സ്വാഗതം
WELCOME

News Update..

Monday, April 22, 2013

പ്രവാസികളുടെ തിരിച്ചുവരവും ചില ചിന്തകളും Madhyamam News Feeds

പ്രവാസികളുടെ തിരിച്ചുവരവും ചില ചിന്തകളും Madhyamam News Feeds

Link to

പ്രവാസികളുടെ തിരിച്ചുവരവും ചില ചിന്തകളും

Posted: 22 Apr 2013 12:53 AM PDT

Image: 

മേച്ചില്‍പുറംതേടി അലയുന്നവരാണ് നമ്മളിലേറെയും. പുല്‍മേടുകള്‍ കണ്ടെത്താന്‍ കന്നുകാലിക്കൂട്ടവുമായി അലയുന്ന പൂര്‍വികരില്‍നിന്ന് പാരമ്പര്യം കടമെടുത്ത് ഇന്നും നാം അലയുകയാണ്, പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്. സൗഭാഗ്യം തേടി അലയുകയും സ്രോതസ്സ് അനുയോജ്യമെങ്കില്‍ അവിടെത്തന്നെ കൂടുകയും ചെയ്യുന്നവരാണ് നമ്മള്‍.ഭാരതീയതയുടെ കേരളത്തനിമയുടെ ചില മുദ്രകള്‍ അപ്പോഴും നാം കൊണ്ടുനടക്കുകയും ചെയ്യും. ഏതൊരു വിദേശി ഭാരതീയന്‍െറയും ഉളളില്‍ അവന്‍െറ തനിമയെ വിടാതെ മുറുകെ പിടിക്കാനുളള വ്യഗ്രത ഇന്നും വറ്റാതെ നില്‍ക്കുന്നു എന്ന് നമുക്കാശിക്കാം. എന്‍െറ മോന് മലയാളം അറിയുകയേ ഇല്ല എന്ന് പറയുന്നവരും ഓണം ആഘോഷിക്കുകയും ആ അവസരത്തിലെങ്കിലും മലയാളത്തനിമയുടെ ആടയാഭരണങ്ങള്‍ എടുത്തു ചാര്‍ത്തുകയും ചെയ്യുന്നു എന്നത് രസാവഹമാണ്. മലയാലം സംസാരിക്കുന്നവരും മലയാളം അറിയാത്തവരും മലയാളികള്‍ തന്നെയാണ് മനസ്സില്‍. എന്നാല്‍ മൂന്നും നാലും തലമുറകളിലേക്ക് അവര്‍ വളരുമ്പോള്‍ മലയാളത്തെ മറക്കുക തന്നെ ചെയ്യുന്നുണ്ട്. മൈ ഓള്‍ഡ് ഗ്രാന്‍ഡ്ഫാദര്‍ വാസ് ഫ്രം ഇന്ത്യ എന്ന് പറയുന്നതിലേക്കപ്പുറം ഭാരതീയതയുടെ പാരമ്പര്യ ചിഹ്നങ്ങള്‍ ഒരു അപമാനമായിക്കരുതി അവര്‍ പാടേ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുണ്ട്. കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്തിടുന്ന ശരാശരി കേരളീയന്‍െറ തനിഎതിര്‍പ്പതിപ്പുകള്‍.
കുടിയേറ്റക്കാരുടെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും പഴക്കമേറിയ ഏട് ഭാരതീയന്‍േറതായിരിക്കണം. റൊമാനികള്‍ അഥവാ ജിപ്സികള്‍ വടക്കുപടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യയിലെ രാജസ്ഥാനില്‍നിന്ന് കുടിയേറിയിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. ഉത്തരേന്ത്യയിലെ രജപുത്രന്മാരുടേയും ജാട്ടുകളുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുളള കുടിയേറ്റം ക്രിസ്തുവിന് മുമ്പ് 500 നും 1000 നും ഇടക്ക് തിരമാല പോലെ ഇടക്കിടക്ക് ഉണ്ടായിട്ടുണ്ട് എന്നും ചില ചരിത്രങ്ങളില്‍ പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യാ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ ധാരാളമായി കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി ഇന്ത്യാക്കാര്‍ ലോകസഞ്ചാരം നടത്തിയതിന് തെളിവുകളുണ്ടെന്ന് പറയപ്പെടുന്നു. അക്കാലത്ത് മോസ്കോ വരെ ഇന്ത്യക്കാരുടെ സാന്നിധ്യം കണ്ടിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ആധുനികകാലത്ത് കുടിയേറ്റക്കാരുടെ ബാഹുല്യം സംഭവിച്ചത് ബ്രിട്ടീഷ് കോളനികളുടെ ആവിര്‍ഭാവത്തോടെയാണ്. പാവപ്പെട്ടവരെ ജോലിക്കായി പ്രധാനമായും ബ്രിട്ടീഷ് കോളനികളായ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ഏര്‍പ്പാട് പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ ആരംഭത്തോടെ നിലവില്‍ വന്നു. മൗറീഷ്യസ്, ഗയാന, ഫിജി, കിഴക്കന്‍ ആഫ്രിക്ക, സിംഗപ്പൂര്‍, മലയ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ അക്കാലത്ത് കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങി. തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പേര്‍ഷ്യ, യെമന്‍, ഒമാന്‍, ബഹ്റൈന്‍, ദുബൈ തുടങ്ങിയ ബ്രിട്ടീഷ് കോളനികളിലേക്കും കച്ചവടക്കാര്യവുമായി ഇന്ത്യക്കാര്‍ ഇക്കാലയളവില്‍ കുടിയേറി. ഒമാന്‍ ഉള്‍പ്പെടെയുളള പല അറേബ്യന്‍ രാജ്യങ്ങളിലേയും ഔദ്യാഗിക കറന്‍സി ഇന്ത്യന്‍ റുപ്പീ ആയിരുന്നു എന്നത് ഈ കുടിയേറ്റത്തിന്‍െറ കൂടിയ സാന്ദ്രത വെളിപ്പെടുത്തുന്നു. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ അവസാനം കണ്ടെത്തിയ എണ്ണ സമ്പത്താണ് ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന് നിദാനമായത്. ഇരുപതാം നൂറ്റാണ്ടിന്‍െറ അവസാനം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തുണ്ടായ കുതിച്ചുചാട്ടം അമേരിക്ക പോലുളള രാജ്യങ്ങളിലേക്ക് വന്‍തോതിലുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന് കാരണമായി. ചുരുക്കത്തില്‍ മരുപ്പച്ച തേടി ഇന്ത്യക്കാര്‍ ചെന്നെത്താത്ത ഒരു രാജ്യവുമില്ല ഈ ലോകത്ത് എന്ന അവസ്ഥ വന്നുചേര്‍ന്നു. ഇതിനെ സംബന്ധിച്ച് രസകരമായ ഒരു കഥ പ്രചരിച്ചുവരുന്നു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി അഭിമാനത്തോടെ ചുറ്റും നോക്കിയപ്പോള്‍ തെല്ലകലെനിന്ന് ഒരു മലയാളി വിളിച്ചു പറയുന്നു “ങ്ങള് ചായ കുടിച്ചേച്ചു പോയീന്” എന്ന്. മലയാളി ചെന്നെത്താത്ത സ്ഥലങ്ങളില്ലായെന്ന് വ്യംഗ്യം. എസ്.കെ. പൊറ്റെക്കാട്ടിന്റെവിവിധ യാത്രാവിവരണപ്പുസ്തകങ്ങള്‍ ഈ സത്യത്തിന് അടിവരയിടുന്നു.
ഇന്ന് രണ്ടരക്കോടിയോളം ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഗയാനയിലെ അവിടത്തെ ജനസംഖ്യയുടെ പകുതിയോളവും ഏതാണ്ട് 43.5 ശതമാനം - ഇന്ത്യക്കാരാണ്. ഫിജിയില്‍ ഇന്ത്യക്കാരുടെ സാന്നിധ്യം നാല്‍പത് ശതമാനമാണ്. മൗറീഷ്യസില്‍ ആകട്ടെ 68.3 ശതമാനം ഇന്ത്യക്കാര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ നേര്‍ പരിശ്ചേദമാണ് ഈ രാജ്യങ്ങളിലെ സാമൂഹിക സാംസ്കാരികരംഗം എന്നുവേണമെങ്കില്‍ പറയാന്‍ കഴിയും. യു.എ.ഇയില്‍ 31.7 ശതമാനവും കുവൈത്തില്‍ 21.6 ശതമാനവും ഒമാനില്‍ പത്തൊമ്പത് ശതമാനവും ഖത്തറില്‍ 15.7 ശതമാനവും സൗദി അറേബ്യയില്‍ 6.1 ശതമാനവും ഇന്ത്യക്കാരാണെന്ന് ചില കണക്കുകള്‍ പറയുന്നു. യു.കെ യില്‍ 5.6 ശതമാനവും യുഎസില്‍ ഒരു ശതമാനവും ഇന്ത്യക്കാര്‍ ഉണ്ട്. അമേരിക്കയിലെ മൂന്നാമത്തെ ജനസംഖ്യ ഇന്ത്യക്കാരുടേതാണ്. വെസ്റ്റ് ഇന്‍ഡീസ് ദ്വീപസമൂഹത്തിലെ ട്രിനിഡാഡ് ടുബാഗോയില്‍ 40.2 ശതമാനം ഇന്ത്യക്കാരാണ്. ലോകരാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്‍െറ സാന്നിധ്യം എത്ര ശക്തമാണെന്ന് കാണിക്കാനാണ് ഈ കണക്കുകള്‍ നിരത്തിയത്.
എന്താണ് ഇങ്ങനെയുളള കുടിയേറ്റത്തിന്‍െറ സ്വദേശീയവും വിദേശീയവുമായ അവസ്ഥാന്തരങ്ങള്‍? കുടിയേറ്റം പ്രധാനമായും മൂന്ന് മേഖലകളെയാണ് ബാധിക്കുക. സാമൂഹികരംഗത്തും സാംസ്കാരികരംഗത്തും സാമ്പത്തികരംഗത്തും അതിന്‍െറ അലയൊലികള്‍ മാറ്റം സൃഷ്ടിക്കുന്നു. സാമൂഹികരംഗത്ത് കുടിയേറ്റംകൊണ്ടുണ്ടാകുന്ന മിശ്രസാന്നിധ്യം സാമൂഹികപരമായ പല അസ്വസ്ഥതകള്‍ക്കും വഴിവെക്കുന്നുണ്ട്. ക്രിമിനല്‍ കുറ്റങ്ങളുടേയും ധാര്‍മിക അധ$പതനത്തിന്‍െറയും തോത് മിശ്രസമൂഹത്തില്‍ വളരെയധികം കൂടുന്നതായിട്ടാണ് കണ്ടുവരുന്നത്. നാടുവിട്ടുപോരുമ്പോഴുളള അനാഥത്വവും നാട്ടില്‍ കാണിക്കേണ്ട സ്വജനമര്യാദ അന്യദേശത്ത് ആവശ്യമില്ലെന്ന ചിലരുടെ മനോഭാവവും ഇങ്ങനെയുളള സാമൂഹികപ്രശ്നങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നു. അമിതമായ കുടിയേറ്റം നടക്കുന്ന എല്ലാ രാജ്യങ്ങളിലേയും ഭരണാധികാരികള്‍ക്ക് ഒരു തലവേദന തന്നെയാണ് ഇത്തരം സാമൂഹികപ്രശ്നങ്ങള്‍. കുറ്റകൃത്യങ്ങള്‍ക്കുശേഷം നാടുവിടാം എന്ന സൗകര്യം കുറ്റക്കാരെ കണ്ടെത്തുന്നതിന് തടസ്സമാകുന്നു എന്നതും ഭരണാധികാരികളെ അലട്ടുന്ന പ്രശ്നമാണ്. ഇപ്പോള്‍ കേരളത്തിലേക്കുളള അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവും ഇത്തരത്തിലുളള എത്രയെത്ര സാമൂഹികപ്രശ്നങ്ങളാണ് സൃഷ്ടിച്ചുവരുന്നത്. വിവാഹങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന തലമുറ സാമൂഹികഘടനയുടെ തനിമയെ തകിടം മറിക്കുന്നുണ്ട്. പുരാതന ഇന്ത്യയില്‍ ആര്യന്മാരുടെ വരവോടെ സംജാതമായ വ്യത്യസ്തമായ സാമൂഹികഘടന ഇതിന് തെളിവാണ്.
രണ്ടാമതായി കുടിയേറ്റം ബാധിക്കുന്നത് സാംസ്കാരികരംഗത്തെയാണ്. ഒരു പരിധി കഴിഞ്ഞ് കുടിയേറ്റം നടക്കുമ്പോള്‍ ആ സമൂഹത്തിന്‍െറ സാംസ്കാരികത്തനിമക്ക് കോട്ടം ഉണ്ടാക്കുകയും കാലക്രമേണ ഒരു സങ്കരസംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു. ഒരു ജോലിക്കായിപോലും വന്ന് പിന്നെ സ്ഥിരതാമസമാക്കി ഒരു സമൂഹമായി മാറുമ്പോള്‍ സാംസ്കാരികമായ നിരവധി കൊടുക്കവാങ്ങലുകള്‍ ഉണ്ടാകുന്നു. ഭാഷയും വേഷവും എല്ലാം ഒരുതരം സങ്കലനമായി മാറുന്നു. മലബാറിലെ അറബി മലയാളം പോലെ നിരവധി സങ്കലനഭാഷകള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. പോര്‍ച്ചുഗീസ്-ഡച്ച്, ബ്രിട്ടീഷ് കൊളോണിയലിസവും ഇത്തരം സങ്കലന സംസ്കാരത്തിന് കാരണമായിട്ടുണ്ട്. ഇതെല്ലാം പ്രവാസി ഭാരതീയരെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടി വന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ശ്ളഥ ചിന്തകളാണ്.
ഭാരതത്തില്‍നിന്നും പുറംരാജ്യങ്ങളില്‍ പോയി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി താഴത്തേട്ടിലുളളവരാണ്. ഒരു കുടുംബം പുലര്‍ത്താന്‍, ഒരു വീട് വെക്കാന്‍, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ വീടും കുടുംബവും ഉപേക്ഷിച്ച് മണലാരണ്യങ്ങളിലെ പെട്രോ ഡോളറിനായി നാടുവിട്ടവരാണ് കേരളത്തില്‍ നിന്നുളള ഭൂരിഭാഗം പ്രവാസികളും. വീടുവിട്ട് ഒറ്റപ്പെടലിന്‍െറ അനാഥത്വംപേറി കഠിനമായ ജോലി ചെയ്യേണ്ടിവരുന്ന ഓരോ ആളിന്‍െറയും മാനസ്സികനില വളരെ ദുര്‍ബലമായിപ്പോകുന്നു എന്നതാണ് സത്യം. ജോലി ചെയ്യുന്നകാലം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമായി സമ്പാദിക്കുന്നതിന്‍െറ കാല്‍ഭാഗംപോലും ക്രിയാത്മകമായി നിക്ഷേപിക്കുവാന്‍ മിക്കവാറും പ്രവാസികള്‍ക്കാവില്ല. എങ്കിലും പ്രവാസി ഭാരതീയന്‍െറ വരുമാനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് നല്‍കുന്ന പിന്‍ബലം വളരെ കനത്തതാണ്. ഒരു മാസം ശരാശരി 700 മില്യണ്‍ ഡോളറെങ്കിലും ഇന്ത്യയിലേക്ക് പ്രവാസി ഇന്ത്യക്കാരുടേതായി ഒഴുകിയെത്തുന്നുണ്ട് എന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011 ജൂണിലെ കണക്കുപ്രകാരം പ്രവാസി ഭാരതീയന്‍െറ ഇന്ത്യയിലെ നിക്ഷേപം 57.9 ബില്യണ്‍ ഡോളറാണ്. ഇന്നത്തെ മൂല്യത്തില്‍ 28,95,000 കോടി രൂപ. അതേ കാലയളവില്‍ ഇന്ത്യയുടെ വിദേശകടം 317 ബില്യണ്‍ ഡോളറായിരുന്നു. അതായത് മൊത്തം വിദേശകടത്തിന്‍െറ 16.7 ശതമാനവും ഇന്ത്യക്കാരുടെ നിക്ഷേപമായി ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇങ്ങനെയൊരു പിന്‍ബലം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് നല്‍കുന്ന മൂല്യാധിഷ്ഠിതമായ പിന്‍ബലം വളരെ വലുതാണ്. യുദ്ധം പോലുളള അടിയന്തര സാഹചര്യങ്ങളില്‍ രൂപയുടെ മൂല്യത്തെ ഒരു ചെറിയ പരിധിയെങ്കിലും പിടിച്ചുനിര്‍ത്താന്‍ വിദേശ ഭാരതീയന്‍െറ വിയര്‍പ്പിന്‍െറ നിക്ഷേപം സഹായിക്കുന്നു എന്നുപറയാന്‍ കഴിയും. എന്നാല്‍, രൂപയുടെ മൂല്യം കുറയുമ്പോള്‍ വിദേശത്തുനിന്ന് കൂടുതല്‍ നിക്ഷേപം എത്തുന്നു എന്നത് ഒരു വലിയ വിരോധാഭാസമാണ്. രൂപയുടെ മൂല്യം വളരെ കുറഞ്ഞ 2012 ജൂണില്‍ മാത്രം 7.4 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലെത്തി എന്നത് ഇതിന് തെളിവാണ്. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന സ്വദേശിവത്കരണം അവരുടെ രാജ്യത്തിന്‍െറ താല്‍പര്യം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. തൊഴിലില്ലായ്മ ആ രാജ്യങ്ങളില്‍ കൂടി വരുന്നു എന്നതു മാത്രമല്ല, തൊഴിലില്ലാത്ത പലരും വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ സ്വദേശിവത്കരണത്തിന് സൗദി അറേബ്യ പോലുളള രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത് എന്നുതോന്നുന്നു. സൗദി അറേബ്യയിലെ ജനസംഖ്യയുടെ 6.1 ശതമാനം ഇന്ത്യക്കാരാണ് എന്നുപറയുമ്പോള്‍ അവിടത്തെ മൊത്തം വിദേശികള്‍ 35 ശതമാനത്തിനും 45 ശതമാനത്തിനും ഇടക്കാണ്. അതായത് മൊത്തം തൊഴില്‍ ലഭ്യതയുടെ ഏതാണ്ട് നാല്‍പത് ശതമാനം വിദേശികള്‍ കൈയടക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഏതാണ്ട് 10-15 ശതമാനം തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ അവരുടെ മുന്നിലെ പ്രധാനമാര്‍ഗം തൊഴില്‍മേഖലയിലെ സ്വദേശിവത്കരണം തന്നെയാണ്. പക്ഷേ, ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച് കനത്ത ആഘാതമായിരിക്കും പ്രവാസി ഭാരതീയരുടെ തിരിച്ചുവരവ്. തിരിച്ചുവരുന്നവരില്‍ ഒരു നല്ല വിഭാഗം ദീര്‍ഘകാലം അവിടെ ജോലി ചെയ്തവരാണ്. അവര്‍ക്ക് ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഇന്നത്തെ സാമൂഹിക പരിത$സ്ഥിതിയോട് താദാത്മ്യം പ്രാപിക്കാന്‍ വളരെയേറെ ബുദ്ധിമുട്ട് നേരിടും എന്നതല്ലേ സത്യം? അത്രയുംകാലം വിദേശത്തുനിന്ന് സമ്പാദിച്ചതിന്‍െറ വളരെ ചെറിയൊരു ഭാഗം മാത്രമേ അവരുടെ കൈവശം ഉണ്ടാകുകയുളളൂ. കേരളത്തിലെ പരിത$സ്ഥിതിയില്‍ സ്ഥിരമായ ഒരു വരുമാനത്തിന് ഈ മിച്ച സമ്പാദ്യം ഉപയോഗിച്ച് ഒരു വ്യവസായമോ എന്തിന് ഒരു ചെറിയ കട പോലുമോ തുടങ്ങിയാല്‍ താമസംവിനാ പരാജയപ്പെട്ട് ഒന്നുമില്ലാത്തവനായി മാറും എന്ന് 90 ശതമാനവും ഉറപ്പാണ്. ‘വരവേല്‍പ്’ എന്ന ഒരു മലയാള സിനിമയുടെ ഇതിവൃത്തംപോലും ഇതായിരുന്നു. ഗള്‍ഫില്‍ നിന്നും ഓരോ അവധിക്കും നാലും അഞ്ചും പെട്ടികളുമായി നാട്ടില്‍വരുന്ന മലയാളിയെ വരവേല്‍ക്കാന്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു വന്‍കൂട്ടം തന്നെ എയര്‍പോര്‍ട്ടിലുണ്ടാവും. എന്നാല്‍, പെട്ടെന്ന് ജോലി നഷ്ടപ്പെട്ട് ഒരു ഹാന്‍ഡ് ബാഗ് മാത്രമായി വരുന്നവന്‍ തനിയെയോ ടാക്സി പിടിച്ചോ ബസില്‍ കയറിയോ നാട്ടിലെത്തണം എന്നതാണ് കണ്ടുവരുന്നത്. കൂട്ടത്തോടെ പ്രവാസികളുടെ തിരിച്ചുവരവ് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. എന്നാല്‍, അതിലേറെ സാമൂഹിക പ്രശ്നങ്ങളാവും കേരളം നേരിടേണ്ടിവരുക. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ അവസ്ഥ പ്രവാസി ഭാരതീയന്‍െറ കണ്ണുതുറപ്പിക്കണം. മണല്‍ക്കാട്ടില്‍ ചോര നീരാക്കി സമ്പാദിക്കുന്നതിന്‍െറ നല്ലൊരു പങ്കും സ്ഥിരമായ ഒരു വരുമാനത്തിനുളള നിക്ഷേപങ്ങളായി മാറ്റണം. സര്‍ക്കാറിന് അത്തരമൊരു പുനരധിവാസത്തിന് കഴിയുമെന്ന് തോന്നുന്നില്ല. തിരിച്ചുവരുന്നവരുടെ പുനരധിവാസം എന്നത് ഒരു അധരവ്യായാമം മാത്രമായി മാറാനാണ് സാധ്യത. അനാഥത്വംപേറി ദശവത്സരക്കാലമെങ്കിലും വിദേശവാസം ചെയ്ത് തിരിച്ചുവരുന്ന ഭാരതീയന്‍െറ-കേരളീയന്‍െറ രോദനം നമ്മുടെ സ്വസ്ഥതയെ തകിടം മറിക്കാനിടവരരുത്. രാഷ്ട്രീയക്കാരും ഭരണാധികാരികളും അവരുടെ കൈയിലുളള ചെറിയ തുകയാണെങ്കില്‍പ്പോലും ഫലപ്രദമായി നിക്ഷേപിക്കുന്നതിന് സഹായിക്കണം. അത്തരം സംരംഭങ്ങളെ തച്ചുടയ്ക്കുന്ന സമരമാര്‍ഗങ്ങള്‍ ഉണ്ടാകില്ലായെന്ന് ഒരു ഉറപ്പ് ഉണ്ടാകണം. നമുക്ക് നമ്മുടെ സഹോദരങ്ങളെ ഉപേക്ഷിക്കാന്‍ വയ്യല്ലോ. നമ്മുടെ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയാത്തവിധം മനോദാര്‍ഢ്യം നമ്മള്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

കാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളണമെന്ന് രമേശ് ചെന്നിത്തല

Posted: 21 Apr 2013 11:36 PM PDT

Image: 

കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പയുടെ പലിശ  എഴുതിത്തള്ളണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുളളവരുടെ പലിശയാണ് എഴുതിത്തള്ളേണ്ടത്. കേരള യാത്രയുടെ ഭാഗമായി വയനാട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
 

നൈജീരിയയില്‍ സൈന്യവും വിമത പോരാളികളും ഏറ്റുമുട്ടി; 185 പേര്‍ കൊല്ലപ്പെട്ടു

Posted: 21 Apr 2013 11:30 PM PDT

Image: 

ബാഗ (നൈജീരിയ): വടക്കുകിഴക്കന്‍ നൈജീരിയയില്‍ സൈന്യവും ബോകോ ഹറം ഗ്രൂപ്പ് പോരാളികളും തമ്മിലുണ്ടായ പോരാട്ടത്തില്‍ 185 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ്.

ബോകോ ഹറം പോരാളികളെ തുരത്താന്‍ രൂക്ഷമായ ആക്രമണമാണ് സൈന്യം വെള്ളിയാഴ്ച നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനിടെ ജനവാസ കേന്ദ്രങ്ങളിലേക്ക് സൈന്യം മെഷീന്‍ ഗണ്ണും ഗ്രനേഡുകളും പ്രയോഗിച്ചതാണ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിക്ക മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 2000 വീടുകള്‍ തകര്‍ന്നു. നിരവധി വളര്‍ത്തു മൃഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.

 

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ബഹളത്തോടെ തുടക്കം

Posted: 21 Apr 2013 11:17 PM PDT

Image: 

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ബഹളത്തോടെ തുടക്കം. 2ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) യുടെ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ജെ.പി.സി അധ്യക്ഷന്‍ പി.സി.ചാക്കോക്കെതിരെ ഡി.എം.കെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ചാക്കോയെ ജെ.പി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു ഡി.എം.കെ നടത്തളത്തിലിറങ്ങി ബഹളം വെച്ചു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം, ദല്‍ഹി പീഡനം, പ്രത്യേക തെലുങ്കാന സംസ്ഥാന രൂപവത്കരണം, കല്‍ക്കരിപ്പാട അഴിമതി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ ലോക്‌സഭയില്‍ ബഹളമുണ്ടാക്കി. സഭ ചേര്‍ന്നതിന് തൊട്ടുപിന്നാലെതന്നെ ബഹളവും തുടങ്ങി. തുടര്‍ന്ന് സഭാനടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു.

കല്‍ക്കരിപ്പാടം അഴിമതി, ജെ.പി.സി റിപ്പോര്‍ട്ട് ചോര്‍ച്ച എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വെച്ചു. ദല്‍ഹി പീഡനം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബി.ജെ.പിയും ഇടതുപക്ഷവും ബഹളമുണ്ടാക്കി. തുടര്‍ന്ന് രാജ്യസഭയും ഉച്ചവരെ നിര്‍ത്തിവച്ചു.

അതേസമയം, പാര്‍ലമെന്റില്‍ ബജറ്റ് പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് സുഗമായി മുന്നോട്ടു പോകുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും വിവാദ വിഷയങ്ങളില്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്കു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 

സിറ്റി മാസ്റ്റര്‍ പ്ളാന്‍ വേഗത്തിലാക്കും -മന്ത്രി

Posted: 21 Apr 2013 10:44 PM PDT

കോഴിക്കോട്: സിറ്റി മാസ്റ്റര്‍ പ്ളാന്‍ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. ഗ്രേസ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ ഓഫ് കണ്‍സല്‍ട്ടന്‍റ് എന്‍ജിനീയേഴ്സ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 മുനിസിപ്പാലിറ്റികളുടെ മാസ്റ്റര്‍ പ്ളാന്‍ തയാറായിട്ടുണ്ട്. ബാക്കിയുള്ളവ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
റിയല്‍ എസ്റ്റേറ്റ് അതോറിറ്റി ബില്‍ നടപ്പാക്കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യും. നിരവധി അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ വിജിലന്‍സ് സംഘത്തെ വിപുലപ്പെടുത്തി.
പാളയത്ത് ആധുനിക നിലവാരത്തിലുള്ള ബസ്സ്റ്റാന്‍ഡ്, കുറ്റിച്ചിറയില്‍ മ്യൂസിക് ഫൗണ്ടേഷന്‍, തളി നവീകരണം, മെഡിക്കല്‍ കോളജില്‍ പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവക്കായുള്ള നടപടികള്‍ വേഗത്തിലാക്കും. വയലുകള്‍ നികത്തി അപാര്‍ട്മെന്‍റുകള്‍ വരുന്നത് ശരിയല്ലെന്നും കൃഷി ഭൂമിയും കുളങ്ങളും നിലനിര്‍ത്തിയ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡോ. അനില്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ടൗണ്‍ പ്ളാനിങ് ഓഫിസര്‍ ശശികുമാര്‍, ടി.പി.എം. ഹാഷിര്‍ അലി എന്നിവര്‍ സംസാരിച്ചു. കെ. ഷാജു സ്വാഗതവും സാബിര്‍ ഇഹ്സാന്‍ നഗോര്‍ നന്ദിയും പറഞ്ഞു.

അല്‍ജസീറ ചലച്ചിത്രമേള സമാപിച്ചു ; ജര്‍മന്‍ ചിത്രത്തിന് ഗോള്‍ഡന്‍ പുരസ്കാരം

Posted: 21 Apr 2013 10:19 PM PDT

Image: 

ദോഹ: ഒമ്പതാമത് അല്‍ജസീറ ചലച്ചിത്രമേളയുടെ ഗോള്‍ഡന്‍ പുരസ്കാരം ജര്‍മനിയില്‍ നിന്നുള്ള ജര്‍മനിയിലെ പാരി എല്‍ കല്‍ക്വിലി സംവിധാനം ചെയ്ത ദി ടര്‍ട്ടില്‍സ് റെയ്ജിന്. ലോങ് വിഭാഗത്തിലാണ് ഈ ചിത്രം പുരസ്കാരം നേടിയത്. മീഡിയം വിഭാഗത്തില്‍ കമ്പോഡിയന്‍ സംവിധായകരായ ഗ്വിലാം സുവോനും ലിദ ചാനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘റെഡ് വെഡ്ഡിംഗു’ം ഹ്രസ്വചിത്രവിഭാഗത്തില്‍ ജേസണ്‍ ലീ സംവിധാനം ചെയ്ത ‘ലെറ്റേഴ്സ് ഫ്രം പ്യോംഗ്യാഗും’ ഗോള്‍ഡന്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നാല് ദിവസം നീണ്ട മേളയുടെ സമാപനചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  
മറ്റ് അവാര്‍ഡുകള്‍: പ്രത്യേക ജൂറി പുരസ്കാരം: ലോങ്- ഫാബിയന്‍ ദഊബ് സംവിധാനം ചെയ്ത ‘റോസിയ മോണ്‍ടാനാ ടൗണ്‍ ഓണ്‍ ദി പ്രിന്‍ക്’ (ജര്‍മനി), മീഡിയം-ഇവ വെബെര്‍ സംവിധാനം ചെയ്ത ‘ബ്ളാക്ക് ഔ്’ (ആസ്ത്രിയ),  ഹ്രസ്വം-അശോക് താപ സംവിധാനം ചെയ്ത ‘ദി കൊറിയന്‍ ഡ്രീം’ (നേപ്പാള്‍).
ന്യൂ ഹൊറൈസണ്‍: മികച്ച ഒന്നാമത്തെ ചിത്രം-വാംഗ് യാങ് സംവിധാനം ചെയ്ത ‘നേച്വഴ്സ് കിഡ്’ (ചൈന), രണ്ടാമത്തെ ചിത്രം-ആദില്‍ കര്‍സോഹ് സംവിധാനം ചെയ്ത ‘സാറി ഓയി’ (കിര്‍ഗിസ്ഥാന്‍).  
ഡോക്യുമെന്‍ററി ചാനല്‍ പുരസ്കാരം: ലോങ്-മാഇ ഇസ്കന്ദര്‍ സംവിധാനം ചെയ്ത ‘വേര്‍ഡ്സ് ഓഫ് വിറ്റ്നസ്’,  മീഡിയം-അഹമദ് സാലയും റമദാന്‍ സാലയും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഐസ് ഓഫ് ഫ്രീഡം സ്ട്രീറ്റ് ഓഫ് ഡത്ത്’ (ഈജിപ്ത്), ഹ്രസ്വം-യമനില്‍ നിന്നുള്ള സാറാ ഇസ്ഹാഖിന്‍െറ ‘കറാമാ ഹാസ് നോ വാള്‍സ്’. ചൈല്‍ഡ് ആന്‍റ് ഫാമിലി അവാര്‍ഡ്: ലോങ്-ആന്‍ഡ്രിയാസ് എം ദല്‍സ്ഗാര്‍ഡ് സംവിധാനം ചെയ്ത ‘ദി ഹ്യൂമന്‍ സ്കെയില്‍’ (ആസ്ത്രിയ), മീഡിയം-ടോണ്‍ അന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത ‘വെന്‍ ദി ബോയ്സ് റിട്ടേണ്‍’ (നോര്‍വെ), ഹ്രസ്വം-തോംഗ്ദാവോ ഴാങും ലി ഷുജുഅനും സംവിധാനം ചെയ്ത ‘എ സെപറേഷനു’ം  (ചൈന). പബ്ളിക്ക് ലിബര്‍ട്ടീസ് ആന്‍്റ് ഹ്യുമന്‍ റൈറ്റ്സ് പുരസ്ാരം: ലോങ്-അല്‍ഫൗസ് തന്‍ജോര്‍ സംവിധാനം ചെയ്ത ‘വുഡന്‍ റൈഫിള്‍’ (ഖത്തര്‍), മീഡിയം-ഗ്യൂസത്ത് കരീറി സംവിധാനം ചെയ്ത ‘ഇന്‍ യുട്ടേറോ സ്രെബ്രേനിക്ക’ (ഇറ്റലി), ഷോര്‍ട്ട്-എന്‍റിക്ക് ഗബ്രിയേല്‍ ദുദേറോ സംവിധാനം ചെയ്ത ‘ഓണ്‍ ദി ഡബ്ള്‍’ (അര്‍ജന്‍റീന).
ലോങ്, മീഡിയം, ഹ്രസ്വം വിഭാഗങ്ങളില്‍ യഥാക്രമം 50,000 റിയാല്‍, 40,000 റിയാല്‍, 30,000 റിയാല്‍ എന്നിങ്ങനെയാണ് ഗോള്‍ഡന്‍ പുരസ്കാരങ്ങള്‍. ചിത്രങ്ങളുടെ സംവിധായകര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

വിദ്യാര്‍ഥികള്‍ക്ക് 10 വയസ്സ് മുതല്‍ മയക്കുമരുന്ന് ലഭിക്കുന്നു

Posted: 21 Apr 2013 10:10 PM PDT

Image: 

അബൂദബി: രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പത്ത് വയസ്സ് മുതല്‍ മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്ന ശരാശരി പ്രായം 12 ആണ്. സ്കൂളിലെ മുതിര്‍ന്ന കുട്ടികളാണ് ഇവര്‍ക്ക് മയക്കുമരുന്ന് പരിചയപ്പെടുത്തി കൊടുക്കുന്നത്. തങ്ങള്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതിനായി മുതിര്‍ന്ന കുട്ടികള്‍ താഴ്ന്ന ക്ളാസിലുള്ളവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ മാസികയായ ‘999’ന്‍െറ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ടിലാണ് നടുക്കുന്ന ഈ വിവരങ്ങളുള്ളത്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് അധികൃതര്‍ സ്കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്തെങ്കിലും മയക്കുമരുന്ന് ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കണമെന്നാണ് നിര്‍ദേശം.
പത്ത് വയസ്സ് മുതല്‍ ഹെറോയ്ന്‍ പോലുള്ള മാരക മയക്കുമരുന്നുകള്‍ വരെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 13 വയസ്സ് ആകുന്നതോടെ ലഹരിയടങ്ങിയ ഗുളികകള്‍ക്ക് അടിമയാകുന്നു. ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്ന സംഘങ്ങളുണ്ട്. ഇങ്ങനെയുള്ളവര്‍ 18 വയസ്സ് ആകുന്നതോടെ പൂര്‍ണമായും മയക്കുമരുന്നിന് അടിമയാകുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
യു.എ.ഇയില്‍ നിരോധിച്ച ട്രമഡോള്‍, സ്പൈസ് തുടങ്ങിയവയിലൂടെയാണ് വിദ്യാര്‍ഥികള്‍ ലഹരി മരുന്ന് ഉപയോഗം തുടങ്ങുന്നത്. മുതിര്‍ന്ന കുട്ടികള്‍ ആണ് താഴ്ന്ന ക്ളാസിലെ കുട്ടികള്‍ക്ക് ഇവ പരിചയപ്പെടുത്തുന്നത്. ഇവരുടെ ചെലവില്‍ തങ്ങള്‍ക്ക് കൂടി മയക്കുമരുന്ന് ലഭിക്കുന്നതിന് വേണ്ടിയാണ് താഴ്ന്ന ക്ളാസിലെ കുട്ടികള്‍ക്കിടയില്‍ പുതിയ ‘ഉപഭോക്താക്കളെ’ സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ക്കാവശ്യമായ മയക്കുമരുന്നിനൊപ്പം താഴ്ന്ന ക്ളാസിലെ കുട്ടികളെ കൊണ്ട് ചെലവേറിയ പാര്‍ട്ടികളും മുതിര്‍ന്നവര്‍ നടത്തിക്കുന്നു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും പുതിയ ആള്‍ക്കാരെ വലവീശാന്‍ ഉപയോഗിക്കുന്നുണ്ട്. വീട്ടില്‍ വെച്ച് ബ്യൂട്ടന്‍ പോലുള്ള കീടനാശിനികള്‍, നെയില്‍ പോളിഷ്, പെയ്ന്‍റ് എന്നിവ ശ്വസിച്ച് കയറ്റിയും വിദ്യാര്‍ഥികള്‍ ലഹരി തേടുന്നുണ്ട്. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു.
അക്കാദമിക തലത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പല ലഹരിമരുന്നുകളും പരിചയപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രമഡോള്‍ വൈറ്റമിന്‍ ഗുളിക എന്ന നിലക്കാണ് കുട്ടികള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് മോചനം ലഭിക്കും, മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നൊക്കെയുള്ള പ്രലോഭനങ്ങളിലും കുട്ടികള്‍ വീഴുന്നു.
2009നും 2012നും ഇടക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ ട്രമഡോള്‍, മെത്തഡോന്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് നാഷണല്‍ റീഹാബിലിറ്റേഷന്‍ സെന്‍ററിലെ സര്‍വീലന്‍സ് ഡയറക്ടര്‍ ഡോ. അലി അല്‍ മര്‍സൂഖി പറയുന്നു. മാതാപിതാക്കളുടെ മരുന്ന് പെട്ടിയില്‍ നിന്ന് വേദനസംഹാരികള്‍ മോഷ്ടിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലുള്ള ലഹരി മരുന്ന് വില്‍പനയും ഉപഭോഗവും കുറക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ‘999’ എഡിറ്റര്‍ ഇന്‍ ചീഫ് ലഫ്റ്റനന്‍റ് കേണല്‍ അവാദ് സാലിഹ് അല്‍ കിന്‍ദി പറഞ്ഞു.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 20,400 രൂപ

Posted: 21 Apr 2013 10:00 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 400 രൂപ കൂടി 20,400 രൂപയായി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 2550 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.
വെള്ളിയാഴ്ച പവന് 280 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തിയ വില രണ്ടുദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു.

ചൊവ്വാഴ്ച 1000 രൂപ ഇടിഞ്ഞ് 19,800 രൂപയിലെത്തിയ വില ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞ് 19,720 രൂപയാവുകയായിരുന്നു. ആഗോളവിപണിയിലുണ്ടായ വന്‍ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. തിങ്കളാഴ്ച മാത്രം 400 രൂപ കുറഞ്ഞ് പവന് 20,800 രൂപയായിരുന്നു. ശനിയാഴ്ച പവന് 560 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 27ന് പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.

 

സര്‍ക്കാറിനെതിരെ ബര്‍റാക്

Posted: 21 Apr 2013 09:55 PM PDT

Image: 

കുവൈത്ത് സിറ്റി: അറസ്റ്റ് വാറന്‍റ് നിലനില്‍ക്കെ രണ്ടു ദിവസത്തെ ഇടവേളക്കുശേഷം പ്രതിപക്ഷ പ്രമുഖനും മുന്‍ എം.പിയുമായ  മുസല്ലം അല്‍ ബര്‍റാക് ആന്തലൂസിലെ തന്‍െറ ദീവാനിയയിലെത്തി അനുയായികളെ അഭിസംബോധന ചെയ്തു. അമീറിനെതിരെ പ്രസംഗിച്ചു എന്ന കേസില്‍ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവ് വിധിച്ച ശേഷം അറസ്റ്റിന് വഴങ്ങാതിരുന്ന ബര്‍റാക് ശനിയാഴ്ച ദീവാനിയയിലെത്തിയാല്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിയോടെ ദീവാനിയയിലെത്തിയ ബര്‍റാക് അവിടെ തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സര്‍ക്കാറിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ബര്‍റാക് കോടതി വിധിയുടെ ഒറിജിനലുമായി വന്നാലല്ലാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി. ഏറക്കാലമായി രാജ്യത്തെ നിയമനിര്‍മാണസഭയിലും ജനങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള തന്നെ അറസ്റ്റ് ചെയ്യാന്‍ വെമ്പല്‍ക്കൊള്ളുന്ന ആഭ്യന്തരവകുപ്പാണ് നിയമം ലംഘിക്കുന്നതെന്നും ബര്‍റാക് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വിധിക്കെതിരെ ബര്‍റാക് നല്‍കിയ അപ്പീല്‍ ഇന്ന് അപ്പീല്‍ കോടതി പരിഗണിക്കും. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് തെരഞ്ഞെടുപ്പ് നിയമം റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം ഡിറ്റര്‍മിനേഷന്‍ സ്ക്വയറില്‍ നടത്തിയ റാലിയില്‍ അമീറിനെതിരെ പ്രസംഗിച്ചു എന്നതാണ് ബര്‍റാകിനെതിരായ കേസ്. അതിനിടെ, കഴിഞ്ഞദിവസം ബര്‍റാകിന്‍െറ ദീവാനിയക്ക് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 13 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. പിടിയിലായവരിലുണ്ടായിരുന്ന സൗദിയെയും യമനിയെയും നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

 

ബാല പീഡനത്തിനെതിരെ ചിത്ര പ്രദര്‍ശനവുമായി പാക് കലാകാരന്‍

Posted: 21 Apr 2013 09:31 PM PDT

Image: 

അസൈബ: പീഡനമനുഭവിക്കുന്ന കുട്ടികളുടെ വിഭിന്ന ഭാവങ്ങളുടെ നേര്‍ സാക്ഷ്യമായ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. പാക് വംശജനായ ചിത്രകാരന്‍ ഇബ്രാഹീം ജീലാനിയാണ് കാന്‍വാസില്‍ പകര്‍ത്തിയ കുഞ്ഞുങ്ങളുടെ പീഡാനുഭവങ്ങളുമായി പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഞാനൊരു കുഞ്ഞാണ് എന്ന തലക്കെട്ടില്‍ ഒരുക്കിയ പരിപാടി അസൈബയിലെ വിസ്പേര്‍സ് ഓഫ് സെറിനിറ്റി ക്ളിനിക്കിലാണ് ഒരുക്കിയിരിക്കുന്നത്. 24 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ‘ലജ്ജ’, ‘അവനെ പോകാന്‍ അനുവദിക്കുക’, ‘സാന്ത്വനം’ എന്നീ മൂന്നു വിഭാഗങ്ങളായാണ് ചിത്രങ്ങളൊരുക്കിയിരിക്കുന്നത്. ബാല്യത്തില്‍ പീഡനത്തിന് വിധേയനായ കുഞ്ഞിന്‍െറ വിവിധ ഭാവങ്ങളാണ് ഇബ്രാഹീം കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. കടും ചായങ്ങളിലാണ് മിക്ക സൃഷ്ടികളും രൂപം കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളെ പീഡനത്തിനിരയാക്കുന്നതിനെതിരായ ബോധവത്കരണം എന്ന നിലയിലാണ് ക്ളിനിക്കില്‍ പ്രദര്‍ശനം ഒരുക്കിയതെന്ന് വിസ്പറിംഗ് സെറിനിറ്റിയിലെ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റും പൂണെ സ്വദേശിയുമായ റോമ ഫെര്‍ണാണ്ടസ് പറഞ്ഞു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും മറ്റും വിവിധ തെറാപ്പികളിലൂടെയും കൗണ്‍സലിംഗുകളിലൂടെയും പരിഹാരം നിര്‍ദേശിക്കുന്ന ക്ളിനിക്കാണ് സെറിനിറ്റി. മൂന്നു ദിവസങ്ങളിലായി നടന്ന പ്രദര്‍ശനം നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയതായി റോമ പറഞ്ഞു. പ്രദര്‍ശനം ഇന്ന് സമാപിക്കും. കാന്‍സര്‍, ബാല പീഡനം എന്നിവക്കെതിരെ പ്രവര്‍ത്തിക്കുന്ന കലാകാരനാണ് ഇപ്പോള്‍ മസ്കത്തില്‍ കഴിയുന്ന ഇബ്രാഹീം ജീലാനി. ഈ രണ്ടു വിപത്തുകള്‍ക്കെതിരെയും അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്‍െറ ഓരോ രചനകളും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP