കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ലോകത്തിന്‍െറ ധാര്‍മിക ബാധ്യത-ശൈഖ മൗസ Posted: 30 Apr 2013 12:49 AM PDT ദോഹ: സ്കൂളില്‍ പോകാന്‍ അവസരം ലഭിക്കാത്ത 61 ദശലക്ഷം കുട്ടികള്‍ ലോകത്തുണ്ടെന്നും ഇവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ലോകത്തിന്‍െറ ധാര്‍മിക ബാധ്യതയാണെന്നും ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പറഞ്ഞു. ആഭ്യന്തര സംഘര്‍ഷത്തിന്‍െറയും ദാരിദ്ര്യത്തിന്‍െറയും ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ക്രിയാത്മകമായ സമീപനം സ്വീകരിക്കണമെന്നും ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു രാജ്യത്തിനും ഒഴിഞ്ഞുമാറാനാവില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ‘ഒരു കുട്ടിയെ പഠിപ്പിക്കുക’ എന്ന പദ്ധതിയുടെ തന്ത്രപ്രധാനമായ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ മൗസ. ‘സ്കൂളുകള്‍ അപ്രാപ്യമായ കുട്ടികളിലേക്ക് എത്താനുള്ള ഊര്‍ജിതശ്രമങ്ങളുടെ സമ്മേളനം’ എന്ന തലക്കെട്ടിലുള്ള യോഗത്തില്‍ ശൈഖുമാര്‍, മന്ത്രിമാര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബൊക്കോവ, ആഗോള വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക യു.എന്‍ ദൂതന്‍ ഗോര്‍ഡന്‍ ബ്രൗണ്‍, പകുതിയോളം കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ കഴിയാത്ത 17 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2015ഓടെ എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളുടെ ഭാഗമായി രൂപം നല്‍കിയതാണ് ‘ഒരു കുട്ടിയെ പഠിപ്പിക്കുക’ എന്ന പദ്ധതി. കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാനുള്ള പ്രതിബന്ധങ്ങളെ അതിജീവിക്കാതെ നമുക്ക് എങ്ങനെ സുസ്ഥിര സമൂഹങ്ങളെ വാര്‍ത്തെടുക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ഭദ്രമായ ഭാവി കെട്ടിപ്പടുക്കാനും കഴിയുമെന്ന് ശൈഖ മൗസ ചോദിച്ചു. ഒരു വശത്ത് സാങ്കേതികപുരോഗതി വിദ്യാഭ്യാസത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുകയും മറുവശത്ത് കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന മാനുഷികപ്രശ്നം പരിഹരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു സാഹചര്യത്തിലും ഒരു കുട്ടിക്കും സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ‘ഒരു കുട്ടിയെ പഠിപ്പിക്കുക’ എന്ന പദ്ധതി ആവിഷ്കരിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ സ്കൂളിലെത്തുന്നതില്‍ നിന്ന് തടയുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുക, പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ കുട്ടികള്‍ സ്കൂളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നനില്ലെന്ന് ഉറപ്പാക്കുക, 61 ദശലക്ഷം കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുക എന്നിവയാണ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണങ്ങളെ സംബന്ധിച്ച സമഗ്ര വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് യുനെസ്കോയുമായി ചേര്‍ന്ന് ഉടന്‍ പുറത്തിറക്കുമെന്നും ശൈഖ മൗസ അറിയിച്ചു. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമായതിനാലും വിദ്യാഭ്യാസം വികസനത്തിന്‍െറയും സമാധാനത്തിന്‍െറയും അടിത്തറയായതിനാലും തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ക്ളാസ്മുറികളിലെത്തിക്കുക എന്ന ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കാനും ശൈഖ മൗസ ആഹ്വാനം ചെയ്തു. |
കൊച്ചി മെട്രോ സംഘം ദുബൈയില്‍ Posted: 30 Apr 2013 12:42 AM PDT ദുബൈ: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍െറ ഉന്നതതല സംഘം ദുബൈയിലെത്തി. കൊച്ചിയിലെ പദ്ധതി നടപ്പാക്കാന്‍ ലോകത്തെ പ്രമുഖ മെട്രോ സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനം. കൊച്ചി മെട്രോ പ്രൊജക്ട് ഡയറക്ടര്‍ മഹേഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ ജനറല്‍ മാനേജര്‍ ചന്ദ്രബാബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.പി. ഹരി, സിഗ്നലിങ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.കെ. മോഹനന്‍ എന്നിവരാണുള്ളത്. ദുബൈയിലെ മെട്രോ സംവിധാനത്തെ കുറിച്ച് ഇവര്‍ വിശദമായി പഠിക്കും. പ്രത്യേകിച്ച് തേര്‍ഡ് റെയില്‍ സംവിധാനം, തുടര്‍ച്ചയായ ഓട്ടോമാറ്റിക് ട്രെയിന്‍ നിയന്ത്രണ സംവിധാനം (സി.ബി.ടി.സി) എന്നിവയെ കുറിച്ചാണ് മനസ്സിലാക്കുക. സിഗ്നലിങ് സംവിധാനത്തില്‍ മികച്ച രീതിയിലുള്ള ഫ്രീക്വന്‍സി, സുരക്ഷ തുടങ്ങിയവ ലഭിക്കാനാണ് സി.ബി.ടി.സി ഉപയോഗിക്കുന്നത്. ആവശ്യമെങ്കില്‍ ഈ സംവിധാനം ഡ്രൈവറില്ലാതെ ട്രെയിന്‍ ഓടുന്ന സംവിധാനത്തിലേക്ക് പരിഷ്കരിക്കാനും സാധിക്കും. ഡ്രൈവറില്ലാതെ ഓടുന്ന, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രേയാണ് ദുബൈയിലേത്. 2009 സെപ്റ്റംബറില്‍ ഔദ്യാഗികമായി സര്‍വീസ് ആരംഭിച്ച ദുബൈ മെട്രോയില്‍ റെഡ്, ഗ്രീന്‍ ലൈനുകളാണുള്ളത്. സമീപ ഭാവിയില്‍ യെല്ലോ, പര്‍പ്പ്ള്‍ ലൈനുകള്‍ കൂടി വരും. 2012 ഡിസംബറിലെ കണക്ക് പ്രകാരം നിലവിലെ രണ്ടു ലൈനുകളുടെ ദൈര്‍ഘ്യം 74.6 കിലോമീറ്റാണ്. 49 സ്റ്റേഷനുകളില്‍ 46 എണ്ണം 2012 ഡിസംബറോടെ പ്രവര്‍ത്തനക്ഷമമായി. റെഡ് ലൈനിന്‍െറ നീളം 52.1 കിലോമീറ്ററും ഗ്രീന്‍ ലൈന്‍ 22.5 കിലോമീറ്ററുമാണ്. റെഡ് ലൈനില്‍ 29 സ്റ്റേഷനുകളും ഗ്രീന്‍ ലൈനില്‍ 18 സ്റ്റേഷനുകളുമുണ്ട്. റെഡ് ലൈനിലെ സ്റ്റേഷനുകളില്‍ നാലെണ്ണം ഭൂമിക്കടിയിലാണ്. 24 സ്റ്റേഷനുകള്‍ കെട്ടിയുയര്‍ത്തിയതും ഒന്ന് തറനിരപ്പിലുമാണ്. ഗ്രീന്‍ ലൈനിലെ 18 സ്റ്റേഷനുകളില്‍ ആറെണ്ണം ഭൂമിക്കടിയിലും 12 എണ്ണം കെട്ടിയുയര്‍ത്തിയതുമാണ്. രണ്ടു ലൈനുകളും തമ്മില്‍ രണ്ടു സ്റ്റേഷനുകളില്‍ കൂടിച്ചേരുന്നു. ഇരു ഭാഗത്തേക്കും പോകേണ്ട യാത്രക്കാര്‍ക്ക് ഈ സ്റ്റേഷനുകളില്‍നിന്ന് ട്രെയിന്‍ മാറി കയറാം. പ്രതിദിനം ശരാശരി മൂന്നര ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ദുബൈ മെട്രോയില്‍ ഉപയോഗിക്കുന്നത്. ഡ്രൈവറില്ലാതെ രണ്ടു ലൈനിലും തിരക്കേറിയ സമയങ്ങളില്‍ രണ്ടു മിനുട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ അഞ്ച് മിനുട്ടും ഇടവിട്ട് ട്രെയിനുകള്‍ ഓടുന്നുണ്ടെങ്കിലും ഇതുവരെ ഒരപകടവുമുണ്ടായില്ല. ഏതെങ്കിലും കാരണവശാല്‍ ഒരു ട്രെയിന്‍ നിന്നാല്‍ ഈ ലൈനിലെ മറ്റു ട്രെയിനുകളെല്ലാം നിശ്ചലമാകുന്ന സംവിധാനമാണുള്ളത്. മാത്രമല്ല, ട്രെയിനുകള്‍ ഒരു മിനുട്ട് പോലും വൈകില്ല. ദുബൈ മെട്രോക്ക് പുറമെ സിങ്കപ്പൂര്‍, ഹോങ്കോങ്, ബാങ്കോക്ക്, കോപന്‍ഹേഗ്, പാരിസ് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും വിശദമായി പഠിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിലാണ് സംഘം ദുബൈയിലേക്ക് വന്നത്. ഈ സ്ഥലങ്ങളിലെ മെട്രോ സംവിധാനങ്ങളുടെ മേന്മകളും സാങ്കേതിക വിദ്യകളും മനസ്സിലാക്കി അത് കൊച്ചി മെട്രോ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തും. |
കല്‍ക്കരി അഴിമതി: സി.ബി.ഐ വിശ്വാസവഞ്ചന കാണിച്ചു Posted: 30 Apr 2013 12:35 AM PDT ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി.ബി.ഐക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. സി.ബി.ഐ കടുത്ത വിശ്വാസവഞ്ചന കാട്ടിയെന്നും സി.ബി.ഐയുടെ നടപടി അതിന്റെ അടിത്തറ തന്നെ ഇളക്കിയിരിക്കുകയാണെന്നും കോടതി വിലയിരുത്തി. കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരുമായി പങ്കുവെച്ചെന്ന സി.ബി.ഐ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കോടതി പരാമര്‍ശം. അന്വേഷണ ഏജന്‍സി രാഷ്ട്രീയ യജമാനന്‍മാരുടെ നിയന്ത്രണത്തിലല്ലാതെ സ്വതന്ത്രമായിരിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സ്വാധീനം ഒരുതരത്തിലും സി.ബി.ഐക്ക് മേല്‍ ഉണ്ടാകരുത്. സംഭവത്തില്‍ കോടതിയെ സി.ബി.ഐ ഇരുട്ടുമുറിയിലാക്കിയെന്നും കോടതി വിമര്‍ശിച്ചു. അന്വേഷണറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തുവെന്ന കാര്യം മറച്ചുവെച്ച സി.ബി.ഐ നടപടി സാധാരണ കാര്യമല്ല. കേസിലെ അന്വേഷണ നടപടികള്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ് സി.ബി.ഐ.യുടെ വെളിപ്പെടുത്തല്‍ കാണിക്കുന്നത്. ഇതു സംബന്ധിച്ച് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഏപ്രില്‍ 26ന് സമര്‍പ്പിച്ച സത്യവാങ്മൂലം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് ആര്‍.എം ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. |
സൗദി സന്ദര്‍ശനം വിജയം; പ്രശ്നപരിഹാരത്തിന് നടപടികളായി -മന്ത്രി വയലാര്‍ രവി Posted: 30 Apr 2013 12:35 AM PDT റിയാദ്: സ്വദേശിവത്കരണ പശ്ചാതലത്തില്‍ പ്രവാസി പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നടത്തിയ ഉന്നതതല സന്ദര്‍ശനം പൂര്‍ണവിജയമാണെന്നും ഇന്ത്യക്കാരോട് സൗദിയധികൃതര്‍ക്ക് ഏറെ അനുഭാവമാണുള്ളതെന്നും ഇന്ത്യന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ജിദ്ദയില്‍ സൗദി തൊഴില്‍-വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്കുശേഷം റിയാദിലെത്തിയ അദ്ദേഹം ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് സാമൂഹിക-മാധ്യമ പ്രതിനിധികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു. നിതാഖാത് നടപ്പാക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇരുരാജ്യങ്ങളും സംയുക്തമായാണ് നീങ്ങുന്നത്. ആവിഷ്കരിച്ച പദ്ധതികള്‍ വരുംദിവസങ്ങളില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. നിതാഖാത് പദ്ധതി നടപ്പാക്കുന്നതുമൂലം പെട്ടന്നുണ്ടാകുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പ്രതിവിധികാണാനും സൗദി തൊഴില്‍കാര്യ ഉപമന്ത്രി അഹ്മദ് അല്‍ ഹുമൈദാന്‍െറയും ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജിന്‍െറയും നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതി ബുധനാഴ്ച ആദ്യയോഗം ചേരും. നിതാഖാത് ബാധിതരുടെ കാര്യത്തില്‍ ‘പുനരധിവാസത്തിനും പുറത്താക്കലിനുമുള്ള’ നടപടികള്‍ വേഗത്തിലും ലളിതമായും നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യ മറ്റൊരു പരമാധികാര രാഷ്ട്രമാണ്. ഇവിടെ ജീവിക്കുമ്പോള്‍ ഈ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ നാം ബാധിസ്ഥരാണ്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള മൂന്നുമാസ കാലാവധി പരമാവധി പ്രയോജനപ്പെടുത്തി നിയമാനുസൃതരായി മാറാനാണ് ശ്രമിക്കേണ്ടത്. അല്ലാത്തവര്‍ക്ക് മടങ്ങിപ്പോകാനുള്ള മാര്‍ഗം എളുപ്പാമാക്കാനുള്ള നടപടികളും ഈ സംയുക്ത നീക്കത്തിലൂടെയുണ്ടാകും. നിയമം അനുസരിക്കാന്‍ തയാറുള്ളവര്‍ മാത്രം സൗദിയിലേക്ക് വന്നാല്‍ മതിയെന്ന മന്ത്രി ആദില്‍ ഫഖീഹിന്‍െറ പ്രസ്താവന നിങ്ങളുടെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടാകും. കൂടിക്കാഴ്ചയില്‍ അദ്ദേഹം എടുത്തുപറഞ്ഞ കാര്യമതാണ്: ‘നിയമാനുസൃതരായ 75ലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. അവരെ തീര്‍ച്ചയായും തങ്ങള്‍ക്ക് ആവശ്യമുണ്ട്. വിദേശറിക്രൂട്ടിങ് തുടരുകയും ചെയ്യും. എന്നാല്‍ നിയമം അനുസരിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രം ഇങ്ങോട്ടുവന്നാല്‍ മതി.’ ഇതു വലിയൊരു സന്ദേശമാണ്. നിയമം പാലിക്കാന്‍ തയാറായാല്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. എല്ലാവരേയും നിയമമാര്‍ഗത്തിലാക്കാന്‍ ഇന്ത്യന്‍ മിഷന്‍ ഗൗരവമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. നിയമം അനുസരിക്കാന്‍ തയാറുള്ളവര്‍ക്കെല്ലാം ഇന്ത്യന്‍ എംബസിയില്‍നിന്ന് സഹായം ലഭിക്കും. അതിനുവേണ്ടിയുള്ള ഒരുക്കളെല്ലാം അവര്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. മാനുഷികമായ പരിഗണന നിതാഖാത്ത് നടപ്പാക്കുമ്പോഴുണ്ടാകണമെന്ന അഭ്യര്‍ഥനയും ഇന്ത്യ നടത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കായുള്ള ധാരണാപത്രം ഉള്‍പ്പെടെ വിവിധ വിഷയങ്ങളിന്മേല്‍ ചര്‍ച്ച നടത്തുന്നതിനും പ്രതിവിധികള്‍ ആരായുന്നതിനും ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപവത്കരിക്കുന്ന സ്ഥിരം കര്‍മസമിതിയുടെ ആദ്യയോഗം ന്യൂദല്‍ഹിയില്‍മെയ് മാസത്തില്‍ ചേരും. ‘ഹുറൂബു’കാരുടെ വിഷയത്തില്‍ യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ മിഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് സദസ്യരുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്‍െറ ക്ഷണം മന്ത്രി ആദില്‍ ഫഖീഹ് സ്വീകരിച്ചതായും മന്ത്രി രവി പറഞ്ഞു. സൗദി വിദേശകാര്യമന്ത്രി സഊദ് അല്‍ഫൈസലുമായുള്ള കൂടിക്കാഴ്ചയും ഫലപ്രദവും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതുമായിരുന്നു. ഇന്ത്യക്കാരെ കുറിച്ച് സൗദി ഭരണാധികാരികള്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും അതുകൊണ്ടുതന്നെ അനാവശ്യമായ ഒരു ഭീതിയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബാസഡര്‍ ഹാമിദലി റാവു യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.എം സിബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഉന്നതതല സംഘാംഗങ്ങളായ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, പ്രവാസികാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ടി.കെ മനോജ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. |
കേന്ദ്ര മന്ത്രിമാരുടെ സൗദി സന്ദര്‍ശനംകൊണ്ട് പ്രയോജനമില്ല -പി.വി. അബ്ദുല്‍ വഹാബ് Posted: 30 Apr 2013 12:32 AM PDT ദുബൈ: നിതാഖാതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ സൗദിയില്‍ നടത്തിയ സന്ദര്‍ശനം ഒഴിവാക്കാമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.പിയുമായ പി.വി. അബ്ദുല്‍ വഹാബ്. കേന്ദ്ര മന്ത്രിമാര്‍ സൗദിയില്‍ പോയത് കൊണ്ട് വലിയ പ്രയോജനമില്ലെന്നും പറ്റുമെങ്കില്‍ പ്രധാനമന്ത്രി നേരിട്ടുപോയി അബ്ദുല്ല രാജാവിനെ കാണുകയാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം, ഇവിടെയുള്ളവരുടെ പ്രശ്നത്തില്‍ നാട്ടിലുള്ളവര്‍ വല്ലാതെ ഇടപെട്ട് ദോഷകരമായി ബാധിക്കുന്ന അവസ്ഥ സൃഷ്ടിക്കരുതെന്ന് അഭിപ്രായപ്പെട്ടു. പീവീസ് സ്കൂള്‍ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ലീഗ്, കോണ്‍ഗ്രസ് നേതാക്കളായ മന്ത്രിമാരുടെ സൗദി യാത്രയെ വഹാബ് വിമര്‍ശിച്ചത്. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നമുണ്ടായത് പോലുള്ള ചുറ്റുപാടിലാണ് നിതാഖാത് പ്രശ്നം ഉയര്‍ത്തിക്കാട്ടുന്നത്. നിതാഖാത് ഇപ്പോള്‍ തുടങ്ങിയതല്ല. നേരത്തേ തന്നെ ബാങ്കിങ് മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതലായി ജോലി നല്‍കാന്‍ തുടങ്ങിയിരുന്നു. പിന്നീട് അത് മറ്റു മേഖലകളിലേക്ക് വ്യാപിപ്പിച്ചു. അമേരിക്കയിലും യൂറോപിലും പോകുന്ന ഇന്ത്യക്കാര്‍ പൊതുവെ അവിടെ ദീര്‍ഘകാലം താമസിച്ച് സ്വത്തുകള്‍ വാങ്ങി, അവിടെ തന്നെ മരിക്കുകയാണ്. എന്നാല്‍, ഗള്‍ഫില്‍ അങ്ങനെയല്ല. സാഹചര്യത്തിനനുസരിച്ച് ജോലി മാറിയും മറ്റും ജീവിക്കാന്‍ പഠിച്ചവരാണ് ഇന്ത്യക്കാര്‍; പ്രത്യേകിച്ച് മലയാളികള്‍. അങ്ങനെയാണ് അവര്‍ ഇവിടെ പിടിച്ചുനില്‍ക്കുന്നത്. ആരും വിളിച്ചിട്ടല്ല 1970കളില്‍ സൗദിയിലേക്ക് വന്‍ തോതില്‍ ആളുകള്‍ പോകാന്‍ തുടങ്ങിയത്. നിരവധി പേര്‍ ഉംറ വിസയിലും സന്ദര്‍ശക വിസയിലും പോയി അവിടെ ജോലി നേടുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ പദവി നിയമവിധേയമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന് മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിതാഖാതിന്‍െറ ആദ്യ ഘട്ടത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. അതേസമയം, ചിലര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇവരുടെ കാര്യത്തില്‍ ആവശ്യമായ നടപടി വേണം. നിതാഖാതിനെ ഇറാഖ്-കുവൈത്ത് യുദ്ധം പോലെയാണ് ചില പത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അവതരിപ്പിക്കുന്നത്. നിതാഖാത് എങ്ങനെ വേണമെന്നും മറ്റും പറയാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് സാധിക്കില്ല. അത് ശരിയല്ല. നമ്മുടെ ആളുകള്‍ക്ക് നാളെയും അവിടെ നില്‍ക്കാനും ജോലി ചെയ്യാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇവിടെ എന്തോ സംഭവിക്കുന്നുവെന്ന മട്ടിലുള്ള പ്രചാരണം ശരിയല്ല. 90 ശതമാനം വിദേശികളും 10 ശതമാനം സ്വദേശികളുമുള്ള രാജ്യത്ത് ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും. അത് മനസ്സിലാക്കാന്‍ സാധിക്കണം. നാട്ടിലുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ട് വഷളാക്കരുത് എന്നാണ് ഇവിടെയുള്ളവരുടെ അഭ്യര്‍ഥന എന്നാണ് എനിക്ക് മനസ്സിലായത്. സൗദിയിലുള്ളവര്‍ക്കും ഈ നിലപാടാണ്. വയലാര്‍ രവിയും ഇ. അഹമ്മദും സൗദിയില്‍ പോകാതിരിക്കുന്നതായിരുന്നു നല്ലത്. പക്ഷേ, നമ്മുടെ ആള്‍ക്കാര്‍ ചേര്‍ന്ന് അവരെ ഉന്തി പറഞ്ഞയച്ചതാണ്. മന്ത്രിമാര്‍ക്ക് ഇത്രയൊക്കെയോ ചെയ്യാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍, പ്രധാനമന്ത്രി സൗദിയില്‍ പോയി അബ്ദുല്ല രാജാവിനെ കാണുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യാന്‍ സാധിച്ചാല്‍ നല്ലത്. ഇപ്പോഴത്തേത് വലിയ പ്രശ്നമായി അവതരിപ്പിച്ച് അവിടെ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് പേരെ അപകടത്തിലാക്കരുത്. നിതാഖാതിന്‍െറ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. ആ രാജ്യത്തെ സ്വദേശികളുടെ സമ്പല്‍ സമൃദ്ധിയും നമുക്ക് വലുതാണ്. അവിടത്തെ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തെ നാം അംഗീകരിക്കണം-അബ്ദുല്‍ വഹാബ് പറഞ്ഞു. |
ബേനസീര്‍ ഭൂട്ടോ വധം: മുശര്‍റഫ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ Posted: 30 Apr 2013 12:32 AM PDT റാവല്‍പിണ്ടി: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് നടപടി. കേസില്‍ സംയുക്ത അന്വേഷണ സമിതിയിലെ അംഗങ്ങളെ മാറ്റണമെന്ന മുശര്‍റഫിന്റെഹരജി കോടതി തള്ളി. ഏപ്രില്‍ 26നു കേസ് പരിഗണിച്ച കോടതി മുശര്‍റഫിനെ എഫ്.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചൊവാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മുശര്‍റഫിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. 2007 നവംബറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജഡ്ജിമാരെ അന്യായമായി തടങ്കലിലിട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുശര്‍റഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. സുരക്ഷ കാരണങ്ങളാലാണ് മുശര്‍റഫിനെ കോടതിയില്‍ ഹാജരാക്കാതിരുന്നതെന്ന് എഫ്.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. 2007 ഡിസംബര്‍ 27നു മുശര്‍റഫ് പ്രസിഡന്‍്റായിരുന്നപ്പോഴാണ് ബേനസീര്‍ ഭൂട്ടോ റാവല്‍പിണ്ടയിലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. |
ഐ.സി.ആര്‍.എഫ്: ഭഗവാന്‍ അസര്‍പോട്ട പുതിയ ചെയര്‍മാന്‍ Posted: 30 Apr 2013 12:24 AM PDT മനാമ: ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) കമ്മിറ്റി പുന:സംഘടിപ്പിക്കുന്നതിന്‍െറ ഭാഗമായി നിലവിലെ ജന. സെക്രട്ടറി ഭഗവാന്‍ അസര്‍പോട്ടയെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. നിലവിലെ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് ഉപദേഷ്ടാവായി കമ്മിറ്റിയിലുണ്ടാകും. കമ്മിറ്റിയിലെ മറ്റു ഭാരവാഹികളെയും അംഗങ്ങളെയും ചെയര്‍മാന്‍ തെരഞ്ഞെടുത്ത ശേഷം അത് പരിശോധിച്ച് എംബസി അംഗീകാരം നല്‍കും. തനിക്ക് സ്ഥാനം ഒഴിയണമെന്ന് ജോണ്‍ ഐപ്പ് അഭ്യര്‍ഥിച്ചതിന്‍െറ അടിസ്ഥാനത്തിലും കമ്മിറ്റി പുന:സംഘടിപ്പിക്കുന്നതിന്‍െറ ഭാഗമായുമാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തതെന്ന് അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ.സി.ആര്‍.എഫിന്‍െറ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. കമ്യൂണിറ്റിക്കിടയില്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. ഇത് അനുസ്യൂതം തുടരാന്‍ പുതിയ ചെയര്‍മാനും കമ്മിറ്റിക്കുമാകണം. എംബസിയുടെ പൂര്‍ണ പിന്തുണ ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകും. ഐ.സി.ആര്‍.എഫിന് രജിസ്ട്രേഷന്‍ സമ്പാദിക്കുന്നതിനും നിലവിലെ കമ്മിറ്റിയുടെ ഭരണഘടന പരിഷ്കരിക്കുന്നതിനും നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ച് രണ്ട് വര്‍ഷം കൂടുമ്പോള്‍ ചെയര്‍മാനെ മാറ്റുന്ന രീതിയുണ്ടാകുമെന്നും അംബാസഡര്‍ വ്യക്തമാക്കി. ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് വ്യക്തമാക്കി. ഏകദേശം രണ്ട് കോടി രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കൃത്യമായ ഓഡിറ്റിങ്ങോടെയും എംബസിയുടെ ഉത്തരവാദിത്വത്തിലുമാണ് ഫണ്ട് കൈമാറ്റങ്ങള്‍ നടന്നിട്ടുള്ളത്. നല്ല വരുമാനമുള്ള ഇന്ത്യക്കാര്‍ വര്‍ഷത്തില്‍ 50 ദിനാറെങ്കിലും ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചാല്‍ അത് കമ്യൂണിറ്റിയിലെ പാവപ്പെട്ടവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഒരു ടീം വര്‍ക്കായിട്ടാണ് നടക്കുന്നതെന്നും കമ്യൂണിറ്റിയുടെ മൊത്തം സഹകരണം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണെന്നും പുതിയ ചെയര്‍മാന്‍ ഭഗവാന്‍ അസര്‍പോട്ട വ്യക്തമാക്കി. സി.സി.ഐ.എയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുകൊണ്ട് എംബസി സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്ന് ഐ.സി.ആര്‍.എഫും പുന:സംഘടിപ്പിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. നേരത്തെ സി.സി.ഐ.എയുടെ ഭാഗമായിരുന്ന ഐ.സി.ആര്‍.എഫിന് പിന്നീട് സ്വതന്ത്ര സ്വഭാവം കൈവരികയായിരുന്നു. ആറ് വൈസ് ചെയര്‍മാന്മാരും ട്രഷററും അസി. ട്രഷററും ജോയിന്‍റ് സെക്രട്ടറിയും ഇന്‍േറണല്‍ ഓഡിറ്ററും 70ഓളം അംഗങ്ങളാണ് ഇപ്പോള്‍ ഐ.സി.ആര്‍എഫിലുള്ളത്. അംഗങ്ങളില്‍ ഭൂരിഭാഗവും കമ്മിറ്റിയുടെ മാസാന്ത യോഗങ്ങളില്‍ പങ്കെടുക്കാറില്ല. ചില വ്യവസായ, വ്യാപാര പ്രമുഖരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ഫണ്ട് ശേഖരം കൂടി ലക്ഷ്യമാക്കിയാണ്. അതേസമയം, സാമൂഹിക, സേവന പ്രവര്‍ത്തനങ്ങളില്‍ മുഖം കാണിക്കാത്ത പലരും കമ്മിറ്റിയിലുണ്ട്. ബഹ്റൈനില്‍ നിരവധി സാമൂഹിക, റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന സംഘടനകള്‍ക്കൊ വ്യക്തികള്‍ക്കൊ ഐ.സി.ആര്‍.എഫില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുമില്ല. നിലവിലെ കമ്മിറ്റിയില്‍ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് സാമൂഹിക സേവന മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. കമ്മിറ്റി പുന:സംഘടിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് കമ്യൂണിറ്റി താല്‍പര്യപ്പെടുന്നത്. |
ഒമാനില്‍ മഴയും കാറ്റും തുടരുന്നു... Posted: 30 Apr 2013 12:18 AM PDT മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച് ഒരാഴ്ചയായി മഴ തുടരുന്നു. ഇന്നലെ രാത്രി ശക്തമായ കാറ്റിന്‍െറ അകമ്പടിയോടെയാണ് മസ്കത്ത് ഗവര്‍ണറേറ്റിലെ റൂവി, മത്ര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മഴയെത്തിയത്. ഇബ്രി, ബൂആലി, അല്‍വാസി, ലഷ്കറ തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ കാറ്റിന്‍െറയും ഇടിയുടെയും അകമ്പടിയോടെയാണ് പലയിടങ്ങളിലും മഴയെത്തിയത്. ബൂആലിയില്‍ വാദികള്‍ നിറഞ്ഞൊഴുകുകയാണ്. അല്‍കാമിലില്‍ കണ്ണൂര്‍ കോയാട് സ്വദേശി സുബൈറിന്‍െറ കടയുടെ മേല്‍ക്കൂര തകര്‍ന്ന് വെള്ളം അകത്തു കയറി. ഇബ്രി സൂഖിലും പരിസരങ്ങളിലും വെള്ളം കയറി നിരവധി പേര്‍ റോഡിനിരുവശവും കുടുങ്ങി. ഗൂബ്രയില്‍ നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. ഫലജ്, ശിനാസ്, സഹം എന്നിവിടങ്ങളില്‍ വൈകിട്ട് അഞ്ചു മണിവരെ മഴ പെയ്തു. പലയിടങ്ങളിലും വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മസ്കത്തില്‍ നിന്ന് സൂറിലേക്ക് പോയ ഒ.എന്‍.ടി.സി ബസ് പാതി വഴിയില്‍ വെച്ച് സര്‍വീസ് മതിയാക്കി തിരിച്ചു പോയി. വാദിയില്‍ ഒറ്റപ്പെട്ടവരെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചു. മോശം കാലാവസ്ഥ കാരണം എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളില്‍ ഹെലികോപ്റ്ററിന്‍െറ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താളം തെറ്റി. മസ്കത്തില്‍ പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും രാത്രിയോടെ ശക്തമായി മഴ പെയ്യുകയായിരുന്നു. വാദികള്‍ നിറഞ്ഞതിനാല്‍ പലയിടങ്ങളിലും പൊലീസ് വഴി തിരിച്ചു വിട്ടു. നാട്ടില്‍ നിന്നെത്തിയ മലയാളികളുള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വഴി മധ്യേ താമസസ്ഥലത്തെത്താന്‍ കഴിയാതെ വഴിയില്‍ കുടുങ്ങി. മത്ര സൂക്കിലെ മറ്റു വ്യാപാരം മുടങ്ങിയെങ്കിലും കുട വിപണി സജീവമായിരുന്നു. |
കുവൈത്തും തുര്‍ക്കിയും എട്ട് കരാറുകള്‍ ഒപ്പുവെച്ചു Posted: 30 Apr 2013 12:11 AM PDT കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ തുര്‍ക്കി സന്ദര്‍ശനത്തോടനുബന്ധിച്ച് കുവൈത്തും തുര്‍ക്കിയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് എട്ട് കരാറുകളില്‍ ഒപ്പുവെച്ചു. അമീറിന്‍െറയും തുര്‍ക്കി പ്രസിഡന്‍റ് അബ്ദുല്ല ഗുല്ലിന്‍െറയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, വ്യോമയാന, നയതന്ത്ര മേഖലകളിലൂന്നിയ അഞ്ച് ഉടമ്പടികളും മൂന്ന് ധാരണാപത്രവും ഒപ്പുവെച്ചത്. വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട കരാറില്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഫവാസ് അല്‍ ഫര്‍ഹയും തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബിലാല്‍ ഇക്സിയും ഒപ്പുചാര്‍ത്തിയപ്പോള്‍ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ രംഗത്തെ സഹകരണത്തിനുള്ള ഉടമ്പടിയില്‍ കുവൈത്ത് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ ജാറല്ലയും തുര്‍ക്കി കൗണ്‍സില്‍ ഓഫ് ഹയര്‍ എജുക്കേഷന്‍ പ്രസിഡന്‍റ് ഖോകാന്‍ സെതിന്‍സയയും ഒപ്പുവെച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കരാറില്‍ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി അനസ് അല്‍ സാലിഹും തുര്‍ക്കി കൃഷി മന്ത്രി മഹ്മൂദ് ബാക്കറും സാംസ്കാരിക രംഗത്തെ സഹകരണത്തിനുള്ള കരാറില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹും തുര്‍ക്കി വിദേശ മന്ത്രി അഹ്മദ് ദാവൂദോഗ്ലുവും ഒപ്പുചാര്‍ത്തി. നയതന്ത്ര ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള യാത്രക്ക് ഇളവ് അനുവദിക്കുന്ന കരാറിലും ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രിമാരാണ് ഒപ്പുവെച്ചത്. വ്യോമയാന മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഫവാസ് അല്‍ ഫര്‍ഹ, തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബിലാല്‍ ഇക്സി എന്നിവരും പ്രതിരോധ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹ്, തുര്‍ക്കി പ്രതിരോധ മന്ത്രി ഇസ്മത് ഇല്യാസ് എന്നിവരും ഒപ്പുവെച്ചപ്പോള്‍ കുവൈത്തിലെ സൗദ് അല്‍ നാസര്‍ അസ്വബാഹ് ഡിപ്ളോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും തുര്‍ക്കി ഫോറിന്‍ മിനിസ്ട്രി ഡിപ്ളോമാറ്റിക് അക്കാദമിയും തമ്മിലുള്ള സഹകരണ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രിമാര്‍ ഒപ്പിട്ടു. ഞായറാഴ്ചയാണ് മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി അമീറും പ്രതിനിധി സംഘവും തുര്‍ക്കിയിലെത്തിയത്. ഇവര്‍ക്ക് തിങ്കളാഴ്ച തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അങ്കാറ പാലസില്‍ സ്വീകരണം നല്‍കി. അമീറും പ്രസിഡന്‍റും അബ്ദുല്ല ഗുല്ലും ചേര്‍ന്ന് സൈനിക പരേഡ് വീക്ഷിക്കുകയും ചെയ്തു. |
ജെറ്റിന് കുറഞ്ഞ പലിശക്ക് ഇത്തിഹാദ് വായ്പ ലഭ്യമാക്കും Posted: 29 Apr 2013 10:30 PM PDT മുംബൈ: ഇത്തിഹാദ് എയര്‍വേയ്സുമായുള്ള സഹകരണം ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സിന് ഇരട്ട നേട്ടമാകുന്നു. 2058 കോടി രൂപ മുടക്കി 32 ശതമാനം ഓഹരി പങ്കാളിത്തം എടുത്തതിന് തൊട്ടു പിറകെ ജെറ്റ് എയര്‍വേയ്സിന് ഇത്തിഹാദ് വളരെ ആകര്‍ഷകമായ നിരക്കില്‍ 30 കോടി ഡോളര്‍ വായ്പ നല്‍കാന്‍ തീരുമാനിച്ചു. ഇത് ഇപ്പോള്‍ വന്‍ കടബാധ്യതയുള്ള ജെറ്റിന് ഏറെ ഗുണം ചെയ്യും. ഈ തീരുമാനം വരും വര്‍ഷങ്ങളില്‍ ജെറ്റിന്‍െറ അറ്റാദായം ഗണ്യമായി വര്‍ധിക്കാനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അവിശ്വസിനീയമായ മൂന്നു ശതമാനം നിരക്കിലാണ് ഇത്തിഹാദ് ജെറ്റിന് 30 കോടി ഡോളര്‍ (ഏകദേശം 1650 കോടി രൂപ) വായ്പ ലഭ്യമാക്കുക. ഇതു വഴി പലിശ ഇനത്തില്‍ ഇപ്പോള്‍ ചെലവഴിക്കുന്ന തുകയില്‍ മൂന്നു കോടി ഡോളറോളം (ഏകദേശം 160 കോടി രൂപ) ലാഭിക്കാന്‍ ജെറ്റിന് കഴിയും. 2012 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 10,000 കോടി രൂപയിലേറെയാണ് ജെറ്റിന്‍െറ കടബാധ്യത. ഈ വയ്പകള്‍ക്ക് 14 ശതമാനം പലിശയാണ് ജെറ്റ് നല്‍കിവരുന്നത്. ഈ ഇനത്തില്‍ മാത്രം 1400 കോടി രൂപയിലേറെ പ്രതിവര്‍ഷം കമ്പനി ചെലവഴിക്കുന്നുണ്ട്. അബൂദബിയിലെ ഇത്തിഹാദ് എയര്‍വേയ്സിന്‍െറ ബാങ്കുകള്‍ വഴിയാവും വായ്പ ലഭ്യമാക്കുകയെന്നാണ് ഇപ്പോഴത്തെ സൂചന. വന്‍തോതില്‍ കരുതല്‍ പണം കൈവശമുള്ള ഇത്തിഹാദ് ഭാവിയില്‍ ജെറ്റിന്‍െറ പലിശ ബാധ്യത കുറയ്ക്കുന്നതിന് കൂടുതല്‍ പണം ലഭ്യമാക്കിയേക്കുമെന്ന പ്രതീക്ഷയും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. |
No comments:
Post a Comment