കുടിവെള്ള പൈപ്പ് നീട്ടലിന് 2.30 കോടി Posted: 21 Apr 2013 01:09 AM PDT കോഴിക്കോട്: ജില്ലയില്‍ നിലവിലുള്ള കുടിവെള്ള പൈപ്പ് 30 കി. മീറ്റര്‍ നീട്ടാന്‍ 2.30 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൈപ്പിടല്‍ 15 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചാല്‍ ഒരെതിര്‍പ്പുമില്ലാതെ പണം അനുവദിക്കും. പദ്ധതിയില്‍ പൈപ്പ് വാങ്ങാന്‍ ശനിയാഴ്ചതന്നെ ഓര്‍ഡര്‍ നല്‍കണം. രൂപരേഖയായാലുടന്‍ വകുപ്പുമന്ത്രി കോഴിക്കോട്ടെത്തും. ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് പുതിയ പൈപ്പുകള്‍ വഴി കാലതാമസമില്ലാതെ വെള്ളമെത്തിക്കും -കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിളിച്ചുചേര്‍ത്ത വരള്‍ച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വരള്‍ച്ച നേരിടാന്‍ കലക്ടര്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍നിന്ന് ഓരോ പഞ്ചായത്തിനും വിഹിതം മുന്‍കൂറായി നല്‍കിയാല്‍ കുടിവെള്ള പ്രശ്നം പരിഹരിക്കാനാകുമെന്ന് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ഈ വര്‍ഷത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു യോഗത്തില്‍ ഉദ്യോഗസ്ഥരെടുത്ത നിലപാട്. വെള്ളമില്ലാത്ത മേഖലകളിലെല്ലാം ആവശ്യമായ കുടിവെള്ളം എത്തിക്കാന്‍ നടപടിക്രമങ്ങളോ ചട്ടങ്ങളോ തടസ്സമാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ താഴെ. ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് അടിയന്തര പ്രധാന്യം നല്‍കണം. കലക്ടറുടെ ഫണ്ടില്‍നിന്ന് അനുവദിക്കുന്ന തുകക്ക് പുറമെ കുടിവെള്ള വിതരണത്തിന് പണം ചെലവിടാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കുന്നു. വരള്‍ച്ച നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അഞ്ചു ലക്ഷം വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷവും നല്‍കും. മേയ് 31നകം പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ക്കേ ഈയിനത്തില്‍ പണം നല്‍കൂ. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്കും കുടിവെള്ള വിതരണത്തിന് പണം ചെലവിടാം. കുടിവെള്ള വിതരണത്തിന് ഓരോ പഞ്ചായത്തിനും 50,000 രൂപ വീതം മുന്‍കൂറായി നല്‍കും. ഇതിന്‍െറ ബില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ വീണ്ടും 50,000 നല്‍കും. വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും ഒപ്പിട്ടാല്‍ പദ്ധതി അംഗീകരിക്കണം. ടാങ്കറുകള്‍ വാടകക്കെടുത്തോ ലഭ്യമായ ടാങ്കറുകളിലോ വരള്‍ച്ചബാധിത മേഖലകളില്‍ വെള്ളമെത്തിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്. 20 ലക്ഷം രൂപ വരെയുള്ള കുടിവെള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതിക്ക് കാക്കാതെ കലക്ടര്‍ക്ക് നേരിട്ട് അനുമതി നല്‍കാം. എക്സി. എന്‍ജിനീയര്‍മാര്‍ക്കും ഈ വിധം 20 ലക്ഷം രൂപ വരെ ചെലവാക്കാം. നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണം. പ്രവൃത്തികള്‍ക്ക് അഞ്ച് ശതമാനം വരെ അധിക ചെലവ് അനുവദിക്കാം. വാട്ടര്‍ അതോറിറ്റിയുടെ ജലസ്രോതസ്സുകള്‍ മതിയാവാതെവന്നാല്‍ സ്വകാര്യ കിണറുകളില്‍നിന്നോ കുളങ്ങളില്‍നിന്നോ വെള്ളം ശേഖരിക്കാം. വെള്ളം ഉപയോഗ യോഗ്യമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണം.കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യപ്പെട്ടാലുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കണം. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള വാട്ടര്‍ അതോറിറ്റി പദ്ധതികളുടെ ലിസ്റ്റ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കലക്ടറും മുന്‍കൈയെടുത്ത് ജലാശയങ്ങള്‍ സംരക്ഷിക്കണം. വൈദ്യുതി ചാര്‍ജ് അടക്കാത്തതിന്‍െറ പേരില്‍ ഫ്യൂസ് ഊരിയ ആദിവാസി കോളനികളില്‍ ശനിയാഴ്ചതന്നെ വൈദ്യുതി പുന$സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിസ്സാര കാരണം പറഞ്ഞ് പദ്ധതികള്‍ നീട്ടിക്കൊണ്ടുപോകാതെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ ബാധ്യതയുണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. വരള്‍ച്ചാ ദുരിതാശ്വാസത്തിന് ഈവര്‍ഷം 5.44 കോടി രൂപ ജില്ലക്ക് ലഭിച്ചതില്‍ 1.12 കോടിയുടെ പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ-ബ്ളോക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, വിവിധ വകുപ്പ് തലവന്മാര്‍ തുടങ്ങിയവര്‍, രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു. |
സ്ത്രീ സുരക്ഷ ആശങ്കാജനകം -പ്രധാനമന്ത്രി Posted: 20 Apr 2013 11:47 PM PDT ന്യൂദല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും അന്തസ്സും ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് രാജ്യത്തെ ഒരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ദിനാചരണത്തോട് അനുബന്ധിച്ച് ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദല്‍ഹിയില്‍ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തെ അദ്ദേഹം അപലപിച്ചു. സമൂഹത്തിലെ ഈ ധാര്‍മ്മിക അധ:പതനത്തെ തുടച്ചുനീക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ടു പോകാനുണ്ട്. സത്രീപീഡന വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടുമ്പോള്‍ അധികൃതര്‍ കൂടുതല്‍ സംയമനം പാലിക്കണം. സ്ത്രീസംരക്ഷണം സംബന്ധിച്ച ബോധവല്‍ക്കരണത്തിന് ഉള്‍പ്പെടെ ദേശീയ മുന്നേറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. |
മനുഷ്യക്കടത്ത്: കുറ്റവാളികള്‍ക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും Posted: 20 Apr 2013 11:36 PM PDT ദുബൈ: മനുഷ്യക്കടത്ത് തടയാന്‍ രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം, ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കും. ഇതുസംബന്ധിച്ച 2006 നവംബറിലെ 51ാം നമ്പര്‍ ഫെഡറല്‍ നിയമത്തില്‍ ശിക്ഷകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. മനുഷ്യക്കടത്ത് തടയാന്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കുന്ന രാജ്യമാണ് യു.എ.ഇ. മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും ഉത്തരവാദിത്തം സംബന്ധിച്ച 1972ലെ ഒന്നാം നമ്പര്‍ ഫെഡറല്‍ നിയമം, രാജ്യത്തേക്ക് വിദേശികളുടെ പ്രവേശവും താമസവും സംബന്ധിച്ച 1973ലെ ആറാം നമ്പര്‍ ഫെഡറല്‍ നിയമം, തൊഴില്‍ ബന്ധങ്ങള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച 1980ലെ എട്ടാം നമ്പര്‍ ഫെഡറല്‍ നിയമം, 1987ലെ മൂന്നാം നമ്പര്‍ ഫെഡറല്‍ നിയമം (ക്രിമിനല്‍ കോഡ്-ഭേദഗതി), 1992ലെ 35ാം നമ്പര്‍ ഫെഡറല്‍ നിയമം (ക്രിമിനല്‍ നടപടിക്രമം-ഭേദഗതി), 2005ലെ 15ാം നമ്പര്‍ ഫെഡറല്‍ നിയമം (ഒട്ടകപ്പന്തയത്തില്‍ പങ്കെടുക്കുന്നതിനുള്ള നിയന്ത്രണം) എന്നിവ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് 2006ലെ 51ാം നമ്പര്‍ നിയമം രൂപപ്പെടുത്തിയത്. മേഖലയില്‍ ഇത്തരമൊരു നിയമം ആദ്യമാണ്. മനുഷ്യക്കടത്തിന്‍െറ എല്ലാ രൂപങ്ങളെയും ഈ നിയമം ശക്തമായി എതിര്‍ക്കുന്നു. മനുഷ്യരെ അടിമകളാക്കല്‍, ലൈംഗിക ദുരുപയോഗം, ബാലവേല, മനുഷ്യാവയവ വ്യാപാരം, നിര്‍ബന്ധിത ജോലി തുടങ്ങിയവയെല്ലാം നിയമത്തിന്‍െറ പരിധിയില്‍ വരുന്നു. വഞ്ചനയിലൂടെയാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. പ്രതികള്‍ ഏതെങ്കിലും തരത്തില്‍ ബലപ്രയോഗം, ഭീഷണി, കൊലപാതകം, ശരീരത്തില്‍ പരിക്കേല്‍പിക്കല്‍, മാനസിക-ശാരീരിക പീഡനം തുടങ്ങിയവ നടത്തിയിട്ടുണ്ടെങ്കില്‍ ജീവപരന്ത്യമാണ് ശിക്ഷ. 16 വകുപ്പുകളുള്ള നിയമത്തില്‍, മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷക്ക് വ്യവസ്ഥയുണ്ട്. ഏറ്റവും കുറഞ്ഞ പിഴ സംഖ്യ ലക്ഷം ദിര്‍ഹമാണ്. കുറ്റകൃത്യത്തിന്‍െറ ഗൗരവമനുസരിച്ച് ഇത് 10 ലക്ഷം വരെയാകും. നിയമത്തിലെ ഒന്നാം വകുപ്പ് മനുഷ്യക്കടത്തിനെ നിര്‍വചിക്കുന്നു. നിര്‍ബന്ധിതമായോ, ബലപ്രയോഗത്തിലൂടെയോ ചെയ്യുന്ന കാര്യം, അല്ലെങ്കില്‍ ദുരുപയോഗം എന്നിങ്ങനെയാണ് ഇതിനെ പരാമര്‍ശിക്കുന്നത്. ഇരകളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തല്‍, വേശ്യാവൃത്തിക്ക് ഉപയോഗിക്കല്‍, അടിമത്തം, നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കല്‍, അര്‍ധ അടിമത്ത സ്വഭാവമുള്ള നടപടികള്‍ എന്നിവയെല്ലാം ദുരുപയോഗത്തില്‍പ്പെടും. 2006ലെ 51ാം നമ്പര്‍ നിയമത്തിന്‍െറ രണ്ടാം വകുപ്പ് മനുഷ്യക്കടത്ത് കേസുകളിലെ തടവ് ശിക്ഷയെക്കുറിച്ച് വിശദീകരിക്കുന്നു. മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യം ആര് ചെയ്താലും ചുരുങ്ങിയത് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. അതേസമയം, ഇനി പറയുന്ന കാരണങ്ങളാല്‍ ജീവപരന്ത്യം തടവ് ശിക്ഷ ലഭിക്കും: 1. പ്രതിക്ക് സംഭവം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നേതൃത്വമുണ്ടാവുക 2. ക്രിമിനല്‍ സംഘത്തില്‍ ചേരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക 3. സ്ത്രീകളോ 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളോ വികലാംഗരോ മനുഷ്യക്കടത്തിന്‍െറ ഇരകളാകുക 4. ബലപ്രയോഗം, ഭീഷണി, ശാരീരിക-മാനസിക പീഡനം, ശരീരത്തില്‍ പരിക്കേല്‍പിക്കുകയോ കൊല്ലുകയോ ചെയ്യുക 5. രണ്ടോ അതില്‍ കൂടുതലോ വ്യക്തികള്‍ പ്രതികളാകുക 6. ആയുധധാരിയായ ഒരാള്‍ പ്രതികളില്‍പ്പെടുക 7. പ്രതി ക്രിമിനല്‍ സംഘത്തിലെ അംഗമാകുക 8. ഇത്തരം സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക. ഇരയുടെ ഭാര്യ/ഭര്‍ത്താവ്, രക്ഷിതാവ്, ബന്ധു, പിന്തുടര്‍ച്ചക്കാരന്‍ പ്രതിയാകുന്ന കേസുകളിലും ജീവപര്യന്തം തടവ് ശിക്ഷയുണ്ടാകും. പൊതുസേവകനോ പൊതു ഉത്തരവാദിത്തമുള്ള വ്യക്തിയോ പ്രതിയായാല്‍ ജീവപര്യന്തമാണ് ശിക്ഷ. ഇതിനുപുറമെ, അന്തര്‍ദേശീയ ബന്ധമുള്ള കേസുകളിലും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കും. കോര്‍പറേറ്റ് സ്ഥാപനങ്ങളെയും ശിക്ഷിക്കാന്‍ നിയമമുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മാനേജര്‍മാര്‍, ഏജന്‍റുമാര്‍ തുടങ്ങിയവര്‍ മനുഷ്യക്കടത്ത് നടത്തിയാല്‍ ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെ ദിര്‍ഹമാണ് പിഴ. |
ലോക ചേമ്പേഴ്സ് കോണ്‍ഗ്രസ് നാളെ മുതല്‍ Posted: 20 Apr 2013 11:27 PM PDT ദോഹ: എട്ടാമത് ലോക ചേമ്പേഴ്സ് കോണ്‍ഗ്രസിന് ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നാളെ തുടക്കമാകും. നാല് ദിവസത്തെ കോണ്‍ഗ്രസിന്‍െറ ഔചാരിക ഉദ്ഘാടനം നാളെ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി നിര്‍വ്വഹിക്കും. ഖത്തറിന് പുറമെ ഇന്ത്യ, യു.എ.ഇ, ഈജിപ്ത്, അങ്കാറ, ഒമാന്‍, ജോര്‍ദാന്‍, ആസ്ത്രേലിയ, അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ചൈന, ലൈബീരിയ, ബ്രസീല്‍, ഹോങ്കോങ്, ബംഗ്ളാദേശ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് നാല് ഉന്നതതല പ്രതിനിധികളാണ് സംബന്ധിക്കുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമ്മേളനത്തിന് ഇതാദ്യമായാണ് ഒരു പശ്ചിമേഷ്യന്‍ രാജ്യം വേദിയാകുന്നത്. അന്താരാഷ്ട്ര ചേമ്പര്‍ ഓഫ് കോമേഴ്സ് (ഐ.സി.സി), ലോക ചേമ്പേഴ്സ് ഫെഡറേഷന്‍ (ഡബ്ളിയു.സി.എഫ്്) എന്നിവയുമായി സഹകരിച്ച് ഖത്തര്‍ ചേമ്പറാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ‘എല്ലാവര്‍ക്കും അവസരങ്ങള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വ്യാവസായ മേഖലയെ ബാധിക്കുന്ന പ്രധാന ആഗോള വിഷയങ്ങള്‍ ചര്‍ച്ചയാകും. വിദ്യാഭ്യാസവും തൊഴിലില്ലായ്മയും, ചെറുകിട ഇടത്തരം സംരംഭങ്ങളും ലോക സമ്പദ് വ്യവസ്ഥയും, വനിതാ സംരംഭങ്ങള്‍, യുവസംരംഭകത്വം, ചേമ്പറിന്‍െറ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ നവീകരണം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന് മുന്നോടിയായി ഇന്ന് നടക്കുന്ന ഏകദിന ഐ.സി.സി വ്യാപാര അജണ്ട ഉച്ചകോടിയില്‍ വ്യവസായത്തിന്‍െറ രാഷ്ട്രീയ മാനങ്ങളും ചര്‍ച്ച ചെയ്യും. വിവിധ രാജ്യങ്ങളിലെ 12,000ലധികം ചേമ്പറുകളുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും നൂറുകണക്കിന് ബഹുരാഷ്ട്ര വ്യവസായ സംരംഭങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി ജനറല്‍ രാജീവ് സിങ്, അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്‍റ് മഹേന്ദ്ര സാങി, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവ് ഡയറക്ടറുമായ അശോക് ഉമ്മാറ്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ പ്രിന്‍സിപ്പല്‍ കൗണ്‍സിലിര്‍ കെ.എസ് വെങ്കിടഗിരി എന്നിവരാണ് സംബന്ധിക്കുന്നത്. ഇതിന് പുറമെ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, യു.എന്‍ വനിതാവിഭാഗം അിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ ലക്ഷ്മി പുരി, മക്ഗ്രോഹില്‍ കമ്പനീസ് സി.ഇ.ഒയും പ്രസിഡന്‍റുമായ ഹാരോള്‍ഡ് മക്ഗ്രോ, യു.എസ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ചേമ്പര്‍ തലവന്‍മാര്‍, ഒ.ഇ.സി.ഡി, ഡബ്ളിയു.ടി.ഒ, ഐ.സി.സി, ലോകബാങ്ക് എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും. കോണ്‍ഗ്രസിന് സമാന്തരമായി പതിനായിരം ചതുരശ്രമീറ്റര്‍ സ്ഥലത്ത് നടക്കുന്ന പ്രദര്‍ശനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികള്‍ സംബന്ധിക്കും. |
പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം -അംബാസഡര്‍ Posted: 20 Apr 2013 11:00 PM PDT ദമ്മാം: സൗദിയിലെ തൊഴില്‍ മേഖല ചിട്ടപെടുത്തുന്നതുമായി ബന്ധപെട്ട് തൊഴില്‍ നഷ്ടപെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവര്‍ക്ക് ഔ് പാസ് നല്‍കുന്നതിനാവശ്യമായ രേഖകള്‍ സ്വീകരിക്കാന്‍ എംബസി വിപുല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അംബാസഡര്‍ ഹാമിദ്അലി റാവു അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ദമ്മാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രവിശ്യയിലെ സാമൂഹ്യ സംഘടന പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.എം സിബി ജോര്‍ജും പങ്കെടുത്തു. എംബസ്സയുടെ സാന്നിധ്യമില്ലാത്ത കിഴക്കന്‍ പ്രവിശയിലെ പ്രവാസികള്‍ ഔ് പാസ് രേഖകള്‍ സമര്‍പ്പിക്കാന്‍ ഇടമില്ലാതെ കഷ്ടപെടുന്ന വാര്‍ത്തകള്‍ ശ്രദദ്ധയില്‍ പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച പ്രവര്‍ത്തനങ്ങളിലൂടെയേ പ്രശ്ന പരിഹാരം സാധ്യമാകൂ. നിലവില്‍ ദമ്മാമിലെ ഇന്ത്യന്‍ എംബസി സ്കൂളില്‍ ഔ് പാസ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. തൊഴില്‍ പരിശോധന നിര്‍ത്തിവെക്കുകയും പ്രവാസികള്‍ക്ക് രേഖകള്‍ ശരിപ്പെടുത്താന്‍ മൂന്ന് മാസം അനുവദിക്കുകയും ചെയ്ത സാഹചര്യത്തില്‍ അനധികൃതമായി കഴിയുന്നവരെ നിയമപരമാക്കാനും ഇതിന് സാധിക്കാത്തവരെ ജയിലില്‍ കിടക്കാതെ നാട്ടിലയക്കാനുമുള്ള ഊര്‍ജിത ശ്രമമാണ് ഇന്ത്യന്‍ എംബസി നടത്തുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രായോഗിക രൂപം കാണുന്നതിന് വിവിധ പ്രവിശ്യകളില്‍ നിന്ന് പ്രവാസിസമൂഹത്തിന്റെഅഭിപ്രായം തേടി വരികയാണ്. പ്രവാസി ഇന്ത്യക്കാരില്‍ വ്യത്യസ്ത രീതിയിലുള്ള തൊഴില്‍ പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും നേരിടുന്നവരുണ്ട്. പ്രാധാന്യവും പ്രായോഗിക പരിഹാരവും നോക്കിയാണ് ഇവയെ സമീപിക്കുക. നിയമപരമായി പ്രശ്നങ്ങള്‍ നേരിടുന്നവരും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും എത്രയും വേഗം ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. സാധ്യമാകുന്ന രീതിയില്‍ പ്രവാസികളുടെ മടങ്ങിപ്പോക്ക് ഒഴിവാക്കി അവരെ നിയമപരമായി ഇതര ജോലികളില്‍ പുനര്‍വിന്യസിക്കാനുള്ള സാധ്യതകളും ആരായുന്നുണ്ട്. എക്കാലത്തും പ്രവാസി സമൂഹത്തോട് കാരുണ്യം കാണിച്ച സൗദി അധികൃതരില്‍നിന്ന് ഇക്കാര്യത്തില്‍ ഉദാരമായ സമീപനം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസമാണ് എംബസിക്കുള്ളതെന്നും അംബാസഡര്‍ പറഞ്ഞു. നിയമ പ്രശ്നത്തില്‍ പെട്ടവര്‍ പ്രത്യേകിച്ച് ഹൗസ് ഡ്രൈവര്‍ വിസയിലുള്ളവര്‍ മൂന്ന് മാസത്തെ സമയ പരിധി ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പിന്നീട് ഉദാരമായ ഒരു സമീപനം പ്രതീക്ഷിക്കരുതെന്നും ഡി.സി.എം സിബി ജോര്‍ജ് ഓര്‍മിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും ഇക്കാര്യം പ്രവാസികളെ ബോധവത്കരിക്കണം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോറം പത്രത്തിലൂടെ പ്രസിദ്ധീകരിച്ച് എല്ലാവരിലും എത്തിക്കാന്‍ നടത്തിയ ശ്രമം പ്രശംസനീയമാണെന്നും ഡി.സി.എം പറഞ്ഞു. ഇന്ത്യന്‍ സ്കൂളുകളില്‍ ജോലി ചെയ്യന്ന വീട്ടമ്മ വിസയിലുള്ള ടീച്ചര്‍മാര്‍ അതതു സ്കൂളുകളിലേക്ക് മാറാന്‍ ശ്രമിക്കണം. നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തി ഇന്ത്യന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ വിസ അനുവദിക്കാന്‍ അധികൃതരോട്ആവശ്യപ്പെട്ടിട്ടുണ്ട്. അത് സാധ്യമായാല്‍ നിലവിലുള്ള ഹൗസ് വൈഫ് ടീച്ചര്‍മാരില്‍ മാറാന്‍ കഴിയാത്തവര്‍ക്ക് നാട്ടില്‍ പോയി സ്കൂളിന്‍െറ വിസയില്‍ വരാവുന്നതാണ്. സൗദിയിലെ പ്രധാനനഗരങ്ങള്‍ക്ക് പുറമെയുള്ള ഇതര പ്രവിശ്യകളിലും രജിസ്ട്രേഷന്‍ സൗകര്യവും മറ്റ് നിയമപരമായ സഹായവും നല്‍കുന്നത് പരിഗണിച്ച് വരികയാണ്. വൈകാതെ എംബസി പ്രതിനിധികള്‍ എല്ലാ പ്രവിശ്യകളിലും സന്ദര്‍ശനം നടത്തും. ഇത്തരം പ്രവിശ്യകളിലെ സാമൂഹിക പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് സേവനം കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ട്. പ്രവാസി പ്രശ്നത്തില്‍ എംബസിയുടെ പുതിയ ചുവടുവെപ്പുകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം അവസരം മുതലെടുത്ത് ചിലര്‍ സാമ്പത്തിക ലാഭം നേടാന്‍ ശ്രമിക്കുന്നതായും ഇത് ഗൗരവത്തോടെ നിരീക്ഷിച്ചുവരുന്നതായും എംബസി മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും എംബസി തുടരുകയാണ്. ഇതുവരെ 38000 ഇ.സി അപേക്ഷകള്‍ എംബസിയില്‍ ലഭിച്ചിട്ടുണ്ട്. ഇതിനായി അവധി ദിവസങ്ങളില്‍ പോലും ജീവനക്കാര്‍ ജോലിചെയ്യന്നുണ്ട്. കഴിഞ്ഞ വര്‍ഷം 2781 തൊഴില്‍ പ്രശ്നങ്ങളില്‍ എംബസി ഇടപെട്ടതായും ഇതേ കാലയളവില്‍ 1404 മരണ സംബന്ധമായ നടപടികള്‍ പൂര്‍ത്തീകരിച്ചതായും എംബസി അറിയിച്ചു. 2012ല്‍ 10,04,21,973 രൂപയുടെ നഷ്ടപരിഹാരം വിവിധ ഇനങ്ങളിലായി ഇന്ത്യക്കാര്‍ക്ക് നേടിക്കൊടുത്തിട്ടുണ്ട്. 2012 ല്‍ 15,187 പേര്‍ക്ക് മാത്രമാണ് തൊഴില്‍ വിസ എംബസി അറ്റസ്റ്റ് ചെയ്തത്. അതേസമയം സൗദിയില്‍ ജോലിതേടിയെത്തിയവരുടെ എണ്ണം ഇതിനെക്കാള്‍ ഏറെയാണ്. നാട്ടിലെ റിക്രൂട്ടിങ് നിയമങ്ങളുടെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ഇവിടെയെത്തുന്നവരാണ് അനധികൃത താമസക്കാരിലും നിയമലംഘകരിലും വലിയൊരു വിഭാഗം. അതുകൊണ്ട് തന്നെ നാട്ടില്‍നിന്ന് നിയമപരമായ രേഖകള്‍ പൂര്‍ത്തീകരിക്കാതെ ജോലി തേടുവരുന്നതിനെതിരെ ശക്തമായ ബോധവത്കരണം വേണ്ടതുണ്ടെന്നും എംബസി ചൂണ്ടിക്കാട്ടി. പ്രവിശ്യിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകര്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായി സജീവമായി തന്നെ സംഗത്തില്‍ പങ്കെടുത്തു. നിലവിലെ അവസ്ഥകള്‍ കഴിഞ്ഞും എംബസിയുടെ മുന്നില്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ ഇത്തരം അവസരങള്‍ ഒരുക്കണമെന്നും ചിലര്‍ ആവശ്യപെട്ടു. ആദ്യമായാണ് അംബാസഡര്‍ ഇത്തരത്തിലൊരു ദൗത്യവുമായി സംഘടനാ പ്രവര്‍ത്തകരുടെ മുന്നിലെത്തുന്നതെന്നും ചൂണ്ടികാണിക്കപെട്ടു. |
ചൈനയില്‍ ഭൂകമ്പം: മരണ സംഖ്യ 160 കവിഞ്ഞു Posted: 20 Apr 2013 10:22 PM PDT ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 160 കവിഞ്ഞതായി റിപ്പോര്‍ട്ട്. 5,000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം എട്ടു മണിക്കാണ് റിക്ടര്‍ സ്കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിചുവാനെ പിടിച്ചുകുലുക്കിയത്. സമീപത്തെ അഞ്ചു പ്രവിശ്യകളിലും ഭൂകമ്പത്തിന്‍െറ ആഘാതമുണ്ടായി. പരിക്കേറ്റ 147 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. ഭൗമോപരിതലത്തില്‍നിന്ന് 13 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം. മേഖലയില്‍ 264ഓളം തുടര്‍ചലനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 6000ലേറെ സൈനികര്‍ രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായും ചൈനീസ് ഔദ്യാഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യാ തലസ്ഥാനമായ ചെങ്ദുവില്‍ ശക്തമായ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനക്കൂട്ടം വീടുകള്‍ വിട്ട് പുറത്തേക്കോടി. ഭാഗികമായി തകര്‍ന്ന ചെങ്ദുവിലെ വിമാനത്താവളം അടച്ചിരിക്കുകയാണ്. ലുഷാനിലെ യാന്‍ പട്ടണത്തില്‍ വ്യാപക നാശമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇവിടെ പരിക്കേറ്റ 135 പേരുടെ സ്ഥിതി ഗുരുതരമാണ്. വംശനാശഭീഷണി നേരിടുന്ന ഭീമന്‍ പാണ്ടകളുള്ള സ്ഥലമാണ് യാന്‍. രണ്ടായിരത്തോളം സൈനികര്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമാണെങ്കിലും റോഡും മറ്റും തകര്‍ന്നത് ഭൂചലനമുണ്ടായ ഇടങ്ങളിലെത്തുന്നതിന് തടസ്സമാകുന്നുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലി കികിയാങ് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി സിചുവാനിലെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ചൈനക്ക് എല്ലാ സഹായവും നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി. 2008ല്‍ ഇതേ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 90,000 പേര്‍ മരിച്ചിരുന്നു. |
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ 336 ശതമാനം വര്‍ധന Posted: 20 Apr 2013 10:21 PM PDT ന്യൂദല്‍ഹി: പത്തു വര്‍ഷത്തിനിടെ രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങള്‍ അവിശ്വസനീയമാം വിധം വര്‍ധിച്ചതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2001ന് ശേഷം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ 336 ശതമാനം വര്‍ധനയുണ്ടായതായി ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് (എ.സി.എച്ച്.ആര്‍)പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷനല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് എ.സി.എച്ച്.ആര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2001-2011കാലത്ത് രാജ്യത്ത് 48,338 ബാല ലൈംഗിക പീഢന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2001 വരെ 2,113 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഏറ്റവും കൂടുതല്‍ ബാല ലൈംഗിക പീഢന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശില്‍ നിന്നാണ് 9,465. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്(6,868). ദല്‍ഹിയില്‍ പത്തു വര്‍ഷത്തിനിടെ, 2,909 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കാലയളവില്‍ കേരളത്തില്‍ 2,101 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശ് (5,949), ആന്ധ്രപ്രദേശ് (3977), ഛത്തീസ്ഗഡ് (3688), രാജസ്ഥാന്‍ (2776), തമിഴ്‌നാട് (1486), ഹരിയാന (1801) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. രാജ്യത്ത് നടക്കുന്ന ബാല ലൈംഗിക പീഢനങ്ങളത്രയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നിരിക്കെ, തങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള കണക്കുകള്‍ പൂര്‍ണമല്ലെന്ന് എ.സി.എച്ച്.ആര്‍ ഡയറക്ടര്‍ സുഹാസ് ചക്മ പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ 39 ജുവനൈല്‍ ഹോമുകളിലും ബാലലൈംഗിക പീഢനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. |
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത് രണ്ടുപേര്‍; പ്രതിഷേധം തുടരുന്നു Posted: 20 Apr 2013 09:59 PM PDT ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നതായി അറസ്റ്റിലായ പ്രതി മനോജ്കുമാര്‍ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് മനോജ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോജിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ശനിയാഴ്ച പുലര്‍ച്ചെ ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്നാണ് മനോജിനെ അറസ്റ്റു ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും അതേസമയം, ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (എയിംസ്) ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി ബോധവതിയാണ്. മരുന്നുകളോട് അനുകൂലമായ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. മാതാപിതാക്കളോടും ഡോക്ടര്‍മാരോടും സംസാരിച്ചുവെന്നും എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡി.കെ ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാത്രി നന്നായി ഉറങ്ങിയെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിന് ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍ പറഞ്ഞു. പെണ്‍കുഞ്ഞിനോടുള്ള കൊടുംക്രൂരതയില്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധം തുടരുകയാണ്. ജന്തര്‍ മന്ദിര്‍, ദല്‍ഹി പൊലീസ് ആസ്ഥാനം, എയിംസ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ തടിച്ചു കൂടി. ദല്‍ഹി പൊലീസ് കമ്മീഷണര്‍ സൂരജ് കുമാറിനെ മാറ്റണമെന്നാണു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ദല്‍ഹി പൊലീസ് വി.ഐ.പികള്‍ക്കു മാത്രമാണു സുരക്ഷ നല്‍കുന്നത്. സാധാരണ ജനങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ വന്‍വീഴ്ച വരുത്തി. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു കമ്മീഷണര്‍ നീരജ് കുമര്‍ രാജിവയ്ക്കണം. രാജിവയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രാഷ്ട്രപതി ഭവന്‍, ഇന്ത്യാഗേറ്റ് തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. |
സ്വര്‍ണവില എങ്ങോട്ട്? Posted: 20 Apr 2013 09:41 PM PDT 2011 മുതല്‍ സ്വര്‍ണം പടിപടിയായി താഴേക്ക് നീങ്ങുകയായിരുന്നു. ഔസിന് 1920 ഡോളര്‍ (ഒരു ട്രോയി ഔസ് = 31.1034 ഗ്രാം) എന്ന നിലയില്‍നിന്ന് ഈ മാസം ആദ്യം ഏതാണ്ട് 1650 ഡോളറിലേക്കായിരുന്നു രാജ്യാന്തര വിപണിയിലെ താഴ്ച. ഈ തിരുത്തല്‍ അധികമാരും, പ്രത്യേകിച്ച് ഇന്ത്യയിലെ ഉപഭോക്താക്കള്‍ കാര്യമായി ശ്രദ്ധിച്ചില്ലെന്നു മാത്രം. എന്നാല്‍, കഴിഞ്ഞ ആഴ്ച ഇത് കീഴ്മേല്‍ മറിഞ്ഞു. ചൊവ്വാഴ്ച പവന് 1000 രൂപയോളം കുറഞ്ഞതോടെ 12 വര്‍ഷത്തോളമായി തിരിഞ്ഞുനോക്കാതെ മുന്നേറിയിരുന്ന സ്വര്‍ണവും നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും നിക്ഷേപകരുടെ അവസ്ഥ ഇതായിരുന്നു. ഇപ്പോള്‍ ഉയരുന്ന ചോദ്യം സ്വര്‍ണ വില ഇനി എങ്ങോട്ട് എന്നതാണ്. ഈ ചോദ്യത്തിന് കൃത്യമായൊരു ഉത്തരം അത്ര എളുപ്പമല്ല. എല്ലാ നിക്ഷേപങ്ങളെയുംപോലെ സ്വര്‍ണത്തിന്‍െറ വിലയും ഇപ്പോള്‍ സാധ്യതകളെ അടിസ്ഥാനമാക്കിയിരിക്കുന്നു. സ്വര്‍ണത്തിന്‍െറ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവുക കഴിഞ്ഞ ആഴ്ചത്തെ തകര്‍ച്ചയുടെ കാരണമാണ്. ഏറ്റവും ആശങ്ക ഉയര്‍ത്തുന്നത് കഴിഞ്ഞ ആഴ്ചത്തെ വന്‍ ഇടിവിന് പ്രത്യേകിച്ച് കാരണങ്ങളില്ലെന്നതാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സൈപ്രസ് രക്ഷാ പദ്ധതിയുടെ ഭാഗമായി സ്വര്‍ണശേഖരം വിറ്റഴിക്കാന്‍ തീരുമാനിച്ചതാണ് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍, സൈപ്രസ് സ്വര്‍ണം വിറ്റിട്ടില്ല. വില്‍ക്കാന്‍ അന്തിമ തീരുമാനം എടുത്തിട്ടുമില്ല. മാത്രമല്ല, വെറും 40 കോടി യൂറോ വിലവരുന്ന സ്വര്‍ണം മാത്രം വില്‍ക്കുകയാണ് സൈപ്രസിന്‍െറ പദ്ധതി. ഇപ്പോഴത്തെ രാജ്യാന്തര വിലപ്രകാരം അവര്‍ വില്‍ക്കുക ഏതാണ്ട് 10 ടണ്‍ സ്വര്‍ണം മാത്രമായിരിക്കും. സൈപ്രസിന്‍െറ ആകെ സ്വര്‍ണ റിസര്‍വ് വെറും 13.5 ടണ്ണാണ്. കഴിഞ്ഞ ആഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ വാങ്ങിയത് ഏതാണ്ട് 15 ടണ്‍ സ്വര്‍ണമാണ്. സൈപ്രസിന്‍െറ വില്‍പനക്കോ ഇന്ത്യയുടെ വാങ്ങലിനോ രാജ്യാന്തര വിലയെ കാര്യമായി സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ഇതില്‍നിന്ന് വ്യക്തം. പണപ്പെരുപ്പം, ഡോളറിന്‍െറ മൂല്യം, സ്വര്‍ണ ഫണ്ടുകളുടെ വില്‍പന, കേന്ദ്ര ബാങ്കുകളുടെ വില്‍പന, ഇവക്കൊപ്പം വിപണികളിലെ ഡിമാന്‍ഡ് തുടങ്ങി നിരവധി കാര്യങ്ങളാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നിര്‍ണയിക്കുക. വിലത്തകര്‍ച്ച തണുപ്പിക്കാനാണെങ്കില്‍കൂടി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കാര്യങ്ങള്‍ കുറെ കൂടി വ്യക്തമായി പറഞ്ഞു. ഊഹക്കച്ചവടക്കാര്‍ നടത്തിയ വില്‍പനയാണ് സ്വര്‍ണവിലയിലെ തകര്‍ച്ചയെന്നാണ് അവര്‍ നിരീക്ഷിച്ചത്. ഇത് ഏറക്കുറെ ശരിയുമാണ്. ഇന്ന് മറ്റ് പല ഉല്‍പന്നങ്ങളെയും ഓഹരിയെയുംപോലെ സ്വര്‍ണത്തിന്‍െറ വിലയും നിര്‍ണയിക്കുന്നത് അവധിവിപണികളും ട്രേഡിങ്ങുമാണ്. ഇവിടെ കഴിഞ്ഞ ഒന്നര വര്‍ഷമായി സുരക്ഷിത നിക്ഷേപം എന്ന സ്വര്‍ണത്തിന്‍െറ പദവി നഷ്ടമായിരിക്കുന്നു. ഇത് കുറെക്കൂടി സ്പഷ്ടമാകുന്നതാണ് പോയവാരം കണ്ടത്. വിലത്തകര്‍ച്ച എന്നതിനു പകരം ഈ വിപണികള്‍ ഇതിനെ തിരുത്തല്‍ എന്ന് വിളിക്കും. ഈ തിരുത്തല്‍ എത്രത്തോളം നീങ്ങും എന്ന് മാത്രം ചിന്തിക്കുകയാവും ഉചിതം. കഴിഞ്ഞ ആഴ്ചത്തെ തകര്‍ച്ചയോടെ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ സമീപിക്കുന്നവരുടെ ആത്മവിശ്വാസം പാടെ തകര്‍ന്നു. ഇതുതന്നെ ഭാവിയില്‍ കൂടുതല്‍ തിരുത്തല്‍ ഉണ്ടാകാനുള്ള സാധ്യതയാണ് തുറക്കുന്നത്. ആഗോളതലത്തില്‍ 2011 മുതല്‍ വില കുറയുകയാണെന്നാണ് പ്രമുഖ ധനകാര്യ അവലോകന സ്ഥാപനങ്ങള്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉല്‍പന്ന ആവശ്യകതയും കുറയുന്ന സൂചനയാണ് ഇപ്പോള്‍ കാണിക്കുന്നത്. ഇത് സ്വര്‍ണത്തിന്‍െറ ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കും. കൂടാതെ, അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകള്‍ മാന്ദ്യത്തില്‍നിന്ന് കരകയറിത്തുടങ്ങുന്നതിന്‍െറ സൂചനകള്‍ കാണിക്കുന്നുണ്ട്. ഇത് കഴിഞ്ഞ അഞ്ചു വര്‍ഷമായി കുത്തനെ ഇടിയുന്ന ഓഹരികള്‍ ഉള്‍പ്പെടെ നിക്ഷേപങ്ങളെ ആകര്‍ഷകമാക്കും. അതേസമയം, സ്വര്‍ണം ഇപ്പോഴും വളരെ ഉയര്‍ന്ന വിലനിലവാരത്തിലാണ്. ഇപ്പോഴത്തെ തകര്‍ച്ച കൂടിയായതോടെ നിക്ഷേപത്തിന്‍െറ സുരക്ഷിതത്വവും ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍നിന്ന് നിക്ഷേപങ്ങള്‍ ഓഹരി വിപണി ഉള്‍പ്പെടെ നിക്ഷേപമാര്‍ഗങ്ങളിലേക്ക് നീങ്ങാന്‍ സാധ്യത ഏറെയാണ്. ഇ.ടി.എഫുകള്‍ വഴി സ്വര്‍ണത്തില്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ 2011 മുതല്‍ പിന്‍വലിക്കപ്പെടുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇനി ഈ പ്രവണതക്ക് ആക്കം കൂടാനാണ് സാധ്യത. ഇതോടൊപ്പം സൈപ്രസ് ഉള്‍പ്പെടെ സാമ്പത്തിക പ്രതിസന്ധിയിലായ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി സ്വര്‍ണ റിസര്‍വുകള്‍ വില്‍ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അമേരിക്കക്ക് പുറമെ യൂറോപ്യന്‍ യൂനിയനും ഇംഗ്ളണ്ടിനുമാണ് ലോകത്ത് ഏറ്റവും അധികം സ്വര്‍ണം കരുതല്‍ശേഖരം ഉള്ളത്. ഇവര്‍ക്ക് ഈ സ്വര്‍ണം സമ്പദ്വ്യവസ്ഥയെയും ബാങ്കിങ് മേഖലയെയും താങ്ങി നിര്‍ത്താന്‍ അനിവാര്യമാണ്. എന്നാല്‍, സൈപ്രസിന് പുറമെ സ്പെയിനും ഇറ്റലിയും ശേഖരത്തില്‍ ഒരു പങ്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വര്‍ണം ദുര്‍ബലമായതോടെ, വില്‍ക്കുന്നുണ്ടെങ്കില്‍ ഇവര്‍ വൈകാതെ തീരുമാനമെടുക്കും. ഇത് സ്വര്‍ണത്തിന്‍െറ ഡിമാന്‍ഡ് കൂടുതല്‍ ഇല്ലാതാക്കും. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ പൊടുന്നനെ വീണ്ടും മുന്നേറ്റമുണ്ടാകാന്‍ സാധ്യത വിരളമാണെന്ന് ഗോള്‍ഡ്മാന്‍ സച്സിനെ പോലുള്ള റേറ്റിങ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി 1530-1550 ഡോളറായിരുന്നു സ്വര്‍ണത്തിന് നിക്ഷേപ പിന്തുണയുള്ള നിലവാരം. പോയവാരം ഇതും ഭേദിക്കപ്പെട്ടു. ഇതോടെയാണ് രാജ്യാന്തരവിപണിയില്‍ വന്‍ വിറ്റൊഴിക്കലിന് വഴിയൊരുങ്ങിയത്. ഇതോടെ പോയവാരം വില രാജ്യാന്തര വിപണിയില്‍ ഔസിന് 1320 ഡോളര്‍ വരെ താഴ്ന്നു. ഇത് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണ്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ഔസിന് 1400 ഡോളറിന് മുകളില്‍ പോകാന്‍ സാധ്യത വിരളമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ വില വ്യതിയാനങ്ങള്‍ കണക്കിലെടുക്കുകയാവും ഭാവി ചലനങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍ ഒന്ന്. 1980നു ശേഷമുണ്ടായ ഏറ്റവും വലിയ തകര്‍ച്ചകളില്‍ ഒന്നാണ് പോയവാരം സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇതിനുശേഷം ബെസ്പോക്ക് ഇന്‍വെസ്റ്റ്മെന്‍റ് ഗ്രൂപ് 1975 മുതലുള്ള വിലവ്യതിയാനങ്ങള്‍ കണക്കിലെടുത്ത് സ്വര്‍ണത്തിന്‍െറ വില ഇനി എങ്ങോട്ട് എന്നതിനെക്കുറിച്ച് വിശകലനം നടത്തിയിരുന്നു. ഇതുപ്രകാരം വില ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 20 ശതമാനത്തിലേറെ ഇടിഞ്ഞാല്‍ വിപണി ‘കരടി’കളുടെ പിടിയില്‍ അമര്‍ന്നുവെന്ന് പറയാം. ഒരാഴ്ച മുമ്പ് വരെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔസിന് 1600 ഡോളറിനടുത്തായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ചയോടെ ഈ നിലവാരം ഭേദിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇനി വ്യക്തമായ നിക്ഷേപതാല്‍പര്യം ഉയരുന്നതുവരെ വില പ്രതിവര്‍ഷം ശരാശരി 14 ശതമാനം വീതം താഴാം. ഇതുപ്രകാരം വൈകാതെ വില ഔസിന് 1100 ഡോളര്‍ വരെ താഴാം. നാലു ദിവസംകൊണ്ട് ഇന്ത്യന്‍ വിപണികളില്‍ 2400 രൂപയോളമാണ് സ്വര്‍ണവില കുറഞ്ഞത്. ശക്തമായ നിക്ഷേപ താല്‍പര്യം ഉണ്ടായിരുന്നുവെങ്കില്‍ ഉടന്‍തന്നെ കാര്യമായ വില വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, അതുണ്ടായില്ല. സ്വര്‍ണം ഇപ്പോഴും ദുര്‍ബലമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ രാജ്യാന്തര വിപണിയിലെ വിലക്കൊപ്പംതന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യവും നിര്‍ണായകമാണ്. ഡോളറിന് 53 രൂപയെന്ന വിനിമയ മൂല്യം കണക്കിലെടുത്താല്‍ രണ്ടു വര്‍ഷത്തിനകം പവന് (എട്ട് ഗ്രാം) 16,000-16,500 രൂപ വരെ താഴാം. എന്നാല്‍, ഇതിനിടെ വിദേശ വ്യാപാര സ്ഥിതി മെച്ചപ്പെടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുകയും ചെയ്താല്‍ സ്വര്‍ണവിലയുടെ തിരുത്തല്‍ കൂടുതല്‍ ശക്തമായിരിക്കും. മറ്റ് ചില ഏജന്‍സികളുടെ വിലയിരുത്തലുകള്‍പ്രകാരം അടുത്ത ആറ്-ഏഴ് വര്‍ഷം വരെ തിരുത്തല്‍ തുടരാം. ഇത് സ്വര്‍ണവില 10,000-12,000 വരെ എത്തിക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണവില വ്യക്തമായ ദിശ കണ്ടെത്തും വരെ തിരക്കിട്ട് നിക്ഷേപങ്ങള്‍ നടത്തുന്നത് താഴേക്ക് വീഴുന്ന കത്തി പിടിക്കാന്‍ ശ്രമിക്കുംപോലെയാവുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. |
ഒരു ചാക്കോ, 2ജി; 6 ജെ.പി.സി Posted: 20 Apr 2013 09:22 PM PDT പി.സി. ചാക്കോ പ്രതീക്ഷ തെറ്റിച്ചില്ല. ഏല്‍പിച്ച പണി കൃത്യമായി ചെയ്തു. മുമ്പ് കെ. കരുണാകരനോടും ശരദ് പവാറിനോടും കാണിച്ച കൂറിനെച്ചൊല്ലി കോണ്‍ഗ്രസിന്‍െറ നേതൃതലത്തില്‍ തന്നോട് ഉണ്ടായിരുന്ന അവിശ്വാസം മാറ്റിയെടുക്കാന്‍ കിട്ടിയ സന്ദര്‍ഭംകൂടിയായി അദ്ദേഹം അത് പ്രയോജനപ്പെടുത്തി. അങ്ങനെ പരക്കെ പ്രതീക്ഷിച്ചതുപോലെ, 2ജി അഴിമതി അന്വേഷിച്ച ജെ.പി.സിയുടെ റിപ്പോര്‍ട്ട് ഭരണ-പ്രതിപക്ഷ കൂട്ടയടിയില്‍ സമാപിച്ച തര്‍ക്കവസ്തുവായി ചരിത്രത്തില്‍ ഇടംപിടിക്കുന്നു. മുച്ചീട്ടുകളിയില്‍ പല വേഷങ്ങളുണ്ട്- കളിക്കാരന്‍, പണം മുടക്കുന്നവര്‍, കണ്ടുനില്‍ക്കുന്നവര്‍, കണ്ടിട്ടും കാണാത്ത മട്ടില്‍ നില്‍ക്കുന്ന പൊലീസുകാര്‍. ഇതില്‍ ആരാണ് ഒന്നാം പ്രതിയെന്ന കാര്യത്തില്‍ ചാക്കോക്ക് തര്‍ക്കമുണ്ടാകേണ്ട കാര്യമല്ല. 2ജി വെച്ച് മുച്ചീട്ടുകളി സംഘടിപ്പിച്ചത് എ. രാജ- ബാക്കിയെല്ലാം പച്ചപ്പാവങ്ങളത്രെ. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയുമൊക്കെ രാജ പറഞ്ഞുപറ്റിച്ചുവെന്നാണ് ചാക്കോ അധ്യക്ഷനായ ജെ.പി.സിയുടെ കരടു റിപ്പോര്‍ട്ടില്‍ സമാശ്വസിക്കുന്നത്. മുച്ചീട്ടുകളിക്കുകയല്ല, പള്ളിപ്പറമ്പില്‍ നേര്‍ച്ച വിതരണം ചെയ്യുകയാണ് എന്ന് കളിക്കാരനായ രാജ പറഞ്ഞു. അതുകേട്ട് പ്രധാനമന്ത്രി തലയാട്ടി. മാറിനിന്ന് നേര്‍ച്ചവിതരണം കണ്ടാസ്വദിച്ചു. ഇനി പറയൂ- മന്‍മോഹന്‍ സിങ് കുറ്റക്കാരനാണോ? ചാക്കോ പറയുന്നത്, പ്രധാനമന്ത്രിയെ അങ്ങനെ കുറ്റക്കാരനാക്കാന്‍ നോക്കേണ്ട എന്നാണ്. മുച്ചീട്ടുകളി പൊതുസമൂഹത്തെ കബളിപ്പിക്കുന്ന ഏര്‍പ്പാടാണ്, അത് അനുവദിച്ചു കൊടുക്കാന്‍ പാടില്ല എന്ന് തിരിച്ചറിവുള്ള പൊലീസുകാര്‍, കട്ടയും പടവും മടക്കി മുച്ചീട്ടുകളിക്കാരനെ ഓടിക്കും; വട്ടമിട്ടു പിടിക്കും. കളിക്കുമുമ്പേ പൊലീസുകാരനെ കണ്ട് കൈമടക്കു കൊടുത്തിട്ടുണ്ടെങ്കില്‍, മുച്ചീട്ടുകളി പൊലീസ് കാവലില്‍ നടക്കും. കളിക്കാരന്‍ വേണ്ടപ്പെട്ടവനാണെങ്കിലും പൊലീസിന് ഇങ്ങനെ കൈമലര്‍ത്താം; കാണാത്ത ഭാവത്തില്‍ നില്‍ക്കാം. ആ പെരുമാറ്റം കുറ്റമാണോ എന്ന ചോദ്യം സൗകര്യപൂര്‍വം മറന്ന്, രാജയെ മാത്രം ബലിയാടാക്കി കരട് റിപ്പോര്‍ട്ട് ചാക്കോ ചുട്ടെടുത്തിരിക്കുന്നു. അവിടെ മറ്റൊരു ജെ.പി.സി അന്വേഷണത്തിന്‍െറ കഥ കഴിഞ്ഞു. പള്ളിപ്പറമ്പിലെ സ്റ്റേജില്‍ വിവാദ നാടകത്തിന് കര്‍ട്ടന്‍. ഇനി നാടകക്കമ്പനിക്കാരും കാണികളും തമ്മിലുള്ള കൂട്ടയടി. അതിനും ചാക്കോയും പൊലീസുകാരനും ഉത്തരവാദികളായിരിക്കുന്നതല്ല. ജെ.പി.സി റിപ്പോര്‍ട്ട് വേദപുസ്തകംപോലെ വിശുദ്ധമാക്കാനല്ല പി.സി. ചാക്കോയെ സര്‍ക്കാറും പാര്‍ട്ടിയും പണിയേല്‍പിച്ചത്; സത്യവചനങ്ങള്‍ പലതു കേട്ടാലും മനസ്സ് ചാഞ്ചാടാതെ ‘കൃത്യം’ നിര്‍വഹിക്കാനാണ്. അതു ചെയ്യാന്‍ ഈ ചാക്കോ അല്ലെങ്കില്‍ വേറൊരു ചാക്കോയെ ജെ.പി.സി ചെയര്‍മാനാക്കാന്‍ കോണ്‍ഗ്രസിനുണ്ടോ പ്രയാസം? ഏല്‍പിച്ച പണി കൃത്യമായി ചെയ്യുമ്പോഴാണ് രാഷ്ട്രീയത്തില്‍ ഉപകാരസ്മരണകള്‍ ഉണ്ടാവുന്നത്. രാജയെയും പ്രധാനമന്ത്രിയെയും, കട്ടവനെയും കളിച്ചവനെയുമൊക്കെ വിളിച്ചുപറഞ്ഞ് വിശുദ്ധനായാല്‍ കൈയടി കിട്ടും; പ്രതിച്ഛായ കൂട്ടാം. പക്ഷേ, ചാക്കോയുടെ രാഷ്ട്രീയജീവിതം അതോടെ തീരും. അതിന് വിശുദ്ധന്മാരും പ്രതിപക്ഷവുമൊക്കെ വേറെ ചാക്കോയെ നോക്കണം. ഒരു യഥാര്‍ഥ കോണ്‍ഗ്രസുകാരന്, പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറിനെയും പാര്‍ട്ടിയെത്തന്നെയും ഒറ്റിക്കൊടുക്കാന്‍ പറ്റില്ല. ജെ.പി.സിയിലൂടെ യഥാര്‍ഥ കോണ്‍ഗ്രസുകാരനാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് പാര്‍ട്ടിയും സര്‍ക്കാറും നല്‍കിയത്. തനിക്ക് പാര്‍ട്ടിയോടുള്ള കൂറില്‍ അവിശ്വാസം ബാക്കിവെച്ചവര്‍ക്കു മുന്നില്‍ ജെ.പി.സി റിപ്പോര്‍ട്ടുമായി ചാക്കോ ഹൃദയം തുറന്നു കാട്ടുന്നു. അതിന് ഉപകാരസ്മരണകള്‍ ഉണ്ടാവാതിരിക്കില്ല. അല്ലെങ്കില്‍ത്തന്നെ, ചെന്നുപെടുന്ന രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് സര്‍ക്കാറിന് രക്ഷപ്പെടാനുള്ള കടത്തുവഞ്ചിയാണ് സംയുക്ത പാര്‍ലമെന്‍ററി സമിതിയെന്ന ജെ.പി.സി. കുറ്റാന്വേഷകര്‍ക്കും കോടതികള്‍ക്കും ഉപരിയായി പാര്‍ലമെന്‍റ് സൃഷ്ടിക്കുന്ന വിശുദ്ധ പശു. രാഷ്ട്രീയ താല്‍പര്യം ബാധിക്കാതെ, വസ്തുതകള്‍ മാത്രം തൂക്കിനോക്കി വിധി കല്‍പിക്കുന്ന കുറ്റമറ്റ സംവിധാനമായി അതിനെ ആരും കണ്ടിട്ടില്ല. ബോഫോഴ്സില്‍ തുടങ്ങി ഹെലികോപ്ടര്‍ ഇടപാടിലെ കോഴ അന്വേഷിക്കാന്‍ വരെയായി ആറു ജെ.പി.സികളാണ് ഇതുവരെ പിറന്നത്. രാജീവ്ഗാന്ധി ഉള്‍പ്പെട്ട ബോഫോഴ്സ് കുംഭകോണം അന്വേഷിക്കാന്‍ ഉണ്ടായ ആദ്യത്തെ ജെ.പി.സിയില്‍ ഭരണ-പ്രതിപക്ഷ എം.പിമാര്‍ അടിച്ചുപിരിഞ്ഞ അതേ ഗതിയാണ്, ചാക്കോയുടെ നേതൃത്വത്തിലുള്ള 2ജി ജെ.പി.സിക്ക്. ഹര്‍ഷദ് മത്തേ ഉള്‍പ്പെട്ട ഓഹരി കുംഭകോണം, ഓഹരി വിപണിയിലെ തന്നെ മറ്റൊരു അഴിമതി എന്നിവയെക്കുറിച്ച് അന്വേഷിച്ച രണ്ടു ജെ.പി.സികളുടെ റിപ്പോര്‍ട്ടിന്‍െറ സാരാംശം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചെന്ന് ചരിത്രത്തില്‍ ആരും പറഞ്ഞിട്ടില്ല. കോളക്കമ്പനികളുടെ ഉല്‍പന്നങ്ങളിലെ കീടനാശിനി അംശത്തെക്കുറിച്ച് ശരദ് പവാറിന്‍െറ നേതൃത്വത്തില്‍ പഠിച്ച ജെ.പി.സിയുടെ റിപ്പോര്‍ട്ടും അലമാരയില്‍ വെച്ചുപൂട്ടി. ചാക്കോയുടെ ജെ.പി.സിയെയും സര്‍ക്കാറിനെ രക്ഷിക്കാനുള്ള തോണിയെന്നല്ലാതെ ആരും കണ്ടിട്ടില്ല. ഹെലികോപ്ടര്‍ കോഴയിടപാട് ഒച്ചപ്പാടായപ്പോള്‍ രക്ഷപ്പെടുന്നതിനുള്ള കുറുക്കുവഴിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറാമത്തെ ജെ.പി.സിക്കു മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. അതിന്‍െറ സ്വാഭാവിക പരിണതി എന്താകുമെന്ന് ഇപ്പോഴേ തിരിച്ചറിയുന്നതുകൊണ്ടു മാത്രമാണത്. ആറാമത്തെ ജെ.പി.സി പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ട് ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിച്ച് നടപടികള്‍ മുന്നോട്ടുനീക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാറിനെ വെള്ളപൂശി എത്രത്തോളം വെളുപ്പിച്ചെടുക്കാം എന്ന ക്രമപ്രശ്നം മാത്രമാണ് ചാക്കോക്കു മുന്നില്‍ ഉണ്ടായിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കഥയാണ് 2ജി. അഴിമതി മണക്കുന്ന കാര്യം നേരത്തേ രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. രാജ നടത്തുന്ന അഴിമതി പ്രധാനമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ അറിയാതിരുന്നില്ല. സഖ്യകക്ഷി സമ്മര്‍ദങ്ങള്‍ മൂലം ഭരണം നേരെചൊവ്വേ നടത്താന്‍ കഴിയാത്തതിനെക്കുറിച്ച് മുമ്പൊരിക്കല്‍ വിലപിച്ചത് മന്‍മോഹന്‍ സിങ് തന്നെയാണ്. രണ്ടാം യു.പി.എ മന്ത്രിസഭ രൂപവത്കരിക്കുന്ന ഘട്ടത്തില്‍ രാജയെ മന്ത്രിയാക്കാന്‍ പറ്റില്ലെന്ന് മന്‍മോഹന്‍ സിങ് വാദിച്ചത് അഴിമതിയുടെ ഗൗരവം ബോധ്യമുള്ളതു കൊണ്ടുതന്നെയായിരുന്നു. 2ജി വില്‍പനയെക്കുറിച്ച് ഓരോ ഘട്ടത്തിലും കത്തെഴുതി പ്രധാനമന്ത്രിയെ കൂട്ടുപ്രതിയാക്കാന്‍ രാജ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്തു. സി.എ.ജി ചൂണ്ടിക്കാട്ടുന്ന 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയില്‍ ചില്ലിക്കാശും വാങ്ങിയിട്ടില്ലെന്നു പറയുന്ന മന്‍മോഹന്‍ സിങ് പ്രതിക്കൂട്ടില്‍ കയറുന്നത് ഇവിടെയാണ്. കാശു വാങ്ങുന്നതു മാത്രമല്ല അഴിമതി. അഴിമതി നടക്കുന്നത് അറിഞ്ഞുകൊണ്ട് ഭരണാധികാരി അനങ്ങാതിരിക്കുന്നത് അത്യന്തം കുറ്റകരമായ അഴിമതിയാണ്. റിസര്‍വ് ബാങ്കിന്‍െറ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്ങിന്, ലേലത്തിനുവേണ്ടി വാദിക്കുകയും പിന്നെ രാജക്കു വഴങ്ങുകയും ചെയ്ത ധനമന്ത്രി പി. ചിദംബരത്തിന്, 2ജിയിലെ ഇത്രയും ഭീമമായ അഴിമതി മണക്കാന്‍ കെല്‍പുണ്ടായിരുന്നില്ലെന്ന് പൊതുസമൂഹത്തെ പറഞ്ഞുപറ്റിക്കാന്‍ നോക്കുകയാണ് ബന്ധപ്പെട്ടവരെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. സി.എ.ജിയും സുപ്രീംകോടതിയും സ്വീകരിച്ച ആര്‍ജവമുള്ള ചുവടുവെപ്പുകള്‍കൊണ്ടുമാത്രമാണ് 2ജി അഴിമതിയുടെ ആഴവും പരപ്പും പുറംലോകം അറിഞ്ഞത്. സര്‍ക്കാര്‍ മൂടിവെച്ച അഴിമതിയില്‍ ഉള്‍പ്പെട്ടവരെ അഴിക്കുള്ളിലേക്ക് വഴി നടത്തിയതും അവര്‍തന്നെ. 2ജി ലൈസന്‍സുകള്‍ 122 എണ്ണം റദ്ദാക്കപ്പെട്ടു. അതുവഴി, പൊതുഖജനാവിന് സംഭവിച്ച നഷ്ടം ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിഞ്ഞു. വീണ്ടും ആ ലൈസന്‍സുകള്‍ ലേലം ചെയ്തപ്പോള്‍ നടന്ന ഒത്തുകളികള്‍ യഥാര്‍ഥത്തില്‍ മറ്റൊരു അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. ടെലികോം വിപ്ളവം 4ജിയില്‍ എത്തിനില്‍ക്കുന്ന കാലത്ത് പഴയ 2ജിക്ക് ഡിമാന്‍ഡ് കുറയുന്നത് സ്വാഭാവികം. പക്ഷേ, സര്‍ക്കാര്‍ നിശ്ചയിച്ച തുകക്ക് സ്പെക്ട്രം ലേലം കൊള്ളാന്‍ വ്യവസായികള്‍ തയാറായില്ല. ലേലത്തുക താഴ്ത്തി നിശ്ചയിച്ചു. ഒരന്വേഷണം ആവശ്യപ്പെടുന്ന ഗൗരവം അതിനെല്ലാമുണ്ട്. പക്ഷേ, അഴിമതി കണ്ടില്ലെന്നു നടിക്കുകയും അഴിമതിവിരുദ്ധ മുന്നേറ്റങ്ങളെ അട്ടിമറിക്കാന്‍ സവിശേഷമായ വിരുത് കാണിക്കുകയും ചെയ്യുന്ന സര്‍ക്കാറിന് മുച്ചീട്ടുകളി നടക്കുന്നിടത്തെ പൊലീസിന്‍െറ നിസ്സംഗത മാത്രം. വിനോദ് റായിയെയും സി.എ.ജിയെന്ന ഭരണഘടനാ സ്ഥാപനത്തെയും അവഹേളിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഓര്‍ക്കണം. വിരമിക്കുന്ന സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പുതിയ ലാവണങ്ങള്‍ വിതരണം ചെയ്യാന്‍ സവിശേഷമായി ശ്രദ്ധിക്കുന്ന സര്‍ക്കാര്‍, 2ജി കേസില്‍ 122 ലൈസന്‍സ് റദ്ദാക്കിയശേഷം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ഇനിയൊരിക്കലും പൊതുസേവനത്തിന് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നവിധം അദ്ദേഹത്തിന് വനവാസം കല്‍പിച്ചിരിക്കുന്നു. ചാക്കോയുടെ കൃത്യനിര്‍വഹണത്തില്‍ ബി.ജെ.പിയും സന്തോഷിക്കുന്നുണ്ട്. എന്‍.ഡി.എ ഭരിച്ച കാലത്തെ 2ജി ഇടപാടും ജെ.പി.സി അന്വേഷിച്ചിരുന്നു. 2ജി വില്‍പനയില്‍ ‘ആദ്യം വരുന്നവര്‍ക്ക് ആദ്യ’മെന്ന് അവര്‍ സ്വീകരിച്ച നയം പിന്തുടരുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും, ലേലം ഒഴിവാക്കിയത് അതുകൊണ്ടാണെന്നുമാണല്ലോ സര്‍ക്കാര്‍ വാദം. സ്വന്തം ഭരണകാലത്തെ പിഴവുകളെക്കുറിച്ച് വിവരിക്കാനിടയുള്ള ജെ.പി.സി റിപ്പോര്‍ട്ടിനെ തര്‍ക്കവസ്തുവാക്കി അടിച്ചുപിരിയുന്നതാണ് സമര്‍ഥമായ രാഷ്ട്രീയമെന്ന് ബി.ജെ.പിയും കണ്ടു. കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം വിരല്‍ചൂണ്ടി ആക്രോശിക്കുന്ന ഈ പൊറാട്ടുനാടകം ജനത്തെ കബളിപ്പിക്കലാണ്. സഹസ്രകോടികള്‍ ഖജനാവിന് നഷ്ടപ്പെടുത്തിയ ഗുരുതരമായ പ്രശ്നത്തെ മുച്ചീട്ടുകളിയും പൊറാട്ടുനാടകവും കൊണ്ട് മറച്ചുപിടിക്കുമ്പോള്‍, താല്‍പര്യമുള്ളവര്‍ക്ക് അതാസ്വദിക്കാം; മറ്റുള്ളവര്‍ക്ക് മാറിയിരുന്ന് ദു$ഖിക്കാം. അഴിമതിക്കും നിരുപദ്രവികളായ ജെ.പി.സി റിപ്പോര്‍ട്ടുകള്‍ക്കും സാധ്യതകള്‍ അതേപടി തുറന്നിട്ടുകൊണ്ട് ജനാധിപത്യ ഇന്ത്യ വീണ്ടും മുന്നോട്ട്. l |
No comments:
Post a Comment