സ്വാഗതം
WELCOME

News Update..

Saturday, April 20, 2013

ദല്‍ഹിയിലെ പീഡനം: പ്രതിഷേധം അക്രമാസക്തം Madhyamam News Feeds

ദല്‍ഹിയിലെ പീഡനം: പ്രതിഷേധം അക്രമാസക്തം Madhyamam News Feeds

Link to

ദല്‍ഹിയിലെ പീഡനം: പ്രതിഷേധം അക്രമാസക്തം

Posted: 20 Apr 2013 12:25 AM PDT

Image: 

ന്യൂദല്‍ഹി: അഞ്ചുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ വിവിധ സംഘടനകള്‍ നടത്തിവന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായി. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. ആം ആദ്മി പ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ഥികള്‍, വനിതാ സംഘടനകള്‍ അടക്കമുള്ളവരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും കുട്ടിയെ കാണാതായെന്ന പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് വിവിധ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മുന്നിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ ഇവിടെ ചികിത്സയിലാണ്.

ബാനറുകളേന്തിയും സര്‍ക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിക്കുന്നത്. പീഡനക്കേസുകളില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി ചികിത്സയോടു പ്രതികരിക്കുന്നുണ്ട്. പെണ്‍കുട്ടി ഐ.സി.യുവില്‍ തുടരേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സക്കായി ഡോക്ടര്‍മാരുടെ എട്ടംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരിയെ അയല്‍വാസി തട്ടിക്കൊണ്ടുപോയി രണ്ടുദിവസം മുറിയില്‍ അടച്ചിട്ട് പീഡിപ്പിച്ചത്. പ്രതി അറസ്റ്റിലായിട്ടുണ്ട്.

 

സിഡ്നിയില്‍ സചിന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു

Posted: 19 Apr 2013 11:49 PM PDT

Image: 

സിഡ്നി:  ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറുടെ മെഴുകു പ്രതിമ  സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അനാച്ഛാദനം ചെയ്തു.  
നിരവധി ക്രിക്കറ്റ് ആരാധകരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗഡില്‍ ഇന്ത്യയുടെ അഭിമാന താരം സചിന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തത്. ലോകതാരം സചിന്‍ കാണികളെ  ബാറ്റു വീശി അഭിവാദ്യം ചെയ്യുന്ന മെഴുകു പ്രതിമ സിഡ്നിയിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിലേക്ക് മാറ്റും.

ക്രിക്കറ്റ് ലോകത്ത് അതുല്യമായ പ്രകടനം കാഴ്ചവെച്ച പ്രതിഭയായ സചിനെ കഴിഞ്ഞ വര്‍ഷം ‘ഓഡര്‍ ഓഫ് ആസ്ട്രേലിയ’ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.സചിന്റെ മെഴുകു പ്രതിമ ആസ്ട്രേലിയ അദ്ദേഹത്തിനു നല്‍കുന്ന ഏറ്റവും വലിയ ബഹുതി തന്നെയാണ്.

 

യുവ വ്യവസായ സംരംഭക മേള ശ്രദ്ധയാകര്‍ഷിക്കുന്നു

Posted: 19 Apr 2013 11:40 PM PDT

Image: 

ദുബൈ: യുവ വ്യവസായ സംരംഭകരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ‘യുവ സംരംഭകത്വ മേള 2013’ പങ്കാളിത്തവും സംഘാടക മികവുംകൊണ്ട് ശ്രദ്ധേയമാകുന്നു. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ കാര്‍മികത്വത്തില്‍ നടക്കുന്ന ഒമ്പതാമത് മേള ദുബൈയിലെ വാഫി മാളിലാണ് ഒരുക്കിയിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വെള്ളിയാഴ്ച മേള സന്ദര്‍ശിച്ചു.  
കല, കരകൗശലം, ഫാഷന്‍, സാങ്കേതിക വിജ്ഞാനം, ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍റീരിയര്‍ ഡിസൈന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രാഥമിക വിവരങ്ങളെ കുറിച്ച ബോധവത്കരണം വിദ്യാര്‍ഥികളില്‍ വളര്‍ത്തുകയും ഇതിലൂടെ ഭാവിയില്‍ വ്യവസായ സംരംഭങ്ങള്‍ സ്വന്തമായി തുടങ്ങാന്‍ പ്രേരണ നല്‍കുകയുമാണ് മേള ലക്ഷ്യമിടുന്നത്. യു.എ.ഇയിലെ സ്വകാര്യ, പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ സ്റ്റാളുകള്‍ ഒരുക്കിയും വിവിധ ഉല്‍പന്നങ്ങളുടെ വില്‍പന നടത്തിയും സജീവമായി പങ്കെടുക്കുന്നു.
മക്കളുടെ വ്യവസായ സംരംഭ രംഗത്തെ താല്‍പര്യവും കഴിവും നേരിട്ട് കാണാനെത്തിയ മാതാപിതാക്കളും അധ്യാപകരും അടങ്ങുന്ന വലിയ  ജനക്കൂട്ടം വെള്ളിയാഴ്ച വാഫി മാളിലുണ്ടായിരുന്നു. വിവിധ സ്റ്റാളുകളില്‍ ധാരാളം മലയാളി വിദ്യാര്‍ഥികളുടെ സജീവ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.
എ-148 സ്റ്റാള്‍ നിയന്ത്രിച്ചിരുന്ന കരണ്‍, അസ്ഹര്‍, താനിയ, കോമള്‍, എ-76,  എ 77ലെ മുഹമ്മദ്, നിഹാല്‍, അച്ചു എന്നിവരെല്ലാം വളരെ താല്‍പര്യത്തോടെ സന്ദര്‍ശകരെ സ്വീകരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. നാല് ദിവസത്തെ മേള ശനിയാഴ്ച സമാപിക്കും.  

മനുഷ്യക്കടത്ത്: പ്രതികളില്‍ 28 ശതമാനം തൊഴിലുടമകള്‍

Posted: 19 Apr 2013 11:37 PM PDT

Image: 

ദുബൈ: മനുഷ്യക്കടത്ത് കേസുകളില്‍ പ്രതികളായവരില്‍ 28 ശതമാനം പേര്‍ ഇരകളുടെ തൊഴിലുടമകള്‍. ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ 2012ല്‍ അഭയം നല്‍കിയ ഇരകളുമായി ബന്ധപ്പെട്ട കേസുകളിലാണിത്. അതേസമയം, പ്രതികളില്‍ 51 ശതമാനം പേര്‍ ഇരകളുമായി പ്രത്യക്ഷ ബന്ധമില്ലാത്തവരും ബാക്കി ഇരകളുടെ പരിചയക്കാര്‍, ബന്ധുക്കള്‍, വിവിധ കാര്യങ്ങളിലെ പങ്കാളികള്‍ തുടങ്ങിയവരുമാണ്.   
മനുഷ്യക്കടത്ത് സംഘങ്ങള്‍ പലതരം തന്ത്രങ്ങളിലൂടെയാണ് ഇരകളെ വീഴ്ത്തുന്നത്. ജോലി വാഗ്ദാനമാണ് ഇതില്‍ പ്രധാനം. തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ മാര്‍ഗങ്ങളും ഇവര്‍ സ്വീകരിക്കുന്നു. ഇരകളാകുന്ന സ്ത്രീകളില്‍ 80 ശതമാനവും കുടുങ്ങിയത് ജോലി വാഗ്ദാനത്തിലാണെന്ന് ഫൗണ്ടേഷന്‍ റിപോര്‍ട്ടില്‍ പറഞ്ഞു.
ഇരകളില്‍ 54 ശതമാനവും അവിവാഹിതരാണ്. വിവാഹിതര്‍ 26 ശതമാനവും വിവാഹ മോചിതര്‍ 17 ശതമാനവും വിധവകള്‍ മൂന്നു ശതമാനവുമാണ്. 2012ല്‍ മനുഷ്യക്കടത്തിന് ഇരകളായി ഫൗണ്ടേഷനില്‍ അഭയം തേടിയവരില്‍ ഒമ്പത് ശതമാനം പേര്‍ 1,000 ദിര്‍ഹമില്‍ താഴെ വേതനത്തിന് ജോലി ചെയ്തവരാണ്. 6,000 മുതല്‍ 10,000 വരെ ശമ്പളം ലഭിച്ചവര്‍ ആറു ശതമാനമാണ്. ഇരകളില്‍ 40 ശതമാനവും യു.എ.ഇയില്‍ എത്തിയ ആദ്യ ദിവസം തന്നെ വഞ്ചനക്ക് ഇരയായെന്ന് റിപോര്‍ട്ട് വെളിപ്പെടുത്തി. അതേസമയം, അഞ്ച് ശതമാനം പേര്‍ യു.എ.ഇയില്‍ എത്തുന്നതിന് മുമ്പും 37 ശതമാനം പേര്‍ യു.എ.ഇയിലെത്തി കുറെ ദിവസ കഴിഞ്ഞ ശേഷവുമാണ് ഇരയാക്കപ്പെട്ടത്. ഒമ്പത് ശതമാനം പേര്‍ ഒരാഴ്ചക്ക് ശേഷവും ഒമ്പത് ശതമാനം പേര്‍ 30 ദിവസത്തിന് ശേഷവും ഇരകളായി.
മനുഷ്യക്കടത്തിന് ഇരകളായവര്‍ പലതരം പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നതായി റിപോര്‍ട്ട് പറയുന്നു. ക്രൂര മര്‍ദനം, ബലാത്സംഗം തുടങ്ങിയവക്കും ഇരകളാക്കപ്പെട്ടു. 94 ശതമാനം പേരും ശാരീരിക ദുരുപയോഗത്തിന് ഇരകളായിട്ടുണ്ട്. അതേസമയം, 89 ശതമാനം പേര്‍ ലൈംഗിക ദുരുപയോഗത്തിന് ഇരകളായി. 83 ശതമാനം പേര്‍ക്ക് അവഗണനയും മറ്റും സഹിക്കേണ്ടിവന്നു.  
മനുഷ്യക്കടത്തിന് ഇരകളാകുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസം തീരെ കുറഞ്ഞവരാണ്. 2012ല്‍ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ അഭയം നല്‍കിയ ഇരകളില്‍ 20 ശതമാനം നിരക്ഷരരാണ്. 34 ശതമാനം സ്ത്രീകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസമേയുള്ളൂ. എന്നാല്‍, 26 ശതമാനം സ്ത്രീകള്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയവരാണ്. 11 ശതമാനം സ്ത്രീകള്‍ ഉന്നത പഠനത്തിന് സര്‍വകലാശാലകളില്‍ എന്‍റോള്‍ ചെയ്തിരുന്നു. ഒമ്പത് ശതമാനം സ്ത്രീകള്‍ സര്‍വകലാശാല യോഗ്യത നേടിയ ശേഷമാണ് ഇവിടെ വന്നത്. ഇരകളില്‍ 43 ശതമാനം സന്ദര്‍ശക വിസയിലോ തൊഴില്‍ വിസയിലോ ആണ് യു.എ.ഇയില്‍ വന്നത്. എട്ടു ശതമാനം പേരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഒമ്പത് ശതമാനം ഇരകള്‍ വിസ റദ്ദാക്കിയവരാണ്.
മനുഷ്യക്കടത്തിന് ഇരകളുമായി ബന്ധപ്പെട്ട് ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ രണ്ടു സുപ്രധാന പഠനങ്ങള്‍ അടുത്ത കാലത്ത് നടത്തിയിരുന്നു. ‘ജി.സി.സി രാജ്യങ്ങളിലെ മനുഷ്യക്കടത്ത് കേസുകള്‍; ഒരു താരതമ്യ പഠനം’ എന്നതാണ് ആദ്യ വിഷയം. ‘യു.എ.ഇയില്‍ മനുഷ്യക്കടത്തിന് ഇരകളായ സ്ത്രീകളെയും കുട്ടികളെയും സഹായിക്കാനുള്ള പദ്ധതി’യാണ് രണ്ടാമത്തെ വിഷയം. ഇവര്‍ക്ക് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും മറ്റും സാമൂഹിക ഉത്തരവാദിത്തം എന്ന നിലയില്‍ ആവശ്യമായ സഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.

ബശ്ശാര്‍ തോറ്റുകൊണ്ടിരിക്കുന്നു-ഖറദാവി

Posted: 19 Apr 2013 11:28 PM PDT

Image: 

ദോഹ: സിറിയന്‍ ജനതക്ക് നേരെ പീരങ്കികളും വിമാനങ്ങളും കൊണ്ട് ആക്രമണം അഴിച്ചുവിടുകയും കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും അറുകൊല നടത്തുകയും ചെയ്യുന്ന സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദ് തോറ്റുകൊണ്ടിരിക്കുകയാണെന്നും ബശ്ശാറിനെതിരെ ലോകത്തുള്ള മുഴുവന്‍ മനുഷ്യരും പ്രാര്‍ഥിക്കണമെന്നും അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. മദീന ഖലീഫയിലെ ഉമര്‍ ബിന്‍ ഖത്താബ് ജുമാ മസ്ജിദില്‍ ജുമുഅ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബശ്ശാറിന്‍െറ അന്തിമ തോല്‍വി സുനിശ്ചിതമാണ്. അയാളെ ദൈവം പിടികൂടുക തന്നെ ചെയ്യും. ദോഹ സന്ദര്‍ശിക്കുന്ന ഇസ്മയില്‍ ഹനിയ്യയെ സ്വാഗതം ചെയ്ത ഖറദാവി ഗസ്സ പുനര്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താനും ഫലസ്തീന്‍ ഐക്യം സാധ്യമാക്കാന്‍ സഹായം ആവശ്യപ്പെട്ടുമാണ് അദ്ദേഹമെത്തിയതെന്ന് പറഞ്ഞു. സമ്പത്ത് കൊണ്ട് അനുഗൃഹീതമായ ഖത്തറിലെ അമീറും ജനതയും ഹനിയ്യയെ ഇനിയും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഫലസ്തീന്‍ വിഭജിക്കപ്പെടരുത്.  ഗസ്സയും വെസ്റ്റ്ബാങ്കും മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളും എന്നും ഒന്നായിരിക്കണം. ഒരൊറ്റ ജനത എന്ന വികാരം മുറുകെപ്പിടിക്കാന്‍ ഫലസ്തീനികളെ ആഹ്വാനം ചെയ്ത ഖറദാവി ഹനിയ്യയുടെ ദോഹ ദൗത്യം വിജയിക്കട്ടെ എന്ന് ആശംസിച്ചു.
അമേരിക്കയിലെ ബൂസ്റ്റണിലും ടെക്സാസിലുമുണ്ടായ സ്ഫോടനങ്ങളെ ഖറദാവി ശക്തിയായി അപലപിച്ചു. നിരപരാധികളെ കൊല്ലുകയും പൊതുസമ്പത്തും കെട്ടിടങ്ങളും തകര്‍ക്കുകയും ചെയുന്നതിനെ ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ഇസ്ലാം സമാധാനത്തിന്‍റെ ദര്‍ശനമാണ്. ഖുര്‍ആന്‍ എന്ന പരമ്പരയില്‍ ‘ഖുര്‍ആനിലെ യുവാക്കള്‍ എന്ന വിഷയവും ഖറദാവി അവതരിപ്പിച്ചു. മര്‍ദകനും ക്രൂരനുമായ ഫറോവയോട് മൂസാ നബി മാന്യമായാണ് പെരുമാറിയതെന്നും പ്രബോധകരായ യുവാക്കള്‍ ഇത് മാതൃകയാക്കണമെന്നും ഖറദാവി ഓര്‍മിപ്പിച്ചു.

സൗദിയില്‍ തൊഴില്‍ പരിശോധന തുടരും -മന്ത്രാലയം

Posted: 19 Apr 2013 11:10 PM PDT

Image: 

റിയാദ്: സൗദിയില്‍ നിയമ വിരുദ്ധ തൊഴിലാളികള്‍ നിലനില്‍ക്കുവോളം മന്ത്രാലയത്തിന്‍െറ തൊഴില്‍ പരിശോധന തുടരുമെന്ന് മന്ത്രാലയ പ്രതിനിധി വ്യക്തമാക്കി. അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ ഇളവ് നിയമാനുസൃതമല്ലാത്ത തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള കാലാവധിയാണ്. തൊഴില്‍ പരിശോധന നിര്‍ത്തിവെക്കണമെന്നല്ല രാജാവിന്‍െറ ഇളവ്കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കിഴക്കന്‍ പ്രവിശ്യയിലെ തൊഴില്‍ മന്ത്രാലയ ശാഖ ഡയറക്ടര്‍ മുഹമ്മദ് അല്‍മന്നാഅ് പറഞ്ഞു.
സൗദി മന്ത്രിസഭ അംഗീകരിച്ച തൊഴില്‍ നിയമ ഭേദഗതി രാജ്യത്ത് നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് തൊഴില്‍ നിയമ ഭേദഗതിയിലൂടെ മന്ത്രിസഭ അംഗീകരിച്ചതുമാണ്. നിതാഖാത്ത് പദ്ധതിയനുസരിച്ച് സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ച പരിപാടിക്ക് പിന്തുണ നല്‍കുകയാണ് അബ്ദുല്ല രാജാവ് തന്‍െറ മൂന്ന് മാസത്തെ ഇളവിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് മാസത്തിന് ശേഷം നിയമ വിരുദ്ധരായ തൊഴിലാളികള്‍ രാജ്യത്ത് അവശേഷിക്കരുതെന്നാണ് രാജാവിന്‍െറ നിര്‍ദേശം. തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ തൊഴിലാളികള്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. വ്യക്തി താല്‍പര്യത്തിന് ഉപരിയായി രാഷ്ട്ര താല്‍പര്യത്തെ കാണാന്‍ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിയണമെന്നും അല്‍മന്നാഅ് അഭ്യര്‍ഥിച്ചു.
സൗദി അറേബ്യയിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ടല്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടികൂടാന്‍ ഏത് കാലത്തും നിയമപ്രാബല്യതയുണ്ട്. രാജാവിന്‍െറ ഇളവ് വിദേശികള്‍ക്ക് അനധികൃതമായി രാജ്യത്ത് തങ്ങാനുള്ള അനുമതിയല്ല. തൊഴില്‍ മന്ത്രാലയം നടത്തുന്ന പരിശോധനക്ക് പുതുതായി 1000 പരിശോധകരെ നിയമിക്കാന്‍ മന്ത്രാലയത്തിന് അനുമതി ലഭിച്ചത് പരിശോധന തുടരണമെന്നതിനുള്ള പിന്തുണയാണെന്നും അല്‍മന്നാഅ് പറഞ്ഞു.

ഷിബു ബേബി ജോണ്‍ -നരേന്ദ്ര മോഡി കൂടിക്കാഴ്ച വിവാദത്തില്‍

Posted: 19 Apr 2013 11:07 PM PDT

Image: 

തിരുവനന്തപുരം: തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍  വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് അത്തരമൊരു കൂടിക്കാഴ്ച തെറ്റായിപ്പോയെന്ന് മന്ത്രി പറഞ്ഞു. വിഷയം രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ മോഡിയുമായുള്ള  കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ ഷിബു ബേബി ജോണ്‍ കഴിഞ്ഞാഴ്ചയാണ് അഹമ്മദാബാദില്‍  മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.
വികസനകാര്യങ്ങളാണ് പത്തു മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നും ഗുജറാത്ത് തൊഴില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മോഡിയെ സന്ദര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ തൊഴില്‍ പരിശീലനം, ഐ.ഐ.ടികളുടെ വികസനം, വ്യവസായ  പരിശീലനം കേന്ദ്രം തുടങ്ങിയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോഡിയുമായി ചര്‍ച്ച ചെയ്ത്. ഗുജറാത്ത് തൊഴില്‍ വകുപ്പ് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.  തൊഴില്‍ വൈദഗ്ധ്യ വികസനത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാവുന്നതാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേരളത്തിന്റെവികസനത്തിനു വേണ്ടിയായിരുന്നു ചര്‍ച്ച. അതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മോഡി കൂടിക്കാഴ്ചക്കെതിരെ യു.ഡി.എഫ് നേതാക്കള്‍ രംഗത്തു വന്നതോടെയാണ് കൂടിക്കാഴ്ച തെറ്റായിപ്പോയെന്ന് മന്ത്രി പ്രതികരിച്ചത്.
ഷിബു ബേബി ജോണിനെതിരെ  രംഗത്തെത്തിയ  കേന്ദ്രമന്ത്രി വയലാര്‍ രവി ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും സര്‍ക്കാരിന്റെ പൊതുവായ നയം അനുസരിച്ചാവണം മന്ത്രിമാര്‍ പെരുമാറേണ്ടതെന്നും പ്രതികരിച്ചു.
നരേന്ദ്രമോഡി- ഷിബു ബേബി ജോണ്‍ കൂടിക്കാഴ്ചയെ എതിര്‍ത്ത കെ.സി വേണുഗോപാല്‍ ഗുജറാത്ത് മോഡല്‍ വികസനം കേരളത്തിന് ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഇതേ കുറിച്ച് കുടുതല്‍ പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന് ഗുജറാത്ത് മാതൃക വേണ്ടെന്ന് ചീഫ്.വിപ്പ് പി.സി ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി ഇതേ കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.

 

ഈരടികള്‍ മുറിഞ്ഞ് ഈണം മാത്രമായി ആ ഭാവഗായകന്‍....

Posted: 19 Apr 2013 11:01 PM PDT

Image: 

റിയാദ്: തിരയടിച്ചുയരാന്‍ വെമ്പുന്ന കടലായി ഉള്ളുനിറയെ സംഗീതം. തുള്ളിത്തുളുമ്പി നാവോളമെത്തുമ്പോള്‍ പക്ഷാഘാതത്തിന്‍െറ അടിതെറ്റലില്‍ ഈരടികള്‍ മുറിഞ്ഞ് ഈണം മാത്രം പുറത്തേക്ക്. രോഗം തളര്‍ത്തിയ നാവിന് പിടികൊടുക്കാതെ വാക്കുകള്‍ അകന്നുപോകുമ്പോള്‍ ഒരു അവശതക്കും തടുക്കാന്‍ കഴിയാത്ത തന്‍െറ സ്വരമാധുരിയില്‍ അദ്ദേഹം നൊമ്പരമൊളിപ്പിക്കുന്നു. മലയാളിയെ ഒരുകാലത്ത് പാടിയുണര്‍ത്തിയ എം.എസ്. നസീം എന്ന ഭാവഗായകന് പാടാന്‍ കഴിയാതായിട്ട് ഏഴുവര്‍ഷം.
മൂവായിരത്തിലേറെ ഗാനസദസുകളിലുടേയും ദൂരദര്‍ശനും ആകാശവാണിയുമുള്‍പ്പടെ വിവിധ മാധ്യമങ്ങളിലൂടെയും മലയാളിയുടെ പാട്ടുശീലങ്ങളില്‍ ഇടമുറപ്പിക്കാന്‍ കഴിഞ്ഞ ഗതകാല പ്രതാപത്തിന്‍െറ ഓര്‍മകളിലുണര്‍ന്ന്, റിയാദിന്‍െറ നഗരകേന്ദ്രമായ ബത്ഹയില്‍, മകള്‍ നാദിയ ജാസിറിന്‍െറ വീട്ടിലിരുന്നു അദ്ദേഹം പാടി, ‘നിറയും താരങ്ങളെ...’ 1990ല്‍ ഇറങ്ങിയ ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ചിത്രയോടൊപ്പം പാടിയ യുഗ്മഗാനത്തിന്‍െറ ഈണം മാത്രമേ കേള്‍പ്പിക്കാനായുള്ളൂവെങ്കിലും ആ നാദമാധുരിയില്‍ ലയിച്ചിരിക്കുമ്പോള്‍ വാക്കുകള്‍ അനാവശ്യമാണെന്ന് തോന്നി.
ഗായകന്‍, മ്യൂസിക് കണ്ടക്ടര്‍, മലയാള സംഗീതത്തിന്‍െറ ചരിത്ര സൂക്ഷിപ്പുകാരന്‍, സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളുടെ സംഘാടകന്‍, ഡോകൂമെന്‍ററി സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ നസീമിനെ മലയാള സംഗീതത്തിന്‍െറ വര്‍ത്തമാന ലോകത്തുനിന്ന് തട്ടിയകറ്റിയത് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗമാണ്. ഇന്ത്യന്‍ സംഗീതരംഗത്തെ ഇതിഹാസമായ മുഹമ്മദ് റഫിയേയും മലയാളി സംഗീതജ്ഞന്‍ എ.ടി. ഉമ്മറിനേയും കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററികളുടെ സീഡികളുമായി കഴക്കൂട്ടം, വെട്ടുറോഡിലെ ‘അസ്മ മേടയില്‍’ വീട്ടില്‍നിന്ന് പ്രമുഖ ടെലിവിഷന്‍ ചാനലിന്‍െറ തിരുവനന്തപുരത്തെ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ബസില്‍വെച്ച് രോഗത്തിന്‍െറ ആക്രമണം.
2005 ജൂലൈ 20നായിരുന്നു അത്. വലതുവശം തളര്‍ന്ന് ആശുപത്രിയില്‍ കഴിയവേ ഒരിക്കല്‍കൂടി രോഗത്തിന്‍െറ ആക്രമണം. സംസാരശേഷിയും നഷ്ടമായി. അക്ഷരങ്ങള്‍ കൂടിക്കുഴഞ്ഞ് അവ്യക്തമാകുന്ന വാക്കുകള്‍.
വളരെ ചെറുപ്പത്തിലെ സംഗീതലോകത്ത് എത്തിയ അദ്ദേഹത്തിന് ചലച്ചിത്രസംഗീതത്തില്‍ അര്‍ഹപ്പെട്ട അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും പിന്നണിരംഗത്തെ ഗാനഗന്ധര്‍വന്‍ യേശുദാസ് മുതല്‍ വിധുപ്രതാപ് വരെ പലതലമുറകള്‍ നീളുന്ന ശക്തമായ സംഗീത സൗഹൃദത്തിനുടമയായി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജൂനിയര്‍ എ.എം രാജയെന്നും കോളജിലെത്തിയപ്പോള്‍ ജൂനിയര്‍ റഫിയെന്നും വിളിപ്പേര് വീണുകിട്ടുംവിധം ശ്രോതാക്കളെ വിസ്മയിപ്പിച്ച സംഗീതസിദ്ധിയാണ് ചലച്ചിത്രരംഗത്ത് അവസരം കിട്ടിയില്ലെങ്കില്‍ പോലും സംഗീതാസ്വാദകരുടെ മനസില്‍ പ്രമുഖസ്ഥാനത്ത് പ്രതിഷ്ഠ നേടിക്കൊടുത്തത്.
മുവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. സൗദി അറേബ്യയൊഴികെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലുമായി 18ലേറെ വേദികളില്‍ പാടി അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകനായി. സൗദിയില്‍ കാലൂന്നാന്‍ അവസരമൊത്തപ്പോള്‍ പാടാന്‍ കഴിയാതെയുമായി. കഴിവുകള്‍ തന്ന സര്‍വശക്തനായ ദൈവത്തോട് ഹൃദയമുരുകി പാടാന്‍ ആത്മീയതേട്ടങ്ങളുടെ ഭാഗമായുളള ഒരു തീര്‍ഥയാത്രയാണിത്. മക്കയും മദീനയും സന്ദര്‍ശന ലക്ഷ്യമാണ്.  
കേവലം ഒരു ഗായകനില്‍ ഒതുങ്ങിനില്‍ക്കാന്‍ തയാറാകാതിരുന്ന അദ്ദേഹത്തിലെ സംഗീതപ്രേമി അരനൂറ്റാണ്ടിലധികമായ മലയാളിയുടെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തിന്‍െറ ഒരു വിജ്ഞാനകോശമായി മാറാനും തന്‍െറ ബഹുമുഖ കഴിവുകളിലൂടെ കഠിനപരിശ്രമം നടത്തി. അദ്ദേഹത്തിന്‍െറ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമായി. മലയാള ഗാനചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ആദ്യ സാക്ഷാത്കാരമായിരുന്നു ദൂരദര്‍ശന്‍ ഏറെക്കാലം തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’. മലയാള ഗാനചരിത്രത്തിന്‍െറ സമഗ്രത ഉള്‍ക്കൊള്ളുന്ന ആ ഡോകുമെന്‍ററി അദ്ദേഹം സ്വന്തം സമ്പാദ്യം മുടക്കിയാണ് സംവിധാനം ചെയ്തത്.
നിരവധി ഡോകുമെന്‍ററികള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്‍െറ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്‍െറ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ.എം രാജ പുരസ്കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്കാരം തുടങ്ങി നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പുതിയ കേരള നിയമസഭാമന്ദിരത്തിന്‍െറ ഒന്നാംവാര്‍ഷിക വേളയില്‍ നിയമസഭക്കുള്ളില്‍ ഗാനമേള നടത്താനും എം.കെ. മുനീര്‍, പി.ജെ. ജോസഫ്, എം. വിജയകുമാര്‍, എസ്. ശര്‍മ തുടങ്ങിയ നേതാക്കളോടൊപ്പം ഗാനാലാപനം നടത്താനും കഴിഞ്ഞത് ഓര്‍മയിലെ ഏറ്റവും തിളക്കമുള്ള അനുഭവം.
എം.എ, ബി.എഡ് കാരനായ അദ്ദേഹം 27 വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. കെ.എസ്.ഇ.ബിയില്‍ സുപ്രണ്ടായിരിക്കെ 2003ല്‍ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവര്‍ത്തകനായി. വിഖ്യാത സംഗീതസംവിധായകന്‍ നൗഷാദിനെ മുംബെയില്‍ പോയി കണ്ട് തയാറാക്കിയ ഡോകുമെന്‍ററി പൂര്‍ത്തിയാക്കാനായില്ല.
ഭാര്യ ഷാഹിദയോടൊപ്പമാണ് റിയാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മരുമകന്‍ ജാസിറിന്‍േറയും മകള്‍ നാദിയ ജാസിറിന്‍േറയും അരികിലെത്തിയത്. ഇളയ മകള്‍ നസ്മി ഗീത് നാട്ടില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ്.
പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ മക്കളായ സാബിറ ഇബ്രാഹിം ജിദ്ദയില്‍നിന്നും ഷംന സുള്‍ഫിക്കര്‍ യാമ്പുവില്‍നിന്നും അദ്ദേഹത്തെ കാണാന്‍ റിയാദിലെത്തിയിരുന്നു. വീട്ടില്‍ അവരെ കണ്ട് അത്ഭുതം കൂറുമ്പോള്‍ തെക്കന്‍ കേരളത്തിലെ ഭാവഗായകനുമായി കോഴിക്കോടിന്‍െറ പ്രിയ പാട്ടുകാരന്‍ ബാബുരാജിന്‍െറ കുടുംബത്തിനുള്ള ബന്ധം അവര്‍ വെളിപ്പെടുത്തി, നസീമിന്‍െറ ഇളയ അനുജന്‍ സുള്‍ഫിക്കറാണ് ഷംനയെ വിവാഹം കഴിച്ചത്.
 

അമീറിനെതിരായ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധം: പാര്‍ലമെന്‍റ്

Posted: 19 Apr 2013 10:44 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ അമീറിനെതിരായ പരാമര്‍ശങ്ങള്‍ ഭരണാഘടന വിരുദ്ധമാണെന്നും ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും അത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നായായലും ശക്തമായ നിയമനടപടിക്ക് വിധേയമാകേണ്ടിവരുമെന്നും പാര്‍ലമെന്‍റ് പ്രഖ്യാപിച്ചു. ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഭരണഘടനയുടെ പ്രതിനിധികളാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍. അവര്‍ രാജ്യത്തിന്‍െറ അമീറിനെ എല്ലാനിലക്കും പിന്തുണക്കുന്നു. അമീറിനെതിരായ പരാമര്‍ശങ്ങള്‍ പ്രസംഗത്തിലൂടെയോ എഴുത്തിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ നടത്താന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കടക്കം ആര്‍ക്കും അധികാരമില്ല. അങ്ങിനെ ചെയ്താല്‍ അത് ഭരണഘടന ലംഘനമാവും.
കുവൈത്ത് ഭരണഘടന നീതിപീഠത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ജഡ്ജിയുടെ വിധിക്കു മുകളില്‍ മറ്റൊരു പരമാധികാരി ഇല്ല. നീതിപീഠത്തിന്‍െറ കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല. വിധി അനുകുലമാണെങ്കിലും പ്രതികൂലമാണെങ്കിലും എല്ലാവുരം അംഗീകരിക്കണം. കോടതി വിധിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്‍െറ ഭരണഘടനെയെയാണ് എതിര്‍ക്കുന്നത്. ആഭ്യന്തര വകുപ്പ് ഓരോ പൗരനെയും സംരക്ഷിക്കുന്നതിന് കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നില്‍ക്കുന്നവരാണെന്ന് പാര്‍ലമെന്‍റ് വ്യക്തമാക്കി. നിയമം നടപ്പാക്കാന്‍ അവരെ അനുവദിക്കണം. ആരും നിയമത്തിന് മുകളിലല്ല, നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരുമാണ്. നിയമം നടപ്പാക്കുന്നതിന് വേണ്ടിയുള്ള ആഭ്യന്തര വകുപ്പിന്‍െറ ശ്രമങ്ങളെ എല്ലാ നിലക്കും പിന്തണക്കുമെന്നും   പാര്‍ലമെന്‍റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
 

സ്റ്റേറ്റ് ബാങ്ക് ലയന നടപടി വീണ്ടും സജീവം

Posted: 19 Apr 2013 10:39 PM PDT

Image: 

ന്യൂദല്‍ഹി: പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബാങ്കുകള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കം വീണ്ടും സജീവമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ളവ എസ്.ബി.ഐയില്‍ ഈ വര്‍ഷം തന്നെ ലയിപ്പിക്കാനാണ് ശ്രമിക്കുന്നത്. എസ്.ബി.ഐയുടെ മൂലധന സ്ഥിതി മെച്ചപ്പെട്ടു നില്‍ക്കുന്നത് ഏറ്റെടുക്കലിന് അനുകൂല അന്തരീക്ഷമൊരുക്കി.
ഇന്‍ഡോര്‍, സൗരാഷ്ട്ര സ്റ്റേറ്റു ബാങ്കുകളെ എസ്.ബി.ഐയില്‍ നേരത്തെ ലയിപ്പിച്ചിരുന്നു. ഇതിനൊപ്പം എസ്.ബി.ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, മൈസൂര്‍, പാട്യാല, ബിക്കാനിര്‍-ജയ്പൂര്‍ എന്നിവയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നു. എന്നാല്‍, അതാതു സംസ്ഥാനങ്ങളില്‍ മികച്ച ശൃംഖലയുള്ള സ്റ്റേറ്റു ബാങ്കുകളെ ഇങ്ങനെ ഒന്നിച്ചു ചേര്‍ക്കുന്നതിനോട് പല വിധത്തില്‍ എതിര്‍പ്പ് ഉയര്‍ന്നു. ജീവനക്കാരുടെ സംഘടനകള്‍ ലയനത്തിന് എതിരാണ്.
വാണിജ്യ താല്‍പര്യത്തോടെ തന്നെ, കേരളത്തിന്‍െറ സാഹചര്യങ്ങള്‍ക്ക് പ്രത്യേകമായ പരിഗണന എസ്.ബി.ടി നല്‍കുന്നുണ്ട്. എസ്.ബി.ഐ രാജ്യവ്യാപക ശൃംഖലയുള്ള ബാങ്കാണെന്നിരിക്കേ, കേരളത്തിന് പ്രത്യേകമായ പ്രാദേശിക പരിഗണന നല്‍കിയെന്നു വരില്ല. സ്ഥലംമാറ്റം, പ്രമോഷന്‍ എന്നിവയില്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ട സാഹചര്യവും ഉണ്ടാകും. ശരാശരി ഇടപാടുകാര്‍ക്ക് എസ്.ബി.ഐയുടെ വിപുല ശൃംഖലയും സേവനങ്ങളും  ലഭ്യമാകുമെന്ന ഗുണവും ഇതിലുണ്ട്.
സഹകരണ ബാങ്കുകളുടെ ധനകാര്യ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയോ, കോര്‍ ബാങ്കിങ് ശൃംഖലയിലേക്ക് കൊണ്ടുവരികയോ ചെയ്യാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ സ്വകാര്യ-വിദേശ ബാങ്കുകള്‍ വരാന്‍പോവുകയും ചെയ്യുന്നു. ഇതിനിടയില്‍ പ്രാദേശിക പരിഗണനകള്‍ ബാങ്കിങ്ങില്‍ കുറയുന്നതിനിടയില്‍തന്നെയാണ്, നല്ല വേരോട്ടവും പ്രശസ്തിയുമുള്ള ബാങ്കുകള്‍ ലയനത്തിന് നിര്‍ബന്ധിക്കപ്പെടുന്നത്. ബാങ്കിങ് രംഗത്തെ മത്സരം ചെറുത്തു നില്‍ക്കുന്നതിനെന്ന പേരിലാണ് ലയനം.
 സ്റ്റേറ്റ് ബാങ്കുകള്‍ ഇതിനകം എസ്.ബി.ഐയുടെ പൊതുശൃംഖല ഉപയോഗപ്പെടുത്തുന്നുണ്ട്. കോര്‍ ബാങ്കിങ് സേവനങ്ങള്‍ ഇങ്ങനെയാണ് ലഭ്യമാക്കുന്നത്. അതിനിടയിലും വേറിട്ട പരസ്യങ്ങള്‍ നല്‍കിപ്പോന്ന എസ്.ബി.ഐ, കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനെ മൊത്തത്തില്‍ പ്രതിനിധാനംചെയ്യുന്ന പരസ്യമാണ് നല്‍കിയത്. ഇത് ലയനത്തിന്‍െറ സൂചന കൂടുതല്‍ വ്യക്തമാക്കി.
പ്രവര്‍ത്തന മികവിന് ബാങ്കുകളുടെ ഗ്രൂപ്പുകള്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തയിടെ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP