സ്വാഗതം
WELCOME

News Update..

Thursday, April 18, 2013

പടുവളം സമരം: 56 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ Madhyamam News Feeds

പടുവളം സമരം: 56 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ Madhyamam News Feeds

Link to

പടുവളം സമരം: 56 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ബിവറേജസ് കോര്‍പറേഷന്‍

Posted: 18 Apr 2013 12:28 AM PDT

ചെറുവത്തൂര്‍: പടുവളത്തെ ജനകീയ സമരസമിതിയുടെ സമരത്തെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷനുണ്ടായ ഭീമമായ നഷ്ടം കണ്ടെത്താനായി അധികൃതര്‍ നിയമനടപടിക്കൊരുങ്ങുന്നു. ഇതിന് തുടക്കമെന്നോണം സമരത്തിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. സമരം തുടങ്ങിയതുമുതല്‍ ഇങ്ങോട്ടുള്ള നഷ്ടപരിഹാരം കണക്കാക്കി 56 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
സമരസമിതി കണ്‍വീനര്‍ അനൂപ് കാനായി, കെ.വി. രാജേഷ്, കെ. മാധവന്‍, കെ. ജയേഷ്, കാനായി ബാലന്‍, വി.വി. ബാബു എന്നിവരുടെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. വിഷുക്കാലയളവില്‍പോലും മദ്യം വില്‍ക്കാന്‍ സാധിക്കാതെവന്ന സാഹചര്യത്തില്‍ ഭീമമായ നഷ്ടപരിഹാര തുകയാണ് ബിവറേജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടത്.
സമരം വ്യാഴാഴ്ച 110ാം ദിവസത്തിലേക്ക് കടന്നു. പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറിയില്‍നിന്ന് 200 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ മദ്യവില്‍പന കേന്ദ്രം നാട്ടിലുണ്ടാക്കിയ പ്രശ്നങ്ങളെ തുടര്‍ന്നാണ് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. കാല്‍നടയാത്രികരും വിദ്യാര്‍ഥികളും മദ്യപാനികളുടെ ശല്യംമൂലം പൊറുതിമുട്ടിയപ്പോഴാണ് ജനകീയ സമിതി പ്രക്ഷോഭവുമായി രംഗത്തെത്തിയത്. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം മാറാന്‍ ഉടമ ഹൈകോടതി വിധി സമ്പാദിച്ചതിനെ തുടര്‍ന്ന് സുരക്ഷിതമല്ലാത്ത കെട്ടിടത്തിലേക്ക് മാറ്റാന്‍ തുടങ്ങിയതുമുതലാണ് സമരം തുടങ്ങിയത്.
പടുവളത്തിലെ മദ്യവില്‍പന കേന്ദ്രത്തിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടി സമാധാനപരമായാണ് സമരം നടന്നുവന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിനാളുകള്‍ ഇതിനകം സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മദ്യസമരത്തെ തുടര്‍ന്ന് പിലിക്കോട്ടും പരിസര പ്രദേശങ്ങളും സമാധാനം കൈവരിക്കുകയായിരുന്നു. മദ്യപാനികള്‍ ഉണ്ടാക്കുന്ന കേസുകള്‍ കുറഞ്ഞെന്ന് ചന്തേര പൊലീസും അറിയിച്ചു.
കഴിഞ്ഞദിവസം ചെറുവത്തൂരിലെത്തിയ എക്സൈസ് മന്ത്രി കെ. ബാബു പടുവളത്തെ മദ്യവില്‍പനശാല മാറ്റില്ലെന്നറിയിച്ചതും സമരക്കാര്‍ക്കെതിരെയുള്ള വെല്ലുവിളിയുടെ തുടക്കമായി നാട്ടുകാര്‍ കരുതുന്നു. സമരത്തെ തുടര്‍ന്ന് ജില്ല കലക്ടര്‍ ചേംബര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പടുവളത്തെ മദ്യവില്‍പനശാല മാറ്റാന്‍ ധാരണയായിരുന്നു. എന്നാല്‍, മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ധാരണയില്‍ ആശങ്ക ഉണര്‍ന്നിട്ടുണ്ട്. അധികൃതര്‍ എന്ത് നടപടി തുടര്‍ന്നാലും സമരം ശക്തമാക്കാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം.

വരള്‍ച്ച: വിളനഷ്ടം 23.5 കോടി

Posted: 18 Apr 2013 12:14 AM PDT

മലപ്പുറം: വരള്‍ച്ചയുടെ കാഠിന്യം കര്‍ഷക സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. ജില്ലയില്‍ 23.5 കോടിയാണ് വരള്‍ച്ചമൂലമുള്ള വിളനഷ്ടം. പതിനായിരകണക്കിന് ഏക്കര്‍ ഭൂമിയിലെ വിവിധ വിളകളെയാണ് വരള്‍ച്ച ബാധിച്ചത്. വേനല്‍മഴ വൈകിയാല്‍ നാശം ഇനിയും ഇരട്ടിക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു. 3363 ഹെക്ടര്‍ സ്ഥലത്തെ കൃഷി ജലക്ഷാമം മൂലം കരിഞ്ഞതായി കൃഷി വകുപ്പ് റിപ്പോര്‍ട്ടിലുണ്ട്. 2108 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. 1165 ഹെക്ടറിലെ വാഴകൃഷിക്ക് ഉണക്കംബാധിച്ചു. 90 ഹെക്ടറിലെ പച്ചക്കറി കൃഷി കരിഞ്ഞു.
പരപ്പനങ്ങാടി ഭാഗത്താണ് കൂടുതല്‍ വിളനാശം. വേങ്ങര, മലപ്പുറം, ചുങ്കത്തറ, താനൂര്‍, തിരുവാലി, തെന്നല ഭാഗങ്ങളിലും വ്യാപകമായി കൃഷി നശിച്ചതായി കൃഷി വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വേനലെത്തുംമുമ്പ് പുഴയില്‍ തടയണ നിര്‍മിക്കാത്തതും ഇറിഗേഷന്‍ പദ്ധതികളിലെ പമ്പിങിന്‍െറ താളപ്പിഴകളും വിളനാശത്തിന് ഹേതുവായതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. വൈദ്യുതി  മുടക്കവും പുഴകളില്‍ നീരൊഴുക്ക് നിലച്ചതും ജലസേചനത്തെ പ്രതികൂലമായി ബാധിച്ചു.
വരള്‍ച്ച കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്. നെല്‍കര്‍ഷകര്‍ക്കാണ് വന്‍നഷ്ടം. നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുത്തനെ കുറയുന്നതിനിടയിലാണ് വരള്‍ച്ചമൂലം നിലവിലുള്ള നെല്‍കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നത്. നെല്ലുല്‍പാദനത്തില്‍ 2500 ടണ്ണിന്‍െറ കുറവുണ്ട്.
വരള്‍ച്ചയില്‍ വിളനാശം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും ഇതൊന്നും നഷ്ടത്തിന്‍െറ ആഘാതം കുറക്കാന്‍ പര്യാപ്തമല്ല. വേനല്‍ മഴയിലും കാലവര്‍ഷത്തിലും നഷ്ടം സംഭവിച്ചവര്‍ക്ക് 4.04 കോടി രൂപയാണ് കൃഷി വകുപ്പ് അനുവദിച്ചത്. വിവിധ വിളകള്‍ക്ക് കൃഷി വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്ന് ആക്ഷേപമുണ്ട്. ഏപ്രില്‍ 22ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരള്‍ച്ചാ അവലോകനത്തിന് മലപ്പുറത്തെത്തും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്  ജില്ലയിലെ കര്‍ഷകര്‍.

ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി

Posted: 17 Apr 2013 11:52 PM PDT

സുല്‍ത്താന്‍ ബത്തേരി: ബത്തേരിയില്‍ ആന ഇടഞ്ഞത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പാപ്പാന്മാര്‍ക്ക് പിടികൊടുക്കാതെ ആറ് കിലോമീറ്ററോളം ഓടി. നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ബത്തേരിക്കടുത്ത കല്ലുവയലില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരം വലിക്കാന്‍ കൊണ്ടുവന്ന വിജയന്‍ എന്ന ആനയാണ് ബുധനാഴ്ച ഉച്ചയോടെ ഇടഞ്ഞത്. ബത്തേരി-താളൂര്‍-ഊട്ടി അന്തര്‍ സംസ്ഥാന റോഡിലേക്കിറങ്ങിയ ആന മൂന്ന് കിലോമീറ്റര്‍ പിന്നിട്ട് കോളിയാടിയിലെത്തി. ആനയെ അനുനയിപ്പിക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചെങ്കിലും അടുത്ത് അടുപ്പിക്കാതെ ആന കുതിച്ചോടുകയായിരുന്നു. ആനയുടെ വരവുകണ്ട് കാല്‍നട യാത്രക്കാര്‍ ചിതറിയോടി. വാഹനങ്ങള്‍ സൈഡിലേക്ക് മാറ്റിയിട്ടു. ആനയുടെ വരവു കണ്ട് യാത്രക്കാരില്‍ പലരും വാഹനങ്ങളില്‍നിന്ന് ഇറങ്ങിയോടി. എന്നാല്‍, ജനങ്ങളെയോ വാഹനങ്ങളെയോ ആന ഉപദ്രവിച്ചില്ല. കോളിയാടിയില്‍നിന്നും ചെറുമാട്, ചവനി ജനവാസ കേന്ദ്രങ്ങളിലൂടെയായിരുന്നു പിന്നീട് ആനയുടെ നെട്ടോട്ടം. കൃഷിയിടങ്ങളിലൂടെയും വീട്ടുമുറ്റങ്ങളിലൂടെയും കുതിച്ചോടിയെ ആനയെ കണ്ട് സ്ത്രീകളും കുട്ടികളുമടക്കം ഓടിമാറുകയായിരുന്നു. ചവനിയില്‍നിന്നും താഴത്തൂര്‍ ആദിവാസി കോളനിയിലൂടെ കടന്ന് മാടക്കര റോഡിലിറങ്ങിയ ആന തൊട്ടടുത്ത ചാളയില്‍ പത്രുവിന്‍െറ വയലില്‍ അഞ്ചുമണിയോടെ നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ എത്തിയ പാപ്പാന്മാര്‍ പഴവും വെള്ളവും നല്‍കി ആനയെ അനുനയിപ്പിച്ചു. തൊട്ടടുത്ത തോട്ടില്‍നിന്ന് വെള്ളം ശേഖരിച്ച് ആനയെ തണുപ്പിച്ചു. പിന്നീട് ആനയെ തളച്ചതോടെയാണ് ജനങ്ങളുടെ ശ്വാസം നേരെ വീണത്.
ബത്തേരി ടൗണില്‍നിന്നടക്കം നൂറുകണക്കിനാളുകള്‍ ബൈക്കിലും ജീപ്പിലുമായി ആനയെ കാണാന്‍ പിന്തുടര്‍ന്നെത്തിയത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു. അമ്പലവയല്‍, ബത്തേരി പൊലീസ് സ്റ്റേഷനുകളില്‍ നിന്നും വന്‍ പൊലീസ് സംഘവും വനപാലക സംഘവും സ്ഥലത്തെത്തിയിരുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. കഴിഞ്ഞ ഏഴു ദിവസമായി രാവും പകലുമായി ആനയെ കഠിനമായി പണിയെടുപ്പിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. പൊരിവെയിലില്‍ പണിയെടുത്ത ആനക്ക് വേണ്ടത്ര വിശ്രമം നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആന പാപ്പാന്മാരുടെ കഠിന മര്‍ദനത്തെ തുടര്‍ന്നാണ് ഇടഞ്ഞതെന്ന് ആരോപണമുണ്ട്.

ദേശീയപാത വികസനം: പുനരധിവാസ പാക്കേജിനായി ജനരോഷമിരമ്പി

Posted: 17 Apr 2013 11:23 PM PDT

വടകര: ‘എന്‍െറ കുടുംബത്തിന് സംഭവിച്ച ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാവരുത്. നിങ്ങളുടെ സമരം വിജയിച്ചേ മതിയാവൂ......’ ചോറോട് മണ്ണില്‍ താഴ ലീല  തൊണ്ടയിടറിക്കൊണ്ട് പറയുമ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു.
ദേശീയപാത വികസനത്തിന്‍െറ ഭാഗമായി വീടും സ്ഥലവും കടയും അളന്നുതിട്ടപ്പെടുത്തിയതില്‍ മനം നൊന്ത് ജീവനൊടുക്കിയ ലക്ഷ്മണന്‍െറ ഭാര്യയാണ് ലീല. കേട്ടുനിന്നവരില്‍ ഭൂരിഭാഗം പേരുടെയും അവസ്ഥ സമാനമായിരുന്നു. ഏതുനിമിഷവും കിടപ്പാടം നഷ്ടപ്പെടുന്നവര്‍, കച്ചവടസ്ഥാപനങ്ങള്‍ ഇല്ലാതാകുന്നവര്‍ -ഇങ്ങനെ ജീവിതം തന്നെ വെല്ലുവിളിയായവരായിരുന്നു കേള്‍വിക്കാരും.
ദേശീയപാത വികസനത്തിന്‍െറ ഭാഗമായി കമ്പോളവിലയും പുനരധിവാസ പാക്കേജും മുന്‍കൂറായി പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതുവരെ എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത കര്‍മസമിതി ആഭിമുഖ്യത്തില്‍ വടകര ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാറുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുകയായിരുന്നു ലീല.
സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന ഭരണകൂടവര്‍ഗത്തിനെതിരായ പ്രതിഷേധമാണ് മാര്‍ച്ചില്‍ ജ്വലിച്ചത്.
ജനപ്രതിനിധികള്‍, സാമൂഹ്യരാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകര്‍, പാതവികസനത്തിന്‍െറ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 1500ലേറെപ്പേര്‍ മാര്‍ച്ചില്‍ പങ്കാളികളായി.
മാര്‍ച്ച് സി.കെ. നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയമസഭയില്‍ ചര്‍ച്ചചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുനരധിവാസപാക്കേജ് നടപ്പിലാക്കാതെ യാതൊരുവിധ കുടിയൊഴിപ്പിക്കലും അനുവദിക്കില്ലെന്നും ന്യായമായ ഈ സമരത്തിനൊപ്പം നില്‍ക്കുമെന്നും എം.എല്‍.എ പറഞ്ഞു.
സമരത്തിന് സി.പി.ഐ, സി.പി.എം, എസ്.ജെ.ഡി. വെല്‍ഫയര്‍ പാര്‍ട്ടി, ആര്‍.എം.പി, ബി.ജെ.പി, എസ്.ഡി.പി.ഐ, വ്യാപാരി വ്യവസായസമിതി, സോളിഡാരിറ്റി, ശാസ്ത്രസാഹിത്യപരിഷത്ത്, ഒഞ്ചിയം അതിവേഗറെയില്‍വേ പ്രതിരോധസമിതി എന്നീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.
ചെയര്‍മാന്‍ സി.വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍, ദയാനന്ദന്‍, എന്‍.പി. രാജന്‍, ആര്‍. സത്യന്‍, എം.പി. ഭാസ്കരന്‍, മോഹനന്‍ മണലില്‍, പി.എസ്. ഹകീം, വി.എം. സലാംഹാജി, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, റസാഖ് പാലേരി, കെ. അന്‍വര്‍ ഹാജി, സി.കെ. വിജയന്‍, സി.കെ. മൊയ്തു, സവാദ് വടകര, പി.കെ. കുഞ്ഞിരാമന്‍, ബിജു കളത്തില്‍, അബുതിക്കോടി എന്നിവര്‍ സംസാരിച്ചു.
നേരത്തേ പുതിയബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം എല്‍.എ ഓഫിസിനുമുന്നില്‍ പൊലീസ് തടഞ്ഞു.
ഇവിടെ സമരത്തില്‍ പങ്കെടുത്തവരും പൊലീസും നേരിയ ഉന്തും തള്ളും വാക്തര്‍ക്കവും നടന്നു.  മാര്‍ച്ചിന് കെ. കുഞ്ഞിരാമന്‍, സി.കെ. ഭാസ്കരന്‍, പ്രഫ. പാമ്പള്ളി മഹ്മൂദ്, പി. പ്രകാശ്കുമാര്‍, കെ.വി. രാമചന്ദ്രന്‍ പൂക്കാട്, കെ.സി. സജീവന്‍, കെ.പി.എ. വഹാബ്, കെ.പി. അമ്മദ്, റഫീഖ് വടകര, സാജിദ് മൂരാട് എന്നിവര്‍ നേത്യത്വം നല്‍കി.

സി.എം. ദിനേശ്മണി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

Posted: 17 Apr 2013 11:14 PM PDT

Image: 

കൊച്ചി:  സി.എം. ദിനേശ്മണിയെ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദിനേശ്മണിയെ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തത്.

നിലവിലെ ജില്ലാസെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സ്ഥാനത്ത് തുടരുന്നതിലെ ബുദ്ധിമുട്ട് യോഗത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ   ജില്ലാ സെക്രട്ടറിയറ്റ് യോഗവും ജില്ലാ കമ്മറ്റിയോഗവും ചേര്‍ന്നാണ് ദിനേശ്മണിയെ സെക്രട്ടറിയാക്കാനുള്ള തീരുമാനം കൈകൊണ്ടത്.

ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കൂടുതല്‍ ചുമതലുകള്‍ ഉള്ളതിനാലാണ് തല്‍്സ്ഥാനത്തേക്ക് ദിനേശ്മണിയെ ഐക്യകണ്ഠേ തെരഞ്ഞെടുത്തതെന്ന്പിണറായി വിജയന്‍ പറഞ്ഞു. ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന സമിതിയില്‍ തുടരുമെന്നും പിണറായി അറിയിച്ചു.
കടുത്ത പിണറായി പക്ഷക്കാരനായ  സി.എം. ദിനേശ്മണി മുന്‍ പള്ളുരുത്തി എം.എല്‍.എയാണ്. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
 
 

മുശര്‍റഫിനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ്

Posted: 17 Apr 2013 11:09 PM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫിനെ അറസ്റ്റ് ചെയ്യന്‍ ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടു. ജഡ്ജിമാരെ അന്യായമായി തടവിലിട്ട കേസില്‍ മുശര്‍റഫിന്റെ ജാമ്യം ഹരജി ഹൈകോടതി തള്ളി.

ഹൈകോടതി ജഡ്ജി ഷൗകത്ത് അസീസ് ആണ് മുശര്‍റഫിന്റെജാമ്യ ഹരജി തള്ളിയത്. അതേസമയം, ജാമ്യ ഹരജി പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്ന മുശ്റഫിനെ അറസ്റ്റു ചെയ്യാന്‍  പൊലീസ് ശ്രമിച്ചെങ്കിലും അംഗരക്ഷകരുടെ സഹായത്തോടെ രക്ഷപ്പെട്ടതായി പാകിസ്താനിലെ പ്രമുഖ ഇംഗ്ളീഷ് പത്രമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, കോടതിയില്‍ നിന്നു മുങ്ങിയ മുശറഫ് ഇസ്ലാമാബാദ് നഗരത്തിനു പുറത്തുള്ള ചാക് ഷഹസാദിലെ ഫാം ഹൗസില്‍ എത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുശറഫിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് സൂചന നല്‍കി.  

കേസില്‍ മുശര്‍റഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഹൈകോടതിയില്‍ കീഴടങ്ങിയ മുശര്‍റഫിന് ആറു ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇതിന്റെകാലവധി കഴിഞ്ഞ സാഹചര്യത്തിലാണ് മുശര്‍റഫ് ജാമ്യം നീട്ടി നല്‍കാന്‍ ഹരജി നല്‍കിയത്.

അറസ്റ്റ് ചെയ്യാനുള്ള ഹൈകോടതി ഉത്തരവിനെതിരെ  സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുശ്റഫിന്റെഅഭിഭാഷകര്‍ പറഞ്ഞു.
2007 നവംബര്‍ 3നു പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തികാര്‍ മുഹമ്മദ് ചൗധരി ഉള്‍പ്പെടെ 60ലധികം ജഡ്ജിമാരെ തടവിലിട്ട കേസിലാണ് മുശര്‍റഫിനെതിരെ നടപടി.

 

തൊഴില്‍ മേഖല വ്യവസ്ഥാപിതമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകരിച്ച നീക്കം

Posted: 17 Apr 2013 10:45 PM PDT

Image: 

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖല വ്യവസ്ഥാപിതമാക്കാന്‍ ഒന്നിച്ചുള്ള നീക്കം ആരംഭിക്കുമെന്നും ഇതിനായി ഏകീകരിച്ച നിയമം നടപ്പില്‍ വരുത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളില്‍ നിലവിലുള്ള ആവശ്യത്തില്‍ കഴിഞ്ഞ അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യവും യോഗ്യതയും പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തും. റിയാദ് സന്ദര്‍ശിച്ച കുവൈത്ത് മാനവ വിഭവശേഷി സെക്രട്ടറി ജനറല്‍ ഫൗസി അല്‍മജ്ദലി അല്‍ഇഖ്തിസാദിയ്യ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജി.സി.സി രാജ്യങ്ങളുടെ തൊഴില്‍ മേഖലക്ക് ഉപകാരപ്പെടാത്ത അവിദഗ്ധ തൊഴിലാളികള്‍ ആവശ്യത്തിലധികം വിവിധ ഗള്‍ഫ്് രാജ്യങ്ങളിലുണ്ടെന്നാണ് കണക്ക്. ഇവര്‍ തൊഴില്‍ മേഖലയില്‍ അസന്തുലിതത്വം സൃഷ്ടിക്കുന്നു. കൂടാതെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രശ്നങ്ങള്‍ക്കും ഈ തൊഴിലാളികള്‍ കാരണമാവുന്നു. കണക്കില്‍ കവിഞ്ഞ അവിദഗ്ധ തൊഴിലാളികളില്‍ ഭൂരിപക്ഷം പേര്‍ക്കും തൊഴില്‍ കരാര്‍ നിലവിലില്ലെന്നതും യഥാര്‍ഥ്യമാണ്. പുതിയ നിയമത്തില്‍ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്‍െറ അടിസ്ഥാനത്തിലല്ലാതെ ജോലിയില്‍ തുടരാനാവില്ല.
ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് പുതിയ നിയമത്തിന് അന്തിമ രൂപം നല്‍കുക എന്നും അല്‍മജ്ദലി പറഞ്ഞു. ഒരു ലക്ഷം അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാനും തല്‍സ്ഥാനത്ത് സ്വദേശികളെ നിയമിക്കാനും കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്. സമാനമായ നീക്കങ്ങള്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നടക്കുന്നു. എന്നാല്‍ ഗള്‍ഫ് തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാന്‍ ഏകീകരിച്ച നിയമവും ഒന്നിച്ചുള്ള നീക്കവും ആവശ്യമാണ്.
വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാന്‍ വിസയില്‍ വന്നിറങ്ങുന്ന രാജ്യത്ത് പരീക്ഷ ഏര്‍പ്പെടുത്താനും ജി.സി.സി രാജ്യങ്ങള്‍ക്ക് ഉദ്ദേശമുണ്ട്. ഗള്‍ഫില്‍ തൊഴില്‍ സാധ്യത കൂടുതലള്ള ജോലിയുമായി ബന്ധപ്പെട്ട് വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റ് പരിശോധനയും യോഗ്യത പരീക്ഷയും ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചത്.
 

അബൂദബി കിരീടാവകാശി ഒബാമയുമായി ചര്‍ച്ച നടത്തി

Posted: 17 Apr 2013 10:41 PM PDT

Image: 

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി ചര്‍ച്ച നടത്തി. ശൈഖ് മുഹമ്മദിന്‍െറ ദ്വിദിന അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ബോസ്റ്റണ്‍ മാരത്തണിന് ഇടയിലുണ്ടായ സ്ഫോടനത്തെ യു.എ.ഇ അപലപിക്കുന്നതായി അറിയിച്ച ശൈഖ് മുഹമ്മദ്, മരിച്ചവര്‍ക്ക് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ അനുശോചനവും ഒബാമക്ക് കൈമാറി. പ്രാദേശികവും രാജ്യാന്തര തലത്തിലുള്ളതുമായ സംഭവ വികാസങ്ങളും മിഡിലീസ്റ്റില്‍ സമാധാനവും സ്ഥിരതയും കൈവരുത്താനുള്ള നടപടികളും ഇരുവരുടെയും ചര്‍ച്ചാവിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ശൈഖ് അബ്ദുല്ലയും സംസാരിച്ചു.
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജോസഫ് ബൈഡനുമായും ശൈഖ് മുഹമ്മദും സംഘവും കൂടിക്കാഴ്ച നടത്തി. അമേരിക്ക അടുത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് യു.എ.ഇ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2002ല്‍ 4.5 ബില്യന്‍ ഡോളര്‍ ആയിരുന്നത് 2012ല്‍ 24.8 ബില്യന്‍ ആയെന്നാണ് കണക്ക്.

സുഹൃത്തിനു നേരെയുള്ള മാനഭംഗശ്രമം തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി

Posted: 17 Apr 2013 10:35 PM PDT

Image: 

നാഗ്പൂര്‍: നാഗ്പൂരില്‍ സുഹൃത്തിനുനേരെയുള്ള മാനഭംഗ ശ്രമം തടയാന്‍ ശ്രമിച്ച യുവാവ്  അഞ്ജാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു.  സ്കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് ശല്യം ചെയ്ത മൂന്നംഗ സംഘത്തെ  ചെറുക്കാന്‍ ശ്രമിച്ച ബിരുദ വിദ്യാര്‍ഥി റോഷന്‍ സമ്രിത്താണ്  വെടിയേറ്റ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 7.30 ഓടെ മെഡിക്കല്‍ കോളേജ് സ്ക്വയറിലാണ് സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന്  അസഭ്യം പറയുകയും  പീഡിപ്പിക്കാന്‍ ശ്രമിക്കുയും ചെയ്ത മൂന്നംഗ സംഘത്തെ  റോഷന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. റോഡരികില്‍ വണ്ടി നിര്‍ത്തി റോഷന്‍ കടയിലേക്ക് കയറിയപ്പോഴാണ് മൂന്നംഗ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ  വിളി കേട്ട് പുറത്തേക്കു വന്ന റോഷന്‍ ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് ഇവര്‍  തൊട്ടടുത്തു നിന്ന് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ റോഷനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എന്നാല്‍, യുവാക്കളെ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യകയോ ചെയ്തിട്ടില്ല.
2011 ല്‍ മുബൈയിലും സമാനമായ സംഭവം നടന്നിരുന്നു. പെണ്‍സുഹൃത്തിനെ ലൈംഗികമായി അപമാനിക്കുന്നത് എതിര്‍ത്ത രണ്ടു യുവാക്കളെ ജനകൂട്ടത്തിനിടയില്‍ വെച്ച് അക്രമികള്‍ കുത്തി കൊലപ്പെടുത്തിയിരുന്നു.

2011 ല്‍ മുബൈയിലും സമാനമായ സംഭവം നടന്നിരുന്നു. പെണ്‍സുഹൃത്തിനെ ലൈംഗികമായി അപമാനിക്കുന്നത് എതിര്‍ത്ത രണ്ടു യുവാക്കളെ ജനകൂട്ടത്തിനിടയില്‍ വെച്ച് അക്രമികള്‍ കുത്തി കൊലപ്പെടുത്തിയിരുന്നു.

അല്‍ജസീറ ചലച്ചിത്രമേള ഇന്ന് മുതല്‍

Posted: 17 Apr 2013 10:30 PM PDT

Image: 

ദോഹ: ലോകസിനിമയുടെ വൈവിധ്യങ്ങളിലേക്കും വര്‍ത്തമാനങ്ങളിലേക്കും ജാലകങ്ങള്‍ തുറന്ന് ഒമ്പതാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ചലച്ചിത്രോല്‍സവത്തിന് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ന് തിരശ്ശീല ഉയരും. വൈകിട്ട് ഏഴിന് ഷെറാട്ടണലിലെ മജ്ലിസ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അല്‍ജസീറ നെറ്റ്വര്‍ക്ക് ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ ഹമദ് ബിന്‍ ഥാമിര്‍ ആല്‍ഥാനി സംസാരിക്കും. സിറിയയില്‍ കൊല്ലപ്പെട്ട അല്‍ജസീറ ലേഖകന്‍ മുഹമ്മദ് അല്‍ മുസല്ലമാനിയുടെ കുടുംബത്തെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി ചൈനീസ് സംവിധായകനായ ഴീ ഴാങിന്‍െറ ‘അപ്പേയ്ന്‍റ്മെന്‍റ്’ പ്രദര്‍ശിപ്പിക്കും.
വര്‍ത്തമാനകാല സിനിമയുടെ യാഥാര്‍ഥ്യങ്ങളും പ്രമേയപരമായ വൈജാത്യങ്ങളും ചര്‍ച്ച ചെയ്യുന്ന സെമിനാറുകള്‍ നാളെയും ശനിയാഴ്ചയും മേളയുടെ ഭാഗമായി നടക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അബ്ബാസ് ആര്‍നോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റയ്യാന്‍ ഹാളില്‍ നാളെ വൈകിട്ട് 6.30ന് ‘സിനിമയും മനുഷ്യാവകാശങ്ങളും’, ശനിയാഴ്ച വൈകിട്ട് ആറിന് ‘ഇറ്റാലിയന്‍ സിനിമയും ഫലസ്തീനും’, രാത്രി എട്ടിന് ‘എഴുത്തും സിനിമയും’ എന്നിവയാണ് സെമിനാറുകള്‍. നാളെ രാത്രി എട്ടിന് റയ്യാന്‍ ഹാളില്‍ നടക്കുന്ന കവിതാസന്ധ്യയില്‍ പ്രശസ്ത ഇറാഖി കവി ഇമാം അല്‍ ബഹര്‍ ദര്‍വീഷ് പങ്കെ
ടുക്കും.
ചൈനീസ് യൂറോപ്യന്‍ ചിത്രങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ചിത്രങ്ങളുടെ ഗുണനിലവാരത്തിനാണ് പ്രാധാന്യം നല്‍കിയതെന്ന് അബ്ബാസ് ആര്‍നോട്ട് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നായി 300 പ്രതിനിധികള്‍ നാല് ദിവസത്തെ മേളയില്‍ പങ്കെടുക്കും. ഇതില്‍ 30 പേരോളം മാധ്യമപ്രവര്‍ത്തകരാണ്. അല്‍ജസീറയില്‍ നിന്നും ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നുമായി 30 വളന്‍റിയര്‍മാര്‍ മേളയില്‍ സേവനമനുഷ്ഠിക്കും. മേളയോടനുബന്ധിച്ച് ഷെറാട്ടണില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ബി.ബി.സി, റോയിട്ടേഴ്സ് എന്നിവയടക്കം മാധ്യമ, ചലച്ചിത്ര രംഗങ്ങളിലെ 65 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.
‘ജാലകങ്ങള്‍’ എന്ന പ്രമേയത്തില്‍ ഈ മാസം 21 വരെ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി ഇന്ത്യയടക്കം 33 രാജ്യങ്ങളില്‍ നിന്നുള്ള 205 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള അഞ്ച് യുവ സംവിധായകരുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷെറാട്ടണലിലെ അല്‍ മജ്ലിസ്, സല്‍വ 1, സല്‍വ 2, സല്‍വ 3, അല്‍ റയ്യാന്‍ ഹാളുകളില്‍ രാവിലെ ഒമ്പത് മുതലാണ് പ്രദര്‍ശനം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP