സ്വാഗതം
WELCOME

News Update..

Tuesday, October 8, 2013

വോട്ടര്‍മാര്‍ക്ക് രസീത് നല്‍കണമെന്ന് സുപ്രീംകോടതി Madhyamam News Feeds

വോട്ടര്‍മാര്‍ക്ക് രസീത് നല്‍കണമെന്ന് സുപ്രീംകോടതി Madhyamam News Feeds

Link to

വോട്ടര്‍മാര്‍ക്ക് രസീത് നല്‍കണമെന്ന് സുപ്രീംകോടതി

Posted: 08 Oct 2013 12:10 AM PDT

Image: 

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന സമ്മതിദായര്‍ക്ക് രസീത് നല്‍കണമെന്ന് സുപ്രീംകോടതി. വോട്ടര്‍മാര്‍ക്ക് രസീത് എന്ന പദ്ധതി നടപ്പാക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പ് വരുത്താനാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കണം. ഇതിന് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കണം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ സംവിധാനം നടപ്പാക്കണമെന്നും ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഏത് സ്ഥാനാര്‍ഥിക്ക് ആണ് താന്‍ വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് സ്ഥിരീകരിക്കാന്‍ രസീത് സംവിധാനത്തിലൂടെ സാധിക്കും. രാജ്യത്താകമാനം പദ്ധതി നടപ്പാക്കാന്‍ 10 ലക്ഷം രസീത് മെഷീന്‍ വേണമെന്നും ഇതിന് 1,500 കോടി രൂപ ചെലവാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.
വോട്ടിങ് മെഷിനില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രാരംഭഘട്ടത്തില്‍ 200 മെഷീനുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് കമ്മിഷന്‍ തീരുമാനം. ഇതിന് 35 കോടി രൂപ ചെലവ് വരും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് രസീത് മെഷിന്‍ ഉപയോഗിച്ചിരുന്നു.

അപകടങ്ങള്‍ തുടര്‍ക്കഥ; നിലമേലില്‍ ആധുനിക ട്രാഫിക് സംവിധാനങ്ങളില്ല

Posted: 07 Oct 2013 11:56 PM PDT

നിലമേല്‍: അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും നിലമേലില്‍ ആധുനിക ട്രാഫിക് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നില്ല. എം.സി റോഡും പാരിപ്പള്ളി-മടത്തറ റോഡും സംഗമിക്കുന്ന പ്രധാന പട്ടണമായ നിലമേലില്‍ ഇരുറോഡുകളിലും അപകടങ്ങള്‍ തുടര്‍ക്കഥയാണ്. എം.സി റോഡില്‍ നിലമേല്‍ ടൗണ്‍,  ജില്ലാ അതിര്‍ത്തിയായ വാഴോട്, പോസ്റ്റോഫിസ് ജങ്ഷന്‍, പുതിശ്ശേരി കുരിയോട് മേഖലകളാണ് പ്രധാനഅപകടകേന്ദ്രങ്ങള്‍. പാരിപ്പള്ളി -മടത്തറ പാതയില്‍ ആഴാന്തക്കുഴി ഭാഗത്താണ് അപകടങ്ങള്‍ പെരുകുന്നത്. 
എം.സി റോഡിന്‍െറ പുനര്‍നിര്‍മാണത്തിനുശേഷമാണ് നിലമേല്‍-ചടയമംഗലം ഭാഗം മരണപാതയായത്. വിവിധ അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചിരുന്നു. കയറ്റിറക്കങ്ങളും വളവുകളുമുള്ള നിലമേല്‍ മേഖലയില്‍ അമിത വേഗമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. മഴക്കാലത്താണ് ഈ മേഖലയില്‍ അപകടങ്ങള്‍ കൂടുതല്‍.നിരപ്പായ റോഡായതിനാല്‍ അമിത വേഗത്തില്‍ നീങ്ങാമെന്നതാണ് വാഴോട്, കണ്ണങ്കോട് മേഖലയില്‍ അപകടങ്ങളുണ്ടാക്കുന്നത്. കണ്ണങ്കോട് ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി ഏതാനും പേര്‍ മരിച്ചിരുന്നു. ഇതിനുശേഷം വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വാഴോട്ട് ട്രെയിലര്‍ ലോറിക്കടിയില്‍പെട്ട് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചിരുന്നു.
 റോഡരികിലെ ചെറിയകുന്ന് മൂലം പുതുശ്ശേരി ജങ്ഷനില്‍ എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തതും അപകടത്തിന് കാരണമാകുന്നു. റോഡിലേക്കിറങ്ങി കിടക്കുന്ന മണ്‍തിട്ടകളാണ് പോസ്റ്റോഫിസ് ജങ്ഷനില്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണം.  ഇടറോഡുകളില്‍ നിന്ന് എം.സി റോഡിലേക്ക് മഴവെള്ളമൊഴുകിയെത്തുന്നതാണ് മണ്‍തിട്ടകള്‍ രൂപപ്പെടാന്‍ കാരണം. മണ്‍തിട്ടകള്‍ രൂപപ്പെടുന്നത് തടയാനോ നീക്കം ചെയ്യാനോ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അടുത്തിടെ ചടയമംഗലം ശ്രീരംഗം വളവില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധിപേര്‍ മരിച്ചിരുന്നു. ഇതിനുശേഷം വളവില്‍ ട്രാഫിക് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നൂതന സംവിധാനങ്ങള്‍ നിലമേല്‍ മേഖലയിലും ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നതേയില്ല. 
അമിതവേഗം നിയന്ത്രിക്കുന്നതിന്പരിശോധന ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്. നിലമേലില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാര്‍ യാത്രികരായ ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് അപകടസ്ഥലം സന്ദര്‍ശിച്ചശേഷം എം.സി റോഡില്‍ 108 ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രഖ്യാപനം നടത്തിയെങ്കിലും അതും പാഴ്വാക്കായി. അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ഇപ്പോഴും കാര്യമായ സംവിധാനങ്ങളില്ല. 
 

എമര്‍ജന്‍സി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഫയര്‍ഫോഴ്സ് വിസ്സമ്മതിച്ചു

Posted: 07 Oct 2013 11:46 PM PDT

തിരുവനന്തപുരം: എമര്‍ജന്‍സി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഫയര്‍ഫോഴ്സ് വിസ്സമ്മതിച്ചു. ആംബുലന്‍സ് ഉള്‍പ്പെടെ അടിയന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളും അപകടങ്ങളില്‍പെട്ട് തുടങ്ങിയതോടെ മോട്ടോര്‍ വാഹന വകുപ്പും നാറ്റ്പാകും ഡ്രൈവര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കാനാണ് ഫയര്‍ഫോഴ്സ് വിസ്സമ്മതിച്ചത്. 
അമിതവേഗത്തില്‍ പോകുന്ന എമര്‍ജന്‍സി വാഹനങ്ങളും അപകടം വരുത്തിത്തുടങ്ങിയതോടെയാണ് അധികൃതര്‍ പ്രത്യേക പരിശീലനം സംഘടിപ്പിച്ചത്. 
എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും മറ്റും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ ഫയര്‍ഫോഴ്സ് ഡ്രൈവര്‍മാരെ പങ്കെടുപ്പിക്കാന്‍ വകുപ്പ് വിസ്സമ്മതിക്കുകയായിരുന്നു. സംസ്ഥാനത്ത് ആകെ 789 ഡ്രൈവര്‍മാരാണ് അഗ്നിശമനസേനക്കുള്ളത്. 
സെപ്റ്റംബറില്‍ വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതോടെയാണ് എമര്‍ജന്‍സി ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. മോട്ടോര്‍ വാഹന വകുപ്പിലെയും നാറ്റ്പാക്കിലെയും വിദഗ്ധരാണ് റോഡ് നിയമങ്ങളെക്കുറിച്ചും അപകടരഹിത ഡ്രൈവിങ്ങിനെക്കുറിച്ചും സോദാഹരണ ക്ളാസ് നല്‍കുന്നത്. റോഡ് നിര്‍മാണവും സുരക്ഷയും ഗതാഗത നിയമവും എമര്‍ജന്‍സി വാഹനങ്ങള്‍ക്കുവേണ്ട ഫിറ്റ്നസിനെക്കുറിച്ചും വിദഗ്ധരുടെ ക്ളാസുകളാണ് നല്‍കുന്നത്. 
ആംബുലന്‍സ്, ഫയര്‍ഫോഴ്സ് തുടങ്ങി അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനം ഓടിക്കുന്നവരില്‍ പലര്‍ക്കും കൃത്യമായ റോഡ് നിയമം പോലും അറിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശീലനം ഏര്‍പ്പെടുത്തിയത്. 
പരിശീലനത്തിനെത്തുന്ന ഡ്രൈവര്‍മാരില്‍ നിന്ന് ലൈസന്‍സ്, ബാഡ്ജ് എന്നിവയുടെ പകര്‍പ്പുകള്‍ ശേഖരിക്കുകയും പരിശീലനം നേടിയതിന് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ അപകടം വിതക്കുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്കും സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍മാര്‍ക്കും നേരത്തേ നാറ്റ്പാക്കുമായി ചേര്‍ന്ന് പരിശീലനം നല്‍കിയിരുന്നു. ഇതില്‍ ഓരോവിഭാഗത്തിലും ആയിരത്തോളം പേര്‍ സുരക്ഷിതമായ ഡ്രൈവിങ്ങിനെക്കുറിച്ച് ബോധവാന്മാരായി. 
ശേഷിക്കുന്നവര്‍ അറിഞ്ഞുകൊണ്ട് അപകടമുണ്ടാക്കുന്നവരാണെന്നുമാണ് വിലയിരുത്തല്‍. 
എമര്‍ജന്‍സി വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ പലര്‍ക്കും അടിസ്ഥാനയോഗ്യത പോലുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് ശതമാനം പേര്‍ക്കും റോഡ് ചിഹ്നങ്ങള്‍പോലും കൃത്യമായി അറിയില്ല. വലിയ വാഹനങ്ങള്‍ക്കൊപ്പം അടിയന്തര വാഹനങ്ങള്‍ ഓടിക്കാനും കുറഞ്ഞ പ്രായപരിധി 30 ആയി നിശ്ചയിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. വെഞ്ഞാറമൂട്ടില്‍ അപകടത്തില്‍പെട്ട ആംബുലന്‍സിന്‍െറ ഡ്രൈവര്‍ക്ക് ആവശ്യമായ പരിചയമില്ലാത്തതായിരുന്നു അപകടകാരണമെന്ന് കണ്ടെത്തിയതിനാലാണ് ഈ നിര്‍ദേശം. 
അതേസമയം, ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതാണ് പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് ഫയര്‍ ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വകുപ്പില്‍ ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ തന്നെ നല്ല പരിശീലനം നല്‍കുന്നുണ്ട്. പെട്ടെന്നുള്ള ക്ളാസായതിനാലാണ് പങ്കെടുക്കാന്‍ വിസ്സമ്മതിച്ചത്. 
അടിയന്തര സര്‍വീസ് നടത്തുന്ന ഫയര്‍ഫോഴ്സില്‍ ജോലി ക്രമപ്പെടുത്താന്‍ സമയംലഭിച്ചിട്ടില്ല. വകുപ്പിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി പ്രത്യേക പരിശീലനം നല്‍കാന്‍ ശ്രമിക്കും. 
ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ രേഖാമൂലം അറിയിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
 

രൂപയുടെ മൂല്യം 61ല്‍ എത്തി

Posted: 07 Oct 2013 11:13 PM PDT

Image: 

മുംബൈ: രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 61ല്‍ എത്തി. 61.68 രൂപയാണ് ചൊവ്വാഴ്ച ഡോളറിന്റെ വിനിമയ നിരക്ക്. തിങ്കളാഴ്ച 61.79 ആയിരുന്നു രൂപയുടെ മൂല്യം. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്) നിരക്കില്‍ റിസര്‍വ് ബാങ്ക് തിങ്കളാഴ്ച മാറ്റം വരുത്തിയിരുന്നു. ഇതാണ് രൂപയുടെ നിരക്ക് ഉയരുന്നതിലേക്ക് വഴിവച്ചത്.
രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ ഉയര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ബോംബെ സൂചിക 240 പോയന്‍റ് ഉയര്‍ന്നു. സെന്‍സെക്സ് 239.62 പോയന്‍റ് ഉയര്‍ന്ന് 20,134.72ല്‍ എത്തി. 1.20 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ദേശീയ സൂചിക നിഫ്റ്റി 63.35 പോയന്‍റ് ഉയര്‍ന്ന് 5,969.50 നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്നേഹതീരം അക്രമം: രണ്ടുപേര്‍ പിടിയില്‍

Posted: 07 Oct 2013 11:11 PM PDT

വാടാനപ്പള്ളി: തളിക്കുളം സ്നേഹതീരം ബീച്ചില്‍ ജീപ്പ് വളഞ്ഞ് എ.എസ്.ഐ ഉള്‍പ്പെടെ  പൊലീസുകാരെ മര്‍ദിച്ച് പ്രതികളെ മോചിപ്പിച്ച   അക്രമിസംഘത്തിലെ രണ്ടുപേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 
തളിക്കുളം നമ്പിക്കടവ് പൂരാടന്‍ വീട്ടില്‍ ബാബു (59), നാട്ടിക ബീച്ച് കറുതാണ്ടന്‍വീട്ടില്‍ രവി (47) എന്നിവരെയാണ് എസ്.ഐ ടി.പി. ഫര്‍ഷാദ്, എ.എസ്.ഐ. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീടുകളില്‍ നിന്ന് പിടികൂടിയത്. ഞായറാഴ്ച സന്ധ്യക്കായിരുന്നു പൊലീസുകാര്‍ക്കും ഹോംഗാര്‍ഡിനും നേരെ ആക്രമണം.
വികലാംഗ സ്ത്രീയെ ശല്യം ചെയ്തെന്ന പരാതിയില്‍ സ്നേഹതീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ ജയകുമാര്‍    ഗിരീഷ് എന്നയാളെ തടഞ്ഞതോടെയാണ് ആക്രമണമുണ്ടായത്. നിരവധി കേസിലെ പ്രതിയായ ഗിരീഷടക്കം മൂന്നുപേര്‍   ജയകുമാറിനെ വളഞ്ഞിട്ട് മര്‍ദിച്ചു. ഓടിയെത്തിയ ഹോംഗാര്‍ഡ് സുനില്‍ പ്രകാശിനെയും മര്‍ദിച്ചു. ജീപ്പിലെത്തിയ എ.എസ്.ഐ ജോസ് രക്ഷപ്പെടാന്‍ ശ്രമിച്ച ഗിരീഷടക്കം മൂന്നുപേരെ പിടികൂടി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ 30 ഓളം വരുന്ന ക്രിമിനല്‍ സംഘം ജീപ്പ് തടയുകയായിരുന്നു. മൂന്നുപേരെയും ഇറക്കിവിട്ടില്ലെങ്കില്‍ ജീപ്പ് കത്തിക്കുമെന്ന് സംഘം ഭീഷണി മുഴക്കി. 
പ്രതികളെ മോചിപ്പിക്കാനുള്ള ശ്രമം എ.എസ്.ഐ ജോസ് തടഞ്ഞതോടെ ജോസിനെ വലിച്ചിട്ട് മര്‍ദിച്ച് സംഘം പ്രതികളെ മോചിപ്പിക്കുകയായിരുന്നു. ജോസിന്‍െറ കൈത്തണ്ടയില്‍ മുറിവേറ്റു. വിവരമറിയിച്ചതോടെ ഡിവൈ.എസ്.പി ബിജുഭാസ്കറടക്കം സ്ഥലത്തെത്തി. ഗിരീഷടക്കം കണ്ടാലറിയുന്നവരുടെ വീടുകളിലും പ്രദേശത്തും പൊലീസ് രാത്രി വ്യാപക തിരച്ചില്‍ നടത്തി. 
ബാബുവും രവിയും രാവിലെ വീട്ടിലെത്തിയ വിവരമറിഞ്ഞ് പൊലീസ് പാഞ്ഞെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. മറ്റുള്ളവര്‍ ഒളിവിലാണ്. സ്ത്രീയെ ശല്യം ചെയ്യുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയുന്ന 19 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് വാടാനപ്പള്ളി പൊലീസ് പറഞ്ഞു. പ്രതികളെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.
 

കല്ലടിക്കോട് മലമ്പ്രദേശ മേഖലയില്‍ കാട്ടാനകളുടെ വിഹാരം തുടരുന്നു

Posted: 07 Oct 2013 11:04 PM PDT

കല്ലടിക്കോട്: മലയുടെ താഴ്വാരപ്രദേശങ്ങളില്‍ വീണ്ടും കാട്ടാനകളിറങ്ങി. തിങ്കളാഴ്ച രാവിലെ ആറോടെയാണ് കാട്ടാനയെയും കുഞ്ഞിനെയും മരുതംകാട് ഭാഗത്തെ റബര്‍തോട്ടത്തിനടുത്ത് കണ്ടത്. ഒന്നരമണിക്കൂര്‍ ഇവ ജനവാസ മേഖലക്കടുത്ത് തമ്പടിച്ചു. തോട്ടങ്ങളിലെ തൊഴിലാളികള്‍ പാട്ടക്കൊട്ടിയും പടക്കംപൊട്ടിച്ചുമാണ് കാട്ടിലേക്ക് തിരിച്ചയച്ചത്. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ഇതിലെ കൊമ്പനാനയെ കഴിഞ്ഞദിവസം മണലിഭാഗത്ത് കണ്ടിരുന്നു. 
മലമ്പ്രദേശ മേഖലയില്‍ മഴ കുറഞ്ഞതോടെ കാടിറങ്ങി വരുന്ന കാട്ടാനക്കൂട്ടങ്ങള്‍ കര്‍ഷകരുടെ ആധി വര്‍ധിപ്പിച്ചിരിക്കുകയാണ്. നാലുവര്‍ഷം മുമ്പ് വനാന്തര്‍ഭാഗത്ത്നിന്നെത്തിയ കാട്ടുകൊമ്പന്‍ മൂന്നുപേരെ ചവിട്ടിക്കൊന്നിരുന്നു. കഴിഞ്ഞവര്‍ഷം അരക്കോടിയോളം രൂപയുടെ കൃഷി നാശവും ഉണ്ടാക്കി. മഴ കുറഞ്ഞതോടെ കഴിഞ്ഞദിവസമാണ് തോട്ടങ്ങളില്‍ പണി പുനരാരംഭിച്ചത്. 
ആനകളുടെ ജനവാസമേഖലക്കടുത്തുള്ള വിഹാരം തൊഴിലാളികളെ പണിയിടങ്ങളില്‍നിന്ന് അകറ്റുകയാണ്. കാട്ടാനശല്യം രൂക്ഷമായ കല്ലടിക്കോട് മലമ്പ്രദേശമേഖലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് കല്ലടിക്കോട് പൗര സമിതി, കര്‍ഷക രക്ഷാസമിതി എന്നിവ ആവശ്യപ്പെട്ടു.
 

താനാളൂരില്‍ അവിശ്വാസപ്രമേയ ചര്‍ച്ച മുടങ്ങി

Posted: 07 Oct 2013 10:55 PM PDT

Subtitle: 
യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബി.ഡി.ഒയെ ഉപരോധിച്ചു, ഫയലുകള്‍ നശിപ്പിച്ചു
തിരൂര്‍: അവിശ്വാസപ്രമേയചര്‍ച്ച നിയന്ത്രിക്കാനെത്തിയ വനിതാ ബി.ഡി.ഒയില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഫയലുകള്‍ തട്ടിയെടുത്ത് കീറിനശിപ്പിച്ചതിനെ തുടര്‍ന്ന് താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച നടക്കാനിരുന്ന അവിശ്വാസപ്രമേയ ചര്‍ച്ച മുടങ്ങി. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ 9.45ഓടെ താനാളൂര്‍ പഞ്ചായത്ത് ഓഫിസിന്‍െറ വാരകള്‍ക്കകലെ താനൂര്‍ ബി.ഡി.ഒ പി.ഒ. ആയിഷാബിയാണ് ആക്രമണത്തിനിരയായത്. ഫയലുകള്‍ തട്ടിയെടുക്കുന്നത് തടയാന്‍ ശ്രമിച്ച ബ്ളോക്ക് പഞ്ചായത്ത് ഹെഡ് ക്ളര്‍ക്ക് യു.കെ. പത്മലോചനന്‍ (48), ഇലക്ഷന്‍ വിഭാഗം ക്ളര്‍ക്ക് ടി. ബിജുമോന്‍ (30) എന്നിവരെയും മര്‍ദിച്ചു. ഇവരെ താനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനിടെ താനൂരിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.
ഫയലുകള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ നടത്താനിരുന്ന പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസവും യു.ഡി.എഫുകാര്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഉച്ചക്കു ശേഷം നടത്താനിരുന്ന വൈസ് പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസപ്രമേയവും മുടങ്ങി. പുതിയ നോട്ടീസ് പുറപ്പെടുവിച്ച് യോഗം വിളിക്കുമെന്ന് ബി.ഡി.ഒ അറിയിച്ചു.
യു.ഡി.എഫ് ഭരണസമിതിയിലെ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരെ എല്‍.ഡി.എഫാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ തന്നെ താനാളൂര്‍ പഞ്ചായത്ത് ഓഫിസ് പരിസരത്ത് യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു.  ബി.ഡി.ഒയും സംഘവും താനാളൂരിലെത്തിയ ഉടന്‍ അവര്‍ തിരിച്ചുപോകണമെന്നാവശ്യപ്പെട്ട്  യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊടുന്നനെ ജീപ്പിന് മുന്നിലേക്ക് ചാടിവീണു. ഇതിനു വഴങ്ങാതിരുന്നതോടെ ജീപ്പില്‍ നിന്ന് ഫയലുകള്‍ തട്ടിയെടുത്ത് കീറിയെറിയുകയായിരുന്നു. 
അവിശ്വാസപ്രമേയ നോട്ടീസ്, വോട്ടെടുപ്പിനായി തയാറാക്കിയ ബാലറ്റ് പേപ്പറുകള്‍ എന്നിവയാണ് നശിപ്പിക്കപ്പെട്ടത്. ഇതിനിടെ ജീവനക്കാരെയും ആക്രമിച്ചു. ഡ്രൈവര്‍ നജീമുദ്ദീനില്‍ നിന്ന് ജീപ്പിന്‍െറ ചാവി തട്ടിയെടുക്കാനും ശ്രമം നടന്നു. വാരകള്‍ക്കകലെ പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് അക്രമം നടന്നത്. ബി.ഡി.ഒ താനൂര്‍ സി.ഐയുടെ സഹായം തേടിയതിനുശേഷമാണ് രണ്ട്  പൊലീസുകാര്‍ ജീപ്പിനടുത്തെത്തിയത്. അപ്പോഴേക്കും ഡ്രൈവര്‍ നജീമുദ്ദീന്‍ ജീപ്പ് പിറകോട്ടെടുത്തിരുന്നു. വട്ടത്താണിയിലേക്ക് പോയ ബി.ഡി.ഒയെ പിന്നീട് പൊലീസ് വാനില്‍ താനാളൂരിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് വാനിനു നേരെ കല്ലേറുണ്ടായി. തലനാരിഴക്കാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പൊലീസ് വാനിന്‍െറ ഗ്ളാസ് തകര്‍ന്നു.  
നിശ്ചയിച്ച സമയത്തേക്കാള്‍ 30 മിനിറ്റ് കഴിഞ്ഞതിനാലും രേഖകള്‍ നശിപ്പിക്കപ്പെട്ടതിനാലും പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസം നടത്താനാകില്ലെന്ന് ബി.ഡി.ഒ അറിയിച്ചു. ഇതിനിടെ പ്രതിപക്ഷത്തെ 12 അംഗങ്ങള്‍ പ്രസിഡന്‍റിനെതിരെ അവിശ്വാസം രേഖപ്പെടുത്തുന്നതായി ബി.ഡി.ഒക്ക് എഴുതിനല്‍കി. തുടര്‍ന്ന് ബി.ഡി.ഒ ഒരു മണിയോടെ പഞ്ചായത്ത് ഓഫിസില്‍ നിന്ന് മടങ്ങി. വൈസ് പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസം 2.30നാണ് തീരുമാനിച്ചിരുന്നത്. രാവിലെ നടന്ന സംഭവങ്ങള്‍ കണക്കിലെടുത്ത് മലപ്പുറത്ത് നിന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രനും താനാളൂര്‍ പഞ്ചായത്തില്‍ എത്തിയിരുന്നു. 
എന്നാല്‍, ബ്ളോക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചാണ് വൈസ് പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസം യു.ഡി.എഫ് അട്ടിമറിച്ചത്. രണ്ടു മണിയോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ താനൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ഉപരോധം തുടങ്ങി. വികസനത്തില്‍ ബി.ഡി.ഒയും ഉദ്യോഗസ്ഥരും അലംഭാവം കാണിക്കുന്നെന്നാരോപിച്ചായിരുന്നു സമരം. പൊലീസ് സമരക്കാരെ നീക്കാനോ ബി.ഡി.ഒയുടെ സുരക്ഷ ഉറപ്പ് വരുത്താനോ തയാറായില്ല. താനാളൂരില്‍ യോഗം ചേരേണ്ട സമയം കഴിഞ്ഞതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. 3.15ഓടെ ഉപരോധം അവസാനിച്ചിട്ടും പ്രവര്‍ത്തകര്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് തടിച്ചുകൂടി നിന്നത് ഗതാഗതക്കുരുക്കിനിടയാക്കി. ഇതിനിടക്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശമെത്തിയതോടെ ബി.ഡി.ഒ താനാളൂരിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. ഇതറിഞ്ഞ ഡെപ്യൂട്ടി കലക്ടറും സംഘവും താനാളൂര്‍ പഞ്ചായത്തില്‍ നിന്ന് മടങ്ങാന്‍ ശ്രമിച്ചെങ്കിലും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗേറ്റ് പൂട്ടിയിട്ട് വഴിമുടക്കി.  ബി.ഡി.ഒ എത്താതെ പുറത്തുപോകാനനുവദിക്കില്ലെന്നായിരുന്നു എല്‍.ഡി.എഫ് നിലപാട്. അഞ്ച് മണിയായിട്ടും ബി.ഡി.ഒ വരാതിരുന്നതോടെ ഇടതു നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ വഴിയൊരുക്കുകയും ചെയ്തു. ആറ് മണിയോടെയാണ് പഞ്ചായത്തിലുണ്ടായിരുന്ന പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് അംഗങ്ങള്‍ മടങ്ങിയത്. 
താനൂരില്‍ നിന്ന് താനാളൂരിലേക്ക് വരുന്നതിനിടെ താനൂരിലെ മാധ്യമ പ്രവര്‍ത്തകരായ അക്ബര്‍, ഷൈന്‍ എന്നിവരെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. അക്ബറിന്‍െറ ലാപ്ടോപ്പും ഷൈനിന്‍െറ കാമറയും നശിപ്പിച്ചു. അക്ബറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
23 അംഗ ഭരണസമിതിയില്‍ സി.പി.എമ്മിന് 10ഉം ഐ.എന്‍.എല്ലിന് ഒന്നും വീതം അംഗങ്ങളാണുള്ളത്. സ്വതന്ത്രസ്ഥാനാര്‍ഥിയുടെ പിന്തുണയോടെയായിരുന്നു അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലീഗിന് എട്ടും കോണ്‍ഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്.
 

ഗണേഷ്കുമാറിന്റെ രാജി യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല

Posted: 07 Oct 2013 10:42 PM PDT

Image: 

കോട്ടയം: കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ കുറിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഒക്റ്റോബര്‍ പത്തിന് യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. അതിന് ശേഷം വിശദ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടെ ഗണേഷിനെ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നു. വിഷയം കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു.
ഗണേഷ്കുമാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്യും. ഒക്റ്റോബര്‍ പത്തിന് ചേരുന്ന യു.ഡി.എഫ് യോഗവും വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജിക്കാര്യം സ്ഥിരീകരിച്ച ഗണേഷ്കുമാര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചെയര്‍മാന്‍ കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണേഷിന്റെ രാജിക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പ്രതികരിച്ചു. ഗണേഷ് രാജിവച്ചതായി അറിയില്ല. വിവാദങ്ങള്‍ അവസാനിക്കുമ്പോള്‍ മന്ത്രിസ്ഥാനം തിരിച്ച് നല്‍കാമെന്ന് യു.ഡി.എഫ് ഉറപ്പ് നല്‍കിയിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിന് യു.ഡി.എഫ് യോഗം അനുമതി നല്‍കിയിട്ടുണ്ട്. ആറുമാസം കഴിഞ്ഞിട്ടും തീരുമാനം പ്രാബല്യത്തില്‍ വന്നില്ല. നാളെ ചേരുന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

കട്ടപ്പനയില്‍ പ്രസിഡന്‍റിനെതിരെ കേരള കോണ്‍ഗ്രസ് നോട്ടീസ്

Posted: 07 Oct 2013 10:31 PM PDT

Subtitle: 
സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന്
കട്ടപ്പന: കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഈ മാസം 20ന് മുമ്പ് ഒഴിഞ്ഞില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് കാണിച്ച് കേരള കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. ഇതോടെ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള പടലപ്പിണക്കം രൂക്ഷമായി.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഒ.ജെ. മാത്യുവാണ് പഞ്ചായത്ത് പ്രസിഡന്‍റ് ജോണി കുളമ്പള്ളിക്ക് കത്ത് നല്‍കിയത്. പാര്‍ട്ടിയുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് എം.തോമസ്, ഷാജി കൂത്തോടി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജാന്‍സി ബേബി, അന്നമ്മ തോമസ്, മേരിക്കുട്ടി ജോസഫ് എന്നിവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. കത്തിന്‍െറ കോപ്പി യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ജോയി പൊരുന്നോലിക്ക് കൈമാറി.
കട്ടപ്പന ഗ്രാമപഞ്ചായത്ത് മൈതാനിയില്‍ ഗാന്ധിജിയുടെ പൂര്‍ണകായപ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും കേരള  കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചടങ്ങില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് കോണ്‍ഗ്രസിനെതിരെ ആരോപണമുയര്‍ന്നത്. ഇതത്തേുടര്‍ന്ന് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും വാര്‍ത്താസമ്മേളനം വിളിച്ച് ഇരു പാര്‍ട്ടികളുടെയും അഭിപ്രായം വ്യക്തമാക്കിയിരുന്നു.
22 അംഗ സമിതിയില്‍ 14 പേരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. കേരള കോണ്‍ഗ്രസിന് ആറ് അംഗങ്ങളുണ്ട്. ഈ ആറുപേരും പ്രസിഡന്‍റിന് പിന്തുണ പിന്‍വലിക്കുമെന്ന് കാണിച്ച് നല്‍കിയ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതോടെ ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പിന്തുണ പിന്‍വലിച്ചാല്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രസിഡന്‍റ് രാജിവെക്കേണ്ടി വരും. ഇതിന്‍െറ പ്രത്യാഘാതം സമീപ പഞ്ചായത്തുകളിലും അലയടിക്കും. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. ഇവിടെ പ്രസിഡന്‍റ് സ്ഥാനം കൈയാളുന്ന ബേബി പതിപ്പള്ളി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിട്ടില്ല. വണ്ടന്മേട്, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനാണ്. ഇവിടെ രണ്ടിടത്തും പ്രസിഡന്‍റ് സ്ഥാനം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.

അമ്പലക്കടവില്‍ ഹര്‍ത്താല്‍ പൂര്‍ണം; സി.പി.എം നേതാവിന്‍െറ വീടിനുനേരെ ആക്രമണം

Posted: 07 Oct 2013 10:26 PM PDT

പന്തളം: അമ്പലക്കടവിനടുത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാല് പഞ്ചായത്തില്‍ ഡി.വൈ.എഫ്.ഐയും കുളനടയില്‍ സംഘ്പരിവാറും വെവ്വേറെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. സംഘട്ടനം നടന്ന കുളനട പഞ്ചായത്തിലെ അമ്പലക്കടവ് പ്രദേശത്തും കുളനടയിലും സംഘര്‍ഷമൊഴിവാക്കാന്‍ ശക്തമായ പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിരുന്നു. നാല് പഞ്ചായത്തുകളിലും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.
അപ്രതീക്ഷമായുണ്ടായ ഹര്‍ത്താലിനെത്തുടര്‍ന്ന് പന്തളത്ത് വിവിധ ആശുപത്രികളില്‍ പോയിവരുന്നവര്‍ സ്വകാര്യ ബസ് സര്‍വീസുകളില്ലാത്തതിനാല്‍ വലഞ്ഞു. സ്വകാര്യ ബസുകള്‍ നരിയാപുരം വരെയും, മാവേലിക്കര ഭാഗത്തു നിന്നുള്ള ബസുകള്‍ ഇടപ്പോണ്‍, കുടശനാട് വരെയും സര്‍വീസ് നടത്തി. ഹര്‍ത്താല്‍ അറിയാതെ ദൂരെ സ്ഥലങ്ങളില്‍നിന്ന് എത്തിയവര്‍ തിരികെപ്പോകാന്‍ വാഹനമില്ലാതെ വിഷമിച്ചു.
രാവിലെ 11ഓടെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുളനടയില്‍നിന്ന് അമ്പലക്കടവിലേക്ക് പ്രകടനം നടത്തി.  ഉളകാട് കവലയില്‍ പൊലീസ് പ്രകടനം തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാഗേഷ്  ഉദ്ഘാടനം ചെയതു. ഏരിയ പ്രസിഡന്‍റ് സി.ബി. സജികുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബി. പ്രദീപ്, സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍. ജീവരാജ്, പി.കെ. വാസുപിള്ള എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ശേഷം പിരിഞ്ഞ പ്രവര്‍ത്തകര്‍ കുളനടയിലെ സേവാഭാരതിയുടെ ബസ് കാത്തിരുപ്പുകേന്ദ്രത്തിലെ  ബോര്‍ഡ് തകര്‍ത്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൈരളി, മനോരമ ചാനല്‍ കാമറാമാന്‍മാര്‍ക്കു നേരെയും പ്രവര്‍ത്തകര്‍ രോഷാകുലരായി തിരിഞ്ഞു. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. അതിനിടെ തിരികെ പോവുകയായിരുന്ന കടലിക്കുന്ന് മേഖലയില്‍നിന്നുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിത്തുവിന് (20) കൈപ്പുഴ ഗുരുമന്ദിരത്തിന് സമീപം ആക്രമണത്തില്‍ പരിക്കേറ്റു. കുളനട പഞ്ചായത്തിലെ മണ്ണാക്കടവില്‍ കഴിഞ്ഞ ദിവസം നടന്ന സംഘട്ടനത്തില്‍ എട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിന് പിന്നാലെ വീണ്ടും അക്രമം നടന്നതായി സി.പി.എം ഉളനാട് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. 
സി.പി.എം ഉളനാട് ലോക്കല്‍ കമ്മിറ്റി അംഗം വി.വി. സുഭാഷിന്‍െറ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടായത്. രാത്രി ഒന്നോടെ വീടിന് സമീപമുള്ള റോഡില്‍ എത്തിയ സംഘ്പരിവാര്‍ സംഘം വീടിന് കല്ലെറിഞ്ഞു. വീടിന്‍െറ മൂന്ന് മുറികളുടെ ജനലുകള്‍  തകര്‍ന്നു, വീട്ടുപകരണങ്ങള്‍ക്കും കേടുണ്ട്, ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. എന്നാല്‍, അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്ന വട്ടംകുന്ന് കോളനിയിലെ സുന്ദരന്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ തിങ്കളാഴ്ച വെളുപ്പിന് കോളനി നിവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചതായി സി.പി.എം പ്രവര്‍ത്തകര്‍ അറിയിച്ചു.
കുളനടയില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ആളെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.  പുന്തല പള്ളിവടക്കേതില്‍ നാസറിനെയാണ് (52)സാധനങ്ങള്‍ വാങ്ങി തിരികെ ഭാര്യക്കൊപ്പം ഇറങ്ങിവരുമ്പോള്‍ കമ്പിവടികൊണ്ട് തലക്കടിച്ച് മുറിവേല്‍പിച്ചത്.
 മൂന്നുദിവസം മുമ്പാണ് നാസര്‍ വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.  വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയുടെ കടയില്‍നിന്ന് സാധനം വാങ്ങി ഇറങ്ങിവരുമ്പോഴായിരുന്നു അക്രമണം. നാസറിനെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം പൊലീസ് കേസെടുത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP