കേന്ദ്ര മന്ത്രിമാരുടെ സൗദി തൊഴില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ജിദ്ദയില്‍ Posted: 24 Apr 2013 11:57 PM PDT ജിദ്ദ: സൗദിയിലെ പുതിയ തൊഴില്‍ പരിഷ്കരണങ്ങളുടെ പശ്ചാതലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തുന്ന കേന്ദ്ര മന്ത്രിതല സംഘം സൗദി തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹുമായി ജിദ്ദയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് സൗദി തൊഴില്‍ മന്ത്രാലയ മാധ്യമ വക്താവ് ഹത്താബ് സാലിഹ് അല്‍അന്‍സി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈമാസം 28നാണ് സംഘം കൂടിക്കാഴ്ച നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദില്‍ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത്‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രിതല സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം അറിയിച്ചത്. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൗദി തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈമാസം 27ന് ജിദ്ദയിലെത്തുന്ന സംഘം 28ന് സൗദി തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 29ന് തിരിച്ച് പോകും. ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ഡി.സി.എം. സിബി ജോര്‍ജ്, ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായ് തുടങ്ങിയവരുള്‍പ്പെടുന്ന നയതന്ത്ര സംഘവും മന്ത്രിമാരെ അനുഗമിക്കുമെന്നാണ് വിവരം. കൂടിക്കാഴ്ച മുന്നോടിയായി മന്ത്രിതല സംഘം മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യും. മന്ത്രിതല സന്ദര്‍ശനത്തിന് മുന്നോടിയായി എംബസി അധികൃതരുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമടങ്ങിയ പ്രവാസി ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളില്‍ നിന്ന് അഭിപ്രായ രൂപവത്കരണം നടത്തിയിരുന്നു. നിയമാനുസൃതരല്ലാതെ കഴിയുന്ന വിദേശികള്‍ക്ക് കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുവദിച്ച മൂന്ന് മാസത്തെ കാലവധി ഫലപ്രദമായി വിനിയോഗിക്കാന്‍ വേണ്ട നടപടികള്‍, സ്പോണ്‍സര്‍ഷിപ്പ്, പ്രൊഫഷന്‍ മാറ്റങ്ങള്‍ക്കുള്ള പ്രായോഗിക നടപടികള്‍, നിതാഖാത്തുമായി ബന്ധപ്പെട്ട് നിയമ കുരുക്കിലകപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ മന്ത്രിതല സന്ദര്‍ശനം വഴി ലഭ്യമാകണമെന്നാണ് പ്രവാസി സമൂഹത്തിന്‍െറ ആവശ്യം. |
‘സൗഹൃദ കേരളം’ സാംസ്കാരിക സമ്മേളനം നാളെ Posted: 24 Apr 2013 11:57 PM PDT ദോഹ: ദോഹ അന്താരാഷ്ട്ര മതസംവാദ കേന്ദ്രവുമായി സഹകരിച്ച് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ‘സൗഹൃദ കേരളം’ സാംസ്കാരിക സമ്മേളനം നാളെ വൈകിട്ട് 6.30 മുതല്‍ മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളില്‍ നടക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ആവണി വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ കടന്നമണ്ണ എന്നിവര്‍ അറിയിച്ചു. അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ ഖുറദാഗി, ദോഹ മതസംവാദ കേന്ദ്രം ചെയര്‍മാന്‍ ഡോ. ഇബ്രാഹിം സ്വാലിഹ് അന്നുഐമി, ഖത്തര്‍ ചാരിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ഗാമിതി, പ്രമുഖ വ്യവസായിയും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ളോബല്‍ പ്രസിഡന്‍റുമായ പത്മശ്രീ അഡ്വ. സി.കെ മേനോന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഫാ. ഡോ. മന്നക്കരകാവില്‍ ഗീവര്‍ഗീസ് മാത്യു, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. മീഡിയ വണ്‍ ടി.വി എം.ഡി അബ്ദുസ്സലാം അഹമ്മദ് മോഡറേറ്ററായിരിക്കും. വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും. ആശയധാരകളുടെ വൈവിധ്യങ്ങള്‍ ഒത്തുചേരുന്ന അപൂര്‍വ വേദിയായിരിക്കും നാളത്തെ സമ്മേളനമെന്നും ബഹുസ്വര സമൂഹത്തിന്‍െറ അടിസ്ഥാന ഘടകമായ സൗഹൃദം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങളില്‍ ഖത്തറിലെ മലയാളി സമൂഹത്തെ· ബോധവത്കരിക്കാനും സൗഹൃദ കേരളത്തിന്‍െറ പൈതൃകം പ്രവാസി സമൂഹത്തില്‍ പ്രചരിപ്പിക്കാനും സമ്മേളനം മുതല്‍കൂട്ടാകുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. |
അബൂദബി-ഇന്ത്യ സെക്ടറില്‍ ആഴ്ചയില്‍ 49,970 വിമാന സീറ്റുകള്‍ Posted: 24 Apr 2013 11:54 PM PDT ദുബൈ: വ്യോമയാന മേഖലയില്‍ ഇന്ത്യയും യു.എ.ഇയും സഹകരണം ശക്തമാക്കുന്നു. ഇതിന്‍െറ ഭാഗമായി അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. ഇരുഭാഗത്തേക്കും ആഴ്ചയില്‍ 49,970 വീതം വിമാന സീറ്റുകള്‍ ലഭ്യമാക്കാനാണ് തീരുമാനം. രണ്ടു രാജ്യങ്ങളിലെയും വ്യോമയാന-സിവില്‍ ഏവിയേഷന്‍ പ്രതിനിധികള്‍ അബൂദബിയില്‍ നടത്തിയ ദ്വിദിന ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായതെന്ന് ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അബൂദബിക്കും ഇന്ത്യക്കും പ്രതിവാരം 49,970 സീറ്റുകള്‍ വീതം എന്ന നിലയിലാണ് ധാരണ. നിലവില്‍ ഇത് 13,300 ആണ്. 36,670 സീറ്റുകള്‍ വീതമാണ് ഇരുദിശയിലേക്കും വര്‍ധിക്കുന്നത്. മൂന്നു വര്‍ഷംകൊണ്ട് വര്‍ധന പൂര്‍ണമായും പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ഡിസംബറോടെ 11,000 സീറ്റുകള്‍ അധികം വരും. തുടര്‍ന്ന് 2014ല്‍ 12,800 സീറ്റുകളും 2015ല്‍ 12,870 സീറ്റുകളും അധികമുണ്ടാകും. അബൂദബിക്ക് ലഭിക്കുന്ന 49,970 സീറ്റുകളും യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്സ് ഉപയോഗിക്കും. ഇത്തിഹാദ് ഇപ്പോള്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ന്യൂദല്‍ഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. പ്രതിവാരം 59 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പോകുന്നു. ബുധനാഴ്ചത്തെ ധാരണയുടെ അടിസ്ഥാനത്തില്‍ ഇത്തിഹാദ് ഇന്ത്യയിലെ രണ്ടു കേന്ദ്രങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ സര്‍വീസ് കേന്ദ്രങ്ങള്‍ 11 ആകും. ഇതിനുപുറമെ ഗേജ് മാറ്റം, ആഭ്യന്തര-മൂന്നാംരാജ്യ കോഡ് ഷെയര്‍ എന്നിവക്കും അനുമതി ലഭിച്ചു. കോഡ് ഷെയര്‍ അനുമതി ഇന്ത്യയില്‍നിന്ന് കൂടുതല്‍ യാത്രക്കാരെ നേടാന്‍ ഇത്തിഹാദിനെ സഹായിക്കും. അതേസമയം, ഇന്ത്യക്ക് ലഭിച്ച സീറ്റുകള്‍ ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാന കമ്പനികള്‍ക്കും വീതിച്ചുനല്‍കും. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന കമ്പനികള്‍ക്കും ചേര്‍ന്ന് ആഴ്ചയില്‍ 13,300 സീറ്റുകളാണ് അബൂദബിയിലേക്കുള്ളത്. ഇത് വര്‍ധിപ്പിക്കണമെന്ന് പലപ്പോഴും കമ്പനികളുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. അബൂദബി ചര്‍ച്ചക്ക് മുന്നോടിയായി ഇന്ത്യയിലെ എല്ലാ വിമാന കമ്പനികളുടെയും യോഗം കഴിഞ്ഞയാഴ്ച വ്യോമയാന മന്ത്രാലയം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ അബൂദബി-ഇന്ത്യ സെക്ടറില്‍ തങ്ങള്‍ക്ക് പ്രതിവാരം 5,000 സീറ്റുകള്‍ കൂടി വേണമെന്നാണ് സ്വകാര്യ കമ്പനിയായ ഇന്‍ഡിഗോ ആവശ്യപ്പെട്ടത്. മറ്റൊരു സ്വകാര്യ കമ്പനി സ്പൈസ് ജെറ്റ് 5,936 സീറ്റുകള്‍ അധികമായി ആവശ്യപ്പെട്ടപ്പോള്‍, എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ആവശ്യം 2,400 സീറ്റുകളായിരുന്നു. എന്നാല്‍, ജെറ്റ് എയര്‍വെയ്സ് 40,000 സീറ്റുകളാണ് ആവശ്യപ്പെട്ടത്. ജെറ്റിന്‍െറ 32 ശതമാനം ഓഹരികള്‍ ഇത്തിഹാദിന് നല്‍കാന്‍ ധാരണയിലെത്തിയ സാഹചര്യത്തിലാണിത്. ഇത്തിഹാദിന് ജെറ്റ് എയര്‍വെയ്സിന്‍െറ 32 ശതമാനം ഓഹരികള്‍ കൈമാറാന്‍ തീരുമാനിച്ചത് വ്യോമയാന മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കാന്‍ ഏറെ സഹായിക്കും. പലപ്പോഴും അനിശ്ചിതത്വത്തിലായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്. യു.എ.ഇയും ഇന്ത്യയും പുതിയ ഉഭയകക്ഷി വ്യോമയാന സഹകരണ കരാര്‍ (എ.എസ്.എ) ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. ഇതിന് രണ്ടു രാജ്യത്തെയും മന്ത്രിസഭകള്‍ അനുമതി നല്‍കണം. |
കോയമ്പത്തൂരില്‍ തീപിടിത്തം; നാലു മരണം Posted: 24 Apr 2013 11:47 PM PDT കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ ലക്ഷ്മി മില്‍ ജങ്ഷന് സമീപം ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു സ്ത്രീകള്‍ മരിച്ചു. ആക്‌സിസ് ബാങ്ക് ജീവനക്കാരാണ് മരിച്ചത്. പൊള്ളലേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് താഴത്തെ നിലകളിലേക്ക് തീ പടരുകയായിരുന്നു. ആക്‌സിസ് ബാങ്കിന്റേത് ഉള്‍പ്പെടെ നിരവധി ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. |
ദോഹയിലെ ഗോഡൗണുകളില്‍ വന്‍ തീപിടിത്തം Posted: 24 Apr 2013 11:28 PM PDT കുവൈത്ത് സിറ്റി: ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപ്പിടിത്തം. മരത്തടികളുടെയും കുട്ടികളുടെ കള്ളിക്കോപ്പുകളുടെയും മൂന്നു ഗോഡൗണുകളിലാണ് ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെ തീപിടിത്തമുണ്ടായത്. ഗോഡൗണുകള്‍ക്കകത്ത് കുടുങ്ങിയ രണ്ടു പേര്‍ മരിച്ചതായി സംശയമുണ്ടെന്ന് അഗ്നിശമനേസനാ മേധാവി യൂസുഫ് അല്‍ അന്‍സാരി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് ദുരന്ത കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3,500 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഒമ്പത് കേന്ദ്രങ്ങളില്‍നിന്നെത്തിയ അഗ്നിശമനസേന യൂനിറ്റുകള്‍ ചേര്‍ന്ന് ഏറെ നേരത്തേ പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. സുലൈബികാത്ത്, അര്‍ദിയ, ഇസ്നാദ്, ശുവൈഖ്, സാല്‍മിയ, ഫഹാഹീല്‍ ഫയര്‍ സ്റ്റേഷനുകളില്‍നിന്നെത്തിയ അഗ്നിശമന യൂനിറ്റുകളും സൈന്യത്തിന്‍െറയും നാഷണല്‍ ഗാര്‍ഡിന്‍െറയും അഗ്നിശമന വിഭാഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ബ്രിഗേഡിയര്‍ യൂസുഫ് അല്‍ അന്‍സാരിയെ കൂടാതെ ഖാലിദ് അല്‍ മിക്റാത്ത്, ഹമദ് അല്‍ ദഹ്ലഖ്, ഉമര്‍ മര്‍സൂദ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. |
ആന്ധ്രപ്രദേശില്‍ കാലം തെറ്റി പെയ്ത മഴയില്‍ 25 മരണം Posted: 24 Apr 2013 11:07 PM PDT ഹൈദരബാദ്: ആന്ധ്രപ്രദേശില്‍ കാലംതെറ്റി പെയ്ത കനത്ത മഴയില്‍ 25 മരണം റിപ്പോര്‍ട്ട് ചെയ്തു. 11 ജില്ലകളിലായി മിന്നലേറ്റാണ് കൂടുതല്‍ പേരും മരിച്ചത്. ഗുണ്ടൂരിലാണ് ഏഴ് പേരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് ദിവസമായി പെയ്യുന്ന മഴയില്‍ ഏകദേശം 70,000 ഹെക്ടറിലെ കൃഷി നശിച്ചു. ഇതില്‍ 38,397 ഹെക്ടറുകളിലും നെല്‍കൃഷിയായിരുന്നു. 24,320 ഹെക്ടറുകളിലെ പച്ചക്കറികൃഷിയും നശിച്ചു. 1,121 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായാണ് കണക്ക്. തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. അടുത്ത മൂന്നു ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. |
ടി.പി വധക്കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു -രമേശ് ചെന്നിത്തല Posted: 24 Apr 2013 10:25 PM PDT കോഴിക്കോട്: സാക്ഷികളെ സ്വാധീനിച്ച് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേസിലെ സാക്ഷികളില്‍ പലര്‍ക്കും വധഭീഷണിയുണ്ട്. പണവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ചാണ് പലരെയും കൂറുമാറ്റുന്നത്. കേരളീയ സമൂഹം ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപക്കേസുകളില്‍ മോഡി ചെയ്തതാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. എന്നാല്‍ ഗുജറാത്ത് കേസില്‍ മൊഴിമാറ്റിയവരെ ജയിലിലടച്ച കാര്യം സി.പി.എം ഓര്‍ക്കണം. ജഡ്ജിമാരെ പോലും സ്വാധീനിച്ചേക്കുമെന്ന ആശങ്കയുണ്ട്. ടി.പി വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവനും നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ പോരാട്ടം തുടരും. മോഡിയെ പോലുള്ളവര്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്നത് മതേതരത്വത്തോടുള്ള വെല്ലുവിളിയാണ്. ഒരു കക്ഷിയും യു.ഡി.എഫ് വിടില്ല. ഒരു എം.എല്‍.എയും യു.ഡി.എഫ് വിടാന്‍ പോകുന്നില്ല. എം.എല്‍.എമാര്‍ ഉള്ള പാര്‍ട്ടി യു.ഡി.എഫ് വിടുമെന്നതു കോടിയേരി ബാലകൃഷ്ണന്റെ ഉഹാപോഹം മാത്രമാണ്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചു സംസാരിക്കേണ്ടതു മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. |
ബംഗ്ലാദേശില്‍ കെട്ടിടസമുച്ചയം തകര്‍ന്ന് മരണം 140 കവിഞ്ഞു Posted: 24 Apr 2013 09:23 PM PDT ധാക്ക: ബംഗ്ലാദേശില്‍ ബഹുനില കെട്ടിട സമുച്ചയം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 140 കവിഞ്ഞു. സംഭവത്തില്‍ 700ലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് വസ്ത്രനിര്‍മാണ യൂനിറ്റുകള്‍, ബാങ്ക് ശാഖ, മുന്നൂറിനടുത്ത് കടകള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന എട്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തലസ്ഥാനമായ ധാക്കയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സവാറിലെ റാണ പ്‌ളാസ വാണിജ്യസമുച്ചയമാണ് തകര്‍ന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. 6000ത്തിനടുത്ത് പേര്‍ കെട്ടിടത്തിനകത്തെ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 76 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സവാര്‍ സര്‍ക്കിള്‍ എ.എസ്.പി അറിയിച്ചു. മൃതദേഹങ്ങള്‍ ഇനാം മെഡിക്കല്‍ കോളജിലേക്കും നാലിലധികം മൃതദേഹങ്ങള്‍ സമീപത്തെ മറ്റു ആശുപത്രികളിലേക്കും മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞദിവസം കെട്ടിടത്തില്‍ വിള്ളല്‍ കണ്ടിരുന്നതായി ജോലിക്കാര്‍ കെട്ടിട ഉടമകളെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് വകവെക്കാതെ കടയുടമകള്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നിര്‍ദേശപ്രകാരം സൈനികരും അഗ്‌നിശമനസേനയും പൊലീസും ദ്രുതകര്‍മസേനയും കെട്ടിടത്തിനകത്ത് കുടങ്ങിയവരെ രക്ഷിക്കാന്‍ ഊര്‍ജിതശ്രമം നടത്തിവരുന്നതായി ആഭ്യന്തരമന്ത്രി മുഹ്യിദ്ദീന്‍ ഖാന്‍ അലാംഗിര്‍ പറഞ്ഞു. |
സന്യാസിമാര്‍ മാപ്പുപറയണം Posted: 24 Apr 2013 09:17 PM PDT പ്രധാനമന്ത്രിപദത്തിലെത്തുക ജീവന്മരണ പ്രശ്നമായാണ് നരേന്ദ്രമോഡി കാണുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണെങ്കില്‍ മോഡി വധശിക്ഷക്ക് വിധേയനാകേണ്ടി വരും. കൊടുംകുറ്റവാളികള്‍ക്കുവേണ്ടി നിയമസംവിധാനത്തെ അപ്പാടെ അട്ടിമറിച്ചിട്ടും തന്‍െറ സഹകുറ്റവാളികളില്‍ പലരും ജയിലിലായതോടെ വൈകിയാണെങ്കിലും താനും നിയമത്തിന്‍െറ വലയില്‍ കുടുങ്ങും എന്ന ഭീതി മോഡിക്കുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ പരിധിയില്‍ നില്‍ക്കുന്നതല്ല കാര്യങ്ങള്‍ എന്നതുകൊണ്ട് ഇനി കേന്ദ്രഭരണത്തിലെത്തുക മോഡിയുടെ നിലനില്‍പിന്‍െറ കൂടി പ്രശ്നമായിരിക്കുന്നു. താന്‍ ചെയ്ത കൊടും ഹിംസകള്‍ക്ക് ശിക്ഷ നേരിടേണ്ടിവരും എന്ന ഭയത്തോടൊപ്പം നഗ്നമായ അധികാരമോഹവും ചേര്‍ന്നതോടെ പ്രധാനമന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള നീക്കങ്ങളില്‍ ഒരു പഴുതും ഉണ്ടാകാതിരിക്കാനാണ് മോഡി ശ്രമിക്കുന്നത്. സമകാലിക ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഹീനമായ നരഹത്യയുടെ നായകന്‍ എന്ന പ്രതിച്ഛായ മാറ്റി എല്ലാ വിഭാഗങ്ങളുടെയും അംഗീകാരമുള്ള നേതാവ് എന്ന പുതിയ ഇമേജ് സൃഷ്ടിക്കാനാണ് മുഖ്യശ്രമം. അതിന്‍െറ ഭാഗമായിരുന്നു ശിവഗിരിയിലേക്കുള്ള മോഡിയുടെ വരവ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ എതിര്‍പ്പാണ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനുള്ള ഏറ്റവും വലിയ ഭീഷണി. ബിഹാറിലെ കൂര്‍മി സമുദായത്തില്‍ സ്വാധീനമുള്ള നിതീഷ്കുമാറിന്‍െറ പാര്‍ട്ടിയുടെ സാന്നിധ്യമാണ് ബി.ജെ.പി മുന്നണിയിലെ നാമമാത്രമായ പിന്നാക്ക പ്രാതിനിധ്യം. സഖ്യത്തില്‍നിന്ന് നിതീഷ്കുമാര്‍ മാറിയാല്‍ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തീര്‍ത്തും എതിരായ ഹിന്ദു ഭീകരവാദികളുടെ പാര്‍ട്ടി എന്ന പ്രതിച്ഛായയില്‍നിന്ന് മുക്തമാകാന്‍ ബി.ജെ.പിക്ക് കഴിയില്ല. ഈ പശ്ചാത്തലമാണ് ന്യൂനപക്ഷ നാമധാരികള്‍ക്കും പിന്നാക്ക സമുദായങ്ങളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും ബി.ജെ.പി കേന്ദ്രങ്ങളില്‍ വന്‍ ഡിമാന്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ പൊതുചിത്രത്തില്‍ അപ്രസക്തനായ ഷിബു ബേബിജോണിനുപോലും ഉപയോഗമൂല്യം ഉണ്ടാക്കുന്നതാണ് ഈ സാഹചര്യം. കേരളത്തില്‍നിന്നുള്ള വാര്‍ത്തകള്‍ക്ക് അല്‍പംപോലും ഇടം നല്‍കാത്ത, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ മാധ്യമങ്ങള്‍ ഷിബു ബേബിജോണ്‍-മോഡി കൂടിക്കാഴ്ചക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയത്. അംഗസംഖ്യയില്‍ കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരിയില്‍ കടന്നുകയറാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു ഘട്ടത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ വളഞ്ഞ വഴിയിലൂടെ ശിവഗിരി ധര്‍മസംഘം പിടിച്ചടക്കിയതാണ്. സ്വാമി ശാശ്വതികാനന്ദയുടെ നേതൃത്വത്തിലുള്ള ശക്തമായ ചെറുത്തുനില്‍പിലൂടെയാണ് താല്‍ക്കാലികമായ ആ സ്വാധീനത്തില്‍നിന്ന് ശിവഗിരി മുക്തമായത്. പിന്നീട് ദുരൂഹസാഹചര്യത്തില്‍ ശാശ്വതികാനന്ദ മരണമടയുന്നതുവരെ സംഘ്പരിവാറിന് ശിവഗിരിയില്‍ കടന്നുകയറാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ വേണ്ടിയായിരുന്നു സംഘ്പരിവാറിന്‍െറ ആ നീക്കങ്ങളെങ്കില്‍ മോഡിയുടെ ശിവഗിരി ‘ആക്രമണ’ത്തിന് പിന്നില്‍ വ്യത്യസ്തമായ താല്‍പര്യമാണുള്ളത്. പിന്നാക്കക്കാര്‍ക്കിടയില്‍ താന്‍ സ്വീകാര്യനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരസ്യപ്രചാരണങ്ങളുടെ ഭാഗമായാണ് ശിവഗിരിയില്‍ മോഡി പരിപാടി സംഘടിപ്പിച്ചത്. വന്‍തോതില്‍ പണം ചെലവഴിച്ച് നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രചാരണങ്ങളിലൂടെ കൃത്രിമ പ്രതിച്ഛായ നിര്‍മിക്കാന്‍ അതിസമര്‍ഥനാണ് മോഡി. അങ്ങനെ പ്രതിച്ഛായ നിര്‍മിക്കാന്‍ വേണ്ടി മാധ്യമങ്ങളെയും സ്ഥാപനങ്ങളെയും വിലക്കെടുക്കുന്നതുപോലെ ശിവഗിരിയെയും വിലക്കെടുക്കുകയാണ് മോഡി ചെയ്തത്. അതില്‍ മോഡിയെ സംബന്ധിച്ചിടത്തോളം ധാര്‍മികപ്രശ്നങ്ങള്‍ ഒന്നും ബാധകമല്ല. പക്ഷേ, വംശഹത്യക്ക് നേതൃത്വം നല്‍കിയ മോഡിയെപ്പോലെ ഒരു മതഭ്രാന്തന് വേദിയൊരുക്കിയ ശിവഗിരി ധര്‍മസംഘവും അതിനെ നയിക്കുന്ന സന്യാസിമാരും കേരളീയ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ശിവഗിരിയിലെ സുപ്രധാനമായ ഒരു ചടങ്ങിന് മോഡിയെത്തന്നെ ക്ഷണിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ ധര്‍മസംഘം ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല. ‘ഭരണാധികാരി എന്ന നിലയില്‍ മോഡി ഗുജറാത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഭാരതമൊട്ടാകെ അംഗീകരിക്കപ്പെട്ടതാണ്’ എന്ന് മോഡിക്കുവേണ്ടി പരസ്യവാചകം എഴുതുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ മോഡിയെ സ്തുതിക്കുന്ന ശിവഗിരി മഠം സെക്രട്ടറി സ്വാമി ഋതംബരാനന്ദ, മോഡിയുടെ വംശഹത്യാ വാസന പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ‘മഠത്തിലെത്തുമ്പോള്‍ ഗുരുദേവനെക്കുറിച്ച് പഠിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. അതുകാരണം മോഡിയുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായാല്‍ അതും ഗുണകരമാണ്’ എന്ന് ഋതംബരാനന്ദ പറയുന്നു. മോഡിയുടെ കാഴ്ചപ്പാടില്‍ മാറ്റം ആവശ്യമാണെന്ന് ശിവഗിരി മഠം സെക്രട്ടറി സമ്മതിക്കുന്നു എന്നര്‍ഥം. കാഴ്ചപ്പാടില്‍ തകരാറുള്ള ഒരാളെത്തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചതെന്തിനാണ്? ഹിന്ദുമതത്തിന്‍െറ നൃശംസതകള്‍ക്ക് എതിരെ ഏറ്റവും ശക്തവും പ്രായോഗികവുമായ നിലപാട് സ്വീകരിച്ച ശ്രീനാരായണഗുരുവിനെയും അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘത്തെയും ഹിന്ദുഭീകരവാദത്തിന്‍െറ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തിയ ശിവഗിരി ധര്‍മസംഘം ചരിത്രത്തോട് ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. മോഡിയെ ക്ഷണിക്കുന്നതിനെതിരെ ധര്‍മസംഘത്തില്‍ ഭിന്നാഭിപ്രായമുണ്ടായതായി സൂചനയില്ല. ശ്രീനാരായണ ഗുരു പറഞ്ഞതും ചെയ്തതും എന്താണെന്ന് അറിയുന്ന ഒരാള്‍പോലും ഇന്ന് ശിവഗിരി ധര്‍മസംഘത്തിലില്ല എന്നുവേണം മനസ്സിലാക്കാന്‍. ആരാധനാലയങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്ന നരേന്ദ്രമോഡിയെപ്പോലുള്ളവര്‍ക്ക് വേദിയൊരുക്കിയ സന്യാസിമാര്‍ നാരായണഗുരു നല്‍കിയ ഒരു സന്ദേശമെങ്കിലും വായിച്ചുനോക്കേണ്ടതാണ്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് ആവര്‍ത്തിച്ചുപറയുകയും മതവിദ്വേഷത്തെ ഏറ്റവും നിന്ദ്യമായി കരുതുകയും ചെയ്ത നാരായണഗുരുവിന്‍െറ ആശ്രമത്തിലേക്ക്, അന്യരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും വ്യത്യസ്ത മതത്തില്‍ ജനിച്ചതിന്‍െറ പേരില്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കുറ്റവാളിയെ ക്ഷണിച്ചുവരുത്തിയവര്‍ നാരായണഗുരുവിന്‍െറ പേര് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരല്ല. നരേന്ദ്രമോഡിയുടെ സങ്കല്‍പത്തിലുള്ള ഹൈന്ദവ സന്യാസിമാരും നാരായണഗുരുവുമായി ഒരു താരതമ്യവുമില്ല. സനാതന ഹൈന്ദവതയുടെ വിധിനിഷേധങ്ങളെ ലംഘിച്ച നാരായണ ഗുരു സ്വന്തം ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഹൈന്ദവ ആരാധനാക്രമത്തെ നിരാകരിക്കുകയാണ് ചെയ്തത്. മുരുക്കുമ്പുഴയില്‍ ‘സത്യം, ധര്‍മം, ദയ, സ്നേഹം’ എന്ന് ചുറ്റുമെഴുതിയ വിളക്കും കളവങ്കോടത്ത് കണ്ണാടിയും ഉള്‍പ്പെടെ നാരായണഗുരുവിന്‍െറ ക്ഷേത്രപ്രതിഷ്ഠകളൊന്നും സംഘ്പരിവാര്‍ ശക്തികള്‍ ആരാധിക്കുന്ന ഹൈന്ദവക്ഷേത്ര മാതൃകയിലായിരുന്നില്ല. നാരായണഗുരുവിന്‍െറ പേര് ഉപയോഗിച്ച് ജീവിക്കുകയും നരേന്ദ്രമോഡിക്ക് ചുവപ്പു പരവതാനി വിരിക്കുകയും ചെയ്ത ശിവഗിരി സന്യാസിമാര്‍ നാരായണഗുരു നടത്തിയ പ്രതിഷ്ഠകള്‍ കാണാന്‍ വേണ്ടി അല്‍പസമയം മാറ്റിവെച്ചെങ്കില്‍ നന്നായിരുന്നു. നരേന്ദ്രമോഡിയെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല എന്ന പരിഹാസ്യമായ വാദം ഉയര്‍ത്തിയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മോഡിയെയും ശിവഗിരി സന്യാസിമാരെയും ന്യായീകരിക്കുന്നത്. ഹിറ്റ്ലറെയും മുസ്സോളിനിയെയും ഏത് കോടതിയാണ് ശിക്ഷിച്ചതെന്ന ലഘുവായ ചോദ്യംമാത്രമാണ് അതിനുള്ള മറുപടി. നരേന്ദ്രമോഡിയെ ന്യായീകരിക്കുക ബി.ജെ.പി നേതാക്കളുടെ തൊഴില്‍പരമായ ആവശ്യമാണ്. അത് മനസ്സിലാക്കാം. പക്ഷേ, ഗുജറാത്തില്‍ വംശഹത്യക്കിരയായ നിരപരാധികള്‍ക്കെതിരെ മോഡിയുടെ പക്ഷം ചേര്‍ന്ന ശിവഗിരി സന്യാസിമാര്‍ കേരളീയ സമൂഹത്തോട് സമാധാനം പറയേണ്ടതുണ്ട്. ശിവഗിരിയിലെ സന്യാസി സംഘത്തില്‍നിന്ന് രാജിവെച്ച് വ്യക്തിപരമായി അവര്‍ മോഡിയെ അനുകൂലിക്കുന്നതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍, നാരായണഗുരുവിനെയും അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘത്തെയും മറയാക്കി നാരായണഗുരുവിന്‍െറ കാഴ്ചപ്പാടിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നത് ചരിത്രത്തോടുള്ള തെറ്റും കടുത്ത അനാദരവുമാണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് കേരളീയ സമൂഹത്തോട് മാപ്പുപറയാന്‍ ശിവഗിരി സന്യാസിമാര്‍ തയാറാകണം. ശിവഗിരി ധര്‍മസംഘത്തില്‍നിന്ന് രാജിവെച്ചൊഴിയാനുള്ള മാന്യതയും അവര്‍ കാണിക്കണം. ശിവഗിരിയെ പ്രതിലോമകാരിതയുടെ സങ്കേതമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള തുറന്ന ആശയസമരത്തില്‍ പങ്കാളികളാകാനുള്ള ബാധ്യത ചരിത്രബോധമുള്ള എല്ലാ മലയാളികള്‍ക്കുമുണ്ട്. (ചരിത്ര ഗവേഷകനാണ് ലേഖകന്‍) |
No comments:
Post a Comment