സ്വാഗതം
WELCOME

News Update..

Wednesday, April 17, 2013

കൊടുവള്ളിയില്‍ യൂത്ത്ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി Madhyamam News Feeds

കൊടുവള്ളിയില്‍ യൂത്ത്ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി Madhyamam News Feeds

Link to

കൊടുവള്ളിയില്‍ യൂത്ത്ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Posted: 17 Apr 2013 12:01 AM PDT

കൊടുവള്ളി: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കൊടുവള്ളിയില്‍ മുസ്ലിം യൂത്ത്ലീഗ്-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടക്കുന്ന കൊടുവള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ പരിസരത്ത് രാവിലെ മുതല്‍തന്നെ വിവിധ ഗ്രൂപ്പുകാര്‍ തമ്മില്‍ വാക്കേറ്റങ്ങള്‍ നടന്നിരുന്നു. ഗ്രൂപ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ പ്രശ്നം വഷളാവുമെന്ന് തോന്നിച്ചെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തിലെത്തിനില്‍ക്കേ പോളിങ് സ്റ്റേഷന്‍ പരിസരത്തുള്ള എം.എല്‍.എ ഓഫിസിലേക്ക് പോവുകയായിരുന്ന യൂത്ത്ലീഗ് മണ്ഡലം സെക്രട്ടറി ഹാരിസ് അമ്പായത്തോടിനെ ഒരുവിഭാഗം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.കെ. ജലീലിനെ യൂത്ത്ലീഗുകാര്‍ ആക്രമിച്ചെന്നാരോപിച്ചായിരുന്നു ഇത്.
വിവരമറിഞ്ഞെത്തിയ യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്‍റ് എം.കെ.ബി. മുഹമ്മദിനും മര്‍ദനമേറ്റു. പരിക്കേറ്റ മുഹമ്മദിനെ കൊടുവള്ളി സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. യൂത്ത്ലീഗ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റതറിഞ്ഞ് സ്ഥലത്തെത്തിയ മുസ്ലിംലീഗ് നേതാക്കള്‍ക്കുനേരെയും യൂത്ത്കോണ്‍ഗ്രസ് ആക്രമണമുണ്ടായി. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടക്കുന്ന പോളിങ്ബൂത്തില്‍ ഒരുസംഘം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി പോളിങ് സാമഗ്രികള്‍ നശിപ്പിച്ചു. ബാലറ്റ് പേപ്പറുകളും പെട്ടിയും മറ്റു രേഖകളും തകര്‍ത്തതോടെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെട്ടു. തുടര്‍ന്നുണ്ടായ കല്ലേറില്‍ കമ്യൂണിറ്റി ഹാളിന്‍െറ ജനല്‍ചില്ലുകള്‍ തകര്‍ന്നു. പോളിങ്ബൂത്ത് പരിസരത്തും കൊടുവള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്തും ഇരുവിഭാഗം പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ ഇവരെ തുരത്താനായി പൊലീസ് പലതവണ ലാത്തിച്ചാര്‍ജ് നടത്തി. രണ്ടു തവണ കണ്ണീര്‍വാതകവും പ്രയോഗിച്ചു.
അക്രമങ്ങള്‍ക്കിടെ കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ സുബൈര്‍, ലസിത്ത്, അഭിലാഷ് എന്നിവര്‍ക്ക് പരിക്കേറ്റു. താമരശ്ശേരി ഡിവൈ.എസ്.പി ജെയ്സണ്‍ കെ. അബ്രഹാം, സി.ഐ ഇ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സംഭവസ്ഥലത്തുണ്ടായിരുന്നു.
നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗ് കൊടുവള്ളിയില്‍ പ്രകടനം നടത്തി.

രമേശ് ചെന്നിത്തല എം.വി.ആറുമായി കൂടിക്കാഴ്ച നടത്തി

Posted: 16 Apr 2013 11:43 PM PDT

Image: 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ വിഷയത്തിലടക്കം ഉടക്കി നില്‍ക്കുന്ന സി.എം.പിയെ അനുനയിപ്പിക്കാനായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിലെ എം.വിആറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു.

എം.വി.ആറുമായി കൂടിയാലോചിച്ച് മാത്രമേ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്ന് കൂടിക്കാഴ്ചയില്‍ ചെന്നിത്തല എം.വി.ആറിനെ അറിയിച്ചു. പരിയാരം ഏറ്റെടുക്കുന്ന വിഷയത്തില്‍ സി.എം.പി പ്രതിനിധികള്‍ യു.ഡി.എഫ് യോഗത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തിലും സി.എം.പിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിലെ തീരുമാനങ്ങള്‍ എം.വി.ആറിനെ അറിയിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സി.എം.പിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുമെന്നും എം.വി.ആര്‍ മുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ടെന്നും എന്നാല്‍ യു.ഡി.എഫുമായി തര്‍ക്കമില്ലെന്നും എം.വി.ആര്‍ പറഞ്ഞു.
 

സഞ്ജയ് ദത്തിനു കീഴടങ്ങാന്‍ നാലാഴ്ച കൂടി സമയം അനുവദിച്ചു

Posted: 16 Apr 2013 11:13 PM PDT

Image: 

ന്യൂദല്‍ഹി: മുംബൈ സ്ഫോടനക്കേസില്‍ തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനു കീഴടങ്ങാന്‍ സുപ്രീം കോടതി കൂടുതല്‍ സമയം അനുവദിച്ചു. നാല് ആഴ്ചത്തെ സമയപരിധിയാണ് ജസ്റ്റിസ് പി. സദാശിവം, ബി.എസ് ചൗഹാന്‍ എന്നവിരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുവദിച്ചത്.

മാനുഷിക പരിഗണനയുടെ പേരില്‍ കീഴടങ്ങാന്‍ ആറു മാസത്തേക്ക് സമയം നീട്ടിത്തരണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് കോടതിയെ സമീപിച്ചത്. സഞ്ജയ് ദത്തിനെ ജയിലിലടച്ചാല്‍ സിനിമ മേഖലയില്‍ 278 കോടിയുടെ നഷ്ടമുണ്ടാകുമെന്നും നിരവധി മനുഷിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്നും ദത്തിനു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരിഷ് സാല്‍വെ കോടതിയെ ബോധിപ്പിച്ചു. അതേസമയം, ദത്തിന് സമയം നീട്ടി നല്‍കരുതെന്ന് മഹാരാഷ്ര്ട സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍ റാവല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

1993ലെ മുംബൈ സ്ഫോനക്കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ദത്തിന്റെകീഴടങ്ങാനുള്ള സമയ പരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി. ആയുധം കൈവശംവെച്ചതിന് അഞ്ചുകൊല്ലമാണ് ദത്തിനെ ശിക്ഷിച്ചത്. വിചാരണ കാലയളവില്‍ ഒന്നരക്കൊല്ലം തടവനുഭവിച്ചത് കണക്കാക്കി, ബാക്കിയുള്ള മൂന്നരക്കൊല്ലം ഇനി ശിക്ഷയനുഭവിക്കണം.

 

ബംഗളൂരുവില്‍ ബി.ജെ.പി ഓഫീസിനു മുന്നില്‍ സ്ഫോടനം; 16 പേര്‍ക്ക് പരിക്ക്

Posted: 16 Apr 2013 10:57 PM PDT

Image: 

ബംഗളൂരു: ബംഗളൂരുവിലെ മല്ലേശ്വരത്ത് ബി.ജെ.പി ഓഫീസിനു മുന്നിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പൊലീസുകാരടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്ത മോട്ടോര്‍ സൈക്കിളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ 10.45 ഓടെയായിരുന്നു സ്ഫോടനം. സ്ഫോനടത്തില്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ബസ് അടക്കം നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. എന്‍.ഐ.എ സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.

മെയ് 5ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായതിനാല്‍ ബുധനാഴ്ച ബി.ജെ.പി ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു.

ഗുജറാത്ത് വംശഹത്യ: കോഡ്നാനിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടും

Posted: 16 Apr 2013 10:49 PM PDT

Image: 

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ പാട്യ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ മുന്‍ മന്ത്രി മായ കോഡ്നാനിക്ക് വധശിക്ഷ നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെടും. കേസില്‍ തടവ് ശിക്ഷ ലഭിച്ച കോഡ്നാനിക്ക് പുറമെ ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിക്കും മറ്റ് എട്ട് പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

ഹരജി സമര്‍പ്പിക്കാന്‍ ഗുജറാത്ത് നിയമ വകുപ്പ് അനുമതി നല്‍കുകയും മൂന്ന് അഭിഭാഷകരുടെ പാനല്‍ തയാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്‍്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഗൗരങ് വ്യാസ് പറഞ്ഞു. വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിച്ച സമയം കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ അനുമതി തേടും.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായത്തില്‍പെട്ട 97 പേരെ ക്രൂരമായി കൊലപ്പെടുത്തിയ നരോദ പാട്യ കേസില്‍ മുന്‍മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മായാ കൊഡ്നാനിയെ 28 വര്‍ഷം കഠിനതടവിനും ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിയെ മരണംവരെ തടവിനും ശിക്ഷിച്ചിരുന്നു. ഇവരുള്‍പ്പെടെ 32 പേര്‍ കുറ്റക്കാരാണെന്ന് നേരത്തേ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്. ബാക്കിയുള്ളവരില്‍ ഏഴുപേര്‍ക്ക് 21 വര്‍ഷത്തെ കഠിന തടവും 22 പേര്‍ക്ക് 14 വര്‍ഷത്തെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ ഒളിവിലാണ്.

വംശഹത്യക്കിടെ മാനഭംഗത്തിനിരയായ സ്ത്രീകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും പ്രത്യേക കോടതി ജഡ്ജി ജ്യോത്സ്ന യാഗ്നിക് വിധിച്ചിരുന്നു. നരേന്ദ്ര മോഡി മന്ത്രിസഭയില്‍ വനിത-ശിശുക്ഷേമ മന്ത്രിയും മൂന്നു തവണ എം.എല്‍.എയുമായിരുന്നു മായാ കൊഡ്നാനി. ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗി മൂന്നു തവണ എം.എല്‍.എ ആയിരുന്നു.

2002 ഫെബ്രുവരി 27ലെ ഗോധ്ര തീപിടിത്തത്തിനുപിന്നാലെ വി.എച്ച്.പി ആഹ്വാനം ചെയ്ത ബന്ദിനിടയിലാണ് 28ന് നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. മായാ കൊഡ്നാനിയുടെയും ബാബു ബജ്റംഗിയുടെയും നേതൃത്വത്തില്‍ തോക്കും ബോംബും വാളും ശൂലവും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി 1,500 ഓളം പേര്‍ നടത്തിയ പ്രകടനത്തിനിടയിലാണ് നരോദയിലെ കുട്ടികളും സ്ത്രീകളുമടക്കം 97 മുസ്ളിംകള്‍ കൊലചെയ്യപ്പട്ടത്. ഇവരില്‍ പലരെയും ജീവനോടെ ചുട്ടെരിക്കുകയായിരുന്നു.

ഭൂചലനം: പരിഭ്രാന്തിയുടെ പകല്‍

Posted: 16 Apr 2013 10:48 PM PDT

Image: 

മസ്കത്ത്: ഉച്ചമയക്കത്തിന്‍െറ ആലസ്യത്തിലായിരുന്നു അത്. പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന ്പിടികിട്ടിയില്ല. കിടന്നുറങ്ങിയിരുന്നവരുടെ കട്ടിലുകള്‍ ഇളകി. സോഫാ സെറ്റിയിലും കസേരയിലും മറ്റും ഇരുന്നവര്‍ പെട്ടെന്ന് കുലുങ്ങി. ചിലര്‍ കുപ്പിവെള്ളത്തിന്‍െറ ബോട്ടിലുകള്‍ വെള്ളം ഇളകുന്നത് കണ്ടു. ഓഫിസുകളില്‍ കമ്പ്യൂട്ടറുകള്‍ക്കും അലമാരകള്‍ക്കുമാണ് കുലുക്കം അനുഭവപ്പെട്ടത്. പലയിടത്തും സാധനങ്ങള്‍ താഴേക്കു വീണു. ഉച്ചക്ക് 2.35 ഓടെയാണ് 15 മുതല്‍ മുപ്പതു സെക്കന്‍റ് വരെ നീണ്ടു നിന്ന കുലുക്കം അനുഭവപെട്ടത്. ഭൂചലനമാണെന്ന് പിടികിട്ടിയതോടെ കുട്ടികളും സ്ത്രീകളുമുള്‍പ്പടെ എല്ലാവരും വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും പുറത്തിറങ്ങി. സെക്കന്‍റുകള്‍ മാത്രമായിരുന്നു കുലുക്കമെങ്കിലും അതിന്‍െറ പരിഭ്രാന്തി മാറാന്‍  സമയമെടുത്തു.
നാലു മണിയോടെയാണ് പലരും താമസസ്ഥലങ്ങളില്‍ തിരിച്ചെത്തിയത്. തുടര്‍ ചലനമുണ്ടാവുമെന്ന ഭീതി പരന്നതോടെ പുറത്തിറങ്ങിയവര്‍ അകത്തു കയറാന്‍ ഭയന്നു. തലസ്ഥാന നഗരത്തിലെ വിവിധ പ്രദേശങ്ങളായ റൂവി, വാദികബീര്‍, ഗൂബ്ര, അസൈബ, മത്ര, വല്‍ജ, സീബ് എന്നിവിടങ്ങളിലും നിസ്വ, ഇബ്ര, സൊഹാര്‍, സൂര്‍ തുടങ്ങിയ പട്ടണങ്ങളിലും ചലനം അനുഭവപ്പെട്ടു. ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് മലയാളികളുള്‍പ്പടെയുള്ളവര്‍ക്ക് ഭൂചലനത്തിന്‍െറ വ്യാപ്തിയെ കുറിച്ച് മനസിലായത്. പ്രവാസി സംഘടനകളും പ്രവര്‍ത്തകരും പരസ്പരം വിവരങ്ങള്‍ കൈമാറി. വാര്‍ത്ത പരന്നതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ നാട്ടില്‍ നിന്ന് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞ് അപകടമില്ലെന്ന് ഉറപ്പു വരുത്തി. സൊഹാരിലെ അല്‍ സാദിയ കമ്പനിയിലെ തിരുവനന്തപുരം സ്വദേശി വാസുദേവന്‍ തന്‍െറ ഫ്ളാറ്റില്‍ ഏറെ നേരം ചലനം അനുഭവപെട്ടതായി പറഞ്ഞു. രാജേഷ് ,കണ്ണൂര്‍ സ്വദേശി സിറാജ് എന്നിവരുടെ വീടുകളിലും ശക്തമായ ചലനം അനുഭവപെട്ടു.  സൂറിന്റെപരിസര പ്രദേശങ്ങളായ ബര്‍ബെരാ , തിവി, റാസ്  അല്‍ഹദ്ദ് , സുവൈ , സില , അല്‍ലഷ്കര , അല്‍  കാമില്‍ , അല്‍വാഫി , ബൂ ഹസ്സന്‍ , ജഅ്ലാന്‍ ബനീ ബൂആലി എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടതായി പ്രദേശ വാസികള്‍ പറഞ്ഞു. ഉറങ്ങി കിടക്കുകയായിരുന്നു പട്ടാമ്പി സ്വദേശി മുഹമ്മദലി കരുതിയത് താന്‍ ഉണരാന്‍ വൈകിയത് കാരണം സുഹൃത്തുക്കള്‍ കട്ടില്‍ ഇളക്കുകയാണെന്നാണ്. ഭക്ഷണം കഴിച്ച് കിടക്കുന്നതിനിടെ അനുഭവപെട്ട കുലുക്കത്തില്‍ അടുത്ത കട്ടിലില്‍ ഉറങ്ങി കിടക്കുന്ന സുഹൃത്തുകളെ വിളിച്ചു ഉണര്‍ത്തുകയായിരുന്നു കോഴിക്കോട് കിഴൂര് സ്വദേശി മോഹന്‍കുമാര്‍. കാസര്‍കോഡ് സ്വദേശി പ്രസാദ്്, ഭാര്യ വിന്നി, കൊല്ലം സ്വദേശി സാനുവും ഭാര്യയും തുടങ്ങിയവരെല്ലാം കട്ടില്‍ കുലുങ്ങിയതോടെയാണ് പരിഭ്രാന്തരായത്. നേരിയ ഭൂചലനമല്ലാതെ മറ്റു നാശനഷ്ടങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് പരിഭ്രാന്തിക്കിടയിലും ആശ്വാസത്തിനിടയാക്കി.

സ്വദേശിവത്കരണം: തൊഴില്‍ മന്ത്രാലയത്തിന് ശൂറയുടെ വിമര്‍ശം

Posted: 16 Apr 2013 10:41 PM PDT

Image: 

റിയാദ്: സ്വദേശിവത്കരണത്തിന് സ്വകാര്യമേഖലയെ നിര്‍ബന്ധിക്കുന്ന തൊഴില്‍ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ 60 ശതമാനം പേരും വിദേശികളാണെന്ന് ആരോപിച്ച് മന്ത്രാലയത്തിനെതിരെ ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തുവന്നു. ശൂറ കൗണ്‍സിലിന്‍െറ 16 ാമത്തെ സാധാരണ സമ്മേളനത്തിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ തൊഴില്‍മന്ത്രാലയം തന്നെ പിന്നാക്കം പോയതായി ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടതെന്ന് ‘അശ്ശര്‍ഖ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശ ജീവനക്കാരെ ഒഴിവാക്കി പകരം സ്വദേശികളെ അടിയന്തിരമായി നിയമിക്കാനും അവര്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ ഉടമകളെ സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 2400 റിയാലിന്‍െറ അധികബാധ്യത സമ്പ്രദായം രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായതായി പല അംഗങ്ങളും ചൂണ്ടിക്കാട്ടി. അതിന്‍െറ ഭാരം അവസാനം സ്വദേശികളുടെ ചുമലിലാണ് വന്നു വീണത്. ചുവപ്പില്‍നിന്ന് പച്ചയിലേക്ക് മാറുകയെന്ന ലക്ഷ്യത്തോടെ 3000 റിയാല്‍ സ്വദേശി ജീവനക്കാര്‍ക്ക് വേതനം നല്‍കുന്ന കമ്പനികള്‍ക്ക് നേരെ മന്ത്രാലയം നടപടികളെടുക്കാതെ കണ്ണടച്ചതായും അവര്‍ പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനം നടത്തേണ്ടതുണ്ടെന്നും അവര്‍ മന്ത്രാലയത്തെ ഓര്‍മിപ്പിച്ചു. വിദേശ തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 ശതമാനം കൂടുതല്‍ വിസകള്‍ മന്ത്രാലയം അനുവദിച്ചതിനെ ഡോ. സഈദ് അല്‍ശൈഖ് വിമര്‍ശിച്ചു. 15 ലക്ഷം വിസകള്‍ അനുവദിക്കുക വഴി രാജ്യത്തെ തൊഴില്‍രാഹിത്യം വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രാലയത്തിലെ 4552 തസ്തികകളില്‍ 2206 എണ്ണം മാത്രമേ സ്വദേശി തസ്തികകളായി അവശേഷിക്കുന്നുള്ളൂവെന്ന് ഡോ. ഈസ അല്‍ഗൈസ് പറഞ്ഞു. ഈ സ്ഥിതിയില്‍ എങ്ങനെയാണ് തൊഴിലില്ലായ്മക്കെതിരെ മന്ത്രാലയം സമരം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലാതെ അലയുന്ന വിദേശികളെ നാടുകടത്തണമെന്ന് പറയുന്ന മന്ത്രാലയം ഒരുവര്‍ഷത്തിനിടക്ക് നാടുകടത്തിയവരുടെ എണ്ണം വെറും 1500 മാത്രമാണെന്ന് ഡോ. മുഹമ്മദ് അല്‍ഖുനൈസി അഭിപ്രായപ്പെട്ടു.
 

പാകിസ്താനില്‍ എ.എന്‍.പി റാലിക്കിടെ സ്ഫോടനം; 16 മരണം

Posted: 16 Apr 2013 10:13 PM PDT

Image: 

പെഷാവര്‍: പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 16 മരണം. അവാമി നാഷനല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയാണ് പൊട്ടിത്തെറി. രണ്ട് കുട്ടികളും ഒരു മാധ്യമപ്രവര്‍ത്തകനും ആറ് പൊലീസ് ഉദ്യോഗസ്ഥരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.

എ.എന്‍.പിയുടെ മുതിര്‍ന്ന നേതാവ് ഗുലാം അഹ്മദ് ബിലൂര്‍ റാലിയില്‍ പങ്കെടുക്കാനായി സ്ഥലത്തെത്തിയ ഉടനെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. മുന്‍ റെയില്‍വേ മന്ത്രി കൂടിയായ ഗുലാം അഹ്മദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മേയ് 11ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുന്നതിനിടെ മൂന്ന് ദിവസത്തിനുള്ളില്‍ നാലാമത്തെ പൊട്ടിത്തെറിയാണിത്. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം തെഹ്രീകെ താലിബാന്‍ ഏറ്റെടുത്തു.  

അതേസമയം, പാകിസ്താനിലെ ഇടക്കാല സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും തീവ്രവാദികളെ നേരിടുന്നതില്‍ പരാജയപ്പെടുകയാണെന്ന് എ.എന്‍.പി ആരോപിച്ചു.

രാഷ്ട്രീയത്തിന്‍െറ ബലക്ഷയം

Posted: 16 Apr 2013 08:40 PM PDT

Image: 
Subtitle: 
നേരക്കുറികള്‍

ലൈംഗികപീഡകരുടെ തലസ്ഥാനം മാത്രമല്ല ന്യൂദല്‍ഹി. അത് അധികാരദുര മൂത്ത് കുതികാല്‍ വെട്ടുന്നവരുടെയും സിംഹാസനത്തിലേറാന്‍ ഏത് നെറികേടിനും മടിക്കാത്തവരുടെയും വിഹാരഭൂമികൂടിയാണ്. രാജ്യത്തെ പരമോന്നത പദവിയായ പ്രധാനമന്ത്രിയുടെ കസേരയില്‍ കണ്ണുനടുന്നവരുടെ കളികളാല്‍ ഇന്ദ്രപ്രസ്ഥം മുഖരിതമായിരിക്കുന്നു. 2014 ഏപ്രില്‍-മേയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചന ലഭിച്ചതോടെ പ്രതിയോഗിയുടെ എത്ര റാത്തല്‍ മാംസം വേണമെങ്കിലും മുറിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നേതാക്കള്‍.
തന്‍േറടിയെന്ന് പുകള്‍പെറ്റ മമത ബാനര്‍ജി സകല സീമകളും ലംഘിക്കുന്ന പടയോട്ടം തുടരുന്നു. ഹിസ്റ്റീരിയ ബാധിച്ച മട്ടില്‍ എതിരാളികള്‍ക്കുനേരെ വാചികാക്രമണം അഴിച്ചുവിടുന്ന മമതക്കുവേണ്ടി ഇപ്പോള്‍ കായികാക്രമണങ്ങളും അരങ്ങേറുന്നുണ്ട്. വിദ്യാര്‍ഥിനേതാവായ സുദീപ്തോ ഗുപ്ത കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ മമതയുടെ തൃണമൂല്‍ കക്ഷിയുടെ താല്‍പര്യങ്ങളായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍, ഇത്തരം നരഹത്യകള്‍ മമതയുടെ പതനത്തിന്‍െറ നാന്ദിയാകുമോ? അമിതാധികാരപ്രയോഗം വാഴുന്നവരുടെ വീഴ്ച ത്വരിതപ്പെടുത്തുമെന്ന ജനാധിപത്യപാഠം മമതയും കൂട്ടാളികളും അധികാരലഹരി മൂലം വിസ്മരിച്ചുപോയതായിരിക്കാം.
വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുന്ന തന്‍െറ സംസ്ഥാനത്തിന്‍െറ വിഷമതകള്‍ക്ക് പരിഹാരം കാണാന്‍ തുനിയാതെ ദല്‍ഹിയിലുടനീളം പ്രസംഗിച്ചുനടക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിക്കുപ്പായം തയ്പിച്ച് കാത്തിരിക്കുകയാണങ്ങോര്‍. മാര്‍ഗവിഘ്നങ്ങള്‍ നീക്കണം, പ്രതിച്ഛായ കൂട്ടണം എന്നീ അജണ്ടകളുമായി പ്രസംഗപര്യടനം നടത്തുന്ന മോഡി പ്രമുഖരെ മാത്രമാണ് ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നത്. വര്‍ത്തകപ്രമാണിമാരും വ്യവസായികളും രാഷ്ട്രീയത്തിലെ വലതുപക്ഷ ചിന്താഗതിക്കാരും മോഡിയുടെ സദസ്സിലെ സ്ഥിരംസാന്നിധ്യങ്ങളാണ്. വ്യാജ ഏറ്റുമുട്ടല്‍ വഴി ഇശ്റത്ത് ജഹാന്‍െറ ജീവന്‍ കവര്‍ന്നത് എന്തിന്, ഗുജറാത്തിലെ ബലാത്സംഗങ്ങള്‍ക്കെതിരെ എന്തു നടപടികള്‍ സ്വീകരിച്ചു, മുസ്ലിംകളെ ചേരിപ്രദേശങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വല്ല പദ്ധതിയും ഉണ്ടോ തുടങ്ങിയ അസുഖകരമായ ചോദ്യങ്ങള്‍ ഇവരാരും ഉന്നയിക്കില്ലെന്ന ഉറപ്പിലാണ് മോഡി കരുക്കള്‍ നീക്കുന്നത്.
അലക്കി ഇസ്തിരിയിട്ട കോമളപദാവലികള്‍ ഉപയോഗിച്ചാണ് മോഡിയുടെ പ്രഭാഷണങ്ങള്‍. വെളിപ്പെടുത്തേണ്ട നിരവധി കാര്യങ്ങള്‍ മറച്ചുവെച്ചും ആത്മപ്രതിച്ഛായയെ കളങ്കരഹിതമാക്കുന്ന രീതിയിലും ആ പ്രഭാഷണങ്ങള്‍ നീങ്ങുന്നു. എന്നാല്‍, ആ കണ്ണുകളില്‍ നിറയുന്ന അധികാരാര്‍ത്തിയെ മറച്ചുവെക്കുന്നതില്‍ വാക്കുകള്‍ പരാജയപ്പെടുന്നു.
രാജ്യത്തെ വൈവിധ്യങ്ങളെ മോഡി സ്പര്‍ശിക്കുന്നതേയില്ല. ഭിന്നാഭിപ്രായങ്ങളെ പൊറുപ്പിക്കാത്ത അയാള്‍ നാനാത്വത്തെക്കുറിച്ച് എങ്ങനെ ഉരിയാടാന്‍? ദേശീയ രാഷ്ട്രീയത്തിലെ മോഡിയുടെ സാന്നിധ്യം ഒരു പ്രസക്ത ചോദ്യം ഉയര്‍ത്തുന്നു. നമ്മുടെ പൊതു മനസ്സാക്ഷിയെ ഇത്തരക്കാര്‍ക്ക് എങ്ങനെ കബളിപ്പിക്കാന്‍ സാധിക്കുന്നു? നാം അന്ധരായി മാറുകയാണോ?
പുതിയ രാഷ്ട്രീയ പ്രവണതകള്‍ ബോധ്യമാകാത്തവര്‍ ‘ഹോട്ടല്‍ റുവാണ്ട’ എന്ന ചലച്ചിത്രം കാണുന്നത് നന്നായിരിക്കും. രണ്ടു ഗോത്രങ്ങള്‍ പരസ്പരം വിദ്വേഷം ചൊരിഞ്ഞാല്‍ ഒരു രാജ്യം ഏതു വിധം ശിഥിലീകൃതമാകുമെന്നതിന്‍െറ ഉത്തമ ദൃഷ്ടാന്തം ഈ ചിത്രം വെളിപ്പെടുത്താതിരിക്കില്ല. രാജ്യത്തെ ഒന്നാകെ സംഹരിക്കുന്ന ആഭ്യന്തര യുദ്ധത്തിന്‍െറ കെടുതികളുടെ ആഴം ‘ഹോട്ടല്‍ റുവാണ്ട’ പ്രതിഫലിപ്പിക്കുന്നു. ചുറ്റുവട്ടവും കണ്ണോടിക്കുമ്പോള്‍ കടുത്ത നൈരാശ്യമാണ് എന്നെ പൊതിയുന്നത്. ഇടത്തോട്ട് നോക്കുമ്പോഴും വലത്തോട്ടു നോക്കുമ്പോഴും പ്രതീക്ഷാശൂന്യമായ ചിത്രങ്ങള്‍ മാത്രം കണ്ണുകളില്‍ ഉടക്കുന്നു. മോഡിയെപ്പോലുള്ള നാട്യക്കാരെ അഭിമുഖീകരിക്കാന്‍ ചുരുക്കം ചിലര്‍ക്കേ ത്രാണിയുള്ളൂ. മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ ഗോപാലകൃഷ്ണ ഗാന്ധി അത്തരമൊരു ഉജ്ജ്വല വ്യക്തിയാണ്. ഉപരാഷ്ട്രപതി സ്ഥാനം വരെ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍, സ്ഥാനമാന വിമുഖനായ ഗോപാലകൃഷ്ണ ഗാന്ധി ആ വാഗ്ദാനത്തോടും മുഖംതിരിച്ചുനിന്നു. മോഡിയെപ്പോലെയുള്ളവരെ വരച്ച വരയില്‍ നിര്‍ത്താന്‍ പ്രാപ്തനായ അദ്ദേഹം നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇനി യാദവകുലത്തില്‍ യോഗ്യരായ ആരെങ്കിലും കാണുമോ. സ്വന്തം സംസ്ഥാന ഭരണംപോലും ശരിയായ ദിശയില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കഴിയാതിരിക്കെ ദേശീയ നേതൃത്വത്തില്‍ അയാള്‍ക്കെങ്ങനെ ശോഭിക്കാനാകും? ഉത്തര്‍പ്രദേശില്‍ കുട്ടികള്‍പോലും മാനഭംഗത്തിനിരകളാകുന്നു. പ്രതികള്‍ക്കുപകരം ഇരകള്‍തന്നെ തുറുങ്കിലടക്കപ്പെടുന്ന അസംബന്ധവും യു.പിയില്‍ പതിവായിരിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ താരോദയം ജനങ്ങളെ ആവേശഭരിതരാക്കുകയുണ്ടായി. മോഡിയെ പിടിച്ചുകെട്ടാന്‍ കരുത്തുള്ള ചുണക്കുട്ടിയായി പലരും രാഹുലിനെ വാഴ്ത്തി. പക്ഷേ, താരമായി ജ്വലിക്കുന്നതിനു പകരം കൊള്ളിമീന്‍പോലെ താല്‍ക്കാലിക മിന്നായങ്ങള്‍ മാത്രമായി രാഹുല്‍ നിഷ്പ്രഭനായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ധീരവും ചടുലവുമായ ചില നീക്കങ്ങള്‍ വഴി പ്രതിബദ്ധതയും ആത്മാര്‍ഥതയും ഒത്തിണങ്ങിയ യുവനേതാവായി രാഹുല്‍ അംഗീകാരം നേടി. പക്ഷേ, ആരതിരാമചന്ദ്രന്‍ രചിച്ച ‘റെക്കോഡിങ് രാഹുല്‍ ഗാന്ധി’ എന്ന ജീവ ചരിത്രത്തിന്‍െറ ആമുഖത്തില്‍ പ്രഗല്ഭ പത്രപ്രവര്‍ത്തകന്‍ എന്‍. റാം ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ സുപ്രധാനമാണ്. ‘ബിസിനസ് മാനേജ്മെന്‍റ് തന്ത്രങ്ങള്‍ രാഷ്ട്രീയത്തില്‍ പയറ്റാനുള്ള ശ്രമം രാഹുലിനെ ശ്രദ്ധേയനാക്കുന്നു. പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മികവാര്‍ന്ന പദ്ധതികളാണയാള്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, ഭരണകുടുംബാംഗമെന്ന കാര്‍ഡ് ഇറക്കാനും രാഹുല്‍ മുതിരുന്നു. ഇതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അയാള്‍ നടത്തിക്കാണുന്നില്ല.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മൂര്‍ധന്യതയില്‍ തീവ്രസ്വഭാവമുള്ള ചില ഗിരിപ്രഭാഷണങ്ങള്‍ നടത്തി രാഹുല്‍ വിവാദപുരുഷനായി. പക്ഷേ, കോണ്‍ഗ്രസ് ഭക്തരില്‍ മാത്രമാണ് മതിപ്പുളവാക്കിയത്. രാഹുലിന്‍െറ മതേതര ചിന്താഗതിയില്‍ ആരും സംശയം പ്രകടിപ്പിക്കുന്നില്ല. താന്‍ ഏതെങ്കിലുമൊരു പ്രത്യേക മതക്കാരനാണെന്ന് രാഹുല്‍ ഒരു തവണപോലും പ്രഖ്യാപിക്കുകയുണ്ടായില്ല’ -ഇങ്ങനെ പോകുന്നു എന്‍. റാമിന്‍െറ വിശകലനം.
രാഹുല്‍ കുടില ചിന്താഗതി വെച്ചുപുലര്‍ത്തുന്നില്ല എന്നാണ് എനിക്ക് ബോധ്യപ്പെട്ട വസ്തുത. അദ്ദേഹത്തിന്‍െറ ആത്മാര്‍ഥതയില്‍ സംശയിക്കേണ്ടതില്ല. പക്ഷേ, സ്തുതിപാഠകരുടെ വലയത്തിലാണ് ഈ യുവ വാഗ്ദാനം. ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താനുള്ള അവസരങ്ങള്‍ ഈ സ്തുതിപാഠകര്‍ തുലച്ചുകളയാതിരിക്കില്ല. ഏതൊരു സാധാരണ പൗരനും രാഹുലിനെ ഓഫിസിലെത്തി സംസാരിക്കാനുള്ള സന്ദര്‍ഭമൊരുക്കണം.
നമ്മുടെ രാഷ്ട്രീയത്തിന് ബലക്ഷയം സംഭവിച്ചിരിക്കുന്നു. ബദലുകള്‍ക്കായി ജനങ്ങള്‍ കൊതിക്കുമ്പോള്‍ നേതാക്കള്‍ ഇരുട്ടില്‍ തപ്പുന്നു. ഈ ഇരുണ്ട ഘട്ടത്തില്‍ നമ്മുടെ സാമൂഹികബോധത്തെ ഫാഷിസ്റ്റ് ചിന്താഗതിക്കാര്‍ കീഴ്പ്പെടുത്താന്‍ പാടില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP