സ്വാഗതം
WELCOME

News Update..

Sunday, April 14, 2013

കൂടങ്കുളം ആണവ നിലയത്തിന് പാരിസ്ഥിതികാനുമതിക്ക് ശിപാര്‍ശ Madhyamam News Feeds

കൂടങ്കുളം ആണവ നിലയത്തിന് പാരിസ്ഥിതികാനുമതിക്ക് ശിപാര്‍ശ Madhyamam News Feeds

Link to

കൂടങ്കുളം ആണവ നിലയത്തിന് പാരിസ്ഥിതികാനുമതിക്ക് ശിപാര്‍ശ

Posted: 14 Apr 2013 01:09 AM PDT

Image: 

ന്യൂദല്‍ഹി: കൂടങ്കുളം ആണവ നിലയത്തിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ശിപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും.

ആണവ നിലയത്തില്‍ നിന്ന് പുറന്തള്ളുന്ന ജലത്തില്‍ ഉണ്ടായേക്കാവുന്ന അണുവികിരണങ്ങള്‍ പരിസ്ഥിതിക്കും കടലിലെ ആവാസ വ്യവസ്ഥക്കും ദോഷമുണ്ടാക്കുന്ന റിപ്പോര്‍ട്ട് വിദഗ്ദ സമിതി തള്ളി. നിലയത്തിലെ വെള്ളം  കടലിലേക്ക് വെള്ളം ഒഴുക്കി വിടാന്‍ സമിതി റിപ്പോര്‍ട്ടില്‍ അനുമതി നല്‍കുന്നുണ്ട്.

റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ തിരുനെല്ലി ജില്ലയില്‍ സ്ഥാപിച്ച കൂടംങ്കുളം ആണവനിലയത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ആണവനിലയത്തിലെ ആദ്യ യൂനിറ്റ് ഏപ്രിലില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഡര്‍ബനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്‍്റ് വ്ളാദമിര്‍ പുടിന് ഉറപ്പ് നല്‍കിയിരുന്നു.

റഷ്യയുടെ സഹകരണത്തോടെ ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് ആദ്യഘട്ടമായി കൂടങ്കുളത്ത് സ്ഥാപിച്ചത്. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാന്‍ റഷ്യയുമായി കേന്ദ്രസര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
 

വരുന്നു, വേറിട്ടൊരു വെരീറ്റോ

Posted: 14 Apr 2013 12:19 AM PDT

Image: 

വാലുമുറിച്ച വെരീറ്റോ എന്നിറങ്ങുമെന്നറിയാതെ വീര്‍പ്പുമുട്ടുന്നവരുണ്ടെങ്കില്‍ ശ്രദ്ധിക്കുക, അനന്തമായ കാത്തിരിപ്പിന് അറുതിയായി. നാല് മീറ്ററില്‍ താഴെ നീളമുള്ള വെരീറ്റോ അടുത്തമാസം പുറത്തിറങ്ങുമെന്ന് മഹീന്ദ്ര ഔദ്യാഗികമായി പ്രഖ്യാപിച്ചു.
വാലിന്‍െറ അറ്റം കുറച്ചുമുറിച്ചുവെന്നല്ലാതെ വേറെ കുഴപ്പമൊന്നും വെരീറ്റോക്ക് വന്നിട്ടില്ല. വാലില്ലാതായതോടെ കുറച്ചുകൂടി ഊര്‍ജ്ജസ്വലനായ വെരീറ്റോക്ക് മഹീന്ദ്ര നല്‍കിയ പേര് ‘വൈബ്’ എന്നാണ്. റെനോ നല്‍കിയ വിശ്വവിഖ്യാത പ്ളാറ്റ്ഫോം തന്നെയാണ് ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നത്. അതില്‍ മഹീന്ദ്രക്ക് പറ്റാവുന്ന പരിഷ്ക്കാരങ്ങളൊക്കെ സ്വന്തം നിലയില്‍ വരുത്തിയിട്ടുണ്ട്. പഴയ യാത്രാസുഖവും ദൃഢതയും വിശ്വാസ്യതയും ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു. ഉള്ളിലെ സ്ഥലം അധികമൊന്നും അന്യാധീനപ്പെട്ടിട്ടുമില്ല. ലോഗനെ ടാക്സിക്കാരും വെരീറ്റോയെ കുടുംബങ്ങളുമാണ് കൂടുതല്‍ സ്നേഹിച്ചത്. പക്ഷേ വൈബിനെ ചെറുപ്പക്കാര്‍ക്കാവും ഇഷ്ടമാവുക. അതോടെ ഡിസയറും അമേസും എറ്റിയോസും മാന്‍സയും കഷ്ടത്തിലാവും. നിലവിലുള്ള വെരീറ്റോയുടെ ഗുണമൊന്നും ചോരാതെ കണ്ണുതള്ളിക്കുന്ന ലുക്ക് നല്‍കാന്‍ മഹീന്ദ്ര കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. 1.5 ലിറ്ററിന്‍െറ ഡി.സി.ഐ ഡീസല്‍ എന്‍ജിനാണ് വൈബിലുള്ളത്. പതിനായിരം സി.സിയുടെ എന്‍ജിന്‍ നല്‍കാന്‍ മഹീന്ദ്രക്ക് പറ്റാഞ്ഞിട്ടല്ല.
നമ്മുടെ നാട്ടുനടപ്പനുസരിച്ച് നാല് മീറ്ററില്‍ താഴെ നീളമുള്ള പെട്രോള്‍ കാറിന് 1200 സി.സിയില്‍ താഴെയും ഡീസല്‍ കാറിന് 1500 സി.സിയില്‍ താഴെയുമാണ് എന്‍ജിന്‍ ശേഷിയെങ്കില്‍ എക്സൈസ് നികുതി 12 ശതമാനം മാത്രമാണ്. നികുതി ലാഭിച്ചാല്‍ കിട്ടുന്ന സന്തോഷം എത്രവലുതാണെന്ന് അനുഭവിച്ചറിയണം. അപ്പോള്‍ വൈബ് വാങ്ങിയാല്‍ എത്ര തരത്തിലുള്ള ആനന്ദമാണ് കിട്ടുകയെന്ന് ആലോചിച്ചുനോക്കൂ.
നിലവില്‍ ഏറ്റവും  കൂടുതല്‍ കടിപിടി നടക്കുന്ന മേഖലയാണ് സി സെഗ്മെന്‍റ്്. ജപ്പാന്‍ സ്വദേശികളായ സുസുക്കി, ഹോണ്ട, ടൊയോട്ട, ഹ്യുണ്ടായി എന്നിവര്‍ അഴിഞ്ഞാടുന്ന മേഖല. ഇതിനിടെ ഷെവര്‍ലെയും ഫോക്സ്വാഗണും പിച്ചവെച്ചു നടക്കുന്നു. ഈ വിദേശ വിപണനമേളയില്‍ നമുക്കുള്ള ആശ്വാസമാണ് ടാറ്റയും മഹീന്ദ്രയും. പക്ഷേ, ഇവര്‍ നമ്മുടെ നാട്ടുകാരാണ് എന്ന സ്വകാര്യ അഹങ്കാരം കൊണ്ടുനടക്കാമെന്നേയുള്ളൂ. ജപ്പാന്‍ കമ്പനികള്‍ ബഹുരാഷ്ട്ര ഭീമന്‍മാരാണെങ്കില്‍ ബഹുരാഷ്ട്ര നകുലനോ സഹദേവനോ ഒക്കെയാണ് ടാറ്റയും മഹീന്ദ്രയും. മറ്റ് ഏത് വമ്പന്‍മാരോടും മല്ലുപിടിക്കാന്‍ കെല്‍പ്പുള്ളവര്‍. ഈ സെഗ്മെന്‍റ്ലെ കാറുകളുടെ വില പരിശോധിക്കുക. എല്ലാം ഏകദേശം അഞ്ച് ലക്ഷത്തില്‍ തുടങ്ങി എട്ട് ലക്ഷത്തില്‍ അവസാനിക്കും. വില വലിയ ആകര്‍ഷക ഘടകമല്ലെങ്കില്‍ കാര്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ സൗകര്യത്തിനാണ് പ്രാധാന്യം നല്‍കുക. അതുകൊണ്ടുതന്നെ തൊട്ടടുത്ത എതിരാളികളെക്കാള്‍ മെച്ചമുള്ള കാറായിരിക്കും ഓരോരുത്തരും ഉണ്ടാക്കുക. വൈബും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ജപ്പാനെ വെല്ലുവിളിക്കാന്‍ മഹീന്ദ്രക്ക് പറ്റുമോയെന്ന് സംശയിക്കേണ്ട. പണ്ട് ജീപ്പുണ്ടാക്കി വിറ്റ് കഞ്ഞികുടിച്ചിരുന്ന മഹീന്ദ്രയല്ല ഇപ്പോള്‍. ആസ്തി മുക്കാല്‍ ലക്ഷം കോടി കവിയും. നൂറ് രാജ്യങ്ങളിലായി ഗ്രൂപ്പിന് കീഴിലുള്ളത് ഒന്നരലക്ഷത്തിലധികം ജീവനക്കാരാണ്. ട്രാക്ടര്‍, വിവിദോദ്ദേശ വാഹനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതില്‍ അഗ്രഗണ്യര്‍. കൈവെച്ച മേഖലകളില്‍ കൃഷി, വിമാനനിര്‍മാണം, ഊര്‍ജം, ധനകാര്യസ്ഥാപനം, വ്യവസായശാലകളിലെ ഉപകരണ നിര്‍മാണം, ഗതാഗതം, ഉരുക്ക് കച്ചവടം, വസ്തുക്കച്ചവടം, ചില്ലറ വില്‍പന, പ്രതിരോധ ഉപകരണങ്ങള്‍, തുടങ്ങി വിവരസാങ്കേതിക വിദ്യയും വിനോദസഞ്ചാരവും വരെ പെടും. ഇതുകൊണ്ട് സാധാരണക്കാരന് എന്താണ് മെച്ചമെന്ന് ചോദിച്ചാല്‍ കാര്യമായ ഒന്നുമില്ല. പക്ഷേ ലോകോത്തര കമ്പനി നക്കാപ്പിച്ച കാശിന് പറ്റിക്കില്ലെന്ന് ഉറപ്പിക്കാം. അവര്‍ അവരുടെ അന്തസിനൊത്ത ഉല്‍പന്നമായിരിക്കും വിപണിയിലെത്തിക്കുക. വെരീറ്റോ വൈബിനുള്ള ഉറപ്പും അതുതന്നെ.

ടി.പി സ്മാരകം തകര്‍ത്തതിനെച്ചൊല്ലി സംഘര്‍ഷം; ഗ്രനേഡ് പ്രയോഗിച്ചു

Posted: 13 Apr 2013 11:15 PM PDT

Image: 

വടകര: ടി.പി ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആര്‍.എം.പി വള്ളിക്കാടില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് രണ്ടു തവണ ഗ്രനേഡ് പ്രയോഗിച്ചു.

പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറില്‍ രണ്ടു ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയും കല്ലേറുണ്ടായി. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച സ്തൂപം ശനിയാഴ്ച രാത്രി 11.30 ഓടെയാണ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. സ്തൂപം തകര്‍ത്ത വാര്‍ത്ത പരന്നതോടെ നിരവധി ആര്‍.എം.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
 

റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെയാക്കുമെന്ന്; മന്ത്രിയെ പുറത്താക്കി

Posted: 13 Apr 2013 10:31 PM PDT

Image: 

ലഖ്നൗ: റോഡു വികസനത്തെ ബോളിവുഡ് താരങ്ങളുടെ കവിളിനോട് ഉപമിച്ച ഉത്തര്‍പ്രദേശ് മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ഹേമമാലിനിയുടെയും മാധുരി ദീക്ഷിതിന്റെും കവിളുകള്‍ പോലെയുള്ള റോഡുകള്‍ ജില്ലയില്‍ നിര്‍മിക്കുമെന്ന് പറഞ്ഞ ഖാദി, ഗ്രാമദ്യോഗ് വകുപ്പ് മന്ത്രി രാജ റാം പാണ്ഡെയെയാണ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. വെള്ളിയാഴ്ച പ്രതാപ്ഖഡിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്താണ് രാജ റാം ഇങ്ങനെയെരു പരാമര്‍ശം നടത്തിയത്.

മന്ത്രിയുടെ പരാമര്‍ശം സംസഥാനത്ത് രാഷ്ര്ടീയ സാമൂഹിക മേഖലയില്‍ കടുത്ത വിമര്‍ശത്തിനു വഴിവെച്ചിരുന്നു. തുടര്‍ന്ന്, ഗവര്‍ണര്‍ ബി.എല്‍ ജോഷിയുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി അഖിലേഷ് യാദവാണ് മന്ത്രിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഉത്തരവാദപ്പെട്ട ഒരു പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം പരാമര്‍ശം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പതക് അഭിപ്രായപ്പെട്ടു.

നേരത്തെ സുല്‍ത്താന്‍പൂര്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ ജില്ല കലക്ടര്‍ പദവിയില്‍ ഒരു സുന്ദരി ഉണ്ടായിരുന്നത് തന്റൊഗ്യമാണെന്ന് രാജ റാം പറഞ്ഞത് വന്‍ വിവാദമായിരുന്നു. എന്നിരുന്നാലും ഇതാദ്യമായാണ് രാജ റാമിനെതിരെ നടപടിയുണ്ടാവുന്നത്.      

 

വിദേശ തൊഴിലാളികളെ കുറക്കാനുള്ള നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കും -കുവൈത്ത് തൊഴില്‍ മന്ത്രി

Posted: 13 Apr 2013 10:28 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനുവേണ്ടി വര്‍ഷം തോറും ഒരു ലക്ഷം തൊഴിലാളികളെ കുറക്കുമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ദിക്റ അല്‍ റഷീദി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം തൊഴിലാളികളെ കുറക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ മന്ത്രി അതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അവ ഉടന്‍ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വിവിധ വകുപ്പുമകളുമായി ചര്‍ച്ച ചെയ്തും വിശദമായ പഠനം നടത്തിയും ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും രീതികളും മന്ത്രാലയം രൂപപ്പെടുത്തിവരികയാണ്. സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തിവെച്ചത് ഇതിന്‍െറ തുടക്കമെന്ന നിലയിലാണ് -മന്ത്രി പറഞ്ഞു. രാജ്യത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതിന് വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുകയേ നിവൃത്തിയുള്ളൂ. ജനസംഖ്യാപരമായ സന്തുലനം നിലനിര്‍ത്താനും ഇത് ആവശ്യമാണ് -മന്ത്രി ചൂണ്ടിക്കാട്ടി.
വര്‍ഷം തോറും ലക്ഷം വിദേശികളെ കുറക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യമെന്ന് ഒരു മാസം മുമ്പാണ് മന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഒട്ടും ആലോചിക്കാതെയും പഠിക്കാതെയും എടുത്ത തീരുമാനമാണിതെന്ന് പല കോണുകളില്‍നിന്നും വിമര്‍ശമുയര്‍ന്നിരുന്നു.
എന്നാല്‍, അവയെല്ലാം തള്ളിക്കളഞ്ഞ മന്ത്രി തീരുമാനവുമായി മുന്നോട്ടുപൊവുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്. ഇതിനുവേണ്ടി മന്ത്രാലയം ഇക്കാര്യത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് അഭിപ്രായം തേടിയിരുന്നു. മന്ത്രാലയത്തിന്‍െറ വക മൂന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് അവയില്‍ അഭിപ്രായമാരാഞ്ഞുകൊണ്ടും മറ്റു നിര്‍ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാനുമാണ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. ഓരോ രാജ്യത്തെ പൗരന്മാര്‍ക്കും പ്രത്യേക ക്വാട്ട നിശ്ചയിക്കുക, തൊഴിലാളികള്‍ക്ക് ഇഖാമ അടിക്കുന്നതിന് കാലാവധി നിശ്ചയിക്കുക, രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്ന പരമാവധി തൊഴിലാളികളെത്ര എന്ന് നിര്‍ണയിക്കുക എന്നീ നിര്‍ദേശങ്ങളാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
അവിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം, സാങ്കേതിക തൊഴിലാളികള്‍ക്ക് ഏഴ് വര്‍ഷം, വിദഗ്ധ തൊഴിലാളികള്‍ക്ക് പത്ത് വര്‍ഷം എന്നിങ്ങനെയാണ് കാലാവധി പരിഗണനയിലുള്ളത്. ഈ നിര്‍ദേശങ്ങളെക്കുറിച്ച് രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കാനാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ഈമാസം തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സമയം കഴിയാറായെങ്കിലും ആരും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചന. രാജ്യത്തെ 35 ലക്ഷത്തോളം ജനങ്ങളില്‍ പത്ത് ലക്ഷം മാത്രമാണ് സ്വദേശികള്‍. ബാക്കിയുള്ള 25 ലക്ഷം വിദേശികളെ പടിപടിയായി കുറച്ച് സ്വദേശികളുടെ അനുപാതം 35 ശതമാനത്തിലെങ്കിലും എത്തിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം.
 

വെനിസ്വേല ഇന്ന് ബൂത്തിലേക്ക്

Posted: 13 Apr 2013 10:07 PM PDT

Image: 

കറാക്കസ്: ഊഗോ ചാവേസിനു പിന്‍ഗാമിയെ തേടി വെനിസ്വേലയില്‍ ഞായറാഴ്ച പ്രസിഡന്‍്റ് തെരഞ്ഞെടുപ്പ് നടക്കും. ഇടക്കാല പ്രസിഡന്‍്റ് നിക്കോളാസ് മദുരോയും, മിറാണ്ട ഗവര്‍ണര്‍ ഹെന്‍്റിക് കാപ്രിലസും തമ്മിലാണ് ഏറ്റുമുട്ടല്‍.

മദുരോക്ക് പിന്തുണ പ്രഖ്യാപിച്ച് ആയരിക്കണക്കിന് അനുയായികള്‍ തലസ്ഥാനമായ കറാക്കസില്‍ റാലി നടത്തി. രാജ്യത്തെ പ്രധാന എണ്ണ സമ്പന്ന മേഖലയായ അഗാറിക്ക നഗരത്തിലാണ് കാപ്രിലാസ് അനുയായികള്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ചാവേസ് ഇല്ലാതെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫുട്ബോള്‍ താരം ഡീഗോ മറഡോണയും ചാവേസിന്റെഹോദരനും ബറിനാസ് ഗവറണറുമായ അദന്‍ ചാവേസും മദുരോക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിയിരുന്നു.

മദുരോക്ക്  ഭരണപരിചയമില്ലെങ്കിലും, ചാവേസിനുണ്ടായിരുന്ന ജനപിന്തുണയുടെ പിന്‍ബലത്തിലാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. മദുരോക്ക് തന്നെയാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ വിജയ സാധ്യത നല്‍കുന്നത്. എന്നാല്‍, മിറാണ്ട ഗവര്‍ണറായുള്ള  അനുഭവപരിചയമുള്ള കാപ്രിലസിനു രാജ്യത്തെ ശക്തരമായ കോര്‍പ്പറേറ്റ്  ലോബിയുടെ പിന്തുണയുണ്ട്.

15 ദശലക്ഷം പേരാണ് വെനിസ്വേലയില്‍ പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്.

കണിവിഭവങ്ങള്‍ മുതല്‍ കൈനീട്ടം വരെ

Posted: 13 Apr 2013 10:05 PM PDT

Image: 

ഇന്ത്യന്‍ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ആഘോഷങ്ങളോ ഉത്സവങ്ങളോ ധാരാളമുണ്ട്. അതിലൊന്നാണ് വിഷുവും. വിഷു ശരിക്കും സൂര്യനുമായി  ബന്ധപ്പെട്ട ഉത്സവമാണ്. മേടം എന്നാല്‍ സൂര്യന്‍െറ ഉച്ചസ്ഥാനമാണ്. മേടത്തിന്‍െറ ആദ്യത്തെ പത്ത് സൂര്യന്‍െറ ശരിക്കുമുള്ള ശക്തി പകര്‍ന്നുകിട്ടുന്ന ദിവസങ്ങളാണ്. മേടരാശി എന്നാല്‍ ആദ്യരാശിയെന്നാണ്. ഇഷ്ടദേവനെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പുതുവര്‍ഷപ്പിറവിയായാണ് ഹൈന്ദവവിശ്വാസികള്‍ ഇതിനെ നോക്കിക്കാണുന്നത്. തമിഴ്നാട്ടിലൊക്കെ സൂര്യനെ ആരാധിക്കുന്നത് കൂടുതല്‍ വ്യാപകമാണ്. സൂര്യന്‍െറ ഊര്‍ജം മലയാളികളുടെ പൂര്‍വികര്‍     ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കൃഷിയിലായിരുന്നു. അതുകൊണ്ട് വിഷു എന്നത് കാര്‍ഷിക കേരളത്തിന്‍െറ കണിയായി മാറിയതായിരിക്കണം.  വരുന്ന ഒരാണ്ടില്‍ തങ്ങളുടെ കാര്‍ഷിക മികവിനും ജീവിത നിറവിനും വേണ്ടിയുള്ള കണിയായി വിഷുദിനം കൊണ്ടാടപ്പെടുകയായിരുന്നു.  വിഷുമാത്രമല്ല, എല്ലാതരം ആഘോഷങ്ങളും പോയകാലങ്ങളില്‍ അതിന്‍െറ വൈവിധ്യം കൊണ്ടും പൊലിമകൊണ്ടും ശ്രേഷ്ഠമാണ്. ഇന്ന് ആഘോഷങ്ങളുടെ ഉള്ളടക്കങ്ങള്‍ എത്രമാത്രം കനപ്പെട്ടതാണ് എന്ന കാര്യത്തില്‍ ചില സംശയവും ഉണ്ട്.  എങ്കിലും വിഷു എന്ന ഉത്സവത്തെ മുന്‍നിര്‍ത്തി എനിക്ക് പറയാനുള്ളത് നമ്മുടെ കേരളത്തിന് തികച്ചും പുരോഗമന പരമായ ഒരു പരിണാമം ഉണ്ടായി എന്നതാണ്. നാടിന്‍െറ സാമ്പത്തിക ഘടനയിലുണ്ടായ ആ മാറ്റം ഗുണപരവും ആശ്വാസപരവുമാണ്.
ഏറ്റവും ലളിതമായി ഈ വസ്തുതയെ ഞാനുദാഹരിക്കാം. അതായത്, വിഷുദിനത്തില്‍ പഴയ തറവാടുകളിലും ഇടത്തരക്കാരുടെ വീടുകളിലും  കൈനീട്ടം കൊടുക്കുന്ന പതിവുണ്ട്. ആ വീട്ടിലെ ഏറ്റവും മുതിര്‍ന്നയാള്‍ തന്‍െറ കുടുംബാംഗങ്ങള്‍ക്കും പണിയിടത്തിലെ തൊഴിലാളികള്‍ക്കും നല്‍കുന്ന ദാനമാണത്.  പണ്ടൊരുവെള്ളിത്തുട്ടോ ഒരു നാണയമോ ഒക്കെയായിരുന്നു അത്. ഈ കൈനീട്ടം വാങ്ങാന്‍ പിരിഞ്ഞുപോയ ജോലിക്കാര്‍ മുതല്‍ ഭിക്ഷക്കാര്‍വരെ ഗൃഹങ്ങളില്‍ വിഷുവിന്    വരിവരിയായി വന്ന് നില്‍ക്കും. ഇവര്‍ക്കെല്ലാം കൊടുത്തുതീര്‍ക്കുവാനുള്ള പണം പല സമ്പന്ന ഗൃഹങ്ങളിലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
 കൈനീട്ടം കിട്ടുന്ന നാണയംകൊണ്ട് ഒരു നേരത്തെ ഭക്ഷണമോ വീട്ടിലേക്ക് എന്തെങ്കിലുമൊക്കെ സാധനങ്ങളോ വാങ്ങുവാന്‍ തികഞ്ഞിരുന്നു. അന്നത്തെ ഒരു ചെറിയ നാണയത്തുട്ടിനുപോലും അതിന്‍േറതായ മൂല്യമുണ്ടായിരുന്നു. ഇന്ന്  നാം വിഷു ആഘോഷിക്കുമ്പോള്‍ ഏതെങ്കിലും ഭവനത്തിന്‍െറ മുന്നില്‍ കൈനീട്ടം കാത്ത് നില്‍ക്കുന്നവരെ കാണാറുണ്ടോ? ഇല്ല.
അതിനര്‍ഥം കേരളത്തില്‍ അത്തരത്തിലുള്ള ഒരു ചടങ്ങ് ഇല്ലാതായി എന്നല്ല.  ഒരു വലിയ സാമൂഹിക അസമത്വം ഇല്ലാതായി എന്നാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന അതിര് ഇല്ലാതാകുന്നതിന്‍െറ ഒരു ലക്ഷണമാണത്. നമ്മുടെ കൂലിപ്പണിക്കാര്‍ക്ക് കുറഞ്ഞത്  500 രൂപയെങ്കിലും പ്രതിദിനം കിട്ടുന്ന സാഹചര്യമുണ്ട്. ബിവറേജസ് കോര്‍പറേഷനില്‍ പോയി 400 രൂപയും തുലച്ച് വീട്ടിലേക്ക് പോകുന്നവന്‍െറ ജീവിതവും കുടുംബവും ഒരുകാലത്തും രക്ഷപ്പെടുകയുമില്ല.
ഈ വിഷുദിനത്തില്‍ ഞാനെന്‍െറ പഴയകാല ഓര്‍മകള്‍ കുറിക്കുകയാണ്. പ്രകൃതിയും കാര്‍ഷിക വൃത്തിയുമായി വിഷുഎന്ന ആഘോഷത്തിന് എന്ത്മാത്രം അടുപ്പമുണ്ടായിരുന്നു എന്നത് മനസ്സിലാക്കാന്‍ വേണ്ടിയാണിത്. അന്നെല്ലാം വിഷുത്തലേന്ന് വീടുകളിലെ ഉരുളികള്‍ സ്ത്രീകള്‍ തേച്ചുകഴുകും. തേച്ച് സ്വര്‍ണത്തിന്‍െറ നിറമാക്കിയ ഉരുളിയിലാണ് കണിവിഭവങ്ങള്‍ നിറക്കുക. തിരുവാതിരക്ക് കിഴങ്ങ് വര്‍ഗങ്ങള്‍ ശേഖരിക്കുന്നതാണ് പതിവെങ്കില്‍ വിഷുവിന് പഴങ്ങളും പച്ചക്കറികളുമാണ്. ഏത്തനും, കപ്പയും,  വാഴപ്പഴങ്ങളുടെ വലിയ പടലയും ഉരുളിയിലൊരിടത്ത്വെക്കും. അഴകുള്ള ഒരു ചക്ക.  ഒരുകുല മാങ്ങയും ലക്ഷണമൊത്ത കണി വെള്ളരിക്കയും. സിന്ധൂരം ചാര്‍ത്തിയ ഒരു നാളികേരം. പിന്നെ കണിക്കൊന്നപ്പൂക്കള്‍. കൃഷ്ണന്‍െറ ഛായാചിത്രമോ പ്രതിമയോ. പൂജാമുറിയില്‍ കത്തിച്ചുവെച്ച നിലവിളക്കിനൊപ്പം അത് കണ്ണു തുറന്ന് കാണുമ്പോള്‍ എന്തൊരു നിറമായിരുന്നു, ഐശ്വര്യമായിരുന്നു, ആനന്ദമായിരുന്നു. ഇന്നും നമ്മളെല്ലാം വിഷുവിന് കണികാണാറുണ്ട്. പക്ഷേ അത് നമ്മുടെ പറമ്പിലോ വീട്ടുമുറ്റത്തോ വിളഞ്ഞ കാര്‍ഷിക വിഭവങ്ങളല്ല. തമിഴര്‍ അവരുടെ നാട്ടില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാര്‍ഷിക വിളകളാണ്.  ഇതാകട്ടെ നെഞ്ചിനുള്ളില്‍ ഓരോ മലയാളിക്കും സങ്കടമുണ്ടാകേണ്ട കാര്യവുമാണ്.
l

വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ സ്മാരകം തകര്‍ത്തു

Posted: 13 Apr 2013 09:19 PM PDT

Image: 

വടകര: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ സ്മാരകമായി നിര്‍മിച്ച സ്തൂപം അഞ്ജാതര്‍ തകര്‍ത്തു. വള്ളിക്കാട് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച സ്തൂപം ശനിയാഴ്ച രാത്രി 11.30ഓടെയാണ് തകര്‍ത്തത്.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എം.പി ആരോപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സ്മാരകം തകര്‍ത്തത് സി.പി.എമ്മിന്റെ അറിവോടെയെന്ന് രമ

വടകര: ടി.പി ചന്ദ്രശേഖരന്റെ സ്മാരകസ്തൂപം തകര്‍ത്തത് സി.പി.എം നേതാക്കളുടെ അറിവോടെയാണെന്ന് കെ.കെ രമ ആരോപിച്ചു. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും  സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും രമ കുറ്റപ്പെടുത്തി.
 

കണികാണാം നല്ലൊരു നാളേക്കായി

Posted: 13 Apr 2013 08:46 PM PDT

Image: 

പ്രതീക്ഷകളുടെ വിളവിറക്കുന്ന അനുഗൃഹീതമായ ദിവസമാണ് വിഷു. സമൃദ്ധമായ നല്ല നാളുകള്‍ സ്വപ്നം കണ്ടാണ് വാനോളമുള്ള ആകാംക്ഷയുടെ വിത്ത് മണ്ണിലിറക്കുന്നത്. കാലത്തിനായി കരുതിവെച്ച വിത്തുകള്‍ മണ്ണിലെത്തുന്നതോടെ പുതുമഴയെത്തും. പശിമയുള്ള മണ്ണ് മലയാളിയെ ചതിക്കില്ല എന്ന ഉറപ്പിലാണ് ഈ വിത്തുപാകല്‍. ഈയൊരു പ്രയത്നം മലയാളിയെ ചതിച്ചില്ലെന്നതാണ് ചരിത്രം.
മലയാളിക്ക് വിളവെടുപ്പ് ഉത്സവമാണ് ഓണമെങ്കില്‍ അത്രതന്നെ പ്രാധാന്യം വിഷുവിനുമുണ്ട്. വിത്തിറക്കാതെ വിളവെടുക്കാനാവില്ലല്ലോ എന്ന സാമാന്യ യുക്തിതന്നെയാണ് ഈ പ്രാധാന്യം കൈവന്നതിനു പിന്നില്‍. അങ്ങനെ മലയാളിയും മണ്ണുമായി വിഷുനാളുകള്‍ക്കുള്ള ആത്മബന്ധം പവിത്രമാണ്. മലയാളി ഉള്ളിടത്തെല്ലാം വിഷുക്കണിയും വിഷുക്കൈനീട്ടവും അതുവഴി ആഘോഷവുമുണ്ട്. ഏതു ദിക്കിലാണെങ്കിലും ഒരു കണിയും കൈനീട്ടവും കേരളീയര്‍ക്ക് നിര്‍ബന്ധമാണ്. അത് നിര്‍ബാധം ഇന്നും തുടരുന്നുവെന്നത് വിഷുവിന്‍െറ മഹത്വം വര്‍ധിപ്പിക്കുന്നു.
മറ്റ് ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒരുപാട് സവിശേഷതകള്‍ വിഷുവിനുണ്ട്. വിഷുവിന്‍െറ വരവറിയിച്ച് പ്രകൃതിതന്നെ അണിഞ്ഞൊരുങ്ങുന്നുവെന്നതാണ് പ്രധാനം. മഞ്ഞ വിരിച്ച് കണിക്കൊന്ന പൂത്തിരിക്കുന്ന കാലം വെറുമൊരു കാഴ്ചാനുഭവമല്ല സമ്മാനിക്കുന്നത്. സമൃദ്ധിയുടെ ദിനങ്ങളുടെ സൂചന അറിയിക്കുന്ന സന്ദേശമാണത്. പ്രതീക്ഷകളേകി വിഷുപ്പക്ഷിയും മരച്ചില്ലയിലിരുന്ന് പാടും.
വിഷു എന്ന വാക്കിനര്‍ഥം തുല്യതയാണ്. രാവും പകലും തുല്യമായി വരുന്നതാണ് മേടപ്പുലരി. ഏതൊരാള്‍ക്കും മറക്കാനാവാത്ത ദിനങ്ങളാണ് ഓരോ വിഷുപ്പുലരിയും നല്‍കുന്നത്. രാജാവിനായാലും പ്രജകള്‍ക്കായാലും അങ്ങനെ തന്നെ.

കോവിലകത്തെ കൈനീട്ടം
കോഴിക്കോട്ടെ തിരുവണ്ണൂര്‍ കോവിലകത്താണ് ഞാന്‍ ജനിച്ചത്. പാടേരി ഇല്ലത്ത് ശക്രന്‍ നമ്പൂതിരിപ്പാടാണ് പിതാവ്. മാതാവ് തിരുവണ്ണൂര്‍ കോവിലകത്ത് പടിഞ്ഞാറെക്കെട്ട് താവഴിയില്‍ പി.കെ. കുട്ടിമ്പാട്ടി തമ്പുരാട്ടി. ആറു മക്കളില്‍ രണ്ടാമനാണ് ഞാന്‍. മൂത്ത സഹോദരന്‍ പി.കെ.കെ. രാജ (കുട്ട്യേട്ടന്‍). പി.കെ.എം. രാജ, അനുജത്തി തമ്പുരാട്ടി, കൊച്ചുമ്പാട്ടി (മനോരമ തമ്പുരാട്ടി), കുട്ടി തമ്പുരാട്ടി എന്നിവര്‍ ഇളയവരാണ്. മക്കളില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളയാള്‍ ഞാന്‍ മാത്രം.
തിരുവണ്ണൂരിലെ കോവിലകത്ത് എല്ലാവരും ഒന്നിച്ചു താമസിക്കുന്ന കാലം. ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടുന്ന അസുലഭ മുഹൂര്‍ത്തമായിരുന്നു അത്. ഞങ്ങള്‍ മക്കള്‍ ആറു പേരും ഭാര്യമാരും (ഭര്‍ത്താക്കന്മാരും) മക്കളും അച്ഛനമ്മമാരും, അമ്മാവന്മാരും അമ്മായിമാരും, അവരുടെയെല്ലാം മക്കളും, മരുമക്കളും. ഏകദേശം മുന്നൂറിലേറെ പേരാണ് കൂട്ടുകുടുംബമായി കോവിലകത്ത് അന്ന് കഴിഞ്ഞത്. ഇവരൊത്തുള്ള സഹവാസം എന്നും ആഘോഷപ്രതീതിയാണ് ഉണ്ടാക്കിയിരുന്നത്. ഈ തിരക്കിലേക്കാണ് ഓണവും വിഷുവുമൊക്കെ വന്നെത്തുന്നത്. ആരവങ്ങളുടെ മധ്യത്തിലേക്ക് ആഘോഷമെത്തുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ഈ ദിനരാത്രങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്.
വിഷുദിനം പുലരുന്നത് കാത്തിരിക്കുകയാവും ഞങ്ങള്‍ ഓരോരുത്തരും. കുട്ടിക്കാലമാണ് ഈ സമയത്ത് ഏറെ ആഹ്ളാദകരമായി തോന്നുന്നത്. ഒരു മണിയാവുന്നതിനു മുന്നേ എല്ലാവരും എണീറ്റുകാണും. അല്ലെങ്കില്‍ വിളിച്ചുണര്‍ത്തിയിരിക്കും. അപ്പോഴേക്കും കണികാണാനുള്ള ഒരുക്കങ്ങള്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ ഒരുക്കിയിരിക്കും. ഉറക്കച്ചടവൊന്നുമില്ലാതെ നിറകണ്‍കാഴ്ച ആയിരിക്കുമത്.
ഇന്നത്തെപ്പോലെ തന്നെ ഓട്ടുരുളിയിലാണ് കണിയൊരുക്കുക. ശ്രീകൃഷ്ണ വിഗ്രഹം, സ്വര്‍ണച്ചങ്ങല, വെള്ളി, തേങ്ങാമുറി, ഉണക്കലരി, കണിക്കൊന്ന, വെള്ളരി തുടങ്ങിയവയാണ് കണികാണാന്‍ വെക്കുന്നത്. സ്വര്‍ണനാണയമെങ്കിലും നിര്‍ബന്ധമാണ്. ചക്കയാണ് ഉരുളിയിലെ മറ്റൊരു പ്രധാന ഇനം. ഇതിനായി നല്ല ഒരു ചക്ക കോവിലകത്തെ പറമ്പില്‍നിന്ന് തയാറാക്കിവെച്ചിരിക്കും. കണ്‍നിറയെ ഈ കാഴ്ച കണ്ടുകഴിഞ്ഞാല്‍ പിന്നെ കൈനീട്ടത്തിനായുള്ള ഓട്ടമാണ്.
നാലണ മുതല്‍ ഒരു രൂപവരെയാണ് കൈനീട്ടമായി ലഭിക്കുക. മുതിര്‍ന്ന അംഗങ്ങളില്‍നിന്ന് കൈനീട്ടം വാങ്ങാന്‍ കുട്ടികളായ ഞങ്ങള്‍ മത്സരിക്കുകയാവും. കോവിലകത്തെ ജോലിക്കാര്‍ക്കും അവിടെയെത്തുന്നവര്‍ക്കുമെല്ലാം ഈ കൈനീട്ടം കൊടുക്കേണ്ടതുണ്ട്. നൂറുകണക്കിനു പേര്‍ അങ്ങനെ തിരുവണ്ണൂര്‍ കോവിലകത്ത് അന്നെത്തിയിരിക്കും. ആരെയും ഒഴിവാക്കാനാവില്ല. രാജകുടുംബമല്ലേ. ഒരു പുണ്യമായാണ് ഈ വിഷുക്കൈനീട്ടത്തെ പൊതുവെ കാണുന്നത്. കോവിലകവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ജനതതന്നെ നാട്ടിലുണ്ടായിരുന്നു.

മത്താപ്പ്, പൂത്തിരി
കണി കണ്ടാല്‍ തന്നെ പൂത്തിരിയും മത്താപ്പും കത്തിച്ചുതുടങ്ങും. രാത്രിയില്‍ പൂത്തിരിക്കു ചുറ്റും കുട്ടികള്‍ ഓടിക്കളിക്കുന്നത് ആഘോഷത്തിമിര്‍പ്പ് പതിന്മടങ്ങാക്കും. നാടും കോവിലകവുമെല്ലാം പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതുപോലെയാണ് ആ ദിനം. കോഴിക്കോട് നഗരത്തില്‍നിന്ന് ഓലപ്പടക്കം കൊണ്ടുവന്നിട്ടുണ്ടാവും. ആഴ്ചകള്‍ക്കു മുമ്പ് വാങ്ങുന്ന ഓലപ്പടക്കം ഏറെനേരം വെയിലത്ത് ഉണക്കാനിരിക്കും. നന്നായി ഉണക്കിയ ശേഷമാണ് ഉപയോഗിക്കുന്നത്. അമിട്ടും വിഷുദിവസത്തിനായി കരുതിവെക്കും. കണിയും കൈനീട്ടവും നല്‍കിയ സന്തോഷം പൂത്തിരിപോലെ അന്തരീക്ഷത്തില്‍ ഏറെനേരം പടര്‍ന്നിരിക്കും.
ഇതിനിടെ, പലഹാരവും വേണ്ടുവോളം വിതരണം ചെയ്തിരിക്കും. വിവിധ പലഹാരങ്ങള്‍ ഇതിനായി നേരത്തേ തയാറാക്കിയിട്ടുണ്ടാവും. ഇതെല്ലാം കഴിഞ്ഞാല്‍ സദ്യ. ഭക്ഷണമുണ്ടാക്കാന്‍ നൂറോളം ബ്രാഹ്മണ സ്ത്രീകളാണ് അടുക്കളപ്പുരയിലുണ്ടാകുക. ഉറക്കമൊഴിഞ്ഞാവും രുചിക്കൂട്ടുകള്‍ ഇവര്‍ തയാറാക്കിവെച്ചിരിക്കുന്നത്. എല്ലാതരം വിഭവങ്ങളും ഭക്ഷണത്തിലുണ്ടാവും. ചക്ക, മാങ്ങ എന്നിവ കൊണ്ടുള്ള വിഭവങ്ങള്‍ നിര്‍ബന്ധമാണ്.
വിവിധ കുടുംബങ്ങള്‍ ഓരോ റൂമിലായാണ് താമസിക്കുന്നത്. ഇവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യ ഒരുക്കാന്‍ തൊഴിലാളികള്‍ വേറെയുമുണ്ടാകും. കോവിലകത്തുനിന്ന് ഒരു സദ്യ പലരും ഒരവകാശമായാണ് കരുതിയത്.

വിദേശത്തെ വിഷു
മലയാളി ഉള്ളിടത്തെല്ലാം വിഷു ആഘോഷിച്ചിരിക്കും. എന്നാല്‍, നാട്ടിലേതിന്‍െറ പകിട്ടൊന്നും അതിനുണ്ടാവില്ല. പ്രത്യേകിച്ച് പണ്ടുകാലത്ത്. 1949ലാണ് ഭാര്യ കമലരാജയുമൊത്ത് ജീവിതം വിദേശത്തേക്ക് പറിച്ചുനടുന്നത്. ഫോറിന്‍ സര്‍വീസില്‍ സെലക്ഷന്‍ കിട്ടിയതിനെ തുടര്‍ന്ന് വിവിധ എംബസികളിലാണ് പോസ്റ്റിങ് നടന്നത്. ആദ്യം ഫിലിപ്പീന്‍സിലായിരുന്നു നിയമനം. മൂന്നര വര്‍ഷത്തിനുശേഷം ന്യൂദല്‍ഹിയില്‍ തിരിച്ചെത്തി. വീണ്ടും വിവിധ എംബസികളിലായി നിയമനം. ഈജിപ്ത്, കാനഡ, ബംഗ്ളാദേശ്, ലബനാന്‍, ചെകോസ്ളാവാക്യ തുടങ്ങി രാജ്യങ്ങളിലായി മൂന്നര പതിറ്റാണ്ട് കാലം ചെലവഴിച്ചു.
റൂമുകളില്‍ കഴിച്ചുകൂട്ടിയ ഇക്കാലയളവില്‍ നാട്ടിലെ വിഷുക്കാലം നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്. ഇന്നത്തെപ്പോലെയല്ല. അന്ന് വിദേശരാജ്യത്ത് മലയാളികള്‍ വളരെ കുറവാണ്. കണിയും സദ്യയുമൊരുക്കുന്നുണ്ടെങ്കിലും വിഷുവാകുന്നില്ല. മനസ്സ് എപ്പോഴും കോവിലകത്തായിരിക്കും.
1980ല്‍ കേന്ദ്ര സര്‍വീസില്‍നിന്ന് വിരമിച്ച് വീണ്ടും തിരുവണ്ണൂരെത്തിയപ്പോള്‍ പഴയ വിഷുക്കാലം വീണ്ടും മനസ്സിലെത്തി. കോവിലകത്തെ പഴയ ബഹളമൊന്നുമില്ലെങ്കിലും പുത്തന്‍ കോവിലകത്തിരുന്ന് പഴയകാലത്തേക്ക് സഞ്ചരിക്കാനാണിഷ്ടം. കോഴിക്കോട് സാമൂതിരി രാജാവായ ഈ വേളയില്‍ സമൃദ്ധിയുടെ വിഷു ആശംസകള്‍ നേരുന്നു.
(തയാറാക്കിയത് എം.സി നിഹ്മത്ത്)

കലങ്ങിയ ബംഗാള്‍; മോഡിയുടെ ചൂണ്ട

Posted: 13 Apr 2013 08:38 PM PDT

Image: 

ലോകം മൂക്കത്തു വിരല്‍വെച്ച് കണ്ടുനിന്ന മമത ബാനര്‍ജിയുടെ  അട്ടിമറി വിജയത്തിനിപ്പോള്‍ രണ്ടു വയസ്സ്. പശ്ചിമ ബംഗാളിലാകെ ‘പരിവര്‍ത്തന’ത്തിന്‍െറ സന്ദേശം പരത്തിയായിരുന്നു വരവ്. ഭരിച്ച രണ്ടു വര്‍ഷംകൊണ്ട് സംസ്ഥാനം എന്തുനേടിയെന്ന ചോദ്യം ആളുകള്‍ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. പിടിച്ചു നില്‍ക്കാന്‍ മമത പലതും പരത്തിപ്പറയും: കടക്കെണിയില്‍ മുക്കിത്താഴ്ത്തിയാണ് സി.പി.എമ്മുകാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോയത്. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ല. ഭരിക്കാന്‍ സമ്മതിക്കുന്നില്ല. ബംഗാള്‍ ജനത ക്ഷമയോടെ അത് കേട്ടിരിക്കുന്നു. ഭരണനേട്ടം പ്രതീക്ഷിച്ചല്ല, ഭരണമാറ്റം ആഗ്രഹിച്ചാണ് സി.പി.എമ്മിനെ മറിച്ചിട്ട് തൃണമൂല്‍ കോണ്‍ഗ്രസിനെ ജനം വാഴിച്ചതെന്നാണ് രണ്ടുകൊല്ലം മുമ്പുനടന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്‍െറ പച്ചമലയാളം. ജനങ്ങളെ മടുപ്പിച്ചും മുരടിപ്പിച്ചും കളഞ്ഞ സി.പി.എമ്മിനെ എങ്ങനെയും മറിച്ചിടാന്‍ മമത പറ്റിയ ആയുധമായി. മമതയുടെ രീതിയും ഭരണവുമൊന്നും ജനത്തിന് പിടിക്കുന്നില്ലെങ്കിലും, അതിന്‍െറ പേരില്‍ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ തക്കവിധം സി.പി.എമ്മിനെ ജനം വീണ്ടും ആരാധിച്ചുതുടങ്ങിയിട്ടില്ല. യഥാര്‍ഥത്തില്‍ വെറുപ്പ് ബാക്കിയുമാണ്. അത്തരമൊരു ദു$സ്ഥിതി മാറ്റിയെടുക്കാനുള്ള വഴി കണ്ടെത്താന്‍ കണ്ണിലെണ്ണയൊഴിച്ചാണ് സി.പി.എമ്മിന്‍െറയും അനുബന്ധ ഇടതുകഷണങ്ങളുടെയും നില്‍പ്.
രക്തസാക്ഷികള്‍ ഇടതുപ്രസ്ഥാനത്തിന്‍െറ എക്കാലത്തെയും ആസ്തിയാണ്. മറ്റ് സ്ഥാവര ജംഗമ ആസ്തികളില്‍ കമ്പം കയറിയ ഇക്കാലത്തും രക്തസാക്ഷികളെ വീണുകിട്ടിയാല്‍ പാര്‍ട്ടി അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കും. ദീര്‍ഘകാലത്തെ ഇടതു ഭരണത്തിനിടയില്‍ പൊലീസിന്‍െറ തല്ല് കൊള്ളേണ്ട കാര്യമില്ലാതെ വളരാന്‍ കഴിഞ്ഞ ഇടതുയുവത്വത്തെ പലയിടത്തും മമതപ്പൊലീസ് കൈകാര്യം ചെയ്യുന്നുണ്ട്. മുഷ്ക്കന്മാരെ അടികൊടുത്തു മെരുക്കുന്ന മമതയുടെ മൃഗയാവിനോദം ആബാലവൃദ്ധം സി.പി.എം വിരോധികള്‍ ആസ്വദിക്കുന്നുമുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് അവിചാരിതമായി ഒരു രക്തസാക്ഷി പിറന്നത്. കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥി സമരത്തിനിടയില്‍ എസ്.എഫ്.ഐക്കാരനായ സുദീപ്തോ ഗുപ്ത മരിച്ചു. നൂറുകണക്കായ സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ബസുകളില്‍ കയറ്റി കൊണ്ടുപോയപ്പോഴായിരുന്നു അത്. ബസില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ ഡ്രൈവറുടെ അശ്രദ്ധകൊണ്ട് തലയിടിച്ചുവീണ് മരണം സംഭവിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. സമരക്കാരെ അതുവരെ ബസില്‍ പൊലീസ് ഉമ്മ വെച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് കരുതാന്‍ വയ്യ. സാങ്കേതികമായി പൊലീസ് കസ്റ്റഡിയിലാണ് മരണം. വീണതോ തല്ലിക്കൊന്നതോ എന്നതിനിടയിലെ സത്യം അവ്യക്തം. രണ്ടായാലും സുദീപ്തോ സി.പി.എമ്മിനു രക്തസാക്ഷി തന്നെ. പൊലീസ് കസ്റ്റഡിയില്‍ വിദ്യാര്‍ഥിയെ തല്ലിക്കൊന്ന തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്കെതിരായ പ്രക്ഷോഭം ദേശീയ തലത്തിലേക്ക് സി.പി.എം നീട്ടി.
സംസ്ഥാനത്തിന്‍െറ പദ്ധതി അടങ്കല്‍ ചര്‍ച്ചക്കെത്തിയ മമത ബാനര്‍ജിയെയും മന്ത്രി-ഉദ്യോഗസ്ഥ സംഘത്തെയും  ആസൂത്രണ കമീഷനു മുന്നില്‍ കരിങ്കൊടി കാണിച്ചു തടയാന്‍ എസ്.എഫ്.ഐക്കാര്‍ ശ്രമിച്ചു. വേണ്ടത്ര പൊലീസുകാര്‍ ഇല്ലാതിരുന്നതുകൊണ്ട് ധനമന്ത്രി അമിത് മിത്രയെ ഉന്തിത്തള്ളാനും കുര്‍ത്തയില്‍ പിടിച്ചു കീറാനുമൊക്കെ സാധിച്ചു. വി.ഐ.പി ഗേറ്റിലൂടെ അകത്തു കടക്കാമെന്ന് മുഖ്യമന്ത്രിയെയും മറ്റും പൊലീസ് ഉപദേശിച്ചതാണ്. താന്‍ വി.ഐ.പിയല്ല, എല്‍.ഐ.പി (ലീസ്റ്റ് ഇമ്പോര്‍ട്ടന്‍റ് പേഴ്സന്‍)യാണെന്ന് പറഞ്ഞ് ജനകീയത വാരിച്ചുറ്റി കാറില്‍നിന്നിറങ്ങിയ മമതയെ പൊലീസ് ഒരു വിധത്തിലാണ് അകത്തു കടത്തിയത്. അപ്പോഴേക്കും അമിത് മിത്ര സമരക്കാര്‍ക്കു നടുവിലായിപ്പോയി. സമരക്കാര്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, വാര്‍ത്താപ്രാധാന്യം നേടാന്‍ തുടര്‍ന്നു നടന്നതൊക്കെ മതിയായിരുന്നു. വീണതു വിദ്യയാക്കാനുള്ള അടുത്ത നീക്കത്തില്‍ പക്ഷേ, കസറിയത് മമത. മന്ത്രിയെ ആശുപത്രിയിലാക്കി. മമതയുടെ രക്തസമ്മര്‍ദമുയര്‍ന്നു. പ്രധാനമന്ത്രിയും മറ്റുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി കൊല്‍ക്കത്തക്കു മടങ്ങി. അന്നേരം കസ്റ്റഡി മരണമെന്ന പ്രശ്നം മാറ്റിവെച്ച് മന്ത്രിയെ കൈയേറ്റം ചെയ്ത കാടത്തം ജനം ചര്‍ച്ചചെയ്തു. മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്തതിനെ സി.പി.എമ്മിനുപോലും അപലപിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മറുവശത്ത് വേറെയും ചിലത് സംഭവിച്ചു. മുഖ്യമന്ത്രിയെ തല്ലിയവരുടെ പാര്‍ട്ടിഓഫിസുകള്‍ സംസ്ഥാനത്ത് തലങ്ങും വിലങ്ങും ആക്രമിക്കപ്പെട്ടു. അടി കൊള്ളില്ല, കൊടുക്കുകയേ ഉള്ളൂ എന്ന നിര്‍ബന്ധബുദ്ധിയൊന്നും ഉണ്ടായില്ല.
പശ്ചിമ ബംഗാളില്‍ പൊതുജനമാണ് പ്രതിസന്ധിയില്‍. പ്രതിപക്ഷത്തിന്‍െറയും ഭരണത്തിലിരിക്കുന്ന പ്രതിപക്ഷത്തിന്‍െറയും നടുവിലാണവര്‍. മാറ്റം ആഗ്രഹിച്ച പൊതുസമൂഹം കാണുന്നതും കേള്‍ക്കുന്നതും സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലടിക്കുന്നതിന്‍െറ കോലാഹലം മാത്രം. എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, അതുപ്രകാരം ഭരണം മുന്നോട്ടു നീക്കാന്‍ മമത ബാനര്‍ജിക്കു കഴിയുന്നില്ല. മൂന്നു പതിറ്റാണ്ടിന്‍െറ ഇടതുഭരണം പശ്ചിമ ബംഗാളിനെ പാപ്പരാക്കിയ കഥപറഞ്ഞ് രണ്ടുകൊല്ലം പിന്നിട്ട മമതക്കെതിരെ ക്രമസമാധാനത്തകര്‍ച്ചയും പൊലീസ്രാജും വിഷയമാക്കിയെടുത്ത് തെരുവിലേക്കിറങ്ങാന്‍ സി.പി.എം തീരുമാനിച്ചിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉടന്‍ നടക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പായി. മമതയെ നേരിടാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍തന്നെ തുടങ്ങിവെച്ചേ മതിയാവൂ. സംസ്ഥാനത്ത് മമത തിരിച്ചടി നേരിട്ടുതുടങ്ങിയിരിക്കുന്നു എന്ന സന്ദേശമാണ് ആദ്യം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍നിന്ന് വരേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ദേശീയ തലത്തില്‍ മെലിഞ്ഞൊട്ടിയ സി.പി.എമ്മിന്‍െറ ഇന്നത്തെ സ്ഥിതി മാറ്റിയെടുത്തേ മതിയാവൂ. അതുകൊണ്ടെല്ലാം മനോവിഷമത്തോടെ പ്രാര്‍ഥിക്കാം -രക്തസാക്ഷികള്‍ പിറക്കട്ടെ !
നന്ദിഗ്രാമിലും സിംഗൂരിലുമെത്തിയ സി.പി.എം കാടത്തങ്ങളില്‍ മടുത്ത് മമതയെ തെരഞ്ഞെടുത്തവര്‍ എന്തു പ്രാര്‍ഥിക്കണം? ഉത്തരവാദിത്തബോധവും പാകതയുമുള്ള ഒരു ഭരണാധികാരിയായി മമതയെ ഇന്നുവരെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഭരിക്കാന്‍ ആളില്ലാതെ, രണ്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്ന സ്ഥിതിവിശേഷമാണ് ഫലത്തില്‍ പശ്ചിമ ബംഗാളില്‍. കേന്ദ്രത്തോടും സി.പി.എമ്മിനോടും പടവെട്ടുന്ന ഝാന്‍സി റാണിയില്‍നിന്ന്, പശ്ചിമ ബംഗാളിന്‍െറ വികസനത്തില്‍ കേന്ദ്രീകരിക്കുന്ന ഭരണാധികാരിയായിട്ടില്ല മമത. അതിന് സി.പി.എം സമ്മതിക്കുമെന്നും തോന്നുന്നില്ല. മലയാളിക്കെന്നപോലെ പ്രതിപക്ഷ മനസ്സാണ് ബംഗാളിക്കും. ഭരണാധികാരിയായി വേഷം കെട്ടിയാല്‍, തന്നെ വളര്‍ത്തിയ പ്രതിപക്ഷ റോള്‍ ക്രമേണ സി.പി.എം അടിച്ചെടുക്കുമെന്ന് അവര്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഭരണമേല്‍പിച്ചിട്ടും പ്രതിപക്ഷ സ്ഥാനം വിടാതെ മമത കലഹിച്ചുകൊണ്ടേയിരിക്കുന്നത് സമര്‍ഥമായ രാഷ്ട്രീയ തന്ത്രമാണ്. അധികാരം കിട്ടിയിട്ടും ജനത്തിനൊപ്പം മമതയുണ്ടെന്ന വികാരം ബംഗാളികളില്‍ നിലനിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പ് മറികടക്കുകയാണ് ഇപ്പോഴത്തെ തന്ത്രം. സി.പി.എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ വിശന്നൊട്ടിയ ഇത്യോപ്യന്‍ കുട്ടിയാക്കിത്തന്നെ നിലനിര്‍ത്താനാണ് ‘എളിയ’ ശ്രമം. പരമാവധി സീറ്റ് കിട്ടിയാലത്തെ ദേശീയതല പ്രാധാന്യം അന്യത്ര.
മണ്ണും ചാരി നില്‍ക്കുന്ന നരേന്ദ്ര മോഡിയുടെ കണ്ണ് അതിലാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ്, സി.പി.എമ്മിനെ ആഞ്ഞുകുത്തുന്ന മമത ബാനര്‍ജി അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ സഹായിക്കില്ലെന്നു വിചാരിച്ച് മാറിനില്‍ക്കേണ്ട ആവശ്യം നരേന്ദ്ര മോഡിക്കുണ്ടോ? ജയലളിതയും മമതയുമൊക്കെ പിന്തുണക്കുന്ന ഒരു നല്ലകാലം കാശുമുടക്കാതെ സ്വപ്നം കാണാനെങ്കിലും പറ്റും. ആ വഴിക്ക് ശ്രമിക്കാനും പറ്റും. അതിന്‍െറ ഭാഗമായിട്ടാണ് പടിഞ്ഞാറന്‍ കാവിസാമ്രാജ്യത്തില്‍നിന്ന് കിഴക്കോട്ടു പറന്ന് മോഡി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ഇറങ്ങിയത്. അന്നേരം മമത വടക്കോട്ടു പറന്ന് ഇന്ദ്രപ്രസ്ഥം പൂകി. തൊട്ടാല്‍ തൊടുന്നവനെ നാറുമെന്ന് മുന്‍കൂട്ടി കണ്ടുവെന്ന് പറഞ്ഞാല്‍ അതിന്‍െറ അര്‍ഥം പൂര്‍ണമായി. അന്യദേശത്തു നിന്നൊരു മുഖ്യമന്ത്രി, സ്വന്തം നാട്ടിലെത്തി കൂടിക്കാഴ്ചക്ക് കടന്നുചെന്നാല്‍ വിസമ്മതം പറയാന്‍ പ്രയാസമുണ്ടാവുമെന്ന് മമത മുന്‍കൂട്ടി കണ്ടു. അത്തരമൊരു കൂടിക്കാഴ്ച നടന്നാല്‍ പടമെടുപ്പിച്ച് മോഡി എല്ലാവര്‍ക്കും വിളമ്പും. അമേരിക്കക്ക് തന്നോടുള്ള പ്രണയം നാട്ടുകാരെ അറിയിക്കാന്‍ അവിടത്തുകാരെ വിലകൊടുത്തു കൊണ്ടുവന്ന് പടമെടുപ്പിച്ച് വിതരണം ചെയ്തയാളാണ്.  കെണിയില്‍പ്പെടാതെ രക്ഷപ്പെടാന്‍ ദല്‍ഹിക്ക് പറക്കുകയല്ലാതെ മമതക്കു പോംവഴി ഉണ്ടായിരുന്നില്ല.  
അങ്ങനെ മമതയില്ലാത്ത കൊല്‍ക്കത്ത സന്ദര്‍ശിച്ച് മോഡി നിരാശനായി മടങ്ങി. നമുക്കറിയാം: മമത പുണ്യവതിയൊന്നുമല്ല. തരംപോലെ ബി.ജെ.പിക്കൊപ്പവും കൂടിയിട്ടുണ്ട്. അത് അന്നത്തെ രാഷ്ട്രീയം. പക്ഷേ, ജനപക്ഷത്ത് നില്‍ക്കുകയും ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുകയും മതനിരപേക്ഷത അവകാശപ്പെടുന്ന ചേരിയില്‍ നില്‍ക്കുകയും ചെയ്ത ഘട്ടത്തിലാണ് സി.പി.എമ്മിനെ തള്ളിമാറ്റി പശ്ചിമ ബംഗാളിന്‍െറ ഭരണം ജനങ്ങള്‍ സ്വന്തം കൈയില്‍ വെച്ചുതന്നതെന്ന ബോധ്യം മമതക്ക് ഉണ്ടാകാതിരിക്കാന്‍ തരമില്ല. വ്യവസായികള്‍ പ്രണയിക്കുന്ന മോഡിയും വെറുക്കുന്ന മമതയും തമ്മിലും അന്തരമേറെ. സി.പി.എമ്മിനെ തള്ളിപ്പറഞ്ഞ പശ്ചിമ ബംഗാളിലെ ജനത്തിന്‍െറ പിന്തുണ ചോര്‍ന്നുപോകാതിരിക്കാന്‍ ബി.ജെ.പിയില്‍നിന്നും മോഡിയില്‍നിന്നും അകലം പാലിക്കാന്‍ മമത ബാധ്യസ്ഥയാണ്. പശ്ചിമ ബംഗാളിലാണ്, ദേശീയ രാഷ്ട്രീയത്തിലല്ല മമതയുടെ ഇപ്പോഴത്തെ ചുവട് എന്നിരിക്കേ, മണ്ണു ചാരി നില്‍ക്കുന്ന മോഡിക്ക് മൂടും തട്ടി സ്ഥലംവിടുകയേ തല്‍ക്കാലം മാര്‍ഗമുള്ളൂ. തൃണമൂല്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും കോണ്‍ഗ്രസിനുമായി പകുത്തുനല്‍കിയ ഭൂമികയില്‍ ബി.ജെ.പിക്ക് പാദം വെക്കാന്‍ മൂന്നടി മണ്ണ് അലോട്ടു ചെയ്യാന്‍ മമതക്ക് തല്‍ക്കാലം കഴിയില്ല. ശേഷം ഭാഗം ലോക്സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞ് വെള്ളിത്തിരയില്‍!
l

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP