മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റി Posted: 07 Jan 2013 12:38 AM PST ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കായി ബംഗളൂരിലെ സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്കാണ് തിങ്കളാഴ്ച രണ്ട് മണിയോടെ മഅ്ദനിയെ മാറ്റിയത്. ഭാര്യ സൂഫിയ മഅ്ദനി, മകന്‍ ഉമര്‍ മുഖ്താര്‍, ബന്ധു മുഹമ്മദ് റജീബ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. മഅ്ദനിക്ക് ചികിത്സാവേളയില്‍ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന് ബംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വിധിയുടെ പകര്‍പ്പ് ഇന്ന് രാവിലെ ജയില്‍ സുപ്രണ്ടിന് ലഭിച്ചതോടെയാണ് മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങിയത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മഅ്ദനി എന്‍.ഐ.എ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ബംഗളൂരുവിലത്തെിയത്. |
മലയാളി മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് ഇറാനിയന്‍ തടവിലെ ദുരിതകഥകള്‍ Posted: 06 Jan 2013 10:49 PM PST ദോഹ: ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതും ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്തതുമായ ദുരിതത്തിന്‍െറ കണ്ണീര്‍കഥകളാണ് ഇറാനിയന്‍ ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുവന്ന മലയാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത്. ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ നിന്ന് മോചിതരായെങ്കിലും ഖത്തറിലേക്ക് മടങ്ങാനാവാതെ അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും പൊലീസ് കാവലിനും നടുവില്‍ തമിഴ്നാട്ടുകാരായ മറ്റ് 27 മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍ തന്നെ കഴിയുകയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സാബിന്‍ എന്ന ഫെല്‍ജിനും (28) പൊലിയൂര്‍ സ്വദേശി ജോണി (36)യും. പ്രവാസജീവിതം അവസാനിപ്പിക്കുകയാണെന്നും ഖത്തറിലെത്താനായാല്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നും ഇറാനിലെ ഇക്കിഷ് ദ്വീപിലുള്ള പാന്തേര്‍ ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് ടെലിഫോണില്‍ ‘ഗള്‍ഫ്മാധ്യമ’ത്തോട് സംസാരിച്ച ഫെല്‍ജിനും ജോണിയും പറഞ്ഞു. ഏഴരവര്‍ഷമായി ഫെല്‍ജിന്‍ മത്സ്യത്തൊഴിലാളിയായി ഖത്തറിലുണ്ട്. ഇതിനിടക്ക് ഒരിക്കല്‍ മാത്രമാണ് നാട്ടില്‍ പോയത്. കഴിഞ്ഞ നവംബറില്‍ അവധിക്ക് പോകാനിരിക്കെയാണ് ജലാതിര്‍ത്തി ലംഘിച്ചതിന്‍െറ പേരില്‍ ഒക്ടോബര്‍ പത്തിന് ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡിന്‍െറ പിടിയിലായത്. കൃത്യമായ അതിര്‍ത്തി തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പിടിയിലായശേഷമാണ് അതിര്‍ത്തി കടന്നതായി മനസ്സിലാകുന്നതെന്നും ഇതുവരെയും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഫെല്‍ജിന്‍ പറയുന്നു. 60 ദിവസത്തോളം പാന്തേര്‍ ഫിഷിംഗ് ഹാര്‍ബറിലെ ബോട്ടുകളില്‍ കസ്റ്റഡിയില്‍ വെച്ചിരുന്ന ഇവരെ പിന്നീട് മറ്റ് 20 പേര്‍ക്കൊപ്പം ബന്തര്‍ അബ്ബാസിലെ ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ശാരീരികവും മാനസികവുമായ ഒട്ടേറെ പീഡനങ്ങള്‍ ഇവിടെ നേരിടേണ്ടിവന്നതായി ഇരുവരും പറഞ്ഞു. രാവിലെ മുതല്‍ വൈകിട്ടോളം നീളുന്ന കഠിനമായ ജോലി. രാവിലെയും വൈകിട്ടും ഓരോ കുബ്ബൂസും ഉച്ചക്ക് ഒരുപിടി ചോറുമാണ് ഭക്ഷണം. കക്കൂസ് മാലിന്യം വരെ ചുമക്കേണ്ടിവന്നു. രാത്രി സിമന്‍റ് തറയില്‍ തണുപ്പ് സഹിച്ചുള്ള ഉറക്കം. മോഷണക്കേസ് പ്രതിയായ സഹതടവുകാരന്‍ ഒരിക്കല്‍ സെല്‍ജിമിനെ ആക്രമിച്ചു. കാരണം എന്താണെന്നറിയില്ല. ജോലിക്കിടെ വീണ് പരിക്കേറ്റിട്ടും ഫെല്‍ജിന് വിശ്രമം അനുവദിച്ചില്ല. 22 ദിവസത്തെ ഡീപോര്‍ട്ടേഷന്‍ വാസത്തിനിടയില്‍ ഒരിക്കല്‍ മാത്രം രണ്ട് മിനിറ്റ് വീട്ടുകാരുമായി സംസാരിക്കാന്‍ കഴിഞ്ഞു. രണ്ട് മിനിറ്റ് കഴിഞ്ഞാല്‍ ജീവനക്കാര്‍ ഫോണ്‍ കട്ട് ചെയ്യും. ഇതിനിടെ, കഠിനമായ ജോലിയും പട്ടിണിയും മാനസിക സംഘര്‍ഷവും പലരെയും രോഗികളാക്കി. ഡീപോര്‍ട്ടേഷന്‍ സെന്‍ററിലെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന് രണ്ട് വര്‍ഷം മുമ്പ് ഖത്തറിലെത്തിയ ജോണിയും പറഞ്ഞു. ഖത്തറിലുള്ളസ്പോണ്‍സര്‍മാര്‍ ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡ് ആവശ്യപ്പെട്ട പിഴയടക്കുകയും ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ നിന്ന് തങ്ങളെ ഇക്വിഷ് ദ്വീപിലേക്ക് മാറ്റുകയും ചെയ്തതോടെ രണ്ടര മാസത്തോളം നീണ്ട തടവില്‍ നിന്ന് മോചനം ലഭിക്കുന്നതിന്‍െറ പ്രതീക്ഷയിലും ആഹ്ളാദത്തിലുമായിരുന്നു എല്ലാവരും. എന്നാല്‍, ഖത്തറിലേക്ക് എന്ന് മടങ്ങാനാവുമെന്ന് ഇനിയും ഒരു രൂപവുമില്ലെന്ന് സംഘത്തിലുള്ള ക്യാപ്റ്റന്‍ മരിയദാസന്‍ പറഞ്ഞു. ഇറാനിയന്‍ സര്‍ക്കാറിന്‍െറ ഉത്തരവ് ലഭിക്കാത്തതാണ് മോചനം വൈകാന്‍ കാരണമെന്ന്് തൊഴിലാളികള്‍ പറയുന്നു. 29 മത്സ്യത്തൊഴിലാളികളും ഇക്വിഷ് ദ്വീപിലെ ബോട്ടുകളില്‍ ഇപ്പോള്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഇവര്‍ക്ക് പോലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. |
പൂട്ടിയ ഗ്രോസറികള്‍ക്ക് പകരം റീട്ടെയില്‍ ശൃംഖലകള്‍ വരുന്നു Posted: 06 Jan 2013 10:41 PM PST അബൂദബി: അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമുള്ള നവീകരണം നടത്താനാകാതെ പൂട്ടിപ്പോയ തലസ്ഥാന നഗരിയിലെ ഗ്രോസറികളുടെ സ്ഥാനത്ത് റീട്ടെയില്‍ ശൃംഖലകളുടെ ഔ്ലെറ്റുകള്‍ വരുന്നു. സ്പിന്നീസ്, സ്നാക്സ്, അഡ്നോക് ഒയാസിസ്, സെലക്ട് എക്സ്പ്രസ്, വൈറ്റ് റോസ്, സ്പാര്‍ തുടങ്ങിയ റീട്ടെയ്ല്‍ ശൃംഖലകളുടെ ഔ്ലെറ്റുകളാണ് പൂട്ടിപ്പോയ ഗ്രോസറികളുടെ സ്ഥാനം കൈയടക്കുക. നൂറുകണക്കിന് ഗ്രോസറികള്‍ പൂട്ടിയതിനെ തുടര്‍ന്ന് സ്വദേശികളും വിദേശികളുമടങ്ങിയ നഗരവാസികള്‍ നിത്യോപയോഗ സാധനങ്ങളും മറ്റും എളുപ്പത്തില്‍ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ബദല്‍ സംവിധാനം വരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ‘ഉപഭോക്താക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇതുവരെ കിട്ടിയിരുന്ന സേവനങ്ങള്‍ എത്രയും വേഗം അവര്‍ക്ക് വീണ്ടും ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും’- അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി ആക്ടിങ് ഡയറക്ടര്‍ (കമ്യൂണിക്കേഷന്‍ ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ്) അഹ്മദ് അബ്ദുല്‍ കരീം അല്‍ ഷറഫ് പറഞ്ഞു. ഗ്രോസറികള്‍ക്ക് നവീകരണം നടത്താന്‍ ആവശ്യമായ സമയം നല്‍കിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് അവര്‍ ഉപയോഗിക്കാഞ്ഞതിനാലാണ് പൂട്ടേണ്ടി വന്നതും ആ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ പുതിയ ആളുകള്‍ തയാറായി രംഗത്തുവന്നതും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കണമെന്നത് മാത്രമാണ് അതോറിറ്റിയുടെ ലക്ഷ്യം. റീട്ടെയ്ല്‍ വ്യാപാര മേഖല മികവിന്‍െറ പുതിയ തലങ്ങള്‍ നേടിയെന്ന് അതോറിറ്റി ഉറപ്പാക്കും. യാതൊരു ബുദ്ധിമുട്ടും കൂടാതെ ഗ്രോസറികള്‍ നവീകരിക്കുന്നതിന് ഉടമകള്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം അതോറിറ്റി ചെയ്തു കൊടുത്തിരുന്നെന്ന് അല്‍ ഷറഫ് പറഞ്ഞു. ഷോപ്പുകള്‍ പുതുക്കാന്‍ അനുയോജ്യരായ കരാറുകാരെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി അംഗീകൃത ഏജന്‍സികളുടെ എണ്ണം 80 ആക്കി ഉയര്‍ത്തിയിരുന്നു. നവീകരണ പ്രവൃത്തികള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വേണമെന്ന് അതോറിറ്റി നിഷ്കര്‍ഷിച്ചിരുന്നില്ല. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ നവീകരണം നടത്താന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. നവീകരണം നിര്‍ബന്ധമാക്കിയപ്പോള്‍ ഭക്ഷ്യ സുരക്ഷക്കാണ് അതോറിറ്റി മുന്‍ഗണന നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യത്തിന് സ്ഥലസൗകര്യം, സാധനങ്ങള്‍ വെക്കുന്ന റാക്കുകള്‍ തമ്മില്‍ ആവശ്യത്തിന് അകലം തുടങ്ങിയ നിബന്ധനകളൊക്കെ അതിനുശേഷമേ പരിഗണിച്ചിട്ടുള്ളൂയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, നവീകരണത്തിന് അനുവദിച്ച കാലാവധി കഴിഞ്ഞപ്പോള്‍ ഗ്രോസറികള്‍ പൂട്ടിയത് അതത് ഉടമകളുടെ തീരുമാനപ്രകാരമാണെന്നും അധികൃതര്‍ നിര്‍ബന്ധിച്ചിട്ടല്ലെന്നും അതോറിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ നവീകരണങ്ങള്‍ വരുത്താനും പ്രവര്‍ത്തനം തുടരാനും അവര്‍ക്ക് അവസരമുണ്ടായിരുന്നു. കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയില്‍ അവസാന നിമിഷം വരെ പ്രവര്‍ത്തനം തുടരുകയായിരുന്നു മിക്ക ഷോപ്പുകളും. അവര്‍ക്ക് ആ കാലാവധിക്ക് മുമ്പ് നവീകരണത്തിനുള്ള അപേക്ഷ നല്‍കാമായിരുന്നെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. |
ഇന്ത്യ-ഒമാന്‍ സൈനിക സഹകരണം ശക്തമാക്കും Posted: 06 Jan 2013 10:32 PM PST മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മില്‍ സൈനികരംഗത്ത് തുടരുന്ന സഹകരണം കൂടുതല്‍ ശക്തമാക്കും. ഒമാനിലെ അല്‍ശഫാഖ് ക്ളബില്‍ ഞായറാഴ്ച ചേര്‍ന്ന ഇന്ത്യ-ഒമാന്‍ സംയുക്തി സൈനികസമിതി യോഗത്തിലാണ് ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മയുടെ നേതൃത്വത്തിലെ പ്രതിനിധിസംഘവും ഒമാന്‍ പ്രതിരോധമന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് ബിന്‍ നാസര്‍ അല്‍ റബ്സിയുടെ നേതൃത്വത്തിലെ ഒമാനി സംഘവുമാണ് യോഗത്തില്‍ പങ്കെടുത്തത്. റോയല്‍ ആര്‍മി ഒമാന്‍ കമാന്‍ഡിലെ എച്ച്.ആര്‍. വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സലിം ബിന്‍ മുഹമ്മദ് അല്‍ജഹ്ദമി, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍, എംബസിയിലെ സൈനികവിഭാഗം അറ്റാഷേ എന്നിവരും മറ്റു സൈനികസമിതിയംഗങ്ങള്‍ക്കൊപ്പം യോഗത്തില്‍ സംബന്ധിച്ചു. ശനിയാഴ്ച വൈകുന്നേരം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മയെ സലിം ബിന്‍ മുഹമ്മദ് അല്‍ജഹ്ദമിയും ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരും വരവേറ്റു. ശശികാന്ത് ശര്‍മ ഒമാന്‍ പ്രതിരോധമന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹരീബ് ആല്‍ബുസൈദിയുമായും കൂടിക്കാഴ്ച നടത്തി. |
നിതാഖാത്ത് പദ്ധതി ഫലപ്രാപ്തിയിലെത്തിയില്ലെന്ന് റിപ്പോര്‍ട്ട് Posted: 06 Jan 2013 10:12 PM PST റിയാദ്: സ്വദേശിവത്കരണം ശക്തിപ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം പോയ വര്‍ഷം നടപ്പാക്കിയ നിതാഖാത്ത് തൊഴില്‍ പരിഷ്കരണപദ്ധതി ഫലപ്രാപ്തിയിലെത്തിയില്ലെന്ന് പഠനം. രാജ്യത്ത് നിയമവിരുദ്ധ തൊഴിലാളികള്‍ പെരുകാന്‍ പദ്ധതി ഇടയാക്കിയതായും മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരില്‍ നിര്‍ണിത സ്വദേശി അനുപാതം പൂര്‍ത്തീകരിക്കപ്പെടാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ ലഭ്യമാക്കുന്നതിന് പുതിയ വിസകള്‍ ഇഷ്യുചെയ്യുന്നതും തൊഴിലാളികളുടെ വര്‍ക്കുപെര്‍മിറ്റും ഇഖാമയും പുതുക്കി നല്‍കുന്നതുമടക്കമുള്ള മന്ത്രാലയ സേവനങ്ങള്‍ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ തൊഴില്‍ മാര്‍ക്കറ്റില്‍നിന്ന് വര്‍ധിച്ച പ്രതിഫലം നല്‍കി തൊഴിലാളികളെ എടുക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരായി. ഇത് അനധികൃത തൊഴിലാളികളുടെ ഡിമാന്‍റ് വര്‍ധിക്കാന്‍ കാരണമായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴില്‍ കമ്പോളത്തില്‍ ഡിമാന്‍റ് വര്‍ധിച്ചതോടെ ചെറിയ വേതനത്തിന് തൊഴിലെടുത്തിരുന്നവര്‍ അത് ഉപേക്ഷിച്ച് കൂടുതല്‍ വേതനം ലഭിക്കുന്ന ഇടങ്ങള്‍ തേടിപോകാന്‍ സാഹചര്യമൊരുങ്ങി. തൊഴില്‍ വിപണിയിലെ ഈ അനധികൃത പ്രവണതക്ക് തടയിടാന്‍ ഉതകുന്ന നിരീക്ഷണസംവിധാനങ്ങളുണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊടുന്നനെയുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലുടമകള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതിനാല്‍ അനധികൃത തൊഴിലാളികള്‍ക്ക് നേരെ അവര്‍ കണ്ണ് ചിമ്മി. കൂടാതെ തൊഴിലാളികളുടെ ലഭ്യതയും നൈരന്തര്യവും ഉറപ്പുവരുത്തുന്നതിന് തൊഴില്‍ കരാറില്‍ മാറ്റം വരുത്താനും അവര്‍ നിര്‍ബന്ധിതരായി. ഇതു തൊഴിലുടമകള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിതാഖാത്ത് പദ്ധതിയിലൂടെ ലക്ഷ്യമിട്ട പലകാര്യങ്ങളും ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നാണ് മന്ത്രാലയത്തിന് ലഭിച്ച വിവരം. നിതാഖാത്ത് പദ്ധതിയുടെ വ്യവസ്ഥകളെ മറികടക്കാനും മന്ത്രാലയത്തിന്‍െറ ആനുകൂല്യങ്ങളും സേവനങ്ങളും നിഷേധിക്കപ്പെടാതിരിക്കുന്നതിനും പല സ്ഥാപനങ്ങളും സ്വദേശികളെ പ്രതീകാത്മകമായി നിയമിക്കുകയും തൊഴിലെടുക്കാതെ വേതനം നല്‍കാന്‍ സന്നദ്ധരാവുകയും ചെയ്തതായി മന്ത്രാലയത്തിന് മുമ്പും വിവരങ്ങള്‍ ലഭിച്ചിരുന്നു. നിലവില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ പേരുകളടക്കം അവരറിയാതെ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളും മന്ത്രാലയം കണ്ടെത്തിയിരുന്നു. നിതാഖാത്ത് പദ്ധതിയുടെ ഭാഗമായി ഇതുവരെ നാല് ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം തൊഴില്‍കാര്യ സഹമന്ത്രി പ്രസ്താവിച്ചിരുന്നു. തൊഴില്‍ ലഭിച്ചു എന്നവകാശപ്പെടുന്നവരില്‍ ഏകദേശം 30 ശതമാനം പേരും പ്രതീകാത്മകമായി വേതനം പറ്റുന്നവരാണെന്നാണ് മന്ത്രാലയത്തിന്‍െറ കണക്ക്. ഈ പശ്ചാത്തലത്തില്‍ നിതാഖാത്ത് പദ്ധതിയുടെ സദ്ഫലങ്ങള്‍ പൗരന്മാര്‍ക്ക് ഗുണകരമായ രീതിയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ആലോചിക്കുകയാണ് തൊഴില്‍ മന്ത്രാലയം. |
ഗള്‍ഫ് കപ്പ്: കുവൈത്തിന് ജയത്തോടെ തുടക്കം Posted: 06 Jan 2013 10:03 PM PST മനാമ: കിരീടം നിലനിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ കുവൈത്തിന് 21ാമത് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ വിജയത്തുടക്കം. ബി ഗ്രൂപ്പില്‍ സ്ട്രൈക്കര്‍മാരായ യൂസുഫ് നാസറിന്‍െറയും ബദര്‍ അല്‍മുതവ്വയുടെയും എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ക്ക് യമനെ തോല്‍പിച്ചാണ് നിലവിലെ ജേതാക്കളായ കുവൈത്ത് ഗള്‍ഫ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. പത്ത് തവണ ഗള്‍ഫ് കപ്പ് സ്വന്തമാക്കിയ ഖ്യാതിയില്‍ കളത്തിലിറങ്ങിയ കുവൈത്ത് കളിയുടെ എല്ലാ തലങ്ങളിലും മുന്‍പന്തിയിലായിരുന്നു. കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. അതേസമയം, യമന്‍ നിരവധി തവണ കുവൈത്തിന്‍െറ ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കളി തുടങ്ങി 11ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് പക്ഷേ, കുവൈത്തിന് മുതലാക്കാനായില്ല. അല്‍മുതവ്വയുടെ ഷോട്ട് യെമന്‍ ഗോള്‍കീപ്പര്‍ സഊദ് അബ്ദുല്ല സമര്‍ഥമായി തട്ടിത്തെറുപ്പിച്ചു. പെനാല്‍റ്റിയില്‍നിന്ന് രക്ഷപ്പെട്ട ഊര്‍ജവുമായി പൊരുതിയ യെമന്‍െറ താരങ്ങള്‍ കുവൈത്തിന്‍െറ ശക്തമായ പ്രതിരോധത്തില്‍ പതറുന്നതാണ് കണ്ടത്. യമന്‍െറ കമീല്‍ താരീഖിന് തുറന്നുകിട്ടിയ രണ്ട് അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. പെനാല്‍റ്റി ബോക്സിനകത്തുനിന്ന് എടുത്ത ഒരു ഷോട്ട് കുവൈത്ത് ഗോള്‍കീപ്പര്‍ നവാഫ് അല്‍ഖാലിദി രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കിട്ടിയ കോര്‍ണര്‍ കിക്ക് താരീഖ് അടിച്ചതും ഗോളിയുടെ കൈകളിലേക്കായിരുന്നു. 64ാം മിനിറ്റിലായിരുന്നു കുവൈത്ത് അക്കൗണ്ട് തുറന്നത്. ഫഹദ് അവാദ് ഇടതുവിങ്ങില്‍നിന്ന് തൊടുത്ത ക്രോസ് നാസര്‍ മനോഹരമായ ഹെഡറിലൂടെ ഗോളാക്കിയപ്പോള്‍ ഗാലറിയിലെ കുവൈത്ത് ആരാധകര്‍ ആഘോഷമാക്കി. 82ാം മിനിറ്റില്‍ യമന്‍െറ പ്രതിരോധ നിരയിലുണ്ടായ വിള്ളലിലൂടെ കുവൈത്തിന്‍െറ രണ്ടാം ഗോളിന് വഴിതുറന്നു. അല്‍മുതവ്വയാണ് അവസരം മുതലാക്കി യമന്‍െറ വല കുലുക്കിയത്. കുവൈത്തിന്‍െറ അടുത്ത മത്സരം ബുധനാഴ്ച അയല്‍ക്കാരായ ഇറാഖുമായാണ്. |
അണഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷയെന്ന് പിതാവ് Posted: 06 Jan 2013 07:49 PM PST Subtitle: 'മകളുടെ പേര് ലോകം അറിയണം' ന്യൂദല്‍ഹി: രാജ്യത്തിന്‍െറ മുഴുവന്‍ നൊമ്പരമായി മരണത്തിന് കീഴടങ്ങിയ ദല്‍ഹി പെണ്‍കുട്ടി നല്ല നാളെകളിലേക്ക് കുടുംബത്തിന്‍െറ പ്രതീക്ഷയായിരുന്നെന്ന് പിതാവ്. താന്‍ പഠിച്ച് വലുതായാല്‍ കുടുംബത്തിന്‍െറ അല്ലലെല്ലാം മാറുമെന്ന് മാതാപിതാക്കളെ ഇടക്കിടെ ആശ്വസിപ്പിച്ചിരുന്നു അവള്‍. ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ കുടുംബം ദുരന്തത്തിന്‍െറ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരായിട്ടില്ല. സംഭവദിവസം പിതാവ് ഓര്‍മിക്കുന്നത് ഇങ്ങനെ: ‘ഞാന്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും രാത്രി 10.30 ആയിരുന്നു. സുഹൃത്തിനൊപ്പം സിനിമക്കുപോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഭാര്യ പേടിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ തുടരെ അവളുടെയും കൂട്ടുകാരന്‍െറയും മൊബൈലിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. രാത്രി 11.15 ആയപ്പോഴാണ് മകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റെന്നുപറഞ്ഞ് ആശുപത്രിയില്‍നിന്ന് ഫോണ്‍ വരുന്നത്. ഉടന്‍തന്നെ ഒരു സുഹൃത്ത് എന്നെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചു. കണ്ണടച്ച് അവള്‍ ആശുപത്രിയില്‍ കിടക്കുന്നതാണ് ഞാന്‍ ആദ്യം കണ്ടത് . നെറ്റിയില്‍ തടവിയപ്പോള്‍ അവള്‍ പതുക്കെ കണ്ണുതുറന്നു. എല്ലാം ശരിയാവുമെന്ന് പറയുമ്പോഴും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കണ്ണീരടക്കാനായില്ല. ആ സമയത്ത് കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. പിന്നീട് പൊലീസ് എല്ലാം വിശദീകരിച്ചപ്പോള്‍ മനസ്സിലൂടെ ഒരു മിന്നല്‍പ്പിണറാണ് കടന്നുപോയത്. ഞാന്‍ ഉടന്‍തന്നെ ആശുപത്രിയിലെത്താന്‍ ഭാര്യയോടും മക്കളോടും വിളിച്ചു പറഞ്ഞു. എന്നാല്‍, സംഭവിച്ചതെന്താണെന്ന് മാത്രം പറഞ്ഞില്ല. പിന്നീടുള്ള പത്തുദിവസം എന്‍െറ മകള്‍ അബോധാവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ അവരാലാവുന്നത് ശ്രമിച്ചു. മൂക്കിലൂടെയും വായിലൂടെയും കുഴലിട്ടതിനാല്‍ അവള്‍ ആംഗ്യഭാഷയില്‍ ചിലപ്പോള്‍ ഞങ്ങളോട് സംസാരിച്ചു. ഇടക്ക് അവര്‍ കടലാസില്‍ എഴുതിത്തന്നു. ഞങ്ങളോടൊപ്പം ജീവിക്കാനുള്ള കടുത്ത അഭിലാഷമായിരുന്നു അതിലുണ്ടായിരുന്നത്. ആദ്യദിവസങ്ങളില്‍ മകളെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വിധിച്ചത് മറിച്ചായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതം എല്ലാം മാറ്റിമറിച്ചു. പൊലീസ് രണ്ടുതവണ കുട്ടിയുടെ മൊഴിയെടുത്തിരുന്നു. അവിടെ ഇരിക്കാനുള്ള മനസ്സാന്നിധ്യമില്ലാത്തതിനാല്‍ അവര്‍ എന്താണ് ചോദിച്ചതെന്ന് കേട്ടില്ല.സുഹൃത്ത് അവളെ രക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. ധീരനാണയാള്‍. അവള്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു. പഠിക്കുന്ന കാര്യത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. അവര്‍ രണ്ടു സമുദായക്കാരുമാണ്.’ കുട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് പിതാവ് അഭ്യര്‍ഥിച്ചതായും ‘സണ്‍ഡേ പീപ്ള്‍’ റിപ്പോര്‍ട്ടുചെയ്തു. പിതാവ് കാണിച്ചുതന്ന ആല്‍ബത്തില്‍ ധാരാളം മുടിയുള്ള പ്രസന്നയായ യുവതിയെയാണ് കാണാനായത്. സാരിയേക്കാളധികം ആധുനിക വസ്ത്രങ്ങളായിരുന്നു അവള്‍ക്ക് ഇഷ്ടമെന്നും ബന്ധുക്കള്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കിടന്ന യു.പിയിലെ ദരിദ്രഗ്രാമങ്ങളിലൊന്നായ ബലിയയിലെ ചെത്തിത്തേക്കാത്ത ഒരു കൊച്ചുവീട്ടിലാണ് ദല്‍ഹി പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴുള്ളത്. കാല്‍ നൂറ്റാണ്ടുമുമ്പ് ഇവിടെനിന്ന് ജോലിതേടി പിതാവ് ദല്‍ഹിയിലേക്ക് കുടിയേറുകയായിരുന്നു. യുവതി ജനിച്ചതും വളര്‍ന്നതും പൂര്‍ണമായും ദല്‍ഹിയിലാണ്. ദല്‍ഹി വിമാനത്താവളത്തില്‍ പോര്‍ട്ടറായാണ് ഇപ്പോള്‍ ഇദ്ദേഹം ജോലിനോക്കുന്നത്. ഡോക്ടറാകാന്‍ കൊതിച്ചിരുന്ന മകളെ ഈ തുച്ഛവരുമാനം മിച്ചംവെച്ചാണ് ഫിസിയോ തെറപ്പി പഠിപ്പിച്ചത്. നാലുവര്‍ഷത്തെ പഠനം പൂര്‍ത്തിയായത് ഈയിടെയാണ്. കുടുംബത്തിന്‍െറ പ്രതീക്ഷ അവളിലായിരുന്നു. എല്ലാം തകര്‍ന്ന നിലയിലാണ് കുടുംബം ഇപ്പോള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ‘1983ല്‍ ദല്‍ഹിയിലെത്തിയ തനിക്ക് അന്ന് വെറും 150 രൂപയായിരുന്നു മാസവരുമാനം. ഇന്നും കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല. മാസം കഷ്ടിച്ച് 6000 രൂപയാണ് കിട്ടുന്നത്. ഞാന്‍ വലുതാകുമ്പോഴേക്കും ഈ കഷ്ടപ്പാടൊക്കെ മാറുമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. ഇരുപതും പതിനഞ്ചും വയസ്സുള്ള രണ്ട് സഹോദരന്മാര്‍ പഠനത്തില്‍ മാതൃകയാക്കിയിരുന്നത് യുവതിയെയാണ്. അവരും ദുരന്തത്തിന്‍െറ നടുക്കത്തില്‍നിന്ന് മോചിതരായിട്ടില്ല’- യുവതിയുടെ പിതാവ് പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ ഐ.പി.സി 228 (എ) വകുപ്പ് പ്രകാരം മാനഭംഗക്കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തുന്നതിന് വിലക്കുണ്ട്. ദല്‍ഹി കൂട്ടമാനഭംഗത്തിന്‍െറ കുറ്റപത്രത്തില്‍ യുവതിയുടെ പേരില്ല. പകരം xyz എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയുടെയും കുടുംബത്തിന്‍െറയും സ്വകാര്യത സംരക്ഷിക്കാന്‍ വിചാരണ അടച്ചിട്ട മുറിയില്‍ രഹസ്യമായി നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. |
ആജ്ഞാശക്തിയുടെ ആള്‍രൂപം Posted: 06 Jan 2013 07:40 PM PST കണ്ടുമുട്ടിയ മുസ്ലിം നേതാക്കളില്‍ നടപ്പിലും എടുപ്പിലും വാക്കിലും നോക്കിലും ആജ്ഞാശക്തി സ്ഫുരിച്ചു നിന്ന ഖാദി ഹുസൈന്‍ അഹ്മദിനെ പോലൊരാളെ കണ്ടിട്ടില്ല. പാക് അധീന കശ്മീര്‍ തലസ്ഥാനമായ മുസാഫറാബാദിലെ ഭൂകമ്പദുരിതത്തിനുശേഷം വന്ന അക്കൊല്ലത്തെ പെരുന്നാള്‍ ആഘോഷമാണ് ഈ പാക് നേതാവിനെക്കുറിച്ച എന്‍െറ ഓര്‍മകളില്‍ ഇപ്പോഴുമുള്ളത്. നഗരത്തിലെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്കു മുന്നില്‍ ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കാനായി അന്ന് അദ്ദേഹം എഴുന്നേറ്റു നിന്നു. മുസാഫറാബാദിലെ ഇടിഞ്ഞുപൊളിഞ്ഞ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഈദ് പ്രഭാഷണം. വേര്‍പാടിന്‍െറയും കഷ്ടനഷ്ടങ്ങളുടെയും കമ്പളം പുതച്ചെത്തിയ ആയിരക്കണക്കിന് നഗരവാസികള്‍ക്കു മുന്നില്‍ നിരാശയുടെ ഒരു വാക്കുപോലും ഉരിയാടാതെ, എന്നാല്‍, ശിഷ്ടജീവിതത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ചും ഭാവിയോടുണ്ടായിരിക്കേണ്ട സമീപനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അതുപോലൊരു പ്രസംഗം ഇനി ജീവിതത്തില്‍ കേള്‍ക്കാനാവുമെന്ന് തോന്നുന്നില്ല. അത്രകണ്ട് മാസ്മരികമായ, ത്രസിപ്പിച്ച പ്രഭാഷണമായിരുന്നു അത്. ഒടുവില്‍ മാത്രം ജനങ്ങളെ കരയിച്ച, അതിലേറെ ആശ്വാസം നല്‍കിയ പ്രഭാഷണം. കാര്‍ക്കശ്യം അദ്ദേഹത്തിന്‍െറ സ്ഥായീഭാവമായിരുന്നു. സാധാരണ രാഷ്ട്രീയക്കാരനെ പോലെ അവസരത്തിനൊത്ത് എന്തെങ്കിലും പറയുന്ന, കേള്‍വിക്കാരനെ സുഖിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ മാത്രം പറയുന്ന കാപട്യമൊന്നും ഖാദിഹുസൈന് ഉണ്ടായിരുന്നില്ല. കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് സയ്യിദ് അലി ഷാ ഗീലാനിയോടും ഖാദി ഹുസൈന്‍ അഹ്മദിനോടും ഞാന്‍ ചോദിച്ച ചില ചോദ്യങ്ങളില്‍ ഖാദി ഹുസൈന്‍െറ മറുപടികളില്‍ ചിലത് ഇന്നും പ്രസിദ്ധീകരിക്കാനാവാതെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അത് ഇനി പ്രസിദ്ധീകരിക്കുന്നതില്‍ അര്‍ഥവുമില്ല. അക്കൂട്ടത്തിലൊന്ന് ഇങ്ങനെയാണ്: കശ്മീര്‍ പാകിസ്താനോടൊപ്പം ചേരണമെന്ന വാദമുണ്ടല്ലോ; ഇസ്ലാമിന്‍െറ കാര്യത്തില്‍ ഇന്ത്യന്‍ മുസ്ലിമിന് ലഭിക്കാത്ത എന്ത് സ്വാതന്ത്ര്യവും പദവിയുമാണ് അമേരിക്കന്‍ സഖ്യരാഷ്ട്രമായി മാറിക്കഴിഞ്ഞ ഇന്നത്തെ പാകിസ്താനില്‍നിന്ന് കശ്മീരിലെ മുസ്ലിമിന് കിട്ടാന്‍ പോകുന്നത്? ഖാദി ഹുസൈന്‍ പ്രായോഗിക തലത്തില്‍ തികഞ്ഞ രാഷ്ട്രീയക്കാരനും മറുഭാഗത്ത് അലിഷാ ഗീലാനി വലിയൊരളവോളം തന്ത്രജ്ഞനുമായിരുന്നു. അമേരിക്കയിലും പാകിസ്താനിലുമുള്ള വിശ്വാസത്തേക്കാള്‍ ഇന്ത്യയുടെ കാര്യത്തിലുള്ള അവിശ്വാസമാണ് ഗീലാനി ഊന്നിപ്പറഞ്ഞത്. ഖാദി ഹുസൈന്‍ പക്ഷേ, പാകിസ്താനെക്കുറിച്ചു തന്നെയാണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞ മിക്ക കാര്യങ്ങളും സ്വാഭാവികമായും ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരെ ആയിരുന്നു. കശ്മീര്‍ മുസ്ലിംകളുടെ ദുരന്തവും പാകിസ്താന്‍െറ പതനവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. പാകിസ്താനെ നേരെയാക്കുക എന്നതും മുസ്ലിംകളുടെ ബാധ്യതയാണ്. ‘പക്ഷേ, കശ്മീര്‍ രക്തസാക്ഷികളെ ഒരിക്കലും മറക്കാനാവില്ല. ഗലികളിലും തെരുവിലും കല്യാണ വീട്ടിലും ജനാസയിലും ആളുകള്‍ കൂടുന്ന ഏതൊക്കെ വീടുകളുണ്ടോ അവിടെയും അവരുടെ പേരുകള്‍ പറയപ്പെടുന്നുണ്ട്. അതിന്‍െറ വലുപ്പവും മഹത്ത്വവും ഇന്ത്യയിലെ ആളുകള്‍ക്ക് മനസ്സിലാവില്ല’... കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഒരിക്കലും ഇന്ത്യക്കും പാകിസ്താനുമിടയില്‍ ആരോഗ്യകരമായ ബന്ധം സാധ്യമാവില്ലെന്ന് തമ്മില്‍ കണ്ട രണ്ട് അവസരത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, ഖാദി ഹുസൈന്‍ ഇന്ത്യാ വിരുദ്ധനായിരുന്നില്ല എന്നതാണ് വസ്തുത. കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് കാര്‍ക്കശ്യത്തോടെ നിലകൊണ്ടപ്പോഴും ഇന്ത്യക്കും പാകിസ്താനുമിടയിലെ പ്രശ്നം കശ്മീര്‍ കൊണ്ട് മാത്രം അവസാനിക്കുന്നതല്ല എന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊതുപ്രശ്നമായി മാറുന്നത് അമേരിക്കയാണെന്നും ഖാദി ഹുസൈന്‍ 2005 നവംബറില്‍ ‘മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യം ഇന്ത്യ തിരിച്ചറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തെഹല്‍ക്കയിലെ അജിത് സാഹിയോടും ഇതേ കാര്യം പറഞ്ഞു. ഇന്ത്യയിലെ മാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിപ്പിക്കണമെന്നുകൂടി അദ്ദേഹം നിര്‍ദേശിച്ചു. എന്നല്ല, പാകിസ്താന്‍ ജമാഅത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ലിയാഖത്ത് ബലൂച്ചിനോട് പറ്റുമെങ്കില്‍ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് നിര്‍ദേശിച്ചതായും അദ്ദേഹം സംസാരമധ്യേ സൂചിപ്പിച്ചു. എന്നാല്‍, വാജ്പേയി പാകിസ്താനിലേക്കു ചെന്ന സന്ദര്‍ഭത്തില്‍ അല്‍പം പോലും വിട്ടുവീഴ്ചയില്ലാതെ ആ സന്ദര്‍ശനത്തെ ഖാദി ഹുസൈന്‍ തുറന്നെതിര്‍ക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനുമിടയില്‍ സ്വാഭാവികമായ ബന്ധങ്ങളുടെ പൂര്‍ത്തീകരണമായിട്ടല്ല ആ സന്ദര്‍ശനമെന്നും അന്താരാഷ്ട്ര ശക്തികളുടെ ചെണ്ടവാദ്യത്തിനൊത്ത് വാജ്പേയിയും മുശര്‍റഫും കോലംകെട്ടി തുള്ളുകയാണെന്നും ഖാദി ഹുസൈന്‍ ആരോപിച്ചു. പിന്തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം പറഞ്ഞതുതന്നെയായിരുന്നു ശരിയെന്ന് കാണാനാവും. അഫ്ഗാനിസ്താനില്‍ അമേരിക്ക പരാജയപ്പെടുകയാണ് ചെയ്തതെന്നും ആ രാജ്യത്തുനിന്ന് മാന്യമായി തടിയൂരാനാണ് പാരിസില്‍ താലിബാന്‍ നേതാക്കളുടെയൊപ്പം യു.എസ് സൈനിക നേതാക്കള്‍ ചര്‍ച്ചനടത്തിയതെന്നുമാണ് നൗശേറയില്‍ നടത്തിയ ഏറ്റവുമൊടുവിലത്തെ റാലിയില്‍ അദ്ദേഹം പറഞ്ഞത്. മഹ്മന്ദില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ കഴിഞ്ഞ നവംബര്‍ 20ന് ഖാദി ഹുസൈനെ തഹ്രീകെ താലിബാന്‍ അയച്ചതെന്നു കരുതുന്ന വനിതാ ചാവേര്‍ ലക്ഷ്യമിട്ടിരുന്നു. അമേരിക്കയുടെ ഭീകരവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായി രംഗത്തുള്ള ഖാദി ഹുസൈനെ ആക്രമിച്ചത്, തഹ്രീകെ താലിബാന്‍ ആരുടെ സൃഷ്ടിയാണെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംശയങ്ങളെ ഒന്നുകൂടി പൊലിപ്പിച്ചു. താലിബാന്‍ ആണ് ഈ ആക്രമണം സംഘടിപ്പിച്ചതെങ്കില്‍ പാകിസ്താനിലെ ഫണ്ടമെന്‍റലിസ്റ്റുകളുടെ തലതൊട്ടപ്പന്‍ ഖാദി ഹുസൈന്‍ ആണ് എന്ന ആരോപണം അടിസ്ഥാനരഹിതമായി മാറുകയാണ് ചെയ്തത്. ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചെഴുതിയ കത്തിനുള്ള മറുപടിയാണ് ഖാദി ഹുസൈന്‍െറ ഓഫിസില്‍ നിന്ന് എനിക്ക് കിട്ടിയ അവസാനത്തെ എഴുത്ത്. പാകിസ്താനിലെ ഒടുവിലത്തെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ട മൗലാനാ ഇസ്മാഈലിന്‍െറ വധത്തില്‍ അനുശോചിക്കവെ മതപണ്ഡിതന്മാരെ ലക്ഷ്യമിടുന്നതിലെ രാഷ്ട്രീയത്തെക്കുറിച്ച് ജനുവരി ആറിന് കൂട്ടായി പ്രതിഷേധിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ആ സെമിനാര്‍ നടക്കാനിരിക്കവെയാണ് ജനുവരി അഞ്ചിന് രാത്രിയില്‍ അദ്ദേഹം വിടവാങ്ങിയത്. |
പ്രയോഗത്തിലെത്താത്ത പ്രഖ്യാപനങ്ങള്‍ Posted: 06 Jan 2013 07:26 PM PST ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥ വരച്ചുകാട്ടുന്നതായിരുന്നു ഒന്നാം യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട്. പിന്നാക്കാവസ്ഥക്കുള്ള പരിഹാരനിര്‍ദേശത്തിനു തുനിഞ്ഞില്ലെങ്കിലും എവിടെയൊക്കെയാണ് പന്തികേടുകളുള്ളത് എന്ന് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളെ തെര്യപ്പെടുത്തുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. അത് മുഖവിലക്കെടുത്ത് ശ്രദ്ധേയമായ ചില ചുവടുവെപ്പ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാര്‍ നടത്തുകയും ചെയ്തു. മുമ്പുതന്നെ ന്യൂനപക്ഷക്ഷേമം ഉന്നമിട്ട നീക്കങ്ങള്‍ കേന്ദ്രഗവണ്‍മെന്‍റ് കൈക്കൊണ്ടു. 2005 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 15 ഇന ന്യൂനപക്ഷശാക്തീകരണ പരിപാടി എടുത്തുപറയാവുന്നതാണ്. ന്യൂനപക്ഷപ്രശ്നങ്ങള്‍ ശ്രദ്ധിക്കാനായി കേന്ദ്രതലത്തില്‍ 2006 ജനുവരി 29ന് ന്യൂനപക്ഷകാര്യ വകുപ്പിനും കേന്ദ്രം രൂപം നല്‍കി. ന്യൂനപക്ഷസമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രായോഗികനടപടികള്‍ കൈക്കൊള്ളുകയാണ് മന്ത്രാലയത്തിന്‍െറ പ്രഖ്യാപിത നിലപാട്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും ഗവേഷണസഹായങ്ങളും തുടങ്ങി ന്യൂനപക്ഷ സ്ത്രീകളുടെ നേതൃശേഷി വികസിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ വരെ അതിന്‍െറ വരുതിയിലുണ്ട്. 15 ഇന പരിപാടിയുടെ നിര്‍വഹണത്തിന് വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സിയായും ന്യൂനപക്ഷമന്ത്രാലയം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഭരണകൂട സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് മുഖ്യപ്രശ്നമായി സച്ചാര്‍സമിതി ചൂണ്ടിക്കാണിച്ച അവഗണനയും അലംഭാവവും കെടുകാര്യസ്ഥതയും ഈ സംവിധാനങ്ങളെയും വിടാതെ പിടികൂടുന്നു എന്നതാണ് ദുര്യോഗം. പദ്ധതികള്‍ പലതും ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയോ വെറും സര്‍ക്കാര്‍ കാര്യം പോലെ ആയിത്തീരുകയോ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയുടെയും സച്ചാര്‍സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെയും പുരോഗതി വിലയിരുത്തുന്നതും പദ്ധതി നിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നതും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ്. കഴിഞ്ഞ മന്ത്രിസഭാ അഴിച്ചുപണിക്കുശേഷം വകുപ്പ് ഏറ്റെടുത്ത കെ. റഹ്മാന്‍ ഖാന്‍ ഒക്ടോബറില്‍ മന്ത്രിപദമേല്‍ക്കുമ്പോള്‍ പറഞ്ഞത്, പദ്ധതികളും പരിഷ്കരണപ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കള്‍ക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കും എന്നാണ്. സച്ചാര്‍ ശിപാര്‍ശകള്‍ അക്ഷരത്തിലും അര്‍ഥത്തിലും നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും. ഒരു മാസം കഴിഞ്ഞ് അദ്ദേഹം തന്നെ ഏറ്റുപറഞ്ഞു, പദ്ധതികളുടെ വിലയിരുത്തല്‍ അത്ര അനായാസകരമല്ലെന്ന്. ഗുണഭോക്താക്കള്‍ക്ക് പദ്ധതിഫലങ്ങള്‍ അനുഭവവേദ്യമായിട്ടില്ല എന്ന പരാതി ഉള്‍ക്കൊണ്ടായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ വളരെ മികച്ച പ്രകടനം കേന്ദ്രമന്ത്രാലയം കാഴ്ചവെച്ചു. എന്നാല്‍ 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ന്യൂനപക്ഷക്ഷേമത്തിനായി വകയിരുത്തിയ 2,866 കോടി രൂപയില്‍ 559.28 കോടി വിനിയോഗിച്ചില്ലെന്ന് കോണ്‍ഗ്രസ് എം.പി ഹേമാനന്ദ് ബിസ്വാള്‍ അധ്യക്ഷനായ പാര്‍ലമെന്‍റിന്‍െറ സാമൂഹികനീതി ശാക്തീകരണത്തിനായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ഡിസംബറില്‍ പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ബജറ്റില്‍ 313 കോടി രൂപ കൂടി ഈയിനത്തില്‍ അധികം വകയിരുത്തിയിരിക്കെ, ഈ തുക100 ശതമാനവും ന്യൂനപക്ഷക്ഷേമത്തിനായി വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിറ്റി നേരത്തേ നിര്‍ദേശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക അടിത്തട്ടിലേക്ക് എത്തിയില്ല. അത് ചെലവഴിക്കാനുള്ള മനോഭാവം പോലും ചില സംസ്ഥാനങ്ങള്‍ കാണിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തരഖണ്ഡ്, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള 30 ശതമാനം സ്കോളര്‍ഷിപ് അനുവദിക്കുന്ന കാര്യത്തില്‍ പോലും അനങ്ങിയില്ല. 2010 ജനുവരിയില്‍ തുടക്കം കുറിച്ച ന്യൂനപക്ഷസ്ത്രീകളുടെ നേതൃശേഷി വികസന പരിപാടിയും പല സംസ്ഥാനങ്ങളിലും നടപ്പായില്ല. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രാലയം ശുഷ്കാന്തി പ്രകടിപ്പിക്കണമെന്ന് പാര്‍ലമെന്‍ററി സമിതി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയും എന്തു ചെയ്യാനാകുമെന്ന് കേന്ദ്ര മന്ത്രാലയത്തിനു നിശ്ചയമൊന്നുമില്ല്ള. സ്കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ പോലും പല സംസ്ഥാനങ്ങളും അനുവദിക്കപ്പെട്ട ഫണ്ടിന്‍െറ ഫലപ്രദമായ വിനിയോഗത്തിനായി പരമാവധി ഗുണഭോക്താക്കളെ സ്വീകരിക്കുന്നതിനു പകരം സാങ്കേതിക കുരുക്കുകള്‍ തീര്‍ക്കുകയായിരുന്നുവെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം കേന്ദ്രീകൃത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ട രാജ്യത്തെ 90 ജില്ലകള്‍ക്ക് അഭൂതപൂര്‍വമായ പദ്ധതികള്‍ അനുവദിച്ചെങ്കിലും സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നു വേണ്ട സഹകരണം ഇക്കാര്യത്തിലുണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് ഈ ജില്ലകളില്‍ ബാങ്കുശാഖകള്‍ ആരംഭിക്കുകയും മറ്റു സാമ്പത്തിക സഹായസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാര്‍കണക്കില്‍ ഇതിന്‍െറ പെരുത്ത എണ്ണങ്ങളുണ്ടെന്നല്ലാതെ ഗുണഭോക്താക്കള്‍ക്ക് ഇതൊന്നും ലഭ്യമായിട്ടില്ല. സംയോജിത ശിശു വികസനസേവന പദ്ധതികളിലൂടെ രോഗപ്രതിരോധപരിപാടി, അടിസ്ഥാന ആരോഗ്യ സേവന സംവിധാനങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയ ഗ്രാമകേന്ദ്രിത പരിപാടികള്‍ പോലും ഗുണഭോക്താക്കള്‍ക്ക് അനുഭവിക്കാനാവുന്നില്ലെന്നാണ് പരാതി. സച്ചാര്‍ ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷങ്ങള്‍ക്ക് വായ്പ നല്‍കാനുള്ള വൈമുഖ്യം സംബന്ധിച്ച പരാതികള്‍ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി റഹ്മാന്‍ ഖാനും പറയുന്നു. ന്യൂനപക്ഷമന്ത്രാലയത്തിന്‍െറ പരിധിയിലുള്ള വഖഫ് ഭേദഗതി ബില്ലും അവസരസമത്വ കമീഷനും സംവരണത്തിനുള്ളിലെ ഉപസംവരണവുമൊക്കെ തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രഖ്യാപനങ്ങള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. എന്നാല്‍, പ്രയോഗത്തില്‍ അവരെന്നും കബളിപ്പിക്കപ്പെടുകയായിരുന്നു. അതില്‍നിന്നു കരകയറ്റാനാണ് പുതിയ പദ്ധതികള്‍ക്കും സംവിധാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ ഭരണ, ഉദ്യോഗസ്ഥ തലങ്ങളിലെ തളര്‍വാതവും പക്ഷപാതവും മാറ്റിയെടുക്കാതെ അതൊന്നും വിജയിപ്പിച്ചെടുക്കാനാവില്ലെന്നിരിക്കെ, അതിനുള്ള മറുവഴി കൂടി കേന്ദ്രതലത്തില്‍തന്നെ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. |
No comments:
Post a Comment