സ്വാഗതം
WELCOME

News Update..

Saturday, April 27, 2013

എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി സഖ്യം കാര്യം നേടാനെന്ന് വി.എസ് Madhyamam News Feeds

എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി സഖ്യം കാര്യം നേടാനെന്ന് വി.എസ് Madhyamam News Feeds

Link to

എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി സഖ്യം കാര്യം നേടാനെന്ന് വി.എസ്

Posted: 27 Apr 2013 12:43 AM PDT

Image: 

തൃശൂര്‍: എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യ നീക്കം സ്വന്തം കാര്യം നേടാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. സമുദായം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നീക്കം. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തിയെടുക്കാനുള്ള ഇവരുടെ ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.  

വര്‍ഗീയവാദികളുടെ കുപ്രചാരണം ഇനി വിലപ്പോവില്ല. മതേതര ശക്തികളെ ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്നും വി.എസ് പറഞ്ഞു.
എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി സഖ്യം ഭരിക്കുന്നവരെ വിരട്ടി കാര്യംനേടാനുള്ള തന്ത്രമാത്രമായി കണ്ടാല്‍ മതിയെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഈ രണ്ട് സമുദായ സംഘടനകളും പിന്തുണച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല. ഇരിങ്ങാലക്കുടയില്‍ നടന്‍ ഇന്നസെന്‍്റിനെ സന്ദര്‍ശിക്കാനെത്തിയ  വി.എസ്സ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു

 

ഹയര്‍സെക്കന്‍ഡറി: ഒഴിഞ്ഞുകിടക്കുക രണ്ടായിരത്തിലേറെ സീറ്റുകള്‍

Posted: 27 Apr 2013 12:30 AM PDT

കൊല്ലം: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഒഴിഞ്ഞുകിടക്കുന്നത് രണ്ടായിരത്തിലേറെ സീറ്റുകള്‍. ഇത് പരിഗണിക്കാതെ പുതിയ ബാച്ചുകളും എല്ലാ പഞ്ചായത്തിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചത് വിവാദമാകുന്നു.
കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞ് കിടന്നത് നാലായിരത്തിലേറെ സീറ്റുകളാണ്. ഹയര്‍സെക്കന്‍ഡറിയില്‍ 30958 സീറ്റും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 4830 മായി ആകെ 35788 സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 3231 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍  863 സീറ്റുകളുമാണ് കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നത്. കൂടാതെ ഐ.ടി.സി, ടി.ടി.സി, മറ്റ് പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലെ സീറ്റുകളും ഉണ്ട്.
എന്നാല്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍  ജില്ലയില്‍നിന്ന്് പാസായത് 33,132 വിദ്യാര്‍ഥികള്‍ മാത്രമാണ്. ഇവരെല്ലാം ഹയര്‍സെക്കന്‍ഡറി മേഖല തെരഞ്ഞെടുത്താല്‍തന്നെ രണ്ടായിരത്തിലേറെ സീറ്റുകള്‍ നിറയ്ക്കാന്‍ മറ്റ് ജില്ലകളില്‍നിന്ന് വിദ്യാര്‍ഥികള്‍ വരേണ്ടി വരും. ഇതൊന്നും പരിഗണിക്കാതെയാണ് ഓരോ പഞ്ചായത്തിലും സ്കൂളുകളും പുതിയ ബാച്ചുകളും അനുവദിക്കാന്‍ തുടങ്ങുന്നത്.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് വഴി സര്‍ക്കാറിന് അധിക ബാധ്യതയേ വരുത്തൂ. പുതിയ പ്രഖ്യാപനം വിദ്യാഭ്യാസകച്ചവടത്തിനുമിടയാക്കാനാണ് സാധ്യത.രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്ത് അധികമായി അനുവദിച്ച 550 ബാച്ചുകളില്‍ തസ്തിക സൃഷ്ടിക്കാനോ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനോ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞിട്ടില്ല.
തസ്തികകള്‍ സൃഷ്ടിച്ചേ ബാച്ചുകളും സ്കൂളുകളും അനുവദിക്കാവൂ എന്നാണ് പ്രഫ. ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിലും നിര്‍ദേശിച്ചിരിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെയുള്ള പുതിയ പദ്ധതി നിക്ഷിപ്ത താല്‍പര്യക്കാരെ സഹായിക്കാനേ ഉപകരിക്കുകയുള്ളൂ. അധിക ബാച്ച് അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി  ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് രാജന്‍ മലനട അധ്യക്ഷത വഹിച്ചു. സാം ജോണ്‍, ശ്രീരംഗം ജയകുമാര്‍, ഫിലിപ്പ് ജോര്‍ജ്, സന്തോഷ് കുമാര്‍, സിന്ധു വെണ്ടാര്‍, ശ്രീകുമാര്‍ കടയാറ്റ്, മാത്യു പ്രകാശ്, നിസാം, കസ്മീര്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
 

സുരക്ഷാ ക്രമീകരണങ്ങളില്ല: അരൂര്‍ ബൈപാസ് ജങ്ഷനില്‍ അപകട ഭീഷണി

Posted: 27 Apr 2013 12:20 AM PDT

അരൂര്‍: ദേശീയപാതയിലെ ഏറ്റവും തിരക്കുള്ള അരൂര്‍ ബൈപാസ് ജങ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങളില്ല. എറണാകുളം, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ ഇവിടെ  അപകടങ്ങള്‍ പതിവായിട്ടും ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ അധികൃതര്‍ അവഗണിക്കുകയാണ്.
ബൈപാസ് ജങ്ഷനില്‍ മൂന്ന് റോഡുകളാണ് സന്ധിക്കുന്നത്. ആലപ്പുഴ, തോപ്പുംപടി, വൈറ്റില എന്നിവിടങ്ങളില്‍നിന്ന് എ ത്തുന്ന റോഡുകളാണ് ജങ്ഷനില്‍ ഒന്നിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അധികവും തോപ്പുംപടി റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കും തോപ്പുംപടി ഭാഗത്തേക്കും വാഹനങ്ങള്‍ എത്തും. ഇവയെല്ലാം വലിയ ആശയക്കുഴപ്പത്തില്‍ നട്ടംതിരിയുന്നത് സ്ഥിരം കാഴ്ചയാണ്. പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതും ഈ ആശയക്കുഴപ്പമാണ്. ഇവിടെ സിഗ്നല്‍ ലൈറ്റുകളില്ല. രാത്രിയില്‍ വെളിച്ചവുമില്ല. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ട പ്രധാന ജങ്ഷനാണിത്. പക്ഷേ സാധാരണ വഴിവിളക്കുകള്‍ പോലും ഇവിടെയില്ല. ട്രാഫിക് ഐലന്‍ഡ് സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പൊലീസുകാര്‍ക്ക് എല്ലാ ദിശകളില്‍ നിന്നും എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും സാധ്യമല്ല.
ട്രാഫിക് ലൈന്‍ സിസ്റ്റം ആരംഭിക്കുന്ന ജങ്ഷനാണിത്. എന്നാല്‍, വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഒരാളും ഇവിടെ ഉണ്ടാകാറില്ല. കോടികള്‍ മുടക്കി നാലുവരിയാക്കി ഹൈവേ പുനര്‍നിര്‍മാണം നടത്തിയപ്പോള്‍ അലങ്കാരദീപങ്ങളും മീഡിയന്‍ സൗന്ദര്യവത്കരണവും ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങളും പദ്ധതിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു.
വാഹനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുഖ്യപ്രാധാന്യം കാല്‍നടക്കാര്‍ക്കായിരിക്കുമെന്നും അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അരൂര്‍ ബൈപാസ് ജങ്ഷനില്‍ വഴിയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെ ക്ളേശിക്കേണ്ടിവരും. നാലുപാടും ഓടിയടുക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ പലരും മറുവശമെത്തുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. ഒരുമാസം ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കുന്നത് ഒരുകോടിയിലേറെ രൂപയാണ്. എന്നാല്‍, ബൈപാസിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രികരുടെ സുരക്ഷക്ക് ഒരുപൈസപോലും ചെലവാക്കില്ലെന്ന വാശിയിലാണ് ഹൈവേ അധികൃതര്‍.

മെട്രോ റെയില്‍ സ്ഥലം ഏറ്റെടുക്കല്‍: വില നിര്‍ണയിക്കാന്‍ ചര്‍ച്ച തുടങ്ങി

Posted: 27 Apr 2013 12:14 AM PDT

കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ വിവിധ സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങി. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി പ്രാഥമികമായി നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീതിന്‍െറ നേതൃത്വത്തിലാണ് ചര്‍ച്ച. ഇടപ്പള്ളി ഹൈസ്കൂള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, തൈക്കൂടം, പേട്ട സ്റ്റേഷനുകള്‍, ശീമാട്ടി കോറിഡോര്‍ എന്നിവയുടെ വില നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ചയാണ് വെള്ളിയാഴ്ച നടന്നത്. മെട്രോ ഡെപ്യൂട്ടി കലക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ളയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതരും സ്ഥലമുടമകളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇടപ്പള്ളി ഹൈസ്കൂള്‍ ജങ്ഷനില്‍ 8.5 സെന്‍റ്, കലൂര്‍ സ്റ്റാന്‍ഡില്‍  2.4 സെന്‍റ്, എളംകുളത്ത് 2.64 സെന്‍റുമാണ് ഏറ്റെടുക്കുന്നത്. തൈക്കൂടത്ത് 1.17 ഏക്കറും പേട്ടയില്‍ 1.37 ഏക്കറും ഏറ്റെടുക്കാനാണ് വിജ്ഞാപനം. ശീമാട്ടി കോറിഡോറിനായി 27 സെന്‍റും ഏറ്റെടുക്കും. ഒരാഴ്ചക്കുള്ളില്‍ ചര്‍ച്ച പൂര്‍ത്തീകരിച്ച് സ്ഥലം ഡി.എം.ആര്‍.സിക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. പത്തടിപ്പാലം, ആലുവ ബൈപാസ്, കമ്പനിപ്പടി, അപ്പോളോ ടയേഴ്സ്, ഇടപ്പള്ളി കവല, പുളിഞ്ചോട്, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മാധവഫാര്‍മസി, മഹാരാജാസ് കോളജ് എന്നീ 10 സ്റ്റേഷനുകളുടെ അലൈന്‍മെന്‍റ് നിര്‍ണയം പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കലിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
നോര്‍ത്ത്, സലിം രാജന്‍ റോഡ് റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഫുട് ഓവര്‍ബ്രിഡ്ജ്, മുട്ടം മെട്രോ യാര്‍ഡ് എന്നിവക്ക് സ്ഥലം ഏറ്റെടുത്ത് കെ.എം.ആര്‍.എല്‍ മുഖേന ഡി.എം.ആര്‍.സിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നടപടികളുടെ അന്തിമഘട്ടത്തിലേക്ക് ജില്ലാഭരണകൂടം കടന്നിരിക്കുന്നത്. സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില സംബന്ധിച്ച് ഉടമകളുമായി ധാരണയിലെത്തിയാല്‍  80 ശതമാനം തുക നല്‍കി ഉടന്‍ ഏറ്റെടുക്കും. ബാക്കി തുക സംസ്ഥാന ഉന്നതതല സമിതിയുടെ തീരുമാനത്തിന് വിധേയമായി കൈമാറും. പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഉടമകളുമായി ചര്‍ച്ചയില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമുള്ള നടപടിയിലൂടെയാകും സ്ഥലം ഏറ്റെടുക്കുകയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മണല്‍ കയറ്റാന്‍ ഭാരതപ്പുഴയിലിറക്കിയ15 ലോറികള്‍ പിടികൂടി

Posted: 27 Apr 2013 12:11 AM PDT

വടക്കാഞ്ചേരി: മണല്‍ കയറ്റാന്‍ ഭാരതപ്പുഴയിലിറക്കിയ 15 ലോറികള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത്  കലക്ടര്‍ക്ക് കൈമാറി. വള്ളത്തോള്‍നഗര്‍ പഞ്ചായത്തിലെ മേച്ചേരി കടവിലിറക്കി ലോഡ് നിറച്ച 13 ലോറികളും നിറക്കാനുള്ള രണ്ട് ലോറിയുമാണ് ചെറുതുരുത്തി എസ്.ഐ പി.പി. ജോയിയും സംഘവും പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം.റവന്യൂ അധികൃതരുടെയും പഞ്ചായത്തിന്‍െറയും ഒത്താശയോടെയാണ് ഹൈകോടതിയുടെ നദീസംരക്ഷണ നിയമവും മണല്‍വാരല്‍ നിയന്ത്രണ നിയമവും ലംഘിച്ച മണല്‍ കടത്ത് നടത്തുന്നത്.
 ലോറികള്‍ വിട്ടുകൊടുക്കണമെന്ന് സ്റ്റേഷനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ഗീത  അഭ്യര്‍ഥിച്ചത് തന്നെ അധികൃതരുടെ ഒത്താശക്ക് ഉദാഹരണമാണ്. സെക്രട്ടറിയുടെ ആവശ്യം എസ്.ഐ നിരസിച്ചു. ആവശ്യം രേഖാമൂലം തന്നാല്‍ പരിഗണിക്കാമെന്നായിരുന്നു എസ്.ഐയുടെ നിലപാട്.
തലപ്പിള്ളി താലൂക്കോഫിസില്‍നിന്ന് വിതരണം ചെയ്ത റവന്യൂ പാസുമായി എത്തി പുഴയിലിറക്കിയതായിരുന്നു ലോറികള്‍. ലോറികള്‍ കരയില്‍ നിര്‍ത്തി തൊഴിലാളികള്‍ തലച്ചുമടായി മണല്‍ കയറ്റണമെന്നാണ് നിയമം.  2001ല്‍ സര്‍ക്കാര്‍ അംഗീകരിച്ച് 2002ല്‍ ഹൈകോടതി ഉത്തരവായതാണ് നദീസംരക്ഷണ നിയമവും മണല്‍ വാരല്‍ നിയന്ത്രണ നിയമങ്ങളും. കൂടാതെ നദികളില്‍ ഖനനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണമെന്ന 2012ലെ സുപ്രീംകോടതി ഉത്തരവിന്‍െറയും ലംഘനമാണ് പുഴയില്‍ ലോറിയിറക്കി മണല്‍ നിറക്കുന്നത്. പിടിച്ചിട്ട ലോറികള്‍ പുഴയില്‍ തന്നെ നിര്‍ത്തി കാവലേര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് എസ്.പി അറിയിച്ചതായി എസ്.ഐ പറഞ്ഞു. വേറെ സ്ഥലമില്ലാത്തതാണ് കാരണം.
 

കൊടുങ്ങല്ലൂരില്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു

Posted: 27 Apr 2013 12:03 AM PDT

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മേഖലയില്‍ രാത്രിയുടെ മറവില്‍ വീണ്ടും മൂന്ന് ടിപ്പറുകള്‍ ആക്രമിച്ചു.
കൊടുങ്ങല്ലൂര്‍ പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന വാഹന ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് വ്യാഴാഴ്ച അര്‍ധരാത്രി മത്തേല ആനാപ്പുഴയില്‍ ടിപ്പറുകള്‍ ആക്രമിക്കപ്പെട്ട സംഭവം.
മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലും രാത്രിയുടെ മറവില്‍ വാഹനങ്ങള്‍ നശിപ്പിക്കുന്ന അക്രമികളുടെ അഴിഞ്ഞാട്ടം ഏറിവരികയാണ്. കുഴപ്പക്കാരെ ഇടക്കിടെ പൊലീസ് പിടികൂടുന്നുവെങ്കിലും വസ്തുവകകള്‍ നശിപ്പിക്കുന്ന ഈ രീതി വ്യാപകമാവുകയാണ്.
 മത്തേല, എറിയാട്, അഴീക്കോട്, പി.വെമ്പല്ലൂര്‍, ശ്രീനാരായണപുരം, കൂളിമുട്ടം ഭാഗങ്ങളിലായി സമീപകാലത്തായി ഒട്ടേറെ തീവെപ്പ്, അടിച്ചുതകര്‍ക്കല്‍ അക്രമങ്ങള്‍ നടന്നിട്ടുണ്ട്.
മത്തേല ആനാപ്പുഴ ഉണ്ടേകടവ് പാലത്തിന് സമീപം വടക്കേടത്ത് രാജേഷിന്‍െറ മൂന്ന് ടിപ്പറുകളാണ് വ്യാഴാഴ്ച രാത്രി അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്. ടി.കെ.എസ് പുരത്ത് ബുധനാഴ്ച രാത്രി ബവാസ് ബേക്കറിയുടെ വാഹനം മതില്‍ചാടി കടന്നുവന്ന അക്രമികള്‍ തല്ലിതകര്‍ത്തു.
ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂര്‍ ചാത്തേടത്ത് പറമ്പില്‍ ബെന്നിയുടെ ഓട്ടോ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഇതിന് തലേന്ന് മത്തേല കണ്ടംകുളത്ത് വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ടിപ്പറുകള്‍ തല്ലിതകര്‍ത്തു. തൊട്ട് മുമ്പത്തെ ദിവസം മത്തേല കടുകചുവടില്‍ ആഡംബര കാര്‍ രാത്രിയിലെത്തിയ അക്രമി സംഘം തീവെച്ചു.
ഇതിന് പിറകില്‍ പ്രണയ പ്രതികാരമാണെന്ന് കണ്ടെത്തിയ പൊലീസ് മൂന്നുപേരെ പിടികൂടിയിരുന്നു. മത്തേല പറമ്പികുളത്ത് നഗരസഭ കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമം നടത്തിയ സംഘത്തെയും കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു.
ഇതിനിടയില്‍ മതിലകം സ്റ്റേഷന്‍ പരിധിയിലെ പി.വെമ്പല്ലൂരില്‍ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് അക്രമിസംഘം അടുത്ത പറമ്പില്‍ കൊണ്ടുപോയി തീവെച്ച് ചാമ്പലാക്കിയ സംഭവമുണ്ടായി. ഇതിന് ഒരാഴ്ച മുമ്പ് മതിലകം എമ്മാട് ഓട്ടോ അഗ്നിക്കിരയാക്കി.  അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം ഒരു വീട്ടിലെ ഒരു ഓട്ടോ രണ്ടുതവണ കത്തിച്ചു.
അരിശം തീരാത്ത അക്രമികള്‍ കുടുംബനാഥന്‍ ഉപയോഗിച്ചിരുന്ന ആക്ടിവയും തീവെച്ചു. തിരുവെള്ളൂരില്‍ രണ്ട് ബൈക്കുകള്‍ കത്തിയതിന്‍െറ തുമ്പ് കണ്ടെത്താനായില്ല.
മാസങ്ങള്‍ക്ക് മുമ്പ് ശ്രീനാരായണപുരം ആമണ്ടൂരില്‍ കിടക്ക ഫാക്ടറി കത്തി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട സംഭവമുണ്ടായി.
സമാന സംഭവം മുമ്പ് എറിയാടും നടന്നിട്ടുണ്ട്. എന്നാല്‍, സമീപകാലത്താണ് കത്തിക്കലും തകര്‍ക്കലും ഏറിയത്. പല കേസുകളിലും പൊലീസ് ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ്.

മജിസ്ട്രേറ്റുമാരില്ല; ഹോസ്ദുര്‍ഗ് കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു

Posted: 26 Apr 2013 11:45 PM PDT

കാഞ്ഞങ്ങാട്: മജിസ്ട്രേറ്റുമാരില്ലാത്തതിനാല്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു. ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിലാണ് കഴിഞ്ഞ രണ്ടര മാസമായി മജിസ്ട്രേറ്റില്ലാത്തത്.
ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എറണാകുളത്തേക്ക് സ്ഥലംമാറ്റം കിട്ടി പോയതിന് പകരം ആളെ നിയമിച്ചിട്ടില്ല. ഇപ്പോള്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ മാത്രമാണ് കേസുകള്‍ വിളിക്കുന്നത്. മേയ് പത്തോടെ ഈ കോടതിയിലെ മജിസ്ട്രേറ്റും സ്ഥലംമാറി പോവുകയാണ്.
പ്രധാന കേസുകള്‍ തീര്‍പ്പ് കല്‍പിക്കേണ്ട കോടതിയില്‍ മജിസ്ട്രേറ്റ് ഇല്ലാത്ത അവസ്ഥ കേസുകളെ സാരമായി ബാധിക്കും. നൂറുകണക്കിന് കേസുകളാണ് ഈ കോടതിയില്‍ ഒരുദിവസം എത്തുക.  പല കേസുകളും കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
മജിസ്ട്രേറ്റുമാരില്ലാതാകുമ്പോള്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കും. കഴിഞ്ഞ രണ്ടുദിവസമായി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) അവധിയായതിനാല്‍ ഹോസ്ദുര്‍ഗ് കോടതിയുടെ പ്രവര്‍ത്തനം നിലച്ച മട്ടായിരുന്നു. സിവില്‍ കോടതിക്ക് വെക്കേഷന്‍ അവധിയായതിനാല്‍ അതും തുറന്നില്ല.

ജില്ലയില്‍ മദ്യത്തില്‍ മായം ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്

Posted: 26 Apr 2013 11:42 PM PDT

 കണ്ണൂര്‍:  ജില്ലയിലെ ബാറുകളിലും കള്ളുഷാപ്പുകളിലും നല്‍കുന്ന മദ്യത്തില്‍ മായം ചേര്‍ക്കുന്നതായി ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ റിപ്പോര്‍ട്ട്. വ്യാജമദ്യം തടയാനുള്ള ജില്ലാതല ജനകീയ സമിതി യോഗത്തിലാണ് മദ്യത്തില്‍ വീര്യവ്യത്യാസം കണ്ടെത്തിയ സംഭവങ്ങളുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഡെപ്യൂട്ടി  എക്സൈസ് കമീഷണര്‍ പി. ജയരാജന്‍ സമര്‍പ്പിച്ചത്.
2013 ഫെബ്രുവരി ആറ് മുതല്‍ ഏപ്രില്‍ 22 വരെ ജില്ലയില്‍ 201 അബ്കാരി കേസുകള്‍  എടുത്തതായും  സമിതി കണ്‍വീനര്‍ കൂടിയായ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍  യോഗത്തെ അറിയിച്ചു.  10 നാര്‍ക്കോട്ടിക് കേസുകളും പിടിച്ചു. 215 പേരെ പ്രതിചേര്‍ത്തു.  697.075 ലിറ്റര്‍ വിദേശമദ്യം, 44.515 ലിറ്റര്‍ മാഹി മദ്യം, 28 ലിറ്റര്‍ ചാരായം, 18.5 ലിറ്റര്‍ വാഷ് എന്നിവ തൊണ്ടി മുതലായി ഈ കാലയളവില്‍ പിടികൂടി.  3200 വാഹനങ്ങള്‍ പരിശോധിച്ചു. മദ്യം കടത്തിയ ഒമ്പത് വാഹനങ്ങള്‍  പിടിച്ചെടുത്തു.  ഇതിനുപുറമെ പൊലീസ് വകുപ്പ് 197 അബ്കാരി കേസുകളിലായി 236 പ്രതികളെ അറസ്റ്റ് ചെയ്യുകയും 11.74 ലിറ്റര്‍ വിദേശമദ്യവും നാടന്‍ ചാരായവും പിടിച്ചെടുക്കുകയും ചെയ്തു.
കണ്ണൂര്‍ സന്നിധാന്‍ ബാര്‍, പുതിയതെരു ഗീത റസിഡന്‍സി, കൂത്തുപറമ്പ് സര്‍ക്കിളിലെ പേള്‍വ്യൂ റീജന്‍സി, ഹോട്ടല്‍ വിക്ടോറിയ എന്നീ ബാര്‍ ഹോട്ടലുകളില്‍ നിന്നെടുത്ത സാമ്പിളുകളിലാണ് വീര്യവ്യത്യാസം കണ്ടെത്തിയത്.  തലശ്ശേരി റെയ്ഞ്ചിലെ ആണിക്കാംപൊയില്‍ കള്ളുഷാപ്പിലെ കള്ളില്‍ വീര്യക്കൂടുതല്‍ കണ്ടതിനെ തുടര്‍ന്ന് ഈ ഗ്രൂപ്പിലെ ഏഴ് കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.  ജില്ലയില്‍ ഉത്സവസ്ഥലങ്ങളില്‍ മദ്യപരിശോധന കര്‍ശനമാക്കാന്‍ സമിതി യോഗം തീരുമാനിച്ചു.  ഇതിനായി പൊലീസ്-എക്സൈസ് സംയുക്ത പരിശോധന കര്‍ശനമാക്കും. ബാറുകളില്‍ മദ്യത്തോടൊപ്പം ഭക്ഷണം നല്‍കുന്നില്ലെന്ന് അംഗങ്ങള്‍ പരാതിപ്പെട്ടു.  മദ്യം മാത്രം വിതരണം ചെയ്യുന്ന ബാറുകളില്‍ പരിശോധന നടത്തി നടപടിയെടുക്കണമെന്ന നിര്‍ദേശവും അംഗങ്ങള്‍ മുന്നോട്ടുവെച്ചു.  
മദ്യപിച്ചും പാന്‍മസാലപോലുള്ള പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചും ബസുകളില്‍ യാത്ര ചെയ്യുന്നത് നിരുത്സാഹപ്പെടുത്താന്‍ ബോധവത്കരണവും പരിശോധനയും വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.  രാത്രി ബസ് യാത്രകളില്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടിവരുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.  അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മദ്യത്തിനും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനുമെതിരെ ബോധവത്കരണം നടത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.
സമിതി ചെയര്‍മാന്‍ ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍  അധ്യക്ഷത വഹിച്ചു.   അസി.എക്സൈസ് കമീഷണര്‍ വി.വി.സുരേന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി, സന്നദ്ധ സംഘടനാ പ്രതിനിധികളായ മുകുന്ദന്‍ മാസ്റ്റര്‍, കെ.കെ.രാജന്‍, എ.പി.രാഗേഷ്, ടി.ചന്ദ്രന്‍, പി.സൂര്യദാസ്, കൃഷ്ണന്‍ നമ്പൂതിരി പന്നിയോട്ട് ഇല്ലം, പി.അബ്ദുല്‍ ലത്തീഫ്, കെ.പി.സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലപ്പുറം ഫെസ്റ്റിന് കോട്ടക്കുന്ന് ഒരുങ്ങിത്തുടങ്ങി

Posted: 26 Apr 2013 11:29 PM PDT

മലപ്പുറം: നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി മേയ് ഒന്നുമുതല്‍ 19 വരെ കോട്ടക്കുന്നില്‍ സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റിന്‍െറ കാല്‍നാട്ടല്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. കശ്മീര്‍ താഴ്വരയിലെ ദൃശ്യ വിസ്മയങ്ങളുമായി അഡോണ്‍ മഞ്ഞ് താഴ്വര, ഫുഡ് ഫെസ്റ്റ്, പുഷ്പമേള, വിദേശ മത്സ്യ-പക്ഷി പ്രദര്‍ശനം എന്നിവ ഉണ്ടാകും.  ഉദ്ഘാടന ദിവസം പിന്നണി ഗായിക സയനോര അവതരിപ്പിക്കുന്ന ഗാനമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 

നാവിക ആസ്ഥാനത്തെ പീഡനം; സി.ബി.ഐ അന്വേഷണം വേണമെന്ന് പരാതിക്കാരി

Posted: 26 Apr 2013 11:22 PM PDT

Image: 

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്തെ പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. കേരള പൊലീസിന്റെയും നാവിക സേനയുടെയും അന്വേഷണത്തില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഭര്‍ത്താവിന്റെ ഒത്താശയോടെ മേലുദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭുവനേശ്വര്‍ സ്വദേശിയായ ലഫ്റ്റനന്റ് രവികിരണിന്റെ ഭാര്യയാണ് ഭര്‍ത്താവിനും മേലുദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഭര്‍ത്താവിനും കമാന്‍ഡര്‍ ഉള്‍പ്പെടെ 10 മേലുദ്യോഗസ്ഥര്‍ക്കുമെതിരെ ഹാര്‍ബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിവാഹത്തിനുശേഷം ഭര്‍ത്താവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പതിവായി പീഡിപ്പിക്കുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഭ്രാന്തിയായി മുദ്രകുത്തി തന്നെ ഒഴിവാക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. ഇതിനൊപ്പമാണ് മേലുദ്യോഗസ്ഥര്‍ക്ക് കാഴ്ചവെക്കാനും ശ്രമിച്ചത്. നേവിയില്‍ ഇതൊക്കെ പതിവാണെന്ന് പറഞ്ഞാണ് മേലുദ്യോഗസ്ഥര്‍ക്കൊപ്പം കിടക്കപങ്കിടാന്‍ ശ്രമിച്ചത്. വഴങ്ങാത്തതിന്റെ പേരില്‍ ഒരു ദിവസം കമാന്‍ഡര്‍ മൂന്ന് കീഴുദ്യോഗസ്ഥരും ചേര്‍ന്ന് കമാന്‍ഡറിന്റെ മുറിയില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുന്നതിന് രവികിരണിനെതിരെ 498 (എ) വകുപ്പും മറ്റുള്ളവര്‍ക്കുമെതിരെ 354, 341, 506 (ഒന്ന്) വകുപ്പുകളും ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, സംഭവം കുടുംബപ്രശ്‌നം മാത്രമാണെന്നും ഭര്‍ത്താവിനോടുള്ള പകതീര്‍ക്കാന്‍ പരാതിക്കാരി മേലുദ്യോഗസ്ഥരെയും ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നുമാണ് നാവികസേനയുടെ റിപ്പോര്‍ട്ട്.  

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP