സ്വാഗതം
WELCOME

News Update..

Tuesday, April 2, 2013

സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ ഇനി കൂട്ടില്ല -ധനമന്ത്രി Madhyamam News Feeds

സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ ഇനി കൂട്ടില്ല -ധനമന്ത്രി Madhyamam News Feeds

Link to

സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ ഇനി കൂട്ടില്ല -ധനമന്ത്രി

Posted: 02 Apr 2013 01:07 AM PDT

Image: 

ന്യൂദല്‍ഹി: സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ ഇനി വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ഇനിയും നികുതി വര്‍ധിപ്പിച്ചാല്‍ സ്വര്‍ണത്തിന്‍െറ കള്ളക്കടത്ത് ഭീമമായി വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഇന്ത്യാക്കാര്‍ സ്വര്‍ണത്തെ കാണുന്നതിനാല്‍ ഇറക്കുമതി ഭീമമായി വര്‍ധിക്കുകയും വിദേശ വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ ഗണ്യമായി വര്‍ധിപ്പിച്ചത്. എന്നാല്‍ ഇതോടെ സ്വര്‍ണത്തിന്‍െറ കള്ളക്കടത്ത് ഭീമമായി വര്‍ധിച്ചുവെന്നാണ് സൂചന.
അതേസമയം സ്വര്‍ണത്തോടുള്ള അമിത താല്‍പ്പര്യം നിയന്ത്രിക്കാന്‍ പണപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയുള്ള നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ചിദംബരം പറഞ്ഞു.

ഇറ്റാലിയന്‍ സ്ഥാനപതിയുടെ യാത്രാനിയന്ത്രണം നീക്കി

Posted: 02 Apr 2013 12:29 AM PDT

Image: 

ന്യൂദല്‍ഹി: കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍ജീനിക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം സുപ്രീംകോടതി പിന്‍വലിച്ചു. കൊലക്കേസിലുള്‍പ്പെട്ട നാവികരെ ഇന്ത്യയിലേക്ക് തിരികെ അയക്കില്ലെന്ന് ഇറ്റലി അറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥാനപതിയോട് രാജ്യം വിട്ടുപോകരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്ഥാനപതിയുടെ ഉറപ്പിന്മേല്‍ നാലാഴ്ചത്തെ അനുമതി തേടി ഇറ്റലിയിലേക്ക് പോയ നാവികരെ തിരിച്ചയക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാനപതി രാജ്യത്ത് തുടരണമെന്ന് കോടതി ഉത്തരവിട്ടത്.

എന്നാല്‍ പിന്നീട് നാവികര്‍ക്ക് വധശിക്ഷ ഉണ്ടാവില്ല എന്നതടക്കമുള്ള ചില ധാരണകളുടെ അടിസ്ഥാനത്തില്‍ ഇറ്റലി നിലപാട് തിരുത്തി നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. നാലാഴ്ചത്തെ സമയപരിധി തീരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

അതിനിടെ, കടല്‍ക്കൊല കേസ് എന്‍.ഐ.എക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഇറ്റലി എതിര്‍ത്തു.
 

ഹമാസ് നേതാവായി ഖാലിദ് മിശ്അല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

Posted: 01 Apr 2013 11:43 PM PDT

Image: 

ഗസ്സ സിറ്റി: ഫലസ്തീനിലെ പ്രബല ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് തലവനായി ഖാലിദ് മിശ്അല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ ചേര്‍ന്ന ഹമാസ് ശൂറാ കൗണ്‍സിലിലാണ് തീരുമാനം. അടുത്ത നാല് വര്‍ഷത്തേക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍, ഹമാസ് സ്ഥാപകന്‍ ശൈഖ് യാസീന്‍ അഹമ്മദ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മിശ്അല്‍ നേതൃസ്ഥാനത്തേക്കുയരുന്നത്.

വര്‍ഷങ്ങളായി സിറിയ, ജോര്‍ഡന്‍,ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന മിശ്അല്‍ കഴിഞ്ഞ ഡിസംബറില്‍ ഗസ്സ സന്ദര്‍ശിച്ചിരുന്നു.

1956ല്‍ ഫലസ്തീനിലെ റാമല്ലക്കടുത്ത സല്‍വാദ് ഖദാ ഗ്രാമത്തിലാണ് മിശ്അലിന്റെജനനം. 1967ല്‍ കുടുംബത്തോടൊപ്പം കുവൈത്തിലേക്ക് പലായനം ചെയ്ത മിശ്അല്‍ അവിടെ വെച്ച് മുസ്ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇറാഖിന്റെകുവൈത്ത് അധിനിവേശത്തോടെ അവിടം വിട്ട മിശ്അല്‍ ജോര്‍ഡനിലെത്തി ഹമാസുമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഹമാസിന്റെതുടക്കം തൊട്ടേ പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നു. 1996ല്‍ അതിന്റെചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മിശ്അല്‍ കുവൈത്തില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ഗണേഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

Posted: 01 Apr 2013 11:35 PM PDT

Image: 

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. രാജിക്കത്ത് ഒപ്പിട്ട ശേഷം ഗവര്‍ണര്‍ തിരിച്ചയച്ചു.

അതേസമയം, തനിക്കെതിരെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയത് കള്ളക്കേസാണെന്ന് ഗണേഷ്‌കുമാര്‍ നിയമസഭയില്‍ പറഞ്ഞു. തന്റെ ചോരക്കായി ദാഹിക്കുന്നവര്‍ ഗൂഢാലോചന നടത്തുന്നതായും ആ കറുത്ത ശക്തികള്‍ ആരെന്നത് ഒരുദിവസം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ദൈവവിശ്വാസിയാണ്. മന്ത്രസ്ഥാനം രാജിവെച്ചത് നീതിപൂര്‍വ്വമായ അന്വേഷണത്തിന് തടസ്സമുണ്ടാവാതിരിക്കാനാണ് ഗണേഷ് പറഞ്ഞു.

അതേസമയം താനാണ് പാര്‍ട്ടിയെന്നും ജനങ്ങളുടെ പിന്തുണയുള്ള ആളാണ് പാര്‍ട്ടിയെന്നും നിയമസഭയിലേക്ക് പോകുന്നതിന് മുമ്പ് ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തന്നെ വിജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്തുതന്നെയായാലും പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

ഹരിഹരവര്‍മ: ദുരൂഹത നീങ്ങിയില്ല; ജനസഹായം തേടി പൊലീസ്

Posted: 01 Apr 2013 10:05 PM PDT

തിരുവനന്തപുരം: രത്നവ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മയുടെ സ്വദേശമോ ബന്ധുക്കളെയോ കണ്ടെത്താനാവാതെ പൊലീസ് അന്വേഷണം വഴിമുട്ടി. 2012 ഡിസംബര്‍ 24ന് വട്ടിയൂര്‍ക്കാവ് പുതൂര്‍ക്കോണത്തെ സുഹൃത്തിന്‍െറ വീട്ടിലാണ് രത്നക്കച്ചവടത്തിന് ശ്രമിക്കുന്നതിനിടെ ഹരിഹര വര്‍മ കൊല്ലപ്പെട്ടത്. മാവേലിക്കര, പൂഞ്ഞാര്‍ രാജകുടുംബാംഗമെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഹരിഹര വര്‍മ കൊല്ലപ്പെട്ടതോടെയാണ് ഇയാളുടെ തായ്വേരുകള്‍ ചികഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പരമ്പരാഗതമായി കൈമാറിക്കിട്ടിയ അമൂല്യരത്നങ്ങള്‍, വൈഡൂര്യങ്ങള്‍, മരതക വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വില്‍ക്കാന്‍ സുഹൃത്ത് അഡ്വ. ഹരിദാസിന്‍െറ സഹായം തേടുകയായിരുന്നു വര്‍മ.
ഹരിദാസും കൂട്ടാളികളും ചേര്‍ന്നൊരുക്കിയ നാടകത്തിനൊടുവില്‍ ഹരിഹര വര്‍മ കൊല്ലപ്പെടുകയും കൈവശമുണ്ടായിരുന്ന കല്ലുകളും ആഭരണങ്ങളും വിഗ്രഹങ്ങളും അപഹരിക്കപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ഹരിഹര വര്‍മയുടെ സുഹൃത്തും ഇടനിലക്കാരനുമായ ഹരിദാസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റു ചെയ്യുകയും അപഹരിക്കപ്പെട്ട കല്ലുകളും വിഗ്രഹങ്ങളും ആഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു. ഹരിഹര വര്‍മയുടെ വധവുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍, മാവേലിക്കര, കോയമ്പത്തൂര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളുടെ വീട്ടുകാരെയോ ബന്ധുക്കളെയോ കണ്ടെത്താനാവാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. വര്‍മയുടെ ഭൂതകാലത്തെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും പൊലീസ് നടത്തിയ അന്വേഷണങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളുടെ സഹായം തേടാന്‍ പൊലീസ് തീരുമാനിച്ചു. ഇതിന്‍െറ മുന്നോടിയായി വര്‍മയുടെ ചിത്രവും വിവരങ്ങളും പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ പൊലീസ് നടപടി തുടങ്ങി. കേരള ഹൈകോടതി ഉത്തരവ് ബി.എ 1811/13, വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 1399/12 പ്രകാരം കൊല്ലപ്പെട്ട ഹരിഹരവര്‍മ ആരാണെന്നും യഥാര്‍ഥപേര് മറ്റെന്തെങ്കിലുമാണോ എന്നറിയാനും ഇയാളുടെ തൊഴില്‍, സ്വദേശം എന്നിവ സംബന്ധിച്ചും രത്നങ്ങള്‍, വൈരക്കല്ലുകള്‍ എന്നിവയുടെ കച്ചവടത്തെ സംബന്ധിച്ചും എന്തെങ്കിലും വിവരം അറിവുള്ളവര്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും വാര്‍ത്താക്കുറിപ്പില്‍ പൊലീസ് അറിയിച്ചു. ഫോണ്‍ നമ്പറുകള്‍: ഐ.ജി (തിരുവനന്തപുരം റേഞ്ച്): 9497998993, സിറ്റി പൊലീസ് കമീഷണര്‍ (തിരുവനന്തപുരം): 9497996991, അസി. കമീഷണര്‍ (ക്രൈം ഡിറ്റാച്ച്മെന്‍റ് തിരുവനന്തപുരം): 9497990003.
 

കളിക്കു മുമ്പേ കേളികൊട്ട്

Posted: 01 Apr 2013 10:04 PM PDT

Image: 
Subtitle: 
ഐ.പി.എല്‍ സീസണിന് ഇന്ന് കൊടിയേറും

കൊല്‍ക്കത്ത: കളിയുടെ ചെറുപൂരത്തിന് ഇന്ന് വംഗനാടന്‍ മണ്ണില്‍ കൊടിയേറ്റം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്‍റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്‍െറ ആറാമത് ടൂര്‍ണമെന്‍റിന് സാള്‍ട്ട് ലേക് സ്റ്റേഡിയത്തിലെ കളിത്തട്ടില്‍ അരങ്ങുണരുന്നത് വര്‍ണവൈവിധ്യങ്ങളും കലാപ്രകടനങ്ങളും കൊഴുപ്പേകുന്ന പ്രൗഢോജ്ജ്വലമായ ഉദ്ഘാടന ചടങ്ങോടെയാണ്. ഉദ്ഘാടന ദിനത്തില്‍ പക്ഷേ, മത്സരങ്ങള്‍ അരങ്ങേറുന്നില്ല. ആദ്യകളിയില്‍ ബുധനാഴ്ച നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി ഏറ്റുമുട്ടും. ഒമ്പതു ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന ടൂര്‍ണമെന്‍റിന്‍െറ ഫൈനല്‍ അരങ്ങേറുന്നത് മേയ് 26നാണ്.
ലോകപ്രശസ്ത റാപ് സംഗീതജ്ഞന്‍ പിറ്റ്ബുളാണ് ഉദ്ഘാടന ചടങ്ങിന്‍െറ മുഖ്യ ആകര്‍ഷണം. ഫൈ്ളയിങ് ഡ്രമ്മര്‍മാരും  ചൈനീസ് വാദ്യക്കാരും ആരവങ്ങളുയര്‍ത്തുന്ന വേദിക്ക് മുകളില്‍ വെടിക്കെട്ടിന്‍െറ വര്‍ണദീപ്തി പെയ്തിറങ്ങും. ജിംനാസ്റ്റിക് താരങ്ങളും റിഥം അക്രോബാറ്റിക് ഡാന്‍സും കാണികളെ രസിപ്പിക്കും. ഷാറൂഖ് ഖാന്‍, കത്രീന കൈഫ് ഉള്‍പ്പെടെയുള്ള ബോളിവുഡ് നക്ഷത്രങ്ങളുടെ കലാപ്രകടനം കൂടിയാകുമ്പോള്‍ ചടങ്ങ് വന്‍ വിജയമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഷാറൂഖ് ഖാന്‍െറ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്താ നൈറ്റ്റൈഡേഴ്സാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാനുള്ള അവകാശം സ്വന്തമാക്കിയത്. മുമ്പ് കാണാത്ത രീതിയിലുള്ള കണ്ണഞ്ചിക്കുന്ന പരിപാടികളാണ് ചടങ്ങിനായി ഒരുക്കിയിട്ടുള്ളതെന്ന് ഷാറൂഖ് പറഞ്ഞു. ‘ഐ.പി.എല്‍ 2013ന്‍െറ ഉദ്ഘാടനചടങ്ങ് സവിശേഷമായിരിക്കും.
സിനിമയിലെ എന്‍െറ ഗാനങ്ങള്‍ക്കൊത്ത് ഞാന്‍ വേദിയില്‍ ചുവടുവെക്കും. നായികമാരായിരുന്ന കത്രീന കൈഫും ദീപിക പദുകോണും ഒപ്പമുണ്ടാകും. കാണികളെ ത്രസിപ്പിക്കാന്‍ പിറ്റ്ബുള്ളിന്‍െറ സാന്നിധ്യവുമുണ്ടാകും.’- ഷാറൂഖ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അമേരിക്കന്‍ പോപ് സ്റ്റാര്‍  കാറ്റി പെറി ആയിരുന്നു മുഖ്യ ആകര്‍ഷണം.
കൊല്‍ക്കത്തയിലെ ഫുട്ബാളിന്‍െറ മുഖ്യവേദിയായ സാള്‍ട്ട്ലേക് സ്റ്റേഡിയം ചടങ്ങിനായി അലങ്കരിച്ചിട്ടുണ്ട്. വമ്പന്‍ സ്റ്റേജാണ് സ്റ്റേഡിയത്തില്‍ നിര്‍മിച്ചിട്ടുള്ളത്. സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടന്ന കൃത്രിമ പ്രതലത്തില്‍ വലിയ റബര്‍ മാറ്റിട്ട് അതിനു മുകളിലാണ് കലാകാരന്മാരുടെ പ്രകടനങ്ങള്‍ അരങ്ങേറുക. മത്സരങ്ങള്‍ അരങ്ങേറുന്ന ആസ്ട്രോ ടര്‍ഫിന് കേടുപാടുകള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: പ്രതി പിടിയില്‍

Posted: 01 Apr 2013 09:53 PM PDT

ചാത്തന്നൂര്‍: കടം വാങ്ങിയ പണം തിരികെ നല്‍കാമെന്നുപറഞ്ഞ് വ്യാപാരിയെ കരുനാഗപ്പള്ളിയില്‍നിന്ന്  കാറില്‍ കയറ്റി ചാത്തന്നൂരില്‍ ഊറാംവിളയില്‍ എത്തിച്ചശേഷം ഒരു പവന്‍ മോതിരവും 10,000 രൂപയും തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയിലായി. ചിറയിന്‍കീഴ് തിരുവാതിര കോളനിയില്‍ ദുഷ്യന്തന്‍ എന്ന ഷിജു (30) ആണ് പിടിയിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ:  കരുനാഗപ്പള്ളി സൗഗന്ധിക പൂക്കടയില്‍ പൂ കെട്ടാന്‍ നിന്നിരുന്ന ഷിജു സമീപത്തെ സ്പെയര്‍പാര്‍ട്സ് കട നടത്തുന്ന ഷാജിയുടെ കൈയില്‍നിന്ന് 10,000 രൂപ കടം വാങ്ങിയിരുന്നു. അവിടെനിന്ന് പോയ ഷിജുവിനെ കുറേനാളുകള്‍ക്കുശേഷം ഷാജി കരുനാഗപ്പള്ളിയില്‍വെച്ച് കാണുകയും പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ചാത്തന്നൂരിലുള്ള ബന്ധുവീട്ടില്‍ നിന്ന്  പണം വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഷിജുവും കൂട്ടുപ്രതി രാജേഷും ഇയാളെ കാറില്‍ കയറ്റി ചാത്തന്നൂരില്‍ കൊണ്ടുവരികയും ആക്രമിക്കുകയുമാണുണ്ടായത്.
ഇതിനുശേഷം കൂട്ടുപ്രതിയായ രാജേഷിനെ മാലമോഷണക്കേസുമായി മംഗലാപുരം പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. പിടിയിലായ ഷിജു കൊലക്കേസുമായി ബന്ധപ്പെട്ട് ഒമ്പത് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഷിജുവിനെ ചിറയിന്‍കീഴ് പൊലീസ് പിടികൂടി ചാത്തന്നൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച പൂജപ്പുര ജയിലില്‍നിന്ന് പരവൂര്‍ കോടതിയില്‍ ഹാജരാക്കുന്ന രാജേഷിനെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊട്ടിയം സി.ഐ അനില്‍കുമാര്‍ അറിയിച്ചു.
 

ഗണേഷിന്റെയും യാമിനിയുടെയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted: 01 Apr 2013 09:48 PM PDT

Image: 

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിന്റെയും ഭാര്യ ഡോ.യാമിനി തങ്കച്ചിയുടേയും പരാതി ക്രൈംഞ്ച്ര് അന്വേഷിക്കും. പതിനാറു വര്‍ഷമായി ഗണേഷ് തന്നെ പീഡിപ്പിക്കുകയാണെന്നും പരസ്ത്രീ ബന്ധത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അതിക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ആരോപിച്ച് യാമിനി തങ്കച്ചി  ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഭാര്യ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന് വിവാചമോചനം ആവശ്യപ്പെട്ട് ഗണേഷ്കുമാര്‍ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. മര്‍ദനമേറ്റതിന്റെചിത്രങ്ങളും ഹരജിക്കൊപ്പം നല്‍കിയിരുന്നു.
അതേസമയം, യാമിനി തങ്കച്ചിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം വഴുതക്കാട്ടെ യാമിനിയുടെ വീടിനും സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഗണേഷിനെ അനുകൂലിക്കുന്ന കേരള കോണ്‍ഗ്രസ്-ബി പ്രവര്‍ത്തകര്‍ യാമിനിയുടെ വീട്ടിലേക്ക്  പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശനാനുസരണം വീടിന് സംരക്ഷണം ഏര്‍പ്പെടുത്തിയത്. തന്റെവീടിന് സംരക്ഷണം വേണമെന്ന് യാമിനിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

 

ഡെങ്കിപ്പനി പടരുന്നു

Posted: 01 Apr 2013 09:46 PM PDT

അടിമാലി:  അടിമാലിയില്‍ ഡെങ്കിപ്പനി നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നു. തിങ്കളാഴ്ച  അടിമാലി താലൂക്കാശുപത്രിയില്‍ ആദിവാസി യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി ചികിത്സ തേടിയെത്തി. ഇതോടെ താലൂക്കാശുപത്രിയിലെ ഡെങ്കിപ്പനി വാര്‍ഡില്‍ 17 രോഗികളായി.  കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ആശുപത്രികളിലും അടിമാലിയില്‍ നിന്ന് ഡെങ്കിപ്പനി ബാധിതര്‍ എത്തിയിട്ടുണ്ട്. 30 ലേറെ പേരില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയുള്ള പനി കണ്ടെത്തിയതായി ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.അനൂപ് അറിയിച്ചു.
ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പും അറിയിച്ചു.  ഓടകളിലെ അഴുക്ക് വെള്ളത്തില്‍ നിന്നാണ് ഡെങ്കിപ്പനിക്ക് കാരണമായി തീരുന്ന കൊതുകുകളുടെ വ്യാപനമെന്ന് മനസ്സിലാക്കി ആരോഗ്യ വകുപ്പ് ഫോഗിങ്, സ്പ്രേ മുതലായവ നടത്തി കൊതുകിന്‍െറ വ്യാപനം കുറക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വിജയത്തിലെത്തിയിട്ടില്ല.
വരും ദിവസങ്ങളില്‍ ഫോഗിങ്ങും സ്പ്രേയിങ്ങും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അടിമാലി ലൈബ്രറി റോഡിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ റോഡിനോട് ചേര്‍ന്നുള്ള തോട്ടില്‍ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ നിറഞ്ഞ് ദുര്‍ഗന്ധപൂരിതമാണ്.
അടിമാലി തോട്ടിലും വന്‍തോതില്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്.  തോടുകളുടെ ശുചീകരണം കൊണ്ടുമാത്രമേ രോഗം നിയന്ത്രിക്കാന്‍ സാധിക്കൂയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.  ഫണ്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ശുചീകരണത്തിന്‍െറ ചുമതലയുള്ള പഞ്ചായത്ത് മാറി നില്‍ക്കുകയാണ്.
 

സ്വകാര്യ ജലവൈദ്യുത പദ്ധതിക്ക് സ്ഥലം നല്‍കിയവര്‍ക്ക് നഷ്ടപരിഹാരമില്ല

Posted: 01 Apr 2013 09:42 PM PDT

ചിറ്റാര്‍: മുതലവാരം കാരികയം സ്വകാര്യജലവൈദ്യുത പദ്ധതി പൂര്‍ത്തിയാകാറായിട്ടും പദ്ധതിക്കായി സ്ഥലം നല്‍കിയ പാമ്പിനി, മണക്കയം നിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.  
മൂന്നുവര്‍ഷം മുമ്പാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്കല്‍ കമ്പനി മുതലവാരത്ത് കക്കാട്ടാറിന് കുറുകെ ഡാം നിര്‍മാണം ആരംഭിച്ചത്. 15 മെഗാവാട്ട് ശേഷിയുളള ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിക്ക് സമീപത്തുളള 105 കുടുംബങ്ങള്‍ക്കാണ് ഇതുമൂലം ഭീഷണി ഉണ്ടാകുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 10 വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകും. പദ്ധതി അടുത്തമാസം കമീഷന്‍ ചെയ്യാനിക്കെ വീടും ഭൂമിയും നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് ഇപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. നിലവില്‍ പ്രദേശത്തെ ഒരു സെന്‍റ് സ്ഥലത്തിന് 80,000 രൂപ വിലവരും എന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് പ്രസാദ് പറഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ പദ്ധതി അധികൃതര്‍ ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. തുച്ഛമായ തുകക്ക് ഭൂമി എടുത്തുകൊള്ളാമെന്ന് മാത്രമാണ് ചിലര്‍ അറിയിച്ചിട്ടുള്ളതെന്ന് സ്ഥലവാസി സുനില്‍ പറഞ്ഞു.  മൂന്നുസെന്‍റ് സ്ഥലവും വീടും മാത്രമുളള ഒരാള്‍ക്ക് ഇവര്‍ നല്‍കുന്ന തുച്ഛമായ തുക വാങ്ങി എവിടേക്ക് പോകാന്‍ കഴിയുമെന്നാണ് കോളനി നിവാസികള്‍ ചോദിക്കുന്നത്. വിധവകളായ സ്ത്രീകള്‍ മാത്രമായി താമസിക്കുന്ന വീടുകളും ഇക്കൂട്ടത്തിലുണ്ട്.
എന്നാല്‍ കമ്പനി അധികാരികള്‍ മണക്കയം ബിമ്മരം വനത്തിനു സമീപം എ.വി.ടി എസ്റ്റേറ്റിലെ 50 ഏക്കര്‍ സ്ഥലം വാങ്ങി ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വശവും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടേക്ക് പോകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നു ദിവസം മുമ്പ് ഒരു മുന്നറിയിപ്പും ഇല്ലാതെ ഡാം അടച്ചിട്ടതുമൂലം പാമ്പിനി ജനവാസകേന്ദ്രത്തില്‍ വെള്ളം കയറിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ജില്ലാ ഭരണകൂടവും സ്ഥലം എം.എല്‍.എ അടൂര്‍ പ്രകാശും ഇടപെട്ടതോടെ പദ്ധതി ജീവനക്കാര്‍ ഡാമിലെ വെള്ളം തുറന്നുവിട്ട് പ്രശ്നം പരിഹരിച്ചിരുന്നു..
പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ്് പ്രസാദ് പറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP