‘കന്തറ’ അഥവാ കിനാക്കളുടെ മഖ് ബറ Posted: 03 Apr 2013 12:22 AM PDT ‘നിതാഖാത് ’ എന്ന അറബി പദം കേരളത്തിലെ അടുക്കളകളില്‍ പോലും കണ്ണീര്‍ കിനിയുന്ന ചര്‍ച്ചകളില്‍ ഇടം പിടിച്ചപ്പോള്‍ ഒരിക്കലെങ്കിലും സൗദി അറേബ്യ സന്ദര്‍ശിച്ചവര്‍ പെട്ടെന്നൊന്നും മറക്കാത്ത മറ്റൊരു പദമുണ്ട് : കന്തറ. ചെങ്കടലോരത്തെ പുരാതന തുറമുഖമായ ജിദ്ദയിലെ മലയാളികളുടെ സ്വന്തം ശറഫിയ അങ്ങാടിയുടെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശത്തിന്‍െറ പേരാണ് അതെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം കന്തറ എന്നത് കിനാക്കളുടെ മഖ്ബറയാണ്. മണല്‍ക്കാട്ടിലെ ഒരു തെരുവോരം സ്വപ്നങ്ങളുടെ ശ്മശാനമായിത്തീര്‍ന്നത് പ്രവാസചരിത്രത്തിലെ കറുത്തൊരു അധ്യായമാണ്. ഗള്‍ഫ് സ്വപ്നം തകര്‍ന്ന് വിദൂര ദിക്കുകളില്‍നിന്ന് പോലും മലയാളികളടക്കമുള്ള ഹതഭാഗ്യര്‍ അടുത്ത കാലം വരെ വന്നടിഞ്ഞിരുന്നത് കന്തറ പാലത്തിനടിയിലാണ്. ജിദ്ദയില്‍നിന്ന് പുണ്യ മക്കയിലേക്കുളള റോഡിന്‍െറ താഴ്വാരത്ത് പ്ളാസ്റ്റിക് ടെന്‍റുകളിലും കര്‍ട്ടുണ്‍ പെട്ടികള്‍ കൊണ്ട് മറച്ച കള്ളികളിലും പാലത്തിന്‍െറ തൂണുകള്‍ക്ക് ചുറ്റിലുമായും ഹതാശയരായി തമ്പടിച്ച മനുഷ്യ കൂട്ടങ്ങളെ ആദ്യമായി കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചുപോയി. വിവിധ രാജ്യക്കാര്‍, ഭാഷക്കാര്‍, നിറത്തിലും വണ്ണത്തിലും വൈജാത്യങ്ങള്‍ പുലര്‍ത്തുന്നവര്‍. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ളാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിനിന്നും സുഡാന്‍, സോമാലിയ, ഛാഡ് തുടങ്ങിയ ആഫ്രിക്കന്‍ വന്‍കരയില്‍നിന്നുമുള്ളവരാണ് അവിടെ അലസമായി സംഗമിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ സൗദിയില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള സ്വപ്ന ഭാണ്ഡം വലിച്ചെറിഞ്ഞ്, പിറന്ന മണ്ണില്‍ ഏതെങ്കിലും വിധേന തിരിച്ചുചെല്ലാനും ഉറ്റവരെയും ഉടയവരെയും വീണ്ടും കണ്ടുമുട്ടാനുമുളള ഉത്ക്കടമായ ആഗ്രഹത്തോടെ പോലിസ് വണ്ടിയും കാത്തുകഴിയുകയായിരുന്നു ഇവര്‍. ‘കഫീല്‍’ (സ്പോണ്‍സര്‍ ) ‘ഹുറൂബാക്കി’യവരും (തന്‍െറ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിപോയി എന്ന് പാസ്പോര്‍ട്ട് വിഭാഗത്തെ രേഖാമൂലം അറിയിക്കുന്നതോടെ തൊഴിലാളി നിയമവിരുദ്ധനാകും) ഉംറ വിസയില്‍ വന്ന് കുറെ നാള്‍ ജോലി ചെയ്തു അവസാനം കുടുംബത്തെ പുല്‍കാന്‍ കൊതിക്കുന്നവരും ഏതെങ്കിലും കാരണത്താല്‍ ഇഖാമ (റസിഡന്‍റ് പെര്‍മിറ്റ് ) പുതുക്കികിട്ടാത്തവരുമെല്ലാമാണ് ഈ അനധികൃത താമസക്കാര്‍. സൗദി ഭരണകൂടത്തിന്‍െറ മുന്നില്‍ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയതിന് നാടു കടത്തപ്പെടേണ്ടവരാണിവര്‍. നാട്ടില്‍, ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും വിചാരം ഇവര്‍ ഗള്‍ഫ് ധന്യതയുടെ പറുദീസയിലാണെന്നായിരിക്കാം. ജീവിതപ്പെരുവഴിയില്‍ ഇവര്‍ അകപ്പെട്ട ദുരന്തത്തിന്‍െറ തീഷ്ണത ഒരിക്കലും നാടോ നാട്ടാരോ അറിഞ്ഞിരുന്നില്ല. ഗള്‍ഫിനെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്പ്പെട്ട് നിരാശയും വേദനയും കരിമ്പടമാക്കി തെരുവില്‍, പൊടിപടലങ്ങളുടെ ഇടയില്‍ രാപകല്‍ കഴിച്ചുകൂട്ടുന്ന ഇക്കൂട്ടരെ കുറിച്ച് ചില സൂചനകളല്ലാതെ, ഇവരുടെ യഥാര്‍ഥ അവസ്ഥയെ കുറിച്ചുള്ള വര്‍ത്തമാനം കേരളക്കരയിലേക്ക് ഒരിക്കലും ഒഴുകിയെത്തിയിരുന്നില്ല. ജിദ്ദയില്‍ കാല് കുത്തിയ അന്നു വൈകുന്നേരം തന്നെ സുഹൃത്ത് ഇബ്രാഹീം ശംനാടിന്‍െറ കൂടെ കന്തറയിലൂടെ ഒരോട്ട പ്രദിക്ഷണം നടത്തിയപ്പോള്‍ മനസില്‍ ഇതുവരെ ഉറവ് പൊട്ടാത്ത കുറെ വികാരങ്ങളാണ് കുത്തിയൊഴുകിയത്. മുമ്പേ കന്തറ എന്ന് കേട്ടിട്ടുണ്ട്. മലയാളികള്‍ ഒത്തുകൂടുന്ന സ്ഥലം എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. പക്ഷേ, മുന്നില്‍ പ്രത്യക്ഷപ്പെട്ട പേക്കോലങ്ങളും ഉയര്‍ന്നു കേട്ട നിശ്വാസങ്ങളും കുമിഞ്ഞുപൊങ്ങിയ ദുര്‍ഗന്ധധവും റബ്ബേ, ഗള്‍ഫില്‍ ഇങ്ങനെയുമൊരു ഇടമോ എന്ന് സ്വയം ചോദിച്ച്് ഉള്ളകം പിടഞ്ഞു. കവിളൊട്ടിയ മുഖങ്ങള്‍, വിഷാദം തളംകെട്ടിയ കണ്ണുകള്‍, പൊടിപുരണ്ട് നിറം മാറിയ മുടി, മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍, മലമൂത്രത്തിന്‍െറ ദുര്‍ഗന്ധം പരത്തുന്ന അന്തരീക്ഷം- അവിശ്വസനീയമായി തോന്നി. പോലിസ് വന്ന് തങ്ങളെ ഒന്നു പിടിച്ചുകൊണ്ടുപോയി ‘തര്‍ഹീലി’ല്‍ (നാടുകടത്തു കേന്ദ്രത്തില്‍ ) കൊണ്ടിട്ടിരുന്നുവെങ്കില്‍ എന്ന പ്രാര്‍ഥനയുമായി കഴിഞ്ഞുകൂടുകയാണിവര്‍. 2009 കാലഘട്ടത്തില്‍ ഒരേ സമയം ആയിരക്കണക്കിന് കന്തറവാസികളെ കാണാമായിരുന്നു. ഇവരില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. അതില്‍ മലയാളികള്‍ക്കായിരിക്കും മുന്‍തൂക്കം. സൗദിയുടെ വിവിധ ദിക്കുകളില്‍നിന്നാണ് ടാങ്കര്‍ ലോറികളിലും മറ്റും കയറി ഇവര്‍ ജിദ്ദയിലെത്തുന്നത്. ബസിലോ കാറിലോ യാത്ര ചെയ്യാന്‍ കൈയില്‍ ഇഖാമ (റസിഡന്‍റ് പെര്‍മിറ്റ് ) ഇല്ലാത്തത് കൊണ്ടാണ് വലിയ തുക കൊടുത്ത് കള്ളവണ്ടികളെ ആശ്രയിക്കേണ്ടിവരുന്നത്. ചെക്പോസ്റ്റുകളിലെ പോലിസ് പരിശോധനയില്‍ നിയമവിരുദ്ധരാണെന്ന് കണ്ടാല്‍ ഏതെങ്കിലും ജയിലില്‍ അജ്ഞാതവാസം വരിക്കേണ്ടിവരും. റിയാദ്, ദമ്മാം, ബുറൈദ, ഖമീസ് മുശൈത്ത്, നജ്റാന്‍ , തബൂക്ക് തുടങ്ങിയ വിദൂര പ്രദേശങ്ങളില്‍നിന്നും ഇങ്ങനെ ജിദ്ദയിലെത്തിക്കാനും ജിദ്ദയിലെത്തിയാല്‍ തര്‍ഹീലിലേക്ക് പോലിസിനെ കൊണ്ട് പിടിപ്പിക്കാനും വാഗ്ദാനങ്ങള്‍ നല്‍കി പണം പിടുങ്ങുന്ന കുറെ ഏജന്‍റുമാരുണ്ട്. മലയാളികള്‍ക്കാണ് ഈ രംഗത്തും ആധിപത്യം. നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിപ്പെട്ടാല്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ആഴ്ചകളോ മാസങ്ങളോ പിടിക്കും. ഒടുവില്‍ സൗദി സര്‍ക്കാറിന്‍െറ ചെലവില്‍ നാട്ടില്‍ കയറ്റിവിടുമ്പോള്‍ പാസ്പോര്‍ട്ടില്‍ അത് രേഖപ്പെടുത്തും. നിയമവിരുദ്ധനായി കഴിഞ്ഞതിന്‍െറ പേരില്‍ ‘എക്സിറ്റ്’ അടിച്ചാല്‍ പിന്നീട് അഞ്ചുകൊല്ലത്തേക്ക് സൗദിയിലേക്ക് തിരിച്ചുപോകാന്‍ പറ്റില്ല. ഹജ്ജിനോ ഉംറക്കോ പോലും. ജി.സി.സി രാജ്യങ്ങളിലൊന്നാകെ ചിലപ്പോള്‍ അനഭിമതനായേക്കാം. സ്വന്തം നാട്ടില്‍നിന്ന് നാലയ്യായിരം കി.മീറ്റര്‍ അകലെ, ഇത്തരമൊരു ജീവിതപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ തുണക്കെത്തില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ഇവര്‍ നിയമവിരുദ്ധരായത് കൊണ്ട് എംബസി തലങ്ങളില്‍ സഹായങ്ങളൊന്നും ചെയ്യാന്‍ പാടില്ല എന്നാണത്രെ വ്യവസ്ഥ. എങ്കിലും മരുക്കാട്ടില്‍ അകപ്പെട്ട ഹതഭാഗ്യരെ മനുഷ്യത്വത്തിന്‍െറ പേരിലെങ്കിലും സഹായിക്കാന്‍ രാജ്യത്തിന് ധാര്‍മിക ബാധ്യതയുണ്ടെന്ന് എല്ലാവരും സമ്മതിക്കും. കന്തറയില്‍ ചുട്ടുപൊള്ളുന്ന വെയിലിലും തീകാറ്റിലും ജീവിതത്തിന്‍െറ ഏറ്റവും വേദനാജനകമായ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാവര്‍ക്കും പഴി ചാരാനും കുറ്റപ്പെടുത്താനുമുള്ളത് ഇന്ത്യന്‍ നയതന്ത്രാധികൃതരെ തന്നെ. 2010കാലങ്ങളില്‍ മിക്കവാറും ദിവസങ്ങളില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഈ വിഭാഗത്തിന്‍െറ കുത്തിയിരിപ്പ് സമരം അരങ്ങേറുമായിരുന്നു. തങ്ങളെ എത്രയും വേഗം സൗദി പോലിസിനെ കൊണ്ട് പിടിപ്പിച്ച് നാട്ടിലെത്തിക്കണം എന്നതാണ് ഏക ആവശ്യം. സാമൂഹിക ക്ഷേമ കോണ്‍സല്‍മാരായിരുന്ന കെ. കെ വിജയന്‍െറയും എസ്.ഡി. മൂര്‍ത്തിയുടെയും ഉറക്കം നഷ്ടപ്പെടുത്തിയ എത്രയെത്ര ദിനങ്ങള്‍! നാട്ടില്‍നിന്ന് വിമാനം കയറുന്ന അവസരത്തില്‍ കൂട്ടിയും കിഴിച്ചും കിട്ടിയ മുഴുവന്‍ കണക്കുകളും തെറ്റുമ്പോള്‍ പിന്നീട് ജീവന്‍ പിടിച്ചുനിര്‍ത്താനുളള അവസാന നെട്ടോട്ടത്തിലായിരിക്കും. ഒരു വേള നാട്ടില്‍ അന്തസ്സുള്ള ജോലി ചെയ്തവരും ഗള്‍ഫില്‍ തന്നെ ജീവിതം പച്ച പിടിപ്പിച്ചവരുമൊക്കെ ദുര്‍വിധിഗ്രസ്തമായ അനുഭവങ്ങളില്‍പ്പെട്ട് കന്തറവാസികളാവാറുണ്ട്. നാട്ടിലേക്ക് കയറ്റിയയക്കുന്നത് വരെ റോഡരികില്‍ കുപ്പിവെള്ളം വിറ്റോ ശറഫിയയിലെ ഹോട്ടലുകളില്‍ പൈ്ളറ്റ് കഴുകിയോ മേശ തുടച്ചോ ഇവര്‍ അന്നന്നത്തെ ജീവിതത്തിന് വക കണ്ടെത്തുന്നു. ഇത്തരം നിയമവിരുദ്ധരെ ജോലിക്ക് വെക്കാന്‍ പാടില്ലെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കാറുണ്ട്. അതിനാല്‍ വിശപ്പടക്കാന്‍ കൈയില്‍ കാശില്ലാതെ, ശറഫിയയിലെ ഏതെങ്കിലും ഹോട്ടല്‍ പരിസരത്തെ പച്ച വെള്ളം കുടിച്ചോ മനുഷ്യസ്നഹികളാരെങ്കിലും നല്‍കുന്ന നേര്‍ച്ചച്ചോറ് തിന്നോ ദിവസങ്ങള്‍ തള്ളിനീക്കേണ്ട ദുര്‍ഗതിയിലാവും പലരും. സ്വദേശികളായ സുമനസ്സുകള്‍ കൊടുത്തയക്കുന്ന ഭക്ഷണപ്പൊതിയുമായി വണ്ടി ഓടിയടുക്കുമ്പോഴേക്കും വരള്‍ച്ച മൂലം പട്ടിണികിടക്കുന്ന ആഫ്രിക്കയിലെ ഏതെങ്കിലും രാജ്യത്തെ അഭയാര്‍ഥി ക്യാമ്പിന് മുന്നില്‍ കാണുന്ന തിക്കും തിരക്കും അടിയും ബഹളവുമായിരിക്കും. പലപ്പോഴും പോലിസിന് ഇടപെടേണ്ടിവരും. മലയാളികള്‍ ധാരാളമായി പാലത്തിനടിയില്‍ കുമിഞ്ഞുകൂടിയ ഒരു ഘട്ടത്തില്‍ ഏതാനും ചെറുപ്പക്കാരോട് അവരുടെ അവസ്ഥ അന്വേഷിച്ചപ്പോള്‍ പലരും പട്ടിണിയിലാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കോണ്‍സുലേറ്റ് അധികൃതരുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചതില്‍നിന്നും നിയമവിരുദ്ധരായ ഈ വിഭാഗത്തിന് ഭക്ഷണം നല്‍കുന്നതിലെ സാങ്കേതിക തടസ്സമാണ് ഉയര്‍ത്തിക്കാട്ടിയത്. മാത്രവുമല്ല, അതിനൊന്നും ഫണ്ടില്ലെന്നും ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തി. വലിയൊരു വിഭാഗം പ്രവാസികള്‍ ശീതീകരിച്ച ഫ്ളാറ്റുകളില്‍, മൂക്കറ്റം തിന്നും കുടിച്ചും ആഡംബര ജീവിതം നയിക്കുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ തന്നെ തലയിലെഴുത്തിലെ പിഴവ് മൂലം തെരുവില്‍ നരകയാതന അനുഭവിക്കുന്ന കരളലിയിക്കുന്ന കഥ ദുബൈയിലായിരുന്ന ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസിന് കൈമാറി. ‘ഈ പാവങ്ങള്‍ക്ക് വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും? - ഇടറിയ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു. ഒരു നേരത്തെ ഭക്ഷണമെങ്കിലും എത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍. മനുഷ്യസ്നേഹികളായ ഏതാനും പേരുടെ മുന്നില്‍ അദ്ദേഹം വിഷയം അവതരിപ്പിച്ചു. സഹായഹസ്തങ്ങള്‍ നീണ്ടു. ശറഫിയയിലെ ‘പറാസ് ’ ഹോട്ടല്‍നിന്ന് ഇവര്‍ക്ക് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തു. രാവിലെ തന്നെ ഓരോ ഗ്രൂപ്പിനും ആവശ്യമുള്ള ടോക്കണ്‍ വിതരണം ചെയ്യും. ഇന്ത്യക്കാര്‍ മാത്രമല്ല, ബംഗ്ളാദേശികളും ശ്രീലങ്കക്കാരുമൊക്കെ ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ വകയായുള്ള ഈ അന്നദാനത്തിന് കാത്തിരുന്നു. ഉച്ചയാകുമ്പോള്‍ വരിവരിയായി വന്നു, ഭക്ഷണപ്പൊതി വാങ്ങിക്കൊണ്ടുപോയി സിമന്‍റ് തറയില്‍ വട്ടമിട്ടിരുന്ന്് ആര്‍ത്തിയോടെ വാരിത്തിന്നുന്നത് കാണുമ്പോള്‍ ഏത് ശിലാഹൃദയന്‍െറയും മനസ് അലിഞ്ഞ് കണ്ണ് നിറഞ്ഞുപോകും. പലപ്പോഴും ഈ കുറിപ്പുകാരനും തൂണിന്‍െറ മറയിലിരുന്ന് കണ്ണ് തുടക്കേണ്ടിവന്നിട്ടുണ്ട്. ഒരുദിവസം, മനസ്സിന്‍െറ പിരിമുറുക്കം കുറക്കാന്‍ ഞങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍െറ ക്വാളിറ്റി എങ്ങനെയുണ്ട് എന്ന് ഒരു പറ്റം ചെറുപ്പക്കാരുടെ ഇടയില്‍ ചെന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങളോടൊപ്പം സാറും കൂടണ’മെന്ന് നിര്‍ബന്ധിച്ചു. ഒരു കടലാസ് വിരിച്ച് അവരുടെ കൂടെയിരുന്ന് രണ്ട് നുള്ള് വാരിത്തിന്നു. ഒരു പക്ഷേ ജീവിതത്തില്‍ കഴിച്ച ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണം അതായിരിക്കണം. ആ വര്‍ഷം ഹജ്ജിന് പോയപ്പോള്‍ മിനാ കൊട്ടാത്തില്‍ അബ്ദുല്ല രാജാവ് മാധ്യമപ്രവര്‍ത്തകര്‍ക്കും ലോകനേതാക്കള്‍ക്കും ഒരുക്കിയ ഉച്ചവിരുന്നില്‍ വിളമ്പിയ രാജകീയ ഭക്ഷണത്തിന് കന്തറയിലെ ഈ ചോറിന്‍െറ സ്വാദിനെ കവച്ചുവെക്കാന്‍ കഴിയുമായിരുന്നുവോ? മൂന്നു മാസം നീണ്ട ‘ഗള്‍ഫ് മാധ്യമം’ വഴിയുള്ള അന്നദാനത്തിന് എണ്‍പതിനായിരം റിയാലിന് മുകളില്‍ (12ലക്ഷത്തോളം രുപ ) ചെലവായിരുന്നു. പ്രവാസികളുടെ ഒരു പാട് കണ്ണീര്‍ വീണ് കുതിര്‍ന്ന സിമന്‍റ്് തറയാണ് കന്തറയിലേത്. അന്യനാട്ടിലെ നിയമത്തിന്‍െറ മുന്നില്‍ തോല്‍വി സമ്മതിച്ച്, നിസ്സഹായരായി കഴിയേണ്ടിവരുമ്പോള്‍ ആരെങ്കിലും കൈതാങ്ങായി അടുത്ത്നില്‍ക്കുമ്പോള്‍ അത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സാന്ത്വനമായിരിക്കും. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടേതായ കാക്കത്തൊള്ളായിരം സംഘടനകളും കൂട്ടായ്മകളും ഉണ്ടെങ്കിലും ഈ നിയമവിരുദ്ധരുടെ കാര്യത്തില്‍ എല്ലാവരും ഒഴിഞ്ഞുമാറാനാണ് ശ്രമിക്കാറ്. നിയമത്തെ പേടിച്ചുമാത്രമല്ല, പ്രശ്നം പെട്ടൊന്നൊന്നും പരിഹരിച്ചുകിട്ടില്ല എന്ന ബോധ്യം എന്തിന് ഏടാകൂടത്തില്‍ ചാടണം എന്നു ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടാവണം. മുമ്പ് ഒരു പൊതുമാപ്പ് വേളയില്‍ ആത്മാര്‍ഥമായി സേവനത്തിന് ഇറങ്ങിയ മലയാളി നേതാക്കള്‍ക്ക് അന്നത്തെ അംബാസഡര്‍ തല്‍മീസ് അഹ്മദില്‍നിന്ന് കയ്പേറിയ അനുഭവമാണു നേരിടേണ്ടിവന്നതെന്ന് പലരും പറഞ്ഞതോര്‍ക്കുന്നു. എന്നിട്ടും ചില മനുഷ്യസ്നേഹികള്‍ ഈ ഹതഹാഗ്യരുടെ ദു$ഖം പങ്കുവെക്കാനും തങ്ങളാലാവുന്ന സഹായങ്ങള്‍ എത്തിക്കാനും മുന്നിട്ടിറങ്ങാറുണ്ട് എന്ന സത്യം സ്മരിക്കാതെ പോകുന്നത് അനീതിയാവും. കന്തറയെ കുറിച്ച് പറയുമ്പോള്‍ അവിടെ എത്തുന്ന ഭാഗ്യഹീനര്‍ക്ക് തുണയാവാറുള്ള മലപ്പുറം മങ്കടയിലെ പടപ്പറമ്പ് സ്വദേശി മുഹമ്മദലി ചെയ്ത സേവനങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. തിരൂരങ്ങാടി യത്തീംഖാനയിലെ അന്തേവാസികള്‍ക്കൊപ്പം കഴിഞ്ഞപ്പോള്‍ ആര്‍ജിച്ച മനുഷ്യകാരുണ്യവും സ്നേഹാര്‍ദ്ര മനസും ഗള്‍ഫിലെത്തി തെരുവ് തെണ്ടേണ്ടിവരുന്ന മനുഷ്യരിലേക്ക് ഇദ്ദേഹത്തെ അടുപ്പിക്കുന്നു. ബുഗ്ഷാന്‍ കുടുംബം തയാറാക്കുന്ന ‘ ദജാജ് മന്തി’ (കോഴിബിരിയാണി ) പാക്കറ്റുകളിലാക്കി കന്തറയിലും പരിസരത്തും വിതരണം ചെയ്യാന്‍ മുഹമ്മദലി എന്ന കൃശഗാത്രന്‍ കാണിക്കുന്ന ആവേശം മറ്റുള്ളവരെ അമ്പരപ്പിക്കാറുണ്ട്. കന്തറയില്‍ മാത്രമല്ല, തര്‍ഹീഹില്‍ (നാടുകടത്തുകേന്ദ്രത്തില്‍ ) എത്തുന്ന ഇന്ത്യക്കാരുടെ സകല വിവരങ്ങളും മുഹമ്മദലിയുടെ പക്കലുണ്ടാവും. ശറഫിയയിലെ ഇംപാല ഗാര്‍ഡന്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വണ്ടൂരിലെ വലിയ പീടികക്കല്‍ കുടുംബ കൂട്ടായ്മ ഒരുക്കിയ സായാഹ്ന സല്‍ക്കാര പാര്‍ട്ടിയില്‍ വെച്ച് കോണ്‍സല്‍ ജനറല്‍ സഈദ് അഹ്മദ് ബാബക്കും കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ കെ.കെ വിജയനും മുഹമ്മദലിയെ പരിചയപ്പെടുത്തിയ നിമിഷം ഓര്‍ക്കുന്നു. കന്തറവാസികളുടെ പ്രശ്നം സൂചിപ്പിച്ചപ്പോള്‍ ഷര്‍ട്ടിന്‍െറ കീശയില്‍നിന്ന് മുഹമ്മദലി തര്‍ഹീലിലെ വിവിധ സെല്ലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് പുറത്തെടുത്തു. നയതന്ത്രാലയ മേധാവികള്‍ പോലും അത് കണ്ട് അമ്പരന്നു. ഒരു ദിവസം രാത്രി ഒമ്പതോടെ‘ഗള്‍ഫ് മാധ്യമം’ ജിദ്ദ ഓഫീസില്‍ കയറി വന്ന മുഹമ്മദലിയുടെ കൈയില്‍ രണ്ടു ഭക്ഷണപ്പൊതിയുണ്ടായിരുന്നു. ആര്‍ക്കുവേണ്ടിയാണിതെന്ന് ചോദിച്ചപ്പോള്‍ കന്തറയില്‍ ഒരാഴ്ചയായി താമസം തുടങ്ങിയ വൃദ്ധരായ രണ്ടു പാകിസ്ഥാനികള്‍ക്ക് വേണ്ടി ഹോട്ടലില്‍നിന്ന് വാങ്ങിയതാണെന്നായിരുന്നു മറുപടി. സേവനം അതിര്‍ത്തി കടന്നു പാകിസ്ഥാനിലേക്കുമെത്തിയോ എന്ന ചോദ്യം കേട്ടപ്പോള്‍ ആ മുഖത്ത് ചിരി പടര്‍ന്നു. ‘ നിങ്ങള്‍ എന്നോടൊപ്പം വന്നു ആ പാവങ്ങളെ ഒന്നു കാണണം’ -നിര്‍ബന്ധിക്കാന്‍ തുടങ്ങി. പത്തുമണിയോടെ കന്തറയില്‍ എത്തിയപ്പോള്‍, സ്ട്രീറ്റ് ലൈറ്റിന്‍െറ മെര്‍ക്കുറി വെളിച്ചത്തില്‍ നെടുങ്ങനെയും വിലങ്ങനെയും കിടങ്ങുറങ്ങുന്ന നൂറുകണക്കിന് മനുഷ്യരെ കടന്നുവെച്ചേ ഒരിഞ്ചു മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞുള്ളൂ. എല്ലാം മറന്നു ചിലര്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. ചിലര്‍ ഉറക്കം വരാതെ ചരിഞ്ഞും മറിഞ്ഞും അസ്വസ്ഥത കാട്ടുന്നു. ഓരോ തൂണിനു ചുറ്റും ചെറുപ്പക്കാര്‍ കൂടിയിരുന്നു അവരവരുടെ ഭാഷയില്‍ സൊറ പറയുന്നു. അപചരിതമായ ഏതോ ലോകം. അങ്ങ് ദൂരെ പോലിസ് വണ്ടികള്‍ കിടക്കുന്നുണ്ട്. ക്രിമിനലുകളുടെ താവളമായാണ് കന്തറ സൗദിയിലൊട്ടാകെ അറിയപ്പെടുന്നത്. കള്ള് വാറ്റുകാരും പോക്കറ്റടിക്കാരും വേശ്യകളും സംഗമിക്കുന്ന ഏറ്റവും വൃത്തികെട്ട ഈ മേഖല കര്‍ക്കശ നിയമമുള്ള സൗദിയുടെ മുഖത്തെ കറുത്ത പാടായി മാറിയതിനെ കുറിച്ച് മാധ്യമങ്ങള്‍ ഇടക്കിടെ ഉണര്‍ത്തുമായിരുന്നു. മുഖം തിരിച്ചറിയാന്‍ കഴിയാത്ത മങ്ങിയ വെളിച്ചത്തില്‍ മുഹമ്മദലി പരതുന്നത് പാകിസ്ഥാനില്‍നിന്നുള്ള കിളവന്മാരെയാണ്. അവര്‍ സാധാരണ കിടക്കാറുളള സ്ഥലത്ത് പോയി രണ്ടാളെ തട്ടിവിളിച്ചപ്പോള്‍ ആള് മാറിയിരിക്കുന്നു. സ്വന്തം പൈതങ്ങളെ കാണാതായ മാതാവിന്‍െറ പരിഭ്രാന്തിയോടെ മുഹമ്മദലി പരക്കം പാഞ്ഞു. ഉര്‍ദുവില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. ഒരു മൂലയില്‍ നിന്ന് പെട്ടെന്നൊരു പിടച്ചില്‍. രണ്ടു മനുഷ്യരൂപങ്ങള്‍ ഞെട്ടിയെഴുന്നേറ്റ് മുഹമ്മദലിയെ കെട്ടിപ്പിടിക്കുകയാണ്. സന്തോഷം അടക്കാനാവാതെ. ഭക്ഷണപ്പൊതി കൈയില്‍ കൊടുത്തപ്പോള്‍ ആ അവശനയനങ്ങളില്‍ കണ്ണീരിന്‍െറ തിളക്കം. ദേശാതിരുകള്‍ ഭേദിച്ച മനുഷ്യസ്നേഹത്തിന്‍െറ നക്ഷത്രദീപ്തി. കന്തറയില്‍ എപ്പോഴെങ്കിലും വെളിച്ചം തെളിയാറ് ഇത്തരത്തില്‍ അനുതാപം ചിറകടിക്കുമ്പോഴാണ്. കന്തറയും പാലവും ഇന്നും അവിടെതന്നെയുണ്ട്. പക്ഷേ, അനധികൃത താമസക്കാരായ ആള്‍ക്കൂട്ടത്തെ ഇപ്പോള്‍ കാണണമെന്നില്ല. ഒന്നര വര്‍ഷം മുമ്പ് സൗദി അധികൃതര്‍ അവിടെനിന്ന് മുഴുവന്‍ നിയമവിരുദ്ധരെയും ആട്ടിയോടിച്ചു. സ്ഥലം വെടിപ്പാക്കി. അതോടെ കന്തറയിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പ്രശ്നത്തിന് ‘ശാശ്വത പരിഹാരമായി’. ‘നിതാഖാത്’ തൊഴില്‍ പരിഷ്കരണം വഴി ചുകപ്പ് ഗണത്തില്‍പ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളെ നാടുകടത്താന്‍ പരിശോധന ആരംഭിച്ചതോടെ സൗദിയിലുടനീളം കൊച്ചുകൊച്ചു കന്തറകള്‍ രൂപം കൊള്ളില്ലെന്ന് ആര്‍ക്കു പറയാനാവും? അപ്പോഴും പ്രവാസി മന്ത്രി വലയാര്‍ജി വാചാടോപം നടത്തും; ആര്‍ക്കും ആശങ്ക വേണ്ടാ എന്ന്. |
യു.പിയില്‍ സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം; ഒരാളുടെ നില ഗുരുതരം Posted: 02 Apr 2013 11:15 PM PDT ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ നാല് സഹോദരിമാര്‍ക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡ് ആക്രമണം നടത്തി. ആക്രമണത്തിനിരയായവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ദല്‍ഹിയില്‍ നിന്ന് 100 കി.മീ അകലെ ഷംലിയിലാണ് സംഭവം നടന്നത്. സഹോദരിമാരില്‍ മൂന്നു പേര്‍ അധ്യാപകരാണ്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതികള്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയതെന്ന് സംഭവം അന്വേഷിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇളയ സഹോദരിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. |
സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത് താല്‍ക്കാലിക തളര്‍ച്ച -പ്രധാനമന്ത്രി Posted: 02 Apr 2013 10:57 PM PDT ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത് താല്‍ക്കാലിക തളര്‍ച്ചയാണെന്നും വളര്‍ച്ച 5 ശതമാനത്തില്‍ തുടരുന്നത് തൃപ്തികരമല്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. സി.ഐ.ഐ വാര്‍ഷിക മീറ്റില്‍ രാജ്യത്തെ 1500 പ്രമുഖ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തുടരും. തിരുത്തല്‍ നടപടികളിലൂടെ രാജ്യം എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. |
ദുബൈയില്‍ അഞ്ച് പുതിയ ബസ് റൂട്ടുകള്‍; നാല് റൂട്ടുകള്‍ പരിഷ്കരിച്ചു Posted: 02 Apr 2013 10:34 PM PDT ദുബൈ: ദുബൈയിലെ പൊതുഗതാഗത സംവിധാനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി അഞ്ച് പുതിയ ബസ് റൂട്ടുകള്‍ തുടങ്ങി. നിലവിലുണ്ടായിരുന്ന നാല് റൂട്ടുകള്‍ പരിഷ്കരിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇത് പ്രാബല്യത്തില്‍ വന്നത്. 84, 366, എഫ് 12, 21, ഇ 307-എ എന്നിവയാണ് പുതിയ റൂട്ടുകളെന്ന് ആര്‍.ടി.എ പൊതുഗതാഗത ഏജന്‍സി പ്ളാനിങ് ആന്‍ഡ് ബിസിനസ് ഡവലപ്മെന്‍റ് ആക്ടിങ് ഡയറക്ടര്‍ ഈസ അല്‍ ഹാശിമി പറഞ്ഞു. റൂട്ട് നമ്പര്‍ 84 ബസ് അല്‍ഖൈല്‍ ഗേറ്റില്‍നിന്ന് ആരംഭിച്ച് എമിറേറ്റ്സ് മാള്‍ വഴി മിന സിയാഹിയിലേക്കാണ്. റൂട്ട് നമ്പര്‍ 366 റാശിദിയ മെട്രോ സ്റ്റേഷന്‍ പരിസരത്തുനിന്ന് തുടങ്ങി സിലികോണ്‍ ഒയാസിസിലെത്തും. എഫ്-12 ഫീഡര്‍ ബസ് ജാഫ്ലിയ മെട്രോ സ്റ്റേഷന്‍ പരിസരത്തുനിന്ന് തുടങ്ങി അല്‍ വാസല്‍ പാര്‍ക്ക് വഴി സത്വയിലേക്കാണ്. മറ്റൊരു ഫീഡര്‍ ബസ് (റൂട്ട് 21) സുലൈഖ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച് അല്‍ അഹ്ലി ക്ളബ് ഭാഗത്തേക്കാണ്. റൂട്ട് ഇ307-എ ആരംഭിക്കുന്നത് അബു ഹൈല്‍ മെട്രോ സ്റ്റേഷന്‍ പരിസരത്തുനിന്നാണ്. ഈ ബസ് ഷാര്‍ജയിലേക്ക് പോകും. നിലവിലെ നാല് റൂട്ടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റൂട്ട് നമ്പര്‍ 22 അല്‍നഹ്ദ പാര്‍ക്ക് വഴി കടന്നുപോകും. 13-എ ദോഹ റോഡിലൂടെയും. റൂട്ട് 365 റാശിദിയ മെട്രോ സ്റ്റേഷന്‍ പരിസരത്തേക്കാണ്. ഫീഡര്‍ ബസായ എഫ്-3 അല്‍ഇത്തിഹാദ് മാളിലേക്ക് അല്‍ ഖവാനീജ് റോഡിലൂടെ പോകും. വേള്‍ഡ് ട്രേഡ് സെന്‍റര്‍ റൗണ്ട്എബൗട്ടിന് സമീപത്തെ ബസ് സ്റ്റോപുകള്‍ മാര്‍ച്ച് 15 മുതല്‍ ഒഴിവാക്കുകയും പകരം ജാഫ്ലിയ ബസ് സ്റ്റേഷനില്‍ എല്ലാ ബസുകളും നിര്‍ത്താന്‍ സൗകര്യം ഒരുക്കുകയും ചെയ്തത് വിജയമാണെന്ന് ആര്‍.ടി.എ പൊതുഗതാഗത ഏജന്‍സി വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല അല്‍ അലി പറഞ്ഞു. രണ്ട് ഇന്‍റര്‍സിറ്റി റൂട്ടിലെയും 17 പ്രാദേശിക റൂട്ടിലെയും ബസുകളാണ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ റൗണ്ട്എബൗട്ടിന് സമീപം നിര്‍ത്തിയിരുന്നത്. ഉമ്മു ഹുറൈര്‍ ഭാഗത്തുനിന്ന് പുറപ്പെട്ട് ട്രേഡ് സെന്‍റര്‍ മേഖലയിലേക്ക് പോയിരുന്ന 10, എക്സ്-94, 27, സി-32 എന്നീ റൂട്ടുകളിലെ ബസുകള്‍ ജാഫ്ലിയ സ്റ്റേഷനിലാണ് ഇപ്പോള്‍ എത്തുന്നത്. ഈ ബസുകളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് ജാഫ്ലിയ മെട്രോ സ്റ്റേഷനിലെത്തി റോഡരികിലെ സ്റ്റോപില്‍ നിന്നോ ജാഫ്ലിയ എമിഗ്രേഷന്‍ ഓഫിസിന് സമീപത്തെ സ്റ്റോപില്‍ നിന്നോ ബസില്‍ കയറാം. ബര്‍ദുബൈയില്‍ നിന്നുള്ള ബസ് ജാഫ്ലിയ മെട്രോ സ്റ്റേഷന് സമീപം എത്തുന്നത് തുടരും. മെട്രോയിലെ പാലം കടന്നാല്‍ മറ്റു ബസുകളിലും പോകാന്‍ സാധിക്കും. നേരത്തെ ട്രേഡ് സെന്‍ററിന് സമീപത്തെ സ്റ്റോപില്‍നിന്ന് എഫ് 11 ഫീഡര്‍ ബസ് ഉപയോഗപ്പെടുത്തിയവര്‍ക്ക് പുതിയ രണ്ടു ബദല്‍ റൂട്ടുകളായ 98ഇ, 21 എന്നിവ ഉപയോഗിക്കാം. ദുബൈ മാളിലേക്ക് ജാഫ്ലിയ മെട്രോക്ക് സമീപത്തുനിന്നും മറ്റു ബസ് സ്റ്റേഷനുകളില്‍നിന്നും ബസ് കിട്ടും. തിരക്കേറിയ ട്രേഡ് സെന്‍റര്‍ റൗണ്ട്എബൗട്ടിന് സമീപം ബസുകള്‍ നിര്‍ത്തുന്നത് പലപ്പോഴും ഗതാഗതക്കരുക്ക് സൃഷ്ടിച്ചിരുന്നു. ഇതുകാരണം പലപ്പോഴും യാത്രക്കാര്‍ക്ക് പെട്ടെന്ന് ഇറങ്ങുകയും കയറുകയും ചെയ്യേണ്ട അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സുഗമമായ ജാഫ്ലിയ ബസ് സ്റ്റേഷനിലേക്ക് സ്റ്റോപ് മാറ്റിയത്. ഇത് മെട്രോ യാത്രക്കാര്‍ക്ക് സൗകര്യമാണ്. |
പരിശോധന തിരിച്ചടിയാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് Posted: 02 Apr 2013 09:59 PM PDT ജിദ്ദ: തൊഴില്‍നിയന്ത്രണ നിയമം ധിറുതി പിടിച്ച് നടപ്പാക്കുന്നത് രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്ന് നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സി (എന്‍.എസ്.എച്ച്.ആര്‍)ന്‍െറയും സാമ്പത്തിക, സാമൂഹിക വിദഗ്ധരുടെയും മുന്നറിയിപ്പ്. തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ ചേര്‍ന്നു തൊഴിലിടങ്ങളില്‍ നടത്തുന്ന റസിഡന്‍റ് പെര്‍മിറ്റ് പരിശോധനക്കെതിരെ വിവിധ കമ്പനിയുടമകള്‍ മനുഷ്യാവകാശ ദേശീയ സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എന്‍.എസ്.എച്ച്.ആര്‍ രൂപവത്കരിച്ച പഠനസമിതി തലസ്ഥാനമായ റിയാദിന്‍െറ വടക്കന്‍പ്രാന്തങ്ങളിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് പരിശോധന തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പു നല്‍കിയത്. വന്‍കിട പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച തോതിലുള്ള മനുഷ്യവിഭവ ശേഷി ആവശ്യമുള്ളതിനാല്‍ പുറംകരാര്‍ കമ്പനികളില്‍ നിന്നു നിശ്ചിത കാലയളവിലേക്ക് തൊഴിലാളികളെ വാടകക്കെടുക്കുകയാണ്്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഇത്രയധികം പേര്‍ക്ക് കുറഞ്ഞ കാലത്തേക്ക് വന്‍തോതില്‍ വിസയനുവദിക്കുക പ്രായോഗികമല്ല. അതിനാല്‍ ഇത്തരം പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കിടെ നടത്തുന്ന പരിശോധന പദ്ധതി പ്രവര്‍ത്തനം മുടക്കി വികസനരംഗത്ത് തിരിച്ചടിയുണ്ടാക്കുമെന്നും കമ്പനിയുമായി കരാറുണ്ടാക്കി ജോലിയില്‍ പ്രവേശിച്ചവരെ വഴിയാധാരമാക്കുന്നത് കരാര്‍ലംഘനമടക്കമുള്ള തൊഴിലവകാശ പ്രശ്നമുയര്‍ത്തുമെന്നും എന്‍.എസ്.എച്ച്.ആര്‍ അധ്യക്ഷന്‍ മുഫ്ലിഹ് ഖഹ്താനി ചൂണ്ടിക്കാട്ടി. മുപ്പത് വര്‍ഷത്തിലധികമായി രാജ്യത്ത് നിലനിന്നുവരുന്ന സമ്പ്രദായം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാനാവില്ലെന്ന് പ്രമുഖ സാമ്പത്തികവിദഗ്ധന്‍ ഹുസൈന്‍ അബൂദാവൂദ് അഭിപ്രായപ്പെട്ടു. അനധികൃത തൊഴിലാളികളെന്ന പേരില്‍ അന്യസ്പോണ്‍സറുടെ കീഴില്‍ ജോലിചെയ്യുന്നവരുടെ ഇഖാമ പിടിച്ചെടുത്ത് അവരെ ഡീപോര്‍ട്ടേഷന്‍ കേന്ദ്രങ്ങളിലയക്കുന്നത് ബുദ്ധിപൂര്‍വകമല്ല. വന്‍കിട പദ്ധതികളില്‍ തൊഴിലെടുക്കുന്നവരെല്ലാം ഒരേ സ്പോണ്‍സര്‍ക്കു കീഴിലാവണമെന്നു നിഷ്കര്‍ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത്രയും ഭീമമായ എണ്ണം വിസ ഭരണകൂടം അനുവദിക്കുന്നില്ല. വിവിധോദ്ദേശ്യ പദ്ധതികള്‍ക്കു പല തരത്തിലുള്ള വിദഗ്ധരെ ആവശ്യമായി വരും. ഇതെല്ലാം കൂടി ഒരൊറ്റ സ്പോണ്‍സറുടെ കീഴില്‍ നിന്നു ഉണ്ടാക്കിയെടുക്കാവുന്നതല്ല-‘അല്‍ബിലാദ്’ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ അബൂദാവൂദ് ചൂണ്ടിക്കാട്ടി. അതിനാല്‍ ഒരു വര്‍ഷമെങ്കിലും അവധി നല്‍കി തൊഴിലാളികള്‍ക്കു സ്പോണ്‍സറെ മാറാനുള്ള അവസരമൊരുക്കി ക്രമപ്രവൃദ്ധമായൊരു പരിഷ്കരണമാണ് ഈ രംഗത്ത് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വദേശിവത്കരണം പ്രയോഗതലത്തില്‍ വിജയിക്കണമെങ്കില്‍ പൊതുമേഖലയിലും വന്‍കിട സ്വകാര്യകുത്തകകളിലും അത് പരിമിതപ്പെടുത്തുകയാണ് അഭികാമ്യമെന്നും വികസിതരാജ്യങ്ങളുടെ മാതൃക അതാണെന്നും പ്രമുഖ കോളമിസ്റ്റും സൗദി ഗസറ്റ് ചീഫ് എഡിറ്ററുമായ ഖാലിദ് അല്‍ മഈന അഭിപ്രായപ്പെട്ടു. പ്രവാസികളായ തൊഴിലാളികളുടെ ജീവിതമാര്‍ഗവും അന്തസ്സും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള സമീപനം സൗദിയുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവും കിരീടാവകാശി അമീര്‍ സല്‍മാനും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും ഐശ്വര്യവും സംരക്ഷിക്കുന്നതില്‍ പുലര്‍ത്തുന്ന നിഷ്കര്‍ഷ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ‘അല്‍മദീന’ പത്രത്തിലെ പതിവു പംക്തിയില്‍ അദ്ദേഹം പറഞ്ഞു. നമ്മുടെ ആവശ്യമനുസരിച്ച് ഇന്നാട്ടിലേക്കു വന്നവരാണ് പ്രവാസികള്‍. വ്യക്തമായ തൊഴില്‍കരാറിലൂടെ നമ്മുടെ രാജ്യം കെട്ടിപ്പടുക്കാനെത്തിയതാണവര്‍. സ്വന്തം നാട്ടിലേതിനേക്കാള്‍ ഈ നാട്ടില്‍ ജീവിച്ചവര്‍ അവരിലുണ്ട്. ഈ മണ്ണിനെയല്ലാതെ പരിചയമില്ലാത്ത ഇവിടെ ജനിച്ചുവീണവരുമുണ്ട്. അതിനാല്‍ പ്രവാസി തൊഴിലാളികളോട് നീതികാണിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം അധികൃതരെ ഓര്‍മിപ്പിച്ചു. |
ഒമാന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി Posted: 02 Apr 2013 09:45 PM PDT മസ്കത്ത്: സൊഹാര്‍ തുറമുഖത്തേക്ക് ചരക്കുമായി വരികയായിരുന്ന കപ്പല്‍ എന്‍ജിന്‍ റൂമിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഭാഗികമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. കപ്പലില്‍ നിന്ന് എണ്ണ കടലില്‍ പരക്കുന്നത് തടയാനും സാഹചര്യങ്ങള്‍ വിലയിരുത്താനുമായി ഒമാന്‍ റോയല്‍ നേവിയുടെ കപ്പലുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ ചരക്ക് വീണ്ടെടുക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞതായും കപ്പല്‍ പൂര്‍ണമായും മുങ്ങിയിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മറൈന്‍ അഫയേഴ്സ് അറിയിച്ചു. ലൈബീരിയന്‍ പതാക വഹിക്കുന്ന ‘എം.വി അറ്റ്ലാന്‍റിക് കോണ്‍ഫിഡന്‍സ്’ എന്ന കപ്പലാണ് ഞായറാഴ്ച അപകടത്തില്‍ പെട്ടത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിനുള്ള സ്റ്റീല്‍ ഉരുപ്പടികളുമായി തുര്‍ക്കിയില്‍ നിന്ന് സൊഹാറിലേക്ക് പുറപ്പെട്ട കപ്പലിന്‍െറ എന്‍ജിന്‍ റൂമില്‍ ഒമാനിലെ മസീറ ഐലന്‍റില്‍നിന്ന് 140 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് തീപിടിക്കുകയായിരുന്നു. തീ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ കപ്പല്‍ ഉപേക്ഷിച്ച് നാവികര്‍ ലൈഫ് ബോട്ടിന്‍െറ സഹായത്തോടെ രക്ഷപ്പെട്ടു. സഹായം അഭ്യര്‍ഥിച്ച് എസ്.ഒ.എസ് സന്ദേശവും അയച്ചു. കടല്‍ക്കൊള്ളക്കാരുടെ ആക്രമണം തടയാന്‍ കടലില്‍ റോന്തുചുറ്റിയിരുന്ന നാറ്റോ ദൗത്യ സംഘത്തിന്‍െറ കപ്പല്‍ കമാന്‍ഡര്‍ അഡ്മിറല്‍ അന്‍േറാണിയോ നതാലെക്കാണ് സന്ദേശം ലഭിച്ചത്. യു.എസ്.എസ് നികോളാസ് എന്ന പടക്കപ്പലിനോട് എത്രയും വേഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട സൈനികര്‍ 80 മൈല്‍ അകലെ അപകടത്തില്‍ പെട്ട കപ്പല്‍ കണ്ടെത്തി. ലൈഫ് ബോട്ടില്‍ നിന്ന് 21 നാവികരെയും രക്ഷപ്പെടുത്തി സമീപത്തുണ്ടായിരുന്ന പ്ളൂട്ടോ എന്ന എണ്ണക്കപ്പലിലെത്തിച്ചു. ആര്‍ക്കും പരിക്കൊന്നുമില്ല. കപ്പലില്‍ നിന്ന് എണ്ണ കടലില്‍ പടരുന്നത് തടയാന്‍ ഒമാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്‍െറ മലിനീകരണ നിയന്ത്രണ സംഘം മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. റോയല്‍ നേവി ഓഫ് ഒമാന്‍െറ കപ്പലുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും. ചരക്കുകപ്പലായതിനാല്‍ നിലവിലെ സാഹചര്യമനുസരിച്ച് എണ്ണ ചോരാന്‍ സാധ്യതയില്ല. എന്‍ജിനില്‍ നിന്ന് ചോരുന്ന എണ്ണ ആവിയായിപ്പോകുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാകപ്പലുകളുടെ സഹായത്തോടെ അപകടത്തില്‍ പെട്ട കപ്പലിലെ ചരക്ക് വീണ്ടെടുക്കാന്‍ ഉടമസ്ഥരായ തുര്‍ക്കി കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. രക്ഷാകപ്പലുകള്‍ എത്തുന്നതുവരെ അപകടമുണ്ടായ സ്ഥലത്ത് റോയല്‍ നേവിയുടെ കപ്പലുകള്‍ സുരക്ഷയൊരുക്കും. |
വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് നിരക്ക് വര്‍ധനക്ക് മന്ത്രിസഭാ അംഗീകാരം Posted: 02 Apr 2013 09:22 PM PDT കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഇതിനുള്ള നിരക്കുകളും വര്‍ധിപ്പിക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും വാഹനത്തിന്‍െറ ദഫ്തറിനും അത് പുതുക്കുന്നതിനുമെല്ലാം നിരക്ക് കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയം തയറാക്കി സമര്‍പ്പിച്ച നിര്‍ദേശം തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇനി ഇത് പാര്‍ലമെന്‍റിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹ് വ്യക്തമാക്കി. പുതിയ ലൈസന്‍സ് ഇഷ്യു ചെയ്യുന്നതിന് നിലവില്‍ വിദേശികളില്‍നിന്നും ഈടാക്കുന്നത് 10 ദീനാറാണ്. ഇത് 500 ദീനാറാക്കി ഉയര്‍ത്താനാണ് നിര്‍ദേശം. ഇപ്പോള്‍ ലൈസന്‍സ് പുതുക്കുന്നതിന് ഒരു ദീനാര്‍ ഈടാക്കുന്നത് 50 ദീനാറായി ഉയരും. സ്വദേശി വീടുകളിലെ ഡ്രൈവര്‍മാര്‍ക്ക് ഇത് ബാധകമായിരിക്കില്ല. പുതുതായി വാഹനം സ്വന്തമാക്കുന്നവര്‍ക്ക് ദഫ്തര്‍ ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് നിലവിലെ 10 ദീനാറില്‍നിന്ന് 300 ദീനാറും അത് പുതുക്കുന്നതിന്‍െറ ഫീസ് 10 ദീനാറില്‍നിന്ന് 100 ദീനാറുമാവും. ഒന്നില്‍ കൂടുതല്‍ വാഹനമുള്ളവര്‍ക്ക് ഓരോ വാഹനത്തിനും വെവ്വേറെ ഫീസ് നല്‍കേണ്ടിവരും. ഈ നിയമം നടപ്പാവുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഇരുട്ടടിയാവും. ലൈസന്‍സ് എടുക്കുന്നതിന് 500 ദീനാര്‍ എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഒരുനിലക്കും താങ്ങാനാവാത്ത നിരക്കാവും. ഇത് തന്നെയാണ് സര്‍ക്കാര്‍ നിരക്ക് കുത്തനെ കൂട്ടുന്നതിലൂടെ ലക്ഷ്യമിടുന്നതും. രാജ്യത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വാഹനങ്ങളുടെ എണ്ണം കുറക്കുക മാത്രമാണ് പരിഹാരം എന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. സ്വദേശികളുടെ വാഹനങ്ങളുടെ എണ്ണം കുറക്കുക പ്രായോഗികമല്ല എന്നിരിക്കെ വിദേശികള്‍ പുതുതായി വാഹനം നിരത്തിലിറക്കുന്നത് പരമാവധി നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത സ്തംഭനത്തിന് ഒരു പരിധി വരെയെങ്കിലും ഇങ്ങനെ അറുതിവരുത്താനാവുമെന്നാണ് സര്‍ക്കാറിന്‍െറ കണക്കുകൂട്ടല്‍. 2000 മുതല്‍ക്കുള്ള കണക്കനുസരിച്ച് രാജ്യത്തെ വിദേശി പൗരന്മാര്‍ക്കായി 8,10, 000 ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദേശികളുടെ വാഹനത്തിന്‍െറ എണ്ണം രാജ്യത്ത് 4,87,000 വരും. രാജ്യത്ത് ഗതാഗതക്കുരുക്ക് ഏറിവരുന്നതിന്‍െറ പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത് റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതില്‍ കുടുതല്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയാണ്. 2.1 ശതമാനമാണ് രാജ്യത്തെ റോഡുകളുടെ വാര്‍ഷിക വികസന നിരക്കെങ്കില്‍ വാഹനങ്ങളുടെ വാര്‍ഷിക വര്‍ധനാ നിരക്ക് 9 ശതമാനമാണ്. റോഡുകളിലെ യാത്രാ കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന്‍െറ ഭാഗമായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി അടുത്തിടെ ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹ് നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്ന വിദേശികള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും നിയമപരമായി രാജ്യത്ത് താമസിച്ചവരായിരിക്കണം എന്ന നിബന്ധന ചേര്‍ത്തതിനൊപ്പം കുറഞ്ഞത് 400 ദീനാര്‍ മാസ ശമ്പളമുണ്ടായിരിക്കുക, സര്‍വകലാശാലാ ബിരുദമുണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡ്രൈവിങ് ടെസ്റ്റ്, പ്രായപരിധി, ശാരീരികക്ഷമത എന്നിവയുടെ കാര്യത്തിലും ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കരുതെന്നും ഉത്തരവില്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. |
മുഖ്യമന്ത്രിയുടെ രാജി: നിയമസഭ പ്രക്ഷുബ്ധം Posted: 02 Apr 2013 09:07 PM PDT തിരുവനന്തപുരം: ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാംദിവസവും നിയമസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍. ഇരയെ വഞ്ചിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. എന്നാല്‍ ഇന്ന് ചോദ്യോത്തരവേള തടസ്സപ്പെടുത്താതെ പ്രതിപക്ഷം സഹകരിച്ചു. പിന്നീട് ശൂന്യവേളയില്‍ സബ്മിഷനിലൂടെ പ്രശ്‌നം അവതരിപ്പിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. അബ്ദുസമദ് സമദാനിയെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ചട്ടങ്ങള്‍ മറികടന്ന് സബ്മിഷനുമായി എഴുന്നേറ്റത്. എന്നാല്‍, സ്പീക്കര്‍ ഇത് അനുവദിച്ചില്ല. അനുവദിച്ച സമയത്ത് മാത്രമേ സബ്മിഷന്‍ അവതരിപ്പിക്കാനാവൂ എന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. പ്രതിപക്ഷ നേതാവ് മറ്റൊരു വിഷയത്തിലാണ് ആദ്യം സബ്മിഷന് അവതരണാനുമതി തേടിയതെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെടുന്ന സബ്മിഷന് ഇന്നു കാലത്ത് 8.15ന് മാത്രമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയതെന്നും ഇക്കാര്യം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. സബ്മിഷനു മറുപടി പറയാന്‍ തയ്യാറാണെന്ന് ഇടയ്ക്ക് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചെങ്കിലും അത്തരം കീഴ്‌വഴക്കമില്ലെന്ന് സ്പീക്കര്‍ ചൂണ്ടികാട്ടി. എങ്കിലും പുതിയ വിഷയത്തില്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവിനെ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്ക് നീങ്ങി ബഹളം വെച്ചു. പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സ്പീക്കര്‍ നപടികള്‍ താല്‍കാലികമായി നിര്‍ത്തിവച്ചത്. ഇതിന് പിന്നാലെ സ്പീക്കര്‍ യു.ഡി.എഫ് അംഗങ്ങളുമായും എല്‍.ഡി.എഫ് നേതാക്കളുമായും ചര്‍ച്ച നടത്തി. പിന്നീട് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് ബഹളം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ ശൂന്യവേള റദ്ദാക്കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ ബില്ലുകളെല്ലാം പാസാക്കി നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. |
കിളിമാനൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു Posted: 02 Apr 2013 08:49 PM PDT കിളിമാനൂര്‍: തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ കുറവന്‍കുഴിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായിരുന്ന അച്ഛനും മകളും മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് ആലും വിളവീട്ടില്‍ രവീന്ദ്രന്‍ പിള്ള (66), മകള്‍ ശ്രീജ (28) എന്നിവരാണ് മരിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ സുമംഗലാദേവി, മകന്‍ വിഷ്ണു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിഷ്ണുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുമംഗലാദേവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 7.15ഓടെയായിരുന്നു അപകടം. |
ഗസ്സ മുനമ്പിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം Posted: 02 Apr 2013 08:45 PM PDT ഗസ്സ സിറ്റി: നവംബറിലെ വെടിനിര്‍ത്തലിനു ശേഷം ഗസ്സ മുനമ്പിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഗസ്സ സിറ്റിയിലെ രണ്ടിടങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ തീവ്രവാദി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സേന പ്രതികരിച്ചു. മൂന്ന് തവണ ഇസ്രയേലിനു നേരെ റോക്കറ്റാക്രമണം ഉണ്ടായതാണ് നടപടിക്കു കാരണമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. 2012 നവംബറില്‍ എട്ടു ദിവസം നീണ്ട ആക്രമണത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 170 ഫലസ്തീനികളും ആറ് ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്. ഈജിപ്തിന്‍െറ മധ്യസ്ഥതയിലാണ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് തയ്യാറായത്. |
No comments:
Post a Comment