സ്വാഗതം
WELCOME

News Update..

Sunday, January 27, 2013

എയ്ഡഡ് പദവി: നിലപാടുകളില്‍ മാറ്റമില്ലെന്ന് മജീദും ചെന്നിത്തലയും Madhyamam News Feeds

എയ്ഡഡ് പദവി: നിലപാടുകളില്‍ മാറ്റമില്ലെന്ന് മജീദും ചെന്നിത്തലയും Madhyamam News Feeds

Link to

എയ്ഡഡ് പദവി: നിലപാടുകളില്‍ മാറ്റമില്ലെന്ന് മജീദും ചെന്നിത്തലയും

Posted: 27 Jan 2013 12:49 AM PST

Image: 

കോഴിക്കോട്: മലബാറിലെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത നിലപാടുണ്ടാകാം. അക്കാര്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ നേരത്തെ 11 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയിരുന്നു. അപ്പോള്‍ ജാതി പറയാത്തവരാണ് മലബാറിന്റെ കാര്യം വരുമ്പോള്‍ ജാതി പറഞ്ഞ് ബഹളം വെക്കുന്നത്. ജാതിയെ പ്രശ്‌നമായി അവതരിപ്പിക്കുന്നത് ശരിയല്ലെന്നും മജീദ് പറഞ്ഞു.

അതേസമയം,  എയ്ഡഡ് സ്‌കൂളുകളുടെ വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാറിലെ അധ്യാപകര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും നല്‍കാം. എന്നാല്‍ എയ്ഡഡ് പദവി നല്‍കേണ്ടെന്നാണ് കെ.പി.സി.സി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
 

ജീവിതത്തിന്‍െറ മുറിവുകള്‍

Posted: 27 Jan 2013 12:23 AM PST

Image: 

കഥാസാഹിത്യ ചരിത്രത്തില്‍ തനിക്കു സഞ്ചരിക്കാനുള്ള വഴി അനായാസം  കണ്ടെത്തുകയാണ് അംബുജം കടമ്പൂര്. ദു$ഖാനുഭവങ്ങളില്‍നിന്നാണ് അംബുജത്തിന്‍െറ കഥകള്‍ പിറവികൊള്ളുന്നത്. വ്യസനങ്ങളെ കഥകളാക്കി പരിഭാഷപ്പെടുത്തുകയാണവര്‍. ചില സന്ദര്‍ഭങ്ങളില്‍ അതിര്‍വരമ്പുകള്‍ മായ്ച്ചുകൊണ്ട്, ജീവിതം തന്നെ കഥകളായി മാറുന്നുണ്ട്.
അംബുജത്തിന്‍െറ പല കഥകളും ക്ളാസ്മുറിക്കുള്ളിലെ അനുഭവങ്ങളില്‍നിന്ന് രൂപപ്പെട്ടവയാണ്. ഒരധ്യാപികയുടെ സൂക്ഷ്മനിരീക്ഷണവും ആര്‍ദ്രഹൃദയവുമാണ് ആ കഥാബീജങ്ങളെ കണ്ടെടുക്കുന്നത്. സാമൂഹിക പ്രശ്നങ്ങളും പ്രതിസന്ധികളും ഈ കഥകളില്‍ നേരിട്ടു കടന്നുവരുന്നില്ല. അവക്ക് ഇരകളാകുന്നവരുടെയും സാക്ഷികളാകുന്നവരുടെയും ആദ്യാനുഭവങ്ങളുടെയും പ്രതികരണങ്ങളുടെയും പ്രശ്നങ്ങള അപഗ്രഥിക്കുകയാണ്. അന്‍വര്‍ നസീര്‍ ക്ളാസില്‍ ഒറ്റപ്പെടുന്നത് ആദ്യം അവന്‍െറ ക്ളാസ് ടീച്ചര്‍ തിരിച്ചറിയുന്നു. അതിനെ സംബന്ധിച്ച് ടീച്ചറുടെ അന്വേഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്‍വറിന്‍െറ കുടുംബത്തിന് സമൂഹം ഭ്രഷ്ട് കല്‍പിച്ചിരിക്കുകയാണ്. ഒരാള്‍ ഭീകരവാദ സംഘത്തില്‍ ഉള്‍പ്പെട്ടുപോകുന്നതുകൊണ്ട് അയാളുടെ കുടുംബവും സമുദായവും ശിക്ഷിക്കപ്പെടുകയാണ്. ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങളുടെ നിസ്സഹായ വിലാപങ്ങള്‍ നമ്മുടെ നീതിബോധത്തിനുമുന്നിലെ ചോദ്യചിഹ്നമാകുന്നു. അന്‍വര്‍ നസീറിന്‍െറ ചരിത്രപുസ്തകം അവന്‍െറ വീട്ടില്‍ അനാഥമായി കിടക്കുന്നതാണ് ടീച്ചര്‍ കാണുന്നത്. അതില്‍നിന്ന് മതേതരത്വവും പൗരബോധവും വിശ്വമാനവികതയും ഒന്നിനുപിറകെ ഒന്നായി മാഞ്ഞുപോകുന്നതായി സങ്കല്‍പിക്കപ്പെടുന്നു.
അങ്ങനെ ഒരു ക്ളാസ് അനുഭവം ഭ്രഷ്ടിന്‍െറ നാനാര്‍ഥങ്ങളിലേക്ക് സംക്രമിക്കുന്നു. നിരപരാധിയായ ബഹിഷ്കൃതന്‍െറ ഹൃദയവ്യഥകള്‍ പങ്കുവെച്ചുകൊണ്ട് ഒരു വ്യക്ത്യനുഭവം സാമൂഹിക പ്രശ്നത്തിന്‍െറയും മാനവികതയുടെയും ഹൃദയധമനിയില്‍ പ്രവേശിക്കുന്നു.
വര്‍ത്തമാനകാലത്തിന്‍െറ പൊള്ളുന്ന അനുഭവങ്ങളില്‍ സദാ ജാഗ്രതപുലര്‍ത്തുന്ന കഥാകാരിയാണ് അംബുജം. ഇതിഹാസ സന്ദര്‍ഭങ്ങളെയും ചരിത്രാനുഭവങ്ങളെയും ഐതിഹ്യങ്ങളെയുമൊക്കെ സ്പര്‍ശിക്കുമ്പോള്‍, വര്‍ത്തമാനകാലത്തിന്‍െറ അഭിശപ്ത വിധികളിലേക്കാണ് അവള്‍ ഉണരുന്നത്. ആയിരത്തൊന്നു രാവുകളില്‍ സുല്‍ത്താന് കഥ പറഞ്ഞുകൊടുക്കുന്ന ഷഹ്റാസാദ് എന്ന പെണ്‍കുട്ടിക്ക്, വര്‍ഗീയ ലഹളയുടെയും സ്ഫോടനങ്ങളുടെയും തെരുവില്‍ ജീവിതമുടഞ്ഞുപോയ പെണ്‍കുട്ടികളുടെ അലര്‍ച്ചകളുടെയും ആരവങ്ങളുടെയും കഥകള്‍ പറഞ്ഞ് സുല്‍ത്താനെ അസ്വസ്ഥപ്പെടുത്തേണ്ടിവരുന്നു. അശോക ചക്രവര്‍ത്തിയുടെ പുത്രിയായ സംഘമിത്രയുടെ അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്നതും വര്‍ത്തമാനകാലമേല്‍പിക്കുന്ന വിഹ്വലതകളിലാണ്. ബോധിവൃക്ഷത്തിന്‍െറ വിത്തുമായി ലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണ് സംഘമിത്ര. അവള്‍ ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണ്. അവളുടെ യാത്രാപഥങ്ങളില്‍ തെളിയുന്ന ശ്ളഥചിത്രസൂചകങ്ങളിലൂടെ ബുദ്ധമത ചരിത്രാവലോകനം സാധ്യമാകുന്നു. ബോധിവൃക്ഷക്കമ്പുമായി ലങ്കയിലേക്ക് പോയവള്‍, ലങ്കയില്‍ ബുദ്ധമതം ഒരു മഹാവൃക്ഷമായി പടര്‍ന്നുപന്തലിക്കുന്നതുകണ്ട് സായുജ്യമടയുന്നു. എന്നാല്‍, കാലം പിന്നിട്ട് കീഴ്മേല്‍ മറിയുന്നു. നൂറ്റാണ്ടുകള്‍ മാറിമറിയുന്നതിനിടയില്‍ ലങ്ക കലാപഭൂമിയായി പരിണമിക്കുന്നു. വംശീയ കലാപത്തിന്‍െറ വിഷഭൂമിയായി മാറുന്ന ലങ്കയില്‍ ബുദ്ധ ദര്‍ശനത്തിന് കാലഹരണം സംഭവിക്കുന്നു. കാലാതീതയായി ജീവിക്കുന്ന സംഘമിത്രക്ക് ദര്‍ശനങ്ങളുടെ ശൈഥില്യത്തിന് സാക്ഷിയാകേണ്ടി വരുന്നു. പിതാവിന്‍െറ നാട്ടിലെത്തുമ്പോള്‍ നഷ്ടങ്ങളുടെ വരള്‍ച്ചയാണ് അവളെ സ്വാഗതംചെയ്യുന്നത്. അശോക ചക്രവര്‍ത്തി സ്ഥാപിച്ച വഴിയമ്പലങ്ങളും നട്ടുവളര്‍ത്തിയ തണല്‍മരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. പകരം റിസോര്‍ട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഉയര്‍ന്നുനില്‍ക്കുന്നു. അശോകന്‍െറ അടയാളങ്ങള്‍ നാണയങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. സംഘമിത്രയെ കഥാകാരി വര്‍ത്തമാനകാലത്തിന്‍െറ ഊഷരതകളിലേക്ക് ഉയര്‍ത്തുകയാണ്. ബുദ്ധനെയും അശോകനെയും കുറിച്ച് ആര്‍ക്കും അറിഞ്ഞുകൂടാത്ത കാലം. അവര്‍ വിസ്മൃതരായിരിക്കുന്നു. ഇന്‍റര്‍നെറ്റില്‍നിന്ന് കിട്ടുന്ന അല്‍പവിവരം മാത്രമാണ് പുതുതലമുറക്കുള്ളത്. വംശീയ കലാപങ്ങളും യുദ്ധവ്യഗ്രതയുമൊക്കെ വിശുദ്ധ ദര്‍ശനങ്ങളുടെ മരണത്തെ ഉദ്ഘോഷിക്കുന്നു. ‘ബുദ്ധന്‍െറ ചിരി’പോലും സംഹാരാത്മക സ്ഫോടനത്തിന്‍െറ ചുരുക്കെഴുത്തായി പരിണമിച്ചിരിക്കുന്നു. ചരിത്രവീഥിയിലൂടെയുള്ള ആ കഥാപാത്രത്തിന്‍െറ സാങ്കല്‍പിക യാത്രയിലൂടെ, മൂല്യങ്ങളുടെ തകിടം മറിച്ചിലും ജീവിതവീക്ഷണത്തിന് സംഭവിക്കുന്ന വൈരുധ്യവും മാനവികതക്ക് ഏല്‍ക്കുന്ന ക്ഷതവുമൊക്കെ പ്രശ്നവത്കരിക്കുകയാണ്. യുദ്ധഭൂമിയുടെ ഇരുണ്ട പശ്ചാത്തലം ജീവിതാവസ്ഥയില്‍ അനിശ്ചിതത്വം നിറയ്ക്കുന്നത് ‘മണല്‍കോട്ടയിലെ സംഘമിത്ര’ എന്ന കഥയുടെ പ്രമേയത്തെ വിഷാദസാന്ദ്രമാക്കുന്നു.
അംബുജത്തിന്‍െറ കഥകള്‍ നമ്മുടെ കാലത്തെ അളക്കുന്ന രചനകളാണ്.‘ചിത്രകാരന്‍’ എന്ന കഥയില്‍, തെരുവുചിത്രകാരന്‍ വരക്കുന്ന ചിത്രങ്ങളോടുള്ള വ്യത്യസ്ത പ്രേക്ഷകവിഭാഗങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നു. ഇരു ഭാര്യമാരെയും രണ്ടു തുടകളിലിരുത്തിയ ഗണപതിയുടെ ചിത്രം വരക്കുമ്പോള്‍ എത്തിനോക്കുന്ന ചിലര്‍ സ്വന്തം ദുര്യോഗത്തിന്‍െറ കൂരിരുട്ടില്‍ തപ്പിത്തടയുന്നു. വൃദ്ധന്മാര്‍ ബഹുഭാര്യത്വത്തിന്‍െറ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ തെളിവുള്ള ചിത്രം ഓര്‍മിച്ചു നടന്നുമറയുന്നു. കാബറേ നര്‍ത്തകിയുടെ ചിത്രം വരക്കുമ്പോള്‍ ജനക്കൂട്ടം ഇളകിമറിയുകയും നാണയങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുന്നു. ഈ പ്രതികരണങ്ങള്‍ ചേര്‍ത്തുവെച്ച് സമൂഹ മനസ്സിന്‍െറ കാപട്യത്തെ പ്രതിക്കൂട്ടിലേറ്റുന്നു. പ്രണയനാട്യങ്ങളുടെ പിന്നില്‍ പതിയിരിക്കുന്ന കപടവേഷങ്ങള്‍ നിഷ്കളങ്കരായ പെണ്‍കുട്ടികളെ ചതിയില്‍പെടുത്തുക സാധാരണമാണ്. മതാതീതമായ പ്രണയം ഒരു കടങ്കഥയായി മാറുന്നു എന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുന്ന കഥയാണ് ‘കണ്ണാടിക്കാഴ്ചകള്‍’. സ്വാര്‍ഥ പ്രണയത്തിന്‍െറ വലയില്‍ കുടുങ്ങിപ്പോകുന്ന പെണ്‍കുട്ടിയുടെ നിസ്സഹായത ചിത്രീകരിച്ചുകൊണ്ട് പുരുഷയാഥാര്‍ഥ്യങ്ങളുടെ ക്രൂരമുഖം അനാവരണം ചെയ്യുന്ന പ്രണയസങ്കല്‍പങ്ങള്‍ക്കും ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കുമിടയില്‍ ഒരു സ്ത്രീഹൃദയം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ കൗതുകക്കാഴ്ചയാണ് ‘കറുത്തമ്മയുടെ കടലോരത്ത്’ എന്ന കഥ അവതരിപ്പിക്കുന്നത്. നമ്മുടെ സാഹിത്യത്തിലെ പ്രണയസങ്കല്‍പത്തെ ഈ കഥ വിചാരണ ചെയ്യുന്നുണ്ട്.
പെണ്‍ജീവിതം അഭിശപ്ത സാഹചര്യങ്ങളില്‍ ചകിതമായിക്കൊണ്ടിരിക്കുന്നു. ദൈംദിന വാര്‍ത്തകള്‍ തമ്മില്‍ ഉത്കണ്ഠ നിറക്കുന്നു. സ്ത്രൈണാവസ്ഥയുടെ ആകുലതകളെ കേന്ദ്രീകരിക്കുന്ന നിരവധി കഥകള്‍ സമാഹാരത്തിലുണ്ട്. പ്രണയംപോലും ചൂഷണമായി സ്ത്രീത്വത്തെ വേട്ടയാടുകയാണ്. ദാമ്പത്യത്തിന്‍െറ ചട്ടക്കൂടിനുള്ളില്‍ ഞെരുങ്ങാന്‍ സ്ത്രീ വിധിക്കപ്പെടുന്നു. സ്ത്രീത്വത്തെ പൊതിഞ്ഞുനില്‍ക്കുന്ന അശരണാവസ്ഥയുടെ നിലവിളികളാണ് ആനുകാലിക സംഭവങ്ങളില്‍ മുഴങ്ങിനില്‍ക്കുന്നത്. നാം കാമവെറിയന്മാരുടെ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണോ. പിഞ്ചുകുഞ്ഞുങ്ങളെയും സ്വന്തം കുട്ടികളെയും സ്വന്തംകാമാസക്തിക്കിരയാക്കുന്ന വൃദ്ധന്മാരുടെയും പിതാക്കന്മാരുടെയും എണ്ണം വര്‍ധിച്ചുവരുന്നു.  മകളെ പീഡിപ്പിക്കുന്ന പിതാവിനെകുറിച്ചുള്ള വാര്‍ത്തയെ കഥയാക്കിമാറ്റുകയാണ് ‘പിതോരക്ഷതി’ എന്ന രചന. മാറുന്ന കാലവും  ജീവിതവും മൂല്യസങ്കല്‍പവുമുണ്ടാക്കുന്ന ഞെട്ടല്‍ ‘സ്ത്രീപക്ഷം’ എന്ന കഥയിലും പ്രതിഫലിക്കുന്നു. പെണ്‍ജന്മത്തിന്‍െറ ശാപഗ്രസ്തതയാണ് ‘മുലപ്പാല്‍’ എന്ന കഥ പ്രകടമാക്കുന്നത്.
ജീവിതത്തിന്‍െറ ഇരുണ്ടവശങ്ങളോട് സര്‍ഗാത്മകമായി പ്രതികരിക്കുകയാണ് കഥാകാരി, ദാരിദ്ര്യത്തിന്‍െറയും ദുരിതങ്ങളുടെയും ചൂഷണത്തിന്‍െറയും കെടുതികളിലുഴലുന്നവരെ ഈ കഥകളില്‍ നാം കണ്ടുമുട്ടുന്നു. ‘എച്ചില്‍പാത്രം’പോലെ ദൈന്യം മുറ്റിയ അനുഭവങ്ങള്‍ പകര്‍ന്ന കഥകള്‍ രോഗാതുരമായ സമൂഹഘടനയെ നിശ്ശബ്ദ വിചാരണക്ക് വിധേയമാക്കുന്നു. നിസ്സാരകാര്യങ്ങളില്‍ കഥാബീജം കണ്ടെത്തുന്ന കഥാകാരി ‘എന്‍ഡോസള്‍ഫാന്‍’ പോലുള്ള മാരകാവസ്ഥയുടെ ഇരകളുടെ തകരുന്ന ജീവിതവും കഥയുടെ പ്രമേയമാക്കുന്നുണ്ട്. രാഷ്ട്രീയ വധങ്ങളുടെയും യൗവന നഷ്ടങ്ങളുടെയും കറുത്ത പശ്ചാത്തലത്തില്‍ മക്കളുടെ വരവിനായി അവിരാമം കാത്തിരിക്കുന്ന അമ്മയുടെ അന്തര്‍സംഘര്‍ഷങ്ങള്‍ കഥാകാരി ഏറ്റുവാങ്ങുന്നു.  ശോകസാന്ദ്രവും നര്‍മനിര്‍ഭരവുമായ സ്വരഭേദങ്ങളില്‍ കഥ പറഞ്ഞുകൊണ്ട് നാം ജീവിക്കുന്ന  കാലഘട്ടത്തിന്‍െറ ഹൃദയരേഖയിലൂടെ ഈ കഥാകാരി സഞ്ചരിക്കുന്നു. അനുഭവ വൈവിധ്യങ്ങളുടെ അടരുകള്‍ക്കുള്ളില്‍നിന്ന് ജീവിതത്തിന്‍െറ മുറിവുകളെ ചികഞ്ഞെടുക്കുന്നു.
 

ഗമകൂടി ഫിഗോ

Posted: 27 Jan 2013 12:14 AM PST

Image: 

ഇന്ത്യന്‍ വാഹന ലോകത്ത് ഒരുപാട് കഷ്ടപ്പെട്ട് വളര്‍ന്ന കുട്ടിയാണ് ഫോര്‍ഡ്. എസ്കോര്‍ട്ടും ഓറിയോണുമാണ് ഫോര്‍ഡിന്‍േറതായി ഇവിടെ ആദ്യം വന്നത്. തുടക്കത്തില്‍ കുറച്ചു പേരൊക്കെ തൊട്ടും പിടിച്ചുമൊക്കെ അടുത്തുകൂടിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ലോകത്തെ വമ്പന്‍ കാര്‍ നിര്‍മാതാവാണെന്ന ജാടയൊന്നും നമ്മുടെ നാട്ടില്‍ ചെലവായില്ല. ഒരു തവണ കൈപൊള്ളിയപ്പോള്‍ ഫോര്‍ഡിന് കാര്യം മനസ്സിലായി. അങ്ങനെയാണ് ഐക്കണ്‍ പിറന്നത്. മൂന്നുതരം എന്‍ജിനുകള്‍ നല്‍കാന്‍ കാണിച്ച ബുദ്ധി  ഗുണം ചെയ്തു. ഓട്ടോറിക്ഷകളെക്കാള്‍ ഐക്കണുകള്‍ നിരത്തിലിറങ്ങുമോയെന്ന സംശയംപോലും ഇടക്കാലത്തുണ്ടായി. പക്ഷേ, ഏറെ പ്രതീക്ഷയര്‍പ്പിച്ച ഫ്യൂഷന്‍ ചതിച്ചു. ഭാവിതന്നെ അവതാളത്തിലാകുമെന്ന് സംശയിച്ചെങ്കിലും ഫിയസ്റ്റയും എന്‍ഡേവറും ഒക്കെ ചേര്‍ന്ന് ഫോര്‍ഡിനെ രക്ഷിച്ചു. എങ്കിലും ഇവരെക്കുറിച്ചുള്ള  ധാരണകള്‍ മാറിത്തുടങ്ങിയത് ഫിഗോയുടെ വരവോടെയാണ്്. ഇന്ത്യക്കുവേണ്ടി ജനിച്ചവനാണ് ഫിഗോ. അന്താരാഷ്ട്ര വിപണിയിലുള്ള ഫിയസ്റ്റ ഹാച്ച് ബാക്കിനെ ആസ്ട്രേലിയയില്‍ കൊണ്ടുപോയി പ്ളാസ്റ്റിക് സര്‍ജറി ചെയ്താണ് ഫിഗോ ആക്കിയത്. ആരും അറിയാതിരിക്കാന്‍ ഇറ്റാലിയന്‍ പേരുമിട്ടു.
ഫ്യൂഷനെ അറിയാവുന്നവര്‍ പേടിച്ചുപേടിച്ചാണ് ഫിഗോയുടെ അടുത്തെത്തിയത്. പക്ഷേ, അനുഭവം ഹൃദ്യമായിരുന്നു. ഫലം രണ്ടു കൊല്ലംകൊണ്ട് ഒരു ലക്ഷം ഫിഗോ നിരത്തിലെത്തി. സെഡാനിലുള്ള എല്ലാ സുഖസൗകര്യങ്ങളും മുറിവാലന്‍ ഫിഗോയില്‍ ഒളിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ് ഫിഗോയുടെ വിജയം. ഈ മാജിക്ക് വിലയിലും ആവര്‍ത്തിച്ചു. ഇപ്പോള്‍ ഐക്കണെ കൈവിട്ട ഫോര്‍ഡ് ജയിച്ചു നില്‍ക്കുന്നത് പുതിയ ഫിയസ്റ്റ, ക്ളാസിക് ഫിയസ്റ്റ എന്നിവയും ഫിഗോയും വിറ്റാണ്. എന്‍ഡേവറിനെക്കൊണ്ട് തറവാടിന് വലിയ ഗുണം കിട്ടാത്തതുകൊണ്ട് എക്കോസ്പോര്‍ട്സ് എന്ന എസ്.യുവിയെയും ഇറക്കുന്നുണ്ട്. സുഖസൗകര്യങ്ങള്‍ കോപ്പിയടിക്കുക എന്നതാണ് ഫിഗോയെ തോല്‍പിക്കാന്‍ എതിരാളികള്‍ സ്വീകരിച്ച വഴി. ഈ തന്ത്രം വിജയിച്ചോയെന്ന് ഫോര്‍ഡിനുമുണ്ട് ഒരു സംശയം. വഴിമുഴുവന്‍ ഫിഗോയിറങ്ങിയപ്പോള്‍ ജനം കണ്ടുകണ്ടുമടുത്തുവെന്ന പ്രശ്നം വേറെയുമുണ്ട്. കച്ചവടം കുറയാതിരിക്കാനുള്ള ആദ്യപടിയായി പുതിയ മണവും ഗുണവുമുള്ള ഫിഗോയെ പുറത്തിറക്കിയിരിക്കുകയാണ് ഫോര്‍ഡ്. ഹെഡ്ലൈറ്റിന്‍െറ മാറ്റം കഴിഞ്ഞാല്‍ ആദ്യം മനസ്സില്‍ സ്ഥാനം പിടിക്കുന്നത് എട്ടു സ്പോക് അലോയ് വീലുകളാണ്. ഗ്രില്ലിലെയും ബമ്പറിലെയും മാറ്റം തൊട്ടുപിന്നാലെ ഉള്ളില്‍ കയറും. ടെയില്‍ ലാമ്പിലും പരിഷ്കാരമുണ്ട്. ഫിയസ്റ്റയുടെ പ്ളാറ്റ്ഫോം തന്നെയായതിനാല്‍ ഉള്ളില്‍ സ്ഥലം ഇഷ്ടം പോലെയുണ്ട്. മധ്യവര്‍ഗക്കാരന് ഒട്ടും ആഡംബരമല്ല ഫിഗോ. ആവശ്യമില്ലാത്ത സാധനങ്ങളൊന്നും ഉള്ളില്‍ കയറ്റരുതെന്നാണ് ഫിഗോയുടെ നിലപാട്. അകത്ത് ഡാഷടക്കമുള്ള ഘടകങ്ങള്‍ പഴയതാണ്.  ഒരു ഗ്ളാസ് ഹോള്‍ഡര്‍ മാത്രമുള്ളത് കുറവായി കാണേണ്ട. മൊബൈല്‍ ഇന്‍റഗ്രേഷനുള്ള ടു ഡിന്‍ സ്റ്റീരിയോയുടെ സ്വിച്ചുകളൊക്കെ സ്റ്റിയറിങ് വീലിലാണ്. ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എ.ബി.എസ്, എയര്‍ബാഗ്, കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിങ് എന്നിവയൊക്കെ വിവിധ മോഡലുകളിലുണ്ട്. ഇന്ധനം കുറഞ്ഞാലും ഇന്ധനത്തില്‍ വെള്ളം കയറിയാലും ഫിഗോ വിവരം പറയും. ഓടിത്തെളിഞ്ഞ 1399 സി.സിയുടെ ഡ്യൂറാടോര്‍ക്ക് ഡീസല്‍ എന്‍ജിന് 160 എന്‍.എം ടോര്‍ക്കും, 69 പി.എസ് കരുത്തുമുണ്ട്.  20 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. 1196 സി.സിയുടെ ഡ്യൂറാടെക് പെട്രോള്‍ എന്‍ജിന്‍ 102 എന്‍.എം ടോര്‍ക്കും 71 പി.എസ് കരുത്തും നല്‍കും. പൂജ്യത്തില്‍ നിന്നു 100 കീ.മിയെത്താന്‍ 16 സെക്കന്‍ഡ്. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത് ക്യാബിന്‍ അറിയില്ല. ബ്രൈറ്റ് യെലോ, കൈനറ്റിക് ബ്ളൂ എന്നീ നിറങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില നാല് ലക്ഷത്തില്‍ തുടങ്ങും.

തീരുവ വര്‍ധന: ഫലം ഹ്രസ്വകാലത്തേക്ക്

Posted: 27 Jan 2013 12:07 AM PST

Image: 

സ്വര്‍ണത്തിന് പിന്നാലെ അസംസ്കൃത സ്വര്‍ണത്തിനും ‘ഡോര്‍’ ബാറുകള്‍ക്കും (സ്വര്‍ണത്തിന്‍െറയും വെള്ളിയുടെയും സങ്കരം) കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ ഹ്രസ്വകാലത്തേക്കെങ്കിലും ഇറക്കുമതി കുറയുമെന്ന് സൂചന. ഒരുവര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണത്തിന്‍െറ തീരുവ വര്‍ധിപ്പിച്ചത്. മുമ്പ് നടത്തിയ രണ്ട് വര്‍ധനകള്‍ നേരിയ ഫലം ചെയ്ത സാഹചര്യത്തിലാണ് വീണ്ടുമൊരു നടപടിക്ക് കേന്ദ്രം തയാറായത്.
സ്വര്‍ണത്തിന്‍െറയും പ്ളാറ്റിനത്തിന്‍െറയും ഇറക്കുമതി തീരുവ നാലില്‍ നിന്ന് ആറുശതമാനമായി വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇരട്ടിയിലധികമായാണ് അസംസ്കൃത സ്വര്‍ണത്തിന്‍െറ തീരുവയും വര്‍ധിപ്പിച്ചത്. രണ്ടില്‍നിന്ന് അഞ്ച് ശതമാനമായാണ് ഇതിന്‍െറ വര്‍ധന.
ധനക്കമ്മിയും വ്യാപാരകമ്മിയും പ്രതിസന്ധിഘട്ടത്തിലേക്ക് നീങ്ങിത്തുടങ്ങുകയും ആഗോളസാമ്പത്തിക മാന്ദ്യത്തിന്‍െറ പശ്ചാത്തലത്തില്‍ കയറ്റുമതിക്ക് മങ്ങലേല്‍ക്കുകയും ചെയ്തതോടെ, എണ്ണകഴിഞ്ഞാല്‍ രാജ്യത്തേക്കുള്ള ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്വര്‍ണത്തെ നിയന്ത്രക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് കേന്ദ്ര നടപടി.
2012 ജനുവരിയില്‍ ഒന്നില്‍നിന്ന് രണ്ട് ശതമാനമായും മാര്‍ച്ചില്‍ രണ്ടില്‍നിന്ന് നാലുശതമാനമായും സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ കൂട്ടിയിരുന്നു. 2011 ല്‍ ഇറക്കുമതി സര്‍വകാല റെക്കോഡിലേക്ക് നീങ്ങിയ സാഹചര്യത്തിലായിരുന്നു ഇത്. 969 ടണ്‍ സ്വര്‍ണമാണ് 2011ല്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. 5600 കോടി ഡോളറാണ് (എകദേശം 2,96,800 കോടി രൂപ) ഇതിനായി വിദേശത്തേക്ക് അയക്കേണ്ടി വന്നത്.
2012ന്‍െറ ആദ്യ പാദങ്ങളില്‍ തീരുവവര്‍ധന ഫലം ചെയ്തെന്നാണ് സര്‍ക്കാറിന്‍െറ അവകാശവാദം. 3800 കോടി ഡോളറാണ് ഡിസംബര്‍ വരെയുള്ള ഇറക്കുമതി. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യരണ്ടുപാദങ്ങളിലെ ഇറക്കുമതി കുറഞ്ഞിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഗ്രാഫ് വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ 33 ശതമാനം കുറവുണ്ടെന്നാണ് സര്‍ക്കാറിന്‍െറ വാദം.
എന്നാല്‍, ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് സ്വര്‍ണവ്യാപാര രംഗത്തെ പ്രമുഖ സംഘടനകള്‍ പറയുന്നു. ഏപ്രില്‍ജൂണ്‍ മാസങ്ങളില്‍ 131 ടണ്ണായി ഇറക്കുമതി ചുരുങ്ങിയെങ്കിലും ഒക്ടോബര്‍ഡിസംബര്‍ കാലയളവില്‍ 223 ടണ്ണായി ഉയര്‍ന്നത് ഇതിന് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവ് ഇന്ത്യയാണ്. 2011 ല്‍ 2700 ടണ്‍ ആയിരുന്നു ലോകത്തെ സ്വര്‍ണ ഉല്‍പാദനം. ഇതിന്‍െറ 0.5 ശതമാനം മാത്രമാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍, രാജ്യത്തെ ശരാശരി സ്വര്‍ണ ഉപഭോഗം 9001000 ടണ്ണായിട്ടുണ്ട്. ഇതില്‍ ഏകദേശം 92 ടണ്ണോളം വിപണിയിലെത്തുന്ന പഴയ സ്വര്‍ണം പുനരുപയോഗിക്കുന്നതാണ്. ബാക്കി ഇറക്കുമതി ചെയ്യേണ്ട സ്ഥിതി തുടരുക തന്നെ ചെയ്യുമെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.
2012 ലെ തീരുവവര്‍ധനയില്‍ അസംസ്കൃത സ്വര്‍ണ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇറക്കുമതി ചെയ്യുന്നതില്‍ ഏതാണ്ട് നൂറ് ടണ്ണോളം ഇത്തരത്തിലുള്ളതാണ്. ഇതേതുടര്‍ന്നുണ്ടായ അസന്തുലിതാവസ്ഥ അസംസ്കൃത സ്വര്‍ണത്തിന്‍െറ ഇറക്കുമതി വര്‍ധിക്കുന്നതിനിടയാക്കിയിരുന്നു. ഇതുവിപരീതഫലം ചെയ്ത സാഹചര്യത്തിലാണ് ഇത്തവണ ഇതിന്‍െറ തീരുവയും കൂട്ടിയത്. എങ്കിലും അവശേഷിക്കുന്ന ഒരുശതമാനം വ്യത്യാസം ഇനിയും ശുദ്ധീകരിക്കാത്ത സ്വര്‍ണത്തിന്‍െറ ആവശ്യകത ഉയര്‍ന്നുനില്‍ക്കാന്‍ ഇടയാക്കിയേക്കാം. പാരമ്പര്യവും നിക്ഷേപ താല്‍പര്യങ്ങളുമാണ് ഇന്ത്യയില്‍ സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്ന പ്രധാന രണ്ടുഘടകങ്ങള്‍. പരമ്പരാഗതമായി സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമവും സ്വര്‍ണത്തിലുള്ള വിശ്വാസവും തുടരുന്നിടത്തോളം തീരുവ പോലുള്ള നടപടികളിലൂടെയൊ വിലവര്‍ധനയിലൂടെയോ ഇറക്കുമതി കാര്യമായി നിയന്ത്രിക്കാനാവില്ലെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിലവര്‍ധിക്കുന്തോറും സ്വര്‍ണത്തോടുള്ള ഭ്രമം കൂടുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
ഒരുകോടിയോളം വിവാഹങ്ങള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നു എന്നതും ഗ്രാമീണ മേഖലയില്‍ വേണ്ടത്ര ബാങ്കിങ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വര്‍ണം നിക്ഷേപമാര്‍ഗമായി തുടരുന്നതും ഉപഭോഗം ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ ഇടയാക്കുമെന്ന് ഇവര്‍ പറയുന്നു. അതേസമയം, ഇറക്കുമതിയുടെ 35 ശതമാനവും നിക്ഷേപതാല്‍പര്യത്തോടെയാണെന്നും വിലകൂടുമ്പോള്‍ നിക്ഷേപ താല്‍പര്യം കുറയുമെന്നുമായിരുന്നു സര്‍ക്കാറിന്‍െറ പ്രതീക്ഷ. എന്നാല്‍, ഇത് തെറ്റിക്കും വിധമായിരുന്നു വിപണിയുടെ പ്രതികരണം. തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന് ധനമന്ത്രി സൂചന നല്‍കിയതിന്‍െറ തൊട്ടുപിന്നാലെതന്നെ വിലകൂടുമെന്ന പ്രതീക്ഷയില്‍ ഊഹക്കച്ചവടക്കാര്‍ ഇറക്കുമതിക്കും വാങ്ങലിനും കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഡോളറിനെതിരെ രൂപ രണ്ടുശതമാനം കരുത്തുനേടുന്നതോടെ ഇപ്പോഴുണ്ടാകുന്ന വിലവര്‍ധന ഉപഭോക്താവിനെ ബാധിക്കാതാവുമെന്ന് വിപണി നിരീക്ഷകര്‍ ചുണ്ടിക്കാട്ടുന്നു. തീരുവകൂട്ടിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെയുള്ള ഇറക്കുമതി കൂടുമെന്ന വ്യാപാരികളുടെ ആശങ്ക ശരിവെക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ മുമ്പ് നടത്തിയ വെളിപ്പെടുത്തലുകളും. 2012 മാര്‍ച്ചിലെ തീരുവവര്‍ധനവിന് ശേഷം ഏതാണ്ട് 900 കോടി രൂപയുടെ സ്വര്‍ണം കള്ളക്കടത്താണ് രാജ്യത്ത് പിടികൂടിയത്. 300 ശതമാനമാണ് ഇതിലെ വര്‍ധനയെന്ന് അധികൃതര്‍ വ്യത്മാക്കിയിരുന്നു.  
ബാങ്കുകളിലെ സ്വര്‍ണനിക്ഷേപം കൂടുതല്‍ ആകര്‍ഷകമാക്കുകയും ഗോള്‍ഡ് ഇ.റ്റി.എഫുകളിലെ സ്വര്‍ണശേഖരത്തിലൊരുഭാഗം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതിലൂടെ ഇറക്കുമതി കുറഞ്ഞാലും സ്വര്‍ണത്തിന്‍െറ ലഭ്യത ഉറപ്പുവരുത്താമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. എന്നാല്‍, രാജ്യത്തെ 14 എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളിലുംകൂടി ഏകദേശം 42 ടണ്‍ സ്വര്‍ണം മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ കാര്യമായ പ്രയോജനം ഇതുകൊണ്ടുണ്ടാവില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.
സര്‍ക്കാറിന്‍െറ ലക്ഷ്യങ്ങള്‍ സാധിച്ചാലും ഇല്ലെങ്കിലും ഒരുകാര്യം വ്യക്തമാണ്. സാധാരണക്കാരനെ സംബന്ധിച്ച് കുടുതല്‍ പണം ഇനി സ്വര്‍ണത്തിന് കരുതേണ്ടിവരും. സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി കൂടിയാകുമ്പോള്‍ ഏഴുമുതല്‍ പത്തുശതമാനം വരെ വിലവ്യത്യാസം അന്താരാഷ്ട്ര വിപണികളുമായി ഉണ്ടാകും.
 

കെല്‍ട്രോണില്‍ അവസരങ്ങളേറെ

Posted: 26 Jan 2013 10:53 PM PST

Image: 

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെല്‍ട്രോണ്‍) നിരവധി ഒഴിവുകള്‍. കേരളത്തിന് അകത്തും പുറത്തും നിയമനം പ്രതീക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിലാസം: www.keltron.org.

അസിസ്റ്റന്‍റ് മാനേജര്‍ (ഫിനാന്‍സ്)

ഒഴിവ്: ഒന്ന്, യോഗ്യത: എ.സി.എ, എ.സി.എസ്
ശമ്പള സ്കെയില്‍: 10625-250-11875-290 -3615-330-15925-370-19625.
പ്രവൃത്തി പരിചയം: അഞ്ചുവര്‍ഷം
ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്
അവസാന തീയതി: 06-02-13
പേജ് ലിങ്ക്: http://swg.keltron.org/Resume/online_appln.php?advcode=449

 ഡയറക്ടര്‍ -കെല്‍ട്രാക്
(കെല്‍ട്രോണ്‍ ടൂള്‍ റൂം റിസര്‍ച്
ആന്‍ഡ് ട്രെയ്നിങ് സെന്‍റര്‍)

ഒഴിവ്: ഒന്ന് (കോണ്‍ട്രാക്റ്റ്)
യോഗ്യത: മെക്കാനിക്കലിലോ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങിലോ ഫസ്റ്റ് ക്ളാസോടെ ബി.ടെക്/എം.ടെക്.
ശമ്പളം: 50,000-60,000
പ്രവൃത്തി പരിചയം: 10 വര്‍ഷം
ഉയര്‍ന്ന പ്രായപരിധി: 50 വയസ്സ്
അവസാന തീയതി: 06-02-13
പേജ് ലിങ്ക്: http://swg.keltron.org/Resume/online_appln.php?advcode=260

എക്സിക്യൂട്ടിവ് ഡയറക്ടര്‍

ഒഴിവ്: രണ്ട് (കോണ്‍ട്രാക്റ്റ്)
യോഗ്യത: മെക്കാനിക്കലിലോ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങിലോ ഫസ്റ്റ് ക്ളാസോടെ ബി.ടെക്/എം.ടെക്. എം.ബി.എ കൂടിയുള്ളത് അഭികാമ്യം.
ശമ്പളം: 60,000-70,000
പ്രവൃത്തി പരിചയം: 20-25 വര്‍ഷം
ഉയര്‍ന്ന പ്രായപരിധി: 55 വയസ്സ്
അവസാന തീയതി: 06-02-13
പേജ് ലിങ്ക്: http://swg.keltron.org/Resume/online_appln.php?advcode=259

അതത് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാം.

സീനിയര്‍ എന്‍ജിനീയര്‍
ഒഴിവ്: 21
യോഗ്യത: ബി.ടെക്/ബി.ഇ

സീനിയര്‍ ഓഫിസര്‍
ഒഴിവ്: രണ്ട്
യോഗ്യത: എം.ബി.എ/എം.എസ്.ഡബ്ള്യൂ/ എം.എ
 
എന്‍ജിനീയര്‍
ഒഴിവ്: 25
യോഗ്യത: ബി.ടെക്/ബി.ഇ

എക്സിക്യൂട്ടിവ്
ഒഴിവ്: നാല്
യോഗ്യത: ബി.ടെക്/ബി.ഇ/എം.ബി.എ

സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍
ഒഴിവ്: നാല്
യോഗ്യത: ബി.ടെക്/ബി.ഇ/എം.സി.എ

ഓഫിസര്‍
ഒഴിവ്: നാല്
യോഗ്യത: എം.ബി.എ/എല്‍.എല്‍.ബി

വെല്‍ഫെയര്‍ ഓഫിസര്‍
ഒഴിവ്: ഒന്ന്
യോഗ്യത: എം.എസ്.ഡബ്ള്യൂ

ജി.ഐ.എസ് സ്പെഷലിസ്റ്റ്
ഒഴിവ്: ഒന്ന്
യോഗ്യത: ജി.ഐ.എസില്‍ പി.ജി ഡിപ്ളോമ
 
ടെക്നിക്കല്‍ അസിസ്റ്റന്‍റ്
ഒഴിവ്: 170
യോഗ്യത: മൂന്നു വര്‍ഷ മുഴുവന്‍ സമയ ഡിപ്ളോമ

പ്രൊജക്ട് അസോസിയേറ്റ്
ഒഴിവ്: ഒന്ന്
യോഗ്യത: എം.സി.എ

പ്രൊജക്ട് കോഓഡിനേറ്റര്‍
ഒഴിവ്: ഒന്ന്
യോഗ്യത: എം.എസ്സി ഇലക്ട്രോണിക്സ്

സിവില്‍ സൂപ്പര്‍വൈസര്‍
ഒഴിവ്: ഒന്ന്
യോഗ്യത: ഐ.ടി.ഐ/എന്‍.ടി.സി-ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)

ഡാറ്റ എന്‍ട്രി ഓപറേറ്റര്‍
ഒഴിവ്: 27
യോഗ്യത: ഐ.ടി.ഐ കോപ/പാസ്സ

ഓപറേറ്റര്‍/ടെക്നീഷ്യന്‍
ഒഴിവ്: 85
യോഗ്യത: ഐ.ടി.ഐ

സര്‍വീസ് ടെക്നീഷ്യന്‍
ഒഴിവ്: ഏഴ്
യോഗ്യത: ഐ.ടി.ഐ

മസ്ദൂര്‍/ഹെല്‍പ്പര്‍
ഒഴിവ്: നാല്
യോഗ്യത: എസ്.എസ്.എല്‍.സി

ബൈന്‍ഡര്‍
ഒഴിവ്: ഒന്ന്
യോഗ്യത: കെ.ഇ.ടി.ഇ (ബുക് ബൈന്‍ഡിങ്)

മൂന്നു വര്‍ഷം വരെ നീളുന്ന കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലാണ് നിയമനം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്. പ്രവൃത്തി പരിചയം, ജോലിയുടെ സ്വഭാവം, ശമ്പള സ്കെയില്‍ തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് http://swg.keltron.org/Resume/index_frst.php?aplnid=265 സന്ദര്‍ശിച്ച് അതത് തസ്തികയിലേക്കുള്ള ലിങ്കില്‍ ക്ളിക് ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷയും അവിടെ കാണാം. അപേക്ഷിക്കേണ്ട അവസാന തീയതി: 31-01-13.

താഴെ പറയുന്ന തസ്തികകളിലേക്ക് ഫ്രഷേഴ്സിന് അപേക്ഷിക്കാം.

എക്സിക്യൂട്ടിവ്
ഒഴിവ്: ഒന്ന്
യോഗ്യത: ബി.ടെക്/ബി.ഇ/എം.ബി.എ

എന്‍ജിനീയര്‍
ഒഴിവ്: 42
യോഗ്യത: ബി.ടെക്/ബി.ഇ

ഓഫിസര്‍ (എച്ച്.ആര്‍)
ഒഴിവ്: ഒന്ന്
യോഗ്യത: എം.ബി.എ/എം.എസ്.ഡബ്ള്യൂ/എം.എ

ടെക്നിക്കല്‍ അസിസ്റ്റന്‍റ്
ഒഴിവ്: 41
യോഗ്യത: എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ മുഴുവന്‍ സമയ ഡിപ്ളോമ

ഓപറേറ്റര്‍/ടെക്നീഷ്യന്‍
ഒഴിവ്: 12
യോഗ്യത: ഐ.ടി.ഐ

മൂന്നുവര്‍ഷം വരെ നീളുന്ന കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലാണ് നിയമനം. എക്സിക്യൂട്ടിവിന് 30ഉം മറ്റു തസ്തികകളില്‍ 25ഉം വയസ്സാണ് ഉയര്‍ന്ന പ്രയപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്. ജോലിയുടെ സ്വഭാവം, ശമ്പള സ്കെയില്‍ തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് http://swg.keltron.org/Resume/index_gen_frst.php  സന്ദര്‍ശിച്ച് അതത് തസ്തികയിലേക്കുള്ള ലിങ്കില്‍ ക്ളിക് ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷയും അവിടെ കാണാം. അപേക്ഷിക്കേണ്ട അവസാന തീയതി: 30-01-13.
l

ദേശീയ ഇന്‍ഷുറന്‍സ് അക്കാദമിയില്‍ പി.ജി.ഡി.എം

Posted: 26 Jan 2013 10:48 PM PST

Image: 

പുണെയിലെ നാഷനല്‍ ഇന്‍ഷുറന്‍സ് അക്കാദമി പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (പി.ജി.ഡി.എം) കോഴ്സില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ മുഴുവന്‍ സമയ കോഴ്സാണിത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2013 ജനുവരി 31. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച അക്കാദമി, ഇന്‍ഷുറന്‍സ് രംഗത്ത് പരിശീലനം നല്‍കുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും ഇവിടെ കാമ്പസ് റിക്രൂട്ട്മെന്‍റുകള്‍ക്ക് ഓരോ വര്‍ഷവും എത്തുന്നു.
പി.ജി.ഡി.എം കോഴ്സില്‍ ഇന്‍ഷുറന്‍സ്മേഖലയിലെ പരിശീലനത്തിനുപുറമെ മാനേജ്മെന്‍റിലും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ലഭ്യമാക്കുന്നു.
ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. 2013 സെപ്റ്റംബര്‍ 30നകം ഫലം പ്രഖ്യാപിക്കുമെങ്കില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
കാറ്റ്, സീമാറ്റ് തുടങ്ങിയ പരീക്ഷകളിലെ സ്കോറിന്‍െറ അടിസ്ഥാനത്തിലാവും പ്രവേശം. ഗ്രൂപ് ചര്‍ച്ച, ഇന്‍റര്‍വ്യൂ എന്നിവയും ഉണ്ടാകും. 75 സീറ്റുകളാണ് കോഴ്സിനുള്ളത്. ഭക്ഷണം ഉള്‍പ്പെടെയുള്ള ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
താല്‍പര്യമുള്ളവര്‍ അക്കാദമിയുടെ സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് 1200 രൂപയുടെ ഡി.ഡി അടക്കം അപേക്ഷിക്കണം.
l

പ്രീമിയര്‍ ട്രെയിനുകളില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കും

Posted: 26 Jan 2013 10:44 PM PST

Image: 

ന്യൂദല്‍ഹി: ട്രെയിനുകളില്‍ കാറ്ററിങ് ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പ്രീമിയര്‍ ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.  രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ ടിക്കറ്റ്  നിരക്ക്  20 രൂപവരെ കൂട്ടാനാണ് തീരുമാനം.
ടിക്കറ്റ് നിരക്ക് 15 രൂപ മുതല്‍ 20 വര്‍ധിപ്പിക്കാന്‍  തീരുമാനിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ജനുവരി 22 നാണ്  ട്രെയിന്‍ നിരക്ക് കൂട്ടിയത്. എന്നാല്‍ പ്രീമിയര്‍ ട്രെയിനുകളില്‍ യാത്ര നിരക്കിനോടൊപ്പം ഭക്ഷണനിരക്കു കൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ് രണ്ടാമതും ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
എക്സ്പ്രസ്, പ്രീമിയര്‍ ട്രെയിനുകളിലെ ഭക്ഷണനിലവാരത്തെ കുറിച്ച് പഠിക്കാന്‍ റെയില്‍വേ മന്ത്രാലയം നിയോഗിച്ച കമ്മറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നിരക്ക് വര്‍ധന.
യാത്രക്കാര്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ കമ്മറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. പ്രീമിയര്‍ ട്രെയിനുകളില്‍ ശീതളപാനീയങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവ വിതരണം ചെയ്യില്ല. ട്രെയിനില്‍ വിതരണം ചെയ്യുന്ന  തൈര്, ഐസ്ക്രീം എന്നിവ ബ്രാന്‍ഡഡ് ആയിരിക്കണമെന്നും കമ്മറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
 

യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍

Posted: 26 Jan 2013 10:23 PM PST

തിരുവനന്തപുരം: യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ കോമന വില്ലേജില്‍ പടിഞ്ഞാറെ കോനാക്കല്‍ വീട്ടില്‍ രതീഷ് (22), വെള്ളനാട് മിത്രനികേതന് സമീപം പ്രശാന്ത് ഭവനില്‍ പ്രശാന്ത് (27), വെള്ളറട കള്ളിമൂട് വയലിങ്കല്‍ റോഡരികത്ത് വീട്ടില്‍ രജീഷ് (27), നെയ്യാറ്റിന്‍കര തിരുപുറം പൂവാര്‍ വാര്‍ഡില്‍ ജോസ് ഭവനില്‍ ജോസ്ദാസ് (20) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കുളിക്കുകയായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ കുളിമുറിയുടെ എയര്‍ഹോളിലൂടെ  മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാക്കളെന്ന് പൊലീസ് പറഞ്ഞു.
യുവതി ബഹളം വെച്ചതോടെ ആള്‍ക്കാരെത്തി ഇതിനിടെ പ്രതികളെ യുവതി തിരിച്ചറിയുകയും ചെയ്തു. പിടിയിലായവരില്‍ രതീഷ് ടെക്നോപാര്‍ക്കിലെ ജീവനക്കാരനും മറ്റുമൂന്നുപേര്‍ ഫിഷറീസ്  ഡിപ്പാര്‍ട്ടുമെന്‍റിലെ താല്‍കാലിക ജീവനക്കാരുമാണ്. ഇവരില്‍നിന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

ഇംഗ്ളണ്ടിന് 227 റണ്‍സ് വിജയലക്ഷ്യം

Posted: 26 Jan 2013 10:19 PM PST

Image: 

ധര്‍മശാല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാമത്തെയും   അവസാനത്തെയും മത്സരത്തില്‍ ഇംഗ്ളണ്ടിന് 227 റണ്‍സ് വിജയലക്ഷ്യം. ആദ്യ ഓവറുകളില്‍  ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ 98 പന്തില്‍ നിന്നും 83 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെ ഇന്നിങ്സാണ് കരകയറ്റിയത്. രവീന്ദ്ര ജഡേജ(39), ഭുവനേശ്വര്‍ കുമാര്‍(31), ഗൗതം ഗംഭീര്‍(24) എന്നിവരുടെ സ്കോര്‍ ഇന്ത്യയെ 200 കടക്കാന്‍ സഹായിച്ചു.

മുന്‍നിര ബാറ്റ്സ്മാന്‍മാരായ  യുവരാജ് സിങ് (0), ക്യാപ്റ്റന്‍ എം.എസ് ധോണി(15),   രോഹിത് ശര്‍മ്മ (4), വിരാട് കോഹ്ലി (0),അശ്വിന്‍(19), ഷാമി അഹമ്മദ്(1) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകാതെ പുറത്തായി.

ടോസ് നേടിയ ഇംഗ്ളണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇംഗ്ളണ്ടിനു വേണ്ടി ടിം ബ്രസ്നന്‍ നാലു വിക്കറ്റുകള്‍ നേടി.

 പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യക്കെതിരെ അവസാന മത്സരത്തില്‍ ജയിക്കുക എന്നത് ഇംഗ്ളണ്ടിന്റെ പരമ്പര നഷ്ടത്തിന്റെ ആഘാതം കുറയ്ക്കുന്നതായിരിക്കും.

പൊലീസ് നടപടി; കൊള്ളപ്പലിശക്കാര്‍ പരിഭ്രാന്തിയില്‍

Posted: 26 Jan 2013 10:02 PM PST

ശാസ്താംകോട്ട: നിയമവിരുദ്ധ പണമിടപാട് നടത്തിയിരുന്ന രണ്ടുപേര്‍ കുന്നത്തൂര്‍ താലൂക്കില്‍ പൊലീസിന്‍െറ പിടിയിലായതോടെ വന്‍കിട കൊള്ളപ്പലിശക്കാര്‍ പരിഭ്രാന്തിയിലായി.
പണം കടം വാങ്ങിയവരില്‍നിന്ന് അനുനയത്തില്‍ മുതലും പലിശയും നേടിയെടുക്കാനുള്ള തന്ത്രങ്ങളിലേക്ക് ഇവര്‍ ചുവടുമാറ്റിത്തുടങ്ങി. ആരെങ്കിലും പരാതിപ്പെട്ടാല്‍ കുടുങ്ങുമെന്ന നില വന്നതോടെ ചെക്കുകേസുകള്‍ മരവിച്ച നിലയിലാണ്.റെയ്ഡിനിടയില്‍ ശാസ്താംകോട്ട സി.ഐ ടി.അനില്‍കുമാര്‍  പിടികൂടിയ ആയിക്കുന്നം സ്വദേശി ഇപ്പോള്‍ റിമാന്‍ഡ്ചെയ്യപ്പെട്ട് ജയിലിലാണ്.ശൂരനാട് എസ്.ഐ കെ.ടി സന്ദീപ് പിടികൂടിയ ഇരവിച്ചിറ സ്വദേശിയെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
പൊലീസിന്‍െറ നടപടിക്ക് വിധേയരായ രണ്ട് ഇടപാടുകാരും ഈ മേഖലയിലെ ചെറുമീനുകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പണം പലിശക്ക് കടം കൊടുക്കുന്നവരും ഭൂമി വിലയാധാരം എഴുതി ജാമ്യം വാങ്ങുന്നവരുമെല്ലാം ഇപ്പോഴും രഹസ്യമായി തങ്ങളുടെ ഇടപാടുകളുമായി മുന്നോട്ടുപോകുകയാണ്. ചെക്കും പ്രോമിസറി നോട്ടും മുദ്രപ്പത്രങ്ങളും കണക്കില്‍പ്പെടാത്ത പണവുമെല്ലാം ഇവര്‍ സുരക്ഷിതമായി ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ പക്കലേക്കും മാറ്റിയിരിക്കുകയാണ്.
പൊലീസിന്‍െറ നടപടി ഊര്‍ജിതമായതോടെ കുടിശ്ശികക്കാര്‍ക്കെതിരെ കയര്‍ത്തൊരു വാക്കുപോലും പറയാന്‍ കഴിയാത്ത നിലയിലാണ് കൊള്ളപ്പലിശക്കാര്‍. സമൂഹത്തിലെ സ്വാധീനശേഷിയുള്ളവര്‍ ഉള്‍പ്പെടുന്ന കൊള്ളപ്പലിശ മാഫിയക്കെതിരെ പരാതിയുമായി രംഗത്തുവരാന്‍ പൊലീസ് നടപടി പ്രേരണയായിട്ടുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP