വരള്‍ച്ചാ ദുരിതാശ്വാസം: ജില്ലക്ക് രണ്ടുകോടി കൂടി Posted: 16 Apr 2013 12:20 AM PDT തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലക്ക് രണ്ടുകോടി രൂപ അധികമായി അനുവദിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അനുവദിച്ചിരുന്ന 12.48 കോടിക്ക് പുറമെയാണിത്. ജലവിതരണം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി നടപ്പാക്കുന്ന ചെറിയ പദ്ധതി ചെലവുകളുടെ പരിധി അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഈ പദ്ധതികള്‍ വേഗം നടപ്പാക്കുന്നതിന് ഡി.എന്‍.ബി.സി റേറ്റ് അനുസരിച്ച് പൈപ്പ് ലൈനുകള്‍ വാങ്ങാനും യോഗത്തില്‍ തീരുമാനമായി. ഇന്ന് ജില്ലയിലെ നാല് താലൂക്കുകളിലും എം.എല്‍.എമാരുടെ നേതൃത്യത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കും. ജലവിതരണത്തിന് കൂടുതല്‍ ലോറികളുടെയോ ടാങ്കറുകളുടെയോ കുറവുണ്ടെങ്കില്‍ യോഗം സര്‍ക്കാറിനെ അറിയിക്കും. പൈപ്പ് ലൈനുകള്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. എത്ര മീറ്റര്‍ നീട്ടണം, എത്ര രൂപ ചെലവാകും, എത്ര പേര്‍ക്ക് വെള്ളം കൊടുക്കാന്‍ കഴിയും എന്നീ ഘടകങ്ങള്‍ പരിശോധിക്കും. എക്സ്റ്റന്‍ഷന്‍ ചെയ്ത ഇടങ്ങളിലും വെള്ളമെത്തിക്കാന്‍ കഴിയുമെന്ന ഉദ്യോഗസ്ഥരുടെ ശിപാര്‍ശയോടെ മാത്രമേ പദ്ധതികള്‍ അംഗീകരിക്കൂ. നിലവില്‍ 55 പഞ്ചായത്തുകള്‍ ഇതിന് അപേക്ഷിച്ചിട്ടുണ്ട്. പമ്പ് ഹൗസുകളിലും ട്രീറ്റ്മെന്‍റ് പ്ളാന്‍റുകളിലും വ്യത്യസ്ത സമയങ്ങളിലുള്ള കറണ്ട്കട്ട് ഏകീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനം ചൊവ്വാഴ്ച രാവിലെ 9ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയിലുണ്ടാകും. പമ്പ് ഹൗസിലും ട്രീറ്റ്മെന്‍റ്പ്ളാന്‍റിലും രണ്ട് സമയങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് പമ്പിങ്ങിനെ സാരമായി ബാധിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ട്രൈബല്‍ പ്രദേശങ്ങളില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായി. രൂക്ഷമായി കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നാല് പഞ്ചായത്തുകളില്‍ ഉടന്‍ തന്നെ ഇവ നിര്‍മിക്കും. ഭൂഗര്‍ഭ ജലവകുപ്പ് ഡയറക്ടര്‍ക്ക് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും ഇവ അനുവദിക്കുക.യോഗത്തില്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, കെ.പി. മോഹനന്‍, പി.ജെ. ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, എം.എല്‍.എമാരായ എ.ടി. ജോര്‍ജ്, ആര്‍. സെല്‍വരാജ്, ജമീല പ്രകാശം, എം.എ. വാഹിദ്, കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, പാലോട് രവി, വി. ശശി, ബി.സത്യന്‍, വര്‍ക്കല കഹാര്‍, കലക്ടര്‍ കെ.എന്‍. സതീഷ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. |
യൂത്ത് കോണ്‍. തെരഞ്ഞെടുപ്പ്: എ ഗ്രൂപ്പിന് മുന്‍തൂക്കം; കോഴിക്കോട്ട് സംഘര്‍ഷം Posted: 15 Apr 2013 11:59 PM PDT കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനിടെ കോഴിക്കോട് നഗരത്തില്‍ എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടി. പയ്യാനക്കല്‍ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് വോട്ടിങ് കേന്ദ്രമായ കണ്ടംകുളം ജൂബിലി ഹാളിന് പരിസരത്ത് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പ് തുടങ്ങിയതുമുതല്‍ ഇവിടെ ഇരു വിഭാഗവും തമ്മില്‍ ഉരസിയിരുന്നു. വൈകുന്നേരത്തോടെ രൂക്ഷമായ ഏറ്റുമുട്ടല്‍ അടിച്ചോടിക്കലില്‍ കലാശിച്ചു. കഴിഞ്ഞ വര്‍ഷം പന്നിയങ്കരയില്‍ കെ.എസ്.യു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിന് സമാനമായിരുന്നു തിങ്കളാഴ്ചത്തെ ഏറ്റുമുട്ടല്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്തിട്ടില്ല. ജില്ലയില്‍ കെ. മുരളീധരന്‍ വിഭാഗത്തിന് മണ്ഡലം പ്രസിഡന്‍റ് സ്ഥാനം കിട്ടിയതാണ് തിങ്കളാഴ്ചത്തെ തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകത. വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലെ പുറമേരി മണ്ഡലം പ്രസിഡന്‍റായി മുരളി വിഭാഗത്തിലെ വി.പി. സുബീഷ് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ എ വിഭാഗത്തിന് ഏഴും ‘ഐ’ക്ക് മൂന്നും പ്രസിഡന്‍റുമാരെ ലഭിച്ചു. പി. സജി (കുരുവട്ടൂര്‍), പി.പി. രോഷിത്ത് (നന്മണ്ട), മുഹമ്മദ് നിഷ്റാഫ് (പയ്യാനക്കല്‍), എന്‍.സി. പ്രഭിദാസ് (വെള്ളയില്‍), സജേഷ് കുമാര്‍ (പനങ്ങാട്), സമീര്‍ നളന്ദ (ഉള്ള്യേരി), നാരായണന്‍ (മെഡി. കോളജ്), മുഹമ്മദ് ബാഷ (നടക്കാവ്), പി.എം. നസീം (പെരുമണ്ണ), കെ. പ്രബിനീഷ് (ബേപ്പൂര്‍) എന്നിവരാണ് പ്രസിഡന്‍റുമാര്‍. വെള്ളയില്‍ പ്രസിഡന്‍റിന്‍െറ പേരില്‍ ഇരു വിഭാഗവും അവകാശവാദമുന്നയിക്കുന്നുണ്ട്. വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പി. ബിജീഷ് (മേപ്പയൂര്‍), കെ. നിഖില്‍ (ചെറുവണ്ണൂര്‍), കെ.സി. സിജിത്ത് (തുറയൂര്‍), സി.കെ. റിനീഷ് (മണിയൂര്‍), പി.വി. ഇസ്ഹാഖ് (തിരുവണ്ണൂര്‍), വി.പി. സുബീഷ് (പുറമേരി), മുഹമ്മദ് സിയ്യൂര്‍ (നാദാപുരം), പി. ഷൈജു (എടച്ചേരി), വി.എം. വിജേഷ് (തൂണേരി), കെ.ടി. സുഗുണന്‍ (നരിപ്പറ്റ), വി.കെ. ജയേഷ് (ചെങ്ങോട്ട്കാവ്), സുഭാഷ് (ചേമഞ്ചേരി) എന്നിവര്‍ മണ്ഡലം പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. |
കേരളം നിര്‍മിച്ച തടയണ കര്‍ണാടക അധികൃതര്‍ പൊളിച്ചുനീക്കി Posted: 15 Apr 2013 11:57 PM PDT പുല്‍പള്ളി: വരള്‍ച്ചയില്‍ ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കബനിനദിയില്‍ കേരളത്തിന്‍െറ ചെറുകിട ജലസേചന വിഭാഗം നിര്‍മിച്ച തടയണ കര്‍ണാടക പൊളിച്ചുനീക്കി. ഒരാഴ്ച മുമ്പ് മൂന്നുലക്ഷത്തോളം രൂപ ചെലവില്‍ കബനിയുടെ മരക്കടവില്‍ നിര്‍മിച്ച തടയണ കഴിഞ്ഞ ദിവസം രാത്രിയാണ് ചിലര്‍ തകര്‍ത്തത്. കര്‍ണാടക വനപാലകരാണ് സംഭവത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കബനി പദ്ധതിയുടെ പമ്പിങ് മുടങ്ങുമെന്ന ഘട്ടം വന്നപ്പോഴാണ് തടയണ കെട്ടിയത്. ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. 82 മീറ്റര്‍ നീളത്തില്‍ എട്ടടി വീതിയിലാണ് തടയണ നിര്‍മിച്ചത്. ഒരുമാസം മുമ്പ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ താല്‍കാലിക തടയണ കെട്ടിയിരുന്നു. ഈ ഭാഗത്താണ് പുതിയ തടയണ നിര്‍മിച്ചത്. ഇത് പൊളിച്ചുനീക്കിയതോടെ കബനി ജല പദ്ധതിയുടെ പമ്പിങ് വരും ദിവസങ്ങളില്‍ മുടങ്ങുമെന്ന സ്ഥിതിയാണ്. സംഭവം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയതായി മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് കണ്ടംതുരുത്തി പറഞ്ഞു. തടയണ പൊളിച്ചു നീക്കിയതിനെതിരെ പ്രതിഷേധം ശക്തമാണ്. തടയണ പുനര്‍നിര്‍മിച്ചില്ലെങ്കില്‍ പുല്‍പള്ളി മേഖലയില്‍ കുടിവെള്ള ക്ഷാമം ഇനിയും രൂക്ഷമാകും. |
ഷാര്‍ജ ജയിലിലെ മലയാളികളുടെ മോചനത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം Posted: 15 Apr 2013 11:26 PM PDT ദുബൈ: വധശിക്ഷ വിധിച്ച പത്തനംതിട്ട സ്വദേശിയുള്‍പ്പെടെ ഷാര്‍ജ ജയിലിലുള്ള മലയാളികളുടെ മോചനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമം തുടങ്ങി. ഇതിന്‍െറ ഭാഗമായി, ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചു. ഷാര്‍ജക്ക് പിന്നാലെ ദുബൈ ജയിലിലുള്ളവരുടെ വിവരങ്ങളും ശേഖരിക്കും. യു.എ.ഇയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ അദ്ദേഹത്തിന് ജയില്‍ കേസുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടി വരുന്നതിന് രണ്ടുദിവസം മുമ്പ് അദ്ദേഹത്തിന്‍െറ പ്രവാസികാര്യ സെക്രട്ടറി പി. ശിവദാസന്‍ ഇവിടെയെത്തിയിരുന്നു. ശിവദാസന്‍ ഷാര്‍ജ സെന്‍ട്രല്‍ ജയിലും വനിത ജയിലും സന്ദര്‍ശിച്ച് അവിടെ കഴിയുന്ന മലയാളികളില്‍ പലരെയും കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മോചനം സാധ്യമാകുന്ന കേസുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നീക്കം തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ പരിഗണനയിലുള്ള കേസുകളില്‍ ഏറ്റവും പ്രധാനം ഇരട്ടക്കൊല കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശി അശോകന്‍േറതാണ്. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന അശോകന്‍ ആറ്റിങ്ങല്‍ സ്വദേശി ഉള്‍പ്പെടെ രണ്ടു സഹപ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ആറ്റിങ്ങലിന്‍െറ സമീപ പ്രദേശത്തുള്ള ഒരാള്‍ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റു. ഈ കേസില്‍ വധശിക്ഷ വിധിച്ച അശോകനെ രക്ഷിക്കാന്‍ അപേക്ഷിച്ച് ഭാര്യയും രണ്ടു മക്കളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോന്നി എം.എല്‍.എ കൂടിയായ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്‍െറയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറയും സഹായത്തോടെയാണ് വധശിക്ഷ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ തീരുമാനിക്കുന്ന നഷ്ടപരിഹാരം വാങ്ങി ഇവര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഷാര്‍ജ കോടതിയെ രേഖാമൂലം അറിയിച്ചാല്‍ ഈ കേസില്‍ വധശിക്ഷ ഒഴിവാകും. കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തിയുടെ കുടുംബവുമായും ഇതുപോലെ ഒത്തുതീര്‍പ്പിലെത്തിയാല്‍ മാത്രമേ അശോകന്‍െറ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനും ശ്രമം നടക്കുന്നു. രണ്ടു പേരുടെയും ആശ്രിതര്‍ ഇതിന് തയാറായാല്‍ നഷ്ടപരിഹാര സംഖ്യ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ശേഖരിച്ച് നല്‍കും. നേരത്തെ സൗദി അറേബ്യയിലും ചില കേസുകളില്‍ ഉമ്മന്‍ചാണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ പിടിയിലായ വ്യക്തിക്ക് പുറമെ ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളും ഷാര്‍ജ സെന്‍ട്രല്‍ ജയിലിലുണ്ട്. ഷാര്‍ജ വനിത ജയിലില്‍ 23 മലയാളികളുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ ഭൂരിഭാഗവും ഏജന്‍റുമാരുടെ ചതിയില്‍ കുടുങ്ങിയാണ് ജയിലില്‍ എത്തിയത്. ചിലരുടെ കേസില്‍ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍, മറ്റു ചില കേസുകളില്‍ വിചാരണ നടക്കുന്നു. സെക്സ് റാക്കറ്റിന്‍െറ ചതിയില്‍ കുടുങ്ങുകയും ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത മൂന്നു സ്ത്രീകള്‍ കൊല്ലം സ്വദേശിനികളാണ്. ഒരാള്‍ യു.എ.ഇയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഏജന്‍റ് പാസ്പോര്‍ട്ട് വാങ്ങുകയും മറ്റൊരാള്‍ക്ക് കൈമാറുകയുമായിരുന്നു. അതിനാല്‍ ഇവരുടെ കൈയില്‍ പാസ്പോര്‍ട്ടില്ല. ഷാര്‍ജ ജയിലില്‍ കഴിയുന്നവരില്‍ പിഴ അടക്കാനുള്ളവരുടെ കാര്യത്തില്‍ പിഴ സംഖ്യ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉമ്മന്‍ചാണ്ടി നല്‍കുമെന്നാണ് സൂചന. വിവരങ്ങള്‍ ലഭിച്ചവരുടെ കേസുകളെല്ലാം പരിശോധിച്ച്, സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇത് വിജയിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ യു.എ.ഇ സന്ദര്‍ശനം പ്രവാസികള്‍ക്ക് അനുഗ്രഹമാകും. |
അമീറിനെതിരായ പ്രസംഗം: ബര്‍റാകിന് അഞ്ച് വര്‍ഷം തടവ് Posted: 15 Apr 2013 10:50 PM PDT കുവൈത്ത് സിറ്റി: പൊതുസമ്മേളനത്തില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെതിരെ പ്രസംഗിച്ചു എന്ന കേസില്‍ പ്രതിപക്ഷ പ്രമുഖനും മുന്‍ എം.പിയുമായ മുസല്ലം അല്‍ ബര്‍റാകിന് അഞ്ചു വര്‍ഷം തടവ്. കേസില്‍ വാദം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ക്രിമിനല്‍ കോടതി ജഡ്ജി വാഇല്‍ അതീഖിയാണ് വിധി പ്രസ്താവിച്ചത്. അനുയായികളുമായി സിറ്റിയിലെ കോടതിയിലെത്തി വിധി കേട്ട ബര്‍റാക് വിധി നിയമവിരുദ്ധമാണെന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ച ബര്‍റാക് അനുയായികള്‍ക്കൊപ്പം ആന്തലൂസിലെ ദീവാനിയയിലേക്ക് മടങ്ങി. വിധി വന്നെങ്കിലും രാത്രി വരെ ബര്‍റാകിനെ അറസ്റ്റ് ചെയ്തിട്ടില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബര്‍റാകിന്‍െറ അഭിഭാഷകന്‍ അബ്ദുറഹ്മാന്‍ ബര്‍റാക് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ 2012 ഒക്ടോബര്‍ 15ന് കുവൈത്ത് സിറ്റി ഡിറ്റര്‍മിനഷേന്‍ സ്ക്വയറില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ അമീറിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു എന്നതാണ് ബര്‍റാകിനെതിരായ കേസ്. ഈ കേസില്‍ ഒക്ടോബര്‍ അവസാനം തന്നെ അറസ്റ്റിലായിരുന്ന ബര്‍റാകിന് കോടതി പത്ത് ദിവസം തടവ് വിധിച്ചിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധം ശക്തമായപ്പോള്‍ രണ്ടു ദിവസത്തിനുശേഷം 10,000 ദീനാര്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അമീറിനെതിരെ പ്രസംഗിച്ചതിന്‍െറ പേരില്‍ അതേ കാലത്ത് പ്രതിപക്ഷ നിരയിലെ മുന്‍ എം.പിമാരായ ഫലഹ് അല്‍ സവ്വാഹ്, ഖാലിദ് അല്‍ താഹൂസ്, ബദര്‍ അല്‍ ദാഹൂം, ഉസാമ അല്‍ മുനവ്വര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കുറച്ചുദിവസം കസ്റ്റഡിയില്‍വെച്ചതിനുശേഷം വന്‍തുക ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. |
ബോസ്റ്റണ്‍ സ്ഫോടനം: ഉത്തരവാദികളെ പുറത്തുകൊണ്ടുവരുമെന്ന് ഒബാമ Posted: 15 Apr 2013 10:48 PM PDT വാഷിങ്ടണ്‍: രാജ്യത്തെ ഞെട്ടിച്ച ബോസ്റ്റണിലെ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമ നടുക്കം രേഖപ്പെടുത്തി. സ്ഫോടനത്തിന്റെഉത്തരവാദികള്‍ ആരായിരുന്നാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ഒബാമ പറഞ്ഞു. സ്ഫോടനത്തിന്റെപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് വ്യക്തമല്ല. സത്യം പുറത്ത് വരുന്നത് വരെ ജനങ്ങളാരും മുന്‍വിധിയില്‍ എത്തിച്ചേരരുതെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പ്രതികരണത്തില്‍ ഒബാമ പറഞ്ഞു. സ്ഫോടനം നടത്തിയതിന്റെകാരണം കണ്ടെത്തുമെന്ന് പറഞ്ഞ ഒബാമ, സ്ഫോടനത്തെ ഒരു ആക്രമണമായി കാണാന്‍ തയാറായില്ല. സ്ഫോടന വാര്‍ത്ത വന്നയുടന്‍ബോസ്റ്റണ്‍ ഗവര്‍ണര്‍ ടോം മെനിനോ, മസാച്യുസെറ്റ്സ് ഗവര്‍ണര്‍ ഡേവല്‍ പാട്രിക്, ബോസ്റ്റണ്‍ മേയര്‍ എന്നിവരുമായി ഒബാമ ടെലിഫോണില്‍ ബന്ധപ്പെട്ടു. എല്ലാവിധ സഹായവും ഒബാമ വാഗ്ദാനം ചെയ്തിട്ടുണ്ട്. എഫ്.ബി.ഐ ഡയറക്ടര്‍ ബോബ് മുള്ളറുമായും രാജ്യസുരക്ഷാ സെക്രട്ടറി ജാനെറ്റ് നപോളിറ്റാനോയുമായും സ്ഫോടനത്തിന്റെവിശദാംശങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. |
തൊഴില്‍ തര്‍ക്കങ്ങള്‍ ഒരു മാസത്തിനകം തീര്‍ക്കാന്‍ നിയമ ഭേദഗതി Posted: 15 Apr 2013 10:46 PM PDT മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ആശ്വാസമായി തൊഴില്‍ തര്‍ക്കങ്ങള്‍ ഒരുമാസത്തിനകം തീര്‍പ്പാക്കാന്‍ കഴിയുന്ന വിധം നിയമ ഭേദഗതി. തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ 30 ദിവസത്തില്‍ കൂടുതല്‍ നീണ്ടുപോകരുതെന്നാണ് മാര്‍ച്ച് 31ന് പാസാക്കിയ പുതിയ നിയമത്തിന്‍െറ സുപ്രധാന നിര്‍ദേശം. തൊഴില്‍ തര്‍ക്കത്തിന്‍െറ പേരില്‍ ജീവനക്കാര്‍ പണിമുടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ തൊഴിലാളികള്‍ ആദ്യം തൊഴിലുടമയുടെ ശ്രദ്ധയില്‍പെടുത്തണം. ചര്‍ച്ചകളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ തൊഴില്‍മന്ത്രാലയത്തിന് കീഴിലെ തര്‍ക്ക പരിഹാര വകുപ്പിനെ സമീപിക്കാം. ഏഴ് പ്രവൃത്തി ദിവസത്തിനകം മന്ത്രാലയം നിയോഗിക്കുന്ന സമിതിയുടെ മേല്‍നോട്ടത്തില്‍ ഇരുപക്ഷവും തമ്മില്‍ ചര്‍ച്ചക്ക് അവസരമൊരുക്കും. 15 ദിവസത്തിന് ശേഷവും തര്‍ക്കം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ സമിതി നേരിട്ട് പ്രശ്നപരിഹാരത്തിന് നിര്‍ദേശം മുന്നോട്ടുവക്കും. ഇതും പരാജയപ്പെട്ടാല്‍ കേസ് കോടതിക്ക് കൈമാറാനാണ് നിയമം അനുശാസിക്കുന്നത്. നീതി നിഷേധമുണ്ടായാല്‍ നിയമം അനുശാസിക്കുന്ന വിധം പണിമുടക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. എങ്കിലും നയപരമായി തര്‍ക്കം പരിഹരിക്കാനാണ് തൊഴിലാളികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് തൊഴില്‍മന്ത്രാലയം നിര്‍ദേശിക്കുന്നു. |
ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനം Posted: 15 Apr 2013 10:25 PM PDT റിയാദ്: ചെറുകിട പോളിക്ളിനിക്, ഡിസ്പെന്‍സറി, ലബോറട്ടറി, എക്സറേ കേന്ദ്രം തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം. സൗദി കിരീടവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ അധ്യക്ഷതയില്‍ റിയാദ് അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനം കൈകൊണ്ടത്. വന്‍കിട ആശുപത്രികളല്ലാത്ത പോളിക്ളിനിക്, ആരോഗ്യകേന്ദ്രങ്ങള്‍, ഡിസ്പെന്‍സറി തുടങ്ങിയവ സ്വദേശിയുടെ ഉടമസ്ഥതയിലായിരിക്കണമെന്ന് മന്ത്രിസഭ നിഷ്കര്‍ഷിച്ചു. ഏതുതരം സ്പെഷലൈസേഷനിലാണോ ആരോഗ്യ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്, അതേ മെഡിക്കല്‍ ഡിഗ്രിയുള്ള ഡോക്ടറായിരിക്കണം സ്വദേശിയായ ഉടമസ്ഥനും. ഇതിന് പുറമെ ഇദ്ദേഹം ഈ സ്ഥാപനത്തില്‍ മുഴുവന്‍ സമയ സേവനം നടത്തുകയും ചെയ്യണം. ക്ളിനിക്കുകളല്ലാത്ത മെഡിക്കല്‍ സെന്‍റര്‍, ലബോറട്ടറി, എക്സ്റേ കേന്ദ്രം തുടങ്ങിയവയില്‍ അതത് വിഭാഗത്തില്‍ സ്പെഷലൈസേഷന്‍ ഉള്ള സ്വദേശി മുഴുവന്‍ സമയ ജീവനക്കാരനായിരിക്കണം. സ്പെഷലൈസേഷനുള്ള സ്വദേശിയെ ജീവനക്കാരനായി ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമേ, ഇതേ യോഗ്യതയുള്ള വിദേശിയെ നിയമിക്കാവൂ. ഇതിന് പുറമെ ചെറുകിട-ഇടത്തരം ആരോഗ്യ സ്ഥാപനങ്ങളിലും സ്വദേശിയായ ഒരു മെഡിക്കല്‍ ടെക്നീഷ്യന്‍ നിര്‍ബന്ധമായും നിയമിച്ചിരിക്കണം. ചെറുകിട-ഇടത്തരം ആരോഗ്യ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേഷന്‍ വിഭാഗം സ്വദേശികള്‍ക്കായി മാറ്റിവെക്കണം. അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ യോഗ്യരായ സ്വദേശികളെ ഇത്തരം സ്ഥാപനങ്ങളില്‍ നിയമിച്ചിരിക്കണമെന്നും മന്ത്രിസഭ തീരുമാനത്തില്‍ അറിയിച്ചു. ഇതിന് പുറമെ, വന്‍കിട ആശുപത്രികളുടെ മെഡിക്കല്‍ ഡയറക്ടര്‍ സ്വദേശിയായിരിക്കണമെന്നും മന്ത്രിസഭ നിഷ്കര്‍ഷിച്ചു. നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ ഈ തീരുമാനം കൈകൊണ്ടത്. ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല റബീഅയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്ന തീരുമാനങ്ങളെടുത്തത്. രാജ്യത്തിന്‍െറ എല്ലാ മേഖലയിലും ഇന്‍ഡസ്ട്രിയില്‍ സിറ്റിക്കായി തദ്ദേശ ഭരണ വകുപ്പ് പ്രത്യേക ഭൂമി മാറ്റിവെക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. നിലവിലെ വ്യവസായ മേഖലക്ക് പുറത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വ്യവസായ മേഖലക്ക് പുറത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍, അവയുടെ സ്വഭാവം, അവയുടെ ഉല്‍പന്നങ്ങള്‍, ഇത്തരം സ്ഥാപനങ്ങളെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്ക് മാറ്റുന്നതാണോ നിലവിലുള്ള സ്ഥലത്ത് തുടരുന്നതാണോ ഗുണകരം, മാറ്റുന്നെങ്കില്‍ എത്ര സമയത്തിനുള്ളില്‍ മാറ്റണം, സമയബന്ധിതമായി മാറ്റിയില്ലെങ്കില്‍ എന്ത് ശിക്ഷ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തദ്ദേശ ഭരണ വകുപ്പ് മന്ത്രി അമീര്‍ മന്‍സൂര്‍ ബിന്‍ മുത്ഇബ് ബിന്‍ അബ്ദുല്‍ അസീസ് വെച്ച നിര്‍ദേശങ്ങളാണ് മന്ത്രിസഭ പാസാക്കിയത്. മന്ത്രിസഭ തീരുമാനങ്ങള്‍ വാര്‍ത്താ വിതരണ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹ്യിദ്ദീന്‍ ഖോജ മാധ്യമങ്ങളെ അറിയിച്ചു. |
ഫോര്‍മുല വണ്‍ വിജയിപ്പിക്കാന്‍ എല്ലാ മന്ത്രാലയങ്ങളും സഹകരിക്കണം: ബഹ്റൈന്‍ പ്രധാനമന്ത്രി Posted: 15 Apr 2013 10:12 PM PDT മനാമ: രാജ്യത്തിന്‍െറ യശസ്സ് വാനോളം ഉയര്‍ത്തുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രീ മല്‍സരം വിജയിപ്പിക്കാന്‍ എല്ലാ മന്ത്രാലയങ്ങളും സഹകരിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ വളരെ പ്രാധാന്യമുള്ള ഇത്തരം മല്‍സരങ്ങള്‍ രാജ്യത്ത് നടത്തി വിജയിപ്പിക്കുന്നതിനും വിദേശികളെ ആകര്‍ഷിക്കുന്നതിനുമുള്ള തീരുമാനം കൈക്കൊള്ളാന്‍ മുന്നോട്ടു വന്ന കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പുതിയ തൊഴില്‍ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷികാവധി ദിനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. 30 ദിവസത്തെ വാര്‍ഷികാവധി, കലണ്ടര്‍ ഘടന പ്രകാരമാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതുപ്രകാരം 30 ദിവസത്തെ വാര്‍ഷികാവധിക്ക് അപേക്ഷിക്കുന്ന തൊഴിലാളിക്ക് ആ കാലയളവിനുള്ളിലുള്ള വാരാന്ത്യ അവധി ദിനങ്ങളും പൊതു അവധി ദിനങ്ങളും ഉള്‍പ്പെടെയാണ് അവധി അനുവദിക്കുക. പഴയ തൊഴില്‍ നിയമ പ്രകാരം 21 ദിവസത്തെ വാര്‍ഷികാവധിയാണ് സ്വകാര്യ മേഖലയില്‍ ലഭിച്ചിരുന്നത്. പൊതു അവധി ദിനങ്ങളും വാരാന്ത്യ അവധി ദിനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഖലാലി, ബുഹൈര്‍, ദാര്‍ കുലൈബ് എന്നിവിടങ്ങളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം മൂലം കൊതുകുകളും മറ്റ് പ്രാണികളും വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി വിലയിരുത്തിയ മന്ത്രിസഭ ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. മുനിസിപ്പല്‍ മന്ത്രാലയം, പാര്‍പ്പിട മന്ത്രലായം, ആരോഗ്യ മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ മേല്‍നോട്ടത്തിലുള്ള സംയുക്ത മന്ത്രിതല കമ്മിറ്റിയെ ഇതിനായി നിയോഗിക്കാനും തീരുമാനമായി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ളതും അവരുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ കാര്യങ്ങള്‍ എത്രയും വേഗം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി സന്ദര്‍ശിച്ചതിന്‍െറ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. രാജ്യത്തിന്‍െറ സാമ്പത്തിക ഉണര്‍വില്‍ വ്യാപാരികളുടെ പങ്ക് ഏറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനും പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുന്നതിന് കാബിനറ്റ് തീരുമാനിച്ചു. മാര്‍ച്ച് 10ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുടെ നേതൃത്വത്തിലായിരിക്കും സമിതി നിലവില്‍ വരിക. ബ്രിഗേഡിയര്‍ ആദില്‍ ബിന്‍ ഖലീഫ അല്‍ഫാദില്‍ ആഭ്യന്തര മന്ത്രാലയ സ്റ്റേറ്റ് മന്ത്രിയായി നിയമിക്കപ്പെട്ടതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. സര്‍ക്കാരിന്‍െറ ഭാഗമായി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹത്തിന് സാധിക്കട്ടെയെന്നും കാബിനറ്റ് ആശംസിച്ചു. |
No comments:
Post a Comment