സ്വാഗതം
WELCOME

News Update..

Tuesday, April 9, 2013

വിപ്രോയില്‍ ബിസിനസ് വിഭജനം Madhyamam News Feeds

വിപ്രോയില്‍ ബിസിനസ് വിഭജനം Madhyamam News Feeds

Link to

വിപ്രോയില്‍ ബിസിനസ് വിഭജനം

Posted: 09 Apr 2013 12:42 AM PDT

Image: 

ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്‍ നിര ഐ.ടി കമ്പനിയായ വിപ്രോ ലിമിറ്റഡില്‍ ബിസിനസ് വിഭജനം. 2013 ജൂണോടെ ഇന്ത്യയിലെ പബ്ളിക്ക് ലിമിറ്റഡ് കമ്പനികളില്‍ ചുരുങ്ങിയത് 25 ശതമാനം ഓഹരി വിഹിതം പൊതു ജനങ്ങള്‍ക്കുണ്ടായിരിക്കണമെന്ന സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിര്‍ദേശം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വിപ്രോ ബിസിനസുകള്‍ വിഭജിച്ചത്. ഇത് പ്രകാരം ഐ.ടി അല്ലാത്ത ബിസിനസുകള്‍ പ്രത്യേക കമ്പനി രൂപവത്കരിച്ച് അതിലേക്ക് മാറ്റും. ഇതിനായി വിപ്രോ എന്‍റര്‍പ്രൈസസ് എന്ന കമ്പനി രൂപവത്കരിച്ചിട്ടുമുണ്ട്. ഈ കമ്പനി ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെടില്ല.

ഐ.ടിക്ക് പുറമെ ലൈറ്റിങ്, ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, എന്‍ജിനീയറിങ് മേഖലകളില്‍ ബിസിനസ് താല്‍പ്പര്യവും വിപ്രോയ്ക്കുണ്ട്. ഈ ബിസിനസുകളാണ് വിപ്രോ എന്‍റര്‍പ്രൈസസിലേക്ക് മാറ്റുക.

വിഭജനം പ്രവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി വിപ്രോ ലിമിറ്റഡിന്‍െറ ഓഹരി ഉടമകള്‍ക്ക് മൂന്ന് മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ കമ്പനി അവസരം നല്‍കിയിട്ടുണ്ട്. കൈവശമുള്ള അഞ്ചു വിപ്രോ ഓഹരികള്‍ക്ക് വിപ്രോ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍െറ ഒരു ഓഹരി എന്നതാണ് ആദ്യ മാര്‍ഗം. കൈവശമുള്ള അഞ്ചു വിപ്രോ ഓഹരികള്‍ക്കും  ഏഴ് ശതമാനം അവകാശ ഓഹരി എന്നതാണ് ഓഹരി ഉടമകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന രണ്ടാമത്തെ മാര്‍ഗം. ഈ അവകാശ ഓഹരികളുടെ മുഖവില 50 രൂപയായിരിക്കും. കൂടാതെ നിശ്ചിത കാലാവധിക്ക് ശേഷം കമ്പനി ഓഹരികള്‍ തിരികെ വാങ്ങുകയും ചെയ്യും. ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ കൈവശം വെയ്ക്കാന്‍ ആഗ്രഹമില്ലാത്ത ഓഹരി ഉടമകള്‍ക്ക് വിപ്രോ എന്‍റര്‍പ്രൈസസിന്‍െറ ഓഹരികള്‍ക്ക് പകരം വിപ്രോ ലിമിറ്റഡിന്‍െറ തന്നെ ഓഹരികള്‍ വാങ്ങാമെന്നതാണ് മൂന്നാമത്തെ മാര്‍ഗം. ഇവര്‍ക്ക് വിപ്രോ എന്‍റര്‍പ്രൈസസിന്‍െറ 1.65 ഓഹരികള്‍ക്ക് പകരം ഒരു വിപ്രോ ഓഹരി ലഭിക്കും.

ഗ്രൂപ്പുപോര്; ആയുര്‍വേദ ആശുപത്രിക്ക് രണ്ട് കല്ലിടീല്‍

Posted: 09 Apr 2013 12:23 AM PDT

പത്തനംതിട്ട: നഗരസഭാ ഭരണകക്ഷിയില്‍ ഗ്രൂപ്പുപോര് ശക്തമായി. അഴൂരില്‍ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണത്തിനായി രണ്ട് കല്ലിടീല്‍ ചടങ്ങ്. ചെയര്‍മാന്‍െറ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി അഡ്വ.റോഷന്‍ നായരുടെ നേതൃത്വത്തില്‍ ബദല്‍ കല്ലിടീല്‍ നടന്നത്. മണിക്കൂറുകള്‍ക്ക് ശേഷം നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ നിര്‍മാണോദ്ഘാടനവും നടത്തിയതോടെ ഭരണകക്ഷിയിലെ ഗ്രൂപ്പു പോര് വരും ദിവസങ്ങളില്‍ മൂര്‍ഛിക്കുമെന്ന്്്ഇതോടെ ഉറപ്പായി.
തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അഡ്വ. റോഷന്‍ നായരുടെ നേതൃത്വത്തില്‍ ആശുപത്രി സ്ഥലത്ത് കല്ലിട്ടത്. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ.ആര്‍. അരവിന്ദാക്ഷന്‍ നായരാണ് കല്ലിടീല്‍   നടത്തിയത്.
സ്വതന്ത്രാംഗങ്ങളായ കെ.ആര്‍. അജിത്കുമാര്‍, മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍, ബി.ജെ.പി അംഗം കെ.ജി. പ്രകാശ് എന്നിവരും പങ്കെടുത്തു. ശേഷം 10.30 ഓടെ ടൗണ്‍ ഹാളില്‍ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ ആയുര്‍വേദ ആശുപത്രി നിര്‍മാണോദ്ഘാടന ചടങ്ങും നടന്നു. ചെയര്‍മാന്‍ എ.സുരേഷ്കുമാറാണ് നിലവിളക്ക് കൊളുത്തി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. നിര്‍മാണ സ്ഥലത്ത് സ്ഥാപിക്കാന്‍ ചെയര്‍മാന്‍െറ പേര് കൊത്തിയ ശിലാഫലകവും തയാറാക്കിയിരുന്നു.
13 വര്‍ഷം മുമ്പ് തറക്കല്ലിട്ട ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം ഇപ്പോഴെങ്കിലും തുടങ്ങാന്‍ കഴിഞ്ഞത് കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എം. ഹമീദ്, കൗണ്‍സിലര്‍മാരായ എം.സി. ഷെരീഫ്, കെ.ജാസിംകുട്ടി, ആനി സജി, ജോളി ശെല്‍വന്‍, എസ്. ഷൈലജ, സൂസണ്‍ ജോണ്‍, ബി. മണിയമ്മ, ബാബു വിളവിനാല്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ആര്‍.എസ്. അനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.ജെ.പിയിലെ ബാബു വിളവിനാല്‍ ഒഴികെ മറ്റ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരും പങ്കെടുത്തില്ല. നോട്ടീസില്‍ പേര് കൊടുത്തിരുന്ന ഭരണപക്ഷത്തെ ചില അംഗങ്ങളും പങ്കെടുത്തില്ല.
1999 ല്‍ അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി ആശുപത്രി നിര്‍മാണത്തിനായി ശിലാസ്ഥാപനം നടത്തിയതാണ്. എന്നാല്‍, നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി കാരണം മാറിമാറി വന്ന ഭരണ സമിതികള്‍ക്ക് ആശുപത്രി കെട്ടിടം പണിയാന്‍ കഴിഞ്ഞില്ല.
എ.കെ. ആന്‍റണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പണിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത്. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആലോചിക്കാതെ ചെയര്‍മാന്‍ ഏകപക്ഷീയമായി ചടങ്ങ് സംഘടിപ്പിച്ചതാണ് എതിര്‍പ്പിന് ഇടയാക്കിയതെന്ന് പറയുന്നു.
നിര്‍മാണ സ്ഥലത്ത് സ്ഥാപിക്കാന്‍ ചെയര്‍മാന്‍െറ പേര് കൊത്തിച്ച ശിലാഫലകം തയാറാക്കിയതും അംഗങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി. ഉദ്ഘാടന ചടങ്ങിലേക്ക് വാര്‍ഡ് കൗണ്‍സിലറായ തന്നെ വിളിച്ചിട്ടില്ലെന്ന് റോഷന്‍ നായര്‍ പറഞ്ഞു.
 

ഗണേഷ് യാമിനിയോട് പരസ്യമായി മാപ്പു പറയും

Posted: 09 Apr 2013 12:22 AM PDT

Image: 

തിരുവനന്തപുരം: ഗണേഷ് കുമാര്‍-യാമിനി തര്‍ക്കത്തിന് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പരിഹാരം. അപമാനകരമായ പ്രസ്താവനകള്‍ നടത്തിയതിനും കരാര്‍ ലംഘിച്ചതിനും ഗണേഷ് യാമിനിയോട് പരസ്യമായി മാപ്പു പറയും. വാര്‍ത്താ സമ്മേളനം വിളിച്ചു മാപ്പു പറയുമെന്നാണ് സൂചന.

ഇരുവരും പൊലീസിനു നല്‍കിയ പരാതികള്‍ പിന്‍വലിക്കും. ഗണേഷ് കുമാര്‍ തിരുവനന്തപുരം കുടുംബ കോടതിയില്‍ നല്‍കിയ വിവാഹ മോചന ഹരജിയും യാമിനി സി.ജെ.എം കോടതിയില്‍ നല്‍കിയ ഗാര്‍ഹിക പീഡന ഹരജിയും പിന്‍വലിക്കും. ഇരുവരും ചേര്‍ന്ന് കുടുംബ കോടതിയില്‍ വിവഹമോചന ഹരജി നല്‍കും. ഗണേഷ് യാമിനിക്കും മക്കള്‍ക്കും സ്വത്ത് നല്‍കുന്നതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടത് യാമിനി പിന്‍വലിക്കും.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.വി സ്നേഹലത നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ഗണേഷ്-യാമിനി തര്‍ക്കത്തിലെ മഞ്ഞുരുകിയത്.

അരൂരിന് ദുരന്ത സന്ധ്യ

Posted: 09 Apr 2013 12:10 AM PDT

കൊച്ചി: വലിയ ശബ്ദത്തോടെ കൂറ്റന്‍ ബീമുകളും കോണ്‍ക്രീറ്റ് മിശ്രിതവും തട്ടുകളും 30 മീറ്റര്‍ ഉയരത്തില്‍നിന്ന് നിലം പതിക്കുകയായിരുന്നെന്ന് പരിക്കേറ്റ് എറണാകുളം മരട് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒഡിഷ സ്വദേശി പറഞ്ഞു.
ആര്‍ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ നിലവിളിയും കെട്ടിടം തകര്‍ന്നുവീണ ശബ്ദവും കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷിച്ച് ആദ്യം ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞ് കൂടുതല്‍ നാട്ടുകാരും പൊലീസും എത്തിയശേഷമാണ് ആംബുലന്‍സുകളില്‍ കൂടുതല്‍ പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.  പണിയിലേര്‍പ്പെട്ടിരുന്നവരില്‍ പകുതിപ്പേര്‍ അന്യസംസ്ഥാനക്കാരും പത്തുപേരെങ്കിലും മലയാളികളുമാണെന്നും ദുരന്തത്തിന്‍െറ ഞെട്ടലില്‍നിന്ന് ഇനിയും മുക്തനാകാത്ത അന്യസംസ്ഥാന തൊഴിലാളി പറഞ്ഞു.
 അപകടത്തിന് മുമ്പ് വലിയൊരു മിന്നല്‍ ഉണ്ടായി. നിമിഷങ്ങള്‍ക്കകം നാല് ബീമുകളും നിലം പൊത്തി. വൈദ്യുതി നിലച്ചതും രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്കും എന്തുചെയ്യണമെന്നറിയാതെ പോയി. കൂറ്റന്‍ ബീമുകള്‍ക്കിടയില്‍ കമ്പികളും മറ്റും കുമിഞ്ഞുകൂടിയതോടെ  മാറ്റാനും കഴിയാതായി.
അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് കൂടുതല്‍ പേര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.  പൊലീസും കൂടുതലായി സ്ഥലത്തെത്തിയ ശേഷമാണ് ഹൈഡ്രോളിക് ക്രെയിനുകളും മറ്റും ദുരന്ത സ്ഥലത്തെത്തിച്ചത്. അപ്പോഴേക്കും മൂന്ന് മണിക്കൂര്‍ പിന്നിട്ടിരുന്നു.  പൊലീസെത്തിയശേഷം വെളിച്ചം എത്തിക്കാന്‍ പിന്നെയും അര മണിക്കൂര്‍ വേണ്ടിവന്നു.

പുറത്തുവന്നത് അവ്യക്ത കണക്കുകള്‍
കൊച്ചി: അരൂരിലെ  ദുരന്തത്തില്‍  ഉള്‍പ്പെട്ടവരെക്കുറിച്ച്  രാത്രി വൈകിയും പുറത്തുവരുന്നത് അവ്യക്ത കണക്കുകള്‍.   കോണ്‍ക്രീറ്റ് ജോലിക്ക് തിങ്കളാഴ്ച  എത്ര പേരുണ്ടായിരുന്നെന്ന് കൃത്യമായി പറയാന്‍ നിര്‍മാണവുമായി അടുത്ത് ബന്ധപ്പെട്ടവര്‍ക്കുപോലും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല.  35 വരെ എന്ന കണക്കാണ് ആദ്യം  പുറത്തുവന്നത്. ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ എത്തിച്ചവരുടെ കണക്കുപോലും ഏറെ വൈകിയാണ് കൃത്യമായി അറിയാന്‍ കഴിഞ്ഞത്.  പരിക്കേല്‍ക്കാതെ എത്രപേര്‍ രക്ഷപ്പെട്ടെന്ന് ആര്‍ക്കും അറിയില്ല. അതിനാല്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ഒഴിവാക്കി മറ്റുള്ളവരെല്ലാം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നാണ് ആദ്യം പ്രചരിച്ചത്. 20 പേര്‍ കുടുങ്ങിയെന്ന ആദ്യ കണക്ക് പിന്നീട് അഞ്ചു പേരിലേക്ക് ഒതുങ്ങി. രാത്രി  വൈകിയും കുടുങ്ങിക്കിടക്കുന്നവരുടെ കണക്കില്‍ അവ്യക്തത തുടരുകയാണ്. കെട്ടിടത്തിന്‍െറ എത്ര ഭാഗത്തോളം കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായശേഷമാണ് അപകടം നടന്നതെന്നും വ്യക്തമല്ല. 30 എം.എം  വലുപ്പമുള്ള കോണ്‍ക്രീറ്റ് കമ്പികളും തകിടുകളും പൈപ്പുകളും 30 മീറ്ററോളം ഉയരമുള്ള നാലു തൂണുകള്‍ക്കിടയിലേക്ക്  തകര്‍ന്നുവീഴുകയായിരുന്നു. നേരത്തേ നിര്‍മാണം പൂര്‍ത്തിയായ ബീമുകള്‍ പോലും ഒടിഞ്ഞുതൂങ്ങി.
കൂടുതല്‍ പേര്‍ സംഭവ സ്ഥലത്തെത്തുകയും  കാഴ്ചക്കാരായി മാറുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുന്ന അവസ്ഥയായി.ആളുകള്‍ അകന്നുനിന്ന് രക്ഷാപ്രവര്‍ത്തനത്തിന് വഴിയൊരുക്കണമെന്ന്  മൈക്കിലൂടെ നിരന്തരം വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. പൊലീസുകാര്‍ ഏറെ പണിപ്പെട്ടിട്ടും ആളുകള്‍ വിട്ടൊഴിയാതെ കാഴ്ചക്കാരായി നിന്നു.
പലപ്പോഴും പൊലീസും ആള്‍ക്കൂട്ടവുമായി സംഘര്‍ഷവുമുണ്ടായി. ജനത്തിരക്ക് ഏറിയതോടെ പള്ളിവളപ്പിന്‍െറ ഗേറ്റുകള്‍ പൂട്ടി ആരെയും കടത്തിവിടാതെ പൊലീസും വളന്‍റിയര്‍മാരും കാവല്‍നിന്നു. എന്നിട്ടും പലരും മതില്‍ ചാടി അകത്തു കയറി. ഐഡിയല്‍ റിലീഫ് വിങ്ങിന്‍േറതുള്‍പ്പെടെ ആംബുലന്‍സുകള്‍  പള്ളിവളപ്പില്‍ സജ്ജമായിരുന്നു. ആദ്യം കുറേപ്പേരെ ആശുപത്രിയിലെത്തിച്ചശേഷം ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ നീക്കി വീണ്ടും പരിക്കേറ്റവരെ കണ്ടെത്താനായത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഇരുമ്പ് പൈപ്പുകളും കമ്പികളും മുറിച്ചുനീക്കിയും ക്രെയിന്‍ ഉപയോഗിച്ച് വലിച്ച് നീക്കിയുമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. ഓരോരുത്തരെ കണ്ടെത്തുമ്പോഴും അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ആംബുലന്‍സിലേക്ക് നീക്കിയത്.

ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ ബാങ്കുകളില്‍നിന്ന് തട്ടിയെടുത്തത് 13 കോടി

Posted: 08 Apr 2013 11:52 PM PDT

കണ്ണൂര്‍: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കിയതിന് പിടിയിലായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ ബാങ്കുകളില്‍നിന്ന് 13 കോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. റിമാന്‍ഡിലുള്ള വാരം ചതുരകിണറിനടുത്ത ആനി കോട്ടേജില്‍ എം.എം. തോമസ് എന്ന ആന്‍റണിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് തട്ടിപ്പിന്‍െറ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.
കണ്ണൂര്‍ ആര്‍.ആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ തോമസ് ഏഴുവര്‍ഷംകൊണ്ടാണ് ഏഴ് ബാങ്കുകളില്‍നിന്ന് പണം തട്ടിയത്.
പഞ്ചാബ് നാഷനല്‍ ബാങ്ക്, യൂനിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, വൈശ്യ ബാങ്ക്, അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്നാണ് തോമസ് കോടികളുടെ വായ്പയെടുത്തത്. വാരത്തെ 25 ലക്ഷം മാത്രം വിലമതിക്കുന്ന വീടിനും സ്ഥലത്തിനും കോടികളാണ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത്. 2006ല്‍ ഇടുക്കി കട്ടപ്പനയില്‍നിന്ന് കണ്ണൂരിലെത്തിയ തോമസ് വാരത്ത് 11 സെന്‍റ് സ്ഥലം വാങ്ങി വീടെടുത്താണ് വായ്പയെടുത്ത് തട്ടിപ്പിന് തുടക്കമിട്ടത്. ഒരേ വസ്തുതന്നെ പല ബാങ്കുകളിലായി ഇയാള്‍ വായ്പക്കായി ഈട് നല്‍കിയതായി പൊലീസ് കണ്ടെത്തി. 10ഓളം സ്ത്രീകളെ ഭാര്യയാണെന്ന് പരിചയപ്പെടുത്തി അവരുടെ പേരിലും വായ്പയെടുത്തിട്ടുണ്ട്. ചില സ്ത്രീകളെ ജാമ്യക്കാരാക്കിയാണ് വായ്പയെടുത്തത്. പലരുടെയും പേരിലായി 40ഓളം വായ്പകളാണ് ഇയാള്‍ ഇത്തരത്തില്‍ സംഘടിപ്പിച്ചതെന്ന് തെളിഞ്ഞതായി ഡിവൈ.എസ്.പി പി. സുകുമാരന്‍ പറഞ്ഞു.
ഭൂമി വില്‍ക്കാന്‍ തയാറാകുന്നവരെ സമീപിച്ച് അവരെ പല കാര്യങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ചശേഷം സ്വത്തിന്‍െറ രേഖകള്‍ കൈക്കലാക്കി പിന്നീട് ബാങ്കുകളെ സമീപിച്ച് വായ്പയെടുക്കുന്നതും ഇയാളുടെ രീതിയാണ്. കാര്‍ഷിക വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ പറഞ്ഞാണ് ഇയാള്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത്. എസ്.എസ്.എല്‍.സി തോറ്റ തോമസ് ചില ബാങ്കുകളില്‍ ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ബാങ്കുകളിലെ മിക്ക വായ്പകളും ഈടിന്‍െറ മൂല്യത്തെക്കാള്‍ കൂടുതലാണെന്നും കണ്ടെത്തി.
ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിന് നടാലിലെ സി. ധനീഷ് മധുവിന്‍െറ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ടൗണ്‍ പൊലീസ് ഇയാളെ വ്യാഴാഴ്ച അറസ്റ്റുചെയ്തത്.  ധനീഷ് മധുവിന്  പുറമെ മറ്റു 12ഓളം പേരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൂടുതല്‍ തെളിവെടുപ്പിനാണ് തോമസിനെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തിങ്കളാഴ്ച പ്രതിയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു.

മദ്യാസക്തിക്കെതിരെ ജനകീയ മുന്നേറ്റത്തിന് താനൂര്‍ ബ്ളോക്ക് പഞ്ചായത്ത് കര്‍മപദ്ധതി

Posted: 08 Apr 2013 11:45 PM PDT

താനൂര്‍: മദ്യാസക്തിക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കാന്‍ താനൂര്‍ ബ്ളോക്ക് പഞ്ചായത്ത് കര്‍മപദ്ധതി തയാറാക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ളോക്ക് പഞ്ചായത്തിന്‍െറ കീഴില്‍ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരില്‍ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. തിങ്കളാഴ്ച ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ ഇതുസംബന്ധിച്ച പ്രഥമയോഗം നടന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും സാംസ്കാരിക-മാധ്യമ പ്രവര്‍ത്തകരും മതനേതാക്കളും പങ്കെടുത്തു.
ലഹരിവിമുക്തമാക്കാനുള്ള നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ സംസാരിച്ചവര്‍ മുന്നോട്ടുവെച്ചു. മദ്റസകളും പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണ സമിതികള്‍ക്ക് രൂപം കൊടുക്കണം. സ്കൂള്‍ പി.ടി.എകളിലും അസംബ്ളികളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കണം. വ്യാജമദ്യ വില്‍പനക്കെതിരെ നിലപാട് എടുക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം. പൊലീസും എക്സൈസും കൂട്ടായി മദ്യവില്‍പന കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തണം. പഞ്ചായത്ത് വാര്‍ഡ് തല മദ്യവിരുദ്ധ സമിതികള്‍ രൂപവത്കരിക്കണം. കുടുംബശ്രീ, തൊഴിലുറപ്പ്, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സേവനം മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണം. വ്യാജ മദ്യവില്‍പന വലിയൊരു മാഫിയയുടെ കൈയിലാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുപോലും പരിഹാരം കാണാത്ത അനുഭവങ്ങള്‍ ചിലര്‍ പങ്കിട്ടു. അമ്മമാരുടെ പ്രത്യേക യോഗം വിളിക്കണം. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെക്കുന്നവര്‍ക്കെതിരെ തക്കതായ ശിക്ഷാ നടപടിയുണ്ടാകണം.
വിദ്യാര്‍ഥികളെ മദ്യ ഉപയോഗത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സാധിക്കണം. ബ്ളോക്ക് പഞ്ചായത്തിന് കീഴില്‍  ഡീ അഡിക്ഷന്‍ സെന്‍റര്‍ സ്ഥാപിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ലഹരിക്കെതിരായ ബോധവത്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ബ്ളോക്ക് പഞ്ചായത്ത് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
താനൂര്‍ മണ്ഡലത്തില്‍ മദ്യവില്‍പന ശാലകളില്ലെങ്കിലും താനൂരില്‍ വ്യാജമദ്യ വില്‍പന തകൃതിയാണെന്ന് അഭിപ്രായമുയര്‍ന്നു. ജനപ്രതിനിധികള്‍, മത-രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകര്‍, ലീഗല്‍  സര്‍വീസസ് കമ്മിറ്റിയംഗങ്ങള്‍, യുവജന സംഘടനകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിക്കാന്‍ തീരുമാനമായി. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക്  പഞ്ചായത്ത് പ്രസിഡന്‍റ് ഷരീഫ തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എം. കമ്മുക്കുട്ടി, ഒഴൂര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ നൂഹ് കരിങ്കപ്പാറ, സി.കെ.എ. റസാഖ്, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ബാലസുബ്രഹ്മണ്യന്‍, എസ്.ഐ രാധാകൃഷ്ണന്‍, കെ.പി. മുഹമ്മദ് ഇസ്മായില്‍, പി.ടി.കെ. കുട്ടി, എന്‍. ഷംസുദ്ദീന്‍, കെ.പി. രാമന്‍, ഉബൈദുല്ല താനാളൂര്‍, സൈനുലാബിദീന്‍ തങ്ങള്‍, പി. ശങ്കരന്‍, വി.സി. കമലം എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സലാം സ്വാഗതവും ബി.ഡി.ഒ ആയിഷാബി നന്ദിയും പറഞ്ഞു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ കെ. സലാം കണ്‍വീനറുമായ ജനകീയ സമിതിക്ക് രൂപം നല്‍കി. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 2013 -14 ബ്ളോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഫണ്ട് നീക്കിവെക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.
 

ഗാഡ് ഗില്‍ റിപ്പോര്‍ട്ടിനെതിരെ ജന രോഷം

Posted: 08 Apr 2013 11:22 PM PDT

കല്‍പറ്റ: ഏറെ വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ. കസ്തൂരി രംഗന്‍ ജില്ലയില്‍ തെളിവെടുത്തു. വയനാടിന്‍െറ സൈ്വര ജീവിതത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ സംഘടനാ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും ചര്‍ച്ചയില്‍ സജീവായി.
പരിസ്ഥിതിയെയും മൃഗങ്ങളെയും മാത്രം കാണുകയും മനുഷ്യരെ കാണാതിരിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് വയനാടിന്‍െറ നിലനില്‍പ് അപകടത്തിലാക്കുമെന്ന് സിറ്റിങ്ങില്‍ പങ്കെടുത്ത ഭൂരിപക്ഷവും വിദഗ്ധ സമിതിക്കു മുന്നില്‍  അഭിപ്രായപ്പെട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പല വ്യവസ്ഥകളും മനുഷ്യ വിരുദ്ധമാണെന്നും പ്രകൃതിയോടൊപ്പം മനുഷ്യന്‍െറയും നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ റിപ്പോര്‍ട്ടിലുണ്ടാകണമെന്നും സി.പി.എം പ്രതിനിധിയും കര്‍ഷക സംഘം നേതാവുമായ പി. കൃഷ്ണപ്രസാദ് വ്യക്തമാക്കി. റിപ്പോര്‍ട്ട് ഒരു നിലക്കും അതേപടി നടപ്പാക്കരുത്. രാജ്യത്തിന്‍െറ നല്ലൊരു ശതമാനം വനവും സംരക്ഷിക്കപ്പെടുന്ന ജില്ലയാണ് വയനാട്. പ്രകൃതി സ്നേഹികളായ വയനാട്ടിലെ മനുഷ്യരാണ് ഇതിനു പിന്നില്‍. എന്നാല്‍, ജില്ലയിലെ സ്വാഭാവിക വനം വെട്ടിത്തെളിച്ച് വരള്‍ച്ചക്ക് കാരണമാകുന്ന തേക്കുമരങ്ങളും യൂക്കാലിപ്റ്റസും അക്വേഷ്യയും വെച്ചുപിടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നിട്ടും, കാടിന്‍െറ ശത്രുക്കളാണ് ജില്ലയിലെ ജനങ്ങളെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നത്. ജനത്തെ കാടിന്‍െറയും പ്രകൃതിയുടെയും ശത്രുക്കളാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ.
ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സംവേദക മേഖലകള്‍ വന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ക്കും  മറ്റും നിയന്ത്രണം വരും. ഇതാണ് വയനാട്ടുകാരെ ആശങ്കയുടെ മുള്‍മുനയിലാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി ഭേദമില്ലാതെ ജനം സമരത്തിന്‍െറ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ജനജീവിതത്തിന് വിവിധ മേഖലകളില്‍ നിയന്ത്രണം കൊണ്ടുവരുന്ന റിപ്പോര്‍ട്ടിനെ കുറിച്ച ജനത്തിന്‍െറ ആശങ്കകള്‍ പരിഹരിക്കണമെന്ന് ഡി.സി.ഡി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു. ജില്ലയിലെ ജനസംഖ്യയുടെ 90 ശതമാനവും കര്‍ഷകരാണ്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകരും. അന്നത്തെ അന്നത്തിനായി കര്‍ഷകര്‍ ചെയ്യുന്ന വാര്‍ഷിക വിളകള്‍ വിലക്കിയാല്‍ ജനം പട്ടിണിയിലാകും. രാസവളം പാടില്ലെന്ന് പറയുമ്പോള്‍ ജൈവവളം കര്‍ഷകന് എത്തിച്ചുകൊടുക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. വിലത്തകര്‍ച്ച, രോഗബാധ, വരള്‍ച്ച തുടങ്ങിയ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഗണിക്കാതെ പൊടുന്നനെ കാര്‍ഷിക രീതികളില്‍ മാറ്റം നിര്‍ബന്ധിക്കുന്നത് ശാസ്ത്രീയമല്ല.
വനം മേഖലയായതിനാല്‍ റെയില്‍വേ സൗകര്യം നിഷേധിക്കപ്പെടുന്ന ജില്ലയില്‍ പ്രധാന റോഡുകള്‍ വികസിപ്പിക്കുന്നതും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിരോധിക്കുന്നുണ്ട്. ഇത് വയനാട്ടുകാരുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.
പ്രകൃതിയെയും വിഭവങ്ങളെയും സംരക്ഷിക്കാന്‍ നിലവിലുള്ള നിയമം തന്നെ ധാരാളമാണ്. പുതിയത് അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും പൗലോസ് വ്യക്തമാക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ മനുഷ്യത്വ വിരുദ്ധ പരാമര്‍ശങ്ങള്‍ എതിര്‍ക്കുമെന്ന് ബി.ജെ.പി പ്രതിനിധി പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ഫാ. ഡോ. തോമസ് തേരകം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലെ ഖനനം പോലെ ഇവിടെയും ഉണ്ടെന്ന് കണക്കാക്കിയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ പറഞ്ഞു. ജില്ലയില്‍ ചെറുകിട ഇടത്തരം ക്വാറികളാണുള്ളത്. ഇവ നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരന്‍െറ വീട് എന്ന സ്വപ്നം പോലും ഇല്ലാതാക്കുന്നതാണ് റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥരുടെ ആധിപത്യമാണ് നടക്കുന്നതെന്നും പരിസ്ഥിതി സൗഹാര്‍ദ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും ഹരിതസേന പ്രതിനിധി പറഞ്ഞു.
അമേരിക്കക്കും മറ്റു വിദേശ ശക്തികള്‍ക്കുമായാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനമെടുക്കാതെ ജനപ്രതിനിധികളെ കൂടി ഉള്‍ക്കൊള്ളണം. ഗ്രാമസഭാ തലത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം.
ഇപ്പോള്‍ തന്നെ ഉദ്യോഗസ്ഥ ഭരണത്തിന്‍െറ അതിപ്രസരമാണ് നാട്ടില്‍.
റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രത്യേക അതോറിറ്റി കൂടി സ്ഥാപിക്കുമെന്ന് പറയുന്നു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.
വിവിധ തലങ്ങളില്‍ കൂടിയാലോചന നടത്താതെ ഗൂഗ്ള്‍ മാപ്പ് അടിസ്ഥാനമാക്കിയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ജോഷി സിറിയക് അഭിപ്രായപ്പെട്ടു.
ചെറുകിട വ്യവസായങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രതിനിധി എ. ഭാസ്കരന്‍ പറഞ്ഞു.
പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം മൂലം പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിയുകയാണെന്നും ഇത് തടയാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ പറഞ്ഞു.
കര്‍ഷക വിരുദ്ധമോ, നിര്‍മാണ പ്രവൃത്തികള്‍ വിലക്കുന്നതോ സാധാരണ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ ഒരു നിര്‍ദേശവും റിപ്പോര്‍ട്ടിലില്ല. റിപ്പോര്‍ട്ടിന് അനുകൂലമായി സി.പി.ഐ -എം.എല്‍ പ്രതിനിധി സാം പി. മാത്യുവും സംസാരിച്ചു.

അഴിമതികള്‍ വാര്‍ത്തയാക്കിയതിന് ലേഖകനെതിരെ പീഡനക്കേസ്

Posted: 08 Apr 2013 11:10 PM PDT

കോഴിക്കോട്: ഗ്രാമ പഞ്ചായത്തിന്‍െറ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന്‍െറ പേരില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് മാധ്യമ പ്രവര്‍ത്തകനെതിരെ പീഡനക്കേസ് നല്‍കിയത് വിവാദമായി. കൊടുവള്ളിയിലെ മലയാള മനോരമ പ്രാദേശിക ലേഖകന്‍ എം. മുഹമ്മദ് ഫിര്‍ദൗസിനെതിരെ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റസിയ ഇബ്രാഹിമാണ് വിവിധ കുറ്റങ്ങളാരോപിച്ച്  പൊലീസില്‍ പരാതി നല്‍കിയത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് നടപ്പാക്കിയ മഞ്ഞള്‍ പദ്ധതിയിലെ ക്രമക്കേട്, പത്രവാര്‍ത്തയെ തുടര്‍ന്ന് മഞ്ഞളിന്‍െറ ടെന്‍ഡര്‍ റദ്ദ് ചെയ്തത്, വഴിവിളക്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങി പഞ്ചായത്തിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത് പഞ്ചായത്ത് ഭരിക്കുന്ന ലീഗിനെ ചൊടിപ്പിച്ചതാണത്രെ സ്ത്രീപീഡന കേസിന് പിന്നില്‍.
പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പരാതിയില്‍ ഔദ്യാഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക, മാനഭംഗത്തിന് ശ്രമിക്കുക, ഓഫിസില്‍ അതിക്രമിച്ച് കയറുക, ഭീഷണിപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ വകുപ്പുകള്‍ പ്രകാരം ഫിര്‍ദൗസിനെതിരെ കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, അന്വേഷണത്തില്‍ പരാതിയിലെ ചില വിവരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കേസ് ശക്തിപ്പെടുത്താന്‍ വനിതാ ലീഗ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊടുവള്ളി സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും ഭരണപക്ഷത്തിന് പദ്ധതിയുണ്ടത്രെ.  
അതേസമയം പരാതിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വാസ്തവമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റസിയ ഇബ്രാഹിം പറഞ്ഞു. ഏപ്രില്‍ രണ്ടിന് വൈകീട്ട് നാലിനും ആറിനുമിടയിലാണ് സംഭവം നടന്നത്. അന്ന് രാത്രി 10ന് കൊടുവള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഇടവിളയായി മഞ്ഞളും ചേനയും വിതരണം ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതില്‍ മഞ്ഞളിന്‍െറ ടെന്‍ഡര്‍ നടപടി ആരംഭിച്ച ശേഷമാണ് വിലയെ ചൊല്ലി വിവാദം ഉയര്‍ന്നത്. സമീപ പഞ്ചായത്തുകളായ മടവൂരിലും താമരശ്ശേരിയിലും കട്ടിപ്പാറയിലും കിലോക്ക് 20 രൂപയില്‍ താഴെ മഞ്ഞള്‍ വാങ്ങിയപ്പോള്‍ കൊടുവള്ളിയില്‍ 32 രൂപയാണ് വില നിശ്ചയിച്ചത്. കല്‍പറ്റയിലെ ഒരേ നഴ്സറിയില്‍നിന്നാണ് ഈ പഞ്ചായത്തുകള്‍ മഞ്ഞള്‍ വാങ്ങിയത്. മഞ്ഞളിന്‍െറ നാലിലൊന്ന് കര്‍ഷകര്‍ ഗുണഭോക്തൃ വിഹിതമായി നല്‍കുന്നതാണ് പദ്ധതി. മൊത്തം ഏഴു ലക്ഷത്തോളം രൂപയുടെ മഞ്ഞള്‍ ഇടപാടില്‍ വന്‍തുക ചിലര്‍ ചേര്‍ന്ന് വീതിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. വിലയിലെ അന്തരം പുറത്തായതോടെ ടെന്‍ഡര്‍ റദ്ദ് ചെയ്യാന്‍ മാര്‍ച്ച് 30ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പദ്ധതി പിന്നീട് ടെന്‍ഡര്‍ ചെയ്യാനാണ് തീരുമാനം. ടെന്‍ഡര്‍ റദ്ദ് ചെയ്യേണ്ടിവന്നത് പഞ്ചായത്ത് ഭരണസമിതിക്ക് നാട്ടില്‍ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിന് ശേഷമാണ് ഫിര്‍ദൗസിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പഞ്ചായത്തില്‍ വഴിവിളക്ക് സ്ഥാപിക്കുന്നതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി കഴിഞ്ഞമാസം ആരോപണം ഉയരുകയും പ്രതിപക്ഷം സഭാഹാളില്‍ കുത്തിയിരിപ്പ് നടത്തുകയുമുണ്ടായി. അഴിമതിക്കഥകള്‍ നിരന്തരം വാര്‍ത്തയാക്കിയതോടെ, ലേഖകനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ഭരണസമിതി തീരുമാനിച്ചതായി പാര്‍ട്ടി പത്രം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജകേസ് നല്‍കിയതിനെതിരെ യു.ഡി.എഫിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്.
 

ഇത്തിഹാദ് റെയിലിന് ആഗോള തലത്തില്‍ അംഗീകാരം

Posted: 08 Apr 2013 10:56 PM PDT

Image: 

അബൂദബി: യു.എ.ഇയുടെ ഗതാഗത ചരിത്രത്തില്‍ പുതുയുഗം കുറിക്കാനൊരുങ്ങുന്ന ദേശീയ റെയില്‍വെ ശൃംഖലയായ ഇത്തിഹാദ് റെയിലിന് ആഗോള തലത്തില്‍ അംഗീകാരം. ന്യൂയോര്‍ക്കില്‍ നടന്ന ആറാമത് ഗ്ളോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീഡര്‍ഷിപ്പ് ഫോറത്തില്‍ഇത്തിഹാദ് റെയില്‍ ‘സ്ട്രാറ്റജിക് പ്രോജക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നേടി. ഒരു രാജ്യത്തിന്‍െറ അല്ലെങ്കില്‍ മേഖലയുടെ പുരോഗതിയിലും ഉല്‍പാദന-മത്സര ക്ഷമതയിലും ഗുണകരമായ പങ്ക് വഹിക്കുന്നതും മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകുന്നതുമായ പദ്ധതിക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഫോറത്തില്‍ സമര്‍പ്പിക്കപ്പെട്ട 100 പദ്ധതികളില്‍ നിന്നാണ് ഇത്തിഹാദ് റെയില്‍ അടക്കം അഞ്ചെണ്ണം മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. വാണിജ്യനേട്ടങ്ങള്‍ ഉണ്ടാക്കല്‍, ഉല്‍പാദന-മത്സര ക്ഷമത, തൊഴിലവസരങ്ങള്‍, പരിസ്ഥിതി സൗഹൃദം എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് 100 പദ്ധതികളും വിലയിരുത്തിയത്.
ഇത്തിഹാദ് റെയില്‍ സി.ഇ.ഒ ഡോ. നാസര്‍ സൈഫ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലാണ് യു.എ.ഇ സംഘം ഫോറത്തില്‍ പങ്കെടുത്തത്. യു.എ.ഇയിലെ പ്രധാന തുറമുഖങ്ങളെയും മറ്റ് ജി.സി.സി രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ച് ഗള്‍ഫിലെ ഗതാഗത മേഖലയുടെ മുഖഛായ തന്നെ മാറ്റാന്‍ കഴിയുന്ന തന്ത്രപ്രധാനമായ ഇത്തിഹാദ് റെയിലിന് കിട്ടിയ അംഗീകാരം ഏറെ പ്രചോദനം നല്‍കുന്നതായി ഡോ. നാസര്‍ സൈഫ് അല്‍ മന്‍സൂരി പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്‍െറ 2012-13 വര്‍ഷത്തെ ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടില്‍ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ യു.എ.ഇയെ ഒമ്പതാം സ്ഥാനത്തെത്തിക്കുന്നതില്‍ ഇത്തിഹാദ് റെയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ നിക്ഷേപമിറക്കാന്‍ പറ്റിയ നാലാമത്തെ മികച്ച രാജ്യമായും യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മേഖലയില്‍ പുതിയ ഗതാഗത സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഈ അവാര്‍ഡ് ഊര്‍ജമേകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഹബ്ഷാന്‍ മുതല്‍ റുവൈസ് വരെയുള്ള ഇത്തിഹാദ് റെയിലിന്‍െറ ആദ്യഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. ഈവര്‍ഷം അവസാനം പൂര്‍ത്തിയാകും വിധമാണ് ആദ്യഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയിലിലൂടെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് ട്രെയിനുകള്‍ ഓടും. നഗര-ഗ്രാമ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ചരക്ക്-യാത്രാ ഗതാഗതം ലക്ഷ്യമിടുന്ന ഇത്തിഹാദ് റെയിലിനെ ഗുവൈഫാത് വഴി സൗദിയിലേക്കും അല്‍ഐന്‍ വഴി ഒമാനിലേക്കും ബന്ധിപ്പിക്കുന്നതോടെ ജി.സി.സി റെയില്‍വേ ശൃംഖലയുടെ ഭാഗവുമാകും ഇത്.

ദാര്‍ഫുര്‍ പുനര്‍നിര്‍മാണത്തിന് ഖത്തറിന്‍െറ 50 കോടി ഡോളര്‍

Posted: 08 Apr 2013 10:50 PM PDT

Image: 

ദോഹ: സുഡാനിലെ ദാര്‍ഫുര്‍ മേഖലയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമായി ഖത്തര്‍ അമ്പത് കോടി യു.എസ് ഡോളറിന്‍െറ സഹായം വാഗദ്ാനം ചെയ്യുന്നു. ദാര്‍ഫുറിനെ സഹായിക്കുന്ന രാജ്യങ്ങളുടെ ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്‍െറ സമാപനദിവസമായ ഇന്നലെ ആദ്യ സെഷനില്‍ അധ്യക്ഷപ്രസംഗം നടത്തവെ ഖത്തര്‍ ഉപപ്രധാനമന്ത്രിയും മന്ത്രിസഭാകാര്യ മന്ത്രിയുമായ അഹമദ് ബിന്‍ അബ്ദുല്ല ആല്‍ മഹ്മൂദാണ് സഹായം പ്രഖ്യാപിച്ചത്. ഗ്രാന്‍റുകളും സംഭാവനകളുമായിട്ടാകും ഖത്തര്‍ ഈ സഹായം നല്‍കുക.
ദാര്‍ഫുറിലെ ജനങ്ങളുടെ ദുരിതങ്ങള്‍ തുടച്ചുനീക്കുന്നതിനും മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനും അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെയും കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും നേതൃത്വത്തിലുള്ള ഖത്തര്‍ ഭരണകൂടം മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. ദാര്‍ഫുര്‍ വികസനത്തിനായി നൂറ് കോടി ഡോളര്‍ മുതല്‍മുടക്കില്‍ ബാങ്ക് സ്ഥാപിക്കാനുള്ള അമീറിന്‍െറ നിര്‍ദേശം നടപ്പാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്.
ജര്‍മനി 160 ലക്ഷം യൂറോയുടെ സഹായം സമ്മേളനത്തില്‍ വാഗ്ദനം ചെയ്തു. മറ്റ് രാജ്യങ്ങളും ദാര്‍ഫുര്‍ വികസനത്തിന് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 110 ലക്ഷം പൗണ്ട് വീതം ദാര്‍ഫുറിന് നല്‍കുമെന്ന് ഞായറാഴ്ച ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യോല്‍പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിനാണ് ഈ സഹായം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP