സ്വാഗതം
WELCOME

News Update..

Monday, February 18, 2013

രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണം -ഉപരാഷ്ട്രപതി Madhyamam News Feeds

രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണം -ഉപരാഷ്ട്രപതി Madhyamam News Feeds

Link to

രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണം -ഉപരാഷ്ട്രപതി

Posted: 18 Feb 2013 12:53 AM PST

തിരുവനന്തപുരം: ജനാധിപത്യസംവിധാനം മെച്ചപ്പെടുത്താന്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. പൊതുജീവിതത്തിലെ മൂല്യച്യുതി രാഷ്ട്രത്തിന്‍െറ ആധാരശിലകള്‍ക്ക് ഭീഷണിയാണ്. അഴിമതി ഇല്ലാതാക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കനകക്കുന്ന് കൊട്ടാരത്തില്‍ വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും അസമത്വവും തൊഴിലില്ലായ്മയുമാണ് സുശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ തടസ്സം. നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചെങ്കിലും രാഷ്ട്രനിര്‍മാണമെന്ന അജണ്ട പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല.
ജനസംഖ്യയുടെ 29.8 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണ്. എന്നാല്‍ മുകള്‍തട്ടിലെ പത്ത് ശതമാനം പേര്‍ വരുമാനത്തിന്‍െറ 33 ശതമാനം സ്വന്തമാക്കുകയാണ്. ഭരണഘടനയെ വെല്ലുവിളിക്കുന്ന ശക്തികളില്‍നിന്ന് അക്രമങ്ങള്‍ നേരിടേണ്ടിവരുന്നു. മറ്റ് ചിലര്‍ ജാതി, മതം, ഭാഷ, പ്രാദേശികവാദം എന്നിവയിലെ വിള്ളലുകള്‍ മുതലെടുക്കുകയാണ്. നിരക്ഷരത, രോഗങ്ങള്‍, പോഷകരാഹിത്യം, ശിശുമരണം, ഭവനരഹിതര്‍ എന്നിവയില്‍ ഇന്ത്യക്ക് ആശാവഹമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചില്ല. 2011 ലെ സെന്‍സസ് പ്രകാരം 26 ശതമാനം പേരും നിരക്ഷരരാണ്.
സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാഭ്യാസ നിലവാരം ആഗോളനിലവാരത്തിന് താഴെയാണ്. യു.എന്‍.ഡി.പിയുടെ മാനവ വിഭവ സൂചികയില്‍ 187 രാജ്യങ്ങളില്‍ ഇന്ത്യക്ക് 134ാം സ്ഥാനമാണുള്ളത്. ഭരണവും സേവനങ്ങളും ഗുണപരമായിത്തീരാന്‍ ജുഡീഷ്യറി, പൊലീസ്, തെരഞ്ഞെടുപ്പ് സമ്പ്രദായം, അഴിമതിവിരുദ്ധനിയമം, വിദ്യാഭ്യാസ നിയമം, പരിസ്ഥിതി സമ്പ്രദായം എന്നിവയിലെല്ലാം മാറ്റങ്ങള്‍ അനിവാര്യമാണ്. പ്രകൃതിയും പരിസ്ഥിതിയും ഭാവിതലമുറക്കുള്ളതാണ്.
അത് സംരക്ഷിച്ചുള്ള വികസനത്തിനാകണം മുന്‍തൂക്കം നല്‍കേണ്ടത്. ജനസംഖ്യയും മറ്റ് പ്രശ്നങ്ങളും പരിഗണിക്കുമ്പോള്‍ ഇന്ത്യ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാകുകയാണ്. ഇതിന് പരിഹാരം കാണുന്നതില്‍ ഭരണകൂടത്തിന് മാത്രമല്ല ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വക്കംമൗലവി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പ്രഫ. എന്‍.എ. കരീം പുരസ്കാരം ഗാന്ധിയനും ഏകതാപരിഷത്ത് സ്ഥാപകനുമായ പി.വി. രാജഗോപാലിന് ഉപരാഷ്ട്രപതി സമ്മാനിച്ചു. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്കാരം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷതവഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ, വക്കംമൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ. സുഹൈര്‍, പ്രഫ. വി.കെ. ദാമോദരന്‍, പ്രഫ. എന്‍.എ. കരീം, എം.എം. ഹസന്‍, തലേക്കുന്നില്‍ ബഷീര്‍, ചീഫ് സെക്രട്ടറി ജോസ് സിറിയക്, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പാക്കേജ്; ഒരു ലക്ഷം രൂപ വീതം ധനസഹായം

Posted: 18 Feb 2013 12:38 AM PST

ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എ.സി കനാല്‍ നവീകരിക്കുന്നതിന്‍െറ ഭാഗമായി കനാല്‍ കര കൈയേറി കച്ചവടവും മറ്റും നടത്തുന്ന 107 കൈയേറ്റക്കാരെ പ്രത്യേകപാക്കേജ് നല്‍കി ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു.
 എ.സി കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാംഘട്ടം കനാല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍  മനക്കച്ചിറ മുതല്‍ ഒന്നാം കര വരെ ഭാഗത്താണ് നടക്കുക. കനാല്‍ കൈയേറി ഇപ്പോള്‍ കച്ചവടവും മറ്റും നടത്തുന്ന എല്ലാവരെയും ഒഴിപ്പിച്ച് പ്രത്യേകം വേലി കെട്ടി തിരിക്കും. പിന്നീട് അനധികൃതകൈയേറ്റങ്ങള്‍ അനുവദിക്കില്ല. നിലവിലെ കൈയേറ്റക്കാര്‍ ഒഴിഞ്ഞുപോകുന്നതിന് ഒരു ലക്ഷം രൂപ വീതം നല്‍കും.
 ഇതു സംബന്ധിച്ച് കൈയേറ്റക്കാരുടെ പ്രതിനിധികളുമായി ജനപ്രതിനിധികളും കലക്ടറും ചര്‍ച്ച നടത്തും.
വീടുള്ളവരുടെ കാര്യത്തില്‍ വീട് നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടിയെടുക്കണം. ഒഴിഞ്ഞുപോകുന്നവര്‍ക്ക് അവരുടെ ജംഗമവസ്തുക്കള്‍ കൊണ്ടുപോകാമെന്നും കലക്ടര്‍ അറിയിച്ചു.
കനാലിലെ പാലങ്ങള്‍ക്ക് ബോക്സ് ടൈപ് ഡിസൈനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
 ഇതുമൂലം വീതി കൂടുതല്‍ ലഭിക്കും. എന്നാല്‍, പാലത്തിന്‍െറ ഉയരം സാങ്കേതികകാരണങ്ങളാല്‍  ഹൗസ് ബോട്ട് കടന്നുപോകുന്ന രീതിയില്‍ ഉയര്‍ത്താനാകില്ലെന്ന് എന്‍ജിനീയര്‍മാര്‍ അറിയിച്ചു.
യോഗത്തില്‍ ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് രമണി എസ്. ഭാനു, ജോസ് കാവനാട്, കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‍െറ പ്രതിനിധി കെ. ഗോപകുമാര്‍, കുട്ടനാട് പാക്കേജ്  സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. ഉണ്ണികൃഷ്ണന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, എ.ഡി.എം കെ.പി. തമ്പി എന്നിവര്‍ സംബന്ധിച്ചു.

ഇനിയും അണയാതെ ബ്രഹ്മപുരം

Posted: 18 Feb 2013 12:24 AM PST

പള്ളിക്കര: കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് നിര്‍മിച്ച ഖരമാലിന്യ പ്ളാന്‍റിലെ തീപിടിത്തം മൂന്ന് ദിവസമായിട്ടും പൂര്‍ണമായും അണഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ ഏഴ് മുതലാണ് പ്ളാന്‍റില്‍ തീ പിടിത്തം തുടങ്ങിയത്. ഉച്ചക്ക്  രണ്ടോടെ തീ മാലിന്യത്തിലേക്ക് പടരുകയായിരുന്നു.  പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. 15 ഏക്കറോളം വരുന്ന സ്ഥലത്താണ് പ്ളാന്‍റില്‍ പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. രണ്ടര വര്‍ഷമായി ഇവിടെ പ്ളാസ്റ്റിക് മാലിന്യം സംസ്കരിച്ചിട്ടില്ല. ദിവസവും നൂറുകണക്കിന് മാലിന്യങ്ങളാണ് ഇവിടെ ഡമ്പ് ചെയ്യുന്നത്.
വെള്ളിയാഴ്ച ഏഴോളം ഫയര്‍ഫോഴ്സുകള്‍ മാറിമാറി വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ ടിപ്പറില്‍ കൊണ്ടുവന്ന് മണ്ണടിക്കുകയാണ്. എന്നാല്‍, ഞായറാഴ്ചയും തീ അണഞ്ഞിട്ടില്ല. അന്തരീക്ഷത്തില്‍ മലിന്യപ്പുക രൂക്ഷമായതോടെ പരിസരത്തുള്ള ജനങ്ങളുടെ ജീവിതവും ദുരിതത്തിലായി. ബ്രഹ്മപുരം പ്ളാന്‍റ് സ്ഥിതി ചെയ്യുന്ന പ്രദേശം വന്‍ സുരക്ഷിതത്വ മേഖലയാണെങ്കിലും മാലിന്യപ്ളാന്‍റില്‍ തീപിടിത്തം ഉണ്ടായാല്‍ സ്വീകരിക്കുന്നതിന് ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. തീപിടിച്ചിട്ട് മൂന്ന് ദിവസം ആയെങ്കിലും ഇതുവരെയും കോര്‍പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തുക പോലും ചെയ്തില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കോര്‍പറേഷന്‍ മന$പൂര്‍വം തീ കത്തിച്ചതാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കടമ്പ്രയാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്ളാന്‍റില്‍ നിന്ന് മലിന ജലം ഒഴുകുന്നത് കടമ്പ്രയാറിലേക്കാണ്. മാലിന്യം മണ്ണിട്ട് മൂടിയാലും മഴ ശക്തമാകുന്നതോടെ മലിനജലം കടമ്പ്രയാറിലേക്ക് ഒഴുകുമെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ കടമ്പ്രയാറും മനക്കത്തോടും ചിത്രപ്പുഴയുടെയും സംഗമ സ്ഥാനം കൂടിയാണ് ഈ പ്രദേശം. ഒരു ദിവസം രണ്ട് കോടി ലിറ്റര്‍ ശുദ്ധജലം വിവിധ പഞ്ചായത്തുകളും സാമ്പത്തിക മേഖലയും ഇന്‍ഫോ പാര്‍ക്കും എടുക്കുന്നതും ഭാവിയില്‍ സ്മാര്‍ട്ട്സിറ്റിയും പല വികസന പദ്ധതികളും ശുദ്ധജലത്തിന് ആശ്രയിക്കേണ്ടതും കടമ്പ്രയാറിനെയാണ്.
പ്ളാന്‍റിന് ചുറ്റുമതിലും ഗ്രീന്‍ ബെല്‍റ്റും നിര്‍മിക്കുമെന്ന കോര്‍പറേഷന്‍െറ പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല. ബ്രഹ്മപുരം ചെല്ലിപ്പാടത്ത് കോര്‍പറേഷന്‍ 102 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. 15 ഏക്കറില്‍ 20 കോടി മുടക്കിയാണ് 2007ല്‍ പ്ളാന്‍റ്  നിര്‍മിച്ചത്. അന്നുതന്നെ നിര്‍മാണത്തിലും മാലിന്യം സംസ്കരിക്കുന്നതിലും വന്‍അഴിമതിയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
 

കേന്ദ്ര കമ്മറ്റിയില്‍ രണ്ടിലൊന്നറിയാം- വി.എസ്

Posted: 17 Feb 2013 10:39 PM PST

Image: 

തിരുവനന്തപുരം: തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തില്‍ അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ രണ്ടിലൊന്ന് അറിയാമെന്ന്  വി  എസ് അച്യുതാനന്ദന്‍. പാര്‍ട്ടി പിന്തുണ ഇല്ലാത്ത ഒരാള്‍ തുടരുന്നത് ശരിയാണോ  എന്ന ചോദ്യത്തിന് അത് അവരോടു ചോദിക്കണം എന്നായിരുന്നു പ്രതികരണം.

ഇടതു മുന്നണി നേതാക്കളുടെ ആവശ്യ പ്രകാരമാണ്  ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത്.  കേന്ദ്ര കമ്മിറ്റിക്ക് കാര്യങ്ങള്‍ അറിയാം. അവര്‍ വിഷയം നല്ലത് പോലെ മനസ്സിലാക്കിയിട്ടുണ്ട് - വിഎസ് പറഞ്ഞു.
ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയെന്നും സത്യം പറഞ്ഞതിനാണ് തന്നെ പിബിയില്‍ നിന്ന് പുറത്താക്കിയതെന്നും ചാനല്‍ അഭിമുഖത്തില്‍ വിഎസ് പറഞ്ഞത് വിവാദമായിരുന്നു.
സി.പി.എം കേന്ദ്ര കമ്മറ്റി യോഗം ഇനി ഏപ്രിലില്‍ ചേരാനേ സാധ്യതയുള്ളൂ. മാര്‍ച്ച് മൂന്നാംവാരം പി.ബി യോഗം ചേരുന്നുണ്ട്.

 

നാഗാലാന്‍ഡില്‍ ആയുധങ്ങളും ഒരു കോടിയിലേറെ രൂപയുമായി ആഭ്യന്തര മന്ത്രി പിടിയില്‍

Posted: 17 Feb 2013 10:37 PM PST

Image: 

കൊഹിമ: ആയുധങ്ങളും ഒരു കോടിയിലേറെ രൂപയുമായി നാഗാലാന്‍ഡ് ആഭ്യന്തര മന്ത്രി ഇംകോങ് എല്‍ ഇംചന്‍ പിടിയില്‍. വോക്ക ജില്ലയിലെ അദ്ദേഹത്തിന്റെ മണ്ഡലമായ കൊരിഡംഗയിലേക്കുള്ള യാത്രാമധ്യേയാണ് ആഭ്യന്തര മന്ത്രിയെ പിടികൂടിയത്.
അസം റൈഫിള്‍സ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വന്തം വാഹനത്തില്‍ നിന്നും  മന്ത്രിയെ ആയുധങ്ങളുമായി പിടികൂടിയത്.  അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ഒപ്പം 1.10 കോടി രൂപയും മദ്യക്കുപ്പികളുമാണ് മന്ത്രിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്. മന്ത്രിയെ അസം റൈഫിള്‍സ് നാഗാലാന്‍ഡ് പൊലീസിനു കൈമാറിയിട്ടുണ്ട്.

നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ (എന്‍.പി.എഫ്) സ്ഥാനാര്‍ഥിയായി കൊരിഡംഗയില്‍ നിന്നും വീണ്ടും മത്സരിക്കുകയാണ് ഇംചന്‍. മൊകോക്ചുങ് ജില്ലയുടെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയും ഇംചനാണ്. എന്‍.പി.എഫിന്റെ പത്ത് സ്ഥാനാര്‍ഥികളാണ് മൊകോക്ചുങ് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്.

ലോങ്ലങ് മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.പി.എഫിന്റെ തന്നെ മറ്റൊരു സ്ഥാനാര്‍ഥിയായ നയ്മിലി ഫോം ഹെലികോപ്ടറില്‍ എത്തിക്കാന്‍ ശ്രമിച്ച  ഒരു കോടി രൂപ ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത പുലര്‍ത്താന്‍ ആദായ നികുതി വകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അസം റൈഫിള്‍സിനെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നു.

ഈ മാസം 23 നാണ് നാഗാലന്‍ഡില്‍ 60 അംഗ നിയമസഭയിലേക്ക്  തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന അധികബാധ്യത അരലക്ഷം

Posted: 17 Feb 2013 10:37 PM PST

മലപ്പുറം: ഡീസല്‍ വില വീണ്ടും ഉയര്‍ന്നതിനെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം. മലപ്പുറം, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍  ഡിപ്പോകള്‍ക്ക് പ്രതിദിനം അരലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പുതിയ പ്രതിസന്ധി വരുംനാളില്‍ കൂടുതല്‍ സര്‍വീസുകളെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ബന്ധപ്പെട്ടവര്‍ പങ്കുവെക്കുന്നത്. മലപ്പുറം ഡിപ്പോക്ക് 4000 ലിറ്ററും മറ്റിടങ്ങളില്‍ ഇതിനു സമാനമായ അളവിലുമാണ് ദിവസം ഡീസല്‍ ആവശ്യമുള്ളത്. ഡീസല്‍ ലിറ്ററിന് 60.32 രൂപയാണ് കെ.എസ്.ആര്‍.ടി.സി നേരത്തെ നല്‍കിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം തുക 62.12 രൂപയാണ്.  സാധാരണ ഉപഭോക്താക്കള്‍ക്ക് 54 പൈസയുടെ വര്‍ധന വരുത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി 1.80 രൂപയാണ് അധികം നല്‍കേണ്ടിവരുന്നത്. ഡീസലിന് നല്‍കിയിരുന്ന സബ്സിഡി നീക്കിയതിനെതുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി വ്യാപകമായി സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് 15, പൊന്നാനിയില്‍ ഏഴ്, പെരിന്തല്‍മണ്ണയില്‍ ഒമ്പത്, നിലമ്പൂരില്‍ നാല് എന്നിങ്ങനെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഈ സ്ഥിതി തുടരുന്നതിനിടെയാണ് ഇരട്ടിഭാരമായി കേന്ദ്രം ഡീസല്‍വില വീണ്ടും വര്‍ധിപ്പിച്ചത്.
ഡീസലിന് നല്‍കിയ സബ്സിഡി നിര്‍ത്തലാക്കിയതിനെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 28 കോടിയുടെ സഹായം പ്രഖ്യാപിക്കുകയും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ചീഫ് സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയമിച്ചിട്ടുമുണ്ട്.
സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടര്‍ക്കഥയായതോടെ ജില്ലയുടെ വിവിധ റൂട്ടുകളില്‍ യാത്രാക്ളേശം രൂക്ഷമാണ്.  
 

എക്വഡോറില്‍ സോഷ്യലിസ്റ്റ് നേതാവ് റാഫേല്‍ കൊറീയ വീണ്ടും അധികാരത്തിലേക്ക്

Posted: 17 Feb 2013 10:35 PM PST

Image: 

കീറ്റോ: എക്വഡോറില്‍ സോഷ്യലിസ്റ്റ് നേതാവ് റാഫേല്‍ കൊറീയ വീണ്ടും പ്രസിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ടു. 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് കൊറീയ വീണ്ടും അധികാരത്തിലെത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് 49 കാരനായ കൊറീയ പ്രസിഡന്‍്റ് പദത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് വിജയം അടുത്ത നാല് വര്‍ഷത്തെ വിപ്ളവമാണെന്ന് കീറ്റോയില്‍ അനുയായികളെ അഭിമുഖീകരിച്ച് കൊറീയ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ല. 40 ശതമാനം വോട്ടുകളെണ്ണി കഴിഞ്ഞപ്പോള്‍  കൊറീയക്ക്  56.7 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സൂചന. വ്യവസായിയും പ്രധാന എതിരാളിയുമായ ഗില്ലര്‍മോ ലാസ്സോക്ക് 23.3 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് 6.6 ശതമാനം വോട്ടു മാത്രമാണ് ലഭിക്കുക.  മത്സര രംഗത്തുണ്ടായിരുന്ന മറ്റ് നാല് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും തന്നെ അഞ്ച് ശതമാനത്തിലധികം വോട്ട് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

നിരവധി വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കും സൈനിക അട്ടിമറികള്‍ക്കും ശേഷം രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിച്ച നോതാവാണ് കൊറീയ എന്ന്  പൊതു അഭിപ്രായമുണ്ട്. വളര്‍ന്നുവരുന്ന ഏകാധിപതിയാണ് കൊറീയ എന്നാണ് വിമര്‍ശകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

 

എന്‍ഡോസള്‍ഫാന്‍ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് തുടങ്ങും

Posted: 17 Feb 2013 10:22 PM PST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസ പദ്ധതികള്‍ അഞ്ചുവര്‍ഷം കൊണ്ട് നിര്‍ത്തിവെക്കാനുള്ള തീരുമാനം പിന്‍വലിക്കുക, അര്‍ഹരായ മുഴുവന്‍ രോഗികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി ചികിത്സയും സഹായവും നല്‍കുക, ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും സമയബന്ധിതമായും നടപ്പാക്കുക, ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ജില്ലയില്‍ തന്നെ ഏര്‍പ്പെടുത്തുക, നഷ്ടപരിഹാരത്തിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുമായി ട്രൈബ്യൂണല്‍ സ്ഥാപിക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാര സമരം.
നിരാഹാര സമരം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബി.ആര്‍.പി. ഭാസ്കര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ടി ശോഭന, അഡ്വ. ടി.വി. രാജേന്ദ്രന്‍, പി.പി.കെ. പൊതുവാള്‍, പി.കൃഷ്ണന്‍, എന്‍.അമ്പാടി എന്നിവര്‍ സംബന്ധിച്ചു.

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു

Posted: 17 Feb 2013 10:16 PM PST

കല്‍പറ്റ: വയനാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റും വിവിധ പദ്ധതികളും മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് യൂനിറ്റ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ജലക്ഷാമത്തിന് പരിഹാരമേകുന്ന കുടിവെള്ള വിതരണ പദ്ധതി, സി.ടി സ്കാന്‍ ഉള്‍പ്പെടെയുള്ള ആധുനികയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസ്സമുണ്ടാക്കിയിരുന്ന  ലോ ടെന്‍ഷന്‍ വൈദ്യുതിക്ക് പകരമായി ഹൈ ടെന്‍ഷന്‍ വൈദ്യുതി വിതരണ സംവിധാനം, നവീകരിച്ച കുട്ടികളുടെ വാര്‍ഡ് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ടും ആരോഗ്യവകുപ്പില്‍നിന്നുള്ള തുകയും ഉപയോഗിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയത്. ആശുപത്രിയില്‍നിന്നുള്ള മാലിന്യം സംസ്കരിക്കുന്നതിന് ഒന്നര കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന മാലിന്യസംസ്കരണ പ്ളാന്‍റിന്‍െറയും ഒരുകോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന ചുറ്റുമതിലിന്‍െറയും ശിലാസ്ഥാപനം എം.ഐ. ഷാനവാസ് എം.പി  നടത്തി.
എം.പി ഫണ്ടില്‍നിന്നുള്ള തുകകൊണ്ട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച സി.ടി സ്കാന്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഇതിനകം പ്രയോജനപ്പെട്ടെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. പൗലോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. ദേവകി, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുള്‍ അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗ്ളാഡിസ് ചെറിയാന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ജമീല, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ. സമീറ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP