സ്വാഗതം
WELCOME

News Update..

Wednesday, February 19, 2014

നെന്മാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം Madhyamam News Feeds

നെന്മാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം Madhyamam News Feeds

Link to

നെന്മാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

Posted: 19 Feb 2014 01:14 AM PST

Subtitle: 
കുടിവെള്ള പദ്ധതികള്‍ മുടങ്ങി

നെന്മാറ: കുടിവെള്ള പദ്ധതികള്‍ പലതും മുടങ്ങിയതോടെ ഉള്‍നാടന്‍ പ്രദേശങ്ങളായ കണിമംഗലം, പഴയഗ്രാമം, വക്കാവ് എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി.
നെന്മാറ ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും പോത്തുണ്ടി ശുദ്ധജല പദ്ധതിയില്‍നിന്നുള്ള വെള്ളം എത്താതായതും പ്രശ്നം സൃഷ്ടിച്ചു. വക്കാവില്‍ ജലനിധിയില്‍നിന്നുള്ള വെള്ളമാണ് ഏറെക്കാലം ഉപയോഗിച്ചിരുന്നത്. എന്നാല്‍, ജലസംഭരണി കേടു വന്നതോടെ വിതരണം മുടങ്ങി. പിന്നീട് പൊതുകിണര്‍ നന്നാക്കി നാട്ടുകാര്‍ മോട്ടോര്‍ ഉപയോഗിച്ച് ജലം ശേഖരിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി മോട്ടോര്‍ തകരാറിലാണ്. ആരും മുന്‍കൈ എടുക്കാത്തത് മൂലം വെള്ളം ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ അകലെയുള്ള പോത്തുണ്ടി കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ടാപ്പില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
കണിമംഗലം, പഴയഗ്രാമം, ഏന്തന്‍പാത എന്നിവിടങ്ങളില്‍ വയലുകള്‍ക്കിടയില്‍ കിണര്‍ കുഴിച്ച്, കാറ്റാടിയന്ത്രം സ്ഥാപിച്ച് വെള്ളം വലിച്ചെടുത്ത് ടാപ്പുകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതി നെന്മാറ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചത് 1999ലായിരുന്നു. ഇതിന് എട്ട് ലക്ഷം രൂപയോളം അനുവദിക്കുകയും ചെയ്തിരുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ പദ്ധതി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നിശ്ചലമായി. നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍ പരിപാലനത്തിന് ചെലവായതോടെ പദ്ധതി ഉപേക്ഷിച്ചു.
പള്ളിപ്പാടത്തിനടുത്ത്, വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കുടിവെള്ള പദ്ധതിയും മുടങ്ങി. കുഴല്‍ കിണറില്‍നിന്നുള്ള വെള്ളമാണ് പള്ളിപ്പാടം, നെല്ലിപ്പാടം പ്രദേശങ്ങളിലെ കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഒരു വര്‍ഷം മുമ്പ് മോട്ടോര്‍ തകരാറിലായതോടെ പമ്പിങ് നടത്താന്‍ കഴിയാതെയായി. പിന്നീട് മോട്ടോര്‍ നന്നാക്കിയെങ്കിലും ഫലപ്രദമായില്ല.
ഇടിയംപൊറ്റ പ്രദേശത്തെ എണ്‍പതോളം കുടുംബങ്ങള്‍ ആശ്രയിച്ചുപോന്ന കുടിവെള്ള പദ്ധതിയും തകരാറിലാണ്. പഞ്ചായത്തധികൃതരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിവരമറിയിച്ചിട്ടുണ്ടെങ്കിലും നെന്മാറ ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം കുടിവെള്ള പദ്ധതികളും നവീകരിച്ചിട്ടില്ല.
വേനലില്‍ രൂക്ഷമായ ജലക്ഷാമത്തിന് ഇത് വഴിവെക്കുമെന്ന് ആശങ്കയുണ്ട്.
 

വി.എസിന്‍െറ കത്തുപയോഗിച്ച് പാര്‍ട്ടിയെ വേട്ടയാടാന്‍ ശ്രമം –പിണറായി

Posted: 19 Feb 2014 01:04 AM PST

എടപ്പാള്‍: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന് അയച്ച കത്ത് പാര്‍ട്ടിയെ വേട്ടയാടുന്നവര്‍ ആയുധമായി ഉപയോഗിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
എടപ്പാളില്‍ കേരളരക്ഷാമാര്‍ച്ചിന് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിന്‍േറത് തെറ്റായ നടപടിയാണെന്ന് വ്യക്തമാക്കിയ പിണറായി ജനവികാരം എതിരാണെന്ന് മനസിലാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ചന്ദ്രശേഖരന്‍ കേസിലെ പുതിയ സി.ബി.ഐ അന്വേഷണമെന്നും ആരോപിച്ചു.
എല്ലാ വിഭാഗവും സര്‍ക്കാറിനെതിരായതോടെ അവയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടല്‍ യു.ഡി.എഫിന് ആവശ്യമായി വന്നിരിക്കുന്നു.
അതിനുള്ള എളുപ്പമാര്‍ഗം സി.പി.എമ്മിനെ വേട്ടയാടലാണ്. അപ്പോള്‍ എല്ലാ സി.പി.എം വിരുദ്ധശക്തികളും അതില്‍ കക്ഷിചേരും. ചില മാധ്യമങ്ങള്‍ കൈമെയ് മറന്ന് രംഗത്തുവരും. അതിലൂടെ ഗൂഢാലോചന മെനയുകയാണ്. അതിനുള്ള ആയുധമാണ് ചന്ദ്രശേഖരന്‍ വധം. കോടതിവിധിയോടെ സി.പി.എം കുറ്റവിമുക്തരാക്കപ്പെട്ടെങ്കിലും തങ്ങള്‍ ആഗ്രഹിക്കുന്ന  കാര്യങ്ങള്‍ നടക്കുന്നതുവരെ അന്വേഷണം നടക്കണമെന്നാണ് യു.ഡി.എഫ് കരുതുന്നത്. വല്ലാതെ കോപ്പുകൂട്ടി ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊന്നും പാര്‍ട്ടിയെ ഒരു ചുക്കുംചെയ്യാനാകില്ല.
രാജ്യത്ത് കോണ്‍ഗ്രസ്, ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപം കൊള്ളാനുള്ള സാധ്യത അതിവേഗം വളര്‍ന്നുവരികയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.
പുതുതായി നിലവില്‍ വന്ന 11 പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ നാല് കക്ഷികള്‍ സംസ്ഥാനങ്ങളിലെ ഭരണകര്‍ത്താക്കളാണ്. ഇനിയും അനേകം പാര്‍ട്ടികള്‍ കടന്നുവരും. ഇടത്-മതനിരപേക്ഷ കൂട്ടുകെട്ടാകും അധികാരത്തിലെത്തുക. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വിഭാഗങ്ങളും മോദിയെ അംഗീകരിക്കില്ല എന്നിരിക്കെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. മോദിയെ നേതാവായി വാഴിച്ചതോടെ ബി.ജെ.പി മുന്നണിയില്‍ നിന്ന് പാര്‍ട്ടികള്‍ കൊഴിഞ്ഞു പോകുന്നതാണ് കണ്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടക്കം പോലും തികക്കില്ല.
കേരളത്തില്‍ ഭൂരിപക്ഷം ജനവിഭാഗവും എല്‍.ഡി.എഫിനൊപ്പമാണ്.  
നേരത്തെ യു.ഡി.എഫിന് ഒപ്പം നിന്നിരുന്നവര്‍ അവരുടെ ഭരണം ആസ്വദിച്ച് തുടങ്ങിയതോടെ എല്‍.ഡി.എഫിനൊപ്പമായി. അതിരൂക്ഷമായ വിമര്‍ശമാണ് സാമൂഹികശക്തികളില്‍ നിന്ന് യു.ഡി.എഫ് നേരിടുന്നത്. എല്‍.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസകരമായ നടപടികളുണ്ടായിരുന്നു. രമയുടെ നിരാഹാരം യു.ഡി.എഫ് തീരുമാനമനുസരിച്ചായിരുന്നു.
എന്നാല്‍ സി.ബി.ഐ അന്വേഷണം തീരുമാനിക്കാന്‍ മന്ത്രിസഭക്കാകില്ലെന്ന് വിദഗ്ധാഭിപ്രായം ലഭിച്ചു.
അതോടെ ജാള്യതയിലായ കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കാനാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധമാണെന്ന പാര്‍ട്ടി നിലപാടില്‍ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പൊതുസമ്മേളനത്തില്‍ പി. ജ്യോതിഭാസ് അധ്യക്ഷത വഹിച്ചു. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, എ. വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു. സി. രാമകൃഷ്ണന്‍ സ്വാഗതവും വി.വി. ഗോപിനാഥ് നന്ദിയും പറഞ്ഞു.

മാലിന്യസംസ്കരണത്തിനും കുടിവെള്ളത്തിനും ഊന്നല്‍

Posted: 19 Feb 2014 12:48 AM PST

Subtitle: 
ഭൂരിഭാഗം പദ്ധതികളും കഴിഞ്ഞ ബജറ്റിലെ ആവര്‍ത്തനം

കൊടുങ്ങല്ലൂര്‍: മാലിന്യസംസ്കരണം, കുടിവെള്ളം  എന്നിവക്ക് മുന്‍തൂക്കം നല്‍കി കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചു. 55,15,13,093 രൂപ വരവും 53,82,58,100 ചെലവും 1,32,54,993 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്  ബജറ്റ്.
മുസ്രിസ് പദ്ധതി, ആര്‍ട്ട് ഗാലറി സ്ഥാപിക്കല്‍, മത്സ്യനഗരം പദ്ധതി തുടങ്ങിയ യാഥാര്‍ഥ്യമാക്കാനും തുക നീക്കിവെച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ഭൂരിഭാഗം പദ്ധതികളും കഴിഞ്ഞവര്‍ഷ ബജറ്റിന്‍െറ ആവര്‍ത്തനമാണ്. നടപ്പാക്കിയ വികസന പ്രോജക്ടുകളുടെ തുടര്‍ച്ചയും ബജറ്റ് പറയുന്നുണ്ട്.
 തീരദേശ റോഡുകളുടെ   പ്രാരംഭ പ്രവൃത്തികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. ഭാരിച്ച പദ്ധതികളായതിനാല്‍ യു.ഐ.ഡി.എസ്.എം.ടിയില്‍ പദ്ധതി ഉള്‍പ്പെടുത്തുന്നത് പരിശോധിച്ചുവരുകയാണ്. മാലിന്യ പ്രശ്ന പരിഹാരത്തിന് മുഴുവന്‍ ആവശ്യക്കാര്‍ക്കും ഉപാധികള്‍ വിതരണം ചെയ്യാനുള്ള പദ്ധതി ശുചിത്വമിഷന് സമര്‍പ്പിച്ചിട്ടുണ്ട്. പ്ളാസ്റ്റിക് മാലിന്യം നിയന്ത്രിക്കാനുള്ള പദ്ധതിയും സമര്‍പ്പിച്ചു.
 കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ ആവശ്യമായ മുഴുവന്‍ ഇടങ്ങളിലും വാട്ടര്‍ലൈന്‍ സ്ഥാപിക്കാന്‍ പണം വകയിരുത്തും. സ്ട്രീറ്റ് ലൈറ്റ് സംവിധാനം കാര്യക്ഷമമാക്കും. മത്സ്യനഗരം പദ്ധതി നടപ്പാക്കാനാകുമെന്ന് ബജറ്റ് പ്രത്യാശിക്കുന്നു. സാമൂഹിക വനവത്കരണം കൂടുതല്‍ വ്യാപിപ്പിക്കും. 2013-14 വര്‍ഷ ബജറ്റില്‍ പരാമര്‍ശിച്ച നഗരസഭ പാര്‍ക്ക് പരിഷ്കരണം, ആര്‍ട്ട് ഗാലറി സ്ഥാപിക്കല്‍ താമസിയാതെ നടപ്പാക്കും. ഇത് എം.എല്‍.എയുടെ ശ്രമഫലമായി 2014-15 വര്‍ഷ സംസ്ഥാന ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.  നഗരസഭ സ്ഥലത്ത് നിര്‍മാണം നടക്കുന്ന മുസ്രിസ് പദ്ധതിയുടെ ഭാഗമായ അറൈവല്‍ സെന്‍ററും ബസ് സ്റ്റാന്‍ഡും ഈ വര്‍ഷം   പ്രവര്‍ത്തന സജ്ജമാകും. കഴിഞ്ഞതിന്‍െറ ആവര്‍ത്തനമായി  ആധുനിക സൗകര്യങ്ങളുള്ള നഗരസഭ മന്ദിരം നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ പ്രധാന സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ്, വണ്ടിപ്പേട്ട, ചന്തപ്പുര ബസ് സ്റ്റാന്‍ഡ് പരിഷ്കരണം, ആധുനിക അറവുശാല, ടൗണ്‍ഹാള്‍ പുതുക്കല്‍, മത്തേല കമ്യൂണിറ്റി ഹാള്‍ പുതുക്കി പണിയല്‍, അങ്കണവാടികള്‍ക്ക് കെട്ടിടം, കോട്ടപ്പുറം ലൈബ്രറി, ആശാന്‍ സ്മാരക ലൈബ്രറി കെട്ടിടങ്ങള്‍ പൊളിച്ചുപണിയല്‍, മത്തേല ഗ്രാമീണ വിപണന കേന്ദ്രം ടോയ്ലറ്റ് സമുച്ചയം, ചന്തപ്പുര ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരണം തുടങ്ങിയ വിവിധ വികസന സംരംഭങ്ങളും ബജറ്റ് വിഭാവനം ചെയ്യുന്നു. ചെയര്‍പേഴ്സണ്‍ കെ.ബി. മഹേശ്വരി അധ്യക്ഷത വഹിച്ചു. ബജറ്റ് ചര്‍ച്ച വ്യാഴാഴ്ച രാവിലെ 11ന് നടക്കും.
 

പരസ്യ പ്രസ്താവന പാടില്ല, പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുത് -വി.എം സുധീരന്‍

Posted: 19 Feb 2014 12:00 AM PST

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി. പ്രസിഡന്‍്റ് വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ഡി.സി.സിയിലെ പ്രശ്നത്തില്‍ നടപടി വേണ്ട. ഘടകകക്ഷികളുടെ സീറ്റ് ആവശ്യം മുന്നണിയില്‍ പറയണമെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ആമുഖ പ്രസംഗത്തിലാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്. സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള ആദ്യയോഗമാണ് ഇന്ന് നടന്നത്.

മുസ്ലിംകള്‍ക്കും ദത്തെടുക്കാന്‍ അവകാശം -സുപ്രീംകോടതി

Posted: 18 Feb 2014 11:49 PM PST

Image: 

ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കും കുട്ടികളെ ദത്തെടുക്കാമെന്നും മുസ്ലിം വ്യക്തി നിയമം ഇതിന് തടസമല്ളെന്നും  സുപ്രീംകോടതി. രാജ്യത്ത് ഏകസിവില്‍ കോഡ് നിലവില്‍ വരുന്നതു വരെ  വ്യക്തിനിയമത്തേക്കാള്‍ നിലവിലുള്ള നിയമങ്ങള്‍ക്കാണ് പ്രാധാന്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുസ്ലിം വ്യക്തിനിയമപ്രകാരം മുസ്ലിംകള്‍ക്ക് ദത്തെടുക്കാന്‍ അവകാശമില്ല. ഇതാണ് സുപ്രധാനവിധിയിലൂടെ കോടതി തിരുത്തിയിരിക്കുന്നത്.
ദത്തെടുക്കാനുള്ള അവകാശം നിയമപ്രകാരം എല്ലാ പൗരന്‍മാര്‍ക്കും  ഉറപ്പുനല്‍കിയിട്ടുള്ളത്. വ്യക്തി നിയമപ്രകാരം ഈ അവകാശത്തെ നിഷ്ഫലമാക്കാന്‍ കഴിയില്ല.
അതേസമയം, ദത്തെടുക്കല്‍  മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ളെന്നും കോടതി വ്യക്തമാക്കി.
ദത്തെടുക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് എട്ടു വര്‍ഷം മുമ്പ് സാമൂഹ്യപ്രവര്‍ത്തകയായ ശബ്നം ഹാഷ്മി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് പരമോന്നത കോടതിയുടെ വിധി.

ലഹരി മാഫിയ അഴിഞ്ഞാടുന്നു

Posted: 18 Feb 2014 11:32 PM PST

Subtitle: 
നിരപരാധികള്‍ക്ക് നേരെ വ്യാപക ആക്രമണം

കൊച്ചി: ജില്ലയില്‍ പലയിടത്തും ലഹരി വില്‍പനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ ലഹരി മാഫിയ പ്രകോപിതരാകുന്നു.  തങ്ങളെ ഒറ്റിക്കൊടുക്കുന്നവരെന്ന് സംശയിച്ച്  കാമ്പസുകളില്‍ നിരപരാധികള്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ് മാഫിയ സംഘം.കഴിഞ്ഞ ദിവസം ഇടക്കൊച്ചിയില്‍ യുവാവ് ആക്രമണത്തിനിരയായതിനു പിന്നാലെ കളമശേരിയില്‍  പ്ളസ് ടു വിദ്യാര്‍ഥിയും സംഘത്തിന്‍െറ മര്‍ദനത്തിനിരയായി.  
രണ്ടാഴ്ച മുമ്പ്് മഹാരാജാസ് കോളജില്‍ ലഹരി മാഫിയ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥിയെ മര്‍ദിച്ചിരുന്നു.അടുത്തകാലത്ത് ലഹരിവില്‍പന തടയാന്‍  പൊലീസ് ശക്തമായ നടപടിയാരംഭിച്ചതോടെ കാമ്പസുകളില്‍ കഞ്ചാവ് ലഭ്യത കുറഞ്ഞതാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.  
കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, പാലാരിവട്ടം എന്നിവിടങ്ങളില്‍നിന്നായി നാലുപേരെ കഞ്ചാവുമായി പിടികൂടിയിരുന്നു.  
പശ ലഹരി മരുന്നായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ നാല് വിദ്യാര്‍ഥികളെ മൂവാറ്റുപുഴയില്‍ പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്.
കഴിഞ്ഞ മാസവും നിരവധി പേര്‍ കഞ്ചാവുമായി പൊലീസിന്‍െറ പിടിയില്‍പ്പെട്ടിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ പൊലീസ് കഞ്ചാവിനായി വ്യാപക പരിശോധന നടത്തിയതും രണ്ടാഴ്ച മുമ്പാണ്.
പള്ളുരുത്തി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ദ്രവിച്ചുകിടന്ന ഓട്ടോയില്‍നിന്ന് ലഹരി കുത്തിവെക്കുന്ന സിറിഞ്ച് കണ്ടെത്തിയിരുന്നു.ഇടക്കൊച്ചിയില്‍ ലഹരി ഉപയോഗിക്കുന്ന രഹസ്യകേന്ദ്രം നാട്ടുകാര്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് നശിപ്പിച്ച സംഭവവുമുണ്ടായി.
 ഇതിനിടെയാണ്  കഴിഞ്ഞ ദിവസം ഇടക്കൊച്ചി അക്വിനാസ് കോളജിനു സമീപം ലഹരിബാധിതരായ സംഘം വിനോദ് ജേക്കബ് (22) എന്ന യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ചത്.  
ബൈക്കില്‍ ലിഫ്റ്റ് നല്‍കിയില്ലെന്ന കാരണത്താലാണ്  ആക്രമണം.സമാന സ്വഭാവത്തിലാണ് ഏലൂരില്‍ ചൊവ്വാഴ്ച പ്ളസ് ടു വിദ്യാര്‍ഥി ലഹരി മാഫിയയുടെ ആക്രമണത്തിനിരയായത്.   
മഹാരാജാസ് കോളജില്‍ ലഹരി മാഫിയയെ ഒറ്റിക്കൊടുക്കുന്നതിനാണ് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടത്.  മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ മര്‍ദനമേറ്റത്.ഇടക്കൊച്ചിയിലും പള്ളുരുത്തിയിലും ഐലന്‍ഡിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്,  മഹാരാജാസ് കോളജ്, പള്ളുരുത്തി, കുമ്പളങ്ങി എന്നിവിടങ്ങളിലുമെല്ലാം  ലഹരി മരുന്നും കഞ്ചാവും ലഭിക്കുന്ന കേന്ദ്രങ്ങള്‍ ധാരാളമുണ്ട്.
 

ദ്വീപിലെ കുടിവെള്ള ക്ഷാമം മാര്‍ച്ച് ഒന്നിന് എല്‍.ഡി.എഫ്

Posted: 18 Feb 2014 11:28 PM PST

Subtitle: 
രാപകല്‍ സമരം

വൈപ്പിന്‍: വൈപ്പിന്‍കരയുടെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. മണ്ഡലം കമ്മിറ്റി മാലിപ്പുറം വാട്ടര്‍ അതോറിറ്റി ഓഫിസിനുമുന്നില്‍ മാര്‍ച്ച് ഒന്നിന് രാപകല്‍ സമരം നടത്തും. സംഘാടക സമിതി രൂപവത്കരണയോഗം വ്യാഴാഴ്ച വൈകുന്നേരം മാലിപ്പുറം ഐ.ഐ.വി.യു.പി സ്കൂള്‍ ഹാളില്‍ ചേരും.
ഞാറക്കല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞനക്കാട്, കിഴക്കേ അപ്പങ്ങാട്, വലിയവട്ടം, നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ സൗത് പുതുവൈപ്പ്്്, പുക്കാട് എന്നിവിടങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമാണ്.
കടലോര-കായലോര മേഖലയില്‍ പൊതുവെ കുടിവെള്ള ക്ഷാമമുണ്ട്. ഹഡ്കോ പദ്ധതിയില്‍നിന്നു വൈപ്പിനിലേക്കു ലഭിക്കേണ്ട 10 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്ന കാര്യത്തില്‍ ജലഅതോറിറ്റിയുടെ വീഴ്ചയാണ്  രൂക്ഷമായ കുടിവെള്ളക്ഷാമത്തിനാധാരം. പദ്ധതി നടപ്പിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രാവര്‍ത്തികമാക്കാന്‍ ജലഅതോറിറ്റിക്കു കഴിഞ്ഞിട്ടില്ല.  
പലപ്പോഴും ഉള്ള വെള്ളം വഴിതിരിച്ചുവിട്ട് കുടിവെള്ള ക്ഷാമമുണ്ടാക്കുന്ന നടപടിയുണ്ട്.  എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ജിഡ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ തീരുമാനിച്ച കുടിവെള്ള വിതരണ ശൃംഖല വിപുലീകരണവും നവീകരണവും പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. അതില്‍പെട്ട മൂന്ന് ഓവര്‍ഹെഡ് ടാങ്ക് നിര്‍മാണത്തില്‍ മാലിപ്പുറത്തേതു മാത്രമാണ് പൂര്‍ത്തിയായത്.
അതാകട്ടെ ഇതുവരെ കമീഷന്‍ ചെയ്തിട്ടുമില്ല. ഞാറക്കല്‍, മുരുക്കുംപാടം ടാങ്ക് നിര്‍മാണം അനിശ്ചിതമായി നിലച്ചിരിക്കയാണ്. എല്ലായിടത്തും പുതിയ പൈപ്പ്ലൈന്‍ സ്ഥാപിച്ചെങ്കിലും പ്രധാന ജോയന്‍റുകള്‍ സംയോജിപ്പിച്ചിട്ടില്ല.

ഓരുവെള്ളഭീഷണി: 23നുശേഷം പമ്പ ഡാം തുറക്കും– മുഖ്യമന്ത്രി

Posted: 18 Feb 2014 11:19 PM PST

Subtitle: 
കാര്‍ത്തികപ്പള്ളി പുളിക്കീഴില്‍ മൂന്നുദിവസത്തിനുള്ളില്‍ ഓരുമുട്ട് നിര്‍മിക്കും

ആലപ്പുഴ: ഓരുവെള്ളം കയറി കൃഷി നശിക്കാതിരിക്കാന്‍ 23നുശേഷം പമ്പ ഡാം തുറന്നുവിട്ട് ജലത്തിലെ ഉപ്പിന്‍െറ സാന്ദ്രത കുറക്കുമെന്നും കാര്‍ത്തികപ്പള്ളി പുളിക്കീഴില്‍ (മഹാദേവികാട്) മൂന്നുദിവസത്തിനുള്ളില്‍ ഓരുമുട്ട് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടി.
ഓരുവെള്ളം കയറിയതുമൂലം ജില്ലയിലുണ്ടായ നാശവും വകുപ്പുകള്‍ സ്വീകരിച്ച നടപടികളും വിലയിരുത്താന്‍ ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസില്‍ കൂടിയ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നിയില്‍ പമ്പാതീരത്ത് നടക്കുന്ന കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിച്ചാലുടന്‍ പമ്പ ഡാം തുറന്നുവിട്ട് ഓരുവെള്ള ഭീഷണിയകറ്റാന്‍ നടപടിയെടുക്കുമെന്നും ഇതുസംബന്ധിച്ച് ജലവിഭവ മന്ത്രിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരുവെള്ളം കൂടുതലായി കയറുന്ന കാര്‍ത്തികപ്പള്ളി പുളിക്കീഴിലുള്ള മഹാദേവികാട് ഓരുമുട്ട് നിര്‍മാണം തുടങ്ങിയതായും മൂന്നുദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസ് മുഖ്യമന്ത്രിയെ അറിയിച്ചു.
മത്സ്യബന്ധനത്തിനായി തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകളുടെ അടിയില്‍ കല്ലുകയറ്റിവെച്ച് വെള്ളം കയറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതായും നടപടിയെടുക്കുമെന്നും കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
ഓരുവെള്ളം കയറുന്നത് തടയാന്‍ മഹാദേവികാട്ട് സ്ഥിരം സംവിധാനമെന്ന നിലയില്‍ റഗുലേറ്റര്‍ കം വെന്‍റഡ് ക്രോസ് ബാര്‍ നിര്‍മിക്കണമെന്നും ഹാര്‍ബര്‍ നിര്‍മിച്ചതുമൂലം വലിയഴീക്കല്‍ പൊഴി പലപ്പോഴും അഴിയായി മാറുന്നതിനാല്‍ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കവിഞ്ഞുകയറുന്നതായും ഇതിന് ശാസ്ത്രീയപരിഹാരം കണ്ടെത്തണമെന്നും ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ് ആവശ്യപ്പെട്ടു. പുളിക്കീഴില്‍ റഗുലേറ്റര്‍ കം വെന്‍റഡ് ക്രോസ് ബാര്‍ നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗവും ഇറിഗേഷന്‍ വകുപ്പും ചേര്‍ന്ന് വലിയഴീക്കലില്‍ പഠനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഓരുവെള്ളം കയറുന്നത് തടയുന്നതില്‍ ഇത്തവണ സംഭവിച്ച കുഴപ്പങ്ങള്‍ കണ്ടെത്താനും അടുത്തവര്‍ഷം അത് സംഭവിക്കാതിരിക്കാനും പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തണ്ണീര്‍മുക്കം ബണ്ടിന്‍െറയും തോട്ടപ്പള്ളി സ്പില്‍വേയുടെയും ഷട്ടറുകള്‍ അടക്കുന്നതിന് ശാസ്ത്രീയരീതി അവലംബിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിളവില്‍ മുപ്പത് മുതല്‍ നാല്‍പത് ശതമാനം വരെ കുറവുണ്ടാകുമെന്ന് ഓരുവെള്ള ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കൃഷിവകുപ്പിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധസംഘം വിലയിരുത്തിയതായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഐ. മീരാസേനന്‍ പറഞ്ഞു. അമ്പലപ്പുഴ, കരുവാറ്റ, പുറക്കാട്, തകഴി, പുന്നപ്ര, നെടുമുടി, ഹരിപ്പാട്, പള്ളിപ്പാട്, വീയപുരം, ചെറുതന, കൈനകരി എന്നിവിടങ്ങളിലെ 107 പാടശേഖരങ്ങളിലായി 5440 ഹെക്ടറിലെ നെല്‍കൃഷി ഓരുജല ഭീഷണി നേരിടുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ യോഗത്തെ അറിയിച്ചു.
ഓരുമുട്ടുകളുടെ നിര്‍മാണം കാര്യക്ഷമമല്ലെന്നും തോട്ടപ്പള്ളി സ്പില്‍വേ വഴി ഓരുവെള്ളം കയറുന്നുവെന്നും ഡാം തുറന്നുവിടാന്‍ നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ തോമസ് ചാണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാ ഹരി, മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ചിത്രാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

ചാമ്പ്യന്‍സ് ലീഗ്: ബാഴ്സക്കും പി.എസ്.ജിക്കും ജയം

Posted: 18 Feb 2014 10:34 PM PST

Image: 
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ബാഴ്സലോണക്കും പി.എസ്.ജിക്കും ജയം. ബാഴ്സ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ നാട്ടില്‍ 2-0ന് കീഴടക്കിയപ്പോള്‍ പി.എസ്.ജി ജര്‍മന്‍ ക്ളബായ ബയര്‍ ലെവര്‍കൂസനെ 4-0ന് തോല്‍പിച്ചു. ഇരുവര്‍ക്കും എവേ മാച്ചിലാണ് ജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി 54ാം മിനിറ്റിലും, ഡാനി ആല്‍വ്സ് 90ാം മിനിറ്റിലുമാണ് ബാഴ്സക്കുവേണ്ടി ഗോളടിച്ചത്. 
പി.എസ്.ജിക്കുവേണ്ടി സ്ളാറ്റന്‍ ഇബ്രഹിമോവിച് ഇരട്ട ഗോള്‍ നേടിയപ്പോള്‍, ബ്ളെയ്സ് മതുയിഡി, യൊഹാന്‍ കബായെ എന്നിവര്‍ ഓരോ ഗോളടിച്ചു. 
ബുധനാഴ്ച അര്‍ധരാത്രിയില്‍ ബയേണ്‍ മ്യൂണിക് ആഴ്സനലിനെയും, എ.സി മിലാന്‍ അത്ലറ്റികോ മഡ്രിഡിനെയും നേരിടും. 

മലയോരത്ത് കശുമാവുകള്‍ക്ക് അപൂര്‍വ രോഗം

Posted: 18 Feb 2014 10:08 PM PST

Subtitle: 
രോഗത്തെക്കുറിച്ച് പഠിക്കാന്‍ കൃഷി ശാസ്ത്രജ്ഞര്‍ ഈയാഴ്ചയെത്തും

ഇരിട്ടി: കശുമാവുകള്‍ക്ക് അപൂര്‍വ രോഗം പടര്‍ന്നുപിടിച്ചത് മലയോരത്തെ കശുവണ്ടി കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ചെറുതും വലുതുമായ കശുമാവുകളിലാണ് രോഗം കണ്ടുവരുന്നത്.
ഒരുതരത്തിലുള്ള  കീടങ്ങളുടെ ശല്യമാണ് കശുമാവിന്‍െറ ഉല്‍പാദനത്തെ സാരമായി ബാധിക്കുന്നത്.  മാവില്‍ ഒരിഞ്ച് നീളമുള്ള തവിട്ടു കളറോടുകൂടിയ കൂണുകളാണ് തൊലിയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്.
പിന്നീട് ഇവ അകംതൊലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. പുറംതൊലി വഴി വെളുത്ത പൊടിയും ഒപ്പം ഒരിഞ്ചു നീളമുള്ള നഖം രൂപത്തിലുള്ള വളര്‍ച്ചയും പുറത്തുവരുകയാണ് ആദ്യം ഘട്ടം.
പിന്നീട് ചെറുതരം മുട്ടകള്‍ വിരിഞ്ഞ് ഈച്ചകളായി രൂപാന്തരപ്പെടുന്നു. പൊടി ഉറുമ്പുകള്‍ ഇവ കശുമാവിന്‍െറ എല്ലാ ഭാഗത്തും എത്തിക്കുകയാണ്.
ഇതേതുടര്‍ന്ന് രണ്ടു വര്‍ഷത്തിനകം കശുമാവുകള്‍ നശിക്കാന്‍ ഇടയാകുന്നതായി കാര്‍ഷിക വിദഗ്ധ കണ്ടെത്തിയിരുന്നു.  ഈ വര്‍ഷം തുടക്കത്തില്‍ അനുയോജ്യമായ കാലാവസ്ഥ അനുഭവപ്പെട്ടതിനാല്‍ ചിലയിടങ്ങളില്‍ കശുമാവുകള്‍ നല്ലപോലെ വിരിഞ്ഞിരുന്നു.
എന്നാല്‍, പിന്നീട് വിട്ടുമാറാത്ത മഴക്കാറും ഇടക്കിടെയുണ്ടായ മഴയും തേയില കൊതുകിന്‍െറ ശല്യവും മൂലം കശുവണ്ടി വിരിയല്‍ മരവിക്കുകയായിരുന്നു. ഇതിനിടെയാണ് വിവിധതരം കീടങ്ങളുടെ ശല്യവും.
ഇത്  കര്‍ഷക പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്.
പുതുതായി കണ്ടെത്തിയ ഈ അപൂര്‍വ രോഗത്തെക്കുറിച്ച് പഠിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന കശുമാവുകളെ രക്ഷിക്കാനും നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫാം ജില്ലാ സെക്രട്ടറി സ്കറിയ കളപ്പുരക്കലിന്‍െറ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് അന്വേഷണം നടത്തി കര്‍ഷകരുടെ ആശങ്ക അകറ്റുന്നതിന് മാടത്തറയിലെയും പിലിക്കോടിലെയും കൃഷി ശാസ്ത്രജ്ഞരുടെ സംഘം ഈയാഴ്ച മലയോര മേഖലയിലെത്തും. രോഗം ബാധിച്ച കശുമാവ് തോട്ടങ്ങള്‍ സന്ദര്‍ശിച്ച് കീടബാധയെക്കുറിച്ച് ശാസ്ത്രീയ പഠനവും നടത്തും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP