ഒരുക്കത്തിരയില്‍ മലപ്പുറം കലാതീരത്തേക്ക് Posted: 10 Jan 2013 12:35 AM PST മലപ്പുറം: മലപ്പുറത്തേക്കുള്ള ഊടുവഴികള്‍ പോലും ഇപ്പോള്‍ ഒരുക്കത്തിരക്കിലാണ്. മൂന്ന് നാളുകള്‍ക്കപ്പുറമുള്ള ഏഴ് രാപ്പകലുകളില്‍ എല്ലാ വഴികളും മലപ്പുറത്തേക്കാകും. കലോത്സവ ലഹരിയിലമരാന്‍ വെമ്പുന്ന മലപ്പുറം അവസാനഘട്ട തയാറെടുപ്പുകളിലാണ്. പണിമുടക്കും സമരങ്ങളും നേരത്തെ ആശങ്കയുടെ നിഴല്‍ വീഴ്ത്തിയിരുന്നെങ്കിലും അവയൊന്നും കലോത്സവാവേശത്തെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണിപ്പോള്‍ സംഘാടകര്‍. പണിമുടക്കുന്ന അധ്യാപക സംഘടനകള്‍ക്ക് ചുമതലയുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. പണിമുടക്ക് ആരംഭിക്കുന്നതിന്‍െറ മുമ്പു തന്നെ ആ കമ്മിറ്റികള്‍ അവയുടെ പ്രവര്‍ത്തനത്തിന്‍െറ ഏറിയ പങ്കും പൂര്‍ത്തിയാക്കിയിരുന്നു. ഒന്നാം വേദിയുടെ പന്തലൊരുക്കം അവസാനഘട്ടത്തിലാണ്. ചിത്രപ്പണികള്‍ കൊണ്ടലങ്കരിക്കുന്ന മേല്‍ക്കൂരയുടെ മോടിപിടിപ്പിക്കല്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. രണ്ടാം വേദിയായ കോട്ടപ്പടിയിലെ പന്തല്‍പ്പണിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. സ്റ്റേജ്, അവസാനഘട്ട മിനുക്ക് പണികള്‍ എന്നിവയാണ് ഇനി ബാക്കിയുള്ളത്. മറ്റു വേദികളിലധികവും ഓഡിറ്റോറിയങ്ങളും നിലവില്‍ സ്റ്റേജ് സൗകര്യങ്ങളും ഉള്ളവയാണ്. കലോത്സവ പ്രതിഭകളെ മലപ്പുറത്തേക്ക് വരവേല്‍ക്കാനുള്ള കമാനങ്ങള്‍ പ്രധാന റോഡുകളില്‍ നിരന്ന് കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ കമാനങ്ങളുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കും. തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കലും അറ്റകുറ്റപ്പണി നടത്തലും അവസാന ഘട്ടത്തിലാണ്. ശനിയാഴ്ചയോടെ മുഴുവന്‍ വെളിച്ചസംവിധാനങ്ങളും തയാറാകും. വേദികളിലേക്കുള്ള റോഡുകളില്‍ ടാറിങ്ങും തിരക്കിട്ട് പൂര്‍ത്തിയാക്കുന്നുണ്ട്. റോഡിലെ മീഡിയനും മറ്റും പെയിന്‍റടിച്ച് മനോഹരമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ആശങ്കകളെയെല്ലാം മറികടന്ന് മലപ്പുറമിപ്പോള്‍ വേഗത്തിരക്കുകളിലാണ്, കൂട്ടായ്മയും നിശ്ചയദാര്‍ഢ്യവുമൊരുക്കുന്ന കലോത്സവ വിജയത്തിന്‍െറ പുതിയ മലപ്പുറം മാതൃക രചിക്കാന്‍. |
അനൂപ് ജേക്കബിനും ജോണി നെല്ലൂരിനുമെതിരെ വിജിലന്‍സ് അന്വേഷണം Posted: 09 Jan 2013 11:40 PM PST തൃശൂര്‍: റേഷന്‍ അഴിമതി ആരോപണ വിധേയരായ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അടക്കം ആറു പേര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണം നടത്താന്‍ ഉത്തരവ്. 250 കോടി രൂപ ഭക്ഷ്യ സബ്സിഡി നല്‍കുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഇവ ലഭിക്കുന്നില്ലെന്നാണ് ഹര്‍ജിയിലെ മുഖ്യ ആരോപണം. ഇതുകൂടാതെ കോട്ടയം മണര്‍കാട് അനധികൃതമായി റേഷന്‍ മൊത്ത ഡിപ്പോ അനുവദിച്ചെന്നും പിറവം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പണംപിരിച്ചെന്നും കോട്ടയം ജില്ലാ സപൈ്ളസ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് കൈകൂലിവാങ്ങിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു.അന്വേഷണം നടത്തി ഏപ്രില്‍ 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരിവനന്തപുരം വിജിലന്‍സ് ഡയക്ടറോട് നിര്‍ദ്ദേശിച്ചു. റേഷന്‍ രംഗത്തെ അഴിമതിയും കരിഞ്ചന്തയും സംബന്ധിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്. അഡ്വ. പോള്‍ കെ.വര്‍ഗീസ് മുഖേനയാണ് ഹര്‍ജി നല്‍കിയത്. |
ദുബൈയെ ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ തലസ്ഥാനമാക്കും -ശൈഖ് മുഹമ്മദ് Posted: 09 Jan 2013 10:42 PM PST ദുബൈ: ദുബൈയെ ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ തലസ്ഥാനമാക്കി മാറ്റുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ അധിഷ്ഠിതമായ നിരവധി പുതിയ പദ്ധതികളും സേവനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കമ്മിറ്റിക്ക് മേല്‍നോട്ടം വഹിക്കും. ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍, ഇസ്ലാമിക് ഇന്‍ഷുറന്‍സ്, ഇസ്ലാമിക തര്‍ക്ക പരിഹാര ഫോറം, ഇസ്ലാമിക ഭക്ഷ്യ വ്യവസായം, ക്വാളിറ്റി മാനേജ്മെന്‍റ് സംവിധാനം തുടങ്ങിയവയാണ് ഇതിന്‍െറ ഭാഗമായി നിലവില്‍ വരിക. ലോകവ്യാപകമായി ഇസ്ലാമിക സമ്പദ്വ്യവസ്ഥ ശക്തിയാര്‍ജിക്കുന്ന വേളയില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ ദുബൈയില്‍ വന്‍ നിക്ഷേപ സാധ്യതകളൊരുക്കുമെന്നാണ് കരുതുന്നത്. വ്യാപാര രംഗത്ത് ദുബൈയുടെ തുറന്നതും സമഗ്രവുമായ സമീപനം കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ പുതിയ പദ്ധതികള്‍ വഴിതെളിക്കുമെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. വ്യാപാരം, ടൂറിസം, വ്യോമയാനം, ഹോസ്പിറ്റാലിറ്റി, ധനകാര്യം, ലൊജിസ്റ്റിക്സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലൂടെ ദുബൈ കൈവരിച്ച പുരോഗതിക്ക് ആക്കം കൂട്ടാനുമാകും. വ്യാപാര രംഗത്തെ സാര്‍വദേശീയ മുഖമാണ് ദുബൈയുടെ വളര്‍ച്ചക്ക് കാരണമായ പ്രധാന ഘടകം. ഇസ്ലാമിക സമ്പദ്ഘടനക്ക് ആധുനികവും ശാസ്ത്രീയവുമായ ചട്ടക്കൂട് ഉണ്ടാക്കുക വഴി കൂടുതല്‍ സ്വദേശി, അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ഹലാല്‍ ഭക്ഷണ നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശരേഖകളുണ്ടാക്കുകയും ചെയ്യും. ഇത് ഭക്ഷ്യ വ്യവസായ രംഗത്ത് പുത്തനുണര്‍വ് നല്‍കും. ഇതുമായി ബന്ധപ്പെട്ട ചരക്കുനീക്കം, സംഭരണം തുടങ്ങിയ മേഖലകളുടെ വികസനവും നടക്കും. ഇസ്ലാമിക സമ്പദ്ഘടനയില്‍ ഊന്നിയ തത്വങ്ങള്‍ പ്രായോഗികമാക്കുക വഴി സമഗ്ര വളര്‍ച്ചയും വികസനവുമാണ് ലക്ഷ്യമിടുന്നതെന്നും വ്യാപാര രംഗത്ത് ദുബൈയുടെ തുറന്ന സമീപനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ഖത്തര്‍ എയര്‍വെയ്സിന് ചരിത്രനേട്ടം; വിമാനങ്ങളില്‍ ഇനി ജി.ടി.എല്‍ ഇന്ധനം Posted: 09 Jan 2013 10:41 PM PST ദോഹ: ഖത്തറിന്‍െറ വ്യോമയാന ചരിത്രത്തില്‍ അപൂര്‍വ്വ നേട്ടത്തിന്‍െറ ഒരു അധ്യായം കൂടി എഴുതിച്ചേര്‍ത്ത് നൂതന ഇന്ധനത്തില്‍ ഖത്തര്‍ എയര്‍യെവ്യ്സിന്‍െറ ആദ്യ വിമാനം ദോഹയില്‍ നിന്ന് പറന്നുയര്‍ന്നു. വാതകത്തില്‍ നിന്ന് ദ്രാവകമാക്കി മാറ്റുന്ന (ഗ്യാസ് ടു ലിക്വിഡ്-ജി.ടി.എല്‍) പുതിയ ഇന്ധനം വിമാനങ്ങളില്‍ നിറക്കാന്‍ സംവിധാനമുള്ള ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന ബഹുമതി ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും സ്വന്തമായി. ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങളില്‍ ജി.ടി.എല്‍ ഇന്ധനം ഉപയോഗിക്കുന്നതിന്‍െറ ഉദ്ഘാടനം ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു. ഖത്തര്‍ പെട്രോളിയത്തിന്‍െറയും ഷെല്ലിന്‍െറയും സംയുക്ത സംരംഭമായ പേള്‍ ജി.ടി.എല്‍ കോംപ്ളക്സിലാണ് വാതകവും സിന്തറ്റിക് പാരാഫിനിക് കെറോസിനും മിശ്രിതമാക്കിയ ഇന്ധനം വികസിപ്പിച്ചെടുത്തത്. പരമ്പരാഗത ഇന്ധനത്തെ അപേക്ഷിച്ച് പരിസ്ഥിതിസൗഹൃദപരവും അന്തരീക്ഷമലിനീകരണം സൃഷ്ടിക്കാത്തതുമാണ് ജി.ടി.എല്‍ ഇന്ധനം. ഈ ഇന്ധനം ഉപയോഗിക്കുന്ന വിമാന എഞ്ചിനുകള്‍ക്ക് അറ്റകുറ്റപ്പണി കുറവാണെന്നതും പ്രത്യേകതയാണ്. വ്യോമയാന മേഖലയിലെ വിപ്ളവകരമായ മാറ്റത്തിനാണ് ഇന്ധനം വികസിപ്പിച്ചതിലൂടെയും അത് വിമാനങ്ങളില്‍ ഉപയോഗിച്ച് തുടങ്ങിയതിലൂടെയും ഖത്തര്‍ തുടക്കമിട്ടിരിക്കുന്നത്. ജി.ടി.എല്‍ ഇന്ധനം നിറച്ച എ340-600 എയര്‍ബസ് ദോഹയില്‍ നിന്ന് ലണ്ടനിലെ ഹീത്രുവിലേക്കാണ് ഇന്നലെ പറന്നത്. ഊര്‍ജ, വ്യവസായ മന്ത്രിയും ഖത്തര്‍ പെട്രോളിയം സി.എം.ഡിയുമായ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ, ഖത്തര്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍അസീസ് നുഅെമി, ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍, ഖത്തര്‍ ഷെല്‍ സി.എം.ഡി വെയ്ല്‍ സാവന്‍, തസ്വീഖ് സി.ഇ.ഒ സഅദ് അല്‍ കുവാരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2009ല്‍ ജി.ടി.എല്‍ ഇന്ധനം ഉപയോഗിച്ച് ലണ്ടനില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനം ദോഹയിലേക്ക് പറന്നിരുന്നു. എന്നാല്‍, ദോഹയില്‍ നിന്ന് ജി.ടി.എല്‍ ഉപയോഗിച്ചുള്ള സര്‍വീസ് ഇതാദ്യമാണ്. ഇനി മുതല്‍ കമ്പനിയുടെ എല്ലാ വിമാനങ്ങളിലും ജി.ടി.എല്‍ ഇന്ധനമാണ് ഉപയോഗിക്കുക. ഏത് വിമാനത്തിലും ഈ ഇന്ധനം നിറക്കാനുള്ള സൗകര്യവും ദോഹ വിമാനത്താവളത്തിലുണ്ടായിരിക്കും. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏക വിമാന ഇന്ധനം ഖത്തറില്‍ വികസിപ്പിച്ചെടുക്കാനായത് അഭിമാനകരവും വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ലുമാണെന്ന് ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ പറഞ്ഞു. പരിസ്ഥിതിസൗഹൃദ വ്യോമഗതാഗതത്തെക്കുറിച്ച് ലേകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ ഖത്തര്‍ അത് പ്രാവര്‍ത്തിമാകക്കുകയാണെന്ന് അക്ബര്‍ അല്‍ ബാകിര്‍ അഭിപ്രായപ്പെട്ടു. വാണിജ്യാടിസ്ഥാനത്തില്‍ ജി.ടി.എല്‍ ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്സ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ജി.ടി.എല്‍ ഇന്ധനത്തിന്‍െറ സാധ്യതകള്‍ പരിചയപ്പെടുത്തുമെന്ന് തസ്വീഖ് സി.ഇ.ഒ സഅദ് അല്‍ കുവാരി അറിയിച്ചു. |
കമ്മത്തായി മമ്മൂട്ടിയെത്തുന്നത് 25ന് Posted: 09 Jan 2013 10:28 PM PST മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്ന നര്‍മചിത്രം 'കമ്മത്ത് ആന്‍ഡ് കമ്മത്ത്' ജനുവരി 25ന് തിയറ്ററുകളിലേക്ക്. 'കാര്യസ്ഥന്‍' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കോമഡി ചിത്രങ്ങളുടെ രാജാക്കന്‍മാരായ സിബി കെ. തോമസ് -ഉദയകൃഷ്ണ ടീമാണ്. നരേന്‍, റീമാ കല്ലിങ്ങല്‍, കാര്‍ത്തികാ നായര്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമൂട്, വിഷ്ണുപ്രിയ, തെസ്നി ഖാന്‍, സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. തമിഴ് യുവതാരം ധനുഷും ചിത്രത്തില്‍ ശ്രദ്ധേയമായ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ഹോട്ടല്‍ ബിസിനസുകാരായ കമ്മത്ത് സഹോദരന്‍മാരായാണ് മമ്മൂട്ടിയും ദിലീപുമെന്നത്. മമ്മൂട്ടി രാജരാജ കമ്മത്തും ദിലീപ് ദേവരാജ കമ്മത്തുമാകുന്നു.മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രങ്ങളുടെ ഭാഗ്യനാമമായ 'രാജ' ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പഴശãിരാജ, ബെല്ലാരി രാജ, പോക്കിരി രാജ തുടങ്ങി നിരവധി 'രാജ' കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം റിലീസിനുമുമ്പ് തന്നെ 4.75 കോടിയുടെ റെക്കോഡ് തുകക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിട്ടുണ്ട്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം: എം. ജയചന്ദ്രന്‍, എഡിറ്റിംഗ്: മഹേഷ് നാരായണന്‍. |
ഒമാനിലെ ആദ്യ വനിതാ സൈനിക സംഘം പുറത്തിറങ്ങി Posted: 09 Jan 2013 10:19 PM PST മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ ചരിത്രത്തിലെ ആദ്യ വനിതാ സൈനിക സംഘം പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. റോയല്‍ ആര്‍മി ഓഫ് ഒമാന്‍െറ (ആര്‍.എ.ഒ.) കീഴില്‍ സൈനിക പരിശീലനം നേടിയ വനിതകളുടെ ആദ്യബാച്ച് ബുധനാഴ്ച മുഅസ്കാര്‍ മുര്‍തഫ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പാസിങ് ഔ് പരേഡ് നടത്തി. സൈനിക അഭ്യാസ പ്രകടനങ്ങളും സൈനിക ബാന്‍ഡിലെ സംഗീത പ്രകടനങ്ങളും അവതരിപ്പിച്ചാണ് ആദ്യ സൈനിക സംഘം പരേഡില്‍ ചുവടുവെച്ചത്. ആര്‍.എ.ഒ. കമാന്‍ഡര്‍ മേജര്‍ ജനറല്‍ മതാര്‍ ബിന്‍ സലിം അല്‍ ബലൂഷിയുടെ മേല്‍നോട്ടത്തിലായിരുന്നു പാസിങ് ഔ് പരേഡ്. കമാന്‍ഡര്‍ വനിതാ സൈനികരുടെ പരേഡില്‍ സല്യൂട്ടും സ്വീകരിച്ചു. ഒമാനിലെ ഉന്നത കരസേനാ ഉദ്യോഗസ്ഥരും പരേഡില്‍ പങ്കെടുത്തു. പരിശീലനം നേടിയ വനിതാ സൈനികരുടെ മാതാപിതാക്കളും പരേഡ് കാണാന്‍ എത്തിയിരുന്നു. ഒമാന്‍െറ വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച വനിതകള്‍ സൈന്യത്തിലേക്ക് കൂടി കടന്നുവരുന്നത് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സ്ത്രീകളുടെ ഉന്നമനത്തിനും വനിതാ ശാക്തീകരണത്തിനും നല്‍കുന്ന പ്രാധാന്യത്തിന്‍െറ തെളിവ് കൂടിയാണെന്ന് ആര്‍.എ.ഒ. കമാന്‍ഡര്‍ മേജര്‍ ജനറല്‍ മതാര്‍ ബിന്‍ സലിം അല്‍ ബലൂഷി പറഞ്ഞു. |
ചാമ്പ്യന്മാരെ തകര്‍ത്ത് ഇറാഖ് സെമിയില്‍; യമനെതിരെ സൗദിക്ക് ജയം Posted: 09 Jan 2013 10:08 PM PST മനാമ: പത്തു തവണ ചാമ്പ്യന്മാരായ കുവൈത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഇറാഖ് ഗള്‍ഫ് കപ്പിലെ സെമിഫൈനലില്‍ സ്ഥാനം പിടിച്ചപ്പോള്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇറാഖിനോടേറ്റ പരാജയത്തിന് സൗദി താരങ്ങള്‍ യമനോട് പകരം വീട്ടി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു സൗദിയുടെ ജയാരവം. ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ആദ്യ മത്സരത്തില്‍ 29ാം മിനുട്ടില്‍ ഇറാഖ് ക്യാപ്റ്റന്‍ യൂനുസ് മുഹമൂദിന്‍െറ നല്ലൊരു നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഈ പരാജയത്തോടെ സൗദിയുമായുള്ള അടുത്ത മത്സരം കുവൈത്തിന് നിര്‍ണായകമായി. യാസര്‍ സഈദ് അല്‍ഖഹ്താനിയും ഫഹദ് മുസാഇദ് അല്‍മൗലിദുമാണ് സൗദിയുടെ സ്കോറര്‍മാര്‍. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ കുവൈത്തിനെ തോല്‍പിച്ചാല്‍ സൗദിക്ക് സെമി ഉറപ്പിക്കാം. മത്സരത്തില്‍ കുവൈത്തിനും ജയം അനിവാര്യമാണെന്നതിനാല്‍ പോരാട്ടം തീപ്പാറും. യമനെതിരായ വിജയത്തിന്‍െറ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ കുവൈത്തിന് ഇറാഖ് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയത്. ആക്രമണത്തിലും പ്രതിരോധത്തിലും സൗദിയോടുള്ള മത്സരത്തേക്കാള്‍ മികച്ച പ്രകടനം കാഴചവെച്ച ഇറാഖി താരങ്ങള്‍ കപ്പിലെ മികച്ച ടീമുകളിലൊന്ന് തങ്ങളുടെതാണെന്ന് അരക്കിട്ടുറപ്പിക്കുകയായിരുന്നു. അതേസമയം, ചാമ്പ്യന്മാരുടെ സമ്മര്‍ദം തലക്കു പിടിച്ച പോലെയായിരുന്നു പലപ്പോഴും കുവൈത്ത് താരങ്ങളുടെ പ്രകടനം. കുവൈത്തിന്‍െറ ആദ്യ ഗോള്‍ അവിശ്വസനീയമായിരുന്നു. 28ാം മിനുട്ടില്‍ തങ്ങള്‍ക്ക് ലഭിച്ച കോര്‍ണര്‍കിക്ക് കുവൈത്ത് ഡിഫന്‍ഡര്‍മാര്‍ കോര്‍ട്ടിന്‍െറ മധ്യഭാഗത്തേക്ക് തട്ടിയകറ്റിയതായിരുന്നു. എന്നാല്‍, ഇറാഖ് സ്റ്റോപ്പര്‍ മധ്യഭാഗത്തുനിന്ന് ലോബ് ചെയ്ത ബാള്‍ യൂനുസ് മന്‍സൂറിന് ലഭിച്ചപ്പോള്‍ ഇടതു വിങിലൂടെ ക്രോസ് ചെയ്തു. ബാള്‍ കുവൈത്ത് ഡിഫന്‍റഡറുടെ ദേഹത്ത് തട്ടി ഗോള്‍ ലൈനിലേക്കാണ് വീണത്. ഗോള്‍കീപ്പര്‍ക്ക് എന്തെങ്കിലും ചെയ്യാനാകും മുമ്പ് ഇറാഖിന്‍െറ അഹ്മദ് അബ്ദുല്ല തട്ടി വലയിലേക്കിട്ടു. തുടര്‍ന്ന് ഉണര്‍ന്നു കളിച്ച കുവൈത്ത് താരങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കളി തീരാന്‍ നാല് മിനുട്ട് ബാക്കിയുള്ളപ്പോള്‍ സമനില പിടിക്കാന്‍ കുവൈത്തിന് കിട്ടിയ അവസരം നിര്‍ഭാഗ്യവശാല്‍ അനുകൂലമായില്ല. ഗോള്‍ പോസ്റ്റിന്‍െറ 30 അടി ദൂരത്തുനിന്ന് യൂസുഫ് നാസര്‍ അല്‍സല്‍മാന്‍ എടുത്ത കനത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയത് കുവൈത്ത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. സൗദിയും യമനും തമ്മിലെ മത്സരത്തിന്‍െറ ആദ്യ പകുതി വിരസമായിരുന്നു. ഇരു ടീമുകളും കളി ഗ്രൗണ്ടിന്‍െറ മധ്യഭാഗത്ത് ഒതുക്കി. നല്ല മുന്നേറ്റങ്ങള്‍ അപൂര്‍വമായിരുന്നു. 32ാം മിനുട്ടില്‍ യമന്‍െറ പ്രതിരോധ നിരയിലെ വിള്ളല്‍ മുതലെടുത്ത് യാസര്‍ സഈദ് അല്‍ഖഹ്താനി അനായാസേന ഗോള്‍ നേടി. ഗോള്‍ വീണ ശേഷം യമന്‍ താരങ്ങള്‍ ഉണര്‍ന്നെങ്കിലും നല്ല ഷൂട്ടര്‍മാരുടെ അഭാവം കാരണം മുന്നേറ്റങ്ങള്‍ ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയില്‍ സൗദിയുടെ ശക്തമായ മുന്നേറ്റങ്ങളുണ്ടായി. 74ാം മിനുട്ടില്‍ സൗദി താരം ഹുസൈന്‍ അലിയുടെ ഒറ്റക്കുള്ള മുന്നേറ്റം യമന്‍ ഗോളി ബാള്‍ കൈയ്യിലൊതുക്കി രക്ഷപ്പെടുത്തി. 85ാം മിനുട്ടിലായിരുന്നു സൗദിയുടെ രണ്ടാം ഗോളിന്‍െറ പിറവി. വലതു വിങില്‍നിന്ന് സുലൈമാന്‍ അല്‍ശഹ്രി തട്ടിക്കൊടുത്ത പന്തുമായി മുന്നേറിയ സാലിം മുഹമ്മദ് അല്‍ദൂസരി അടിച്ച ഷോട്ട് യമന്‍ ഗോളി തട്ടിയകറ്റി. എന്നാല്‍, കുതിച്ചെത്തിയ ഫഹദ് മുസാഇദ് നല്ലൊരു ഷോട്ടിലൂടെ യമന്‍െറ വല കുലുക്കി. ഇരു പകുതികളിലും രണ്ട് ടീമുകളുടെയും കളിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റം റഫറിയുടെ ഇടപെടലിന് വഴിതെളിച്ചു. നിരവധി തവണ കളിക്കാരോട് റഫറിക്ക് താക്കീത് ചെയ്യേണ്ടി വന്നു. ഇന്ന് കളിയില്ല. നാളെ യു.എ.ഇയും ഒമാനും തമ്മിലും ബഹ്റൈനും ഖത്തറും തമ്മിലും ഏറ്റുമുട്ടും. |
രണ്ടു പതിറ്റാണ്ടിന് ശേഷം കുവൈത്തില്‍ ഫലസ്തീന്‍ എംബസി തുറക്കുന്നു Posted: 09 Jan 2013 09:58 PM PST കുവൈത്ത് സിറ്റി: 22 വര്‍ഷത്തെ ഇടവേളക്കുശേഷം കുവൈത്തില്‍ ഫലസ്തീന്‍ എംബസി തുറക്കുന്നു. കുവൈത്തിലെ ഫലസ്തീന്‍ അംബാസഡറായി നിയോഗിക്കപ്പെട്ട റാമി തഹ്ബൂബ് ബുധനാഴ്ച വൈകീട്ട് അമ്മാനില്‍ നിന്ന് കുവൈത്ത് എയര്‍വേയ്സ് വിമാനത്തില്‍ കുവൈത്തിലെത്തി. അമീര്‍ സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന് മുന്നില്‍ രേഖകള്‍ സമര്‍പ്പിച്ച് അദ്ദേഹം ഉടന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 1990ലെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്നാണ് കുവൈത്തും ഫലസ്തീനും തമ്മിലുള്ള നയതന്ത്ര ബന്ധം നിലച്ചത്. ഇറാഖ് അധിനിവേശ വിഷയത്തില്‍ അന്നത്തെ ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്‍െറ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റി സദ്ദാം ഹുസൈനൊടോപ്പം നിലയുറപ്പിച്ചതായിരുന്നു കാരണം. ഇതോടെ കുവൈത്തില്‍ വസിച്ചിരുന്ന അഞ്ചു ലക്ഷം വരുന്ന ഫലസ്തീന്‍ ജനത അധിനിവേശാനന്തരം പടിപടിയായി രാജ്യം വിട്ടു. പിന്നീട് വളരെ ചെറിയ ശതമാനം മാത്രമാണ് കുവൈത്തില്‍ ശേഷിച്ചത്. പിന്നീട് 2004ല്‍ നിലവിലെ ഫലസ്തീന്‍ പ്രസിടഡന്‍റ് മഹ്മൂദ് അബ്ബാസ് കുവൈത്ത് സന്ദര്‍ശിക്കുകയും കുവൈത്ത് ജനതയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. 1991 ഫെബ്രുവരിയിലെ സ്വാതന്ത്ര്യത്തെ തുടര്‍ന്ന് രാജ്യത്ത് വസിച്ചിരുന്ന ഫലസ്തീന്‍ ജനതയോട് കുവൈത്ത് സമൂഹം വ്യാപകമായി പകവീട്ടുന്നതായി അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും കുവൈത്ത് അത് ശക്തമായി നിഷേധിച്ചു. കുവൈത്തില്‍ പ്രവേശിച്ച ഇറാഖി പട്ടാളക്കാര്‍ക്ക് രാജ്യത്തെയും ജനങ്ങളെയും കുറിച്ച തന്ത്രപ്രധാന വിവരങ്ങളും രേഖകളും ചോര്‍ത്തി നല്‍കിയത് അന്നുവരെ കുവൈത്തില്‍ സര്‍വ ആനുകൂല്യങ്ങളോടെ ജീവിച്ച ഫലസ്തീന്‍ സമൂഹമായിരുന്നുവെന്നും അന്ന് രാജ്യം അനുഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക് ആക്കം കൂട്ടിയതും സഖ്യസേനയുടെ സഹായത്തോടെ നടന്ന സ്വാതന്ത്ര്യ പോരാട്ടം വൈകിപ്പിച്ചതും ഫലസ്തീന്‍ ജനതയുടെ ഏകപക്ഷീയ നിലപാടായിരുന്നുവെന്നും കുവൈത്തിലെ പത്രങ്ങളും സെമിനാറുകളും അഭിപ്രായപ്പെട്ടിരുന്നു. കുവൈത്ത് പിടിച്ചടക്കിയ സദ്ദാം അന്ന് കുവൈത്തിന്‍െറ പെരുമാറ്റി ഒരു ഫലസ്തീന്‍ പ്രദേശത്തിന്‍െറ പേര് നല്‍കാന്‍ ശ്രമിച്ചതും കുവൈത്ത് വിട്ടോഴിയുന്നതിന് ഇസ്രായേല്‍ ഫലസ്തീന്‍ വിട്ടൊഴിയണമെന്ന് നിബന്ധന വെച്ചതുമെല്ലാം കുവൈത്തിനെ ചൊടിപ്പിച്ചു. ഫലസ്തീന്‍ സമൂഹം വരുമാനത്തിന്‍െറ സിംഹ ഭാഗവും കുവൈത്തില്‍ തന്നെ ചിലഴിച്ചിരുന്ന പഴയ കാലം കച്ചവടക്കാര്‍ക്ക് നല്ല ഒര്‍മകളാണിന്നും. ഹവല്ലിയിലും നുഗ്ര ഭാഗത്തുമാണ് ഫലസ്തീനികള്‍ മുഖ്യമായും തിങ്ങി പാര്‍ത്തിരുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ അന്ന് ഫലസ്തീനികളുടെ സാന്നിധ്യവും സ്വാധീനവും അനിഷേധ്യമായിരുന്നു. ഒരുവേള മണ്‍മറഞ്ഞ ഫലസ്തീന്‍ നായകന്‍ യാസിര്‍ അറഫാത്തിന് പോലും നേതൃത്വത്തിന്‍െറ ചവിട്ടുപടികള്‍ കയറാന്‍ ആവേശം പകര്‍ന്നത് മുഖ്യമായും അദ്ദേഹത്തിന്‍െറ കുവൈത്തിലെ പ്രവാസ ജീവിതത്തിലെ അനുഭവസമ്പത്തും ഭരണകൂടത്തിന്‍െറയും അകമഴിഞ്ഞ പിന്തുണയുമായിരുന്നു. സ്വാതന്ത്ര്യാനന്തരം കുവൈത്ത് സര്‍ക്കാര്‍ വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇഖാമ ഫീസ് അടക്കമുള്ള വിവിധ ഫീസുകള്‍ നല്‍കാന്‍ കഴിയാതെ പോയതും ഫലസ്തീന്‍ ജനതയുടെ കൂട്ടപലായനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുവൈത്തില്‍ വസിച്ച ഫലസ്തീന്‍ സമൂഹം സ്വത്ത് നഷ്ടത്തിനും ദേഹ നഷ്ടത്തിനും മറ്റുമായി സമര്‍പ്പിച്ച നഷ്ടപരിഹാര പരാതികള്‍ അന്താരാഷ്ട്ര കോടതികളില്‍ ഇപ്പോഴും തുടരുന്നുണ്ട്. ഫലസ്തീന്‍ ജനതയോട് നേരിട്ട് ആഭിമുഖ്യം പുലര്‍ത്തതിയിരുന്നില്ലെങ്കിലും ഫലസ്തീന് വേണ്ടിയുള്ള അന്താരാഷ്ട്ര ഫണ്ടിലെ വിഹിതം അടക്കുന്നതില്‍ കുവൈത്ത് വീഴ്ച വരുത്തിയിരുന്നില്ല. ഫലസ്തീനികളുടെ തിരോധാന ശേഷം പകരക്കാരായാണ് മുമ്പില്ലാത്ത വിധം ഈജിപ്തുകാരുടെ വ്യാപകമായ സാന്നിധ്യം കുവൈത്തില്‍ ദര്‍ശിച്ചുതുടങ്ങിയത്. |
വിശ്വരൂപം റിലീസ് 25ന് Posted: 09 Jan 2013 09:21 PM PST കമല്‍ഹാസന്‍ സംവിധാനം ചെയ്ത് നായകനാകുന്ന 'വിശ്വരൂപം' ജനുവരി 25ന് തിയറ്ററുകളിലെത്തും. കമലിന്റെ നിര്‍മാണവിതരണക്കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനലാണ് വ്യാഴാഴ്ച രാവിയെ ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ചിത്രം ഡി.ടി.എച്ച് വഴി ടി.വിയില്‍ റിലീസിന്റെ തലേനാള്‍ പ്രദര്‍ശിപ്പിക്കാനുള്ള കമല്‍ഹാസന്റെ നീക്കം വിവാദമായതിനെത്തുടര്‍ന്നാണ് ആദ്യം നിശ്ചയിച്ചിരുന്ന 11ലെ റിലീസ് മാറ്റിവെച്ചത്. തിയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും സംഘടന ഡി.ടി.എച്ച് പ്രദര്‍ശനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ജനുവരി 10ന് ഡി.ടി.എച്ച് വരിക്കാര്‍ക്കായി ടി.വിയില്‍ പ്രത്യേക പ്രീമിയര്‍ ഷോ നടത്താനും 11ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുമായിരുന്നു കമല്‍ഹാസന്റെ നീക്കം. പ്രതിഷേധങ്ങളും ബഹിഷ്കരണങ്ങളും ശക്തമായതോടെ ഡി.ടി.എച്ച് പ്രീമിയര്‍ മാറ്റിവെക്കുമെന്ന് കഴിഞ്ഞ ദിവസം കമല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിയറ്റര്‍ റിലീസ് ദിവസം തന്നെ ഡി.ടി.എച്ചിലും പ്രത്യേക ഷോ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അറിയിച്ചു. ഇക്കാര്യം ഡി.ടി.എച്ച് സേവനദാതാക്കളുമായി ആലോചിച്ച് അന്തിമതീരുമാനമെടുക്കും. കൂടാതെ, തന്റെ ചിത്രം വിലക്കാനും തടയാനും ശ്രമിച്ച സംഘടനകളും വ്യക്തികളുമടക്കം 13 കക്ഷികള്‍ക്കെതിരെ കോംപറ്റീഷന്‍ ആക്ട് പ്രകാരം നിയമനടപടി ആരംഭിക്കുമെന്നും കമല്‍ഹാസന്‍ ബുധനാഴ്ച അറിയിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡി.ടി.എച്ച് വിവാദമുണ്ടായതോടെ കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ പ്രമുഖ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷനും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഫെഡറേഷനില്‍ അംഗങ്ങളായവരും അല്ലാത്തവരും ഉള്‍പ്പെടെയുള്ള തിയറ്ററുടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബുധനാഴ്ച കമല്‍ഹാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കമല്‍ഹാസന്‍ വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് |
ബീഹാറില്‍ ട്രക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു Posted: 09 Jan 2013 09:07 PM PST ഔംഗാബാദ്: ബീഹാറിലെ ഔംഗാബാദ് ജില്ലയില്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 25 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തലേദവിസം ജോലി കഴിഞ്ഞ് തൊട്ടടുത്ത ജില്ലയായ ദാല്‍ത്തോഗന്‍ജിലേക്ക് മടങ്ങുകയായിരുന്ന കര്‍ഷക തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് സുപ്രണ്ട് ദല്‍ജീത് സിങ് അറിയിച്ചു. ട്രക്കില്‍ ആകെ 35 പോരാണ് ഉണ്ടായിരുന്നത്. ട്രക്കിന്റെഅമിത വേഗമാണ് അപകട കാരണമെന്നറിയുന്നു. |
No comments:
Post a Comment