സ്വാഗതം
WELCOME

News Update..

Wednesday, January 9, 2013

ജില്ലയില്‍ പകുതിയിലേറെ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ Madhyamam News Feeds

ജില്ലയില്‍ പകുതിയിലേറെ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ Madhyamam News Feeds

Link to

ജില്ലയില്‍ പകുതിയിലേറെ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍

Posted: 09 Jan 2013 12:14 AM PST

പാലക്കാട്: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെയും സമരം പ്രതികൂലമായി ബാധിച്ചു. സംസ്ഥാന അതിര്‍ത്തിയായ വാളയാര്‍ ചെക്പോസ്റ്റില്‍ രണ്ട് ബ്ളോക്കുകളില്‍ ഒന്നിന്‍െറ പ്രവര്‍ത്തനം മുടങ്ങി. കൊല്ലങ്കോട് എ.ഇ.ഒ ഓഫിസില്‍ സമരാനുകൂലികളും ജോലിക്കെത്തിയവരും തമ്മിലുള്ള തര്‍ക്കം  അടിപിടിയില്‍ കലാശിച്ചു. പണിമുടക്കിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സിയിലെ സി.പി.എം അനുകൂല സംഘടനകളും സമരത്തിനിറങ്ങിയതോടെ പകുതിയോളം ബസ് സര്‍വീസുകള്‍ റദ്ദാക്കി. വടക്കഞ്ചേരി ഡിപ്പോയില്‍ നിന്ന് മംഗലം ഡാമിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് ഒരു വിഭാഗം വഴിയില്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ സലാമുവിനെ വലിച്ചിറക്കി മര്‍ദിച്ചു. ബസിന്‍െറ ടയര്‍ കുത്തിക്കീറി. സി.പി.എം അനുകൂലികളായ കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
പാലക്കാട് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ അറുപതോളം സര്‍ക്കാര്‍ ഓഫിസുകളിലെ പകുതിയിലേറെ ജീവനക്കാര്‍ പണിമുടക്കുകയാണ്. 2672 ജീവനക്കാരില്‍ 1227 പേരാണ് ജോലിയില്‍നിന്ന് വിട്ടുനിന്നത്. 1217 പേര്‍ ജോലിക്കെത്തി. 228 പേര്‍ വിവിധ ആവശ്യങ്ങള്‍ കാണിച്ച് അവധിയെടുത്തു. സിവില്‍ സ്റ്റേഷനില്‍ ദേശീയപാത സ്ഥലമെടുപ്പ് ആര്‍ബിട്രേഷന്‍ ഓഫിസ് മാത്രമാണ് അടഞ്ഞുകിടന്നത്. കലക്ടറുടെ ഓഫിസിലെ 207 ജീവനക്കാരില്‍ 95 പേര്‍ ജോലിക്കെത്തി. 91 പേര്‍ വിട്ടുനിന്നു. 21 പേര്‍ അവധിയിലാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ 69 പേരില്‍ 44 പേര്‍ ജോലിക്കെത്തി. മൂന്ന് പേര്‍ അവധിയെടുത്തു. ജില്ലാ സപൈ്ള ഓഫിസിലെ 22 പേരില്‍ 12 പേര്‍ ജോലിക്കെത്തി. മൂന്നുപേര്‍ അവധിയെടുത്തു.
വില്‍പന നികുതി ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിലെ 36ല്‍ 26 ജീവനക്കാരും ജോലിക്കെത്തി. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ 46ല്‍ 21 പേരാണ് ഹാജരാകാതിരുന്നത്. ഇവിടെ 20 പേര്‍ ജോലിക്കെത്തിയപ്പോള്‍ അഞ്ചുപേര്‍ പരിശീലനത്തിലും മെഡിക്കല്‍ ലീവിലുമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പാലക്കാട് താലൂക്ക് ഓഫിസിന് കീഴിലെ എട്ട് വില്ലേജ് ഓഫിസുകളും അടഞ്ഞു കിടന്നു. കൊടുമ്പ്, കണ്ണാടി വില്ലേജ് ഓഫിസുകള്‍ തുറന്നെങ്കിലും സംഘടിച്ചെത്തിയ സമരാനുകൂലികള്‍ അടപ്പിച്ചു. താലൂക്ക് ഓഫിസിലെ 72 ജീവനക്കാരില്‍ 27 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. 10 പേര്‍ അവധിയിലായിരുന്നു.

സാഹിത്യ അക്കാദമിയെ സര്‍ക്കാര്‍ ഏജന്‍സിയാക്കി -യു.കെ. കുമാരന്‍

Posted: 09 Jan 2013 12:04 AM PST

Image: 

കോഴിക്കോട്: സാഹിത്യ അക്കാദമിയുടെ ആത്മാഭിമാനവും സ്വയംഭരണാവകാശവും ജനാധിപത്യ സ്വാതന്ത്ര്യവും തകര്‍ത്ത് അതിനെ കേവലം സര്‍ക്കാര്‍ ഏജന്‍സിയാക്കി മാറ്റിയെന്ന് പ്രശസ്ത എഴുത്തുകാരനും അക്കാദമി മുന്‍ വൈസ് പ്രസിഡന്‍റുമായ യു.കെ. കുമാരന്‍. ഒരു ആനുകാലികത്തിലെഴുതിയ ലേഖനത്തില്‍ സാംസ്കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫും അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനുമാണ് ഇതിന് ഉത്തരവാദിയെന്ന് ഒ.വി. വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍കൂടിയായ കുമാരന്‍ കുറ്റപ്പെടുത്തി.

ലേഖനത്തിന്റെ പ്രസക്തഭാഗം:
ചരിത്രത്തിന്‍െറ ക്രൂരമായ തമാശകളാണ് ഇപ്പോള്‍ കാണുന്നത്. ഇടതുസര്‍ക്കാറാണ് ചിലപ്പോഴെങ്കിലും അക്കാദമിയുടെ സ്വാതന്ത്ര്യത്തില്‍ ഇടപെട്ടിരുന്നതെങ്കില്‍ അതിനേക്കാള്‍ ഭീകരവും അപഹാസ്യവുമായ വിധത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. അക്കാദമി ഭാരവാഹികള്‍ അതിനോട് വിധേയഭാവം കാണിക്കുന്നു. അക്കാദമിയുടെ ചരിത്രത്തില്‍ ഇത്ര ദുര്‍ബലമായ ഭരണസംവിധാനം ഉണ്ടായിട്ടില്ല. കരുത്തുള്ള ജനറല്‍ കൗണ്‍സിലില്‍നിന്നേ നല്ലൊരു നിര്‍വാഹക സമിതി രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ.

ചരിത്രത്തിലെ ഏറ്റവുംഉള്‍ക്കാമ്പില്ലാത്ത ജനറല്‍ കൗണ്‍സിലാണ് ഇപ്പോഴത്തേത്. അക്കാദമിയുടെ നയപരമായ സ്വാതന്ത്ര്യം അടിയറവെച്ച് പ്രസിഡന്‍റ് വിധേയത്വം പ്രകടിപ്പിച്ചു. അക്കാദമിയെ ഇന്നത്തെ പരിഹാസ്യമായ അവസ്ഥയിലെത്തിച്ചത് പ്രസിഡന്‍റിന്‍െറ നിലപാട് രാഹിത്യവും വിധേയത്വവുമാണ്.

അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ ഏതാനും പേരെ പുറത്താക്കിയത്. ഈ രീതിയില്‍ സ്വയംഭരണത്തില്‍ ഇടപെടുന്നത് ഇതാദ്യമാണ്. ഇവര്‍ ചെയ്ത തെറ്റുകള്‍ എന്താണെന്ന് ഇതുവരെ വെളിവാക്കപെട്ടിട്ടില്ല. ചാനലില്‍ മുഖം കാണിച്ചത് തെറ്റാണെന്ന് കോണ്‍ഗ്രസ് മന്ത്രിക്ക് തോന്നിയെങ്കില്‍ അതിന്‍െറ പേരില്‍ നടപടിയെടുത്തുതുടങ്ങിയാല്‍ പാര്‍ട്ടിയില്‍ എത്രപേര്‍ അവശേഷിക്കും? തെറ്റ് ചെയ്തയാള്‍ പരിരക്ഷിക്കപ്പെടുകയും ചൂണ്ടിക്കാണിച്ചവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത വിചിത്ര രീതിയാണ് നടപ്പാക്കിയത്.
 

ചാവെസിന്റെ സത്യപ്രതിജ്ഞ നീട്ടിവെച്ചു

Posted: 08 Jan 2013 11:15 PM PST

Image: 

കറാക്കസ്: അര്‍ബുദ ചികിത്സയെ തുടര്‍ന്ന് ക്യൂബയില്‍  കഴിയുന്ന ഊഗോ ചാവെസിന്റെ സത്യപ്രതിജ്ഞ നീട്ടി വെച്ചു.
നാലാമതും വെനിസ്വേലന്‍ പ്രസിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ട ചാവെസ് വ്യാഴാഴ്ചയാണ് ഔദ്യാഗികമായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവെക്കാന്‍ വെനിസ്വേല ദേശീയ അസംബ്ളി അനുമതി നല്‍കി.

അര്‍ബുദ ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ്  ചാവെസിന്റെ ആരോഗ്യനില വഷളാക്കിയത്. ആരോഗ്യം വീണ്ടെടുക്കുന്നതു വരെ സത്യപ്രതിജ്ഞ നീട്ടുന്നതു സംബന്ധിച്ച തീരുമാനം നിയമസഭാംഗങ്ങള്‍ പാര്‍ലമെന്‍്റില്‍ വോട്ടിനിട്ട് പാസാക്കുകയായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ മാറ്റിവെക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

നേരത്തെ, വൈസ് പ്രസിഡന്‍്റ് നിക്കോളാസ് മദുരോ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചാവെസ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
ചാവെസിന്റെ അസാന്നിധ്യത്തില്‍ വെനിസ്വേലന്‍ പാര്‍ലമെന്‍്റായ നാഷനല്‍ അസംബ്ളിയുടെ നേതാവും കാവല്‍ പ്രസിഡന്‍്റുമായി ചാവെസിന്റെ അനുയായി ദൊസ്ഡാദൊ കാബെല്ലൊയെ തെരഞ്ഞെടുത്തിരുന്നു.

മോണോ റെയില്‍: മൂന്നു വര്‍ഷംകൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കും -ഇ. ശ്രീധരന്‍

Posted: 08 Jan 2013 09:39 PM PST

കോഴിക്കോട്: കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം മൂന്നു വര്‍ഷംകൊണ്ട് കമീഷന്‍ ചെയ്യുമെന്ന് ഇ. ശ്രീധരന്‍. മോണോ റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ നഗരജീവിതം തന്നെ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോട്ടറി ക്ളബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന്‍െറ ‘ഫോര്‍ ദ സെയ്ക് ഓഫ് ഓണര്‍ അവാര്‍ഡ്’ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ മുതല്‍ മാനാഞ്ചിറ വരെയുള്ള ഭാഗമാണ് ആദ്യം കമീഷന്‍ ചെയ്യുക. മാനാഞ്ചിറ മുതല്‍ മീഞ്ചന്തവരെ ഭാഗത്ത് റോഡ് വളരെ ഇടുങ്ങിയതാണ്. ഇവിടെ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നതിന് 18 മുതല്‍ 24 വരെ മാസം സമയമെടുക്കും. സ്ഥലം വിട്ടുകൊടുക്കുന്നവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പദ്ധതിയുടെ ടെന്‍ഡര്‍ ഒമ്പതു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
കോഴിക്കോട് നഗരത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതിയെന്ന നിലയിലാണ് മോണോ റെയില്‍ തെരഞ്ഞെടുത്തത്. മൂന്നു കോച്ചുകളടങ്ങിയ ഒരു തീവണ്ടിയില്‍ 550 പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാം. 90 സെക്കന്‍ഡിന്‍െറ ഇടവേളയില്‍ ഒരേ ദിശയില്‍ വണ്ടിയോടിക്കാമെങ്കിലും ഇവിടെ രണ്ട് മിനിറ്റിന്‍െറ ഇടവേളയിലാണ് ട്രെയിന്‍ ഓടിക്കുക. ഇതനുസരിച്ച് മണിക്കൂറില്‍ ഒരു ദിശയില്‍ 16,000 പേര്‍ക്കുവരെ സഞ്ചരിക്കാനാകും. ശരാശരി വേഗത മണിക്കൂറില്‍ 33 കി. മീറ്ററും പരമാവധി വേഗത 90 കി.മീറ്ററുമായിരിക്കും. മെഡിക്കല്‍ കോളജില്‍നിന്ന് മീഞ്ചന്തയിലേക്ക് 25 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകും. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ട്രെയിന്‍ ഏറ്റവും അത്യാധുനിക സംവിധാനങ്ങളുള്ളതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോട്ടറി ക്ളബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. സോമശേഖരന്‍ അവാര്‍ഡ് സമ്മാനിച്ചു. ജോസഫ് ജേക്കബ് പൊന്നാടയണിയിച്ചു. ഡോ. സേതുശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. സി.എം. അബൂബക്കര്‍, ശ്രീധരന്‍ നമ്പ്യാര്‍, ഡാരിയസ് മാര്‍ഷല്‍, ബാലകൃഷ്ണന്‍, ഭരത്ദാസ്, പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.വി. ഗംഗാധരന്‍ സ്വാഗതവും കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

പണിമുടക്ക് ഭാഗികം

Posted: 08 Jan 2013 09:36 PM PST

മലപ്പുറം: പങ്കാളിത്ത പെന്‍ഷനെതിരെ ഇടതു സര്‍വീസ് സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കില്‍ ജില്ലയില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായി മുടങ്ങി.
ആകെയുള്ള 27545 ജീവനക്കാരില്‍ 16647 പേര്‍ ഓഫിസിലെത്തി. 2143 പേര്‍ അംഗീകൃത അവധിയിലാണ്. 8755 ജീവനക്കാര്‍ ജോലിക്ക് എത്തിയിട്ടില്ല. സിവില്‍ സ്റ്റേഷനിലെയും റവന്യു വകുപ്പിന് കീഴിലെ വിവിധ ഓഫിസുകളിലെയും കണക്കാണിത്. ഓഫിസുകളില്‍ 60.4 ശതമാനം ഹാജര്‍ രേഖപ്പെടുത്തിയതായി കലക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഓഫിസുകളില്‍ 181 പേര്‍ സമരത്തില്‍ പങ്കെടുത്തു.
ആകെയുള്ള 358 ജീവനക്കാരില്‍ 135 പേര്‍ ഹാജരായി. 42 പേര്‍ അവധിയെടുത്തു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ആകെ 23756 അധ്യാപകരില്‍ 15306 പേര്‍ ഹാജരായി. അനിഷ്ട സംഭവങ്ങള്‍ എവിടെയും ഉണ്ടായില്ല.
 സമരത്തില്‍ പങ്കെടുത്ത ഇടതു ജീവനക്കാര്‍ കലക്ടറേറ്റിന് മുമ്പില്‍ പ്രകടനവും ധര്‍ണയും നടത്തി. ജോലിക്ക് ഹാജരായ യു.ഡി.എഫ് അനുകൂല ജീവനക്കാരും സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി. ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിവില്‍ സ്റ്റേഷനില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.
 അതേസമയം, സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക് മൂലം സര്‍ക്കാര്‍ ഓഫിസുകളിലും ടൗണുകളിലും ആളുകള്‍ കുറവായിരുന്നു. ജില്ലയില്‍ ആകെയുള്ള ഷെഡ്യൂളുകളുടെ നാലിലൊന്ന് മാത്രമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയത്. മലപ്പുറം സബ്ഡിപ്പോയില്‍ 15 ഡ്രൈവര്‍മാരും 12 കണ്ടക്ടര്‍മാരും ഹാജരായി. ആകെയുളള 53 ഷെഡ്യൂളുകളില്‍ 13 ഏണ്ണം സര്‍വീസ് നടത്തി.
മലപ്പുറം-ഊട്ടി സൂപ്പര്‍ എക്സ്പ്രസ്, അഞ്ച് വീതം പാലക്കാട്-കോഴിക്കോട് ടൗണ്‍ ടു ടൗണ്‍, അഞ്ച് തിരൂര്‍-മഞ്ചേരി ഓര്‍ഡിനറി, രണ്ട് മലപ്പുറം-എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് എന്നിവയാണ് ഓടിച്ചത്. പെരിന്തല്‍മണ്ണ സബ്ഡിപ്പോയില്‍ ആകെയുളള 348 ജീവനക്കാരില്‍ 70പേര്‍ ഹാജരായി. 18 ഷെഡ്യൂള്‍ ഓപറേറ്റ് ചെയ്തു. നിലമ്പൂരില്‍ 25 ഡ്രൈവര്‍മാരും 23 കണ്ടക്ടര്‍മാരും ഹാജരായി. 23 ഷെഡ്യൂള്‍ സര്‍വീസ് നടത്തി. 11 എണ്ണം റദ്ദാക്കി.
വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ 16 ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ നടത്തി. യാത്രക്കാര്‍ കുറവായതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ മിക്ക ബസുകളിലും കലക്ഷന്‍ മോശമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.   
 

പണിമുടക്ക് ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു

Posted: 08 Jan 2013 09:08 PM PST

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരംഭിച്ച പണിമുടക്കും അതിന് അനുഭാവം പ്രകടിപ്പിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ പണിമുടക്കും  ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു.
 മിക്ക സര്‍ക്കാര്‍ ഓഫിസുകളിലും സ്കൂളുകളിലും ഹാജര്‍നില കുറവായിരുന്നു. 300 ഓളം സ്കൂളുകളില്‍ 70 ഓളം എണ്ണം തുറന്നുപോലുമില്ല. ജോലിക്കെത്തിയവരെ പലയിടങ്ങളിലും സമരാനുകൂലികള്‍ ആക്രമിച്ചു. ചിലയിടങ്ങളില്‍ ജോലിക്കെത്തിയവരെ സി.പി.എം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കൈയേറ്റം ചെയ്തത്. ജില്ലയില്‍ ബസുകള്‍ക്ക് നേരെയാണ് വ്യാപക അക്രമമുണ്ടായത്.  സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളെ ചിലയിടങ്ങളില്‍ തടഞ്ഞിട്ടു. കെ.എസ്.ആര്‍.ടി.സി  ബസുകളും ആക്രമിച്ചു. ജോലിക്കെത്തിയ ജീവനക്കാരെ മര്‍ദിക്കുകയും ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
ജില്ലയിലെ ചില ഭാഗങ്ങളില്‍ ജോലിക്കെത്തിയ അധ്യാപകര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. ചിലരുടെ ശരീരത്തില്‍ ചാണകവെള്ളമൊഴിച്ച സംഭവവുമുണ്ടായി. പോത്തന്‍കോട് അയിരൂപ്പാറ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജോലിക്കെത്തിയ കായികാധ്യാപകന്‍ വിന്‍സന്‍റ്ദാസിനെ സി.പി.എം ലോക്കല്‍കമ്മിറ്റിയംഗം പ്രവീണിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം മര്‍ദിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അധ്യാപകരായ അസിം, ഗീത എന്നിവരെ സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കുകയും ചിലരെ  കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നെടുമങ്ങാട് റവന്യു ടവറില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞത് കുറച്ചുനേരം സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ പൊലീസ് എത്തിയാണ് ഇവരെ കടത്തിവിട്ടത്. മലയിന്‍കീഴ് ഐ.ടി.ഐയിലെ മൂന്ന് ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ബലംപ്രയോഗിച്ച് ഐ.ടി.ഐ അടപ്പിക്കുകയും ചെയ്തു. പൂവച്ചല്‍ എച്ച്.എസ്.എസില്‍ ജോലിക്കെത്തിയ മൂന്ന് അധ്യാപകരുടെ ദേഹത്ത് ചാണകവെള്ളം തളിച്ചു. പബ്ളിക് ഓഫിസിലെ ഫോണ്‍ ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പി.ഡബ്ള്യു.ഡി വിഭാഗത്തിലെ ജീവനക്കാരായ അരുണ്‍, ഷാനവാസ് എന്നിവരാണെന്ന് കണ്ടെത്തിയതായും ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ടെലിഫോണ്‍ ആക്ട് പ്രകാരവും കേസെടുക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ ഹരികുമാര്‍, സെയ്ദലി എന്നിവരെ സമരാനുകൂലികള്‍ കൈയേറ്റം ചെയ്തു. പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകരായ ദിലീപ്, ഹരീഷ് എന്നിവരെ സി.പി.എം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നും അവരുടെ പക്കലുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങള്‍ നശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ഇതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍നിന്ന് മാത്രം 66 കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തി. ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം കെ.എസ്.ആര്‍.ടി.സിക്ക് വലിയ നഷ്ടമുണ്ടാക്കി.  
തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 106 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അധികം ഇറക്കിയിരുന്നു. ഇതില്‍ 16 ബസുകളുടെ ബാറ്ററി കണക്ഷന്‍ സമരാനുകൂലികള്‍ വിച്ഛേദിച്ചു. നാല് ബസുകളുടെ ടയറുകള്‍ പഞ്ചറാക്കി. നിരവധി ബസുകളുടെ സീറ്റുകള്‍ കുത്തിക്കീറി. കിഴക്കേകോട്ട ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞത് വാക്കേറ്റത്തിനും നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. ഒടുവില്‍ പൊലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. മലയിന്‍കീഴിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം വികാസ് ഭവന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരനെ സമരാനുകൂലികള്‍ മര്‍ദിച്ചു.  പരിക്കേറ്റ കണ്ടക്ടര്‍ എസ്. സന്തോഷ് കുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.  ഇതിനെതുടര്‍ന്ന് ഇരുവിഭാഗം ജീവനക്കാര്‍ തമ്മില്‍ ചെറിയ തോതില്‍ ഉന്തുംതള്ളുമുണ്ടായി. കിഴക്കേകോട്ടയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ തടഞ്ഞതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പട്ടം ശശിധരന്‍ ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ്ചെയ്തുനീക്കി.  തലസ്ഥാനത്ത് ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് മുന്‍കരുതലെടുത്തിരുന്നു. സിറ്റി പൊലീസ് കമീഷണര്‍ പി. വിജയന്‍െറ മേല്‍നോട്ടത്തില്‍ എല്ലായിടങ്ങളിലും ആവശ്യമായ പൊലീസുകാരെ വിന്യസിപ്പിച്ചിരുന്നു.
തിരുവനന്തപുരം  കോര്‍പറേഷന്‍ ഓഫിസില്‍ മൂന്ന് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും സെക്രട്ടേറിയറ്റിലേക്ക് ഉള്‍പ്പെടെ മാര്‍ച്ച് നടത്തി.
ഉച്ചവരെ സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാലയങ്ങളിലും ജീവനക്കാരുടെ ഹാജര്‍നില വളരെക്കുറവായിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം ചിലയിടങ്ങളില്‍ ജീവനക്കാര്‍ എത്തി.  ചിലയിടങ്ങളില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കാട്ടാക്കട ചാരുപാറയില്‍ സര്‍വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്‍െറ ഗ്ളാസ് അടിച്ചുതകര്‍ത്തു. മാറനല്ലൂരില്‍  കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടനത്തെ ഒഴിവാക്കിയിരുന്നു. കാട്ടാക്കട ഡിപ്പോയില്‍നിന്ന് സര്‍വീസ് ആരംഭിച്ച ബസുകളെ അനിയൂര്‍ക്കോണത്തും മംഗലയ്ക്കലും സമരാനുകൂലികള്‍ തടഞ്ഞിട്ടു. അന്തിയൂര്‍ക്കോണത്ത് ബസിന് നേരെ കല്ലേറുണ്ടായി. ബസിലെ യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ പരിക്കേറ്റു. മംഗലയ്ക്കലും കാട്ടാക്കട ഡിപ്പോയിലും സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞ് കാറ്റഴിച്ചുവിട്ടു. വെള്ളറടയിലും  ബസുകള്‍ക്ക് നേരെയും കല്ലേറും ആക്രമണവുമുണ്ടായതിനാല്‍ സര്‍വീസ് നിര്‍ത്തിവെച്ചു. ആറ്റിങ്ങലില്‍ ഡ്യൂട്ടിക്കെത്തിയ കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിക്കുകയും ബാഗ് തട്ടിയെടുക്കുകയും ചെയ്തു.

പാക് നടപടി മനുഷ്യത്വരഹിതവും പ്രകോപനപരവും- എ.കെ ആന്റണി

Posted: 08 Jan 2013 09:07 PM PST

Image: 

ന്യൂദല്‍ഹി: ജമ്മുവില്‍ നിയന്ത്രണരേഖ മുറിച്ചുകടന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക് സൈനികരുടെ നടപടി മനുഷ്യത്വരഹിതവും പ്രകോപനപരവുമാണെന്ന് പ്രതിരോധമന്ത്രി എം.കെ ആന്റണി. രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം പാകിസ്താനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പാകിസ്താന്‍ ഹൈകമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് കരുതിയതായും സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും  പ്രതിരോധമ മന്ത്രാലയം അറിയിച്ചു. ഇരു രാഷ്ട്രങ്ങളുടെയും മിലിറ്ററി ഡയറക്ടറല്‍ ജനറലുമായി സംഭവം ചര്‍ച്ചചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയന്ത്രണ രേഖയും വെടിനിര്‍ത്തല്‍ കരാറും ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തിനെതിരെ  ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദും വ്യക്തമാക്കി. പാക് സേനയുടെ നടപടി  മനുഷ്യത്വ രഹിതവും  ദാരുണവുമാണെന്നും  ഇത്തരത്തിലുള്ള നടപടി തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് പാകിസ്താന്റെഭാഗത്തു നിന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്നും സല്‍മാന്‍ ഖുര്‍ശിദ് ആവശ്യപ്പെട്ടു.

ജമ്മുവിലെ പൂഞ്ച് ജില്ലയില്‍ മെന്ഥാര്‍ മേഖലയിലുള്ള കൃഷ്ണഗഡിയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പാകിസ്താന്‍ സേനാംഗങ്ങള്‍ അതിര്‍ത്തി നിയന്ത്രണ രേഖ മറികടന്ന്  ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് നേരെ വെടിവെച്ചത്. പരസ്പരമുണ്ടായ  വെടിവെപ്പില്‍  ലാന്‍സ് നായിക്കുമാരായ ഹേംരാജ്, സുധാകര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനികരുടെ തല വെട്ടിമാറ്റിയ പാക് സേന അതിലൊന്ന് എടുത്തു കൊണ്ടുപോയതായും പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ തലയറുത്തുവെന്ന റിപ്പോര്‍ട്ടുകളോട് സേന പ്രതികരിച്ചിട്ടില്ല.

 
 

വിവാദ പ്രസംഗം: ഉവൈസിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Posted: 08 Jan 2013 09:01 PM PST

Image: 

ഹൈദരാബാദ്: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ആന്ധ്രപ്രദേശ് എം.എല്‍.എ അക്ബറുദ്ദീന്‍ ഉവൈസിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നിര്‍മല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കെ.അഗേഷ് കുമാറിന്റേതാണ് നടപടി. ചോദ്യം ചെയ്യാനായി ഉവൈസിയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.25നാണ് ഉവൈസിയെ കോടതിയില്‍ ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം അഞ്ച് പുതിയ കുറ്റങ്ങള്‍ കൂടി ഉവൈസിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഉവൈസിയെ ആദിലബാദിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കാനും കോടതി നിര്‍ദേശിച്ചു.

മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എം.ഐ.എം) നേതാവായ ഉവൈസി ഡിസംബര്‍ 24ന് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ആരോപണം. ഇതത്തേുടര്‍ന്ന് ഉവൈസിക്കെതിരെ കീഴ്‌കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു. അതിനിടെ, ചികിത്സക്കായി ലണ്ടനിലേക്ക് പോയ ഇദ്ദേഹം കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. ആദിലാബാദ് ജില്ലയിലെ നിര്‍മല്‍ ടൗണ്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഉവൈസി നാലുദിവസത്തെ സാവകാശം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്‍  ഉവൈസിയുടെ വീട്ടിലെത്തിയെങ്കിലും ശരീരവേദനയായതിനാല്‍ ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍, ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കാനായി പൊലീസ് ഗവ. ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉവൈസിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. പരിശോധനാ റിപ്പോര്‍ട്ടില്‍ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം ഉവൈസിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി വീണ്ടും ഹരജി സമര്‍പ്പിക്കുമെന്ന് ആദിലാബാദ് പൊലീസ് സൂപ്രണ്ട് എസ്.ത്രിപാഠി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണസമയത്ത് പൊലീസുകാരുടെ ചോദ്യങ്ങളോട് ഉവൈസി സഹകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9.45ഓടെ നിര്‍മല്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഉവൈസിയെ നാല് മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉവൈസി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

 

ഡി.ടി.എച്ച് റിലീസില്ല; 'വിശ്വരൂപം' ആദ്യം തിയറ്ററുകളില്‍

Posted: 08 Jan 2013 08:57 PM PST

Image: 

തിയറ്ററുകാരുടെ ശക്തിക്ക് മുന്നില്‍ കമല്‍ഹാസന്‍ കീഴടങ്ങി, 'വിശ്വരൂപ'ത്തിന്റെ ഡി.ടി.എച്ച് പ്രീമിയര്‍ ഉപേക്ഷിച്ചു. കമല്‍ സംവിധാനം ചെയ്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'വിശ്വരൂപം' ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ധാരണയായി.

തമിഴ് നാട് ഫിലിം തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍, നിര്‍മാതാവും വിതരണക്കാരനുമായ കേയാര്‍ എന്നിവരുമായി ചൊവ്വാഴ്ച നടന്ന ചര്‍ച്ചയിലാണ് കമല്‍ഹാസന്‍ മുന്‍നിലപാടില്‍ നിന്ന് വിട്ടുവീഴ്ചക്ക് തയാറായത്.
 
പുതിയ ധാരണ പ്രകാരം 'വിശ്വരൂപം' ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്തശേഷമേ ഡി.ടി.എച്ച് കണക്ഷനുകള്‍ വഴി ടി.വി യില്‍ പ്രദര്‍ശിപ്പിക്കൂ. തിയറ്റര്‍ റിലീസിന് ഒരു ദിവസം മുമ്പ് ഡി.ടി.എച്ച് വഴി പ്രത്യേക പ്രദര്‍ശനം നടത്താനായിരുന്നു കമല്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് തിയറ്റര്‍ ഉടമകളുടെ സംഘടനകളുടെ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനും കാരണമാക്കിയിരുന്നു. കൂടാതെ, സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കേരളത്തിലും കര്‍ണാടകത്തിലും വരെ വിതരണക്കാരെ കിട്ടിയതുമില്ല.
 
ഡി.ടി.എച്ച് ടി.വി വഴി ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം കമല്‍ഹാസന്‍ ഉപേക്ഷിച്ചതിലൂടെ തിയറ്റര്‍ സംഘടനകളുടെയും വിതരണക്കാരുടെയും എതിര്‍പ്പ് അവസാനിച്ചിട്ടുണ്ട്. ബുധനാഴ്ച ഒരുവട്ടം കൂടി ചര്‍ച്ച നടത്തിയശേഷം ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന് തിയറ്റര്‍ സംഘടനാനേതാവ് ആര്‍. പനീര്‍ശെല്‍വം അറിയിച്ചു. റിലീസിന് തലേദിവസമുള്ള പ്രത്യേക ടി.വി പ്രദര്‍ശനത്തിനുള്ള മുന്‍കൂര്‍ ബുക്കിങ് നിര്‍ത്തിവെച്ചതായി  എയര്‍ടെല്‍ ഡി.ടി.എച്ച് സി.ഇ.ഒ ശശി അറോറയും അറിയിച്ചിട്ടുണ്ട്. 
 
ജനുവരി 10ന് പ്രമുഖ ഡി.ടി.എച്ച് സേവനദാതാക്കളായ എയര്‍ടെല്‍, ടാറ്റാ, വിഡിയോകോണ്‍, ഡിഷ് ടി.വി തുടങ്ങിയ മുഖേന ടി.വിയില്‍ പ്രത്യേക പ്രദര്‍ശനം നടത്താനും 11ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുമായിരുന്നു കമല്‍ഹാസന്‍ ആദ്യം തീരുമാനിച്ചിരുന്നത്.  1000 രൂപയോളം മുടക്കിയാലേ ഈ പ്രദര്‍ശനം ഡി.ടി.എച്ച് കണക്ഷന്‍ ഉണ്ടെങ്കിലും ടി.വിയില്‍ കാണാനാവുമായിരുന്നുള്ളൂ.
 
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് 'വിശ്വരൂപം' റിലീസ് ചെയ്യുന്നത്. റാണി മുഖര്‍ജി, രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജെറിമിയ, നാസര്‍, സറീന വഹാബ്, ശേഖര്‍ കപൂര്‍ തുടങ്ങിയവരാണ് 'വിശ്വരൂപ'ത്തിലെ മറ്റ് താരങ്ങള്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ടീമാണ് സംഗീതമൊരുക്കുന്നത്. മലയാളിയായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍. 95 കോടി മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 
 
 
features: 
Facebook
Twitter

പക്ഷിവളര്‍ത്തലില്‍ പ്രിയമേറുന്നു; വില 13,000 റിയാല്‍ വരെ

Posted: 08 Jan 2013 08:50 PM PST

Image: 

ദോഹ: പക്ഷി വളര്‍ത്തലിന് ഖത്തറിലെ സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്കുമിടയില്‍ പ്രിയമേറുന്നു. സൂഖ് വാഖിഫിലെ വില്‍പ്പന ശാലകളില്‍ പക്ഷികളെ വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ശൈത്യകാലമായതോടെ പതിവ് പോലെ വ്യത്യസ്ത ഇനം പക്ഷികളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. രൂപത്തിലും സൗന്ദര്യത്തിലുമെല്ലാം ഏറെ സവിശേഷതകളുള്ള വിവിധയിനം പക്ഷികള്‍ക്ക് അവയുടെ ഇനമനുസരിച്ച് ആയിരക്കണക്കിന് റിയാല്‍ വരെ വിലയുണ്ട്.
അമ്പതോളം പക്ഷിവില്‍പ്പന ശാലകള്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്നു. മുപ്പതോളം മലയാളികളടക്കം നൂറോളം പേര്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഓന്തും ആമയും തത്തയും കാടയും പ്രാവും മുതല്‍ പൂച്ചയും നായ്ക്കുട്ടികളും വരെ ഇവിടെ വില്‍പ്പനക്കുണ്ട്. പാകിസ്താന്‍, ഹോളണ്ട്, തായ്ലന്‍റ്, ബെല്‍ജിയം, ഇറാന്‍, തായ്വാന്‍, ചൈന, ബ്രസീല്‍, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവ ഇറക്കുമതി ചെയ്യുന്നത്. നിയമപരമായ നിയന്ത്രണമുള്ളതിനാല്‍ ഇന്ത്യയില്‍ നിന്ന് പക്ഷികളെ കൊണ്ടുവരാറില്ലെന്ന് മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഷാനു പറഞ്ഞു. ഹോളണ്ടില്‍ നിന്നുള്ള ‘മഖാവ്’ ആണ് ഏറ്റവും വില കൂടിയ ഇനം. സംസാരിക്കാന്‍ കഴിവുള്ള ഇവക്ക് 13,000 റിയാല്‍ വരെ വിലയുണ്ട്. സ്വദേശികള്‍ കൂടുതലായും വാങ്ങുക പ്രാവുകളും തത്തകളുമാണ്. വിദേശ സഞ്ചാരികള്‍ക്ക് പ്രിയം പൂച്ചയും നായ്ക്കുട്ടികളും ചെറിയ ഇനം ഓന്തുകളുമാണ്. 200 റിയാല്‍ മുതല്‍ 250 റിയാല്‍ വരെയാണ് ഓന്തുകളുടെ വില. 60 റിയാലിന് നാടന്‍ പ്രാവ് കിട്ടും. എന്നാല്‍, കൂടുതല്‍ അഴകുള്ളവക്ക് 1000 റിയാല്‍ വരെ വിലയുണ്ട്. സാധാരണ തത്തകള്‍  250 റിയാലിന് കിട്ടുമെങ്കിലും സംസാരിക്കുന്നവക്ക് ആയിരം റിയാല്‍ വരെ നല്‍കണം. തായ്വാന്‍, ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ‘കനാരി’ പക്ഷിക്കും ആവശ്യക്കാരുണ്ട്. കാഴ്ചയില്‍ ചെറുതെങ്കിലും വളരെ ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ കഴിവുണ്ടെന്നതാണ് ഇവയുടെ പ്രത്യേകത.  വില നൂറ് മുതല്‍ ആയിരം റിയാല്‍ വരെ. മലയാളികളും പക്ഷികളെ വാങ്ങാനെത്താറുണ്ടെന്ന് ഷാനു പറഞ്ഞു.
പക്ഷികളെ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സ് ആവശ്യമാണ്. ഇത്തരം കമ്പനികളാണ് സൂഖ്വാഖിഫിലെ കടകളില്‍ പക്ഷികളെ വിതരണം ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പക്ഷികളെ ഇറക്കുമതി ചെയ്യുന്നതെന്നും ‘ബേഡ്, ബേഡ് ഫോര്‍ ബേഡ്സ്’ എന്ന കമ്പനിയുടെ ഉടമയായ അഹമദ് അല്‍ സായിദ് പറഞ്ഞു. ബഹ്റൈന്‍, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്‍െറ കമ്പനി പക്ഷികളെ വില്‍ക്കുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പക്ഷിവില്‍പ്പനയുടെ പ്രധാന സീസണ്‍. ഇപ്പോള്‍ ആഴ്ചയില്‍ ശരാശരി 60 തത്തകളുടെ വില്‍പ്പന നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസാരിക്കുന്ന പക്ഷികളെ വാങ്ങാനാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം. ചെറിയ തത്തകളെ കച്ചവടക്കാര്‍ തന്നെ സംസാരിക്കാന്‍ പരിശീലിപ്പിക്കുകയാണ് പതിവ്.
പക്ഷികള്‍ക്കുള്ള കൂടുകളും തീറ്റയും കടകളില്‍ തന്നെ കിട്ടും. പ്രധാനമായും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുകള്‍ക്ക് പത്ത് മുതല്‍ 1200 റിയാല്‍ വരെ വിലയുണ്ട്. ബെല്‍ജിയത്തില്‍ നിന്നാണ് തീറ്റയുടെ ഇറക്കുമതി. പൂച്ച, നായ്ക്കുട്ടികള്‍ എന്നിവക്ക് അതത് രാജ്യത്ത് നിന്ന് വാക്സിനേഷനും പരിശോധനയും നടത്തിയാണ് കൊണ്ടുവരുന്നത്. ഇവിടെയെത്തിച്ചിട്ടും വാക്സിനേഷനും പരിശോധനയുമുണ്ട്. ഇതിനായി സൂഖില്‍ തന്നെ രണ്ട് ക്ളിനിക്കുകളും പ്രവര്‍ത്തിക്കുന്നു. വില്‍പ്പനശാലകളില്‍ ശുചിത്വവും പക്ഷികളുടെ ആരോഗ്യവും ഉറപ്പാക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ ഇടക്കിടെ പരിശോധന നടത്താറുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP