സ്വാഗതം
WELCOME

News Update..

Friday, April 19, 2013

സ്വര്‍ണവില വീണ്ടും 20,000ത്തില്‍ Madhyamam News Feeds

സ്വര്‍ണവില വീണ്ടും 20,000ത്തില്‍ Madhyamam News Feeds

Link to

സ്വര്‍ണവില വീണ്ടും 20,000ത്തില്‍

Posted: 18 Apr 2013 11:30 PM PDT

Image: 

കൊച്ചി: ആഗോള വിപണിയില്‍ ഉണ്ടായ തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണവില വീണ്ടും 20,000 ത്തിലെത്തി. സ്വര്‍ണം പവന് 280 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കൂടി 2,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി പവന് 19,720 രൂപയായിരുന്നു സ്വര്‍ണവില. ചൊവ്വാഴ്ച 1000 രൂപ ഇടിഞ്ഞ് 19,800 രൂപയിലെത്തിയ വില ബുധനാഴ്ചയും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 2475 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.ആഗോളവിപണിയിലുണ്ടായ വന്‍ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

തിങ്കളാഴ്ച മാത്രം 400 രൂപ കുറഞ്ഞ് പവന് 20,800 രൂപയായിരുന്നു. നാലു മാസംകൊണ്ട് 3440 രൂപയുടെയും നാലു ദിവസംകൊണ്ട് 1240 രൂപയുടെയും കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച പവന് 560 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 27ന് പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.

 

രാഷ്ട്രീയത്തില്‍ വഴികളടഞ്ഞ് മുശര്‍റഫ്

Posted: 18 Apr 2013 11:19 PM PDT

Image: 

ഇസ്ലാമാബാദ്: അധികാരത്തിലേക്കുള്ള വഴിയില്‍ തനിക്കു പരിചയമില്ലാത്ത തെരഞ്ഞെടുപ്പും ജനാധിപത്യവും ഒന്നു പരീക്ഷിച്ചുനോക്കാമെന്നു വെച്ച് നാലു വര്‍ഷത്തെ സ്വയം വരിച്ച പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പര്‍വേസ് മുശര്‍റഫിന്‍െറ സ്വപ്നങ്ങള്‍ക്ക് ഏറ്റവുമൊടുവില്‍ ഇസ്ലാമാബാദ് ഹൈകോടതിയും കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. 1999ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കി പാകിസ്താനില്‍ ചരിത്രം ആവര്‍ത്തിച്ച മുശര്‍റഫ് ഒരു പതിറ്റാണ്ടോളം നീണ്ട ഭരണത്തിനൊടുവില്‍ 2008ലാണ് അധികാരമൊഴിയുന്നത്. തുടര്‍ന്ന് ലണ്ടനിലേക്ക് നാടുവിട്ട അദ്ദേഹം മാസങ്ങള്‍ക്കു മുമ്പ് ദുബൈയിലെത്തി പ്രാഥമിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു.

നേരത്തെയുള്ള കേസുകളില്‍ അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പിന്മേല്‍ കറാച്ചിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തോടു പക്ഷേ, ഒരു കോടതിയും കനിഞ്ഞില്ല. മേയ് 11ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാലിടത്തു നല്‍കിയ അപേക്ഷകളൊക്കെയും തള്ളി. അതിനിടെയാണ് വ്യാഴാഴ്ച ഹൈകോടതി അദ്ദേഹത്തിന്‍െറ ജാമ്യാപേക്ഷയും തള്ളി അറസ്റ്റിന് ഉത്തരവിട്ടതും വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റിലാകുന്നതും.

1943 ആഗസ്റ്റ് 11ന് ദല്‍ഹിയില്‍ ജനിച്ച മുശര്‍റഫ് 1964ലാണ് പാക് സൈന്യത്തിലെത്തിയത്. വളരെ പെട്ടെന്ന് ഉയരങ്ങള്‍ കീഴടക്കിയ അദ്ദേഹം 1998 ഒക്ടോബറില്‍ സൈനിക മേധാവിയായി ഉയര്‍ന്നു. 2007 നവംബര്‍ മുതല്‍ 2001 വരെ പാക് സായുധ സേനാ ജോയന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാനായിരുന്നു. നവാസ് ശരീഫ് പ്രധാനമന്ത്രിയായിരിക്കെ നടന്ന കാര്‍ഗില്‍ യുദ്ധത്തിന്‍െറ പ്രധാന ബുദ്ധികേന്ദ്രവും മറ്റാരുമായിരുന്നില്ല. ഇതിനു ശേഷമാണ് ശരീഫിനെ വീട്ടുതടങ്കലിലാക്കി മുശര്‍റഫ് അധികാരം പിടിച്ചെടുത്തത്.

എല്ലാം അവസാനിച്ച് 2008ല്‍ രാജ്യം വിട്ട അദ്ദേഹം ഒരിക്കല്‍ക്കൂടി അധികാരം സ്വപ്നം കണ്ടാണ് താലിബാന്‍െറ വധഭീഷണി അവഗണിച്ച് മാര്‍ച്ച് 24ന് വീണ്ടുമെത്തിയത്. ബേനസീര്‍ ഭുട്ടോയുടെ വധത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നതുള്‍പ്പെടെ ആരോപണങ്ങള്‍ ശക്തമാണെന്നതിനാല്‍ അന്വേഷണങ്ങളുടെ ചുഴിയില്‍പെടുന്ന മുശര്‍റഫിന്‍െറ ഭാവി ഇനി കണ്ടറിയണം.

പരിയാരം: മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തല

Posted: 18 Apr 2013 11:17 PM PDT

Image: 

കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിഷയത്തില്‍ താനും മുഖ്യമന്ത്രിയും പറഞ്ഞത് ഒന്നുതന്നെയാണ്. പരിയാരം ഏറ്റെടുക്കുമ്പോള്‍ എം.വി രാഘവന്റെ അഭിപ്രായം കൂടി മാനിക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. മന്ത്രിസഭ സ്വീകരിച്ച നിലപാട് മരവിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. മന്ത്രിസഭാ തീരുമാനം മാറ്റാന്‍ പറയാന്‍ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്ന രീതിയില്‍ ചാനലുകളോടാണ് ഇതു പറഞ്ഞത്. പക്ഷേ, പ്രമുഖ പത്രങ്ങളില്‍ അടിച്ചു വന്നത് മറ്റൊന്നാണ്. താന്‍ പറഞ്ഞതിന്റെ വീഡിയോ ക്ലിപ്പുകള്‍ വേണമെങ്കില്‍ പരിശോധിക്കാമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരള സന്ദേശ യാത്രക്കിടെ കാസര്‍കോട് ഡി.സി.സി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ആറുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: അലിഗഡില്‍ ശക്തമായ പ്രതിഷേധം

Posted: 18 Apr 2013 11:08 PM PDT

Image: 

ലഖ്നോ: അലിഗഡില്‍ ആറുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ പൊലീസിന്റെ നിഷ്ക്രിയത്വം ആരോപിച്ച് പ്രതിഷേധവുമായി റോഡിലിറങ്ങിയ  സ്ത്രീകളെയും കുട്ടികളെയും  പൊലീസ് തല്ലിച്ചതച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിനെ പൊലീസ് തല്ലുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പുറത്തു വിട്ടു.

വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചവറുകുനക്കു സമീപം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി തെളിഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്കെതിരെ പ്രതിഷേധവുമായി എത്തിയ പ്രദേശവാസികളെ പൊലീസ് തല്ലിച്ചതക്കുകയായിരുന്നു. ലാത്തി ചാര്‍ജില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞപ്പോഴാണ് ലാത്തി വീശിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന്റെ ക്രൂരമായ നടപടിക്കെതിരെ  വീണ്ടും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിനോട് മോശമായി പെരുമാറിയ പൊലീസുകാരനെയും പ്രതിഷേധക്കാരെ മര്‍ദിച്ച സര്‍ക്കിള്‍ ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു.

 

അല്‍ജസീറ ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു

Posted: 18 Apr 2013 10:24 PM PDT

Image: 

ദോഹ: ഒമ്പതാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ചലച്ചിത്രമേളക്ക് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ തിരിതെളിഞ്ഞു. ഷെറാട്ടണലിലെ മജ്ലിസ് ഹാളില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രപ്രതിഭകള്‍ തിങ്ങിനിറഞ്ഞ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. ഇനിയുള്ള നാല് നാളുകള്‍ ലോകസിനിമയുടെ വൈവിധ്യം നിറഞ്ഞ കാഴ്ചകളും അറബ്ലോകത്തിന്‍െറ ആത്സംഘര്‍ഷങ്ങള്‍ അഭ്രപാളികളില്‍ കോറിയിട്ട ചലച്ചിത്രവിസ്മയങ്ങളും ദോഹയുടെ പ്രേക്ഷകസമൂഹത്തിന് വിരുന്നൂട്ടും. ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍, കലാ, സാംസ്കാരിക, പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍കുവാരിയടക്കമുള്ള പ്രമുഖവും അല്‍ജസീറ നെറ്റ്വര്‍ക്കിലെ ഉന്നതോദ്യേഗസ്ഥരും  പങ്കെടുത്തു. അല്‍ജസീറ നെറ്റ്വര്‍ക്ക് ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ ഹമദ് ബിന്‍ ഥാമിര്‍ ആല്‍ഥാനി ഉദ്ഘാടനപ്രസംഗം നിര്‍വ്വഹിച്ചു. സിറിയയില്‍ കൊല്ലപ്പെട്ട അല്‍ജസീറ ലേഖകന്‍ മുഹമ്മദ് അല്‍ മുസല്ലമാനിയുടെ കുടുംബത്തെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി  ചൈനീസ് സംവിധായകനായ ഴീ ഴാങിന്‍െറ ‘അപ്പേയ്ന്‍റ്മെന്‍റ്’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. മേളയുടെ ഔചാരിക ഉദ്ഘാടനം വൈകിട്ടായിരുന്നെങ്കിലും പ്രദര്‍ശനം രാവിലെ ഒമ്പത് മണിമുതല്‍ ഷെറാട്ടണിലെ വിവിധ ഹാളുകളില്‍ ആരംഭിച്ചിരുന്നു. ന്യൂ ഹൊറൈസണ്‍ വിഭാഗത്തിലുള്ള ചിത്രങ്ങളാണ് ഇന്നലെ കൂടുതലും പ്രദര്‍ശിപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 300 പ്രതിനിധികള്‍ നാല് ദിവസത്തെ മേളയില്‍ പങ്കെടുക്കും. ചൈനീസ് ചലച്ചിത്രങ്ങളുടെയും ചലച്ചിത്രപ്രവര്‍ത്തകരുടെയും ശ്രദ്ധയമായ സാന്നിധ്യം ഇത്തവണത്തെ മേളയിലുണ്ട്.
‘ജാലകങ്ങള്‍’ എന്ന പ്രമേയത്തില്‍ ഈ മാസം 21 വരെ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി ഇന്ത്യയടക്കം 33 രാജ്യങ്ങളില്‍ നിന്നുള്ള 205 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോങ് വിഭാഗത്തില്‍ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ‘ഇന്‍ശാ അല്ലാ കശ്മീര്‍’, യാസ്മിന്‍ കിദ്വായിയുടെ ‘നോ പ്രോബ്ളം 6 മന്‍ത്സ് വിത്ത് ദി ബെയര്‍ഫൂട്ട് ഗ്രാന്‍റ്മാംസ്’, ഹ്രസ്വചിത്ര വിഭാഗത്തില്‍ ഡി. സന്തോഷ്കുമാറിന്‍െറ ‘സ്ക്രീം ഓഫ് സൈലന്‍സ്’, ആര്‍തി ശ്രീവാസ്തവയുടെ ‘വൈറ്റ് നൈറ്റ്’, ന്യൂ ഹൊറൈസണ്‍ വിഭാഗത്തില്‍ പ്രിയ ഗോസ്വാമിയുടെ ‘എ പിഞ്ച് ഓഫ് സ്കിന്‍’ എന്നീ ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്ന് പ്രേദര്‍ശിപ്പിക്കുന്നത്. ഈ ചിത്രങ്ങളുടെയെല്ലാം സംവിധായകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ഭാഗമായി ഇന്നും നാളെയും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

മനുഷ്യക്കടത്ത് നിയമത്തില്‍ ഭേദഗതി; കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ

Posted: 18 Apr 2013 10:21 PM PDT

Image: 

ദുബൈ: മനുഷ്യക്കടത്ത് തടയാന്‍ രാജ്യത്ത് നടപടി ശക്തമാക്കുന്നു. ഇതിന്‍െറ ഭാഗമായി മനുഷ്യക്കടത്ത് സംബന്ധിച്ച നിയമത്തില്‍ ഭേദഗതികള്‍ വരുത്തും. കുറ്റവാളികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഭേദഗതി. അതേസമയം, മനുഷ്യക്കടത്തിന് ഇരകളാകുന്നവരെ സഹായിക്കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കാനും തീരുമാനിച്ചു.
നിയമ ഭേദഗതി മൂന്നാഴ്ചക്കകം മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പിക്കുമെന്ന് ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലെ ലജിസ്ളേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ അഹ്മദ് അലി അല്‍ സഅബി പറഞ്ഞു. മനുഷ്യക്കടത്ത് തടയാന്‍ രാജ്യത്ത് നിലവിലുള്ള നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നത് സംബന്ധിച്ച ശിപാര്‍ശകള്‍ തയാറാക്കുന്നതായും ഇത് മന്ത്രിസഭയുടെ അനുമതിക്ക് സമര്‍പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  
മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്കും ഇതിന് സഹായിക്കുന്നവര്‍ക്കും വളരെ കടുത്ത ശിക്ഷയാണ് നിയമ ഭേദഗതിയിലൂടെ ഉറപ്പുവരുത്തുന്നത്. 51ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ഭേദഗതിയിലൂടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനൊപ്പം, ഇരകള്‍ക്ക് പരമാവധി സുരക്ഷ ലഭ്യമാക്കും. സ്ത്രീകളെയും കുട്ടികളെയും ഏതെങ്കിലും വിധത്തില്‍ ചൂഷണം ചെയ്യുന്നത് അനുവദിക്കില്ല. നിര്‍ബന്ധിതമായി ആരെയും ജോലി ചെയ്യിപ്പിക്കരുത്. അടിമത്ത സ്വഭാവമുള്ള കാര്യങ്ങളും തടയും. മനുഷ്യക്കടത്ത് കേസുകളിലെ പ്രതികള്‍ക്ക് പിഴ, ജയില്‍ ശിക്ഷ എന്നിവയുണ്ടാകും. അതേസമയം, കടുത്ത രീതിയിലുള്ള കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള വകുപ്പുകളും നിയമത്തിലുണ്ട്.
മനുഷ്യക്കടത്തിന് ഇരകളാകുന്നവര്‍ക്ക് സഹായം നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കാന്‍ നിര്‍ദേശമുണ്ട്. ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമ്പോള്‍ ഫീസ് ഒഴിവാക്കും. ഇതിനുപുറമെ, കേസ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കും. ഈ ആനുകൂല്യം കേസിലെ സാക്ഷികള്‍ക്കും ലഭിക്കും.
ഇരകളുടെ സ്വകാര്യത സംരക്ഷിക്കുകയും അവര്‍ക്ക് നിയമപരിരക്ഷ നല്‍കുകയും ചെയ്യും. ഇരകളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കേസ് നടപടികള്‍ രഹസ്യമായി നടത്താനും നിര്‍ദേശമുണ്ട്. ഇരകളുടെ ഫോട്ടോ, പേര് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ലംഘിച്ചാല്‍ നടപടിയുണ്ടാകും.  
മനുഷ്യക്കടത്ത് ഇരകളുടെ മാനസിക ആഘാതം ഇല്ലാതാക്കാന്‍ കൗണ്‍സലിങ് നല്‍കും. മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ ബോധവത്കരണം നടത്തും. പ്രത്യേകിച്ച് ദുബൈ വിമാനത്താവളത്തിലും മറ്റും ഇതിന് സംവിധാനമുണ്ടാകും. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഇരകളുമായി ബന്ധപ്പെട്ട് കേസിന്‍െറ വിവരങ്ങള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും. ഇരകളാകുന്ന സ്ത്രീകള്‍ക്ക് സഹായം തേടി വിളിക്കാന്‍ ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.
ദുബൈയിലെ വിമാനത്താവളങ്ങളില്‍ മനുഷ്യാവകാശ ഓഫിസുകള്‍ ആരംഭിക്കാന്‍ ഈയിടെ തീരുമാനിച്ചിരുന്നു. മനുഷ്യക്കടത്ത് കേസുകളില്‍ ഈ ഓഫിസ് ഉടന്‍ നടപടി സ്വീകരിക്കും. ഈ സേവനം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ലഭ്യമാകും.

സ്വര്‍ണ വിലയില്‍ ഇടിവ്; അവസരം മുതലാക്കി ഉപഭോക്താക്കള്‍

Posted: 18 Apr 2013 10:13 PM PDT

Image: 

മസ്കത്ത്: വിലയില്‍ അപ്രതീക്ഷിതമായി ഇടിവു വന്നതോടെ സ്വര്‍ണത്തിന് വിപണിയില്‍ ആവശ്യക്കാരേറുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുത്തനെ കുറഞ്ഞതാണ് ഇടപാടുകാരുടെ എണ്ണം വര്‍ധിക്കാനിടയാക്കിയത്. മസ്കത്തിലുള്ള വിവിധ ജ്വല്ലറികളിലെ വില്‍പ്പനക്കനുസരിച്ച് സ്റ്റോക്ക് ചെയ്യാന്‍ കഴിയാത്തത് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില കുറഞ്ഞതോടെ ആഭരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ കൂട്ടമായി എത്തുന്നത് മിക്ക ജ്വല്ലറികളിലെയും സ്റ്റോക്കിനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ആഭരണങ്ങള്‍, സ്വര്‍ണ കട്ടി, നാണയങ്ങള്‍ എന്നിവ കിലോ കണക്കിന് ഉപഭോക്താക്കള്‍ കൊണ്ടുപോകുന്നതാണ് സ്റ്റോക്കില്‍ കുറവു വരാന്‍ കാരണമെന്ന് പ്രമുഖ ജ്വല്ലറികള്‍ പറയുന്നു. ഒരു ഗ്രാം സ്വര്‍ണം 20ഉം 21ഉം റിയാലിന് വിറ്റിരുന്ന സ്ഥാനത്ത് 16 റിയാലിനൊക്കെയാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്.
ഫലത്തില്‍ നഷ്ടത്തിലാണ് ഇടപാടുകള്‍ നടക്കുന്നത്. ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ അവരെ തൃപ്തിപ്പെടുത്താന്‍ മാത്രം സ്റ്റോക്കില്ലാത്തതും നഷ്ടത്തില്‍ കച്ചവടം നടത്തേണ്ടി വരുന്നതും സ്വര്‍ണ വ്യാപാരികളെ പ്രയാസപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായി വില ഇടിഞ്ഞതോടെയാണ് ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 23 ഒമാന്‍ റിയാല്‍ വരെ ഉയര്‍ന്നിരുന്ന വില 16.700 ആയാണ് കുറഞ്ഞത്. 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 17.85 ഒമാന്‍ റിയാലാണ് ഇന്നലത്തെ വില. 22 കാരറ്റ് 17.1, 21 കാരറ്റ് ഗ്രാമിന് 15.500 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലത്തെ വിപണി വില. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഭരണങ്ങളുടെ ലഭ്യതയില്‍ കുറവു വന്നതാണ് ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ആഭരണങ്ങളും മറ്റും നല്‍കാനാവാത്ത സ്ഥിതി വിശേഷമുണ്ടാക്കിയിരിക്കുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വന്തമായി ഫാക്ടറിയുള്ള ജ്വല്ലറികള്‍ പോലും ആവശ്യത്തിന് സ്റ്റോക്കില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. മിക്ക രാജ്യങ്ങളിലും ആവശ്യക്കാരുടെ പെട്ടെന്നുള്ള വര്‍ധനവാണ് ഇതിനു കാരണം. സ്റ്റോക്കില്ലാത്തതിനാലും വില കുറച്ച് നല്‍കേണ്ടി വരുന്നതിനാലും ഉപഭോക്താക്കള്‍ കടയിലേക്ക് വരരുതെന്ന് പോലും ആഗ്രഹിക്കുന്ന വ്യാപാരികളുണ്ട്.

പ്രതിസന്ധിക്കിടെ പുതിയ വൈദ്യുതി പദ്ധതികളും നിലച്ചു; ഭാവിയും ഇരുട്ടിലേക്ക്

Posted: 18 Apr 2013 09:22 PM PDT

Image: 

ആലുവ: വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് പുതിയ പദ്ധതികളുടെ നിര്‍മാണവും നിലച്ചു. നിര്‍മാണത്തിലിരിക്കുന്ന ഏഴ് വലിയ പദ്ധതികളില്‍ ആറും വിവിധ കാരണങ്ങളാല്‍ മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്‍െറ ഭാവി വൈദ്യുതി പ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കുന്ന സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കിയിട്ടുള്ളത്. വന്‍കിട പദ്ധതികള്‍ പാരിസ്ഥിതിക കുരുക്കിലായതോടെ ചെറുകിട-ഇടത്തരം പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി നിര്‍മാണം തുടങ്ങിയവയാണ് പാതിവഴിയില്‍ നിലച്ചത്. 3000 കോടി മുതല്‍മുടക്കുള്ള നിര്‍ദിഷ്ട പദ്ധതികളില്‍ 2250 കോടിയുടേതാണ് നിര്‍മാണം സ്തംഭിച്ചത്. പള്ളിവാസല്‍ വിപുലീകരണം, തൊട്ടിയാര്‍, ചെങ്കുളം ഓഗെമന്റേന്‍,  ചിമ്മിനി, പെരുന്തേനരുവി, വെള്ളത്തൂവല്‍ എന്നിവയാണ് നിര്‍മ്മാണത്തിലിരിക്കെ മൂന്നാഴ്ചക്കിടെ മുടങ്ങിയ പദ്ധതികള്‍. ഭൂതത്താന്‍കെട്ട്, പെരിങ്ങല്‍കൂത്ത്,
ആനക്കയം, റാന്നി പെരുനാട്, ആട്യന്‍പാറ, അപ്പര്‍ കല്ലാര്‍, പൂവാരന്‍തോട്, ചെമ്പുക്കടവ് മൂന്നാം ഘട്ടം, പെരുവന്നമൂഴി തുടങ്ങിയ പദ്ധതികള്‍ പ്രാഥമിക ഘട്ടത്തില്‍ കുരുങ്ങിക്കിടക്കുകയും ചെയ്യുന്നു.
യഥാസമയം  തീരുമാനമെടുക്കുന്നതില്‍ ശുഷ്കാന്തിയില്ലാത്തതും ബോര്‍ഡ് അധികൃതരുടെ കെടുകാര്യസ്ഥതയും കൂടാതെ ബോര്‍ഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് പദ്ധതികളുടെ നിര്‍മാണം നിലക്കുന്നതിലോ തീര്‍ത്തും മെല്ലപ്പോക്കിലോ കലാശിക്കാന്‍ കാരണം. ഇതോടെ അടുത്ത സീസണില്‍ ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന്  വൈദ്യുതി മന്ത്രി പറയുന്നതും ഗൃഹപാഠം  ചെയ്യാതെയാണെന്ന് വ്യക്തമാകുന്നു. കാര്യമായ മഴ വരും സീസണില്‍ ലഭിച്ചാലും പുതിയ പദ്ധതികള്‍ കമീഷന്‍ ചെയ്യാനാകാത്ത സാഹചര്യം സംജാതമാകുന്നത് പ്രതിസന്ധി തുടരാന്‍ കാരണമാവും. ഇപ്പോഴത്തെ സര്‍ക്കാര്‍ വന്ന ശേഷം 2.5 മെഗാവാട്ട് വൈദ്യുതി മാത്രമാണ് പതുതായി ഉല്‍പാദിപ്പിക്കാനായത്. നാലും അഞ്ചും വര്‍ഷം മുമ്പ് കമീഷന്‍ ചെയ്യേണ്ടിയിരുന്ന പദ്ധതികള്‍ പോലും മുടങ്ങിക്കിടക്കുന്നവയില്‍പെടും.  കഴിഞ്ഞ 12 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പുതുതായി ലഭിച്ച വൈദ്യുതി 227.5 മെഗാവാട്ട് മാത്രമാണ്.
മുടങ്ങിയവയില്‍  40 മെഗാവാട്ടിന്റെതൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി  നാലിലൊന്നുപോലും പൂര്‍ത്തിയായിട്ടില്ല.  42 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കരാര്‍ ഒപ്പിട്ട പദ്ധതിയുടെ ജോലികള്‍  ഔദ്യാഗിക കണക്കനുസരിച്ച് ഇതുവരെ 24.13 ശതമാനം മാത്രമാണ് തീര്‍ന്നത്.  2ooo-ല്‍ കേന്ദ്രാനുമതി ലഭിച്ചചെ്ങ്കുളം ഓഗ്മെന്‍േറഷന്‍  10 വര്‍ഷത്തിന് ശേഷമാണ്  നിര്‍മ്മാണം തുടങ്ങിയത്. നിര്‍മ്മാണം ഇതുവരെ 37.6 ശതമാനം മാത്രം പൂര്‍ത്തിയായി. ഡാമും പവര്‍ ഹൗസും നിര്‍മ്മിക്കേണ്ടതില്ലാത്ത ചെങ്കുളം ഓഗ്മെന്‍േറഷനില്‍ നിന്ന്  ഉല്‍പ്പാദനശേഷി കൂട്ടുന്നതിലൂടെ മാത്രം 85 ദശലക്ഷം യൂണിറ്റ് വൈദ്യൂതി സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്.
നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചാണ്  60 മെഗാവാട്ടിന്റെപള്ളിവാസല്‍ വിപുലീകരണ പദ്ധതി നിര്‍മാണം തുടങ്ങിയത്. എന്നാല്‍ നിര്‍മ്മാണം തുടങ്ങി ആറരവര്‍ഷമായിട്ടും 72 ശതമാനം പണികളാണ്  പൂര്‍ത്തിയായത്. 2.5 മെഗാവാട്ടിന്റെചിമ്മിനി പദ്ധതിയുടെ നിര്‍മ്മാണം 1.6 ശതമാനവും  6 മെഗാവാട്ടിന്റെപെരുന്തേനരുവി പദ്ധതിയുടെ പണികള്‍  4.1 ശതമാനവും പൂര്‍ത്തിയായി.  3.6 മെഗാവാട്ടിന്റെവെള്ളത്തൂവല്‍ പദ്ധതി പൂര്‍ത്തിയായത് വെറും 0.68 ശതമാനം മാത്രം.

ബോസ്റ്റണ്‍ സ്ഫോടനം: ബോംബ് വെച്ചവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Posted: 18 Apr 2013 09:09 PM PDT

Image: 

വാഷിംഗ്ടണ്‍: ബോസ്റ്റണ്‍ മാരത്തണിനിടെ ഇരട്ട സ്ഫോടനം നടത്തിയവരുടെ ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്തു വിട്ടു. കുറ്റവാളികളെ കണ്ടെത്താന്‍ പൊതുജനത്തിന്‍െറ സഹായം അഭ്യര്‍ത്ഥിച്ചാണ് ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. മാരത്തണിന്റെ ഫിനിഷിങ് ലൈനിന് സമീപത്തുള്ള നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. കൂടാതെ വ്യത്യസ്ത ദിശകളില്‍ നിന്നുള്ള 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും എഫ്.ബി.ഐ പുറത്തു വിട്ടിട്ടുണ്ട്.

സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ ബാഗുമായെത്തിയ രണ്ടു പേരുടെ ചിത്രങ്ങളാണിത്. രണ്ടു പേരുടെയും ചുമലില്‍ ബാഗുണ്ട്. ഈ ബാഗുകളില്‍ ബോംബായിരുന്നുവെന്നാണ് കരുതുന്നത്. സംഭവ സ്ഥലത്ത് ഒരാള്‍ ബാഗ് ഉപേക്ഷിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ടെന്ന് ബോസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ പ്രസിഡന്‍റ് സ്റ്റീഫന്‍ മര്‍ഫി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബോസ്റ്റണ്‍ മാരത്തണിനിടെ ഞായറാഴ്ചയുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 170ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 14 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മുശര്‍റഫ് അറസ്റ്റില്‍

Posted: 18 Apr 2013 08:47 PM PDT

Image: 

ഇസ്ലാമാബാദ്: ജഡ്ജിമാരെ അന്യായമായി തടവിലിട്ട കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കേസില്‍ മുശര്‍റഫിന്‍െറ ജാമ്യ ഹരജി തള്ളിയ ഹൈകോടതി വ്യാഴാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതിവിധി വന്നതോടെ മുശറര്‍ഫ് ഇസ്ലാമാബാദിലെ തന്റെ ഫാം ഹൗസിലേക്ക് മുങ്ങുകയായിരുന്നു.

ഫാം ഹൗസില്‍ വെച്ച് വെള്ളിയാഴ്ച രാവിലെയാണ് മുശര്‍റഫിനെ അറസ്റ്റ് ചെയ്തത്. സബ്ജയില്‍ എന്ന പരിഗണന നല്‍കി ഫാം ഹൗസില്‍ തന്നെയാകും മുശര്‍റഫിനെ പാര്‍പ്പിക്കുക.

2007 നവംബര്‍ മൂന്നിനു പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തികാര്‍ മുഹമ്മദ് ചൗധരി ഉള്‍പ്പെടെ 60ലധികം ജഡ്ജിമാരെ തടവിലിട്ട കേസിലാണ് മുശര്‍റഫിനെതിരെ നടപടി. കേസില്‍ മുശര്‍റഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുശ്റഫിന്റെ അഭിഭാഷകര്‍ അറിയിച്ചു.

നാലു വര്‍ഷമായി വിദേശത്തായിരുന്നു മുശര്‍റഫ് കഴിഞ്ഞ മാസമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകിസ്താനില്‍ തിരിച്ചത്തെിയത്. മെയ് 11ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ആള്‍ പാര്‍ട്ടി മുസ്ലിം ലീഗിനെ നയിക്കുന്ന അദ്ദഹേം കറാച്ചി, ഇസ്ലാമാബാദ്, ചിത്രാല്‍, കസൂര്‍ എന്നീ മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദശേ പത്രിക നല്‍കിയിരുന്നു. എന്നാല്‍, മുഴുവന്‍ പത്രികയും തള്ളിയതോടെ കഴിഞ്ഞദിവസം അദ്ദഹേം തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പുറത്തായിരുന്നു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP