പലതും ജലരേഖയാണെന്നാണ് മറുപക്ഷത്തിന്‍െറ ആരോപണം. ലത്തീന്‍ സഭക്കുപുറമെ റോമന്‍ സീറോ മലബാര്‍ സഭയുമായും അടുത്തബന്ധം കെ.വി. തോമസിന് മുതല്‍ക്കൂട്ടാകുമെന്നാണ് യു.ഡി.എഫിന്‍െറ പ്രതീക്ഷ. മന്ത്രി സ്ഥാനം ഉണ്ടായിട്ടും ഡല്‍ഹിയില്‍ കുറ്റിയടിക്കാതെ മണ്ഡലത്തില്‍ അഞ്ചുവര്‍ഷക്കാലവും സജീവമാകാന്‍ കഴിഞ്ഞത് കെ.വി. തോമസിന് വോട്ടായി മാറുമെന്നും യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും  ഗ്രൂപ്പിസവും കെ.വി. തോമസിനെതിരെയുള്ള കരുനീക്കങ്ങളും ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും ഇക്കുറി വിമത ശബ്ദങ്ങളെയെല്ലാം  അനുകൂലമാക്കാനും തോമസിന് കഴിഞ്ഞിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി വിവാദത്തില്‍ കുടുങ്ങി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. ഇത്തവണ ഇത്തരം പ്രശ്നങ്ങളൊന്നും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ സംഘടനകളുമായും അടുത്ത ബന്ധത്തിലാണ് കെ.വി. തോമസ്. കഴിഞ്ഞതവണ 11790 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കെ.വി. തോമസ് തെരഞ്ഞെടുക്കപ്പെട്ടത്.
മോദിക്ക് ഒരു വോട്ടെന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വീണ്ടും മത്സരത്തിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എറണാകുളത്ത് 52968 വോട്ട് നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രശസ്ത പത്രപ്രവര്‍ത്തക അനിത പ്രതാപും മത്സരത്തിനുണ്ട്. ഉപതെരഞ്ഞെടുപ്പ് അടക്കം ഇതുവരെ നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ 11ലും വിജയം യു.ഡി.എഫിനായിരുന്നു. 1957മുതല്‍ 2009 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് എറണാകുളത്ത് ഇടതുപക്ഷത്തിന് വിജയിക്കാനായത്. 1957ലും ’62 ലും കോണ്‍ഗ്രസിലെ എ.എം. തോമസും ’67 ല്‍ സി.പി.എമ്മിലെ വി. വിശ്വനാഥമേനോനും ’71ലും  ’77ലും ഹെന്‍ട്രി ഓസ്റ്റിനും ’80ല്‍ സേവ്യര്‍ അറയ്ക്കലും ഇവിടെ വിജയിച്ചവരാണ്. ’84, ’89, ’91 വര്‍ഷങ്ങളിലും കോണ്‍ഗ്രസ് ജയം ആവര്‍ത്തിച്ചു. ’84മുതല്‍ ’91വരെ തുടര്‍ച്ചയായി മൂന്നുവട്ടം വിജയിച്ച പ്രഫ. കെ.വി. തോമസ് ’96ല്‍ ഇടതുസ്വതന്ത്രന്‍ സേവ്യര്‍ അറയ്ക്കലിന് മുന്നില്‍ പരാജയം കണ്ടു. ’97ലെ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രനായി മത്സരിച്ച ഡോ. സെബാസ്റ്റ്യന്‍ പോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ’98- 99 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ ജോര്‍ജ് ഈഡനും വിജയിച്ചു. 2003ലെ ഉപതെരഞ്ഞെടുപ്പിലും 2004ലെ പൊതു തെരഞ്ഞെടുപ്പിലും എറണാകുളത്തെ പ്രതിനിധാനം ചെയ്ത് പാര്‍ലമെന്‍റില്‍ എത്തിയത് ഡോ. സെബാസ്റ്റ്യന്‍ പോളായിരുന്നു.
2009ല്‍ വീണ്ടും പ്രഫ. കെ.വി. തോമസിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. കൊച്ചി കോര്‍പറേഷനും ഏഴ് നഗരസഭകളും 22 പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് എറണാകുളം ലോക്സഭ മണ്ഡലം. അതേസമയം, ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങള്‍ എറണാകുളം, ചാലക്കുടി, ഇടുക്കി, കോട്ടയം പാര്‍ലമെന്‍റ് മണ്ഡലങ്ങളിലായാണ് കിടക്കുന്നത്. പറവൂര്‍, വൈപ്പിന്‍, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി മണ്ഡലങ്ങള്‍ എറണാകുളം മണ്ഡലത്തിലും അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലങ്ങള്‍ ചാലക്കുടിയിലും കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങള്‍ ഇടുക്കിയിലും പിറവം മണ്ഡലം കോട്ടയത്തുമാണ്.
ഒരുലക്ഷത്തോളം വരുന്ന പുതിയ വോട്ടര്‍മാരിലാണ് സ്ഥാനാര്‍ഥികളുടെ കണ്ണ്. ഇതിനുള്ള തന്ത്രങ്ങളും സ്ഥാനാര്‍ഥികള്‍ മെനയുന്നുണ്ട്. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം യു.ഡി.എഫിനായിരുന്നു.
 

അവഗണനയുടെ ചൂളംവിളികേട്ട് മടുത്ത് കായംകുളം റെയില്‍വേ സ്റ്റേഷന്‍

Posted: 18 Mar 2014 11:31 PM PDT

കായംകുളം: വാഗ്ദാനങ്ങളുടെ പെരുമഴക്കാലത്ത് അവഗണനയുടെ ചൂളംവിളിയുമായി കായംകുളം റെയില്‍വേ ജങ്ഷന്‍. മാതൃക സ്റ്റേഷനായി ഉയര്‍ന്നതോടെ വികസനം ‘ദാ’ എത്തിക്കഴിഞ്ഞുവെന്ന പ്രഖ്യാപനം ഫ്ളക്സില്‍ മാത്രമായി ഒതുങ്ങിയ ദുരവസ്ഥയാണ് കായംകുളം റെയില്‍വേ സ്റ്റേഷനുള്ളത്. ചില ട്രെയിനുകള്‍ക്ക് കായംകുളത്ത് കൂടി സ്റ്റോപ് അനുവദിച്ചുവെന്നത് മാത്രമാണ് ആകെ വികസനം.
എന്നാല്‍, ജങ്ഷനായിട്ടും നിര്‍ത്താതെ പോകുന്ന ട്രെയിനുകളുടെ എണ്ണത്തില്‍ ഇപ്പോഴും കുറവില്ലെന്നതും ശ്രദ്ധേയം. രാവിലത്തെ എറണാകുളം പാസഞ്ചര്‍ പോയാല്‍ ആലപ്പുഴക്ക് പോകണമെങ്കില്‍ പിന്നെ ഉച്ചവരെ കാത്തിരിക്കണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ആലപ്പുഴയില്‍നിന്ന് തുടങ്ങുന്ന ബൊക്കാറോ എക്സ്പ്രസ് കായംകുളം വരെ നീട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. അരൂര്‍ മുതല്‍ കായംകുളം വരെയുള്ള തീരദേശ പാതയില്‍ പുതിയ ട്രെയിന്‍ അനുവദിക്കുന്നതിനും വേണ്ടത്ര സമ്മര്‍ദം ഉണ്ടായില്ലെന്നാണ് പരാതി. രാവിലെ ഒമ്പതിന് ചെന്നൈ മെയില്‍ പോയിക്കഴിഞ്ഞാല്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകണമെങ്കില്‍ 12ന് കേരള എക്സ്പ്രസ് എത്തണം.
സതേണ്‍ റെയില്‍വേയുടെ റവന്യൂ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കായംകുളം സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി സൗകര്യം ഒരുക്കുന്നതിലും ഗുരുതര വീഴ്ചയാണുള്ളത്. പ്രതിവര്‍ഷം 15 കോടിയോളം രൂപയാണ് ഇവിടെ നിന്ന് റെയില്‍വേക്ക് ലഭിക്കുന്നത്. പ്ളാറ്റ്ഫോമുകള്‍ക്ക് മേല്‍ക്കൂരയില്ലാത്തതിനാല്‍ വെയിലും മഴയും കൊണ്ടാണ് ട്രെയിനില്‍ കയറിപ്പറ്റേണ്ടത്. കാലവര്‍ഷക്കാലത്തെ യാത്രയാണ് ഏറെ പ്രശ്നം. ട്രെയിന്‍ കയറാന്‍ മഴ നനയേണ്ടി വരുന്ന ദുരവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയാത്തതിന്‍െറ പ്രതിഷേധം യാത്രക്കാര്‍ മറച്ചുവെക്കുന്നില്ല.  പ്ളാറ്റ്ഫോമുകളില്‍ വേണ്ടത്ര ഇരിപ്പിടം ഇല്ലാത്തതും പ്രയാസപ്പെടുത്തുന്നു. ഉള്ള കസേരകളില്‍ ഭൂരിഭാഗവും ഇരിക്കാന്‍ കഴിയാത്തതുമാണ്. പാര്‍ക്കിങ്ങിന് ഭീമമായ തുക ഈടാക്കുന്നുണ്ടെങ്കിലും മഴയും വെയിലും കൊള്ളാതെ വാഹനം വെക്കാന്‍ ഒരു ഷെഡ് പോലും കെട്ടിയിട്ടില്ല.
യാത്രികര്‍ക്ക് വിവരം ലഭ്യമാക്കാനായി സ്ഥാപിച്ച ടച്ച് സ്ക്രീന്‍െറ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ചുമാസത്തോളമായി. കോച്ച് പൊസിഷന്‍ അറിയാനുള്ള സൗകര്യവും പ്രവര്‍ത്തിക്കുന്നില്ല. തിരക്കേറിയ ജങ്ഷനായിട്ടും ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് ഉയരുന്ന സമയത്ത് ഏറെ ബഹളം വെക്കുമ്പോഴാണ് ഒരു കൗണ്ടര്‍ കൂടി തുറക്കാന്‍ അധികൃതര്‍ തയാറാകുന്നത്. ട്രെയിന്‍ വിട്ടാലും ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത സാഹചര്യം പലപ്പോഴും നേരിടേണ്ടിവരുന്നു. ട്രെയിന്‍ സ്റ്റേഷനിലെത്തി ക്കഴിഞ്ഞ് ലഭിക്കുന്ന ടിക്കറ്റുമായി നാലാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ എത്തുമ്പോഴേക്കും വണ്ടി വിട്ടിരിക്കും. വികലാംഗര്‍ക്കും സുഖമില്ലാത്തവര്‍ക്കുമായി ട്രോളികള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ട്രെയിന്‍ വിവരം അറിയാന്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുക അപൂര്‍വമാണ്. നിന്നുതിരിയാന്‍ സൗകര്യമില്ലാത്ത സ്ഥലത്താണ് റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. കാത്തിരിക്കുന്ന യാത്രക്കാരെ ട്രെയിന്‍ വരുന്ന വിവരം അറിയിക്കുന്ന സംവിധാനവും പലപ്പോഴും തകരാറിലാണ്.  ഇതുകാരണം വിടാറാകുമ്പോഴാണ് പലരും തങ്ങള്‍ക്ക് പോകാനുള്ള ട്രെയിനാണ് പ്ളാറ്റ്ഫോമില്‍ കിടക്കുന്നതെന്ന് അറിയുന്നത്. വെപ്രാളത്തില്‍ ചാടിക്കയറാനുള്ള ശ്രമം പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നു. തിങ്കളാഴ്ച രാത്രി മലബാര്‍ എക്സ്പ്രസിന് പോകാനായി സ്റ്റേഷനിലെത്തിയ വൃദ്ധദമ്പതികള്‍ ഇതിന്‍െറ ദുരിതം ഏറെ അനുഭവിച്ചു. ഇവരുടെ പ്രയാസം കണ്ട് സഹയാത്രികര്‍ പ്രതിഷേധമുയര്‍ത്തിയത് മാത്രം മിച്ചം. യാത്രക്കാരുടെ സൗകര്യാര്‍ഥം ബസ് സ്റ്റേഷന്‍ സ്ഥാപിച്ചെങ്കിലും മിക്ക ബസുകളും ഇപ്പോഴും സ്റ്റേഷനിലേക്ക് എത്താറില്ല. എത്തുന്നവ തന്നെ പാതിവഴിക്ക് തിരിഞ്ഞുപോകുകയാണ്. ഇത് പരിശോധിക്കാനും സംവിധാനമില്ല. റെയില്‍വേ മന്ത്രി നേരിട്ടെത്തി യാത്രക്കാരുടെ പ്രശ്നങ്ങള്‍ കേട്ടിരുന്നു. ഒരുപാട് നിവേദനങ്ങള്‍ വിവിധ പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. വാഗ്ദാനങ്ങള്‍ ഒത്തിരി പ്രഖ്യാപിക്കപ്പെട്ടു. എല്ലാത്തിനും അഭിവാദ്യം അര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകളും ഉയര്‍ന്നു. തുടര്‍ച്ചകള്‍ ഒന്നിനും ഉണ്ടായില്ല. പരിമിതികളും പ്രയാസങ്ങളും അമര്‍ഷമായി ഉള്ളിലൊതുക്കി ആളുകള്‍ ട്രെയിന്‍ യാത്രക്കായി സ്റ്റേഷനില്‍ ഇപ്പോഴും വന്നുപോകുന്നു.
 

കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി വര്‍ഗീയ പാര്‍ട്ടികളെ അധികാരത്തിലേറ്റാന്‍ ശ്രമം -മന്ത്രി രമേശ് ചെന്നിത്തല

Posted: 18 Mar 2014 11:18 PM PDT

Subtitle: 
യു.ഡി.എഫ് പ്രചരണം നിയോജക മണ്ഡലങ്ങളിലേക്ക്

അമ്പലപ്പുഴ: കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി രാജ്യത്ത് വര്‍ഗീയ പാര്‍ട്ടികളെ അധികാരത്തിലേറ്റാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയാണ് വര്‍ഗീയ പാര്‍ട്ടികള്‍ ചെയ്യുന്നത്. ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്‍െറ അമ്പലപ്പുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മോദിയെ ഉയര്‍ത്തിക്കാണിക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമം. കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞാല്‍ പ്രയോജനം വര്‍ഗീയ ശക്തികള്‍ക്കാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി സി.പി.എം ഈ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി നേരിടുകയാണ്. അവര്‍ക്ക് അംഗീകാരം നഷ്ടമാകും. അഞ്ച് സീറ്റില്‍ കൂടുതല്‍ സി.പി.എമ്മിന് രാജ്യത്ത് കിട്ടുകയില്ല. ഒരുമിച്ച് നിന്നാല്‍ കേരളത്തില്‍ 20ല്‍ 20ഉം യു.ഡി.എഫ് നേടും. വി.എസിനോടുള്ള വിരോധംമൂലം അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികളെയാണ് സി.പി.എം മത്സരിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ബൈപാസിനുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച ഇടതുമുന്നണി ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം പ്രസിഡന്‍റ് എ.എ. റസാഖ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ലതിക സുഭാഷ്, അഡ്വ. സി.ആര്‍. ജയപ്രകാശ്, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നസീര്‍, മുന്‍ എം.എല്‍.എ ഡി. സുഗതന്‍, പ്രഫ. നെടുമുടി ഹരികുമാര്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് ജി. മുകുന്ദന്‍പിള്ള, പ്രഫ. വി. ഗോപാലകൃഷ്ണകുറുപ്പ്, ഡി.സി.സി സെക്രട്ടറി പി. സാബു, എ. യഹിയ, മുജീബ് റഹ്മാന്‍, മോഹന്‍ സി. അറുവന്തറ, ശശിധരന്‍, ചുങ്കം നിസാം, ചന്ദ്രശേഖരന്‍ നായര്‍, തോമസ് ചുള്ളിക്കല്‍, വി.ടി. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, സാദിഖ് മാക്കിയില്‍, പി.ജി. സുഗുണന്‍, ജോണി മുക്കം എന്നിവര്‍ പങ്കെടുത്തു.
ഹരിപ്പാട്: യു.ഡി.എഫ് ഹരിപ്പാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് വി.എസ് നിലപാട് മാറ്റിയത് ടി.പിയുടെ ഭാര്യ രമയോട് കാട്ടിയ ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയര്‍മാന്‍ അനില്‍ ബി. കളത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബി. ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍ നന്ദി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.എം. ബഷീര്‍, കെ.എ. ലത്തീഫ്, എം.കെ. വിജയന്‍, വിമല കാരണവര്‍, വിനോദ്കുമാര്‍, എ.കെ. രാജന്‍, അഡ്വ. ബി. രാജശേഖരന്‍, സി.ആര്‍. ജയപ്രകാശ്, എസ്. ദീപു, എം.എ. ലത്തീഫ്, ഹാരിസ് അണ്ടോളില്‍, ചുങ്കം നിസാം, രാജലക്ഷ്മി, ഗോപിനാഥപിള്ള, ഷംഷാദ് , ശങ്കരനാരായണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

മനുഷ്യാവകാശ കമീഷന്‍ കലക്ടര്‍ക്ക് നോട്ടീസയച്ചു

Posted: 18 Mar 2014 11:13 PM PDT

Subtitle: 
കോരയാര്‍ പുഴയില്‍ മത്സ്യം ചത്തൊടുങ്ങല്‍

പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലൂടെ ഒഴുകുന്ന കോരയാര്‍ പുഴയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനെക്കുറിച്ച പരാതിയിന്മേല്‍ മനുഷ്യാവകാശ കമീഷന്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍ജിനീയര്‍, കഞ്ചിക്കോട് യുനൈറ്റഡ് ബ്രൂവറീസ് എന്നിവര്‍ക്ക് നോട്ടീസയക്കാന്‍ തീരുമാനിച്ചു.
ഭാരതപ്പുഴ  സംരക്ഷണ സമിതി ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.പി.എസ്. പണിക്കര്‍ നല്‍കിയ പരാതി സ്വീകരിച്ചാണ് കമീഷന്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്.
യുനൈറ്റഡ് ബ്രൂവറീസ് കമ്പനിയില്‍ നിന്ന് മീഥൈല്‍, യീസ്റ്റ്, കാസ്റ്റിങ്സോഡ എന്നിവയടങ്ങിയ മലിനജലം കോരയാര്‍ പുഴയിലേക്ക് തുറന്നുവിട്ടതിനാല്‍  വെള്ളം മലിനപ്പെടുന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം.
ഈ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് മാറാത്ത ചൊറിച്ചലും വെള്ളം കുടിക്കുന്ന കന്നുകാലികള്‍ക്ക് അവശതയും അനുഭവപ്പെടുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ പരിസ്ഥിതി  പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാറിന് യഥാസമയം റിപ്പോര്‍ട്ട് നല്‍കുന്ന കാവല്‍സംഘത്തിന്‍െറ ചെയര്‍മാനായതിനാലാണ് കലക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ കമീഷന്‍ തീരുമാനിച്ചത്.
മുതലമട ഗ്രാമപഞ്ചായത്തിലെ മൂച്ചംകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫൈവ് സ്റ്റാര്‍ മെറ്റല്‍സ് ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ ജനങ്ങള്‍ ഏറെ ദുരിതം അനുഭവിച്ചുവരികയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തേണ്ട പഞ്ചായത്ത് ഭരണസമിതിയും പൊലീസും ജനങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും കാണിച്ച് മൂച്ചംകുണ്ട് പൗരസമിതി മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ 102 പരാതികള്‍ ലഭിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ഏഴ് പരാതികളാണ് ലഭിച്ചത്.
നാല് എണ്ണം തീര്‍പ്പാക്കി.  അടുത്ത സിറ്റിങ് ഏപ്രില്‍ 11ന് ഗവ. ഗെസ്റ്റ് ഹൗസില്‍ നടത്തും.

വേങ്ങരയില്‍ കോണ്‍ഗ്രസ് മുസ്ലിംലീഗിനെ കൈവിട്ടു

Posted: 18 Mar 2014 11:00 PM PDT

വേങ്ങര: യു.ഡി.എഫ് സംവിധാനത്തെ മറികടന്ന് മുസ്ലിംലീഗ് കൈയടക്കി വെച്ച സ്ഥാനങ്ങളും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനവും തിരിച്ചുനല്‍കണമെന്ന്  ആവശ്യപ്പെട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ  പരിപാടികളില്‍നിന്ന് മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റി  ഐക്യകണ്ഠേന തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു.
യു.ഡി.എഫ് നടത്തുന്ന പരിപാടികളില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിക്കാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നു എന്നുമാണ് കോണ്‍ഗ്രസിന്‍െറ പ്രധാന ആരോപണം. നേരത്തെ വേങ്ങര റൂറല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ്, കോണ്‍ഗ്രസില്‍നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ഡയറക്ടര്‍ സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു.
ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍നിന്ന് വിട്ടുനില്‍ക്കാനും ലീഗുമായി വേദികള്‍ പങ്കിടേണ്ടെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് വി.പി. റഷീദ് അധ്യക്ഷത വഹിച്ചു. ഇ.കെ. ആലി മൊയ്തീന്‍, എ. കുഞ്ഞു മരക്കാര്‍, പുല്ലാട്ട് സലിം, കെ. കുഞ്ഞു മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. അതേസമയം, കഴിഞ്ഞദിവസം  ഇ. അഹമ്മദ്  പങ്കെടുത്ത യു.ഡി.എഫ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ലോക്സഭയില്‍ കാസര്‍കോടിന്‍െറ ശബ്ദം മുഴക്കി എ.കെ.ജി മുതല്‍ മരുമകന്‍ വരെ

Posted: 18 Mar 2014 10:44 PM PDT

കാസര്‍കോട്: ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ.ജി മുതല്‍ അദ്ദേഹത്തിന്‍െറ മരുമകനായ പി. കരുണാകരന്‍ വരെ  മത്സരിച്ച്  ശ്രദ്ധേയമായ കാസര്‍കോട്് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങള്‍ മുഴങ്ങിത്തുടങ്ങി.
1957ലെ പ്രഥമ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോടുനിന്ന് വിജയിച്ചത് സി.പി.ഐ സ്ഥാനാര്‍ഥിയായിരുന്ന എ.കെ. ഗോപാലനായിരുന്നു.  ആകെ വോട്ടുകളുടെ എണ്ണം-449300. സാധുവായ  വോട്ട്-252533. എ.കെ. ഗോപാലന് ലഭിച്ചത് 128839 വോട്ടുകള്‍. സ്വതന്ത്ര സ്ഥാനാര്‍ഥി ബി.എ. ഷേണായിക്ക് ലഭിച്ചത് 123694 വോട്ടുകള്‍. എ.കെ.ജി 5145 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
1962ലെ തെരഞ്ഞെടുപ്പിലും 1967ലെ തെരഞ്ഞെടുപ്പിലും കാസര്‍കോട് മണ്ഡലം വീണ്ടും അനുഗ്രഹിച്ചത് എ.കെ. ഗോപാലനെത്തന്നെയായിരുന്നു. 1962ലെ തെരഞ്ഞെടുപ്പില്‍ പി.എസ്.പി സ്ഥാനാര്‍ഥി കെ.ആര്‍. കാരന്ത് ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി.
ആകെ വോട്ടുകളുടെ എണ്ണം-460358. സാധുവായ വോട്ടുകള്‍-303027. എ.കെ.ജി-188384 വോട്ടുകള്‍, കെ.ആര്‍. കാരന്ത്-105021 വോട്ടുകള്‍, ഭാരതീയ ജനസംഘ് സ്ഥാനാര്‍ഥി ജി.എം. ഇല്ലത്ത്-6816 വോട്ടുകള്‍. എ.കെ.ജിയുടെ ഭൂരിപക്ഷം 83363 വോട്ട്.
1967ലെ തെരഞ്ഞെടുപ്പില്‍ 118510 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് എ.കെ.ജി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.വി.സി. നായറിനെ പരാജയപ്പെടുത്തിയത്. കാസര്‍കോട് മണ്ഡലത്തില്‍നിന്നുള്ള എ.കെ.ജിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമായിരുന്നു ഇത്.
ആകെ വോട്ടുകളുടെ എണ്ണം -467371. സാധുവായ വോട്ട്-335921. എ.കെ.ജി-206480 വോട്ടുകള്‍, ടി.വി.സി നായര്‍-87970 വോട്ടുകള്‍, ബി.ജെ.എസ് 41471- വോട്ടുകള്‍.
1971ല്‍  ഐ.എന്‍.സി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എമ്മിലെ ഇ.കെ.  നായനാരെ 28404 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ആകെ വോട്ടുകള്‍ -579127. സാധുവായ വോട്ട് -412062. രാമചന്ദ്രന്‍ കടന്നപ്പള്ളി -189486, ഇ.കെ. നായനാര്‍-161082, ബി.ജെ.എസിലെ യു. ഈശ്വര ഭട്ട്-43564. 1977ല്‍ വീണ്ടും രാമചന്ദ്രന്‍ കടന്നപ്പള്ളി-5042 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ എം.പിയായി  തെരഞ്ഞെടുക്കപ്പെട്ടു. ആകെ വോട്ടുകള്‍-578474. സാധുവായ വോട്ട് -449568. രാമചന്ദ്രന്‍ കടന്നപ്പള്ളി-227305, എം. രാമണ്ണറൈ (സി.പി.എം)-222263 വോട്ടുകള്‍. 1980ല്‍ എം. രാമണ്ണറൈ 73587 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആകെ വോട്ട്-678476. സാധുവായ വോട്ട്-463026. എം. രാമണ്ണറൈ-263673, ജെ.എന്‍.പിയിലെ ഒ. രാജഗോപാല്‍-190086.
1984ല്‍ ഐ. രാമറൈ (ഐ.എന്‍.സി) 11369 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആകെ വോട്ട്-745222. സാധുവായ വോട്ട്-577331. ഐ. രാമറൈ-262904, സി.പി.എമ്മിലെ ഇ. ബാലാനന്ദന്‍-251535, കെ.ജി മാരാര്‍ -ബി.ജെ.പി-59021.
1989ല്‍ സി.പി.എമ്മിലെ എം. രാമണ്ണറൈ 1546 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ആകെ വോട്ടുകള്‍-1010280. സാധുവായ വോട്ടുകള്‍-797296. എം. രാമണ്ണറൈ-358723. ഐ. രാമറൈ-357177, സി.കെ. പത്മനാഭന്‍-ബി.ജെ.പി-69419.1991ല്‍ എം. രാമണ്ണ ൈവീണ്ടും 9423 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ആകെ വോട്ട്-1036913. സാധുവായ വോട്ട്-768757. എം. രാമണ്ണറൈ-344536, കെ.സി. വേണുഗോപാല്‍-ഐ.എന്‍.സി-335113, സി.കെ പത്മനാഭന്‍-ബി.ജെപി-76067.
1996ല്‍ സി.പി.എമ്മിലെ ടി. ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം 74730 വോട്ടുകള്‍. ആകെ വോട്ടുകള്‍-1119794. സാധുവായ വോട്ടുകള്‍-797844. ടി. ഗോവിന്ദന്‍-371997, ഐ. രാമറൈ-297267. പി.കെ. കൃഷ്ണദാസ്-ബി.ജെ.പി-97577. 1998ല്‍ ടി. ഗോവിന്ദന്‍ 48240 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ്ടും തെരഞ്ഞടുക്കപ്പെട്ടു. ആകെ വോട്ട്-1141067. സാധുവായ വോട്ട്-866525. ടി. ഗോവിന്ദന്‍-395910. ഖാദര്‍ മാങ്ങാട്-ഐ.എന്‍.സി-347670. പി.കെ. കൃഷ്ണദാസ്-ബി.ജെപി-103093. എന്‍.എ. നെല്ലിക്കുന്ന്-ഐ.എന്‍.എല്‍-17736. 1999ല്‍ ടി. ഗോവിന്ദന്‍ മൂന്നാംതവണയും 31578 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ വോട്ട്-1199964. സാധുവായ വോട്ട്-925384. ടി. ഗോവിന്ദന്‍-423564. ഖാദര്‍ മാങ്ങാട്-ഐ.എന്‍.സി-391986. പി.കെ. കൃഷ്ണദാസ്-ബി.ജെ.പി-11934.2004ല്‍ എ.കെജിയുടെ മകളുടെ ഭര്‍ത്താവായ സി.പി.എമ്മിലെ പി. കരുണാകരന്‍-108256 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പി. കരുണാകരന് ലഭിച്ച വോട്ടുകള്‍-437284. എന്‍.എ. മുഹമ്മദ്-ഐ.എന്‍.സി-329028. അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി-ബി.ജെ.പി-110328.
2009ല്‍ 64427 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പി. കരുണാകരന്‍ വീണ്ടും വിജയിച്ചു. പി. കരുണാകരന് ലഭിച്ച വോട്ടുകള്‍-385522. മറ്റുള്ളവര്‍ക്ക്, ഷാഹിദാ കമാല്‍-ഐ.എന്‍.സി-321095. കെ. സുരേന്ദ്രന്‍-ബി.ജെ.പി-125482 എന്നിങ്ങനെയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP