സ്വാഗതം
WELCOME

News Update..

Sunday, September 14, 2014

മെസ്സി ലോകത്തിലെ നമ്പര്‍ വണ്‍ താരം -നെയ്മര്‍ Madhyamam News Feeds

മെസ്സി ലോകത്തിലെ നമ്പര്‍ വണ്‍ താരം -നെയ്മര്‍ Madhyamam News Feeds

Link to

മെസ്സി ലോകത്തിലെ നമ്പര്‍ വണ്‍ താരം -നെയ്മര്‍

Posted: 14 Sep 2014 12:21 AM PDT

Image: 

ബാഴ്സിലോണ: മെസ്സിയാണ് ലോകത്തിലെ മികച്ച ഫുട്ബോളറെന്ന് ബ്രസീല്‍ താരം നെയ്മര്‍. സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ ബില്‍വാവോക്കെതിരായ മത്സരം ജയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെയ്മര്‍.
അവസാന മിനിട്ടില്‍ നെയ്മര്‍ നേടിയ ഇരട്ട ഗോളിലാണ് മത്സരം ബാഴ്സലോണ ജയിച്ചത്. മെസ്സിയുടെ പാസുകളാണ് നെയ്മര്‍ക്ക് ഗോളിനുള്ള അവസരം ഒരുക്കി നല്‍കിയത്.

സംസ്ഥാനത്ത് ബിയര്‍ പാര്‍ലറുകള്‍ വേണം -പി.സി ജോര്‍ജ്

Posted: 13 Sep 2014 10:54 PM PDT

Image: 

കോട്ടയം: സംസ്ഥാനത്ത് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. പൂട്ടുന്ന ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കണം. ഇതേ നിലപാടാണ് പാര്‍ട്ടിക്കും ചെയര്‍മാന്‍ കെ.എം മാണിക്കുമുള്ളത്. ഇക്കാര്യം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കും. സര്‍ക്കാരിന്‍െറ നയപരമായ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നത് ജനങ്ങളില്‍ സംശയമുളവാക്കും. രൂക്ഷമായ മദ്യാസക്തിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ഇതാണ് നല്ല മാര്‍ഗമെന്നും ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.

ചുരം ബദല്‍ റോഡ് പ്രാരംഭ നടപടികളായില്ല

Posted: 13 Sep 2014 10:42 PM PDT

കല്‍പറ്റ: പിന്നാക്കാവസ്ഥയുടെ മലമുകളില്‍നിന്ന് ഒരു ജില്ലക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന്‍െറ പുതിയ വഴികള്‍ ഒരു വര്‍ഷം കൊണ്ട് തുറന്നുകൊടുക്കുമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ വാഗ്ദാനം ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങിയില്ല. ആദ്യബജറ്റില്‍ വയനാട് ചുരം ബദല്‍ റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍, മൂന്നു വര്‍ഷം പിന്നിട്ടിട്ടും അതിനുള്ള പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തിയില്ല.
ഏറ്റവുമൊടുവില്‍, ജൂണ്‍ മൂന്നാം വാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചുരം ബദല്‍ റോഡ് നിര്‍മാണം ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ. ജയലക്ഷ്മി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ ആ യോഗത്തില്‍ പങ്കെടുത്തു. സ്വകാര്യ വ്യക്തികളില്‍നിന്ന് ബദല്‍ റോഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. രണ്ടു മാസത്തിനകം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, മൂന്നു മാസമായിട്ടും ഇവയൊന്നും പ്രാവര്‍ത്തികമായിട്ടില്ല. ഭൂമി അക്വയര്‍ ചെയ്യാനുള്ള നടപടികള്‍ എങ്ങുമത്തെിയില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ളെന്നാണ് പൊതുമരാമത്ത് വൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. അതുസംബന്ധിച്ച നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചില്ളെന്നാണ് അധികൃതരുടെ വിശദീകരണം.
ചിപ്പിലിത്തോട്-മരുതിലാവ് റോഡ് ആണ് ചുരം ബദല്‍ റോഡ് ആയി പരിഗണനയില്‍ ഉള്ളത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രദേശവാസികളും ഉദ്യോഗസ്ഥരും വിവിധ സംഘടനകളും അടക്കമുള്ളവര്‍ നിര്‍ദേശിച്ച അഞ്ചു വ്യത്യസ്ത ബദല്‍ റോഡുകളില്‍നിന്നാണ് കൂടുതല്‍ സൗകര്യപ്രദമെന്നുകണ്ട് ചിപ്പിലിത്തോട്-മരുതിലാവ് റോഡ് തെരഞ്ഞെടുത്തത്. തിരുവമ്പാടി-ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്-കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍ എന്നിവയാണ് നിര്‍ദേശിക്കപ്പെട്ട മറ്റു റൂട്ടുകള്‍. നാഷനല്‍ ഹൈവേ 212ല്‍ തളിപ്പുഴയില്‍ തുടങ്ങി 29ാം മൈലില്‍ അവസാനിക്കുന്നതാണ് നിര്‍ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ് റോഡ്. 14.5 കിലോമീറ്റര്‍ വരുന്ന റോഡിന് 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ 68 കോടി രൂപ അനുവദിച്ചിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ വനഭൂമിയിലൂടെ കടന്നുപോകുന്നതിനാല്‍ കേന്ദ്രത്തിന്‍െറ അനുമതി കൂടി ആവശ്യമാണ്. റോഡ് നിര്‍മാണത്തിനായി സ്വകാര്യ വ്യക്തികളില്‍നിന്ന് 12 ഹെക്ടര്‍ സ്ഥലം അക്വയര്‍ ചെയ്യേണ്ടി വരുമെന്ന് അധികൃതര്‍ കണക്കാക്കിയിരുന്നു. ഇരുജില്ലകളിലുമായി 16 ഹെക്ടര്‍ വനഭൂമിയാണ് റോഡ് നിര്‍മാണത്തിന് അക്വയര്‍ ചെയ്യേണ്ടി വരുക. റോഡ് നിര്‍മാണത്തിനു മുന്നോടിയായി വനഭൂമിയടക്കമുള്ള പ്രദേശത്ത് ആകാശസര്‍വേ നടത്താനും മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, അക്കാര്യത്തിലും നടപടിയൊന്നുമായിട്ടില്ല.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചു കടന്നാല്‍ ഇന്ന് മുതല്‍ നടപടി

Posted: 13 Sep 2014 10:40 PM PDT

കോഴിക്കോട്: നഗരത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്കെതിരെ 200 രൂപ പിഴ ഈടാക്കുന്നതുള്‍പ്പെടെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ഈ ഉത്തരവിന് പ്രാബല്യം. മൊബൈല്‍ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചു കടക്കുന്നത് അപകടത്തിന് കാരണമാവുന്നുണ്ട്. ട്രാഫിക് പൊലീസും ഷാഡോ പൊലീസും ഇത് നിരീക്ഷിക്കുമെന്ന് കമീഷണര്‍ അറിയിച്ചു.
നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പാന്‍റ്സ് ധരിച്ച് വണ്ടി ഓടിക്കണമെന്നും കമീഷണര്‍ അറിയിച്ചു. ചില ഡ്രൈവര്‍മാര്‍ സഭ്യമല്ലാത്ത രീതിയില്‍ മുണ്ട് ഉടുത്താണ് ഓട്ടോ ഓടിക്കുന്നതെന്ന് യാത്രക്കാരായ സ്ത്രീകളില്‍നിന്ന് പരാതികള്‍ ലഭിച്ചതിനത്തെുടര്‍ന്നാണ് പാന്‍റ്സ് നിര്‍ബന്ധമാക്കുന്നത്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ പിഴയുള്‍പ്പെടെ ശിക്ഷാനടപടി സ്വീകരിക്കും. 200 രൂപ പിഴ ഈടാക്കും. ഡ്രൈവര്‍മാര്‍ നിബന്ധമായും ബാഡ്ജ് ധരിക്കണം.
യാത്രക്കാര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോവുന്ന ഓട്ടോക്കാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും സൈക്കിളില്‍ സഞ്ചരിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തത് മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലൈറ്റില്ലാതെ രാത്രി സൈക്കിളോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

69 മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Posted: 13 Sep 2014 10:32 PM PDT

Image: 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ റോയല്‍ ബട്ടു ഹോട്ടലില്‍ കുടുങ്ങി കിടന്ന 69 മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി. സേനാ മാര്‍ഗില്‍ നിന്ന് ഹെലികോപ്ടറില്‍ ലേയില്‍ എത്തിച്ച സംഘത്തെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിലെത്തിച്ചത്. ഇതോടെ പ്രളയബാധിത മേഖലയില്‍ നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണം 415 ആയി. ഹോട്ടലില്‍ കുടുങ്ങി കിടക്കുന്ന 51പേരെ ഉച്ചയോടെ ഡല്‍ഹിയിലെത്തിക്കും.  

അതേസമയം, സര്‍ക്കാര്‍ തലത്തില്‍ കശ്മീരിലേക്ക് വിനോദയാത്ര പോയി പ്രളയത്തില്‍ കുടുങ്ങിയ അഡീഷനല്‍ സെക്രട്ടറിയും കുടുംബവും ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. ധനകാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി നൂറനാട് ഇടപ്പോണ്‍ പുളിവിളയില്‍ എം. രാധാകൃഷ്ണന്‍, ഭാര്യയും തിരുവനന്തപുരം ഡയറിഫാം ഇന്‍സ്ട്രക്ടറുമായ ശ്രീലത, മകന്‍ ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റിലെ ഒരുസംഘം ജീവനക്കാരാണ് കശ്മീരിലെ പ്രളയബാധിത പ്രദേശത്തു നിന്നും മടങ്ങിയെത്തുന്നത്.

ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ല വ്യക്തതയില്ലാതെ നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതി

Posted: 13 Sep 2014 10:27 PM PDT

തിരുവനന്തപുരം: ആസൂത്രണവും ദീര്‍ഘവീക്ഷണവും ബദല്‍സംവിധാനങ്ങളുമില്ലാതെ മാലിന്യനിര്‍മാര്‍ജനം നടപ്പാക്കാനുള്ള നഗരസഭാ നടപടികളില്‍ ആശങ്ക മാറുന്നില്ല. നിലവിലെ മാലിന്യം മറവ് ചെയ്യുന്നതും മാംസാവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതും നഗരസഭക്ക് വലിയ വെല്ലുവിളിയാകും.
തലസ്ഥാന നഗരത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗുരുതര മാലിന്യപ്രശ്നം പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ നഗരസഭ നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും ശാശ്വത ബദല്‍സംവിധാനങ്ങളുടെ അഭാവം തുടക്കത്തിലേ തിരിച്ചടിയാകാനാണ് സാധ്യത. നിലവില്‍ കൂമ്പാരമായിക്കഴിഞ്ഞ മാലിന്യം നീക്കി മറവ് ചെയ്യുന്നതിന് വലിയ കടമ്പകളാണ് അധികൃതര്‍ നേരിടേണ്ടിവരുക. ഇതോടൊപ്പം അറവുശാലകളില്‍നിന്നുള്ള മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സംസ്കരിക്കുന്നതിനുള്ള തടസ്സവും നിര്‍ദിഷ്ട പദ്ധതികളെ വൈകിപ്പിക്കും.
ഒരു നാടിനെ ഒന്നാകെ ദുരിതത്തിലാക്കി പ്ളാസ്റ്റിക്, മാംസാവശിഷ്ടങ്ങളുടെ നിക്ഷേപകേന്ദ്രമായ എരുമക്കുഴിയിലെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് അധികൃതര്‍ക്കുപോലും വ്യക്തതയില്ല. ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളില്‍ മാലിന്യശേഖരം മറവ് ചെയ്യേണ്ടതുണ്ട്. ഇവ കത്തിച്ചുകളയാനും കുഴിച്ചുമൂടാനും പദ്ധതിയുണ്ടെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിന് ഇടയാക്കിയേക്കും. മാത്രമല്ല, അനുയോജ്യമായ സ്ഥലം എവിടെയെന്നതും ചോദ്യമാണ്. മാലിന്യസംസ്കരണത്തിനായി പ്രധാനമായും നിര്‍മല്‍ യൂനിറ്റുകള്‍ സ്ഥാപിക്കാനാണ് നഗരസഭ നീക്കം തുടങ്ങിയത്. എന്നാല്‍, അറവുമാലിന്യം സംസ്കരിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കില്ല. നിര്‍മല്‍ യൂനിറ്റുകളില്‍ മാലിന്യം വേര്‍തിരിച്ചാണ് സംസ്കരിക്കുന്നത്. വീടുകളില്‍നിന്നുള്ള ഇറച്ചി അവശിഷ്ടങ്ങളും വേസ്റ്റുകളും ചെറിയ തോതില്‍ മാത്രമേ ഇവയിലൂടെ സംസ്കരിക്കാനാകൂ. നഗരസഭ വിവിധ സ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിച്ച് അതത് പ്രദേശത്തെ അറവുമാലിന്യം സംസ്കരിക്കാന്‍ മറ്റൊരു പദ്ധതിയും ലക്ഷ്യമിടുന്നെങ്കിലും അതിനും പരിമിതികള്‍ ഏറെയെന്നാണ് വിദഗ്ധ അഭിപ്രായം. കൃത്യമായി മാലിന്യം വേര്‍തിരിക്കാതെ പ്ളാന്‍റില്‍ നിക്ഷേപിച്ചാല്‍ കൊഴുപ്പ് കലര്‍ന്ന പദാര്‍ഥങ്ങള്‍ പ്ളാന്‍റില്‍ പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ട്. ഇത് പ്ളാന്‍റിനെ തകരാറിലാക്കുമെന്നും ചിലര്‍ പറയുന്നു. അറവുമാലിന്യം കുഴിച്ചിടുന്നതിലുള്ള അസൗകര്യം മറികടക്കാന്‍ ചില ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്.
കടകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി നിക്ഷേപിക്കുന്നതായും പറയുന്നു. രാത്രി വാഹനങ്ങളില്‍ കൊണ്ടുവരുന്ന ഇത്തരം മാലിന്യം നഗരാതിര്‍ത്തിയില്‍തന്നെയാണ് നിക്ഷേപിക്കുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കുളങ്ങളും തോടുകളും ആറുകളും ഈ സംഘങ്ങള്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. അങ്ങനെയെങ്കില്‍ ജലാശയങ്ങളുടെ മലിനീകരണത്തിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉയര്‍ന്നുവരാന്‍ ഇടയാക്കും. പാറ്റൂര്‍ മോഡല്‍ ഒ.ഡബ്ള്യു.സി പ്ളാന്‍റ്, എയ്റോബിറ്റ് യൂനിറ്റുകള്‍, ബയോഗ്യാസ്, ബേര്‍ണിങ് യൂനിറ്റുകള്‍ തുടങ്ങി നവീന സംവിധാനങ്ങളും നഗരസഭ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇവ സ്ഥാപിക്കുന്നതിന് അഞ്ചോളം കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും കരാര്‍ നടപടികള്‍ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തിയായി നിര്‍മാര്‍ജനം ആരംഭിക്കാന്‍ എത്ര മാസമെടുക്കുമെന്നും വ്യക്തതയില്ല. ഇത് സാധ്യമാക്കാതെ നിലവിലെ മാലിന്യം മാറ്റാന്‍ യജ്ഞം നടത്തിയിട്ട് കാര്യമില്ളെന്ന് നഗരവാസികള്‍ പറയുന്നു.
കരമന-കിള്ളിയാറുകള്‍, ആമയിഴഞ്ചാന്‍തോട് എന്നിവയിലെ മാലിന്യനിക്ഷേപം തടയാന്‍ കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി വൈകാതെ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ ഉപയോഗപ്രദമാകൂ. അതേസമയം, മാലിന്യസംസ്കരണ സംവിധാനമില്ലാത്ത അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കില്ളെന്ന് നഗരസഭ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇത് കാര്യക്ഷമമാകുമോ എന്ന സംശയവും നിലനില്‍ക്കുന്നു. എന്നാല്‍, ഏതുവിധേനയും മാലിന്യസംസ്കരണ പദ്ധതി വിജയകരമാക്കാനാണ് നഗരസഭ കിണഞ്ഞുശ്രമിക്കുന്നത്. പ്രശ്നം ശാശ്വതമായി പരിഹരിച്ചില്ളെങ്കില്‍ വരുന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്ക് തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയും ഇതിനു പിന്നിലുണ്ട്.

വീടിന് പുറത്തിറങ്ങരുത്! നായകളുണ്ട് സൂക്ഷിക്കുക...

Posted: 13 Sep 2014 10:21 PM PDT

കൊല്ലം: 'ബസിറങ്ങി ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് നടന്നുവരുന്നത് പേടിയോടെയാ..., നഗരമായിട്ടും നായകളുടെ ശല്യം കുറക്കാന്‍ കഴിയുന്നില്ലല്ളോ'.. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വനിതാ അംഗം പറഞ്ഞതാണിത്. ജനങ്ങളെ ഭയാശങ്കയില്‍ നിര്‍ത്തുന്ന തെരുവുനായകളെ നിയന്ത്രിക്കണമെന്ന് ഒരു മാസംമുമ്പ് നടന്ന യോഗത്തിലാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. ഇതിനെ പിന്തുണച്ച് നിരവധി അംഗങ്ങള്‍ രംഗത്തത്തെി. നായകളെ കൊല്ലണമെന്നും വന്ധ്യംകരണം നടത്തണമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഒന്നിനും നടപടിയുണ്ടായില്ല. ഇപ്പോള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനം നായകളെ ഭയന്ന് ജീവിക്കുകയാണ്. ഇരുട്ടിയാല്‍ റോഡിലൂടെ നടന്നുപോകാന്‍ കഴിയാത്ത അവസ്ഥ. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാന്‍ കഴിയാതായി. നായകളെ വന്ധ്യംകരിക്കാന്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ലക്ഷ്യബോധമില്ലാതെയാണ് വാഹനത്തിന്‍െറ സഞ്ചാരം. നായകളുടെ എണ്ണവും ആക്രമണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ 'മാധ്യമം' നടത്തിയ അന്വേഷണം.

നിരത്തുകളില്‍ നായവാഴ്ച
അഞ്ചാലുംമൂട്: തൃക്കടവൂര്‍, തൃക്കരുവ, പനയം ഗ്രാമപഞ്ചായത്തുകളില്‍ മിക്കയിടവും നായകളുടെ താവളമാണ്. തൃക്കടവൂരില്‍ കുരീപ്പുഴ, നീരാവില്‍, മതിലില്‍, കടവൂര്‍, കോട്ടയ്ക്കകം, സി.കെ.പി ഭാഗങ്ങളില്‍ നായശല്യം ദിനംപ്രതി കൂടുകയാണ്. ബൈപാസിനായി എടുത്ത സ്ഥലത്തെ കാടുകയറിയ ഭാഗങ്ങളാണ് ഇവയുടെ വിഹാരകേന്ദ്രം. ഇവിടെ മാംസാവശിഷ്ടങ്ങള്‍ തള്ളുന്നതാണ് നായകളെ ആകര്‍ഷിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് നൂറോളം പേരെ നായകള്‍ കടിച്ചത് വാര്‍ത്തയായിരുന്നു. പ്രഭാത സവാരിക്കാരെയും രാവിലെ പാല്‍ വാങ്ങാന്‍ പോയ സ്ത്രീകളെയും കുട്ടികളെയുമടക്കം നായകള്‍ കടിച്ചിരുന്നു. തൃക്കരുവയിലും പനയത്തും ആള്‍പാര്‍പ്പില്ലാത്ത വീടുകളും റെയില്‍വേ സ്റ്റേഷന്‍, സ്കൂള്‍ പരിസരങ്ങളും നായകള്‍ കൈയടക്കിയിരിക്കുകയാണ്.
കിളികൊല്ലൂര്‍: കിളികൊല്ലൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കാര്‍ക്കും സ്കൂള്‍കുട്ടികള്‍ക്കും തെരുവ് നായകള്‍ പേടിസ്വപ്നമാണ്. കല്ലുംതാഴം ബൈപാസ് റോഡിലും കിളികൊല്ലൂര്‍-താന്നിക്കമുക്ക് റോഡിലും രാത്രി ഇരുചക്രയാത്രികരാണ് ദുരിതമനുഭവിക്കുന്നത്. ഇരുട്ടില്‍നിന്ന് റോഡിലേക്ക് ചാടിവീഴുന്ന നായകള്‍ അപകടക്കെണിയൊരുക്കുന്നു. ഇവിടങ്ങളില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളുന്നതാണ് നായകള്‍ കൂടാന്‍ കാരണം.കരിക്കോട്, മങ്ങാട്, ചന്ദനത്തോപ്പ്, മൂന്നാംകുറ്റി എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകള്‍ തെരുവ് നായകളുടെ താവളമാണ്. കോര്‍പറേഷന്‍ അധികൃതര്‍ ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. വീടുകളില്‍ നീലം കലര്‍ത്തിയ വെള്ളം കുപ്പികളിലാക്കി വെച്ചിരിക്കുകയാണ്. നീലനിറം കണ്ടാല്‍ നായകള്‍ തിരിച്ചുപോകുമെന്ന വിശ്വാസമാണ് ഇതിനുപിന്നില്‍.

മൃഗസ്നേഹികളെ പഴിച്ച് അധികൃതര്‍
കുണ്ടറ: ഇളമ്പള്ളൂര്‍-കുണ്ടറ പഞ്ചായത്തുകളുടെ സിരാകേന്ദ്രമായ മുക്കടയും പരിസരവും തെരുവുനായകളുടെ പിടിയിലാണ്. മുക്കട മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ഇളമ്പള്ളൂര്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡ്, അലിന്‍ഡ് ഗ്രൗണ്ട് തുടങ്ങിയ ഭാഗങ്ങളില്‍ ദേശീയപാതക്കിരുവശവും തെരുവ് നായകള്‍ കനിഞ്ഞാലേ നടക്കാനാവൂ. കുണ്ടറ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 12 പേരെയാണ് നായ കടിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയിലും കൊല്ലത്തെ സ്വാകാര്യ ആശുപത്രികളിലുമാണ് ചികിത്സ നേടിയത്. മൃഗങ്ങളെ കൊന്നാല്‍ നടപടി വരുമെന്നും മൃഗസ്നേഹികള്‍ പ്രതികരിക്കുമെന്നും പറഞ്ഞാണ് പഞ്ചായത്ത് അധികൃതര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്നത്. എന്നാല്‍, നായകള്‍ പെരുകുന്നത് തടയാന്‍ വന്ധ്യംകരണം ഉള്‍പ്പെടെ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ നിയമതടസ്സമില്ല. ഇതിനായി പദ്ധതി പണം ചെലവഴിക്കുന്നതിന് വിലക്കുമില്ല. പഞ്ചായത്തുകള്‍ ഒത്തൊരുമിച്ച് സമയബന്ധിതമായി വന്ധ്യംകരണം നടത്താവുന്നതാണ്. റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് മൂന്നുമാസം മുമ്പ് മൂന്ന് ആടുകളെ നായകള്‍ കൊന്നിരുന്നു. കുണ്ടറ മിനി സിവില്‍ സ്റ്റേഷന്‍, സിറാമിക്സ് ഗ്രൗണ്ട്, താലൂക്ക്ആശുപത്രിവളപ്പ് തുടങ്ങി എല്ലായിടങ്ങളിലും നായശല്യം രൂക്ഷമാണ്.

എ.എസ്.ഐയെ ഓടിച്ചിട്ട് കടിച്ചു
പുനലൂര്‍: കിഴക്കന്‍ മലയോരമേഖലയിലും നായ ശല്യം വര്‍ധിക്കുകയാണ്. ടൗണുകളിലെ അശാസ്ത്രീയ മാലിന്യ നിക്ഷേപവും ഗ്രാമങ്ങളിലെ അനധികൃത കശാപ്പും നായകളുടെ വര്‍ധനക്ക് പ്രധാന കാരണമാണ്. കോഴിക്കടകളിലെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പാതയോരങ്ങളിലാണ് തള്ളുന്നത്.
രാത്രി കൂട്ടമായത്തെി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന നായകളെ നേരിടാന്‍ ജനങ്ങള്‍ക്ക് ഭയമാണ്. ഉറുകുന്നില്‍ കേസന്വേഷണവുമായി ബന്ധപ്പെട്ടത്തെിയ എ.എസ്.ഐയെ നായകള്‍ ഓടിച്ചിട്ട് കടിച്ചത് അടുത്തിടെയാണ്. പ്രഭാതസവാരിക്കാരും പാല്‍, പത്ര വിതരണക്കാരും നായകളുടെ സ്ഥിരം ഇരകളാണ്. മേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ഇല്ലാത്തതിനാല്‍ പുനലൂരിലെ താലൂക്ക് ആശുപത്രിയില്‍ എത്തേണ്ടതുണ്ട്. ഇവിടെയാകട്ടെ മിക്കപ്പോഴും മരുന്നുണ്ടാവാറില്ല. വന്‍ തുക മുടക്കി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. താലൂക്ക് ആശുപത്രിയില്‍നിന്ന് 40 മുതല്‍ 60 കിലോമീറ്റര്‍വരെ അകലത്തിലുള്ള അച്ചന്‍കോവില്‍, റോസ്മല, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ കുത്തിവെപ്പെടുക്കാന്‍ ഏറെ പ്രയാസപ്പെടുന്നു.

ഇരുട്ടില്‍നിന്ന് പാഞ്ഞടുക്കുന്ന ചാവേറുകള്‍
പത്തനാപുരം: രാത്രി വാഹനയാത്രക്കിറങ്ങുന്നവരുടെ പ്രാര്‍ഥന നായകളില്‍നിന്ന് രക്ഷിക്കണേയെന്നാണ്. പാതയോരത്തെ പൊന്തക്കാടുകളിലെ ഇരുട്ടില്‍നിന്ന് പൊടുന്നനെ പാഞ്ഞടുക്കുന്ന നായകള്‍ ഇരുചക്ര വാഹനയാത്രികരുടെ പേടിസ്വപ്നമാണ്. കഴിഞ്ഞമാസം പുനലൂര്‍- പത്തനാപുരം പാതയില്‍ കടയ്ക്കാമണ്‍, മുക്കടവ് ഭാഗങ്ങളില്‍ നിരവധി ഇരുചക്രവാഹനയാത്രികര്‍ക്ക് അപകടം സംഭവിച്ചിരുന്നു. മൂഴി ജങ്ഷനുസമീപവും ഇത്തരം അപകടങ്ങള്‍ നിത്യസംഭവമാണ്. ഗ്രാമീണമേഖലകളില്‍ രാത്രി ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാറില്ല. വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട കന്നുകാലികളെ നായകള്‍ ആക്രമിച്ചിരുന്നു. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മൃഗസംരക്ഷണവകുപ്പിന്‍െറ നിര്‍ദേശവും കോടതിവിധിയും കാരണം തെരുവുനായകളെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. പത്തനാപുരം പൊലീസ് സ്റ്റേഷനിലത്തെിയ പരാതിക്കാരനെ നായ കടിച്ച സംഭവവുമുണ്ട്.

കോഴിയും താറാവും നായകള്‍ക്ക്
ഓയൂര്‍: നായകളുടെ ശല്യം മൂലം വെളിയം പഞ്ചായത്തില്‍ കോഴിയെയും താറാവിനെയും വളര്‍ത്താനാവുന്നില്ല. ഓടനാവട്ടം കട്ടയില്‍തോട്ടില്‍ മാലിന്യ നിക്ഷേപം തുടരുന്നത് നായകളെ കൂട്ടത്തോടെ ഇവിടെയത്തെിക്കുന്നു. വെളിയം, പൂയപ്പള്ളി, ഓയൂര്‍ ജങ്ഷനുകളിലും ഉള്‍പ്രദേശങ്ങളിലും ജനം വലയുന്നു. പ്രഭാതസവാരിക്കിറങ്ങാനാവാത്ത സ്ഥിതിയാണ്.
പരവൂര്‍: ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നായകള്‍ തമ്പടിച്ചിരിക്കുകയാണ്. ഉള്‍പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നത് പതിവാണ്. കൂടിന്‍െറ വല മുറിച്ച് കോഴികളെ കൊന്നത് കഴിഞ്ഞ ആഴ്ചയാണ്. ആടിനെയാണ് പ്രധാനമായും ഉപദ്രവിക്കുന്നത്. കൂനയില്‍ പാറയില്‍കാവ് ക്ഷേത്രപരിസരത്ത് സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് നായകള്‍ ഭീഷണിയാണ്.

കരുനാഗപ്പള്ളിയില്‍ പകലും ഭീതി
കരുനാഗപ്പള്ളി: നഗരത്തിലും ഗ്രാമങ്ങളിലും തെരുവുനായകളെ പേടിച്ചാണ് പകല്‍പോലും ജനം സഞ്ചരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷനുസമീപം, സിവില്‍ സ്റ്റേഷന്‍, മാര്‍ക്കറ്റ്, താലൂക്കാശുപത്രി, നെഞ്ചുരോഗാശുപത്രി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായകളുടെ ഘോഷയാത്രയാണ്. സന്ധ്യകഴിഞ്ഞാല്‍ ഇവയുടെ അധീനതയിലാണ് നഗരം. രാത്രി ബസ്സ്റ്റേഷനുസമീപം വന്നാല്‍ ജീവനുംകൊണ്ട് പായേണ്ടിവരും. മരുതൂര്‍കുളങ്ങര, എസ്.വി മാര്‍ക്കറ്റ്, പടനായര്‍കുളങ്ങര വടക്ക് എന്നിവിടങ്ങളും നായകളുടെ വിഹാരരംഗമാണ്. തൊടിയൂര്‍, കുലശേഖരപുരം, തഴവ, ആലപ്പാട് പഞ്ചായത്തുകളില്‍ നായകള്‍ പെരുകുകയാണ്. ഇടക്കുളങ്ങരയില്‍ തെരുവുനായകളുടെ കടിയേറ്റ് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷന്‍ പരിസരത്തും കല്ളേലിഭാഗം, മുഴങ്ങോടി, പുലിയൂര്‍വഞ്ചി, കാരൂര്‍ക്കടവ് പ്രദേശങ്ങളിലും നായകളുടെ ശല്യംമൂലം ജനം ബുദ്ധിമുട്ടിലാണ്. പഞ്ചായത്ത്-നഗരസഭാ അധികൃതര്‍ക്ക് ഇതിനെതിരെ ഒന്നുംചെയ്യാന്‍ കഴിയുന്നില്ല.

ചവറയില്‍
വഴിനടക്കാനാവുന്നില്ല
ചവറ: ചവറ പഞ്ചായത്ത്, തേവലക്കര, പന്മന, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലും നായകള്‍ വിലസുകയാണ്. നാട്ടുകാര്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചവറ മാര്‍ക്കറ്റിലും ദേശീയപാതയില്‍ ചവറ പാലത്തിന്‍െറ വശങ്ങളിലുമാണ് നായകളുടെ താവളം. വാഹനങ്ങള്‍ക്കുകുറുകെ നായകള്‍ ചാടിവീഴുന്നതുമൂലം അപകടങ്ങളും പതിവാണ്.
കൊട്ടാരക്കര: തെരുവുനായകളുടെ ശല്യംമൂലം കൊട്ടാരക്കര ടൗണില്‍ കാല്‍നട സൂക്ഷിച്ചുവേണം. മുമ്പ് നാലിലൊരു ഭാഗം നായകളെ കൊന്നൊടുക്കിയ പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ നിഷ്ക്രിയരാണ്. നായ കടിച്ചാല്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലത്തെിക്കുമെങ്കിലും

വിഷബാധക്കുള്ള മരുന്ന് ലഭ്യമാകാറില്ല.
കുളത്തൂപ്പുഴ: ടൗണിലും പരിസരത്തും തെരുവുനായകളുടെ തേര്‍വാഴ്ചയാണ്. സംഘടിച്ചത്തെുന്ന നായകള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം ഇ.എസ്.എം കോളനി കൊല്ലിരത്തേ് വീട്ടില്‍ വര്‍ഗീസ് തോമസിന്‍െറ വീട്ടിലെ നാല്‍പതോളം മുയലുകളെ കൊന്നു. കുളത്തൂപ്പുഴ ടൗണ്‍, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, പോസ്റ്റ് ഓഫിസ് ജങ്ഷന്‍, അമ്പലക്കടവ്, അമ്പതേക്കര്‍, സാംനഗര്‍, കല്ലുവെട്ടാംകുഴി സ്കൂള്‍ ജങ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നായശല്യം രൂക്ഷമാണ്. വില്ലുമല ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ നായകള്‍ ഓടിച്ചതിനെതുടര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലാണ്.
ഒഴിഞ്ഞ കെട്ടിടങ്ങളും വ്യാപാരശാലകളുടെ പിന്നാമ്പുറങ്ങളും താവളമാക്കുന്ന നായകള്‍ വിദ്യാര്‍ഥികളെയും വഴിയാത്രക്കാരെയും ആക്രമിക്കുന്നത് പതിവാണ്. നായകളെ ഇടിച്ച് വാഹനങ്ങള്‍ നിയന്ത്രണംവിട്ടുണ്ടാകുന്ന അപകടങ്ങളും വര്‍ധിക്കുന്നു. സന്ധ്യയാകുന്നതോടെ ടൗണില്‍ സൈ്വരവിഹാരം നടത്തുന്ന നായകള്‍ കുരച്ച് ചാടുന്നതും ഭീതി സൃഷ്ടിക്കുന്നതും നിമിത്തം രാത്രി വൈകി എത്തുന്ന യാത്രക്കാര്‍ ഭയപ്പാടോടെയാണ് ബസിറങ്ങുന്നത്.

സെന്‍റ് തോമസ് കോളജിന് പട്ടയം: മുഖ്യമന്ത്രിയുടെ പരിപാടിയില്‍നിന്ന് കലക്ടര്‍ വിട്ടുനില്‍ക്കും

Posted: 13 Sep 2014 10:06 PM PDT

തൃശൂര്‍: തൃശൂര്‍ അതിരൂപതയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പദ്ധതിക്ക് ബലിയാടാവുന്നത് തൃശൂര്‍ ജില്ല കലക്ടര്‍. ഉന്നത സമ്മര്‍ദത്തിന്‍െറ ഫലമായാണ് ഒമ്പതര കോടി രൂപ വരുന്ന പാട്ട കുടിശ്ശിക എഴുതിത്തള്ളി സെന്‍റ് തോമസ് കോളജിന്‍െറ 1.19 ഏക്കര്‍ ഭൂമിക്ക് പട്ടയം നല്‍കാന്‍ തൃശൂര്‍ കലക്ടര്‍ നിര്‍ബന്ധിതയായത്.
പട്ടയത്തിനു വേണ്ടി കഴിഞ്ഞ ജനുവരിയില്‍ ലഭിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കലക്ടര്‍ക്ക് സമ്മര്‍ദം ഉണ്ടായിരുന്നെങ്കിലും അപേക്ഷ അനുവദിക്കാനാവില്ളെന്ന് കുറിപ്പെഴുതി അവര്‍ തിരിച്ചയച്ചിരുന്നു. പിന്നീട് ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നാണ് കലക്ടര്‍ പട്ടയത്തില്‍ ഒപ്പിട്ടത്. നേരത്തെ താന്‍ മടക്കിയ പട്ടയത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അനുവദിച്ചതാണെന്ന് കലക്ടര്‍ എം.എസ്. ജയ 'മാധ്യമ'ത്തോട് പറഞ്ഞു. ഈ അനധികൃതപട്ടയം മുഖ്യമന്ത്രി നേരിട്ടത്തെി കൈമാറുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കലക്ടര്‍ തന്‍െറ അതൃപ്തി അറിയിക്കും.
അപേക്ഷ മടക്കിയ കലക്ടറെക്കൊണ്ടു തന്നെ പട്ടയം ഒപ്പിടീച്ച് കൊടുക്കുന്നതിലൂടെ സര്‍ക്കാറിനെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയ ലാഭമുണ്ടാകുമെങ്കിലും താന്‍ അനുഭവിച്ച സമ്മര്‍ദത്തിലുള്ള അതൃപ്തിയാണ് കലക്ടര്‍ പ്രകടിപ്പിക്കാനൊരുങ്ങുന്നത്. മാത്രമല്ല, തൃശൂര്‍ വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും പട്ടയം അനുവദിക്കുന്നതിനെതിരെ കേസ് നിലനില്‍ക്കുന്നുമുണ്ട്.
തൃശൂര്‍ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള സെന്‍റ് തോമസ് കോളജ് ഭൂമിക്ക് പട്ടയം ഏറെക്കാലമായി സഭയുടെ ആവശ്യമാണ്. ഇത് കിട്ടാത്തതിലുള്ള പരിഭവത്തിന്‍െറ ആഘാതം കോണ്‍ഗ്രസ് സമീപകാലത്ത് വല്ലാതെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പട്ടയം നല്‍കുന്നതിലൂടെ എതിര്‍പ്പ് ഇല്ലാതാക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.
ചൊവ്വാഴ്ച കോളജിന്‍െറ സ്വയംഭരണ പദവി പ്രഖ്യാപിക്കാന്‍ എത്തുന്ന മുഖ്യമന്ത്രിയാണ് രക്ഷാധികാരിയായ ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന് പട്ടയം കൈമാറുന്നത്. കഴിഞ്ഞ കുറച്ചുകാലമായി അതിരൂപതയില്‍നിന്ന് കോണ്‍ഗ്രസിനും സര്‍ക്കാറിനുമെതിരെ ഉയരുന്ന വിമര്‍ശത്തിന്‍െറ പ്രധാന കാരണം ഈ പട്ടയമാണ്. കത്തോലിക്കര്‍ എന്നും കോണ്‍ഗ്രസിന് മാത്രം വോട്ട് ചെയ്യുമെന്ന് കരുതരുതെന്നും മറ്റും അടുത്തിടെ ആര്‍ച് ബിഷപ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ബാര്‍ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കുന്ന നിലപാടാണ് രൂപത സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലുള്‍പ്പെടെ കോണ്‍ഗ്രസുകാരല്ലാത്തവര്‍ ജയിച്ചത് തിരിച്ചറിയണമെന്ന് സോണിയാ ഗാന്ധിയെ ഓര്‍മിപ്പിച്ചതും ഇത്തരം പരിഭവങ്ങള്‍ മനസ്സില്‍ വെച്ചാണ്. ആര്‍ച് ബിഷപ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അതേപടി തുടരുന്നത് ദോഷം ചെയ്യുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരിഹാരത്തിന് മുഖ്യമന്ത്രി തന്നെ ഇറങ്ങുന്നത്.
അപേക്ഷ നിരസിച്ച കലക്ടറെക്കൊണ്ടു തന്നെ പട്ടയം അനുവദിക്കാന്‍ ഒപ്പിടീച്ചത് ഇതിന്‍െറ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമ്മര്‍ദത്തിന് വഴിപ്പെട്ടതില്‍ കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇടത് സര്‍ക്കാറിന്‍െറ അവസാന കാലത്ത് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ സെന്‍റ് തോമസ്, സെന്‍റ് മേരീസ് കോളജ് ഭൂമിക്ക് പട്ടയം നല്‍കാന്‍ നടപടി സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് നടക്കാതെ പോയതാണ്. ഭൂരഹിത കേരളം, പട്ടയ വിതരണ മേള തുടങ്ങിയ പദ്ധതികളിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ലഭിച്ച പട്ടയം സംബന്ധിച്ച നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
ഇതോടൊപ്പം സുപ്രീംകോടതി പട്ടയം നല്‍കാന്‍ നിര്‍ദേശിച്ച അപേക്ഷകളിലും റവന്യൂ വകുപ്പ് അടയിരിക്കുകയാണ്. തൃശൂര്‍ കലക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ നിന്നും ലഭ്യമായ കണക്കനുസരിച്ച് പട്ടയം അനുവദിക്കാന്‍ മറ്റ് തടസ്സങ്ങളില്ലാത്ത 600ലധികം അപേക്ഷകളുണ്ട്. പാട്ടക്കുടിശ്ശിക ഇനത്തില്‍ 9.5 കോടി രൂപയാണ് സെന്‍റ് തോമസ് കോളജ് സര്‍ക്കാറിലേക്ക് അടക്കാനുള്ളത്. അത് എഴുതിത്തള്ളിയാണ് 1.19 ഏക്കര്‍ ഭൂമിക്ക് പട്ടയം അനുവദിക്കുന്നത്.

കശ്മീരില്‍ കനത്ത മഴ; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Posted: 13 Sep 2014 10:00 PM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സംസ്ഥാനത്തിന്‍െറ വിവിധ മേഖലകളില്‍ ഇടിമിന്നലും ശക്തമാണ്. മഴ ശക്തി പ്രാപിച്ചത് താഴ് വരയില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. പ്രളയബാധിത മേഖലയില്‍ നിന്ന് ഹെലികോപ്ടര്‍, ലൈഫ് ബോട്ട് എന്നിവയുടെ സഹായത്തോടെ കൂടുതല്‍ പേരെ രക്ഷിക്കുന്നതിനും കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിനും സാധിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറച്ചുദിവസം കൂടി തുടരേണ്ടിവരുമെന്ന് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 11,000 പേരെ എയര്‍ ലിഫ്റ്റിങ്ങിലൂടെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനാണ് മുഖ്യപരിഗണന നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, കശ്മീരിലെ റോയല്‍ ബട്ടു ഹോട്ടലില്‍ കുടുങ്ങി കിടന്ന 69 മലയാളികളെ ഡല്‍ഹിയിലെത്തിച്ചു. സര്‍ക്കാര്‍ കണക്ക് പ്രകാരം 20 മലയാളികള്‍ കൂടി പ്രളയബാധിത മേഖലയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെയും ഡല്‍ഹിയില്‍ എത്തിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനം 12 ദിവസം പിന്നിട്ടപ്പോള്‍ 1,42,000ലേറെപ്പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

തത്തേങ്ങലം എന്‍ഡോസള്‍ഫാന്‍ വിമുക്ത ഗ്രാമമാവുന്നു

Posted: 13 Sep 2014 09:53 PM PDT

മണ്ണാര്‍ക്കാട്: കാത്തിരിപ്പിനൊടുവില്‍ തത്തേങ്ങലം എന്‍ഡോസള്‍ഫാന്‍െറ പിടിയില്‍ നിന്ന് മോചിതമാവുന്നു. 14 വര്‍ഷത്തെ ആശങ്കകള്‍ക്ക് വിരാമമിട്ടാണ് തത്തേങ്ങലത്തെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യാന്‍ തത്വത്തില്‍ തീരുമാനമായത്. ഇവിടെ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ച 314 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഡിസംബര്‍ 12നകം നീക്കനാണ് ധാരണയായത്.
ഇതിന് മുന്നോടിയായി നടത്തേണ്ട സോണ്‍ തിരിക്കല്‍, ഭൂമിയുടെയും കെട്ടിടത്തിന്‍െറയും പരിശോധന എന്നിവ നടത്തുന്നതിന് വേണ്ടി ശനിയാഴ്ച ഉച്ചക്ക് 12ഓടെ അധികൃതരും ജനപ്രതിനിധികളും തത്തേങ്ങലത്തെ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സന്ദര്‍ശിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, സബ് കലക്ടര്‍ നൂഹ്ബാവ, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ അസി. നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ആഷില്‍, ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പാര്‍വതി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ലിസമാത്യു, തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
എന്‍ഡോസള്‍ഫാന്‍ സൈഫ് ഗാര്‍ഡിങ് നടത്തുന്നതിന്‍െറ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ഉച്ചക്കുശേഷം 2.30ന് തെങ്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി എച്ച്.ഡി.പി.ഇ ബാരലുകളിലേക്ക് മാറ്റുന്നതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ സഹിതമുള്ള ബോധവത്കരണ ക്ളാസ് നടത്താനും യോഗത്തില്‍ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്ളാസില്‍ പങ്കെടുക്കണം. തുടര്‍ന്ന് ഒക്ടോബര്‍ 12ന് രാവിലെ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ അഞ്ച് വര്‍ഷ ഗാരന്‍റിയുള്ള ജപ്പാന്‍ നിര്‍മിത നവീന ബാരലിലേക്ക് മാറ്റാനും ഇവ ഡിസംബര്‍ 12നകം തത്തേങ്ങലത്തുനിന്ന് മാറ്റാനുമാണ് തീരുമാനം.
കാസര്‍കോട്ടെ ചീമേനി, രാജപുരം, പെരിയ, തത്തേങ്ങലം എന്നീ തോട്ടങ്ങളിലുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ മുഴുവന്‍ കേന്ദ്രങ്ങളിലെയും എന്‍ഡോസള്‍ഫാന്‍ ഒന്നിച്ച് നിര്‍വീര്യമാക്കാന്‍ സംസ്ഥനത്തിന് പുറത്ത് ചെന്നൈ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള എതെങ്കിലുമൊരു നിര്‍വീര്യമാക്കല്‍ പ്ളാന്‍റില്‍ കൊണ്ടുപോയി നശിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ മാറ്റി നിറക്കുന്ന അന്നുതന്നെ ഇവിടെനിന്ന് കൊണ്ടുപോകണമെന്നും വിശദമായ ചര്‍ച്ച വേണമെന്നുമാവശ്യപ്പെട്ട് ചര്‍ച്ചക്കിടെ ഒരുവിഭാഗം പൊതുപ്രവര്‍ത്തകരും പരിസരവാസികളും ബഹളമുണ്ടാക്കിയത് ആശങ്കക്കിടയാക്കി. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ കൊണ്ടുപോകുന്നത് ജനങ്ങളുടെ ആശങ്കകള്‍ തീര്‍ത്ത് ഐക്യരാഷ്ര്ടസഭയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങളിലൂടെ ആയിരിക്കുമെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ അസി. നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ആഷില്‍ എന്നിവര്‍ അറിയിച്ചു.
ഡിസംബര്‍ 12നകം തത്തേങ്ങലത്തെ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കം ചെയ്യുമെന്നും ജനങ്ങളെ ഭീതിയിലാക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഒഴിവാക്കി ജീവനും പ്രകൃതിയും സംരക്ഷിക്കാനുള്ള നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണന്‍, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. അലി, ബ്ളോക്ക് പഞ്ചായത്തംഗം പി. അഹമ്മദ് അഷ്റഫ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മിനിബാബു, മെമ്പര്‍ മുണ്ടക്കണ്ണി ഭാസ്കരന്‍, ടി.എ. സലാം മാസ്റ്റര്‍, പി.ആര്‍. സുരേഷ്, കെ. മുഹമ്മദാലി മാസ്റ്റര്‍, മജീദ് തെങ്കര, പി.പി. ഏനു, ടി. അബൂബക്കര്‍ (ബാവി), ചന്ദ്രന്‍, വില്ളേജ് ഓഫിസര്‍മാരായ പാറോക്കോട്ട് അബ്ദുല്‍ സലീം, കെ.ജെ. അരവിന്ദാക്ഷന്‍, പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ തത്തേങ്ങലം തോട്ടത്തിന്‍െറ മാനേജര്‍ സജീവ് എന്നിവര്‍ സംബന്ധിച്ചു.

യൂനിയന്‍ ഭാരവാഹികള്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം

Posted: 13 Sep 2014 09:48 PM PDT

ലഹരിയെ തുരത്താന്‍ വിദ്യാര്‍ഥി കൂട്ടായ്മ വരുന്നു
മലപ്പുറം: ലഹരിക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കുന്നതിന് കാമ്പസുകളില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കൂട്ടായ്മയൊരുക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് യൂനിയന്‍ ഭാരവാഹികളുടെ ജില്ലാതല യോഗം വിളിച്ച് ചേര്‍ക്കാന്‍ സേഫ് കാമ്പസ്-ക്ളീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി നടന്ന വിദ്യാര്‍ഥി-യുവജന സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. സേഫ് കാമ്പസ്-ക്ളീന്‍ കാമ്പസ് പ്രവര്‍ത്തനം മാതൃകാപരമായി സംഘടിപ്പിച്ച് ഏറ്റവുമാദ്യം ലക്ഷ്യപ്രാപ്തിയിലത്തെുന്ന കോളജുകള്‍ക്ക് പുരസ്കാരം നല്‍കും. ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസംഗം, പ്രബന്ധം, ചിത്രരചനാ മത്സരങ്ങള്‍, മൊബൈല്‍ ഫോണ്‍ ഷോര്‍ട്ട് ഫിലിം, വാട്സ് അപ് പോസ്റ്റിങ് , ഡിജിറ്റല്‍ സൈ്ളഡ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു.
ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ച് റെയ്ഡ് നടത്താന്‍ വളന്‍റിയര്‍മാരെ നല്‍കാമെന്ന് യുവജന സംഘടനകള്‍ വാഗ്ദാനം ചെയ്തു. തണല്‍ക്കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ഒരുവര്‍ഷത്തെ കര്‍മപരിപാടികള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, സ്ഥിരം സമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് അംഗം നൗഷാദ് മണ്ണിശ്ശേരി, ഉസ്മാന്‍ താമരത്ത് (യൂത്ത്ലീഗ്), പ്രജേഷ് കാവനൂര്‍ (യുവമോര്‍ച്ച), യു.പി. യഹ്യാഖാന്‍, ശാക്കിര്‍ ബാബു കുനിയില്‍, കെ. ഉബൈദുല്ല (ഐ.എസ്.എം), ടി.പി അഷ്റഫലി, എന്‍.എ. കരീം, കെ.എം ഷാഫി (എം.എസ്.എഫ്), പി. ആതിര, സലീക്ക് പി. മുഹമ്മദ് (കെ.എസ്.യു), പി.പി. അബ്ദുല്‍ ബാസിത്ത് (എസ്.ഐ.ഒ), അഭിലാഷ്, കെ.വി. ശ്രീദേവ് (എ.ഐ.എസ്.എഫ്), പി.പി. നസീഫ്, വി.ടി. അബ്ദുല്ല നസീല്‍ (എം.എസ്.എം) എന്നിവര്‍ സംസാരിച്ചു.
തണല്‍ക്കൂട്ട്, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട് തുടങ്ങി കാമ്പസുകളിലെ സന്നദ്ധ സേനകളുടെ പങ്കാളിത്തം സേഫ് കാമ്പസ്-ക്ളീന്‍ കാമ്പസ് കാമ്പയിന്‍ വിജയിപ്പിക്കാന്‍ പ്രയോജനപ്പെടുത്തും.
ജില്ലാതലത്തില്‍ ഇവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം പ്രത്യേകം വിളിച്ച് ചേര്‍ക്കാനും തീരുമാനമായി.

നീളുന്ന നിര്‍മാണം, ഒഴിയാത്ത ദുരിതം

Posted: 13 Sep 2014 09:44 PM PDT

തിരുവല്ല: കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം അനിശ്ചിതമായി ഇഴയുന്നു. ജൂണ്‍ 30ന് മുമ്പ് പണി പൂര്‍ത്തീകരിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ മാത്യു ടി. തോമസ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞതും പാഴ്വാക്കായി.
ഷോപ്പിങ് കോംപ്ളക്സ്, സാനിട്ടേഷന്‍, മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് 2010 ആഗസ്റ്റ് രണ്ടിനാണ് കരാര്‍ ഒപ്പിട്ടത്.
നരേഷ് ട്രേഡേഴ്സ് എന്ന കമ്പനിയാണ് കരാറുകാര്‍. 2012 ജനുവരി 15ന് നിര്‍മാണം പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, കരാര്‍ കാലാവധി കഴിഞ്ഞിട്ട് രണ്ടുവര്‍ഷവും എട്ടുമാസവും പിന്നിട്ടു.
എം.എല്‍.എയും മന്ത്രിയും ചേര്‍ന്ന രാഷ്ട്രീയനാടകങ്ങളില്‍ ബുദ്ധിമുട്ടുന്നത് തിരുവല്ലയിലെ സാധാരണ യാത്രക്കാരാണ്.മാറി വരുന്ന ഗതാഗത പരിഷ്കാരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനം ബസ് സ്റ്റോപ് ഏതെന്ന് അറിയാതെ നഗരത്തിലൂടെ അലയുന്നു.
പണി വൈകിയത് കരാറുകാരന്‍െറയോ കെ.ടി.ഡി.എഫ്.സിയുടെയോ കുറ്റം കൊണ്ടല്ളെന്നാണ് മന്ത്രി പറയുന്നത്. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും മണ്ണുനീക്കുന്നത് വൈകിയതും കാരണമായി. മള്‍ട്ടിപ്ളക്സ് ഉള്‍പ്പെടുത്താന്‍ കെട്ടിടത്തിന്‍െറ പ്ളാനിലും മാറ്റം വരുത്തേണ്ടിവന്നു. പത്താംനിലയിലെ ഷട്ടറിന്‍െറ ജോലി മള്‍ട്ടിസ്റ്റേജ് ഫ്രെയിംകൊണ്ട് ചെയ്യേണ്ടിവന്നു.
അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിലെ റൂമുകളുടെ രൂപകല്‍പന, വൈദ്യുതീകരണജോലി എന്നിവ ഉള്‍പ്പെടുത്തി പ്ളാനില്‍ മാറ്റംവരുത്തി കെ.എസ്.ആര്‍.ടി.സിയുടെ അംഗീകാരം ലഭിക്കാനും കാലതാമസം നേരിട്ടു.
അവസാനഘട്ടത്തില്‍ ടാങ്കിന് വേണ്ടി കുഴി എടുത്തപ്പോള്‍ മണ്ണ് നീക്കുന്നതും കൊണ്ടുപോകുന്നതും പൊലീസ് തടഞ്ഞു. അധികമുള്ള മണ്ണ് നീക്കുന്നതിന് റവന്യൂവകുപ്പിന്‍െറ ഭാഗത്തുനിന്ന് അനുമതികിട്ടാനും വൈകി. ഇതെല്ലാം കെട്ടിടം പണി അനന്തമായി നീട്ടിയെന്ന് മന്ത്രി മറുപടി പറഞ്ഞു.
കരാര്‍ കാലാവധി കഴിഞ്ഞ് രണ്ടരവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു.
നിര്‍മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത് ആറുമാസം മാത്രമാണ്. കരാര്‍ അവസാനിക്കേണ്ട സമയവും കഴിഞ്ഞ് രണ്ടരവര്‍ഷവും കൂടി നിര്‍മാണം മുന്നോട്ടുപോയതിന് ന്യായീകരണമില്ളെന്ന് ആക്ഷേപമുണ്ട്.

ലിബിയയില്‍നിന്ന് മടങ്ങിയത്തെിയ നഴ്സുമാര്‍ സമരത്തിലേക്ക്

Posted: 13 Sep 2014 09:39 PM PDT

കോട്ടയം: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ലിബിയയില്‍നിന്ന് മടങ്ങിയത്തെിയ നഴ്സുമാര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരത്തിലേക്ക്. മടങ്ങിയത്തെിയ തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നതെന്ന് നഴ്സുമാര്‍ പറഞ്ഞു.
ലിബിയയില്‍ ജോലി ചെയ്ത ആശുപത്രികളില്‍നിന്ന് നാലുമാസം വരെ ശമ്പളം കിട്ടാതെ മടങ്ങിയവരാണ് ഇവരില്‍ ഏറെപ്പേരും. ഒരു വര്‍ഷത്തിലധികം ജോലി ചെയ്തവര്‍ക്ക് ആനുകൂല്യം നല്‍കാതെയാണ് ആശുപത്രികള്‍ മടക്കിയയച്ചത്. ലിബിയയില്‍ കലാപം രൂക്ഷമായ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് ഇരുനൂറോളം മലയാളി നഴ്സുമാരെ കേരളത്തിലത്തെിച്ചത്. വലിയ തുക ഏജന്‍സികള്‍ക്കും മറ്റും നല്‍കി ജോലിക്കുകയറിയ ഇവര്‍ മടങ്ങിയത്തെിയതോടെ വലിയ സാമ്പത്തികപ്രതിസന്ധിയാണ് നേരിടുന്നത്. നാട്ടില്‍ പോലും ജോലി ലഭിക്കാന്‍ പ്രയാസമനുഭവപ്പെട്ടതോടെ ഇവര്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സഹായപദ്ധതികള്‍ വാഗ്ദാനം ചെയ്തിരുന്നു. ആവശ്യമായ നടപടികള്‍ക്ക് മുഖ്യമന്ത്രി നോര്‍ക്കക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പക്ഷെ ഗുണകരമായ നടപടിയൊന്നും പിന്നീട് ഉണ്ടാകാതിരുന്നതാണ് നഴ്സുമാരെ സമരത്തിനു പ്രേരിപ്പിച്ചത്. ഇതിനിടെ, കോട്ടയത്ത് യോഗം ചേര്‍ന്ന് ഇവര്‍ സംഘടന രൂപവത്കരിക്കുകയും ചെയ്തു. ബുധനാഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സംഘടനാഭാരവാഹികള്‍ പറഞ്ഞു.
ശമ്പളകുടിശ്ശിക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, വിദേശജോലിക്കുള്ള കോഴ്സ് പഠിക്കുന്നതിന് സഹായം നല്‍കുക, തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. നാട്ടില്‍ തിരിച്ചത്തൊന്‍ സഹായിച്ച സര്‍ക്കാറിനോട് നന്ദിയുണ്ടെന്നും നഴ്സുമാര്‍ അറിയിച്ചു.

കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കാലം...

Posted: 13 Sep 2014 09:34 PM PDT

തൊടുപുഴ: മണ്ണില്‍ പൊന്നുവിളയുന്നത് സ്വപ്നംകണ്ട് കൃഷിയിറക്കിയ ജില്ലയിലെ കര്‍ഷകര്‍ക്ക് ഇത് പ്രതിസന്ധിയുടെ കണ്ണീര്‍ക്കാലം. വിലയിടിവും ഉല്‍പാദനത്തകര്‍ച്ചയും രോഗങ്ങളും പ്രതികൂല കാലാവസ്ഥയുമാണ് ജില്ലയിലെ ആയിരക്കണക്കിന് കര്‍ഷകരുടെ വയറ്റത്തടിച്ചത്.വന്‍ വിലയിടിവിനത്തെുടര്‍ന്ന് റബര്‍ കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് കൃഷികള്‍ ചെയ്തവരും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബാങ്ക് വായ്പയെയും ബ്ളേഡ് പലിശക്കാരുടെ സാമ്പത്തിക സഹായത്തെയും ആശ്രയിച്ച് കൃഷിയിറക്കിയവരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഏലത്തിനും കൊക്കോക്കും റബറിനും തേയില കൊളുന്തിനും ഉല്‍പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതാണ് പ്രശ്നമെങ്കില്‍ കുരുമുളകിനും കാപ്പിക്കും രോഗങ്ങളാണ് ഭീഷണിയായത്.

എക്സ്കവേറ്ററും മിനി ലോറിയും പിടിച്ചെടുത്തു

Posted: 13 Sep 2014 09:30 PM PDT

നീലേശ്വരം: അനധികൃതമായി മണ്ണെടുക്കുന്നതിനിടെ എക്സ്കവേറ്ററും മണല്‍ കടത്തുന്നതിനിടെ രണ്ട് മിനി ലോറികളും റവന്യൂ അധികൃതര്‍ പിടികൂടി. ശനിയാഴ്ച രാവിലെ പേരോലില്‍ മണ്ണെടുക്കുന്നതിനിടെയാണ് എക്സ്കവേറ്റര്‍ പിടികൂടിയത്. ചിറപ്പുറത്ത് മണല്‍കടത്തി വരുകയായിരുന്ന കെ.എല്‍ 08 എ.യു 7185 നമ്പര്‍ ലോറിയും കെ.എല്‍ 14 എച്ച് 8259 നമ്പര്‍ ലോറിയുമാണ് പിടികൂടിയത്. അഡീ. തഹസില്‍ദാര്‍ രവികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രത്നാകരന്‍, ഡെപ്യൂട്ടി അഡീ. തഹസില്‍ദാര്‍ മണിരാജ്, പരപ്പ വില്ളേജ് ഓഫിസര്‍ വിനോദ്, ചെറുവത്തൂര്‍ വില്ളേജ് ഓഫിസര്‍ സജീവന്‍, ഡെപ്യൂട്ടി വില്ളേജ് ഓഫിസര്‍ കെ.വി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് എക്സ്കവേറ്ററും ലോറികളും പിടികൂടിയത്.

ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് കപ്പല്‍ നിര്‍മാണശാല സന്ദര്‍ശിക്കാന്‍ അനുമതിയില്ല

Posted: 13 Sep 2014 09:28 PM PDT

Image: 

കൊച്ചി: ചൈനീസ് വിദ്യാര്‍ഥി സംഘത്തിന് കൊച്ചി കപ്പല്‍ നിര്‍മാണശാലയും കൊച്ചിന്‍ റിഫൈനറി ലിമിറ്റഡും സന്ദര്‍ശിക്കാന്‍ അനുമതിയില്ല. സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സന്ദര്‍ശനാനുമതി നിഷേധിച്ചത്. ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്‍െറ ഭാഗമായി നൂറംഗ വിദ്യാര്‍ഥി സംഘം വെള്ളിയാഴ്ച ഇന്ത്യയിലെത്തും.

പത്തു ദിവസത്തെ യുവജന പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെ വന്‍കിട വ്യവസായ-വികസന പദ്ധതികള്‍ സന്ദര്‍ശിക്കാനാണ് സംഘം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ചൈനീസ് വിദ്യാര്‍ഥികളുടെ സന്ദര്‍ശനം നാലു ദിവസമായി വെട്ടിച്ചുരുക്കിയതായി യുവജന-കായിക മന്ത്രി എസ്.എല്‍ മീണ പറഞ്ഞു.

നാല് ദിവസത്തിനിടെ വ്യാപാര സമുച്ചയങ്ങള്‍, കടല്‍തീരങ്ങള്‍, ഫോക് ലോര്‍ മ്യൂസിയങ്ങള്‍ എന്നിവ വിദ്യാര്‍ഥി സംഘം സന്ദര്‍ശിക്കും. കഥകളി ആസ്വദിക്കാനും സ്ഥല സന്ദര്‍ശനം നടത്താനുമുള്ള മികച്ച അവസരമാണ് സംഘത്തിന് ലഭിക്കുന്നതെന്നും കൊച്ചി കപ്പല്‍ നിര്‍മാണശാല സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി മീണ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
 

ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ്: പൊലീസ് നടപടി കര്‍ശനമാക്കുന്നു

Posted: 13 Sep 2014 09:21 PM PDT

കൊച്ചി: 'ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ്' പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് വേട്ടയില്‍ കൊച്ചിയില്‍ മൂന്നുമാസത്തിനിടെ നടന്നത് 985 റെയ്ഡുകളും 585 അറസ്റ്റും. സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജയിംസിന്‍െറ നേതൃത്വത്തില്‍ ഡെപ്യൂട്ടി പോലീസ് കമീഷണര്‍ വി.എം. മുഹമ്മദ് റഫീഖ്, നര്‍ക്കോട്ടിക് അസി. കമീഷണര്‍ പി.എം. ജോസഫ് സജു എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച സ്പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പുകളാണ് നഗരപരിധിയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കിയത്.
559 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 20.65 കിലോ കഞ്ചാവ്, 611 നൈട്രസെപാം ടാബ്ലറ്റുകള്‍, 100 ലേറെ ബ്രൂപ്രനാഫിന്‍ ആംപ്യൂളുകള്‍ എന്നിവ പിടിച്ചെടുത്തു. കൂടാതെ പുകയില നിയന്ത്രണ നിയമം ശക്തമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി 15575 സിഗററ്റ് പാക്കറ്റുകളും 26848 പാക്കറ്റ് പാന്‍പരാഗുകളും എട്ടുകിലോ പുകയില പൊടികളും സംഘം പിടിച്ചെടുത്തു. ഏകദേശം 25 ലക്ഷത്തോളം രൂപ വില മതിക്കുന്നതാണിത്. മയക്കുമരുന്നിനത്തില്‍പ്പെട്ട 204 കേസുകളും പുകയിലവിരുദ്ധ നിയമ പ്രകാരം 355 കേസുകളും രജിസ്റ്റര്‍ ചെയ്തു.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തില്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന 120ല്‍ അധികം വിദ്യാര്‍ഥികളെ കണ്ടത്തെി.ഇത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധയില്‍ പെടുത്തി. സ്പെഷല്‍ ഓപറേഷന്‍ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് സിറ്റി കമീഷണര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഹോസ്റ്റലുകളും ലോഡ്ജുകളും പോലീസ് നിരീക്ഷണത്തിലാണ്. സിറ്റിയുടെ അതിര്‍ത്തികളില്‍ പരിശോധിക്കുന്നതിന്‍െറ ഭാഗമായി റെയില്‍വേ സ്റ്റേഷനുകള്‍ ബസ്സ്റ്റാന്‍ഡുകള്‍ എന്നിവയില്‍ പരിശോധന കര്‍ശനമാക്കി. ഇതുസംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ 9497990061, 9497990065 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

‘എയ്ഡഡ് സ്കൂളുകളെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുക്കും’

Posted: 13 Sep 2014 09:14 PM PDT

ആലപ്പുഴ: എയ്ഡഡ് സ്കൂളുകളെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ആലപ്പുഴ കോര്‍പറേറ്റ് മാനേജ്മെന്‍റും ആലപ്പുഴ രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും അപലപിച്ചു.
രൂപത കോര്‍പറേറ്റ് മാനേജ്മെന്‍റ് ഓഫിസില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചത്. എയ്ഡഡ് സ്കൂള്‍ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ മാനേജ്മെന്‍റിനുള്ള സ്വാതന്ത്ര്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള കെ.ഇ.ആര്‍ പരിഷ്കരണം അംഗീകരിക്കാവുന്നതല്ല. സര്‍ക്കാര്‍ വിജ്ഞാപനശേഷം മാത്രമെ ബന്ധപ്പെട്ട തസ്തികകളില്‍ നിയമനം നടത്താവു, നിയമനത്തിന് യോഗ്യരായവരുടെ ലഭ്യത ഉറപ്പാക്കാനും ഒഴിവുകള്‍ നികത്താനും കാലാകാലങ്ങളില്‍ ഇക്കാര്യം സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മറ്റുമുള്ള നിബന്ധനകള്‍ മാനേജര്‍മാരുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്.
പ്രഥമാധ്യാപകന്‍ ക്ളാസ് ചുമതലയില്‍നിന്ന് മാറുമ്പോഴുള്ള ഒഴിവുകള്‍, അവധി ഒഴിവുകള്‍, ഹ്രസ്വകാല ഒഴിവുകള്‍ എന്നിവകളിലേക്കുള്ള നിയമനങ്ങള്‍ പൂര്‍ണമായും അധ്യാപക ബാങ്കില്‍ നിന്നായിരിക്കണം എന്ന നിബന്ധനയും സ്വീകാര്യമല്ല.
പുതിയ തസ്തികകളിലേക്കും പ്രതീക്ഷിക്കുന്ന തസ്തികകളിലേക്കും നിയമനം നടത്താനുള്ള അധികാരം മാനേജര്‍മാര്‍ക്ക് നല്‍കുന്ന കെ.ഇ.ആര്‍ 23ാം അധ്യായത്തിലെ 12 (ബി) വ്യവസ്ഥകള്‍ റദ്ദാക്കിയിരിക്കുകയാണ് നിലവില്‍. ഇത്ര ഗൗരവകരമായ കെ.ഇ.ആര്‍ പരിഷ്കാരങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്യാതെയാണ് കൈക്കൊണ്ടിരിക്കുന്നത്. എയ്ഡഡ് മാനേജ്മെന്‍റുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും കെ.സി.ബി.സി വിദ്യാഭ്യാസ കമീഷനുമായി ചേര്‍ന്ന് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശേരി അധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് ഗില്‍ഡ് സെക്രട്ടറി ജോസ് ആന്‍റണി, പി.എഫ്. സിറിള്‍, ജോണ്‍സണ്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

റൗണ്ട് അബൗട്ടുകള്‍ക്കൊപ്പം മറയുന്നത് ചരിത്ര ശേഷിപ്പുകള്‍

Posted: 13 Sep 2014 08:44 PM PDT

Image: 

ദോഹ: രാജ്യത്ത് അനുദിനം സങ്കീര്‍ണ്ണമാവുന്ന ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമായി റൗണ്ട് അബൗട്ടുകള്‍ മാറ്റി സിഗ്നലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, റൗണ്ട് അബൗട്ടുകളുടെ തിരോധാനം രാജ്യത്തിന്‍െറ ചരിത്രത്തത്തിനും പൈതൃകത്തിനുമേല്‍പിക്കുന്ന മുറിവുകള്‍ വിളിച്ചുപറയുകയാണ് ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്‍റ്സ് സെന്‍റര്‍ ഗാലറിയിലൊരുക്കിയ വേറിട്ട പ്രദര്‍ശനം. പൈതൃകം, ഗവേഷണം, കല എന്നീ പേരുകളില്‍ നടത്തുന്ന എക്സിബിഷനിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് ഖത്തറിലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന റൗണ്ട് അബൗട്ടുകളെകുറിച്ചുള്ള വിവരങ്ങള്‍. ഒറിക്സ്, റയിന്‍ബോ, ബര്‍ഗര്‍ കിങ്, ക്ളോക്ക് എന്നീ നാമാവശേഷമായ റൗണ്ട് അബൗട്ടുകള്‍ പില്‍ക്കാലത്ത് ട്രാഫിക് സംവിധാനം എന്നതിനുമപ്പുറത്തേക്ക് വളരുകയായിരുന്നു. വാഹന ഗതാഗതം സുഗമമാക്കുന്നതിനായി ഈ റൗണ്ട് അബൗട്ടുകള്‍ തട്ടിമാറ്റിയപ്പോള്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ചിരപുരാതനമായ  അടയാളങ്ങള്‍ കൂടിയാണ് നഗര ഹൃദയത്തില്‍ നിന്ന് പിഴുതുമാറ്റപ്പെട്ടത്. റൗണ്ട് അബൗട്ടുകളുടെ ചരിത്ര പ്രാധാന്യവും പൈതൃകവും വ്യക്തമാക്കുന്ന എക്സിബിഷന്‍ സെപ്തംബര്‍ 23 വരെയുണ്ടാവും. ഖത്തറിന്‍്റെ മാറുന്ന മുഖത്തെക്കുറിച്ച് രാജ്യത്തെ പ്രാദേശിക കലാകാരന്‍മാര്‍ നല്‍കുന്ന വ്യാഖ്യാനങ്ങളും കൂടി ഉല്‍ക്കൊള്ളിച്ച് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിന്‍െറ പദ്ധതിയായിട്ടാണ് പ്രദര്‍ശനം നടത്തുന്നത്.
കോളജ് വിദ്യാര്‍ഥികള്‍ റൗണ്ട് അബൗട്ടുകളുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ഗവേഷണ ഫലങ്ങളും പ്രദര്‍ശനത്തിലുണ്ട്.
അല്‍ മിര്‍ഖാബ്, ദാറുല്‍ ഖുതുബ്, സ്പോര്‍ട്സ് റൗണ്ട് അബൗട്ടുകളാണ് കുട്ടികള്‍ ഗവേഷണത്തിനായി തെരെഞ്ഞെടുത്തത്.
2013സംപ്തംബറിനും 2014 ജനുവരിക്കുമിടയിലാണ് ഇതിന്‍െറ പരിസരങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും സര്‍വേ നടത്തിയാണ് റൗണ്ട് അബൗട്ടുകള്‍ വഹിക്കുന്ന ചരിത്രപ്രാധാന്യം സമൂഹത്തിലേക്കത്തെിക്കുന്നത്. മുഖാമുഖങ്ങളിലും ചര്‍ച്ചയിലും പങ്കെടുത്തവരെല്ലാം റൗണ്ട് അബൗട്ടുകളുടെ നാശത്തെക്കുറിച്ച് സങ്കടത്തോടെയാണ് പ്രതികരിച്ചത്.
ശില്‍പ ഘടനയുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമൊന്നുമില്ളെങ്കിലും റൗണ്ട് അബൗട്ടിന് ചുറ്റും ജീവിച്ചിരുന്ന മനുഷ്യര്‍ ഇവയുമായി ബന്ധപ്പെട്ട് ഒത്തിരി ഗൃഹാതുര നൊമ്പരങ്ങള്‍ കൊണ്ടുനടക്കുന്നുണ്ടെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനി പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്തവര്‍ ജനങ്ങള്‍ ഏറെ ആവേശത്തോടെ പ്രതികരിച്ചത് ക്ളോക്ക് റൗണ്ട് അബൗട്ടിനെ സംബന്ധിച്ചായിരുന്നു.
ജനങ്ങള്‍ക്ക് പ്രാദേശികമായി ഒത്തുചേരാനുള്ള ഒരു കേന്ദ്രം കൂടിയായിരുന്നു ഈ റൗണ്ട് അബൗട്ട്. ദേശത്തിന്‍െറ സാംസ്കാരിക വ്യക്തിത്വത്തെക്കുറിച്ച് പ്രാദേശിക കലാകാരന്‍മാരുടെ വിലയിരുത്തലുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ദോഹയില്‍ താമസിക്കുന്ന ഉര്‍വശി ഗെയ്ക്വാദ്, യു.സി.എല്‍ ഖത്തറിലെ ലെക്ചറര്‍ കൂടിയായ ഡോ. ട്രിനിഡാഡ് റിക്കോ എന്നിവരുടെ വ്യാഖ്യാനങ്ങള്‍ ശ്രദ്ധേയമാണ്.
പരമ്പരാഗതമായ ചെരിപ്പ് ധരിച്ച് പാദത്തിന് മുകളില്‍ നിന്ന് മുറിച്ച് മാറ്റപ്പെട്ട രണ്ട് കാലുകള്‍ കോണ്‍ക്രീറ്റ് തറയില്‍ വെച്ച രീതിയിലുള്ള ഇന്‍സ്റ്റലേഷന്‍ റൗണ്ട് അബൗട്ടുകള്‍ മാറ്റുന്നതിലൂടെ ഖത്തറിന്‍െറ ചരിത്രവും പൈതൃകവും കൂടിയാണ് മുറിച്ചുമാറ്റപ്പെടുന്നതെന്ന സൂചനയാണ് നല്‍കുന്നത്.
 

പ്രതീക്ഷയേകി സര്‍ക്കാര്‍ പ്രവാസി സംഗമം

Posted: 13 Sep 2014 08:33 PM PDT

Image: 

അബൂദബി: യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളെയും ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഒരു കുടക്കീഴില്‍ അണിനിരത്തി ഇന്ത്യന്‍ എംബസി അബൂദബിയില്‍ നടത്തിയ സംഗമം ശ്രദ്ധേയമായി.
സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി എങ്ങനെ പ്രവാസി സമൂഹത്തിലത്തെിക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സംഘടനാ പ്രതിനിധികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്താനുമാണ് കേന്ദ്ര പ്രവാസികാര്യ വകുപ്പിന്‍െറ സഹകരണത്തോടെ ഗള്‍ഫില്‍ ആദ്യമായി എംബസി പരിപാടി സംഘടിപ്പിച്ചത്. പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയായ സംഗമത്തില്‍ സംഘടനാ പ്രതിനിധികള്‍ സജീവമായാണ് പങ്കെടുത്തത്. ‘സേവനം മെച്ചപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം’ എന്ന വിഷയത്തില്‍ നടന്ന സംഗമം പ്രവാസികള്‍ക്ക് പുതിയ പ്രതീക്ഷകളാണ് സമ്മാനിച്ചത്.
പ്രവാസികളെ തന്‍െറ ഉപഭോക്താക്കളായി കണ്ട് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്. ഒറ്റ രാത്രി കൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നില്ല. വിവിധ വിഷയങ്ങളില്‍ നടത്തിയ ചര്‍ച്ചകളിലൂടെ പല പുതിയ ആശയങ്ങളും രൂപപ്പെടുത്താനായി. ഈ ആശയങ്ങളെല്ലാം സമാഹരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ പെടുത്തും.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന വാഗ്ദാനം നല്‍കാന്‍ കഴിയില്ല. സേവനം മെച്ചപ്പെടുത്താന്‍ പ്രവാസികളുടെ അകമഴിഞ്ഞ സഹായം കൂടിയേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതിന് ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ ഹാളില്‍ തുടങ്ങിയ സംഗമത്തില്‍ അംബാസഡര്‍ സ്വാഗതമാശംസിച്ചു. ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് ആര്‍. ബുഹ്റില്‍ എന്നിവര്‍ സംസാരിച്ചു. ‘പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള മാര്‍നിര്‍ദേശങ്ങള്‍’ എന്ന പുസ്തകം ഗോവ ഉപമുഖ്യമന്ത്രി പ്രകാശനം ചെയ്തു. എംബസി കമ്യൂണിറ്റി അഫയേഴ്സ് കൗണ്‍സലര്‍ ആനന്ദ് ബര്‍ദന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് നടന്ന ആദ്യ സെഷനില്‍ ‘ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍’ എന്ന വിഷയത്തില്‍ യു.എ.ഇ എക്സ്ചേഞ്ച് സി.ഒ.ഒ വൈ. സുധീര്‍കുമാര്‍ ഷെട്ടി, രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതിനിധി രജത് മിശ്ര, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ‘പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംഘടനകളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന രണ്ടാം സെഷനില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ അധ്യക്ഷത വഹിച്ചു.
 അബൂദബി ഐ.എസ്.സി പ്രസിഡന്‍റ് നടരാജന്‍, ഐ.സി.ഡബ്ള്യു.സി കണ്‍വീനര്‍ കെ.കുമാര്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഹ്മദ് ഖാന്‍, പുത്തൂര്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ‘പ്രവാസി പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന മൂന്നാം സെഷനില്‍ തമിഴ്നാട്, തെലങ്കാന, ഗോവ സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചു. ‘യു.എ.ഇയിലെ തൊഴിലുടമകളുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ നടന്ന നാലാം സെഷനില്‍ അല്‍ ഫറാ ഗ്രൂപ് പ്രസിഡന്‍റ് ജെ.ആര്‍ ഗംഗാരമണി, ലുലു ഗ്രൂപ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ നന്ദകുമാര്‍, യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. ഷബീര്‍ നെല്ലിക്കോട്, ലാമ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എം.ഡി കുല്‍വന്ദ് സിങ് എന്നിവര്‍ സംസാരിച്ചു.
 

ഐ.എസ് തീവ്രവാദികള്‍ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍െറ തലയറുത്തു

Posted: 13 Sep 2014 07:36 PM PDT

Image: 

ബെയ് റൂട്ട്: സിറിയയില്‍ ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍െറ തലയറുത്തു. 44കാരന്‍ ഡേവിഡ് ഹെയ്ന്‍സിനെയാണ് തലയറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ ഐ.എസ് പുറത്തുവിട്ടു. ഇറാഖില്‍ നിന്ന് ഐ.എസിനെ ഇല്ലായ്മ ചെയ്യുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ പ്രഖ്യാപനത്തിനുള്ള വിലയാണ് ഡേവിഡ് ഹെയ്ന്‍സിന്‍െറ കൊലപാതകമെന്ന് ഐ.എസ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

മുഖംമൂടി ധരിച്ച ഐ.എസ് തീവ്രവാദി മരുഭൂമിയില്‍വെച്ച് ഹെയ്ന്‍സിനെ കൊലപ്പെടുത്തുന്നതാണ് ശനിയാഴ്ച ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ദൃശ്യത്തിലുള്ളത്. വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നു ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.

സ്കോട്ട് ലന്‍ഡിലെ പെര്‍ത്ത് സ്വദേശിയായ ഹെയ്ന്‍സ് കഴിഞ്ഞ വര്‍ഷമാണ് ഐ.എസിന്‍െറ പിടിയിലാകുന്നത്. ഇറാഖിലെ ഫ്രഞ്ച് സന്നദ്ധസംഘടനക്ക് വേണ്ടിയാണ് ഹെയ്ന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. ഹെയ്ന്‍സിനെ വിട്ടയക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ ഐ.എസിനോട് അഭ്യര്‍ഥിച്ചിരുന്നു.

യു.എസ് മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീഫന്‍ സോട്ട് ലോഫ് എന്നിവരെ തലയറുത്തു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഐ.എസിന്‍െറ ക്രൂരത. ഡേവിഡ് ഹെയ്ന്‍സിന്‍െറ കൊലപാതകം അതിക്രൂരമായ പ്രവൃത്തിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു.
 

വിശുദ്ധ കാളകള്‍

Posted: 13 Sep 2014 06:48 PM PDT

Image: 
Subtitle: 
ദല്‍ഹി ഡയറി

‘വിശുദ്ധ പശു’ എന്ന പ്രയോഗത്തില്‍ നിന്നാണ് ലിംഗസമത്വ സിദ്ധാന്ത പ്രകാരം ‘വിശുദ്ധ കാളകള്‍’ എന്ന് പ്രയോഗം ആവശ്യമായി വരുന്നത്. ആണുങ്ങളെ ‘വിശുദ്ധ പശു’വെന്ന് വിശേഷിപ്പിക്കുന്നത് അപമാനകരമാണ്. മറിച്ചായാലോ, ഒട്ടും കുറയില്ല. നമ്മുടെ ജനാധിപത്യരാജ്യം പേശിബലമുള്ള ഒരുപറ്റം കാളക്കുട്ടന്മാരുടെ നിയന്ത്രണത്തിലായി എന്ന് ശങ്കിക്കുന്ന നേരത്താണ് വിശുദ്ധ കാളക്ക് പകരമൊരു പദപ്രയോഗം പ്രയാസകരമായി തീരുകയാണ്. ജനാധിപത്യത്തിന്‍െറ പുല്‍മേട്ടിലും വാസകേന്ദ്രങ്ങളിലുമെല്ലാം മൂക്കുകയറിടാത്ത കാളക്കുട്ടന്മാര്‍ അഴിഞ്ഞു നടക്കുന്നു. പിടിച്ചുകെട്ടാന്‍ സംവിധാനങ്ങള്‍ക്ക് ശക്തി പോരാ. ഭീരുത്വം നിറയുകയുമാണ് എന്നതാണ് കാഴ്ച. വിശുദ്ധ പശു/കാളകളെ തൊടാന്‍ സൂക്ഷിക്കണം. വിമര്‍ശിക്കാനോ നിയന്ത്രിക്കാനോ അതിലേറെ സൂക്ഷിക്കണം. ഉടമസ്ഥനും മുക്രയിട്ടു വിരാജിച്ചു നടക്കുന്ന സ്വഭാവക്കാരനാണെങ്കില്‍, കാളക്ക് പിന്നെന്തു നോക്കേണ്ടൂ?

സ്വന്തം പേരില്‍ അടങ്ങിയിരിക്കുന്ന സ്വഭാവവിശേഷങ്ങളൊന്നും യോഗി ആദിത്യനാഥില്‍ പ്രകടമല്ല. ബി.ജെ.പിയുടെ കാവിയുടുത്ത എം.പി, സംഘ്പരിവാര്‍ ഇടക്കിടെ വിളംബരം ചെയ്യുന്ന സര്‍വധര്‍മ സമഭാവനയുടെ വസുദൈവ കുടുംബകത്തിലെ അംഗമല്ല. സാമുദായിക സ്പര്‍ധയിലാണ് സ്വന്തം മണ്ഡലത്തില്‍ തന്‍െറയും, ഇന്ത്യയിലാകെ ബി.ജെ.പിയുടെയും സാധ്യതകള്‍ കുടിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍െറ മതം. ലോക്സഭയിലായാലും മണ്ഡലത്തിലായാലും പിടിച്ചുകെട്ടാന്‍ പ്രയാസമായ ആദിത്യനാഥിനെയാണ് പാര്‍ട്ടി പ്രസിഡന്‍റ് അമിത്ഷാ ഇക്കുറി യു.പി ഉപതെരഞ്ഞെടുപ്പുകളുടെ മുഖ്യപ്രചാരകനാക്കിയത്. തന്‍െറ വായാടിത്തങ്ങള്‍ക്കുള്ള പുതിയ അംഗീകാരമെന്ന മട്ടിലാണ് ആദിത്യനാഥ് പിന്നെ കസറിയത്. വിദ്വേഷപ്രസംഗം പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി  മൂക്കുകയറിടാന്‍ വരുന്ന തെരഞ്ഞെടുപ്പു കമീഷനൊക്കെ യോഗിക്ക് പുല്ലാണ്. തെരഞ്ഞെടുപ്പു കമീഷന്‍െറ വിലക്ക് ലംഘിച്ചും സ്വാമി ആകമാന ഹിന്ദുത്വവികാരം കത്തിച്ചും മുസ്ലിം വികാരം കുത്തിപ്പരിക്കേല്‍പിച്ചും മുന്നേറി. അതിനൊടുവില്‍ യോഗിയെ കമീഷന്‍ ശാസിച്ചു; കമീഷന്‍െറ നിര്‍ദേശപ്രകാരം യു.പി പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതിനോടൊക്കെ ആദിത്യനാഥിനുള്ള മറുപടി അണ്‍പാര്‍ലമെന്‍ററിയാണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. കമീഷനും ഭരണഘടനയും പൊലീസും ചട്ടങ്ങളുമൊക്കെ അതിന്‍േറതായ മുറക്കും മര്യാദക്കും മുന്നോട്ടു നീങ്ങുമ്പോഴേക്ക് യു.പി ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ആഹ്ളാദത്തിന്‍െറ പുതിയ കൂക്കിവിളികളും ഉല്ലാസവും കഴിഞ്ഞ് മൂടുതട്ടിക്കുടഞ്ഞ് യോഗിയും ബി.ജെ.പിയും അമിത്ഷായുമെല്ലാം അടുത്ത വിക്രിയപ്രദേശത്തേക്ക് നീങ്ങിക്കഴിഞ്ഞു.

അതിന് ഉദാഹരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമിത്ഷാക്കെതിരെ എടുത്ത കേസ്. ഏപ്രില്‍ മൂന്ന്, നാല് തീയതികളിലാണ് മുസഫര്‍നഗറിലെ കലാപഭൂമിയില്‍ അമിത്ഷാ വിദ്വേഷം പ്രസംഗിച്ചു നടന്നത്. ‘ഒരു മനുഷ്യന് ഭക്ഷണമില്ലാതെ, ഉറങ്ങാതെ ജീവിക്കാം. വിശപ്പും ദാഹവുമെല്ലാം സഹിച്ച് ജീവിക്കാം. പക്ഷേ വികാരം വ്രണപ്പെട്ടാല്‍, പറ്റില്ല. വികാരം മുറിപ്പെടുത്തിയവരോട് പ്രതികാരം ചെയ്യണം. ജാട്ടുകളെ കൊന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് സംരക്ഷിക്കുന്ന ഒരു സര്‍ക്കാറിനെ വോട്ടുചെയ്ത് പുറത്താക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. പ്രതികാരം ചെയ്ത് മാനം കാക്കണം.’ ആരാണ് കൊന്നത്, ചത്തത്, പെരുവഴിയിലായത് എന്നൊക്കെയുള്ള ചിത്രം പൊതുസമൂഹത്തിന് മുന്നിലുണ്ട്. പക്ഷേ, ഇങ്ങനെയൊക്കെ പ്രസംഗിച്ചു നടന്നതിന്‍െറ ബാക്കിപത്രമാണ് 80ല്‍ 71 സീറ്റും ബി.ജെ.പി കൈയടക്കിയ യു.പിയിലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം. അമിത്ഷായുടെ അക്കാലത്തെ വിദ്വേഷ പ്രസംഗത്തിന് തെരഞ്ഞെടുപ്പു കമീഷന്‍െറ നിര്‍ദേശപ്രകാരം കേസെടുത്ത പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അഞ്ചു മാസങ്ങള്‍ക്ക് ശേഷം, കഴിഞ്ഞയാഴ്ചയാണ്. ആ കുറ്റപത്രം പക്ഷേ, പ്രാദേശിക കോടതി മടക്കി. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥകള്‍ പൊലീസ് പാലിച്ചില്ളെന്നാണ് കോടതിയുടെ കണ്ടത്തെല്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് കുറ്റാരോപിതനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ശ്രമിച്ചില്ല, വാറന്‍റ് അയച്ചില്ല എന്നിങ്ങനെ പോകുന്നു, സാങ്കേതിക കാരണങ്ങള്‍. ആദിത്യനാഥിന്‍െറ കാര്യത്തിലെന്നപോലെ, അമിത്ഷാക്കെതിരായ കുറ്റപത്രത്തിന്‍െറ ഗതിയും യു.പി ഉപതെരഞ്ഞെടുപ്പിന്‍െറ ആരവങ്ങളില്‍ ലയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് യു.പിയില്‍ അമിത്ഷാ പ്രസംഗിക്കുന്നത് തെരഞ്ഞെടുപ്പു കമീഷന്‍ വിലക്കാന്‍ മാത്രം തീവ്രവാദമായിരുന്നു ആ പ്രസംഗമെന്ന യാഥാര്‍ഥ്യം മാത്രം അതില്‍ ലയിക്കാതെ കിടക്കുന്നു.

അമിത്ഷാ നിസ്സാരനല്ല. പണ്ടത്തെ അമിത്ഷായുമല്ല. അതുകൊണ്ടാണ് സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിലെ പ്രതിയായ അമിത്ഷാക്ക് വിചാരണവേളയില്‍ ഹാജരാകുന്നതില്‍നിന്ന് മുംബൈ കോടതി ഇളവ് അനുവദിച്ചു പോന്നത്. പിന്നെപ്പിന്നെ, കോടതി ഇളവ് അനുവദിക്കാതെതന്നെ അമിത്ഷാ കോടതിയില്‍ പോകാതെയായി. ഒരു ക്രിമിനല്‍ കേസ് പ്രതിയാണെങ്കിലും ‘രാഷ്ട്രീയ തിരക്കുകള്‍’ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ബി.ജെ.പി പ്രസിഡന്‍റിന്‍െറ അഭിഭാഷകന്‍ കോടതിയില്‍ ഇളവു ചോദിച്ചുകൊണ്ടിരിക്കുന്നത്. അമിത്ഷായുടെ ഭരണസ്വാധീനം കണക്കിലെടുത്താല്‍, ഗുജറാത്തില്‍ വിചാരണ നടക്കുന്നത് നീതിപൂര്‍വകമാവില്ളെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് സൊഹ്റാബുദ്ദീന്‍ കൊലക്കേസിന്‍െറ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. കേസിന്‍െറ വിചാരണവേളയില്‍ 17 തവണയാണ് അമിത്ഷാ ഹാജരാകാതിരുന്നത്. അങ്ങനെ നീണ്ടും ഇഴഞ്ഞും വലിഞ്ഞുമൊക്കെയാണിപ്പോള്‍ കോടതി നടപടികള്‍. അതില്‍ അതൃപ്തി പ്രകടിപ്പിച്ച ജഡ്ജിയെ മാറ്റി പുതിയ ജഡ്ജിയെ വെച്ചിരിക്കുന്നു. കേന്ദ്രത്തിലെ അധികാരത്തിന്‍െറയും ഭരണകക്ഷി പ്രസിഡന്‍റ് തസ്തികയുടെയും ബലത്തില്‍ തോന്നുമ്പോള്‍ കോടതിയില്‍ ചെല്ലാവുന്ന ‘വിശുദ്ധ’നായി അമിത്ഷാ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഇതിനര്‍ഥം. പ്രമാദമായൊരു കേസിന്‍െറ ഭാവിയെക്കുറിച്ച് വലിയ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുവെന്നും അര്‍ഥമുണ്ട്. സൊഹ്റാബുദ്ദീന്‍ കേസില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച രണ്ടാം കുറ്റപത്രം റദ്ദാക്കിയ ബെഞ്ചിനെ നയിച്ച സുപ്രീംകോടതി മുന്‍ചീഫ്ജസ്റ്റിസ് കേരള ഗവര്‍ണറായി മാറിയത്, അമിത്ഷായുടെ കേസ് വാദിച്ചയാള്‍ സുപ്രീംകോടതി ജഡ്ജിയായത് എന്നിങ്ങനെയുള്ള വിസ്മയങ്ങള്‍ വേറെയുമുണ്ട്.

ഏതാനും കൊല്ലം മുമ്പ് നാം കണ്ട അമിത്ഷാ മറ്റൊന്നാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ തണലുണ്ടായിരുന്നിട്ടും ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെച്ച്, സി.ബി.ഐയുടെ അറസ്റ്റൊഴിവാക്കാന്‍ ഒളിച്ചു നടന്ന അമിത്ഷാ. ഗുജറാത്തില്‍ കടക്കരുതെന്ന് ഒരിക്കല്‍ സുപ്രീംകോടതി വിലക്കിയ അമിത്ഷാ. അങ്ങനെയൊക്കെയുള്ള ക്രിമിനല്‍ കേസ് പ്രതിയെ ബി.ജെ.പി പ്രസിഡന്‍റാക്കി പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ വിളിച്ചുവരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പൂച്ചെണ്ടു നല്‍കി അനുമോദിക്കുന്നതും നാം കണ്ടു. സൊഹ്റാബുദ്ദീന്‍ കേസില്‍ ഏഴു കൊല്ലമായി ജയിലിലായിരുന്ന ഗുജറാത്ത് മുന്‍പൊലീസ് ഡയറക്ടര്‍ ജനറല്‍ വന്‍സാരക്ക് ജാമ്യം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. എന്തിന് വന്‍സാരയെ മാത്രം ഇനി അകത്തിടണമെന്നാണ് മുംബൈ കോടതി ചോദിച്ചത്. കൂട്ടുപ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍, എം.എന്‍ ദിനേശും രാജ്കുമാര്‍ പാണ്ഡ്യനും നേരത്തേതന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ആരോഗ്യ കാരണങ്ങളുടെയും മറ്റും പേരില്‍ നരോദാപാട്യ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മായാ കോട്നാനി, ഹിന്ദുത്വ ഭീകര ചെയ്തികളിലെ പങ്കാളിത്തത്തിന് അഴിക്കുള്ളിലായ സ്വാമി അസീമാനന്ദ, സന്യാസിനി പ്രജ്ഞാസിങ് എന്നിവര്‍ വന്‍സാരയെക്കാള്‍ ഭാഗ്യവാന്മാരോ ഭാഗ്യവതികളോ ആയി നേരത്തേ തന്നെ ജയിലിനു പുറത്തിറങ്ങുന്നത് നാം കണ്ടു. അങ്ങനെ പല രൂപത്തിലും ഭാവത്തിലുമുള്ള വിശുദ്ധ പശു/കാളകളെ ജനായത്തം പ്രസവിച്ചുകൊണ്ടിരിക്കുകയാണ്. യു.ആര്‍. അനന്തമൂര്‍ത്തി മരിച്ചതില്‍ ആഹ്ളാദപ്രകടനം നടത്താനും മറ്റും പാകത്തിലുള്ള വാനരാവതാരങ്ങള്‍ പേശീബലം വര്‍ധിപ്പിച്ചുവരുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ദേശീയ ന്യൂനപക്ഷ കമീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ നിയമജ്ഞനായ ഫാലി എസ്. നരിമാന്‍ നടത്തിയ പ്രഭാഷണം ഇങ്ങനെയായിരുന്നു: ‘ഹൈന്ദവതക്ക് സഹിഷ്ണുതയുടെ പാരമ്പര്യം നഷ്ടപ്പെടുകയാണ്. തങ്ങളെ അധികാരത്തിലേറ്റിയത് തങ്ങളുടെ വിശ്വാസമാണെന്ന് കുറേ ഹിന്ദുക്കള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. തലപ്പത്തുള്ളവര്‍ ഈ വിശ്വാസം ചോദ്യം ചെയ്യുന്നില്ല. ന്യൂനപക്ഷങ്ങളെ അടിക്കടി അധിക്ഷേപിക്കുന്നത് തടയാന്‍ കേന്ദ്രത്തിലെ ഭൂരിപക്ഷ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മതഭ്രാന്തന്മാരുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഹിന്ദു സഹിഷ്ണുത ദുര്‍ബലപ്പെടുന്നതിന്‍െറ തെളിവാണ്.’ അധ്യക്ഷത വഹിച്ച ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹിബത്തുല്ല പക്ഷേ, വിയോജിച്ചു. സബ്കേ സാത്, സബ്കേ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്) എന്നതാണ് മോദി സര്‍ക്കാറിന്‍െറ മുദ്രാവാക്യമെന്നായിരുന്നു വിശദീകരണം. മറ്റൊരു വിശുദ്ധ പശു എന്ന് ഉപസംഹരിക്കാം.

കല്യാണപ്പന്തലില്‍ കോമഡി; ദാമ്പത്യം ട്രാജഡി

Posted: 13 Sep 2014 06:46 PM PDT

Image: 
Subtitle: 
മംഗല്യം അഥവാ ധൂര്‍ത്തിന്‍െറ മാമാങ്കം-4

കോഴിക്കോട് കുടുംബകോടതിയുടെ മുന്നില്‍ നില്‍ക്കുന്ന 19കാരിയുടെ മുഖത്തുനിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ല ഭീതിയുടെ ആ രാത്രി. വിവാഹക്കുപ്പായത്തിന്‍െറ പശവടിവ് മായുന്നതിനു മുമ്പ് വിവാഹമോചനത്തിന് അപേക്ഷയുമായി കോടതി വരാന്ത കയറിയിറങ്ങുകയാണ് ഈ പെണ്‍കുട്ടി ഇപ്പോഴും.
വിവാഹം കഴിഞ്ഞ ദിവസം, പെണ്‍കുട്ടിയെ തൃശൂര്‍ പൂരത്തിനൊപ്പം നില്‍ക്കുന്ന വെടിക്കെട്ട് നടത്തിയാണ് വീട്ടുപടിക്കല്‍ വരന്‍െറ കൂട്ടുകാര്‍ വരവേറ്റത്.  സന്ധ്യ കഴിയുംവരെ കുഴപ്പമൊന്നുമില്ലായിരുന്നു. രാത്രി വരന്‍ മണിയറയില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് പെട്ടെന്ന് ഒരു സംഘം പ്രത്യക്ഷപ്പെട്ടു. ആണും പെണ്ണും അടങ്ങുന്ന സംഘം കാട്ടിക്കൂട്ടിയ വിക്രിയകള്‍ അസഹ്യമായിരുന്നു. നിമിഷനേരംകൊണ്ട് ആ വീട് യുദ്ധംകഴിഞ്ഞ പടപ്പറമ്പുപോലെയായി. സാധന സാമഗ്രികള്‍ തലകുത്തനെ മറിച്ചിട്ടു. മത്തെയില്‍ ടൊമാറ്റോ സോസ് കോരിയൊഴിച്ചു. ക്ളോക്കിന്‍െറ സമയം തെറ്റിച്ചു. വീട്ടിലെ തലമുതിര്‍ന്നവരുടെ എതിര്‍പ്പുകള്‍ പാഴ്വാക്കായി.
വരനെയും വധുവിനെയും മണിയറയില്‍ കയറാന്‍ അനുവദിക്കാതെ സംഘം കിടക്കയില്‍ കയറി കിടന്നു. പാട്ടും കൂത്തും ബഹളവുമായി. മദ്യപിച്ച് ലക്കുകെട്ടവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അപരിചിതമായ സാഹചര്യവും ഭയാനകമായ അന്തരീക്ഷവും കൂടിയായപ്പോള്‍ പെണ്‍കുട്ടിയുടെ സമനില തെറ്റിയ മട്ടിലായി. മണിയറയില്‍നിന്ന് പുറത്തുപോകാന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടത് വന്‍തുക. ഒടുവില്‍ കൈക്കൂലി കൊടുത്ത് കൂളിസംഘത്തെ പടികടത്തിവിട്ടപ്പോള്‍ പാതിരാത്രി കഴിഞ്ഞു. മുമ്പ് വരനടക്കമുള്ള കൂട്ടുകാര്‍ ചെയ്തുകൂട്ടിയ കോപ്രായങ്ങള്‍ക്ക് പലിശയടക്കം കിട്ടിയ പണിയായിരുന്നു അത്.
പേടിച്ചരണ്ട പെണ്‍കുട്ടിയെ അന്നു രാത്രിതന്നെ അവളുടെ വീട്ടില്‍ കൊണ്ടാക്കേണ്ടിവന്നു. ലക്ഷങ്ങള്‍ പൊടിച്ച് ആര്‍ഭാടത്തോടെ നടത്തിയ വിവാഹത്തിനു ശേഷം ഒരു രാത്രിപോലും ഒന്നിച്ചു കഴിയാത്ത ദമ്പതികള്‍ വിവാഹമോചനത്തിനായി കോടതിവിധി കാത്ത് നില്‍ക്കുകയാണിപ്പോള്‍.
ഇത്തരം നിരവധി കേസുകള്‍ കോടതിയിലത്തെിക്കൊണ്ടിരിക്കുന്നതായി വനിതാ കമീഷന്‍ അംഗവും വനിതാ ലീഗ് നേതാവുമായ അഡ്വ. നൂര്‍ബിന റഷീദ് പറയുന്നു. വിവാഹത്തില്‍ പങ്കെടുത്ത് വിഭവങ്ങളുടെ കേമത്തം പറയുന്നതല്ലാതെ വിവാഹശേഷം ഇവര്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ളെന്നും അവര്‍ പറയുന്നു.
ഗുജറാത്തില്‍നിന്ന് വന്ന് കേരളീയ പൊതുജീവിതത്തിന്‍െറ ഭാഗമായ ഒരു ജനവിഭാഗത്തിന്‍െറ വിവാഹരീതി വിചിത്രമാണ്. ആദ്യരാത്രി നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ ആയിരിക്കും. ഇതിനായി മാസങ്ങള്‍ക്കു മുമ്പുതന്നെ എ.സി സ്യൂട്ട് ബുക് ചെയ്തിരിക്കും. വരന്‍ ധരിച്ചിരിക്കുന്ന വിലകൂടിയ ചെരിപ്പ് അടിച്ചുമാറ്റിയാണ് ഇവിടെ കൂട്ടുകാരുടെ കലാപരിപാടികള്‍ അരങ്ങുതകര്‍ക്കുക. ചെരിപ്പ് തിരികെ കൊടുക്കണമെങ്കില്‍ ‘കൈക്കൂലി’ നിര്‍ബന്ധം. പറഞ്ഞ തുക കൊടുത്തില്ളെങ്കില്‍ ഹോട്ടല്‍ മുറിയില്‍നിന്നിറങ്ങില്ല. ഒടുവില്‍ സുഹൃത്തുക്കളെ പുറത്താക്കാന്‍ സെക്യൂരിറ്റിക്കാരെ വിളിക്കേണ്ട അവസ്ഥ പോലുമുണ്ടായതായി അനുഭവസ്ഥര്‍ പറയുന്നു.
വരനെ വിവാഹവേദിയിലേക്ക് ആനയിക്കുന്നതില്‍ പുതുമ തേടുന്നതാണ് ഇപ്പോള്‍ മലബാറിലെ ചെറുപ്പക്കാരുടെ പ്രധാന ഹോബി. കോഴിക്കോട് ജില്ലയിലെ വടക്കുകിഴക്കന്‍ മേഖലയിലെ ഒരു ഗ്രാമത്തില്‍ വരന്‍ വിവാഹപ്പന്തലിലേക്കു വന്നത് കഴുതയുടെ പുറത്തുകയറിയാണ്. ഇവിടെങ്ങും കഴുതയെ കിട്ടാത്തതിനാല്‍ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്നതാണ്. കണ്ടുനില്‍ക്കുന്നവരില്‍ അറപ്പും വെറുപ്പുമുണ്ടാക്കുന്ന കോമാളിത്തരത്തിലൂടെയാണ് ഇപ്പോള്‍ വരന്മാര്‍ വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പെട്ടി ഓട്ടോയില്‍ കയറി കല്യാണപ്പന്തലില്‍ വന്നിറങ്ങിയ വിദ്വാനെ തോല്‍പിച്ചത് ജെ.സി.ബി വാടകക്ക് വിളിച്ച് അതിന്‍െറ മുന്നില്‍ കയറിനിന്ന് വിവാഹപ്പന്തലിലിറങ്ങിയ വിരുതനാണ്. നവവരനും കൂട്ടുകാരും ഒരേ നിറത്തിലുള്ള പോളിയസ്റ്റര്‍ ലുങ്കിയുടുത്തുവന്നാണ് ഒരു വിവാഹത്തിന് നാട്ടുകാരെ ഞെട്ടിച്ചത്. വരന്‍െറയും വധുവിന്‍െറയും തലയില്‍ പാളത്തൊപ്പി ധരിപ്പിച്ച് കാളവണ്ടിയില്‍ ആനയിച്ച സംഭവംവരെ ഉണ്ടായിട്ടുണ്ട്.
കോഴിക്കോട് കടപ്പുറത്ത് കുട്ടികള്‍ക്ക് കൗതുകയാത്ര നടത്താനായി കൊണ്ടുവന്ന രണ്ട് ഒട്ടകങ്ങള്‍ ഇപ്പോള്‍ വരന്മാരെ ചുമക്കേണ്ട ഗതികേടിലാണ്. കല്യാണദിവസങ്ങളില്‍ ഒട്ടകങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണെന്ന് സവാരി നടത്തിപ്പുകാര്‍ പറയുന്നു.
വരന് സഞ്ചരിക്കാന്‍ പ്രത്യേകം കുതിരയെ സജ്ജമാക്കുന്നത് ഇടുക്കിക്കാര്‍ക്കിടയില്‍ പതിവായിട്ടുണ്ട്. തൊടുപുഴക്ക് സമീപം വിവാഹാവശ്യത്തിന് സ്ഥിരമായി കുതിരയെ വാടകക്ക് നല്‍കുന്നവരുണ്ട്. വന്‍തുക മുടക്കി കുതിരസവാരിക്കാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും മുഹൂര്‍ത്തമായപ്പോള്‍ കുതിര ഇടഞ്ഞതും വരന്‍െറ വീട്ടുകാര്‍ മുടക്കിയ തുകയത്രയും വെള്ളത്തിലായതും അടുത്തിടെ ജില്ലയിലെ ഒരു വിവാഹവീട്ടില്‍നിന്ന് കേട്ട കൗതുകവാര്‍ത്ത.
വിവാഹജീവിതത്തിലേക്ക് കോമാളികളായി വന്നുകയറുന്നവരുടെ ദാമ്പത്യം പിന്നീട് ട്രാജഡിയായി പര്യവസാനിക്കുന്നതിന് കോടതിമുറ്റങ്ങള്‍ ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നു.
കല്യാണത്തിന് വരന്‍െറ സുഹൃത്തുക്കളൊപ്പിക്കുന്ന നിര്‍ദോഷകരമായ തമാശകള്‍ പ്രോത്സാഹിപ്പിച്ചതിന്‍െറ ദുരന്തം ഏറെയനുഭവിച്ചവരാണ് കണ്ണൂരുകാര്‍. തമാശകള്‍ അതിരു കടന്നപ്പോള്‍ കല്യാണവീട്ടില്‍ കണ്ണീരു വീണു. സൗഹൃദസംഘങ്ങള്‍ കാട്ടിക്കൂട്ടിയ കോമാളിത്തരങ്ങള്‍ക്കിടയില്‍ ബന്ധങ്ങള്‍ക്ക് ആഴത്തില്‍ മുറിവേറ്റു. മണിയറക്കു പുറത്ത് പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും കല്യാണരാത്രി കുളമാക്കുന്ന സുഹൃത്തുക്കള്‍ ധര്‍മടത്തെ ഒരു വീട്ടില്‍ കാട്ടിക്കൂട്ടിയത് ദമ്പതികള്‍ ജീവിതത്തിലൊരിക്കലും മറക്കില്ല. ആദ്യരാത്രിയില്‍ മകനെയും വധുവിനെയും ചാണകവെള്ളത്തില്‍ കുളിപ്പിച്ച കൂട്ടുകാരില്‍ പ്രധാനിയെ കരണത്തടിച്ചാണ് ഗൃഹനാഥന്‍ പറഞ്ഞുവിട്ടത്.
കേക്കു മുറിക്കാനുള്ള കൂട്ടുകാരുടെ ആവശ്യം ചക്കരക്കല്‍ പൊതുവാച്ചേരിയില്‍ ചേരിതിരിഞ്ഞുള്ള കൂട്ടത്തല്ലിനു കാരണമായിട്ടുണ്ട്. വരന്‍െറയും വധുവിന്‍െറയും പേരെഴുതിയ വലിയ കേക്ക് ചുമന്നാണ് കൂട്ടുകാര്‍ വീട്ടിലത്തെിയത്. നികാഹ് കഴിഞ്ഞ് താലികെട്ടുന്നതിന് അകത്തേക്കു പോവുന്നതിനു മുമ്പ് വരനും വധുവും ചേര്‍ന്ന് കേക്കു മുറിക്കണമെന്നായിരുന്നു കൂട്ടുകാരുടെ ആവശ്യം. യാഥാസ്ഥിതികരായ വധുവിന്‍െറ ബന്ധുക്കള്‍ അതിന് തയാറായില്ല. കേക്കു മുറിക്കാതെ വരനെ അകത്തേക്കു വിടില്ളെന്നായി കൂട്ടുകാര്‍. അതോടെ കല്യാണവീട് കലാപകേന്ദ്രമായി. വാക്കേറ്റം അടിപിടിയിലത്തെിയതോടെ വധുവിന്‍െറ ഒരു ബന്ധു കേക്കെടുത്ത് വരന്‍െറ തലക്കടിച്ചു. നാട്ടുകാര്‍ പണിപ്പെട്ട് അടിപിടി നിര്‍ത്തിച്ച് മധ്യസ്ഥചര്‍ച്ചക്കു ശേഷമാണ് വധുവിനെ വരനൊപ്പം അയച്ചത്.
(തുടരും)
തയാറാക്കിയത്:
കെ.എ. സൈഫുദ്ദീന്‍, പി.പി. കബീര്‍,
വൈ. ബഷീര്‍

ആഴ്സനല്‍–സിറ്റി സമനില

Posted: 13 Sep 2014 01:00 PM PDT

Image: 
Subtitle: 
ആഴ്സനല്‍ 2-മാഞ്ചസ്റ്റര്‍ സിറ്റി 2

ലണ്ടന്‍: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനല്‍-മാഞ്ചസ്റ്റര്‍ സിറ്റി അങ്കം 2-2ന് സമനിലയില്‍. സെര്‍ജിയോ അഗ്യൂറോയിലൂടെ 28ാം മിനിറ്റില്‍ മാഞ്ചസ്റ്ററാണ് ലീഡ് നേടിയത്. 63ാം മിനിറ്റില്‍  ജാക് വില്‍ഷേര്‍ ഗണ്ണേഴ്സിനായി തിരിച്ചടിച്ചു. 74ാം മിനിറ്റില്‍ അലക്സി സാഞ്ചസ് ആഴ്സനലിന്‍െറ ലീഡ് നേടി. എന്നാല്‍, 83ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഡെമിഷലിസിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി സമനില പിടിച്ചു.
 ലീഗില്‍ സിറ്റിക്ക് നാലു കളികളില്‍നിന്ന് ഏഴും ആഴ്സനലിന് ആറും പോയന്‍റുണ്ട്. ആഴ്സനലിന്‍െറ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നത്തെിയ ഡാനി വെല്‍ബെക്ക് ആദ്യമായി പന്തുതട്ടാനിറങ്ങി. മാഞ്ചസ്റ്റര്‍ സിറ്റി നിരയില്‍ ഫ്രാങ്ക് ലാംപാര്‍ഡും കന്നിയങ്കത്തിനിറങ്ങി. എന്നാല്‍, രാജ്യത്തിന് വേണ്ടി കളിക്കാന്‍ പോയ യായ ടൂറെ സിറ്റിയുടെ നിരയിലുണ്ടായിരുന്നില്ല. സ്റ്റീവന്‍ ജൊവറ്റിചിന് പരിക്കായതിനാല്‍ അഗ്യൂറോയെ ഏക സ്ട്രൈക്കറാക്കിയാണ് മാനുവല്‍ പെല്ളെഗ്രിനി ടീമിനെ അണിയിച്ചൊരുക്കിയത്.
ആദ്യ മിനിറ്റുകളില്‍ ഇരുടീമുകളും കരുതലോടെയാണ് പന്തുതട്ടിയത്. ആക്രമണങ്ങളെ പ്രതിരോധദുര്‍ഗം തീര്‍ത്ത് പരസ്പരം പോരടിക്കുന്ന രീതിയായിരുന്നു. ആറാം മിനിറ്റില്‍ ആറോണ്‍ റാംസിയുമായി ചേര്‍ന്ന് ആഴ്സനലിന്‍െറ അലക്സി സാഞ്ചസ് മികച്ചൊരു നീക്കം നടത്തിയെങ്കിലും മാഞ്ചസ്റ്റര്‍ ഗോളി ജോ ഹാര്‍ട്ട് പന്ത് കൈയിലൊതുക്കി. 10 മിനിറ്റിന് ശേഷം ആഴ്സനല്‍ മൈതാനം നിറഞ്ഞുകളിക്കാന്‍ തുടങ്ങി.
 13ാം മിനിറ്റില്‍ വെല്‍ബെക്കിന്‍െറ പ്രതിഭാസ്പര്‍ശം കണ്ടു. കഴിഞ്ഞദിവസം ഇംഗ്ളണ്ടിന് വേണ്ടി യൂറോ യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ താരത്തിന് പക്ഷേ, മാഞ്ചസ്റ്റര്‍ വലകുലുക്കാനായില്ല. പന്ത് എതിര്‍ഗോളിയുടെ തലക്കുമുകളിലൂടെ വെല്‍ബെക്ക് ചിപ് ചെയ്തത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഗോളി ജോഹാര്‍ട്ടിന് റീബൗണ്ട് ചെയ്തുവന്ന പന്ത് പിടിച്ചെടുക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല.
മിഡ്ഫീല്‍ഡില്‍ സിറ്റി തീര്‍ത്തും പരാജയമായ നിമിഷങ്ങളായിരുന്നു ആദ്യ പകുതിയില്‍. നിറംമങ്ങിയ ലാംപാര്‍ഡിന് 22ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡും കിട്ടി. റാംസിയെ ഫൗള്‍ ചെയ്തതിനാണ് ശിക്ഷ. പിന്നാലെ പാബ്ളോ സബലേറ്റക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
പിന്നീട് മാഞ്ചസ്റ്ററിന്‍െറ തകര്‍പ്പന്‍ മുന്നേറ്റം. ഉണര്‍ന്നു കളിച്ച ലാംപാര്‍ഡ് ജെയിംസ് മില്‍നറിന് കൈമാറിയ പന്ത് മില്‍നര്‍ അഗ്യൂറോയുടെ സഹായത്താല്‍ തൊടുത്തുവിട്ടെങ്കിലും വലയിലത്തെിയില്ല. പിന്നീടാണ് 28ാം മിനിറ്റില്‍ യഥാര്‍ഥ ഗോള്‍ പിറന്നത്. എതിര്‍പ്രതിരോധത്തില്‍നിന്ന് അതിവിദഗ്ധമായി തട്ടിയെടുത്ത പന്ത് അഗ്യൂറോ സഹതാരമായ ജീസസ് നവാസിന് കൈമാറി. നവാസ് അഗ്യൂറോക്ക് തിരിച്ചുകൊടുത്ത പന്ത് എതിര്‍ഗോളി വോയ്സീഷ് സെസ്നിയെ മറികടന്ന് വലയിലത്തൊന്‍ വലിയ താമസമുണ്ടായില്ല. പ്രീമിയര്‍ ലീഗില്‍ കളിച്ച 11എവേ മത്സരങ്ങളില്‍ ഒമ്പതാം തവണയാണ് അഗ്യൂറോ ലക്ഷ്യം കാണുന്നത്.
ലീഡ് നേടിയതോടെ സന്ദര്‍ശകര്‍ക്ക് ആവേശം കൂടി. ഡേവിഡ് സില്‍വയുടെ ഷോട്ട് ആഴ്സനല്‍ ഗോളി തടുത്തിട്ടു. ആദ്യപാതിയുടെ അന്ത്യനിമിഷങ്ങളില്‍ സിറ്റി ആക്രമണം കൊഴുപ്പിച്ചെങ്കിലും കൂടുതല്‍ ഗോള്‍ വീണില്ല.
രണ്ടാം പാതിയില്‍ പ്രതീക്ഷിച്ചപോലെ ലാംപാര്‍ഡിനെ കോച്ച് കരക്കിരുത്തി. മുന്‍ ആഴ്സനല്‍ താരം കൂടിയായ സമീര്‍ നസ്റി പകരമിറങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പന്ത് ഏറെ നേരവും കൈവശംവെച്ചത് സിറ്റിയായിരുന്നു. എന്നാല്‍, ഗണ്ണേഴ്സ് വിട്ടുകൊടുക്കാന്‍ തയാറായില്ല. ജാക് വില്‍ഷേറിന്‍െറ തകര്‍പ്പന്‍ ഗോളില്‍ ആതിഥേയര്‍ സമനില പിടിച്ചു. റാംസെയുമായി ചേര്‍ന്ന് എത്തിച്ച പന്ത് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍വലയുടെ മോന്തായത്ത് പതിച്ചപ്പോള്‍ എമിറേറ്റ്സ് സ്റ്റേഡിയം ആവേശംകൊണ്ട് കുലുങ്ങി.
74ാം മിനിറ്റില്‍ ആവേശം ഇരട്ടിച്ചു. പീരങ്കിപ്പടയുടെ തുളഞ്ഞുകയറുന്ന ഗോളാണ് അലക്സി സാഞ്ചസിലൂടെ പിറന്നത്. റാംസെയുടെ ക്രോസ് മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ വിന്‍സന്‍റ് കൊംപാനി ഹെഡ് ചെയ്ത് അകറ്റിയെങ്കിലും വില്‍ഷേര്‍ സിറ്റിയുടെ ബോക്സിലേക്ക് പന്ത് തിരിച്ചുവിട്ടു.
 സബലേറ്റയുടെ തലക്കുമുകളിലൂടെ എത്തിയ പന്ത് വോളിയിലൂടെ സാഞ്ചസ് ലക്ഷ്യത്തിലത്തെിച്ചു. സ്കോര്‍: ആഴ്സനല്‍ 2 മാഞ്ചസ്റ്റര്‍ സിറ്റി 1.
83ാം മിനിറ്റില്‍ ഡെമിഷലിസ് സമനില പിടിച്ചു. അലക്സാണ്ടര്‍ കൊളാറോവിന്‍െറ കോര്‍ണര്‍കിക് കനത്ത ഹെഡറിലൂടെ അര്‍ജന്‍റീന താരം ആഴ്സനല്‍ വലയിലേക്ക് പായിക്കുകയായിരുന്നു.
 ആറു മിനിറ്റ് നീണ്ട ഇഞ്ചുറി സമയത്ത് ഒരുഗോളുകൂടി നേടാന്‍ ഇരുകൂട്ടരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
 

കോസ്റ്റക്ക് ഹാട്രിക്; ചെല്‍സിക്ക് ജയം

Posted: 13 Sep 2014 12:58 PM PDT

Image: 

ലണ്ടന്‍: തകര്‍പ്പന്‍ ഫോം തുടരുന്ന ഡീഗോ കോസ്റ്റയുടെ ഹാട്രിക് മികവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സി സിറ്റിക്കെതിരെ ചെല്‍സിക്ക് അത്യുഗ്രന്‍ ജയം. 4-2നാണ് ചെല്‍സി ജയിച്ചുകയറിയത്. 45, 56, 67 മിനിറ്റുകളിലായിരുന്നു കോസ്റ്റയുടെ ഗോളുകള്‍. ലീഗില്‍ കോസ്റ്റയുടെ തുടര്‍ച്ചയായ ആറാം ഗോളാണിത്. ലോയ്ച് റെമി 81ാം മിനിറ്റില്‍ ചെല്‍സിയുടെ പട്ടിക തികച്ചു. 86ാം മിനിറ്റില്‍ ജോന്‍ജോ ഷെല്‍വി  സ്വാന്‍സിസിറ്റിയുടെ രണ്ടാം ഗോള്‍ നേടി. ചെല്‍സിയുടെ ജോണ്‍ ടെറിയുടെ സെല്‍ഫ് ഗോളിലൂടെ സ്വാന്‍സി സിറ്റിയാണ് ലീഡ് നേടിയത്. എന്നാല്‍, നീലപ്പടയുടെ ആക്രമണമികവിന് മുന്നില്‍ എതിരാളികള്‍ പിന്നീട് നിലംപരിശായി. നാല് കളികളില്‍നിന്ന് 12 പോയന്‍റുമായി ചെല്‍സി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പോയന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ടീമുകളുടെ പോരാട്ടത്തില്‍ ഒന്നാം പകുതിയുടെ അന്ത്യനിമിഷത്തിലാണ് കോസ്റ്റ ആദ്യം വെടിപൊട്ടിച്ചത്. സെസ്ക് ഫാബ്രിഗസിന്‍െറ കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്താണ് കോസ്റ്റ ഗോളടിച്ചത്. 56ാം മിനിറ്റില്‍ അതിലും മനോഹരമായ ഗോള്‍. വീണ്ടും സഹായമേകിയത് നാട്ടുകാരനായ ഫാബ്രിഗസ് തന്നെ. ഏദന്‍ ഹസാര്‍ഡുമായി ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിന് ശേഷമാണ് ഫാബ്രിഗസ് കോസ്റ്റക്ക് പന്ത് കൊടുത്തത്. അപാരഫോമിലുള്ള കോസ്റ്റ പിഴക്കാതെ പന്ത് വലയിലത്തെിച്ചു. 67ാം മിനിറ്റില്‍ റാമിറസായിരുന്നു ഹാട്രിക് ഗോളിന് സഹായം നല്‍കിയത്.
ഓസ്കാറിന്‍െറ മനോഹരമായ പാസില്‍നിന്നാണ് ഫ്രഞ്ച് താരം ലോയ്ച് റെമി പട്ടിക പൂര്‍ത്തിയാക്കിയത്. മറ്റു മത്സരങ്ങളില്‍ സതാംപ്ടണ്‍ 4-0ത്തിന് ന്യൂകാസിലിനെയും ലിസസ്റ്റര്‍ ഷെയര്‍ 1-0ത്തിന് സ്റ്റോക് സിറ്റിയെയും എവര്‍ട്ടണ്‍ 2-0ത്തിന് വെസ്റ്റ് ബ്രോംവിച്ചിനെയും തോല്‍പിച്ചു. സണ്ടര്‍ലന്‍ഡ്-ടോട്ടന്‍ഹാം മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP