സ്വാഗതം
WELCOME

News Update..

Wednesday, February 27, 2013

റെയില്‍വേ ബജറ്റ്: കൊല്ലത്തിന് നേരിയ ആശ്വാസം Madhyamam News Feeds

റെയില്‍വേ ബജറ്റ്: കൊല്ലത്തിന് നേരിയ ആശ്വാസം Madhyamam News Feeds

Link to

റെയില്‍വേ ബജറ്റ്: കൊല്ലത്തിന് നേരിയ ആശ്വാസം

Posted: 26 Feb 2013 11:06 PM PST

കൊല്ലം: ഇത്തവണയും റെയില്‍വേ വികസനത്തില്‍ വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും കൊല്ലത്തിന് നേരിയ ആശ്വാസത്തിന് വകയുണ്ട്.
സ്കില്‍ ഡെവലപ്മെന്‍റ് സെന്‍റര്‍, വിശാഖപട്ടണം - കൊല്ലം പ്രതിവാര റെയില്‍വേ സര്‍വീസ്, പുനലൂര്‍ -കൊല്ലം പാസഞ്ചര്‍ സര്‍വീസ്, മധുര-കൊല്ലം തീവണ്ടി പുനലൂരിലേക്ക് നീട്ടിയത് പുനലൂര്‍ -ഇടമണ്‍ പാത ഇക്കൊല്ലം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം എന്നിവയാണ് ആശ്വാസമായത്. കൊല്ലം -നാഗര്‍കോവില്‍ മെമു കന്യാകുമാരി വരെ നീട്ടിയതുകൊണ്ട് കൊല്ലത്തിന് കാര്യമായ പ്രയോജനമൊന്നുമില്ല.
കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാംപ്രവേശകവാടം, കൊല്ലത്തെ മെമു ഷെഡ് പ്രവര്‍ത്തനസജ്ജമാക്കല്‍ എന്നിവക്കൊന്നും കാര്യമായ പരിഗണന ഉണ്ടായിട്ടില്ല. നീതികാണിച്ചില്ലെന്നാരോപിച്ച്  യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചു.ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉപരോധം നടത്തിയവരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ജില്ലാ ജനറല്‍ സെക്രട്ടറി സജി കരവാളൂര്‍, ബി.ജെ.പി കൊല്ലം മണ്ഡലം സെക്രട്ടറി ചാത്തനാംകുളം ഉദയകുമാര്‍, മേഖലാ പ്രസിഡന്‍റ് അജി, വിഷ്ണു വിജയന്‍, അജിത്ത് ചാലൂക്കോണം, ദീപുരാജ്, വല്ലം വിഷ്ണു, സജീവ് എന്നിവര്‍ നേത്യത്വം നല്‍കി.   ബജറ്റ് ജില്ലക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ജി. പ്രതാപവര്‍മ തമ്പാന്‍ പറഞ്ഞു.
കൊല്ലത്തെ പരിഗണിച്ച കേന്ദ്രമന്ത്രിമാരായ പവന്‍കുമാര്‍ ബെന്‍സലിനും കൊടിക്കുന്നില്‍ സുരേഷിനും കെ.സി. വേണുഗോപാലിനും പീതാംബരക്കുറുപ്പ് എം.പിക്കും ഡി.സി.സി പ്രസിഡന്‍റ് നന്ദി പറഞ്ഞു.
 

പൈപ്പ് പൊട്ടലിന് പിന്നില്‍ ടാങ്കര്‍ ലോറി ലോബിയെന്ന്

Posted: 26 Feb 2013 11:03 PM PST

തിരുവനന്തപുരം: നഗരത്തിലെ പൈപ്പ് പൊട്ടലിനു പിന്നില്‍ കരാറുകാരും ടാങ്കര്‍ ലോറി ഉടമകളും ജീവനക്കാരുമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ട്. കഴിഞ്ഞ ദിവസമുണ്ടായ പൈപ്പ്പൊട്ടലിനു പിന്നില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടാണെന്ന സൂചനയാണ് പുറത്തുവരുന്നത്. പൈപ്പ് പൊട്ടല്‍ ആറ്റുകാല്‍ പൊങ്കാലയെ ബാധിച്ചില്ലെങ്കിലും ടാങ്കര്‍ ലോബിയുടെ ലക്ഷ്യം വിജയം കണ്ടതായാണ് സൂചന.
പൊങ്കാലക്കു വേണ്ടി ലക്ഷങ്ങള്‍ നഗരത്തിലെത്തുന്നതോടെ വെള്ളത്തിന്‍െറ ആവശ്യം വര്‍ധിക്കുമെന്നറിഞ്ഞുതന്നെയാണ് പൈപ്പ് പൊട്ടലെന്ന നിഗമനത്തിലാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍. നാലാമത്തെ പൊട്ടലിന് ശേഷമുള്ള വാല്‍വുകള്‍ വേഗത്തില്‍ അടച്ചതിലൂടെ ജലസമ്മര്‍ദം വര്‍ധിച്ചായിരിക്കണം പൊട്ടിയത്. വാല്‍വുകളെ കുറിച്ച് കൃത്യമായി അറിയുന്നത് ഓപറേറ്റര്‍മാര്‍ക്കും ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ ഏറ്റെടുത്തിട്ടുള്ള റണ്ണിങ് കോണ്‍ട്രാക്ടര്‍മാര്‍ക്കുമാണ്. പൈപ്പ് പൊട്ടലിലൂടെ റണ്ണിങ് കരാറുകാര്‍ക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ലഭിക്കില്ലെന്നിരിക്കെ, ടാങ്കര്‍ ലോബിയിലേക്കാണ് സംശയമുന നീളുന്നത്.
തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തുന്നത് ആറ്റുകാല്‍ പൊങ്കാലക്കാണ്. ഇവിടത്തെ വീടുകളില്‍ ഏറ്റവും കൂടുതല്‍ അതിഥികളെത്തുന്നതും ഈ സമയത്താണ്. വെള്ളത്തിന്‍െറ വില അറിയുന്ന ദിവസങ്ങളാണിത്. അത് ടാങ്കര്‍ ലോബി പരമാവധി മുതലാക്കിയെന്നാണ് സൂചന.സന്നദ്ധ സംഘടനകളടക്കം ജല വിതരണം ഏറ്റെടുത്തതിനാല്‍ പൊങ്കാല ദിവസം ക്ഷാമം അനുഭവപ്പെട്ടില്ല. അതിനാല്‍തന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയവര്‍ എത്രയിടത്ത് ജലവിതരണം നടത്തിയെന്നും പ്രത്യേകിച്ച് കണക്കില്ല. പക്ഷേ, രേഖകളില്‍ സന്നദ്ധത സംഘടനകള്‍ നല്‍കിയ വെള്ളവും സര്‍ക്കാറിന്‍െറ കണക്കില്‍പെട്ടേക്കും.
യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് പരിശോധനയും ഉണ്ടായിരുന്നില്ല. ജലവിതരണം പുന$സ്ഥാപിക്കാനുള്ള പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിലാണ്. കരാറുകാര്‍ ആവശ്യപ്പെടുന്ന ബില്ല് നല്‍കുന്നുവെന്നാണ് പറയുന്നത്. ഇതിന്‍െറ പിന്നിലും  ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ്. നൂറുകണക്കിന് ടാങ്കര്‍ ലോറികളാണ് തിരുവനന്തപുരത്തുള്ളത്. നേരത്തെ പൈപ്പ് പൊട്ടലും ജലവിതരണം മുടങ്ങലും പതിവായിരുന്ന കാലത്ത് ടാങ്കറുകളായിരുന്നു ആശ്രയം. എന്നാല്‍, ജപ്പാന്‍ കുടിവെള്ള പദ്ധതി ഭാഗിമായി കമീഷന്‍ ചെയ്തതോടെ സ്ഥിതി മാറി. ഇതോടെ ടാങ്കര്‍ ലോറികള്‍ക്ക് ‘ജോലി’കുറഞ്ഞു.
പ്രമുഖ സ്വകാര്യ ആശുപത്രികള്‍ സ്വന്തമായി ടാങ്കര്‍ ലോറികള്‍ വാങ്ങി വെള്ളം ശേഖരിച്ചുതുടങ്ങി. ഇതോടെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ മാത്രമായി വെള്ളത്തിന്‍െറ ആവശ്യക്കാര്‍. ഇത് ടാങ്കര്‍ ലോറികളെ പ്രതിസന്ധിയിലേക്ക് നയിച്ചതായും പറയുന്നു.ഇതിനിടെ, അരുവിക്കരയില്‍നിന്ന് ടാങ്കര്‍ ലോറികള്‍ക്ക് വെള്ളം നല്‍കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ തീരുമാനവും തിരിച്ചടിയായി. അടുത്ത കാലം വരെ വെള്ളയമ്പലത്തുനിന്നാണ് ടാങ്കറുകള്‍ക്ക് വെള്ളം നല്‍കിയിരുന്നത്. അരുവിക്കരയിലേക്ക് മാറ്റിയതോടെ  32 കിലോമീറ്ററോളം അധികം ഓടേണ്ടി വന്നതോടെ വെള്ളത്തിന് വലിയ വില ഈടാക്കേണ്ടിവന്നു. ഇതും ആവശ്യക്കാര്‍ കുറയാന്‍ കാരണമായി. ഇതിനിടെയാണ് ചാകരയായി പൊങ്കാല എത്തിയത്. ഇതിനിടെ, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാണ് വേണ്ടതെന്ന് വാട്ടര്‍ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എതൊക്കെ വാല്‍വുകള്‍ അടച്ചെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണംതന്നെ വേണ്ടിവരും.
 

മുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് എസ്.ആര്‍.പി

Posted: 26 Feb 2013 11:03 PM PST

Image: 

കൊച്ചി: ഇടതുമുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. യു.ഡി.എഫിലെ തര്‍ക്കങ്ങളില്‍ സി.പി.എമ്മിനെ വിലപേശാനുള്ള ആയുധമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ തീര്‍ത്തുകൊടുക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ല. യു.ഡി.എഫിന്‍െറ നിലപാടുകളുമായി പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ ഇറങ്ങി വരട്ടെ. വ്യക്തമായ നയസമീപനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ് ഇടതുമുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയെ കൂവിത്തോല്‍പ്പിച്ച് റെയില്‍വേ ബജറ്റ്

Posted: 26 Feb 2013 10:55 PM PST

മലപ്പുറം: ജില്ലയുടെ പ്രതീക്ഷകളെ കൂവിത്തോല്‍പ്പിച്ച് കേന്ദ്ര റെയില്‍വേ ബജറ്റ്. പ്രതീക്ഷകളോടെ ജില്ല കാത്തിരുന്ന ബജറ്റില്‍ ആശ്വാസത്തിന് പോലും  ഒന്നുമില്ല. ജില്ലയിലൂടെ കടന്നുപോകുന്ന രൂപത്തില്‍ പുതുതായി അനുവദിച്ച ഷൊര്‍ണൂര്‍-കോഴിക്കോട് പ്രതിദിന പാസഞ്ചര്‍ ട്രെയിനും പ്രതിവാര ലോകമാന്യതിലക് -കൊച്ചുവേളി എക്സ്പ്രസും  മാറ്റിനിര്‍ത്തിയാല്‍ ജില്ലയുടെ പ്രതീക്ഷകള്‍ എങ്ങുമെത്തിയില്ല. ജില്ലയിലേക്ക് മാത്രമായുള്ള ഷൊര്‍ണൂര്‍ -നിലമ്പൂര്‍ പാതയെ ബജറ്റില്‍ പൂര്‍ണമായി മറന്നു. ഈ റൂട്ടില്‍ പുതിയ വണ്ടികള്‍ക്കും വികസനത്തിനും ആവശ്യമുയര്‍ന്നിരുന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല. സമീപകാലത്ത് വന്ന റെയില്‍വേ ബജറ്റുകളില്‍ ജില്ലയെ ഇത്ര അവഗണിച്ചില്ല. ഷൊര്‍ണൂര്‍-എലത്തൂര്‍ പാതയിലെ വൈദ്യുതീകരണം ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും ഷൊര്‍ണൂര്‍ -മംഗലാപുരം പാതയില്‍ മൂന്നാമത്തെ ലൈനിനായുള്ള നിര്‍ദേശവും ബജറ്റില്‍ ഉണ്ട്. കൊച്ചുവേളി -ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി പ്രതിവാര ട്രെയിന്‍ ആഴ്ചയില്‍ രണ്ട് ദിവസമാക്കിയിട്ടുണ്ട്.
നിലമ്പൂര്‍ -നഞ്ചന്‍കോട് പാത, അങ്ങാടിപ്പുറം -മലപ്പുറം -കരിപ്പൂര്‍ -കോഴിക്കോട് പാത, തിരുനാവായ -ഗുരുവായൂര്‍ പാത എന്നിവ സംബന്ധിച്ചും പ്രാഥമിക സര്‍വേ പൂര്‍ത്തിയായ നിലമ്പൂര്‍ പാത വൈദ്യുതീകരണത്തെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. നിലമ്പൂരില്‍നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.  നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ മേലാറ്റൂര്‍, കുലുക്കല്ലൂര്‍ എന്നിവിടങ്ങളിലെ ബ്ളോക്ക് സെക്ഷനുകള്‍, പ്ളാറ്റ്ഫോം നീട്ടല്‍, സിഗ്നല്‍ സംവിധാനം എന്നീ ആവശ്യങ്ങളും പരിഗണിച്ചില്ല. കോഴിക്കോട്ടുനിന്ന് ഷൊര്‍ണൂര്‍ വഴി ബംഗളുരു ട്രെയിന്‍ ജില്ല പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിലും നിരാശയായിരുന്നു ഫലം.

അനിത വധക്കേസ്: രണ്ടു പ്രതികള്‍ക്ക് വധശിക്ഷ

Posted: 26 Feb 2013 10:52 PM PST

Image: 

കല്‍പറ്റ: പടിഞ്ഞാറത്തറ പതിമൂന്നാം മൈല്‍ സ്വദേശിനിയും കോളജ് വിദ്യാര്‍ഥിനിയുമായ അനിത (20) കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി നാസര്‍, രണ്ടാം പ്രതി ഗഫൂര്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം.ജെ. ശക്തിധരന്‍ വധശിക്ഷ വിധിച്ചത്. കേസിലെ മൂന്നാംപ്രതി മുഹമ്മദ് എന്ന കുഞ്ഞാനെ വെറുതെ വിട്ടിരുന്നു.

നിരപരാധിയായ പെണ്‍കുട്ടിയെ അരുംകൊല ചെയ്ത പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ഇവര്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിധി പ്രസ്താവത്തില്‍ പറഞ്ഞു. 2011 ആഗസ്റ്റ് 9നാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് തട്ടിക്കോണ്ടുപോയി തിരുനെല്ലി അപ്പപ്പാറ വനത്തിലെത്തിച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്.

ചൊവ്വാഴ്ചയാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കേസ് അത്യപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷയില്‍നിന്ന് ഇളവ് നല്‍കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് പ്രായമായ ഉമ്മ വീട്ടിലുണ്ടെന്ന് ഒന്നാം പ്രതി നാസര്‍ പറഞ്ഞു. ഭാര്യയും രണ്ടുമക്കളും പ്രായമായ ഉമ്മയുമുണ്ടെന്ന് രണ്ടാം പ്രതി ഗഫൂര്‍ ബോധിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യുട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി. ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. കെ.എ. ജോസും രണ്ടാം പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോര്‍ജും ഹാജരായി.

കൊല്ലപ്പെട്ട അനിതയുടെ അഛന്‍ വിശ്വനാഥന്‍ നായരും അമ്മ സുജാതയും പൊലീസിനും പബ്ളിക്ക് പ്രോസിക്യൂട്ടര്‍ക്കും അഭിനന്ദനം ചൊരിഞ്ഞു. വിധി കേള്‍ക്കാന്‍ നാട്ടുകാരും ബന്ധുക്കളുമായി നിരവധി പേര്‍ എത്തിയിരുന്നു. കേസന്വേഷിച്ച സി.ഐ പ്രേംദാസ്, സി.ഐ സുനില്‍, എസ്.ഐ ഖാലിദ് എന്നിവര്‍ക്ക് പ്രശംസ ലഭിച്ചു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഹൈകോടതി തീരുമാനത്തിന് വിധേയമായിട്ടാണ് വിധി നടപ്പാക്കുക.

പദ്ധതികള്‍ ജലരേഖയായി തുടരുന്നു; ബത്തേരിയില്‍ പാഴാകുന്നത് കോടികള്‍

Posted: 26 Feb 2013 10:38 PM PST

സുല്‍ത്താന്‍ ബത്തേരി: പദ്ധതികള്‍ പൂര്‍ത്തിയാവാതെ പാതി വഴിയില്‍ നിലച്ചതോടെ സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തില്‍ പാഴാകുന്നത് കോടികള്‍.  
രണ്ടു പതിറ്റാണ്ട് പഴക്കമുളള രാജീവ് ഗാന്ധി ബൈപ്പാസ് റോഡ് പദ്ധതിക്ക് ചെലവിട്ടത് മുക്കാല്‍ കോടി രൂപയാണ്. പാതി വഴിയില്‍ നിലച്ച പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇടക്കാലത്ത് ചില ശ്രമങ്ങള്‍ നടന്നെങ്കിലും വീണ്ടും മുടങ്ങി. ഗതാഗതക്കുരുക്ക് നിത്യാനുഭവമായ ബത്തേരി ടൗണില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും വികസന രംഗത്ത് ഗുണം ചെയ്യുമെന്നും പ്രതീക്ഷ നല്‍കിയ പദ്ധതിയാണ് നിലച്ചത്. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കേരളത്തില്‍ ആദ്യമായി നടപ്പാക്കിയ സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തിന്‍െറ സ്വപ്ന പദ്ധതിയായിരുന്നു പൂതിക്കാട്ടെ വ്യവസായ പാര്‍ക്ക്. എന്നാല്‍, സ്ഥലമെടുപ്പിന്‍െറ ആവേശത്തിനപ്പുറം പദ്ധതി ഏറെയൊന്നും മുന്നോട്ടുപോയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ രണ്ടു കെട്ടിടങ്ങള്‍ നിര്‍മിച്ചെങ്കിലും ദ്രവിച്ചു നശിക്കുന്നു. സ്ഥലം കാടുമൂടി.
കുപ്പാടിയില്‍ പത്തേക്കര്‍ റവന്യൂ സ്ഥലം കണ്ടെത്തി സ്റ്റേഡിയം നിര്‍മാണ പദ്ധതിയുമായി മുമ്പോട്ടുപോയ പഞ്ചായത്ത് പിന്നീട് ഇത് സ്പോട്സ് കൗണ്‍സിലിനെ ഏല്‍പിച്ചു. അര പതിറ്റാണ്ടുകാലത്തെ അനിശ്ചിതത്വത്തിനു ശേഷം പാഴായിക്കിടക്കുന്ന ഭൂമി ഇപ്പോള്‍ ഭൂരഹിതര്‍ക്കു പതിച്ചു കൊടുക്കാനുള്ള നീക്കത്തിലാണ്.
60 ലക്ഷം തുലച്ച സത്രംകുന്നിലെ ആധുനിക അറവുശാല ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചുറ്റുമതില്‍ ഇല്ലാത്തതിനെ ചൊല്ലി ഉദ്ഘാടനം മുടങ്ങിയ പദ്ധതി എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥയിലാണ്. പിന്നീട് ചുറ്റുമതില്‍ നിര്‍മിച്ചെങ്കിലും പദ്ധതി കോടതി കയറി. കേസില്‍ കുടുങ്ങിയ പദ്ധതി ഇപ്പോള്‍ പാടെ ഉപേക്ഷിച്ച നിലയിലാണ്. ബത്തേരി നഗരവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഉല്ലസിക്കാന്‍ ഇടമെന്ന നിലയിലാണ് മണിച്ചിറ വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിന് ഫണ്ടില്ലെന്നു പറഞ്ഞ് ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷനു കൈമാറി. എന്നാല്‍, ഒരു ഹോട്ടലിനപ്പുറം വികസനമൊന്നും നടന്നില്ല.
ലക്ഷങ്ങള്‍ മുടക്കിയ ചുങ്കം മിനി ബസ്സ്റ്റാന്‍ഡിന്‍െറ രണ്ടുകോടിയുടെ വികസന പദ്ധതി പ്രഖ്യാപനം നടന്നിട്ട് വര്‍ഷം രണ്ടുകഴിഞ്ഞു. ബസ്സ്റ്റാന്‍ഡിലെ സൗകര്യം പോലും ഏറെ പരിമിതം.
കോട്ടക്കുന്നില്‍ പൂര്‍ത്തീകരിച്ച വൃദ്ധ,വികലാംഗ പാര്‍ക്ക് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.
 

ബജറ്റ്: അവഗണനയില്‍ കനത്ത പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു

Posted: 26 Feb 2013 10:36 PM PST

കോഴിക്കോട്: പുതിയ റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ട്രെയിന്‍ ഉപരോധിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.35ന് കോഴിക്കോട്ടെത്തിയ മംഗലാപുരം-കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് പ്രതീകാത്മകമായി അരമണിക്കൂര്‍ തടഞ്ഞിട്ടു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ്, വി.വി. രാജന്‍, ടി.കെ. പത്മനാഭന്‍, എം.സി. ശശീന്ദ്രന്‍, എം.പി. രാജന്‍, ടി. ബാലസോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉപരോധത്തിനുശേഷം പ്രവര്‍ത്തകര്‍ പ്ളാറ്റ്ഫോമുകളില്‍ പ്രകടനം നടത്തി.
ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ലിങ്ക് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച്  റെയില്‍വേ സ്റ്റേഷനില്‍ സമാപിച്ചു. ഓഖ- എറണാകുളം എക്സ്പ്രസ് തടഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. നോര്‍ത് ബ്ളോക് സെക്രട്ടറി വരുണ്‍ ഭാസ്കര്‍, സൗത് ബ്ളോക് സെക്രട്ടറി എം. ബിജുലാല്‍, എം. ഷിജിത്ത്, കെ. ബൈജു എന്നിവര്‍ സംസാരിച്ചു.
ഇത്തവണത്തെ റെയില്‍വേ ബജറ്റ് മലബാറിന് നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കുറ്റപ്പെടുത്തി. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളിലെ എ.സി ചെയര്‍കാര്‍ ചാര്‍ജ് വര്‍ധനവ്, യാത്രക്കുള്ള ചെലവ് കൂടുതലാകും. ഡീസല്‍ വില വര്‍ധനവിന് ആനുപാതികമായി ചരക്കു കൂലി കൂടും എന്ന പ്രഖ്യാപനം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കും.
കേരളത്തിന് പുതുതായി റെയില്‍വേ അനുവദിക്കുന്ന മൈസൂരിലേക്ക് വയനാട് വഴിയുള്ള റെയില്‍വേ ലൈന്‍ നിര്‍മാണത്തിനും  തുക വകയിരുത്താതിരുന്നത് നിരാശാജനകമാണെന്നും മലബാര്‍ ചേംബര്‍ പ്രസിഡന്‍റ് അലോക് കുമാര്‍ സാബുവും മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരനും പ്രസ്താവനയില്‍ പറഞ്ഞു.

കോപ്ടര്‍ ഇടപാട് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും

Posted: 26 Feb 2013 10:32 PM PST

Image: 

ന്യൂദല്‍ഹി: പ്രധാനമന്ത്രിയടക്കമുള്ള അതിവിശിഷ്ട വ്യക്തികള്‍ക്കുള്ള ഹെലികോപ്ടര്‍ ഇടപാട് സംബന്ധിച്ച് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ഇടതു പാര്‍ട്ടി എം.പിമാരും ചൊവാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പ്രകാശ് ജാവേദ്കര്‍, ടി.എന്‍ സീമ തുടങ്ങി പന്ത്രണ്ട് എം.പിമാരാണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായത്.

ചൊവാഴ്ച ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച ബി.ജെ.പി വക്താവ് പ്രകാശ് ജാവേദ്കര്‍ കോപ്ടര്‍ ഇടപാടില്‍  400 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും ഇത് നാണക്കേടാണെന്നും പറഞ്ഞിരുന്നു. കോപ്ടര്‍ ഇടപാട് പാര്‍ലമെന്‍്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു പ്രതിരോധ മന്ത്രി എ.കെ ആന്‍്റണി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബി.ജെ.പി നേതാക്കളായ വെങ്കയ്യ നായിഡു, നജ്മ ഹെപ്തുള്ള, രവിശങ്കര്‍ പ്രസാദ് തുടങ്ങിവര്‍ ശക്തമായ ആവശ്യമുന്നയിച്ചതോടെയാണ് വിഷയം ഇന്ന് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അഗസ്റ്റ വെസ്റ്റ്ലന്‍്റിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയുമായി നടത്തിയ 3600 കോടിയുടെ വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

 

ഖത്തര്‍- ബഹ്റൈന്‍ കോസ്വേ പദ്ധതിക്ക് പുതുജീവന്‍

Posted: 26 Feb 2013 10:12 PM PST

Image: 

ദോഹ: 2022ലെ ഫുട്ബാള്‍ ലോകകപ്പിന് ആതിഥ്യമരുളാനൊരുങ്ങുന്ന ഖത്തറില്‍ വന്‍ വികസന സാധ്യതയൊരുക്കി ഖത്തര്‍- ബഹ്റൈന്‍ കോസ്വേ പദ്ധതിക്ക് പുതുജീവന്‍. ‘ഖത്തര്‍- ബഹ്റൈന്‍ സൗഹൃദ പാലം’ എന്നറിയപ്പെടുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് കഴിഞ്ഞദിവസം ഖത്തര്‍ സന്ദര്‍ശിച്ച ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അലി അല്‍ ഖലീഫ പറഞ്ഞു.  പദ്ധതിയുടെ ഭാവിയെക്കുറിച്ച് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനിയുമായി ഞായറാഴ്ച അദ്ദേഹം ചര്‍ച്ച നടത്തിയതായി അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങള്‍ മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്കായി നേരത്തെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യത്തെതുടര്‍ന്ന് തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. കോസ്വേ പദ്ധതി യാഥാര്‍ഥ്യമാകുമെന്നുറപ്പുണ്ടെന്ന് ചര്‍ച്ചക്ക് ശേഷം ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അലി അല്‍ ഖലീഫ പറഞ്ഞു. ടെക്നിക്കല്‍ കമ്മിറ്റി പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ചുവരികയാണ്. എന്നാല്‍ നിര്‍മാണം എന്ന് തുടങ്ങുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണകരമായ പദ്ധതിയാണിത്. ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്ന പദ്ധതിയായതിനാല്‍ നിര്‍മാണത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകും. ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന പുതിയൊരു പാലം കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ റാസ് അശൈരിജിനെയും ബഹ്റൈനിലെ അസ്കറിനെയും ബന്ധിപ്പിക്കുന്നതാണ് 40 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട കോസ്വേ. റോഡിനൊപ്പം റെയില്‍ ശൃംഖലയും പദ്ധതിയുടെ ഭാഗമാണ്. കടല്‍ വഴിയുള്ള ഗതാഗതം സുഗമമാക്കാന്‍ 40 മീറ്റര്‍ ഉയരത്തിലാണ് കടലിന് കുറുകെ പാലം നിര്‍മിക്കുക.

മുഈനുദ്ദീന്‍െറ മരണം സ്ഥിരീകരിച്ചില്ല; ഇന്തോനേഷ്യയില്‍ അന്വേഷണം

Posted: 26 Feb 2013 10:05 PM PST

Image: 

ദുബൈ: മലപ്പുറം തിരൂരിനടുത്ത തലക്കടത്തൂര്‍ സുലൈമാന്‍പടി സ്വദേശി മുളിയട്ടില്‍ മുഹമ്മദ് മുഈനുദ്ദീനെ (22) ജകാര്‍ത്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നത് എംബസി സ്ഥിരീകരിച്ചില്ല. ഏതെങ്കിലും ഇന്ത്യക്കാരന്‍െറ മൃതദേഹം ഇന്തോനേഷ്യന്‍ തലസ്ഥാനത്ത് കണ്ടെത്തിയില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജകാര്‍ത്തയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന് ചൊവ്വാഴ്ച നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ എംബസിക്ക് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് തിങ്കളാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. പ്രവാസികാര്യ മന്ത്രാലയത്തെയും എംബസി ഇക്കാര്യം അറിയിച്ചു.
ഈ സാഹചര്യത്തില്‍, മുഈനുദ്ദീനെ കണ്ടെത്താന്‍ ഇന്തോനേഷ്യയില്‍ അന്വേഷണം നടത്തുന്നുണ്ട്.  മുഈനുദ്ദീന് ഒരു മാസത്തെ ബിസിനസ് വിസയാണ് ലഭിച്ചത്. കാലാവധി തീര്‍ന്ന വിസ പുതുക്കിയോ, മുഈനുദ്ദീന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്തോനേഷ്യയില്‍ തന്നെയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനുവേണ്ടി എംബസി ജകാര്‍ത്തയിലെ എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടും. അതേസമയം, മുഈനുദ്ദീന് നേരത്തെ പരിചയമുണ്ടായിരുന്ന വ്യക്തിയെ കണ്ടെത്താനും ശ്രമമുണ്ട്. മുഈനുദ്ദീന്‍ വീട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ്, അജീബ് എന്നയാള്‍ ഫുജൈറയില്‍ മരണ വിവരം അറിയിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് ഏറ്റവും അടുത്ത ബന്ധുക്കള്‍ ജകാര്‍ത്ത പൊലീസില്‍ പരാതി നല്‍കണം.
‘ഗള്‍ഫ് മാധ്യമ’ത്തിന് ലഭിച്ച വിവരങ്ങളും മുഈനുദ്ദീന്‍െറ പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും എംബസി കോണ്‍സുലാര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബസെറക്ക് അയച്ചു. ജകാര്‍ത്ത ചിപ്റ്റോ മോങ്കുന്‍കുസുമോ ജനറല്‍ ആശുപത്രിയിലും പൊലീസിലും  അന്വേഷിച്ചതായി കേരള സമാജം-ഇന്തോനേഷ്യ പ്രസിഡന്‍റ് ദിലീപ് കുമാര്‍ ഗോപാലന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ആര്‍.സി ടി.വിയിലും തങ്ങള്‍ അന്വേഷിച്ചതായി അദ്ദേഹം പറഞ്ഞു.
മുഈനുദ്ദീന്‍ മരിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍. ഫോട്ടോയും തെറ്റായ വിവരങ്ങളും നല്‍കി പത്രവാര്‍ത്തയിലൂടെ മരിച്ചെന്ന് വരുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയിക്കുന്നു. ഒന്നുകില്‍ മുഈനുദ്ദീന്‍ നേരിട്ടോ അല്ലെങ്കില്‍ മറ്റൊരാളുടെ സഹായത്തോടെയോ ഇതിന് ശ്രമിച്ചതായാണ് സൂചന. ജീവിച്ചിരിപ്പുണ്ടെങ്കില്‍ വീട്ടുകാരെ ബന്ധപ്പെടാത്തത് സംശയം ബലപ്പെടുത്തുന്നു. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP