ദേശീയപാത ടാറിങ്ങില്‍ ക്രമക്കേട്, അഴിമതി Posted: 14 Jan 2013 01:11 AM PST മീനങ്ങാടി: ദേശീയപാത 212ന്‍െറ റീട്ടാറിങ് പ്രവൃത്തികളില്‍ ക്രമക്കേടും അഴിമതിയും നടക്കുന്നതായി പരാതി. റോഡ് വീതികൂട്ടി ടാറിങ് നടത്തുന്നുണ്ടെങ്കിലും പാലങ്ങള്‍ക്ക് പഴയ വീതിതന്നെയാണ്. ഇതിനു പുറമെ പാതയോരത്തെ അക്കേഷ്യയുള്‍പ്പെടെ മരങ്ങളോട് ചേര്‍ത്ത് ടാറിങ് നടത്തുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാര്യാട് ഭാഗത്തും മറ്റുമാണ് ഇങ്ങനെ അപകടം പതിയിരിക്കുന്നത്. ഇതിനുമുമ്പ് ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്. ടാറിങ് പൂര്‍ത്തിയായി വരുന്നതോടെ വാഹനങ്ങളുടെ അമിതവേഗത യാത്രക്കാര്‍ക്ക് ഭീഷണിയായി. രണ്ടു വര്‍ഷത്തോളം കുണ്ടും കുഴിയുമായി ദുരിതയാത്രയാണ് യാത്രക്കാര്‍ അനുഭവിച്ചത്. കരാറുകാരുടെ കിടമത്സരംമൂലം ടാറിങ് പ്രവൃത്തി അനന്തമായി നീണ്ടു. ഇതിനുപുറമെ എസ്റ്റിമേറ്റില്‍ കോടിക്കണക്കിന് രൂപയുടെ വര്‍ധനയും വരുത്തി. പ്രവൃത്തിയില്‍ തട്ടിപ്പു നടത്താന്‍ സഹായകമാകുന്നവിധത്തിലാണ് ഉദ്യോഗസ്ഥരുടെ നിലപാടുകളെന്നും പരാതിയുണ്ട്. പഴയ റോഡ് ഇളക്കിയും ലെവല്‍ചെയ്തും റബറൈസ്ഡ് റോഡാക്കിമാറ്റുന്ന പ്രവൃത്തിയാണ് നടക്കുന്നത്. എന്നാല്‍, ഇളക്കിയ കല്ലും പഴയ ടാറിങ്ങും തന്നെ റോഡില്‍ നിരത്തി അതിനുമുകളിലാണ് നൂതനമായ ടാറിങ് പ്രവൃത്തി നടത്തുന്നത്. ഗുണനിലവാരം കുറഞ്ഞ പാറപ്പൊടിയും കല്ലുമാണ് ഉപയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്. റോഡിന്‍െറ ഇരുസൈഡുകളിലും 75 സെ.മീ. വീതിയില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് ഉറപ്പിച്ചശേഷം ടാറിങ് പ്രവൃത്തി നടത്തണമെന്നാണ് നിര്‍ദേശമെങ്കിലും ഇരുവശങ്ങളിലും പാറമടകളില്‍ നിന്നും ഒഴിവാക്കുന്ന മട്ടിക്കല്ലിട്ട് വീതികൂട്ടിയാണ് പ്രവൃത്തി നടക്കുന്നത്. റോഡ് ലെവലിങ് പണികള്‍ നടക്കുന്നുണ്ടെങ്കിലും ഇത് പലയിടത്തും ശാസ്ത്രീയമല്ല. ടാറിങ് പ്രവൃത്തിക്ക് കി.മീറ്ററിന് ഒരു കോടിയിലധികം രൂപയാണ് ചെലവ്. ലെവലിങ് കഴിഞ്ഞാല്‍ (മക്കാഡം) റോഡ് റബറൈസ്ഡ് ചെയ്യുന്ന പ്രവൃത്തി നടക്കാനിരിക്കെ ലെവലില്ലാത്ത റോഡില്‍ മക്കാഡം നടത്തിയാല്‍ വേഗത്തില്‍വരുന്ന വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. റോഡിന്‍െറ ബലക്ഷയം ഇപ്പോള്‍ തന്നെ പ്രകടമാവുന്നുണ്ട്. ഇത് അറ്റകുറ്റപ്പണി നടത്തി മുന്നോട്ടുപോവുകയാണ്. |
പ്രതിഭകള്‍ തുഞ്ചന്‍െറ മണ്ണുതൊട്ടു Posted: 14 Jan 2013 12:30 AM PST തിരൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മത്സരാര്‍ഥികള്‍ക്ക് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ നേതൃത്വത്തില്‍ ആവേശകരമായ വരവേല്‍പ്പ്. എറണാകുളം പുല്ലേപ്പടി ദാറുല്‍ഉലൂം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 21 അംഗ സംഘമാണ് ഞായറാഴ്ച വൈകീട്ട് 5.45ന് കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍ തിരൂരിലെത്തിയത്. കഴിഞ്ഞവര്‍ഷത്തെ യുവജനോത്സവത്തില്‍ അറബിഗാനത്തില്‍ ഒന്നാംസ്ഥാനം നേടിയ ഈ വിദ്യാലയത്തിലെ റജീബ് എന്ന വിദ്യാര്‍ഥിയെ മന്ത്രി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് സംഘത്തിലെ എല്ലാവര്‍ക്കും പൂച്ചെണ്ടും മധുരപലഹാരവും നല്‍കി. ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തിരൂര്‍ ലോക്കല്‍ അസോസിയേഷന്‍, വിവിധ രാഷ്ട്രീയസംഘടനകള്‍ എന്നിവരും അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു. തിരൂര്‍ നഗരസഭയുടെയും ചേംബര്‍ ഓഫ് കൊമേഴ്സിന്‍െറയും ആഭിമുഖ്യത്തില്‍ കലാപ്രതിഭകളെ സ്വീകരിച്ച് ഫാത്തിമമാത ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബാന്‍ഡ്വാദ്യത്തിന്‍െറ അകമ്പടിയോടെയാണ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മലപ്പുറത്തേക്ക് വിട്ടത്. എം.എല്‍.എമാരായ സി. മമ്മൂട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സഫിയ, വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, വ്യാപാരി നേതാക്കളായ പി.എ. ബാവ, പി. പി. അബ്ദുറഹ്മാന്‍, മമ്മി ചെറുതോട്ടത്തില്‍, കെ.കെ. റസാഖ്, തിരൂര്‍ ഡി.ഇ.ഒ ഗിരീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വെട്ടം ആലിക്കോയ, സലീം കുരുവമ്പലം, തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി, എസ്.ഐ. ജ്യോതീന്ദ്രകുമാര്‍, അബ്ദുല്ലക്കോയ തങ്ങള്‍, കെ.കെ. മുഹമ്മദ്, അബ്ദുല്‍ ഹഖ്, ഡോ. ഖമറുന്നീസ അന്‍വര്‍, കണ്ടാത്ത് മുഹമ്മദലി, രമാശശിധരന്‍, ഹമീദ് കൈനിക്കര, നഗരസഭാ കൗണ്‍സലര്‍മാര്‍, വിവിധ രാഷ്ട്രീയ-കലാസാംസ്കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങി ആയിരങ്ങളാണ് സ്വീകരണചടങ്ങില്‍ പങ്കെടുത്തത്. ട്രെയിനി ലെത്തുന്നവരെ സ്വീകരിക്കാന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ തുറന്നിട്ടുണ്ട്. |
പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കും -കരസേന മേധാവി Posted: 13 Jan 2013 10:49 PM PST ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരെ അരും കൊല ചെയ്ത പാകിസ്താന്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്. പ്രകോപനം തുടര്‍ന്നാല്‍ പാകിസ്താനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. തിരിച്ചടിക്കേണ്ട സാഹചര്യം വന്നാല്‍ അതിനുള്ള സമയവും സ്ഥലവും ഇന്ത്യന്‍ ആര്‍മി തീരുമാനിക്കും. പാകിസ്താന്‍ ആരോപിക്കുന്നത് പോലെ ജനുവരി ആറിന് ഇന്ത്യന്‍ സേന ഒരു തരത്തിലുള്ള സൈനിക നീക്കവും നടത്തിയിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കും. പട്ടാളക്കാര്‍ സ്വീകരിക്കേണ്ട മാന്യതയാണ് പാകിസ്താന്‍ ലംഘിച്ചത്. വിഷയത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം സര്‍ക്കാറിലൂടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സിലൂടെയും പാകിസ്താനെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ഫ്ളാഗ് മീറ്റിങ്ങില്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ സൂക്ഷ്മതയും സംയമനവും പാലിച്ചു. ഇത് പ്രശംസനീയമാണെന്നും ബിക്രം സിങ് പറഞ്ഞു. കരസേനയിലെ ആധുനീക വല്‍ക്കരണത്തെക്കുറിച്ച് വിശദീകരിക്കാനാണ് ബിക്രം സിങ് വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ആരംഭിച്ച വാര്‍ത്താ സമ്മേളനത്തില്‍ പ്രാധാന്യം ലഭിച്ചത് ഇന്ത്യ-പാക് പ്രശ്നത്തിനായിരുന്നു. |
വാണിജ്യ വെട്ടിപ്പുകള്‍ നേരിടാന്‍ ഉന്നത സമിതി Posted: 13 Jan 2013 09:53 PM PST അബൂദബി: രാജ്യത്ത് മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനും വിപണിയില്‍ സുതാര്യത ഉറപ്പാക്കാനുമുള്ള ഫെഡറല്‍ നിയമഭേദഗതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും ദേശീയ വിപണിയില്‍ വെട്ടിപ്പ് ഇല്ലാതാക്കാനും സാധ്യമായ നിയമ നടപടികളെല്ലാം സ്വീകരിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വ്യക്തമാക്കി. ഇതിന്‍െറ ഭാഗമായി വാണിജ്യ വെട്ടിപ്പുകള്‍ നേരിടുന്നതിന് ഉന്നത സമിതിക്ക് കാബിനറ്റ് രൂപം നല്‍കി. സാമ്പത്തിക ഉപമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍. വെട്ടിപ്പുകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ നടപടിയെടുക്കുന്നതിനൊപ്പം നിയമം നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കുന്നതും സമിതിയുടെ ചുമതലയാണ്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെയും വാണിജ്യ വെട്ടിപ്പുകള്‍ നേരിടുന്ന നിയമത്തിലെയും ഭേദഗതികള്‍ വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെയും കച്ചവടക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യാജവും നിലവാരം കുറഞ്ഞതുമായ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കും. ഇത്തരം ഇറക്കുമതി ഉല്‍പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരികെ അയക്കും. അല്ലെങ്കില്‍ നശിപ്പിക്കും. സൗജന്യ ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പും അവസാനിപ്പിക്കും. തെറ്റിദ്ധാരണാജനകമായതും ജനങ്ങളെ വഴിതെറ്റിക്കുന്നതുമായ പരസ്യങ്ങള്‍ നിരോധിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. |
വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി സുനില്‍ തിരിച്ചു വന്നു Posted: 13 Jan 2013 09:49 PM PST മനാമ: മരണശയ്യയില്‍നിന്ന് സുനില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഇന്നും പ്രവാസി മലയാളികളുടെ നൊമ്പരമായി അവശേഷിക്കുന്ന നാല് പേരുടെ മരണത്തിനിടയാക്കിയ ഹമദ് ടൗണ്‍ തീപിടിത്ത ദുരന്തത്തില്‍ വിഷപ്പുക ശ്വസിച്ച് ബോധം നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയില്‍ നാട്ടിലേക്ക് കയറ്റി അയച്ച സുനിലാണ് വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി ബഹ്റൈനില്‍ തിരിച്ചെത്തിയിരിക്കുന്നത്. സുനിലിന്‍െറ ബഹ്റൈനിലുള്ള സഹോദരന്‍ സുനീഷിനോട് അന്ന് ബി.ഡി.എഫിലെ ഡോക്ടര്‍മാര്‍ പറഞ്ഞതിങ്ങനെയായിരുന്നു ‘ദൈവത്തോട് പ്രാര്‍ഥിക്കുക. ദൈവത്തിന് മാത്രമേ സുനിലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കൂ...’ ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ട് ആശുപത്രി കിടക്കയുടെ അരികത്ത് സഹോദരനെ തിരിച്ചു കിട്ടണമെന്ന പ്രാര്‍ഥനയോടെ എല്ലാം ഉള്ളിലൊതുക്കി സുനീഷ് കണ്ണീരൊലിപ്പിച്ച് കാത്തിരുന്നു. പത്തനംതിട്ട എളമന്നൂരിലെ സുനിലിന്‍െറ അഛന്‍ ശശിധരനും അമ്മ സുശീലക്കും ഉറക്കമില്ലാത്ത രാത്രികളായിരുന്നു. സുനിലിന്‍െറ ദുരവസ്ഥ അന്ന് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശരീരത്തിനുള്ളില്‍ കയറിയ വിഷപ്പുക നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് സുനിലിന് ബോധം തിരിച്ചുകിട്ടിയത്. 24 ദിവസത്തോളം ബി.ഡി.എഫില്‍ കഴിഞ്ഞ ശേഷം വീല്‍ ചെയറില്‍ നാട്ടിലേക്ക് കൊണ്ടുപോയ സുനിലിന് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നല്‍കിയ വിദഗ്ധ ചികിത്സയിലാണ് എഴുന്നേറ്റ് നടക്കാനായത്. തന്‍െറ കൂടെ കിടന്നുറങ്ങിയിരുന്ന നാല് സുഹൃത്തുക്കള്‍ മരിച്ച സംഭവം സുനില്‍ അറിയുന്നത് രോഗം ഭേദമായെന്ന് ഉറപ്പാക്കിയ ശേഷം ഡോക്ടര്‍മാര്‍ പറയുമ്പോഴാണ്. ഡോക്ടര്‍ ഇക്കാര്യം അറിയിച്ച ശേഷം ‘ഗള്‍ഫ് മാധ്യമ’ത്തില്‍ വന്ന ദുരന്ത വാര്‍ത്തകള്‍ സഹോദരന്‍ സുനീഷ് സുനിലിനെ കാണിക്കുകയായിരുന്നു. സംസാരിക്കുമ്പോള്‍ ഇപ്പോഴും ഇടക്ക് കിതപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും സുനിലിനില്ല. ഹമദ് ടൗണ്‍ ദുരന്തത്തിന് ഈമാസം 23ന് ഒരു വര്‍ഷം തികയാനിരിക്കെ ആരോഗ്യവാനായി സുനില്‍ ബഹ്റൈനില്‍ തിരിച്ചെത്തിയിരിക്കുന്നു. പക്ഷേ, തിരിച്ചെത്തിയ ദിനം കേള്‍ക്കാനിടയായത് മനാമയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്ത ദുരന്തമാണ്. സുനില്‍ ബഹ്റൈനില്‍ എത്തിയതറിഞ്ഞ് ‘ഗള്‍ഫ് മാധ്യമം’ ബന്ധപ്പെട്ടപ്പോള്‍ വികാരാധീനമായിരുന്നു പ്രതികരണം. ഇപ്പോള്‍ എല്ലാം ഭേദമായെന്ന് പറഞ്ഞ സുനില്‍ കല്യാണം പറഞ്ഞുറപ്പിച്ചാണ് വന്നിരിക്കുന്നതെന്ന സന്തോഷവും പങ്കുവെച്ചു. അന്നുണ്ടായ സംഭവം സുനില്‍ തന്നെ വിശദീകരിക്കട്ടെ: ‘ബഹ്റൈനില്‍ എത്തി എട്ടു മാസത്തിന് ശേഷമാണ് ദുരന്തമുണ്ടാകുന്നത്. നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് മാറി പുതിയ കമ്പനിയിലേക്ക് വിസ മാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഹൃത്തുക്കളായ പ്രിയേഷും ലാലുവുമായി ചര്‍ച്ച ചെയ്യാനാണ് മനാമയില്‍ താമസിക്കുന്ന ഞാന്‍ ഹമദ് ടൗണിലെത്തിയത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അന്നവിടെ തങ്ങാന്‍ തീരുമാനിച്ചു. നല്ല തണുപ്പുള്ള രാത്രിയായിരുന്നു. വടകര സ്വദേശികളായ സുരേഷ്ബാബു (45), നകുലന്‍ (53), മടപ്പള്ളിയിലെ പ്രിയേഷ് (27), തൃശൂര്‍ ഇരിങ്ങാലക്കുട കല്ലേറ്റിങ്കര ലാലു (37) എന്നിവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ കിടന്നു. റൂമിന് പുറത്ത് വിറക് കത്തിച്ച് ചൂട് കാഞ്ഞശേഷം കിടന്നുറങ്ങുകയായിരുന്നു അവരുടെ പതിവ്. അന്ന് പക്ഷേ, പെയിന്‍റ് ടിന്നിനകത്ത് വിറക് കത്തിച്ച ശേഷം റൂമിനകത്തേക്ക് എടുത്തു വെച്ചു. ഒരു ദുരന്തത്തിന് വഴിയൊരുക്കുകയായിരുന്നു അവരെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കിടന്നുറങ്ങിയതില്‍ പിന്നെ സംഭവിച്ചതൊന്നും എനിക്ക് ഓര്‍മയില്ലായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ബി.ഡി.എഫ് ആശുപത്രിയില്‍ ബോധം തെളിഞ്ഞപ്പോള്‍ സുഹൃത്തുക്കളെക്കുറിച്ച് ഞാന്‍ സുനീഷിനോട് ചോദിച്ചു. അവര്‍ നാട്ടില്‍ പോയിരിക്കയാണെന്നാണ് സുനീഷ് മറുപടി പറഞ്ഞത്. അവന്‍ തമാശ പറയുകയാണെന്ന് കരുതി സമാധാനിച്ചു. രണ്ട് മാസത്തിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ വിഷപ്പുക പൂര്‍ണമായും നീങ്ങിയെന്ന് എം.ആര്‍.ഐ സ്കാനിലൂടെ ഉറപ്പാക്കിയ ശേഷമാണ് ഡോക്ടര്‍മാര്‍ ആ ദുരന്ത വിവരം എന്നോട് പറഞ്ഞത്. സുനീഷ് കൈയ്യില്‍ കരുതിയിരുന്ന ‘ഗള്‍ഫ് മാധ്യമം’ പത്രവും എനിക്ക് കാണിച്ചുതന്നു. ഹമദ് ടൗണില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്ന ലാലുവും ജോലിക്കാരായിരുന്ന പ്രിയേഷും നകുലനും ബാബുവും ഇനി തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഇപ്പോള്‍ എനിക്ക് കുഴപ്പമൊന്നുമില്ല. സംസാരത്തിന് ചെറിയ തടസ്സമുണ്ട്. അത് പതിയെ മാറുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ചവരോടെല്ലാം ഒരു പാട് കടപ്പാടുണ്ട്. വീട്ടില്‍ അഛനും അമ്മയും മാത്രമാണുള്ളത്. ഞങ്ങള്‍ രണ്ട് മക്കളും ഇവിടെയുമാണ്. നല്ലൊരു ജോലി സ്വകാര്യ കമ്പനിയില്‍ കിട്ടിയതുകൊണ്ടാണ് അവരെ തനിച്ചാക്കി വീണ്ടും ഇവിടെ എത്തിയത്. തണുപ്പ് കാലമാണ്. ഇനിയൊരു ദുരന്തം ഇതുപോലെ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നാണ് എന്‍െറ പ്രാര്‍ഥന’-സുനില്‍ പറഞ്ഞു നിര്‍ത്തി. |
കലിതുള്ളിയെത്തിയ ഹൃദ്രോഗം തോറ്റു; ഗീതാനന്ദന്‍െറ തുള്ളലിന് ഒമാനില്‍ രണ്ടാം ജന്മം Posted: 13 Jan 2013 09:40 PM PST സൊഹാര്‍ : കടുത്ത ഹൃദ്രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന് സുല്‍ത്താനേറ്റിന്‍െറ മണ്ണില്‍ ‘പുനര്‍ജന്മം’. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ഒമാനിലെ സൊഹാറില്‍ ഗീതാനന്ദന്‍െറ തുള്ളലിന് വീണ്ടും താളം മുഴങ്ങി. യൂറോപ്പിലും ഗള്‍ഫിലുമടക്കം അയ്യായിരത്തില്‍ പരം വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ച അനുഗ്രഹീത കലാകാരന് സൊഹാറിലെ ‘കരുണ’ എന്ന സംഘടനയാണ് തിരിച്ചുവരവിന് വേദിയൊരുക്കിയത്. 38 വര്‍ഷത്തെ കലാസപര്യക്കിടെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തില്‍ വിധികര്‍ത്താവായും പരിശീലകനുമായി നിറഞ്ഞുനിന്നിരുന്ന ഗീതാനന്ദന്‍ ഇക്കുറി മലപ്പുറത്തെ കലോത്സവ നഗരിയില്‍ കാഴ്ചക്കാരന്‍ മാത്രമായിരിക്കും. കൊടിയ ദാരിദ്ര്യത്താല്‍ പിതാവ് മധ്യമാവധി രാഗം പാടി അവസാനിപ്പിച്ച തുള്ളല്‍കലയെ വീണ്ടും നാട്ടരാഗം പാടി ഉണര്‍ത്തിയ മകനാണ് ഈ കലാകാരന്‍. തുള്ളല്‍കലയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഇദ്ദേഹം 20 വര്‍ഷമായി കലാമണ്ഡലത്തിലെ ഓട്ടന്‍തുള്ളല്‍ മേധാവിയാണ്. ലോകത്തെമ്പാടുമുള്ള അദ്ദേഹത്തിന്‍െറ ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ക്കും ആശ്വാസമേകുന്നതാണ് അദ്ദേഹത്തിന്‍െറ തിരിച്ചുവരവ്. വൃദ്ധനായ ഹനുമാനായി വേദിയിലെത്തിയ അദ്ദേഹം ഭീമാകാരനായ ഭീമനിലെക്കും സുന്ദരിയായ പാഞ്ചാലിയിലേക്കും ക്രോധം നിറഞ്ഞ രാവണനിലേക്കും ഭാവ പകര്‍ച്ച നടത്തി ആസ്വാദകരെ അമ്പരപ്പിച്ചു. സൊഹാറില്‍ ‘കല്യാണ സൗഗന്ധികം’ എന്ന കഥയാണ് ആചാര്യന്‍ തുള്ളി തിമിര്‍ത്തത്. അമ്പലത്തില്‍ മാല കെട്ടി കിട്ടുന്ന തുട്ടുകളിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഈ കലാകാരന്‍ തന്‍െറ ജീവിതാനുഭവങ്ങള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പങ്കുവെക്കുമ്പോള്‍ പലപ്പോഴും കണ്ഠമിടറി. നീണ്ട കലാജീവിതത്തിനിടയില്‍ ഒന്നും മിച്ചം വെക്കാനാകാതെ എല്ലാം വലിച്ചെറിഞ്ഞു മദ്രാസിലേക്ക് വണ്ടി കയറിയ പിതാവ് കേശവന്‍ നമ്പീശന് കുഞ്ചന്‍ അവാര്‍ഡ് വാങ്ങി കൊടുക്കാന്‍ കഴിഞ്ഞതാണ് തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം തുള്ളല്‍ കലാനിധി പട്ടവും വീരശൃംഖല പട്ടവും നേടിയ ഗീതാനന്ദനെ തേടി സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കുഞ്ചന്‍ അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. ഇന്ത്യയില്‍ യു.ജി.സി ശമ്പളമുള്ള ആദ്യ തുള്ളല്‍ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. കേരളീയ സംസ്കാരത്തെയും കലകളെയും വലിച്ചെറിഞ്ഞു പാശ്ചാത്യ സംസ്കാരത്തിന് പിന്നാലെ പ്രവാസി കുടുംബങ്ങള്‍ പായുമ്പോള്‍ വിദേശികള്‍ നമ്മുടെ കലയുടെ ഉപസകരായി മാറുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇളനീര്‍ വിദേശിക്ക് കൊടുത്തിട്ട് നമ്മള്‍ കൊക്കകോള കുടിക്കുന്ന പോലെ’- അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്‍െറയും അതിര്‍വരമ്പുകളില്ലാതെ മലയാളി കലാകാരനോട് പ്രകടിപ്പിക്കുന്ന സ്നേഹത്തിന്‍െറ ഊഷ്മളതായാണ് തനിക്ക് ഒമാനില്‍ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാമണ്ഡലം ഹൈദരലിയുടെ സഹയാത്രികനായിരിക്കെ ക്ഷേത്ര മതിലുകള്‍ പൊളിച്ചു മാറ്റി അദ്ദേഹത്തിന്‍െറ കലാപ്രകടനതിനു അവസരമൊരുക്കിയ കഥകളും അദ്ദേഹം ഓര്‍ത്തെടുത്തു. കമലദളം, തൂവല്‍ കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛന്‍, കഥാനായകന്‍, ദില്ലി വാലാ രാജകുമാരന്‍ തുടങ്ങി 23 സിനിമകളില്‍ വേഷമിട്ട ഗീതാനന്ദന്‍ കാവ്യാമാധവന്‍, നവ്യനായര്‍, ശ്രീലക്ഷ്മി ,വിന്ധുജ മേനോന്‍, ദേവി ചന്ദന ,രശ്മി സോമന്‍ തുടങ്ങിയ താരങ്ങളുടെ ഗുരുകൂടിയാണ്. മലീമസമായ സമീപകാല സംഭവങ്ങള്‍ പലതും കുഞ്ചന്‍ നമ്പ്യാര്‍ മുന്നൂറു വര്‍ഷം മുമ്പ് തുള്ളല്‍ രചനകളിലൂടെ വിമര്‍ശിച്ചതാണെന്ന് ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടി. ‘കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം, തനയന്‍ ജനകനെ വഞ്ചന ചെയ്യും ജനകന്‍ തനയനെ വധവും കൂട്ടും അനുജന്‍ ജേഷ്ഠനെ വെട്ടികൊല്ലും ഈ മനുജന്‍മാരുടെ മാര്‍ഗമിതല്ലോ’ |
കലോത്സവ കൊടിയുയര്‍ന്നു Posted: 13 Jan 2013 09:30 PM PST മലപ്പുറം: ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെയും ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യരുടെയും പോരിശകളുറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണില്‍ 53ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയുയര്‍ന്നു. പ്രധാനവേദിയായ മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ ഡി.പി.ഐ എ. ഹാജഹാന്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ പി.ഉബൈദുള്ള എം.എല്‍.എ, പി.ശ്രീരാമകൃഷ്ണന്‍, കെ.എന്‍.എ. ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകീട്ട് നാലു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇതിന് മുന്നോടിയായി ഉച്ചക്ക് 2.30ന് മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ജില്ലയിലെ 83 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ വര്‍ണാഭമായ ഘോഷയാത്രയില്‍ പങ്കെടുക്കും. 2.75 കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഘോഷയാത്രയില്‍ 43 ഫ്‌ലോട്ടുകളും അണിനിരക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 20ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, പി.കെ. അബ്ദുറബ്ബ്, എം. കെ. മുനീര്‍ തുടങ്ങിയവര്‍ സംസാരിക്കും. 14 ജില്ലകളില്‍ നിന്ന് കടഞ്ഞെടുത്ത 8049 മത്സരാര്‍ഥികള്‍ക്കൊപ്പം അപ്പീല്‍വഴിയും കോടതിവഴിയും എത്തുന്നവരുള്‍പ്പെടെ പതിനായിരം കടക്കുന്ന പങ്കാളിത്തം മേളക്കുണ്ടാകും. മലപ്പുറം നഗരത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സജ്ജമാക്കിയ 18 വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക. ഇതില്‍ കോട്ടക്കുന്നിലെ അരങ്ങ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരികപരിപാടികളും 16 വേദികളില്‍ മത്സരങ്ങളും മലപ്പുറം കുന്നുമ്മലില്‍ പെരിന്തല്‍മണ്ണ റോഡിലെ മറ്റൊരു വേദിയില്‍ എക്‌സിബിഷനും നടക്കും. പുതുതായി ഉള്‍പ്പെടുത്തിയ 14 ഇനങ്ങള്‍ ഉള്‍പ്പെടെ 232 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കലോത്സവവിജയികള്‍ക്ക് സമ്മാനിക്കാന്‍ 117.5 പവന്റെ സ്വര്‍ണക്കപ്പ് നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് ജില്ലയില്‍ നിന്ന് ഏറ്റുവാങ്ങി കലോത്സവനഗരിയിലെത്തിച്ചിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്ക് ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന 12 സ്‌കൂളുകളിലായാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയത്. ഇവിടേക്ക് പ്രത്യേകം ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരൂര്‍, അങ്ങാടിപ്പുറം റെയില്‍വെ സ്‌റ്റേഷനുകളില്‍ മത്സരാര്‍ഥികളെ സ്വീകരിക്കാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തിനുള്ള ആദ്യസംഘം ഞായറാഴ്ച തിരൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ വഴി മലപ്പുറത്തെത്തി.1500 വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി ഉണ്ടാകും. 5000 പേര്‍ക്കിരിക്കാവുന്ന പ്രധാനപന്തലും ഒരേസമയം 3000 പേര്‍ക്ക് ഭക്ഷണം വിളമ്പാന്‍ കഴിയുന്ന പന്തലും സജ്ജമായി. കലോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ നടന്‍ മധു ഉദ്ഘാടനം ചെയ്യും. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിങ് സൗകര്യത്തിന് കലോത്സവനഗരിയില്‍ ഇന്റര്‍നെറ്റ് വൈഫൈ കണക്ടിവിറ്റി ലഭ്യമാകും. മഹാകവി അക്കിത്തം, ഡോ. പി. കെ വാര്യര്‍, സി. രാധാകൃഷ്ണന്‍, ഡോ. എം. ഗംഗാധരന്‍, നിലമ്പൂര്‍ ആയിഷ എന്നിവരെ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ആദരിക്കും. പുതുക്കിയ മാന്വല്‍ പ്രകാരമാണ് ഈ വര്‍ഷം കലോത്സവം നടക്കുന്നത്. 20 കമ്മിറ്റികള്‍ക്ക് കീഴിലായി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. സമരത്തിലുള്ള അധ്യാപകസംഘടനകള്‍ കൈകാര്യം ചെയ്തിരുന്ന സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനം കോ കണ്‍വീനര്‍മാര്‍ക്ക് ചുമതല നല്‍കി പുന:സംഘടിപ്പിച്ചു. ഭക്ഷണം, സ്‌റ്റേജ്പന്തല്‍, ട്രോഫി, നിയമപാലനം തുടങ്ങിയ കമ്മിറ്റികളുടെ പ്രവര്‍ത്തനമാണ് പുന:സംടിപ്പിച്ചത്. ഇനിയുള്ള ഏഴ് പകലിരവുകളില്‍ കൗമാരകൈരളി പടപ്പാട്ടിന്റെയും കിളിപ്പാട്ടിന്റെയും മണ്ണില്‍ കലയുടെ പുതുവസന്തം തീര്‍ക്കും. മലയാളനാടിന്റെ കണ്ണും കാതും ഇനി മലപ്പുറത്തിന്റെ ആകാശത്തേക്കാണ്. |
യൂനിഫോം ഏകീകരണത്തിന് വന്‍ തുക: എതിര്‍പ്പുമായി രക്ഷിതാക്കളുടെ കത്ത് Posted: 13 Jan 2013 09:29 PM PST കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ യൂനിഫോം ഏകീകരണത്തിന്‍െറ പേരില്‍ വന്‍ തുക ഈടാക്കാനുള്ള തീരുമാനത്തിനെതിരെ രക്ഷിതാക്കള്‍ സംഘടിതമായി രംഗത്തെത്തുന്നു. ഇതിന്‍െറ ആദ്യപടിയെന്നോണം 128 രക്ഷിതാക്കള്‍ ഒപ്പിട്ട കത്ത് സ്കൂളിന്‍െറ ഭരണപരമായ നടത്തിപ്പിന്‍െറ ചുമതലയുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന് അയച്ചു. യൂനിഫോം ഏകീകരണത്തിന്‍െറ പേരില്‍ വന്‍ തുക ഈടാക്കാനുള്ള നീക്കം ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അതിനെതിരെ രക്ഷിതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കുന്നതാണ് കത്ത്. സാധാരണക്കാരായ ഒട്ടേറെ ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ മക്കള്‍ക്ക് മിതമായ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ ആശ്രയിക്കുന്ന കമ്യൂണിറ്റി സ്കൂള്‍ യൂനിഫോം ഏകീകരണത്തിന്‍െറ പേരില്‍ വന്‍ തുക ഈടാക്കുന്നത് കനത്ത ചൂഷണമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബോര്‍ഡിലെ ചില തല്‍പരകക്ഷികള്‍ക്ക് വന്‍ സാമ്പത്തികനേട്ടം മാത്രമുണ്ടാക്കാനാണ് വളരെ ചെറിയ നിരക്കില്‍ പുറത്തുനിന്ന് ലഭിക്കാവുന്ന യൂനിഫോമിന്‍െറ പേരില്‍ വന്‍ തുക ഈടാക്കാന്‍ നീക്കം നടക്കുന്നത്. ശരാശരി ഒരുസെറ്റിന് 20 ദീനാര്‍ വാങ്ങിയാല്‍ 7,000 കുട്ടികളുടെ യൂനിഫോമിന് 1,50,000 ദീനാര്‍ എങ്കിലും ഈടാക്കാനാവും. ഇതിന്‍െറ നാലിലൊരു ഭാഗംകൊണ്ട് തന്നെ മികച്ച നിലവാരമുള്ള യൂനിഫോം നല്‍കാനാവുമെന്നിരിക്കെ ഇത്ര വലിയ തുക വാങ്ങുന്നതെന്തിനാണ്? ഒരു കുട്ടിക്ക് ചുരുങ്ങിയത് മൂന്ന് ജോടി യൂനിഫോം വേണമെന്നിരിക്കെ രക്ഷിതാക്കള്‍ എത്ര തുക ഇതിനായി ചെലവഴിക്കേണ്ടിവരും? കത്തില്‍ ചോദിക്കുന്നു. കുടുതല്‍ രക്ഷിതാക്കളുടെ ഒപ്പോടുകൂടി ഉടന്‍ ഒരു കത്ത് കൂടി ബോര്‍ഡിന് കൈമാറുമെന്നും നീക്കം പിന്‍വലിക്കുംവരെ ഇതിനെതിരായ ശ്രമം തുടരുമെന്നും കത്തില്‍ ഒപ്പിട്ട ഒരു രക്ഷിതാവ് ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. കമ്മ്യൂണിറ്റി സ്കൂളില്‍ യൂണിഫോം ഏകീകരണത്തിന്‍െറ പേരില്‍ വന്‍ തുക ഈടാക്കാനുള്ള നീക്കം കഴിഞ്ഞദിവസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതോടെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന നാലു ബ്രാഞ്ചുകളിലെയും പി.എ.സി അംഗങ്ങളുടെ യോഗവും യൂനിഫോമിനായി വന്‍ തുക ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രമേയം പാസാക്കിയിരുന്നു. പി.എ.സിയുടെ വികാരം ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ അറിയിച്ചുണ്ടെങ്കിലും പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍െറ തലപ്പത്തും അംഗങ്ങളായും മലയാളികളുണ്ട്. യൂനിഫോം ഏകീകരണത്തിന്‍െറ ചുമതലയുള്ള കമ്മിറ്റിയുടെ കണ്‍വീനറും മലയാളിയാണ്. ഇദ്ദേഹത്തിന്‍െറ നേൃത്വത്തില്‍ തന്നെയാണ് യൂനിഫോം വിതരണത്തിന് വന്‍തുകക്ക് ക്വട്ടേഷന്‍ എടുത്തിരിക്കുന്നതും. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലെ മറ്റൊരു മലയാളി അംഗം പ്രമുഖ മലയാളി സംഘടനയുടെ നേതൃസ്ഥാനത്തുള്ളയാള്‍ കൂടിയാണ്. ക്ഷണിച്ചപ്പോള്‍ ലഭിച്ച ഏറ്റവും കുറഞ്ഞ തുകക്കാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതെന്നാണ് ബോര്‍ഡ് മീറ്റിങ്ങില്‍ വ്യക്തമായതെന്ന് ഇദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രക്ഷിതാക്കളുടെ പ്രതിഷേധം മനസ്സിലായിട്ടുണ്ടെന്നും അടുത്ത യോഗത്തില്‍ ഇത് ബോര്‍ഡിന്‍െറ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡില്‍ പുറമേക്ക് സുതാര്യതയുണ്ടെങ്കിലും പല കാര്യങ്ങളും എല്ലാ അംഗങ്ങളും അറിയാറില്ലെന്നും അദ്ദേഹം പറഞ്ഞു. യൂനിഫോം ഏകീകരണ തീരുമാനം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്ത് എടുത്തതാണെന്നും രക്ഷിതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതും ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്നും ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലെ മറ്റൊരു മലയാളി അംഗം വ്യക്തമാക്കി. അതേസമയം, ഒട്ടേറെ മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന, ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായ സ്കൂളായിട്ടും മുഖ്യധാരാ സംഘടനകളൊന്നും ഈ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടിട്ടില്ല. മുമ്പ് കമ്യൂണിറ്റി സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായപ്പോള്‍ മലയാളി സംഘടനകള്‍ മുന്‍കൈയെടുത്ത് ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചിരുന്നെങ്കിലും ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളില്‍ തട്ടി നിര്‍ജീവമാവുകയായിരുന്നു. സജീവമായി രംഗത്തിറങ്ങിയവരില്‍ ചിലര്‍ ബോര്‍ഡ് അംഗങ്ങളാവുക കൂടി ചെയ്തതോടെ ആക്ഷന്‍ കമ്മിറ്റിയുടെ ആക്ഷന്‍ നിലച്ചു. ഈ അനുഭവം മുന്നിലുള്ളതുകാണ്ടുതന്നെ പരസ്യമായി രംഗത്തിറങ്ങാന്‍ മുഖ്യാധാരാ സംഘടനകള്‍ മടിക്കുകയാണ്. പല സംഘങ്ങള്‍ക്കും ഇത് സ്ഥാനലബ്ധിയുടെയും അംഗീകാരത്തിന്‍െറയും കൂടി വിഷയമായതിന്‍െറ പേരില്‍ യഥാര്‍ഥ പ്രശ്നങ്ങള്‍ക്കുനേരെ മുഖം തിരിക്കപ്പെടുന്ന അവസ്ഥയാണ്. യൂനിഫോം ഏകീകരണത്തിന്‍െറ വിഷയത്തില്‍ രക്ഷിതാക്കള്‍ മുന്നിട്ടിറങ്ങണമെന്നാണ് പല സംഘടനാ നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിനെതിരെ രംഗത്തിറങ്ങാന്‍ മിക്ക രക്ഷിതാക്കള്‍ക്കും ആശങ്കയും ഭയവുമുണ്ട്. രക്ഷിതാക്കള്‍ സംഘടിതരല്ലെന്നും തിരിച്ചടിയാണ്. അവരെ സംഘടിതരാക്കി ഇത്തരം അനീതികള്‍ക്കും കമ്യൂണിറ്റി സ്കൂളിന്‍െറ പേരില്‍ നടക്കുന്ന നിരവധി ക്രമക്കേടുകള്‍ക്കുമെതിരെ ഒന്നിച്ചുനിര്‍ത്തേണ്ടത് സാമൂഹിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ചുമതലയാണ്. സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി പോരാടിയാല്‍ മാത്രമേ സ്കൂളിനെ കമ്യൂണിറ്റിയുടെ സ്വന്തം സ്കൂളാക്കി മാറ്റാന്‍ സാധിക്കൂ. |
ഗോള്‍ഡന്‍ ഗ്ളോബ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: ആര്‍ഗോ മികച്ച ചിത്രം Posted: 13 Jan 2013 09:16 PM PST ലോസ് ആഞ്ജലസ്: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ളോബ് പുരസ്ക്കാരം പ്രഖ്യാപിച്ചു. ബന്‍ അഫ്ളേക്കെ സംവിധാനം ചെയ്ത ‘ആര്‍ഗോ’ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം. മികച്ച സംവിധാനത്തിനുള്ള പുരസ്ക്കാരവും ബന്‍ അഫ്ളേക്കെകാണ്. ‘ലിങ്കണ്‍’ എന്ന ചിത്രത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍്റ് എബ്രഹാം ലിങ്കണെ അനശ്വരനാക്കിയ ഡാനിയല്‍ ഡെ ലൂവീസും ‘സീറോ ഡാര്‍ക്ക് തേര്‍ട്ടി’യില്‍ ഉസാമ ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ച സി.ഐ.എ പ്രവര്‍ത്തകയുടെ റോളിലെത്തിയ ജസീക്ക കാസ്റ്റിനുമാണ് മികച്ച നടനും നടിക്കുമുള്ള പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയത്. ‘ലൈഫ് ഓഫ് പൈ’ക്കാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്ക്കാരം. മൈക്കല്‍ ഡാനാണ് ഈ പശ്ചാത്തല സംഗീതമൊരുക്കിയത്. മികച്ച വിദേശ ചിത്രത്തിനുളള പുരസ്ക്കാരം ‘അമോറും’, മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം ‘ഡിജോംഗോ അണ്‍ചെയിന്‍ഡും’ കരസ്ഥമാക്കി. ബോണ്ട് ചിത്രമായ ‘സ്കൈഫാളിലെ’ തീം സോങ് ഒരുക്കിയ ആഡ്ലേ സ്കൂപ്സ് മികച്ച ഗാനത്തിനുള്ള ഗ്ളോബ് പുരസ്ക്കാരം നേടിയത്. ചലചിത്രലോകത്ത് ഓസ്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള പുരസ്ക്കാരമാണ് ഗോള്‍ഡന്‍ ഗ്ളോബ്. |
പ്രതിസന്ധി പടിവാതില്‍ക്കല്‍ Posted: 13 Jan 2013 08:28 PM PST Byline: സാമ്പത്തികം- പി.സി. സെബാസ്റ്റ്യന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ത്യക്കാരുടെ അമിതമായ സ്വര്‍ണ ഇറക്കുമതിയാണെന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ ശത്രുവിനോട് യുദ്ധംചെയ്യാനുള്ള തയാറെടുപ്പ് ധനമന്ത്രാലയം തുടങ്ങുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന ചില കണക്കുകള്‍ രാജ്യം അതിവേഗത്തില്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുവെന്നതിന്‍െറ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. പക്ഷേ, ന്യായീകരണങ്ങള്‍ നിരത്തി ധനമന്ത്രാലയവും ആസൂത്രണ വിഭാഗവും ഇത് സൗകര്യപൂര്‍വം ഒളിപ്പിക്കുകയാണ്. ഈ ഒളിച്ചു കളി വൈകാതെ രാജ്യത്തെ ഗുരുതരമായ പ്രശ്നങ്ങളിലേക്കാവും നയിക്കുക. നവംബര്‍മാസത്തെ വ്യവസായ ഉല്‍പാദന വളര്‍ച്ചനിരക്ക് പൂജ്യത്തിലും താഴെയെത്തിയെന്ന് സര്‍ക്കാറിന്‍െറ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ കയറ്റുമതി വീണ്ടും ഇടിയുകയും ചെയ്തു. 2012 ഒക്ടോബറില്‍ 8.3 ശതമാനമായിരുന്നു വ്യവസായിക വളര്‍ച്ചനിരക്ക്. ഒരു വര്‍ഷംമുമ്പ് ഇതേ കാലയളവില്‍, അതായത് 2011 നവംബറിലെ വളര്‍ച്ച ആറ് ശതമാനവും. ഈ നിലയില്‍നിന്നാണ് ഇപ്പോള്‍ ഉല്‍പാദന വളര്‍ച്ച പൂജ്യത്തിലും താഴേക്ക് പോയത്. കയറ്റുമതി തുടര്‍ച്ചയായ എട്ടാം മാസമാണ് താഴുന്നത്. വര്‍ഷംമുമ്പുള്ള നിലയില്‍നിന്ന് 1.6 ശതമാനം കുറവ്. സ്വര്‍ണ ഇറക്കുമതിയേക്കാള്‍ വലിയ ഭീഷണിയുടെ സൂചനയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍തന്നെ പുറത്തുവിട്ട കണക്കുകള്‍ നല്‍കുന്നത്. എന്നാല്‍, വ്യവസായിക ഉല്‍പാദനത്തിലെ കുത്തനെയുള്ള താഴ്ചയും വിദേശ വ്യാപാര കമ്മിയിലെ വര്‍ധനയും പരോക്ഷമായെങ്കിലും ന്യായീകരിക്കാനാണ് ധനമന്ത്രാലയവും കേന്ദ്രസര്‍ക്കാറും ശ്രമിക്കുന്നത്. 2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി തലപൊക്കിയതു മുതല്‍ ഫലപ്രദമായ നടപടികള്‍ എടുക്കാന്‍ കഴിയാതെപോയതാണ് ഇപ്പോള്‍ വലിയ കുത്തൊഴുക്കായി മാറിയത്. വ്യവസായിക ഉല്‍പാദന വളര്‍ച്ചനിരക്ക് പൂജ്യത്തിലും താഴേക്ക് പോയത് മാന്ദ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും ബാധിച്ചിരിക്കുന്നുവെന്നതിന്‍െറ സൂചനയാണ്. എന്നാല്‍, വ്യവസായിക ഉല്‍പാദന വളര്‍ച്ചയിലെ ഇടിവിന് ന്യായീകരണം കണ്ടെത്തുന്ന തിരക്കിലാണ് ധനമന്ത്രാലയവും ആസൂത്രണ കമീഷനും. ദീപാവലിയായിരുന്നതിനാല്‍ നവംബര്‍ മാസത്തെ കണക്കെടുപ്പിലുണ്ടാകുന്ന പ്രശ്നങ്ങളാണ് വ്യവസായിക ഉല്‍പാദന വളര്‍ച്ചനിരക്ക് കുത്തനെ താഴാന്‍ കാരണമെന്നാണ് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അഹ്ലുവാലിയ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സി. രംഗരാജനാവട്ടെ വരുംമാസങ്ങളില്‍ വളര്‍ച്ചനിരക്ക് ഉയരുമെന്നാണ് ന്യായീകരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായെങ്കിലും ഇന്ത്യക്കാര്‍ പതിവായി കേള്‍ക്കുന്ന പല്ലവിയാണിത്. എന്നാല്‍, ഈ വളര്‍ച്ച എന്നും മരീചികയായി തുടരുന്നു. ഒക്ടോബര്‍ മാസത്തില്‍ വ്യവസായിക ഉല്‍പാദന വളര്‍ച്ചനിരക്ക് 8.3 ശതമാനമായി കുതിച്ചിരുന്നു. സമ്പദ്വ്യവസ്ഥയുടെ ഗതി മാറിയെന്നതിന്‍െറ തെളിവായി ആസൂത്രകര്‍ ഇത് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, ദീപാവലിക്ക് തൊട്ടുമുമ്പുള്ള കുതിപ്പ് മാത്രമായിരുന്നു ഇത്. 2011ല്‍ ഒക്ടോബറിലായിരുന്നു ദീപാവലി. ഉത്തരേന്ത്യയില്‍ കേരളത്തിലെ ഓണത്തിന് സമാനമാണ് ദീപാവലി. ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്ന മാസം. അതുകൊണ്ടുതന്നെ സെപ്റ്റംബറിലെ വന്‍ മുന്നേറ്റത്തിനുശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വളര്‍ച്ച മുരടിച്ചു. അഞ്ച് ശതമാനമായിരുന്നു 2011 ഒക്ടോബറിലെ വളര്‍ച്ച. അടിസ്ഥാന വര്‍ഷത്തില്‍ വളര്‍ച്ച കുറവായിരുന്നതാണ് 2012 ഒക്ടോബറിലെ കുതിപ്പിന് കാരണം. മുന്‍ വര്‍ഷത്തേതിന് സമാനമായി തൊട്ടടുത്തമാസം വളര്‍ച്ചനിരക്ക് കുത്തനെ താഴുകയും ചെയ്തു. കണക്കുകള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇതില്‍നിന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷത്തെ അതേ പാറ്റേണ്‍തന്നെ ഇക്കുറിയും തുടരുന്നു. ഒറ്റ വ്യത്യാസം മാത്രം. ഇക്കുറി വളര്‍ച്ചനിരക്ക് പൂജ്യത്തിലും താഴെ എത്തി. അതായത്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകം നേരിടുന്ന പ്രതിസന്ധി ഒടുവില്‍ ഇന്ത്യയിലും എത്തിയിരിക്കുന്നു. വളര്‍ച്ചക്കായി കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇത് പ്രതീക്ഷിക്കേണ്ടതുതന്നെയായിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത് ഭരണനേതൃത്വത്തിന്‍െറയും ആസൂത്രണ വകുപ്പിന്‍െറയും വികലമായ വീക്ഷണങ്ങളാണ്. വിദേശ നിക്ഷേപമില്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സമ്പദ്വ്യവസ്ഥ ശക്തമാക്കാനും കഴിയില്ലെന്ന മുന്‍വിധിയിലാണ് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനെപ്പോലുള്ള ഉദ്യോഗസ്ഥര്‍. ഇവരെ തിരുത്തേണ്ട പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും കാഴ്ചപ്പാടുകളും ഇതുതന്നെ. പുതിയ യു.പി.എ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റുകളില്‍ അടിസ്ഥാന മേഖലകള്‍ക്ക്, പ്രത്യേകിച്ച് കാര്‍ഷിക മേഖലക്ക് ഏറെ പ്രാധാന്യമാണ് നല്‍കിയത്. എന്നാല്‍, വകയിരുത്തിയ പണം എവിടെ എത്തിയതെന്നുപോലും പരിശോധിക്കാന്‍ ആസൂത്രണ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ വീഴ്ചകള്‍ മൂലം സമ്പദ്വ്യവസ്ഥ ഉയര്‍ന്നുവരുന്നത് ഉറച്ച അടിത്തറയില്ലാതെയാണ്. ചെറുകാറ്റില്‍ പോലും അത് ആടിയുലയുകയും ചെയ്യും. കണക്കുകള്‍ പിടിവള്ളിയാക്കി എത്ര ന്യായീകരിച്ചാലും നാലുവര്‍ഷമായി ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ പടിവാതില്‍ക്കലും എത്തിക്കഴിഞ്ഞു. അത് നേരിടാതെ ഇനിയും അകന്നുമാറിയാല്‍ അതിന് രാജ്യം വലിയ വിലയാവും നല്‍കേണ്ടിവരുക. ആ ദുരിതത്തിന്‍െറ ഭാരം പേറേണ്ടിവരുക രാജ്യത്തെ സാധാരണക്കാരും. |
No comments:
Post a Comment