സ്വാഗതം
WELCOME

News Update..

Monday, January 21, 2013

തിരുവനന്തപുരത്ത് അരക്കോടിയുടെ കവര്‍ച്ച Madhyamam News Feeds

തിരുവനന്തപുരത്ത് അരക്കോടിയുടെ കവര്‍ച്ച Madhyamam News Feeds

Link to

തിരുവനന്തപുരത്ത് അരക്കോടിയുടെ കവര്‍ച്ച

Posted: 21 Jan 2013 12:56 AM PST

Image: 

തിരുവനന്തപുരം: പട്ടം മരപ്പാലത്ത് അത്യാധുനിക സുരക്ഷാസൗകര്യങ്ങളുള്ള വീട്ടില്‍ നിന്ന് മിത്‌സുബിഷി ജീപ്പ് അടക്കം അരക്കോടി രൂപയുടെ കവര്‍ച്ച. ടി.കെ ദിവാകരന്‍ റോഡില്‍ മാങ്കുളം ക്ഷേത്രത്തിന് സമീപം വിഷ്ണുഭവനില്‍ വേണുഗോപാലാന്‍ നായരുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്. മിത്‌സുബിഷി ജീപ്പ്, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് കവര്‍ന്നത്.

സുരക്ഷാ ക്യാമറകളടക്കം സ്ഥാപിച്ച വീട് കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വീടിന്റെ മുന്‍വശത്തെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് അറുത്തുമാറ്റിയ നിലയിലാണ്. വീടിന്റെ നാലുഭാഗത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ മുന്‍വശത്തെ ക്യാമറ മോഷ്ടാക്കള്‍ നശിപ്പിച്ചു. മറ്റ് ക്യാമറകളില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കടത്തിക്കൊണ്ടുപോയ ജീപ്പില്‍ അത്യാധുനിക ജി.പി.എസ് സംവിധാനമുണ്ട്.

വേണുഗോപാലന്‍ നായര്‍ നേരത്തെ ഗള്‍ഫിലായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പേരൂര്‍ക്കട സി.ഐ പ്രതാപന്റെ നേതൃത്വത്തിലാണ് അന്വേഷണം.
 

സ്വര്‍ണക്കപ്പ് ജേതാക്കള്‍ക്ക് ഉജ്ജ്വല വരവേല്‍പ്

Posted: 20 Jan 2013 11:31 PM PST

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും സ്വര്‍ണക്കപ്പില്‍ മുത്തമിട്ട കോഴിക്കോടന്‍ സംഘത്തിന് നഗരത്തിന്‍െറ വരവേല്‍പ്. കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, മേയര്‍ പ്രഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത്  പ്രസിഡന്‍റ് കാനത്തില്‍ ജമീല, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജേതാക്കള്‍ക്ക് സ്വീകരണമൊരുക്കിയത്. സ്വീകരണം ഏറ്റുവാങ്ങാന്‍ പക്ഷേ, സംഘാംഗങ്ങളായ നാമമാത്ര വിദ്യാര്‍ഥികള്‍ മാത്രമാണുണ്ടായിരുന്നത്. ഉള്ളവര്‍ തന്നെ കാമറക്ക് മുഖം കാണിക്കാനുള്ള മുതിര്‍ന്നവരുടെ തള്ളലില്‍ പെട്ട് പിന്തള്ളപ്പെടുകയും ചെയ്തു.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സ്വര്‍ണക്കപ്പുമായി ഡി.ഡി.ഇ  പി. ഗൗരിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. മാനാഞ്ചിറ സ്ക്വയര്‍ കവാടത്തിനുമുന്നിലെ  സ്വീകരണത്തിനുശേഷം സ്വര്‍ണക്കപ്പ് ട്രഷറിയിലേക്ക് കൊണ്ടുപോയി. ഒമ്പതരയോടെയാണ് ടീം അംഗങ്ങളായ ചില വിദ്യാര്‍ഥികളും അകമ്പടി പോയ അധ്യാപകരുമടങ്ങുന്ന സംഘമെത്തിയത്. പുഷ്പവൃഷ്ടിയോടെയാണ് ഇവരെ വരവേറ്റത്. സ്വര്‍ണക്കപ്പിന്‍െറ മാതൃകയുമായി ഇവര്‍ മാനാഞ്ചിറ സ്ക്വയറില്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍ മലപ്പുറത്തെ വേദികളില്‍ നിറഞ്ഞാടിയ യഥാര്‍ഥ കലാപ്രതിഭകളുടെ അഭാവം മുഴച്ചുനിന്നു.
ജില്ലാ ടീമംഗങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ജില്ലാ ഭരണകൂടത്തിന്‍െറയും കോര്‍പറേഷന്‍െറയും ജില്ലാ പഞ്ചായത്തിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട്ട് സ്വീകരണം നല്‍കുമെന്ന് മേയര്‍ അറിയിച്ചു.
എ.ഡി.എം കെ.പി. രമാദേവി, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എം.ടി. പത്മ, പി. ഉഷാദേവി ടീച്ചര്‍, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, പി. കിഷന്‍ചന്ദ്, തഹസില്‍ദാര്‍ രോഷ്നി നാരായണന്‍ തുടങ്ങിയവരും ജേതാക്കളെ വരവേല്‍ക്കാനെത്തിയിരുന്നു.

ദല്‍ഹി കൂട്ടബലാത്സംഗം: വിചാരണ തുടങ്ങി

Posted: 20 Jan 2013 10:30 PM PST

Image: 

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസിന്റെ വിചാരണ സാകേതിലെ അതിവേഗ കോടതിയില്‍ ആരംഭിച്ചു. ആറുപ്രതികളാണ് കേസിലുള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ വിചാരണ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു കീഴിലാണ് നടക്കുക. ബാക്കി അഞ്ചുപേരേയും കോടതിയില്‍ ഹാജരാക്കും. കേസില്‍ 80 സാക്ഷികളും 12 തെളിവുകളുമാണുള്ളത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൊലപാതകം, പീഡനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കേസിലെ പ്രതികളായ ആറുപേരില്‍പ്രായപൂര്‍ത്തിയായ അഞ്ചുപേര്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. സംഭവത്തില്‍ ജനുവരി മൂന്നിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം, വിചാരണ ദല്‍ഹിക്കു പുറത്തേക്കുമാറ്റണമെന്ന ആവശ്യവുമായി പ്രതികളിലൊരാളായ രാംസിങിന്റെ അഭിഭാഷകന്‍, വി.കെ ആനന്ദ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. മാധ്യമങ്ങളുടെ കടന്നുകയറ്റം കേസിന്റെ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും ദല്‍ഹിയില്‍ വെച്ച് തന്റെ കക്ഷികള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളിലൊരാളയ മുകേഷും ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

അതിനിടെ തന്റെ മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദി അവള്‍ തന്നെയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങളെ പെണ്‍കുട്ടിയുടെ അമ്മ അപലപിച്ചു. അത്തരം പ്രസ്താവനകള്‍ നടത്തുന്ന രാഷ്ട്രീയക്കാര്‍ നിരുത്തരവാദികളാണെന്നും അവര്‍ ബി.ബി.സിയോട് പറഞ്ഞു.

 

ഖത്തറിന്‍െറ ഉരു നിര്‍മാണത്തിന് കേരളത്തിന്‍െറ തടികള്‍

Posted: 20 Jan 2013 10:08 PM PST

Image: 

ദോഹ: പാരമ്പര്യത്തിന്‍െറ പ്രൗഢി നിലനിര്‍ത്തിയുള്ള ഖത്തറിന്‍െറ ഉരു നിര്‍മാണത്തിന് കാതലും കരുത്തുമുള്ള മനോഹാരിതയും ഈടും സമ്മാനിക്കുന്നത് കേരളത്തില്‍ നിന്നുള്ള തടികള്‍.
പ്രൈവറ്റ് എഞ്ചിനീയറിങ് ഓഫീസ് (പി.ഇ.ഒ) തദ്ദേശീയമായി നിര്‍മിച്ച് കഴിഞ്ഞദിവസം കടലിലിറക്കിയ നാല് ഉരുക്കളുടെ നിര്‍മാണത്തിനുള്ള തടി എത്തിച്ചത് കേരളത്തില്‍ നിന്നാണ്. ബോട്ട് നിര്‍മാണത്തിലും കയറ്റുമതിയിലും പ്രശസ്തരായ ബേപ്പൂരിലെ ഹാജി പി.ഐ അഹമദ് കോയ കമ്പനിയാണ് ഉരു നിര്‍മാണത്തിനാവശ്യമായ വിവിധയിനം തടികള്‍ ലഭ്യമാക്കിയത്.
പരമ്പരാഗത ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് കഴിഞ്ഞദിവസം നാല് ബോട്ടുകള്‍ നീറ്റിലിറക്കിയത്്. ചടങ്ങിനോടനുബന്ധിച്ച് സംഗീതപരിപാടിയും ഉരുവുമായി ബന്ധപ്പെട്ട പരമ്പരാഗത ആചാരങ്ങളുമെല്ലാം ഉണ്ടായിരുന്നു.
ഖത്തറിലെ വിവിധ സ്വദേശി കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി ആഡംബരബോട്ടുകള്‍ നിര്‍മിച്ചുനല്‍കുന്ന അഹമദ് കോയ കമ്പനി ഒരു വര്‍ഷമായി ഉരു നിര്‍മാണത്തിന് കേരളത്തില്‍ നിന്ന് തടി ഖത്തറില്‍ എത്തിക്കുന്നുണ്ടെന്ന് കമ്പനിയുടെ ചുമതലക്കാരനായ ഹാഷിം ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. തേക്ക്, കരിമരുത്, വെണ്‍തേക്ക് തുടങ്ങിയ 200 ടണ്‍ തടി ഇതിനകം കൂറ്റന്‍ കണ്ടെയ്നറുകള്‍ വഴി ഉരു നിര്‍മാണത്തിനായി ഖത്തറില്‍ എത്തിച്ചിട്ടുണ്ട്.
ഖത്തറില്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരം ഇടക്കിടെ മരം കയറ്റിയയക്കുകയാണ് പതിവ്. ഇതില്‍ കേരളത്തില്‍ നിന്നുള്ളവക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന തടിയുമുണ്ടാകും. പ്രത്യേക കരാറിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ലേലത്തില്‍ പിടിച്ചും സ്വകാര്യ വ്യക്തികളില്‍ നിന്നുമാണ് അഹ്മദ് കോയ കമ്പനി തടി വാങ്ങുന്നത്. കേരളത്തില്‍ ഇത്തരം നല്ല തടിയുടെ ലഭ്യത കുറഞ്ഞുവരികയാണ്. കമ്പനി ഇതിനകം നിരവധി ആഡംബരബോട്ടുകള്‍ നിര്‍മിച്ച് ഖത്തറിന് കൈമാറിയിട്ടുണ്ട്. ബേപ്പൂരില്‍ നിര്‍മിച്ച 85 അടി നീളവും 25 അടി വീതിയും 13 അടി ഉയരവുമുള്ള പുതിയ ബോട്ട് ഉടന്‍ ഖത്തറിലെത്തിക്കുമെന്ന് ഹാഷിം അറിയിച്ചു.
ഖത്തറിലെ പ്രമുഖ എഞ്ചിനീയര്‍ അഹ്മദ് അല്‍ സായിഗിന്‍െറ മേല്‍നോട്ടത്തില്‍ ആറ് മാസം കൊണ്ടാണ് നാല് ഉരു നിര്‍മിച്ചത്. നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികളില്‍ ഭൂരിഭാഗവും ബേപ്പൂരില്‍ നിന്നുള്ളവ
രാണ്.
നാല് ഉരുക്കളില്‍ 59 അടി നീളമുള്ള രണ്ടെണ്ണം ‘ശുവാല്‍’ ഇനത്തില്‍പ്പെട്ടതും 60 അടി നീളമുള്ള രണ്ടെണ്ണം ‘സന്‍ബൂക്’ ഇനത്തില്‍പ്പെട്ടതുമാണ്. പരമ്പരാഗത മാനദണ്ഡങ്ങളും ശൈലിയും സ്വീകരിച്ചാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. ഇതോടെ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഉരുവിന്‍െറ എണ്ണം ഏഴായി.
മൂന്നെണ്ണം നേരത്തെ നീറ്റിലിറക്കിയിരുന്നു.  50 അടിയും 60 അടിയും നീളമുള്ള ‘ബജ്റ’ ഇനത്തിലുള്ള രണ്ട് ഉരുവും 60-70 അടി നീളമുള്ള ‘ജാല്‍ബോട്ട്’ ഇനത്തിലുള്ള ഒരു ഉരുവുമാണ് പ്രൈവറ്റ് എഞ്ചിനീയറിങ് ഓഫീസ് അടുത്തതായി നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
സൂഖ്വാഖിഫിലെ ഹോട്ടലിലെത്തുന്ന അതിഥികള്‍ക്ക്  ഉല്ലാസയാത്രക്കുള്ളവയാണ് കഴിഞ്ഞ ദിവസം നീറ്റിലിറക്കിയ ഉരുക്കള്‍. ആവശ്യാനുസരണം പ്രത്യേക ട്രിപ്പുകള്‍ക്കും ഇവ അനുവദിക്കും.

ഒബാമയുടെ 'രണ്ടാം' സത്യപ്രതിജ്ഞക്ക് വാഷിങ്ടണ്‍ ഒരുങ്ങി

Posted: 20 Jan 2013 10:05 PM PST

Image: 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ രണ്ടാമതും അവരോധിതനായ ബറാക് ഒബാമയുടെ 'ജനകീയ' സത്യപ്രതിജ്ഞക്ക് രാജ്യം ഒരുങ്ങി. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30ന് കാപിറ്റോള്‍ ഹില്ലില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും. ഭരണഘടനയനുസരിച്ചു പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ജനുവരി 20നായിരുന്നു. ജനുവരി 20 ഞായറാഴ്ചയായതിനാല്‍ വൈറ്റ് ഹൗസില്‍ ലളിതമായ ചടങ്ങില്‍ ഇന്നലെ ഔദ്യാഗികമായി സത്യപ്രതിജഞ നിര്‍വഹിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് റോബര്‍ട്ട്‌സിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഒബായുടെ ഭാര്യ മിഷേല്‍, മക്കളായ സഷ, മലിയ എന്നിവരും ഏതാനും മാധ്യമ പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിന് സാക്ഷിയായത്.

എന്നാല്‍, തിങ്കളാഴ്ച നടക്കുന്ന വിപുലമായ ചടങ്ങ് ലോകത്തെ ലക്ഷക്കണക്കിന് ആളുകള്‍ തത്സമയം വീക്ഷിക്കും. ജനങ്ങള്‍ക്ക് മുമ്പാകെ ഒബാമ വീണ്ടും സത്യപ്രതിജ്ഞ ചൊല്ലും. രണ്ട് ബൈബിള്‍ പ്രതികള്‍ ഉപയോഗിച്ചാകും ഒബാമയുടെ ജനകീയ സത്യപ്രതിജ്ഞ: ഒന്ന് എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ചത്; മറ്റൊന്ന് റവ. മാര്‍ട്ടിന്‍ ലൂഥര്‍ ജൂനിയര്‍ ഉപയോഗിച്ച ബൈബിള്‍.
സത്യപ്രതിജ്ഞക്ക് ശേഷം ഒബാമ നടത്തുന്ന പ്രഭാഷണവും ലോകജനത ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സമീപ ഭാവിയില്‍ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചക്ക് വരുന്ന തോക്ക് നിയന്ത്രണ നിയമം, കുടിയേറ്റ നിയമം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹത്തിന്റെപ്രസംഗത്തില്‍ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, രാജ്യത്ത് നടപ്പിലാക്കാനിരിക്കുന്ന പുതിയ സാമ്പത്തിക പരിഷ്‌കരണ പദ്ധതികളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
2009ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒബാമക്ക് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്യിവന്നിരുന്നു. അന്ന് സത്യവാചകം ചൊല്ലിക്കോടുത്ത ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്‌സിന്റെ നാക്കുപിഴകൊണ്ടാണ് കുറച്ചുദിവസത്തിനു ശേഷം ഒബാമക്ക് വീണ്ടും സത്യപ്രതിജ്ഞയെടുക്കേണ്ടിവന്നത്.
 

ബാങ്ക് മസ്കത്തിന്‍െറ ഇസ്ലാമിക് ശാഖ ‘മീത്താഖ്’ തുറന്നു

Posted: 20 Jan 2013 09:46 PM PST

Image: 

മസ്കത്ത്: ബാങ്ക് മസ്കത്തിന് കീഴിലുള്ള സ്വതന്ത്ര ഇസ്ലാമിക് ബാങ്കായ ‘മീത്താഖ് പ്രവര്‍ത്തന മാരംഭിച്ചു. ബാങ്കിന്‍െറ പ്രധാന കെട്ടിടം ബോഷര്‍ വിലായത്തിലെ അല്‍ഗൂബ്രയില്‍ നീതിന്യായ മന്ത്രി ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലി ഉദ്ഘാടനം ചെയ്തതോടെയാണ് മീത്താഖ് ഇസ്ലാമിക് ബാങ്ക് പ്രവര്‍ത്തന സജ്ജമായത്. . സ്വതന്ത്രമായ ഇസ്ലാമിക് ബാങ്കിങിന് ഒമാനില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ മസ്കത്ത് ബാങ്കിനെ അഭിനന്ദിക്കുന്നതായി മന്ത്രി അല്‍ ഖലിലി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇസ്ലാമിക് ബാങ്കുകളുടെ വരവോടെ ഒമാനിലെ ബാങ്കിങ് മേഖലക്ക് പുതിയ മുഖം വരാന്‍ പോവുന്നതായി അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് ബാങ്കുകള്‍ വഴി ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനാവും. രാജ്യത്തിന്‍െറ സാമ്പത്തിക മേഖലക്കും പുരോഗതിയിലും മികച്ച സംഭാവനകള്‍ നല്‍കാന്‍ ബാങ്കിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ഹമൂദ് ബിന്‍ സാങ്കൂര്‍ അല്‍ സദ്ജാലി,ബാങ്ക് മസ്കത്ത് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുസ്തഹില്‍ അല്‍ മഷാനി, ബാങ്ക് മസ്കത്ത് സി. ഇ. ഒ അബ്ദുല്‍ റസാഖ് ബിന്‍ അലി ബിന്‍ ഈസ, വിവിധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബാങ്കുകളിലെയും സ്ഥാപനങ്ങളിലെയും സി. ഇ.ഒ മാര്‍ ഡയറക്ടര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഇസ്ലാമിക് ബാങ്കിങ് മേഖലയെ പൂര്‍ണ്ണമായി നിരീക്ഷിച്ചിച്ചു വരികയാണെന്നൂം ഇവയൂടെ സേവനങ്ങള്‍ സുതാര്യമായിരിക്കുമെന്നും സദ്ജാലി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ക്രിയാത്മ സംഭാവനകള്‍ നല്‍കാന്‍ ബാങ്കിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിചയ സമ്പന്നരായ സംഘമാണ് ഇസ്ലാമിക് ബാങ്കിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അബ്ദു റസാഖ് പറഞ്ഞു. പ്രത്യേക ബാങ്കായി തന്നെയാണ് മീത്താഖ് പ്രവര്‍ത്തിക്കുക. ഇസ്ലാമിക് ബാങ്കിന്‍െറ എല്ലാ നല്ല ഗുണങ്ങളും ജനങ്ങളിലെത്തിക്കാന്‍ ബാങ്കിന് കഴിയും. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അംഗീകാരം നേടിയ ആദ്യ ഇസ്ലാമിക് ബാങ്കാണിത്. ഒമാനിലെ എല്ലാ നഗരങ്ങളിലും ഈ വര്‍ഷം തന്നെ ഇസ്ലാമിക് ബാങ്കിന്‍െറ ശാഖകള്‍ ആരംഭിക്കും. 150 ദശലക്ഷം റിയാലാണ് ബാങ്കിന്‍െറ മൂലധനം. സ്വതന്ത്രമായ ശരീഅത്ത് ബോര്‍ഡാണ് മീത്താഖ് നിയന്ത്രിക്കുക. അതിനിടെ പ്രമുഖ ബാങ്കായ നിസ്വ ബാങ്കിന്‍െറ ഇസ്ലാമിക് ബേങ്ക് ശാഖ കഴിഞ്ഞ ആഴ്ച പ്രവര്‍ത്തന മാരംഭിച്ചിരുന്നു. പ്രത്യേക എ. ടി് എം കൗണ്ടര്‍ സംവിധാന മടക്കമുള്ള എല്ല സൗകര്യങ്ങളും ബാങ്ക് ഉടന്‍ ആരംഭിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അക്കൗണ്ട് തുടങ്ങൂവാനുള്ള സൗകര്യവും ഒരുക്കിക്കഴിഞ്ഞു. മറ്റൊരു പ്രമുഖ ബാങ്കായ നാഷനല്‍ ബാങ്ക് ഓഫ് ഒമാനും മുസ്ന്‍ എന്ന പേരില്‍ ഇസ്ലാമിക് ബാങ്കിങ് ആരംഭിക്കുന്നുണ്ട്. ഇതിന്‍െറ ലളിതമായ ഉദ്ഘാടനം ബുധനാഴ്ച ശൈഖ് ഖല്‍ഫാന്‍ അല്‍ അസ്രി നിര്‍വഹിച്ചിരുന്നു. അല്‍ സഹ്വ ടവര്‍, അസൈബ നോര്‍ത്ത് എന്നിവിടങ്ങളില്‍ ഇതിന്‍െറ ശാഖകള്‍ തുറന്നിരുന്നു. ഇതിന്‍െറ അക്കൗണ്ട് എടുക്കലും നടന്നു. ക്രമേണ രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും ശാഖകള്‍ തുറക്കും. മുറാഹബാ ഓട്ടേ ഫൈനാന്‍സ്, ഇജാറ ഹോം ഫൈനാന്‍സ്, സെയില്‍ ആന്‍റ് ലീസ് ബാക് ഫൈനാന്‍സ്, മുസ്ന്‍ കറന്‍്റ് എക്കൗണ്ട്, മുസുന്‍ സേവിങ് എക്കൗണ്ട്, വക്കാല ഇന്‍വെസ്റ്റ് മെന്‍റ്, ഫ്ളെക്സി വക്കാല എക്കൗണ്ട്, മര്‍ഹബ വര്‍കിങ് കാപിറ്റല്‍ ഫൈനാന്‍സ് തുടങ്ങി നിരവധി സേവനങ്ങളാണ് മുസ്ന്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്.

സി.പി.എം നേതൃയോഗങ്ങള്‍ തുടങ്ങി

Posted: 20 Jan 2013 09:30 PM PST

Image: 

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തരുടെ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനേറ്റ താല്‍കാലിക തിരിച്ചടിക്ക് ശേഷമുള്ള ആദ്യ സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തുടക്കമായി. ജനുവരി 21 നും 22 നും സംസ്ഥാന സെക്രട്ടേറിയറ്റും 23 മുതല്‍ 25 വരെ സംസ്ഥാനസമിതിയും ചേരും. വിശ്വസ്തര്‍ക്കെതിരായ നടപടി നീട്ടിവെക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസവുമായാണ് വി.എസ് യോഗത്തിനെത്തുന്നതെങ്കില്‍ കടുത്ത അതൃപ്തിയുമായാവും സംസ്ഥാനനേതൃത്വം പങ്കെടുക്കുക.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള എന്നീ കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ സംഘടന, രാഷ്ട്രീയ വിഷയങ്ങളാണ് ചര്‍ച്ചക്കെടുക്കുകയെന്നാണ് സൂചന. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തിയ സമരം, ഭൂസമരം എന്നിവയുടെ വിലയിരുത്തലാവും പ്രധാനമായും നടക്കുക. വിലക്കയറ്റവും അഴിമതിയും ഭൂപ്രശ്‌നവും വിദ്യാഭ്യാസ സ്വകാര്യവത്കരണവും ഉയര്‍ത്തി നടത്തുന്ന അഖിലേന്ത്യാ ജാഥയുടെ ഒരുക്കങ്ങളും ചര്‍ച്ചക്ക് വിധേയമാവും.

വി.എസിന്റെ പേഴ്‌സനല്‍ സ്റ്റാഫിനെതിരായ അച്ചടക്കനടപടി മാറ്റിവെച്ചതിലെ അതൃപ്തി കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ഥാനസമിതിയില്‍ ഉയരാനും സാധ്യതയുണ്ട്. അച്ചടക്കനടപടി റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലായതിനാല്‍ ഇവിടെ ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്‍േറത്. എന്നാല്‍ ഗുരുതരകുറ്റം നടത്തിയതായി കണ്ടെത്തിയവര്‍ക്കെതിരായ നടപടി വൈകിക്കുന്നതിലെ അതൃപ്തി സംസ്ഥാന സമിതിയംഗങ്ങളില്‍ നിന്നുയര്‍ന്നാല്‍ അത് കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനഘടകത്തോട് അനുകൂല നിലപാടുള്ള കാരാട്ടിനടക്കം സാധിക്കുകയും ചെയ്യും. എന്നാല്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ സമര പരമ്പരകള്‍ക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും സംഘടനയെ തയാറാക്കേണ്ട സാഹചര്യത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് കേന്ദ്രനേതൃത്വം ഈ യോഗത്തെ ഉപയോഗിക്കാനും സാധ്യതയുണ്ട്.
 

കുവൈത്ത്-ഇറാഖ് ബന്ധം സുദൃഢം: അംബാസഡര്‍

Posted: 20 Jan 2013 09:28 PM PST

Image: 

കുവൈത്ത് സിറ്റി: ഇറാഖും കുവൈത്തും തമ്മിലുള്ള സുദൃഢമായ ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് ഇറാഖിലെ കുവൈത്ത് അംബാസഡര്‍ അലി അല്‍ മുഅ്മിന്‍. കഴിഞ്ഞ ദിവസം കുവൈത്തിലെ ഒരു പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
അടുത്തിടെ ബഗ്ദാദില്‍ നടന്ന അറബ് ഉച്ചകോടിയില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് നേരിട്ട്  പങ്കെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള അയല്‍പക്ക ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഇടയായെന്നും  അടുത്ത മാസം പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്വബാഹ് ഇറാഖ് സന്ദര്‍ശിക്കുന്നതോടെ അതിന്‍െറ മാറ്റ് കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാഖിന്‍െറ പുനര്‍ നിര്‍മാണത്തിനും മറ്റുമായി 400 മില്യന്‍ ഡോളര്‍ കുവൈത്ത് സംഭാവനയായി നല്‍കിയിട്ടുണ്ട്. ഇറാഖിന്‍െറ ജയിലിലുണ്ടായിരുന്ന രണ്ടു കുവൈത്തികളില്‍ ഒരാളെ ഈയിടെ മോചിപ്പിക്കുകയും രണ്ടാമത്തെയാളുടെ മോചനത്തിന് ശ്രമം തുടരുകയും ചെയ്യുന്നുണ്ട്. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇറാഖിലെ ബസറ, അര്‍ബീല്‍ എന്നിവിടങ്ങളില്‍ പുതിയ കോണ്‍സുലേറ്റുകള്‍ അടുത്ത് തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞ അംബസഡര്‍ അലി അല്‍ മുഅ്മിന്‍ ഇറാഖിലെ സമ്പദ് മേഖലയില്‍ മുതല്‍ മുടക്കാന്‍ കുവൈത്തികളെ ആഹ്വാനം ചെയ്തു.
 

ധനമന്ത്രി വീണ്ടും തുണക്ക്

Posted: 20 Jan 2013 07:56 PM PST

Image: 

ഗതി കണ്ടെത്താനാവാതെ വലഞ്ഞിരുന്ന ഓഹരിവിപണിക്ക് തുണയായത് കേന്ദ്ര സര്‍ക്കാറും ധനമന്ത്രിയുമായിരുന്നു. ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനമായിരുന്നു അന്ന് തുണയായത്. ഇപ്പോള്‍ വീണ്ടും കേന്ദ്ര സര്‍ക്കാറും ധനമന്ത്രാലയവും ഓഹരിവിപണിക്ക് തുണയായിരിക്കുന്നു.
വിദേശ നിക്ഷേപകരുടെ മൂലധന ലാഭത്തിന് നികുതി ചുമത്താന്‍ കൊണ്ടുവന്ന നിയമം (ഗാര്‍) നടപ്പാക്കുന്നത് 2016 ഏപ്രില്‍ ഒന്നിലേക്ക് നീട്ടിവെച്ചതാണ് ഏറ്റവും ഒടുവിലത്തെ തീരുമാനം. ഇതോടൊപ്പം രാജ്യം മുഴുവന്‍ പ്രതിഷേധിക്കുകയാണെങ്കിലും ഡീസല്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതും ഓഹരിവിപണിക്ക് ആഘോഷമായേക്കും.
അതേസമയം പണപ്പെരുപ്പം ഇപ്പോഴും ഓഹരിവിപണിക്ക് ആശങ്കയാണ് ഉയര്‍ത്തുന്നത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ അല്‍പം കുറഞ്ഞെങ്കിലും ഉപഭോക്തൃ ഉല്‍പന്ന സൂചിക വര്‍ധന തുടരുകയാണ്. എന്നുമാത്രമല്ല പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പലിശ നിരക്കുകള്‍ കുറക്കാന്‍ കഴിഞ്ഞേക്കില്ലെന്ന സൂചന റിസര്‍വ് ബാങ്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജനുവരി 29ന് അവതരിപ്പിക്കുന്ന വായ്പാനയ അവലോകനത്തില്‍ ആര്‍.ബി.ഐ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
എന്നാല്‍, ജനുവരി 29ലെ വായ്പാ നയം നിരാശപ്പെടുത്തിയാലും വൈകാതെ പലിശ നിരക്കുകളും കുറഞ്ഞുതുടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതുകൊണ്ടുതന്നെ വന്‍കിട നിക്ഷേപകര്‍ പടിപടിയായി നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്ന തിരക്കിലാണ്. പുതുവര്‍ഷം പിറന്ന ശേഷം 12,500 കോടിയോളം രൂപ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചു കഴിഞ്ഞു. വരുംദിവസങ്ങളിലും ഈ സമീപനം തുടര്‍ന്നാല്‍ അത് ഓഹരിവിപണിക്ക് ഏറെ ഗുണകരമായിരിക്കും.
ഡീസല്‍ വില നിയന്ത്രണം നീക്കിയത് ഏറ്റവും ഗുണകരമായി മാറുന്ന സ്ഥാപനങ്ങളില്‍ ഒന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. തിങ്കളാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിടും. ഇത് വരുംദിവസത്തെ ഓഹരിവില സൂചികകളുടെ ചലനങ്ങളെ ഏറെ സ്വാധീനിക്കുകയും ചെയ്യും.
സാങ്കേതികമായും വിപണി ഇപ്പോള്‍ ശക്തമായ നിലയിലാണ്. പോയവാരം സെന്‍സെക്സ് 20,000 പോയന്‍റിന് മുകളിലും നിഫ്റ്റി 6,000 പോയന്‍റിന് മുകളിലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. പോയവാരം 20,039 ലാണ് ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഇനി സെന്‍സെക്സിന് നിര്‍ണായക നിലവാരം 20,400 ആണ്. ഈ ഘട്ടം മറികടക്കാനുള്ള ശക്തി സൂചികക്ക് ലഭിക്കുമോയെന്നതിനെ ആശ്രയിച്ചിരിക്കും സൂചികയുടെ ഇനിയുള്ള നീക്കം. 20,400 മറികടക്കാന്‍ കഴിഞ്ഞാല്‍ 21,200ലേക്കാവും പിന്നീട്. 2008 ജനുവരിയില്‍ ഈ നിലവാരത്തില്‍ നിന്നാണ് വിപണി തിരുത്തലിലേക്ക് നീങ്ങിയത്. 2010 നവംബറിലും സൂചിക ഇതിനടുത്ത് എത്തിയിരുന്നു. എന്നാല്‍, പിന്നീട് വിപണി ശക്തമായ തിരുത്തലിലേക്ക് നീങ്ങുന്നതാണ് കണ്ടത്. ഇക്കുറിയും നിക്ഷേപകര്‍ ഈ നിലവാരത്തില്‍ കരുതല്‍ പുലര്‍ത്തണം.
വരുംദിവസങ്ങളില്‍ വിപണിയില്‍ തിരുത്തല്‍ രൂപപ്പെട്ടാല്‍ തന്നെ 19,800, 19,600, 19,200 നിലവാരങ്ങളില്‍ സെന്‍സെക്സിന് ശക്തമായ പിന്തുണയാണുള്ളത്.
6064.4ലാണ് ദേശീയ ഓഹരി വില സൂചിക (നിഫ്റ്റി) പോയവാരം ഇടപാടുകള്‍ അവസാനിപ്പിച്ചത്. വരുംദിവസങ്ങളില്‍ നിക്ഷേപം തുടര്‍ന്നാല്‍ 6150 നിലവാരത്തിലേക്ക് സൂചിക ഉയരാം. 5990, 5950 നിലവാരങ്ങളില്‍ നിഫ്റ്റിക്ക് നല്ല പിന്തുണയുമുണ്ട്.
5950ലും താഴേക്ക് പോവുകയാണെങ്കില്‍ മാത്രമേ വിപണിയില്‍ വില്‍പന സമ്മര്‍ദം ശക്തമാകാന്‍ സാധ്യതയുള്ളൂ.

ഇടതുപക്ഷത്തിന്‍െറ സമരശേഷി

Posted: 20 Jan 2013 07:50 PM PST

Image: 

പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളേക്കാള്‍ ജനകീയ സമര, പ്രക്ഷോഭങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് പൊതുവെ ഇടതുപക്ഷത്തിന്‍െറ പ്രവര്‍ത്തന രീതി. ഭരണകൂടം അനുവദിച്ചു നല്‍കുന്ന ശീതീകരിച്ച ഹാളുകളില്‍നിന്നല്ല, തെരുവിലെ വെയിലില്‍നിന്നാണ് വിപ്ളവം പിറവിയെടുക്കുക എന്ന വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലുള്ളതാണ് ഈ നിലപാട്. അതിനാല്‍ തന്നെ, നിരന്തരമായ ജനകീയ സമരങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനത്തിന്‍െറ അവിഭാജ്യ ഘടകമാണ്. ജനകീയ പ്രശ്നങ്ങളുടെ പരിഹാരം, പാര്‍ട്ടി സംഘടനയുടെ സജീവത, പുതിയ വ്യക്തികളും ജനസമൂഹങ്ങളുമായുള്ള ബന്ധരൂപവത്കരണം തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങള്‍ ജനകീയ സമരങ്ങളുടെ സംഘാടനത്തിലൂടെ ഇടതു പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നുണ്ട്. പാര്‍ലമെന്‍ററി സമിതികളില്‍ മതിയായ പ്രാതിനിധ്യമില്ലാത്തപ്പോഴും തെരുവില്‍ ഇടതുപക്ഷം എപ്പോഴും സജീവമാകുന്നത് ഈ പ്രവര്‍ത്തന ശൈലി കാരണമാണ്. മറ്റൊരര്‍ഥത്തില്‍ ഇടതുപക്ഷത്തിന്‍െറ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് ജനകീയ സമരം. പാര്‍ലമെന്‍ററി ശക്തിയില്ലാത്ത സ്ഥലങ്ങളില്‍പോലും ജനകീയ സമരത്തിന്‍െറ ഊക്കില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍, പാര്‍ട്ടി ദുര്‍ബലമായ രാജസ്ഥാനിലും കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലുമെല്ലാം  വീറുറ്റ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആവനാഴിയിലെ കിടയറ്റ ആയുധമാണ് സമരം എന്നര്‍ഥം.
എന്നാല്‍, ഈ ആയുധവും തുരുമ്പെടുത്തു തുടങ്ങിയോ എന്ന ശങ്ക ഇപ്പോള്‍ പങ്കുവെക്കുന്നതില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടി മുന്‍കൈ എടുക്കുന്നതോ പിന്തുണക്കുന്നതോ ആയ സമരങ്ങള്‍ക്ക് പഴയ പ്രഹരശേഷി നഷ്ടപ്പെട്ടതിന്‍െറ ഒടുവിലത്തെ  ഉദാഹരണങ്ങളായിരുന്നു കേരളത്തില്‍ നടന്ന ഭൂസമരവും ജീവനക്കാരുടെ പണിമുടക്കും. രണ്ടും ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. സമരത്തിന്‍െറ ലക്ഷ്യങ്ങള്‍ നേടിയതിനുശേഷമാണ് അത് അവസാനിപ്പിച്ചതെന്ന് ഏറ്റവും വലിയ ഇടതുഭക്തന്‍ പോലും വാദിക്കാനിടയില്ല. ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് ഭൂമി നല്‍കുന്ന ‘ഭൂരഹിത കേരളം’ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടിയെന്നതാണ് ഭൂസമരത്തിന്‍െറ ഏക നേട്ടം! മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീയതി നീട്ടാമെന്ന് സമ്മതിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം വമ്പിച്ച മുന്നൊരുക്കങ്ങളോടെ നടത്തിയ, സംസ്ഥാന തലത്തിലുള്ള വന്‍ പ്രക്ഷോഭം, അപേക്ഷാ തീയതി നീട്ടല്‍ എച്ചില്‍ കഷണത്തില്‍ അവസാനിക്കുന്നത് പാര്‍ട്ടിക്ക് നാണക്കേട് തന്നെയാണ്. മൂന്ന് സെന്‍റ് ഭൂമിയെന്നതാവട്ടെ, കേരളത്തിലെ ഭൂരഹിത പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ നേരത്തെ തള്ളിക്കളഞ്ഞ ആശയമാണ് താനും. മുമ്പ് ഈ കോളത്തില്‍ സൂചിപ്പിച്ചതുപോലെ, ഭൂസമരം അതിന്‍െറ ലക്ഷ്യത്തില്‍ തന്നെ പിഴവുകളുള്ളതായിരുന്നു. കേരളത്തിലെ ഭൂപ്രശ്നത്തെ അടിസ്ഥാനപരമായി സമീപിക്കുന്നതില്‍, മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പോലെ, സി.പി.എമ്മും അനുഭവിക്കുന്ന ദൗര്‍ബല്യങ്ങള്‍ ഭൂസമരത്തിലുണ്ടായിരുന്നു. അതായത്, സ്വതേ ദുര്‍ബലമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം, പ്രസ്തുത ദുര്‍ബലമായ ആവശ്യങ്ങള്‍ പോലും നേടിയെടുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം പരാജയപ്പെട്ടു.
പണിമുടക്കാണ് ഇടതുപക്ഷത്തിന്‍െറ മറ്റൊരു തുറുപ്പുശീട്ട്. സര്‍വീസ് മേഖലയില്‍ ഇടതു ഗ്രൂപ്പുകള്‍ക്കുള്ള ശക്തമായ മേല്‍ക്കൈ സര്‍വീസ് സമരങ്ങളെ എളുപ്പം വിജയിപ്പിക്കാന്‍ അവരെ സഹായിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഒരു അര്‍ധ രാത്രി ചര്‍ച്ചാ പ്രഹസനത്തിനൊടുവില്‍ കൊട്ടിഘോഷിച്ച ആ സമരം അവസാനിക്കുന്നതാണ് കണ്ടത്. ഭൂസമരത്തെപ്പോലെ നൈതികമായ വലിയ ന്യായങ്ങള്‍ പണിമുടക്ക് സമരത്തിനില്ലെങ്കിലും സംഘടിത ശക്തികൊണ്ട് കാര്യം നേടാമെന്ന് അവര്‍ കരുതിക്കാണും. എന്നാല്‍, പ്രസ്തുത സമരവും ആവിയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു. ജനങ്ങളുടെ കണ്ണില്‍ ഏറ്റവും വെറുക്കപ്പെട്ട വര്‍ഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നത് തെളിഞ്ഞ ഒരു സത്യമാണ്. ആനുകൂല്യങ്ങളെക്കുറിച്ച് മാത്രം ആര്‍ത്തിയോടെ സംസാരിക്കുന്ന അവര്‍, തങ്ങള്‍ സേവനം നല്‍കാന്‍ ബാധ്യസ്ഥരായ ജനങ്ങളോട് കാണിക്കുന്ന തികഞ്ഞ അവജ്ഞാ മനോഭാവമാണ് അവരെ ജനങ്ങളുടെ ശത്രുക്കളാക്കി മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള  ഇടതുപക്ഷത്തിന് ഈ അവസ്ഥയില്‍ കാര്യമായ പങ്കുണ്ട്. ധാര്‍മികമായ കരുത്തുള്ള ഒരു തൊഴില്‍ വിഭാഗമായി അവരെ വളര്‍ത്തുന്നതില്‍ ഇടതുപക്ഷം തികഞ്ഞ പരാജയമായിരുന്നു. ജീവനക്കാരുടെ സമരം, ജനങ്ങളില്‍ അമര്‍ഷം മാത്രം ഉല്‍പാദിപ്പിച്ച് എളുപ്പം പരാജയപ്പെടുന്നതില്‍ ഇതൊരു കാരണമാണ്.
ഏറെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ രണ്ട് സമരങ്ങള്‍ പരാജയപ്പെട്ടത് ഇടതു നേതാക്കള്‍ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, അതേസമയം, ശ്രദ്ധേയമായ മറ്റൊരു കാര്യം, സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളില്‍ പരമ്പരാഗതമായ കക്ഷി രാഷ്ട്രീയ വേലികള്‍ക്കപ്പുറത്ത് നിരവധി ജനകീയ സമരങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നുണ്ട് എന്നതാണ്. ദേശീയപാത വികസനം, ഗെയ്ല്‍ പൈപ്ലൈന്‍, അതിവേഗ റെയില്‍വേ ഇടനാഴി, വിവിധ പ്രദേശങ്ങളില്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ക്കെതിരായ സമരങ്ങള്‍, വികസനത്തിന്‍െറ  ഇരകള്‍ ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങള്‍ എന്നിവയാല്‍ മുഖരിതമാണ് കേരളം. ഒപ്പം, ഭരണകൂടത്തിന്‍െറ ഇരട്ടനീതിക്ക് വിധേയമാവുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ ഉയര്‍ത്തുന്ന സമരങ്ങളും. ഈ സമരങ്ങള്‍ രൂപപ്പെടുത്തുന്നതിലും വിജയിപ്പിക്കുന്നതിലും ഇടതുപക്ഷത്തിന് കാര്യമായ പങ്കില്ല എന്നതും ഈ പശ്ചാത്തലത്തില്‍ വായിക്കപ്പെടണം. നവസാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെടുന്ന ഇത്തരം സമരങ്ങള്‍, ചിലപ്പോഴെങ്കിലും വിജയിക്കുമെന്ന ഘട്ടം വരുമ്പോള്‍ അതിനോടൊപ്പം ചാരിനില്‍ക്കുകയാണ് ചിലയിടങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനം. ചിലയിടങ്ങളിലാവട്ടെ, സമരവിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്നു അവര്‍. പാര്‍ലമെന്‍ററി രംഗത്തുണ്ടായ നിരന്തരമായ തിരിച്ചടികള്‍ക്ക് പുറമെ, ജനകീയ സമരരംഗത്തും ഇടതുപക്ഷം പരാജയപ്പെടുന്നത് വലിയൊരു സൂചകമാണ്. ഇടതുപക്ഷത്തിന് അതിന്‍െറ ഏറ്റവും പ്രധാനപ്പെട്ട യുദ്ധമുന്നണി നഷ്ടപ്പെട്ടുവെന്ന് വന്നാല്‍ അതിന് പിന്നെ നിലനില്‍പുണ്ടാവില്ല. പരാജയപ്പെട്ട രണ്ട് സമരങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ കാര്യവിചാരം നടത്തുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP