സ്വാഗതം
WELCOME

News Update..

Thursday, February 14, 2013

വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കുന്നു -കോടിയേരി Madhyamam News Feeds

വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കുന്നു -കോടിയേരി Madhyamam News Feeds

Link to

വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കുന്നു -കോടിയേരി

Posted: 14 Feb 2013 01:12 AM PST

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടും കോണ്‍ഫെഡറേഷന്‍ ഓഫ് യൂനിവേഴ്സിറ്റി എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍സ് 38ാം സംസ്ഥാന സമ്മേളനത്തോടുമനുബന്ധിച്ച് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്ന് പിന്‍വാങ്ങുകയാണെന്നും വിദ്യാഭ്യാസമേഖല പ്രതിസന്ധി നേരിടുകയാണെന്നും കോടിയേരി പറഞ്ഞു. വിദ്യാഭ്യാസത്തെ കച്ചവടമാക്കുക വഴി സാധാരണക്കാരന് ഉന്നതവിദ്യാഭ്യാസരംഗം അപ്രാപ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. ബാലഗോപാല്‍ എം.പി അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മുഖ്യപ്രഭാഷണം നടത്തി.
എഫ്.എസ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, യൂനിവേഴ്സിറ്റി അഖിലേന്ത്യാ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.ബി. സജ്ജന്‍, കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുനില്‍കുമാര്‍, യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ. മോഹനകുമാര്‍ എന്നിവര്‍ സംസാരിച്ചു. കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
 

ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു

Posted: 14 Feb 2013 01:06 AM PST

ആലപ്പുഴ: ചേര്‍ത്തല ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാറാശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ച് നടത്തിയ സമരം ജില്ലയിലെ ആതുരാലയങ്ങള്‍ സ്തംഭിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്കരിച്ചപ്പോള്‍ ജില്ലയില്‍ പൂര്‍ണ ബഹിഷ്കരണമായിരുന്നു.
ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ എല്ലാ ഒ.പികളും അടഞ്ഞുകിടന്നു. ഒ.പി ഒഴികെയുള്ള സംവിധാനങ്ങളും അടിയന്തര ശസ്ത്രക്രിയകളും തടസ്സമില്ലാതെ നടന്നു. അത്യാഹിത വിഭാഗത്തില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒ.പി പ്രവര്‍ത്തിച്ചില്ലെങ്കിലും ശസ്ത്രക്രിയകള്‍ നടന്നു.
ഡോക്ടര്‍മാരുടെ സമരത്തിന് കാരണമായ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ സമരം പൂര്‍ണമായിരുന്നു. ഒ.പികള്‍ അടഞ്ഞുകിടന്നപ്പോള്‍ എന്‍.ആര്‍.എച്ച്.എം മുഖേന നിയമിതരായ അഞ്ച് ഡോക്ടര്‍മാരാണ് അത്യാഹിത വിഭാഗത്തിലും മറ്റുമായി സേവനത്തിനെത്തിയത്.
അമ്പലപ്പുഴ ഹെല്‍ത്ത് സെന്‍റര്‍, പുറക്കാട്, പുന്നപ്ര, തോട്ടപ്പള്ളി, തകഴി ആശുപത്രികളിലും സമരം പൂര്‍ണമായിരുന്നു. അമ്പലപ്പുഴ ഹെല്‍ത്ത് സെന്‍ററില്‍  ഹൗസ്സര്‍ജന്മാര്‍ ചികിത്സ നടത്തി. അമ്പലപ്പുഴയില്‍ മൂന്ന് ഡോക്ടര്‍മാരും പുറക്കാട്, പുന്നപ്ര, തോട്ടപ്പള്ളി, തകഴി എന്നിവിടങ്ങളില്‍ ഒരു ഡോക്ടറുമാണുള്ളത്. ഇവരില്‍ ആരും ജോലിക്ക് എത്തിയില്ല. പുറക്കാട് 20ഓളം രോഗികള്‍ രാവിലെ എട്ടോടെ എത്തിയെങ്കിലും മൂന്നുമണിക്കൂര്‍ കാത്തിയിരുന്നാണ് മടങ്ങിയത്. ഇവരില്‍ കൂടുതലും വൃദ്ധന്മാരും കുട്ടികളുമായിരുന്നു.
അമ്പലപ്പുഴ ഹെല്‍ത്ത് സെന്‍ററില്‍ അത്യാഹിത വിഭാഗവും ഇന്‍ പേഷ്യന്‍റ് വിഭാഗവും പ്രവര്‍ത്തിച്ചു. പുന്നപ്ര, തോട്ടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയ രോഗികള്‍ കാത്തിരുന്ന് മടങ്ങി. കായംകുളം ഗവ. ആശുപത്രിയില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. 500 ഓളം  പേര്‍ അത്യാഹിതത്തില്‍ ചികിത്സ തേടിയെത്തി. മാവേലിക്കര ജനറല്‍ ആശുപത്രിയിലെ 27 ഡോക്ടര്‍മാരും പണിമുടക്കി.
എന്നാല്‍, കരാറടിസ്ഥാനത്തില്‍ നിയമിതരായ നാല് ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ സേവനത്തിനെത്തി. തൃക്കുന്നപ്പുഴ സി.എച്ച്.സി സെന്‍ററിനു കീഴിലെ പി.എച്ച്.സിയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡോക്ടര്‍മാരും ഒ.പി ബഹിഷ്കരിച്ചു. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന രണ്ട് ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്തി. ബുധനാഴ്ചകളിലെ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിന് എത്തിയവരുടെ എണ്ണവും കുറവായിരുന്നു.

എറണാകുളം ഇനി ‘ഇ’ ജില്ല; പ്രഖ്യാപനം 23ന്

Posted: 14 Feb 2013 01:05 AM PST

കൊച്ചി: എറണാകുളം ‘ഇ’ ജില്ലാ പ്രഖ്യാപനം 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി പ്രഫ. കെ.വി. തോമസ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, പി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍  ഓഫിസുകളെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ വഴി ബന്ധിപ്പിച്ച് ജനങ്ങള്‍ക്കാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഓഫിസുകള്‍ കയറിയിറങ്ങാതെ ലഭ്യമാക്കുന്നതാണ് ഇ -ഡിസ്ട്രിക്ട് പദ്ധതി. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 124 വില്ലേജോഫിസുകളും കമ്പ്യൂട്ടര്‍വത്കരിച്ചു. ബി.എസ്.എന്‍.എല്‍ വി.പി.എന്‍ ബ്രോഡ്ബാന്‍ഡ് വഴി അക്ഷയ സെന്‍ററുകളിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. 16ന് ട്രയല്‍ റണ്‍ നടത്തി സാങ്കേതിക സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തും. അന്ന് മുതല്‍ വില്ലേജോഫിസുകളില്‍ പദ്ധതി നടപ്പാക്കും. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭിക്കാന്‍ ജില്ലയില്‍ 24 പുതിയ അക്ഷയ കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ ഇ -ഗവേണന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വില്ലേജോഫിസര്‍മാരെയും അക്ഷയ സംരംഭകരെയും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെയും പങ്കെടുപ്പിച്ച് വ്യാഴാഴ്ച ഏകദിന ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. തൃക്കാക്കര നഗരസഭ കമ്യൂണിറ്റി ഹാളില്‍ രാവിലെ 10.30ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീതിന്‍െറ അധ്യക്ഷതയില്‍ കൂടുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എല്‍ദോസ്  കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. 22ന് എറണാകുളം ടൗണില്‍  വിളംബരജാഥ നടത്തും. 25 മുതല്‍ 27 വരെ സന്ദേശ യാത്രയും സംഘടിപ്പിക്കും. ഇ -ഡിസ്ട്രിക്ട് പദ്ധതി നോഡല്‍ ഓഫിസര്‍ എ.ഡി.എം ബി. രാമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

‘ഭൂരഹിതരില്ലാത്ത കേരളം’: ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ 20,180 അപേക്ഷ

Posted: 14 Feb 2013 12:48 AM PST

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഭൂരഹിതരില്ലാത്ത കേരളം 2015’ പദ്ധതിയില്‍ ഭൂമി ലഭിക്കാന്‍ 2012ല്‍ ജില്ലയില്‍ 20,180 പേര്‍ അപേക്ഷ നല്‍കി.
അപേക്ഷ നല്‍കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. ഭൂരഹിതരും  കുടുംബസ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഒരു കുടുംബത്തിന് ഒരപേക്ഷ മതി. അതത് വില്ലേജ് ഓഫിസിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ സൂക്ഷ്മ പരിശോധനക്കുശേഷം സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുന്‍ഗണനാ മാനദണ്ഡ പ്രകാരമാണ് ഭൂമി നല്‍കുക. ജില്ലയില്‍ വിതരണത്തിനായി കൂടുതല്‍ ഭൂമി കണ്ടെത്തുമെന്ന് കലക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് റവന്യു  മന്ത്രി അടൂര്‍ പ്രകാശിന്‍െറ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും യോഗം ചേരുന്നുണ്ട്. പദ്ധതി വേഗത്തിലാക്കാനുള്ള നടപടികളും പ്രധാന തടസ്സങ്ങളും മറ്റു വകുപ്പുകളുടെ കീഴില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.
ഫെബ്രുവരി 15 വരെ ലഭിക്കുന്ന അപേക്ഷകള്‍ താലൂക്ക് തലത്തില്‍ വേര്‍തിരിച്ച് പ്രാഥമിക പരിശോധന നടത്തും. 2015നകം സംസ്ഥാനത്ത് ഭൂരഹിതരെ ഇല്ലാതാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
 

ത്യാഗിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ഇടനിലക്കാരന്‍െറ മൊഴി

Posted: 13 Feb 2013 11:01 PM PST

Image: 

ന്യൂദല്‍ഹി: വിവാദമായ വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍  മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെ ആറോ ഏഴോ തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഇടനിലക്കാരന്‍ ഗിഡോ ഹാഷ്കെ മൊഴി നല്‍കി. ഹെലികോപ്്ടറിന്റെ സാങ്കേതിക നിബന്ധനകള്‍ സംബന്ധിച്ച് ത്യാഗിയുടെ ബന്ധുവിന്റെ വസതിയിലും ഓഫീസിലുമാണ് കൂടക്കാഴ്ച നടത്തിയതെന്നും ഹാഷ്കെ വെളിപ്പെടുത്തി. ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് ഇയാള്‍ മൊഴി നല്‍കിയത്.

ഇടപാട് നടത്തിയതിന് കമ്മീഷനായി 20 ദശലക്ഷം യൂറോ ലഭിച്ചിരുന്നു. ഇതില്‍ 12 ദശലക്ഷം എസ്.പി ത്യാഗിയുടെ ദല്‍ഹിയിലെ ബന്ധുക്കളായ ജൂലി ത്യാഗി, ദോക്സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവര്‍ക്ക് നല്‍കിയെന്നും ഗിഡോ ഹാഷ്കെ നല്‍കിയ മൊഴിയില്‍ പറയുന്നു.

2012 നവംബറിലാണ് ഹാഷ്കെയുടെ കുറ്റസമ്മത മൊഴി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ രേഖപ്പെടുത്തിയത്. ഹെലികോപ്ടര്‍ ഇടപാട് നടത്താന്‍ ക്രിസ്റ്റ്യന്‍ മൈക്കലിനൊപ്പ്മാണ് ഹാഷ്കെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത്. നിരവധി അനധികൃത കരാറുകളിലൂടെയായിരുന്നു തനിക്ക് 20 ദശലക്ഷം യൂറോ കമ്മീഷനായി ലഭിച്ചിരുന്നതെന്നും ഹാഷ്കെ മൊഴിയില്‍ പറഞ്ഞു. ഇതില്‍ എട്ട് ദശലക്ഷം യൂറോ കരാറില്‍ ഏര്‍പെടാന്‍ സഹായിച്ച ഇന്ത്യയില്‍ വ്യവസായിയായിരുന്ന കാര്‍ലോ ജേറോസയുമായി പങ്കുവെക്കുകയായിരുന്നു.  
 
എന്നാല്‍, ഗിഡോ ഹാഷ്കെയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ ത്യാഗി ഇറ്റലി നടത്തിയ അന്വേഷണത്തില്‍ ഇടനിലക്കാരനെന്ന് കണ്ടെത്തിയ കാര്‍ലോ എന്നയാളെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടിയതായി സമ്മതിച്ചു. എന്നാല്‍, അയാളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മൂന്നു സഹോദരന്മാര്‍ തന്റെ ബന്ധുക്കളാണെന്നും എന്നാല്‍ അവരുമായി തനിക്ക് ബിസിനസ് ബന്ധമൊന്നുമില്ലന്നെും ത്യാഗി പറഞ്ഞു.

 

ബി.ജെ.പിയില്‍ ഭിന്നത: വി.മുരളീധരനെതിരെ നേതാക്കള്‍

Posted: 13 Feb 2013 10:57 PM PST

Image: 

കൊച്ചി: വി.മുരളീധരനെ വീണ്ടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. മുരളീധരനെ വീണ്ടും അധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ നേതാക്കളും ഒമ്പതു ജില്ലാ പ്രസിഡന്റുമാരും ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങിന് കത്തയച്ചു. മുരളീധരന്റെ മൂന്നു വര്‍ഷ കാലാവധി ഈ ജനുവരിയില്‍ അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെ നേതാക്കള്‍ രംഗത്തെത്തിയത്.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലെ പ്രസിഡന്റുമാരാണ് കത്തയച്ചത്. സംസ്ഥാന ഭാരവാഹികളായ എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ.കൃഷ്ണദാസ്, പി.എസ് ശ്രീധരന്‍പിള്ള തുടങ്ങിയവരും കത്തയച്ചിട്ടുണ്ടെന്നാണ് സൂചന.

മുരളീധരന്‍ നേതൃസ്ഥാനത്തിരുന്ന മൂന്നു വര്‍ഷക്കാലം പാര്‍ട്ടിക്ക് വ്യക്തിത്വും കര്‍മശേഷിയും നഷ്ടപ്പെട്ടതായി കത്തില്‍ പറയുന്നു. മുരളീധരന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം പൂര്‍ണ്ണമായി പരാജയപ്പെട്ടു. പ്രമുഖ സമുദായ സംഘടനകളുമായും പാര്‍ട്ടി അകന്നു. മുരളീധരന്‍ ഏകാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ പറയുന്നു.
 

ആറന്മുള വിമാനത്താവളത്തിന് എല്ലാ അനുമതികളും നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് മന്ത്രി

Posted: 13 Feb 2013 09:50 PM PST

Image: 

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് എല്ലാ അനുമതികളും നല്‍കിയത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലയുടെ വികസനത്തെക്കരുതി യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വിമാനത്താവള കമ്പനിയില്‍ മൂന്ന് ശതമാനം ഓഹരിയെടുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് 10 ശതമാനം ആക്കാന്‍ മാത്രമാണ് ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തു നിന്നും മുല്ലക്കര രത്‌നാകരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിമാനത്താവള കമ്പനിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിയമവിരുദ്ധമായി ഒത്താശ ചെയ്തുവെന്നും നിയമസഭയുടെ പരിസ്ഥിതി സമിതി 18 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും സര്‍ക്കാര്‍ വിമാനത്താവളത്തില്‍ ഓഹരിയെടുത്തത് ദുരൂഹമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

 

ആരണ്‍, താങ്കളുടെ ജീവബലി സ്വാതന്ത്ര്യത്തിന് ഉയിരേകും

Posted: 13 Feb 2013 09:37 PM PST

Image: 

‘‘ആരണ്‍ വിട പറഞ്ഞു; വെബ്ബില്‍ ഉലകം ചുറ്റുന്നവരേ, നമുക്ക് ഒരു വിവേകശാലിയെ നഷ്ടപ്പെട്ടിരിക്കുന്നു. സത്യമറിയാന്‍ ഹാക്ക് ചെയ്യുന്നവരേ, ഈ വിയോഗം നമ്മെയൊന്നടങ്കം ദു:ഖാകുലരാക്കുന്നു. ലോകത്തെ എല്ലായിടത്തുമുള്ള രക്ഷിതാക്കളേ, നമുക്ക് നിഷ്കളങ്കനായ ഒരു കുഞ്ഞിനെ നഷ്ടമായിരിക്കുന്നു.’’
വേള്‍ഡ് വൈസ് വെബ്ബിന്‍െറ ഉപജ്ഞാതാവ് ടിം ബേണേഴ്സിന്‍ ആരണ്‍ സ്വാര്‍ട്സിന്റെഅകാലമൃത്യു സൃഷ്ടിച്ച പ്രതികരണത്തിന്‍െറ ആഴം പ്രതിഫലിപ്പിക്കുന്നുണ്ട് ഈ വാക്കുകള്‍. ബേണേഴ്സ് ട്വിറ്ററില്‍ കുറിച്ച ഈ വിയോഗ വ്യഥ മറ്റ് ചില സൂചനകള്‍ കൂടി നല്‍കുന്നു. സൈബര്‍ സ്പേസിലെ സമരോത്സുക സാന്നിധ്യമായിരുന്ന ആരണെ വരുംകാല ചരിത്രം എങ്ങനെയായിരിക്കും രേഖപ്പെടുത്തുക, വിവരങ്ങളുടെ ദ്വാരപാലകര്‍ എങ്ങനെയാകും അവനെ വിലയിരുത്തുക, വിവരങ്ങളുടെ സ്വതന്ത്ര പ്രവാഹത്തെ ചിറകെട്ടി എത്രകാലം തടഞ്ഞു നിര്‍ത്താന്‍ സാധിക്കും തുടങ്ങിയ ചിന്തകളിലേക്കു കൂടി ഈ സന്ദേശം നമ്മെ തള്ളിവീഴ്ത്തുന്നു.

ഇതര വെബ്സൈറ്റുകളിലെ അപ്ഡേഷന്‍ വിവരങ്ങള്‍ അനായാസം ലഭ്യമാക്കുന്ന ആര്‍.എസ്.എസ് (റിപ് സൈറ്റ് സമ്മറി) എന്ന സംവിധാനം സ്വന്തമായി ആവിഷ്കരിക്കുമ്പോള്‍ ആരണ്‍ 14 വയസ്സു മാത്രമുള്ള കൊച്ചു പയ്യനായിരുന്നു. കമ്പ്യൂട്ടറിലെ വിവര ശേഖരണ രീതികളെ വിപ്ളവത്കരിക്കുന്ന കണ്ടുപിടിത്തമായിരുന്നു അത്.
നിയമ നിയന്ത്രണങ്ങള്‍ ബാധിക്കാതെ അനായാസം വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന Creative Commonslicences ന്‍െറ സഹ ആവിഷ്കര്‍ത്താവും ആരണായിരുന്നു. Reddit എന്ന വിജ്ഞാന വിനോദ സൈറ്റ് ആവിഷ്കരിച്ച ആരണ്‍ ഏവര്‍ക്കും സ്വന്തമായി വിവരങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സൗകര്യമുള്ള രീതിയിലാണ് സൈറ്റ് സജ്ജീകരിച്ചത്. അതിനിടെ അവന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല വിട്ടു, പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് ലോകത്തെ ഏതു കോണിലും പ്രസിദ്ധീകരിക്കുന്ന പുസ്തകത്തെ സംബന്ധിച്ച ഹ്രസ്വ വിവരങ്ങള്‍ ലഭ്യമാക്കുന്ന Openlibrary.org ഉം ഈ സൈബര്‍ ആക്ടിവിസ്റ്റിന്‍െറ സംഭാവനയായിരുന്നു.
ഫേസ്ബുക് ഉപജ്ഞാതാവ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആപ്പിള്‍ ഉപജ്ഞാതാവ് സ്റ്റീവ് ജോബ് എന്നിവര്‍ക്ക് സമശീര്‍ഷനായാകും ആരണെ ചരിത്രം സ്ഥാനപ്പെടുത്തുക. മേല്‍പറഞ്ഞ ഇരുവരില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്ര സമൂഹം പുലരണമെന്ന പ്രത്യയ ശാസ്ത്ര നിലപാട് കൂടി ഉയര്‍ത്തിപ്പിടിച്ചു എന്നത് ആരണെ കൂടുതല്‍ ശ്രേഷ്ഠനാക്കുന്നു.  ഏത് വ്യക്തിക്കും വിവരസാങ്കേതിക വിദ്യാലോകത്ത് പ്രവേശനം ലഭിക്കണം, ഏത് വ്യക്തിക്കുംഅവിടെ സ്വയം ആശയം പ്രകാശിപ്പിക്കാന്‍ ഇടം വേണം എന്ന വാദം അവന്‍ സദാ മുന്നോട്ടുവെക്കുകയുണ്ടായി. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അക്ഷീണ പരിശ്രമങ്ങള്‍ക്കിടെ അവന് നിരവധി നഷ്ടങ്ങള്‍ സംഭവിച്ചു. വിവരം നിയന്ത്രിക്കുന്ന പ്രൊട്ടക്ട് ഐ.പി ആക്ട് (പി.ഐ.പി.എ) സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് (എസ്.ഒ.പി.എ) തുടങ്ങിയ കരിനിയമങ്ങള്‍ക്കെതിരെ ആരണ്‍ യുദ്ധം പ്രഖ്യാപിച്ചു. കടുത്ത പോരാട്ട കാമ്പയിനുകളില്‍ മുഴുകി. 48 ലക്ഷം ലേഖനങ്ങളും കുറിപ്പുകളും ഹാക് ചെയ്ത് ചോര്‍ത്തിയെടുത്തെന്ന കുറ്റം ചുമത്തി എം.ഐ.ടി കാമ്പസില്‍ വെച്ച് യു.എസ് നിയമപാലകര്‍ ആരണിനെ അറസ്റ്റ് ചെയ്തു. ഇതോടെ ആരംഭിച്ച വേട്ട, നമുക്ക് നിതാന്ത ശോകം സമ്മാനിക്കുന്ന അവന്‍െറ അകാല മരണത്തിലാണ് കലാശിച്ചത്.

‘‘വാദികള്‍ കേസ് ഉപേക്ഷിച്ചിട്ടും മോഷണം മോഷണം തന്നെ യു.എസ് അറ്റോര്‍ണി ജനറലിന്‍െറ പരിഹാസം അവന്‍െറ ഹൃദയത്തെ മുറിപ്പെടുത്തി. സമൂഹത്തിലെ ഓരോ അംഗത്തിനും സൗജന്യമായി നല്‍കാന്‍ വേണ്ടി ആയിരുന്നു ഹിരണ്യപാത്രത്താല്‍ മൂടിയിരുന്ന വിവരങ്ങള്‍ അവന്‍ ‘മോഷ്ടി’ച്ചിരുന്നത്. ജനുവരി 11ന് കയറില്‍ ജീവിതം അവസാനിപ്പിച്ച ആരണിന്‍െറ ജീവബലി ജനതകള്‍ക്ക് വേണ്ടിയായിരുന്നു. കൂട്ടായ്മാ ബന്ധങ്ങള്‍ക്കും (Connectivity) സ്വതന്ത്ര വിവര പ്രവാഹത്തിനും വേണ്ടിയുള്ള പോരാട്ട ഭൂമിയില്‍ തന്‍െറ അപൂര്‍വ സിദ്ധികള്‍ അവന്‍ ഹോമിച്ചു.
അറിവുകള്‍ക്കും വിജ്ഞാന വ്യാപനത്തിനുമെതിരെ അധികാരം വാള്‍ വീശിയതിന്‍െറ പരിണതിയായിരുന്നു ആരണിന്‍െറ ജീവബലി. ‘‘ആവിഷ്കാര സ്വാതന്ത്ര്യം എല്ലാ യുഗങ്ങളിലും ഭീഷണികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഗുട്ടന്‍ബര്‍ഗിന്‍െറ അച്ചടിയന്ത്ര കണ്ടുപിടിത്തത്തിനു ശേഷം ഏറ്റവും വലിയ ആവിഷ്കാര സ്വാതന്ത്ര്യാവസരമാണ് ഡിജിറ്റല്‍ യുഗം തുറന്നിട്ടിരിക്കുന്നത്’’ ഓക്സ്ഫഡിലെ ചരിത്രകാരനായ തിമോത്തി ഗാര്‍ട്ടന്‍െറ ഈ നിരീക്ഷണം നമ്മുടെ ശ്രദ്ധ കവരുന്നു. എന്നാല്‍, വലിയ അവസരങ്ങള്‍ വലിയ ഭീഷണികള്‍ക്കും ജന്മം നല്‍കുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിച്ചു കൂട. കാള്‍ മാര്‍ക്സ് ഉള്‍പ്പെടെയുള്ള ചിന്തകള്‍ സ്വാതന്ത്ര്യത്തിന്മേല്‍ വന്നു പതിക്കുന്ന ഈ വിലങ്ങിന്‍െറ സാധ്യതകള്‍ പ്രവചിക്കുകയുണ്ടായി. സാങ്കേതിക മുന്നേറ്റത്തിന്‍െറ സദ്ഫലങ്ങള്‍ പ്രയോജനപ്പെടുത്തി മുതലാളിത്തം ജനങ്ങളെ കൂടുതല്‍ അന്യവത്കരിക്കുമെന്ന് മാര്‍ക്സ് മുന്നറിയിപ്പ് നല്‍കി. അറിവ്/അധികാരം എന്ന ദ്വന്ദങ്ങളെ വിശകലനം ചെയ്യവെ മിഷേല്‍ ഫൂക്കോയും സദൃശമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിജ്ഞാനത്തിന്‍െറയും ശാസ്ത്രത്തിന്‍െറയും വരും അധികാരത്തെ പുഷ്ടിപ്പെടുത്തുന്നതായി ഫൂക്കോ നിരീക്ഷിച്ചു.
ആരണിന്‍െറ നിരീക്ഷണവും ഇതിനോട് ചേര്‍ത്ത് വായിക്കുക. ‘‘വിവരം അധികാരം തന്നെയാണ്. പക്ഷേ, എല്ലാ അധികാരത്തേയും പോലെ വിവരങ്ങളെയും സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി കുത്തകാവകാശമാക്കാന്‍ ചിലര്‍ മുതിരുന്നു’’ ആരണിന്‍െറ ഈ നിരീക്ഷണം മുന്‍കൂര്‍ തിരിച്ചറിഞ്ഞ വന്‍കിട രാഷ്ട്രങ്ങള്‍ ഈയിടെ യു.എന്‍ ടെലി കമ്യൂണിക്കേഷന്‍ യൂനിയന്‍െറ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ത്ത അന്താരാഷ്ട്ര ടെലി കമ്യൂണിക്കേഷന്‍ സമ്മേളനത്തില്‍ ഈ വിരോധാഭാസ നിലപാട് അതിശക്തമായി തന്നെ പ്രകടിപ്പിക്കുകയുണ്ടായി.
ജനങ്ങള്‍ എന്തെല്ലാം അറിയണം, അവര്‍ എങ്ങനെ ചിന്തിക്കണം എന്ന് തീരുമാനിക്കേണ്ടത് സ്റ്റേറ്റ് ആണെന്ന പ്രതിപക്ഷ നിലപാട് പ്രകടിപ്പിക്കാറുള്ള ചൈനയെപ്പോലെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കുപ്രസിദ്ധമാണ്. എന്നാല്‍, വിവരാവകാശങ്ങളും സ്വതന്ത്ര വിനിമയവും മാനിക്കുന്ന എന്ന നാട്യവുമുള്ള ലിബറല്‍ രാഷ്ട്രങ്ങളും സ്വതന്ത്ര വിവര പ്രവാഹത്തിന് നേരെ വാള്‍ വീശിക്കൊണ്ടിരിക്കുന്നു.എസ്.ഒ.പി.എ, പി.ഐ.പി.എ ചട്ടങ്ങള്‍ വഴിയും മറ്റ് നിയന്ത്രണങ്ങള്‍ വഴിയും അമേരിക്ക ആരണിനേയും മറ്റും നിരന്തരം വേട്ടയാടിയത് നിങ്ങള്‍ ദുരൂഹതയായി കാണുന്നുണ്ടോ?
വിവരങ്ങളിലേക്കുള്ള സ്വതന്ത്രമായ പ്രവേശനം, ഇത്തരം സ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തല്‍ എന്നീ വിരുദ്ധ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്ളേറ്റോ മുതല്‍ ദറീദവരെയുള്ള തത്വജ്ഞാനികളുടെ നിരീക്ഷണങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരുന്ന രീതി അവസാനിച്ചു കഴിഞ്ഞു. കാരണം വിവര വിനിമയ പ്രശ്നം ഇപ്പോള്‍ ബുദ്ധിജീവികളുടെ മാത്രം വിഷയമല്ല. ഇത്തരം പ്രശ്നങ്ങള്‍ പൊതുജനങ്ങളും സിവില്‍ സമൂഹവും ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. നവ സാമൂഹിക മാധ്യമങ്ങള്‍ സ്വന്തം പോക്കറ്റുകളിലാക്കിയ ജനക്കൂട്ടങ്ങള്‍ക്ക് ഏകാധിപതികളെ കടപുഴകി അറബ് വസന്തം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ഇക്വഡോര്‍ എംബസിക്കകത്ത് കടന്ന് പിടികൂടുമെന്ന വീരവാദം ബ്രിട്ടീഷ് അധികൃതര്‍ക്ക് പിന്‍വലിക്കേണ്ടതായി വന്നു.കൂട്ട മാനഭംഗം ദല്‍ഹിയിലും ഇതര ഇന്ത്യന്‍ നഗരങ്ങളിലും സൃഷ്ടിച്ച പ്രതിഷേധ റാലികള്‍ നവ സാമൂഹിക മാധ്യമങ്ങളുടെ പിന്‍ബലത്തോടെ ആയിരുന്നു.
വിവര വിനിമയത്തെ നിയന്ത്രിക്കാന്‍ സ്റ്റേറ്റിനു എത്രമാത്രം അവകാശമുണ്ട്? സൈബര്‍ സ്പേസില്‍ കരിനിയമങ്ങള്‍ ബാധകമാക്കേണ്ടതുണ്ടോ? സാങ്കേതിക രംഗത്തെ പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ പിന്‍ബലത്തോടെ സെര്‍ച് എന്‍ജിനുകള്‍ വന്‍ തുകകള്‍ വസൂലാക്കുന്നത് ശരിയാണോ? വന്‍കിട പരസ്യ കമ്പനികള്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളായി പരിണമിക്കുന്ന പ്രവണത ആശാസ്യമാണോ? തുടങ്ങിയവ ശക്തമായി ഉന്നയിക്കേണ്ട ചോദ്യങ്ങളാകുന്നു. പാറാവുകാര്‍ക്ക് ആര് പാറാവു നില്‍ക്കുമെന്ന ഫ്രഞ്ച് ആക്ഷേപഹാസ്യകാരന്‍ ജുവനലിന്‍െറ സന്ദേഹത്തിന് പ്രസക്തി ഏറിയിരിക്കുന്നു.
ഭീമന്‍ കോര്‍പറേറ്റുകളില്‍ നിന്ന് ഡാറ്റകളെ മോചിപ്പിക്കേണ്ടത് അത്യാന്താപേഷിതമാണ്. സമത്വം പുലരുന്ന ഒരു ലോക സമൂഹം പുലരണമെങ്കില്‍ അത്തരം പരിശ്രമങ്ങള്‍ കൂടിയേ തീരൂ. മാത്രമല്ല ആരണ്‍ നിരീക്ഷിച്ചതു പോലെ ഓരോ വ്യക്തിക്കും സ്വന്തം ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ സ്വകീയ രീതി അവലംബിക്കാന്‍ അവകാശമുണ്ടെന്ന വരികല്‍പന സാക്ഷാത്കരിക്കാനും ഈ നീക്കം അനിവാര്യമാണ്.
വിവരങ്ങള്‍ ശേഖരിക്കാനും വിനിമയം ചെയ്യാനും സദാ ജാഗരൂകനായിരുന്ന ആരണെ പഴയകാല നിയമാവലികള്‍ ഉദ്ധരിച്ച് വേട്ടയാടുന്നത് ഒട്ടും അഭികാമ്യമല്ല. പുതുമക്കും നവീകരണത്തിനുമുള്ള ഇടം നമ്മുടെ മനസ്സിലും സമൂഹത്തിലും നിയമ സംഹിതകളിലും നിലനിര്‍ത്തണം. എന്നാല്‍, മാത്രമേ വരുംകാല ആരണ്‍മാര്‍ക്ക് മരണവക്ത്രത്തില്‍ വെച്ച് ‘‘ഞാന്‍ ഇനിയും മരണം പുല്‍കിയിട്ടില്ലെന്ന’’ സന്ദേശം നല്‍കാന്‍ കഴിയൂ. ആരണ്‍ അന്ത്യയാത്ര പറഞ്ഞിരിക്കുന്നു. എന്നാല്‍, അവന്‍ വിട്ടേച്ചു പോയ ആശയങ്ങള്‍ നിത്യമായി ശേഷിക്കും. കാരണം വിജ്ഞാന വിരോധ ചിന്താഗതിക്കെതിരെ വിശ്വവ്യാപകവല (World wide web) വഴി നിര്‍വിഘ്നം വിവരങ്ങള്‍ സ്വതന്ത്രമായി പ്രവഹിക്കുന്ന ലോകമായിരുന്നു അവന്‍ സ്വപ്നം കണ്ടത്.
(ദല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ എം.എ വിദ്യാര്‍ഥിയാണ് ലേഖകന്‍)

ദുബൈയില്‍ 600 കോടിയുടെ ടൂറിസം പദ്ധതി

Posted: 13 Feb 2013 09:22 PM PST

Image: 

ദുബൈ: ജുമൈറ ബീച്ച് റെസിഡന്‍സില്‍ 600 കോടി ദിര്‍ഹമിന്‍െറ ടൂറിസം വികസന പദ്ധതിക്ക് പച്ചക്കൊടി. ‘ബ്ളൂ വാട്ടേഴ്സ്’ എന്ന കൃത്രിമ ദ്വീപും ‘ദുബൈ ഐ’ എന്ന ലോകത്തെ ഏറ്റവും വലിയ ഫെറിസ് വീലും പൂര്‍ത്തിയാകുമ്പോള്‍ ആഗോള ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി ദുബൈ മാറുമെന്നാണ് കരുതുന്നത്. പദ്ധതികള്‍ക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ബുധനാഴ്ച അംഗീകാരം നല്‍കി.
ഷോപ്പിങ് സെന്‍ററുകളും മാളുകളും പാര്‍പ്പിട കേന്ദ്രങ്ങളും വിനോദോപാധികളുമടങ്ങുന്ന ‘ബ്ളൂ വാട്ടേഴ്സ്’ എന്ന കൃത്രിമ ദ്വീപാണ് പദ്ധതിയില്‍ പ്രധാനം. ലോകത്തെ പ്രമുഖ കമ്പനികളുടെ റീട്ടെയ്ല്‍ സ്റ്റോറുകളും വിവിധ തരം ഭക്ഷണങ്ങള്‍ ലഭ്യമാകുന്ന റെസ്റ്റോറന്‍റുകളും ഇവിടെയുണ്ടാകും. ആഡംബര പഞ്ചനക്ഷത്ര ഹോട്ടലും പദ്ധതിയുടെ ഭാഗമാണ്. പ്രമുഖ നിര്‍മാണ കമ്പനിയായ മിരാസ് ഹോല്‍ഡിങാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
ശൈഖ് സായിദ് റോഡില്‍നിന്ന് ദ്വീപിലേക്ക് പ്രത്യേക റോഡ് നിര്‍മിക്കും. മെട്രോ സ്റ്റേഷനില്‍നിന്ന് സഞ്ചാരികള്‍ക്ക് വളരെ വേഗം ദ്വീപിലെത്താന്‍ മോണോ റെയില്‍ സംവിധാനവുമുണ്ടാകും. ജുമൈറ ബീച്ച് റെസിഡന്‍സി ബീച്ചില്‍നിന്ന് ദ്വീപിലേക്ക് നടപ്പാലവും കേബ്ള്‍ കാര്‍ സംവിധാനവുമുണ്ടാകും.
ലോകത്തെ ഏറ്റവും വലിയ ഫെറിസ് വീല്‍ നിര്‍മിക്കുന്ന ‘ദുബൈ ഐ’ പദ്ധതിക്ക് 100 കോടി ദിര്‍ഹം ചെലവ് വരുമെന്ന് കരുതുന്നു. 210 മീറ്റര്‍ ഉയരമുള്ള ഫെറിസ് വീലില്‍നിന്ന് ദുബൈ നഗരത്തിന്‍െറ മനോഹര ദൃശ്യം കാണാം. ബുര്‍ജുല്‍ അറബ്, പാം ജുമൈറ, ബുര്‍ജ് ഖലീഫ തുടങ്ങിയവയുടെ കടലില്‍ നിന്നുള്ള ദൃശ്യം ആസ്വദിക്കാന്‍ ലോകമെമ്പാടും നിന്ന് സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ഫെറിസ് വീലിന് താഴെയുള്ള പ്രദേശത്ത് വിവിധതരം വിനോദോപാധികളുണ്ടാകും. ഇവിടെ സ്ഥാപിക്കുന്ന കൂറ്റന്‍ എല്‍.ഇ.ഡി സ്ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും.
‘ബ്ളൂ വാട്ടേഴ്സ്’ പദ്ധതിയുടെ നിര്‍മാണം ഏപ്രിലില്‍ തുടങ്ങുമെന്ന് മിരാസ് ഹോള്‍ഡിങ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബായി പറഞ്ഞു. രണ്ടാം ഘട്ടമായി ‘ദുബൈ ഐ’യുടെ പ്രവര്‍ത്തനം തുടങ്ങും. ദുബൈയുടെ ടൂറിസം ചരിത്രത്തില്‍ നാഴികക്കല്ലായിരിക്കും പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമീര്‍ സത്താമിന് സ്നേഹനാടിന്‍െറ വിട; ഖബറടക്കം മക്കയില്‍

Posted: 13 Feb 2013 09:11 PM PST

Image: 

റിയാദ്: ചൊവ്വാഴ്ച അന്തരിച്ച റിയാദ് ഗവര്‍ണര്‍ അമീര്‍ സത്താം ബിന്‍ അബ്ദുല്‍അസീസിന് സ്നേഹനാടിന്‍െറ വിട. റിയാദിലെ ദീറയിലുള്ള ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ബുധനാഴ്ച അസ്ര്‍ നമസ്കാരശേഷം നടന്ന ജനാസ നമസ്കാരത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്, കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, രണ്ടാം കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍അസീസ് തുടങ്ങിയ രാജകുടുംബാഗങ്ങളും വിദേശ നയതന്ത്രപ്രതിനിധികളും പങ്കെടുത്തു. സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖ് നമസ്കാരത്തിന് നേതൃത്വം നല്‍കി. നമസ്കാരത്തിനു ശേഷം പരേതന്‍െറ ഒസ്യത്ത് അനുസരിച്ച് മൃതദേഹം മക്കയിലെത്തിച്ച് അല്‍അദ്ല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഒരു വര്‍ഷവും നാലു മാസവും തലസ്ഥാനനഗരി കൂടിയുള്‍പ്പെടുന്ന സൗദിയിലെ ഏറ്റവും വലിയ പ്രവിശ്യയുടെ ഭരണം കൈയാളിയ ശേഷമാണ് അമീര്‍ സത്താമിന്‍െറ വേര്‍പാട്. കുറഞ്ഞ കാലമാണ് ഗവര്‍ണര്‍ പദവിയിലിരുന്നതെങ്കിലും 12 വര്‍ഷം റിയാദ് ഗവര്‍ണറേറ്റിന്‍െറ ഡെപ്യൂട്ടി പദവി അലങ്കരിച്ചിട്ടുണ്ട്. പിന്നീട് റിയാദ് ഗവര്‍ണറായിരുന്ന അമീര്‍ സല്‍മാന്‍െറ സഹഗവര്‍ണറായി നീണ്ട 33 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. അമീര്‍ സുല്‍ത്താന്‍െറ മരണശേഷം അമീര്‍ സല്‍മാന്‍ പ്രതിരോധമന്ത്രിയായി അവരോധിതനായതു മുതലാണ് അമീര്‍ സത്താം റിയാദ് ഗവര്‍ണറായി നിയമിതനായത്.
അമീര്‍ സല്‍മാന്‍െറ പിന്‍ഗാമിയായി വന്ന അമീര്‍ സത്താം മുന്‍ഗാമി തുടര്‍ന്നുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലതയും വേഗതയും നല്‍കി. പ്രവിശ്യയിലെ സാധാരണ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിനും മുന്നില്‍നിന്നു. ഇത് സാധ്യമാക്കുന്നതിനായി സ്വതന്ത്രമായ വെബ്സൈറ്റിന് രൂപം നല്‍കി. ദിനംപ്രതിയെന്നോണം നടന്ന സഭയില്‍ ആളുകളുടെ ആവലാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനും പ്രത്യേക താല്‍പര്യമെടുത്തു. ഗവര്‍ണറേറ്റിലെത്തുന്ന വിഷയങ്ങള്‍ ഉടനടി ശ്രദ്ധയിലെത്തിക്കണമെന്നും അതിവേഗം പരിഹാരം കാണുന്നതിന് നടപടിയെടുക്കണമെന്നും സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. റിയാദ് മേഖലയുടെ വികസനത്തിന് വിവിധ മേഖലകളിലുള്ളവരുടെ പൂര്‍ണ സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. അവരില്‍നിന്ന് തലസ്ഥാനനഗരിയുടെ വളര്‍ച്ചക്കും വികസനത്തിനുമുതകുന്ന മാതൃകകളും നിര്‍ദേശങ്ങളും ക്ഷണിച്ചു. പൊതുസുരക്ഷ, പരിസ്ഥിതി, സാമ്പത്തികം, ഗതാഗതം, പുനരധിവാസം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി റിയാദിന്‍െറ സമഗ്രവികസനത്തില്‍ അമീര്‍ സത്താമിന്‍െറ പങ്ക് വളരെ പ്രശംസനീയമാണെന്ന് വിവിധതലങ്ങളിലുള്ള വ്യക്തിത്വങ്ങള്‍ അനുസ്മരിച്ചു.
1941 ല്‍ റിയാദിലായിരുന്നു ജനനം. റോയല്‍ സ്കൂളിലും പിന്നീട് റിയാദിലെ അന്‍ജാല്‍ മോഡല്‍ സ്കൂളിലുമായിരുന്നു പഠനം. പിന്നീട് ബിരുദ പഠനത്തിനായി 1961 ല്‍ അമേരിക്കയിലേക്കും തുടര്‍ന്ന് ബ്രിട്ടനിലേക്കും യാത്രചെയ്തു. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ 1965 ല്‍ അമേരിക്കയിലെ സാന്‍ഡിയാഗോ വാഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ അമീര്‍ സത്താമിന് അതേ യൂണിവേഴ്സിറ്റിയില്‍നിന്ന് തന്നെ ഓണററി ഡോക്ടറേറ്റും ലഭിച്ചു. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കി വന്ന ശേഷമായിരുന്നു റിയാദ് ഗവര്‍ണറേറ്റിലെ ഡെപ്യൂട്ടിയായി നിയമിതനായത്. റിയാദിന്റെവികസനവുമായി ബന്ധപ്പെട്ട ഒരുസ്വപ്ന പദ്ധതിയായി ഇന്നും കടലാസിലുള്ള തലസ്ഥാന നഗരിയിലെ പൊതു ഗതാഗത പദ്ധതി പ്രയോഗതലത്തിലായി കാണാന്‍ കഴിയാതെയാണ് അമീര്‍ സത്താമിന്‍െറ വേര്‍പാട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അമീര്‍ സത്താമിന്‍െറ മരണത്തില്‍ അനുശോചനമറിയിക്കുന്നതിന് അര്‍ഖയിലെ അമീര്‍ സല്‍മാന്‍െറ കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP