സ്വാഗതം
WELCOME

News Update..

Friday, April 12, 2013

വിഷു സമ്മാനമായ എല്‍.സി.ഡി വേണ്ടെന്ന് വി.എസ് Madhyamam News Feeds

വിഷു സമ്മാനമായ എല്‍.സി.ഡി വേണ്ടെന്ന് വി.എസ് Madhyamam News Feeds

Link to

വിഷു സമ്മാനമായ എല്‍.സി.ഡി വേണ്ടെന്ന് വി.എസ്

Posted: 12 Apr 2013 12:16 AM PDT

Image: 

തിരുവനന്തപുരം: വിഷുസമ്മാനമായി കൃഷി വകുപ്പ് നല്‍കിയ എല്‍.സി.ഡി ടി.വി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സമ്മാനം സ്നേഹപൂര്‍വം നിരസിക്കുകയാണെന്നും തിരിച്ചു നല്‍കുമെന്നും വി.എസ് വ്യക്തമാക്കി.

സംസ്ഥാനം കൊടും വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ 140 എം.എല്‍.എ മാര്‍ക്കും വിപണിയില്‍ ഇരുപത്തിരണ്ടായിരം രൂപ വിലയുള്ള എല്‍.സി.ഡി ടി.വി വിഷു സമ്മാനമായി നല്‍കിയ കൃഷി വകുപ്പിന്റെ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് വി.എസ് വിഷു സമ്മാനം തിരിച്ചു നല്‍കുന്നത്.

എല്‍.സി.ഡി ടിവി ക്കു പുറമെ കൃഷി വകുപ്പ് പുറത്തിറക്കിയ പുതിയ ഉല്‍പന്നമായ നീരയും കൈനീട്ടമായി നല്‍കിയിട്ടുണ്ട്.

ഫിനിഷ് ചെയ്യാം ഫിനിഷിങ് സ്കൂളുകളിലൂടെ

Posted: 11 Apr 2013 11:54 PM PDT

Image: 

മികച്ച സ്ഥാപനത്തില്‍ നല്ല മാര്‍ക്കോടെ പ്രഫഷനല്‍ കോഴ്സുകള്‍ പാസായി ഇറങ്ങുന്നവരെ രാജ്യത്തെ മുന്‍നിര കമ്പനികള്‍ ‘കൊത്തി’ക്കൊണ്ടുപോകുന്ന ഒരു കാലമുണ്ടായിരുന്നു.  പോളിടെക്നിക്, ഐ.ടി.ഐ, മാനേജ്മെന്‍റ് കോഴ്സുകള്‍ പാസാകുന്നവര്‍ക്കും അവസരങ്ങളുടെ പെരുമഴയായിരുന്നു. ഈ സ്ഥിതിക്ക് വര്‍ഷം ചെല്ലുംതോറും അതിവേഗം മാറ്റം വന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാനുള്ളത്. മിടുക്കന്മാരില്‍ മിടുക്കരെ മാത്രം മതിയെന്ന പൊതുനിലപാടിലേക്ക് കമ്പനികള്‍ മാറിയതോടെ കേവലം അക്കാദമിക് പഠനം കൊണ്ടുമാത്രം ഒരു ജോലി സാക്ഷാത്കരിക്കപ്പെടില്ലെന്ന യാഥാര്‍ഥ്യം വിദ്യാര്‍ഥികളും ഉള്‍ക്കൊണ്ടുകഴിഞ്ഞു.  
സ്വാശ്രയ എന്‍ജിനീയറിങ്, മെഡിക്കല്‍, മാനേജ്മെന്‍റ് സ്ഥാപനങ്ങളില്‍നിന്ന് എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് പുറത്തിറങ്ങുന്നത്. പോളിടെക്നിക്, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നും ആര്‍ട്സ്, സയന്‍സ് കോളജുകളില്‍നിന്നും പുറത്തിറങ്ങുന്നവരുടെ എണ്ണവും ലക്ഷത്തിനടുത്തെത്തും. മെഡിക്കല്‍ കോഴ്സുകള്‍ പാസായവര്‍ക്ക് സ്വന്തമായി പ്രാക്ടീസ് നടത്താമെന്ന ഒരവസരം മുന്നിലുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ തൊഴില്‍ ലഭിക്കാറുണ്ടോ? ഇല്ല എന്നതാണ് വാസ്തവം.
കണക്കനുസരിച്ച് കോഴ്സ് കഴിഞ്ഞയുടന്‍ ജോലി ലഭിക്കുന്നത് ചെറിയ ശതമാനത്തിന് മാത്രമാണ്. പകുതിയോളം ശതമാനമാളുകള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാലേ നല്ല  ജോലി ലഭിക്കുന്നുള്ളൂ.  22 ശതമാനമാളുകള്‍ രണ്ടു വര്‍ഷമെങ്കിലും ഒരു ജോലിക്കായി ‘തെണ്ടിനടക്കു’ന്നുണ്ട്.  പലരും വിദ്യാഭ്യാസവായ്പ പോലും തിരിച്ചടക്കാന്‍  ബുദ്ധിമുട്ടുന്നവിധം ചെറിയ ശമ്പളത്തിനാണ് ജോലിചെയ്യുന്നതും.
നല്ല ജോലി ലഭിക്കാന്‍ എന്താണ് തടസ്സം -പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള അറിവ് നേടുന്നതിലെ വിദ്യാര്‍ഥികളുടെ വിമുഖതയാണ് പ്രശ്നകാരണം. കേവലം പുസ്തകപ്പുഴുക്കളായി വളരുന്നവരില്‍ സഹകരണ മനോഭാവമില്ലായ്മ, തീരുമാനങ്ങളെടുക്കുന്നതിലെ താമസം, ആശയവിനിമയത്തിലെ പോരായ്മ തുടങ്ങി കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ധാരാളമായി കണ്ടുവരാറുണ്ട്. പ്രായോഗികവും തൊഴില്‍പരവുമായ പരിശീലനത്തിന്‍െറ കുറവ് നല്ലൊരു വിഭാഗം വിദ്യാര്‍ഥികളിലും നിഴലിച്ചുകാണുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറ പോരായ്മയാണെന്നത് തര്‍ക്കമില്ലാത്ത അവസ്ഥയാണ്. വിദ്യാര്‍ഥികളെ  തൊഴിലിനായി പാകപ്പെടുത്തുകയാണ്  ഇതിനുള്ള മറുവഴി. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ ആരംഭിച്ച ആശയമാണ് ഫിനിഷിങ് സ്കൂളുകള്‍. ഐ.എച്ച്.ആര്‍.ഡി, നോര്‍ക തുടങ്ങിയ സ്ഥാപനങ്ങള്‍ കൂടാതെ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിനിഷിങ് സ്കൂളുകള്‍ നടത്തുന്നു. ചില എന്‍ജിനീയറിങ് കോളജുകള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു മാത്രം പരിശീലനം നല്‍കാന്‍ സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് ബഹുരാഷ്ട്ര ഐ.ടി കമ്പനികളിലെ ജോലി ലക്ഷ്യമിട്ടുള്ള പാഠ്യപദ്ധതികളായിരുന്നു ഫിനിഷിങ് സ്കൂളുകള്‍ നടത്തിയിരുന്നത്. പിന്നീട്  മറ്റു തലങ്ങളിലേക്കും പരിശീലനം വ്യാപിച്ചു.
ബന്ധപ്പെട്ട മേഖലയില്‍ തൊഴിലെടുക്കാന്‍ എന്താണ് വേണ്ടതെന്ന പരിശീലനമാണ് (ഇന്‍ഡസ്ട്രിയല്‍ ഓറിയന്‍േറഷന്‍) ഫിനിഷിങ് സ്കൂളുകളിലെ പ്രധാന പാഠ്യപദ്ധതി. ആശയവിനിമയം, ഭാഷ, സാമൂഹിക സഹവര്‍ത്തിത്വം, സഹകരണ മനോഭാവം, ശുഭാപ്തി വിശ്വാസം തുടങ്ങിയവ വളര്‍ത്തിയെടുക്കുന്നതിനുള്ള സോഫ്റ്റ്സ്കില്‍ ക്ളാസുകളും പരിശീലനങ്ങളും ഫിനിഷിങ് സ്കൂളുകളുടെ പ്രധാന പാഠ്യപദ്ധതികളിലൊന്നാണ്. കൂട്ടായ പ്രവര്‍ത്തനത്തിനും ജോലിയില്‍ മികവ് പുലര്‍ത്തുന്നതിലും സുപ്രധാന ഘടകമാണെന്നതിനാല്‍ കമ്പനികള്‍ ജീവനക്കാരിലെ സോഫ്റ്റ്സ്കില്‍സിന് പ്രാധാന്യം നല്‍കിവരുന്നുണ്ട്. പല ഐ.ടി കമ്പനികളും ഫിനിഷിങ് സ്കൂള്‍ പരിശീലനം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തിവരാറുണ്ട്. പ്രഫഷനല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പുറമെ ആര്‍ട്സ് /സയന്‍സ് ബിരുദധാരികള്‍ക്കും ഉപകാരപ്രദമായ കോഴ്സുകള്‍ ഫിനിഷിങ് സ്കൂളുകള്‍ നടത്തുന്നുണ്ട്.

കേരളത്തിലെ ചില  ഫിനിഷിങ് സ്കൂളുകള്‍

ഐ.എച്ച്.ആര്‍.ഡി മോഡല്‍ ഫിനിഷിങ് സ്കൂള്‍  
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഐ.എച്ച്.ആര്‍.ഡി മോഡല്‍ സ്കൂള്‍ കാമ്പസുകള്‍ ഉള്ളത്. സംസ്ഥാന ഐ.ടി ഡിപാര്‍ട്മെന്‍റ്, ഐ.എച്ച്.ആര്‍.ഡിയുമായി ചേര്‍ന്ന് ആരംഭിച്ച ഈ സ്ഥാപനം തിരുവനന്തപുരത്ത് 2008ലും കൊച്ചിയില്‍ 2010ലുമാണ് തുടങ്ങിയത്. തിരുവനന്തപുരത്തെ സ്ഥാപനത്തിന് ഇന്‍ഫോസിസിന്‍െറ പിന്തുണയുമുണ്ട്.

തിരുവനന്തപുരം കാമ്പസ്
തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാനുള്ള 40 ദിവസത്തെ പരിശീലനമാണ് (Employability Enhancement Programme) ഇവിടത്തെ പ്രധാന കോഴ്സ്. തൊഴില്‍ പരിശീലനത്തിനൊപ്പം ഇംഗ്ളീഷ് ഭാഷാ പരിശീലനം, ആശയവിനിമയം, ടീം ബില്‍ഡിങ് എന്നിവയുടെ പ്രാഥമിക പാഠങ്ങളും സിലബസിലുണ്ട്. ബി.ടെക് (എല്ലാ ബ്രാഞ്ചുകളും)/എം.സി.എ/എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ ഇലക്ട്രോണിക്സ്)/ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ഐ.ടി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.
അവസാന വര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കാന്‍ യോഗ്യരാണ്. 10,000 രൂപയാണ് ഫീസ്. അപേക്ഷകര്‍ തൊഴില്‍രഹിതരാകണം.

ഹ്രസ്വകാല കോഴ്സ്
1. Personality Enhancement and Career Guidance Programme: ആശയവിനിമയത്തില്‍ പോരായ്മയുള്ള ബിരുദധാരികള്‍ക്ക് ഈ കോഴ്സില്‍ പങ്കെടുക്കാം. 6000 രൂപയാണ് ഫീസ്. 120 മണിക്കൂറാണ് കോഴ്സിന്‍െറ ദൈര്‍ഘ്യം.
മാനേജ്മെന്‍റ്, ഐ.ടി തുടങ്ങി വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കായി നിരവധി ഹ്രസ്വകാല കോഴ്സുകളും മറ്റും പല സമയങ്ങളിലായി ഇവിടെ നടക്കാറുണ്ട്. വെക്കേഷന്‍ കാലത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഐ.ടി കോഴ്സുകളും ഇവിടെ നടത്താറുണ്ട്.
തിരുവനന്തപുരം കാമ്പസിന്‍െറ വിലാസം: Model Finishing School, Science & Technology Museum Campus, PMG Junction, Vikas Bhavan Post,Thiruvananthapuram. ഫോണ്‍ :0471-2307733, www.modelfinishingschool.org.

കൊച്ചി കാമ്പസ്  
എംപ്ളോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം തന്നെയാണ് കൊച്ചി കാമ്പസിലെയും പ്രധാന കോഴ്സ്.

ഹ്രസ്വകാല കോഴ്സ്
1. Advanced Course in Java : ജാവാ വിദഗ്ധര്‍ക്ക് ഐ.ടി രംഗത്തുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് തുടങ്ങിയ കോഴ്സാണ് ഇത്. ബി.ടെക്, എം.സി.എ, എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ ഐ.ടി), ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ ഐ.ടി) ബിരുദധാരികള്‍ക്കൊപ്പം  കമ്പ്യൂട്ടറിലും ഇന്‍റര്‍നെറ്റ് സാങ്കേതികതയിലും അടിസ്ഥാന അറിവുള്ള ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
2. Web Based Application Development Using Ruby On Rails -ഏറെ തൊഴില്‍ സാധ്യതകളുള്ള പുത്തന്‍ ഐ.ടി സാങ്കേതികതയാണ് Web Based Application Development Using Ruby On Rails. ബി.ടെക്, എം.സി.എ, എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ ഐ.ടി), ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ ഐ.ടി) ബിരുദധാരികള്‍ക്കൊപ്പം  കമ്പ്യൂട്ടറിലും ഇന്‍റര്‍നെറ്റ് സാങ്കേതികതയിലും അടിസ്ഥാന അറിവുള്ള ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
സ്ഥാപനത്തിന്‍െറ വിലാസം: Model Finishing School, Jawaharlal Nehru Stadium, Kaloor, Kochi. ഫോണ്‍: 0484 2341410 . www.modelfinishingschool.org

സംസ്ഥാനത്തെ ചില പ്രധാന ഫിനിഷിങ് സ്കൂളുകള്‍
TKM Finishing School, 42/2205 A1, KK Padmanabhan Road, Off Banerjee Road and Powerhouse Road, Ernakulam, Kochi  19. Ph: +91 484 4052840/6491191. Email: info@tkmfinishingschool.org
 Keltron Finishing School -www.keltronrec.com/finishingschool.php, kbfs.org
 REACH (Resource Enhancement Academy for Career Heights) -സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. 2009ലാണ് ഈ സ്ഥാപനം തുടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org/content/professionalgroomingacademyreach

യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ പരീക്ഷകള്‍

Posted: 11 Apr 2013 11:51 PM PDT

Image: 

കമ്പൈന്‍ഡ് മെഡിക്കല്‍
സര്‍വീസ് പരീക്ഷ
കേന്ദ്ര സര്‍വീസില്‍ ഡോക്ടര്‍മാരുടെ വിവിധ ഒഴിവുകള്‍ നികത്തുന്നതിന് യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ റെയില്‍വേയില്‍ അസിസ്റ്റന്‍റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍, ഇന്ത്യന്‍ ഓര്‍ഡന്‍സ് ഫാക്ടറി ഹെല്‍ത്ത് സര്‍വീസില്‍ അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫിസര്‍, കേന്ദ്ര സര്‍ക്കാറിനു കീഴിലെ ജൂനിയര്‍ സ്കെയില്‍ പോസ്റ്റുകള്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ദല്‍ഹിയുടെയും ദല്‍ഹി  മുനിസിപ്പല്‍ കൗണ്‍സിലിന്‍െറയും കീഴിലെ മെഡിക്കല്‍ ഓഫിസര്‍ തസ്തികകള്‍ എന്നിവയിലേക്ക് കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്.
കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷ 2013 ജൂണ്‍ 30ന് ബംഗളൂരു, കൊച്ചി,തിരുവനന്തപുരം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടും. ഫൈനല്‍ എം.ബി.ബി.എസ് പരീക്ഷക്കിരിക്കുന്നവര്‍ക്കും പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. ഇന്‍േറണ്‍ഷിപ് കഴിയാത്തവരുടെ നിയമനം ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാകുന്നത് വരെ നീട്ടിവെക്കപ്പെടും.
അപേക്ഷകരുടെ പ്രായം 2013 ജനുവരി ഒന്നിന് 32 വയസ്സ് കവിയരുത്. സംവരണ സമുദായാംഗങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ വയസ്സിളവ് ലഭിക്കും.

ഇന്ത്യന്‍ എന്‍ജിനീയറിങ്
സര്‍വീസ് പരീക്ഷ
കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷയോടൊപ്പം ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷക്കും യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങില്‍ ഉന്നത എന്‍ജിനീയറിങ് പോസ്റ്റുകളില്‍ നിയമിതരാകുന്നത് ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് പേഴ്സനലുകളാണ്. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലായാണ് പരീക്ഷയും നിയമനവും നടക്കുക. 2013 ജൂണ്‍ 28 മുതല്‍ പരീക്ഷ നടക്കും. ഏതെങ്കിലും എന്‍ജിനീയറിങ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2013 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്.

അപേക്ഷാ സമര്‍പ്പണം
രണ്ടു പരീക്ഷകള്‍ക്കും ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍  യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍െറ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും പട്ടിക ജാതി-വിഭാഗങ്ങള്‍ക്കും ഫീസ് വേണ്ട.
കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷക്കും ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2013 മേയ് ആറ് ആണ്. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷക്കും ബംഗളൂരു, കൊച്ചി, തിരുവനന്തപുരം  എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. ദല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ദിസ്പൂര്‍,  നാഗ്പൂര്‍ ഒഴികെയുള്ള കേന്ദ്രങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് അനുവദിച്ചു നല്‍കുന്നത്. അതുകൊണ്ട് തന്നെ ആഗ്രഹിക്കുന്ന കേന്ദ്രങ്ങള്‍ ലഭിക്കാന്‍ അപേക്ഷകള്‍ നേരത്തേ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ളോയ്മെന്‍റ് ന്യൂസില്‍ ലഭ്യമായ വിജ്ഞാപനമോ യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ വെബ്സൈറ്റായ www.upsc.gov.in/ www.upsconline.nic.in കാണുക.
 

ജോണ്‍ കെറി ദക്ഷിണ കൊറിയയില്‍

Posted: 11 Apr 2013 11:46 PM PDT

Image: 

സോള്‍: കൊറിയന്‍ ഉപദ്വീപ് യുദ്ധഭീതിയിലാണ്ടിരിക്കെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ദക്ഷിണ കൊറിയയിലെത്തി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന യൂറോപ്പ്,ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം.

ഉത്തരകൊറിയയുടെ ആണവ ഭീഷണികളെ ചെറുക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് കെറിയുടെ പ്രധാന ലക്ഷ്യം.

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ ചൈനയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണകൊറിയക്കു ശേഷം ചൈനയും ജപ്പാനും കെറി സന്ദര്‍ശിക്കുന്നുണ്ട്.
 

തിരുവാതിര വഴിയേ വിഷുവും

Posted: 11 Apr 2013 11:32 PM PDT

Image: 

കാണക്കാണെ പഴയ ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതാവുകയും പുതിയവ കയറിവരികയും ചെയ്യുന്ന  കെട്ടകാലത്ത് വിഷുഅടക്കമുള്ള ഉത്സവങ്ങളെ രക്ഷിക്കാന്‍ എന്തുചെയ്യണം? ഇതാ ഒരു സാംസ്ക്കാരിക വിഷുഫലം.

പൊട്ടെന്നുപറഞ്ഞാല്‍ അതൊക്കെ ഒന്നൊന്നരപ്പൊട്ടായിരുന്നു. വിഷുവിന് രണ്ടാഴ്ച മുമ്പ് സ്കൂളടക്കുമ്പോള്‍ തുടങ്ങുന്ന പടക്കം പൊട്ട്, പൊട്ടിപ്പൊട്ടി വിഷുത്തലേന്നെത്തിയാല്‍ ശബ്ദ പ്രളയമായി മാറും. ഇന്ന് വെടിക്കെട്ടുകള്‍ക്ക് കാണുന്ന കാതടപ്പിക്കുന്നതും തലചുറ്റിക്കുന്നതുമായ ഒച്ചകളല്ല; കിഴക്കന്‍കാറ്റില്‍പടരുന്ന ഗന്ധകഗന്ധത്തോടൊപ്പം സുഖകരമായ  പടക്ക സിംഫണി. എല്ലാവീടുകളില്‍നിന്നും കോമ്പലപ്പടക്കങ്ങളും ഗണ്ണുകളും പനയോലപ്പടക്കങ്ങളും ഒരേസമയം പൊട്ടിയുയരുന്ന  വിചിത്ര  കാഴ്ച. വിഷുപ്പുലര്‍ച്ചക്കും വിഷുത്തലേന്നും ഒരു നാടൊട്ടുക്ക് ‘പൊട്ടിത്തെറിക്കുന്ന’ അപൂര്‍വതയായിരുന്നു 20 വര്‍ഷംമുമ്പ് കോഴിക്കോട് നഗരത്തില്‍ ഞങ്ങള്‍ അനുഭവിച്ചത്. തൃശൂര്‍ പൂരത്തിന്റെഇലഞ്ഞിത്തറമേളത്തിലെന്നപോലെ ശബ്ദം അന്തരീക്ഷത്തില്‍ തളം കെട്ടിക്കിടക്കുന്ന, പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാത്ത ശ്രാവ്യാനുഭവം.

ഇന്ന് വിഷുവിന് രണ്ടാഴ്ചപോയിട്ട് രണ്ടും ദിവസം മുമ്പുവരെ പടക്കങ്ങള്‍ പൊട്ടാറില്ല. വിഷുത്തലേന്നും കണിവെക്കുമ്പോഴും വഴിപാടുപോലെ കുറച്ച് പൊട്ടുകേള്‍ക്കാം. അത്രമാത്രം. പുതിയകാലത്തില്‍ വിഷുപ്പടക്കങ്ങളും  ശബ്ദമലിനീകരണത്തിന്റെപരിധിയില്‍ മലയാളിപെടുത്തിയോ എന്നറിയില്ല. ശ്രാവ്യാനുഭവത്തില്‍നിന്ന് വിട്ട് ദൃശ്യാനുഭവമാവുകയാണ് വിഷു. ഇപ്പോള്‍ ഉച്ചത്തില്‍പൊട്ടുന്നവക്കല്ല, വളഞ്ഞും പിരിഞ്ഞും ചിതറിയും കത്തുന്നവക്കാണ് പടക്കങ്ങളില്‍ ഡിമാന്‍്റ്. കുടവയുടെ ചിത്രമുള്ള നാഷനല്‍ കമ്പനിയുടെ കോമ്പലപ്പടക്കങ്ങള്‍ നിറഞ്ഞുനിന്നിരുന്ന പടക്കവിപണിയില്‍ ഇന്ന് വിവിധ വര്‍ണങ്ങള്‍ നിറയുന്ന ചൈനീസ് പടക്കങ്ങള്‍ നിറയുന്നു. ഇത്തവണത്തെ വിപണിയില്‍ ചീനാക്കാര്‍ മറ്റെരു അത്ഭുതമാണ് തയാറാക്കിവെച്ചത്. ചൈനീസ് കണിക്കൊന്നയാണത്! പ്ളാസ്റ്റിക്കില്‍ തീര്‍ത്ത ഒരിക്കലും വാടാത്ത ഈ കൊന്നപ്പൂ കിട്ടിയാല്‍ കണിക്കൊന്നക്കായി മാര്‍ക്കറ്റിലേക്ക് ഓടേണ്ട കാര്യവുമില്ല.

ബിഹുമുതല്‍ ഉഗാദിവരെ
കേരളത്തിന്റെപ്രധാന വിളവെടുപ്പുല്‍വങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.   പകലും രാത്രിയും എതാണ്ട് തുല്യമായി വരുന്ന വിഷുവത്തില്‍ നിന്നായിരിക്കണം വിഷു എന്നപേര് വന്നത്.
കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങളുണ്ട്.   ഉദാഹരണത്തിന്, അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ് ആണ് അവര്‍ക്ക് ബിഹു. അന്നേ ദിവസം കാര്‍ഷികോത്സവത്തിനു പുറമെ നവവത്സരവും വസന്തോത്സവവും എല്ലാമായി അവര്‍ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോ പൂജ, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെഭാഗമാണ്. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും വളര്‍ത്തുമൃഗങ്ങളെ കണികാണിക്കലും കൈനീട്ടം നല്‍കലും എല്ലാം വിഷുവിലും ഉണ്ട്.
ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബില്‍ ഇതേ സമയം വൈശാഖിയും തമിഴ്നാട്ടില്‍ പുത്താണ്ടും ആഘോഷിക്കുന്നു. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത് ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. ‘യുഗ-ആദി’ ആണ് ഉഗാദി ആയത്; അര്‍ഥം ആണ്ടുപിറപ്പ് എന്നു തന്നെ.

ഐതീഹ്യത്തിലും വിവിധ സംസ്ഥാനക്കാര്‍ തമ്മില്‍ ചെറിയ വ്യത്യാസമുണ്ടെിലും പൊതുവെ ശ്രീകൃഷ്ണനുമായും ശ്രീരാമനുമായും ബന്ധപ്പെട്ടാണ് വിഷു ആഘോഷങ്ങള്‍ നിലനില്‍ക്കുന്നത്. ലോകത്തിന് ഭീഷണിയായ നരകാസുരനെ സത്യഭാമാ സമേതനായ ശ്രുകൃഷ്ണന്‍ വധിച്ചതിന്റെആഘോഷമായാണ് വിഷുകൊണ്ടാടുന്നതത്രേ. മറ്റൊരു ഐതീഹ്യം രാമായണവുമായി ബന്ധപ്പെട്ടതാണ്. രാവണന്റെകൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് ഇഷ്ടപെടാഞ്ഞ രാവണന്‍ സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചില്ല. ശ്രീരാമന്‍ രാവണനെ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം . രണ്ടായാലും തിന്‍മക്കുമേല്‍ നല്‍മയുടെ വിജയമാണ് ആത്യന്തികമായി വിഷു.

കാണക്കാണെ കണ്‍മറയുന്നു
കാണക്കാണെ നേര്‍ത്ത് നേര്‍ത്ത് വരികയാണ് വിഷു.  വിഷുക്കണിയും വിഷുക്കോടിയുമെല്ലാം  ഇന്ന് ചുരുങ്ങിവരികയാണ്. കുട്ടികളുടെ ഇതിനോടുള്ള താല്‍പ്പര്യവും  ഇടിയുകയാണ്.  വി.കെ.എന്‍ എഴുതിയപോലെ, കൃഷിയില്ലാത്ത നാട്ടില്‍  കാര്‍ഷികോല്‍സവത്തിന് എന്താണ് പ്രസക്തി. വൈകാതെ തിരുവാതിരയുടെ ഗതിയിലേക്കാണിതും പോകുന്നതെന്ന് ചുരുക്കം.
ഈ ലേഖകന്റെയാക്കെ സ്ക്കുള്‍ കാലത്ത് എറ്റവും സമൃദ്ധമായ  മതേതര ഉത്സവമായിരുന്നു തിരുവാതിര. കോഴിക്കോട് നഗരത്തില്‍ അക്ഷരാര്‍ഥത്തില്‍ സഞ്ചരിക്കുന്ന കാര്‍ണിവെല്‍ ആയിരുന്നു തിരുവാതിര പൊറാട്ട്. വിഷുപ്പൊട്ടിനെക്കുറിച്ച് പറഞ്ഞപോലെ വല്ലാത്തൊരു അത്ഭുദതമായിരുന്നു അതും. തിരുവാതിര ദിവസം വൈകീട്ട് മുതല്‍ പുലിക്കളിയും നാടകവും റോക്ക് എന്‍  റോളും ഡിസ്ക്കോയുമൊക്കെയായി ചെറു സംഘങ്ങള്‍ എത്തിത്തുടങ്ങും; ക്രിസ്മസ് കരോള്‍ സംഘങ്ങളെപ്പോലെ. എതാണ്ട് പുലര്‍ച്ചെവരെ കോഴിക്കോട് നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ എത്തിക്കൊണ്ടിരിക്കും. നൂറിന്റെനോട്ട് ചില്ലറായിക്കിവെച്ച് വീട്ടുകാര്‍ അവരെ കാത്തിരിക്കും. സംഘങ്ങളുടെ ബാഹുല്യം കാരണം പലപ്പോഴും വീടുനുമുന്നില്‍ ചെറിയ ക്യൂവും രുപപ്പെടും. മിക്കവാറും കുട്ടികളൊക്കെ എന്തെങ്കിലും പൊറാട്ടുകെട്ടുകയും ചെയ്യും. അക്കാലത്ത്  സഭാകമ്പം മാറ്റാനായി കുട്ടികള്‍ക്ക് വ്യക്തിത്വ വികാസ ക്ളാസുകളൊന്നും ഇല്ലായിരുന്നു. നെടുജീവിതത്തിന്‍െറ തുറന്ന അരങ്ങില്‍ വേഷമിട്ടാണ് അവര്‍ വളര്‍ന്നത്.
കഴിഞ്ഞ തിരുവാതിരനാളില്‍ കോഴിക്കോട്ട് ഒറ്റ പൊറാട്ടുസംഘത്തെപോലും കാണാനായില്ല. മാത്രമല്ല, തിരുവാതിര എന്താണെന്നുപോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പൊതു അവധിയും വിപണിയുടെ ശക്തമായ പിന്‍ബലവുമില്ലെില്‍ ഏതു ജനകീയ ഉത്സവങ്ങളും വംശനാശഭീഷണിയെ നേരിടുമെന്നാണ് നമ്മുടെ അനുഭവം. ശമ്പളവും ബോണസും ഒന്നിച്ചുകിട്ടലും സ്കൂള്‍ അവധിയും സര്‍ക്കാര്‍ ആഘോഷങ്ങളും റിബേറ്റ്മേളകളും ഇല്ലെങ്കില്‍ ഓണത്തിനും ഇതേ ഗതിവരുമായിരുന്നു. മധ്യവേനലവധിക്കാലമായതുകൊണ്ട് മാത്രമായിരിക്കും വിഷുവും  വീഴാതെ പിടിച്ചു നില്‍ക്കുന്നത്.

നോണ്‍വെജിറ്റേറിയന്‍ വിഷു
ഇതില്‍ വലിയവായില്‍ നിലവിളിച്ചിട്ട് കാര്യമൊന്നുമില്ല. ഒരു പരിധിവരെ കാലത്തിന്റെഅനിവാര്യത കൂടിയാണത്. എല്ലാമാസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയുന്ന രീതിയില്‍ ക്രയശേഷി ഉയര്‍ന്ന ഒരു സമൂഹത്തില്‍, ആഘോഷക്കാലത്തെ കോടിമുണ്ടിന് എന്താണ് പ്രസക്തി.  എല്ലാം ദിവസവും നല്ല ഭക്ഷണം കഴിക്കാനുള്ള കഴിവുള്ളവര്‍ ഓണസദ്യക്കും വിഷുസദ്യക്കുമായി കാത്തിരിക്കുമോ. ഇന്‍്റര്‍നെറ്റും വാര്‍ത്താചാനലുകളും കൊടികുത്തിവാഴുന്ന ഇക്കാലത്ത് അതൊന്നുമില്ലാത്ത തലമുറയുടെ കാലത്തെന്നപോലെ ഉത്സവങ്ങള്‍ എന്ന ഏക വിനോദോപാധിക്കായി ജനം കാത്തിരിക്കില്ലല്ലോ. ജന്മിത്തം അവസാനിപ്പിച്ചിട്ടും കാഴ്ചക്കുലകളുമായി തിരുമേനി ഭവനങ്ങളിലേക്ക് പോകുകയെന്ന മാനസിക അടിമത്തം ഒഴിവായിക്കിട്ടയതില്‍ സന്തോഷിക്കയല്ലേ നാം വേണ്ടത്. ( അഞ്ചുരൂപയുടെ കാഴ്ചക്കുലവാങ്ങി കാലണ കൈനീട്ടം കൊടുക്കുന്ന ജന്മിമാരുടെ തന്ത്രത്തെക്കുറിച്ച് തോപ്പില്‍ഭാസിയൊക്കെ ധാരാളം എഴുതിയിട്ടുണ്ട്).
അതായത് ഫ്യൂഡല്‍ ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒഴിവാക്കി  ഉത്സവങ്ങളെ പുന:ക്രമീകരിക്കയായിരുന്നു ആധുനിക ജനാധിപത്യ സമൂഹം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ സംഭവിക്കുന്നതോ. പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ബ്രാഹ്മണിക്കലായ ആചാരങ്ങളുമാണ് ഓണത്തിനുണ്ടായിരുന്നതെങ്കില്‍ വിഷും അതില്‍നിന്നും വ്യത്യസ്തമാണ്. കോഴിയറിച്ചി അടക്കമുള്ള വിഭവങ്ങള്‍കൂട്ടി വിഷു ആഘോഷിച്ചിരുന്നതാണ് മലബാറിന്റെരീതി. ഇന്ന് അതുംമാറി. അഘോഷങ്ങുടെ  എല്ലാ തുറകളിലും പിറകോട്ട് തിരഞ്ഞുനടക്കുന്ന കേരളീയ സമൂഹത്തില്‍ വിഷുവും വെജിറ്റേറിയനായി. ജോത്സ്യ വിധി പ്രകാരം വിഷുഫലം  നോക്കുക യെന്നതിന് പണ്ടെത്തെ എത്രയോ ഇരട്ടി പ്രാധാന്യവും കൈവരുന്നു.

അക്ഷയ തൃതീയ തൊട്ട് പ്രണയദിനംവരെ
എന്നാല്‍  കേരളത്തില്‍ മറ്റൊരു അവസ്ഥയും സാമൂഹിക ശാസ്ത്ര ഗവേഷകരെങ്കിലും പഠിക്കണം.   പഴയ ഉത്സവങ്ങള്‍ നീര്‍ച്ചാലാവുമ്പോള്‍ നമുക്ക് ഒട്ടും ആവശ്യമില്ലാത്ത പുതിയ ഉത്സവങ്ങളും ആഘോഷങ്ങളും കയറിവരുന്നതു നോക്കൂ. പത്തുവര്‍ഷംമുമ്പുവരെ അത്രയൊന്നും കേട്ടിട്ടിലത്ത അക്ഷയ തൃതീയ ഇന്ന് വലിയ ഉത്സവമായി മാറിക്കഴിഞ്ഞു. ബിവറേജസിന് മുന്നിലെന്നപോലെ ക്യൂ നിന്നാണ് അന്ന് കേരളീയര്‍ കോടികളുടെ സ്വര്‍ണംവാങ്ങിയത്! അതുപോലെ തീര്‍ത്തും ഉത്തരേന്ത്യനായ ഗണേശോത്സവും, രക്ഷാബന്ധന്‍ മഹോത്സവും ഇവിടെ വേരുപിടിച്ചു കഴിഞ്ഞു. (ചില സംഘപരിവാര്‍ സംഘടനകള്‍ വളരെ കൃത്യമായ അജണ്ടയോടെയാണ് ഇവ കേരളത്തിലെത്തിച്ചത്.) ഇപ്പോള്‍ പുതിയൊരു ഉത്സവം വന്നത് പ്രണയ ദിനമാണ്. കഴിഞ്ഞ പ്രണയദിനത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ പോലുമുണ്ടായിരുന്നു. ഇത് എന്താണ് തെളിയിക്കുന്നത്. പത്ത് ജ്വല്ലറിക്കാരും ഏതാനും ചില സംഘടനകളും ആസൂത്രിതമായി ശ്രമിച്ചാല്‍ പുതിയ അഘോഷങ്ങളെവരെ കേരളത്തിലേക്ക് ഇറക്കുമതിചെയ്യാവുന്ന സ്ഥിതിവന്നിരിക്കുന്നു!

തക്കാളി- ചെളി- മഞ്ഞുല്‍സവങ്ങള്‍
ഇവിടെയാണ് പാശ്ചാത്യ അധിനിവേശത്തെ വല്ലാതെ വിമര്‍ശിക്കുന്ന നാം അവരെ കണ്ടുപടിക്കേണ്ടത്. തങ്ങളുടെ പരമ്പരാഗത ഉത്സവങ്ങളെ സംരക്ഷിക്കുക മാത്രമല്ല കള്‍ച്ചറല്‍ ടൂറിസത്തിന്റെഭാഗമാക്കി ഗ്രാമീണര്‍ക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കാന്‍ വരെ അവര്‍ക്കാവുന്നു. സ്പെയിനിലെ പ്രസിദ്ധമായ ടൊമാറ്റോ ഫെസിറ്റിവല്‍ നോക്കുക. കാര്‍ഷികോത്സവമായ നമ്മുടെ വിഷുവിനെപ്പോലെ  തക്കാളിവിളവെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ ഉത്സവം ഇന്ന് ലോക ടൂറിസം ഭൂപടത്തിലുണ്ട്. തക്കാളികൊണ്ട് ആളുകള്‍ പരസ്പരം ഏറുകൂടുന്നതാണ് ഈ  ഉത്സവത്തിന്റെഹൈലൈറ്റ്. മഞ്ഞുത്സവം തൊട്ട് ചെളിയുത്സവം വരെയുള്ള വിവിധ പ്രാദേശിക ഉത്സവങ്ങളെ ഇന്ന് വന്‍ ജനാവലിയെ  ആകര്‍ഷിക്കത്തക്ക രീതിയില്‍ വളര്‍ത്താന്‍ ഈ രാജ്യങ്ങള്‍ക്കായി.  
ഓര്‍ക്കുക, കോഴിക്കോട്ടെ തിരുവാതിര കാര്‍ണിവലൊക്കെ ഇത്തരം രാജ്യങ്ങളായിരുന്നെകില്‍ എത്രവലിയ ഉത്സവങ്ങളായി വളരുമായിരുന്നു. സാറ്റ്ലെറ്റ് ചിത്രം നോക്കിയാല്‍ കേരളം മൊത്തം വെളിച്ചത്തില്‍ കുളിച്ചുകിടക്കുന്നതുപോലുള്ള നമ്മുടെ വിഷുവും ഈ രീതിയില്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ലേ.( ഇന്ന് ഐക്യ രാഷ്ട്ര സഭതന്നെ പല വിഷയത്തിലും ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്യുന്നു.) മലയാളം സര്‍വകലാശാലയൊക്കെ തുടങ്ങുകയും നാം നമ്മുടെ പൈതൃകത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ഇക്കാലത്ത് ഈ രീതിയിലുള്ള അന്വേഷണം സാസ്ക്കാരിക വകുപ്പെങ്കിലും തുടങ്ങേണ്ടതുണ്ട്.

 

ദയാഹരജിയില്‍ തീരുമാനം വൈകിയാലും വധശിക്ഷ ഇളവ് ചെയ്യില്ല -സുപ്രീംകോടതി

Posted: 11 Apr 2013 11:12 PM PDT

Image: 

ന്യൂദല്‍ഹി: ദയാഹരജികളില്‍ രാഷ്ട്രപതി തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകിയാലും വധശിക്ഷയില്‍ ഇളവു ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. കാലതാമസം ശിക്ഷ ഇളവുചെയ്യാന്‍ മതിയായ കാരണമല്ലെന്നും കോടതി പറഞ്ഞു. 1993ല്‍ ദല്‍ഹിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് സ്‌ഫോടനക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ദേവേന്ദര്‍ പല്‍ സിങ് ഭൂല്ലാര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

ഭുല്ലാറിന് സുപ്രീംകോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് 2003ല്‍ ഭുല്ലാര്‍ ദയാഹരജി നല്‍കിയെങ്കിലും എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം 2011ലാണ് രാഷ്ട്രപതി ദയാഹരജി തള്ളിയത്. ദയാഹരജിയില്‍ തീരുമാനമെടുക്കാനുണ്ടായ കാലതാമസം നീതിനിഷേധമായി കണക്കാക്കണം, ഇത് ക്രൂരമായ മൗലികാവകാശലംഘനമാണ്, മനുഷ്യത്വ പരിഗണനകളുടെകൂടി അടിസ്ഥാനത്തില്‍ വധശിക്ഷയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഭുല്ലാര്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. ജ്ഞാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നീ വനിത ജഡ്ജിമാര്‍ മാത്രമുള്ള സുപ്രീംകോടതി ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. നിയമ ചരിത്രത്തിലാദ്യമായാണ് വനിതാ ജഡ്ജിമാര്‍ മാത്രം സുപ്രീംകോടതി ബെഞ്ചിലിരിക്കുന്നത്.

ഇന്നത്തെ വിധി രാജീവ് ഗാന്ധി വധക്കേസില്‍ ഉള്‍പ്പെടെ ദയാഹരജി തള്ളപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന ഒട്ടേറെ പ്രതികളുടെ കാര്യത്തിലും നിര്‍ണായകമാവും.

 

നിവേദനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഉമ്മന്‍ചാണ്ടി; കൈത്താങ്ങായി കെ.സി ജോസഫ്

Posted: 11 Apr 2013 10:15 PM PDT

Image: 

ദുബൈ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍നിന്ന് നീണ്ട കവറുമായി ഒരു കൈ ഉയര്‍ന്നു. വീണ്ടും ഒരു കൈ. പിന്നെ, കൈകളുടെ എണ്ണം വര്‍ധിച്ചു. നിമിഷങ്ങള്‍ക്കകം ഉയര്‍ത്തിപ്പിടിച്ച കവറുകളുമായി നൂറുകണക്കിന് പേര്‍ വേദിയിലേക്ക് നീങ്ങി.
തിരക്ക് നിയന്ത്രണാതീതമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വളഞ്ഞു. എല്ലാവര്‍ക്കും തങ്ങളുടെ നിവേദനം നല്‍കണം. ഉമ്മന്‍ചാണ്ടിയുടെ മുന്നിലെ പ്ലാസ്റ്റിക് ട്രേ നിറഞ്ഞപ്പോള്‍ ഒഴിപ്പിച്ച് വീണ്ടും വെച്ചു. പക്ഷേ, നിവേദന പ്രവാഹത്തില്‍ ട്രേ മുങ്ങി. മുഖ്യമന്ത്രിയെ കാണാന്‍ പോലും പറ്റാത്ത അവസ്ഥയായി.


രക്ഷയില്ലെന്നായപ്പോള്‍ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് രംഗത്തുവന്നു. അദ്ദേഹം വേദിയുടെ മുന്നിലേക്ക് വന്ന് ജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. രണ്ടു വഴികളിലൂടെ ഒഴുകിയ നിവേദന പ്രവാഹം വേദിയില്‍ മഹാപ്രവാഹമായപ്പോള്‍ അതില്‍ നിറഞ്ഞത് പാവപ്പെട്ട പ്രവാസികളുടെ കണ്ണീരും പരിഭവങ്ങളുമായിരുന്നു.
ആരുടെയും നിവേദനം നഷ്ടപ്പെടില്ലെന്നും എല്ലാം താന്‍ നാട്ടില്‍ കൊണ്ടുപോയി പരിശോധിച്ച് ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുമെന്നും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ആവശ്യമായവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍, ഓഡിറ്റോറിയത്തില്‍നിന്ന് പുറത്തിറങ്ങുമ്പോഴും തന്നെ വളഞ്ഞ ജനക്കൂട്ടത്തിനിടയില്‍നിന്ന് മുന്നോട്ടു നീങ്ങാന്‍ സാധിക്കാതെ പലപ്പോഴും വിഷമിച്ച ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സംഘാടകര്‍ അല്‍പം ബലപ്രയോഗം നടത്തി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച രാത്രി നടന്ന, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അക്ഷരാര്‍ഥത്തില്‍ ജനകീയ മേളയായി. ഗള്‍ഫിലെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ നാട്ടിലേത് പോലെ നിവേദനങ്ങള്‍ തത്സമയം പരിശോധിച്ച് നടപടി സ്വീകരിച്ചില്ലെങ്കിലും അദ്ദേഹം നാട്ടിലെത്തിയാല്‍ നടപടിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പരാതിക്കാര്‍ മടങ്ങിയത്. നിവേദനങ്ങളിലെ നടപടികള്‍ ഷാര്‍ജ അസോസിയേഷനെ അറിയിക്കുമെന്ന് പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടിയും മടങ്ങി.
അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വൈ.എ. റഹീം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രിക്കും കെ.സി. ജോസഫിനും പുറമെ ഷാര്‍ജ ഔഖാഫ് ഡയറക്ടര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് ആല്‍ കാസിമിയും പ്രസംഗിച്ചു.

പ്രവാസികളുടെ തൊഴില്‍ പ്രശ്നം
ഗൗരവമായി കാണും -മുഖ്യമന്ത്രി

ദുബൈ: സൗദി അറേബ്യയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികള്‍ തൊഴില്‍ സംബന്ധമായി നേരിടുന്ന പ്രശ്നങ്ങള്‍ കേരള സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും എന്നാല്‍, വാര്‍ത്തകളില്‍ വന്നത് പോലെ കടുത്ത ആശങ്കക്ക് വകയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൗദിയിലെ 'നിതാഖാത്' പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടുകയും കേരളത്തില്‍ നിന്നുള്ളവരെ ഇത് ബാധിക്കുന്നതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഉടന്‍ സൗദിയില്‍ പോകും.
അതേസമയം, ഏതു രാജ്യത്തും അവിടത്തെ നിയമങ്ങള്‍ പാലിച്ച് ജോലി ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്. നിയമങ്ങള്‍ പാലിക്കുന്നതില്‍ ലോകത്ത് എവിടെയുമുള്ള മലയാളികള്‍ മുന്നിലാണ്. എങ്കിലും നിയമപ്രകാരമുള്ള രേഖകളില്ലാതെ ജോലി ചെയ്യുന്ന വിഭാഗമുണ്ട്. നിതാഖാത് നടപടിയുടെ ഫലമായി ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് കേരള സര്‍ക്കാര്‍ പുനരധിവാസ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിനുവേണ്ടി അഞ്ച് മന്ത്രിമാരടങ്ങുന്ന ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ആദ്യയോഗം ചേര്‍ന്ന് നടപടികള്‍ ചര്‍ച്ച ചെയ്തു.
ഏതെങ്കിലും രാജ്യം നിയമങ്ങള്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കാന്‍ നമുക്കാവില്ല. എങ്കിലും ഇക്കാര്യത്തില്‍ അവരുടെ അധികാരവും അവകാശവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ചില ഇളവുകള്‍ക്ക് ശ്രമിക്കുകയാണ് ചെയ്യുന്നത്. സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ദീര്‍ഘകാല സൗഹൃദവും സ്നേഹവും ഉപയോഗപ്പെടുത്തുകയാണ് ഇതിനുവേണ്ടത്. പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനാണ് ശ്രമം. അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരിക്കലും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറില്ല. പ്രവാസികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധയുണ്ടാകും-ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

Posted: 11 Apr 2013 10:11 PM PDT

Image: 

ദുബൈ: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ടീകോമിനോട് നിര്‍ദേശിച്ചു. ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങിന് താന്‍ വരുമെന്നും അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. ആവശ്യമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതി വിലയിരുത്താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിന് വരുമെന്നും അദ്ദേഹം  പറഞ്ഞു.
വ്യാഴാഴ്ച ദുബൈയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യോഗ തീരുമാനങ്ങളെ കുറിച്ച് ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിയോടും ടീകോം അധികൃതരോടും ചോദിച്ചു. വിശദാംശങ്ങള്‍ ശ്രദ്ധിച്ചുകേട്ട അദ്ദേഹത്തോട് 18 മാസത്തിനകം ആദ്യ ഘട്ടത്തിലെ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് 18 മാസം നീട്ടുന്നതെന്ന് ചോദിച്ചു. സാധ്യമായത്ര വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു.
ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ശൈഖ് മുഹമ്മദിനെ ഉമ്മന്‍ചാണ്ടി ക്ഷണിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും ആവശ്യമെങ്കില്‍ അതിന് മുമ്പുതന്നെ താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തുമെന്ന് പറയുകയും ചെയ്തു.
സ്മാര്‍ട്ട് സിറ്റിക്ക് പുറമെ കേരളത്തില്‍ ദുബൈയുടെ മറ്റൊരു പദ്ധതിയായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. വല്ലാര്‍പാടം, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ കാര്യത്തില്‍ ദുബൈ സര്‍ക്കാറിന്റെ എല്ലാ സഹകരണവും ശൈഖ് മുഹമ്മദ് ഉറപ്പുനല്‍കി.
മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലിയും അഭയവും നല്‍കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന യു.എ.ഇ സര്‍ക്കാറിന് ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചു. യു.എ.ഇയുടെ വിവിധ മേഖലകളിലെ വികസനത്തില്‍ ഇവിടെയുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സേവനത്തെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. മലയാളികളുടെ കഠിനാധ്വാനം അദ്ദേഹം പ്രത്യേകം പരമാര്‍ശിച്ചു. ഉമ്മന്‍ചാണ്ടി ഇന്ത്യയിലെ ജനകീയ മുഖ്യമന്ത്രിമാരില്‍ ഒരാളാണെന്നും അദ്ദേഹത്തെ കുറിച്ച് താന്‍ കേട്ടിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ കൂടെ ഹോട്ടല്‍ ലോബിയില്‍ വരികയും മാധ്യമ പ്രവര്‍ത്തകരെ കാണുകയും ചെയ്തു. ഫോട്ടോക്ക് പോസ് ചെയ്തും തമാശ പറഞ്ഞും എല്ലാവരുടെയും സ്നേഹം നേടിയാണ് മടങ്ങിയത്.    
ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ഉണ്ടായിരുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, ദുബൈ ഹോള്‍ഡിങ് സി.ഇ.ഒയും ടീകോം ഇന്‍വെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനും ദുബൈ ഹോള്‍ഡിങ് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസറുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, സ്മാര്‍ട്ട് സിറ്റി എം.ഡി. ഡോ. ബാജു ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീനുമുണ്ടായിരുന്നു.

ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് രണ്ടാഴ്ച തടവ്; ഞായറാഴ്ച മോചിതരാകും

Posted: 11 Apr 2013 10:08 PM PDT

Image: 

ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ തീരദേശ സേന അറസ്റ്റ് ചെയ്ത സൗദിയില്‍ നിന്നുള്ള അഞ്ച് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് കോടതി രണ്ടാഴ്ച തടവുശിക്ഷ വിധിച്ചു. എന്നാല്‍, തൊഴിലാളികള്‍ രണ്ടാഴ്ചയായി ജയിലില്‍ കഴിയുന്നതിനാല്‍ ശിക്ഷ പൂര്‍ത്തിയായതായി കണക്കാക്കി ഇവരെ ഞായറാഴ്ച മോചിപ്പിച്ചേക്കും.
സൗദിയിലെ കസീം പ്രദേശത്തെ ഖലീഫ ഇബ്രാഹിം എന്നയാളുടെ 'ധാഫിയ' എന്ന ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികളായ ആന്റണി രമേശ് (കന്യാകുമാരി), ആരോഗ്യ ഗൗതമന്‍ (കന്യാകുമാരി), ഭാസ്കര്‍ ജനിസന്‍ (കന്യാകുമാരി), വസീകരന്‍ സദാനന്ദന്‍ (പുത്തന്‍ തുറൈ), പോള്‍സ്റ്റിന്‍ ചന്ദ്രന്‍ (തൂത്തുക്കുടി) എന്നിവര്‍ മാര്‍ച്ച് അവസാനം ഖത്തര്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയിലായത്. പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കിയ ശേഷം ഇവരെ അല്‍ഖോര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ കേസ് പരിഗണിച്ച കോടതി, ഇവര്‍ ജയിലില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലം തടവുശിക്ഷയായി കണക്കാക്കി നിരുപാധികം മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. സമാന കേസുകളില്‍ കോടതി മുമ്പ് ചെയ്തിരുന്നത് പോലെ പിഴ ഈടാക്കിയില്ലെന്നതും ശ്രദ്ധേയമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മല്‍സ്യത്തൊഴിലാളികളെ ഞായറാഴ്ച മോചിപ്പിക്കുമെന്നാണ് കരുതുന്നത്. രണ്ടു വര്‍ഷത്തോളമായി സൗദിയില്‍ മത്സ്യബന്ധനം നടത്തുന്ന ഇവര്‍ ആദ്യമായാണ് അതിര്‍ത്തി ലംഘനത്തിന് പിടിക്കപ്പെടുന്നത്.
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിവരം നല്‍കിയതിനെത്തതുടര്‍ന്ന് റിയാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരം മല്‍സ്യത്തൊഴിലാളികളുടെ സ്പോണ്‍സര്‍ ദോഹയിലെത്തിയിരുന്നു.
തൊഴിലാളികള്‍ അറസ്റ്റിലായ ഉടന്‍ വിഷയം ഇന്ത്യന്‍ എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെയും തമിഴ്നാട് സര്‍ക്കാറിന്റെയും ഖത്തര്‍ വിദേശകാര്യ വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി എംബസി അധികൃതര്‍ അറിയിച്ചു.

കണിക്കൊന്ന പൂത്തു; വിഷുവിന് നാടൊരുങ്ങി

Posted: 11 Apr 2013 09:53 PM PDT

Image: 

സലാല: മരുഭൂമിയിലെ കേരളമായ സലാലയില്‍ വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്ന പൂത്തുലഞ്ഞു. സലാലക്കടുത്ത് ഐന്‍ അര്‍സാത്തിലാണ് വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂത്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സമയത്ത് മൊട്ടിടുകയോ പൂക്കുകയോ ചെയ്യാറുള്ളതാണ് ഐന്‍ അര്‍സാത്ത് ഗാര്‍ഡനിലെ ഈ വലിയ കൊന്ന. ഈ വര്‍ഷം നിറയെ പൂത്തുലഞ്ഞുനില്‍ക്കുന്ന കാഴ്ച നയന മനോഹരമാണ്. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗാര്‍ഡന്‍. സലാലയില്‍ മറ്റൊരു കൊന്നയുള്ളത് അഞ്ചാം നമ്പറിലെ ബലദിയക്കടുത്തുള്ള ഖബര്‍സ്ഥാന്‍ വളപ്പിലാണ്. സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് മാറുന്ന ദിവസമാണ് വിഷുവെന്നും ഈ കാലത്താണ് കൊന്നകള്‍ പൂര്‍ണമായി പൂക്കാറുള്ളതെന്നും വിശ്വകര്‍മ സഭ പ്രസിഡന്റും താത്വികനുമായ മുരളി പറഞ്ഞു. കാര്‍ഷിക സമൃദ്ധിയുടെ നാടായ സലാലയിലും ഈ കാലങ്ങളില്‍ കൊന്ന പൂക്കാറുണ്ടെന്ന് കഴിഞ്ഞ 32 വര്‍ഷമായി സലാലയില്‍ വിഷു ആഘോഷിക്കുന്ന ഇദ്ദേഹം പറഞ്ഞു. മേടമാസത്തിലെ വിഷു മലയാളിക്ക് വിഷുക്കണിയുടെയും വിഷുക്കൈനീട്ടത്തിന്റെയും കാലം കൂടിയാണ്.  വിഷുക്കണി പൂര്‍ണമാകാന്‍ കണിക്കൊന്ന അനിവാര്യമാണ്. കണിയൊരുക്കാന്‍ ഉപയോഗിക്കുന്നതിനാലാണ് ഈ പേര് കിട്ടിയത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കണിയൊരുക്കാന്‍ കൊന്നപ്പൂവ് നാട്ടില്‍ നിന്നെത്തണം. എന്നാല്‍ സലാലക്കാര്‍ക്ക് ഇവിടെ നിന്നുതന്നെ ആവശ്യത്തിന് കൊന്നപ്പൂവ് ലഭിക്കും. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. തായ്ലന്റിന്റെ ഔദ്യോഗിക വൃക്ഷവും. കാസിയ ഫിസ്റ്റുല എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കണിക്കൊന്ന ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായും കാണുന്നത്. തണല്‍ മരമായും അലങ്കാരത്തിനും വേണ്ടി വെച്ചുപിടിപ്പിക്കുന്ന കണിക്കൊന്ന 12 മുതല്‍ 15 മീറ്റര്‍ ഉയരത്തില്‍ വരെ വളരും. ഫെബ്രുവരി മുതല്‍ നാല് മാസത്തോളം പൂത്തുനില്‍ക്കുന്ന കണിക്കൊന്ന നയനാനന്ദകരമാണ്. ത്രിദോഷങ്ങള്‍ (വാതം, പിത്തം, കഫം) അകറ്റാനും രക്തശുദ്ധിക്കും മലബന്ധത്തിനും കണിക്കൊന്നപ്പൂവ് വൈദ്യന്മാര്‍ ഉപയോഗിക്കുന്നുണ്ട്. കൊന്നയുടെ തോല്‍ കൊണ്ടുള്ള കഷായം ചര്‍മരോഗ ചികിത്സക്കും ഉപയോഗിക്കുന്നു. സുമരി എന്നറിയപ്പെടുന്ന മരപ്പട്ടയില്‍ ടാനിന്‍ അടങ്ങിയതിനാല്‍ തോല്‍ ഊറക്കിടാനും ഉപയോഗിക്കാറുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP