ജില്ലയില്‍ പോളിങ് 73 ശതമാനം; ജയത്തില്‍ ആര്‍ക്കുമില്ല സംശയം Posted: 10 Apr 2014 11:58 PM PDT തൃശൂര്‍: ജില്ലയില്‍ പോളിങ്ങില്‍ വര്‍ധന. പ്രാഥമിക കണക്കനുസരിച്ച് 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 69.49 ശതമാനമായിരുന്നു. വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്ങ് -77 ശതമാനം. കുറവ് ഗുരുവായൂരില്‍ -68.5. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട മണ്ഡലങ്ങളാണ് യു.ഡി.എഫിനൊപ്പം നിന്നത്. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, പുതുക്കാട്, നാട്ടിക, കയ്പമംഗലം മണ്ഡങ്ങളാണ് എല്‍.ഡി.എഫിനെ തുണച്ചത്. എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് നില മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, നാട്ടിക, കയ്പമംഗലം, ചാലക്കുടി, പുതുക്കാട് മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്കായിരുന്നു ജയം. ആ അവസ്ഥതന്നെയാകും ഇക്കുറിയുമെന്നാണ് എല്‍.ഡി.എഫിന്‍െറ പ്രതീക്ഷ. തൃശൂര്‍, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നീ യു.ഡി.എഫ് അനുകൂല മണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നത് മുന്നണിക്ക് കുറെക്കൂടി സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, പുതുക്കാട്, നാട്ടിക മണ്ഡലങ്ങളിലെ പോളിങ് വര്‍ധന ഇടതുമുന്നണിക്ക് സഹായകമാവും. ആദ്യഘട്ടത്തില്‍ ലഭ്യമായ കണക്കനുസരിച്ച് ജില്ലയിലെ പോളിങ് ശതമാനം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍: ചേലക്കര -74.7, കുന്നംകുളം -74.2, മണലൂര്‍ -71.7, ഒല്ലൂര്‍ -73.7, തൃശൂര്‍ -68.8, നാട്ടിക -72.9, കയ്പമംഗലം -74.5, ഇരിങ്ങാലക്കുട -72.6, പുതുക്കാട് -75.3, ചാലക്കുടി -73.8, കൊടുങ്ങല്ലൂര്‍ -73.5. അതേസമയം ജനഹിതം പെട്ടിയിലായതോടെ ശുഭാപ്തിവിശ്വാസത്തിലാണ് തൃശൂരിലെ സ്ഥാനാര്‍ഥികള്‍. നോട്ടയെ ഭയക്കാതെ പുതുതലമുറവോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് മേയ് 16ന്‍െറ വിജയദിനത്തെയാണ് പോളിങ്ങിന് ശേഷം സ്ഥാനാര്‍ഥികള്‍ കാതോര്‍ക്കുന്നത്. നേരിയ തോതില്‍ പോളിങ് കൂടിയത് അനുയോജ്യമാവുമെന്ന വിശ്വസത്തിലാണിവര്‍. ആര്‍ക്കും പ്രതികൂല ഘടകങ്ങളില്ല. ഒടുവില്‍ പെയ്ത മഴ ശുഭസൂചകമായാണ് മുന്നണികളും സ്ഥാനാര്‍ഥികളും കാണുന്നത്. വിജയത്തിന്‍െറ കാര്യത്തില്‍ പൂര്‍ണ ശുഭാപ്തിവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍. വിജയത്തിന് അനുകൂല ഘടകങ്ങളാണ് പോളിങ്ങില്‍ തെളിഞ്ഞതെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പങ്കുവെച്ചു. കാര്യങ്ങള്‍ വിചാരിച്ചതുപോലെ അനുകൂലമായാണ് ആഞ്ഞുവീശുന്നത്. പ്രത്യക്ഷവും പരോക്ഷവുമായി പ്രതികൂലാവസ്ഥകളൊന്നുമില്ല. അനുകൂലമായ സാഹചര്യമാണ്. ചെറുപ്പക്കാരും കോളജ് വിദ്യാര്‍ഥികളും സംസ്ഥാനത്തൊട്ടാകെ ചെയ്തതിന് സമാനം ഇവിടെയും കോണ്‍ഗ്രസിനായി വോട്ടിങ് മെഷീനില്‍ വിരലമര്‍ത്തി. യുവാക്കളുടെ വോട്ടുകള്‍ തിരിഞ്ഞും മറിഞ്ഞും പോയിട്ടില്ലെന്നും ധനപാലന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇടതുവോട്ടുകള്‍ പൂര്‍ണമായി പെട്ടിയിലാക്കാന്‍ കഴിഞ്ഞതായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എന്‍. ജയദേവന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ശുഭപ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്. വിജയം സുനിശ്ചിതമാണെന്ന് പറയുമ്പോഴും ഭൂരിപക്ഷത്തെ ക്കുറിച്ച് സൂചിപ്പിക്കാന്‍ തയാറായില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന് എതിരായ വികാരം ജനങ്ങളിലേക്ക് എത്തിക്കാനായിട്ടുണ്ട്. ജനങ്ങളുടെ ഈ വികാരം തങ്ങള്‍ക്ക് അനുകൂലമായ ഘടകമാണ്. രാഷ്ട്രീയ വോട്ടുകളല്ലെങ്കിലും സ്ഥാനര്‍ഥിയുടെ മികവ് നോക്കി വോട്ട് ചെയ്യുന്നതിനാല്‍ യുവവോട്ടര്‍മാര്‍ ഒപ്പം നിന്നതായി അദ്ദേഹം പറഞ്ഞു. 2004നേക്കാള്‍ അനുകൂലമായ അന്തരീക്ഷമാണ് കാണുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ.പി. ശ്രീശന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ സ്വാധീനം ദേശീയതലത്തിലേതിന് സമാനം സംസ്ഥാനത്തും തൃശൂരിലും മാറ്റമുണ്ടാക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രഫ. സാറാ ജോസഫ് വോട്ടിങ് കഴിഞ്ഞില്ലേയെന്ന മറുചോദ്യമാണ് ഉന്നയിച്ചത്. ഇനിയെന്തുപറയാന്‍ ? വോട്ടെണ്ണിക്കഴിയട്ടെ അപ്പോള്‍ പ്രതികരിക്കാമെന്ന് ടീച്ചര്‍ വ്യക്തമാക്കി.  |
വോട്ടെടുപ്പില്‍ ആവേശം; ഒടുവില്‍ മഴ തണുപ്പിച്ചു Posted: 10 Apr 2014 11:55 PM PDT കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ വോട്ടിങ് ആവേശം ഏറെക്കുറെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍േറതിന് സമാനം. തുടക്കത്തില്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ രൂപപ്പെട്ട നീണ്ട നിരകള്‍ ക്രമേണ കുറഞ്ഞ് ഇല്ലാതാകുന്ന കാഴ്ചയാണുണ്ടായത്. അപൂര്‍വം ചില ബൂത്തുകള്‍ക്ക് മുന്നില്‍ മാത്രമാണ് ഇടമുറിയാതെ നിര നീണ്ടത്. ഉച്ചക്കു ശേഷം പോളിങ് മന്ദഗതിയിലായി. ഓരോ മണിക്കൂര്‍ കഴിയുന്തോറും മൂന്നു മുതല്‍ ഏഴു വരെ ശതമാനം വോട്ടിന്‍െറ വര്‍ധനയാണ് എറണാകുളം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പ് കമീഷന്‍െറ കണക്കനുസരിച്ച് തുടക്കത്തില്‍ 7.4 ശതമാനം പോളിങ്ങാണ് എറണാകുളത്തുണ്ടായത്. അടുത്ത ഒരു മണിക്കൂറിനിടെ ഇത് 14.5 ശതമാനത്തിലധികമായി ഉയര്‍ന്നു. 2009 ല്‍ ആദ്യ രണ്ടുമണിക്കൂറില്‍ 16 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ 10 മണിക്ക് 22 ശതമാനമായിരുന്നു പോളിങ്. തുടര്‍ന്ന് അഞ്ചുമണി വരെയുള്ള ഓരോ മണിക്കൂറിലും 30.1, 38.5, 45.2, 51.6, 56.6, 69 ശതമാനം വീതമായിരുന്നു പോളിങ്ങിലെ വര്‍ധന. ആദ്യ ഒരു മണിക്കൂറില്‍ വൈപ്പിന്‍ (8.2), പറവൂര്‍ (7.9), തൃക്കാക്കര (7.7), കളമശേരി (7.7), തൃപ്പൂണിത്തുറ (7.7), എറണാകുളം (7.4), കൊച്ചി (6.5) എന്നിങ്ങനെയായിരുന്നു നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് നില. തുടര്‍ന്നുള്ള ഓരോ മണിക്കൂറുകളിലും നിയമസഭ മണ്ഡലങ്ങള്‍ തമ്മില്‍ പോളിങ്ങിലുള്ള വ്യത്യാസം മാറിമറിഞ്ഞു വന്നു. അപ്പോഴും ആദ്യമണിക്കൂറില്‍ മുന്നിലെത്തിയ നാല് മണ്ഡലങ്ങള്‍ തന്നെയായിരുന്നു മുന്‍നിരയില്‍. ഒമ്പതിനും 11നുമിടെ വോട്ടര്‍മാരുടെ വരവ് നേരിയ തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഏഴു ശതമാനം വരെ വോട്ടിങ് വര്‍ധന എന്ന നിലയില്‍നിന്ന് പോളിങ് നിരക്ക് ഉയര്‍ന്നു. ഉച്ചക്ക് ഒന്നുവരെ പോളിങ് കടന്നപ്പോള്‍ പറവൂരില്‍ 46.5 ശതമാനം പേര്‍ വോട്ടു ചെയ്തു. തൊട്ടുപിന്നില്‍ തൃക്കാക്കരയും (46.3), വൈപ്പിനും (45.9), കളമശേരിയും (45.5) എത്തി. രണ്ടു മണിയോടെ ഈ നില മാറി. 54 ശതമാനം പേര്‍ വോട്ടു ചെയ്ത കളമശേരി ഒന്നാമതായി. തൊട്ടു പിന്നില്‍ വൈപ്പിനെത്തി. 53.3 ശതമാനം. പറവൂര്‍ (53), തൃക്കാക്കര (52.9) എന്നീ മണ്ഡലങ്ങള്‍ തൊട്ടു പിന്നിലെത്തി. ആദ്യ മണിക്കൂറില്‍ ഏറ്റവും പിന്നില്‍ നിന്ന കൊച്ചി മണ്ഡലം അവസാനം വരെ അതേ നില തുടര്‍ന്നു. ഒരു മണിക്ക് 41.9 ശതമാനവും രണ്ടിന് 46 ശതമാനവുമായിരുന്നു ഇവിടത്തെ പോളിങ് നില. കൊച്ചി നഗരമടങ്ങുന്ന എറണാകുളം നിയമസഭ മണ്ഡലത്തില്‍ എട്ടു മുതല്‍ ഒമ്പതു വരെ 13.9 ശതമാനമായിരുന്നു പോളിങ്. ഓരോ മണിക്കുറിലും 20.8, 28.4 എന്നിങ്ങനെ വര്‍ധിച്ച് പിന്നീട് ഒരു മണിയോടെ 42.3ഉം രണ്ടോടെ 50ഉം ശതമാനമായി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ പോളിങ് ഉച്ചക്ക് ഒന്നിന് 45.8 ശതമാനവും രണ്ടിന് 51.2 ശതമാനവും ആയിരുന്നു. എന്നാല്‍, മൂന്നു മണിയോടെ ഇത് 57.1 ആയി. കൊച്ചി മണ്ഡലത്തില്‍ അപ്പോഴും പോളിങ് ശതമാനം 50.8 മാത്രമായിരുന്നു. രണ്ടു മണിക്ക് ശേഷം തൃപ്പൂണിത്തുറ മണ്ഡലത്തിലെ പോളിങ് നിരക്ക് വര്‍ധിച്ചപ്പോള്‍ കളമശേരി, വൈപ്പിന്‍, കൊച്ചി, എറണാകുളം മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ വരവ് കുറയുകയാണ് ചെയ്തത്. മൂന്നുമണി മുതല്‍ നാലുവരെ സമയത്ത് എല്ലാ നിയമസഭ മണ്ഡലത്തിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഈ ഘട്ടത്തില്‍ കളമശേരി മണ്ഡലം പോളിങ് ശതമാനത്തില്‍ മുന്നിലെത്തി. 66.9 ശതമാനം. പറവൂര്‍ (67.1), വൈപ്പിന്‍ (65.8), ത്യപ്പൂണിത്തുറ (63.8), തൃക്കാക്കര (63.1), എറണാകുളം (60.6), കൊച്ചി (58.2) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ നാലു മണി വരെയുള്ള പോളിങ് ശതമാനം. അഞ്ച് മണിയോടെ പറവൂരിലേത് 73.6 ആയി ഉയര്‍ന്നു. കൊച്ചിയില്‍ 64.2, തൃപ്പൂണിത്തുറയില്‍ 71, വൈപ്പിനില്‍ 71.5, എറണാകുളത്ത് 61.6, തൃക്കാക്കരയില്‍ 69.3, കളമശേരിയില്‍ 70 എന്നിങ്ങനെയായിരുന്നു വോട്ടെടുപ്പ് അവശേഷിക്കാന്‍ ഒരു മണിക്കുര്‍ ബാക്കി നില്‍ക്കെ പോളിങ് ശതമാനം. വൈകുന്നേരം മുന്നറിയിപ്പില്ലാതെ പെയ്ത മഴ പോളിങ് ശതമാനത്തെ കാര്യമായി ബാധിച്ചു.  |
വോട്ടുയന്ത്രങ്ങള്‍ പണിമുടക്കി; പലയിടത്തും പോളിങ് തടസ്സപ്പെട്ടു Posted: 10 Apr 2014 11:51 PM PDT ആലപ്പുഴ: വോട്ടുയന്ത്രങ്ങള്‍ പലയിടത്തും പണിമുടക്കി. അവ നന്നാക്കിവെക്കാനും അല്ലെങ്കില്‍ മാറ്റി മറ്റൊന്ന് കൊണ്ടുവെക്കാനും സമയം ഏറെ എടുത്തതിനാല്‍ പോളിങ് തടസ്സപ്പെട്ടു. അമ്പലപ്പുഴ ബ്ളോക് ഓഫിസിലെ ബൂത്തുകളിലൊന്നില്‍ രാവിലെ തകരാറാവുകയും പെട്ടെന്ന് പരിഹരിക്കുകയും ചെയ്തു. കൈനകരി കുട്ടമംഗലം പാണ്ടിപ്പള്ളി ഗവ. എല്‍.പി സ്കൂളിലെ ഒമ്പതാംനമ്പര്‍ ബൂത്തില്‍ അരമണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. യന്ത്രത്തിന്‍െറ തകരാര്‍തന്നെ കാരണം. കുട്ടനാടന്‍ പ്രദേശമായതിനാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ താമസമുണ്ടായി. ഈ ബൂത്തില്‍ ഫാനുകള്‍ പ്രവര്‍ത്തിക്കാതിരുന്നതുമൂലം വോട്ടര്‍മാര്‍ ഏറെ പ്രയാസപ്പെട്ടു. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ താമരക്കുളം എല്‍.പി സ്കൂളിലെ 156ാം നമ്പര്‍ ബൂത്തില്‍ വോട്ടുയന്ത്രം കേടായതുമൂലം ഉദ്യോഗസ്ഥരും വോട്ടര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം. പുതിയ യന്ത്രം കൊണ്ടുവന്ന് വോട്ടിങ് തുടരുകയായിരുന്നു. ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ കലവൂരിലും വളവനാടും യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടെടുപ്പ് വൈകിപ്പിച്ചു. കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 44ാം നമ്പര്‍ ബൂത്തിലെ വോട്ടുയന്ത്രമാണ് തകരാറിലായത്. രാവിലെ തകരാര്‍ പരിഹരിച്ച് 7.45ഓടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. വളവനാട് ജ്ഞാനോദയം സ്കൂളിലെ 32ാം നമ്പര്‍ ബൂത്തിലെ യന്ത്രം രണ്ട് വോട്ട് പോള്‍ ചെയ്തശേഷം തകരാറിലായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി തകരാര്‍ പരിഹരിച്ചശേഷം എട്ടുമണിയോടെ വോട്ടെടുപ്പ് പുനരാരംഭിച്ചു. ചേര്‍ത്തല തങ്കി സെന്‍റ് ജോര്‍ജ് ഹൈസ്കൂളിലെ 43ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ് രാവിലെ തുടങ്ങാന്‍ വൈകി. തകരാര്‍ പരിഹരിച്ചശേഷം 7.35നാണ് പോളിങ് തുടങ്ങിയത്. വയലാര്‍ പുതിയകാവ് പാഞ്ചജന്യം ഓഡിറ്റോറിയത്തിലെ 29, 30 ബൂത്തുകളിലെ വോട്ടെടുപ്പും യന്ത്രത്തകരാര്‍ മൂലം വൈകി. ചെന്നിത്തലയിലെ രണ്ട് പോളിങ് സ്റ്റേഷനിലും വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇരമത്തൂര്‍ എം.ഡി.എല്‍.പി സ്കൂളിലെ 115ാം നമ്പര്‍ ബൂത്ത്, കളരിക്കല്‍ ഗവ. എല്‍.പി സ്കൂളിലെ 118ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ വോട്ടുയന്ത്രത്തകരാര്‍ മൂലം വൈകിയത്. താമരക്കുളം നോര്‍ത് വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ ബാറ്ററി തടസ്സംകാരണം വോട്ടുയന്ത്രം പ്രവര്‍ത്തിച്ചില്ല.പകരം കൊണ്ടുവന്നാണ് പ്രശ്നം പരിഹരിച്ചത്. കായംകുളം: കായംകുളം മണ്ഡലത്തില്‍ യന്ത്രം പണിമുടക്കിയത് നാലിടത്ത് വോട്ടിങ് വൈകിപ്പിച്ചു. പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം ഹൈസ്കൂള്‍, കൃഷ്ണപുരം വിശ്വഭാരതി ഹൈസ്കൂള്‍, കട്ടച്ചിറ സി.എന്‍.പി.പി.എം.വി.എച്ച്.എസ്.എസ്, ഐക്യജങ്ഷന്‍ ഞാവക്കാട് എല്‍.പി.എസ് എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് തടസ്സം നേരിട്ടത്. പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം സ്കൂളിലെ 55ാം നമ്പര്‍ ബൂത്തില്‍ 341 വോട്ട് നടന്നതിന് ശേഷമാണ് യന്ത്രം പണിമുടക്കിയത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഒരുമണിക്കൂറിന് ശേഷം പുതിയ യന്ത്രം എത്തിച്ചാണ് ഇവിടെ വോട്ടിങ് പുനരാരംഭിച്ചത്. വിശ്വഭാരതി സ്കൂളിലെ 168ാം നമ്പര്‍ ബൂത്തിലും കട്ടച്ചിറയിലെ 163ാം നമ്പര്‍ ബൂത്തിലും ഞാവക്കാട് സ്കൂളിലെ 57ാം നമ്പര്‍ ബൂത്തിലും തുടക്കത്തില്‍ തന്നെ മെഷീന്‍ പണിമുടക്കി. ഇവിടെങ്ങളിലും ഇതിനാല്‍ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങാനായത്.  |
ജില്ലയില്‍ പലേടത്തും സംഘര്‍ഷം; അക്രമം Posted: 10 Apr 2014 11:47 PM PDT കാസര്‍കോട്: സമാധാനപരമായി പുരോഗമിച്ച വേട്ടെടുപ്പിന്‍െറ അവസാന ഘട്ടങ്ങളില്‍ ചില ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറി. കാസര്‍കോട് മണ്ഡലത്തിലെ ചെങ്കള പഞ്ചായത്ത്, കാസര്‍കോട് നഗരസഭ, ഉദുമ മണ്ഡലത്തില്‍ ചെമ്മനാട് പഞ്ചായത്ത്്, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പടന്ന എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. ചെമ്മനാട് പഞ്ചായത്തിലെ മേല്‍പറമ്പില്‍ കാറില്‍ പോവുകയായിരുന്ന രണ്ട് യുവാക്കളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്നാണ് പരാതി. വീടിനുനേരെയും അക്രമം നടന്നു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ മേല്‍പറമ്പ് കോട്ടരുവത്താണ് സംഭവം. കാസര്‍കോട്ടുനിന്ന് കാറില്‍ ചെമ്പിരിക്കയിലേക്ക് പോവുകയായിരുന്ന യുവാക്കളാണ് അക്രമത്തിനിരയായത്. സംഘര്‍ഷത്തില്‍ കാറ് തകര്‍ത്തു. കാര്‍ യാത്രക്കാരായ ചെമ്പിരിക്കയിലെ സാബിത്ത് (21), ഹാമിദ് (31) എന്നിവരെ പരിക്കുകളോടെ ദേളി സഅദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചളിയങ്കോട്ടെ വീടിനുനേരെയും അക്രമമുണ്ടായി. പരിക്കേറ്റ സാബിത്തിനെ (18) ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മുസ്ലിംലീഗുകാര്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരായ അജിത്, ജിജിന, രഞ്ജിത് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ചെങ്കള പഞ്ചായത്തിലെ കല്ലുംകൂട്ടം, ചേരൂര്‍, ആലംപാടി, കാസര്‍കോട് നഗരസഭയിലെ ബെദിര എന്നിവിടങ്ങളില്‍ അക്രമം നടന്നതായി എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി വി.കെ. രാജന്‍ പറഞ്ഞു. നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. കല്ലുംകൂട്ടം അങ്കണവാടിയിലെ 87ാം നമ്പര്‍ ബൂത്തില്‍ എല്‍.ഡി.എഫ് ഏജന്‍റ് ഷഫീഖ്, പ്രവര്‍ത്തകന്‍ അഹ്മദലി എന്നിവരെ ഇരുമ്പുവടിയും കല്ലും ഉപയോഗിച്ചുള്ള അക്രമത്തില്‍ പരിക്കേറ്റ് ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേരൂരിലെ 79, ചെര്‍ക്കളയിലെ 82, 83, 84, 85, ആലംപാടിയിലെ 72, 73, കൊല്ലമ്പാടി 121, ബെദിരയിലെ 122 എന്നീ ബൂത്തുകളിലാണ് അക്രമങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറഞ്ഞു. കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്കൂള്‍ പരിസരത്ത് പോളിങ്ങിനുശേഷവും തടിച്ചുകൂടി സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. പടന്നയില്‍ പോളിങ് അവസാനിച്ചതിനുശേഷം ഉണ്ടായ സംഘര്‍ഷത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. സാരമായി പരിക്കേറ്റ ബൂത്ത് ഏജന്‍റ് പി.കെ.സി. മുനീറിനെ (35) ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി വി.പി.പി. മുസ്തഫക്കുനേരെ കൈയേറ്റ ശ്രമം നടന്നു. വോട്ടെടുപ്പിനുശേഷം എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.സി. അബ്ദുറഹ്മാന്‍െറ വീട്ടില്‍ അവലോകന യോഗം നടക്കുന്നതിനിടെ 20ഓളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. എം.കെ.സി. അബ്ദുറഹ്മാന്‍െറ വീടിനുനേരെയും പൊലീസിനുനേരെയും കല്ലേറുണ്ടായി. പോളിങ് പൊതുവെ സമാധാനപരമായിരുന്നു. നീലേശ്വരം സി.ഐയുടെയും ചന്തേര എസ്.ഐയുടെയും നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.  |
അന്തിമ ഫലം പുറത്തുവന്നു; സംസ്ഥാനത്ത് 74.04 ശതമാനം പോളിങ് Posted: 10 Apr 2014 11:47 PM PDT Subtitle: ഉയര്‍ന്ന പോളിങ് വടകരയില്‍ -81.61%, കുറവ് പത്തനംതിട്ടയില്‍ 66.01% തിരുവനന്തപുരം: തീക്ഷ്ണമായ പ്രചാരണത്തിന്‍െറ ചൂടും ചൂരും പ്രതിഫലിച്ച വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. തെരഞ്ഞെടുപ്പ് കമീഷന്‍െറ അന്തിമ കണക്ക് പ്രകാരം 74.04 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. മിക്ക മണ്ഡലങ്ങളിലും 2009നെക്കാള്‍ വോട്ടിങ് ശതമാനം വര്‍ധിച്ചു. കനത്ത പോളിങ് തങ്ങള്‍ക്കനുകൂലമാണെന്ന പ്രതീക്ഷയിലും വിലയിരുത്തലിലുമാണ് പ്രധാന മുന്നണികള്‍. വീറും വാശിയും മുറ്റിനിന്ന പോരാട്ടത്തിന് സാക്ഷ്യം വഹിച്ച വടകരയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. വടകരയില്‍ 81.6 ശതമാനം പോളിങ് രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്, 66.01 ശതമാനം. മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം കാസര്‍കോട്: 78.49, കണ്ണൂര്‍: 81.32, വയനാട്: 73.28, കോഴിക്കോട്: 79.80, മലപ്പുറം: 71.27, പൊന്നാനി: 73.83, പാലക്കാട്: 75.39, ആലത്തൂര്‍: 76.45,തൃശൂര്‍: 72.15, ചാലക്കുടി: 76.94, എറണാകുളം: 73.56,ഇടുക്കി: 70.66, കോട്ടയം : 71.70, ആലപ്പുഴ: 78.78, മാവേലിക്കര: 71.35, കൊല്ലം: 72.12, ആറ്റിങ്ങല്‍: 68.77, തിരുവനന്തപുരം: 68.69. ഒറ്റപ്പെട്ട സംഘര്‍ഷങ്ങളൊഴിച്ചാല്‍ കനത്ത സുരക്ഷാ സംവിധാനങ്ങളില്‍ നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ആദ്യ മണിക്കൂറില്‍തന്നെ സംസ്ഥാനത്തെമ്പാടും കനത്ത വോട്ടെടുപ്പാണ് നടന്നത്. ഒമ്പത് മണിയോടെ പോളിങ് 14 ശതമാനമായും പത്ത് മണിയോടെ 22 ശതമാനമായും 11 മണിയോടെ 29.8 ശതമാനമായും 12 മണിയോടെ 38 ശതമാനമായും ഒരു മണിയോടെ 45.2 ശതമാനമായും ഉയര്‍ന്നു. മുന്‍ തെരഞ്ഞെടുപ്പുകളിലേതിനെക്കാള്‍ ഉയര്‍ന്നതായിരുന്നു ഇത്. ഉച്ചയോടെ വോട്ടെടുപ്പിന് അല്‍പം മന്ദത അനുഭവപ്പെട്ടു. തെക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ കനത്ത മഴ പെയ്തത് വോട്ടെടുപ്പിനെ ബാധിച്ചു. വൈകുന്നേരങ്ങളില്‍ ശക്തമായ വോട്ടെടുപ്പ് നടക്കാറുള്ള കിഴക്കന്‍ മേഖലയെയും തീരദേശത്തെയുമാണ് മഴയും കാറ്റും കൂടുതല്‍ ബാധിച്ചത്. അഞ്ച് മണിയോടെ 69.9 ശതമാനം പേരാണ് വോട്ട് ചെയ്തത്. വൈകുന്നേരം ആറ് മണിക്ക് ക്യൂവിലുള്ളവരെ വോട്ട് ചെയ്യ അനുവദിച്ചു. അവര്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷമാണ് വോട്ടെടുപ്പ് അവസാനിച്ചത്. ചില ബൂത്തുകളില്‍ ആറ് മണിക്ക് ശേഷവും വലിയ ക്യൂ ദൃശ്യമായിരുന്നു.  |
പോളിങ് കുതിപ്പ് Posted: 10 Apr 2014 11:42 PM PDT പാലക്കാട്്: ജില്ലയില്‍ പോളിങ് ശതമാനത്തില്‍ വര്‍ധന. തെരഞ്ഞെടുപ്പ് കമീഷന്‍ വൈകീട്ട് ആറിന് പുറത്തുവിട്ട കണക്ക് പ്രകാരം പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ 75.4ശതമാനവും ആലത്തൂരില്‍ 76.5 ശതമാനവും പോളിങ് രേഖപ്പെടുത്തി. തപാല്‍ വോട്ടടക്കം ചേരുമ്പോള്‍ അന്തിമ കണക്കില്‍ നേരിയ വ്യത്യാസം വരും. മത്സരത്തിന്‍െറ വീറും വാശിയും പ്രകടമാക്കുന്നതാണ് രണ്ട് മണ്ഡലങ്ങളിലെയും കനത്ത പോളിങ്. രാവിലെ മിക്ക ബൂത്തുകളിലും വന്‍ തിരക്കനുഭവപ്പെട്ടപ്പോള്‍ ഉച്ചവെയിലായതോടെ ആളൊഴിഞ്ഞു. വൈകീട്ട് നാലിനുശേഷം പോളിങ് ഉയര്‍ന്നു. വൈകീട്ടു ജില്ലയിലാകെ പെയ്ത മഴ വേനല്‍ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും വോട്ടര്‍മാര്‍ക്ക് ചെറിയതോതില്‍ ബുദ്ധിമുട്ടായി. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഉയര്‍ന്ന പോളിങ് പട്ടാമ്പി നിയമസഭാ മണ്ഡലത്തിലും കുറവ് പാലക്കാട്ടുമാണ്. ആലത്തൂരില്‍ ഉയര്‍ന്ന പോളിങ് ചിറ്റൂരിലും കുറവ് കുന്നംകുളത്തുമാണ്. 78.8 ശതമാനം പോളിങ് രേഖപ്പെടുത്തിയ ചിറ്റൂരിലാണ് ജില്ലയിലെ ഉയര്‍ന്ന പോളിങ്. പാലക്കാട്ട് മുന്‍ വര്‍ഷത്തേക്കാള്‍ പോളിങ്ങില്‍ ഒന്നര ശതമാനത്തിന്‍െറ വര്‍ധനയുണ്ട്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തൃത്താലയില്‍ 76.5 ശതമാനമാണ് പോളിങ്. 2009ല്‍ പാലക്കാട് 73.51ശതമാനമാവും ആലത്തൂരില്‍ 75.38 ശതമാനവുമായിരുന്നു പോളിങ്. ജില്ലയില്‍ പ്രശ്നബൂത്തുകളില്‍ സായുധ പൊലീസടക്കം വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.  |
പോളിങ് കൂടി; ചങ്കിടിപ്പും Posted: 10 Apr 2014 11:38 PM PDT കോഴിക്കോട്: ഇരുമുന്നണിയുടെയും ചങ്കിടിപ്പേറ്റി കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ പോളിങ് ശതമാനത്തില്‍ വന്‍ വര്‍ധന. 2009ലെ തെരഞ്ഞെടുപ്പില്‍ 75.68 ശതമാനമായിരുന്നത് ഇത്തവണ 79.70 ആയപ്പോള്‍ പോള്‍ ചെയ്ത വോട്ടില്‍ നാല് ശതമാനത്തോളം ഉയര്‍ച്ച. അതേസമയം, വടകര മണ്ഡലത്തില്‍ അര ശതമാനത്തിന്‍െറ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വടകരയില്‍ 81.10 ആണ് പോളിങ് ശതമാനം. കഴിഞ്ഞ തവണ 80.55 ശതമാനം ആയിരുന്നു. ഇരുമുന്നണിയുടെയും അഭിമാന പോരാട്ടം നടക്കുന്ന ഈ മണ്ഡലത്തിലെ നേരിയ ഈ വര്‍ധനപോലും പ്രവചനം അസാധ്യമാക്കിയിരിക്കയാണ്. കോഴിക്കോട് മണ്ഡലത്തില്‍ 11,78,219ഉം വടകരയില്‍ 11,78,888 ഉം ആണ് മൊത്തം വോട്ടര്‍മാര്‍.കോഴിക്കോട് മണ്ഡലത്തിലെ വോട്ടര്‍മാരുടെ അസംബ്ളി മണ്ഡലം തിരിച്ചുള്ള കണക്ക്, പോളിങ് ശതമാനം, 2009ലെ പോളിങ് ശതമാനം എന്നീ ക്രമത്തില്‍: 1. ബാലുശ്ശേരി: 1,94,206 -82.3 -79.38 2. എലത്തൂര്‍:1,73,027 -83.5 -77.89 3. കോഴിക്കോട് നോര്‍ത്:1,56,990 -76.7 -70.42 4.കോഴിക്കോട് സൗത്:1,38,668 -76.2 -71.34 5. ബേപ്പൂര്‍:1,73,672 -77.3 -71.21 6. കുന്ദമംഗലം:1,90,725 -82.9 -79.14 7. കൊടുവള്ളി:1,50,931 -77- 77.47 വടകര മണ്ഡലം 1. തലശ്ശേരി:1,57,788 -78.2 -77.15 2 കൂത്തുപറമ്പ്:1,69,447 -79.7 -78.31 3. വടകര:1,49,464 -81.4-81.47 4. കുറ്റ്യാടി: 1,71,864 -84.1-84.16 5. നാദാപുരം: 1,89,280-80-79.47 6. കൊയിലാണ്ടി: 1,74,028 -79.7- 78.28 7. പേരാമ്പ്ര:1,67,017 -84.5 -84.08 കോഴിക്കോട്ട് ഏഴ് അസംബ്ളി നിയോജ മണ്ഡലങ്ങളില്‍ അഞ്ചും എല്‍.ഡി.എഫ് ആണ് ഭരിക്കുന്നത്. ബാലുശ്ശേരി, എലത്തൂര്‍,കോഴിക്കോട് നോര്‍ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീഎല്‍.ഡി.എഫ് മണ്ഡലങ്ങളിലും രണ്ടുമുതല്‍ ആറു ശതമാനം വരെ പോളിങ്ങില്‍ വര്‍ധനയുണ്ടായി. യു.ഡി.എഫ് മണ്ഡലങ്ങളായ കോഴിക്കോട് സൗത്തില്‍ അഞ്ച് ശതമാനത്തോളം വര്‍ധനയുണ്ടായപ്പോള്‍ മുസ്ലിംലീഗ് മണ്ഡലമായ കൊടുവള്ളിയിലെ പോളിങ്ങില്‍ അരശതമാനം കുറവ് സംഭവിച്ചു. 2009ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ബാലുശ്ശേരിയില്‍ 4808 വോട്ടിനും എലത്തൂരില്‍ 7736 വോട്ടിനും ബേപ്പൂരില്‍ 4561 വോട്ടിനും കുന്ദമംഗലത്ത് 1396 വോട്ടിനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലീഡ് നേടിയപ്പോള്‍, കോഴിക്കോട് നോര്‍ത്തില്‍ 1862 ഉം സൗത്തില്‍ 4781 ഉം കൊടുവള്ളിയില്‍ 12844ഉം വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലീഡ് നല്‍കി. വടകര ലോക്സഭാ മണ്ഡലത്തിലെ കൂത്തുപറമ്പ് ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിന്‍െറ കൈയിലാണ്. കൂത്തുപറമ്പടക്കം ഏഴ് മണ്ഡലങ്ങളിലും ഒരു ശതമാനം വരെയെ ഇത്തവണ പോളിങ്ങില്‍ വര്‍ധനയുണ്ടായിട്ടുള്ളൂ. 2009ലെ തെരഞ്ഞെടുപ്പില്‍ 9104 വോട്ടുകള്‍ക്ക് തലശ്ശേരി മണ്ഡലത്തില്‍ മാത്രമായിരുന്നു എല്‍.ഡി.എഫിന് ലീഡ്. കൂത്തുപറമ്പില്‍ 8612 ഉം വടകരയില്‍ 24756 ഉം കുറ്റ്യാടിയില്‍ 8619 ഉം നാദാപുരത്ത് 8422 ഉം കൊയിലാണ്ടിയില്‍ 11100 ഉം പേരാമ്പ്രയില്‍ 4262 ഉം വോട്ടുകള്‍ കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് നല്‍കി. എം.കെ. രാഘവന്‍ കോഴിക്കോട്ട് 838 വോട്ടുകള്‍ക്കും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 56186 വോട്ടുകള്‍ക്കുമാണ് കഴിഞ്ഞ തവണ വിജയിച്ചത്. ആര്‍.എം.പി സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ച ടി.പി. ചന്ദ്രശേഖരന്‍ 21833 വോട്ട് നേടി. ചന്ദ്രശേഖരന്‍െറ വധത്തെത്തുടര്‍ന്ന് ഇത്തവണ കനത്ത പോരാട്ടം നടക്കുന്ന വടകരയില്‍ ആര്‍.എം.പിക്ക് സ്വന്തം സ്ഥാനാര്‍ഥിയുണ്ട്. കഴിഞ്ഞതവണ നഷ്ടപ്പെട്ട വടകര തിരിച്ചുപിടിക്കാന്‍ സി.പി.എം ഇക്കുറി ജീവന്മരണ പോരാട്ടമാണ് നടത്തിയത്. ആര്‍.എം.പിയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന മത്സരം കൂടിയാണിത്.  |
ജില്ലയിലെ വോട്ടിങ് ശതമാനത്തില്‍ ഇടിവ് Posted: 10 Apr 2014 11:37 PM PDT മലപ്പുറം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ ജില്ലയില്‍ വോട്ടിങ് ശതമാനത്തില്‍ നേരിയ ഇടിവ്. പ്രാഥമിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ 72.57 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 71.4 ശതമാനവും പൊന്നാനിയില്‍ 74.1ശതമാനവും വോട്ടുകള്‍ രേഖപ്പെടുത്തി. വണ്ടൂര്‍, ഏറനാട്, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തില്‍ 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി എന്നാണ് ആദ്യകണക്കുകള്‍. ജില്ലയില്‍ 27,44,012 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13,91,495 സ്ത്രീകളും 13,52,517 പുരുഷന്മാരുമാണ്. ജില്ലയിലെ വിദൂര പ്രദേശങ്ങളിലെ ബൂത്തുകളില്‍നിന്നുള്ള പോളിങ് ഉദ്യോഗസ്ഥര്‍ മടങ്ങിയെത്താന്‍ വൈകുന്നതിനാലാണ് വോട്ട് ചെയ്തതിന്‍െറ കൃത്യമായ കണക്ക് ലഭ്യമാവാത്തത്. വോട്ടെടുപ്പിനുള്ള സമയം വൈകുന്നേരം ആറിന് അവസാനിച്ചപ്പോഴും പലയിടത്തും നീണ്ട വരി അനുഭവപ്പെട്ടതിനാല്‍ മുഴുവന്‍ പേര്‍ക്കും സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള സമയം അനുവദിച്ചതിനാലാണ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകുന്നത്. വോട്ടെടുപ്പ് കൃത്യസമയത്ത് പൂര്‍ത്തിയായവര്‍ക്ക് വോട്ടിങ് യന്ത്രങ്ങളും കണക്കുകളും തിരിച്ചേല്‍പിക്കാനുള്ള വാഹനങ്ങള്‍ ലഭിക്കാന്‍ വൈകിയതിനാലും കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. അവസാന കണക്കുകള്‍ ലഭിക്കുമ്പോള്‍ വോട്ടിങ് നില 72.57ല്‍നിന്ന് വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 76.67 ശതമാനവും പൊന്നാനിയില്‍ 77.12 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2004ല്‍ മലപ്പുറത്ത് 71.89ഉം പൊന്നാനിയില്‍ 62.33 ശതമാനവും പേരാണ് വോട്ട് ചെയ്തത്. വോട്ട് ചെയ്തവരുടെ കൃത്യമായ കണക്കുകള്‍ രാത്രി ഒമ്പത് വരെയും ലഭ്യമല്ല.  |
ഡല്‍ഹിയില്‍ തനിക്ക് തെറ്റു പറ്റിയെന്ന് കെജ് രിവാള്‍ Posted: 10 Apr 2014 11:25 PM PDT ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊടുന്നനെ കുതിച്ചുകയറി കറുത്ത കുതിരയായി ലോക ശ്രദ്ധ കവര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ മേധാവി ഒടുവില്‍ കുറ്റസമ്മതം നടത്തി. ഡല്‍ഹിയില്‍ അധികാരത്തില്‍ ഏറി 49 ാം ദിവസം പടിയിറങ്ങിയത് തെറ്റായിപ്പോയി എന്ന് അരവിന്ദ് കെജ് രിവാള്‍ സമ്മതിച്ചു. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോട്ടം നടത്തി എന്നടക്കം ഏറെ പഴികേട്ട നടപടിയില്‍ ആണ് കെജ് രിവാളിന്‍റെ തുറന്നുപറച്ചില്‍. ഇകണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം തെറ്റുപറ്റിയതായി സമ്മതിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്നുള്ള രാജി ഇപ്പോള്‍ തെറ്റായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ആ സര്‍ക്കാറിന്‍റെ രൂപീകരണത്തിലോ രാജിയിലോ തത്വത്തില്‍ തെറ്റുപറ്റിയതായി തോന്നുന്നില്ളെന്നും ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിക്കുമെന്ന് തങ്ങള്‍ കരുതിയെന്നും നിര്‍ഭാഗ്യവശാല്‍ ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനിടയിലും ഈ വിഷയത്തില്‍ ആശയ വിനിമയത്തില്‍ തടസ്സം വന്നതായും സമ്മതിച്ച അദ്ദേഹം ഈ അവസരം മുതലെടുത്ത് ‘ആപ്’ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോട്ടം നടത്തുകയാണെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ചുവെന്നും പറഞ്ഞു. ജന്‍ലോക്പാല്‍ ബില്‍ പാസാക്കാതിരിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും തടസ്സം സൃഷ്ടിച്ച അതേ ദിവസം തന്നെ രാജി വെക്കരുതായിരുന്നു. കുറച്ചു ദിവസം കൂടി കാത്തിരുന്ന് പൊതുജനാഭിപ്രായം തേടിയതിനുശേഷം തീരമാനം കൈക്കൊള്ളേണ്ടിയിരുന്നു. ഇതിനു മുതിരാതെ പാര്‍ട്ടി സര്‍ക്കാറില്‍ നിന്നും പിന്‍വാങ്ങിയത് ജനങ്ങളുടെ ഇടയില്‍ നെഗറ്റീവ് പ്രതിഛായ ഉണ്ടാക്കിയെന്നും അദ്ദേഹം സമ്മതിച്ചു. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടി നല്ലതു പോലെ ചിന്തിക്കുമെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റിലേക്ക് പ്രതിനിധികള്‍ ആയി ആപിന്‍റെ എത്ര എം.പിമാര്‍ എത്തുമെന്ന ചോദ്യത്തിന് എത്ര സീറ്റുകളില്‍ വിജയിക്കുന്നു എന്നതോ ഇത്ര സീറ്റുകള്‍ ലഭിക്കണമെന്നതോ അല്ല പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, അമത്തേിയിലും വാരാണസിയിലും ആപ് സ്ഥാനാര്‍ഥികള്‍ വിജയം കൊയ്യുക തന്നെ ചെയ്യും. ആ വിജയങ്ങള്‍ രാജ്യത്തിന്‍റെ ഭാവിയെ നിര്‍ണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ എത്തില്ല. ബി.ജെ.പിക്ക് 180 സീറ്റില്‍ താഴെ മാത്രമെ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.  |
സമാധാനപരം; വിധിയെഴുതാന്‍ ജനമൊഴുകി Posted: 10 Apr 2014 11:02 PM PDT കോഴിക്കോട്: പോളിങ് ഉത്സവമാകാറുള്ള തീരദേശമേഖല പതിവുതെറ്റിച്ചു. പോളിങ്ങിനിടെ തര്‍ക്കങ്ങളോ പാര്‍ട്ടികള്‍ തമ്മിലുരസലോ അലോസരങ്ങളോ എവിടെയും കണ്ടില്ല. പുതിയാപ്പ മുതല്‍ ബേപ്പൂര്‍വരെയുള്ള കടലോരം പതിവിനു വിപരീതമായി പോളിങ് ദിനത്തില്‍ ശാന്തമായിരുന്നു. രാവിലെ മുതല്‍ ഇഴഞ്ഞുനീങ്ങിയ പോളിങ് ചില കേന്ദ്രങ്ങളിലെങ്കിലും വൈകീട്ടോടെയാണ് ഊര്‍ജസ്വലമായത്. പുതിയാപ്പ, പുതിയകടവ്, മുഖദാര്‍, കുണ്ടുങ്ങല്‍, മാറാട്, പയ്യാനക്കല്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ മന്ദഗതിയിലായിരുന്നു പോളിങ്. വോട്ടെടുപ്പിന് ആഘോഷത്തിന്‍െറ പ്രതീതിയുണ്ടാവാറുള്ള കുറ്റിച്ചിറ, കുണ്ടുങ്ങല്‍, പള്ളിക്കണ്ടി മേഖലകള്‍ നിര്‍ജീവമായിരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞാല്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കല്‍ പതിവായിരുന്ന മുഖദാര്‍ പുതിയകടവ് മേഖലകളില്‍ ചരിത്രത്തിലാദ്യമായി തമ്മിലുരസാതെ പോളിങ് ദിനം കടന്നുപോയി. വോട്ടുചെയ്യാന്‍ നീണ്ട ക്യൂ എവിടെയും ദൃശ്യമായില്ല. അവശരായവരെയും വൃദ്ധരെയും പാര്‍ട്ടിപ്രവര്‍ത്തകര്‍ തോളിലേറ്റി കൊണ്ടുവന്നു. സൗത് ബീച്ചിലെ 95 പിന്നിട്ട ആലി മുഹമ്മദിനെയും തങ്ങള്‍സ് റോഡില്‍ പുളിന്‍െറ ചോട്ടില്‍ ആയിഷബിയെയും (94) പ്രവര്‍ത്തകര്‍ പോളിങ് ബൂത്തിലേക്ക് തോളിലേറ്റി കൊണ്ടുവന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീ സാന്നിധ്യമാണ് തീരദേശ മേഖലയില്‍ രാവിലെ മുതല്‍ ദൃശ്യമായത്. വടകര: മണ്ഡലത്തിലെ പോരാട്ടച്ചൂട് വോട്ടെടുപ്പിലും പ്രതിഫലിച്ചു. മലയോരമെന്നോ തീരദേശമെന്നോ ഇടനാടെന്നോ വ്യത്യാസമില്ലാതെ പോളിങ് ബൂത്തിലേക്ക് അക്ഷരാര്‍ഥത്തില്‍ വോട്ടര്‍മാരുടെ ഒഴുക്കു തന്നെയായിരുന്നു. രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് ആറ് വരെ ചുരുക്കം ചില സമയമൊഴിച്ചുനിര്‍ത്തിയാല്‍ ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല ബൂത്തുകളില്‍. എല്‍.ഡി.എഫിന്‍െറയും യു.ഡി.എഫിന്‍െറയും മാത്രമല്ല, ബി.ജെ.പിയുടെയും ആര്‍.എം.പിയുടെയും ശക്തികേന്ദ്രങ്ങളിലും പോളിങ് കനത്തു. അപൂര്‍വം ചിലയിടങ്ങളിലെ തര്‍ക്കങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു വോട്ടര്‍മാര്‍. എല്ലാ വിഭാഗത്തിലുംപെട്ട ആളുകള്‍ പരപ്രേരണയില്ലാതെതന്നെ ബൂത്തുകളിലെത്തിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. വിശേഷിച്ചും തെരഞ്ഞെടുപ്പിനോട് വലിയ ആഭിമുഖ്യം പുലര്‍ത്താത്ത മധ്യവര്‍ഗ സ്ത്രീകളും അരാഷ്ട്രീയവാദികളുമുള്‍പ്പെടെയുള്ളവര്‍. ന്യൂ ജനറേഷന്‍ വോട്ടുകളും ഏറക്കുറെ പൂര്‍ണമായും പോള്‍ ചെയ്യപ്പെട്ടു. പലതവണ വീടുകയറി നിര്‍ബന്ധിച്ചാല്‍ മാത്രം വോട്ട് ചെയ്യാനെത്തുന്ന പലരും കാലേക്കൂട്ടി ബൂത്തില്‍ സ്ഥാനംപിടിച്ചതില്‍ അദ്ഭുതപ്പെടുന്നുണ്ട് മുന്നണി പ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ ഇത്തരം വോട്ടുകള്‍ ആരെ തുണക്കുമെന്ന് അവര്‍ക്കുപോലും തിട്ടമില്ല. ഗ്യാസ് വിലവര്‍ധന ഉള്‍പ്പെടെയുള്ള ജീവിതപ്രശ്നങ്ങളാണ് വീട്ടമ്മമാരുടെ സ്വാഭാവിക ഒഴുക്കിന് കാരണമെന്നും ഇത് തങ്ങള്‍ക്കനുകൂലമാകുമെന്നുമുള്ള വിലയിരുത്തലിലാണ് എല്‍.ഡി.എഫ്. എന്നാല്‍, മോദി ഭീഷണി തടയാനും ഉറച്ച മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാനുമുള്ള ജനങ്ങളുടെ ആഗ്രഹമാണ് വോട്ടെടുപ്പില്‍ നിഴലിച്ചതെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോട് ജനങ്ങള്‍ക്ക് പൊതുവിലും പുതുതലമുറക്ക് വിശേഷിച്ചുമുള്ള അമര്‍ഷമാണ് കനത്ത പോളിങ്ങിലേക്കെത്തിച്ചതെന്ന നിഗമനത്തിലാണ് ചെറുകക്ഷികള്‍. ഇത് തങ്ങളുടെ അക്കൗണ്ടില്‍ പ്രതിഫലിക്കുമെന്ന് ആര്‍.എം.പി, ആം ആദ്മി, എസ്.ഡി.പി.ഐ കക്ഷികള്‍ പ്രതീക്ഷിക്കുന്നു; മോദി തരംഗത്തിന്‍െറ ആനുകൂല്യം ബി.ജെ.പിയും. കൊയിലാണ്ടി: വോട്ട്ചെയ്യല്‍ കൊയിലാണ്ടി മേഖലയില്‍ സജീവമായത് ഉച്ചക്കുശേഷം. പല ബൂത്തുകളിലും രാവിലെ തിരക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, ഉച്ചക്കുശേഷം വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലെത്തി. ഒരു ഘട്ടത്തില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കുറഞ്ഞ പോളിങ്ങായിരുന്നു കൊയിലാണ്ടിയിലേത്. തീരദേശ മേഖല പതിവുപോലെ തെരഞ്ഞെടുപ്പ് ജ്വരത്തില്‍ തന്നെയായിരുന്നു. കൊയിലാണ്ടി മേഖലയില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ഒരിടത്തും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ല. പോളിങ് യന്ത്രങ്ങളുടെ തകരാറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊയിലാണ്ടി, കൊല്ലം ദേവസ്വം യു.പി സ്കൂള്‍ ഉള്‍പ്പെടെ ചില ബൂത്തുകളില്‍ ആറുമണിക്കുശേഷവും ക്യൂ ഉണ്ടായിരുന്നു. മേഖലയില്‍ 31 പ്രശ്നബാധിത ബൂത്തുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇവിടെ 15 സൂക്ഷ്മ നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനു കീഴില്‍ 21 പ്രശ്നബൂത്തുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം ബൂത്തുകളില്‍ നാല് പൊലീസുകാരെ വീതം നിയോഗിച്ചിരുന്നു. കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ പുളിയഞ്ചേരി എല്‍.പി സ്കൂളിലും നാദാപുരം എം.എല്‍.എ ഇ.കെ. വിജയന്‍ കൊയിലാണ്ടി കൊല്ലം യു.പി സ്കൂളിലും വോട്ടുചെയ്തു പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പോളിങ് സമാധാനപരമായിരുന്നു. പത്ത് പഞ്ചായത്തുകളിലെ 145 ബൂത്തിലും കനത്ത പോളിങ് നടന്നു. പല ബൂത്തിലും ആറുമണിക്ക് ശേഷവും നീണ്ട ക്യൂ കാണാമായിരുന്നു. പേരാമ്പ്ര ജി.യു.പി സ്കൂളിലെ 61ാം ബൂത്തില്‍ ആറുമണിക്കുതന്നെ പോളിങ് അവസാനിപ്പിച്ചപ്പോള്‍ 60ാം ബൂത്തില്‍ ആറിനുശേഷവും നിരവധി പേര്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ ഉണ്ടായിരുന്നു. പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്കൂളിലെ 66ാം നമ്പര്‍ ബൂത്തില്‍ വോട്ടുയന്ത്രത്തിലെ തകരാര്‍ കാരണം ഒന്നര മണിക്കൂറോളം വോട്ടെടുപ്പ് മുടങ്ങി. ഇരുമുന്നണിയും പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കിയെന്നാണ് അവകാശപ്പെടുന്നത്. വൃദ്ധരേയും അസുഖബാധിതരേയുമെല്ലാം വാഹനങ്ങളിലും മറ്റുമായി പോളിങ് ബൂത്തില്‍ എത്തിക്കുന്നതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മത്സരിച്ചു. വെള്ളിയൂര്‍ എ.യു.പി സ്കൂളിലെ വോട്ടറായ വരട്ടടി മീത്തല്‍ ചാക്കപ്പന്‍ നായര്‍ തളര്‍വാതത്താല്‍ കിടപ്പിലാണ്. എന്നാല്‍, അദ്ദേഹത്തെയും എടുത്തുകൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചു. വ്യക്തിപരമായകാര്യങ്ങള്‍ മാറ്റിവെച്ചാണ് പ്രവര്‍ത്തകര്‍ വീടുകയറി പ്രചാരണത്തില്‍ ഏര്‍പ്പെട്ടത്. ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിലെ മണ്ണാംപൊയില്‍, ബാലുശ്ശേരി, എരമംഗലം, തത്തമ്പത്ത്, പനായി എന്നിവിടങ്ങളില്‍ രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കനുഭവപ്പെട്ടു. പുതുതായി വോട്ടര്‍പട്ടികയിലുള്ള യുവതീയുവാക്കളില്‍ ഏറെപ്പേരും വോട്ടുചെയ്യാനെത്തിയിരുന്നു. കന്നിവോട്ട് ഉപേക്ഷിക്കാന്‍ ആരും തയാറായില്ല എന്ന് കാണിക്കുന്നതായിരുന്നു മിക്ക ബൂത്തുകളിലും കാണപ്പെട്ട യുവജന സാന്നിധ്യം. വൃദ്ധരായ വോട്ടര്‍മാരും രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ചു. പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍, കുറുമ്പൊയില്‍, പനങ്ങാട്, നിര്‍മല്ലൂര്‍ എന്നിവിടങ്ങളിലും രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു.  |
No comments:
Post a Comment