സാഹസികതയുടെ പുത്രന്‍ അഭിലാഷ് ടോമി വീടണഞ്ഞു Posted: 07 Apr 2013 11:57 PM PDT കൊച്ചി: വീരനായകനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു രാവിലെ മുതലേ തൃപ്പൂണിത്തുറയിലെ കണ്ടനാട്ടെ വീട്. ഇന്ത്യയുടെ സര്‍വ സൈന്യാധിപന്‍ കാത്തുനിന്ന് സല്യൂട്ട് ഏറ്റുവാങ്ങിയ സാഹസികതയുടെ പുത്രനെ ജന്മനാട്ടില്‍ അമ്മയും ബന്ധുക്കളും നാട്ടുകാരും വരവേറ്റു. ഉത്സവപ്രതീതി നിറഞ്ഞ അന്തരീക്ഷത്തിലാണ് പായ്വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ അഭിലാഷ് ടോമി വീട്ടിലേക്ക് വന്നുകയറിയത്. പായ്വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമെന്ന നേട്ടവുമായി തീരത്തണഞ്ഞ അഭിലാഷ് ടോമിയുടെ ചരിത്രം തിരുത്തിയ യാത്രക്കും സ്വീകരണത്തിനും ശേഷം കൊച്ചിയില്‍ തിരിച്ചെത്തി. മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാത്രി 7.30 ഓടെ നെടുമ്പാശേരിയിലിറങ്ങിയ അഭിലാഷ് തുടര്‍ന്ന് എട്ടരയോടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തി. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ അഭിലാഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മന്ത്രി കെ. ബാബു ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച അഭിലാഷിനെ വീട്ടിലെത്തി അനുമോദിക്കും. അഞ്ചുമാസവും ആറുദിവസവും നീണ്ട സാഹസിക കടല്‍യാത്രക്കുശേഷം തിരിച്ചെത്തിയ അഭിലാഷ് ടോമി, വീണ്ടും കടല്‍ക്കാഴ്ചകളിലേക്ക് പോകാനുള്ള മോഹവും മറച്ചുവെക്കുന്നില്ല. ഇതുപോലെ ഇനിയുമൊരു യാത്ര തന്നെ കൊതിപ്പിക്കുന്നുണ്ടെന്നും അവസരം ഒത്തുവന്നാല്‍ വീണ്ടും സ്വപ്ന യാത്രക്ക് പുറപ്പെടുമെന്നും അഭിലാഷ് പറയുന്നു. ശനിയാഴ്ച മുംബൈ ഇന്ത്യാ ഗേറ്റില്‍ തിരിച്ചെത്തിയ അഭിലാഷ് ടോമി ശനിയാഴ്ച ഉച്ചക്കുശേഷമാണ് മുംബൈയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഞായറാഴ്ച തിരക്കിന്‍െറ ദിനമായിരുന്നെന്നും നിരവധി മാധ്യമങ്ങള്‍ ഇന്‍റര്‍വ്യൂവിനും മറ്റുമായി രാവിലെ മുതല്‍തന്നെ ഒപ്പമുണ്ടായിരുന്നെന്നും അഭിലാഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. തിരിച്ചെത്തിയത് ഏറെ ആശ്വാസം പകരുന്നതായും ലഫ്.കമാന്‍ഡന്‍റ് അഭിലാഷ് ടോമി പറഞ്ഞു. |
‘ബൈത്തുറഹ്മ’ സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനം -സ്പീക്കര്‍ Posted: 07 Apr 2013 11:32 PM PDT മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി മുസ്ലിം ലീഗ് നടത്തുന്ന ‘ബൈത്തുറഹ്മ’ ഭവന പദ്ധതി സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. മുനിസിപ്പല്‍ ലീഗ് കമ്മിറ്റി നിര്‍മിച്ച അഞ്ച് ബൈത്തുറഹ്മ വീടുകളിലൊന്നിന്‍െറ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യവീടിന്‍െറ താക്കോല്‍ദാനം സ്പീക്കറും മറ്റുവീടുകളുടെ താക്കോല്‍ദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ നിര്‍വഹിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ ി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല എം.എല്‍.എ, കെ.പി. മുഹമ്മദ് മുസ്തഫ, ടി.വി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. യൂസുഫ് കൊന്നോല സ്വാഗതവും മന്നയില്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു. നഗരസഭയിലെ പഴയകാല നേതാക്കളെ ആദരിച്ചു. ചടങ്ങ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാണത്ത് കുഞ്ഞുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.പി. ആറ്റക്കോയ തങ്ങള്‍, മുജീബ് കാടേരി, സി.എച്ച്. ജമീല, മുസ്തഫ മണ്ണിശ്ശേരി, ശാഫി കാടേങ്ങല്‍, പി.കെ. ബാവ, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, അഷ്റഫ് പാറച്ചോടന്‍, പി.കെ. ബാവ, സാലിഹ് മാടമ്പി, കെ.കെ. അബ്ദുല്ല, പി.കെ. സക്കീര്‍ ഹുസൈന്‍, പരി അബ്ദുല്‍ മജീദ്, അഡ്വ. എന്‍.കെ. അബ്ദുല്‍ മജീദ്, പി.പി.എ. ജബ്ബാര്‍, മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി, കെ.പി. നാസര്‍, ഹാരിസ് ആമിയന്‍, എം.എം. യൂസുഫ് എന്നിവര്‍ സംസാരിച്ചു. |
നീലേശ്വരം ഫുട്ഓവര്‍ ബ്രിഡ്ജ് ഈ വര്‍ഷം പൂര്‍ത്തിയാക്കും Posted: 07 Apr 2013 11:24 PM PDT കാസര്‍കോട്: നീലേശ്വരം, കണ്ണപുരം ഫുട്ഓവര്‍ ബ്രിഡ്ജ് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ. നേരത്തേ അംഗീകാരം ലഭിച്ച പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള പി. കരുണാകരന്‍ എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പിയൂഷ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. ഫുട് ഓവര്‍ ബ്രിഡ്ജ് പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. 1.22 കോടിയാണ് എസ്റ്റിമേറ്റ്. മേയ് എട്ടിന് ടെന്‍ഡര്‍ അംഗീകരിക്കും. ആറ് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കും. കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകളിലെ പ്ളാറ്റ് ഫോമുകള്‍ ഉയര്‍ത്താനുള്ള പ്രവൃത്തിക്കും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. 1.6 കോടി രൂപയാണ് എസ്റ്റിമേറ്റ്. കണ്ണപുരത്തെ രണ്ട് പ്ളാറ്റ് ഫോമുകളും പഴയങ്ങാടിയിലെ ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമുമാണ് ഉയര്‍ത്തുന്നത്. നീലേശ്വരം സ്റ്റേഷനിലെ പ്ളാറ്റ് ഫോം വികസന പ്രവൃത്തിക്ക് നേരത്തേ തന്നെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിരുന്നു. 78 ലക്ഷം രൂപ ചെലവില്‍ ആന്ധ്രയിലുള്ള കമ്പനിക്കാണ് നിര്‍മാണ ചുമതല. പ്രവൃത്തി മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം തന്നെ ഫുട്ഓവര്‍ ബ്രിഡ്ജും യാഥാര്‍ഥ്യമാകും. |
ഡോ. കസ്തൂരി രംഗന്‍ ഇന്ന് വയനാട്ടില്‍ Posted: 07 Apr 2013 11:09 PM PDT സുല്‍ത്താന്‍ ബത്തേരി: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രഫ. മാധവ് ഗാഡ്ഗില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെപ്പറ്റി അന്വേഷണം നടത്താന്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ ഇന്ന് വയനാട്ടില്‍. റിപ്പോര്‍ട്ട് വിവാദമാവുകയും വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ പരാതിയുയര്‍ത്തുകയും ചെയ്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ തലവനായി ഉന്നതതല സംഘത്തെ നിയോഗിച്ചത്. സംസ്ഥാന സര്‍ക്കാറും കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇതേപ്രകാരം നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ്. വയനാട്ടിലെ ക്രൈസ്തവ സംഘടനകള്‍ ഒറ്റക്കെട്ടായി റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭ രംഗത്തെത്തിയിരുന്നു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അനുസരിച്ച് മുട്ടില്‍, അമ്പലവയല്‍ പഞ്ചായത്തുകളൊഴികെ വയനാട്ടിലെ മുഴുവന്‍ പ്രദേശങ്ങളും അതീവ സംരക്ഷിത മേഖലയിലാണ് വരുന്നത്. മുട്ടില്‍, അമ്പലവയല്‍ പഞ്ചായത്തുകളാവട്ടെ സംരക്ഷിത മേഖലയിലും. കടുത്ത നിയന്ത്രണങ്ങളാണ് ഈ മേഖലകളില്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്. റോഡ്, കെട്ടിട നിര്‍മാണം, വ്യവസായ സംരംഭങ്ങള്‍, കൃഷി മേഖലകളിലെല്ലാം നിയന്ത്രണങ്ങള്‍ വരും. മരം, മണ്ണ്, കല്ല്, മണല്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പൂട്ടുവീഴും. മുപ്പതു ശതമാനത്തിലധികം ചെരിവുള്ള ഭൂമിയില്‍ കാര്‍ഷിക വിളകള്‍ കൃഷിചെയ്യാന്‍ പാടില്ലായെന്നത് ചെരിഞ്ഞ ഭൂപ്രകൃതിയുള്ള വയനാട്ടിലെ കാര്‍ഷിക മേഖലക്ക് കനത്ത ആഘാതമാകും. ദേശീയപാതക്ക് ഏഴു മീറ്ററിലും ഗ്രാമീണ പാതകള്‍ക്ക് നാലര മീറ്ററിലുമധികം വീതി പാടില്ല. ഇത് റോഡ് വികസനത്തെ തുരങ്കം വെക്കും. പരിസ്ഥിതി സംവേദക മേഖലകളിലെ ഗ്രാമീണ റോഡുകള്‍ സമയബന്ധിതമായി ഇല്ലാതാക്കണമെന്നും നിര്‍ദേശമുണ്ട്. വയനാട്ടിലെ ഏതാണ്ട് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരാണ്. റിപ്പോര്‍ട്ടിന്‍െറ ജനവിരുദ്ധ വശങ്ങള്‍ രേഖാമൂലം ചൂണ്ടിക്കാട്ടാനുള്ള തയാറെടുപ്പോടെയാണ് ക്രൈസ്തവ സംഘടനകള്‍ രംഗത്തുള്ളത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കല്‍പറ്റ കലക്ടറേറ്റ് ഹാളിലാണ് തെളിവെടുപ്പ്. സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ജില്ലാതല വകുപ്പധ്യക്ഷന്‍മാര്‍ എന്നിവര്‍ക്കാണ് അവസരം. സന്ദര്‍ശനം പ്രഹസനം -അല്‍മായ കമീഷന്‍ കൊച്ചി: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ട ഗാഡ്ഗില്‍ സമിതിയുടെ വിവാദ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി തിങ്കളാഴ്ച ഇടുക്കി, വയനാട് ജില്ലകളില്‍ നടത്തുന്ന ഹെലികോപ്ടര്‍ സന്ദര്‍ശനം പ്രഹസനമാണെന്ന് സീറോ മലബാര്‍ സഭ അല്‍മായ കമീഷന്‍. പ്രശ്നബാധിത സ്ഥലങ്ങളിലെ ജനപ്രതിനിധികളും ജനകീയ പ്രസ്ഥാനങ്ങളും കര്‍ഷക സംഘടനകളുമായി ഒരു മുന്നറിയിപ്പുമില്ലാതെയുള്ള സന്ദര്‍ശനം ആശങ്കയുളവാക്കുന്നതാണെന്നും അല്‍മായ കമീഷന്‍ ചൂണ്ടിക്കാട്ടി. ആകാശസന്ദര്‍ശനത്തേക്കാളുപരി റോഡുമാര്‍ഗം ഈ സ്ഥലങ്ങളിലെ താലൂക്ക്, പഞ്ചായത്തുതലങ്ങളിലെ ജനവാസകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ബോധ്യപ്പെടാന്‍ ഡോ. കസ്തൂരിരംഗന്‍ തയാറാകാത്തപക്ഷം സന്ദര്‍ശനം ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന നാടകമായി മാറുമെന്ന് കമീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. അതോടൊപ്പം പരിസ്ഥിതി സംരക്ഷകരായ പശ്ചിമഘട്ട നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണവുമുണ്ടാകണം. ജനങ്ങളുടെ ജീവന് വെല്ലുവിളിയുയര്‍ത്തുന്ന പരിസ്ഥിതി തീവ്രവാദം അംഗീകരിക്കാനാവില്ല. ലോകപൈതൃക സമിതിക്ക്മുമ്പാകെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 2012 ജൂണില്‍ സമര്‍പ്പിക്കപ്പെട്ടതാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി തീവ്രവാദ പ്രസ്ഥാനങ്ങള്‍ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായി വിദേശ ഏജന്‍സികളില്‍നിന്ന് വന്‍സാമ്പത്തിക സഹായം സ്വീകരിക്കുന്നതായി സംശയിക്കപ്പെടുന്നു. പശ്ചിമഘട്ടമേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വിദേശബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കസ്തൂരിരംഗന്‍ സമിതി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
പരിശോധന ഇളവ്: സൗദിയിലെ പ്രവാസിസമൂഹം നിയമാനുസൃത വഴികള്‍ തേടുന്നു Posted: 07 Apr 2013 10:53 PM PDT ജിദ്ദ: തൊഴില്‍രംഗത്ത് മതിയായ സ്വദേശിസാന്നിധ്യം ഉറപ്പിക്കാനുള്ള നിതാഖാത് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനും അനധികൃത തൊഴിലിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധനക്കും മൂന്നു മാസത്തെ ഇടവേള കൂടി അനുവദിച്ച് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍ പുതിയ സാഹചര്യത്തിനനുസരിച്ചു നീങ്ങാനുള്ള ശ്രമത്തിലാണ് സൗദിയിലെ പ്രവാസിസമൂഹം. മുന്‍കാലങ്ങളിലെ പോലെ അധികൃതരുടെ ഭാഗത്തുനിന്നു ഇനിയൊരു ഇളവും അനുവദിച്ചുകിട്ടില്ലെന്നു ബോധ്യമായതോടെ നിയമാനുസൃതവഴികളിലേക്കു നീങ്ങാനും മറ്റു ഗതിയില്ലെങ്കില്‍ നാടുവിടാനുമുള്ള ആലോചന ഞായറാഴ്ച മലയാളികള്‍ കൂട്ടംകൂടുന്നിടത്തെല്ലാം സജീവമായി. സ്പോണ്‍സര്‍ഷിപ് മാറ്റത്തിനും വിസയിലെ തൊഴില്‍മാറ്റത്തിനുമുള്ള മാര്‍ഗം തേടി പലരും സേവനസ്ഥാപനങ്ങളെ സമീപിക്കുകയാണ്. റെസിഡന്‍റ് പെര്‍മിറ്റ് മാറ്റമടക്കമുള്ള സേവനങ്ങള്‍ നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ നിരക്കുകള്‍ പുതുക്കി രംഗത്ത് സജീവമായിട്ടുണ്ട്. മൂന്നു മാസത്തിനകം പരമാവധി വേഗത്തില്‍ നിലവിലെ തൊഴിലിനു ഭംഗംവരാതെ പിടിച്ചുനില്‍ക്കാനുള്ള പരിശ്രമത്തിലാണെല്ലാവരും. എന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ മുന്നിലില്ലാത്ത ഒട്ടനവധി പേര്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാകും എന്ന മട്ടില്‍ സ്വയം ആശ്വസിക്കുന്നുമുണ്ട്. മൂന്നുമാസം കഴിഞ്ഞാല്‍ പരിശോധന കര്‍ക്കശമാക്കുമെന്ന് സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്നുമാസത്തിനു ശേഷം സൗദിയില്‍ നിന്ന് കേരളത്തിലേക്കും കാര്യമായ തിരിച്ചുപോക്കുണ്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജനിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഹത്താബുല്‍ അന്‍സി വ്യക്തമാക്കി. വരുമാനമാര്‍ഗങ്ങള്‍ കൈയൊഴിഞ്ഞ് പൊടുന്നനെ നാടുവിടേണ്ടി വരുമെന്ന ആശങ്കയില്‍ കഴിഞ്ഞ രാജ്യത്തെ ദശലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് രാജാവിന്‍െറ ഉത്തരവ് ഏറെ ആശ്വാസം പകരുന്നതാണെന്ന് വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ അഭിപ്രായപ്പെട്ടു. സൗദിയിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസികളെ നല്‍കിയ ഈജിപ്ത്, സുഡാന്‍, ഏഷ്യന്‍രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുടെ സൗദി സ്ഥാനപതിമാര്‍ രാജപ്രഖ്യാപനത്തെ സ്വാഗതം ചെയ്തതിനൊപ്പം നിയമാനുസൃത രീതികളിലേക്കു മാറാന്‍ തദ്ദേശീയരോട് ആവശ്യപ്പെട്ടു. രാജ്യത്തിന്‍െറ പുരോഗതിയില്‍ പങ്കുവഹിച്ച പ്രവാസിസമൂഹത്തോട് സന്ദിഗ്ധഘട്ടത്തില്‍ ചെയ്ത സഹായത്തിന് ഇന്ത്യയിലെ പ്രവാസിസമൂഹം അബ്ദുല്ല രാജാവിനോടും ഭരണകൂടത്തോടും കടപ്പെട്ടിരിക്കുന്നതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി പറഞ്ഞു. സൗദിയുമായി സഹകരിച്ച് സ്പോണ്‍സര്‍ഷിപ്പിലല്ലാതെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീക്കമാരംഭിക്കുന്നതിനിടെ വന്ന പ്രഖ്യാപനത്തെ അഭിനന്ദിച്ച അദ്ദേഹം, നിയമാനുസൃത വഴികള്‍ തേടാന്‍ ഇന്ത്യന്‍ പ്രവാസിസമൂഹത്തോട് ആവശ്യപ്പെട്ടു. റിയാദില്‍ ഇന്ത്യന്‍ അംബാഡസര്‍ ഹാമിദലി റാവു പുതിയ സാഹചര്യം വിലയിരുത്താന്‍ പ്രവാസിപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി യോഗംവിളിച്ചു. മൂന്നുമാസത്തിനുശേഷം പഴയനില അനുവദിക്കില്ല റിയാദ്: തൊഴില്‍രംഗത്തെ മുഴുവന്‍ പരിശോധനയും മൂന്നുമാസത്തേക്കു മരവിപ്പിച്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ഉത്തരവിന്‍െറ വെളിച്ചത്തില്‍ അനധികൃത തൊഴിലാളികളെ നിയമവിധേയരാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് സൗദി തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് അറിയിച്ചു. നിയമവിധേയമായി രാജ്യത്ത് തൊഴിലെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സന്ദര്‍ഭമാണ് ലഭിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴില്‍ചെയ്യുന്നവരും തൊഴില്‍-താമസ രേഖകള്‍ പുതുക്കാത്തവരും അനധികൃത മാര്‍ഗങ്ങള്‍ സ്വീകരിച്ചവരും തങ്ങളുടെ തൊഴിലും രേഖകളും നിയമാനുസൃതമാക്കാന്‍ മുന്‍കൈയെടുക്കണം. സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും ഇത് കൂടുതല്‍ അവസരം നല്‍കുന്നുണ്ട്. പച്ച, എക്സലന്‍റ് സ്ഥാപനങ്ങളിലെ തൊഴിലാളികളെ നിലനിര്‍ത്തുന്നതോടൊപ്പം തൊഴില്‍ വിപണിയില്‍ ലഭ്യമായ വിദഗ്ധ തൊഴിലാളികളെ പുതുതായി നിയമിക്കുന്നതിനും സ്വന്തം സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റിയെടുക്കുന്നതിനും ഈ അവസരം സഹായകമാകും. വിദേശത്തുനിന്ന് പുതിയ വിസയില്‍ റിക്രൂട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട സാമ്പത്തിക ഭാരം ഒഴിവാക്കാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ നടത്തിയ പരിശോധന ഫലപ്രദമായിരുന്നുവെന്നും സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് ഇതുവഴി കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ചുവപ്പ്, മഞ്ഞ വിഭാഗത്തിലുള്‍പ്പെട്ട നിരവധി സ്ഥാപനങ്ങള്‍ ശിക്ഷാനടപടികള്‍ ഭയന്ന് സ്വദേശികളെ നിയമിക്കാന്‍ തയാറായി. ചെറുകിട സംരംഭങ്ങളെ നിതാഖാത് പരിധിയില്‍ ഉള്‍പ്പെടുത്തിയതുവഴി വിദേശികളുടെ അധീനതയിലായിരുന്ന വ്യാപാരമേഖലയില്‍ നിലനിന്ന കിടമത്സരം ഇല്ലായ്മ ചെയ്യാനായി. സ്വദേശികള്‍ക്ക് സ്വന്തമായി വ്യാപാരം തുടങ്ങാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. |
ദാര്‍ഫുര്‍ പുനര്‍നിര്‍മാണം: അന്താരാഷ്്ട്ര സമ്മേളനം ദോഹയില്‍ തുടങ്ങി Posted: 07 Apr 2013 10:49 PM PDT ദോഹ: നിരവധികാലം നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങളുടെ കെടുതി നേരിടുന്ന സുഡാനിലെ ദര്‍ഫുര്‍ മേഖലയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും സഹായം നല്‍കുന്ന രാജ്യങ്ങളുടെ രണ്ട് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം റിട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തുടങ്ങി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. സുഡാന്‍െറ പ്രഥമ വൈസ് പ്രസിഡന്‍റ് അലി ഉസ്മാന്‍ മുഹമ്മദ് താഹ, ഖത്തര്‍ ഉപപ്രധാനമന്ത്രി അഹമദ് ബിന്‍ അബ്ദുല്ല ആല്‍ മഹ്മൂദ്, ദാര്‍ഫുര്‍ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട കക്ഷികള്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനത്തിന് ഖത്തറിന്‍െറ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി, ദാര്‍ഫുര്‍ ജനതയുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കുന്ന തീരുമാനങ്ങള്‍ സമ്മേളനത്തില്‍ ഉരുത്തിരിയുന്നതിന് എല്ലാ ശ്രമവും നടത്തുമെന്നും വ്യക്തമാക്കി. ദാര്‍ഫുറില്‍ വികസനവും സുസ്ഥിരതയും സമാധാനവും ഉറപ്പക്കാനുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് ഈ സമ്മേളനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദാര്‍ഫുറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടക്കം മുതല്‍ ഖത്തര്‍ രംഗത്തുണ്ട്. 2001 മേയില്‍ നടന്ന സമ്മേളനത്തെത്തുടര്‍ന്ന് ദാര്‍ഫുര്‍ സമാധാനക്കരാര്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞത് ഈ ദിശയിലെ നാഴികക്കല്ലായിരുന്നു. 2011 ജൂലൈയില്‍ സുഡാന്‍ സര്‍ക്കാരും ലിബറേഷന്‍ ആന്‍റ് ജസ്റ്റിസ് മൂവ്മെന്‍റും (ജെ.ഇ.എം) തമ്മില്‍ ദോഹയില്‍ ഒപ്പുവെച്ച കരാര്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച സുഡാനീസ് സര്‍ക്കാരും ജെ.ഇ.എമ്മും തമ്മില്‍ ദോഹയില്‍ ഒപ്പിട്ട സമാധാന കരാര്‍ ദാര്‍ഫുര്‍ പുനര്‍നിര്‍മാണ പ്രക്രിയയിലെ ആശാവഹമായ പുരോഗതിയാണ്. ദാര്‍ഫുറിന് കൂടുതല്‍ സഹായം ഉറപ്പാക്കാന്‍ അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്തവരെ ആഹ്വാനം ചെയ്തു. ഈ പണം ഒരിക്കലും പാഴായിപ്പോകില്ല. ദാര്‍ഫുറില്‍ സമാധാനത്തിന്‍െറ യുഗം ആരംഭിച്ചുകഴിഞ്ഞു. അത് ബലപ്രയോഗത്തിലൂടെയുള്ള സമാധാനമായിരിക്കില്ല. മറിച്ച്, വികസനത്തിലും സാമൂഹികനീതിയിലും നിയമവാഴ്ചയിലും അധിഷ്ഠിതമായതായിരിക്കും. സഹായങ്ങളും സംഭാവനകളും സ്വീകരിക്കുന്നതിനൊപ്പം നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ദാര്‍ഫുര്‍ ഇന്ന് സജ്ജമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദാര്‍ഫുര്‍ മേഖലയുടെ വികസനത്തിന് ഏകദേശം 7.2 ബില്യന്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്ക്. ദര്‍ഫുറിന്‍െറ വികസനത്തിന് 33 ദശലക്ഷം പൗണ്ട് സംഭാവന ചെയ്യുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തു വര്‍ഷത്തിലേറെ നീണ്ട ആഭ്യന്തര സംഘര്‍ഷത്തില്‍ 3,00,000 പേര്‍ മരിച്ചതായാണ് കണക്ക്. 1.4 ദശലക്ഷം പേര്‍ അഭയാര്‍ഥികളായതായും യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. |
ഒമാനില്‍ വ്യാപക മഴ; വാദികള്‍ നിറഞ്ഞൊഴുകി Posted: 07 Apr 2013 10:40 PM PDT മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ മുതല്‍ മഴ പെയ്തു. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിന്‍െറ തുടര്‍ച്ചയായിരുന്ന മഴ. മഴയെ തുടര്‍ന്ന് താപനില കുറഞ്ഞു. പലയിടത്തും റോഡില്‍ വെള്ളക്കെട്ടുണ്ടാവുകയും വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. ബുറൈമി, ഇബ്രി എന്നിവിടങ്ങളിലും ബാത്തിനയുടെ വിവിധ ഭാഗങ്ങളിലുമാണ് കനത്ത മഴ പെയ്തത്. വടക്കന്‍ ബാത്തിനയിലെ ഷിനാസ് പ്രദേശമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മസ്കത്തില്‍ മഴയെ തുടര്‍ന്ന് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മസ്കത്തില്‍ താപനില 22 ഡിഗ്രിയായി കുറഞ്ഞു. കഴിഞ്ഞദിവസം 32 ഡിഗ്രിയായിരുന്നു താപനില. മുസന്തം ഗവര്‍ണറേറ്റിലെ കസബ്, ബുഖ, ദിബ, ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി, ദാങ്ക്, യാങ്കുല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടായി. ബുറൈമി ഗവര്‍ണറേറ്റിലെ അല്‍ ബുറൈമി, മഹ്ദ വിലായത്തുകളില്‍ പെയ്ത മഴയില്‍ വാദികള്‍ കവിഞ്ഞൊഴുകി. വടക്കന്‍ ബാത്തിനയിലെ ഷിനാസ്, സോഹാര്‍, സഹം, സുവൈഖ് എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. ദാഖിലിയ ഗവര്‍ണറേറ്റിലെ ബുഹ്ല, അല്‍ ഹംറ,സുമൈല്‍, ഇസ്കി, ബിദ്ബിദ്, നിസ്വ, ജബല്‍ അല്‍ അഖ്ദര്‍, തെക്കന്‍ ബാത്തിനയിലെ മുസന്ന, റുസ്താഖ്, അല്‍ അവാബി, ബര്‍ക തുടങ്ങിയ സ്ഥലങ്ങളില്‍ നേരിയ മഴയുണ്ടായി. മലകളില്‍ നിന്ന് വെള്ളം താഴേക്ക് ഒഴുകുന്നതും കാണാമായിരുന്നു. ശനിയാഴ്ച രാത്രി മസ്കത്തില്‍ ശക്തമായ കാറ്റ് വീശിയിരുന്നു. തിങ്കളാഴ്ചയും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. |
കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു Posted: 07 Apr 2013 10:05 PM PDT കൊച്ചി: കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് www.kochimetro.org ഹാക്ക് ചെയ്തു. വിദേശത്തു നിന്നാണ് ഹാക്കിങ് നടന്നതെന്നാണ് സൂചന. ഇസ്രായേലിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വെബ്‌സൈറ്റ് തുറന്നാല്‍ കാണുന്നത്. ഹാക്ക്ഡ് ബൈ ReZk2LL TeaM #Storm Attack എന്നാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഒപ്പം ഇസ്രായേലിന്റെ ഫലസ്തീന്‍ വിരുദ്ധ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് മുമ്പും സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി സി-ഡിറ്റിനെ സമീപിച്ചതായി കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. |
അബ്ദുല്ല രാജാവിന് പ്രവാസിസമൂഹങ്ങളുടെ അഭിനന്ദനപ്രവാഹം Posted: 07 Apr 2013 09:50 PM PDT ജിദ്ദ: രാജ്യത്ത് തൊഴില്‍ നിയമലംഘനം നടത്തി ജോലി ചെയ്യുന്നവര്‍ക്ക് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സാവകാശം നല്‍കിയ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് രാജ്യത്തെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും കോണ്‍സല്‍മാരും നന്ദി രേഖപ്പെടുത്തി. രാജാവിന്‍െറ തീരുമാനം ഇഖാമ നിയമങ്ങള്‍ ലംഘിച്ചുകഴിയുന്നവര്‍ക്ക് നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാറാനും പ്രൊഫഷന്‍ മാറ്റം പൂര്‍ത്തിയാക്കാനുമുള്ള സുവര്‍ണാവസരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ സാവകാരം നല്‍കിക്കൊണ്ടുള്ള അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായ് പറഞ്ഞു. സൗദി ഗവണ്‍മെന്‍റുമായി സഹകരിച്ച് സ്പോണ്‍സര്‍ഷിപ്പിലല്ലാതെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാനുമുള്ള പുറപ്പാടിലായിരുന്നു. എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തൊഴിലാളികളെ ബോധവത്കരിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. തൊഴിലാളികളുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്ന രാജ്യമാണ് സൗദി അറേബ്യ. സ്ഥാപനങ്ങള്‍ കീഴിലുള്ളവരുടെ നടപടികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്‍െറ നിയമങ്ങള്‍ ബഹുമാനിക്കണം. നിയമലംഘനങ്ങളെ കോണ്‍സുലേറ്റ് ഒരിക്കലും അംഗീകരിക്കുന്നില്ല. നിയമം പാലിക്കുന്നത് തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാക്കില്ല. അതവര്‍ക്ക് സൗദിയിലെ ജീവിതവും തൊഴിലുമെല്ലാം വ്യവസ്ഥാപിതമാക്കും. തൊഴില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ലഭിച്ച ഈ സുവര്‍ണാവസരം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തണമെന്നും ഫൈസ് അഹ്മദ് കിദ്വായി ആവശ്യപ്പെട്ടു. അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശം വളരെ വിലമതിക്കുന്നതാണെന്ന് സൗദിയിലെ ഈജിപ്ത് അംബാസഡര്‍ അഫീഫി അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. ഫ്രീവിസ എന്ന പേരില്‍ ജോലിക്കെത്തിയവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാജാവിന്‍െറ തീരുമാനം ഏറെ സഹായകമാകുമെന്നും ഈജിപ്ത് അംബാസഡര്‍ പറഞ്ഞു. തൊഴില്‍ നിയമലംഘരായി കഴിയുന്നവര്‍ക്ക് നിയമാനുസൃത രീതിയിലേക്ക് മാറുന്നതിന് ലഭിച്ച അവസരമാണിതെന്ന് അബ്ദുല്ല രാജാവിന്‍െറ തീരുമാനം സ്വാഗതം ചെയ്ത് സുഡാന്‍ അംബാസഡര്‍ അബ്ദുല്‍ ഹാഫിസ് ഇബ്രാഹീം പറഞ്ഞു. സൗദി അറേബ്യ സുഡാനികളുടെ രണ്ടാമത്തെ നാടാണ്്. അവിടുത്തെ നിയമങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും അംബാസഡര്‍ ഉണര്‍ത്തി. ബംഗ്ളാദേശിലെ നിരവധി കുടുംബങ്ങള്‍ക്ക് കാരുണ്യവും ആശ്വാസവുമാണ് അബ്ദുല്ല രാജാവിന്‍െറ തീരുമാനമെന്ന് ബംഗ്ളാദേശ് അംബാസഡര്‍ മുഹമ്മദ് ശഹീദ് ഇസ്ലാം പറഞ്ഞു. രാജാവിന്‍െറ തീരുമാനത്തില്‍ പാകിസ്താന്‍ അംബാസഡര്‍ മുഹമ്മദ് നഈം ഖാനും നന്ദി രേഖപ്പെടുത്തി. അബ്ദുല്ല രാജാവിന്‍െറ തീരുമാനം തൊഴില്‍മേഖലക്ക് ആശ്വാസവും ഊര്‍ജം പകരുന്നതുമാണെന്നും സാമ്പത്തിക തൊഴില്‍ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. പാസ്പോര്‍ട്ട്, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടങ്ങിയതോടെ ചെറുകിട സ്ഥാപനങ്ങളെ പോലെ പല പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും ആശങ്കയിലായിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്ത് ഗവണ്‍മെന്‍റിന്‍െറ ഭാഗത്ത് നിന്ന് അനുകൂല തീരുമാനങ്ങളുണ്ടായേക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. നിതാഖാത്ത് പരിശോധനക്ക് സാവകാശം നല്‍കിക്കൊണ്ടുള്ള അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശം സ്ഥാപന ഉടമകളും രാജ്യത്തെ ലക്ഷക്കണക്കിന് വിദേശതൊഴിലാളികളും സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. വന്‍കിട ഗവണ്‍മെന്‍റ് പദ്ധതികള്‍ നടപ്പാക്കി വരുന്ന പ്രമുഖ നിര്‍മാണകമ്പനിയായ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് താത്കാലികമെങ്കിലും വലിയ ആശ്വാസമാണ് രാജാവിന്‍െറ നിര്‍ദേശത്തിലൂടെ ഉണ്ടായിരിക്കുന്നത്. സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ 12000 ഓളം തൊഴിലാളികളെ പുതിയ തൊഴില്‍നിയമം ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 5000 ഓളം തൊഴിലാളികള്‍ ജിദ്ദ വിമാനത്താവള വികസന ജോലിയിലേര്‍പ്പെട്ടരാണ്. പുതിയ സാഹചര്യത്തില്‍ കമ്പനിക്ക് കീഴിലല്ലാത്തവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നടപടി തുടരുന്നതിനിടെയാണ് നിതാഖാത്ത് പരിശോധന മൂന്ന് മാസത്തേക്ക് നീട്ടിക്കൊണ്ടുള്ള നിര്‍ദേശമുണ്ടായത്. |
കിളിരൂര്‍ കേസ് വി.എസ് അട്ടിമറിച്ചെന്ന് ശാരിയുടെ പിതാവ് Posted: 07 Apr 2013 09:42 PM PDT കോട്ടയം: കിളിരൂര്‍ പീഡനകേസ് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അട്ടിമറിച്ചെന്ന് പീഡനത്തിനിരയായി മരിച്ച ശാരിയുടെ പിതാവ് സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളൊന്നും വി.എസ് ചെയ്തില്ല. 24 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടിക്കുമെന്നും വി.വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ വാക്കുകളൊന്നും വി.എസ് പാലിച്ചില്ല. സൂര്യനെല്ലിക്കേസില്‍ കാണിച്ച താല്‍പര്യം വി.എസ് കിളിരൂര്‍ കേസില്‍ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സി.ബി.ഐ അന്വേഷണത്തില്‍ തൃപ്തിയില്ല. ശാരിയുടെ മരണത്തിനിടയാക്കിയ സംഭവം സി.ബി.ഐ അന്വേഷിക്കുന്നില്ല. പീഡനക്കേസ് മാത്രമാണ് അന്വേഷിക്കുന്നത്. ഉന്നതരെ രക്ഷിക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. അതിനാല്‍ കേസ് കേരള പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു ശാരിയുടെ മാതാപിതാക്കള്‍. എന്നാല്‍ ആഭ്യന്തര മന്ത്രി സ്ഥലത്തില്ലാതിരുന്നതിനാല്‍ അവര്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഈ മാസം 10ന് തിരുവനന്തപുരത്ത് പോയി ആഭ്യന്തരമന്ത്രിയെ കാണുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മരണം വരെ സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. |
No comments:
Post a Comment