സ്വാഗതം
WELCOME

News Update..

Saturday, August 1, 2009

ഉറവ വറ്റാത്ത സ്നേഹതീരം : പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍

ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്‌ ഇതാണ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. സമൂഹത്തിന്‌ ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളാണ്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍. തന്റെ പിതാവിനു പിന്‍ഗാമിയായി കേരള മുസ്‌ലിംകള്‍ക്ക്‌ ആത്മീയ രാഷ്ട്രീയ നേതൃസ്ഥാനത്ത്‌ 30 വര്ഷം . സ്വന്തം പിതാവ്‌ ഈ സ്ഥാനത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം.

ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്‌ത്രവുമാണ്‌ ശിഹാബ്‌ തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ്‌ അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്നത്‌. അനേകകാലം പരസ്പരം പോരാടി വസ്‌തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ്‌ തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത്‌ പതിവാണ്‌. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തുന്നു. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമാണ്‌ അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും തങ്ങളാണ്‌. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതും ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്‌റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം. അനുഗ്രഹത്തിനും നന്‍മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത്‌ നിര്‍ബന്ധിച്ചിരുത്തുന്നതാണ്‌ പലതും.


മുസ്‌ലിം ലീഗ്‌ നേതൃത്വത്തിലേക്ക്‌
പട്ടികകളിലൊതുങ്ങാത്തത്ര സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്‌, ശിഹാബ്‌ തങ്ങള്‍. ഇവയില്‍ ഒന്നു പോലും തങ്ങള്‍ ആഗ്രഹിചിട്ടില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ മഹത്വം. മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്റ്റംബര്‍ ഒന്നിന്‌ ശിഹാബ്‌ തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആ തീരുമാനത്തില്‍ അല്‍പമെങ്കിലും ശങ്ക ഉണ്ടായിരുന്നതു തങ്ങള്‍ക്കു മാത്രമായിരുന്നു. അധികാരം വിളിപ്പുറത്തായിട്ടും ശിഹാബ്‌ തങ്ങളോ പാണക്കാട്‌ കുടുംബത്തിലെ മറ്റുള്ളവരോ അത്‌ ആഗ്രഹിച്ചില്ല. ജനമനസ്സുകളില്‍ ലഭിച്ച അധികാരത്തിനപ്പുറത്തെ അംഗീകാരമാണ്‌ ഏറ്റവും അമൂല്യമെന്ന്‌ അവര്‍ വിശ്വസിക്കുന്നു. അതേസമയം, ശിഹാബ്‌ തങ്ങള്‍ക്കു കീഴിലാണ്‌ മുസ്‌ലിംലീഗ്‌ എക്കാലത്തെയും മികച്ച രാഷ്ട്രീയ വിജയങ്ങള്‍ നേടിയത്‌ അല്‍പകാലത്തേക്കാണെങ്കിലും സി.എച്ച്‌. മുഹമ്മദ്‌ കോയ കേരള മുയ‍്മന്ത്രിയായതുള്‍പ്പെടെ.

കോയ മോന്‍
മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട്‌ പുതിയ മാളിയേക്കല്‍ സയ്യീദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെയും (പി.എം.എസ്‌.എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ്‌ നാലിനാണു ശിഹാബ്‌ തങ്ങളുടെ ജനനം. വീട്ടിലും കുടുംബത്തി നകത്തും കോയമോന്‍ എന്നാണ്‌ തങ്ങളുടെ വിളിപ്പേര്‌. പാണക്കാട്‌ ഡി.എം.ആര്‍.ടി. സ്കൂളില്‍ പ്രാഥമിക പഠനം. ഫസ്റ്റ്‌ ഫോം മുതല്‍ എസ്‌.എസ്‌.എല്‍.സി. വരെ കോഴിക്കോട്‌ എം.എം. ഹൈസ്കൂളിലായിരുന്നു പഠനം. 1953ല്‍ എസ്‌.എസ്‌.എല്‍.സി. വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ്‌ പഠനം. പൊന്‍മള മൊയ്‌തീന്‍കുട്ടി മുസ്‌ല്യാരാണ്‌ പ്രധാന ഉസ്‌താദ്‌. എം.എം. ഹൈസ്കൂളിലെ ശേഷനാരായണനും ശിഹാബ്‌ തങ്ങള്‍ എന്നും ഓര്‍മിക്കുന്ന ഗുരുനാഥന്‍മാരുടെ പട്ടികയിലുണ്ട്‌.

ധന്യമായ പഠനകാലം
ഈജിപ്‌തിലെ ലോകപ്രശസ്‌തമായ അല്‍ അസ്‌ഹര്‍ സര്‍വകലാശാലയില്‍ 1958ല്‍ ശിഹാബ്‌ തങ്ങള്‍ ഉപരിപഠനത്തിനെത്തി. അല്‍ അസ്‌ഹറില്‍ സ്കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്‌തമായ കെയ്‌റോ സര്‍വകലാശാലയില്‍ അറബിക്‌ ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം
ലിസാന്‍സ്‌ സാഹിത്യ ബിരുദം നേടി. ഡോ. ഇസ്സുദ്ദീന്‍ ഫരീദ്‌, ശൌഖീ ളൈഫ്‌, യുസഫ്‌ ഖുലൈഫ്‌ തുടങ്ങിയവരായിരുന്നു ഉപരിപഠന കാലത്തെ പ്രധാന ഗുരുനാഥന്‍മാര്‍. മാലിദ്വീപ്‌ പ്രസിഡന്റ്‌ മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം സഹപാഠിയായിരുന്നു.

സൂഫിസം, അധ്യാപനം
കെയ്‌റോ സര്‍വകലാശാലയിലെ പഠന കാലത്ത്‌ സൂഫിസത്തില്‍ ആകൃഷ്ടനായ ശിഹാബ്‌ തങ്ങള്‍ ഷെയ്ഖ്‌ അബ്ദുല്‍ ഹലീം മഹ്മൂദ്‌ എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്ഖ്‌ ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ്‌ തങ്ങള്‍ക്കു ലഭിച്ചു. വായനയും എഴുത്തുമായിരുന്നു അക്കാലത്ത്‌ ശിഹാബ്‌ തങ്ങളുടെ താല്‍പര്യങ്ങള്‍. മലയാളത്തിലും അറബിയിലുമുള്‍പ്പെടെ അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. പഠനകാലത്തിനു ശേഷം കെയ്‌റോ സര്‍വകലാശാലയില്‍ തന്നെ അധ്യാപകനാകാന്‍ തങ്ങള്‍ക്ക്‌ അവസരം ലഭിച്ചതാണ്‌. അറുപതുകളില്‍ പതിനായിരം രൂപ ശമ്പളമുള്ള ജോലിയായിരുന്നു അത്‌. ഈ തസ്‌തികയിലേക്ക്‌ മകന്‌ ജോലി നല്‍കുന്നതു സംബന്ധിച്ച്‌ സയ്യിദ്‌ അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അഷരി, ശിഹാബ്‌ തങ്ങളുടെ പിതാവ്‌ പൂക്കോയ തങ്ങള്‍ക്ക്‌ എഴുതിയിരുന്നു. പണം വേണ്ട, നമുക്ക്‌ കോയമോനെ മതി എന്നായിരുന്നുവത്രെ പൂക്കോയ തങ്ങളുടെ പ്രതികരണം. അദ്ദേഹം, മകനെ നാട്ടിലേക്കു തിരിച്ചുവിളിച്ചു. പില്‍ക്കാലത്ത്‌ കേരളമുസ്‌ലിംകളുടെ സാരഥ്യം തന്റെ മകന്റെ കൈകളിലെത്തുമെന്ന്‌ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്‌തിരിക്കാം.

വിവാഹം, മക്കള്‍
മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ്‌ തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24നായിരുന്നു വിവാഹം. ശിഹാബ്‌ തങ്ങള്‍ എഴുതിയ ലേഖനം വായിക്കാന്‍ കൊടുത്ത്‌ അഭിപ്രായം തേടിയാണ്‌ ബാഫഖി തങ്ങള്‍ മകള്‍ക്ക്‌ തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയതത്രെ. യാത്രയും സ്നേഹസല്‍ക്കാരങ്ങളും ഫാത്തിമ ബീവിക്ക്‌ എന്നും ഇഷ്ടമായിരുന്നു. കേരളത്തിലും പുറത്തും ശിഹാബ്‌ തങ്ങള്‍ക്കൊപ്പം മിക്ക യാത്രകളിലും ഉണ്ടാകാറുള്ള ഫാത്തിമ ബീവി, 2006 ഏപ്രിലില്‍ ശിഹാബ്‌ തങ്ങള്‍ വിദഗ്ധ ചികില്‍സയ്ക്കു യു.എസിലേക്കു പോകുമ്പോള്‍ ഭര്‍ത്താവിനൊപ്പം പോയില്ല. ഭര്‍ത്താവിനെ വിദേശത്തേക്ക്‌ ഒറ്റയ്ക്കയച്ച്‌, ജീവിതയാത്രയുടെ പടികടന്ന്‌ അവര്‍ പോയി 2006 ഏപ്രില്‍ 21ന്‌ പുലര്‍ച്ചെ ഫാത്തിമ ബീവി അന്തരിച്ചു.

അമേരിക്കയില്‍ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന ഭര്‍ത്താവിനു വേണ്ടി ഉംറ നിര്‍വഹിക്കാനും പ്രാര്‍ഥിക്കാനുമായി മക്കയിലേക്കു പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അന്ത്യം. ശിഹാബ്‌ തങ്ങള്‍ക്ക്‌ അഞ്ചു മക്കള്‍ മൂന്ന്‌ പെണ്ണും രണ്ട്‌ ആണും. കെ.എം.ഇ.എ. സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുനറലി ശിഹാബ്‌ തങ്ങള്‍, സുഹറ, ഫൈറൂസ്‌, സമീറ എന്നിവരാണു മക്കള്‍. മരുമക്കള്‍: സയ്യിദ്‌ നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, സയ്യിദ്‌ ലു്മാന്‍ തങ്ങള്‍, സയ്യിദ്‌ യൂസഫ്‌ ഹൈദ്രോസ്‌ തങ്ങള്‍, ഷമീമ, ശരീഫ ഹനിയ. ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കും ഈജിപ്‌തിനും പുറമെ യു.എസ്‌., ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഓസ്ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്‌തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിി‍ട്ടുണ്ട്‌.

നേതൃകുടുംബം
മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ മാത്രമല്ല, പാണക്കാട്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങളുടെ അഞ്ച്‌ ആണ്‍മക്കളും കേരള മുസ്‌ലിംകള്‍ക്ക്‌ ആത്മീയ രാഷ്ട്രീയ രംഗങ്ങളില്‍ നേതൃത്വം നല്‍കുന്നവരാണ്‌. (പൂക്കോയ തങ്ങള്‍ക്ക്‌ രണ്ട്‌ പെണ്‍മക്കള്‍ ഉള്‍പ്പെടെ ഏഴു മക്കളായിരുന്നു).മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ അനിയന്‍ ഉമറലി ശിഹാബ്‌ തങ്ങള്‍, അദ്ധേഹം ഈയിടെ അന്തരിച്ചു.(കേരളത്തിലെ മുസ്‌ലിംകളില്‍ പ്രബല വിഭാഗമായ സുന്നികളുടെ പണ്ഡിത സംഘടനയായ സമസ്‌ത കേരള ജംഇത്തുല്‍ ഉലമായുടെ വൈസ്‌ പ്രസിഡന്റ്‌, മുസ്‌ലിംലീഗ്‌ പാര്‍ലമെന്ററി ബോര്‍ഡ്‌ അംഗം, എസ്‌.വൈ.എസ്‌. പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങള്‍ ഉമറലി തങ്ങള്‍ വഹിച്ചിരുന്നു.) മുസ്‌ലിംലീഗ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ മൂന്നാമത്തെ സഹോദരന്‍. എസ്‌.എം.എഫ്‌., എസ്‌.വൈ.എസ്‌. തുടങ്ങിയ സംഘടനകളുടെ സാരഥ്യത്തിലും ഹൈദരലി തങ്ങളുണ്ട്‌. നാലാമത്തെ സഹോദരന്‍ സാദിഖലി ശിഹാബ്‌ തങ്ങള്‍ മുസ്‌ലിംയൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റാണ്‌. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക്‌ സാഹിത്യ അക്കാദമി, ഇസ്‌ലാമിക്‌ സെന്റര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയവയ്ക്കും സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്നു. ഇളയ സഹോദരന്‍ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന പ്രസിഡന്റാണ്‌.

സ്നേഹസ്മരണ
പാരമ്പര്യവും കടപ്പാടും നിലനിര്‍ത്തുന്നതാണ്‌ പാണക്കാട്‌ തങ്ങന്‍മാരുടെ പേരുകള്‍. പി.എം.എസ്‌.എ. പൂക്കോയ തങ്ങളെ പിതൃസഹോദരന്‍ അലി പൂക്കോയ തങ്ങളാണ്‌ വളര്‍ത്തിയത്‌. മക്കളില്ലാതിരുന്ന അലി പൂക്കോയ തങ്ങള്‍, പൂക്കോയ തങ്ങള്‍ക്ക്‌ പാണക്കാട്‌ കൊടപ്പനക്കല്‍ തറവാടു വീടും നല്‍കി. തന്നെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ അലീ പൂക്കോയ തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ പി.എം.എസ്‌.എ. തങ്ങള്‍ മക്കളുടെയെല്ലാം പേരിനൊപ്പം അലി ചേര്‍ത്തു. ശിഹാബ്‌ എന്നത്‌ കുടുംബപ്പേരാണ്‌. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ സന്താന പരമ്പരയ്ക്ക്‌ കേരള സമൂഹം ആദരിച്ചു നല്‍കുന്ന സ്ഥാനമാണ്‌ തങ്ങള്‍ എന്നത്‌. തങ്ങന്‍മാര്‍ പലരുടെയും ഔദ്യോഗിക പേരിനൊപ്പം തങ്ങള്‍ എന്നത്‌ ഉണ്ടാകാറില്ല.


അഭിമാനമായി വംശാവലി
ഭൂമിയില്‍ ഇസ്‌ലാം മത പ്രബോധനം പൂര്‍ത്തീകരി, ു‍ര്‍ആന്‍ എന്ന ദിവ്യാദ്ഭുത ഗ്രന്ഥം ലോകത്തിന്‌ എത്തിു‍ നല്‍കിയ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ വംശ പരമ്പരയിലെ കണ്ണിയാണ്‌ പാണക്കാട്‌ കുടുംബം. മുഹമ്മദ്‌ നബിയുടെ സന്താന പരമ്പരയില്‍ നാല്‍പതാം തലമുറയാണ്‌ ശിഹാബ്‌ തങ്ങളും സഹോദരന്‍മാരും. മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ മകന്‍ ഇമാം ഹുസൈനിലൂടെയാണ്‌ പ്രവാചകന്റെ കുടുംബപരമ്പര ആരംഭിക്കുന്നത്‌. മുഹമ്മദ്‌ നബി മുതല്‍ ശിഹാബ്‌ തങ്ങള്‍ വരെയുള്ള വംശാവലി ഇങ്ങനെ:
1) മുഹമ്മദ്‌ നബി
2) ഫാത്തിമ
3) ഇമാം ഹുസൈന്‍
4) സയ്യിദ്‌ സൈനുല്‍ ആബിദീന്‍ അലി
5) സയ്യിദ്‌ മുഹമ്മദുല്‍ ബാഖിര്‍
6) സയ്യിദ്‌ ജഅഫര്‍ സാദിഖ്‌
7) സയ്യിദ്‌ അലിയ്യുല്‍ ഉറൈളി
8) സയ്യിദ്‌ മുഹമ്മദ്‌
9) സയ്യിദ്‌ ഈസന്നഖീബ്‌
10) സയ്യിദ്‌ അഹമ്മദുല്‍ മുഹാജിര്‍
11) അല്‍ ആരിഫു ബില്ലാഹി അലവി
12) സയ്യിദ്‌ മുഹമ്മദ്‌
13) അല്‍ ആരിഫു ബില്ലാഹി അസ്സയ്യിദ്‌ അലവി
14) അസ്സയ്യിദ്‌ അലിഖാലി അഖ്സം
15) അല്‍ ആരിഫു ബില്ലാഹി സാഹിബുല്‍ മിര്‍ബാത്ത്‌
16) സയ്യിദുല്‍വലിയ്യു അലി
17) അസ്സയ്യിദുല്‍ മുഹമ്മദുല്‍ ഫ്ഖീഹുല്‍ മുഖദ്ദം
18) സയ്യിദ്‌ അലവി
19) സയ്യിദ്‌ അലി
20) സയ്യിദ്‌ മുഹമ്മദ്‌ മൌലദ്ദവീല
21) സയ്യിദ്‌ അബ്ദുറഹിമാന്‍ സഖാഫ്‌
22) സയ്യിദ്‌ അബൂബക്കറിസ്സഖ്‌റാന്‍
23) സയ്യിദ്‌ ഷെയ്ഖ്‌ അലി
24) സയ്യിദ്‌ അബ്ദുറഹിമാന്‍
25) സയ്യിദ്‌ അഹമ്മദ്‌
26) സയ്യിദ്‌ ശിഹാബുദ്ദീന്‍ അഹമ്മദ്‌
27) സയ്യിദ്‌ ഉമര്‍
28) സയ്യിദ്‌ ശിഹാബൂദ്ദീന്‍
29) സയ്യിദ്‌ ഉമര്‍ മെഹബൂബ്‌
30) സയ്യിദ്‌ അലി ശിഹാബുദ്ദീന്‍
31) സയ്യിദ്‌ മുഹമ്മദ്‌
32) സയ്യിദ്‌ അലി
33) സയ്യിദ്‌ അഹമ്മദ്‌
34) സയ്യിദ്‌ അലി ശിഹാബുദ്ദീന്‍
35) സയ്യിദ്‌ ഹുസൈന്‍
36) സയ്യിദ്‌ മുഹളാര്‍
37) സയ്യിദ്‌ ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍
38) സയ്യിദ്‌ മുഹമ്മദ്‌ കുഞ്ഞിക്കോയ തങ്ങള്‍
39) സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങള്‍ (പി.എം.എസ്‌.എ. പൂക്കോയ തങ്ങള്‍)
40) സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും സഹോദരന്‍മാരും

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP