സ്വാഗതം
WELCOME

News Update..

Friday, February 22, 2013

കുര്യനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കും Madhyamam News Feeds

കുര്യനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കും Madhyamam News Feeds

Link to

കുര്യനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കും

Posted: 21 Feb 2013 11:11 PM PST

Image: 

കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരെ പൊലീസില്‍ പരാതി നല്‍കും. കുര്യനെതിരെ എഫ്.ഐ ആര്‍ നിലവില്ലാത്തതിനാലാണ്  പൊലീസ് സ്റ്റേഷനില്‍ നേരിട്ട്  പുതിയ പരാതി നല്‍കാനാണ്  പെണ്‍കുട്ടിയുടെ തീരുമാനം.
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചാണ് പരാതി നല്‍കുക.
1996 ല്‍ തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി.ജെ കുര്യനുമുണ്ടെന്നാണ് പെണ്‍കുട്ടി പരാതി നല്‍കുക.
സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ കുര്യനെതിരെ പാര്‍ലമെന്‍്റിലുള്‍പ്പെടെ പ്രതിഷേധങ്ങള്‍ പുകയുകയാണ്.
 

സെല്ലുലോയിഡ് അവാര്‍ഡുകള്‍ വാരിക്കൂട്ടി

Posted: 21 Feb 2013 10:44 PM PST

Image: 

തിരുവനന്തപുരം: 2012 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കമലിന്റെ സെല്ലുലോയിഡ് ആണ് മികച്ച ചിത്രം. ഏഴ് അവാര്‍ഡുകളാണ് സെല്ലുലോയിഡ് നേടിയത്.
 സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലെ  അഭിനയത്തിന്  പൃഥ്വിരാജ്  മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.  റീമാ കല്ലിങ്കലാണ് മികച്ച നടി. (ചിത്രം: നിദ്ര, 22 ഫീമെയില്‍ കോട്ടയം). സലിം കുമാറാണ് മികച്ച ഹാസ്യതാരം.മികച്ച ബാലതാരം: മാസ്റ്റര്‍ ബിനോ, വൈജയന്തി.
രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡ്  കളിയച്ഛനിലെ അഭിനയ മികവിന് മനോജ് കെ.ജയന്‍ നേടി. മികച്ച രണ്ടാമത്തെ നടിയായി സജിതാ മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. (ചിത്രം: ഷട്ടര്‍). മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിയാണ് മികച്ച രണ്ടാമത്തെ ചിത്രം.

ലാല്‍ ജോസാണ് മികച്ച സംവിധായകന്‍.ചിത്രം അയാളും ഞാനും തമ്മില്‍. ഈ ചിത്രം തന്നെയാണ് മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച തിരാകഥാകൃത്തിനുള്ള പുരസ്കാരം അഞ്ജലി മേനോന്‍ നേടി. ചിത്രം മഞ്ചാടിക്കുരു.മനോജ് കാന 'ചായില്യം' എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച ഛായാഗ്രാഹകന്‍: മധു നീലകണ്ഠണ്‍ (അന്നയും റസുലും),  ചിത്രസംയോജകന്‍: ജി.അജിത്ത് കുമാര്‍, ഗാന രചന: റഫീഖ് അഹമ്മദ്( മഴയായ്...), സംഗീത സംവിധാനം: എം.ജയചന്ദ്രന്‍(സെല്ലുലോയിഡ്), പിന്നണി ഗായകന്‍:വിജയ് യേശുദാസ്, ഗായിക: സിത്താര ബാലകൃഷ്ണന്‍, പശ്ചാത്തല സംഗീതം: ബിജിബാല്‍ (കളിയച്ഛന്‍, ഒഴിമുറി), കലാസംവിധാനം: സുരേഷ് കൊല്ലം (സെല്ലുലോയിഡ്), മേക്കപ്പ്മാന്‍: എം.ജി.റോഷന്‍ (മായാമോഹിനി), വസ്ത്രാലങ്കാരം: എസ്.പി സതീഷ്,കളറിസ്റ്റ്: ജയദേവ് (അന്നയും റസൂലും), ശബ്ദലേഖനം: വിമ്മി മറിയം ജോര്‍ജ് (നിദ്ര).

പാപ്പിലിയോ ബുദ്ധയുടെ സംവിധായകന്‍ ജയന്‍ കെ.ചെറിയാന്‍, സെല്ലുലോയിഡില്‍ കാറ്റേ കാറ്റേ....എന്ന ഗാനമാലപിച്ച വൈക്കം വിജലക്ഷ്മി, ശ്രീറാം എന്നിവ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത് 2012 ലാണ്. 84 ചലച്ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്.

സംവിധായകന്‍ ഐ.വി.ശശി അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  സംവിധായകന്‍ സിബി മലയില്‍, ക്യാമറാമാന്‍ വിപിന്‍ മോഹന്‍, സംഗീത സംവിധായകന്‍ ആര്‍.സോമശേഖരന്‍, ജയശ്രീ കിഷോര്‍, എഡിറ്റര്‍ രമേഷ് വിക്രമന്‍, നടി സുരേഖ, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.മനോജ്കുമാര്‍ (മെംബര്‍ സെക്രട്ടറി) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

ഈജിപ്തില്‍ പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Posted: 21 Feb 2013 10:08 PM PST

Image: 

കൈറോ: ഈജിപ്തില്‍ പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പ്രസിഡന്‍്റ് മഹമ്മദ് മുര്‍സിയാണ് ഇതു സംബന്ധിച്ച പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. നാല് ഘട്ടങ്ങളിലായി നടക്കുന്നതെരഞ്ഞെടുപ്പ് ഏപ്രില്‍ 27നാണ് തുടങ്ങുക. ജൂണിലാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. ജൂലൈ ആറിനായിരിക്കും പുതിയ പാര്‍ലമെന്‍്റിന്റെആദ്യ സമ്മേളനം നടക്കുക.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പോടെ രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് ശമനമാകുമെന്നാണ് മുര്‍സിയും അദ്ദേഹത്തിന്റെഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്.

 

ഷിന്‍ഡെ ഹൈദരാബാദിലെത്തി

Posted: 21 Feb 2013 09:55 PM PST

Image: 

ഹൈദരാബാദ്: നഗരത്തില്‍ ഇരട്ട സ്ഫോടനങ്ങളുണ്ടായ സ്ഥലങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സന്ദര്‍ശനം നടത്തി. ദല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ ഇവിടെയെത്തിയ ഷിന്‍ഡെ വളരെ പെട്ടെന്ന് സ്ഫോടന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി. ആന്ധ്ര പ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, മുഖ്യമന്ത്രി എന്‍.കിരണ്‍ കുമാര്‍ റെഡ്ഡി, സംസ്ഥാന ആഭ്യന്തര മന്ത്രി സബിതാ ഇന്ദ്ര റെഡ്ഡി, ദേശീയ അന്വേഷണ ഏജന്‍സി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കേന്ദ്ര മന്ത്രിയോടൊപ്പമുണ്ടായിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച  ആശുപത്രികളിലും ഷിന്‍ഡെ സന്ദര്‍ശനം നടത്തി. സ്ഫോടനത്തിന്റെഅന്വേഷണം സംബന്ധിച്ച് ആന്ധ്രപ്രദേശ് ഡി.ജി.പി ദിനേശ് റെഡ്ഡിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.  

സ്ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഷിന്‍ഡെ സ്ഥിരീകരിച്ചു. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഏതെങ്കിലും ഒരു പ്രത്യേക തീവ്രവാദ സംഘടനയെ മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം മുന്നോട്ടു പോകുന്നതെന്നും ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പൊലീസിന്റെഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍്റ് സമ്മേളനം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താതെ ഷിന്‍ഡെ ദല്‍ഹിക്ക് മടങ്ങി.

 

ജാതീയതയുടെ മുഖത്ത് കാറിത്തുപ്പുന്ന ‘സെല്ലുലോയ്ഡ്’

Posted: 21 Feb 2013 09:54 PM PST

Image: 

 ജാതീയതയുടെ മുഖത്ത് കാറിത്തുപ്പുന്ന ‘സെല്ലുലോയ്ഡ്’
ഇ.എം.എസ് ഒരിക്കല്‍ പറഞ്ഞു:‘പൂണൂല്‍ പൊട്ടിച്ച് അഗ്നിയിലെറിഞ്ഞുകൊണ്ട് കൗമാരം  തുടങ്ങിയ എന്നെ നമ്പൂതിരിപ്പാട് എന്ന വാലിന്റെപേരില്‍ വിമര്‍ശിക്കുന്നവരുണ്ട്. പേരല്ല മനസ്സാണ് പ്രധാനം. പേരിന്റെകൂടെയുള്ള ജാതിവാല്‍ ഒഴിവാക്കിയതിനുശേഷവും മനസില്‍ ഹീനമായ ജാതിചിന്തയുമായി നടക്കുന്നവര്‍ ഒരുപാടുണ്ട്. ജാതി ഒരു മാനസിക രോഗം കൂടിയാണ്.’ കമല്‍ ചിത്രമായ ‘സെല്ലുലോയ്ഡില്‍’, രാമവര്‍മ്മ ഒപ്പമുണ്ടായിട്ടും നൂറുശതമാനവും മതേതരനായ  വയലാറിനെയും, മലായാറ്റൂര്‍ രാമകൃഷ്ണന്‍ എന്നപേരില്‍ എഴുതുമ്പോഴും രാമകൃഷ്ണ അയ്യരായി തുടരുന്ന സാംസ്ക്കാരിക വകുപ്പ് സെക്രട്ടറിയെയും ചിത്രീകരിക്കുന്നതുകണ്ടപ്പോഴാണ് ഇ.എം.എസിനെ ഓര്‍ത്തുപോയത്.

ഭഗവതിയുടെ മുഖത്ത് കാറിത്തുപ്പുന്ന വെളിച്ചപ്പാടിനെ ചിത്രീകരിച്ച എം.ടിയുടെ ‘നിര്‍മ്മാല്യം’പോലെ ജാതീയതയുടെ മുഖത്തേക്കുള്ള അതിശക്തമായ കാറിത്തുപ്പാണ് ‘സെല്ലുലോയ്ഡ’്.  മുഖ്യധാരാ മലയാള സിനിമയില്‍ അപൂര്‍വമായ ജാതീയതയുടെ പ്രശ്നങ്ങള്‍, മലയാളസിനിമയുടെ പിതാവിന്റെകഥപറയുന്ന ഈ ചിത്രത്തില്‍  എഴുന്നു നില്‍ക്കുന്നു. കൈക്കുറ്റക്കുറവ് തീര്‍ന്ന സിനിമാ അത്ഭുതമൊന്നുമല്ല ‘സെല്ലുലോയ്ഡ്’. പക്ഷേ, മലയാള സിനിമ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന ദലിതരുടെ ശബ്ദത്തെകൂടി അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നു എന്നതാണ് അതിനെ വേറിട്ട അനുഭവമാക്കുന്നത്.

‘നഷ്ടമായ കുഞ്ഞ്’ എന്നര്‍ഥം വരുന്ന ‘വിഗതകുമാരന്‍’ എന്ന മലായാളത്തിലെ ആദ്യ സിനിമ പരാജയമാകാനുള്ള പ്രധാന കാരണം 1930കളില്‍ തിരുവിതാംകൂറില്‍ നിലനിന്ന ഭാന്ത്രാലയത്തിന് സമാനമായ ജാത്യാഭിമാനം തന്നെയായിരുന്നു. ക്രിസ്തുമതത്തിലേക്ക് മതം മാറിയിട്ടും ‘പുലയിയായി തുടരുന്ന’ ഒരു പെണ്‍കുട്ടിയെ സിനിമയില്‍ നായികയായി അഭിനയിപ്പിച്ചു എന്നൊരൊറ്റക്കാരണത്താലാണ്, മലയാള ചലച്ചിത്രലോകത്തിലെ മുമ്പേപറന്ന പക്ഷിയായ ജെ.സി ഡാനിയേലിന്‍െറ (സിനിമയില്‍ പൃഥ്വിരാജ്)  ചിറകരിയപ്പെട്ടത്. പുലയി സിനിമയില്‍ നായര്‍ സ്ത്രീയായി അഭിനയിച്ചതിന്, തിരുവന്തപരത്തെ കാപിറ്റോള്‍ തീയേറ്ററിലെ ആദ്യ പ്രദര്‍ശനം അലങ്കോലമാക്കുന്ന ജാതിഭ്രാന്തന്‍മാര്‍, മലയാളത്തിലെ ആദ്യ നായികയായ റോസിയെന്ന റോസമ്മയെ തല്ലിയോടിച്ചു. തമ്പുരാന്‍ സിനിമകളിലെ പതിവു പോലെ, അടിയാന്‍-ഉടയാന്‍ ബന്ധത്തിന്റെ ഫ്യൂഡല്‍ കാഴ്ചയിലൂടെയല്ലാതെ ദലിതന്‍െറ ജീവിതം സ്വതന്ത്രമായി റോസിയിലുടെ ചിത്രീകരിക്കപ്പെടുന്നു. ഇതും മലയാള സിനിമയിലെ നടപ്പുരീതിയല്ല.

എല്ലാം നഷ്ടപ്പെട്ട് അനാഥനായി ഭ്രാന്തനെപ്പോലെ നാഗര്‍കോവിലെ അഗസ്തീശ്വരത്ത് അവസാന കാലം കഴിഞ്ഞുകൂട്ടിയ ഡാനിയേലിനെ കണ്ടെത്തുന്നത് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ (ശ്രീനിവാസന്‍ അഭിനയിച്ച കഥാപാത്രം) എന്ന സിനിമാ പത്രപ്രവര്‍ത്തകനാണ്. ജെ.സി ഡാനിയേലിനെ സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കാനായി എഴുത്തിലൂടെയും, വയലാറും മലയാറ്റൂരും അടക്കമുള്ള പ്രമുഖരെ കണ്ടും ഇദ്ദേഹം നടത്തിയ ശ്രമങ്ങളും ജാതീയതയില്‍ തട്ടി വീണു. സാംസ്കാരിക സെക്രട്ടറിയായ എഴുത്തുകാരന്‍ മലയാറ്റുര്‍ രാമകൃഷ്ണനാണ് (സിനിമയില്‍ സിദ്ദീഖ്)ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഇടങ്കോലിട്ടതെന്ന് ചേലങ്ങാട് എഴുതിയത് സിനിമയിലും അതേപടി എടുത്തുപയോഗിക്കാന്‍ കാട്ടിയ തന്റേമാണ് കമലിനെ വ്യത്യസ്തനാക്കുന്നത്. അവിടയും ഇവിടെയും തൊടാതെയുള്ള നപുംസക സമാനമായ നിഷ്പക്ഷതയാണല്ലോ മുഖ്യധാരാ മലയാള സിനമയുടെയും, എന്തിന് പുതുതലമുറാ ബര്‍മുഡക്കാരുടെയും രാഷ്ട്രീയം. മലയാളത്തിലെ ആദ്യ ചലച്ചിത്രമായി പൊതുവെ അംഗീകരിക്കപ്പെട്ട ‘ബാലന്റെ സംവിധായകന്‍ എ. സുന്ദരം ബ്രാഹ്മണനാണ്. അതായത് മലയാറ്റൂരിന്‍െറ അതേ ജാതി.  ജെ.സി ഡാനിയേലാകട്ടെ നാടാറും. അയ്യര്‍ക്കുമുകളില്‍ നാടാര്‍വരുന്നതിലെ അസഹിഷ്ണുതയാണ് ജീവിച്ചിരിക്കുമ്പോള്‍ യാതൊരും അംഗീകാരവും കിട്ടാതെ മലയാളസിനിമാ പിതാവ് ദയനീയമായി മരിക്കാന്‍ കാരണമെന്ന് ഈ സിനിമ വെട്ടിത്തുറന്ന് പറയുന്നു. സമ്മതിക്കണം ആ ചങ്കൂറ്റത്തെ.
ഈ സിനിമ ഇറങ്ങിയതിനുശേഷം ചേലങ്ങാട് ഗോപാലകൃഷ്ണന്റെമകന്‍ പറഞ്ഞത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെജാതി സ്പരിറ്റും ഡാനിയേലിനെ പ്രതികൂലമായി ബാധിച്ചുവെന്ന് തന്‍െറ പിതാവ് പറയാറുണ്ടെന്നാണ്. കൊല്ലുന്ന സെക്രട്ടറിക്ക് തിന്നുന്ന മന്ത്രി!

സവര്‍ണതയുടെ കീഴ്ശ്വാസം
‘സെല്ലുലോയ്ഡില്‍’ വയലാര്‍ (വയലാറിനോട് അങ്ങേയറ്റം രൂപ സാദൃശ്യമുള്ള ഈ നടനെ കാണിക്കുമ്പോള്‍ തന്നെ തീയേറ്ററില്‍ കൂട്ട കൈയടിയാണ്) ചേലങ്ങാടനെന്ന പത്രപ്രവര്‍ത്തകനോട് പറയുന്നുണ്ട്. അയാള്‍ (രാമകൃഷ്ണ അയ്യര്‍) നല്ല എഴുത്തുകാരന്‍ തന്നെയാണെന്നതൊക്കെ ശരിയാണ്. പക്ഷേ ഇടക്കവന് സവര്‍ണന്റെവൃത്തികെട്ട കീഴ്ശ്വാസം വരുമെന്ന്. ഇന്ത്യന്‍ സിനിമയുടെ നൂറാംവാര്‍ഷികം അഘോഷിക്കുന്ന ഇക്കാലത്തും മലയാളസിനിമയില്‍നിന്ന് ഈ കീഴ്ശ്വാസം മാറിയിട്ടില്ല. ടൂറിസ്റ്റിന്റെകച്ചവടക്കണ്ണിലൂടെയും, സവര്‍ണന്റെതമ്പുരാന്‍ കാഴ്ചകളിലൂടെയുമ്മല്ലാതെ ദലിതരുടെ ഗ്രോത്രവര്‍ഗക്കാരുടെയും കഥ പറയുന്നത് എത്ര സിനമകള്‍ നമുക്കുണ്ടായിണ്ട്.
 ഹിന്ദിയില്‍ ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍വന്നു കഴിഞ്ഞു. ദലിതന്‍െറയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെയും സാസ്ക്കാരിക സ്വത്വത്തെ തമിഴനും ഒരു പരിധിവരെ അഭിസംബോധനചെയ്യുമ്പോഴാണ് പൊതുവെ പ്രബുദ്ധമെന്ന് കരുതുന്ന മലയാളി പുറന്തിരിഞ്ഞു നില്‍ക്കുന്നത്. എന്തുകൊണ്ടാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊന്നും ഒരിക്കല്‍പോലും ഒരു ദലിതന്‍െറ വേഷം ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തത്. കമലിന്റെതന്നെ ‘കറുത്ത പക്ഷികളില്‍’ മമ്മൂട്ടി ചെയ്ത തമിഴ് തൊഴിലാളിയെപ്പോലുള്ള ഒറ്റപ്പെട്ട വേഷങ്ങള്‍ ഉണ്ടായേക്കാം. ‘കറുത്തമ്മയെ’ അവതരിപ്പിക്കാന്‍ വെളുത്തു തുടുത്ത ഷീലയെ വിളിക്കേണ്ടിവന്ന അവസ്ഥ ഇന്നും തുടരുകയാണ്. ഇരുനിറമുള്ള ചാന്ദിനിയെ റോസിയാക്കാന്‍ കമലിന്റെമേക്കപ്പ്മാന് അത്രയൊന്നും ബ്ളാക്കടിക്കേണ്ടി വന്നിട്ടില്ലെന്നും ആശ്വസിക്കാം. ഓര്‍ക്കുക, വിദേശ രാജ്യങ്ങളിലും മറ്റും കറുത്ത നടികള്‍ എത്രയോ ഉള്ളപ്പോള്‍ നമുക്ക് പേരിനെങ്കിലും ഒരു കൃഷ്ണവര്‍ണത്തിലുള്ള നായികയുണ്ടോ? പഴയ വര്‍ണ വിവേചനം തന്നെയല്ലേ ഇത്. ലൈംഗികതയുടെ എല്ലാതലങ്ങളും അനാവരണം ചെയ്യുന്ന നമ്മുടെ ന്യൂ ജനറേഷന്‍ പുലികളും ഇവിടെ അറച്ചു നില്‍ക്കയാണ്. (വിവിധ ചാനലുകളില്‍ മല്‍സരിച്ചുവരുന്ന കോമഡി പരിപാടികളില്‍ കറുത്ത നിറമുള്ളവരെ ഹീനമായി പരിഹസിക്കുന്നത് അവര്‍പോലും സന്തോഷത്തോടെ കേട്ടുനില്‍ക്കുന്നത് കാണാം. അമേരിക്കയിലോ മറ്റോ ആയിരുന്നെങ്കില്‍ വംശീയ അധിക്ഷേപത്തിന്‍െറ പേരില്‍ ഇവരൊക്കെ കൂട്ടത്തോടെ ജയിലാവുമായിരുന്നു!) കേരളത്തിലെ ഭൂരിഭാഗംവരുന്ന സൗന്ദര്യക്കുറവുള്ള മനുഷ്യരെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും അവരാണ് തന്‍െറ സിനിമ വിജയിപ്പിച്ചതെന്നും  ഒരിക്കല്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ് വിടുവായത്തമായി ഇപ്പോള്‍ തോനുന്നില്ല.
സെല്ലുലോയ്ഡിന്‍െറ അവസാന സീനിലും കൃത്യമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്നുണ്ട് സംവിധായകന്‍. വര്‍ഷങ്ങള്‍ക്ക്ശേഷം കേരള സര്‍ക്കാര്‍ ജെ.സി ഡാനിയേലിനെ അംഗീകരിക്കുന്ന യോഗത്തിലേക്ക് അദ്ദേഹത്തിന്‍െറ മകന്‍ ഹാരിസ് ഡാനിയേല്‍ ബസില്‍ വരുമ്പോള്‍ കാണുന്ന കാഴ്ച, ‘ന്യൂ’ തീയേറ്റര്‍ എന്ന് പേരുമാറ്റിയ പഴയ കാപിറ്റോള്‍ തീയേറ്ററില്‍ മോഹല്‍ലാലിന്റെ‘നരസിംഹ’ത്തിന്‍െറ റിലീസും ആരാധകരുടെ ആരവവുമാണ്. ഡാനിയേലിനെ തകര്‍ത്ത സവര്‍ണത, വര്‍ഷങ്ങള്‍ക്കുശേഷം നരസിഹം മോഡല്‍ തമ്പുരാന്‍ സിനിമകളിലൂടെ ഹിസാംത്മക ഹിന്ദുത്വത്തിന് എണ്ണയൊഴിച്ച് പുതിയ രൂപത്തില്‍ വരുന്നു!

കമല്‍ എന്ന വിസ്മയം
‘നിറ’വും  ‘സ്വപ്നക്കുടും’പോലുള്ള സിനിമകള്‍ ഒരുക്കുമ്പോഴും ഗസലും, മേഘമല്‍ഹാറും, പെരുമഴക്കാലവുമൊക്കെ സമ്മാനിച്ച സംവിധായകനാണ് കമല്‍. അദ്ദേഹത്തിന്‍െറ ഒരു സിനിമ കണ്ട് അടുത്തത് ഇന്നതാവുമെന്ന് പ്രവചിക്കാനാവില്ല. നല്ലവനായ കള്ളുചെത്തുകാരനും,  പാടവും, പുഴയുമൊക്കെയുള്ള കേരളീയ ഗ്രാമങ്ങുടെ കഥകള്‍ ഒരേ പാറ്റേണിലൊരുക്കി അമ്പത് സിനിമകള്‍ പിന്നിട്ട സത്യന്‍ അന്തിക്കാടിനെപ്പോലുള്ളവരെപ്പോലെയല്ല  കമല്‍ തന്‍െറ 43ാമത്തെ ചിത്രത്തിലെത്തിനില്‍ന്നത്. സ്വയം അനുകരിച്ച് ഇല്ലാതാവാന്‍ ശ്രമിക്കാത്ത കമലൊക്കെയാണ് ശരിക്കും മലയാളത്തിലെ പുതു തലമുറ സംവിധായകര്‍ എന്ന് ‘സെല്ലുലോയ്ഡും’ അടിവരയിടുന്നു.
എടുത്തുപറയേണ്ട മറ്റൊന്ന് നായകവേഷത്തില അഭിനയിച്ച പൃഥ്വീരാജിന്‍െറ ഗംഭീര പ്രകടനമാണ്. ഡാനിയലിന്‍െറ വൃദ്ധരൂപത്തില്‍ ശബ്ദനിയന്ത്രണംപോലും കിറുകൃതം. ഫേസ്ബുക്കില്‍   നിശിതമായി  പരിഹസിക്കപ്പെട്ട ഈ നടന്‍െറ സര്‍ഗാത്മക മറുപടികൂടിയാണ് ഈ പ്രകടനം. താരജാഡയും പ്രൊഫഷനല്‍ ഈഗോയുമൊക്കെ മാറ്റിവെച്ച് കരിയറില്‍ മാത്രം കണ്ണുവെക്കാനുള്ള സല്‍ബുദ്ധി ഈ നടനുണ്ടായാല്‍ മലയാളത്തില്‍നിന്ന് ലോകമറിയുന്ന ഒരു നടന്‍ കൂടി ജനിക്കും.

ജാസി ഗിഫ്റ്റിന്‍െറ ‘ലജ്ജാവതികേട്ട്’ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത് ഏറെക്കാലത്തിനുശേഷം ഞാന്‍ ഒരു പുരുഷ ശബ്ദം കേട്ടെന്നായിരുന്നു. അതുപോലെ ‘കാറ്റേ കാറ്റേ’ എന്ന പാട്ടിലൂടെ എറെക്കാലത്തിനുശേഷം ഒരു സ്ത്രീ ശബ്ദം നാം കേള്‍ക്കയാണ്, അന്ധഗായിക വിജയലക്ഷ്മിയിലുടെ. കള്ളത്തൊണ്ടയില്‍ കാട്ടുന്ന കോപ്രായങ്ങള്‍ കേട്ടുമടുത്ത പ്രേക്ഷകര്‍ക്ക് വാതുറന്ന് പാടുന്ന പാട്ടിന്‍െറ ആലാപന സുഖം കാണിച്ചുതന്ന എം. ജയചന്ദ്രനും പ്രേക്ഷകരുടെ നന്ദിയുണ്ട്.

മാര്‍ക്കറ്റുകള്‍ തകര്‍ന്നുതന്നെ; പുതിയ ലേലനീക്കവുമായി നഗരസഭ

Posted: 21 Feb 2013 09:39 PM PST

തിരുവനന്തപുരം: നിലവിലുള്ള അപര്യാപ്തകള്‍ക്ക് പരിഹാരം കാണാതെ നഗരസഭ മാര്‍ക്കറ്റുകള്‍ പുതിയ ലേലം വിളിക്കാനൊരുങ്ങുന്നു. നഗരസഭയുടെ കീഴില്‍ 100 വാര്‍ഡുകളിലായി നിരവധി മാര്‍ക്കറ്റുകളുണ്ട്. പലതും ശോച്യാവസ്ഥയിലാണ്. ഇവ നവീകരിക്കുന്നതിന് പകരം വീണ്ടും ഉയര്‍ന്ന തുകക്ക് കരാര്‍ നല്‍കി ലാഭം കൊയ്യാനാണ് ശ്രമം. തുക ഉയര്‍ത്തി ലേലംപിടിക്കുന്ന കരാറുകാര്‍ അഴുക്ക് ജലത്തിനും മാലിന്യത്തിനും മുകളിലിരുന്ന് കച്ചവടം നടത്തുന്ന സാധാരണക്കാരെ പിഴിയുകയാണ് പതിവ്.
അരനൂറ്റാണ്ടോളം പഴക്കമുള്ള കമലേശ്വരം മാര്‍ക്കറ്റിന്‍െറ അവസ്ഥ ദയനീയമാണ്. നിലവിലുള്ള 10 കടകള്‍ പൊളിഞ്ഞു വീഴാറായ നിലയിലാണ്. എം.എല്‍.എ റോഡ് വെള്ളരിപ്പണയില്‍ 40 സെന്‍േറാളം സ്ഥലത്താണ് മാര്‍ക്കറ്റ്. നവീകരണത്തിന് 15 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പദ്ധതി ഫയലില്‍ ഉറങ്ങി. കടകളുടെ ഭിത്തികളും മേല്‍ക്കൂരയും വീഴാറായ അവസ്ഥയിലാണ്. മഴക്കാലത്ത് കടകള്‍ ചോര്‍ന്നൊലിക്കും. ചന്ത കാട്പിടിച്ച നിലയിലാണ്. റോഡിന്‍െറ ഭാഗങ്ങളിലായാണ് പലരും കച്ചവടം നടത്തുന്നത്.
വട്ടിയൂര്‍ക്കാവ് മാര്‍ക്കറ്റില്‍ മാലിന്യം ചീഞ്ഞു നാറുകയാണ്. സ്റ്റാളിന്‍െറ മേല്‍ക്കൂര തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. കുടിവെള്ള ടാപ്പ് ഉണ്ടെങ്കിലും വെള്ളം കിട്ടാറില്ല. നവീകരണത്തിനായി 25 ലക്ഷം അനുവദിച്ചെങ്കിലും ഒന്നും നടപ്പായില്ല.
ചന്തവിള, കഴക്കൂട്ടം, വിഴിഞ്ഞം വാര്‍ഡുകളിലെ പബ്ളിക് മാര്‍ക്കറ്റുകളുടെ അവസ്ഥ പരിതാപകരമാണ്. ചന്തവിള മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ കൊടുംവെയിലില്‍ ഇരുന്നാണ് കച്ചവടം നടത്തുന്നത്. പഞ്ചായത്തില്‍നിന്ന് നഗരസഭയില്‍ എത്തിയിട്ടും മാര്‍ക്കറ്റിന് ഒരു മാറ്റവുമുണ്ടായില്ല.
ആയിരക്കണക്കിന് കച്ചവടക്കാര്‍ ഉപജീവിതം നടത്തുന്ന കഴക്കൂട്ടം മാര്‍ക്കറ്റിലും വികസനം പുറംതിരിഞ്ഞ് നില്‍ക്കുന്നു. കഴിഞ്ഞവര്‍ഷം 10 ലക്ഷം രൂപക്ക് മുകളില്‍ ലേലം പോയ മാര്‍ക്കറ്റില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ബയോഗ്യാസ് പ്ളാന്‍റിന്‍െറ നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. തീരദേശ വികസന കോര്‍പറേഷന്‍െറ ഫണ്ട് ഉപയോഗിച്ച് മാര്‍ക്കറ്റ് നവീകരിക്കുമെന്നത് പ്രഖ്യാപനം മാത്രമായി.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ മത്സ്യങ്ങള്‍ കച്ചവടം ചെയ്യാന്‍ ആമ്പല്‍ക്കുളത്ത് വിഴിഞ്ഞം പഞ്ചായത്ത് നിര്‍മിച്ച പബ്ളിക് മാര്‍ക്കറ്റും കടമുറികളും കാടുപിടിച്ച് കിടക്കുകയാണ്. ഇതില്‍ പല കടമുറികളും തുച്ഛ വാടകയ്ക്ക് സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം എട്ട് ലക്ഷം രൂപക്ക് ലേലം പോയ ശ്രീകാര്യം മാര്‍ക്കറ്റില്‍ നഗരസഭ അഞ്ചരലക്ഷം മുടക്കി നവീകരണം നടത്തിയെങ്കിലും കച്ചവടക്കാര്‍ക്ക് ഗുണകരമായില്ല.
കരമന മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ നില്‍ക്കുന്ന തറ പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഓട പൊളിഞ്ഞ് മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. മാര്‍ക്കറ്റ് നവീകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ നിരവധി പദ്ധതികള്‍ സമര്‍പ്പിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന കളിപ്പാംകുളം മാര്‍ക്കറ്റിന് മേല്‍ക്കൂര പോലുമില്ല.
 

പണിമുടക്ക് പൂര്‍ണം

Posted: 21 Feb 2013 09:35 PM PST

കൊല്ലം: സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണമായിരുന്നു. മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. ചെറിയ അനിഷ്ടസംഭവങ്ങളൊഴികെ ജില്ലയില്‍ സമാധാനപരമായിരുന്നു.
ശാസ്താംകോട്ട പോരുവഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹാജരായ അധ്യാപകനെ സമരാനുകൂലികള്‍ മര്‍ദിച്ചു. വിവിധ ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സര്‍വീസ് നടത്തിയില്ല. റെയില്‍വേ സ്റ്റേഷനിലെത്തിയവര്‍ മറ്റുവാഹനങ്ങള്‍ ലഭിക്കാതെ വലഞ്ഞു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.സമരസമിതിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റ്ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എന്‍.കെ. പ്രേമചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. എന്‍. അഴകേശന്‍ (ഐ. എന്‍.ടി.യു.സി) അധ്യക്ഷനായിരുന്നു.
എന്‍. പത്മലോചനന്‍, അഡ്വ. ഇ. ഷാനവാസ്ഖാന്‍, കെ. തുളസീധരന്‍ (സി.ഐ.ടി.യു), അയത്തില്‍ തങ്കപ്പന്‍ (ഐ.എന്‍. ടി.യു.സി), എ.എ. അസീസ് എം.എല്‍.എ, പി. പ്രകാശ്ബാബു (യു.ടി.യു.സി), ഫസലുദീന്‍ ഹക്ക് (എ.ഐ.ടി.യു.സി), ശിവജി സുദര്‍ശനന്‍, പ്ളാസിഡ് (ബി.എം.എസ്), കക്കാകുന്ന് ഉസ്മാന്‍ (എസ്.യു.ടി.യു), പ്രശാന്തകുമാര്‍ (എ.ഐ.യു.ടി.യു.സി), സുരേഷ്ശര്‍മ (ടി.യു.സി.ഐ), എസ്. ചെട്ടിയാര്‍ (കെ.ടി.യു.സി), രാജലക്ഷ്മി, സുരേഷ് (ബെഫി), മുരളീകൃഷ്ണന്‍ (കെ.എസ്.എഫ്.ഇ), അഡ്വ. ഫിലിപ്പ് കെ. തോമസ് (യു.ടി.യു.സി), ടി. വേണുഗോപാല്‍ (സി.ഐ.ടി.യു), ടി.കെ. സുള്‍ഫി, എ.എം. ഇക്ബാല്‍, ജി. വേണുനാഥന്‍, എന്‍. ശിശുപാലന്‍, എസ്. രാജ്മോഹന്‍, പി. സഹദേവന്‍, ഡി. രാധാകൃഷ്ണന്‍, ടി.സി. വിജയന്‍, പി. രഘുനാഥന്‍, ഭാര്‍ഗവന്‍, ബേസില്‍ലാല്‍, എസ്. രാധാകൃഷ്ണന്‍, നാസര്‍ എന്നിവര്‍ സംബന്ധിച്ചു.
കരുനാഗപ്പള്ളി:  സിവില്‍സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫിസുകളിലും താലൂക്കോഫിസിലും ഏറെക്കുറേ ജീവനക്കാര്‍ ഹാജരായെല്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. എന്നാല്‍ കോടതികള്‍ പ്രവര്‍ത്തിച്ചു. സ്കൂളുകളില്‍ അധ്യാപകര്‍ എത്തിയെങ്കിലും ചില സ്കൂളുകളുടെ ഹാജര്‍നില കുറവായിരുന്നു. ചില സ്കൂളുകളില്‍ അധ്യയനം നടന്നില്ല. കെ.എസ്.ആര്‍.ടി.സി -സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ പണിമുടക്കനുകൂലികള്‍ വഴിയില്‍ തടഞ്ഞ് പരിശോധിച്ചു. ഉച്ചക്ക് 12.30 ഓടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സീന സഞ്ചരിച്ച കാറിന് കല്ലേറില്‍ കേടുപാട് സംഭവിച്ചു.
ഫെഡറല്‍ ബാങ്കിന് സമീപം ഒരു കാറിന് കല്ലെറിഞ്ഞെങ്കിലും അപകടമില്ല. ചെറിയ ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ച് പണിമുടക്ക് പൊതുവേ സമാധാനപരമായിരുന്നു. വിവിധ യൂനിയനുകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും കരുനാഗപ്പള്ളി പോസ്റ്റോഫിസിന് സമീപം യോഗവും നടന്നു. കൈതവനതറ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എ.എ. അസീസ് അധ്യക്ഷത വഹിച്ചു. കമറുദ്ദീന്‍ മുസ്ലിയാര്‍, വി. ഹരിലാല്‍, പി.കെ. ബാലചന്ദ്രന്‍, വി. സദാനന്ദന്‍, പങ്കജാക്ഷന്‍, സുധീഷ്, എം.എസ്. ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
 

പണിമുടക്ക്: ആവേശം കൂടി രണ്ടാം ദിനം

Posted: 21 Feb 2013 09:32 PM PST

തൊടുപുഴ: ദേശീയ പണിമുടക്കിന്‍െറ രണ്ടാം ദിനമായ വ്യാഴാഴ്ചയും ജില്ല പൂര്‍ണമായും സ്തംഭിച്ചു. ഭൂരിപക്ഷ സര്‍ക്കാര്‍ ഓഫിസുകളും സ്കൂളുകളും അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
ജില്ലയില്‍ പണിമുടക്ക് രണ്ടാം ദിവസവും സമാധാനപരമായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. പണിമുടക്കിന്‍െറ ആദ്യ ദിനമായ ബുധനാഴ്ച അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെങ്കിലും വ്യാഴാഴ്ച നഗരത്തില്‍ വാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പോസ്റ്റ് ഓഫിസ് അടക്കമുള്ളവക്കും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ആദ്യ ദിനത്തേക്കാള്‍ സമരം ജില്ലയെ നിശ്ചലമാക്കിയത് രണ്ടാം ദിവസമായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി അടക്കമുള്ള സര്‍വീസുകള്‍ പണിമുടക്കില്‍ പങ്കാളികളായത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. നഗരത്തിലെ ആശുപത്രികളില്‍ കഴിയുന്നവരും ലോഡ്ജുകളില്‍ താമസിക്കുന്നവരുമാണ് പണിമുടക്കില്‍ ഏറെ വലഞ്ഞത്. പലരും വീടുകളില്‍ നിന്നാണ് ഭക്ഷണ സാധനങ്ങളടക്കം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എത്തിച്ചത്്. പെട്രോള്‍ പമ്പുകള്‍ കൂടി അടച്ചിട്ടതോടെ ഗ്രാമപ്രദേശങ്ങളിലടക്കം ഇരുചക്ര വാഹനങ്ങള്‍ ഓടിയില്ല.
ആദ്യ ദിനം ഗ്രാമീണ പ്രദേശങ്ങളില്‍ പണിമുടക്ക് ബാധിച്ചെങ്കിലും രണ്ടാം ദിനം ഗ്രാമീണ മേഖല സ്തംഭിച്ചു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ തൊടുപുഴ, ചെറുതോണി, കട്ടപ്പന, നെടുങ്കണ്ടം, കുമളി, വണ്ടിപ്പെരിയാര്‍, മൂന്നാര്‍, പീരുമേട് എന്നീ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. ജില്ലയില്‍ രണ്ടാം ദിനം 42 ശതമാനം പേര്‍ ജോലിക്ക് ഹാജരായതായാണ് സ്പെഷല്‍ ബ്രാഞ്ചിന്‍െറ കണക്ക്. 24 ശതമാനം പേര്‍ക്ക് അവധി നല്‍കിയിരുന്നു. 34 ശതമാനം പണിമുടക്കില്‍ പങ്കാളികളായി. ഇടുക്കി കലക്ടറേറ്റില്‍ ആകെയുള്ള 118 ജീവനക്കാരില്‍ നാല് പേരാണ് വ്യാഴാഴ്ച ഹാജരായത്. 49 പേര്‍ ലീവെടുത്തു.
കട്ടപ്പന: പണിമുടക്ക് മലയോര മേഖലയില്‍ രണ്ടാംദിനവും പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളൊഴിച്ച് മറ്റ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു. സ്കൂള്‍, കോളജ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി. ഇവ തടഞ്ഞ പണിമുടക്ക് അനുകൂലികള്‍ അല്‍പ്പസമയത്തിന് ശേഷം വിട്ടയച്ചു.എന്നാല്‍, അതിര്‍ത്തിക്കപ്പുറത്ത് തമിഴ്നാട്ടില്‍ പണിമുടക്ക് ബാധിച്ചതേയില്ല.
 

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധം

Posted: 21 Feb 2013 09:27 PM PST

കോഴഞ്ചേരി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ആറന്മുള വിമാനത്താവളത്തിന് തത്ത്വത്തില്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രകടനം നടത്തി. എ.കെ. ആന്‍റണിയുടെയും പി.ജെ. കുര്യന്‍െറയും കോലങ്ങള്‍ കത്തിച്ചു. നിയമലംഘനം മാത്രം നടത്തുന്ന സ്വകാര്യ കമ്പനിക്കു വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ജനദ്രോഹ നടപടികളുടെ പുതിയ പതിപ്പായി മാത്രമേ നയപ്രഖ്യാപനത്തെ കാണൂവെന്നും ഏതൊക്കെ അനുമതികള്‍ ആരൊക്കെ നല്‍കിയാലും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ കമ്പനിയെ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പ്രഖ്യാപിച്ചു. തറയില്‍ ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പ്രകടനത്തിനു ശേഷം ആറന്മുള ഐക്കര ജങ്ഷനില്‍ കൂടിയ പൊതുയോഗം പൈതൃകഗ്രാമ കര്‍മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആറന്മുളയില്‍ വിമാനത്താവളം എന്നത് സ്വപ്നമായി അവശേഷിക്കുക മാത്രമേയുള്ളൂ എന്നും സമരത്തില്‍ ജനം രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി മുന്നേറുമെന്നും പത്മകുമാര്‍ പറഞ്ഞു. പ്രകടനത്തിലും സമ്മേളനത്തിലും ആര്‍.എസ്.എസ് ക്ഷേത്രീയ ശാരീരിക് പ്രമുഖ് എ.എം. കൃഷ്ണന്‍, സംസ്ഥാന സഹസേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, പൈതൃകഗ്രാമ കര്‍മസമിതി പ്രസിഡന്‍റ് കെ. ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ഷാജി, കണ്‍വീനര്‍മാരായ എന്‍.കെ. നന്ദകുമാര്‍, കെ.എ. വിജയകുമാര്‍,പി.ആര്‍. രാധാകൃഷ്ണന്‍, പള്ളിയോട - പള്ളിവിളക്ക് സംരക്ഷണ വേദി കണ്‍വീനര്‍ പി. ഇന്ദുചൂഡന്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എം. ഗോപി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് അജിത് പുല്ലാട്, പ്രകൃതി സംരക്ഷണ സൗഹൃദവേദി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  പത്തനംതിട്ട ഡിവൈ.എസ്.പി ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തില്‍  വന്‍ പൊലീസ് സന്നാഹം ആറന്മുളയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ  നേതൃത്വത്തിലും ആറന്മുളയില്‍ പ്രകടനം നടത്തി. പ്രകടനമായെത്തി കെ.ജി.എസ് ഗ്രൂപ് പടിക്കലത്തി പ്രതിഷേധയോഗം ചേര്‍ന്നു. ബ്ളോക് പഞ്ചായത്ത് അംഗവും ജില്ലാ കമ്മിറ്റിയംഗവുമായി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. ആര്‍. ശരച്ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. എ.കെ. മുരളീധരക്കുറുപ്പ്, വത്സമ്മ മാത്യു,എം.എസ്. പ്രകാശ്കുമാര്‍, പി.പി. ശശി, പ്രഭാകരന്‍ ആശാരി, അജിത്കുമാര്‍, രാമചന്ദ്രന്‍ ആചാര്യ എന്നിവര്‍ സംസാരിച്ചു.
 

ജീവനക്കാരെ ഞെട്ടിച്ച് കല്ലും കരിഓയിലും

Posted: 21 Feb 2013 09:24 PM PST

കോട്ടയം: വലിയ ശബ്ദത്തോടെ ജില്ലാ വ്യവസായ ഓഫിസിലേക്ക് കരിഓയില്‍ നിറച്ച കുപ്പിയും കല്ലുകളും വന്നുവീണതോടെ ജീവനക്കാര്‍ ഞെട്ടി.
പൊട്ടിച്ചിതറിയ ജനല്‍ച്ചില്ലുകളും കരിഓയിലും ബഹുനിലമന്ദിരത്തിനു മുകളിലെയും താഴത്തെയും നിലകളിലെ മുറികളിലേക്ക് പടര്‍ന്നത് പരിഭ്രാന്തി പരത്തി.
ജനവാസകേന്ദ്രമല്ലാത്ത പ്രദേശത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം കുലുക്കി ഭൂചലനമാണോയെന്നാണ് ജീവനക്കാര്‍ ആദ്യം ഭയന്നത്. കെട്ടിടത്തിനു പിന്നിലെ മോട്ടോര്‍പുരയുടെ മുകളില്‍നിന്ന് രണ്ടുപേര്‍ മതില്‍ചാടി കടന്ന് രക്ഷപ്പെടുന്നത് കണ്ടതോടെയാണ് ആസൂത്രിത ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്.
വ്യവസായകേന്ദ്രം മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ കാബിനില്‍ ജോലിചെയ്യുന്നതിനിടെയാണ് പിന്നില്‍നിന്ന് വന്‍ശബ്ദത്തോടെ ആക്രമണമുണ്ടായത്.
ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറുകയും ദേഹത്തേക്ക് കരിഓയില്‍ വീഴുകയും ചെയ്തു. കസേരയിലിരുന്ന് കറങ്ങികൊണ്ടിരുന്ന ഫാനിലേക്കാണ് ആദ്യം നോക്കിയതെന്ന് അദ്ദേഹം പറയുന്നു.  അടുത്തകാബിനില്‍ ശ്രദ്ധിച്ചു. എന്താണെന്ന് മനസ്സിലാകാതെ, അടുത്തുകൂടിയ ജീവനക്കാര്‍ പരിക്കുണ്ടോയെന്ന് ചോദിച്ചാണ് എതിരേറ്റത്.
ഇതിനിടെ, താഴത്തെ നിലയിലുണ്ടായിരുന്ന ജീവനക്കാരിയുടെ ദേഹത്തും സമാനരീതിയില്‍ കരിഓയില്‍ വീഴുകയും ചില്ലുകള്‍ പൊട്ടിച്ചിതറുകയും ചെയ്തതായി അറിഞ്ഞതോടെയാണ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ ഫോണ്‍ ചെയ്ത് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP