സ്വാഗതം
WELCOME

News Update..

Saturday, April 6, 2013

കൊറിയന്‍ ഉപ ദ്വീപില്‍ യുദ്ധം ഒഴിവാക്കണമെന്ന് ഫിദല്‍ കാസ്ട്രോ Madhyamam News Feeds

കൊറിയന്‍ ഉപ ദ്വീപില്‍ യുദ്ധം ഒഴിവാക്കണമെന്ന് ഫിദല്‍ കാസ്ട്രോ Madhyamam News Feeds

Link to

കൊറിയന്‍ ഉപ ദ്വീപില്‍ യുദ്ധം ഒഴിവാക്കണമെന്ന് ഫിദല്‍ കാസ്ട്രോ

Posted: 06 Apr 2013 12:53 AM PDT

Image: 

ഹവാന: ദീര്‍ഘ കാല സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെട്ട് കൊറിയന്‍ ഉപ ദ്വീപില്‍ യുദ്ധം ഒഴിവാക്കണമെന്ന് ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോ ആവശ്യപ്പെട്ടു. യുദ്ധമുണ്ടായാല്‍ ഇരുപക്ഷത്തെയും ജനങ്ങള്‍ ദുരിതത്തിലാകുമെന്നും അതുകൊണ്ട് ആര്‍ക്കും ലാഭമില്ലെന്നും അദ്ദേഹം ക്യൂബന്‍ സ്റ്റേറ്റ് മീഡിയയില്‍ എഴുതി.

ഉത്തരകൊറിയ അവരുടെ സാങ്കേതികവും സൈനികപരവുമായ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പക്ഷേ ഇനി സ്വന്തം കടമകള്‍ ഓര്‍ക്കേണ്ട സമയമാണ്. യുദ്ധം ഭൂമിയിലെ 70 ശതമാനം ആളുകളെയും ബാധിക്കും. ഉത്തര കൊറിയ എന്നും ക്യൂബയുടെ സുഹൃത്തായിരുന്നു. അതെന്നും അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും -കാസ്ട്രോ പറഞ്ഞു.

യുദ്ധം ഒഴിവാക്കേണ്ട ബാധ്യത അമേരിക്കക്കും ഉണ്ട്. യുദ്ധത്തിന് ചുക്കാന്‍ പിടിച്ചാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കുടിലനായ പ്രസിഡന്‍റായി ഒബാമ വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ഇടപെടും -ആന്റണി

Posted: 06 Apr 2013 12:09 AM PDT

Image: 

കൊച്ചി: കേരളത്തിലെ പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മതി. അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ ഇടപെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

ഗ്രൂപ്പ് നേതാക്കള്‍ ചാനലുകളില്‍ അഭിപ്രായം പറയുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷമണരേഖ വേണം. അതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളെ ശക്തമായി അടിവരയിട്ട് നിയന്ത്രിക്കണം.

ഇപ്പോഴത്തെ കാറ്റിനെയല്ല, കൊടുങ്കാറ്റിനെ അതിജീവിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറയുന്നതു പോലെയാണ് കോണ്‍ഗ്രസിന്റെ കാര്യം. യു.ഡി.എഫിന്റെ നട്ടെല്ല് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് താഴെതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. കോണ്‍ഗ്രസിന്റെ ജനസമ്പര്‍ക്കം കുറഞ്ഞുവരികയാണ്. ഇതിന് മാറ്റം വരണം. പാര്‍ട്ടി വേദികള്‍ കൂടുതല്‍ വിപുലമാക്കണം. ദേശീയതലത്തില്‍ പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണ്. എന്നിരുന്നാലും കോണ്‍ഗ്രസിന് അതിന്റേതായ പ്രാധാന്യമുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിക്ക് മാത്രമേ ഇന്ത്യയില്‍ നിലനില്‍പ്പുള്ളൂവെന്നും ആന്റണി പറഞ്ഞു.

ചടങ്ങില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പത്മജ വേണുഗോപാല്‍, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങിയവരും പങ്കെടുത്തു.
 
സംസ്ഥാനത്തെ പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കില്ലെന്ന് നേരത്തെ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ആന്റണി പറഞ്ഞിരുന്നു.
 

ഗാര്‍ഹിക പീഡന പരാതികളുമായി ഭര്‍ത്താക്കന്മാര്‍

Posted: 05 Apr 2013 10:51 PM PDT

Image: 

കോഴിക്കോട്: സ്ത്രീസംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഭാര്യമാര്‍ക്കെതിരെ പരാതി പ്രളയവുമായി പുരുഷന്മാര്‍. ജനമിത്രം ജനകീയ നീതിവേദി കോഴിക്കോട് ശിക്ഷക് സദനില്‍ സംഘടിപ്പിച്ച തെളിവെടുപ്പിലാണ് ‘നല്ല പാതി’ക്കെതിരെ പരാതിക്കെട്ടുകളുമായി ഭര്‍ത്താക്കന്മാരെത്തിയത്. വ്യാജമായി പൊലീസ് സ്റ്റേഷനുകളിലും കുടുംബ കോടതികളിലും നല്‍കിയ സ്ത്രീധന-ഗാര്‍ഹിക പീഡന, സാമ്പത്തിക പീഡന പരാതികളെക്കുറിച്ചാണ് കൂടുതലും പരാതികള്‍ എത്തിയത്. യുവാക്കള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ പരാതി നല്‍കാനെത്തിയവരില്‍പെടും.
ഭാര്യയുടെ അവിഹിത ബന്ധം നേരില്‍ കണ്ടതിനെ തുടര്‍ന്ന് ഭാര്യാവീട്ടുകാര്‍ തുടരുന്ന പീഡനത്തെക്കുറിച്ചായിരുന്നു കോഴിക്കോട് ജില്ലക്കാരനായ യുവാവിന്‍െറ പരാതി. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ തുനിയവെ ഗള്‍ഫിലുള്ള ഭാര്യാസഹോദരന്‍ അവിടെ കള്ളക്കേസ് കൊടുത്തതിനാല്‍ ഗള്‍ഫിലെ ബിസിനസ് ഉപേക്ഷിക്കേണ്ടിവന്നതായി അദ്ദേഹം പരാതിപ്പെട്ടു. ഗള്‍ഫില്‍ നിന്നയച്ച പണം കൊണ്ട് ഭാര്യ സ്വന്തം പേരിലാണ് നാട്ടില്‍ സ്ഥലവും വീടും വാങ്ങിയത്. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ സര്‍വ സമ്പാദ്യവും തട്ടിയെടുത്ത മുന്‍ ഭാര്യയില്‍നിന്ന് നീതി നേടിത്തരണമെന്നാണ് ഇദ്ദേഹത്തിന്‍െറ ആവശ്യം.
സ്വത്ത് മുഴുവന്‍ ഭാര്യയുടെ പേരിലായതിനാല്‍ ഭാര്യയും പൊലീസുകാരനായ മകനടക്കം മക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്നാണ് 65കാരന്‍െറ പരാതി. ജീവിത ചെലവിനുള്ള തുക ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ അത് സ്വീകരിച്ചില്ല. തന്‍െറ അനുമതിയില്ലാതെ ഭാര്യവീട്ടുകാര്‍ ഭാര്യയുടെ പ്രസവം നിര്‍ത്തിച്ചെന്ന് തെളിവെടുപ്പിനെത്തിയ പാലക്കാട്ടെ യുവാവ് പരാതിപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യയേയും എട്ടും 12ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളേയും ഭാര്യവീട്ടുകാര്‍ ബലമായി അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട് കുടുംബ കോടതിയുടെ വിധി പ്രകാരം ഭാര്യയേയും മക്കളെയും സ്വീകരിക്കാന്‍ തയാറായിട്ടും ഭാര്യവീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന് യുവാവ് പരാതിപ്പെട്ടു.
ഭാര്യയുടെ പീഡനം മൂലം സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്നാണ് കോഴിക്കോട്ടുകാരനായ മധ്യവയസ്കന്‍െറ പരാതി. വരാന്തയില്‍ കിടന്നുറങ്ങാന്‍ ശ്രമിച്ചാല്‍ ഭാര്യ അവിടെ വെള്ളം ഒഴിക്കും. അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ കിടന്നുറങ്ങാനെങ്കിലും അവസരമുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ലഭിച്ച പരാതികള്‍ ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് നല്‍കി പരാതിക്കാര്‍ക്ക് നീതി  ഉറപ്പാക്കാന്‍ പരമാവധി യത്നിക്കുമെന്ന് ജനകീയ നീതിവേദി പ്രസിഡന്‍റ് എം.എ. ഇബ്രാഹിം റാവുത്തര്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിയമത്തില്‍ നിലവില്‍ സ്ത്രീക്ക് മാത്രമേ സംരക്ഷണമുള്ളൂ. ഈ നിയമം പൊളിച്ചെഴുതി പുരുഷനും സംരക്ഷണം ലഭിക്കുംവിധം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിയമയുദ്ധം നടത്താനുള്ള തയാറെടുപ്പിലാണ് നീതിവേദി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9387469083.

ശ്രീനഗറില്‍ ബ്രിട്ടീഷ് യുവതി മരിച്ച നിലയില്‍; ഡച്ചുകാരന്‍ അറസ്റ്റില്‍

Posted: 05 Apr 2013 10:17 PM PDT

Image: 

ശ്രീനഗര്‍: വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയെ ശ്രീനഗറിലെ ഹൗസ്‌ബോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡച്ച് സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച രാവിലെയാണ് ഹൗസ്‌ബോട്ടിലെ മുറിയില്‍ 23കാരിയായ യുവതിയുടെ മൃതദേഹം കണ്ടത്. ബോട്ടില്‍ യുവതി താമസിച്ചിരുന്ന മുറിക്ക് സമീപമാണ് ഡച്ചുകാരന്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ബലപ്രയോഗത്തിലൂടെ യുവതിയുടെ മുറിയില്‍ കടന്ന ഡച്ചുകാരന്‍ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറിയുടെ വാതിലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം രാത്രി തന്നെ ബോട്ട് വിട്ട് ഓടിപ്പോയ ഡച്ചുകാരന്‍ പാസ്‌പോര്‍ട്ട് മാത്രമാണ് കൈവശം വെച്ചിരുന്നത്. ഇതാണ് പൊലീസിന് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
 

ഏപ്രില്‍ 10നു ശേഷം വിദേശ എംബസികള്‍ സംരക്ഷിക്കില്ലെന്ന് ഉത്തര കൊറിയ

Posted: 05 Apr 2013 10:16 PM PDT

Image: 

സോള്‍: രാജ്യത്തെ വിദേശ എംബസികള്‍ ഒഴിപ്പിക്കുമെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 10നു ശേഷം എംബസികള്‍ സംരക്ഷിക്കില്ലെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ  മേല്‍ ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നുമാണ് ഉത്തരകൊറിയയുടെ അറിയിപ്പ്.

അതേസമയം, കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം ശക്തമായി തുടരുകയാണ്. ഉത്തര കൊറിയ  മിസൈല്‍ വിന്യസിച്ചതായി ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി ക്വിം ക്വാന്‍ ജിന്‍ അറിയിച്ചു. മിസൈല്‍ നീക്കത്തിന്‍െറ പിന്നിലെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്നും പരീക്ഷണാര്‍ഥം വിന്യസിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര മിസൈലായ കെ.എന്‍-08 ആണ് വിന്യസിച്ചതെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. മിസൈല്‍ അമേരിക്കയില്‍ എത്താന്‍മാത്രം പര്യാപ്തമല്ലെന്നും ഉത്തര കൊറിയ യുദ്ധത്തിന് സജ്ജമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ 3,000 കി.മീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സൈനികത്താവളങ്ങളെ ലക്ഷ്യമാക്കിയുള്ളതാവാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.    

അമേരിക്കക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണി ഉത്തര കൊറിയ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആണവാക്രമണമോ മിസൈലാക്രമണമോ നടത്താനുള്ള സാങ്കേതികവിദ്യ ഉത്തര കൊറിയക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. മധ്യദൂര മിസൈലുകള്‍ ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ മിസൈല്‍ രക്ഷാകവചങ്ങള്‍ ഒരുക്കുകയാണ് അമേരിക്ക.

2016ഓടെ ഖത്തര്‍ ഫൗണ്ടേഷനില്‍ 50 ശതമാനം സ്വദേശിവത്കരണം

Posted: 05 Apr 2013 10:11 PM PDT

Image: 

ദോഹ: 2016ഓടെ 50 ശതമാനം സ്വദേശിവത്കരണം എന്ന ലക്ഷ്യം ഖത്തര്‍ ഫൗണ്ടേഷന്‍ കൈവരിക്കുമെന്ന് ഫൗണ്ടേഷനിലെ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഫൗണ്ടേഷന് കീഴിലുള്ള മൊത്തം ജീവനക്കാരില്‍ 50 ശതമാനവും സ്വദേശികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.
ഫൗണ്ടേഷന് കീഴിലെ എല്ലാ വിഭാഗങ്ങളിലും സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്ര പദ്ധതിയാണ് ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറേറ്റ് തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കഴിവുള്ള സ്വദേശികളെ കണ്ടെത്തി വിശദമായ പരിശീലനം നല്‍കും. സ്വദേശിവത്കരണ നടപടികള്‍ക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് അധികൃതര്‍ പറയുന്നു. ഫൗണ്ടേഷന് കീഴിലെ ചില വിഭാഗങ്ങളില്‍ 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന് 2006 മുതല്‍ 2011 വരെ രൂപം നല്‍കിയ പഞ്ചവത്സര പദ്ധതി വിജയകരമായിരുന്നു. മൊത്തം ജീവനക്കാരില്‍ 50 ശതമാനവും സ്വദേശികളാണെന്ന് ഉറപ്പാക്കാന്‍ 2011 മുതല്‍ 2016 വരെയുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഓരോ വര്‍ഷവും ഫൗണ്ടേഷനില്‍ ജോലിക്ക് ചേരുന്ന സ്വദേശികളുടെ അനുപാതം കൃത്യമായി വിലയിരുത്താറുണ്ടെന്ന് ഡയറക്ടറേറ്റിലെ റിക്രൂട്ട്മെന്‍റ് മാനേജര്‍ അഹ്മദ് അല്‍ ഉബൈദലി പറഞ്ഞു. സ്വദേശിവത്കരണത്തില്‍ വളരെ ആശാവഹമായ പുരോഗതിയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫൗണ്ടേഷനില്‍ നടന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍  മൂലം ഒട്ടേറെ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. ഗവേഷണ, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പോലെ ഫൗണ്ടേഷന് കീഴിലുള്ള വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്ന സ്വദേശികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പുകളും മികച്ച സ്ഥാപനങ്ങളിലും അന്താരാഷ്ട്ര കമ്പനികളിലും പരിശീലനത്തിനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വദേശികള്‍ക്ക് വൈവിധ്യമാര്‍ന്ന മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ അവസരം ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഫൗണ്ടേഷന്‍ തയാറാക്കിയിട്ടുള്ളത്. വ്യത്യസ്ത കഴിവുകളുള്ള സ്വദേശി യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗവേഷണം, ശിശുവിദ്യാഭ്യാസം മുതല്‍ യൂനിവേഴ്സിറ്റി വിദ്യാഭ്യാസം വരെയുള്ള വിവിധ തലങ്ങള്‍, സാമൂഹിക വികസനം, സംഗീതം, സ്പോര്‍ട്സ്, അഡ്മിനിസ്ട്രേഷന്‍ എന്നീ മേഖലകളുമായെല്ലാം ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ ഫൗണ്ടേഷനിലുണ്ട്. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഖത്തര്‍ തൊഴില്‍ മേളയിലെ ഫൗണ്ടേഷന്‍െറ പവ്ലിയനില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് പലരെയും തെരഞ്ഞെടുക്കുകയും ചെയ്തു. മറ്റ് അപേക്ഷകള്‍ ഫൗണ്ടേഷന്‍െറ ഇന്‍ഫര്‍മേഷന്‍ ഡാറ്റാബേസില്‍ സൂക്ഷിച്ച് ഒഴിവുകളുണ്ടാകുമ്പോള്‍ യോഗ്യരായവരെ തെരഞ്ഞെടുക്കാനാണ് തീരുമാനമെന്ന് ഉബൈദലി അറിയിച്ചു.

അബൂദബിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നു

Posted: 05 Apr 2013 09:47 PM PDT

Image: 

ദുബൈ: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്‍െറ ഭാഗമായി അബൂദബിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നു. യോഗ്യരായ സ്വദേശികളെ കണ്ടെത്തി പരമാവധി പേര്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമം പല വകുപ്പുകളും ഏജന്‍സികളും ഊര്‍ജിതമാക്കി.
ടൂറിസം ഡവലപ്മെന്‍റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയില്‍ ഏതാനും വര്‍ഷമായി ഇതുസംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തിയിരുന്നു. ഇതിന്‍െറ ഫലമായി 2011നും 2012നും ഇടയില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിച്ചു. 2011ല്‍ ഒമ്പത് ശതമാനമായിരുന്നത് 2012 അവസാനത്തോടെ 32 ശതമാനമായി. 2015 ആകുമ്പോഴേക്കും മൊത്തം ജീവനക്കാരുടെ 40 ശതമാനം സ്വദേശികളാകണം എന്ന ലക്ഷ്യത്തോടെയാണ് കമ്പനി നീങ്ങുന്നതെന്ന് സ്ട്രാറ്റജിക് പെര്‍ഫോമന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മഹ്മൂദ് പറഞ്ഞു.  
മുബാദല ഡവലപ്മെന്‍റ്സില്‍ 2013 അവസാനിക്കുമ്പോഴേക്കും പകുതിയിലേറെ ജീവനക്കാര്‍ സ്വദേശികളായിരിക്കും. അതേസമയം, പ്രമുഖ സ്ഥാപനങ്ങളായ അബൂദബി പോര്‍ട്സ് കമ്പനി (എ.ഡി.പി.സി)യിലും അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്)യിലും സ്വദേശിവത്കരണം ശക്തമാക്കി. എ.ഡി.പി.സിയില്‍ 35 ശതമാനവും അഡ്നോകില്‍ 31.6 ശതമാനവുമാണ് സ്വദേശിവത്കരണം നടന്നത്. ഇത്തിഹാദ് എയര്‍വെയ്സ് ഈ ലക്ഷ്യത്തില്‍ മുന്നേറുന്നുണ്ട്. മൊത്തം ജീവനക്കാരില്‍ 22.4 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാന്‍ കമ്പനിക്ക് സാധിച്ചു. നാഷനല്‍ ബാങ്ക് ഓഫ് അബൂദബിയില്‍ 35.3 ശതമാനമായി.
രാജ്യത്ത് 2013 സ്വദേശിവത്കരണ വര്‍ഷമായി പ്രഖ്യാപിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. കഴിഞ്ഞ വര്‍ഷം വരെ പല സ്ഥാപനങ്ങളിലും സ്വദേശികള്‍ക്ക് നീക്കിവെച്ച ഒഴിവുകളില്‍ യോഗ്യരായ വ്യക്തികളെ നിശ്ചിത സമയത്തിനകം കിട്ടിയില്ലെങ്കില്‍ വിദേശികളെ നിയമിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ഈ പ്രവണത അവസാനിപ്പിച്ചു. ഒട്ടുമിക്ക തസ്തികകള്‍ക്കും യോഗ്യരായവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയും അവര്‍ക്ക് തന്നെ നല്‍കുകയുമാണ് ചെയ്യുന്നത്. സര്‍ക്കാറുമായി ബന്ധപ്പെട്ട പല കമ്പനികളും നിരവധി പേര്‍ക്ക് ഈ വര്‍ഷം അവസരം നല്‍കാന്‍ തീരുമാനിച്ചു. മുബാദലയില്‍ ഈ വര്‍ഷം 500 പേരെയെങ്കിലും നിയമിക്കും. മുബാദലയും ദുബൈ അലുമിനിയവും ചേര്‍ന്നുള്ള സംരംഭമായ എമിറേറ്റ്സ് അലുമിനിയം ഈ വര്‍ഷം 318 പേരെയാണ് നിയമിക്കുക. 2012നെ അപേക്ഷിച്ച് 154 ശതമാനം കൂടുതലാണിത്. നാഷനല്‍ ബാങ്ക് ഓഫ് അബൂദബിയില്‍ 150 പേര്‍ക്ക് നിയമനം ലഭിക്കും. എ.ഡി.പി.സിയില്‍ 44 തസ്തികകള്‍ പ്രത്യേകമായി നീക്കിവെച്ചിട്ടുണ്ട്.
അബൂദബി തൗതീന്‍ കൗണ്‍സില്‍ 6,243 പേരെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ 2,833 പേര്‍ പശ്ചിമ മേഖലയിലാണ്.

‘അബ്ഷിര്‍’ പദ്ധതി: ഫെഡറല്‍
ഇലക്ട്രിസിറ്റിയിലേക്ക് 2,000 പേര്‍
ദുബൈ: ‘അബ്ഷിര്‍’ പദ്ധതിക്ക് കീഴില്‍  ഫെഡറല്‍ അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഞ്ച് വര്‍ഷംകൊണ്ട് 2,000 സ്വദേശികള്‍ക്ക് ജോലി നല്‍കും. ഇതുസംബന്ധിച്ച്  പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയവുമായി കരാര്‍ ഒപ്പുവെച്ചതായി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുഹമ്മദ് സാലിഹ് പറഞ്ഞു.
‘അബ്ഷിര്‍’ പദ്ധതി പ്രകാരം നിയമിക്കുന്ന സ്വദേശികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ഇതിനുവേണ്ടി ഈ രംഗത്ത് മികച്ച സേവനം നല്‍കുന്ന ഏജന്‍സിയെ നിയോഗിക്കും. പദ്ധതിക്ക് കീഴില്‍ ഈ വര്‍ഷം മാര്‍ച്ച് വരെ 127 പേരെ നിയമിച്ചു. ഇതില്‍ പലരും ജോലിയില്‍ പ്രവേശിച്ചു. മറ്റുള്ളവരുടെ നിയമന നടപടികള്‍ പുരോഗമിക്കുന്നു.  
 

കേരളത്തില്‍ നാടകവും സംഗീതവും പരിപോഷിപ്പിക്കപ്പെടുന്നില്ല- സലിംകുമാര്‍

Posted: 05 Apr 2013 09:36 PM PDT

Image: 

മസ്കത്ത്: സംഗീതനാടക അക്കാദമി ഉണ്ടായിട്ടും കേരളത്തില്‍ നാടകവും സംഗീതവും പരിപോഷിപ്പിക്കപ്പെടുന്നില്ലെന്ന് നടന്‍ സലിംകുമാര്‍. ദല്ലാളന്മാരും ഇടനിലക്കാരുമാണ് നാടകത്തെയും കലകളെയും നശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മസ്കത്ത് നാടകവേദിയുടെ ഉദ്ഘാടനത്തിന് ഒമാനിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളമൊഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്നും നാടക പ്രസ്ഥാനം സജീവമാണ്. എന്നാല്‍, ടിക്കറ്റെടുത്ത് നാടകം കാണാന്‍ മലയാളികള്‍ തയാറല്ല. ഉത്സവകാലത്ത് നാടകത്തിന് വേദിയൊരുക്കിയിരുന്ന അമ്പലകമ്മിറ്റികളും ഇപ്പോള്‍ നാടകത്തെ കൈയൊഴിഞ്ഞ മട്ടാണ്. നാടകത്തിന് പകരം ഇപ്പോള്‍ അന്നദാനമാണ് നടക്കുന്നത്. നാടകമടക്കം മിക്ക കലാരൂപങ്ങളും ചെന്നുപെട്ടിരിക്കുന്നത് കലയുമായി ബന്ധമില്ലാത്ത ദല്ലാളന്‍മാരുടെ കൈകളിലാണ്. രാത്രി സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിയാത്ത കേരളത്തിലെ സാമൂഹിക പശ്ചാത്തലവും കലാരംഗത്തെ തകര്‍ക്കുകയാണെന്ന് സലിം കുമാര്‍ പറഞ്ഞു.  നാടകമടക്കമുള്ള കലാരൂപങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണ് പ്രവാസികളെന്നാണ് തന്‍െറ അനുഭവം. പ്രവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ‘ദുബൈ കത്ത്’ എന്ന പേരില്‍ താന്‍ ഒരു നാടകം ഒരുക്കിയിരുന്നു. മുസ്ലിം വിഷയമാണ് നാടകം കൈകാര്യം ചെയ്യുന്നതെന്ന് കരുതി കേരളത്തിലെ പല അമ്പല പറമ്പുകളിലും ഈ നാടകം അവതരിപ്പിക്കാന്‍ ആദ്യം അനുവാദം ലഭിച്ചില്ല. വിഷയം വിശദീകരിച്ചപ്പോഴാണ് പിന്നീട് തെറ്റിദ്ധാരണ മാറിയത്. ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരമൊരു നാടകത്തിന്‍െറ ആശയം മനസ്സിലേക്ക് വന്നത്. ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ തനിക്ക് ഒരു വാച്ച് സമ്മാനിച്ചിരുന്നു. വില കൂടിയ വാച്ചല്ലാതിരുന്നിട്ടും കേടാകുന്നത് വരെ അത് ഉപയോഗിച്ചു. അവരുടെ ആത്മാര്‍ഥത തന്‍െറ മനസ്സിനെ സ്വാധീനിച്ചതുകൊണ്ടാണിതെന്ന് സലിംകുമാര്‍ പറഞ്ഞു. നാടകവേദി ഡയറക്ടര്‍ റിജു റാം, ഡോ. രാജഗോപാല്‍, ഗിരിജാ ബേക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഒമാനിലെ നാടകപ്രേമികള്‍ ചേര്‍ന്ന് രൂപം നല്‍കിയ നാടകവേദി സലിംകുമാര്‍ വെള്ളിയാഴ്ച സൊഹാറില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കലാകാരന്മാര്‍ അണിനിരന്ന ‘സൂപ്പര്‍മാര്‍ക്കറ്റ്’ എന്ന പ്രഫഷനല്‍ നാടകവും അരങ്ങേറി.
 

ഇഖാമ മാറാനുള്ള ശ്രമം ത്വരിതപ്പെടുത്തുക: റിയാദ് ചേംബര്‍

Posted: 05 Apr 2013 09:27 PM PDT

Image: 

റിയാദ്: അന്യസ്പോണ്‍സറുടെ കീഴില്‍ സ്വകാര്യമേഖലയില്‍ ജോലിയെടുക്കുന്നവര്‍ ഇഖാമ മാറാനുള്ള അവസരം ഉടനടി വിനിയോഗിക്കണമെന്ന് റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് പലവുരു സമയം നീട്ടിക്കൊടുത്തിട്ടുണ്ടെന്നും ഈ രംഗത്ത് ഇനിയും അനിശ്ചിതത്വം തുടരാനാവില്ലെന്നും റിയാദ് ചേംബര്‍ പ്രസിഡന്‍റ് ഡോ. അബ്ദുറഹ്മാന്‍ അസ്സാമില്‍ പറഞ്ഞു. നിതാഖാത് ഉപാധികള്‍ക്കു വഴങ്ങാന്‍ തയാറാവാത്ത സ്ഥാപനങ്ങളില്‍ നിന്നു ഒളിച്ചോടിപ്പോകുന്ന അനധികൃത തൊഴിലാളികള്‍ക്കു പകരം പുതിയ വിസക്ക് വിദേശികളെ കൊണ്ടുവന്നാണ് സ്പോണ്‍സര്‍മാര്‍ പരിഹാരം കാണുന്നത്.  ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂവെന്ന് അബ്ദുറഹ്മാന്‍ അസ്സാമില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും നാളുകള്‍ക്കുള്ളില്‍ 800 തൊഴിലാളികള്‍ റിയാദ് ചേംബറിനു കീഴില്‍ സ്പോണ്‍സര്‍ഷിപ്പു മാറി പച്ചവിഭാഗം കമ്പനികളില്‍ ചേര്‍ന്നിട്ടുണ്ട്. രാജ്യത്തൊട്ടാകെ ഇത് 3000 ലേറെ വരുമെന്നാണ് കരുതുന്നത്. അന്യസ്പോണ്‍സറുടെ വിസയില്‍ റിയാദില്‍ വന്നു തൊഴിലെടുക്കുന്നവര്‍ സ്പോണ്‍സര്‍ഷിപ്പു മാറ്റത്തിനു അടിയന്തരശ്രമം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചേംബര്‍ തൊഴില്‍മന്ത്രാലയത്തിന്‍െറ നിര്‍ദേശമുള്‍ക്കൊണ്ട് തൊഴിലുടമക്ക് നഷ്ടമോ തൊഴിലാളിക്ക് വിഷമമോ ഉണ്ടാകാത്ത രീതിയില്‍ പ്രശ്നം രമ്യമായി തീ
ര്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നടന്നുവരുന്ന പരിശോധനയെ പിന്തുണച്ചേ മതിയാവൂ. സ്പോണ്‍സര്‍ഷിപ്പ് നിയമാനുസൃതമാക്കാന്‍ ആവശ്യപ്പെട്ട് സാധ്യമായ സ്പോണ്‍സര്‍മാരുമായി ചേംബര്‍ നേരിട്ട് ബന്ധപ്പെടുമെന്നു ഡോ. അസ്സാമില്‍ പറഞ്ഞു. പുതിയ വിസയില്‍ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്ത് നിലവിലുള്ള വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് നിയമാനുസൃതമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാജ്യത്തെ എല്ലാ ചേംബറുകളും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മൊബൈല്‍ കടകളുടെ സ്വദേശിവത്കരണത്തിന് റിയാദ് ഗവര്‍ണറേറ്റ് ഒരു വര്‍ഷത്തെ സാവകാശം നല്‍കിയത് സ്വാഗതാര്‍ഹമാണെന്നും നിശ്ചിത സമയത്തിനകം കടയുടമകള്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കണമെന്നും ഡോ. അസ്സാമില്‍ അഭ്യര്‍ഥിച്ചു.

കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു

Posted: 05 Apr 2013 09:25 PM PDT

Image: 

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് മരുതായി റോഡില്‍ ബോംബ് പൊട്ടി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു. മട്ടന്നൂര്‍ ആമ്പിലാട്ട് വീട്ടില്‍ ദിലീപ് (30) ആണ് മരിച്ചത്. സ്ഫോടക വസ്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാവിലെ 5.30 ഓടെയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ ശക്തിയില്‍ സമീപത്തെ വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്ഫോടക വസ്തുക്കള്‍ എങ്ങോട്ട് കൊണ്ടുപോകുകയായിരുന്നുവെന്നതിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍. നായര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP