അധികാരത്തിനായുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണം -ചെന്നിത്തല Posted: 31 Jan 2013 12:19 AM PST കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തകര്‍ അധികാരത്തിനുവേണ്ടിയുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തനശൈലിയില്‍ സ്വയം പരിവര്‍ത്തനത്തിന് തയാറാകണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി ഒരിക്കലും അധികാരത്തിനു പിന്നാലെയായിരുന്നില്ല. ഗാന്ധിജിയുടെ ഓര്‍മപുതുക്കുമ്പോള്‍ നമുക്ക് ചില കടമകള്‍ നിറവേറ്റാനുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അധികാരത്തിനു പിന്നാലെയുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. അധികാരം ജനാധിപത്യ വ്യവസ്ഥിതിയില്‍ ആവശ്യമാണ്. പക്ഷേ, അധികാരത്തിനുവേണ്ടി എന്തുംചെയ്യുന്ന സമീപനം പൊതുപ്രവര്‍ത്തന രംഗത്തെയും ജനാധിപത്യത്തെയും കൂടുതല്‍ ദുഷിപ്പിക്കും. അത് അഴിമതിക്ക് വഴിതെളിക്കും. പൊതുപ്രവര്‍ത്തന രംഗത്ത് അധികാരം മാത്രമാകരുത് ലക്ഷ്യം. വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമവും ലക്ഷ്യമാകണം. ഗാന്ധിജിയുടെ മാര്‍ഗത്തിലൂടെ പൂര്‍ണമായി സഞ്ചരിക്കാനോ എല്ലാവര്‍ക്കും ഗാന്ധിജിയാവാനോ കഴിയില്ലെങ്കിലും അദ്ദേഹത്തിന്‍െറ ചില മൂല്യങ്ങളെങ്കിലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. വികസനം കോര്‍പറേറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു പിടിയാളുകള്‍ക്ക് മാത്രം വേണ്ടിയുള്ളതാകരുത്. എല്ലാവിഭാഗം ജനങ്ങള്‍ക്കും പുരോഗതിയുടെ ഗുണം കിട്ടണം. ഏറ്റവും പാവപ്പെട്ടവരുടെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കുഞ്ഞിന് ഒരു കുപ്പി പാല് വാങ്ങിക്കൊടുക്കാന്‍ പോലും കഴിവില്ലാത്ത പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ശമ്പളം നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വയം മാറണമെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ എം.പി, യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ, സുമ ബാലകൃഷ്ണന്‍, പി.എം. സുരേഷ്ബാബു, സതീശന്‍ പാച്ചേനി, അഡ്വ. സജീവ് ജോസഫ് എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, എബി ജോസഫ് വരച്ച ഗാന്ധിജിയുടെ ഛായാചിത്രം കെ.പി.സി.സി പ്രസിഡന്‍റിന് സമ്മാനിച്ചു. പ്രഫ. എ.ഡി. മുസ്തഫ, എം. നാരായണന്‍കുട്ടി, കെ.സി. കടമ്പൂരാന്‍, മമ്പറം ദിവാകരന്‍ എന്നിവര്‍ സംബന്ധിച്ചു. ഒ. നാരായണന്‍ സ്വാഗതവും എം.പി. മുരളി നന്ദിയും പറഞ്ഞു. മഹാത്മാഗാന്ധിയുടെ 65ാം ചരമവാര്‍ഷിക ദിനത്തില്‍ ജില്ലയിലെ 97 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധി സ്മൃതിജ്യോതി പ്രയാണത്തിന് സമാപനം കുറിച്ചാണ് സ്റ്റേഡിയം കോര്‍ണറില്‍ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ജ്യോതിപ്രയാണ വാഹനങ്ങള്‍ സെന്‍റ്മൈക്കിള്‍ സ്കൂള്‍ മൈതാനിയില്‍ കേന്ദ്രീകരിച്ചശേഷം സ്റ്റേഡിയം കോര്‍ണറില്‍ സംഗമിക്കുകയായിരുന്നു. |
മാലിന്യ സംസ്കരണരംഗത്ത് മാതൃകയായി പൊന്നാനി ഫെയ്സ്ബുക്ക് കൂട്ടായ്മ Posted: 31 Jan 2013 12:14 AM PST പൊന്നാനി: മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന പൊന്നാനി നഗരസഭയിലെ വീടുകളില്‍ സൗജന്യ പൈപ്പ് കമ്പോസ്റ്റ് യൂനിറ്റ് (ബയോ പെഡസ്റ്റല്‍ കോളം) സ്ഥാപിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ മാതൃകയാവുന്നു. ആദ്യഘട്ടത്തില്‍ പത്ത് വീടുകളിലും രണ്ടാം ഘട്ടത്തില്‍ 50 വീടുകളിലും ഇവര്‍ പൈപ്പ് കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചു. ഒരു യൂനിറ്റിന് 500 രൂപയോളം ചെലവ്വരും. മൂന്നാംഘട്ടത്തില്‍ 500 വീടുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന പി.പി. മുഹമ്മദ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. ആറിഞ്ച് നീളവും നാലടി ഉയരവുമുള്ള പി.വി.സി പൈപ്പ് കുഴിയെടുത്ത് അതില്‍ മെറ്റലിട്ട് മണ്ണില്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മാലിന്യം ഈ പൈപ്പില്‍ നിക്ഷേപിക്കും. പ്ളാസ്റ്റിക്, കുപ്പിച്ചില്ല് തുടങ്ങിയവ ഒഴികെയുള്ള ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാം. എളുപ്പം വിഘടിക്കാന്‍ ബയോകള്‍ച്ചര്‍ സ്പ്രേ ചെയ്യും. ഇതും സൗജന്യമായാണ് നല്‍കുന്നത്. ഒരുവീട്ടില്‍ രണ്ട് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കണം. ഒരു യൂനിറ്റ് അഞ്ച് മാസത്തോളം ഉപയോഗിക്കാം. രണ്ടാമത്തെ യൂനിറ്റ് ഉപയോഗിക്കുമ്പോഴേക്കും ആദ്യത്തേത് കമ്പോസ്റ്റായിട്ടുണ്ടാവും. 20 അംഗ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. അംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്താണ് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചുകൊടുക്കുന്നത്. ഒരുവര്‍ഷം മുമ്പ് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് അനീഷ്, കെ. സുധീര്‍, ഫഹദ് ബിന്‍ ഖാലിദ്, അലി പൊന്നാനി, കെ. നിസാര്‍, അഹമ്മദ് ഷിബിലി തുടങ്ങിയവരും ജനകീയ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു. കൂട്ടായ്മയില്‍ 2500ലധികം സജീവ അംഗങ്ങളുണ്ട്. ബഹ്റൈന്‍, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പൊന്നാനിക്കാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ സംഗമം നടത്തി. 11 നിര്‍ധന രോഗികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കി. പൈപ്പ് കമ്പോസ്റ്റ് യൂനിറ്റ് ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചതിന്‍െറ സന്തോഷത്തിലാണ് കൂട്ടായ്മ. |
സൂര്യനെല്ലി കേസിലെ ഹൈകോടതി വിധി റദ്ദാക്കി Posted: 30 Jan 2013 11:28 PM PST ന്യൂദല്‍ഹി: സൂര്യനെല്ലി പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈകോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി മുഴുവന്‍ പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കേസ് ആറുമാസത്തിനകം തീര്‍പ്പാക്കണമെന്നും വിധിച്ചു. ഹൈകോടതി വിധി ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, കേസ് ഹൈകോടതി വീണ്ടും പരിഗണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 1996 ജനുവരി 16ന് വിവാഹവാഗ്ദാനം നല്‍കി സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയ 16കാരിയെ 42 പേര്‍ കൂട്ടബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ച കേസില്‍ 2000 സെപ്തംബറില്‍ 36 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചു. 2005ല്‍ ഒന്നൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെ വിട്ട ഹൈകോടതി, മുഖ്യപ്രതിയുടെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമായി ചുരുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗീക വേഴ്ചയാണ് നടന്നതെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തല്‍. ഇതിനെതിരെ പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാറും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയും ഇടതുമുന്നണിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്ത സൂര്യനെല്ലി കേസിലെ അപ്പീല്‍ ഏഴു വര്‍ഷം സുപ്രീംകോടതിയില്‍ കെട്ടിക്കിടന്നു. 2005 മുതല്‍ കോടതിയുടെ ആഴ്ചതോറുമുള്ള അന്യായപ്പട്ടികയില്‍ വരാറുള്ള കേസ് ഏഴു വര്‍ഷമായിട്ടും പരിഗണിക്കാതെ മാറ്റിവെക്കാറായിരുന്നു പതിവ്. അപ്പീല്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുപ്രീംകോടതി പരിഗണിച്ചപ്പോള്‍സൂര്യനെല്ലി കേസ് ഇനിയും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാറും കേസിലെ പ്രതികളും 2013 ജനുവരി 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സുപ്രീംകോടതി ബെഞ്ച് തള്ളുകയായിരുന്നു. |
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല Posted: 30 Jan 2013 11:26 PM PST ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസോ ഷെഡ്യൂളോ വെട്ടിക്കുറക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതൃയോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നടത്തിയ പ്രസ്താവനയില്‍നിന്നുതന്നെ സംസ്ഥാന സര്‍ക്കാറും മുന്നണി നേതൃത്വവും ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനകം 1400 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയും ദിനേന ഓരോ ജില്ലയിലും നിരവധി ബസുകള്‍ പുതുതായി കട്ടപ്പുറത്ത് കയറ്റുകയും ചെയ്യുന്നതിനിടയിലാണ് മുന്നണി കണ്‍വീനറുടെ ഈ വാചാടോപം. കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടണോ വേണ്ടേ എന്ന ഗൗരവമാര്‍ന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കടുത്ത സാമ്പത്തികഭാരം താങ്ങാനാവാതെ മുട്ടിട്ടിഴയുന്നതിനിടയിലാണ് ഡീസല്‍ ഇരട്ടവിലയുടെ അധികബാധ്യത കൂടി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ മുതുകില്‍ കയറ്റിവെക്കപ്പെട്ടത്. ഈ പ്രതിസന്ധി മറികടക്കാന്‍ രണ്ടു മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ 28 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നുംതന്നെ ഈ താപ്പാനയെ മുന്നോട്ടു നടത്താന്‍ പര്യാപ്തമല്ല. ഡീസലിന് വര്‍ധിപ്പിച്ച അധിക നിരക്ക് ഒഴിവാക്കിക്കിട്ടാന്‍ മുന്നണി നേതാക്കള്‍ ഉടന്‍ ദല്‍ഹിയിലേക്ക് വിമാനം കയറുമത്രെ. നല്ലത്. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ മുന്നില്‍ കേരളത്തിന്‍െറ വിലപേശല്‍ ശേഷി അങ്ങേയറ്റം ക്ഷയിച്ചിട്ടുണ്ട് എന്നാണ് സമീപകാല അനുഭവങ്ങളെല്ലാം സമര്‍ഥിക്കുന്നത്. ‘എയര്‍ കേരള’യുടെ കാര്യത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രദര്‍ശിപ്പിച്ച ആരംഭശൂരത്വം ദല്‍ഹിയിലെത്തിയപ്പോള്‍ ബാഷ്പീകരിച്ചുപോയത് നാം കണ്ടതാണ്. എണ്ണക്കമ്പനികള്‍ക്ക് ലാഭംകൊയ്യാനുള്ള സകല മാര്‍ഗങ്ങളും തുറന്നുകൊടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കേരളത്തിനു മാത്രമായി ഒരിളവ് പ്രതീക്ഷിക്കുന്നതുതന്നെ പോഴത്തമായിരിക്കാം. ഈ വിഷയത്തില്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ സ്വീകരിച്ച പ്രായോഗിക മാര്‍ഗം എന്തുകൊണ്ട് നമുക്ക് പരീക്ഷിച്ചുകൂടാ? സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കുന്നത് മൂലം തമിഴ്നാട് സര്‍ക്കാറിന് പ്രതിദിനം 1.56 കോടി രൂപ ലാഭിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡീസല്‍ വിലവര്‍ധന മാത്രമല്ല നമ്മുടെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ ഈ പ്രതിസന്ധിയിലെത്തിച്ചത്. പൊതുവെ ദുര്‍ബലമായ ഒരു സ്ഥാപനം അധികഭാരത്തിന്‍െറ ഗര്‍ഭംകൂടി ധരിച്ചതോടെ മരണശയ്യയിലെത്തി എന്നതാണ് നേര്. ചൊട്ടുവിദ്യകള്‍കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല എന്ന് സമ്മതിച്ചാവണം ഇനിയുള്ള നീക്കങ്ങള്‍. അനിവാര്യമായി വന്നിരിക്കുന്നത് കായചികിത്സയാണ്. അതിനു വേണ്ടത് അങ്ങേയറ്റത്തെ രാഷ്ട്രീയ ഇച്ഛാശക്തിയും ഭാവനയുമാണ്. അത് രണ്ടുകൊണ്ടും അനുഗൃഹീതമല്ലാത്ത കൈകളിലാണ് സ്ഥാപനം ഇന്ന് എത്തപ്പെട്ടിരിക്കുന്നത്. കത്തുന്ന മേല്‍ക്കൂരയില്‍നിന്ന് കഴുക്കോല്‍ ഊരിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷത്തിന്‍െറ മാത്രം ആരോപണമല്ല ഇത്. കെ.എസ്.ആര്‍.ടി.സിയുടെ ഷെഡ്യൂളുകള്‍ റദ്ദാക്കുന്ന മുറക്ക് ആ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലികം എന്ന് പറഞ്ഞ് പെര്‍മിറ്റ് നല്‍കുന്ന കുതൂഹലമാണെങ്ങും. യാത്രാപ്രശ്നം പരിഹരിക്കുന്നതിലപ്പുറം മറ്റു താല്‍പര്യങ്ങളാണ് അതിന് പ്രചോദനമാകുന്നത് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ഒത്താശയോടെ ദേശസാല്‍കൃത റൂട്ടുകളില്‍പോലും സ്വകാര്യ ബസുകള്‍ ലാഭംകൊയ്യുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മാത്രം എന്തുകൊണ്ട് കുത്തുപാള എടുക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ടവര്‍ മറുപടി തരില്ല. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ പ്രതിമാസം 90 കോടിയുടെ നഷ്ടത്തിലാണത്രെ കുതിക്കുന്നത്. 35 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ മാത്രം നല്‍കണം. പലിശ ഇനത്തില്‍ 25 കോടിയും. അതിനിടയിലാണ് ഡീസല്‍ അധികവിലയുടെ പേരില്‍ 16 കോടിയുടെ ബാധ്യതകൂടി ഏറ്റെടുക്കേണ്ടിവന്നത്. എന്നും നഷ്ടത്തിലോടുന്ന ഒരു സ്ഥാപനം തൊഴിലാളികളുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമ്പോള്‍ മുന്‍പിന്‍ ചിന്തിക്കാത്തതിന്‍െറ ദുരന്തഫലമാണ് ശ്വാസംമുട്ടി മരിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഷെഡ്യൂളുകള്‍ മുടങ്ങിയതോടെ വരുമാനം ഗണ്യമായി കുറയുകയും നഷ്ടം കുന്നുകൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേറെ മാര്‍ഗം കണ്ടെത്തണം. തൊഴിലാളി യൂനിയനുകളും ഉദ്യോഗസ്ഥരും ഭരണനേതൃത്വവും പരസ്പരം പഴിചാരിയും ആരോപണങ്ങള്‍ ഉന്നയിച്ചും സമയം പാഴാക്കുന്ന ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി എന്ന സ്ഥാപനം ചരിത്രത്തിലേക്ക് താനേ വിലയം പ്രാപിക്കും. അതോടെ, സ്വകാര്യ ബസുകള്‍ കേരളത്തിലെ റോഡുകളില്‍ ആധിപത്യം സ്ഥാപിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെങ്കിലും ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളാവും വഴിയാധാരമാകാന്‍ പോകുന്നത്. അചിന്തനീയമാണീ സ്ഥിതിവിശേഷം. |
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചേരും Posted: 30 Jan 2013 11:12 PM PST തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ വിവാദ അഭിമുഖത്തിന്‍െറ പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചേരും. യോഗത്തില്‍ ലാവ് ലിന്‍ കേസ് സംബന്ധിച്ച് വി.എസ് നടത്തിയ വിമര്‍ശങ്ങള്‍ ചര്‍ച്ചയാകും. നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 11നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലാവ് ലിന്‍ കേസില്‍ പിണറായിക്കെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും വി.എസിന്‍െറ രൂക്ഷ വിമര്‍ശം വന്നതോടെ സെക്രട്ടേറിയറ്റ് നേരത്തെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ലാവ് ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയാണെന്ന് വി.എസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലാവ് ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണ്. കുഴപ്പം കാണിച്ചില്ലങ്കെില്‍ പിണറായി എങ്ങനെ പ്രതിയായി? ലാവ് ലിന്‍ കേസില്‍ അഴിമതി നടന്നു എന്ന നിലപാട് മാറ്റാന്‍ തയ്യറാകാത്തതിനാലാണ് 24 വര്‍ഷം അംഗമായിരുന്ന പോളിറ്റ് ബ്യൂറോയില്‍നിന്ന് തന്നെ ഒഴിവാക്കിയതെന്നും വി.എസ് തുറന്നടിച്ചിരുന്നു. |
കൊയിലാണ്ടിയില്‍ 300 കിലോ സ്ഫോടകവസ്തുകൂടി പിടികൂടി Posted: 30 Jan 2013 11:10 PM PST കൊയിലാണ്ടി: കഴിഞ്ഞദിവസം വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയ ബീച്ച്റോഡിലെ അയ്യപ്പാസ് ട്രേഡേഴ്സില്‍നിന്ന് ബുധനാഴ്ച 300 കിലോ കൂടി പിടിച്ചെടുത്തു. പടക്കനിര്‍മാണത്തിനും കമ്പിത്തിരിക്കും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കണ്ടെടുത്തത്. കുറച്ചുദിവസത്തെ പരിശോധനക്കിടെ തന്നെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്ഫോടകവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. അനധികൃത പടക്കനിര്‍മാണശാലകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പലപ്പോഴും രംഗത്തുവന്നിരുന്നു. വടകര സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുബ്രഹ്മണ്യന്‍ പ്രത്യേക നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നിര്‍മാണകേന്ദ്രങ്ങളിലും സംഭരണസ്ഥലങ്ങളിലും പരിശോധന നടന്നത്. താലൂക്കിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ അനധികൃത പടക്കനിര്‍മാണകേന്ദ്രങ്ങള്‍ നിരവധിയാണ്. ലൈസന്‍സുള്ളവര്‍ തന്നെ പരിധിയില്‍ കൂടുതല്‍ സാധനങ്ങളാണ് സംഭരിക്കുന്നത്. ജനവാസകേന്ദ്രങ്ങളില്‍പോലും സംഭരണകേന്ദ്രങ്ങളുണ്ട്. |
തെലുങ്കാന: അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ പര്‍ട്ടി വിട്ടു Posted: 30 Jan 2013 10:50 PM PST ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിന് സമ്മര്‍ദ്ദം ശക്തമാക്കാന്‍ ആന്ധ്രാപ്രദേശിലെ അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ പര്‍ട്ടി വിട്ടു. തെലുങ്കാന മേഖലയില്‍ നിന്നുള്ള മാണ്ഡ ജഗന്നാഥന്‍, പൊന്നം പ്രഭാകര്‍, എസ് രാജയ്യ, വിവേക് റെഡ്ഡി, സുരീന്ദര്‍ റെഡ്ഡി എന്നിവരാണ് ബുധനാഴ്ച രാത്രി രാജിവെച്ചത്. തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് എസ്. രാജയ്യ എം.പി പറഞ്ഞു. തെലുങ്കാന രൂപീകരിക്കുമെന്ന് കേന്ദ്രം വാഗ്ദാനം നല്‍കിയതാണ്. ഇക്കാര്യത്തില്‍ പിന്നോട്ടുപോകില്ല. എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ടെന്ന് എം.പിമാര്‍ അറിയിച്ചു. തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കുന്ന പ്രക്രിയ തുടരുകയാണെന്നും അതിന് ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വക്താവ് പി.സി. ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശ്വാസവാക്ക് വിലവെക്കാതെയാണ് എം.പിമാരുടെ രാജി. |
കേരളം കുതിപ്പു തുടരുന്നു: പോള്‍വാള്‍ട്ടില്‍ വിഷ്ണു ഉണ്ണിക്ക് സ്വര്‍ണം Posted: 30 Jan 2013 10:18 PM PST ഇറ്റാവ: ദേശീയ സ്കൂള്‍ കായിക മേളയില്‍ പ്രായതട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് ഹരിയാനയുടെ താരത്തെ അയോഗ്യനാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ റെക്കോഡ് സ്വര്‍ണം നേടിയ ഹരിയാനയുടെ സോനു സൈനിയെയാണ് അയോഗ്യനാക്കിയത്. ഇതോടെ ഈ ഇനത്തില്‍ വെള്ളി നേടിയ കേരളത്തിന്റെതാരം വിഷ്ണു ഉണ്ണി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെതാരങ്ങളായ വിഷ്ണു ഉണ്ണി, എബിന്‍ സണ്ണി എന്നിവര്‍ക്കായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍. കഴിഞ്ഞദിവസം നടന്ന മത്സരങ്ങളില്‍ വിജയികളായവരില്‍ ചിലരെ നാഡയുടെ ആറംഗസംഘം പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് പ്രായം കുറച്ചുകാണിച്ച് തട്ടിപ്പ് നടത്തിയ സോനു സൈനിയെ അയോഗ്യനാക്കിയത്. സ്വന്തമായൊരു പോള്‍വാള്‍ട്ടില്ലാതെ പരിശീലനം നേടി, കായികാധ്യാപകന്‍ കടം വാങ്ങി നല്‍കിയ പോള്‍വാള്‍ട്ടിലൂടെ ഉയരത്തിലേക്ക് കുതിച്ച് വെള്ളി നേടി തൃപ്തനായ വിഷ്ണുവിനെ തേടി സ്വര്‍ണമെത്തിയതോടെ കേരളത്തിന്റെസ്വര്‍ണനേട്ടം ഏഴായി. കേരളത്തിന്റെഅഭിമാന താരം പി.യു ചിത്രയുടെ ട്രിപിള്‍ സ്വര്‍ണവും, 3000 മീറ്ററ നടത്തത്തില്‍ കെ.ടി നീനയുടെ സ്വര്‍ണനേട്ടവും കേരളത്തെ 71 പോയിന്റേടെ ഒന്നാമതെത്തിച്ചിട്ടുണ്ട്. |
ബാങ്ക് ഇടപാടുകാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ ഏഷ്യക്കാരന്‍ അറസ്റ്റില്‍ Posted: 30 Jan 2013 09:59 PM PST ദോഹ: ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറുകളില്‍ നിന്നും പണവുമായി മടങ്ങുന്നവരെ കൊള്ളയടിക്കുന്നത് പതിവാക്കിയ ഏഷ്യക്കാരനെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ക്രമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ഒന്നരലക്ഷം റിയാലും പിടിച്ചെടുത്തിട്ടുണ്ട്. തങ്ങള്‍ ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറില്‍ നിന്നും പണവുമായി മടങ്ങുന്ന വഴി വാഹനത്തിന്‍െറ ഗ്ളാസ് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതായി ഒട്ടേറെ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും സി.ഐ.ഡിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേകസംഘം രൂപവത്കരിച്ച് സി.ഐ.ഡി നടത്തിവന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഒരു വാഹനത്തില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ സി.ഐ.ഡി സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടപാടുകാര്‍ ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറില്‍ നിന്നും ഇറങ്ങുന്നത് രഹസ്യമായി മനസ്സിലാക്കിയ ശേഷം അവരെ പിന്തുടരുകയും അവര്‍ എന്തെങ്കിലും ആവശ്യത്തിനായി വാഹനം നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ ഗ്ളാസ് തകര്‍ത്ത് വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ച് വിദഗ്ധമായി കടന്നുകളയുകയുമായിരുന്നു ഇയാളുടെ പതിവ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്വദേശികളും വിദേശികളുമായ പലരുടെയും വാഹനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത് കൈവശം സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം റിയാലാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രതിയെ ക്യാപിറ്റല്‍ സുരക്ഷാ വകുപ്പിന് കൈമാറി. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാഹനത്തില്‍ സൂക്ഷിച്ച് പുറത്തുപോകരുതെന്ന് സി.ഐ.ഡി അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. |
സ്മാര്‍ട്ട് സിറ്റി: ഒന്നാം ഘട്ടം രണ്ടു വര്‍ഷത്തിനകം -മുഖ്യമന്ത്രി Posted: 30 Jan 2013 09:27 PM PST കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതി ഒന്നാം ഘട്ടം രണ്ടു വര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ളാനിന് രൂപം നല്‍കുന്നതിനുള്ള രണ്ടാമത്തെ ശില്‍പശാല നെടുമ്പാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അപേക്ഷ നല്‍കി 45 ദിവസത്തിനകം പാരിസ്ഥിതികാനുമതി നല്‍കും. പദ്ധതി ആറു വര്‍ഷം വൈകിയതിന്റെഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. സ്മാര്‍ട്ട് സിറ്റിക്ക് പുതിയ സി.ഇ.ഒയെ നിയമിക്കുന്ന കാര്യത്തില്‍ കമ്പനിയുടെ ഏത് തീരുമാനവും സര്‍ക്കാരിന് സ്വാഗതാര്‍ഹമാണ്. ടീകോമിന് സര്‍ക്കാറിന്‍െറ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ കെട്ടിടം ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എം.ഡി ബാജു ജോര്‍ജ് പറഞ്ഞു. |
No comments:
Post a Comment