സ്വാഗതം
WELCOME

News Update..

Saturday, February 21, 2015

പച്ചക്കറിവില കുറഞ്ഞിട്ടും ഹോട്ടല്‍ ഭക്ഷണത്തിന് തീവില Madhyamam News Feeds

പച്ചക്കറിവില കുറഞ്ഞിട്ടും ഹോട്ടല്‍ ഭക്ഷണത്തിന് തീവില Madhyamam News Feeds

Link to

പച്ചക്കറിവില കുറഞ്ഞിട്ടും ഹോട്ടല്‍ ഭക്ഷണത്തിന് തീവില

Posted: 21 Feb 2015 12:48 AM PST

കൊച്ചി: പച്ചക്കറികള്‍ക്കും പാചകവാതകത്തിനും വിലകുറഞ്ഞിട്ടും ഹോട്ടലുകളില്‍ കൂടിയ വിലയില്‍ മാറ്റമില്ല. ഹോട്ടലുകളെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരാണ് തീവില കാരണം നട്ടംതിരിയുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷം മുമ്പ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും പ്രഖ്യാപനം പിന്നീട് കടലാസിലൊതുങ്ങി. പലയിടങ്ങളില്‍ പേരിന് തുടങ്ങിയ ന്യായവില ഹോട്ടലുകള്‍ പിന്നീട് അധികാരികള്‍ പോലും അറിയാതെ അടച്ചുപൂട്ടി. ഫലത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ ഹോട്ടലുകളിലെ കഴുത്തറുപ്പന്‍ വില ഭക്ഷണത്തിന് നല്‍കി കടുത്ത ചൂഷണത്തിനിരയാകുകയാണ്. വില കൂടിയ മീനും ഇറച്ചിയുമൊക്കെ ഒഴിവാക്കിയ സാധാരണ ഊണിന് പോലും ചെറുകിട ഹോട്ടലുകളില്‍ ശരാശരി 50 രൂപയാണ് വില. മുന്തിയ ഹോട്ടലുകളില്‍ ഊണിന് മാത്രം 100-150 രൂപ വില വരും.
ഒട്ടുമിക്ക പച്ചക്കറികളുടെയും വില ശരാശരി 20 രൂപ നിലവാരത്തിലാണ്. വെണ്ടക്ക, അച്ചിങ്ങ, ബീറ്റ്റൂട്ട് എന്നിവക്ക് ശരാശരി 12 രൂപയും തക്കാളി, പടവലങ്ങ, ക്വാളിഫ്ളവര്‍ തുടങ്ങിയവക്കെല്ലാം കിലോക്ക് 15 രൂപയുമാണ് ചില്ലറവില. പൊള്ളുന്ന വിലയുണ്ടായിരുന്ന പച്ചമാങ്ങവില കുത്തനെ കുറഞ്ഞ് 40 രൂപയായി. കഴിഞ്ഞ മാസം വരെ പച്ചമാങ്ങ കിലോക്ക് 150 രൂപയായിരുന്നു.നാടന്‍ മാങ്ങ വിപണിയിലത്തെിയതോടെയാണ് അന്യ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്നിരുന്ന മാങ്ങയുടെ വില കുത്തനെ കുറയാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ സംസ്ഥാനത്ത് പച്ചക്കറിവില കൂടുതലായിരുന്നു.
കേരളത്തില്‍നിന്ന് കൂടുതല്‍ പച്ചക്കറിവില ലഭിക്കുമെന്ന പ്രതീക്ഷയില്‍ തമിഴ്നാട്ടില്‍ പച്ചക്കറി ഉല്‍പാദനം കൂട്ടിയതും സംസ്ഥാനത്ത് പച്ചക്കറികള്‍ വ്യാപകമായതുമാണ് വിലയിടിയാന്‍ പ്രധാന കാരണം. മണ്ഡലകാലം കഴിഞ്ഞതും വില കുറയാന്‍ കാരണമായിട്ടുണ്ട്.
പച്ചക്കറികളില്‍ വിഷം തളിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ തമിഴ്നാടന്‍ പച്ചക്കറിക്ക് ഡിമാന്‍ഡ് കുറയാന്‍ കാരണമായി. തമിഴ്നാട്ടില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ മികച്ച വിളവ് ലഭിച്ചതും സംസ്ഥാനത്ത് പച്ചക്കറിവില കുറയാന്‍ ഇടയാക്കി.
അതേസമയം സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കപ്പകൃഷിയിറക്കിയ കര്‍ഷകരാണ് ഇത്തവണ പ്രതിസന്ധിയിലായത്. മികച്ച വിളവുണ്ടായിട്ടും കപ്പവില കുത്തനെ കുറഞ്ഞു. നൂറു രൂപക്ക് മൂന്നും നാലും കിലോ നല്‍കിയാണ് കപ്പ വിറ്റഴിക്കുന്നത്. അതേസമയം ഹോട്ടലുകളിലെ ഇഷ്ടവിഭവമായ കപ്പവിഭവങ്ങളുടെ വില കുറഞ്ഞിട്ടില്ല. മുന്‍കാലങ്ങളില്‍ അന്യസംസ്ഥാന പച്ചക്കറികള്‍ വ്യാപകമായതോടെ ന്യായവില പോലും കിട്ടാതെ നാടന്‍ കര്‍ഷകര്‍ ഉല്‍പാദന മേഖലയില്‍നിന്ന് പിന്മാറാനും ഇടയാക്കിയിരുന്നു. നാടന്‍ പച്ചക്കറികള്‍ക്ക് കൂടുതല്‍ വില ഈടാക്കിയത് ഉപഭോക്താക്കള്‍ പിന്തിരിയാനും കാരണമായി.
മത്സ്യത്തിനും ഇറച്ചിക്കുമൊക്കെ വില കൂടിയെങ്കിലും പച്ചക്കറിവില കുത്തനെ കുറഞ്ഞതാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായത്.

സമ്മേളനത്തിനിടയില്‍ വി.എസ് ഇറങ്ങിപ്പോയി

Posted: 20 Feb 2015 11:36 PM PST

Image: 

ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളനത്തിനിടയില്‍ നിന്ന് കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയി. സമ്മേളനത്തിന്‍്റെ രണ്ടാം ദിവസം സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ആരംഭിച്ച് തൊട്ടു പിന്നാലെയാണ് അദ്ദേഹം ഇറങ്ങിപ്പോയത്. ഹാളില്‍ നിന്നിറങ്ങി പുന്നപ്രയിലെ വീട്ടിലേക്കു പോയ വി.എസ് മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. വി.എസിനോട് അടുപ്പമുള്ള കുറച്ചു പാര്‍ട്ടിക്കാരും സ്ഥലത്തുണ്ട്.വൈകുന്നേരം വി.എസ് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കാലത്ത് കണ്ട് തന്‍്റെ കത്തിന്മേല്‍ പി.ബി യുടെ തീരുമാനം അറിയിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടിരുന്നു . പി.ബി ചേര്‍ന്ന ശേഷം അറിയിക്കാമെന്നായിരുന്നു കാരാട്ടിന്‍്റെ മറുപടി. സീതാറാം യെച്ചൂരിയുമായി ബന്ധപ്പെട്ടപ്പോഴും തൃപ്തികരമായ മറുപടിയല്ല വി.എസിന് ലഭിച്ചത്. മുമ്പ് വി.എസ് എടുക്കുന്ന രാഷ്ര്ടീയ നിലപാടുകളില്‍ അനുഭാവ സമീപനം പ്രകടിപ്പിക്കുന്ന ആളായിരുന്നു യെച്ചൂരി. സമ്മേളനത്തില്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് വി.എസ് കൃഷ്ണപിള്ള നഗരി വിട്ടത്. കാലത്ത് സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ച ആരംഭിച്ചത് വി എസിനെതിരെ നിശിത വിമര്‍ശം ഉയര്‍ത്തികൊണ്ടായിരുന്നു. കുറച്ചു നേരം ഇതു കേട്ടിരുന്ന ശേഷം ഹാളില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു. നിങ്ങള്‍ തീരുമാനം എടുക്കൂ, ഞാന്‍ പോകുന്നു എന്ന് കാരാട്ടിനോട് പറഞ്ഞ ശേഷമാണ് ഇറങ്ങിയത്.

വൈകുന്നേരം വി എസ് വാര്‍ത്താ സമ്മേളനം വിളിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് വാതില്‍ തുറക്കുന്നതിനു തുല്യമാകുമെന്നാണ് രാഷ്ര്ടീയ കേന്ദ്രങ്ങളുടെ നിഗമനം.

തനിക്ക് കേന്ദ്ര കമ്മിറ്റി അംഗം, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ  സ്ഥാനങ്ങളൊന്നും വേണ്ടെന്ന് വി.എസ് പ്രകാശ് കാരാട്ടിനെ അറിയിച്ചിട്ടുണ്ട്. കൊലയാളി പാര്‍ട്ടി എന്ന ദുഷ്പേര് മാറി കിട്ടാന്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധമുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക, ഘടക കക്ഷികളോടുള്ള സമീപനം മാറ്റുക തുടങ്ങിയവയാണ് വി.എസ് ഉന്നയിച്ച ആവശ്യങ്ങള്‍. ഇതിനു പാര്‍ട്ടി തയ്യാറല്ളെങ്കില്‍ താന്‍ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

 

 

പൊതുഗതാഗതത്തിന്‍െറ പ്രാധാന്യം വിളിച്ചോതി ബസ് ഡേ

Posted: 20 Feb 2015 11:21 PM PST

മലപ്പുറം: കേരളത്തിന്‍െറ ആദ്യ ബസ്യാത്രയുടെ സ്മരണയില്‍ 'ആരോഗ്യകരമായ പൊതുഗതാഗതം, പൊതുജനാരോഗ്യത്തിന്' എന്ന സന്ദേശവുമായി കെ.എസ്.ആര്‍.ടി.ഇ.എയുടെ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വെള്ളിയാഴ്ച 'ബസ് ഡേ' ആചരിച്ചു.
പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. കവി മണമ്പൂര്‍ രാജന്‍ബാബു, കൗണ്‍സിലര്‍ പാലോളി കുഞ്ഞിമുഹമ്മദ്, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എ. ബാബുരാജ് സ്വാഗതവും കെ. പ്രസേനചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസ് ഡേ ആചരണം നഗരസഭാ ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.ഇ.എ ഏരിയാ സെക്രട്ടറി കെ.ടി. സെയ്ത് അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. ശ്രീധരന്‍, അഗ്രികള്‍ച്ചറല്‍ ബാങ്ക് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വി.കെ. സുരേന്ദ്രന്‍ സ്വാഗതവും എ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു. യാത്രക്കാര്‍ക്ക് മിഠായി വിതരണവും നടന്നു.
പൊന്നാനി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ബസ് ഡേ ആചരിച്ചു. തഹസില്‍ദാര്‍ ഷിബു പി. പോള്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ പ്രതിപക്ഷ നേതാവ് സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
എ.കെ. മുഹമ്മദുണ്ണി, അഡ്വ. ഇ. സിന്ധു, പി.വി. അയ്യൂബ്, എ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. തഹസില്‍ദാറടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തു.

കോഴിക്കോട് വിമാനത്താവള റണ്‍വേ അടച്ചിടാനുള്ള നീക്കം വിവാദമാകുന്നു

Posted: 20 Feb 2015 11:05 PM PST

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തെ അന്തര്‍ദേശീയ പദവി നഷ്ടപ്പെടുത്തി ആഭ്യന്തര വിമാനത്താവളമാക്കി മാറ്റാന്‍ നീക്കമെന്ന് ആരോപണമുയരുന്നു.
ഇതിനാണ് റണ്‍വേ ബലപ്പെടുത്തുന്നതിന്‍െറ മുന്നോടിയായി കോഴിക്കോട് വിമാനത്താവളം മേയ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31വരെയുള്ള ആറുമാസം ഭാഗികമായി അടക്കുന്നതെന്നും ആരോപണമുണ്ട്.
ഈ നീക്കം വിവാദമായതോടെ, ഇക്കാര്യം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയതായി മലബാര്‍ ഡെവലപ്മെന്‍റ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എയര്‍ബസ് 330, 747, ബി777 തുടങ്ങിയ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിരോധിക്കാനുള്ള നീക്കം പുന$പരിശോധിക്കണം. യാത്രാദുരിതം ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി, വ്യോമയാനമന്ത്രി, നാഷനല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍, ചെന്നൈ റീജനല്‍ ഡയറക്ടര്‍, കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍, കേരള മുഖ്യമന്ത്രി, കേരളത്തില്‍നിന്നുള്ള എം.പിമാര്‍ എന്നിവര്‍ക്ക് അടിയന്തര നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി കേരളസര്‍ക്കാറും കേരളത്തില്‍നിന്നുള്ള എം.പിമാരും ഇടപെട്ട് ആവശ്യമായ ക്രമീകരണം നടത്തി യാത്രാക്ളേശം ദൂരീകരിക്കാനും കാര്‍ഗോവഴി ചരക്കുനീക്കം തടയാതിരിക്കാനും ഫലപ്രദമായ ശ്രമം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ കോഴിക്കോട് സോണ്‍ പ്രസിഡന്‍റ് ഡോ. കെ. മൊയ്തു, ചാക്കുണ്ണി, രാജന്‍ തിയറത്തേ്, എം.വി. മാധവന്‍, അഡ്വ. എം.കെ. അയ്യപ്പന്‍, എന്നിവര്‍ സംസാരിച്ചു.

പാകിസ്താന് വീണ്ടും തോല്‍വി

Posted: 20 Feb 2015 09:38 PM PST

Image: 

ക്രൈസ്റ്റ് ചര്‍ച്ച്: അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ കണ്ട വെസ്റ്റിന്‍ഡീസ് ആയിരുന്നില്ല ഇന്ന് പാകിസ്താനോട് കളിച്ചത്. ജയിക്കാനുറച്ച് കളത്തിലിറങ്ങിയ വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ പാകിസ്താനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച കളി പുറത്തെടുത്ത കരീബിയന്‍ ടീം പാകിസ്താനെ 150 റണ്‍സിന് തകര്‍ത്തു.

311 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 39 ഓവറില്‍ 160 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യത്തെ നാല് ഓവറില്‍ നാല് വിക്കറ്റാണ് പാകിസ്താന് നഷ്ടപ്പെട്ടത്. ഈ സമയത്ത് ഒരു റണ്‍സായിരുന്നു പാകിസ്താന്‍െറ സമ്പാദ്യം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം നാലാം വിക്കറ്റ് സ്കോറാണ് ഇത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ടെയ് ലറാണ് കരീബിയന്‍ ആക്രമണത്തിന് തുടക്കമിട്ടത്. പാക് നിരയില്‍ നാസിര്‍ ജംഷിദ്, യൂനുസ് ഖാന്‍, ഹാരിസ് സുഹൈല്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.

പിന്നീട് ഇറങ്ങിയ ഉമര്‍ അകമലും (59) ശുഐബ് മഖ്സൂദും (50) പാകിസ്താന് പ്രതീക്ഷ നല്‍കി. എന്നാല്‍ വിന്‍ഡീസ് സ്കോര്‍ മറികടക്കാന്‍ ഇവരുടെ പ്രകടനം മതിയായിരുന്നില്ല. ഷാഹിദ് അഫ്രിദി 26 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് ഏഴ് റണ്‍സെടുത്ത് പുറത്തായി. വിന്‍ഡീസിനുവേണ്ടി ടെയ് ലര്‍, റസല്‍ എന്നിവര്‍ മൂന്നും ബെന്‍ രണ്ടും ഹോള്‍ഡറും സമ്മിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബാറ്റിങ്ങിലും തിളങ്ങിയ റസലാണ് മാന്‍ ഓഫ് ദി മാച്ച്.

ക്രൈസ്റ്റ് ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി യില്‍ വിന്‍ഡീസിനെതിരെ പാകിസ്താന് ബാറ്റിങ് തകര്‍ച്ച. 25 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്. നാല് ഓവറുകള്‍ക്കിടെ നാലു വിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി. ഒരു ഘട്ടത്തില്‍ ഒരു റണ്‍സിന് നാല് വിക്കറ്റ് എന്ന അവസ്ഥയിലായിരുന്നു പാകിസ്താന്‍. നാസിര്‍ ജംഷിദ്, യൂനുസ് ഖാന്‍, ഹാരിസ് സുഹൈല്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 310 റണ്‍സെടുത്തത്. വിന്‍ഡീസ് നിരയില്‍ രാംദിന്‍ (51), സിമ്മണ്‍സ് (50) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. വെറും 13 പന്തുകള്‍ നേരിട്ട് 42 റണ്‍സ് അടിച്ചുകൂട്ടിയ ആന്ദ്രെ റസലാണ് വിന്‍ഡീസ് സ്കോര്‍ 300 കടത്തിയത്. മൂന്ന് ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു റസലിന്‍െറ ഇന്നിങ്സ്. 49 റണ്‍സെടുത്ത ഡാരന്‍ ബ്രാവോ പരിക്ക് പറ്റി മടങ്ങുകയായിരുന്നു. പാകിസ്താന് വേണ്ടി ഹാരിസ് സുഹൈല്‍ രണ്ടും വഹാബ് റിയാസ്, സുഹൈല്‍ ഖാന്‍, ഇര്‍ഫാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടിയ പാകിസ്താന്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. ടീം ടോട്ടല്‍ 17 റണ്‍സെടുത്തു നില്‍ക്കുന്നതിനിടെ അപകടകാരിയായ ക്രിസ് ഗെയ്ല്‍ പുറത്തായി. ഇര്‍ഫാനായിരുന്നു വിക്കറ്റ്. 14 പന്തില്‍ വെറും നാല് റണ്‍സെടുത്ത ഗെയ്ല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി. ഇന്നിങ്സിന്‍െറ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും പാകിസ്താന്‍െറ മോശം ഫീല്‍ഡിങ് വിന്‍ഡീസിനെ സഹായിക്കുകയായിരുന്നു. നാല് തവണ വിന്‍ഡീസ് കളിക്കാരുടെ ക്യാച്ച് അവസരങ്ങള്‍ പരിചയസമ്പന്നനായ അഫ്രിദി അടക്കമുള്ളവര്‍ തുലക്കുകയായിരുന്നു.

അവസാന ഓവറുകളില്‍ റസലിന് സിമ്മണ്‍സും പിന്തുണ നല്‍കി. നാലു ബൗണ്ടറികളും രണ്ടു സിക്സറുകളും അടക്കം സിമ്മണ്‍സ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി നേടി. ഈ ലോകകപ്പിലെ ടോപ്സ്കോറര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് സിമ്മണ്‍സ്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ഒന്നാം സ്ഥാനത്ത്.

നവാസ് നിസാര്‍ ഇനി നീറുന്ന ഓര്‍മ

Posted: 20 Feb 2015 09:17 PM PST

Image: 

ന്യൂഡല്‍ഹി: അന്ധകാരം നിറഞ്ഞ കണ്ണുകളെ വിദ്യാഭ്യാസ വെളിച്ചം കൊണ്ട് അതിജീവിച്ച് ഇച്ഛാശക്തിയുടെ പ്രതീകമായി മാറിയ നവാസ് നിസാര്‍ ഇനി വേദനിപ്പിക്കുന്ന ഓര്‍മ. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് പെട്ടെന്നുണ്ടായ ബോധക്ഷയത്തില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവാസ് ശനിയാഴ്ച രാവിലെ 9.30ന് അന്തരിച്ചു.

ഡല്‍ഹി സര്‍വകലാശാലാ ദയാല്‍സിങ് കോളജ് രാഷ്ട്രമീമാംസ വിഭാഗം അസിസ്റ്റന്‍റ് പ്രഫസറാണ് നവാസ് നിസാര്‍ (31 ). അന്തര്‍ദേശീയ വിഷയങ്ങളില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ്. വടകരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളജ്, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല എന്നിവിടങ്ങളിലായി പി.എച്ച്.ഡി വരെ നീണ്ട പഠനത്തിനു ശേഷം 2009ലാണ് ഡല്‍ഹിയില്‍ അധ്യാപക ജീവിതം തുടങ്ങിയത്.

കോഴിക്കോട് വടകര കൊയിലാണ്ടി വളപ്പില്‍ കെ.കെ നിസാറിന്‍െറയും സഫിയയുടെയും മകനാണ്. പെരിന്തല്‍മണ്ണ ചെറുകരയില്‍ മുഹമ്മദിന്‍െറ മകള്‍ ഫസീലയാണ് ഭാര്യ. മൂന്നു വയസുകാരന്‍ അബുല്‍ കലാം, എട്ടു മാസം പ്രായമുള്ള ആസ്യ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: മുഹമ്മദ് യൂസഫ് (ഡല്‍ഹി സെന്‍റ് സ്റ്റ്ഫീഫന്‍സ് കോളജ് ഹിസ്റ്ററി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി), ഹസന്‍ (വിദ്യാര്‍ഥി, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് വാഴയൂര്‍), ആമിന (വിദ്യാര്‍ഥി, എം.യു.എം. വി.എച്ച്.എസ്, വടകര) യൂനുസ് (വിദ്യാര്‍ഥി, എം.യു.എം. വി.എച്ച്.എസ്, വടകര)

എണ്ണ വിലയിടിവ്; ഖനന കമ്പനികള്‍ പ്രതിസന്ധിയില്‍

Posted: 20 Feb 2015 08:43 PM PST

Image: 

ദമ്മാം: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ സൗദിയുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതായി സൂചന. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ സൗദി അരാംകോ നിരവധി വികസന പരിപാടികള്‍ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചത് ഇതിന്‍െറ തെളിവാണ്. കമ്പനിയുടെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്ന ചെങ്കടല്‍ ഖനനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഖുറൈസ്, റാസ് തന്നൂറ, യാമ്പു എന്നിവിടങ്ങളിലെ പുതിയ പദ്ധതികളും തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഈ പദ്ധതികളെ ആശ്രയിച്ചു തുടങ്ങിയ പല ചെറുകിട കരാര്‍ സ്ഥാപനങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലായത്.
ചെങ്കടല്‍ ഖനന പദ്ധതി പ്രതിദിനം 10 ലക്ഷം ഡോളര്‍ ചെലവ് പ്രതീക്ഷിച്ചിരുന്ന വന്‍കിട പദ്ധതിയായaിരുന്നു. പുതിയ എല്ലാ പദ്ധതികളും താത്ക്കാലികമായി നിര്‍ത്തിവെക്കുന്നുവെന്നാണ് ഇതു സംബന്ധിച്ച് അരാംകോ മേധാവി ഖാലിദ് അല്‍ ഫാലിഹ്  പറഞ്ഞത്. രണ്ട് ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയായിരിന്നു റാസ് തന്നൂറ എണ്ണ ശുദ്ധീകരണ പ്ളാന്‍റ്. ഇതിനായി എട്ട് അന്താരാഷ്ട്ര കമ്പനികളുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ പദ്ധതിയും നിലവില്‍ മാറ്റിവെച്ചതില്‍ ഉള്‍പ്പെടും. അന്താരാഷ്ട്ര എണ്ണ ഖനന സ്ഥാപനങ്ങളായ സ്ളംബര്‍ജര്‍, ഹാളിബര്‍ട്ടന്‍, ബേകര്‍ ഹൂജസ്, വെതര്‍ ഫോര്‍ഡ് എന്നീ വന്‍കിട കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹാളിബര്‍ട്ടന്‍ ആഗോള തലത്തില്‍ 80,000 തൊഴിലാളികളെയാണ് വെട്ടിച്ചുരുക്കുന്നത്. സ്ളംബര്‍ജര്‍ 9000, ബേകര്‍ ഹുജെസ് 7000, വെതെര്‍ ഫോര്‍ഡ് 8000 എന്നിങ്ങനെയാണ് ജീവനക്കാരെ കുറക്കുന്നത്. ഈ കമ്പനികള്‍ക്ക് അരാംകോ നല്‍കിയ കരാര്‍ തുകയുടെ ബില്ലില്‍ നിന്ന് 25 ശതമാനം കുറക്കാന്‍ ആവശ്യപ്പെട്ടതും പ്രതിസന്ധിയുടെ വ്യക്തമായ ഉദാഹരണങ്ങളാണ്. ഇതോടെ ഖനന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരവധി തൊഴിലാളികളോട് പകുതി ശമ്പളത്തില്‍ അവധിയില്‍ പ്രവേശിക്കാനും പുതുതായി വന്നവരോട് തിരുച്ചുപോകാനും ആവശ്യപ്പെട്ടിരിക്കുന്നു.
മലയാളികളുള്‍പ്പെടെ നിരവധി പേര്‍ ജോലി ചെയ്യുന്ന കമ്പനികളാണിത്. ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ചു കഴിയുന്ന ചെറുകിട കരാര്‍ കമ്പനികളും പ്രതിസന്ധിയിലാണ്. കിഴക്കന്‍ പ്രവിശ്യ ചേംബര്‍ കരാര്‍ കമ്മിറ്റി ഫെബ്രുവരി 17ന് സര്‍ക്കാറിന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ 190 കമ്പനികളെ നേരിട്ടും, 200ലധികം പരോക്ഷമായും എണ്ണ വില ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ സ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചു വിടുന്നുണ്ടെന്നും വരുംനാളുകളില്‍ ഇത് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖനന സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നവരെയും ഇത് ബാധിച്ചിട്ടുണ്ട്. പ്രതിസന്ധികാരണം, എണ്ണ വിതരണ, ഖനന സ്ഥാപനങ്ങള്‍ അവര്‍ക്ക് ലഭിച്ച തൊഴില്‍ വിസകള്‍ ഉപേയോഗപ്പെടുത്തിയിട്ടില്ളെന്നാണ് ലഭ്യമാകുന്ന വിവരം.
 

നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ 21 പേരെ കൊലപ്പെടുത്തി

Posted: 20 Feb 2015 08:37 PM PST

Image: 

അബുജ: നൈജീരയയിലെ മൂന്നു ഗ്രാമങ്ങളിലായി ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ചിബോക്ക് ഗ്രാമത്തിലേക്ക് ആയുധവുമായി എത്തിയ തീവ്രവാദികള്‍ ഗ്രാമീണര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടുകള്‍ക്കും വ്യവസായ കേന്ദ്രങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഗാട്ടമാര്‍വ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ10 ഓളം ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ചിബോക്ക് ഗ്രാമത്തില്‍ നിന്നും  200 ഓളം പെണ്‍കുട്ടികളെ തീവ്രവാദികള്‍ നേരത്തെ തട്ടികൊണ്ടു പോയിരുന്നു.
വ്യാഴാഴ്ച നൈജീരിയന്‍ വ്യേമസേന നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇതിനു തൊട്ടു പിറകെയാണ് തീവ്രവാദികള്‍ ഗ്രാമങ്ങളില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്.

കവിതയുടെയും കഥയുടെയും വഴികള്‍ പകര്‍ന്ന് സാഹിത്യ ശില്‍പശാല

Posted: 20 Feb 2015 08:35 PM PST

Image: 

സലാല: അക്ഷരോത്സവം സലാലയുടെ ഭാഗമായി നടന്ന സാഹിത്യ ശില്‍പശാല എഴുത്തിന്‍െറ ലോകത്തേക്ക് എത്തിയവര്‍ക്കും കടന്നുവരുന്നവര്‍ക്കും കവിതയുടെയും കഥയുടെയും വഴികള്‍ പകര്‍ന്നു നല്‍കുന്നതായി. യുവ എഴുത്തുകാര്‍ക്ക് വഴികാട്ടിയായ ശില്‍പശാലക്ക് കവി കെ. സച്ചിദാനന്ദന്‍, സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍, എഴുത്തുകാരി ഡോ. ചന്ദ്രമതി എന്നിവരാണ് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഇന്‍ഡോര്‍ ഹാളില്‍ നടന്ന ശില്‍പശാലയില്‍ എഴുത്തിനെ സ്നേഹിക്കുന്ന യുവ തലമുറയുടെ നിറസാന്നിധ്യമുണ്ടായി.
ജന്മവാസനയിലൂടെ കൈവരുന്ന ഭാഗ്യമോ നിര്‍ഭാഗ്യമോ ആണ് കവിത്വമെന്ന് കവിത എന്ന വിഷയം അവതരിപ്പിച്ച കെ.സച്ചിദാനന്ദന്‍ പറഞ്ഞു. തീയിലൂടെ നടന്ന് അനുഭവങ്ങളിലൂടെ വാക്കുകള്‍ കണ്ടത്തെുന്ന, ഭാവനയും നിരീക്ഷണവും ഒരു പോലെ വേണ്ട ഒന്നാണ് കവിത. എഴുത്ത് ഉത്കണ്ഠകളിലൂടെ എവിടെയത്തെുമെന്നറിയാത്ത യാത്രയാണ്. മുന്‍കൂട്ടി തീരുമാനിച്ച ഭാഷയിലല്ല കവിതയുടെ പിറവി. കവിത ഉയിര്‍ക്കൊള്ളുമ്പോള്‍ അതിനുള്ള ഭാഷയും പിറവിയെടുക്കുന്നു. എ.കെ രാമാനുജന്‍ പറഞ്ഞ വിറകുവെട്ടുകാരന്‍െറ കോടാലി പോലെയാണ് എഴുത്തുകാരന്‍െറ ഭാഷ. പൂര്‍വികരുടെ തോളില്‍ ചവിട്ടിനിന്നാണ് നാം പുതിയ അനുഭവങ്ങളിലേക്ക് എത്തിനോക്കുന്നത്. ഓരോ എഴുത്തുകാരനും ഭാഷയെ പുതുക്കുന്നു. അതിനാല്‍, ഓരോ എഴുത്തുകാരനും ഓരോ ഭാഷയുണ്ട്. ആ ഭാഷക്കുള്ളിലും അനേകം ഭാഷകളും പ്രയോഗങ്ങളും ശൈലികളുമുണ്ട്. ഒരു എഴുത്തുകാരന്‍ താന്‍ എത്തിനില്‍ക്കുന്ന ഇടവും പാരമ്പര്യവും അറിയണം. മലയാള കവിതയും ഭാരതീയ കവിതകളും ലോക കവിതകളും വായിക്കണം. ഇവ മൂന്നുംചേരുന്ന ഒരിടത്തുനിന്ന് തനിക്ക് തോന്നുംപോലെ എഴുതുക. മറ്റാരും എഴുതാത്ത ഒഴിഞ്ഞ പേജില്‍ എഴുതിത്തുടങ്ങാന്‍ അദ്ദേഹം യുവ എഴുത്തുകാരോട് ആഹ്വാനം ചെയ്തു. സ്വന്തം കവിതകളും അയ്യപ്പന്‍െറ കവിതകളും അദ്ദേഹം ആലപിച്ചു.
കഥക്കും കവിതക്കും ഒരേ ഭാഷയാണെന്ന് തുടര്‍ന്ന് സംസാരിച്ച പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. നല്ല നോവലും കഥയും കവിതപോലെ ആസ്വാദ്യകരമാണ്. ഒന്നിനെപ്പോലെ മറ്റൊന്ന്  ഇല്ലാത്തതിനാല്‍ നിര്‍വചനങ്ങള്‍ അപ്രസക്തമാവുന്നു. ജീവിതം തന്നെയാണ് കഥ. അനുഭവങ്ങളിലൂടെ  നിരീക്ഷണങ്ങളിലൂടെ ഭാവനയിലൂടെ രൂപംകൊണ്ട് വായനക്കാരന് അവിസ്മരണീയമായ അനുഭവമാക്കിത്തീര്‍ക്കുന്നതാണ് യഥാര്‍ഥത്തില്‍ കഥകള്‍.  അങ്ങനെ യാഥാര്‍ഥ്യത്തിന്‍െറതന്നെ അതീന്ദ്രീയ അനുഭൂതിയാവുക. വൈക്കം മുഹമ്മദ് ബഷീറിന്‍െറ ശബ്ദങ്ങളിലെ യുദ്ധം നമുക്ക് അനുഭപ്പെടുന്നതും എം.ടി യുടെ അസുരവിത്ത് നമ്മോട് പറയുന്നതും ഈ അതീന്ദ്രീയാനുഭവമാണ്. അനുഭവങ്ങളില്‍നിന്ന് ലഭിച്ച ആശയം ഭാവനാസാന്ദ്രമായി അവതരിപ്പിക്കുക. പരുന്തില്‍നിന്ന് രക്ഷപ്പെട്ട കോഴിക്കുഞ്ഞിനെ കിണ്ണത്തിനടിയിലിട്ട് തട്ടി ജീവിതത്തിലേക്ക് തിരികെയത്തെിക്കുമ്പോലെ ജീവിതാനുഭവങ്ങളില്‍ നിന്ന് ആശയം സ്വരൂപിച്ച്് ഭാവനയില്‍ ചാലിച്ച് അനുവാചകന് നല്‍കണമെന്നും അദ്ദേഹം ഉണര്‍ത്തി.
കഥ വലിയ നുണയാണെന്ന് അക്ബര്‍ കക്കട്ടില്‍ പറഞ്ഞു. ആ നുണയില്‍ ജീവിതാനുഭവങ്ങല്‍ ഭാവനാസാന്ദ്രമായി ചാലിക്കുകയാണ് ഒരു കഥാകാരന്‍ ചെയ്യുന്നത്.ഇന്നലെ ഒരാള്‍ കീറിയ ചാലില്‍നിന്ന് പുതിയൊരുചാല്‍ കീറുകയാണ് ഓരോ എഴുത്തുകാരനും ചെയ്യേണ്ടത്. നമ്മിലെ സര്‍ഗപ്രതിഭ സമയമാകുമ്പോള്‍ പുറത്തുവരും.  അവനവന്‍െറ ഹൃദയത്തില്‍ നോക്കി എഴുതുക. സമയമാകുമ്പോള്‍ നിങ്ങളെ അംഗീകാരം തേടിയത്തെുമെന്നും അദ്ദേഹം പറഞ്ഞു.
കഥ ഒരു നിമിഷത്തിന്‍െറ തിളക്കമാണെന്ന് ഡോ. ചന്ദ്രമതി പറഞ്ഞു. ഓരോ കല്ലിലും ശില്‍പമുള്ളതുപോലെ ഓരോരുത്തരിലും സര്‍ഗപ്രതിഭയുണ്ട്. നോവല്‍ വലിയ ക്യാന്‍വാസിലാണ് എഴുതുന്നത്. എല്ലാ അനുഭവങ്ങളും അതേപടി പകര്‍ത്തുന്ന ഫോട്ടോകോപ്പി റിയലിസമല്ല വേണ്ടത്. എഴുത്ത് സ്വത്വത്തോട് നീതി പുലര്‍ത്തിയായിരിക്കണമെന്നും അവര്‍ ഉണര്‍ത്തി. ഒരുവഴി രണ്ടായി പിരിയുന്നിടത്ത് ഏത് വഴി പോകണമെന്ന് ചോദിച്ചാല്‍ അധികമാളുകള്‍ നടക്കാത്ത വഴിയാണ് എഴുത്തുകാരന്‍ തെരഞ്ഞെടുക്കേണ്ടത്. ആരാധിക്കുന്നവരുടെ ശൈലി അനുകരിക്കുന്നത് എഴുത്തുകാരന്  അപകടമാണെന്നും അവര്‍ പറഞ്ഞു. യുവ എഴുത്തുകാരിയായ റസ്ല സാഹിറിന്‍െറ കവിതസമാഹാരം കെ.സനാതന് നല്‍കി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു.ഫാത്തിമ ദോഫാര്‍, ശശികല, പ്രസന്നകുമാര്‍, കോമളവല്ലി ടീച്ചര്‍  എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് കെ.സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, ഡോ. ചന്ദ്രമതി എന്നിവര്‍ മറുപടി നല്‍കി. ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്ക് കേരള സാഹിത്യ അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. വിവിധ സെഷനുകളിലായി ഡോ.നിഷ്താര്‍, ഹുസൈന്‍ കാച്ചിലോടി, വിനയ്കുമാര്‍. കെ.സനാതനന്‍, സുരേഷ്മേനോന്‍, മോഹന്‍ദാസ് തമ്പി, വജ്ഹുല്‍ ഹലീം എന്നിവര്‍ നേതൃത്വം നല്‍കി. മോഹന്‍ദാസ് നന്ദി പറഞ്ഞു. സാഹിത്യകാരന്മാരുമായി മുഖാമുഖം പരിപാടി ഇന്ന് രാവിലെ 10ന് സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.
 

ഭാഷ ഒരു ജനതയുടെ സംസ്കാരം

Posted: 20 Feb 2015 08:08 PM PST

Image: 
Subtitle: 
ഇന്ന് ലോക മാതൃഭാഷാ ദിനം

മാതൃഭാഷയുടെ വൈകാരിക  പ്രാധാന്യത്തെക്കുറിച്ചാണ് നാം സാധാരണ ചിന്തിക്കാറ്. വിജ്ഞാന സമ്പാദനത്തിലും , വ്യാവഹാരിക ജീവിതത്തിലും മാതൃഭാഷക്ക് അവകാശപ്പെട്ട പ്രാധാന്യത്തെക്കുറിച്ച് വേണ്ടത്ര അവബോധം സമൂഹത്തില്‍ പുലരുന്നുണ്ടെന്നുപറഞ്ഞുകൂടാ. ഇംഗ്ളീഷ് മീഡിയത്തിലൂടെയുള്ള വിദ്യാഭ്യാസമെന്നത് മനുഷ്യപുരോഗതിക്ക് അനിവാര്യമായ ഒന്നാണെന്ന പ്രബലമായ ധാരണയില്‍ പ്രീ പ്രൈമറി ഘട്ടം മുതല്‍ തന്നെ മാതൃഭാഷയിലല്ലാതെ കുട്ടികളുടെ വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കുന്നു. കുഞ്ഞുങ്ങള്‍ക്കാവശ്യവും ഗുണകരവുമാണ് ഇംഗ്ളീഷ് മീഡിയത്തിലുള്ള വിദ്യാഭ്യാസം എന്ന ഉത്തമബോധ്യത്തിലാണ്  രക്ഷിതാക്കള്‍ ഇതിന് തുനിയുന്നത്.  അതിന് അവരെ പഴിച്ചുകൂടാ. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം,  പ്രത്യേകിച്ച് പ്രാഥമിക തലത്തില്‍, എന്തുമാത്രം പ്രധാനപ്പെട്ടതാണെന്നും, കുഞ്ഞുങ്ങളുടെ ഭൗതിക വളര്‍ച്ചക്കും ആത്മവിശ്വാസത്തിനും ആവിഷ്കാര ധൈര്യത്തിനും അത് വഹിക്കുന്ന പങ്ക് എത്ര വലുതാണെന്നും മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പൊതുസമൂഹം പരാജയപ്പെട്ടതാണ് ഇതിന് കാരണം.
സര്‍വകലാശാല വിദ്യാഭ്യാസം മാതൃഭാഷയില്‍ വേണമോ വേണ്ടയോ എന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ. പ്രീ പ്രൈമറി, പ്രൈമറി തലങ്ങളിലെങ്കിലും മാതൃഭാഷാ വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ഒരു സമവായമുണ്ടാക്കാന്‍ നമുക്ക് കഴിയേണ്ടതാണ്.  സ്വന്തം ഭാഷയിലൂടെയല്ലാതെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി അറിവുകളും അനുഭൂതികളും ആശയങ്ങളും വിശ്വാസങ്ങളും ഒരു കുട്ടിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ളെന്ന് തിരിച്ചറിയാന്‍ സാമാന്യബോധം മതിയാകും.  ഭാഷയിലൂടെ  പ്രകാശിതമാകുന്നത്  ഒരു ജനതയുടെ സംസ്കാരമാണ്; തലമുറകളുടെ സഞ്ചിതാനുഭവങ്ങളാണ്; നൂറ്റാണ്ടുകളായി സ്ഫുടം ചെയ്തെടുത്ത ആശയങ്ങളാണ്. അവയെ ഒരിക്കലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍  മറ്റൊരു ഭാഷക്ക് സാധിക്കുകയില്ല. നമ്മുടെ ഭാഷയിലെഴുതപ്പെട്ട ഒരു കഥയോ നോവലോ വായിക്കാതെ അതിന്‍െറ ഇംഗ്ളീഷ് പരിഭാഷയേ വായിക്കൂ എന്ന് ശാഠ്യംപിടിച്ചാല്‍ ആ വായനക്കാരന് നഷ്ടപ്പെടുന്നത് എത്ര വലിയ അനുഭവ ധന്യതയാണ്! ഇതുപോലെയാണ് ലോകത്തോടുള്ള ബന്ധം വികസിപ്പിച്ചെടുക്കാന്‍ സ്വന്തം ഭാഷ ലഭ്യമായിരിക്കെ അത് ബോധപൂര്‍വം നിരാകരിച്ച് അന്യഭാഷ തേടിപ്പോകുന്നത്.
പഠിക്കുന്ന വിഷയങ്ങള്‍ അനുഭവമേഖലയിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍  മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ. അപ്പോള്‍ മാത്രമേ കുട്ടികളുടെ മൗലിക ചിന്തയും ഭാവനയും വിരിയുകയുള്ളൂ. ആ ആത്മവിശ്വാസത്തില്‍നിന്ന് മാത്രമേ അറിവിന്‍െറ ഓരോ മേഖലയിലും അഗ്രഗാമികളെ സൃഷ്ടിക്കാനാവൂ. കാരണം, ആത്മധൈര്യമാണ് ബൗദ്ധികമായ സാഹസികതക്കുവേണ്ട ഏറ്റവും അടിസ്ഥാനമൂലകം. ആത്മധൈര്യമാണ് ഇളം പ്രായത്തിലേ നമ്മള്‍ ചോര്‍ത്തിക്കളയുന്നത്. ഇംഗ്ളീഷ് പഠിക്കട്ടെ; ഒരു പുതിയ ഭാഷയായി. പക്ഷേ, മലയാളം മറക്കുന്നതെന്തിന്? രണ്ടാംകിട വിദ്യാര്‍ഥികളെയാണോ നമുക്കാവശ്യം? സമ്പന്നമായ ഒരു ഭാഷ സ്വന്തമായുണ്ടായിട്ട് അതിന്‍െറ വിലയറിയാതെ, വിലപ്പെട്ടതെന്ന് ധരിച്ചുപോയ ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസത്തോടുള്ള മലയാളിയുടെ സമീപനം മാറിയെങ്കിലേ വൈജ്ഞാനിക മേഖലയില്‍  സ്വയം അടയാളപ്പെടുത്താനുള്ള നേട്ടങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍നിന്നും  സര്‍വകലാശാലകളില്‍ നിന്നും ഉണ്ടാവുകയുള്ളൂ.
 

ഒബാമയുടെ ചൊല്ലും ചെയ്തിയും

Posted: 20 Feb 2015 07:50 PM PST

Image: 

ആക്രമണോത്സുക തീവ്രവാദത്തെ നേരിടാനുള്ള പുതുവഴികളാരായാന്‍ വാഷിങ്ടണില്‍ വിളിച്ചുചേര്‍ത്ത 60 രാജ്യങ്ങളില്‍നിന്നുള്ളവരുടെ മൂന്നുനാള്‍ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ചെയ്ത പ്രസംഗം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഭീകരതക്കെതിരായ അമേരിക്കന്‍ ഭരണാധികാരിയുടെ ഉരുക്കുമുഷ്ടിയുടെയും ധാര്‍ഷ്ട്യത്തിന്‍െറയും പതിവു വിട്ട് പ്രശ്നത്തിന്‍െറ മര്‍മത്തിലേക്ക് ഇറങ്ങിച്ചെന്ന് ഒബാമ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അതേ സമയം,ഇത്രകാലം അമേരിക്കയും പടിഞ്ഞാറും മറച്ചുപിടിച്ച പല സത്യങ്ങളും തെളിച്ചുപറഞ്ഞു എന്നതിനൊപ്പം വിഷയത്തിന്‍െറ മര്‍മപ്രധാനമായ ചില വശങ്ങള്‍ സൗകര്യപൂര്‍വം വിട്ടുകളഞ്ഞതും പ്രസംഗത്തെ കൗതുകകരമാക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്‍െറയും അനുബന്ധ ഭീകരസംഘങ്ങളുടെയും ആക്രമണങ്ങള്‍ സിറിയയും ഇറാഖും വിട്ട് ഈജിപ്തിലേക്കും അവിടെ നിന്ന് ഓട്ടവ, സിഡ്നി, പാരിസ്, കോപന്‍ഹേഗന്‍ എന്നിങ്ങനെ പടിഞ്ഞാറോട്ടും കടന്നുകയറുന്ന സന്ദര്‍ഭത്തിലാണ് വിവിധ ഗവണ്‍മെന്‍റുകളുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും മതനേതാക്കളുടെയും പ്രതിനിധികളെ എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നുമായി വാഷിങ്ടണില്‍ വിളിച്ചു ചേര്‍ത്തത്. ഭീകരതയെ സായുധ സൈനികസഖ്യങ്ങളുടെ പ്രതിഭീകരത കൊണ്ട് തല്ലിയൊതുക്കാനാവില്ളെന്ന തിരിച്ചറിവില്‍നിന്ന് മൂലകാരണങ്ങളില്‍ ചെന്ന് അതിനെ വേരോടെ പിഴുതെറിയാനുള്ള ‘മാന്യമര്യാദ’യുടെ വഴികളാണത്രെ ഉച്ചകോടി ആരായുന്നത്. അതിന്‍െറ വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഒബാമയുടെ പ്രസംഗം.
‘നാഗരികതകളുടെ സംഘട്ടന’ത്തിന്‍െറ പേരില്‍ അമേരിക്ക തന്നെ തുറന്നുവിട്ട ഇസ്ലാം - പടിഞ്ഞാറ് ശീതസമര ഭൂതത്തെ തിരികെ കുടത്തിലടക്കാനുള്ള വ്യഗ്രതയാണ് ഒബാമയുടെ പ്രഭാഷണത്തെ ശ്രദ്ധേയമാക്കിയ ഘടകങ്ങളിലൊന്ന്. ഭീകരവാദികള്‍ കളങ്കപ്പെടുത്തുന്ന ഇസ്ലാമിന്‍െറ ചിത്രം മാത്രമല്ല, പടിഞ്ഞാറ് ഇസ്ലാമുമായി നാഗരിക സംഘര്‍ഷത്തിലാണെന്ന നുണപ്രചാരണം കൂടി ചെറുക്കണമെന്നാണ് മുസ്ലിംസമൂഹങ്ങളോടും പണ്ഡിതപുരോഹിതരോടുമുള്ള ഒബാമയുടെ അഭ്യര്‍ഥന. അമേരിക്കയും പടിഞ്ഞാറും ഇസ്ലാമുമായി യുദ്ധത്തിലാണെന്നും തങ്ങള്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുകയാണെന്നും പശ്ചിമേഷ്യയിലെ ഏതു പ്രശ്നത്തിനും പിന്നില്‍ തങ്ങളാണെന്നുമുള്ള പ്രചാരണം ശരിയല്ല. ഇതിന്‍െറ ബലത്തിലാണ് ഭീകരസംഘടനകള്‍ മുതലെടുക്കുന്നതും അതിക്രമങ്ങളെ ന്യായീകരിക്കുന്നതും. പടിഞ്ഞാറും പശ്ചിമേഷ്യയും തമ്മില്‍ സങ്കീര്‍ണമായൊരു ചരിത്രപ്രതിസന്ധിയുണ്ടെന്നും ചില നയങ്ങള്‍ സംബന്ധിച്ച വിമര്‍ശങ്ങളില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ളെന്നും ഒബാമ പറയുന്നുണ്ട്. എന്നാല്‍, പടിഞ്ഞാറ് ഇസ്ലാമുമായി യുദ്ധത്തിലാണെന്നതു പെരുംനുണയാണ്. വിശ്വാസവൈവിധ്യങ്ങള്‍ക്കതീതമായി അത് തങ്ങള്‍ നിരാകരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
2001 സെപ്റ്റംബര്‍ 11ന്‍െറ ഭീകരാക്രമണത്തെ തുടര്‍ന്ന് തന്‍െറ മുന്‍ഗാമിയും യു.എസ് നയകോവിദ ശിങ്കിടികളും തുറന്നുവിട്ട വ്യാജപ്രചാരണയുദ്ധത്തെയാണ് വാസ്തവത്തില്‍ ഒബാമ തിരുത്തുന്നത്. എന്നാല്‍, അത് മറച്ചുപിടിച്ച് അന്നുമുതല്‍ ഏറ്റവുമൊടുവില്‍ ‘ഷാര്‍ലി എബ്ദോ’ പത്രത്തിന്‍െറ പ്രശ്നത്തില്‍ വരെ ഇസ്ലാമിനെതിരെ പടിഞ്ഞാറ് തുടര്‍ന്നുവരുന്ന വ്യാജപ്രചാരവേലയെ മുസ്ലിം തെറ്റിദ്ധാരണയായി ചിത്രീകരിച്ച് മായ്ച്ചുകളയാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ പരാമര്‍ശം മാത്രമല്ല, മുഴുവന്‍ പ്രഭാഷണവും മുസ്ലിംനാടുകള്‍ക്കുള്ള ഗുണദോഷമായിരുന്നെന്നു പറയാം. ഐ.എസ്.ഐ.എല്‍, അല്‍ഖാഇദ, അശ്ശബാബ്, ബോകോ ഹറാം തുടങ്ങിയവരുടെ അതിക്രമത്തില്‍നിന്ന് സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍, യമന്‍, സോമാലിയ, നൈജീരിയ എന്നീ രാജ്യങ്ങളെ രക്ഷപ്പെടുത്താനുള്ള അമേരിക്കയുടെയും 60 രാജ്യങ്ങളുടെയും സത്വരശ്രദ്ധ പ്രസംഗത്തിലുണ്ട്. സിറിയയില്‍ ബശ്ശാര്‍ മാറേണ്ട ആവശ്യകത ആവര്‍ത്തിച്ചു. ശിയ-സുന്നി തര്‍ക്കം അതിക്രമത്തിലേക്കു നീങ്ങാതിരിക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളെ സംവാദത്തിനിരിക്കാന്‍ ഉപദേശിച്ചു. വഴിവിട്ട ചെറുപ്പക്കാര്‍ക്ക് ഫണ്ട് ചെയ്യുന്നത് നിര്‍ത്താന്‍ സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ഭീകരതയെ നേരിടാന്‍ യു.എ.ഇയുമായി ചേര്‍ന്ന് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് ഹബിന് രൂപം കൊടുത്ത മാതൃക എടുത്തുകാട്ടി. സാമ്പത്തിക പരാധീനതയും രാഷ്ട്രീയ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്ന് രാജ്യങ്ങളെ ഓര്‍മിപ്പിച്ചു.
ഇതൊക്കെ പറയുമ്പോഴും ഇക്കണ്ട പ്രശ്നങ്ങളിലെ അമേരിക്കയുടെയും ഇസ്രായേലിനെ ചേര്‍ത്തുപിടിച്ചുള്ള പടിഞ്ഞാറന്‍ സഖ്യങ്ങളുടെയും പങ്കിനെപ്പറ്റി ഒബാമ മൗനം ഭജിച്ചു. അന്ന് അല്‍ഖാഇദയുടെ, ഇന്ന് ഐ.എസിന്‍െറ സൃഷ്ടിപ്പിലേക്കത്തെിച്ച സ്വയംകൃതാനര്‍ഥങ്ങള്‍ മൂടിവെച്ചു. ലോകം മുഴുവന്‍ അപലപിച്ച ഭീകരരാജ്യമായ ഇസ്രായേലിനെ ഭീകരതയുടെ ഇരയെന്ന് പ്രഭാഷണത്തില്‍ വിശേഷിപ്പിച്ചു. അക്രമാസക്ത തീവ്രവാദം എന്ന പുതിയതടക്കം ഭീകരതയെയും തീവ്രവാദത്തെയും തരംപോലെ നിര്‍വഹിച്ചു; തരംതിരിച്ചു. യോഗത്തില്‍ സംബന്ധിച്ച ഹ്യൂമന്‍ റൈറ്റ്സ് ഫസ്റ്റ് പ്രസിഡന്‍റ് എലിസ മസിമിനോ, പടിഞ്ഞാറന്‍ രാഷ്ട്രീയ നിരീക്ഷകന്‍ മാര്‍ക് ലിഞ്ച് എന്നിവര്‍ ചൂണ്ടിക്കാണിച്ച പോലെ ‘ഒബാമ ഉന്നയിച്ച പ്രശ്നങ്ങളിലെ പ്രതികളൊക്കെ തന്നെയാണ് ഉച്ചകോടിക്കത്തെിയത്. ഭീകരതക്കെതിരെ അമേരിക്ക യുദ്ധം ചെയ്യുന്നതും അവരെക്കൂട്ടി തന്നെ. അതു നിര്‍ത്താത്തിടത്തോളം ഈ ഉച്ചകോടികളും വാചാടോപങ്ങളും മാസന്തോറുമാവാം. ഇതുകൊണ്ട് നേട്ടമൊന്നുമില്ല’. കപ്പലിനകത്തെ കള്ളന്മാര്‍ക്കെതിരെ ‘കമ’ മിണ്ടാതെ ഒബാമ ഈ കലാപം കൂട്ടുന്നത് ആര്‍ക്കെതിരെ, ആര്‍ക്കുവേണ്ടിയാണാവോ?

ദുബൈയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം

Posted: 20 Feb 2015 07:23 PM PST

Image: 

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍താമസമുള്ള കെട്ടിടങ്ങളിലൊന്നായ ദുബൈയിലെ മറീന ടോര്‍ച്ച് ബില്‍ഡിങ്ങില്‍ വന്‍ അഗ്നിബാധ. ഇന്നു പുലര്‍ച്ചെ മുന്നു മണിയോടെയാണ് സംഭവം. ആകെ 79 നിലകളാണ് കെട്ടിടത്തിനുളളത്.
 കെട്ടിടത്തിന്‍റെ 50-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. നാലു നിലകളിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീടത് 20 നിലകളിലേക്കും പടരകുയായിരുന്നു. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീ വേഗത്തില്‍ പടര്‍ന്ന്  60 നിലകളിലും തീപിടുത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഏതാനും പേര്‍ക്ക് പുകയേറ്റതുമൂലമുണ്ടായ അസ്വസ്ഥത ഒഴിച്ചാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തീപടരുന്നതു കണ്ട താമസക്കാര്‍ കെട്ടിടം വിട്ടോടി. ഉടന്‍തന്നെ സ്ഥലത്തത്തെിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ട്. അഗ്നിബാധയത്തേുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ ആളുകളെ ഒഴിപ്പിച്ചു. കെട്ടിടത്തിന്‍റെ പല നിലകളും കത്തിച്ചാമ്പലായി. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

ദുബൈയിലെ മറീനാ ജില്ലയിലുള്ള 1,105 അടി ഉയരമുള്ള ഈ കെട്ടിടം ആള്‍പ്പാര്‍പ്പുള്ള കെട്ടിടങ്ങളില്‍ ലോകത്തില്‍ തന്നെ ഏറ്റവും ഉയരം കൂടിയവയിലൊന്നാണ്. 2011ലാണ് കെട്ടിടം താമസത്തിനായി തുറന്നത് കൊടുത്തത്.

ദുബൈയില്‍ 2012 ല്‍  ആള്‍താമസമുള്ള 34 നില കെട്ടിടമായ താംവീല്‍ ടവറിലും തീപിടുത്തമുണ്ടായിരുന്നു.

സോമാലിയയില്‍ ചാവേറാക്രമണം: 20 മരണം

Posted: 20 Feb 2015 05:55 PM PST

Image: 

മൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ ആഢംബര ഹോട്ടലിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ചാവേറുകള്‍ ഹോട്ടലിലേക്ക് രണ്ട് കാറുകള്‍ ഇടിച്ചുകയറ്റിയതിന് പിന്നാലെ വെടിവെപ്പും നടന്നു. മൊഗാദിശു ഡെപ്യൂട്ടി മേയറും രണ്ട് പാര്‍ലമെന്‍റ് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടും. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ അല്‍ശബാബ് ഏറ്റെടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മൊഗാദിശു നഗരത്തിന്‍െറ ഹൃദയഭാഗത്തുള്ള സെന്‍ട്രല്‍ ഹോട്ടലിനു നേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുന്ന സമയത്ത് മന്ത്രിമാരും എം.പിമാരും ഹോട്ടലിലുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിന് കനത്ത സുരക്ഷ ഏര്‍പെടുത്തിയിരിക്കുകയാണ്.

അക്രമികളുടെ വെടിയേറ്റ ഗോവിന്ദ് പന്‍സാരെ അന്തരിച്ചു

Posted: 20 Feb 2015 04:01 PM PST

Image: 
Subtitle: 
വെള്ളിയാഴ്ച രാത്രി ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലായിരുന്നു അന്ത്യം

മുംബൈ: കഴിഞ്ഞ തിങ്കളാഴ്ച അക്രമികളുടെ വെടിയേറ്റ മുതിര്‍ന്ന സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ (82) അന്തരിച്ചു.
വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയിലായിരുന്ന പന്‍സാരെയെ വെള്ളിയാഴ്ച വൈകുന്നേരമാണ് വിദഗ്ധ ചികിത്സക്കായി ബ്രീച്ച് കാന്‍ഡിയില്‍ പ്രവേശിപ്പിച്ചത്. മരണവിവരമറിഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആശുപത്രിയിലത്തെി. മഹാരാഷ്ട്രയില്‍ ടോള്‍ പിരിവിനെതിരെ സമരം നയിക്കുന്ന പന്‍സാരെക്കെതിരെ തിങ്കളാഴ്ച കോലാപ്പൂരിലെ വീടിനു മുന്നില്‍ വെച്ചായിരുന്നു ആക്രമണം. ഭാര്യ ഉമക്കൊപ്പം പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തിനു നേരെ ബൈക്കിലത്തെിയ രണ്ടുപേര്‍ തൊട്ടടുത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഉമ കോലാപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയാറാക്കി വരുകയാണ്.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയും മുംബൈ പൊലീസും കോലാപ്പൂര്‍ പൊലീസിനൊപ്പം അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. അഭിഭാഷകനും എഴുത്തുകാരനുമായ പന്‍സാരെ ചരിത്രം വളച്ചൊടിച്ച് ശിവജിക്ക് പ്രാധാന്യം നല്‍കുന്നതിനും ശിവജിയെ ശിവസേനയടക്കമുള്ള പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യുന്നതിനുമെതിരെ പുസ്തകം രചിച്ചിട്ടുണ്ട്.
 

ഇറാഖിലെ ഐ.എസ് വേട്ട: മൂസില്‍ തിരിച്ചുപിടിക്കാന്‍ കാല്‍ലക്ഷം സൈനികര്‍

Posted: 20 Feb 2015 11:50 AM PST

Image: 

ബഗ്ദാദ്: സായുധ സൈനികവിഭാഗമായ ഐ.എസിന്‍െറ (ഇസ്ലാമിക് സ്റ്റേറ്റ്) നിയന്ത്രണത്തിലുള്ള മൂസില്‍നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖി-കുര്‍ദ് സംയുക്ത സൈന്യം നീക്കം തുടങ്ങി. മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കന്‍ സൈന്യത്തിന്‍െറ സഹായത്തോടെ നടക്കുന്ന ഓപറേഷനില്‍ കാല്‍ലക്ഷം സൈനികര്‍ പങ്കാളിയാകുമെന്ന് പെന്‍റഗണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഐ.എസ് വിരുദ്ധ പോരാട്ടത്തിനിടെ, ഇതാദ്യമായാണ് ഇറാഖി-കുര്‍ദ് സൈന്യം മൂസില്‍ ലക്ഷ്യമിടുന്നത്. ഇറാഖിലെ ഏറ്റവുംവലിയ രണ്ടാമത്തെ നഗരമാണിത്.
കഴിഞ്ഞ ജൂണിലാണ് വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാന നഗരമായ മൂസില്‍ ഐ.എസിന്‍െറ പിടിയിലാകുന്നത്. ഐ.എസ് സൈനികനീക്കത്തില്‍ ഇറാഖി ഭരണകൂടത്തിന് നഷ്ടപ്പെട്ട ആദ്യ നഗരംകൂടിയാണ് മൂസില്‍. 10 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന മൂസിലില്‍ 2000ത്തിലധികം ഐ.എസ് സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത അന്‍ബാര്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഇറാഖി-കുര്‍ദ് സൈന്യം തിരിച്ചുപിടിച്ചപ്പോഴും മൂസിലിലേക്ക് കടന്നിരുന്നില്ല. ഏപ്രിലോടുകൂടി ദൗത്യം തുടങ്ങാനാണ് സൈന്യത്തിന്‍െറ പദ്ധതിയെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. 12 ഇറാഖി ബ്രിഗേഡുകളുടെ നേതൃത്വത്തില്‍ കാല്‍ലക്ഷം സൈനികരാകും ദൗത്യത്തില്‍ പങ്കെടുക്കുക. ഇതില്‍ അഞ്ച് ബ്രിഗേഡുകള്‍ നേരിട്ടുള്ള ആക്രമണം നടത്തും. അന്‍ബാറിലും തുര്‍ക്കിയുമായി അതിര്‍ത്തിപങ്കിടുന്ന സിറിയന്‍ നഗരമായ കൊബാനിലും ചെയ്തതുപോലെ യു.എസ് വ്യോമാക്രമണങ്ങളും നടക്കും. വേണ്ടിവന്നാല്‍, കരസേനയേയും വിന്യസിക്കുമെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.
മൂസിലിലേക്ക് സൈന്യം ഉടന്‍ പ്രവേശിക്കുമെന്ന് കഴിഞ്ഞദിവസം ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സൂചിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചകളില്‍ ഇറാഖില്‍ യു.എസ് സഹായത്തോടെയുള്ള ഐ.എസ് വേട്ട കൂടുതല്‍ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ ഇറാഖി സൈന്യത്തെ എങ്ങനെ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ 20ലധികം രാഷ്ട്രങ്ങളിലെ സൈനിക തലവന്മാരുടെ യോഗം വ്യാഴാഴ്ച സൗദി അറേബ്യയില്‍ നടന്നിരുന്നു.
 

വി.എസിനെതിരെ കുറ്റപത്രമായി പ്രവര്‍ത്തന റിപ്പോര്‍ട്ടും

Posted: 20 Feb 2015 11:31 AM PST

Image: 

ആലപ്പുഴ:സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ ചര്‍ച്ചക്ക് സെക്രട്ടറി പിണറായി വിജയന്‍  സമര്‍പ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് വി.എസ്. അച്യുതാനന്ദനെതിരായ കുറ്റപത്രമായി. 26 പേജോളം വി.എസ് നടത്തുന്ന വിഭാഗീയതയുടെ ‘കെടുതികള്‍’ എന്ന നിലയില്‍ റിപ്പോര്‍ട്ട് വിവരിക്കുന്നു. പ്രമാദമായ ഓരോ വിഷയവും നിര്‍ത്തി വായിച്ച് മൂന്ന് മണിക്കൂറോളം നീണ്ട പിണറായിയുടെ റിപ്പോര്‍ട്ട് അവതരണത്തിന്‍െറ ഒടുവില്‍ വികാരാധീനനായി. ആദരിക്കപ്പെടുന്ന വ്യക്തി രാഷ്ട്രീയ എതിരാളികളെക്കാള്‍ ക്രൂരമായി കുത്തി നോവിച്ചതും, തണല്‍ കിട്ടേണ്ടിടം ചങ്കുപിടക്കുന്ന വേതാളകഥയെപ്പോലെയായെന്നും പിണറായി ഉപമിച്ചു. ഇപ്പോള്‍ പറയുന്നില്ളെങ്കില്‍ പിന്നെ എനിക്ക് പറയാനാവില്ല എന്ന ക്ഷമാപണത്തോടെയാണ് പിണറായി റിപ്പോര്‍ട്ടിന് ശേഷമുള്ള ഹ്രസ്വമായ സംസാരം അവസാനിപ്പിച്ചത്. ലാവലിന്‍ കേസില്‍ നിരന്തരമായ നീക്കമാണ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീടും വി.എസില്‍നിന്ന് ഉണ്ടായത്. അഭിഭാഷകനെ അപമാനിക്കുക പോലും ചെയ്തു. ലാവലിന്‍ കേസില്‍ വേട്ടയാടിയപ്പോള്‍ ടി.പി വധക്കേസില്‍ കൊലയാളിയുടെ സ്ഥാനത്താണ് പാര്‍ട്ടി നേതൃത്വത്തെ നിര്‍ത്തിയത്. ഒഞ്ചിയത്തേക്കുള്ള യാത്രയെക്കുറിച്ച് സൂചന നല്‍കിയിട്ടും അനുസരിച്ചില്ല. അതൊരു ഗൂഢാലോചനയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. അവരെല്ലാം പാര്‍ട്ടി സഖാക്കളാണെന്ന് വി.എസ് വിശേഷിപ്പിച്ചത് കൊണ്ടാണ് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന് അനുവാദം നല്‍കിയത്. പക്ഷെ, സംഭവിച്ചത് അതല്ല. പാര്‍ട്ടിക്കുള്ളിലുള്ള ഒഞ്ചിയത്തെ സഖാക്കളുടെ വികാരമല്ല, പുറത്തുള്ളവരുടെ വികാരമാണ് വി.എസിനെ നയിച്ചത്.
നിലപാടുകളുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണെന്ന് പറയുന്ന ആള്‍ കൂടങ്കുളത്തേക്ക് പോകാനൊരുങ്ങി ഒരു പൊലീസ് ഓഫിസറുടെ വിലക്ക് പറഞ്ഞ് തിരിച്ചുവന്നു. നിരന്തരം പാര്‍ട്ടി നേതൃത്വത്തെ വി.എസ് പിന്നില്‍നിന്ന് കുത്തുകയായിരുന്നു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളുമായി ബന്ധപ്പെടുന്ന വിവരങ്ങളും അവിടത്തെ സഖാക്കള്‍ അറിയിച്ചു. പാര്‍ട്ടിയെയും നേതൃത്വത്തെയും വര്‍ഗശത്രുക്കളോടൊപ്പംനിന്ന് വേട്ടയാടാനാണ് വി.എസ് ശ്രമിച്ചത്. പാര്‍ട്ടിയുടെ കറുത്ത അധ്യായങ്ങളാണിവയൊക്കെ -റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വി.എസിന്‍െറ പാര്‍ട്ടിയിലെ ഭാവിതന്നെ സന്ദേഹത്തിലാക്കുന്നതാണ് ഈ പരാമര്‍ശങ്ങള്‍. കഴിഞ്ഞ സമ്മേളന റിപ്പോര്‍ട്ടിലും വി.എസിനെ കുറ്റപ്പെടുത്തിയിരുന്നു. അതില്‍ പരാമര്‍ശിച്ച ചില വിഷയങ്ങള്‍ പുതിയ അനുഭവം കൂടി ചേര്‍ത്ത് പുതിയ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുകയായിരുന്നു.

വി.എസ് പാര്‍ട്ടി ശത്രുക്കളുടെ കൈയിലെ കളിപ്പാവയായി ^പ്രവര്‍ത്തന റിപ്പോര്‍ട്ട്

Posted: 20 Feb 2015 11:22 AM PST

Image: 
Subtitle: 
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയെന്ന് സ്ഥാപിക്കാന്‍ വി.എസ് പരസ്യമായി ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടിന്‍െറ 179ാം പേജില്‍ പറയുന്നു •പാര്‍ട്ടിയിലേക്ക് വന്ന നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകരെ വി.എസ് മോദിയുടെ ആളകുള്‍ എന്ന് വിളിച്ച് പരിഹസിച്ചുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു

ആലപ്പുഴ: പാര്‍ട്ടി ശത്രുക്കളുടെ കൈയിലെ കളിപ്പാവയായി വി.എസ് മാറിയെന്ന് കുറ്റപ്പെടുത്തുന്നതാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.  പാര്‍ട്ടി നിലപാട് വ്യക്തമാക്കേണ്ട സമയത്തെല്ലാം തന്ത്രപരമായി പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ വി.എസ് യു.ഡി.എഫിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയെന്ന് സ്ഥാപിക്കാന്‍ വി.എസ് പരസ്യമായി ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടിന്‍െറ 179ാം പേജില്‍ പറയുന്നു. ‘പിണറായിയെ അപകീര്‍ത്തിപ്പെടുത്താനും അഴിമതിക്കാരനെന്നു സ്ഥാപിക്കാനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ഒരു വ്യക്തിയെ കോടതിയുടെ മുന്നില്‍ ഹരജിയുമായി അയച്ചിരുന്നു. ആ ഹരജിയില്‍ വിശ്വസനീയമായി യാതൊന്നുമില്ല, ഒരു വസ്തുതയുമില്ളെന്ന് സി.ബി.ഐ കണ്ടത്തെി. കോടതി അത് തള്ളി. ഈ ഹരജിയെ കുറിച്ചാണ് വി.എസ് അഭിമുഖങ്ങളില്‍ പറയുന്നത്. സി.ബി.ഐ കോടതി മുമ്പാകെ നല്‍കിയ പ്രസ്താവന ഒരു രഹസ്യരേഖയല്ല. പി.ബിയും സി.സിയും പിണറായി ലാവലിന്‍ കേസില്‍ ഏതെങ്കിലും ദുര്‍നടപടിയിലോ അഴിമതിയിലോ ഏര്‍പ്പെട്ടില്ളെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ കോടതിയുടെ പുനരന്വേഷണത്തിന്‍െറ ഭാഗമായാണ് പിണറായി വ്യക്തിപരമായി അഴിമതി നടത്തിയിട്ടില്ളെന്ന് കോടതി മുമ്പാകെ പറഞ്ഞത്. ഇത് പരസ്യമായപ്പോള്‍ പിണറായി അഴിമതിക്കാരനെന്ന തരത്തില്‍ കെട്ടിപൊക്കിയ നുണക്കഥ തകര്‍ന്നുപോയി. അതിനു നേതൃത്വം കൊടുത്ത കേന്ദ്രത്തിന് വലിയ നിരാശയായി. അവര്‍ക്ക് ഉത്തേജനം നല്‍കാനാണ് പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് വി.എസ് പരസ്യമായി രംഗപ്രവേശം ചെയ്തത്. ഏതെങ്കിലും ഒരു കേസില്‍ അയാള്‍ മറ്റു കുഴപ്പമൊന്നും കാണിച്ചില്ളെന്നുവെച്ച് ‘ആസ് എ ഹോള്‍’ കേസില്‍നിന്ന് ഒഴിവാക്കിയില്ളെന്നാണ് വി.എസ് അഭിമുഖത്തില്‍ പറഞ്ഞത്. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതി ലതീഷുമായി വി.എസിന് ബന്ധമുണ്ട്. ആര്‍.എം.പിയുമായി ഗൂഢാലോചന നടത്തിയാണ് ടി.പി വധശേഷം വി.എസ് ഒഞ്ചിയം സന്ദര്‍ശിച്ചത്. അതാണ് ഇത്രയധികം ആളുകള്‍ അവിടെ കൂടിയത്. അന്ന് കോഴിക്കോട് ഗെസ്റ്റ് ഹൗസിലുണ്ടായിരുന്ന പാര്‍ട്ടി സഖാക്കളോട് പോലും പറയാതെയാണ് വി.എസ് സന്ദര്‍ശിച്ചത്. പാര്‍ട്ടിയിലേക്ക് വന്ന നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകരെ വി.എസ് മോദിയുടെ ആളകുള്‍ എന്ന് വിളിച്ച് പരിഹസിച്ചുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

 

കൊടുങ്കാറ്റിനെ പേടിച്ച് ഓസീസും ബംഗ്ളാദേശും

Posted: 20 Feb 2015 11:11 AM PST

Image: 

ബ്രിസ്ബേന്‍: അഞ്ചാം കിരീടം സ്വപ്നംകണ്ടിറങ്ങിയ ആസ്ട്രേലിയയുടെയും അട്ടിമറി ലക്ഷ്യംവെക്കുന്ന ബംഗ്ളാദേശിന്‍െറയും മത്സരത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി കൊടുങ്കാറ്റും മോശം കാലാവസ്ഥയും. കൊടുങ്കാറ്റിനും കനത്ത മഴക്കും സാധ്യതയുള്ളതിനാല്‍ മത്സരം നടക്കുമോയെന്ന സംശയം നിലനില്‍ക്കുകയാണ്. മഴകാരണം വെള്ളിയാഴ്ച ടീമുകളുടെ പരിശീലനം മുടങ്ങിയിരുന്നു. ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് മത്സരം നിശ്ചയിച്ചിട്ടുള്ളതെങ്കിലും കളി കൃത്യസമയത്ത് ആരംഭിക്കാനാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇരു ടീമുകളും കുറഞ്ഞത് 20 ഓവര്‍ വീതമെങ്കിലും ബാറ്റ് ചെയ്തില്ളെങ്കില്‍ മത്സരം ഫലരഹിതമായി പ്രഖ്യാപിക്കപ്പെടുകയും ഇരുടീമുകള്‍ക്കും പോയന്‍റുകള്‍ വീതംവെച്ചുനല്‍കുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ ബംഗ്ളാദേശിനെക്കാള്‍ ഏറെ വേദനിക്കുക ആസ്ട്രേലിയയായിരിക്കും. പൂള്‍ ‘എ’യില്‍ നിന്ന് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച് ഒന്നാമതായി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാമെന്ന പ്രതീക്ഷയിലുള്ള ആസ്ട്രേലിയക്ക് അത് തിരിച്ചടിയാകും.
ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ 111 റണ്‍സിന്‍െറ ആധികാരിക ജയം നേടിയ ആസ്ട്രേലിയയും കന്നിക്കാരായ അഫ്ഗാനിസ്താനെ 105 റണ്‍സിന് പരാജയപ്പെടുത്തിയ ബംഗ്ളാദേശും രണ്ടാം ജയം തേടിയാണ് ഇന്നിറങ്ങുക. എന്നാല്‍, മോശം കാലാവസ്ഥ മാത്രമാണ് ഇരുടീമുകള്‍ക്കും വെല്ലുവിളി. മത്സരം നടക്കണമെന്നു തന്നെയാണ് ആഗ്രഹമെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് പ്രാധാന്യം കല്‍പിക്കുന്നതെന്ന് ഇരുടീമുകളുടെ പ്രതിനിധികളും ഐ.സി.സിയും വ്യക്തമാക്കി.
മോശം കാലാവസ്ഥയെ തുടര്‍ന്ന് കടുത്ത മുന്‍കരുതല്‍ നിര്‍ദേശമാണ് ബ്രിസ്ബേനിലും സമീപപ്രദേശങ്ങളിലും നല്‍കിയിട്ടുള്ളത്. കൊടുങ്കാറ്റിന്‍െറ ശക്തി കുറയുന്നതിനെ ആശ്രയിച്ചായിരിക്കും മത്സരം നടക്കാനുള്ള സാധ്യതയും. കളി നടത്താന്‍ അനുകൂലമായ കാലാവസ്ഥയുണ്ടായാല്‍ ഓവര്‍ എണ്ണം കുറച്ചാണെങ്കിലും മത്സരം നടത്തുമെന്നാണ് ഐ.സി.സി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മോശം കാലാവസ്ഥ മൂലം ഇരുടീമുകള്‍ക്കും പരിശീലനത്തില്‍ ഏര്‍പ്പെടാന്‍പോലും കഴിഞ്ഞില്ല. മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ഇരുടീമുകളും.
ഇംഗ്ളണ്ടുമായുള്ള ഉദ്ഘാടന മത്സരത്തില്‍ പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്ന മൈക്കല്‍ ക്ളാര്‍ക്ക് ബംഗ്ളാദേശിനെതിരെയുള്ള മത്സരത്തില്‍ കളിക്കുമെന്നതാണ് ആസ്ട്രേലിയന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത്. ടീമിന്‍െറ ഇന്‍ഹൗസ് പരിശീലനത്തിലും അദ്ദേഹം പങ്കെടുത്തു. ബംഗ്ളാദേശുമായുള്ള മത്സരത്തിന് ഒരു ടീമിനെ തയാറാക്കിയിട്ടുണ്ടെന്നും മത്സരത്തിന്‍െറ സ്വഭാവത്തിനനുസരിച്ച് ടീമിനെ പ്രഖ്യാപിക്കുമെന്നും ക്ളാര്‍ക്ക് പറഞ്ഞു. ബംഗ്ളാദേശിനെ നേരിടാന്‍ ടീം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച ടീമായ കംഗാരുക്കള്‍ കടുവകള്‍ക്കുമേല്‍ വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
എന്നാല്‍, അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലുള്ള ബംഗ്ളാദേശിന് ആസ്ട്രേലിയക്കെതിരായ മത്സരം ഉപേക്ഷിച്ചാലും ആശ്വാസമാണുള്ളത്. അതുവഴി ലഭിക്കുന്ന പോയന്‍റ് ശ്രീലങ്കക്കും ന്യൂസിലന്‍ഡിനുമെതിരായ മത്സരങ്ങളില്‍ ടീമിന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് ബംഗ്ള ക്യാപ്റ്റന്‍ മഷ്റഫ് മുര്‍ത്തസ പറയുന്നത്. മോശം കാലാവസ്ഥ മൂലം ബംഗ്ളാദേശുമായുള്ള മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ന്യൂസിലന്‍ഡുമായുള്ള അടുത്ത മത്സരത്തിനായി ആസ്ട്രേലിയക്ക് ഒരാഴ്ചയോളം കാത്തിരിക്കേണ്ടിവരും.

 

ജയില്‍മോചിതനായ ജയരാജന്‍െറ ആദ്യ പരാമര്‍ശം കോടതിക്കെതിരെ

Posted: 20 Feb 2015 11:08 AM PST

Image: 
Subtitle: 
പാറ്റൂര്‍ കേസിലെ ലോകായുക്ത നടപടി ആശ്ചര്യപ്പെടുത്തിയെന്ന്

തിരുവനന്തപുരം: ശുംഭന്‍ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് വിധേയനായി ജയില്‍ശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ സി.പി.എം നേതാവ് എം.വി. ജയരാജന്‍െറ ആദ്യപരാമര്‍ശം കോടതിക്കെതിരെ. ശുംഭനെന്ന് വിളിച്ചതിന്‍െറ പേരില്‍ കോടതി തന്നെ ശിക്ഷിച്ചത് പക്ഷപാതപരമായിട്ടാണെന്നും തന്നെ പുഴുവെന്ന വിളിച്ച ജഡ്ജിയെ ആരു ശിക്ഷിക്കുമെന്നും ജയരാജന്‍ ചോദിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ വമ്പന്മാരുടെ പേരുവിവരങ്ങളടങ്ങിയ പാറ്റൂര്‍ കേസിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ തള്ളിയ ലോകായുക്തയുടെ നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.
പക്ഷപാതപരമായാണ് തന്നെ ശിക്ഷിച്ചത്. ജഡ്ജിമാര്‍ തിണ്ണനിരങ്ങികളാണെന്ന് വിശേഷിപ്പിച്ചവര്‍ക്കെതിരെ നടപടിയില്ല. കമ്യൂണിസ്റ്റുകാരനായതുകൊണ്ടുമാത്രമാണ് തന്നെ ശിക്ഷിച്ചത്. ജനാധിപത്യ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍ തുടരും. ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകള്‍ തിരുത്താന്‍ കോടതികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതി ഉത്തരവിനെതിരെ പ്രസംഗിക്കുന്നതിനിടെയാണ് ജഡ്ജിമാരെ ശുംഭന്മാരെന്ന് ജയരാജന്‍ വിശേഷിപ്പിച്ചത്. കോടതിയലക്ഷ്യ കേസില്‍ നാല് ആഴ്ചത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ ജയരാജന്‍, നടപടി ക്രമങ്ങളെല്ലം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പതിനൊന്നരയോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. ജയില്‍ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു പുറത്തിറങ്ങിയ ജയരാജന്‍ എ.കെ.ജി സെന്‍ററിലേക്ക് പോയി. ഉച്ചകഴിഞ്ഞ്,  സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആലപ്പുഴക്ക് പുറപ്പെട്ടു.

വി.എസിന്‍െറ രേഖയും സെക്രട്ടേറിയറ്റ് പ്രമേയവും സമ്മേളനം ചര്‍ച്ച ചെയ്യില്ല

Posted: 20 Feb 2015 11:01 AM PST

Image: 
Subtitle: 
സ്വന്തം ലേഖകന്‍

ആലപ്പുഴ: വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ വിയോജന രേഖയോ അതിനെതിരെ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയമോ സി.പി.എം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യില്ല. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറയും കമ്മിറ്റിയുടെയും അവസാന നടപടിയാണ്പ്രമേയകാര്യത്തിലുള്ള തീരുമാനം. കേന്ദ്രകമ്മിറ്റിയുടെ മുന്നിലുള്ള വിയോജന രേഖ അവിടെയാണ്് ചര്‍ച്ചക്ക് വരുക. അപ്പോള്‍ സംസ്ഥാന നേതൃത്വം പ്രമേയം അംഗീകരിച്ചത് വരെയുണ്ടായ നടപടികള്‍ വിശദീകരിക്കുകയേ വേണ്ടൂ. അതിനു മുകളില്‍ നടപടി വേണമെങ്കില്‍ കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അപ്രതീക്ഷിതമായ പ്രഹരമാണ് പ്രമേയത്തിലൂടെ വി.എസിന് കിട്ടിയത്. ഒരു കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റ് പരസ്യമായി പ്രസ്താവന നടത്തുന്നത് അപൂര്‍വമാണ്. സമ്മേളന പ്രതിനിധികളില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ പ്രമേയം പരസ്യപ്പെടുത്തി എന്ന വിശദീകരണം കേന്ദ്രത്തിന് നല്‍കുന്നതോടെ അവിടെയും വി.എസ് മുട്ടുകുത്തും എന്നാണ് ഒൗദ്യോഗിക നേതൃത്വം കരുതുന്നത്. വി.എസിനെതിരായ പ്രമേയത്തിന്‍െറ സമ്പൂര്‍ണ രൂപം പത്രങ്ങളില്‍ അച്ചടിച്ചു വന്നതോടെ ഒൗദ്യോഗിക വിഭാഗം  യുദ്ധം ജയിച്ച സംതൃപ്തിയിലാണ്. സമ്മേളന നഗരിയില്‍ വി.എസിന്‍െറ ചലനങ്ങളിലുണ്ടായ മ്ളാനതയെ ശരിക്കും ചില നേതാക്കള്‍ അളന്നുവെച്ച് അടക്കം പറയുന്നുണ്ടായിരുന്നു.
അതിനിടെ വി.എസ് കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ രേഖ ചോര്‍ന്നതും  വിവാദമായി. വ്യക്തമായും ചില ഉദ്ദേശ്യം മുന്നില്‍ കണ്ട് ആസൂത്രണം ചെയ്ത ‘ചോര്‍ച്ച’ ആണിതെന്ന് വിലയിരുത്തുന്നവരുണ്ട്. ഡല്‍ഹിയില്‍ ആര് വഴി ചോര്‍ന്നുവെന്നതാണ് വിവാദം. പാര്‍ട്ടി പുറത്താക്കിയ വി.എസിന്‍െറ മുന്‍ പേഴ്സനല്‍ സ്റ്റാഫില്‍ ഒരാള്‍  ലാവലിന്‍ കേസ് വിധിയുടെ ദിവസം ഡല്‍ഹിയിലുണ്ടായിരുന്നുവെന്നും അയാളാണ് നല്‍കിയതെന്നുമാണ് സംസ്ഥാന നേതൃത്വം തെളിവ് ശേഖരിച്ചിരിക്കുന്നത്. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടി പുറത്താക്കിയ ആളുമായി വി.എസ് ബന്ധം തുടരുന്നുവെന്ന പുതിയൊരു ചാര്‍ജ്ഷീറ്റ് കൂടി വരും. എന്നാല്‍, വി.എസിനെ കുരുക്കിയിടാന്‍ മറ്റൊരു ലോബി വിയോജന രേഖ ഡല്‍ഹിയില്‍ ചോര്‍ത്തിയെന്നാണ് മറുവാദം. ഒൗദ്യോഗിക നേതൃത്വത്തില്‍ രൂപപ്പെട്ട കുറുമുന്നണിയിലെ ചിലരാണ് ഇതിന്‍െറ പിന്നിലെന്നും പറയപ്പെടുന്നു. അവര്‍ക്ക് രണ്ട് ലക്ഷ്യം നേടാനായി.
വി.എസിനെ പൂര്‍ണമായും നിരായുധനാക്കുകയാണ് ഒന്ന്. പിണറായിയുടെ സാരഥ്യം സമ്പൂര്‍ണ വിജയമല്ല എന്ന അന്തരീക്ഷം വളര്‍ത്തുക. പുതിയ സെക്രട്ടറി ആരായിരിക്കണമെന്ന അഭ്യൂഹത്തിനിടയില്‍ എം.എ.ബേബിയെ ഉയര്‍ത്തിക്കാട്ടുന്ന അപൂര്‍വം ചിലരുടെ കുറുമുന്നണി അടുത്തായി രൂപപ്പെട്ടിരുന്നു. കോടിയേരിയെ പ്രതിരോധിക്കുന്നതിന് രണ്ട് മൂന്ന് വാദം പ്രതിനിധികളില്‍ രഹസ്യമായി പ്രചരിപ്പിച്ചു എന്നും പറയപ്പെടുന്നു.  മന്ത്രിയായിരുന്നപ്പോള്‍ മന്ത്രിമന്ദിരം മോടികൂട്ടുന്നതുമായി ബന്ധപ്പെട്ട കോടിയേരിയുടെ കുടുംബത്തിന്‍െറ ആര്‍ഭാട ജീവിതവും  മറ്റുമാണിത്.  നാലാം ലോകവാദത്തില്‍ വി.എസിന്‍െറ എതിര്‍പ്പിന്‍െറ കുന്തമുനയായ ബേബി സെക്രട്ടറിയാവുന്നത് വി.എസ് ഇഷ്ടപ്പെടില്ല. അതിനാല്‍ കോടിയേരി-വി.എസ് സൗഹൃദം വളരുന്നതിന് മുമ്പ് വി.എസിനെ അകറ്റാനുള്ള കരുനീക്കം നടന്നു. അതാണ് ചോര്‍ച്ചയുടെ പിന്നിലെന്നാണ് ചിലരുടെ നിഗമനം. വിയോജന രേഖയിലെ വിവരങ്ങള്‍ ആദ്യ ദിവസം സമ്പൂര്‍ണമായി പത്രത്തില്‍  വന്നിരുന്നില്ല. സമ്പൂര്‍ണമായി വരണമെന്ന് ആഗ്രഹിച്ചവര്‍ ഡല്‍ഹിയില്‍ അതു കൈമാറി എന്നാണ് അനുമാനം. കേന്ദ്രകമ്മിറ്റിയുടെ കൈയിലെ രേഖ ഡല്‍ഹിയില്‍നിന്ന് ചോര്‍ന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്ര കമ്മിറ്റിക്കാണ്. അതിനാല്‍, സംസ്ഥാന നേതൃത്വം സ്വീകരിച്ച നടപടി ശരിവെച്ചില്ളെങ്കില്‍ പാര്‍ട്ടി സെന്‍റര്‍ പ്രതിക്കൂട്ടിലാവും. ഈ ധൈര്യത്തോടെയാണ് കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ   പ്രമേയം പ്രസിദ്ധീകരിക്കാന്‍ നല്‍കിയത്.
 

അതിര്‍ത്തികള്‍ തടസ്സമായില്ല, ഇവരുടെ വിവാഹത്തിന്

Posted: 20 Feb 2015 10:36 AM PST

Image: 

ജയ്പൂര്‍: അതിര്‍ത്തികള്‍ക്ക് വിഭജിക്കാനാവുന്നതല്ല കുടുംബബന്ധങ്ങളെന്ന് തെളിയിച്ചുകൊണ്ട് രാജസ്ഥാനില്‍ വീണ്ടുമൊരു ‘അന്തര്‍ദേശീയ വിവാഹം’. ഇന്ത്യ-പാക് വിഭജനത്തോടെ രണ്ടു രാജ്യങ്ങളിലായിപ്പോയെങ്കിലും രാഷ്ട്രീയ അതിരുകള്‍ ഹൃദയബന്ധങ്ങള്‍ക്ക് തടസ്സമല്ളെന്ന് തെളിയിച്ച് വിവാഹത്തിന് തയാറായത് ഇരു രാജ്യങ്ങളിലായി കഴിയുന്ന പ്രമുഖ രജപുത്ര കുടുംബങ്ങളാണ്. പാകിസ്താനിയായ കര്‍ണി സിങ്ങും ഇന്ത്യക്കാരിയായ പദ്മിനി സിങ് രാത്തോഡുമാണ് വെള്ളിയാഴ്ച വിവാഹിതരായത്. ഇരുകുടുംബങ്ങളും ആലോചിച്ചുറപ്പിച്ചായിരുന്നു വിവാഹം. 1540ല്‍ ഷെര്‍ ഷാ സൂരിയോട് പരാജയപ്പെട്ട് പലായനം ചെയ്ത ഹുമയൂണിനും ഗര്‍ഭിണിയായ ഭാര്യക്കും ഇപ്പോഴത്തെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഉമര്‍കോട്ടില്‍ അഭയം നല്‍കിയ സോധ രജപുത്ര കുടുംബത്തിലെ ഇളമുറക്കാരനാണ് കര്‍ണി സിങ്. സോധ കുടുംബത്തിന്‍െറ ഉടമസ്ഥതയിലാണ് അക്ബര്‍ ചക്രവര്‍ത്തി ജനിച്ച ഉമര്‍കോട്ട് കോട്ട ഇപ്പോഴും. വിഭജനകാലത്ത് പാകിസ്താനില്‍ തുടരാന്‍ തീരുമാനിച്ച സോധ കുടുംബത്തിലെ പല അംഗങ്ങളും രാജസ്ഥാനോടു ചേര്‍ന്ന പാകിസ്താനിലെ ഹിന്ദു ഭൂരിപക്ഷ മേഖലയായ ഥാര്‍പര്‍ക്കറില്‍നിന്ന് പാക് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം നേടിയവരുമാണ്.
കനോട്ട രാജകുടുംബാംഗവും പഴയ ജയ്പൂര്‍ സേനയുടെ തലവനായിരുന്ന ജനറല്‍ അമര്‍സിങ്ങിന്‍െറ പിന്തുടര്‍ച്ചക്കാരിയുമാണ് വധു പദ്മിനി. പാകിസ്താനിയുമായി വിവാഹത്തിന് ആലോചന വന്നപ്പോള്‍ ആദ്യം ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍, പാക് വിസ കിട്ടിയാല്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഉമര്‍കോട്ടില്‍ താമസമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. കര്‍ണി സിങ്ങിന്‍െറ പിതാവും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവുമായ ഹമീര്‍ സിങ്ങും ഇന്ത്യയില്‍നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരെ പാകിസ്താനില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന വാര്‍ത്തകള്‍ പലതും അതിശയോക്തിപരമാണെന്ന് കര്‍ണി സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തായ് ലന്‍ഡില്‍ വാടക ഗര്‍ഭപാത്ര വ്യവസായത്തിന് നിരോധം

Posted: 20 Feb 2015 10:25 AM PST

Image: 

ബാങ്കോക്: വാടക ഗര്‍ഭപാത്രങ്ങളുടെ നാടായ തായ് ലന്‍ഡില്‍ വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നതിന് നിരോധം. അതായത് വിദേശ ദമ്പതികള്‍ക്കുവേണ്ടി അവരുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും വളര്‍ത്താനും തായ് സ്ത്രീകള്‍ക്ക് കഴിയില്ല.  

ഗര്‍ഭപാത്രം വാടകക്ക് നല്‍കി പണമുണ്ടാക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമായി കാണുന്ന കരട് നിയമത്തിന് കഴിഞ്ഞ ആഗസ്റ്റിലാണ് തായ്ലന്‍ഡ് ഭരണകൂടം രൂപം നല്‍കിയത്. നവംബറില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയ ബില്‍ വ്യാഴാഴ്ചയോടെ നിയമമായി. തായ് സ്ത്രീ ലോകത്തിന്‍െറ ഗര്‍ഭപാത്രമാകുന്ന അവസ്ഥ അവസാനിപ്പിക്കുകയാണ് നിയമത്തിന്‍െറ ലക്ഷ്യമെന്ന് തായ്ലന്‍ഡ് ദേശീയ നിയമനിര്‍മാണ അസംബ്ളി അംഗം വാന്‍ലോപ് തന്‍കനനുറാക് പറഞ്ഞു. നിയമം നടപ്പായതോടെ വിദേശികള്‍ക്ക് തായ് സ്ത്രീകളുടെ ഗര്‍ഭപാത്രം വാടകക്ക് എടുക്കാന്‍ കഴിയില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ജയില്‍ ശിക്ഷയാണ് നിയമത്തില്‍ ഉറപ്പുവരുത്തിയിരിക്കുന്നത്. എന്നാല്‍, 25 വയസ്സിലേറെ പ്രായമുള്ള തായ് സ്ത്രീകള്‍ക്ക് മറ്റൊരു തായ് ദമ്പതികള്‍ക്കുവേണ്ടി കുഞ്ഞിന് ജന്മം നല്‍കുകയും വളര്‍ത്തുകയും ചെയ്യാം. അതേസമയം, രാജ്യത്തെ ആയിരക്കണക്കിന് സ്ത്രീകളെയും കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ് നിയമമെന്ന വിമര്‍ശവും ഉയര്‍ന്നുകഴിഞ്ഞു. നിയമംമൂലം നിരോധിച്ചാല്‍, രഹസ്യമായി ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നത് വര്‍ധിക്കുകയും വാടക അമ്മമാരാകുന്ന സ്ത്രീകള്‍ക്ക് മികച്ച ആരോഗ്യ സേവനം ലഭിക്കാതെ വരുകയും ചെയ്യുമെന്നാണ് വിമര്‍ശകരുടെ പക്ഷം.

ഈയടുത്ത കാലംവരെ പ്രജനന ടൂറിസത്തിന്‍െറ ഡെസ്റ്റിനേഷനായാണ് തെക്കുകിഴക്കന്‍ ഏഷ്യ രാജ്യമായ തായ്ലന്‍ഡ് അറിയപ്പെട്ടിരുന്നത്. വാടക ഗര്‍ഭപാത്ര വ്യവസായവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും രസകരമായ വാര്‍ത്തകളും തായ്ലന്‍ഡിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ച മൂന്നു മക്കളില്‍ ആരോഗ്യമില്ലാത്ത കുഞ്ഞിനെ  ഉപേക്ഷിച്ച് രണ്ടു ഇരട്ട പെണ്‍കുഞ്ഞുങ്ങളെയുമായി മുങ്ങിയ ആസ്ട്രേലിയന്‍ ദമ്പതികളുടെ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.  
ഒരു ജപ്പാന്‍കാരന്‍ ഗര്‍ഭപാത്രങ്ങള്‍ വാടകക്കെടുത്ത് 16 കുട്ടികള്‍ക്ക് ജന്മം നല്‍കിയതും തായ്ലന്‍ഡില്‍ തന്നെ. ഏറെ കൗതുകം നിറഞ്ഞ ഗര്‍ഭപാത്ര വാടക രീതിയെ ബേബി ഫാക്ടറി എന്നാണ് തായ്ലന്‍ഡിലെ പ്രാദേശിക മാധ്യമങ്ങള്‍ വിളിക്കുന്നത്.

അവര്‍ നടന്നടുക്കുന്നു, ആ സ്വപ്നയാത്രയിലേക്ക്

Posted: 20 Feb 2015 09:45 AM PST

Image: 
Subtitle: 
ചൊവ്വാ യാത്രികരുടെ പട്ടികയായി; മൂന്ന് ഇന്ത്യക്കാര്‍

ആംസ്റ്റര്‍ ഡാം: അന്യഗ്രഹത്തില്‍ കോളനികള്‍ സ്ഥാപിച്ച് അവിടെ കഴിഞ്ഞുകൂടുകയെന്ന സ്വപ്നത്തോട് നാം കൂടുതല്‍ അടുക്കുകയാണോ?  ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയുടെ മണ്ണിലേക്കുള്ള മനുഷ്യ യാത്രയുടെ സാങ്കേതിക നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.
നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഴ്സ് വണ്‍ എന്ന സംഘടനയാണ്  ചൊവ്വാ യാത്ര നയിക്കുന്നത്.  2024ല്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ നല്ളൊരു ഭാഗവും പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ഇനി യാത്രപോകാന്‍ വേണ്ട 25 പേരെ തെരഞ്ഞെടുക്കണം.
ഭൂമിയിലേക്ക് മടങ്ങിവരില്ളെന്നറിഞ്ഞിട്ടും ആ സ്വപ്നയാത്രക്ക് തയാറായി മാഴ്സ് വണ്‍ പദ്ധതിക്കായി അപേക്ഷിച്ചത് രണ്ടു ലക്ഷത്തിലധികം പേരാണ്. ആദ്യമായി ശൂന്യാകാശ യാത്ര നടത്തിയ വനിതയായ വാലന്‍റീന തെരഷ്കോവ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അപേക്ഷയാണ് സംഘടനക്ക് പരിഗണിക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം, അവസാന നൂറു പേരെ മാഴ്സ് വണ്‍ കണ്ടത്തെി. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ഇതില്‍നിന്നും കണ്ടത്തെുന്ന 25 പേരായിരിക്കും ചുവന്ന ഗ്രഹത്തിന്‍െറ സാധ്യതകള്‍ അന്വേഷിച്ചുള്ള യാത്രയില്‍ പങ്കെടുക്കുക.
ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 39 പേരും അമേരിക്കന്‍ ഐക്യനാടുകളില്‍നിന്നുള്ളവരാണ്. 31 പേര്‍ യൂറോപ്പില്‍നിന്നും 16 പേര്‍ ഏഷ്യയില്‍നിന്നും ഏഴു പേര്‍ ആഫ്രിക്കയില്‍നിന്നുമാണ്. ‘പൈ’യുടെ വിലയിലെ 90 അക്കങ്ങള്‍ വരെ ഓര്‍ത്തെടുത്ത് ചരിത്രം സൃഷ്ടിച്ച 21കാരന്‍ റയാന്‍ മക് ഡൊണാള്‍ഡ് മുതല്‍ പിഎച്ച്.ഡി വിദ്യാര്‍ഥിനിയായ ഹന്ന ഏണ്‍ഷാ വരെയുള്ളവര്‍ ഈ നൂറില്‍ പെടും. കൂട്ടത്തില്‍ മൂന്ന് ഇന്ത്യക്കാരികളുമുണ്ട്. അതില്‍ ഒരാള്‍ മലയാളിയും.
2018ലായിരിക്കും മാഴ്സ് വണ്ണിന്‍െറ ആദ്യ യാത്ര. എന്നാല്‍, ഇത് കേവലം പരീക്ഷണ പറക്കലായിരിക്കും. 2020ല്‍ സാങ്കേതിക സൗകര്യങ്ങള്‍ വിപുലപ്പെടുത്തി മറ്റൊരു പരീക്ഷണപ്പറക്കല്‍കൂടി നടത്തും. രണ്ടു വര്‍ഷത്തിനുശേഷം കാര്‍ഗോ മിഷന്‍. അതിനുശേഷമായിരിക്കും യഥാര്‍ഥ യാത്ര. ഏഴു മാസത്തെ യാത്രക്കൊടുവിലായിരിക്കും വാഹനം ചൊവ്വയിലത്തെുക.

ശ്രദ്ധ മലയാളത്തിന്‍െറ അഭിമാനം

മാഴ്സ് വണ്‍ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലേക്ക് യാത്രതിരിക്കാന്‍ ഒരുങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരു പാലക്കാട്ടുകാരിയുമുണ്ട്. കോയമ്പത്തൂര്‍ അമൃത വിശ്വപീഠ വിദ്യാലയത്തിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്രദ്ധ പ്രസാദാണ് മാഴ്സ് വണ്ണില്‍ കേരളത്തിന്‍െറ അഭിമാനമായി മാറിയത്.
 ചൊവ്വാ യാത്രക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഈ 19കാരിക്ക് ഇനി ഒരു കടമ്പകൂടി മാത്രമാണ് കടക്കാനുള്ളത്. അത് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രദ്ധ.
2013 ജൂലൈയിലാണ് ശ്രദ്ധ ചൊവ്വാ യാത്രക്ക് ഓണ്‍ലൈനായി അപേക്ഷിച്ചത്. വീട്ടിലെ ഏക മകളായ ശ്രദ്ധയുടെ യാത്രയെ ആദ്യം മാതാപിതാക്കള്‍ അത്ര കാര്യമായി എടുത്തില്ല. പിന്നീടാണ് അവര്‍ അറിഞ്ഞത് ഇത് മടക്കമില്ലാത്ത യാത്രയാണെന്ന്. അതോടെ, അവര്‍ ആശങ്കയായി. എന്നാല്‍, ഓരോ റൗണ്ടും പിന്നിടുന്നതോടെ അവരും അതിനോട് പൊരുത്തപ്പെട്ടു.
വ്യക്തിത്വ പരിശോധനയും മെഡിക്കല്‍ ടെസ്റ്റും പൂര്‍ത്തിയാക്കിയാണ് അവസാന നൂറ് പേര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇനി അടുത്ത റൗണ്ട് ഗ്രൂപ് അടിസ്ഥാനത്തിലുള്ളതാണ്.
ഭൂമിയില്‍ തന്നെ ഒരു കുഞ്ഞു ചൊവ്വ സജ്ജമാക്കി, അവിടെ പരിശീലനം നടത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ളത്.

യുക്രെയ്നില്‍ സംഘട്ടനം രൂക്ഷം; വെടിനിര്‍ത്തലിന് നീക്കം തുടരുന്നു

Posted: 20 Feb 2015 09:41 AM PST

Image: 
Subtitle: 
തന്ത്രപ്രധാന നഗരം വിമതരുടെ പിടിയില്‍

കിയവ്: കിഴക്കന്‍ യുക്രെയ്നിലെ തന്ത്രപ്രധാനമായ ഡെബാള്‍സ്റ്റീവ് പട്ടണം റഷ്യന്‍ അനുകൂല വിമതര്‍ പിടിച്ചെടുത്തതിനു പിന്നാലെ സംഘട്ടനം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. പാശ്ചാത്യരാജ്യങ്ങളുടെ മധ്യസ്ഥതയില്‍ പുതിയ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കിടെയാണ് ഡെബാള്‍സ്റ്റീവ് വിമത നിയന്ത്രണത്തിലാകുന്നത്.
കനത്ത ആക്രമണം നേരിടാനാകാതെ, ഇവിടെ നിലയുറപ്പിച്ചിരുന്ന നൂറുകണക്കിന് യുക്രെയ്ന്‍ സൈനികര്‍ പിന്‍വാങ്ങിയിരുന്നു. ഡെബാള്‍സ്റ്റീവിനു പുറമെ കിഴക്കന്‍ മേഖലയിലെ തുറമുഖ പട്ടണമായ മറിയുപോളിലും ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘട്ടനം ശക്തമാണ്. 10 മാസത്തിനിടെ യുക്രെയ്ന്‍ സര്‍ക്കാറിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
പ്രതിസന്ധി നിയന്ത്രണാതീതമായി തുടരുമ്പോഴും വെടിനിര്‍ത്തലിന് നീക്കം തുടരുന്നതായി യൂറോപ്യന്‍ മധ്യസ്ഥര്‍ പറയുന്നു. ആക്രമണം അവസാനിപ്പിക്കുകയും മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ പിന്‍വലിക്കുകയും ചെയ്ത് ചര്‍ച്ചയുടെ വഴിയിലേക്ക് റഷ്യയും റഷ്യന്‍ അനുകൂല വിമതരും തിരിച്ചുവരണമെന്ന് വൈറ്റ്ഹൗസ് വക്താവ് ജെന്‍ സാകി ആവശ്യപ്പെട്ടു.
ഡെബാള്‍സ്റ്റീവില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമത നീക്കത്തില്‍ 13 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഒൗദ്യോഗിക സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ കനത്ത മോര്‍ട്ടാര്‍ ആക്രമണം നടത്തുകയായിരുന്നു. ഡെബാള്‍സ്റ്റീവ് വീണതോടെയാണ് അസോവ് കടലിനോടു ചേര്‍ന്നുള്ള മറിയുപോളിലും വിമതര്‍ ആക്രമണം കനപ്പിച്ചത്. നിലവില്‍ നഗരം വീഴുമെന്ന ആശങ്കയില്ളെന്ന് യുക്രെയ്ന്‍ അറിയിച്ചു. വിമതര്‍ നടത്തുന്ന ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് ആരോപണം. ഇത് റഷ്യ നിഷേധിക്കുന്നു.
ബെലറൂസ് തലസ്ഥാനമായ മിന്‍സ്കില്‍ ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ റഷ്യ, യുക്രെയ്ന്‍ എന്നിവയും റഷ്യന്‍ അനുകൂല വിമതരും വെടിനിര്‍ത്താന്‍ ധാരണയായിരുന്നു.

അംബാനിയെ പിന്തള്ളി ദിലിപ് ഷാങ് വി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍

Posted: 20 Feb 2015 07:33 AM PST

Image: 

മുംബൈ: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഉടമകളുടെ ഓഹരിമൂല്യമനുസരിച്ച് സണ്‍ ഫാര്‍മ ഉടമ ദിലിപ് ഷാങ്വി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍െറ മുകേഷ് അംബാനിയെ മറികടന്നാണ് 59കാരനായ ദിലിപ് ഒന്നാമനായത്. മുംബൈ സ്റ്റോക് എക്സ്ചേഞ്ച് പുറത്തുവിട്ട കണക്കനുസരിച്ച് വ്യാഴാഴ്ച ഓഹരിവിപണിയില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചപ്പോള്‍ 1.46 ലക്ഷം കോടി രൂപയാണ് ദിലിപിന്‍െറ ആസ്തി. സണ്‍ ഫാര്‍മ, സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റിസര്‍ച്, റാന്‍ബാക്സി ലാബ്സ് എന്നീ കമ്പനി ശൃംഖലകളില്‍ 63 ശതമാനം ഓഹരിയാണ് ദിലിപിനുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളില്‍ 45 ശതമാനം ഓഹരിയുള്ള മുകേഷ് അംബാനിയുടെ ആസ്തി 1.32 ലക്ഷം കോടിയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP