പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസ്: രണ്ടാം പ്രതിയുടെ വിധി ഇന്ന് Posted: 04 Apr 2013 12:28 AM PDT തലശ്ശേരി: ബി.ജെ.പി കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ വധിച്ച കേസിലെ രണ്ടാം പ്രതിയുടെ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. നേരത്തെ വിചാരണ വേളയില്‍ ഹാജരാകാതിരുന്ന രണ്ടാം പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെ കുനിയില്‍ പവിത്രന്‍െറ (49) പേരിലുള്ള കേസിന്‍െറ വിധിയാണ് ജില്ല ജഡ്ജി വി. ഷെര്‍സി വ്യാഴാഴ്ച പ്രഖ്യാപിക്കുക. കേസില്‍ ചന്ദ്രന്‍െറ ഭാര്യ അരുന്ധതി, സഹോദരി സാവിത്രി, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ആകെ 49 സാക്ഷികളെ വിസ്തരിച്ചു. കേസിന്‍െറ വിചാരണ കഴിഞ്ഞദിവസം ജില്ല സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. കേസിലെ നാല് പ്രതികള്‍ക്ക് തലശ്ശേരി സെഷന്‍സ് കോടതി നേരത്തെ വധശിക്ഷ വിധിക്കുകയും ഹൈകോടതി ജീവപര്യന്തമാക്കി കുറക്കുകയും ചെയ്തിരുന്നു. ഒന്നാംപ്രതി പന്ന്യന്നൂരിലെ അരയാക്കണ്ടി സുകുമാരന്‍, മൂന്നാംപ്രതി മൈലാട്ടുമ്മല്‍ സുരേന്ദ്രന്‍, നാലാം പ്രതി കൈതുള്ള പറമ്പത്ത് പ്രേമന്‍, അഞ്ചാംപ്രതി കുഞ്ഞിപറമ്പത്ത് പുരുഷോത്തമന്‍ എന്നീ സി.പി.എം പ്രവര്‍ത്തകരെയായിരുന്നു കോടതി നേരത്തെ ശിക്ഷിച്ചിരുന്നത്. വിചാരണ സമയത്ത് ഹാജരാവാതിരുന്ന രണ്ടാം പ്രതി പവിത്രനെ പിന്നീട് 2007ല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1996 മേയ് 25ന് വൈകീട്ട് 4.30 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീട്ടിന് സമീപം ചന്ദ്രനെ ആയുധമേന്തിയ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എം.ജെ. ജോണ്‍സണാണ് ഹാജരായത്. |
മണിപ്പൂരിലെ സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് സുപ്രീംകോടതി സമിതി Posted: 04 Apr 2013 12:08 AM PDT ന്യൂദല്‍ഹി: മണിപ്പൂരില്‍ അടുത്തിടെ നടന്ന സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് സുപ്രീംകോടതി നിയമിച്ച സമിതി കണ്ടെത്തി. അന്വേഷിച്ച ആറ് സൈനിക ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് കണ്ടെത്തിയ സമിതി, 12 വയസ്സുകാരനെയടക്കം നിയവിരുദ്ധമായാണ് സൈന്യം ജനങ്ങളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നു. യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ആളുകളാണ് കൊല്ലപ്പെട്ടതെന്നും ഇത്തരം കേസുകളില്‍ അധികൃതര്‍ ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മണിപ്പൂരില്‍ നടന്ന ആറ് സൈനിക ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം നടത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ 1528 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നിട്ടുണ്ടെന്ന പൊതുതാല്‍പര്യ ഹരജിയിലാണ് അന്വേഷണത്തിന് സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്മേല്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഏപ്രില്‍ 9നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. |
ഗണേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ല- ആര്‍ ബാലകൃഷ്ണപിള്ള Posted: 03 Apr 2013 11:29 PM PDT തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഗണേഷിന്റെഎം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ പഴയ നിലപാടില്‍ തന്നെ തുടര്‍ന്നാല്‍ സ്ഥാനം നഷ്ടപ്പെടുമെന്നും ആര്‍.ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. സമനില തെറ്റിയ ഗണേഷ് താന്‍ പാര്‍ട്ടിയാണെന്ന നിലപാടില്‍ തുടരുകയാണെങ്കില്‍ പത്താനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പത്താനാപുരത്ത് ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ മത്സരിക്കാനോ സ്ഥാനാര്‍ഥിയാകാനോ താനില്ല. പത്താനാപുരത്ത് മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ഥി താനാണെങ്കിലും മത്സരിക്കില്ല. ആവശ്യം മത്സരിക്കാന്‍ പാര്‍ട്ടി പുതിയ സ്ഥാനാര്‍ഥിയെ കണ്ടുവെച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല ഗണേഷ് രാജിവെച്ചത്. സഹികെട്ടപ്പോള്‍ മുഖ്യമന്ത്രി പുറത്താക്കിയാണ്. യാമിനി വിഷയത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്ന് ആരോപിക്കുന്നു. ഗണേഷ്കുമാര്‍ പറഞ്ഞ ബാഹ്യ ഇടപെടലുകളെയും ഗൂഢാലോചനയെയും കുറിച്ച് അന്വേഷിക്കണം. ഗണേഷ്കുമാര്‍ രാജിവെച്ച സ്ഥിതിക്ക് കേരള കോണ്‍ഗ്രസ്ബിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇനി മന്ത്രി സ്ഥാനം ആവശ്യമില്ല. കേരള കോണ്‍ഗ്രസ്ബിക്ക് നല്‍കിയ വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കാതെ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും ആര്‍.ബാലകൃഷ്ണപിള്ള വ്യക്തമാക്കി. |
ആല്‍ മക്തൂം വിമാനത്താവളത്തില്‍നിന്ന് ഒക്ടോബര്‍ 27 മുതല്‍ യാത്രാ വിമാനം Posted: 03 Apr 2013 11:28 PM PDT Subtitle: തുറക്കുന്നത് ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം; ആറ് റണ്‍വേകള്‍ ദുബൈ: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തില്‍നിന്ന് യാത്രാ വിമാനം പറന്നുയരാന്‍ ഇനി ആറുമാസം. ദുബൈ വേള്‍ഡ് സെന്‍ട്രല്‍-ആല്‍ മക്തൂം അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്ന് ഒക്ടോബര്‍ 27 മുതല്‍ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. ബജറ്റ് എയര്‍ലൈനുകളായ നാസ് എയറും വിസ് എയറുമാണ് ആദ്യ സര്‍വീസ് നടത്തുക. ദുബൈയിലെ രണ്ടാമത്തെ വിമാനത്താവളമായ ആല്‍ മക്തൂമില്‍ ആദ്യമായി വിമാനം ഇറങ്ങിയത് 2010 ജൂണിലാണ്. ഇതോടെ കാര്‍ഗോ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി ലഭിച്ചു. ആറ് റണ്‍വേകളുള്ള ഇവിടെ ലോക വ്യോമയാന മേഖലയിലെ ഏറ്റവും നവീന സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ പ്രതിവര്‍ഷം ആറ് ദശലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുണ്ടായിരുന്നത്. മാത്രമല്ല, 24 മണിക്കൂര്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആദ്യഘട്ടത്തില്‍ തന്നെ 64 വിമാനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടായിരുന്നു. ഇതിനുപുറമെ, അത്യാധുനിക സംവിധാനങ്ങളുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി), 66000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സിങ്കിള്‍-ലെവെല്‍ പാസഞ്ചര്‍ ടെര്‍മിനല്‍ എന്നിവയും വന്നു. രണ്ടാം ഘട്ടത്തിലാണ് രണ്ട് ഓട്ടോമാറ്റഡ് കാര്‍ഗോ ടെര്‍മിനലും ഒരു നോണ്‍-ഓട്ടോമാറ്റഡ് കാര്‍ഗോ ടെര്‍മിനലും നിര്‍മിക്കുന്നത്. ദുബൈ വേള്‍ഡ് സെന്‍ട്രലിന്‍െറ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിലെ എല്ലാ കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 120 ദശലക്ഷം മുതല്‍ 150 ദശലക്ഷം വരെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ദുബൈയില്‍ നിലവിലുള്ള വിമാനത്താവളത്തില്‍ അനുദിനം വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആല്‍ മക്തൂം വിമാനത്താവളത്തില്‍നിന്ന് യാത്രാ സൗകര്യം എത്രയും വേഗം ഒരുക്കാന്‍ തീരുമാനിച്ചത്. യാത്രക്കാരുടെ കാര്യത്തില്‍ മാത്രമല്ല, ചരക്കു നീക്കത്തിലും പുതിയ വിമാനത്താവളം ലോകത്ത് ഏറ്റവും മുന്നിലെത്തും. ഇവിടെ പ്രതിവര്‍ഷം 12 ദശലക്ഷം ടണ്‍ കാര്‍ഗോ നീക്കം നടത്താം. ഇത് 14 ദശലക്ഷമായി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്ന മെംഫിസ് വിമാനത്താവളത്തേക്കാള്‍ മൂന്നിരട്ടി അധികമാണിത്. ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം എയര്‍ബസ് എ-380 ഉള്‍പ്പെടെ എല്ലാ വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാം. ഒരേ സമയം അഞ്ച് സൂപര്‍ജമ്പോ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്ന വിധത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കിയത്. |
ഫൈസല്‍ അവാര്‍ഡ് ലഭിച്ചത് വിമോചന സന്ദേശത്തിന് - റാഇദ് സലാഹ് Posted: 03 Apr 2013 11:04 PM PDT റിയാദ്: ഇസ്ലാമികസേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ചത് തനിക്ക് വ്യക്തിപരമായല്ലെന്നും താന്‍ പ്രതിനിധാനം ചെയ്യുന്ന സന്ദേശത്തിനുള്ള അംഗീകാരമാണെന്നും അവാര്‍ഡ് ജേതാവും ഫലസ്തീന്‍ വിമോചന നേതാവുമായ ശൈഖ് റാഇദ് സ്വലാഹ് പറഞ്ഞു. ഫലസ്തീന് മാനുഷികമായ പരിഗണനയാണ് അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനതയും സര്‍ക്കാറും എന്നും ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും നിര്‍ണായക ശക്തിയായി മാറുന്ന ഇന്ത്യയില്‍നിന്ന് തുടര്‍ന്നും ഇതേ നിലപാടാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ‘ഗള്‍ഫ്മാധ്യമ’ത്തോടു പറഞ്ഞു. അന്താരാഷ്ട്ര പുരസ്കാരം സ്വീകരിക്കാനായി റിയാദിലെത്തിയതായിരുന്നു റാഇദ് സ്വലാഹ് . അധിവേശത്തിന്‍െറ കാലഘട്ടം അവസാനിച്ചു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരും അറബ് ലോകത്തു നിന്നു താര്‍ത്താരികളും പിന്‍വാങ്ങി. ഫലസ്തീനില്‍ നിന്നുള്ള ഇസ്രായേലിന്‍െറ പിന്മാറ്റവും സമയത്തിന്‍െറ മാത്രം പ്രശ്നമാണ്. നിരന്തരം ഇസ്രായേല്‍ ആക്രമണത്തിന് വിധേയമായികൊണ്ടിരിക്കുന്ന ഗസ്സ ഇന്ന് ലോകത്തെ ഏറ്റവും വലിയ തടവറയാണെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ വാസം നാം ആരും കൊതിക്കുന്നില്ല, വിമോചനത്തിന്‍െറ ഭാഗമായാണ് അത് സ്വീകരിക്കേണ്ടിവരുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ച റാഇദ് സ്വലാഹ് പറഞ്ഞു. സിറിയ ഉള്‍പ്പെടെയുള്ള മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം ഇസ്രായേലാണ്. പ്രശ്നങ്ങളുടെ മാതാവ് എന്ന രൂപത്തിലാണ് ഇസ്രായേലിനെ കാണേണ്ടത്. അധിനിവേശം നിലനില്‍ക്കുന്ന കാലത്തോളം അമേരിക്കയുടെ ഇരട്ട രാജ്യം എന്ന ആശയം സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവാര്‍ഡ് തുകയുടെ പകുതി സിറിയന്‍ പോരാട്ടത്തില്‍ പ്രയാസമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ബാക്കി ബൈത്തുല്‍ മുഖദ്ദസിന്‍െറ മോചന ഫണ്ടിനും റാഇദ് സലാഹ് സമര്‍പ്പിച്ചു. ചരിത്രത്തില്‍ ഇതുവരെ ലഭിച്ചതുപോലെ മുഴുവന്‍ ഇന്ത്യക്കാരുടെയും പിന്തുണയും പ്രാര്‍ഥനയും ഫലസ്തീന് ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. |
വിജയ രഥമുരുട്ടി ജാക്ക് കാന്‍ഫീല്‍ഡ് ബഹ്റൈനില്‍ Posted: 03 Apr 2013 10:57 PM PDT മനാമ: വിജയത്തിന് പിന്നിലെ രഹസ്യമെന്ത്? ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങളെ വിജയ രഥത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ജാക്ക് കാന്‍ഫീല്‍ഡ് വിജയ രഹസ്യങ്ങളുടെ കെട്ടഴിച്ചപ്പോള്‍ ഗള്‍ഫ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ പ്രൗഢമായ സദസ്സ് അദ്ഭുതം കൂറി. ലക്ഷക്കണക്കിന് വായനക്കാരെ വിസ്മയിപ്പിച്ച അക്ഷരങ്ങളുടെ തോഴന്‍ ഇതാദ്യമായാണ് ബഹ്റൈനില്‍ എത്തുന്നത്. ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി തംകീന്‍െറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ‘ചിക്കന്‍ സൂപ്പ് ഫോര്‍ ദി സോള്‍’ എന്ന പ്രശസ്തമായ ബുക്ക് സീരീസിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച ജാക്ക് കാന്‍ഫീല്‍ഡ് പത്നിസമേതമാണ് ബഹ്റൈനില്‍ എത്തിയത്. പുസ്തകം 300 ടൈറ്റിലുകളിലായി 40 ഭാഷകളില്‍ 500 മില്യന്‍ കോപ്പികളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം അനുഭവങ്ങളിലൂടെ സ്വയത്തമാക്കിയ വിജയ രഹസ്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്ന പുസ്തകമാണ് ‘ദി സക്സസ് പ്രിന്‍സിപ്പല്‍സ്’. 39 ഭാഷകളിലായി 80 മില്യന്‍ കോപ്പി പ്രിന്‍റ് ചെയ്ത് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച പുസ്തകമാണിത്. വിവിധ രാജ്യങ്ങളിലെ അഞ്ഞൂറിലേറെ കമ്പനികള്‍ ജാക്ക് കാന്‍ഫീല്‍ഡിന്‍െറ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. ഒരു പ്രഭാഷണത്തിന് ഇദ്ദേഹം വാങ്ങുന്ന പ്രതിഫലം 25000 ഡോളറാണ്. അച്ചടി മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ഇദ്ദേഹത്തിന്‍െറ കോളത്തിനും പരിപാടികള്‍ക്കും എത്ര തുക മുടക്കാനും തയ്യാറാണ്. കാരണം അത്രയധികം വായനക്കാരും പ്രേക്ഷകരുമുണ്ട് ജാക്ക് കാന്‍ഫീല്‍ഡിന്. അമേരിക്കയില്‍ ജനിച്ച് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദമെടുത്ത ശേഷം ചരിത്രാധ്യാപകനായാണ് തന്‍െറ കരിയറിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. ക്ളമന്‍റ് സ്റ്റോണ്‍ എന്ന കോടീശ്വരനുമായുള്ള കൂടിക്കാഴ്ചയാണ് ജാക്ക് കാന്‍ഫീല്‍ഡിന്‍െറ ജീവിതം മാറ്റിമറിക്കുന്നത്. വിജയത്തിലേക്കുള്ള സൂത്രവാക്യങ്ങള്‍ ക്ളമന്‍റ് സ്റ്റോണില്‍നിന്നാണ് സ്വയത്തമാക്കുന്നത്. താന്‍ പഠിപ്പിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ത്തുകയെന്നതായിരുന്നു ക്ളമന്‍റ് ജാക്കിനെ ഏല്‍പിച്ച ജോലി. ജീവിതത്തിന്‍െറ വിവിധ തുറകളില്‍ വെന്നിക്കൊടി പാറിച്ചവരെ തേടിയുള്ള യാത്രയായിരുന്നു പിന്നീട്. അത്ലറ്റുകള്‍, പ്രശസ്ത എഴുത്തുകാര്‍, ബിസിനസുകാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍ തുടങ്ങി ഉന്നതികള്‍ കീഴടക്കിയവരുമായി കൂടിക്കാഴ്ച നടത്തി അവരുടെ വിജയ വഴികള്‍ സ്വയത്തമാക്കി. അവയെല്ലാം തന്‍െറ ജീവിതത്തില്‍ പ്രയോഗവത്കരിച്ച് പരീക്ഷിച്ച ശേഷമാണ് മറ്റുള്ളവര്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയത്. നൂറുകണക്കിന് സെമിനാറുകളിലൂടെയാണ് അദ്ദേഹം വിജയത്തിന്‍െറ വഴികള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. അമേരിക്കയിലെ 50 സ്റ്റേറ്റുകള്‍ക്ക് പുറമെ 25ഓളം രാജ്യങ്ങളിലും അദ്ദേഹം ഇതിനകം പ്രഭാഷണം നടത്തുകയുണ്ടായി. കഴിവും ദീര്‍ഘവീക്ഷണവുമുള്ള ഭരണ നേതൃത്വമുണ്ടെങ്കില്‍ ഏത് രാജ്യത്തിനും വികസന പാതയില്‍ മുന്നേറാമെന്ന് ജാക്ക് കാന്‍ഫീല്‍ഡ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യ വികസനത്തിന് മാധ്യമങ്ങളുടെ പങ്കും വളരെ വലുതാണ്. ചരിത്രത്തില്‍ വിജയം വരിച്ച ഭരണാധികാരികളുടെയും വ്യക്തികളുടെയും കഥകള്‍ പുതു തലമുറക്ക് പകര്‍ന്നു നല്‍കാനാകണം. കമ്പനികള്‍ നിരന്തരമായ പരസ്യങ്ങളിലൂടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്ന പോലെ വിജയം വരിച്ചവരുടെ ചരിത്രം സമൂഹത്തില്‍ നിരന്തരം അനാവരണം ചെയ്യപ്പെടുമ്പോള്‍ ആ സമൂഹവും രാജ്യവും വിജയം വരിക്കും. രാജ്യത്ത് ഐക്യവും സമാധാനവും സംജാതമാകും. വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും വിജയം വരിക്കാനുള്ള വഴികള്‍ ഒന്നുതന്നെയാണ്. മതത്തിന്‍െറ പങ്കും എടുത്ത് പറയേണ്ടതാണ്. മതങ്ങള്‍ ഇഹത്തിലും പരത്തിലുമുള്ള വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. ചരിത്രം പരിശോധിച്ചാല്‍ സാംസ്കാരികമായും സാമ്പത്തികമായും വിജയിച്ച രാജ്യങ്ങള്‍ക്കെല്ലാം ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികളുണ്ടായിരുന്നതായി കാണാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. |
ഒമാനില്‍ നിന്ന് ഈവര്‍ഷം നാടുകടത്തിയത് 2576 അനധികൃത താമസക്കാരെ Posted: 03 Apr 2013 10:36 PM PDT മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തുന്നവരുടെ ഇഷ്ട താവളമായി ഒമാന്‍ മാറിയിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് ബോട്ടിലാണ് അനധികൃത താമസക്കാര്‍ കൂടുതലുമെത്തുന്നത്. ഒമാന്‍െറ വിശാലമായ തീരദേശം മനുഷ്യക്കടത്തുകാര്‍ക്ക് സഹായകരമാവുകയാണ്. ഈ വര്‍ഷം മാര്‍ച്ച് വരെ 2947 അനധികൃത താമസക്കാരെയാണ് റോയല്‍ ഒമാന്‍ പൊലീസ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്. ഇതില്‍ 2576 പേരെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയതായി പൊലീസ് അറിയിച്ചു. ഒമാന്‍ റോയല്‍ നേവി, റോയല്‍ എയര്‍ഫോഴ്സ്, മാനവ വിഭവശേഷി വകുപ്പ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് അനധികൃത താമസക്കാരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയാണ് വ്യത്യസ്ഥ രാജ്യക്കാരടങ്ങുന്ന അനധികൃത താമസക്കാരെ വലയിലാക്കുന്നത്. ഇതിന് ശേഷം എംബസികളുടെ സഹായത്തോടെ ഇവര്‍ ഏതുരാജ്യക്കാരാണെന്ന് കണ്ടെത്തും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവരെ നാടുകടത്തുകയാണ് ചെയ്യുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഇവരെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവുമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കുന്നുണ്ട്. എല്ലാവിധ മനുഷ്യാവകാശങ്ങളും വകവെച്ചുകൊടുത്താണ് ഇത്തരക്കാരെ ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിക്കുന്നത്. അന്താരാഷ്ട്ര നിബന്ധനകളും നിയമങ്ങളും പാലിച്ചാണ് അനധികൃത താമസക്കാരെ നാടുകടത്തുന്നത്. രാജ്യത്ത് കൂടിവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ അനധികൃത താമസക്കാരും നുഴഞ്ഞുകയറ്റക്കാരുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കര്‍ശന നടപടി സ്വീകരിച്ചുതുടങ്ങിയത്. മോഷണങ്ങളും മയക്കുമരുന്ന് വ്യാപാരവുമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് ഇത്തരക്കാര്‍ ഉള്‍പ്പെടുന്നത്. അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തുന്ന പ്രവൃത്തി വര്‍ഷങ്ങളായി ഒമാനില്‍ നടക്കുന്നുണ്ടെങ്കിലും വീണ്ടും പല മാര്‍ഗങ്ങളിലൂടെ ഇത്തരക്കാര്‍ രാജ്യത്തെത്തുന്നതായാണ് അനുഭവം. പാകിസ്താനില്‍ നിന്ന് ബോട്ടില്‍ ഒമാന്‍ തീരത്തെത്തിയ കുറച്ചുപേരെ അടുത്തിടെ അധികൃതര്‍ പിടികൂടി തിരിച്ചയച്ചിരുന്നു. മനുഷ്യക്കടത്ത് ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന ചിലരെയും അധികൃതര്‍ പിടികൂടിയിരുന്നു. പാകിസ്താനില്‍ മോശം ജീവിത സാഹചര്യങ്ങളാല്‍ കഷ്ടപ്പെടുന്നവരെയാണ് ഏജന്‍റുമാര്‍ വലയിലാക്കുന്നത്. കാല്‍നടയായി ഇറാനിലെത്തിച്ച് അവിടെ നിന്ന് ബോട്ടില്‍ ഒമാനിലെത്തിക്കുകയാണ് ചെയ്യുന്നത്. 2005ല്‍ അനധികൃത താമസക്കാരുടെ പ്രശ്നം രൂക്ഷമായപ്പോള്‍ ഒമാന്‍, ഇറാന്‍, പാകിസ്താന്‍ സംയുക്ത നീക്കത്തിനൊടുവില്‍ മനുഷ്യക്കടത്ത് തടയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഒരിടവേളക്ക് ശേഷം ഏജന്‍റുമാര്‍ സജീവമായതാണ് ഇപ്പോള്‍ പ്രശ്നം രൂക്ഷമാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. |
കുവൈത്ത് കനിഞ്ഞു; സൂനാമി തകര്‍ത്ത ജപ്പാനിലെ റെയില്‍പാളങ്ങളില്‍ വീണ്ടും ചൂളംവിളി Posted: 03 Apr 2013 10:31 PM PDT കുവൈത്ത് സിറ്റി: രണ്ടു വര്‍ഷം മുമ്പ് ഇതേ ദിവസങ്ങളില്‍ ജപ്പാന്‍ ദു:ഖത്തിന്‍െറ നടുക്കടലിലായിരുന്നു. 2011 മാര്‍ച്ച് 11ന് കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച സൂനാമിയില്‍പ്പെട്ട് ഏഷ്യയിലെ വികസിത രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള ഉദയസൂര്യന്‍െറ നാട് വിറങ്ങലിച്ചപ്പോള്‍ ഫുകുഷിമ ആണവ നിലമയടക്കം ഭീഷണിയിലായതും ജനങ്ങള്‍ ഏറെ ഭീതിയോടെ നാളുകള്‍ തള്ളിനീക്കിയതും ലോകം കണ്ടതാണ്. പ്രതിസന്ധികളില്‍ തളരാത്ത പോരാട്ടവീര്യമുള്ള ജപ്പാനീസ് ജനത ഇന്നിപ്പോള്‍ സൂനാമിയില്‍ നാമാവശേഷമായ പലതും പഴയ പ്രതാപത്തിലേക്ക് കെട്ടിപ്പൊക്കാനുള്ള ശ്രമത്തിലാണ്. അതിന് താങ്ങാവുന്നതാവട്ടെ കുവൈത്ത് പോലുള്ള രാജ്യങ്ങളും. സൂനാമിയില്‍ തകര്‍ന്ന നിരവധി റെയില്‍പാളങ്ങളില്‍ ഒന്ന് പുതുക്കിപ്പണിയുന്നതിലും അതിലൂടെ ഓടുന്ന ബോഗികള്‍ നിര്‍മിക്കുന്നതിലും പങ്കാളിത്തം വഹിച്ചാണ് കുവൈത്ത് ജപ്പാനുമായുള്ള സഹകരണത്തില്‍ പുതിയ അധ്യായം തുറക്കുന്നത്. ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയായി ബുധനാഴ്ച മുതല്‍ ഈ റെയില്‍വേ ലൈന്‍ വീണ്ടും ചലനാത്മകമായി. യോഷിഹാമ സ്റ്റേഷനില്‍ നടന്ന ഇതിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ ജപ്പാനിലെ കുവൈത്ത് അംബാസഡര്‍ അബ്ദുറഹ്മാന്‍ അല്‍ ഉതൈബി മുഖ്യതിഥിയായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പവും അതിനെ തുടര്‍ന്നുള്ള സൂനാമിയും മൂലം ജപ്പാനിലെ കിഴക്കന്‍ പെസഫിക് തീരത്തെ ഇവാറ്റെ പ്രവിശ്യയെ തകര്‍ത്തുതരിപ്പണമാക്കിയിരുന്നു. മേഖലയിലെ ചെറുനഗരമായ ഒഫുനാറ്റോയിലെ റെയില്‍പാളങ്ങള്‍ അമ്പേ തകര്‍ന്നു. ഇതോടെ ഇവിടത്തെ പ്രധാന സഞ്ചാര മാര്‍ഗമായ റെയില്‍ ഗതാഗതവും നിലച്ചു. ഇതാണ് ഇപ്പോള്‍ കുവൈത്തിന്‍െറ സാമ്പത്തിക സഹായത്തോടെ പുനര്‍നിര്‍മിച്ചിരിക്കുന്നത്. മേഖലയിലെ റെയില്‍വേയുടെ ചുമതലയുള്ള സന്‍റികു റെയില്‍വേ കമ്പനിയുടെ കീഴിലുള്ള സൗത്ത് റിയാസ് ലൈനിലെ യോഷിഹാമ സ്റ്റേഷന്‍ മുതല്‍ സകാരി സ്റ്റേഷന്‍ വരെയുള്ള 21.6 കി.മീ റെയില്‍വേ ട്രാക്കാണ് ബുധനാഴ്ച മുതല്‍ വീണ്ടും യാത്രാസജ്ജമായത്. സന്‍റികു കമ്പനിയുടെ ചുമതലയിലുള്ള 107.6 കി.മീ റെയില്‍പാതയില്‍ ബാക്കിയുള്ള ഭാഗത്തിന്‍െറയും പുനര്‍നിര്‍മാണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാവുീമെന്നും സന്‍റികു റെയില്‍വേ കമ്പനി പ്രസിഡന്‍റ് മസാഹികോ മോച്ചിസൂകിയും വ്യക്തമാക്കി. 1.63 മില്യന്‍ ഡോളര്‍ വീതം ചെലവുവരുന്ന മൂന്നു ടെയ്രിന്‍ ബോഗികളാണ് കുവൈത്തിന്‍െറ സഹായത്തോടെ നിര്‍മിച്ചത്. ആകെ എട്ടെണ്ണമാണ് കുവൈത്ത് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ബാക്കി അഞ്ചെണ്ണം റെയില്‍പാതയുടെ ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാവുന്നതിനനുസരിച്ച് ഓടിത്തുടങ്ങും. മുമ്പുണ്ടായിരുന്നതില്‍നിന്ന് വിശാലവും സൗകര്യങ്ങള്‍ കൂടിയതുമാണ് കുവൈത്തിന്‍െറ സഹായത്തോടെ നിര്‍മിച്ച പുതിയ ബോഗികള്‍. കുവൈത്തിനോടുള്ള നന്ദി സൂചകമായിബോഗികളുടെ മുന്നിലും പിറകിലും കുവൈത്ത് ദേശീയ എംബ്ളം പതിച്ചിട്ടുണ്ട്. ജപ്പാന്‍െറ ദുരിതങ്ങളില്‍ എന്നും കൂടെ നിന്നിട്ടുള്ള കുവൈത്ത് ഭരണകൂടത്തോടും ജനങ്ങളോടും ഏറെ നന്ദിയുണ്ടെന്ന് ചടങ്ങില്‍ സംബന്ധിച്ച ഇവാറ്റെ പ്രവിശ്യാ മേയര്‍ തകൂയാ താസ്സോ പറഞ്ഞു. ഒഫുനാറ്റോ മേയര്‍ കിമാകി തോഡ സൂനാമി നാശംവിതച്ച ജപ്പാനെ കുവൈത്ത് സഹായിക്കുന്നത് ഇതാദ്യമല്ല. നേരത്തേ, 500 മില്യന്‍ ഡോളറിന് തുല്യമായ അഞ്ച് മില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ കുവൈത്ത് ജപ്പാന് സൗജന്യമായി നല്‍കിയിരുന്നു. സുനാമിയില്‍ ഏറ്റവും കൂടുതല്‍ നാശം സംഭവിച്ച ഇവാറ്റെ അടക്കമുള്ള മൂന്ന് പ്രവിശ്യകളിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുന്നത്. |
രാഷ്ട്രപതി അഞ്ച് ദയാഹരജികള്‍ തള്ളി Posted: 03 Apr 2013 09:33 PM PDT ന്യൂദല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന അഞ്ചു പ്രതികളുടെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. രണ്ടുപേരുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയും ചെയ്തു. ഒമ്പത് ദയാഹരജികളായിരുന്നു രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ വധശിക്ഷ ശരിവെച്ച പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉത്തര്‍പ്രദേശില്‍ കുടുംബത്തിലെ 13 പേരെ 1986 ആഗസ്റ്റ് 17ന് കൊലപ്പെടുത്തിയ ഗുര്‍മീത് സിങ്ങിന്റെദയാഹരജിയാണ് പരിഗണനയിലുണ്ടായിരുന്ന ഹര്‍ജികളില്‍ പ്രധാനപ്പെട്ടത്. ഉത്തര്‍പ്രദേശിലെ സുരേഷ്, റാംജി എന്നിവരുടെ ദയാഹരജിയും രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇവര്‍ കുടംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. 1993ല്‍ ഹരിയാനയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പരോളിലിറങ്ങിയതിനുശേഷം പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ധര്‍മ്മപാലും വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്നു. ഹിസാറില്‍ 2001ല്‍ ഹരിയാന മുന്‍ എം.എല്‍.എയുടെ മകളും സോണിയയുടെയും ഭര്‍ത്താവ് സഞ്ജീവിന്റെും ദയാഹരജികളും രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നു. സോണിയയുടെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇവര്‍ക്ക് വധശിക്ഷ ലഭിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അജ്മല്‍ കസബിന്റെും പാര്‍ലമെന്‍്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെും ദയാഹരജികള്‍ നേരത്തെ പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. |
അര്‍ജന്‍റീനയില്‍ ശക്തമായ കാറ്റിലും മഴയിലും 52 മരണം Posted: 03 Apr 2013 09:31 PM PDT ബൂവനസ് എയര്‍സ്: അര്‍ജന്‍റീനയില്‍ അതിശക്തമായ കാറ്റിലും മഴയിലും 52 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ ബുവനസ് എയര്‍സിലും തൊട്ടടുത്ത പ്രദേശമായ ല പ്ളാറ്റയില്‍ നിന്നും 1,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രി രണ്ടു മണിക്കൂറിനുള്ളില്‍ 300 മുതല്‍ 400 മില്ലി മീറ്റര്‍ മഴാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും വൈദ്യുതി ആഘാതവുമേറ്റുമാണ് മരിച്ചതെന്ന് പ്രവിശ്യ ഗവര്‍ണര്‍ ഡാനിയേല്‍ സിയോലി പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ 155 മില്ലി മീറ്റര്‍ മഴ പെയ്തിരുന്നു. ബുവനസ് എയര്‍സില്‍ ഏപ്രില്‍ മാസത്തെ റെക്കോഡ് മഴയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് പേര്‍ തിങ്കളാഴ്ച മരിച്ചിരുന്നു. വ്യാപകമായ കെട്ടിടനിര്‍മ്മാണ പദ്ധതികള്‍ കാരണം വെള്ളം ഒഴുകാനുള്ള സംവിധാനം ഇല്ലാത്തത് കൊണ്ടാണ് ദുരന്തം സംഭവിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. മഴയും കൊടുങ്കാറ്റും വ്യാഴായ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. |
No comments:
Post a Comment