സ്വാഗതം
WELCOME

News Update..

Thursday, October 3, 2013

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും മോശമായി പെരുമാറിയെന്ന് Madhyamam News Feeds

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും മോശമായി പെരുമാറിയെന്ന് Madhyamam News Feeds

Link to

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും മോശമായി പെരുമാറിയെന്ന്

Posted: 03 Oct 2013 12:19 AM PDT

പേരൂര്‍ക്കട: ഗാന്ധിജയന്തി ദിനത്തില്‍ ജില്ലാ മാതൃകാ ആശുപത്രി സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും ജീവനക്കാരോട് മോശമായി പെരുമാറിയതായി ആരോപണം.
ബുധനാഴ്ച രാവിലെ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെത്തിയ പ്രസിഡന്‍റ് അന്‍ സജിതാ റസലിനും ഒപ്പമുണ്ടായിരുന്ന ചില ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ക്കുമെതിരെയാണ് പരാതി.
ഡ്യൂട്ടിക്ക് ശേഷം ഗാന്ധി ജയന്തി സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജീവനക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച ആശുപത്രിയിലെത്തിയ പ്രസിഡന്‍റും സംഘവും ക്ളാസ് ഫോര്‍ ജീവനക്കാരോട് ആശുപത്രി വളപ്പിലെ കാടും പടര്‍പ്പും വെട്ടിമാറ്റിയില്ലെങ്കില്‍ കൂട്ടത്തോടെ സ്ഥലംമാറ്റുമെന്നും സസ്പെന്‍ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു.
ആശുപത്രിയുടെ സുതാര്യ നടത്തിപ്പിനായുള്ള അടിയന്തരകാര്യങ്ങള്‍ പോലും പരിഹരിക്കാനാവാത്ത ജില്ലാ പഞ്ചായത്ത് അധ്യക്ഷ കേവലം പബ്ളിസിറ്റിക്കുവേണ്ടി യാണ് ജീവനക്കാര്‍ക്കുനേരെ കുതിരകയറിയതെന്ന് എന്‍.ജി.ഒ യൂനിയന്‍, ജോയന്‍റ് കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
നഗരസഭയുടെ കീഴിലായിരുന്ന ആശുപത്രി ജില്ലാ പഞ്ചായത്തള ഏറ്റെടുത്തതോടെ പ്രശ്നങ്ങള്‍ തുടങ്ങിയതായി ജീവനക്കാര്‍ ആരോപിക്കുന്നു.
ആശുപത്രി വികസനസമിതിക്ക് കീഴില്‍ ജോലി നോക്കിയിരുന്ന ഏഴ് ശുചീകരണ തൊഴിലാളികളടക്കം 28 പേരെ അകാരണമായി പിരിച്ചുവിട്ടതായി ജീവനക്കാര്‍ പറയുന്നു.
പകരം ജീവനക്കാരെ നിയമിക്കാനുള്ള നീക്കം യുവജനസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. നിലവില്‍ സാനിറ്റേഷന്‍ പോസ്റ്റിലുള്ള 21 ഒഴിവുകള്‍ നികത്താന്‍ പോലും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗവും നേരത്തേ കൗണ്‍സിലറുമായിരുന്ന കോണ്‍ഗ്രസിലെ ഒരു പ്രാദേശിക നേതാവിന്‍െറ അനവസരത്തിലുള്ള ഇടപെടലുകളും പെരുമാറ്റവും ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
എന്നാല്‍ ഗാന്ധിജയന്തി ദിവസം എസ്.എ.പി ക്യാമ്പിലെ പൊലീസുകാര്‍ ആശുപത്രി പരിസരം വൃത്തിയാക്കാന്‍ തയാറായെന്നും ഇവരെ കാണാനെത്തിയപ്പോള്‍  ആശുപത്രിയുടെ മുറ്റം നിറയെ കരിയിലയും ചവറും കിടക്കുന്നത് കണ്ട് പ്രതികരിച്ചതാണ് ജീവനക്കാര്‍ പ്രകോപിതരാവാന്‍ കാരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അല്‍സജിതാ റസല്‍ മാധ്യമത്തോട് പറഞ്ഞു.  
ബുധനാഴ്ച ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക്  രൂപംനല്‍കാന്‍ തീരുമാനിച്ചതായി ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെയും എച്ച്.എം.സി ജീവനക്കാരുടെയും വഴിവിട്ട പെരുമാറ്റത്തിലും നടപടികളിലും പ്രതിഷേധിച്ച് എന്‍.ജി.ഒ യൂനിയന്‍, ജോയന്‍റ് കൗണ്‍സില്‍ (കെ.ജി.എച്ച്.ഇ.എ) സംഘടനകള്‍ സമരം ആരംഭിക്കുമെന്നാണ് സൂചന.
 

ഇന്ത്യന്‍ ഹാര്‍ലി

Posted: 02 Oct 2013 11:54 PM PDT

Image: 

പട്ടാളക്കാരും എന്‍.സി.സി പിള്ളേരും പോലുള്ള വ്യത്യാസമുണ്ട് ഹാര്‍ലി ഡേവിഡ്സണും സാദാബൈക്കിനുമിടയില്‍. അരസികന്‍മാര്‍ നോക്കുമ്പോള്‍ രണ്ടായിരം രൂപക്ക് കിട്ടുന്ന സെക്കന്‍റ് ഹാന്‍റ് സ്കൂട്ടര്‍ കൊണ്ടുള്ളതില്‍ കൂടുതല്‍ ഉപകാരമൊന്നും ഹാര്‍ലി കൊണ്ടും കിട്ടില്ല. എങ്കിലും പത്തും പതിനഞ്ചും ലക്ഷം രൂപ വിലയിട്ട് ബൈക്ക് വില്‍ക്കാന്‍ ഒരുമടിയും കാട്ടാത്തവരാണിവര്‍. 110 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ അമേരിക്കന്‍ അച്ചായന് ചില കടുംപിടുത്തമൊക്കെയുണ്ട്. എത്ര കഷ്ടകാലം വന്നാലും തറവാടിന്‍െറ പേര് കളയില്ലെന്നതാണ് ഇതിലൊന്ന്. അതുകൊണ്ട് വില കുറച്ചും ഗുണം കുറച്ചുകൊണ്ടുമുള്ള കച്ചവടം ഇവര്‍ ശീലിച്ചിട്ടില്ല. ബൈക്കുകളുടെ ലോകത്തെ അര്‍ണോള്‍ഡാണ് ഹാര്‍ലി. പക്ഷേ ലോകത്ത് ഇങ്ങനെയുള്ള വണ്ടികളും ഉണ്ടെന്നറിയാതെയാണ് ഇന്ത്യയിലെ ബൈക്ക് ഭ്രാന്തന്‍മാര്‍ കഴിഞ്ഞിരുന്നത്. എന്‍ഫീല്‍ഡ് ബുള്ളറ്റിന് രണ്ട് സൈലന്‍സര്‍ ഘടിപ്പിച്ച് ആത്മനിര്‍വൃതി അടയുകയായിരുന്നു നമ്മുടെ ശീലം. 100 സിസിയും 110 സിസിയും തമ്മിലെ വിത്യാസത്തെക്കുറിച്ച് തര്‍ക്കിക്കുന്നവര്‍ക്കിടയിലേക്ക് 2009 ആഗസ്റ്റിലാണ് ഹാര്‍ലി കയറിവരുന്നത്. ഹാര്‍ലിക്ക്1200 സിസിയുടെ എഞ്ചിനൊക്കെ സാധാരണമാണെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍വരെ ഞെട്ടിപ്പോയി കാരണം 500 സിസിക്ക് മുകളിലുള്ള ബൈക്കിറങ്ങുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം ബൈക്കുകള്‍ക്ക് വേണ്ട മലിനീകരണ നിയന്ത്രണ ചട്ടം എങ്ങനെയാവണമെന്ന് ആലോചിച്ചുമില്ല. ഇന്ത്യ തീരക്കടലില്‍ എണ്ണതിരയും പോലെ അന്താരാഷ്ട്രവിപണി പരിശോധിച്ചുവരികയായിരുന്നു ഹാര്‍ലി. അപ്പോഴാണ് സുസുക്കിയും ഹോണ്ടയും കാവസാക്കിയും ഹ്യോസുങുമൊക്കെ ലക്ഷങ്ങളുടെ വണ്ടിയുമായി ഇന്ത്യയില്‍ കിടന്ന് പുളക്കുന്നത് കണ്ടത്. കാശ് മിച്ചം വച്ച് വട്ടംകറങ്ങുന്നവരുടെ എണ്ണം ഈ പ്രദേശത്ത് കൂടിവരുന്നതും അവര്‍ മുന്‍കൂട്ടി കണ്ടു. അതോടെ നിയമമില്ലെങ്കിലും സാരമില്ല ഇന്ത്യയില്‍ വണ്ടിവില്‍ക്കാന്‍ സമ്മതമാണെന്നും പറഞ്ഞ് അവര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ഇന്ത്യയിലെ മാങ്ങ കാശിനുകൊള്ളാത്തതാണെന്ന് പറഞ്ഞ് വലിച്ചെറിയുന്ന അമേരിക്കന്‍ അഹങ്കാരം നിര്‍ത്താമെങ്കില്‍ ആയിക്കോ എന്ന് നമ്മളും പറഞ്ഞു. അങ്ങനെ പഴങ്ങളുടെ രാജാവിന് പകരം ബൈക്കുകളുടെ രാജാവ് ഇവിടെയെത്തി. അമേരിക്കക്ക് പുറമെ ബ്രസീലില്‍ മാത്രമെ ഹാര്‍ലിക്ക് ഫാക്ടറി ഉണ്ടായിരുന്നുള്ളു. അവിടെ നിന്ന് ബൈക്ക് മുഴുവനായി ഇറക്കുമതി ചെയ്താല്‍ നികുതിയടക്കം ഇരട്ടിവില കൊടുക്കേണ്ടിവരും. അപ്പോള്‍ പട്ടിക്ക് മുഴുവന്‍ മാങ്ങ കിട്ടിയപോലെയാകും കാര്യങ്ങള്‍. അതിനാല്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടി ഘടിപ്പിച്ച് വില്‍ക്കാനാണ് അവര്‍ തീരുമാനിച്ചത്. വില 10 ശതമാനം കൂടുമെന്നേയുള്ളൂ. ഈ തന്ത്രം ജയിച്ചു. കാസര്‍കോട്ടും കൊച്ചിയിലും പൊന്‍കുന്നത്തും വരെ ഏഴ് ലക്ഷത്തിന്‍െറ ഹാര്‍ലിയില്‍ കറങ്ങുന്നയാളുകളുണ്ടായി. ഇതിന്‍െറ ദോഷം മുഴുവന്‍ എന്‍ഫീല്‍ഡിനാണ് സംഭവിച്ചത്. പൗരുഷത്തിന്‍െറ പ്രതീകമെന്ന അവരുടെ പരസ്യം പോലും ഹാര്‍ലിയെ കാണുമ്പോള്‍ നാണിച്ചുതുടങ്ങി. പക്ഷേ പാവപ്പെട്ടവന്‍െറ ഹാര്‍ലിയെന്ന പ്രചാരണത്തോടെ ബുള്ളറ്റ് കത്തിക്കയറി. ഇതോടെ കളിമാറി. പാവങ്ങളെയും ഹാര്‍ലിയില്‍ കയറ്റിയാല്‍ എന്താണ് കുഴപ്പമെന്നായി അമേരിക്കന്‍ കമ്പനിയുടെ ചിന്ത. എന്തായാലും ഘടകങ്ങള്‍ കൂട്ടിപിടിപ്പിക്കാന്‍ ഒരു ഫാക്ടറി തുടങ്ങിയിട്ടുണ്ട്. അവിടെ ഉല്‍പാദനവും തുടങ്ങിയാലും കുഴപ്പമൊന്നുമുണ്ടാവില്ലെന്നവര്‍ കണ്ടുപിടിച്ചു. ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള തത്രപ്പാടിലാണ് അവരിപ്പോള്‍. ഇന്ത്യന്‍ ഘടകങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വിലയില്‍ ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടുന്നവിധം വണ്ടിയുണ്ടാക്കാനാണ് അവരുടെ ഉദ്ദേശം. 500 സിസിക്കും 750 സിസിക്കും ഇടയിലായിരിക്കും ഇന്ത്യന്‍ ഹാര്‍ലിയുടെ ശേഷി. ഈ കപ്പാസിറ്റിയുള്ള ചില ഹാര്‍ലികള്‍ ഊരുംപേരും വെളിപ്പെടുത്താതെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഓടുന്നുണ്ട്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടായിരിക്കും യഥാര്‍ത്ഥ ഇന്ത്യന്‍ ഹാര്‍ലിയുടെ അന്തിമ നിര്‍മാണം. ഇവനെ ഇന്ത്യയില്‍ ഒതുക്കിനിര്‍ത്തുകയല്ല ലോകം മുഴുവന്‍ വളര്‍ത്തിവിടണമെന്ന ആഗ്രഹവും ഹാര്‍ലിക്കുണ്ട്.  ഹാര്‍ലിയുടെ കരളായ വി-ട്വിന്‍ മോഡല്‍ എഞ്ചിനായിരിക്കും ഇന്ത്യന്‍ മോഡലിനെന്നാണ് കരുതപ്പെടുന്നത്. ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഫോര്‍സ്ട്രോക് എഞ്ചിന് 40 ബിഎച്ച്പി ശക്തി പ്രതീക്ഷിക്കാം. കുറഞ്ഞവില മൂന്ന് ലക്ഷമാകുമെന്നാണ് മറ്റൊരു പ്രതീക്ഷ.  അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ ഓട്ടോ എക്സ്പോ കഴിയുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും. സ്പോര്‍സ്റ്റര്‍, ഡൈന, വി.ആര്‍.എസ്.സി, സോഫ്റ്റെയില്‍, സിവിഒ എന്നിങ്ങനെ അഞ്ച് താവഴികളാണ് ഹാര്‍ലി കുടുംബത്തിനുള്ളത്. അതില്‍പെട്ട 12 മോഡലുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ട്. ഇവക്കൊരു നാണക്കേടുമുണ്ടാകാത്ത വിധമായിരിക്കും ഇന്ത്യന്‍ ഹാര്‍ലിയും വരിക. ഇന്ത്യന്‍ റോഡിനും നമ്മുടെ സ്വഭാവത്തിനും അനുയോജ്യമായ മാറ്റങ്ങള്‍ ഒരുപാടുണ്ടാകുമെങ്കിലും ഹാര്‍ലിയുടെ തനത് ശബ്ദത്തിന് മാറ്റമുണ്ടാകില്ലെന്ന് ഉറപ്പിക്കാം.

ആര്യങ്കാവ് ചെക്പോസ്റ്റ് വഴി കാലികളെ എത്തിക്കുന്നതിന് നിരോധം

Posted: 02 Oct 2013 11:50 PM PDT

Subtitle: 
കുളമ്പുരോഗ പ്രതിരോധം
കൊല്ലം: കുളമ്പുരോഗ പ്രതിരോധ നടപടികള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് ശക്തമാക്കി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കാലികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കാനായി ആര്യങ്കാവ് ചെക്പോസ്റ്റ് വഴി കാലികളെ എത്തിക്കുന്നത് നിരോധിച്ചു. ഒരാഴ്ചത്തേക്കാണ് നിരോധം. 
കുളമ്പുരോഗം തടയുന്നതിനായി ജില്ലയില്‍ 85 ശതമാനത്തോളം കന്നുകാലികളെ പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി. വിമല പറഞ്ഞു. ജില്ലയില്‍ കുളത്തൂപ്പുഴ ഏരൂര്‍ ഭാഗങ്ങളിലാണ് ആദ്യം കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഇപ്പോള്‍ ആദിച്ചനല്ലൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം പഞ്ചായത്തുകളിലാണ് തീവ്രമായി കണ്ടുവരുന്നത്. 
ജില്ലയില്‍ 19 പശുക്കളും നാല് കിടാരികളും 38 കിടാവുകളും കുളമ്പുരോഗ സമാനമായ ലക്ഷണത്തോടെ ചത്തു. ഇതില്‍ ആറ് പശുക്കളും ഒരു കിടാരിയും മാത്രമാണ് വാക്സിനേഷന്‍ എടുത്തതിന്ശേഷം രോഗബാധിതരായത്. വാക്സിനേഷന്‍ എടുത്തതിന്ശേഷവും രോഗം ബാധിച്ച് ചത്ത കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് 16500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത്തലത്തില്‍ ഓരോ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് രോഗപ്രതിരോധ നടപടികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കര്‍ഷകരെ ബോധവത്കരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ മില്‍ക്ക് സൊസൈറ്റികളുടെ സഹായത്തോടെ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ പറഞ്ഞു. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി കന്നുകാലി പ്രദര്‍ശനവും കന്നുകാലിമേളകളും രണ്ടാഴ്ചത്തേക്ക് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
 

ആനപ്പാന്തം കോളനിയില്‍ വൈദ്യുതിയത്തെി

Posted: 02 Oct 2013 11:41 PM PDT

വെള്ളിക്കുങ്ങര: കാത്തിരിപ്പിനൊടുവില്‍  ശാസ്താംപൂവത്തെ ആനപ്പാന്തം കോളനിയില്‍ വൈദ്യുതിയത്തെി. പ്രഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. വെള്ളിക്കുളങ്ങരയില്‍നിന്ന് ശാസ്താംപൂവത്തെ കോളനിയിലേക്കുള്ള  റോഡിന്‍െറ ഉദ്ഘാടനവും നടന്നു. മറ്റത്തൂര്‍ പഞ്ചായത്ത്  പ്രസിഡന്‍റ് ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എം.എസ്. ജയ, ചാലക്കുടി ഡി.എഫ്.ഒ ബി.എന്‍. അഞ്ജന്‍കുമാര്‍,  വാര്‍ഡംഗം ഷിനി സന്തോഷ്, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ ഇ. ശ്രീനിവാസന്‍, കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ എ.ആര്‍. സണ്ണി, വി.കെ. സുരേഷ്കുമാര്‍, കോസ്റ്റ് ഫോര്‍ഡ് ഡയറക്ടര്‍ ടി.ആര്‍. ചന്ദ്രദത്ത് എന്നിവര്‍ സംസാരിച്ചു. രാജീവ്ഗാന്ധി വിദ്യുത് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോളനിയില്‍ വൈദ്യുതീകരണം നടത്തിയത്. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കാരിക്കടവ് ആദിവാസി കോളനിയില്‍നിന്ന് ഹൈടെന്‍ഷന്‍ ലൈന്‍ 600 മീറ്റര്‍ കാട്ടിലൂടെ വലിച്ചാണ് ശാസ്താംപൂവത്തേക്ക് വൈദ്യുതി എത്തിച്ചത്. 35 എക്കറിലധികമുള്ള കോളനിയിലെ വീടുകളിലേക്ക് നിര്‍മിച്ച മണ്‍പാതയില്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് മുഴുവന്‍ വീടുകളുടെ പരിസരത്തേക്കും  കമ്പികള്‍ വലിച്ചിട്ടുണ്ട്. 100 കെ.വി.എയുടെ ഒരു ട്രാന്‍സ്ഫോര്‍മറാണ് ശാസ്താംപൂവത്ത് സ്ഥാപിച്ചിട്ടുള്ളത്. 25 കെ.വി.എയുടെ മൂന്ന് ട്രാന്‍സ്ഫോര്‍മറുകള്‍ കൂടി സ്ഥാപിക്കും. ഇതിന് രണ്ട് ലക്ഷം രൂപ അധികമായി ചെലവഴിക്കും. കാട്ടിലൂടെ വലിക്കുന്ന ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടി  വീണ് വന്യമൃഗങ്ങള്‍ക്ക് അപകടം പറ്റാതിരിക്കാന്‍ ഗാര്‍ഡിങ് നടത്തും. കാട്ടാനകള്‍  മറിച്ചിടാതിരിക്കാന്‍ വൈദ്യുതി കാലുകള്‍ക്ക് ചുറ്റും മുള്ളുവേലി കെട്ടും. കോളനിയിലെ വൈദ്യുതി കാലുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ 1,80,000 രൂപയുടെ എസ്റ്റിമേറ്റ് മറ്റത്തൂര്‍ പഞ്ചായത്തിന് കെ.എസ്.ഇ.ബി സമര്‍പ്പിച്ചിട്ടുണ്ട്. കോളനിയില്‍ നടപ്പാക്കുന്ന വിവിധ  വികസന ക്ഷേമപദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ സംസ്ഥാനത്ത് മികച്ച ഭൗതിക സാഹചര്യങ്ങളുള്ള ആദിവാസി കോളനിയായി ആനപ്പാന്തം മാറും. മുഴുവന്‍ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീടുകള്‍, കാര്‍ഷിക വൃത്തിക്കുള്ള  പദ്ധതികള്‍, വന്യമൃഗ ശല്യം തടയാന്‍ സൗരോര്‍ജ വൈദ്യുതി വേലി എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ഒരു കോടി ചെലവഴിച്ച്  കോളനിയില്‍ കുടിവെള്ളപദ്ധതി, 50 ലക്ഷം രൂപ ചെലവഴിച്ച് പൊതുശ്മശാനവും ചുറ്റുമതിലും, 40 ലക്ഷം ചെലവിട്ട് മണ്ണ് -ജല സംരക്ഷണപദ്ധതി, കമ്യൂണിറ്റി ഹാള്‍, അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം എന്നിവയും നടപ്പാക്കും. എട്ടുവര്‍ഷം മുമ്പ് ആനപ്പാന്തത്ത് ഉരുള്‍പൊട്ടലിനത്തെുടര്‍ന്ന്  വീടുകള്‍ നഷ്ടപ്പെട്ട കാടര്‍ വിഭാഗത്തില്‍പെട്ട കുടുംബങ്ങളെയാണ് പിന്നീട് ശാസ്താംപൂവത്ത് ഭൂമി നല്‍കി പുനരധിവസിപ്പിച്ചത്.
68 വീടുകളില്‍ വയറിങ്  നടത്തിയ ഏഴ് വീടുകളിലേക്കാണ് ബുധനാഴ്ച വൈദ്യുതി  നല്‍കിയത്. ഇവര്‍ നേരത്തെ താമസിച്ചിരുന്ന ആനപ്പാന്തം കോളനിയില്‍ സോളാര്‍ പ്ളാന്‍റ് സ്ഥാപിച്ച് മുഴുവന്‍ കുടുംബങ്ങള്‍ക്കും വെളിച്ചം നല്‍കിയിരുന്നെങ്കിലും 2005ലെ ഉരുള്‍പൊട്ടലില്‍  പ്ളാന്‍റ് ഒലിച്ചുപോയിരുന്നു.  
 

അടിയന്തിര സഹായമെത്തിക്കുന്നതിന് തടസ്സങ്ങള്‍ നീക്കണമെന്ന് സിറിയയോട് യു.എന്‍

Posted: 02 Oct 2013 11:39 PM PDT

Image: 

ഡമസ്കസ്: അതിര്‍ത്തി കടന്ന് സഹായം എത്തിക്കുന്നതിന് തടസ്സങ്ങള്‍ നീക്കണമെന്ന് സിറിയയോട് യു.എന്‍ ആവശ്യപ്പെട്ടു.  യു.എന്നിന്റെ15 അംഗ രക്ഷാസമിതിയാണ് ഈ പ്രസ്താവനക്ക് അംഗീകാരം നല്‍കിയത്.  സംഘര്‍ഷ ബാധിതര്‍ക്ക് ആവശ്യമുള്ള സഹായം എത്തിക്കുന്നതിന് സുരക്ഷിതമായ വഴിയൊരുക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

മുപ്പത് മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷങ്ങളില്‍ സിറിയയില്‍ 20 ലക്ഷത്തിലേറെ ജനങ്ങള്‍ ആണ് പ്രയാസമനുഭവിക്കുന്ത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ്. ഒന്നേ കാല്‍ ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്ക്.

അവശ്യ സഹായം അര്‍ഹിക്കുന്ന ലക്ഷക്കണക്കിന് പേര്‍ സിറിയയില്‍ ഉണ്ടെന്നും നിലവില്‍ തുടരുന്ന അക്രമങ്ങളും പ്രവേശമാര്‍ഗങ്ങള്‍ അടച്ചതും സഹായമെത്തിക്കുന്നതില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുവെന്നും യു.എന്‍ പറയുന്നു. രാജ്യത്ത് 12 അന്തര്‍ദേശീയ സംഘടകള്‍ക്കാണ് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിറിയ അനുമതി നല്‍കിയിരിക്കുന്നത്.
 

അഞ്ചേരി ബേബി വധം: എം. എം മണിക്കും ജയചന്ദ്രനുമെതിരെ തെളിവ്

Posted: 02 Oct 2013 11:27 PM PDT

Image: 

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്കും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ. കെ ജയചന്ദ്രനുമെതിരെ വ്യക്തമായ തെളിവ് ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1982ല്‍ ബേബിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കൂടാതെ ഏഴ് പേര്‍ക്ക് കൂടി പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെ. കെ ജയചന്ദ്രന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചെങ്കിലും പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കുള്ളില്‍ ആഭ്യന്തരമന്ത്രിക്ക് സമര്‍പിക്കും. 1982 നവംബര്‍ 12നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയായിരുന്ന അഞ്ചേരി ബേബി വെടിയേറ്റ് കൊല്ലപ്പെട്ടത്.

പൊടിപ്പാറക്കുന്നിടിക്കല്‍; പരിസ്ഥിതി സംഘടനകള്‍ പ്രക്ഷോഭത്തിന്

Posted: 02 Oct 2013 11:20 PM PDT

പാലക്കാട്: പിരായിരി പഞ്ചായത്തിലെ കല്ളേക്കാട് ബ്ളോക്ക് ഓഫിസിന് സമീപത്തെ പൊടിപ്പാറക്കുന്ന് ഇടിച്ച് നിരത്തുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും യൂത്ത് കോണ്‍ഗ്രസും സോളിഡാരിറ്റിയും പ്രക്ഷോഭത്തിലേക്ക്. മണ്ണ് നീക്കം ചെയ്യാനായി  മുന്‍ ജില്ലാ കലക്ടറില്‍നിന്ന് സ്ഥലമുടമകള്‍ക്ക് ലഭിച്ച എന്‍.ഒ.സിയുടെ മറവിലാണ്് പാരിസ്ഥിതിക പ്രാധാന്യമുള്ള പൊടിപ്പാറക്കുന്ന് ഇടിച്ച് നിരത്തുന്നത്. മണ്ണ് നീക്കം ചെയ്യാന്‍ ആഗസറ്റ് 19നാണ് കലക്ടര്‍ എന്‍.ഒ.സി നല്‍കിയത്. ഇതിന്‍െറ മറവില്‍ കുന്നിടിക്കുന്നത് റിയല്‍ എസ്റ്റേറ്റുകാരാണ്. 
റോഡ് നിര്‍മിച്ച് സ്ഥലം വില്‍പനക്ക് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. 2.24 ഹെക്ടര്‍ സ്ഥലത്തെ മണ്ണ് നീക്കാനാണ് അനുമതി നല്‍കിയത്. ഇപ്പോള്‍ കുന്നിന്‍െറ പകുതിയോളം ഇടിച്ച് നിരപ്പാക്കിക്കഴിഞ്ഞു. 
പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബാലചന്ദ്രന്‍ കുന്നിടിക്കലിനെതിരെ നോട്ടീസ് നല്‍കിയതായി പറയുന്നുണ്ടെങ്കിലും ഗാന്ധിജയന്തി ദിവസമായ ബുധനാഴ്ച ഉച്ചവരെ കുന്നിടിക്കല്‍ തുടര്‍ന്നു. യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. രണ്ട് മാസമായി കുന്നിടിക്കല്‍ തുടരുമ്പോഴും ഗ്രാമപഞ്ചായത്തോ റവന്യു ഉദ്യോഗസ്ഥരോ ഇത് കണ്ടില്ളെന്ന് നടിക്കുകയാണ്. 
കുന്നിടിക്കലിനെതിരെ നോട്ടീസ് നല്‍കാനായിട്ടില്ളെന്നാണ് ബുധനാഴ്ച പിരായിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജനജാഗ്രത സെക്രട്ടറി ഡോ. പി.എസ്. പണിക്കരെ അറിയിച്ചത്. വ്യാഴാഴ്ച നോട്ടീസ് നല്‍കാനാണ് തീരുമാനം. പാലക്കാട് നഗരസഭയിലെ മുന്‍ ബി.ജെ.പി കൗണ്‍സിലറുടെ മകനും മറ്റൊരു ബി.ജെ.പി നേതാവിന്‍െറ മകനും ചേര്‍ന്ന് ഉണ്ടാക്കിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് കുന്നിടിക്കല്‍ നടത്തുന്നതെന്ന് പറയപ്പെടുന്നു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും ഹരിത ട്രൈബ്യൂണലിന്‍െറ വിധിക്കെതിരായും നടത്തുന്ന കുന്നിടിക്കലിന് കലക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയുള്ളതായി ജനജാഗ്രതാ സമിതി ആരോപിച്ചു. സെപ്റ്റംബര്‍ 20ന് ആര്‍.ഡി.ഒ ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണ് നീക്കം ചെയ്യാന്‍ നല്‍കിയ എന്‍.ഒ.സിയില്‍ പറഞ്ഞിട്ടുളള വ്യവസ്ഥകള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കലക്ടര്‍ക്ക് ബന്ധപ്പെട്ടവരുടെ പേരില്‍ നടപടിയെടുക്കാന്‍ കഴിയും. കുന്നിടിക്കലിനെതിരെ സോളിഡാരിറ്റി, പരിസ്ഥിതി ഏകോപന സമിതി, എര്‍ത്ത്വാച്ച് എന്നിവയുടെ നേതൃത്വത്തില്‍ സമരപരിപാടി സംഘടിപ്പിക്കുമെന്ന് ഡോ. പി.എസ്. പണിക്കര്‍ പറഞ്ഞു. 
ഇതിനിടെ ബുധനാഴ്ച മൂന്നരയോടെ ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, എ.ഡി.എം കെ. ഗണേശന്‍, പാലക്കാട് തഹസില്‍ദാര്‍ വിജയന്‍ എന്നിവര്‍ പൊടിപ്പാറക്കുന്ന് സന്ദര്‍ശിച്ചു. കലക്ടര്‍ സന്ദര്‍ശിക്കുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ റിയല്‍ എസ്റ്റേറ്റ് ലോബി ഉച്ചക്ക് ശേഷം യന്ത്രങ്ങള്‍ മാറ്റുകയും ചെയ്തു.

നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

Posted: 02 Oct 2013 11:14 PM PDT

പന്തളം: പാട്ടുപുരക്കാവ് നവരാത്രി മണ്ഡപത്തിലെ ആഘോഷ പരിപാടികള്‍ അഞ്ച് മുതല്‍ 14 വരെ നടക്കും. അഞ്ചിന് രാവിലെ 7.30 ന് ഭദ്രദീപഘോഷ യാത്ര, 8.30 ന് ആഘോഷ പരിപാടികള്‍ എന്‍.എസ്.എസ് കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥപിള്ള ഉദ്ഘാടനം ചെയ്യും. 
ആഘോഷ കമ്മിറ്റി പ്രസിഡന്‍റ് പന്തളം ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഭാഗവത പാരായണം, ദീപാരാധന, ദീപക്കാഴ്ച.  അഞ്ചിന് വൈകുന്നേരം 4.30 സോപാന സംഗീതം വൈകുന്നേരം ഏഴിന് ഗാനമേള, ആറിന് വൈകുന്നേരം അഞ്ചിന് ഭജന, ഏഴിന് പന്തളം ജി. പ്രദീപ് കുമാറിന്‍െറ സംഗീത സദസ്സ്. ഏഴിന് വൈകുന്നേരം 4.30 ന് ഓട്ടന്തുള്ളല്‍-മണ്ണാഞ്ചേരി ദാസന്‍, വൈകുന്നേരം ഏഴിന് കടമ്മനിട്ട അനു വി. സുദേവിന്‍െറ സംഗീത സദസ്സ്.
എട്ടിന് വൈകുന്നേരം നാലിന് ചാക്യാര്‍കൂത്ത്, ഏഴിന് നാടകം, ഒമ്പതിന്  വൈകുന്നേരം  4.30  ന് നാദമുരളി ഫ്ളൂട്ട് സോളോ- മനോജ് വാസുദേവ്, ഏഴിന് നൃത്തസന്ധ്യ-ആതിര നാട്യ അക്കാദമി.10 ന് വൈകുന്നേരം നാലിന് സംഗീത സദസ്സ് അരങ്ങേറ്റം-ദേശ് സംഗീത അക്കാദമി, ഏഴിന് നാടകം.11 ന് വൈകുന്നേരം നാലിന് സംഗീത സംഗമം-കുമാരി അക്ഷര, വൈകുന്നേരം 5.30 ന് പൂജവെപ്പ്, വൈകുന്നേരം ഏഴിന് സംഗീത സദസ്സ്- പന്തളം അജി ആന്‍ഡ് അനി ബ്രദേഴ്സ്.12 ന് വൈകുന്നേരം നാലിന് വയലിന്‍ സോളോ- സംഗീത സുരേഷ് ബാബു,  ഏഴിന് സംഗീത സദസ്സ്- കുമാരി ഐശ്വര്യ കെ. കെ.മോഹന്‍. 
13ന് രാവിലെ 10ന്  സംഗീത ആരാധന.വൈകുന്നേരം  സമാപന സമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന്‍, കലാകാരന്മാര്‍, വ്യവസായ സംരംഭകര്‍ എന്നിവരെ ആദരിക്കും. വൈകുന്നേരം ഏഴിന് കോമഡി ഷോ-ഹാപ്പി ജേര്‍ണി മെഗാഷോ.
 14ന് രാവിലെ നാലിന് മഹാഗണപതി ഹോമം ഏഴ് മുതല്‍ പൂജയെടുപ്പ്, വിദ്യാരംഭം.
അടൂര്‍: പറക്കോട് ശ്രീ ഇണ്ടിളയപ്പന്‍ നവരാത്രി ആഘോഷസമിതി നവരാത്രി ഉത്സവം ശനിയാഴ്ച മുതല്‍ 14 വരെ നടക്കും. 
ശനിയാഴ്ച വൈകുന്നേരം  ഏഴിന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
 7.30ന് ചങ്ങനാശേരി സുഭാഷിന്‍െറ സംഗീതസദസ്സ്, ചൊവ്വാഴ്ച വൈകുന്നേരം  ഏഴിന് വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ ഓട്ടന്തുള്ളല്‍.
ബുധനാഴ്ച വൈകുന്നേരം  ഏഴിന് ഐശ്വര്യ മോഹനും വെള്ളിയാഴ്ച നിവേദിതയും ശനിയാഴ്ച കലാപീഠം സുധീഷും ഞായറാഴ്ച പത്തനംതിട്ട മുരളിമോഹനും സംഗീതസദസ്സൊരുക്കും. വ്യാഴാഴ്ച വൈകുന്നേരം  ഏഴിന് മുതുകുളം സോമനാഥിന്‍െറ കഥാപ്രസംഗം.
ശനിയാഴ്ച വൈകുന്നേരം 6.30ന് പൂജവെപ്പ്, 14ന് രാവിലെ 7.30ന് പൂജയെടുപ്പ്, 7.45ന് വിദ്യാരംഭം, വൈകുന്നേരം മൂന്നിന് അക്ഷരശ്ളോകസദസ്സ്,   ഏഴിന് താഴമണ്‍ കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ പുഷ്പാഭിഷേകം എന്നിവയുണ്ടാകും.
അടൂര്‍: മണ്ണടി മുടിപ്പുര ദേവീ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും വെള്ളിയാഴ്ച  മുതല്‍ 14 വരെ ആഘോഷിക്കും. 
കുളക്കട നമ്പിമഠത്തില്‍ രമേശ് ഭാനുഭാനു പാണ്ടാരത്തിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷത്തില്‍ മണ്ണടി പഴയകാവ് ദേവീക്ഷേത്രമേല്‍ശാന്തി ശിവദാസന്‍ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും.  
കുറിച്ചി  ബി. രാമചന്ദ്രന്‍ യജ്ഞാചാര്യനും കറവൂര്‍ സുഗതന്‍, കുടവട്ടൂര്‍ ഉണ്ണികൃഷ്ണന്‍, നന്ദിയോട് ഉദയന്‍, തിരുവന്‍വണ്ടൂര്‍ മുരളി എന്നിവര്‍ യജ്ഞപൗരാണികരുമാണ്.
ദിവസവും രാവിലെ 6.30 ന് ലളിതസഹസ്രനാമജപം,  ഏഴ് മുതല്‍ 12 വരെയും രണ്ടുമുതല്‍ അഞ്ചുവരെയും ദേവീഭാഗവത പാരായണവും നടക്കും.  ഉച്ചക്ക് ഒന്നുമുതല്‍ രണ്ടുവരെ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്‍െറ ആത്മീയ പ്രഭാഷണം, അന്നദാനം എന്നിവയും നടക്കും.
അഞ്ചാംദിവസം വൈകുന്നേരം ആറുമുതല്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ആറാം ദിവസം വൈകുന്നേരം അഞ്ചുമുതല്‍ സര്‍വൈശ്വര്യപൂജയും നടക്കും.
 ദുര്‍ഗാഷ്ടമി ദിവസം  അഞ്ചുമുതല്‍ പൂജവെപ്പും രാത്രി എട്ടുമുതല്‍  പത്മാരാജാമണി സംഘത്തിന്‍െറ   വീണാനാദതരംഗം ഭക്തിഗാനമേളയും ഉണ്ടായിരിക്കും. 
മഹാനവമിക്ക് ഉച്ചക്ക് ഒന്നുമുതല്‍ മഹാപ്രസാദമൂട്ടും വൈകുന്നേരം 3.30 മുതല്‍ സ്നാനഘോഷയാത്രയും വൈകുന്നേരം  7.30 മുതല്‍  അനു വി. കടമ്മനിട്ടയുടെ സംഗീതസദസ്സും നടക്കും. 
വിജയദശമി ദിവസം രാവിലെ ഏഴുമുതല്‍  പൂജയെടുപ്പും വിദ്യാരംഭവും. തുടര്‍ന്ന് കുട്ടികളെ എഴുത്തിരുത്ത് ചടങ്ങ്.
 

ഡയാലിസിസ് കേന്ദ്രം: ജനകീയ കൂട്ടായ്മയില്‍നിന്ന് സംഘടനകള്‍ വിട്ടുനിന്നു

Posted: 02 Oct 2013 11:13 PM PDT

തിരൂര്‍: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന് പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ വിളിച്ചു ചേര്‍ത്ത ജനകീയ കൂട്ടായ്മ പങ്കാളിത്തം കൊണ്ട് നാമമാത്രമായി. ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും ലീഗ് ജനപ്രതിനിധികളും മാത്രമാണ് യോഗത്തിനെത്തിയത്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് യു.ഡി.എഫ് കക്ഷികളും സാംസ്കാരിക സംഘടനാ പ്രതിനിധികളും പ്രതിപക്ഷ പാര്‍ട്ടികളും അനുകൂല സംഘടനകളും യോഗം ബഹിഷ്കരിച്ചു. അതേസമയം തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ പി. രാമന്‍കുട്ടി യോഗത്തിനെത്തി.
നേരത്തെ തീരുമാനിച്ചിരുന്നത് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിലായിരുന്നെങ്കിലും ചൊവ്വാഴ്ച യോഗം തിരൂര്‍ ജി.എം.യു.പി സ്കൂളിലേക്ക് മാറ്റി.
10.45ഓടെ യോഗം തുടങ്ങുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുണ്ടായിരുന്നത്. സി. മമ്മുട്ടി ഒഴികെ മറ്റ് എം.എല്‍മാര്‍ ആരും എത്തിയില്ല. തിരൂര്‍ താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങളിലെയും സഹകണ സംഘങ്ങളിലെയും ചുരുക്കം പ്രസിഡന്‍റുമാരും അംഗങ്ങളുമാണെത്തിയത്.  ജനപ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായില്ല. നഗരത്തിലും പരിസരങ്ങളിലും ഒട്ടനവധി സാംസ്കാരിക സംഘടനകളുണ്ടെങ്കിലും ആരുമുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തല്ലിനെ തുടര്‍ന്ന് യോഗം അലങ്കോലമായതോടെ യോഗത്തിനെത്തിയ ചില സംഘടനാ പ്രതിനിധികള്‍ കൊഴിഞ്ഞുപോകുകയും ചെയ്തു.
യോഗം സംബന്ധിച്ച പ്രചാരണത്തിലെ അപാകതയാണ് പങ്കാളിത്തക്കുറവിന് കാരണമായത്. കഴിഞ്ഞ 24ന് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തില്‍ നടന്ന ഡയാലിസിസ് കേന്ദ്രം ഉദ്ഘാടന സ്വാഗതസംഘം രൂപവത്കരണ യോഗത്തിലായിരുന്നു വിപുലമായ ജനകീയ കൂട്ടായ്മ രൂപവത്കരിക്കുന്നതിന് ഒക്ടോബര്‍ രണ്ടിന് യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച വ്യാപകമായ പ്രചരണം ഉണ്ടായില്ല.
നേരത്തെ തിരൂര്‍ ആശുപത്രിക്ക് ബഹുനില സമുച്ചയം നിര്‍മിച്ചത് വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു. അത്തരത്തിലുള്ള ജനകീയ കൂട്ടായ്മയാണ്  ഡയാലിസിസ് കേന്ദ്രത്തിനും ആവിഷ്കരിച്ചിരുന്നത്.
ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പങ്കാളിത്തം കുറയാന്‍ കാരണമായിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കകളുയര്‍ന്നത് വകവെക്കാതെ അധികൃതര്‍ യോഗവുമായി മുന്നോട്ടു പോയതാണ് തിരിച്ചടിയായത്.
 

ആശങ്കയൊഴിയാതെ തൊഴിലാളികള്‍

Posted: 02 Oct 2013 11:10 PM PDT

Subtitle: 
13 വര്‍ഷത്തിനുശേഷം പീരുമേട് ടീ കമ്പനി തുറക്കുന്നു
കട്ടപ്പന: 13 വര്‍ഷമായി അടഞ്ഞുകിടക്കുന്ന പീരുമേട് ടീ കമ്പനി തുറക്കാന്‍ മാനേജ്മെന്‍റും ട്രേഡ് യൂനിയന്‍ നേതാക്കളും തമ്മിലുണ്ടാക്കിയ കരാറിനെക്കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക. 
ഉടമ മറ്റൊരാള്‍ക്ക് തോട്ടം ലീസിന് നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കിയതിന്‍െറ അടിസ്ഥാനത്തിലാണ് തോട്ടം തുറക്കുന്നത്. 13 വര്‍ഷം അനുഭവിച്ച യാതനകള്‍ക്ക് തോട്ടം തുറക്കുന്നതോടെ പരിഹാരമാകുമെന്ന് തൊഴിലാളികള്‍ വിശ്വസിക്കുന്നില്ല. തോട്ടം തുറക്കാന്‍ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകളില്‍ കാതലായ പല കാര്യങ്ങളും മന$പൂര്‍വം വിട്ടുകളയുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
ഉടമ്പടി സമയത്ത് തൊഴിലാളി ലയങ്ങളുടെ കാര്യം ബോധപൂര്‍വം വിട്ടുകളഞ്ഞു. പെന്‍ഷന്‍ പ്രായം കഴിഞ്ഞവര്‍ക്കും അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കും ജോലിയില്‍ തുടരാമെന്നും ലയങ്ങളില്‍ താമസിക്കാമെന്നും ഉടമ്പടിയില്‍ ഉണ്ടെങ്കിലും ലയങ്ങളൊന്നും വാസയോഗ്യമല്ളെന്ന് വ്യക്തമാക്കിയിട്ടില്ല.  ലയങ്ങളില്‍നിന്ന് പുറത്തേക്കുള്ള റോഡുകളുടെ പ്രശ്നവും കുടിവെള്ളം, വൈദ്യുതി എന്നിവയെക്കുറിച്ച ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ല. 13 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇത്രയും ദുര്‍ബലമായ വ്യവസ്ഥകളോടെ തോട്ടം തുറക്കാന്‍ തീരുമാനിച്ചത് ആശങ്കയോടെയാണ് തൊഴിലാളികള്‍ നോക്കിക്കാണുന്നത്. 
കരാറിലെ വ്യവസ്ഥയനുസരിച്ച് തൊഴിലാളികളുടെ കൈവശമുള്ള ഫര്‍ണിച്ചര്‍, യന്ത്രസാമഗ്രികള്‍, രേഖകള്‍ എന്നിവ മാനേജ്മെന്‍റിന് വിട്ടുനല്‍കണം. ഇക്കാര്യത്തില്‍ തൊഴിലാളികളും മാനേജ്മെന്‍റും തമ്മില്‍ തര്‍ക്കത്തിനും സാധ്യതയുണ്ട്. 
തോട്ടം തുറക്കുന്ന കാര്യത്തില്‍ തൊഴിലാളികളെല്ലാം ഒറ്റക്കെട്ടാണ്. എന്നാല്‍, ഉടമ്പടിയിലെ വ്യവസ്ഥകള്‍ തന്നെ ഇതിന് വിനയാകുമോ എന്ന് ശങ്കിക്കുന്നവരും കുറവല്ല. 
മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കി തോട്ടം തുറക്കുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ പ്രശ്നങ്ങള്‍ ഉടമയെങ്ങനെ പരിഹരിക്കുമെന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ തോട്ടം സാധാരണ നിലയിലത്തെണമെങ്കില്‍ ഒരു വര്‍ഷം വേണ്ടിവരും. അതുവരെയുണ്ടാകുന്ന പ്രശ്നങ്ങള്‍ ആര് പരിഹരിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. 
1336 സ്ഥിരം തൊഴിലാളികളും അത്രതന്നെ താല്‍ക്കാലിക തൊഴിലാളികളും 30ഓളം ഓഫിസ് ജീവനക്കാരുമുണ്ടായിരുന്നു പീരുമേട് ടീ കമ്പനിയില്‍. 
രണ്ട് ഫാക്ടറികള്‍, ആശുപത്രി, ഓഫിസ് മുറികള്‍, ക്വാര്‍ട്ടേഴ്സുകള്‍, അനുബന്ധ കെട്ടിടങ്ങള്‍ എല്ലാം പുതുക്കിപ്പണിയേണ്ടി വരും. 2000ത്തില്‍ ഉടമ ഉപേക്ഷിച്ചു പോയശേഷം തോട്ടം വക 2700 ഹെക്ടറിലെ തേയിലച്ചെടികള്‍ യൂനിയനുകള്‍ തൊഴിലാളികള്‍ക്ക് വീതം വെച്ച് നല്‍കിയിരുന്നു. ഇവിടെനിന്ന് കിട്ടുന്ന കൊളുന്ത് നുള്ളിയാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇത് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകാനും ഇടയുണ്ട്.
ഇതിനെല്ലാം പരിഹാരമുണ്ടാക്കി പാട്ടത്തിനെടുക്കുന്ന വ്യക്തി തോട്ടം എത്രനാള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിലും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.
 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP