ദല്‍ഹി കൂട്ടബലാല്‍സംഗം: കൂടുതല്‍ ശക്തമായ നിയമം അനിവാര്യമെന്ന് പ്രധാനമന്ത്രി Posted: 07 Apr 2013 12:20 AM PDT ന്യൂദല്‍ഹി: ദല്‍ഹി പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെപശ്ചാതലത്തില്‍ സ്ത്രീ സുരക്ഷക്കായി കൂടുതല്‍ ശക്തമായ നിയമം അനിവാര്യമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ന്യൂദല്‍ഹിയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തെ ജുഡീഷ്യറി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇത്തരം കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കണം. ആവശ്യമെങ്കില്‍ ഇത്തരം കേസുകള്‍ക്ക് മാത്രമായി അതിവേഗ കോടതികള്‍ സ്ഥാപിക്കണം മന്‍മോഹന്‍ നിര്‍ദേശിച്ചു. കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിമാര്‍, സംസ്ഥാന നിയമകാര്യ സെക്രട്ടറിമാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, ഹൈകോടതി ചീഫ് ജസ്റ്റിസുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇത്തരമൊരു യോഗം അവസാനം ചേര്‍ന്നത് 2009 ആഗസ്റ്റിലായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി കെ.എം.മാണി, ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. |
വരുന്നു വൈറ്റ് ലേബല്‍ എ.ടി.എം Posted: 06 Apr 2013 11:56 PM PDT രാജ്യത്തെ ബാങ്കിങ് മേഖലക്ക് കുതിപ്പേകാന്‍ ഇനി വൈറ്റ് ലേബല്‍ എ.ടി.എമ്മുകളും. ഗ്രാമീണ മേഖലയില്‍ ബാങ്കിങ് സൗകര്യം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് കഴിഞ്ഞ ആഗസ്റ്റില്‍ റിസര്‍വ് ബാങ്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് അപേക്ഷിച്ചവരില്‍ 12 കമ്പനികള്‍ക്ക് വൈറ്റ് ലേബല്‍ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ (എ.ടി.എം) സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബാങ്കിതര സ്ഥാപനങ്ങള്‍ക്കാണ് ഇത്തരത്തില്‍ എ. ടി.എമ്മുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത്. ഇടപാടുകാരില്‍നിന്ന് നിരക്ക് ഈടാക്കാവുന്ന സ്വകാര്യ എ.ടി.എമ്മുകളാണിവ. ഇതേവരെ ബാങ്കുകള്‍ക്ക് മാത്രമാണ് എ.ടി.എം തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നത്. റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് 19 സ്ഥാപനങ്ങളാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 17 എണ്ണവും മാനദണ്ഡങ്ങള്‍ പാലിക്കുന്നവരാണെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 12 എണ്ണത്തിനാണ് അനുമതി നല്‍കിയത്. ഇതില്‍ ടാറ്റാ (കമ്യൂണിക്കേഷന്‍സ് ബാങ്കിങ് ഇന്‍ഫ്രാ സൊലൂഷന്‍സ്) ഉള്‍പ്പെടെ രണ്ട് കമ്പനികളെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന് റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ വിജയ് ഛഗ് പറഞ്ഞു. ഈ 17 സ്ഥാപനങ്ങളും അവകാശപ്പെടുന്ന രീതിയില്‍ എ.ടി.എമ്മുകള്‍ സ്ഥാപിച്ചാല്‍ മൂന്നുവര്‍ഷം കൊണ്ട് 1.5 ലക്ഷത്തോളം പുതിയ എ.ടി.എമ്മുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതെങ്കിലും പ്രത്യേക ബാങ്കിന്‍െറ പേരിലല്ലാതെ തുടങ്ങുന്നവയാണ് വൈറ്റ് ലേബല്‍ എ.ടി.എമ്മുകള്‍. മൂന്നു കക്ഷികളാവും ഇതിന്‍െറ നടത്തിപ്പിലുണ്ടാവുക. ഒന്ന്- അപേക്ഷകരായ ബാങ്കിതര കോര്‍പറേറ്റ് സ്ഥാപനം, രണ്ട്- എ.ടി.എം നെറ്റ് വര്‍ക്ക് ഓപറേറ്റര്‍ (മാസ്റ്റര്‍ കാര്‍ഡ്, വിസ, റുപേ തുടങ്ങിയവര്‍). മൂന്ന് സ്പോണ്‍സര്‍ ബാങ്ക്. ഇതില്‍ ബാങ്കിതര സ്ഥാപനമാണ് അടിസ്ഥാന സൗകര്യം ഒരുക്കുകയും ചുമതല വഹിക്കുകയും ചെയ്യുക. എ.ടി.എം നെറ്റ്വര്‍ക്ക് ഓപറേറ്റേഴ്സിന്‍െറ സഹായത്തോടെ സ്പോണ്‍സര്‍ ബാങ്കാവും ധനകാര്യ ഇടപാടുകള്‍ ക്രമീകരിക്കുക. ഇടപാടുകാരുടെ പരാതികള്‍ പരിഗണിക്കേണ്ടതും സ്പോണ്‍സര്‍ ബാങ്കുകളാവും. കാര്‍ഡുകള്‍ നല്‍കുന്നത് ബാങ്കുകള്‍ തുടരും. നിലവില്‍ മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മാസം അഞ്ച് ഇടപാട് വരെ സൗജന്യമാണ്. തുടര്‍ന്നുള്ളവക്ക് 15 രൂപവീതവും ബാലന്‍സ് അന്വേഷണത്തിന് അഞ്ച് രൂപ വീതവും ഈടാക്കുന്നുണ്ട്. സമാനനിരക്കുകളാവും വൈറ്റ് ലൈന്‍ എ.ടി.എമ്മുകളിലും ഈടാക്കുക. ഇതിനുപുറമേ പരസ്യം വഴിയും വാല്യൂ ആഡഡ് സേവനങ്ങള്‍ വഴിയും വരുമാനം തേടാം. ഉപഭോക്താവില്‍നിന്ന് സ്പോണ്‍സര്‍ ബാങ്കുവഴിയാവും നിരക്ക് ഈടാക്കുക. നിലവില്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കാന്‍ മൂന്ന് -നാല് ലക്ഷം രൂപയും നടത്തിപ്പിന് മാസം 40,000-50,000 രൂപയും ബാങ്കുകള്‍ക്ക് മുടക്കുണ്ട്. ഈ ഭാരിച്ച ചെലവ് ഒഴിവാകുമെന്നതിനാല്‍ ബാങ്കുകളും വൈറ്റ് ലേബല്‍ എ.ടി.എമ്മുകളെ പിന്തുണക്കുന്നുണ്ട്. ടയര്‍ 3,4,5 പട്ടണങ്ങളില്‍ മൂന്ന് എ.ടി.എമ്മുകള്‍ സ്ഥാപിക്കുമ്പോള്‍ ടയര്‍ 1,2 നഗരങ്ങളിലും ഒരു എടി.എമ്മിന് അനുമതി നല്‍കുന്ന സ്കീമാണ് മിക്ക അപേക്ഷകരും തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള ഗോള്‍ഡ് ലോണ്‍ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സ് വൈറ്റ് ലേബല്‍ എ.ടി.എമ്മുകള്‍ തുടങ്ങാന്‍ ഓഹരിയുടമകളുടെ അനുമതി വാങ്ങിയിട്ടുണ്ട്. മൂന്നുവര്‍ഷം കൊണ്ട് 3000 ത്തോളം എ.ടി.എമ്മുകള്‍ തുടങ്ങാനാണ് കമ്പനി റിസര്‍വ് ബാങ്കിന് പദ്ധതി സമര്‍പ്പിച്ചിരുന്നത്. നിലവില്‍ എ.ടി.എമ്മുകള്‍ ബാങ്കുകളുടെയാണെങ്കിലും 50 ശതമാനത്തിന്‍െറയും നടത്തിപ്പ് പുറംകരാര്‍ വഴി സ്വകാര്യ ഏജന്‍സികളാണ്. |
കൊറോള ചരിതം Posted: 06 Apr 2013 11:51 PM PDT മലയാളിക്ക് കുരുവിള പോലെ പരിചയമായ പേരാണ് കൊറോളയും. ആള് ശരിക്കും ജപ്പാനാണെങ്കിലും മറ്റ് രാജ്യക്കാര്‍ അങ്ങനെ കരുതുന്നില്ല. സുനാമിയും ചുഴലിക്കാറ്റും പോലെ ഒരു സ്ഥലത്ത് രൂപപ്പെട്ട് മറ്റ് നാടുകളിലേക്കെല്ലാം പടരുന്ന ഒരു പ്രതിഭാസമാണ് വാഹനലോകത്ത് കൊറോള. എല്ലാ രാജ്യത്തും നോമ്പുവീടലിന് മീന്‍വില്‍ക്കുന്നപോലെയാണ് കൊറോളകള്‍ വിറ്റഴിയുന്നത്. ഇപ്പോള്‍ കൊറോള പതിനൊന്നാം തലമുറയില്‍ എത്തി നില്‍ക്കുന്നു എന്നതാണ് വിശേഷം. 2012 മേയില്‍ ജപ്പാനില്‍ ജനിച്ച ഇവന്‍െറ പേര് കൊറോള ആക്സിയോ എന്നാണ്. ഇത് അടുത്തവര്‍ഷം ഇന്ത്യയില്‍ എത്താനാണ് സാധ്യത. കൊറോള കൊളുത്തിയ തീനാളം തലമുറ തലമുറ കെമാറിയാണ് ടൊയോട്ട സൂക്ഷിക്കുന്നത്. ഏതാണ്ട് ഓരോ നാല് വര്‍ഷത്തിലും പുതുതലമുറ കൊറോള നിരത്തിലെത്തും. ഒന്നാമന്‍െറ പേര് സ്പ്രിന്‍റര്‍ എന്നായിരുന്നു. പുതിയ കൊറോള റോഡിലേക്കിറങ്ങിയാല്‍ ടൊയോട്ടയുടെ എന്‍ജിനീയര്‍മാര്‍ തിരിച്ച് മുറിയില്‍ കയറും. ഇറക്കിവിട്ടതിലും ഗംഭീരമായ കൊറോള എങ്ങനെയുണ്ടാക്കാം എന്നതായിരിക്കും ചിന്താവിഷയം. നാല് പേര്‍ക്ക് അഞ്ച് ഇഷ്ടം നിലനില്‍ക്കുന്നയിടമാണ് വാഹനലോകം. അവിടെ എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കില്‍ കുറച്ച് കഷ്ടപ്പെടണം. ഇത്രയും കാലത്തെ പരിചയംവെച്ച് ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന കൊറോള എങ്ങനെയുണ്ടാക്കാം എന്ന് ഏകദേശ ധാരണയായിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടാക്കുന്ന കൊറോളകള്‍ എല്ലാം അന്താരാഷ്ട്ര വിപണി ലക്ഷ്യം വെക്കുന്നതാണ്. ജപ്പാനില്‍നിന്നും വാങ്ങുന്ന അതേ ആത്മവിശ്വാസത്തോടെ ചൈനയില്‍നിന്നും കുന്ദംകുളത്തുനിന്നും കൊറോള വാങ്ങാം. കൊറോളയെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് ബഹുമാനമൊക്കെയാവാം. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ രണ്ടാം പകുതിയില്‍ ജപ്പാനിലെ ആദ്യ പവര്‍ലൂം കണ്ടുപിടിച്ചയാളാണ് സകിചി ടൊയോഡ. 1924ല്‍ മകന്‍ കെചിറോ ടൊയോഡയോടൊപ്പം ഓട്ടോമാറ്റിക് പവര്‍ലൂം സ്ഥാപിച്ചു. ജപ്പാന്‍കാര്‍ ശരിക്ക് തുണിയുടുക്കാന്‍ തുടങ്ങിയത് ഈ അച്ഛനും മകനും കാരണമാണ്. 1937ല്‍ സകിചി സ്ഥാപിച്ച കമ്പനിയാണ് ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. യുദ്ധം തകര്‍ത്ത ജപ്പാനില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ടൊയോട്ട നാല്‍പത് ശതമാനം വിപണിവിഹിതവുമായി ശക്തമായ നിലയിലെത്തി. ബോംബുമായി വന്ന അമേരിക്കയിലേക്ക് ടൊയോട്ട 1957 ല്‍ ക്രൗണും 1965ല്‍ കൊറോളയും കൊടുത്തുവിട്ടു. പിന്നെ വാഹനലോകം അടച്ചുവാണത് കൊറോളയാണ്. കൊറോളയില്ലായിരുന്നുവെങ്കില്‍ ടൊയോട്ടയുണ്ടാകുമായിരുന്നില്ല എന്ന് തോന്നിപ്പോകും. നാട്ടുകാര്‍ക്ക് പ്രയോജനം കിട്ടുന്ന ഒരു കാര്‍ നിര്‍മിക്കണമെന്ന ടൊയോട്ടയുടെ ആഗ്രഹമാണ് 1965 ഒക്ടോബറില്‍ കൊറോളയായി ജന്മമെടുത്തത്. 1100 സി.സി പുഷ്റോഡ് എന്‍ജിനുള്ള ബാക്വീല്‍ ഡ്രൈവ് വണ്ടിയായിരുന്നു അത്. അന്നുമുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കാറായി കൊറോള. 14 ഫാക്ടറികളില്‍നിന്ന് 160 രാജ്യങ്ങളിലേക്കായി നിര്‍മിച്ചത് മൂന്ന് കോടി കൊറോളകളാണ്. നമ്മള്‍ കുപ്പിവെള്ളം ഉപയോഗിക്കും പോലെ കാറുകള്‍ വാങ്ങി വലിച്ചെറിയുന്ന അമേരിക്കയില്‍ വര്‍ഷം ശരാശരി മൂന്നരലക്ഷം കൊറോളകള്‍ വിറ്റിരുന്നു. 2000 നവംബറില്‍ പുറത്തിറങ്ങിയ ഒമ്പതാം തലമുറമുതല്‍ ആസിയാന്‍ രാജ്യങ്ങളില്‍ ആള്‍ട്ടിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതുതന്നെയാണ് നമ്മുടെ നാട്ടിലും കിട്ടുന്നത്. 1997ല്‍ കിര്‍ലോസ്കറുമായി കൂട്ടുചേര്‍ന്നാണ് ടൊയോട്ട ഇന്ത്യയില്‍ വന്നത്. 2002 മുതല്‍ ഒമ്പതാം തലമുറ കൊറോളകള്‍ ഇവിടെയുണ്ട്. അതിനുമുമ്പ് കാശുള്ളവര്‍ എട്ടാം തലമുറയില്‍പെട്ടവരെ ഇറക്കുമതി ചെയ്തിരുന്നതിനാല്‍ കൊറോളകള്‍ നമുക്ക് അന്യമായിരുന്നില്ല. പത്താം തലമുറയില്‍പെട്ടവയാണ് ഇപ്പോള്‍ കാണുന്നത്. 1.8 ലിറ്ററിന്‍െറ പെട്രോള്‍ എന്‍ജിനും 1.4 ലിറ്ററിന്‍െറ ഡീസല്‍ എന്‍ജിനുമാണ് കൊറോളകള്‍ക്കുള്ളത്. കൊറോളയുടെ വലിപ്പവും എതിരാളികളുടെ മഹത്വവും നോക്കിയാല്‍ ഡീസല്‍ എന്‍ജിന് ഈ വലിപ്പം പോരാ എന്നുതോന്നും. പക്ഷേ, ടൊയോട്ടയോട് ഒന്നും അങ്ങോട്ട് ചോദിക്കരുത്്. എന്ത് എപ്പോള്‍ വേണമെന്നത് അവര്‍ക്കറിയാം. നമ്മള്‍ കണ്ട് പഠിച്ചാല്‍ മതി. ഒരേ ബെഞ്ചിലിരിക്കുന്നവര്‍ 2000 സി.സി എന്‍ജിനുമായി മൈലേജ് പരീക്ഷയില്‍ തോറ്റ് തൊപ്പിയിട്ട് നില്‍ക്കുമ്പോള്‍ ലിറ്ററിന് 21.43 കിലോമീറ്റര്‍ മൈലേജെന്ന എ.ആര്‍.എ.ഐ സര്‍ട്ടിഫിക്കറ്റുമായി ആള്‍ട്ടിസ് ഡീസല്‍ ഒന്നാം സ്ഥാനത്തുണ്ടെന്ന് മാത്രം അറിയുക. ടൊയോട്ടയുടെ മെഗാസ്റ്റാര്‍ കാംമ്രിയുടെ ചെറുപതിപ്പാണ് കൊറോള. വലുപ്പം കൂടുതല്‍ തോന്നിപ്പിക്കാന്‍ ഈ മുഖസാദൃശ്യം ഉപകരിക്കുന്നുണ്ട്. എച്ച്.ഐ.ഡി ഹെഡ്ലാംപ്, ഇന്‍ഡിക്കേറ്ററുള്ള വിങ് മിറര്‍ എന്നിവ പെട്ടെന്നു ശ്രദ്ധിക്കപ്പെടും. 1364 സി.സി, നാലു സിലണ്ടര്‍, കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ്. ടൊയോട്ടയുടെ ഏറ്റവും ആധുനിക ശ്രേണിയില്‍പ്പെട്ട എന്‍ജിന് വേരിയബ്ള്‍ നോസില്‍ ടര്‍ബോയും ഇന്‍റര്‍കൂളറുമുണ്ട്. ഫലം 3800 ആര്‍.പി.എമ്മില്‍ 88.4 പി.എസ് ശക്തി. 1800-2800 ആര്‍.പി.എമ്മില്‍ 20.9 കെ.ജി.എം ടോര്‍ക്കും കിട്ടും. മികച്ച സസ്പെന്‍ഷനാണ് ആള്‍ട്ടിസിന്‍െറ പ്രത്യേകത. ഗട്ടറുകള്‍ പൂമെത്തയാക്കാന്‍ കെല്‍പുള്ള രീതിയില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. പിന്‍ സീറ്റില്‍ ഈ സുഖം ശരിക്കറിയാം. തികച്ചും വിഭിന്നരായ രണ്ട് തരം ഉപഭോക്താക്കള്‍ ഒരേപോലെ ഇഷ്ടപ്പെടുന്ന കാറാണ് കൊറോള. ഏത് ദുര്‍ഘടത്തിലും തനിയെ ഡ്രൈവ് ചെയ്യുന്നവരാണ് ആദ്യത്തെ കൂട്ടര്‍. ആംബുലന്‍സ് വിളിക്കാന്‍ പോയാലും ഡ്രൈവറെവെച്ച് വണ്ടിയോടിക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇനിയൊന്നും നോക്കാനില്ല. നിസ്സാന്‍ സണ്ണി, സ്കോഡ ലോറ, സുസുക്കി കിസാഷി, ഷെവര്‍ലെ ക്രൂസ്, ഹുണ്ടായി എലാന്‍ട്ര എന്നിവയൊക്കെ കൊറോളക്കെതിരെ എന്തുചെയ്യുമെന്നാണ് നോക്കേണ്ടത്. |
സൗദി തൊഴില്‍പരിശോധന മൂന്നു മാസത്തേക്ക് നിര്‍ത്തുന്നു Posted: 06 Apr 2013 11:29 PM PDT ജിദ്ദ: സൗദി അറേബ്യയില്‍ നിതാഖാത്, അനധികൃത തൊഴിലാളി പരിശോധനയുടെ പേരില്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ സാന്ത്വനം. നിതാഖാത് മാനദണ്ഡങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പുവരുത്താനും സ്പോണ്‍സര്‍ മാറിയും വിസയില്‍ രേഖപ്പെടുത്തിയ തൊഴില്‍ മാറിയും ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താനും ഭരണകൂടം തുടങ്ങിവെച്ച പരിശോധന മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ അബ്ദുല്ല രാജാവ് ഉത്തരവിട്ടു. തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായി തുടങ്ങിവെച്ച പരിശോധന നിര്‍ത്തിവെക്കാനും വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്, പ്രഫഷന്‍ മാറ്റം അടക്കം നിയമാനുസൃത രീതികള്‍ സ്വീകരിക്കാനുള്ള സാവകാശം അനുവദിക്കുന്നതിന് മൂന്നുമാസത്തെ സമയം നല്‍കാനുമാണ് നിര്‍ദേശം. നിതാഖാതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ പരിശോധനക്ക് തലസ്ഥാനമായ റിയാദില്‍ വ്യാഴാഴ്ച ഗവര്‍ണര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. രാജാവിന്‍െറ ഉത്തരവോടെ സൗദിയുടെ മുഴുവന്‍ പ്രവിശ്യകളിലും നടന്നുവന്ന പരിശോധനകള്‍ക്ക് താല്‍ക്കാലിക വിരാമമാകും. നിതാഖാത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പത്തില്‍ താഴെ ആളുകള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലും സ്വദേശിയെ നിയമിക്കണമെന്ന നിയമം പാലിക്കാന്‍ നിശ്ചയിച്ച അവസാനതീയതി മാര്‍ച്ച് 27ന് ബുധനാഴ്ച അവസാനിച്ചതോടെ ഇത്തരം സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതോടെ മലയാളി പ്രവാസികള്‍ കൂടുതലായി തൊഴില്‍ ചെയ്യുന്ന ഗ്രോസറി (ബഖാല), സ്നാക് ഷോപ്പുകള്‍ (ബൂഫിയ), റസ്റ്റാറന്‍റുകള്‍ എന്നിവ ഈ ഇനത്തില്‍ പെടുന്നതിനാല്‍ ഈ മേഖലയിലുള്ളവര്‍ കടുത്ത ആശങ്കയിലായി. കഴിഞ്ഞ വാരാദ്യം പലയിടങ്ങളിലും പരിശോധന ആരംഭിച്ച വാര്‍ത്ത പരക്കുകയും അതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തിപ്പെടുകയും ചെയ്തതോടെ മലയാളികളടക്കമുള്ള പ്രവാസിമേഖലകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഏതാനും നാളുകള്‍ അടഞ്ഞുകിടന്നു. വിസ അനുവദിച്ച സ്പോണ്‍സറില്‍നിന്ന് മാറി വിവിധ നിര്‍മാണ കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവര്‍ അനധികൃതരായി ഗണിക്കപ്പെടുകയും പ്രമുഖ കമ്പനികള്‍ ഇവരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തതോടെ സൗദി തൊഴില്‍രംഗം പ്രവാസികള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെടുകയാണെന്ന ഭീതിയുയര്‍ന്നു. അതേസമയം, ജിദ്ദ പോര്‍ട്ടിലെ ചരക്കുനീക്കം സ്തംഭനത്തിലേക്കു നീങ്ങുകയും, സ്പോണ്‍സര്‍ മാറി തൊഴിലെടുക്കുന്നവരെ പിടികൂടാനുള്ള നീക്കം ജിദ്ദ വിമാനത്താവള നിര്‍മാണപദ്ധതിയും ഹറം വികസനപ്രവര്‍ത്തനങ്ങളുമൊക്കെ മന്ദഗതിയിലാക്കുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഗവണ്‍മെന്‍റ് ധിറുതി പിടിച്ചു നീങ്ങരുതെന്നും കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും സാവകാശം നല്‍കണമെന്നും വിവിധ ചേംബറുകളുടെ ഭാരവാഹികളും സാമ്പത്തികവിദഗ്ധരും അഭ്യര്‍ഥിച്ചിരുന്നു. അതിനൊടുവിലാണ് സ്വദേശി സ്ഥാപനങ്ങള്‍ക്കും വിദേശി തൊഴിലാളികള്‍ക്കും സമാശ്വാസം പകര്‍ന്നു രാജകാരുണ്യമായി ശനിയാഴ്ച ഉത്തരവിറങ്ങുന്നത്. ഇതോടെ, സൗദി തൊഴില്‍രംഗം മെച്ചപ്പെടുത്താന്‍ അധികൃതര്‍ ഉദ്ദേശിച്ച തരത്തിലുള്ള പരിഷ്കരണത്തിന് ക്രിയാത്മകമായി പ്രതികരിക്കാനും, അനധികൃതമാര്‍ഗങ്ങള്‍ അവസാനിപ്പിച്ച് സ്വന്തം തൊഴില്‍ നിയമാനുസൃതമാക്കിത്തീര്‍ക്കാന്‍ പ്രവാസികള്‍ക്കും അവസരമൊരുങ്ങും. അബ്ദുല്ല രാജാവിന്‍െറ നടപടിയെ സാമ്പത്തിക വ്യാപാരരംഗത്തെ പ്രമുഖരും വിവിധ പ്രവാസിസമൂഹങ്ങളും സ്വാഗതംചെയ്തു. അദ്ദേഹത്തിന്‍െറ പിതൃനിര്‍വിശേഷമായ ഈ സൗമനസ്യത്തിനു രാജ്യത്തെ ദശലക്ഷക്കണക്കിനു തൊഴിലാളികളുടെ കടപ്പാടും നന്ദിയും അവര്‍ അറിയിച്ചു. |
യു.എ.ഇയില്‍ പൊടിപൂരം, മഴത്താളം Posted: 06 Apr 2013 11:28 PM PDT അബൂദബി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. മിക്കയിടങ്ങളിലും സന്ധ്യയെ കുളിര്‍പ്പിച്ച് മഴയും പെയ്തു. രാജ്യത്ത് രാവിലെ മുതല്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ദുബൈയിലും ഷാര്‍ജയിലുമാണ് പൊടിക്കാറ്റ് ശക്തമായത്. അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ വൈകീട്ട് മഴയും പെയ്തു. ഞായറാഴ്ചയും സമാനമായ കാലാവസ്ഥക്കാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് മൂലം മിക്കയിടങ്ങളിലും ദൂരക്കാഴ്ച കുറഞ്ഞത് വാഹനമോടിക്കുന്നവരെ കുഴക്കി. വാഹനനീക്കം മന്ദഗതിയിലായത് പലയിടത്തും ഗതാഗത തടസ്സമുണ്ടാക്കി. ദുബൈയിലടക്കം വാഹനാപകടങ്ങള്‍ ഉണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ നില തുടരാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അലര്‍ജി അടക്കമുള്ള രോഗങ്ങള്‍ വ്യാപകമാകുന്നതിനാല്‍ പൊടിക്കാറ്റ് സമയത്ത് പുറത്തിറങ്ങുന്നവര്‍ മൂക്കും വായും മറയ്ക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു. രാവിലെ മുതല്‍ മൂടിക്കെട്ടി കിടന്ന അബൂദബിയില്‍ വൈകുന്നേരത്തോടെയാണ് മഴ തുടങ്ങിയത്. ആദ്യം ചാറ്റല്‍ മഴയായിരുന്നു. പിന്നീട് മിന്നലോട് കൂടി ശക്തമായി മഴ പെയ്തു. അല്‍ഐന്‍: അല്‍ഐന്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും വെള്ളിയാഴ്ച അര്‍ധരാത്രി തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് ശനിയാഴ്ച രാത്രിയും തുടര്‍ന്നു. രാവിലെ മുതല്‍ ആകാശം മേഘാവൃതമായിരുന്നെങ്കിലും ഒമാനിന്‍െറ അതിര്‍ത്തി പ്രദേശമായ ഖത്തമുശക്ലയിലും പരിസരപ്രദേശങ്ങളിലും മാത്രമാണ് ചാറ്റല്‍ മഴ ലഭിച്ചത്. ശക്തമായ കാറ്റില്‍ നിര്‍മാണ മേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന താത്കാലിക നെയിം ബോര്‍ഡുകള്‍ പലയിടത്തും നിലം പതിച്ചു. പുറം ജോലികള്‍ ചെയ്യുന്നവരും നിര്‍മാണ മേഖലയിലെ തൊഴിലാളികളുമാണ് പൊടിക്കാറ്റ് മൂലം ഏറെ പ്രയാസപ്പെട്ടത്. മുഖവും തലയും മൂടിക്കെട്ടിയാണ് ഇവര്‍ ജോലിക്കിറങ്ങിയത്. അല്‍ഐനിലെ ദീര്‍ഘദൂര റൂട്ടായ അല്‍ ഖുഅ, അല്‍ വജന്‍ ഭാഗങ്ങളിലേക്ക് പോയ ഡ്രൈവര്‍മാര്‍ ഏറെ പ്രയാസപ്പെട്ടു.ഈന്തപ്പന പൂങ്കുല നാമ്പിട്ട് വരുന്ന സമയമായതിനാല്‍ പൊടിക്കാറ്റ് ഈന്തപ്പന കൃഷിക്കാരെയും വലച്ചു. ദുബൈ: ദുബൈയില്‍ ശക്തമായ പൊടിക്കാറ്റാണ് ഉണ്ടായത്. അഞ്ചോളം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് മൂന്ന് അപകടങ്ങള്‍ ഉണ്ടായത്. രാവിലെ ഏഴിന് ഗ്ളോബല്‍ വില്ലേജിന് എതിര്‍വശത്ത് അബൂദബിയിലേക്കുള്ള ഭാഗത്തായിരുന്നു ആദ്യത്തേത്. വെജിറ്റബിള്‍ മാര്‍ക്കറ്റിന് എതിര്‍വശത്ത് ഷാര്‍ജയിലേക്കുള്ള ഭാഗത്ത് 11.45ന് രണ്ടാമത്തെ അപകടമുണ്ടായി. ഒരു മണിക്കൂര്‍ കഴിഞ്ഞ് അബൂദബിയിലേക്കുള്ള ദിശയില്‍ അല്‍ റാശിദിയ പാലത്തിലേക്കുള്ള അല്‍ മുഹൈസിന പാലം കഴിഞ്ഞിട്ട് മൂന്നാമത്തെ അപകടമുണ്ടായി. ശൈഖ് സായിദ് റോഡില്‍ 11.05ന് ദുബൈ മാള്‍ എക്സിറ്റിലേക്കുള്ള ദെഫാ പാലത്തിലും ഉച്ചക്ക് 12.57ന് അബൂദബിയിലേക്കുള്ള ഭാഗത്ത് എമിറേറ്റ്സ് പെട്രോളിനും സൈഹ് ശുഐബിനും മുന്നിലായും അപകടമുണ്ടായി. ശൈഖ് സായിദ് റോഡ്, എമിറേറ്റ്സ് റോഡ് (പഴയ ദുബൈ ബൈപാസ് റോഡ്), ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഹത്ത-ഒമാന്‍ റോഡ് എന്നിവിടങ്ങളിലെല്ലാം പൊടിക്കാറ്റ് ഗതാഗതത്തെ ബാധിച്ചു. ഷാര്‍ജ: ഷാര്‍ജയില്‍ അതിശക്തമായ പൊടിക്കാറ്റ് ആയിരുന്നു. ചിലയിടങ്ങളില്‍ രാവിലെ ചാറ്റല്‍മഴയും വൈകുന്നേരത്തോടെ ശക്തമായ മഴയും പെയ്തു. അല്‍ നഹ്ദ, അല്‍ വഹ്ദ, അല്‍ കാന്‍, ഖാസിമിയ, അല്‍ താവൂന്‍, സജ, വ്യവസായ മേഖല എന്നിവിടങ്ങളിലെല്ലാം ശക്തമായ പൊടിക്കാറ്റ് ആയിരുന്നു. ദൂരക്കാഴ്ച മങ്ങിയതിനാല്‍ ഇത്തിഹാദ് റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി. റാസല്‍ഖൈമ: എമിറേറ്റില്‍ ശനിയാഴ്ച രാത്രി 10 മണിയോടെ കനത്ത മഴ ലഭിച്ചു. മഴക്ക് മുമ്പായി അടിച്ചുവീശിയ കാറ്റിനെ·തുടര്‍ന്ന് രാത്രി 8:30ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന റാക് എയര്‍വെയ്സ് വിമാനത്തിന് 11:30 വരെയും പുറപ്പെടാനായില്ല. റാസല്‍ഖൈമയില്‍ രൂപപ്പെട്ട മൂടിക്കെട്ടിയ അന്തരീക്ഷം പൊടിക്കാറ്റിലേക്ക് വഴിമാറുകയായിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടിനിടയാക്കിയ മഴ അല്‍ നഖീല്‍, കാരിഫോര്‍, അല്‍ മനാമ സിഗ്നല്‍, ഓള്‍ഡ് റാസല്‍ഖൈമ തുടങ്ങിയിടങ്ങളില്‍ ഗതാഗതക്കുരുക്കിനിടയാക്കി. അല്‍ ഹദഫ് റൗണ്ട്എബൗട്ടിന് സമീപം വാഹനം അപകടത്തില്‍പ്പെട്ടതിനെ·തുടര്‍ന്ന് വാഹനങ്ങളിലെ യാത്രക്കാര്‍ ഒരു മണിക്കൂറോളം വഴിയില്‍ കുടുങ്ങി. അപകടത്തില്‍പ്പെട്ട വാഹനം അധികൃതരെത്തി നീക്കം ചെയ്ത ശേഷമാണ് ഇവിടെ ഗതാഗതം പൂര്‍വസ്ഥിതിയിലായത്. |
ഖത്തര്‍ അമീര്‍ -ഒബാമ കൂടിക്കാഴ്ച 23ന് Posted: 06 Apr 2013 11:22 PM PDT ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഈ മാസം 23ന് വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. വരുന്ന ആഴ്ചകളില്‍ വിവിധ അറബ് രാഷ്ട്രത്തലവന്‍മാരുമായി ഒബാമ നടത്തുന്ന കൂടിക്കാഴ്ചകളുടെ ഭാഗമാണിത്. ഖത്തറിന് പുറമെ തുര്‍ക്കി, ജോര്‍ദാന്‍, യു.എ.ഇ എന്നിവയുടെ ഭരണത്തലവന്‍മാരുമായാണ് ഒബാമ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. അമേരിക്കയും ഖത്തറും തമ്മില്‍ പ്രതിരോധ മേഖലയിലെ പങ്കാളിത്തവും വാണിജ്യബന്ധങ്ങളുമാണ് ഒബാമയും അമീറും തമ്മിലുള്ള കൂടിക്കാഴ്ചയിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. ജോര്‍ദാനിലെ രാഷ്ട്രീയ, സാമ്പത്തിക പരിഷ്കരണങ്ങളെക്കുറിച്ച്അബ്ദുല്ല രാജാവുമായി ഈ മാസം 26ന് ഒബാമ ചര്‍ച്ച നടത്തും. സിറിയന്‍ ജനതയുടെ ദുരിതങ്ങളും പൊതുതാല്‍പര്യമുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. തുര്‍ക്കിഷ് പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി മേയ് 16ന് സിറിയ, വ്യാപാര-സാമ്പത്തിക സഹകരണം, ഭീകരവാദത്തെ നേരിടല്‍ എന്നീ വിഷയങ്ങളാണ് ഒബാമ ചര്‍ച്ച ചെയ്യുന്നത്. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ തന്‍െറ ഇടപെടല്‍ മൂലം തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുന:സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് ഒബാമ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തുന്നത്. |
ഒമാനില്‍ വാരാന്ത്യ അവധി വെള്ളി, ശനി ദിവസങ്ങളിലാക്കുന്നു Posted: 06 Apr 2013 11:01 PM PDT മസ്കത്ത്: ഒമാനില്‍ വാരാന്ത്യ അവധിദിനങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലാക്കി ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിറക്കി. നിലവില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് രാജ്യത്ത് വാരാന്ത്യ അവധി. ഉത്തരവ് മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഒമാനിലെ അവധി ദിനങ്ങള്‍ ഏകീകരിക്കുന്നതിനാണ് നടപടി. പുതിയ തീരുമാനത്തോടെ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വാരാന്ത്യ അവധി വെള്ളി, ശനി ദിവസങ്ങളിലാകും. അവധി ദിനങ്ങള്‍ പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച മന്ത്രിസഭാ നിര്‍ദേശം അംഗീകരിച്ച് ഒമാന്‍ ഭരണാധികാരി കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കും അവധി മാറ്റം ബാധകമാണ്. പെരുന്നാളിനും മറ്റും പൊതുഅവധി പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് തുല്യമായ അവധിദിനങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്കാണ് കൂടുതല്‍ അവധി ലഭിക്കുന്നത്. സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ ഒമാനികളെ ആകര്‍ഷിച്ച് സ്വദേശിവത്കരണം ശക്തമാക്കാന്‍ കൂടിയാണിത്. ശനിയും ഞായറും അവധിയുള്ള രാജ്യങ്ങളുമായി പ്രവൃത്തിദിവസങ്ങളില്‍ നാലുദിവസത്തെ വ്യത്യാസമാണ് ഇപ്പോള്‍ ഒമാനില്‍ അനുഭവപ്പെടുന്നത്. ഇത് മൂന്നായി കുറക്കാന്‍ പുതിയ തീരുമാനം വഴിവെക്കുമെന്ന് ബിസിനസ് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ തീരുമാനത്തെ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളും സ്വാഗതം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധി ഒരേദിവസമാകുന്നത് കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഉപകരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ വ്യാപകമായ പ്രചാരണമാണ് പുതിയ തീരുമാനത്തിന് ലഭിക്കുന്നത്. |
കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ 15,370 തീപിടിത്തം; 179 മരണം Posted: 06 Apr 2013 10:50 PM PDT കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ 15,370 തീപിടിത്തങ്ങളുണ്ടായതായി കുവൈത്ത് പബ്ളിക് റിലേഷന്‍ വകുപ്പ് പുറത്ത് വിട്ട കണക്കില്‍ വെളിപ്പെടുത്തി. ഈ തീപിടിത്തങ്ങളില്‍ 3,552 പേരെ അഗ്നിശമന വകുപ്പ് രക്ഷപ്പെടുത്തിയപ്പോള്‍ 179 പേര്‍ മരണത്തിന് കീഴടങ്ങി. 183 അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ 1,166 പേര്‍ക്ക് പരിക്കേറ്റു. മിക്ക തീപിടിത്തങ്ങള്‍ക്കും കാരണം സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതാണെന്ന് പബ്ളിക് റിലേഷന്‍ വകുപ്പ് തലവന്‍ ഖലീല്‍ ഇബ്രാഹീം പറഞ്ഞു. 1,740 തീപിടിത്തങ്ങള്‍ക്ക് കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. 1,366 തീപിടിത്തങ്ങളുണ്ടായത് കുട്ടികളുടെ അശ്രദ്ധ മൂലവും 562 തീപിടിത്തങ്ങള്‍ക്ക് കാരണം സിഗററ്റ് അശ്രദ്ധമായി ഉപേക്ഷിച്ചതുമാണ്. ഗവര്‍ണറേറ്റടിസ്ഥാനത്തില്‍ ജഹ്റ1240, ഫര്‍വാനിയ1216, അഹ്മദി 1123 , ഹവല്ലി1066 കാപിറ്റല്‍ 602, മുബാറക് അല്‍ കബീര്‍ 363 എന്നിങ്ങനെയാണ് തീപിടിത്തങ്ങളുടെ എണ്ണം. |
രക്ത സമ്മര്‍ദ്ദം എന്ന ജീവിതശൈലിരോഗം Posted: 06 Apr 2013 10:27 PM PDT 1948 ഏപ്രില്‍ ഏഴിന് രൂപവത്കരിക്കപ്പെട്ട ലോകാരോഗ്യ സംഘടനയുടെ വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴ് ലോകാരോഗ്യ ദിനമായി കൊണ്ടാടപ്പെടുകയാണ്. ഓരോ വര്‍ഷവും ആരോഗ്യത്തെ സംബന്ധിച്ച ഒരു പ്രത്യേക വിഷയം തെരഞ്ഞെടുത്താണ് കുറച്ചു കാലമായി ലോകത്താകമാനം ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന ഈ വര്‍ഷം പ്രത്യേക വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത് രക്ത സമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ രോഗത്തെയാണ്. ഈ അടുത്ത കാലത്തായി വൈദ്യശാസ്ത്രം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ജീവിത ശൈലീ രോഗങ്ങള്‍. ആധുനിക കാലഘട്ടത്തില്‍ വ്യക്തികളുടെ ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റം മൂലം പ്രത്യക്ഷപ്പെടുന്ന രോഗങ്ങളെയാണ് പൊതുവില്‍ ജീവിതശൈലി രോഗങ്ങളെന്ന് വിളിക്കുന്നത്. ഇതില്‍ പ്രമുഖ സ്ഥാനമാണ് രക്ത സമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷനുള്ളത്. ഹൃദയത്തിന്‍്റെയും ശരീരത്തിലെ മുഴുവന്‍ രക്തക്കുഴലുകളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് രക്തചംക്രമണം നടക്കുന്നതും അതുവഴി എല്ലാ ഭാഗത്തുമുള്ള ശരീരകോശങ്ങളില്‍ രക്തം എത്തുന്നതും. ഹൃദയം ഒരു പമ്പിനെ പോലെ പ്രവര്‍ത്തിക്കുമ്പോഴാണ് രക്തക്കുഴലുകള്‍ വഴി രക്തം മുഴുവന്‍ ശരീര ഭാഗങ്ങളിലേക്കും പ്രവഹിക്കുന്നത്. ഈ സമയത്ത് രക്തക്കുഴലുകളുടെ ഭിത്തിയില്‍ അനുഭവപ്പെടുന്ന മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്. ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്‍്റെ വേഗതയിലുള്ള വ്യതിയാനം, രക്തത്തിന്‍്റെ അളവിലുള്ള വ്യത്യാസം, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍ എന്നിവയെല്ലാം രക്ത സമ്മര്‍ദ്ദം ഉയരാന്‍ കാരണമാവുന്നു. അതേസമയം മേല്‍പറഞ്ഞ കാര്യങ്ങള്‍ക്ക് വിപരീതമായ അവസ്ഥ ശരീരത്തിലുണ്ടാകുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയുന്നു. രക്തസമ്മര്‍ദ്ദം ഒരു പരിധിയില്‍ കൂടുന്നതും കുറയുന്നതും രോഗാവസ്ഥയോ രോഗ ലക്ഷണങ്ങളോ ആണ്. ചുരുങ്ങുമ്പോള്‍ ഹൃദയത്തിനുള്ളിലെ രക്തം രക്തക്കുഴലുകളിലൂടെ പുത്തേക്ക് പമ്പുചെയ്യപ്പെടുന്നു. ഇങ്ങിനെ ശരീരത്തിലാകമാനം ചംക്രമണം ചെയ്യപ്പട്ട രക്തം വീണ്ടും ഹൃദയത്തിലത്തെുകയും ഈ രക്തത്തെ സ്വീകരിക്കാനായി ഹൃദയം വികസിക്കുകയും ചെയ്യുന്നു. ഹൃദയം ചുരുങ്ങി രക്തത്തെ പമ്പു ചെയ്യന്ന അവസ്ഥയെ ഹൃദയസങ്കോചം അഥവാ സിസ്റ്റോള്‍ എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. ഈ സമയത്ത് രക്തസമ്മര്‍ദ്ദത്തിന്‍്റെ തോത് ഉയര്‍ന്നിരിക്കും. ഇതിനെ സിസ്റ്റോളിക് ബ്ളഡ് പ്രഷര്‍ എന്ന് പറയുന്നു. പിന്നീട് ഹൃദയം വികസിക്കുന്ന അവസ്ഥയെ ഡയസ്റ്റോള്‍ എന്ന്പറയുന്നു. ഈ സമയത്ത് രക്തസമ്മര്‍ദ്ദം കുറവായിരിക്കും. ഇതിനെ ഡയസ്റ്റോളിക് ബ്ളഡ്പ്രഷര്‍ എന്നും പറയുന്നു. രക്തസമ്മര്‍ദ്ദത്തെ കുറിച്ച് ലോകത്ത് ആധികാരിക പഠനങ്ങള്‍ നടത്തിയ യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍ രക്ത സമ്മര്‍ദ്ദത്തെ കുറിച്ച് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത് പ്രകാരം ഒരുവ്യക്തിക്ക് സാധാരണ ഉണ്ടായിരിക്കേണ്ട രക്തസമ്മര്‍ദം 120/80 ല്‍ താഴെ ആയിരിക്കണം. രക്തസമ്മര്‍ദം 120-139/80-89 ആണെങ്കില്‍ അതിനെ പ്രീഹൈപ്പര്‍ടെന്‍ഷന്‍ എന്ന് വിളിക്കുന്നു. 140/90 ആണ് ശരീരം രക്താതിസമ്മര്‍ദത്തിലേക്ക് കടക്കുന്നതിന്‍്റെ ലക്ഷ്മണരേഖ. ഭക്ഷണ നിയന്ത്രണം, വ്യായാമം, മാനസിക സമ്മര്‍ദ്ദം കുറക്കല്‍ തുടങ്ങി ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ അവസ്ഥയെ മറികടക്കാം. ഇതിന് മുകളിലുള്ള അളവുകളായ 140-159/90-99 രേഖപ്പെടുത്തിയാല്‍ അതിനെ ‘സ്റ്റേജ്-ഒന്ന്-ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ ജീവിത-ഭക്ഷണ ക്രമീകരണത്തോടൊപ്പം ചികിത്സയും മരുന്നും ആവശ്യമായി വരുന്നു. രക്തസമ്മര്‍ദ്ദം 160/100-ല്‍ കൂടിയാല്‍ അത് ജീവനത്തെന്നെ അപകടത്തിലാക്കും. ഈ അവസ്ഥയില്‍ അടിയന്തിര ചികിത്സ അനിവാര്യമാണ്. മനസിന്‍്റെ വികാരങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണം, ഉറക്കം തുടങ്ങിയവയൊക്കെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നു. പ്രായം കൂടുന്നതിനനുസരിച്ചും രക്തസമ്മര്‍ദ്ദം വ്യത്യസ്തമായിരിക്കും. സൈഗ്മോ മാനോമീറ്റര്‍ (ബി.പി. അപ്പാരറ്റസ്) എന്ന ഉപകരണം ഉപയോഗിച്ചാണ് സാധരണ രക്തസമ്മര്‍ദ്ദം അളക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഉപകരങ്ങളും ഇന്ന് പ്രയോഗത്തില്‍ വന്നുതുടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ പലരിലും തലചുറ്റല്‍, തലവേദന, മൂക്കില്‍നിന്ന് രക്തം വരുക , കാലുകള്‍ക്ക് കോച്ചല്‍, മുന്‍കോപം എന്നിവ കാണാറുണ്ട്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ഒരു പരിധി കടക്കുമ്പോഴേ ഈ ലക്ഷണങ്ങള്‍ പ്രകടമാകാറുള്ളൂ. ചിലരിലാകട്ടെ ഇത്തരം ലക്ഷണങ്ങളൊന്നും കണ്ടെന്നും വരില്ല. അതിനാല്‍ 25 വയസ് കഴിഞ്ഞ എല്ലാവരും ഒരു നിശ്ചിത ഇടവേളകളില്‍ രക്തസമ്മര്‍ദ്ദം പരിശോധിച്ചിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. നേരത്തേ രോഗം കണ്ടത്തെിയാല്‍ എളുപ്പത്തില്‍ ചികിത്സിച്ചുമാറ്റാനും ജീവിത ശൈലി ക്രമപ്പെടുത്താനും കഴിയും എന്നതിനാലാണിത്. രക്തസമ്മര്‍ദ്ദം ഉയരുന്നതോടെ ഒരു വ്യക്തിയില്‍ പക്ഷാഘാതം, ഹൃദയാഘാതം, വൃക്കകള്‍ക്ക് പ്രശ്നങ്ങള്‍ എന്നിവക്കുള്ള സാധ്യതകള്‍ കൂടുകയാണ് ചെയ്യുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഒരാളുടെ തലച്ചോറിലെ ധമനികള്‍ പൊട്ടാനും രക്തസ്രാവമുണ്ടാകാനും തുടര്‍ന്ന് പക്ഷാഘാതമോ മരണമോ തന്നെ സംഭവിക്കാനും സാധ്യതയേറുന്നു. അതുപോലത്തെന്നെ രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ വൃക്കകളിലെ ചെറു രക്തക്കുഴലുകള്‍ കേടുവരുകയും തുടര്‍ന്ന് വൃക്കകള്‍ക്ക് രക്തത്തിലെ മാലിന്യങ്ങളെ അരിച്ചെടുത്ത് പുറന്തള്ളാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇതോടെ വ്യക്തി വൃക്കരോഗിയാവുന്നു. അതുപോലത്തെന്നെ നിരന്തരമായ രക്താതിസമ്മര്‍ദ്ദം ഹൃദയത്തിന്‍െറ ആരോഗ്യത്തെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദം മൂലം വൃക്കകള്‍ തകരാറിലാവുന്നവരില്‍ തുടര്‍ന്ന് ഹൃദയഘാതമുണ്ടാവാനുള്ള സാധ്യതയുമേറുന്നു. ചുരുക്കത്തില്‍ രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയായി പല രോഗങ്ങളിലൂടെ നമ്മുടെ ജീവന് ഭീഷണിയാവുന്നു. ജീവിതശൈലി ക്രമപ്പെടുത്തുകയാണ് രക്തസമ്മര്‍ദ്ദം വരാതിരിക്കാന്‍ പ്രധാനമായി ചെയ്യേണ്ടത്. വാരിവലിച്ച് കഴിക്കാതെ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, ഉപ്പിന്‍്റെ ഉപയോഗം പരമാവധി കുറക്കുക, കൊഴുപ്പ് കൂടിയതും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍മായി ഉപേക്ഷിക്കുക, ശാരീരിക അധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുകയോ വ്യായാമം പതിവാക്കുകയോ ചെയ്യുക എന്നിങ്ങനെ ജീവതശൈലിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണം. കൂടാതെ പുകവലി, മദ്യപാനം, കൃത്രിമ പാനിയങ്ങള്‍, രാസവസ്തുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം.ഇതിനെല്ലാം പുറമെ മാനസിക സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും മനസ്സിന് സംഘര്‍ഷം അനുഭവപ്പെടുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യണം. |
രാഷ്ട്രപതി ദയാഹരജി തള്ളിയ എട്ടു പേരുടെ വധശിക്ഷക്ക് സുപ്രീം കോടതി സ്‌റ്റേ Posted: 06 Apr 2013 10:24 PM PDT ന്യൂദല്‍ഹി: കഴിഞ്ഞയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹരജി തള്ളിയ എട്ടു പേരുടെ വധശിക്ഷ സുപ്രീം കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. ഹരിയാന മുന്‍ എം.എല്‍.എ രേലു രാം പുനിയയുടെ മകളും 2001ല്‍ കുടുംബത്തിലെ എട്ടു പേരെ കൊലചെയ്ത കേസില്‍ കോടതി കുറ്റക്കാരി എന്ന് കണ്ടെത്തുകയും ചെയ്ത സോണിയ, ഭര്‍ത്താവ് സഞ്ജീവ് തുടങ്ങിയവരുടെതടക്കമുള്ള വധശിക്ഷക്കാണ് സ്‌റ്റേ. ജസ്റ്റിസുമാരായ പി.സദാശിവം, എം.വൈ. ഇഖ്ബാല്‍ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. വീരപ്പന്റെനാല് കൂട്ടാളികളുടെ വധശിക്ഷയും സ്‌റ്റേ ചെയ്തിട്ടുണ്ട്. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് എന്ന സംഘടന നല്‍കിയ ഹരജിക്കുമേലാണ് സുപ്രീം കോടതി ശനിയാഴ്ച രാത്രിയോടെ നടപടി സ്വീകരിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സ്‌ളേവ് ആണ് സംഘടനക്കുവേണ്ടി ഹാജരായത്. ജസ്റ്റിസ് സദാശിവന്റെവസതിയിലാണ് വാദം കേള്‍ക്കല്‍ നടന്നത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകുന്നത് കോളിന്‍ ചൂണ്ടിക്കാട്ടി. പലരുടെയും കാര്യത്തില്‍ ഇത് മൂന്ന് മുതല്‍ 12 വര്‍ഷം വരെ നീണ്ടുപോയതായി അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം ശരിവെച്ച കോടതി, അഫ്‌സല്‍ ഗുരുവിന്റെകാര്യത്തില്‍ സംഭവിച്ചതുപോലെ ഈ കേസില്‍ സംഭവിക്കരുതെന്ന് നിര്‍ദേശിച്ചു. അഫ്‌സലിനെ തൂക്കിലേറ്റിയ ശേഷമാണ് വിധി നടപ്പാക്കുന്നത് സംബന്ധിച്ച കത്ത് അദ്ദേഹത്തിന്റെകുടുംബത്തിന് ലഭിച്ചത്. ഇത് ശരിയായ നടപടിയല്ല. ശിക്ഷക്ക് വിധിക്കപ്പെട്ടവരെ കുടുംബത്തിന് അവസാനമായി കാണാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയ വിവരം പ്രതികള്‍ കഴിയുന്ന ജയിലുകളിലേക്ക് ഉടന്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. |
No comments:
Post a Comment