സ്വാഗതം
WELCOME

News Update..

Tuesday, March 25, 2014

കാഴ്ചപ്പാടുള്ള ജനങ്ങളുടെ കോന്നി Madhyamam News Feeds

കാഴ്ചപ്പാടുള്ള ജനങ്ങളുടെ കോന്നി Madhyamam News Feeds

Link to

കാഴ്ചപ്പാടുള്ള ജനങ്ങളുടെ കോന്നി

Posted: 25 Mar 2014 12:06 AM PDT

കോന്നി: സംസ്ഥാനത്തെ ഏറ്റവും വലിയ നിയോജക മണ്ഡലമായ കോന്നി തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുകയാണ്. ഏനാദിമംഗലം പഞ്ചായത്തിലെ പള്ളിമുക്ക് മുതല്‍ സീതത്തോട്  പഞ്ചായത്തിലെ ഗവി വരെ 250 കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന കോന്നി മണ്ഡലം സമുദായ സംഘടനകളുടെ സ്വാധീനത്തിനപ്പുറം സുവ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ജനങ്ങളാണ്.
കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, മലയാലപ്പുഴ, പ്രമാടം, ഏനാദിമംഗലം, കലഞ്ഞൂര്‍, മൈലപ്ര, വള്ളിക്കോട്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് വിശാലമായ കോന്നി മണ്ഡലം. ഇതില്‍ തണ്ണിത്തോട്, മലയാലപ്പുഴ, കലഞ്ഞൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫും ബാക്കി പഞ്ചായത്തുകളില്‍ യു.ഡി.എഫുമാണ് ഭരിക്കുന്നത്. 1965ല്‍ കോന്നി കേന്ദ്രീകരിച്ച്  നിയോജക മണ്ഡലം രൂപവത്കരിച്ചപ്പോള്‍ ആദ്യമായി കോണ്‍ഗ്രസിലെ പി.ജെ. തോമസ് ജനപ്രതിനിധിയായി. ഭൂരിപക്ഷമില്ലാത്തതിനാല്‍ ’67ല്‍ സര്‍ക്കാര്‍ രാജിവെച്ചപ്പോള്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പന്തളം പി.ആര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1970ലും ’77ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോന്നി വീണ്ടും പി.ജെ. തോമസിനൊപ്പം നിന്നു. 1980ലെ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതു മുന്നണിയെ പിന്തുണച്ചപ്പോള്‍ സി.പി.എമ്മിലെ വി.എസ്. ചന്ദ്രശേഖരപിള്ള വിജയിച്ചു. 1987ല്‍ വരെ ഇടതു മുന്നണി നിലനിര്‍ത്തിയ കോന്നി മണ്ഡലം എന്‍.ഡി.പിയിലെ ചിറ്റൂര്‍ ശശാങ്കന്‍ നായരിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എ. പത്മകുമാര്‍ യു.ഡി.എഫിലെ പ്രഫ. സി.പി. രാമചന്ദ്രന്‍ നായരെ തോല്‍പിച്ചു. 1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അടൂര്‍ പ്രകാശിനോട് 800 വോട്ടിന്  എ. പത്മകുമാര്‍ പരാജയപ്പെട്ടു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ കോന്നി യു.ഡി.എഫിനൊപ്പം നിന്നു. എം.എല്‍.എ ആയും മന്ത്രിയായും അടൂര്‍ പ്രകാശ് കോന്നിയില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും പറയത്തക്ക വികസനപ്രവര്‍ത്തനം കോന്നിയില്‍ ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കോന്നിക്ക് നല്‍കിയ വികസനം യു.പി.എ സര്‍ക്കാറിന്‍െറ അക്കൗണ്ടില്‍ കൂടി ഉള്‍പ്പെടുത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.    2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ആന്‍േറാ ആന്‍റണിക്ക് 8,700 വോട്ടിന്‍െറ ഭൂരിപക്ഷമാണ് കോന്നിയില്‍നിന്ന് ലഭിച്ചത്. 1996 മുതല്‍ യു.ഡി.എഫിനൊപ്പം നിന്ന കോന്നി നിയോജക മണ്ഡലം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ആരോടും സ്ഥിരത കാട്ടിയിട്ടില്ല. പഴയ അടൂര്‍ പാര്‍ലമെന്‍റ് മണ്ഡലമായിരുന്ന കോന്നിയില്‍ യു.ഡി.എഫിലെ കൊടിക്കുന്നില്‍ സുരേഷും എല്‍.ഡി.എഫിലെ ചെങ്ങറ സുരേന്ദ്രനും ഏറ്റുമുട്ടിയപ്പോള്‍ അവരെ മാറിമാറി പിന്തുണച്ചു.
   റബറിന്‍െറ വിലയിടിവ്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന ആശങ്കകള്‍, നിര്‍മാണ മേഖലയിലെ തൊഴില്‍ സ്തംഭനം, മലയോര റെയില്‍വേ, പ്രാദേശിക വികസനം തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇത് ബാലറ്റില്‍ വോട്ടായി തെളിയാനാണ് സാധ്യത. സി.പി.എമ്മിനും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കാരണമാകും.
മാത്രമല്ല സംസ്ഥാന സര്‍ക്കാറിനെ ദീര്‍ഘനാള്‍ മുള്‍മുനയില്‍ നിര്‍ത്തിയ സോളാര്‍ വിവാദത്തിന്‍െറ പ്രധാന വഴിമരുന്നും കോന്നിയില്‍നിന്നാണ് ഉയര്‍ന്നത്.
 

പരിശോധന കര്‍ശനമാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശം

Posted: 24 Mar 2014 11:58 PM PDT

തൊടുപുഴ: പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് സജീവമായ സാഹചര്യത്തില്‍ സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ വരണാധികാരികളും നിരീക്ഷകരും പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, ഇരട്ടിപ്പുള്ളവര്‍ തുടങ്ങിയവരുടെ പ്രത്യേക പട്ടിക അടിയന്തരമായി തയാറാക്കണം.
ഇവരെ വോട്ടര്‍ പട്ടികയില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കില്ലെങ്കിലും വോട്ടുചെയ്യുന്നത് ഒഴിവാക്കാന്‍ ജാഗ്രത കാണിക്കണം. പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.വികലാംഗര്‍ക്കും പ്രായമായവര്‍ക്കും ഉപയോഗിക്കാന്‍ തക്കവണ്ണം എല്ലാ പോളിങ് കേന്ദ്രത്തിലും റാമ്പുണ്ടെന്ന് ഉറപ്പാക്കണം. പോളിങ് ബൂത്തിന്‍െറ 200 മീറ്റര്‍ പരിധിയില്‍  സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടിയുടെയോ ഓഫിസോ തെരഞ്ഞെടുപ്പ് ബൂത്തോ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
പോളിങ് ബൂത്തുകളും പരിസരവും നിരന്തരം പരിശോധിക്കണം. സഹ വരണാധികാരി തലത്തില്‍ പൊലീസ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി അതത് നിയോജക മണ്ഡലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നും കമീഷന്‍െറ നിര്‍ദേശമുണ്ട്. പോളിങ്ങുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമീഷന്‍െറ പ്രത്യേക നിര്‍ദേശങ്ങളുണ്ട്. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈപ്പറ്റുന്നത് മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് വരെ നിരവധി കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടത്. പോളിങ്ങിന് തൊട്ടുമുമ്പുള്ള ദിവസം ഇലക്ട്രോണിക് വോട്ടിങ് യന്ത്രമുള്‍പ്പെടെ സാമഗ്രികള്‍ കൈപ്പറ്റിയാല്‍ തെരഞ്ഞെടുപ്പ് വിഭാഗം അനുവദിച്ചിട്ടുള്ള വാഹനം മാത്രമേ ഉപയോഗിക്കാവൂ.
വോട്ടുയന്ത്രവും ബാലറ്റ് യൂനിറ്റും അടക്കം 62 സാമഗ്രികളാണ് പ്രിസൈഡിങ് ഓഫിസറെ ഏല്‍പിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ ഏല്‍പിക്കേണ്ട ചുമതലയും പ്രിസൈഡിങ് ഓഫിസര്‍ക്കാണ്.
പോളിങ് ബൂത്തില്‍ എത്തിയാല്‍ ബൂത്തിന്‍െറ 200 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട പോസ്റ്ററുകളോ ചുമരെഴുത്തുകളോ ഉണ്ടെങ്കില്‍ അവ നീക്കണം. ഈ മേഖലയില്‍ പൂര്‍ണ അധികാരം പ്രിസൈഡിങ് ഓഫിസര്‍ക്കുണ്ടാകും. പോളിങ് കഴിഞ്ഞാല്‍ ഏല്‍പിച്ചിട്ടുള്ള സാമഗ്രികള്‍ നാല് വലിയ കവറുകളിലാക്കി തിരിച്ചേല്‍പിക്കണം. പോളിങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരെ സാക്ഷിയാക്കി മോക് പോള്‍ നടത്തണം. മോക് പോള്‍ കഴിഞ്ഞാല്‍ പ്രിസൈഡിങ് ഓഫിസര്‍ വോട്ടിങ് യന്ത്രത്തില്‍ മൂന്ന് സീലുകള്‍ ചെയ്യണം.
ഏതെങ്കിലും വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാനാര്‍ഥികളുടെ അറിവോടെ വോട്ടിങ് യന്ത്രം പരിശോധിക്കണം.
പ്രിസൈഡിങ് ഓഫിസര്‍ക്ക് പുറമെ ഒന്നാം പോളിങ് ഓഫിസര്‍, രണ്ടാം പോളിങ് ഓഫിസര്‍, മൂന്നാം പോളിങ് ഓഫിസര്‍ എന്നിവരും ബൂത്തിലുണ്ടാകും.
 

22.92 ലക്ഷം വോട്ടര്‍മാര്‍; കൂടുതല്‍ പിറവത്ത് കുറവ് എറണാകുളത്ത്

Posted: 24 Mar 2014 11:40 PM PDT

Subtitle: 
അന്തിമ പട്ടികയായി

കൊച്ചി: പൊതു തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 22.92 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 11.34 ലക്ഷം  പുരുഷന്മാരും 11.58ലക്ഷം സ്ത്രീകളും. എണ്ണത്തില്‍ സ്ത്രീകളാണ് മുന്നില്‍.
കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്നത് 22,37,176 വോട്ടര്‍മാരാണ്. കഴിഞ്ഞ ഒമ്പതുവരെ നടന്ന പുതുക്കലില്‍ 52,747 പേര്‍ക്കു കൂടി വോട്ടവകാശം പുതുതായി ലഭിച്ചു. ജില്ലയിലെ സര്‍വീസ് വോട്ടര്‍മാരെയും ഓവര്‍സീസ് വോട്ടര്‍മാരേയും കൂടി ചേര്‍ത്തതാണ് അന്തിമ പട്ടിക.  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം ഇക്കുറിയും പിറവം തന്നെ 1,87,688 വോട്ടര്‍മാരാണ് മണ്ഡലത്തില്‍. ഇതില്‍ 95,735 സ്ത്രീകളും 91,953 പുരുഷന്മാരുമാണ്.  സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.
ഏറ്റവും കുറവ് വോട്ടര്‍മാരുള്ള എറണാകുളത്ത് 72,719 സ്ത്രീകളും 70,780 പുരുഷന്മാരും കൂടി 1,43,499 വോട്ടര്‍മാരാണുള്ളത്. സ്ത്രീകളാണ്  ഇവിടെയും മുമ്പില്‍.
പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിലാണ് സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ പുരുഷവോട്ടര്‍മാരുള്ളത്. പെരുമ്പാവൂരില്‍ 1489 ഉം അങ്കമാലിയില്‍ 1092 ഉം കുന്നത്തുനാട്ടില്‍ 616 ഉം മൂവാറ്റുപുഴയില്‍ 910 ഉം കോതമംഗലത്ത് 1945 ഉം വോട്ടര്‍മാരാണ് സ്ത്രീകളെക്കാള്‍ കൂടുതലായുള്ളത്.
പെരുമ്പാവൂരില്‍ ആകെയുള്ള 1,60,395 വോട്ടര്‍മാരില്‍ പുരുഷന്മാര്‍ 80,942 ഉം സ്ത്രീകള്‍ 79,453 ഉം ആണ്. അങ്കമാലിയില്‍ ആകെ വോട്ടര്‍മാരായ 1,54,500 ല്‍ 77,796 പുരുഷന്മാരും 76,704 സ്ത്രീകളുമാണ്.
കുന്നത്തുനാട്ടില്‍ 1,59,808 വോട്ടര്‍മാരില്‍ 80,212 പുരുഷന്മാരും 79,596 സ്ത്രീകളുമാണ്. മൂവാറ്റുപുഴയില്‍ 81,630 പുരുഷന്മാരും 80,720 സ്ത്രീകളും ഉള്‍പ്പെടെ 1,62,350 ആണ് ആകെ വോട്ടര്‍മാര്‍. കോതമംഗലത്ത് ആകെ 1,48,377 വോട്ടര്‍മാരില്‍ 75,161 പുരുഷന്മാരും 73,216 സ്ത്രീകളുമാണ്. ആലുവ മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 1,63,018 ആണ്. ഇതില്‍ സ്ത്രീകള്‍ 82,105 ഉം പുരുഷന്മാര്‍ 80,913 ഉം ആണ്.
1192 സ്ത്രീ വോട്ടര്‍മാര്‍ ഇവിടെ കൂടുതലായുണ്ട്. കളമശേരിയില്‍ 88,446 സ്ത്രീകളും 85,165 പുരുഷന്മാരും ഉള്‍പ്പെടെ ആകെ വോട്ടര്‍മാര്‍ 1,73,611. ഇവിടെയും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍  3281 പേര്‍. പറവൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 1,77,268. സ്ത്രീകള്‍ 90,907, പുരുഷന്മാര്‍ 86,361. വൈപ്പിനില്‍ 1,55,806 വോട്ടര്‍മാരുള്ളതില്‍ 79,700 സ്ത്രീകളും 76,106 പുരുഷന്മാരുമാണ്. വ്യത്യാസം 3594. കൊച്ചി നിയോജകമണ്ഡലത്തില്‍ 82,202 സ്ത്രീകളും 78,483 പുരുഷന്മാരും ഉള്‍പ്പെടെ 1,60,685 വോട്ടര്‍മാരാണ്.
3719 സ്ത്രീ വോട്ടര്‍മാരുടെ ഭൂരിപക്ഷമുണ്ട് മണ്ഡലത്തില്‍. 1,78,972 വോട്ടര്‍മാരുള്ള തൃപ്പൂണിത്തുറയില്‍ 91,394 സ്ത്രീ വോട്ടര്‍മാരുള്ളപ്പോള്‍ 87,578 പുരുഷവോട്ടര്‍മാരാണുള്ളത്. തൃക്കാക്കര മണ്ഡലത്തില്‍ പുരുഷവോട്ടര്‍മാരേക്കാള്‍ 3877 സ്ത്രീവോട്ടര്‍മാര്‍ കൂടുതലായുണ്ട്. ആകെ  1,66,763 വോട്ടര്‍മാരില്‍ സ്ത്രീകള്‍ 85,320 ഉം പുരുഷന്മാര്‍ 81,443 ഉം ആണ്.

ആറന്മുള: എയര്‍പോര്‍ട്ട് അതോറിറ്റി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി

Posted: 24 Mar 2014 11:28 PM PDT

Image: 

കൊച്ചി: ആറന്മുള വിമാനത്താവളം സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറന്മുള വിമാനത്താവള പദ്ധതിയുടെ സാധ്യതാ പഠനത്തിനായി സ്ഥലപരിശോധന നടത്തിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു. പദ്ധതിക്കായി പ്രദേശത്തെ കുന്നുകള്‍ ഇടിച്ച് നിരത്തണമെന്നും മരങ്ങള്‍ മുറിക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണമെന്നും വ്യക്തമാക്കിട്ടുണ്ട്.

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്‍െറ ഉയരം കുറക്കണം. കൂടാതെ കൊടിമരത്തില്‍ ലൈറ്റ് സ്ഥാപിക്കണം. സ്വകാര്യ വിമാനത്താവള പദ്ധതി ആയതിനാല്‍ എല്ലാ അനുമതിയും വാങ്ങണമെന്നും ശിപാര്‍ശ ചെയ്തതായും എയര്‍പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

ആലപ്പുഴയില്‍ മാറ്റുരക്കാന്‍ 13 പേര്‍; മാവേലിക്കരയില്‍ ഒമ്പത്

Posted: 24 Mar 2014 11:17 PM PDT

Subtitle: 
സൂക്ഷ്മപരിശോധന അവസാനിച്ചു

ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞു. ആലപ്പുഴ മണ്ഡലത്തില്‍ ഒരാളുടെയും മാവേലിക്കരയില്‍ രണ്ടുപേരുടെയും നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. ഡെമ്മി സ്ഥാനാര്‍ഥികളുടെ പത്രിക നിയമപ്രകാരം അസാധുവാക്കുകയും ചെയ്തതോടെ അപരന്മാര്‍ ഉള്‍പ്പെടെ ആലപ്പുഴയില്‍ 13ഉം മാവേലിക്കരയില്‍ ഒമ്പതും സ്ഥാനാര്‍ഥികളാണ് അവശേഷിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ബുധനാഴ്ച വരെയാണ്്. വരണാധികാരിയായ കലക്ടര്‍ എന്‍. പത്മകുമാറിന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നത്.
ആലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച അഡ്വ. ആര്‍. പ്രശാന്തിന്‍െറ സത്യവാങ്മൂലത്തിലെ ന്യൂനതകള്‍ മൂലമാണ് പത്രിക തള്ളിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചയാള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ആലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച പി.സി. വേണുഗോപാലിന്‍െറ പത്രിക സാധുവാണോയെന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞെ് പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ പി.സി. വേണുഗോപാലിന് ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിവരെ സമയം അനുവദിച്ചു. ബി.എസ്.പി സ്ഥാനാര്‍ഥിയുടെ ഡെമ്മിയായി പത്രിക സമര്‍പ്പിച്ച തങ്കപ്പന്‍, സി.പി.എം സ്ഥാനാര്‍ഥിയുടെ ഡെമ്മിയായി പത്രിക സമര്‍പ്പിച്ച ആര്‍. നാസര്‍ എന്നിവരുടെ പത്രിക നിയമപ്രകാരം അസാധുവാക്കി.മാവേലിക്കര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ പത്രിക സമര്‍പ്പിച്ച ശിവപ്രസാദ് സത്യവാങ്മൂലത്തില്‍ ഒപ്പിടാതിരുന്നതിനാല്‍ പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ പത്രിക സമര്‍പ്പിച്ച കെ.ആര്‍. രാജീവന്‍െറ പത്രികയും സത്യവാങ്മൂലത്തിലെ ന്യൂനതകളാല്‍ വരണാധികാരി തള്ളി. സി.പി.ഐ സ്ഥാനാര്‍ഥിയുടെ ഡെമ്മിയായി പത്രിക നല്‍കിയ ഗോപകുമാര്‍, ബി.എസ്.പി സ്ഥാനാര്‍ഥിയുടെ ഡെമ്മിയായി പത്രിക നല്‍കിയ അജിമോന്‍, ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഡെമ്മിയായി പത്രിക നല്‍കിയ ആര്‍. ശശി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഡെമ്മിയായി പത്രിക നല്‍കിയ പി.കെ. രവി എന്നിവരുടെ പത്രികകള്‍ നിയമപ്രകാരം അസാധുവാക്കി.മാവേലിക്കര ലോക്സഭ മണ്ഡലത്തിന്‍െറ ചുമതലയുള്ള തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അവിനാശ് ഗൗര്‍, ആലപ്പുഴ ലോക്സഭ മണ്ഡലത്തിന്‍െറ ചുമതലയുള്ള പൊതുനിരീക്ഷകന്‍ ജെ.പി. ലക്ര, സബ് കലക്ടര്‍ ജി.ആര്‍. ഗോകുല്‍, എ.ഡി.എം ബി. ഉണ്ണിക്കൃഷ്ണന്‍, ലോ ഓഫിസര്‍ സി.ഒ. ജോസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.ആര്‍. ചിത്രാധരന്‍, പി.ബി. പുഷ്പലത, സ്ഥാനാര്‍ഥികള്‍, നിര്‍ദേശകര്‍ എന്നിവര്‍ പങ്കെടുത്തു.
 

ലാപ്ടോപ് വാങ്ങി വഞ്ചിതരായ അധ്യാപകര്‍ നിയമനടപടിക്ക്

Posted: 24 Mar 2014 11:00 PM PDT

Subtitle: 
ലാപ്ടോപ്പിന് 17,700 രൂപയും നെറ്റ്ബുക്കിന് 10,500 രൂപയുമാണ് ഈടാക്കിയത്

മലപ്പുറം: ‘ലാപ്ടോപ് സ്കീം ഫോര്‍ ടീച്ചേഴ്സ്’ പദ്ധതിയില്‍ ചേര്‍ന്ന് കുടുങ്ങിയ മലപ്പുറം, പാലക്കാട് ജില്ലകളിലെ അധ്യാപകര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചുതുടങ്ങി. ഐ.ടി അറ്റ് സ്കൂള്‍ മുഖേന 2011 ഏപ്രിലിലാണ് ലാപ്ടോപ്പും നെറ്റ്ബുക്കും നല്‍കിയത്.
ലാപ്ടോപ്പിന് 17,700 രൂപയും നെറ്റ്ബുക്കിന് 10,500 രൂപയുമാണ് അധ്യാപകരില്‍നിന്ന് ഈടാക്കിയത്. തകരാറ് സംഭവിച്ചാല്‍ 2014 മാര്‍ച്ച് 31 വരെയുള്ള വാറന്‍റി കാലാവധിക്കുള്ളില്‍ പരിഹരിച്ച് നല്‍കുമെന്ന വാക്കുപാലിക്കാതെ വഞ്ചിച്ചെന്ന് കാണിച്ചാണ് ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്.
ഇതിനകം മൂന്ന് അധ്യാപകര്‍ക്കനുകൂലമായി മലപ്പുറം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം  വിധി പുറപ്പെടുവിച്ചു. വിലയും പതിനായിരം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനായിരുന്നു ഉത്തരവ്.
എന്നാല്‍, ഫോറം വിധി നടപ്പാക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിച്ചതില്‍ തിങ്കളാഴ്ച കേസ് പരിഗണനക്ക് വന്നപ്പോള്‍ ഐ.ടി അറ്റ് സ്കൂളിന് വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ (എ.പി.പി) എം. നിസാറുദ്ദീന്‍ ഹാജരായി. കമ്പനിയുടെ സാധനങ്ങള്‍ അധ്യാപകരിലെത്തിക്കാന്‍ ഐ.ടി അറ്റ് സ്കൂള്‍ സഹായം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു എ.പി.പിയുടെ വാദം.
എന്നാല്‍, ഫോറം ഈ വാദം അംഗീകരിച്ചില്ല. മാത്രമല്ല, ഐ.ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവിന്‍െറ വെളിച്ചത്തിലാണ് ചിരാഗ്, എച്ച്.സി.എല്‍, വിപ്രോ കമ്പനികളുടെ നെറ്റ്ബുക്ക്, ലാപ്ടോപ് എന്നിവ അധ്യാപകര്‍ വാങ്ങിയതെന്ന് എടപ്പാള്‍ ജി.എച്ച്.എസ്.എസ് അധ്യാപകനും പന്തല്ലൂര്‍ സ്വദേശിയുമായ സൈനുദ്ദീന്‍െറ വാദം ഫോറം അംഗീകരിച്ചു.
കേസ് മാര്‍ച്ച് 31ന് വിധിപറയാന്‍ മാറ്റിവെച്ചു.   ലാപ്ടോപ് തകരാറ് വന്നരുടെ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകര്‍.
ഇവ വാങ്ങിയവര്‍ 9846259015, 9048449870ല്‍ ബന്ധപ്പെടണം.

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസന്‍ സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി

Posted: 24 Mar 2014 10:55 PM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസിന്‍്റെ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന്‍ സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി. കേസില്‍ കോടതി നിര്‍ദേശിച്ച  മുദ്ഗല്‍ കമ്മറ്റി  റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ പ്രതിയാണെന്ന് കണ്ടത്തെിയിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം  രാജിവെക്കണമെന്ന് നിര്‍ദേശിച്ചത്. ജസ്റ്റിസ് എ.കെ പട്നായിക്, ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖാലിഫുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസില്‍ ബി.സി.സി.ഐ നിലപാടിനെ  കോടതി രൂക്ഷമായി വിമര്‍ശിച്ചു. മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബി.സി.സി.ഐ തയാറാണോയെന്നും കോടതി ആരാഞ്ഞു. ഫെബ്രുവരി 10 നാണ് മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

 

അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം നടത്തും

Posted: 24 Mar 2014 10:49 PM PDT

Subtitle: 
കാസര്‍കോട് , ദക്ഷിണകന്നട, കൂര്‍ഗ് ജില്ലാ കലക്ടര്‍മാര്‍ യോഗം ചേര്‍ന്നു

കാസര്‍കോട്: തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി കേരള -കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്താന്‍ കാസര്‍കോട്, ദക്ഷിണകന്നട, കൂര്‍ഗ് ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. കാസര്‍കോട് ജില്ലയുമായി  ദക്ഷിണ കന്നട, കൂര്‍ഗ്  ജില്ലകളില്‍ 45 പോളിങ് സ്റ്റേഷനുകള്‍ അതിര്‍ത്തികള്‍ പങ്കിടുന്നു. ഈ സ്റ്റേഷനുകളിലെ ചില വോട്ടര്‍മാര്‍ കര്‍ണാടകയിലും കേരളത്തിലും വോട്ടര്‍മാരായിരിക്കാന്‍ സാധ്യതയുണ്ട്. ഇത് കൂടാതെ അതിര്‍ത്തി കടന്ന് മദ്യവും ആയുധങ്ങളും പണവും എത്താന്‍ സാധ്യതയുണ്ട്. പല ഉള്‍നാടന്‍ റോഡുകളിലൂടെയും ഇത്തരത്തില്‍ അനധികൃതമായി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മൂന്ന് ജില്ലകളെയും ഏകീകരിച്ച്   നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
അതിര്‍ത്തി പ്രദേശങ്ങളിലെ  ചെക്പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സിനു പുറമെ മൊബൈല്‍  സര്‍വൈലന്‍സ് ടീമുകളെയും നിയോഗിച്ചു.  ഇതിനായി വിവിധ  വകുപ്പുകളും ഏകീകരിച്ചു  പ്രവര്‍ത്തിക്കും. കാസര്‍കോട് ഏപ്രില്‍ 10നും കര്‍ണാടകയില്‍ 17നും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്ന് എത്തുന്നവരെ നിരീക്ഷിക്കുകയും അവരെ തിരിച്ചറിയുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിനായി പൊലീസിന്‍െറ സഹായം പ്രയോജനപ്പെടുത്തും. എക്സൈസ്, വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥരെയും അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിയോഗിക്കും.
അതിര്‍ത്തി പ്രദേശങ്ങളിലെ വോട്ടര്‍ ലിസ്റ്റുകള്‍ പരിശോധിച്ച് രണ്ടിടത്ത് വോട്ടുള്ളവരെ തിരിച്ചറിയുന്നതിന് നടപടികള്‍ സ്വീകരിക്കും. രണ്ട് സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണകന്നട ജില്ലാ കലക്ടര്‍ എ.ബി. ഇബ്രാഹിം മടിക്കേരി, സബ് ഡിവിഷന്‍ അസി. കമീഷണര്‍ ജി. ശങ്കര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് തോംസണ്‍ ജോസ്, ദക്ഷിണ കന്നട ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ഡി. ശരണപ്പ, കാസര്‍കോട് സബ് കലക്ടര്‍ കെ. ജീവന്‍ ബാബു, കൂര്‍ഗ് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ. രാജശേഖരയ്യ തുടങ്ങിയ വിവിധ ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തന്നെ -കേരള കോണ്‍ഗ്രസ്-എം

Posted: 24 Mar 2014 10:46 PM PDT

Image: 

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തന്നെയാണെന്ന് കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കി. ഇതുസംബന്ധിച്ച രേഖകള്‍ 2013 ഫെബ്രുവരി 28ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിഷയത്തില്‍ ആവശ്യമായ രേഖകള്‍ മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

2014 മാര്‍ച്ചില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ കേരള കോണ്‍ഗ്രസിനെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍ തോമസ് ചാഴിക്കാടന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, ജോസ് കെ. മാണിയുടെ പത്രിക സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കളക്ടര്‍ വൈകിപ്പിക്കുകയാണെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തന്നെ -കേരള കോണ്‍ഗ്രസ്-എം

Posted: 24 Mar 2014 10:42 PM PDT

Image: 

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തന്നെയാണെന്ന് കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കി. ഇതുസംബന്ധിച്ച രേഖകള്‍ 2013 ഫെബ്രുവരി 28ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിഷയത്തില്‍ ആവശ്യമായ രേഖകള്‍ മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

2014 മാര്‍ച്ചില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ കേരള കോണ്‍ഗ്രസിനെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍ തോമസ് ചാഴിക്കാടന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, ജോസ് കെ. മാണിയുടെ പത്രിക സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കളക്ടര്‍ വൈകിപ്പിക്കുകയാണെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP