സ്വാഗതം
WELCOME

News Update..

Monday, April 29, 2013

മൊബൈല്‍ അദാലത്തില്‍ 40കേസുകള്‍ തീര്‍പ്പാക്കി Madhyamam News Feeds

മൊബൈല്‍ അദാലത്തില്‍ 40കേസുകള്‍ തീര്‍പ്പാക്കി Madhyamam News Feeds

Link to

മൊബൈല്‍ അദാലത്തില്‍ 40കേസുകള്‍ തീര്‍പ്പാക്കി

Posted: 29 Apr 2013 12:24 AM PDT

മാവേലിക്കര: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഹൈകോടതി നല്‍കുന്ന സൗജന്യ നിയമസഹായ മൊബൈല്‍ അദാലത്ത് മാവേലിക്കര താലൂക്കിലെ പത്ത് പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് നാല്‍പതിലധികം കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു. 80 പരാതികളാണ് ലഭിച്ചത്. ശേഷിച്ച പരാതികളില്‍ എതിര്‍കക്ഷികള്‍ ഹാജരാകുന്നതിനും മറ്റും നോട്ടീസ് അയക്കുന്നതിന് മാറ്റിവെച്ചു.
ചെട്ടികുളങ്ങര, തൃപ്പെരുന്തുറ, തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട്, പാലമേല്‍, താമരക്കുളം, വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്തുകളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. ലീഗല്‍ സെല്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മാവേലിക്കര നഗരപ്രദേശത്ത് അദാലത്ത് നടന്നില്ല. സ്ത്രീകളാണ് പരാതികളുമായി കൂടുതലും എത്തിയത്. ഭര്‍ത്താവിനെതിരായ പരാതി, സ്ത്രീധന പീഡനം, കുടിനീര്‍ക്ഷാമം, വൈദ്യുതി തകരാര്‍, വഴിതര്‍ക്കം തുടങ്ങിയവയായിരുന്നു അധികവും. കുടുംബശ്രീ, സി.ഡി.എസ് പ്രവര്‍ത്തകര്‍ സ്ത്രീകളുടെ സഹായത്തിനെത്തി.
പഞ്ചായത്ത് ലീഗല്‍ എയ്ഡ് ക്ളിനിക്കുകളിലാണ് പരാതികള്‍ സ്വീകരിക്കുക. താലൂക്ക് ലീഗല്‍ കമ്മിറ്റി മീഡിയേറ്ററായ അഭിഭാഷകന്‍ പഞ്ചായത്തിലെത്തി പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കും. ആവശ്യമെങ്കില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് ചെയര്‍മാന്‍ പഞ്ചായത്ത് അദാലത്തിലെത്തി അന്തിമവിധി നല്‍കും. ജസ്റ്റിസ് ആര്‍. സുധാകരനാണ് താലുക്ക് ലീഗല്‍ സര്‍വീസസ് ചെയര്‍മാന്‍.
മൊബൈല്‍വാന്‍ അദാലത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ന്യായാധിപ സ്ഥാനത്ത് അഭിഭാഷകരായ പി. ഷാജഹാന്‍, ആര്‍. ശ്രീനിവാസ്, ഉല്ലാസ് എന്നിവരാണ് എത്തിയത്. താലൂക്ക് ലീഗല്‍ കമ്മിറ്റി സെക്രട്ടറി ജി. രഘുനാഥന്‍ നായര്‍, സിനി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാവേലിക്കര, ഭരണിക്കാവ് ബ്ളോക് ഓഫിസുകളില്‍ പത്തുവര്‍ഷം നിലനിന്ന ലീഗല്‍ എയ്ഡ് ക്ളിനിക്കുകള്‍ പുന$സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
 

സൗഹൃദം നടിച്ച് സ്വര്‍ണം തട്ടുന്നവര്‍ പിടിയില്‍

Posted: 29 Apr 2013 12:21 AM PDT

കൂത്താട്ടുകുളം: സൗഹൃദം നടിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തവര്‍ പിടിയില്‍. കലൂര്‍ പുതുക്കലവട്ടം പട്ടണവീട്ടില്‍ ഷിയാദ് (34), ഉദയംപേരൂര്‍ തോപ്പില്‍ വീട്ടില്‍ റേച്ചല്‍ അമ്മിണി എന്ന അമ്പിളി(29) എന്നിവരാണ് കൂത്താട്ടുകുളം പൊലീസിന്‍െറ പിടിയിലായത്.
തയ്യല്‍ജോലി ചെയ്തുകൊണ്ടിരുന്ന അമ്പിളി എറണാകുളത്ത് വെച്ച് പെയ്ന്‍റിങ് തൊഴിലാളിയായ ഷിയാദിനെ പരിചയപ്പെട്ടതോടെയാണ് കബളിപ്പിക്കല്‍ പരമ്പരയുടെ തുടക്കം.
 ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ചുള്ള തയ്യല്‍ കടകളില്‍ ജോലി നോക്കിവരികയായിരുന്നു അമ്പിളി.
ഇവിടെ എത്തുന്ന വീട്ടമ്മമാരുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുകയും പിന്നീട് സ്വര്‍ണാഭരണങ്ങള്‍ പണയംവെക്കാന്‍ വാങ്ങിച്ച് വില്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2009ല്‍ തൃശൂര്‍, കുന്നംകുളം, എറണാകുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പുകേസുകളില്‍ ശിക്ഷ അനുഭവിച്ച് ഇറങ്ങിയതാണ് ഇവര്‍. ഏപ്രില്‍ 13 ന് കൂത്താട്ടുകുളത്തെ ബ്യൂട്ടിഷോപ്പില്‍ തയ്യല്‍ ജോലിക്കിടെ ബാപ്പൂജി ജങ്ഷനില്‍ താമസിക്കുന്ന വീട്ടമ്മയുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുകയും ഇവരുടെ വീട്ടിലെത്തി വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മാല വായ്പയായി ചോദിക്കുകയും ചെയ്തു. തിരിച്ച് എത്തുമ്പോള്‍ എടുത്തോളാമെന്ന് പറഞ്ഞ് ബാഗ് ആ വീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പറഞ്ഞ സമയത്ത് തിരിച്ചെത്താത്തതില്‍ സംശയിച്ച് ബാഗ് പരിശോധിച്ചപ്പോള്‍ കുറച്ച് പേപ്പറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
 തുടര്‍ന്ന് ഇവര്‍ കൂത്താട്ടുകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പിളിയുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.
 വാഴക്കുളം, പാലാ, രാമപുരം എന്നിവിടങ്ങളില്‍ സമാന രീതിയില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു.

സരബ്ജിത്തിനെ വിദഗ്ധ ചികിത്സക്ക് വിദേശത്തേക്ക് കൊണ്ടുപോകില്ല

Posted: 29 Apr 2013 12:15 AM PDT

Image: 

ലാഹോര്‍: പാകിസ്താന്‍ ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജന്‍ സരബ്ജിത്ത് സിങ്ങിനെ വിദഗ്ധ ചികിത്സക്കായി പാകിസ്താന് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനം. സരബ്ജിത്തിനെ തുടര്‍ചികിത്സക്കായി സ്വന്തം രാജ്യത്തേക്ക് കൊണ്ടുവരണമെന്ന ബന്ധുക്കളുടെ ആവശ്യം തള്ളി നാലംഗ വിദഗ്ധ സമിതിയാണ് തീരുമാനം എടുത്തത്.

ഞായറാഴ്ച ലാഹോറിലെ ജിന്ന ആശുപത്രിയില്‍ സരബ്ജിത്തിനെ സന്ദര്‍ശിച്ച ശേഷം സഹോദരി ദല്‍ബീര്‍ കൗറാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. തന്റെ സഹോദരന്റെ ജീവന്‍ പാകിസ്താനില്‍ സുരക്ഷിതമല്ല. എത്രയും വേഗം അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കണമെന്നും ഇതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ലാഹോറിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദല്‍ബീര്‍ ആവശ്യപ്പെട്ടത്. സരബ്ജിത്ത് അക്രമത്തിനിരയായതില്‍ ജയില്‍ അധികൃതര്‍ക്കും പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു. ജയിലിനകത്ത് ആയുധങ്ങള്‍ എത്തിയത് എങ്ങനെയാണെന്ന് അധികൃതരാണ് വ്യക്തമാക്കേണ്ടത്. അവരറിയാതെ ഒരിക്കലും ആയുധം ഇവിടെയെത്തില്ലെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞിരുന്നു. ദല്‍ബീറിനെ കൂടാതെ സരബ്ജിത്തിന്റെഭാര്യയും രണ്ട് മക്കള്‍ക്കളും ലാഹോറിലെ ആശുപത്രിയിലെത്തിയിരുന്നു.

അതിനിടെ, സരബ്ജിത് സിങ് സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലക്ക് ക്ഷതമേറ്റ ശേഷമുള്ള അവസ്ഥ വിലയിരുത്തിയ ശേഷമാണ് ഈ നിഗമനമെന്ന് ഡോക്ടര്‍മാരിലൊരാള്‍ പാക് ദിനപത്രമായ 'ഡോണി'നോട് പറഞ്ഞു. നിലവിലെ അവസ്ഥ സരബ്ജിതിന്റെ ചികിത്സക്കായി രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിന് വലിയ വെല്ലുവിളിയാണെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു. ലാഹോറിലെ ജിന്ന ആശുപത്രി ഐ.സി.യുവിലാണ് ഇപ്പോള്‍ സരബ്ജിതുള്ളത്.

വെള്ളിയാഴ്ചയാണ് സരബ്ജിത്ത് ജയിലില്‍ അക്രമത്തിന് ഇരയായത്. അന്നു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ആദ്യ ഘട്ടത്തില്‍ ജയിലധികൃതര്‍ അനുവദിച്ചിരുന്നില്ല. ഞായറാഴ്ച ഏറെ വൈകിയാണ് ഇവര്‍ക്ക് ആശുപത്രിയില്‍ സന്ദര്‍ശനാനുമതി ലഭിച്ചത്. സരബ്ജിത്തിന്റെകുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയ അഭിഭാഷകനും അധികൃതര്‍ അനുവാദം നല്‍കിയില്ല.

1990ല്‍ നടന്ന സ്‌ഫോടനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് പാക് കോടതി സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്.

കാക്കടവിലെ ജലചൂഷണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

Posted: 28 Apr 2013 11:45 PM PDT

ചെറുപുഴ:  കാക്കടവ് പുഴയിലെ ജലചൂഷണത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ കൂട്ടായ്മ. വറ്റിത്തുടങ്ങിയ പുഴയില്‍നിന്ന് രാമന്തളി പഞ്ചായത്ത്, ഏഴിമല നേവല്‍ അക്കാദമി, പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രം എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് നിര്‍മിച്ച കനാലിലേക്ക് പുഴയിലെ വെള്ളക്കുഴികളില്‍നിന്ന് കൂറ്റന്‍ മോട്ടോറുകളുപയോഗിച്ച് വെള്ളം പമ്പുചെയ്യുന്നതാണ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയത്. ഇതുമൂലം കടുത്ത വേനലില്‍ കാക്കടവ്, അരിയംകല്ല്, ചുഴിക്കയം, ചാനടുക്കം, നെടുങ്കല്ല് പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് കടുത്തക്ഷാമം നേരിട്ടിരുന്നു. പുഴയിലെ വെള്ളമൂറ്റല്‍ മൂലം കിണറുകളിലെ ജലനിരപ്പ് ഓരോ വര്‍ഷവും കുറയുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
ജലചൂഷണത്തിനെതിരെ ഡി.വൈ.എഫ്.ഐ ചീമേനി രണ്ടാം വില്ലേജ് കമ്മിറ്റിയാണ് രംഗത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചക്ക് കാക്കടവ് പുഴയോരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വന്‍കിട മോട്ടോര്‍ ഉപയോഗിച്ചാണ് പുഴയില്‍ താല്‍ക്കാലികമായി കെട്ടിയ തടയണയില്‍നിന്ന് വെള്ളം വലിയ ടാങ്കിലേക്ക് പമ്പ് ചെയ്യുന്നത്.  പുഴക്കു സമീപത്തെ വലിയ കുഴിയിലെ വെള്ളം പമ്പുചെയ്ത് തടയണയിലെത്തിച്ചാണ് ജലചൂഷണം. ഇതിനെതുടര്‍ന്ന് കാക്കടവ്, അരിയന്‍കല്ല്, ചെമ്മരങ്കായം, അറുകര എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം നേരിട്ടുതുടങ്ങിയത്. താല്‍ക്കാലിക തടയണ നിര്‍മാണത്തിനായി പൂഴികൊണ്ടുവരുന്ന പ്ളാസ്റ്റിക് ചാക്കുകളും മറ്റും പുഴയുടെ നാശത്തിനിടയാക്കുകയാണ്.
പുഴയിലെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിഷേധ കൂട്ടായ്മ ഡി.വൈ.എഫ്.ഐ ജില്ല ജോ. സെക്രട്ടറി എം. രാജീവന്‍ ഉദ്ഘാടനം ചെയ്തു. സി.വി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് അറുകര, കെ. ബാലകൃഷ്ണന്‍, വി.വി. പ്രമോദ്, കെ.പി. രഞ്ജിത്ത്, കെ. സജീവന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് ജലവിതരണ അധികൃതരുമായി ചര്‍ച്ച നടത്തും.

മഞ്ചേരി മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കൗണ്‍സില്‍ സംഘം ഇന്നെത്തും

Posted: 28 Apr 2013 11:13 PM PDT

മഞ്ചേരി: നിയമനവും ഭൗതിക സന്നാഹവും പാതിവഴിയിലിരിക്കെ മഞ്ചേരിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് ദല്‍ഹിയില്‍നിന്നുള്ള മെഡിക്കല്‍ കൗണ്‍സില്‍ സംഘം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിശോധിക്കും. 2013-14 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്സിന് പ്രവേശ നടപടികള്‍ ആരംഭിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ അനുമതി വേണമെന്നിരിക്കെ ഈ വര്‍ഷം ക്ളാസ് ആരംഭിക്കാന്‍ കഴിയുമോ എന്ന് പരിശോധനക്ക് ശേഷം തീരുമാനിക്കും.
മഞ്ചേരിയിലെ ജനറല്‍ ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളജാക്കി ഉയര്‍ത്താന്‍ 2012ലെ സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപിച്ചത്. പുതുതായി സൃഷ്ടിച്ച 83 അധ്യാപക തസ്തികയിലേക്ക് ഓപ്ഷന്‍ ക്ഷണിച്ചതില്‍ നിയമന നടപടികളുടെ അവ്യക്തത കാരണം പൂര്‍ത്തിയായില്ല. സ്ഥാനക്കയറ്റം വഴിയും സ്ഥലംമാറ്റം വഴിയും നികത്താനായിരുന്നു തീരുമാനം. എന്നാല്‍, മെഡിക്കല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ ഇത് എതിര്‍പ്പിനിടയാക്കി. പുതിയ തസ്തികകളില്‍ നേരിട്ട് നിയമനം നടത്താന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. മെഡിക്കല്‍ കോളജിന് ആവശ്യമായ അക്കാദമിക് ഫാക്കല്‍റ്റിയെ ഡി.എം.ഇയില്‍നിന്ന് നല്‍കാന്‍ തീരുമാനമായതായി മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ഗീത ‘മാധ്യമ’ത്തോട് പറഞ്ഞു.
അനാട്ടമി, ഫിസിയോളജി, ഫാര്‍മക്കോളജി, ജനറല്‍ മെഡിസിന്‍, ഫോറന്‍സിക് സയന്‍സ് വിഭാഗങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണിപ്പോള്‍ നടക്കുന്നത്. ഇവക്ക് ലൈബ്രറിയായി. എന്നാല്‍, ലാബ് ഒരുങ്ങുന്നതേയുള്ളൂ.
പുതിയ  മെഡിക്കല്‍ കോളജിന്‍െറ പ്രിന്‍സിപ്പലായി ഡോ. പി.വി. നാരായണനെ സര്‍ക്കാര്‍ നിയമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈസ് പ്രിന്‍സിപ്പലായിരുന്നു ഇദ്ദേഹം. ഇവിടത്തെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസു പിന്‍വാങ്ങിയതോടെയാണ് ഡോ. നാരായണനെ നിയമിച്ചത്്. 20 അധ്യാപകരെയും നിയമിച്ചിരുന്നു. എന്നാല്‍, നിയമന നടപടികള്‍ പാതിവഴിയിലാണ്. ആവശ്യമായ ഫാക്കല്‍റ്റിയില്ലാത്തതാണ് കാരണം.
മെഡിക്കല്‍ എജുക്കേഷനില്‍നിന്ന് ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ സര്‍വീസില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയോ ഡി.എം.ഇയിലെ തന്നെ വിരമിച്ച ഡോക്ടര്‍മാരെ കരാറില്‍ നിയമിക്കുകയോ ചെയ്യാനാണ് ഉദ്ദേശ്യം.
ജനകീയ പങ്കാളിത്തത്തില്‍ നിര്‍മിച്ച അഞ്ച്നില കെട്ടിടത്തിന്‍െറ ഒരു നില വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലാക്കാനാണ് കരുതുന്നത്. മാതൃശിശു ആശുപത്രിക്കുവേണ്ടി നിര്‍മിച്ച അഞ്ച് നില കെട്ടിടത്തിലാണ് ലാബുകളും അക്കാദമിക് ഹാളുകളും ഭരണവിഭാഗവും പ്രവര്‍ത്തിക്കുക. മെഡിക്കല്‍ കൗണ്‍സില്‍ സംഘം പരിശോധന നടത്തി അഭിപ്രായം ലഭിച്ച ശേഷമേ പ്രവേശമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ കഴിയൂ. 500 ബെഡുള്ള നിലവിലെ ജനറല്‍ ആശുപത്രി ഇതോടെ ഇല്ലാതാവുകയാണ്. പുതുതായി ഒരു ബെഡ്പോലും കൂടാതെയാണ് ആശുപത്രി മെഡിക്കല്‍ കോളജാവുന്നത്. സമീപത്തുള്ള 7.52 ഏക്കര്‍ സ്വകാര്യ ഭൂമി കൂടി പദ്ധതിക്ക് ഏറ്റെടുക്കും. 20 ഏക്കറാണ് മെഡിക്കല്‍ കോളജിന് വേണ്ടത്.
2012ല്‍ സര്‍ക്കാര്‍ അഞ്ച് ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചതില്‍ നിലവിലെ ആശുപത്രി ഇല്ലാതാക്കി മഞ്ചേരിയില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്. മറ്റു ജില്ലകളില്‍ പുതുതായി ഭൂമി കണ്ടെത്തി മറ്റു നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി സ്ഥാപിക്കാന്‍ ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് നിര്‍മിച്ച അഞ്ചുനില കെട്ടിടം മെഡിക്കല്‍ കോളജിന്‍െറ ഓഫിസും ക്ളാസ് മുറികളുമായതോടെ മാതൃശിശു ആശുപത്രി പൊന്നാനിയിലേക്ക് പോയി. പുതിയ കെട്ടിടം നിര്‍മിച്ചാലും ഇനി മഞ്ചേരിയില്‍ ഇത് സ്ഥാപിക്കാനാവില്ല.

ആദിവാസി നേതാക്കള്‍ പരാതികളുടെ കെട്ടഴിച്ചു; ചെന്നിത്തല ‘നാടക’ത്തിന് തിരശ്ശീലയിട്ടു

Posted: 28 Apr 2013 11:00 PM PDT

പാലക്കാട്: ആദിവാസി കോണ്‍ഗ്രസ് നേതാക്കളെ നിരത്തിനിര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ സംവിധാനത്തില്‍ നാടകം. വാര്‍ത്താ സമ്മേളനത്തിന് ശേഷം ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറിയത്.
അട്ടപ്പാടിയില്‍ 31 നവജാത ശിശുക്കള്‍ മരിച്ചതിന്‍െറ പശ്ചാത്തലത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിനെ കാണാനെത്തുന്ന പ്രതിനിധി സംഘമായാണ് ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ വേഷമിട്ടത്. കോണ്‍ഗ്രസ് ഭരിക്കുന്ന പുതൂര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരും സംഘത്തിലുണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും മരണം പോഷകാഹാരക്കുറവു കൊണ്ടല്ലെന്നും ‘നമ്മുടെ ഭരണത്തെ മോശമാക്കാന്‍’ ചിലര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നുമാണ് ആദിവാസികള്‍ രമേശ് ചെന്നിത്തലക്ക് മുന്നില്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയത്.
സാധാരണ മരണം പോലും പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് ചിത്രീകരിക്കുന്നെന്നായിരുന്നു പുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മരുതി സുരേഷിന്‍െറ പരാതി. ഐ.സി.ഡി.എസ് അങ്കണവാടികള്‍ മുഖാന്തിരം പോഷകാഹാരക്കുറവ് പൂര്‍ണമായും മാറ്റാനാവില്ല. ഇങ്ങനെ ലഭിക്കുന്ന ആഹാരംകൊണ്ട് പോഷകാഹാരക്കുറവ് മാറുന്നില്ലെങ്കില്‍ ആഹാരം സ്വയം കണ്ടെത്തണമെന്നാണ് മരുതി സുരേഷിന്‍െറ അഭിപ്രായം. അങ്കണവാടികള്‍ മുഖേന മുമ്പ് നല്‍കിയിരുന്ന അതേ ഭക്ഷണം തന്നെയാണ് ഇപ്പോഴും നല്‍കുന്നത്. കുട്ടികള്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് മരിച്ചതായി മാധ്യമങ്ങള്‍ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നത് യു.ഡി.എഫ് ഭരണത്തെ ചീത്തയാക്കാനാണ്. ഗര്‍ഭകാലത്ത് നല്ല ഭക്ഷണം, വിശ്രമം എന്നിവ സ്ത്രീകള്‍ക്ക് ലഭിക്കാത്തതുകൊണ്ടാണ് നവജാതശിശുക്കള്‍ മരിക്കുന്നതെന്ന അഭിപ്രായവും മരുതിക്കുണ്ട്.
ഇടതുപക്ഷത്തിന്‍െറ കോട്ട പിടിച്ചടക്കി താന്‍ പ്രസിഡന്‍റായതിന്‍െറ വൈരാഗ്യത്തിലാണ് ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. മുരുകന്‍ പറയുന്നത്. ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ എം.ബി. രാധാകൃഷ്ണനെയും അഗളി സി.ഐ മനോജ്കുമാറിനെയും മാറ്റണമെന്നും മുരുകന്‍ ആവശ്യപ്പെട്ടു. തദ്ദേശവാസിയായ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറെക്കൊണ്ട് പ്രയോജനവുമില്ലെന്നും മുരുകന്‍ പറഞ്ഞു. സംസ്ഥാന ഭരണത്തിന്മേല്‍ ഒരു എം.എല്‍.എക്കുള്ള അധികാരപരിധി മാത്രമേയുള്ളെങ്കിലും രണ്ട് കാര്യങ്ങളും നടപ്പാക്കാമെന്ന് ചെന്നിത്തല വാഗ്ദാനം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ലാലി വിന്‍സെന്‍റ്, ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍, വി.കെ. ശ്രീകണ്ഠന്‍, സി. ചന്ദ്രന്‍, പി.വി. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ‘നാടകം’ അരങ്ങേറിയത്.
എന്നാല്‍, തിരക്കഥയിലെ ആദ്യ ഡയലോഗുകള്‍ തീര്‍ന്നതോടെ ആദിവാസികള്‍ അവരുടെ പതിവ് പരിദേവനങ്ങളുടെ കെട്ടഴിച്ചു. അട്ടപ്പാടിയിലെ റോഡുകള്‍ നന്നാക്കാമെന്ന് പത്ത് മാസം മുമ്പ് കെ.പി.സി.സി പ്രസിഡന്‍റ് വന്ന് പറഞ്ഞുപോയിട്ടും കാര്യമുണ്ടായില്ലെന്ന് മരുതി സുരേഷ് പരാതിപ്പെട്ടു. മേഖലയില്‍ 28 മെഡിക്കല്‍ സെന്‍ററുകളുണ്ടെങ്കിലും ഹെല്‍ത് നഴ്സുമാര്‍ അവിടെപ്പോയി ജോലി ചെയ്യുന്നില്ല.
ആദിവാസികളുടെ പരമ്പരാഗത കൃഷിരീതി മടങ്ങി വന്നെങ്കിലേ പ്രയോജനമുണ്ടാകൂ. വനാവകാശനിയമപ്രകാരം ഒറ്റ ആദിവാസിക്ക് പോലും ഭൂമി നല്‍കിയിട്ടില്ല. ചെന്നിത്തല എത്തിയപ്പോള്‍ ആനവായ് ഊരില്‍ റേഷന്‍കട തുടങ്ങുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നടപടിയായിട്ടില്ല. 15 കിലോമീറ്റര്‍ ദുര്‍ഘടമായ റോഡിലൂടെ സഞ്ചരിച്ച് മുക്കാലിയിലെത്തിയാണ് ആദിവാസികള്‍ ഇപ്പോഴും റേഷന്‍ വാങ്ങുന്നത്. ഇവര്‍ക്ക് റേഷന്‍ വാങ്ങാന്‍ മാത്രം നാല് മണിക്കൂര്‍ പാഴാക്കേണ്ടി വരുന്നു. കുറുമ്പ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി നടപ്പായിട്ടില്ല. ഫുഡ് സപ്പോര്‍ട്ട് പദ്ധതി മാത്രമാണ് ഇതിന്‍െറ ഭാഗമായി നടപ്പാകുന്നത്. ഇതിന്‍െറ ഓഫിസാണെങ്കില്‍ കോഴിക്കോടാണ്.
നന്മ സ്റ്റോറുകള്‍ ഏഴെണ്ണമുണ്ടെങ്കിലും ബില്ലെഴുതാതെയുള്ള വില്‍പനയാണ് നടക്കുന്നത്. ഇവയില്‍നിന്ന് ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കുന്നുമില്ല. പരാതികള്‍ പ്രവഹിച്ച് തുടങ്ങിയതോടെ ചെന്നിത്തല നാടകത്തിന് തിരശ്ശീലയിട്ടു. തനിക്ക് പനിയാണെന്നും അതിനാല്‍ അട്ടപ്പാടിയിലേക്ക് വരാനാവില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി. കേരളയാത്ര സമാപിച്ച ശേഷം മേയ് മാസത്തില്‍ അട്ടപ്പാടിയില്‍ വീണ്ടുമെത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. രവി, ആദിവാസി കോണ്‍ഗ്രസ് അട്ടപ്പാടി ബ്ളോക് പ്രസിഡന്‍റ് സി. പഴനിസ്വാമി, അട്ടപ്പാടി ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ ്എന്‍.കെ. രഘുത്തമന്‍, പുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുരുകേശന്‍, സുരേഷ്, എം. രങ്കന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പരിസ്ഥിതി ലോല പ്രദേശം: വര്‍ധിക്കുന്ന ആശങ്കയില്‍ ജനങ്ങള്‍ സംഘടിക്കുന്നു

Posted: 28 Apr 2013 10:37 PM PDT

കല്‍പറ്റ: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ വയനാട്ടിലെ നാല് പഞ്ചായത്തുകളിലെ ജനങ്ങള്‍ കടുത്ത ആശങ്കയില്‍. മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളും ബത്തേരി താലൂക്കിലെ നൂല്‍പുഴ പഞ്ചായത്തുമാണ് ഇതിന്‍െറ പട്ടികയില്‍ വരുന്നത്.ആശങ്കയിലായ ആയിരക്കണക്കിന് ജനങ്ങള്‍   ഇതിനെതിരെ ജനകീയ കമ്മിറ്റികളും രൂപവത്കരിച്ചു തുടങ്ങി. ഇതിനു പുറമെ പൊഴുതന, തരിയോട്, കോട്ടപ്പടി, ചുണ്ടേല്‍ തുടങ്ങിയ പ്രദേശങ്ങളും ആശങ്കയിലാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഏതാണ്ട് വയനാടിനെ പൂര്‍ണമായും പരിസ്ഥിതി ലോല പ്രദേശമായി കണ്ടിരുന്നുവെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആ സമീപനമുണ്ടായിട്ടില്ല. എന്നാല്‍, വനത്തോട് ചേര്‍ന്നുള്ള ചില വില്ലേജുകളെ പൂര്‍ണമായും പരിസ്ഥിതി ലോലമായി നിര്‍ദേശിച്ചിരിക്കുകയാണ്. തൃശിലേരി, തിരുനെല്ലി വില്ലേജുകള്‍ ഉള്‍പ്പെടുന്നത് തിരുനെല്ലി പഞ്ചായത്തിലാണ്.  ഇവ രണ്ടും അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ചേര്‍ത്തിട്ടുള്ളത്. തിരുനെല്ലി പഞ്ചായത്തിന്‍െറ വിസ്തൃതി 201 ചതുരശ്ര കി. മീറ്ററാണ്. ഇതില്‍  174 ചതുരശ്ര കി.മീറ്ററും വനപ്രദേശമാണ്.
തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും അതീവ പരിസ്ഥിതിലോല മേഖലയാവുന്നതോടെ ജീവിതം തീര്‍ത്തും പ്രയാസത്തിലാവുമെന്ന് ഇവിടെ താമസിക്കുന്നവര്‍ കരുതുന്നു. ആശങ്ക നീക്കാനുള്ള നടപടികളുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണം വരുമെന്ന പ്രചാരണം ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
തിരുനെല്ലി, തൃശിലേരി, പേര്യ, തൊണ്ടര്‍നാട് വില്ലേജുകള്‍ അതീവ പരിസ്ഥിതിലോല മേഖലയാവുന്നതോടെ മാനന്തവാടി താലൂക്കിന്‍െറ മൂന്നിലൊന്ന് ഭാഗത്തെ ജനജീവിതത്തെ ഇത് ബാധിക്കും. വനം വകുപ്പിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഭൂമിയുടെ ക്രയവിക്രയങ്ങള്‍ മുടങ്ങിയ സ്ഥിതിയാണിപ്പോള്‍. സാധാരണക്കാരടക്കം നിരവധിപേരെ ഇത് പ്രയാസത്തിലാക്കി. തിരുനെല്ലിയെ പോലെ നൂല്‍പുഴ പഞ്ചായത്ത് പരിധിയിലെ മൂന്നിലൊന്ന് ഭാഗവും റിസര്‍വ് വനമാണ്. നൂല്‍പുഴ പഞ്ചായത്തിലാണ് മുത്തങ്ങ വന്യജീവി സങ്കേതവുമുള്ളത്. വനം സംരക്ഷിച്ചും വന്യജീവികളുടെ ശല്യം സഹിച്ചും കൃഷിയിറക്കി ജീവിതം തള്ളിനീക്കുന്നവരാണ് തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ കര്‍ഷകരും ആദിവാസികളും.
പരിസ്ഥിതിലോല മേഖലകളില്‍ വനപാലകരുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എളുപ്പമാകും.
വയനാട്ടില്‍ 13 വില്ലേജുകളാണ് അതീവ പരിസ്ഥിതി ലോല മേഖലയായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. തിരുനെല്ലി, തൃശിലേരി, പേര്യ, തൊണ്ടര്‍നാട്, നൂല്‍പുഴ, കിടങ്ങനാട്, കുന്നത്തിടവക, ചുണ്ടേല്‍, കോട്ടപ്പടി, വെള്ളരിമല, തരിയോട്, അച്ചൂരാനം, പൊഴുതന വില്ലേജുകളാണിത്. വൈത്തിരി താലൂക്കിലെ വെള്ളാര്‍മല, കോട്ടപ്പടി, കുന്നത്തിടവക വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതോടെ നിര്‍ദിഷ്ട ചുരം ബദല്‍പാതക്ക് വരെ തടസ്സം നേരിട്ടേക്കും.

വേനല്‍ മഴയോടൊപ്പം ചുഴലിക്കാറ്റ്; അഞ്ച് വീടുകള്‍ തകര്‍ന്നു, വന്‍ കൃഷി നാശം

Posted: 28 Apr 2013 10:30 PM PDT

താമരശ്ശേരി: വേനല്‍മഴയോടൊപ്പമെത്തിയ ശക്തമായ ചുഴലിക്കാറ്റില്‍ കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ പ്രദേശത്ത് വന്‍ നാശനഷ്ടം. രണ്ട് വീടുകള്‍ പൂര്‍ണമായും മൂന്നു വീടുകള്‍ ഭാഗികമായും തകര്‍ന്നു.  ആയിരത്തിലധികം റബര്‍ മരങ്ങള്‍ നിലംപൊത്തി. തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്.
ആക്കപ്പാറ സോജന്‍െറയും കുന്നുമ്മല്‍ പറമ്പില്‍ ആയിഷയുടെയും വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കയറ്റാംകുന്ന് മൈക്കിള്‍ എന്ന ഷാജിയുടെ വീടിനുമുകളില്‍ പ്ളാവ് വീണു. തോപ്പില്‍ ബേബിയുടെ വീടിനു മുകളില്‍ തെങ്ങുവീണു. കിളിയാംവള്ളി സുരേഷ്ബാബുവിന്‍െറ വീടിനു മുകളിലേക്ക് പ്ളാവ് കടപുഴകി. കോക്കപ്പള്ളില്‍ തമ്പിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തേക്ക് മുറിഞ്ഞുവീണു തകര്‍ന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കാറ്റ് ആഞ്ഞടിച്ചത്. മരങ്ങള്‍ മുറിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കണിയാംമാട്ടേല്‍ തോമസിന്‍െറ  ടാപ് ചെയ്തുകൊണ്ടിരിക്കുന്ന 150ഉം കണിയാംമാട്ടേല്‍ ദേവസ്യയുടെ 50ഉം   കൈനടി ശവര്യാച്ചന്‍െറ 125ഉം റബര്‍ മരങ്ങള്‍ കാറ്റില്‍ നശിച്ചു. കിണര്‍മാക്കല്‍ മൂസയുടെ 26 റബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. തെയ്യപ്പാറ അനുഗ്രഹ ത്രിവേണി അയല്‍ക്കൂട്ടത്തിന്‍െറ 300ലധികം ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. പ്രദേശത്ത് തെങ്ങ്, കമുക്, വാഴ, കൊക്കൊ തുടങ്ങിയ വിളകളും കാറ്റില്‍ നശിച്ചിട്ടുണ്ട്. തകരേല്‍ പുഷ്പറാണി, വെള്ളാടി സുബ്രഹ്മണ്യന്‍, മൂസ കിണര്‍മാക്കല്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.

 

സിറിയയില്‍ ഇടപെടാന്‍ ഒബാമക്ക് സെനറ്റര്‍മാരുടെ സമ്മര്‍ദ്ദം

Posted: 28 Apr 2013 10:30 PM PDT

Image: 

വാഷിങ്ടണ്‍: സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇടപെടാന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് റിപബ്ളിക്കന്‍ സെനറ്റര്‍മാരുടെ സമ്മര്‍ദ്ദം. മിസൈലുകള്‍ അയച്ച് സിറിയന്‍ വ്യോമതാവളം ആക്രമിക്കണമെന്നാണ് സെനറ്റര്‍മാരുടെ ആവശ്യം. എന്നാല്‍ സൈന്യത്തെ സിറിയയിലേക്ക് അയക്കരുതെന്ന് നിര്‍ദേശമുണ്ട്.

ഇതോടെ, സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെതിരെ പൊരുതുന്ന വിമതര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന സമ്മര്‍ദ്ദം വൈറ്റ്ഹൗസില്‍ വര്‍ധിക്കുകയാണ്. സിറിയ രാസായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന്  ഒബാമ ഭരണകൂടം കഴിഞ്ഞാഴ്ച വിലയിരുത്തിയിരുന്നു.

രാസായുധങ്ങളുടെ പ്രയോഗം സിറിയന്‍ ജനതയേയും അയല്‍ രാജ്യങ്ങളേയും ഭീതിദമാംവിധം ബാധിക്കുമെന്നും സിറിയയില്‍ അസദ് ഭരണകൂടം പരിധി വിട്ടുവെന്നും പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞിരുന്നു. കൂടാതെ, അടിയന്തര പ്രാധാന്യം നല്‍കേണ്ട അവസ്ഥയിലാണ് സിറിയയെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വൈറ്റ് ഹൗസില്‍ ജോര്‍ഡന്‍ രാജാവ് അബ്ദുല്ലയുമായി ഒബാമ സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.

ഗിന്നസ് റെക്കോര്‍ഡ് ഉടമ അഭ്യാസ പ്രകടനത്തിനിടെ മരിച്ചു

Posted: 28 Apr 2013 10:03 PM PDT

Image: 

ഡാര്‍ജിലിങ്: ഗിന്നസ് റെക്കോര്‍ഡ് ഉടമ ശൈലേന്ദ്ര നാഥ് റോയ് (50) അഭ്യാസ പ്രകടനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമബംഗാളിലെ 1400 മീറ്റര്‍ വീതിയുള്ള ടീസ്റ്റ നദിക്ക് കുറുകെ കെട്ടിയ വടത്തില്‍ തന്റെ നീളന്‍ മുടി കെട്ടി അതില്‍ തൂങ്ങി കുറുകെ കടക്കവെയായിരുന്നു മരണം.

ടീസ്റ്റ നദിക്കു കുറുകെ സെവോക് പര്‍വ്വതത്തിനു ഇരുവശത്തും കെട്ടിയ വടത്തിലൂടെയായിരുന്നു ശൈലേന്ദ്ര നാഥിന്റെ അഭ്യാസപ്രകടനം. വടത്തില്‍ തൂങ്ങി പകുതി ദൂരം ശൈലേന്ദ്ര നാഥ് പിന്നിട്ടപ്പോഴായിരുന്നു അപകടം. വടത്തിലെ കപ്പിയില്‍ മുടി കുടുങ്ങി മുന്നോട്ട് നീങ്ങാനല്‍ കഴിയാതെ തൂങ്ങിക്കിടക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

45 മിനിറ്റോളം മൃതദേഹം വടത്തില്‍ തൂങ്ങിക്കിടന്നു. ശേഷം ക്രെയിന്‍ എത്തിയാണ് താഴെ ഇറക്കിയത്. ആയിരത്തോളം പേര്‍ ശൈലേന്ദ്ര നാഥിന്‍െറ അഭ്യാസപ്രകടനം കാണാന്‍ എത്തിയിരുന്നു.

2012 സെപ്റ്റംബറില്‍ ഡാര്‍ജിലിങ് ഹിമാലയന്‍ ടോയ് ട്രെയിന്‍ വലിച്ചു നീക്കിയാണ് ശൈലേന്ദ്ര നാഥ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP