സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നേറ്റം തുടരുന്നു Posted: 16 Jan 2013 01:00 AM PST മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മൂന്നാം ദിനത്തിലെത്തുമ്പോള്‍ 250 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നേറ്റം തുടരുന്നു. 236 പോയിന്റുമായി പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. 234 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലും കോഴിക്കോട് തന്നെയാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 139 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്ത് പാലക്കാട് 135 പോയിന്റുമായിട്ടുണ്ട്. 130 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്താണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോടിന് 116ഉം പാലക്കാടിനെ പിന്തള്ളി 112 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥനത്തെത്തി. 110 പോയിന്റ് നേടി ആതിഥേയരായ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. ആകെ പോയിന്റ് നിലയില്‍ തൃശൂര്‍(233), ആതിഥേയരായ മലപ്പുറം(230), എറണാകുളം(223), തിരുവനന്തപുരം(222), ആലപ്പുഴ(222), കൊല്ലം(212), കോട്ടയം(212), വയനാട്(209), കാസര്‍ഗോഡ്(209), ഇടുക്കി(196),പത്തനംതിട്ട(178) എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. |
നവ ലഹളയുടെ പിറവി Posted: 15 Jan 2013 10:56 PM PST എഴുത്തും വായനയും അറിയാത്തവരാണ് കേരളത്തിലെ മുസ്ലിം സമുദായം എന്ന ധാരണ അപൂര്‍വം ചില സിനിമക്കാരില്‍ മാത്രമാകും ഇന്നും ശേഷിക്കുന്നത്. മലയാളത്തില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളില്‍ നല്ലൊരുപങ്കും മുസ്ലിം പരിസരത്തുനിന്നാകും. പരസ്പര വിമര്‍ശങ്ങള്‍ക്കും നൂലാമാല ഗവേഷണത്തിനുമാണ് അവയില്‍ പലതിന്‍െറയും വിലപ്പെട്ട താളുകള്‍ നീക്കിവെച്ചിരിക്കുന്നതെങ്കിലും. ദൃശ്യമാധ്യമ സാക്ഷരതയുടെ വിഷയത്തിലും ഒട്ടും പിന്നിലല്ല മുസ്ലിം സമുദായം. സാമ്പ്രദായിക ഭക്തിഗാനങ്ങള്‍ക്കു പുറമെ പ്രണയം പ്രമേയമാക്കി മാപ്പിളപ്പാട്ട് ഈണത്തില്‍ ചിട്ടപ്പെടുത്തിയ സംഗീത ആല്‍ബങ്ങള്‍, ഹോം സിനിമകള്‍ തുടങ്ങിയ ദൃശ്യമാധ്യമ ഉല്‍പന്നങ്ങളുടെ മികച്ച ഉല്‍പാദകരും ഉപഭോക്താക്കളുമായി അവര്‍ മാറിക്കഴിഞ്ഞു. മുസ്ലിം ഗൃഹങ്ങളാകട്ടെ അത്തരം ഉല്‍പന്നങ്ങളുടെ ഒന്നാന്തരം വിപണിയുമായി. എന്നാല്‍, ഇത്തരം സൃഷ്ടികളില്‍ മിക്കതിന്‍െറയും സൗന്ദര്യശാസ്ത്ര മൂല്യവും അവ സൃഷ്ടിക്കുന്ന ആസ്വാദന നിലവാരവും അങ്ങേയറ്റം ദരിദ്രമാണെന്ന് കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും വേണ്ട. പ്രമേയത്തിലെ പ്രതിലോമപരതയും അരാഷ്ട്രീയതയും തീര്‍ത്തും അലക്ഷ്യമായി നിര്‍മിക്കപ്പെടുന്ന ചവറുകളുടെ ഗണത്തിലേക്ക് അവയെ തള്ളുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളെക്കുറിച്ച് നിരന്തരം പ്രസരിപ്പിക്കുന്ന വിഷംചീറ്റുന്ന ധാരണകളെ ചെറുതായൊന്ന് നുള്ളാന്‍പോലും അവ മിനക്കെടാറില്ലെന്നതാണ് സത്യം. സര്‍ഗാത്മക പ്രതിരോധത്തെ കുറിച്ച് ലോകമുസ്ലിമിനെന്നപോലെ മലയാളിക്കും കാര്യമായ ധാരണകളില്ലെന്ന് ചുരുക്കം. അത്തരമൊന്നിന്‍െറ സാന്ദര്‍ഭിക തേട്ടത്തെക്കുറിച്ച ബോധ്യവും ബോധവുമില്ലാതെ മുഖ്യധാര പകര്‍ന്നു നല്‍കുന്ന വ്യാജനിര്‍മിതികളെ അതേപടി തോളത്തേറ്റുന്നവയാണ് അവയില്‍ മിക്കതും. ഈ പരിസരത്തുനിന്നുവേണം ‘മാപ്പിള ലഹള’ എന്ന സംഗീത ബാന്‍ഡിന്‍െറ ബാനറില്‍ അടുത്തിടെ പുറത്തിറങ്ങിയ ‘നേറ്റീവ് ബാപ്പ’ എന്ന ഹിപ്ഹോപ് ആല്‍ബത്തെ വിലയിരുത്താന്‍. മുഹ്സിന്‍ പരാരിയാണ് ഈ സംഗീത ആല്‍ബത്തിന്‍െറ സംവിധായകന്‍. അടിച്ചമര്‍ത്തപ്പെടുന്നവന്‍െറ ശബ്ദവും ചോദ്യവും പ്രതിരോധവുമാകുന്ന ഈ സംഗീത ആല്‍ബത്തിന് മികച്ച സ്വീകാര്യതയാണ് നവമാധ്യമ ഇടങ്ങളില്‍ ലഭിച്ചത്. ഇസ്ലാമോഫോബിയയും ദലിത്ഫോബിയയും സൃഷ്ടിക്കുന്ന സാംസ്കാരിക അന്യവത്കരണത്തെ ചെറുക്കുക എന്നത് ഒരു കലാസൃഷ്ടിയെ കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ലെങ്കിലും അത്തരം ശ്രമങ്ങളിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിത്. തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്‍െറ പിതാവിന്‍െറ ആത്മഭാഷണമാണ് ‘നേറ്റീവ് ബാപ്പ’യുടെ ഉള്ളടക്കം. സംസാരശൈലിയിലും വേഷത്തിലും ശരീരഭാഷയിലും ‘മാപ്പിള’ എന്ന സാംസ്കാരിക അസ്തിത്വം ഒരിഞ്ചുപോലും പണയപ്പെടുത്താത്ത ആ പിതാവിന്‍െറ വിഹ്വലതകള്‍ക്ക് നടന്‍ മാമുക്കോയയാണ് ഭാവം പകര്‍ന്നിരിക്കുന്നത്. ഇപ്പറഞ്ഞതിനെയെല്ലാം നിരന്തരം പരിഹാസപാത്രമാക്കുകയോ അപരിഷ്കൃത ചിഹ്നങ്ങളാക്കി ചിത്രീകരിക്കുകയോ ചെയ്യുന്ന പൊതുബോധത്തോടും മാധ്യമങ്ങളോടുമാണ് ‘നേറ്റീവ് ബാപ്പ’യുടെ ആദ്യ ലഹള. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ രൂപപ്പെട്ട ഹിപ്ഹോപ് സംഗീതശൈലിയിലാണ് ഈ ആല്‍ബം ചിട്ടപ്പെടുത്തിയത്. സാമ്പ്രദായിക സംഗീത\സാംസ്കാരിക രൂപങ്ങളോട് കലഹം പ്രഖ്യാപിക്കുന്നതോടൊപ്പം സ്വത്വ പ്രകാശനത്തിന് വേദിയൊരുക്കുക കൂടി ചെയ്യുന്നു ഈ സംഗീത ശ്രേണി. 1970കളില്‍ കറുത്തവര്‍ഗക്കാരുടെ പാര്‍ട്ടികളിലും മറ്റുമാണ് ഹിപ്ഹോപ്പിന്‍െറ ഉദ്ഭവം. മലയാളിക്ക് പരിചിതമായ ജനപ്രിയ സംഗീതധാരകളെ വിട്ട് പ്രതിഷേധത്തിന്‍െറയും രോഷപ്രകടനത്തിന്‍െറയും ചെറുത്തുനില്‍പിന്‍െറയും പിന്നാമ്പുറമുള്ള ഹിപ്ഹോപ്പിനെ സ്വീകരിച്ചതില്‍ തന്നെയുണ്ട് അനിവാര്യമായും പിറക്കേണ്ട ‘നവലഹള’യുടെ സ്വഭാവം. ഹിപ്ഹോപ്പിനെ കേവലസംഗീതമാക്കി അതിലെ രാഷ്ട്രീയതയെ ഉപയോഗപ്പെടുത്താത്ത ഒട്ടേറെ സൃഷ്ടികള്‍ പിറന്നിട്ടുണ്ട്. എന്നാല്‍, അതിന്‍െറ രാഷ്ട്രീയ വേരിനെ (political hiphop) സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ സംരംഭമായിരിക്കും നേറ്റീവ് ബാപ്പ. ‘ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ചെലപ്പൊക്കെ നാളീം മറ്റന്നാളും ങ്ങള് പത്രത്തീ കാണണത് ഞമ്മളെ മോന്‍ കുഞ്ഞൂന്‍െറ ഫോട്ടോ’ എന്ന് തുടങ്ങുന്ന ബാപ്പയുടെ ഉള്ളുപൊള്ളിക്കുന്ന പറച്ചിലുകള്‍ക്കൊപ്പം സര്‍ഗാത്മക രോഷംകൊള്ളുന്ന ചെറുപ്പത്തെയും പശ്ചാത്തലത്തില്‍ കാണാം. ‘തീവ്രവാദിയാണെങ്കില്‍ തന്‍െറ മകന്‍െറ മൃതദേഹം കാണേണ്ട’ എന്ന മാതൃത്വത്തിന്‍േറതായി വന്ന നിസ്സഹായതയെ ഒന്നാന്തരം മതേതര\ദേശസ്നേഹ പ്രസ്താവനയായി ഇന്നും കൊണ്ടാടുന്നു മുഖ്യധാര. സിനിമകളിലും നാടകങ്ങളിലും സ്കൂള്‍ കലോത്സവ വേദികളില്‍ പോലും നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഈ വാക്കുകള്‍ പ്രക്ഷേപണംചെയ്യുന്ന അത്യന്തം അപകടകരമായ ധാരണകളെയാണ് അതിതീവ്ര ഹാസ്യത്തില്‍ ‘നേറ്റീവ് ബാപ്പ’ നേരിടുന്നത്. തന്‍െറ മതേതരത്വവും ദേശക്കൂറും ഇടക്കിടെ ആണയിടേണ്ട ഗതികേടിലേക്ക് മുസ്ലിമിനെ, വിശേഷിച്ചും മുസ്ലിം യുവതയെ നയിച്ചത് മുഖ്യധാര സൃഷ്ടിച്ച വംശീയ മുദ്രണം തന്നെ. ‘മാപ്പിള’ എന്നത് കേവലമൊരു സമുദായത്തിന്‍െറ പേരല്ല; കേരളീയ സംസ്കൃതിയുമായി ആഴത്തില്‍ ഇഴചേര്‍ന്ന ഒരു സാംസ്കാരിക ശേഖരമാണ് എന്ന വീക്ഷണവും ‘നേറ്റീവ് ബാപ്പ’ മുന്നോട്ടുവെക്കുന്നു. അതേക്കുറിച്ച കൃത്യമായ ഓര്‍മപ്പെടുത്തലും ഈ ആല്‍ബം നിര്‍വഹിക്കുന്നുണ്ട്. ‘ഓന്‍െറ വല്ലിപ്പാന്‍െറ ഉപ്പനിം ഉപ്പൂപ്പാനിയൊക്കെ ങ്ങള് അറീം. വെള്ളപന്ന്യോള്‍ക്കെതിരെ പടവെട്ട്യോലെന്നെ’ പിറന്ന മണ്ണിന്‍െറ മോചനത്തിനായി സ്വയം ഉരുകിത്തീര്‍ന്ന ഒരായിരം ദേശാഭിമാനികളുടെ മണ്ണില്‍ ചവിട്ടിയാണ് അവരുടെ പിന്മുറക്കാരനായ ബാപ്പ സംസാരിക്കുന്നത്. ഭരണകൂട ഭീകരതയും അവരുടെ ഔദ്യാഗിക പ്രചാരകരായ മാധ്യമങ്ങളുടെ സൈ്വരം കെടുത്തലുകളും സഹിച്ച് മടുത്ത് നിസ്സഹായതയുടെ പടുകുഴിയിലെത്തുമ്പോഴും ആ ഭാഷ്യങ്ങളോടുള്ള സമ്മതക്കേടും സന്ദേഹവും പങ്കുവെച്ചാണ് ബാപ്പ തന്‍െറ ആത്മഗതം അവസാനിപ്പിക്കുന്നത്. ചടുലമായ സംഗീതവും കൂര്‍ത്ത വാക്കുകളും തീവ്രമായ ദൃശ്യപരിചരണ രീതിയും തീര്‍ക്കുന്ന ആസ്വാദ്യത തന്നെയാകും പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും യു ടൂബിലെ ട്രെന്‍ഡിങ് വീഡിയോകളുടെ പട്ടികയില്‍ നാറ്റീവ് ബാപ്പക്ക് ഇടം നേടിക്കൊടുത്തത്. ഡിസംബര്‍ 31ന് യൂ ടൂബിലാണ് ചിത്രം റിലീസ് ചെയ്തത്. മുഖ്യവേഷത്തിലെത്തിയ നടന്‍ മാമുക്കോയയുടെ സൂക്ഷ്മ അഭിനയശൈലി ‘നേറ്റീവ് ബാപ്പ’യെ സമ്പന്നമാക്കുന്നു. തുടക്കക്കാരന്‍െറ ഇടര്‍ച്ചകളില്ലാതെ ചുരുങ്ങിയ ഫ്രെയ്മുകളില്‍ പറയേണ്ടതെല്ലാം കൈയൊതുക്കത്തോടെ അവതരിപ്പിച്ച സംവിധായകന്‍ മുഹ്സിന്‍ പരാരി തന്നെയാണ് ആല്‍ബത്തിന്‍െറ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഹാരിസാണ് റാപ്പര്‍. റോയ് ജോര്‍ജ് സംഗീതവും ജിജോ അബ്രഹാം, അഖില്‍ കൊമാച്ചി, നഷാദ് അബ്ദു എന്നിവര്‍ ചായാഗ്രഹണവും നിര്‍വഹിക്കുന്നു. ചലച്ചിത്രോത്സവങ്ങളിലും മറ്റു സാംസ്കാരിക പരിപാടികളിലുംവെച്ച് കണ്ടുമുട്ടിയ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് ‘മാപ്പിളലഹള’ എന്ന ബാന്‍ഡ്. കോഴിക്കോട്ടെ അവരുടെ സര്‍ഗാത്മക സായാഹ്നങ്ങള്‍ രൂപപ്പെടുത്തിയ ചിന്തകളും ആശയങ്ങളുമാണ് പ്രയോഗതലത്തിലെത്തിയിരിക്കുന്നത്. എം. നൗഷാദ്, ഹാരിസ്, ഖവാലിസ്റ്റ് ഷമീര്‍ ബിന്‍സി, നസ്റുല്ല, സകരിയ തുടങ്ങിയവരാണ് ഈ സംഘത്തില്‍. സച്ചിദാനന്ദന്‍െറ ‘കോഴിപ്പങ്ക്’ എന്ന ആക്ഷേപഹാസ്യ കവിതയുടെ റോക്ക് ആവിഷ്കാരമാണ് പുറത്തിറങ്ങാനിരിക്കുന്ന സൃഷ്ടി. 1921ലെ മലബാര്‍ സമരവേളയില്‍ ഹിച്കോക്ക് സായിപ്പിനെതിരെ കമ്പളത്ത് ഗോവിന്ദന്‍ നായര്‍ രചിച്ച മാപ്പിളപ്പാട്ടിന്‍െറ ഹിപ്ഹോപ്പ് ആവിഷ്കാരവും പദ്ധതിയിലുണ്ട്. |
ഇന്ത്യയില്‍നിന്ന് യുദ്ധത്തിനുള്ള ആഹ്വാനം -ഹിന റബ്ബാനി ഖര്‍ Posted: 15 Jan 2013 10:42 PM PST വാഷിങ്ടണ്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാക് വിദേശ കാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ രംഗത്തെത്തി. ഇന്ത്യയില്‍ നിന്ന് യുദ്ധത്തിനുള്ള ആഹ്വാനമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഹിന കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭാഗത്തുനിന്നും നിരാശാജനകമായ പ്രസ്താവനകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹിന. അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പാകിസ്താന്‍ ഒരുക്കമാണ്. മുന്‍കാലങ്ങളില്‍ ഉണ്ടാക്കിയെടുത്ത മികച്ച ബന്ധം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഭൂഷണമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. |
ഹരിയാന മുന്‍ മുഖ്യമന്ത്രിയും മകനും കസ്റ്റഡിയില്‍ Posted: 15 Jan 2013 10:38 PM PST ന്യൂദല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയും മകന്‍ അജയ് ചൗതാലയും കസ്റ്റഡിയില്‍. 3,206 അധ്യാപകരെ അനധികൃതമായി നിയമിച്ചു എന്ന കേസില്‍ ദല്‍ഹി കോടതിയുടെ ഉത്തരവിലാണ് നടപടി. കേസില്‍ ഇവരെ കൂടാതെ 53പേര്‍കൂടി കുറ്റക്കാരാണ്. കേസില്‍ 2008 ജനുവരി ആറിനാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. 1999-2000 കാലഘട്ടത്തിലാണ് 3,206 അധ്യാപകരെ ചൗതാലയുടെ നേതൃത്വത്തില്‍ അനധികൃതമായി നിയമിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് കുമാര്‍, വിദ്യാധര്‍ എന്നിവരും കേസില്‍ പ്രതികളാണ്. |
നാറാത്ത് നികത്തിയ വയല്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ലോകായുക്ത Posted: 15 Jan 2013 10:21 PM PST കണ്ണൂര്‍: നികത്തിയ നെല്‍വയല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ആര്‍.ഡി.ഒക്കും വില്ലേജ് ഓഫിസര്‍ക്കും ലോകായുക്തയുടെ ഉത്തരവ്. ഭൂവിനിയോഗ നിയമം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ തലശ്ശേരി ആര്‍.ഡി.ഒ, നാറാത്ത് വില്ലേജ് ഓഫിസര്‍ എന്നിവരോടാണ് ഉപ ലോകായുക്ത ജസ്റ്റിസ് കെ.കെ. ദിനേശന്‍ ഉത്തരവിട്ടത്. നാറാത്ത് കുതിരുമ്മല്‍ കെ. കണ്ണന്‍ മൂന്ന് വര്‍ഷംമുമ്പ് ഫയല്‍ചെയ്ത പരാതി തീര്‍പ്പാക്കി, ചൊവ്വാഴ്ച കണ്ണൂര്‍ ഗവ. ഗെസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിങ്ങിലാണ് ലോകയുക്തയുടെ തീരുമാനം. നാറാത്ത് വില്ലേജില്‍പെട്ട 50.25 സെന്‍റ് നെല്‍വയല്‍ മണ്ണിട്ടു നികത്തി പറമ്പാക്കി മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്ഥല ഉടമകള്‍ക്കെതിരെ 2005ല്‍ കെ. കണ്ണന്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നികത്തിയ വയല്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് 2007ല്‍ ആര്‍.ഡി.ഒ ഉത്തരവിട്ടെങ്കിലും ഇത് നടപ്പാക്കാന്‍ നടപടിയുണ്ടായില്ല. ഇതിനെതിരെ 2009 നവംബര്‍ എട്ടിനാണ് പരാതിക്കാരന്‍ ലോകായുക്തയെ സമീപിച്ചത്. നികത്തല്‍ നടന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ആര്‍.ഡി.ഒ, വില്ലേജ് ഓഫിസര്‍ എന്നിവരെ വിസ്തരിച്ചിരുന്നു. 1967ലെ ഭൂവിനിയോഗ നിയമപ്രകാരം കൃഷിഭൂമി ഉപയോഗം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് മൂന്ന് മാസത്തിനകം നടപ്പാക്കണമെന്നാണ് ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നത്. പരാതിക്കാരനുവേണ്ടി അഡ്വ. സി. കൃഷ്ണന്‍ ഹാജരായി. സഹകരണ ബാങ്കില്‍നിന്ന് സ്വീകരിച്ച നിക്ഷേ തുക തിരികെ നല്‍കാത്തതിന് കേരള സ്റ്റേറ്റ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനെതിരെ ഫയല്‍ചെയ്ത കേസില്‍ വിചാരണ പൂര്‍ത്തിയായി. മാര്‍ച്ച് 19ന് ലോകായുക്ത വിധി പറയും. കരാറിനകം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് ഫെഡറേഷനെതിരെ പരാതി നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2003ലാണ് ഫെഡറേഷന്‍ ബാങ്കില്‍നിന്ന് 25 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി വാങ്ങിയത്. ഒരു വര്‍ഷത്തിനകം തുക പലിശസഹിതം തിരികെ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. 2006ല്‍ നിക്ഷേപ തുകയുടെ പകുതിയും പലിശയും ഉള്‍പ്പെടെ 13 ലക്ഷം രൂപ തിരികെ നല്‍കിയെങ്കിലും 12.5 ലക്ഷം രൂപ ബാക്കിയായി. ഇതിനെതിരെ 2012 മേയിലാണ് അഡ്വ. പി.കെ. അന്‍വര്‍ മുഖേന ബാങ്ക് സെക്രട്ടറി കേസ് ഫയല്‍ ചെയ്തത്. ഫെഡറേഷന്‍ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവരെ വിസ്തരിച്ചു. ഫെഡറേഷന്‍ വിശ്വാസവഞ്ചന കാട്ടിയതായി ലോകായുക്ത അഭിപ്രായപ്പെട്ടിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള 23 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. പുതുതായി ലഭിച്ച രണ്ട് പരാതികളിലൊന്ന് പ്രാഥമികാന്വേഷണത്തിനായി മാറ്റിവെച്ചു. രണ്ട് കേസുകള്‍ തള്ളി. അടുത്ത സിറ്റിങ് മാര്‍ച്ച് 19ന് നടത്തും. |
കോഴിക്കോട്-ബത്തേരി റൂട്ട് കെ.എസ്.ആര്‍.ടി.സി കൈയൊഴിയുന്നു Posted: 15 Jan 2013 10:20 PM PST സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ യാത്രാ പ്രശ്നം രൂക്ഷമായി. രാത്രി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു. പകല്‍ സമയത്തുള്ള സര്‍വീസുകളും വെട്ടിച്ചുരുക്കുന്നുണ്ട്. ഓരോ ഇരുപത് മിനിറ്റിലും ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തീരുമാനം നടപ്പായിട്ടില്ല. നല്ല കലക്ഷന്‍ ലഭിക്കുന്ന റൂട്ടില്‍ സര്‍വീസ് റദ്ദാക്കല്‍ പതിവായി. യാത്രാ പ്രതിസന്ധിയില്‍ ജനരോഷം ശക്തിപ്പെടുമ്പോഴും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ മൗനത്തിലാണ്. അതേസമയം, യാത്രക്കാരുടെ പ്രയാസം ചൂണ്ടിക്കാട്ടി പുതിയ പെര്‍മിറ്റുകള്‍ തരപ്പെടുത്താനുള്ള തിരക്കിലാണ് സ്വകാര്യ ബസുടമകള്‍. അഞ്ച് സ്വകാര്യ ബസുകള്‍ക്ക് ഈ റൂട്ടില്‍ പുതുതായി പെര്‍മിറ്റ് അനുവദിക്കുന്ന കാര്യം കഴിഞ്ഞ ആര്‍.ടി.എ യോഗത്തില്‍ ചര്‍ച്ചക്കു വന്നിരുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തല്‍കാലത്തേക്ക് തീരുമാനം മാറ്റിവെക്കുകയായിരുന്നു. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കണ്ണൂര്‍, താമരശ്ശേരി-കൊയിലാണ്ടി റൂട്ടുകള്‍ക്കു ശേഷം കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി ദേശസാല്‍കൃത റൂട്ടും സ്വകാര്യമേഖല കൈയടക്കി തുടങ്ങി. മാനന്തവാടി, ബത്തേരി ഡിപ്പോകളില്‍നിന്ന് ഓരോ 20 മിനിറ്റിലും കോഴിക്കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് തീരുമാനമെടുത്തത്. ഇതോടൊപ്പം മാനന്തവാടി -സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ബസുകളുടെ കുറവ് കാരണം മാനന്തവാടി-ബത്തേരി ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനായില്ലെങ്കിലും ബത്തേരി-കോഴിക്കോട് റൂട്ടില്‍ തീരുമാനം ഭാഗികമായി നടപ്പാക്കി. കോട്ടയം, എറണാകുളം അടക്കം ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുറമെ 23 സര്‍വീസുകളാണ് അന്ന് ബത്തേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ 6.30, 7.30, 10.30, 2.00 സര്‍വീസുകള്‍ ഇപ്പോള്‍ നിര്‍ത്തലാക്കി. ഇതോടെ സര്‍വീസുകളുടെ എണ്ണം 19 ആയി കുറഞ്ഞു. ഇതിനു പുറമേ 6.10, 7.10, 7.50 കോഴിക്കോട് സര്‍വീസുകള്‍ ഇപ്പോള്‍ പതിവായി റദ്ദു ചെയ്യുകയാണ്. രാവിലെ അയക്കുന്ന സര്‍വീസുകളില്‍ പലതും രണ്ടാമത്തെ ട്രിപ്പ് മുടക്കുന്നു. ഇതുമൂലം വൈകീട്ട് 6.50, 7.20, 7.50 എന്നീ സമയങ്ങളിലുള്ള സര്‍വീസുകള്‍ കോഴിക്കോട്ടുനിന്ന് ഉണ്ടാവാറില്ല. രാവിലെ 4.40, 5.15, 6.00, 6.30, 7.00 എന്നീ സമയങ്ങളില്‍ ബത്തേരിയില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസുകളാണ് രാത്രി കോഴിക്കോട്ടുനിന്ന് വരേണ്ടത്. ഈ ബസുകള്‍ പതിറ്റാണ്ട് പഴക്കമുള്ള ബസുകളാണ്. ഒരിക്കലും കൃത്യമായി സര്‍വീസുകള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കു കഴിയാറില്ല. വൈകീട്ട് ആറുമണി കഴിഞ്ഞാല്‍ കോഴിക്കോട് നിന്ന് ബത്തേരിയിലേക്കുള്ള യാത്ര ഇപ്പോള്‍ തികഞ്ഞ അനിശ്ചിതത്വത്തിലാണ്. പുതിയ ബസുകളും ആവശ്യാനുസരണം സ്പെയര്‍ പാര്‍ട്സും ബത്തേരി ഡിപ്പോയില്‍ ലഭിച്ചാല്‍ മാത്രമേ റൂട്ടിലെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ കഴിയൂവെന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം. ജില്ലക്ക് അനുവദിച്ച 20 പുതിയ ബസുകളില്‍ അഞ്ചെണ്ണം മാത്രമാണ് ബത്തേരി ജില്ലാ ഡിപ്പോക്ക് ലഭിച്ചത്. ഇതില്‍ രണ്ട് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വടകര-ബംഗളൂരു സര്‍വീസിന് അനുവദിച്ചു. സുല്‍ത്താന്‍ ബത്തേരി വഴി കടന്നു പോകുന്നുവെന്നതൊഴിച്ചാല്‍ ബത്തേരി നിവാസികളെ സംബന്ധിച്ചിടത്തോളം ഇതിന്‍െറ പ്രയോജനം ലഭിക്കുന്നില്ല. രേഖയില്‍ ബത്തേരി ഡിപ്പോയില്‍നിന്നുള്ള സര്‍വീസായതിനാല്‍ റിപ്പയര്‍ പ്രവൃത്തികളും സ്പെയര്‍ പാര്‍ട്സും ഈ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് ബാധ്യതയാവുന്നു. ഇതോടൊപ്പം ലഭിച്ച ആര്‍.എന്‍. 820, ആര്‍.എന്‍. 836 ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ശബരിമല സര്‍വീസാണ്. അഞ്ചാമതായി കിട്ടിയ ‘കുട്ടി’ ബസ് ബത്തേരി-ചേകാടി സര്‍വീസ് നടത്തുന്നു. ദേശസാല്‍കൃത റൂട്ടായി പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ആര്‍.ടി.സി കുത്തകയാക്കിയ കോഴിക്കോട്-ബത്തേരി റൂട്ടില്‍ യാത്രാ പ്രതിസന്ധി രൂക്ഷമായിട്ടും ഒരു പുതിയ ബസ് പോലും ഇവിടെ ഉപയോഗപ്പെടുത്താനായില്ല. ടയര്‍, ബ്രേക്ക് ലൈനര്‍, ബ്രേക്ക് ഡ്രം തുടങ്ങിയ സ്പെയര്‍ പാര്‍ട്സുകള്‍ ഡിപ്പോയിലില്ല. കട്ടപ്പുറത്താണ് പല ബസുകളും. ജനങ്ങളുടെ യാത്രാ പ്രതിസന്ധി നിരത്തിയാണ് സ്വകാര്യ ബസുടമകള്‍ കഴിഞ്ഞ ആര്‍.ടി.എ യോഗത്തില്‍ പുതിയ പെര്‍മിറ്റുകള്‍ക്കായി വാദിച്ചത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും പിന്തുണയും ഇവര്‍ക്കുണ്ട്. |
അഭയ കേസില്‍ വിചാരണക്ക് സ്റ്റേ Posted: 15 Jan 2013 10:05 PM PST കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസിലെ വിചാരണ ഹൈകോടതി സ്്റ്റേ ചെയ്തു. പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിയ സി.ബി.ഐ കോടതി ഉത്തരവ് ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വി.കെ മോഹനന്‍െറ സ്റ്റേ ഉത്തരവ്. കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ. ജോസ് പുതൃക്കയില്‍, സി.ബി.ഐ ഡയറക്ടര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹരജി സി.ബി.ഐ കോടതി തള്ളിയിരുന്നു. കൊല്ലപ്പെടും മുമ്പ് സിസ്റ്റര്‍ അഭയ ബലാല്‍സംഗത്തിനിരയായിരുന്നോ, കേസ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരും മററുള്ളവരും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ കൂടി പുനരന്വേഷണം നടത്തണമെന്നായിരുന്നു സി.ബി.ഐ കോടതിക്ക് നല്‍കിയ ഹരജിയിലെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം സി.ബി.ഐ പരിശോധിച്ചിട്ടുണ്ടെന്നും ഏകപക്ഷീയമോ സത്യസന്ധമല്ലാതെയോ ആണ് അന്വേഷണം നടന്നിട്ടുള്ളതെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കിയാണ് 2012 സെപ്തംബറില്‍ ഹരജി തള്ളിയത്. ഹരജിയില്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ വേണ്ട വിധം പരിഗണിക്കാതെയാണ് സി.ബി.ഐ കോടതി ഉത്തരവുണ്ടായതെന്ന് ജോമോന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. അഭയയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ മുന്‍ ക്രെംബ്രാഞ്ച് എസ്.പി കെ.ഡി മൈക്കിള്‍, മുന്‍ ഡി.വൈ.എസ്.പി കെ. സാമുവല്‍, മുന്‍ കോട്ടയം സബ് ഡിവിഷണല്‍ ഓഫീസര്‍ ജി.കെ കിഷോര്‍, കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീത, അസി. കെമിക്കല്‍ എക്സാമിനര്‍ എം. ചിത്ര വി. ത്യാഗരാജന്‍, ആര്‍.ഡി.ഒ ഓഫീസ് ക്ളാര്‍ക്ക് കെ.എന്‍ മുരളീധരന്‍, അഭയ താമസിച്ചിരുന്ന കോണ്‍വെന്‍റിലെ അടുക്കളക്കാരികളായ അച്ചാമ്മ, ത്രേസ്യാമ്മ, അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി എന്നിവര്‍ വഹിച്ച പങ്ക് അന്വേഷിക്കണം. മുന്‍ സി.ബി.ഐ ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസ്, ആര്‍.ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എലിയാമ്മ എന്നിവര്‍ തെളിവ് നശിപ്പിക്കുന്നതിനായി ഗൂഡാലോചന നടത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ഇവരുടെ പങ്കാളിത്തവും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അതിനാല്‍ പുനരന്വേഷണം നടത്തണമെന്നും അതുവരെ കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. |
പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു Posted: 15 Jan 2013 09:53 PM PST ന്യൂദല്‍ഹി: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ സേന വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് വെടിവെപ്പ് നടത്തി. മെന്ദ്ഹാര്‍ സെക്ടറിലാണ് ലഘു ആയുധങ്ങള്‍ ഉപയോഗിച്ച് ചൊവ്വാഴ്ച വൈകീട്ടും അര്‍ധ രാത്രിയിലുമായി രണ്ട് തവണ പാക് സേന വെടിവെച്ചതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈനികരെ കിരാതമായി കൊലപ്പെടുത്തിയതിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിമണിക്കൂറുകള്‍ക്കുശേഷമാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഫ്ളാഗ് മീറ്റിങ്ങിന് ശേഷം അഞ്ചു തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, അധിനിവേശ കശ്മീരില്‍ ചൈനീസ് സൈന്യത്തിന്‍െറയും തൊഴിലാളികളുടെയും വന്‍ സാന്നിധ്യമുണ്ടെന്ന് കരസേനയുടെ വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ടി.കെ. പട്നായിക് വ്യക്തമാക്കി. ഗില്‍ഗിറ്റ്-ബാലിസ്താനിലും അധിനിവേശ കശ്മീരിലും ചൈനീസ് സൈന്യവും തൊഴിലാളികളും അടിസ്ഥാന വികസന പദ്ധതികളുടെ നിര്‍മാണത്തിലാണെന്ന് പട്നായിക് അറിയിച്ചു. 64ാമത് സൈനിക ദിനാഘോഷ ചടങ്ങില്‍ വടക്കന്‍ കമാന്‍ഡിലെ 44 പട്ടാളക്കാര്‍ക്ക് മികച്ച സേവനത്തിനുള്ള അവാര്‍ഡ് സമ്മാനിച്ചശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, അധിനിവേശ കശ്മീരിലെ ചൈനീസ് സൈനികര്‍ ആയുധ സന്നാഹരല്ലെന്നാണ് റിപ്പോര്‍ട്ടുകളെന്ന് പട്നായിക് വെളിപ്പെടുത്തി. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി പ്രശ്നത്തില്‍ ചൈന ഇടപെടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. |
സിറിയയില്‍ സര്‍വ്വകലാശാലയില്‍ സ്ഫോടനം: 80ലേറെ പേര്‍ കൊല്ലപ്പെട്ടു Posted: 15 Jan 2013 09:21 PM PST ദമാസ്ക്കസ്:സിറിയയിലെ അലെപ്പോ സര്‍വ്വകലാശാലയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 80ലേറെ പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചതിലും പരിക്കു പറ്റിയതിലും ഏറെയും വിദ്യാര്‍ഥികളാണ്. ജീവനക്കാരുടെ അപ്പാര്‍ട്ട്മെന്‍്റിനും ആര്‍കിടെക്ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍്റിനും ഇടയിലാണ് സ്ഫോടനം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷനടക്കുന്ന സമയമാണിത്. തീവ്രവാദികള്‍ സര്‍വ്വകാലാശാലക്കു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയതാണെന്ന് വിമതരും ആരോപിക്കുന്നു. രണ്ടു വര്‍ഷമായി സര്‍ക്കാര്‍ വിരുദ്ധരും സൈന്യവും തമ്മില്‍ പോരാട്ടം നടക്കുന്ന പ്രധാന സ്ഥലമാണ് ഉത്തര സിറിയന്‍ നഗരമാണ് അലെപ്പോ. സ്ഫോടനം നടന്ന സര്‍വ്വകലാശാല പരിസരമാകെ പാതിവെന്ത മൃതദേഹങ്ങളെയും കത്തിക്കരിഞ്ഞ വാഹനങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മനുഷ്യവകാശ സംഘടനയായ സിറയന്‍ ഒബ്സര്‍വേറ്ററിയുടെ കണക്കുകള്‍ പ്രകാരം സ്ഫോടനത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാക്കുന്നത്. |
യു.എ.ഇ-ഇറാഖ് ഫൈനല്‍ Posted: 15 Jan 2013 08:53 PM PST മനാമ: പ്രവചിച്ച പോലെ ഗള്‍ഫ് കപ്പിന്‍െറ ഫൈനലില്‍ വെള്ളിയാഴ്ച യു.എ.ഇയും ഇറാഖും ഏറ്റുമുട്ടും. ഇന്നലെ നടന്ന ആവേശകരമായ സെമി ഫൈനല്‍ മത്സരങ്ങളില്‍ യു.എ.ഇ ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്തിനെയും ഇറാഖ് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബഹ്റൈനെയും പരാജയപ്പെടുത്തിയാണ് 21ാമത് ഗള്‍ഫ് കപ്പിന്‍െറ ഫൈനല്‍ പ്രവേശത്തിന് അര്‍ഹരായത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ബഹ്റൈന്‍-ഇറാഖ് മത്സരത്തില്‍ ഗോളാക്കാന്‍ കിട്ടിയ നിരവധി അവസരങ്ങള്‍ ബഹ്റൈന്‍ താരങ്ങള്‍ കളഞ്ഞുകുളിച്ചു. ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇറാഖിന്‍െറ നിഴല്‍ മാത്രമാണ് ഇന്നലെ നാഷണല്‍ സ്റ്റേഡിയത്തില്‍ കാണാനായതെങ്കിലും ഫിനിഷിങിന്‍െറ അഭാവം പതിവുപോലെ ബഹ്റൈനെ വീണ്ടും വേട്ടയാടി. ബഹ്റൈനുമായുള്ള മത്സരത്തില്‍ ഇറാഖാണ് ആദ്യം വല ചലിപ്പിച്ചത്. 17ാം മിനുട്ടില്‍ മിഡ്ഫീല്‍ഡില്‍നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ ഇറാഖിന്‍െറ യൂനുസ് മഹ്മൂദ് ബഹ്റൈന്‍ സ്റ്റോപ്പറിനെ കബളിപ്പിച്ച് പന്ത് വലയിലാക്കി. പന്തുമായി മുന്നേറുന്നതിനിടെ ബഹ്റൈന്‍ താരത്തെ യൂനുസ് മഹ്മൂദ് പിടിച്ചു തള്ളിയെങ്കിലും റഫറി ഫൗള്‍ വിളിക്കാത്തത് ജോലി എളുപ്പമാക്കി. ഗോള്‍ കുടുങ്ങിയതോടെ ഉണര്‍ന്ന ബഹ്റൈന്‍ താരങ്ങള്‍ ഇറാഖിന്‍െറ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി നിരന്തരം ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണ് പിന്നീട് നാഷണല്‍ സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികള്‍ ദര്‍ശിച്ചത്. 22ാം മിനുട്ടില്‍ ബഹ്റൈന്‍െറ സാമി മുഹമ്മദിന്‍െറ കനത്ത അടി ഇറാഖ് ഗോളി തട്ടിയകറ്റി. 25ാം മിനുട്ടില്‍ മികച്ച പാസിലൂടെ ഒത്തൊരുമയോടെ മുന്നേറിയ ബഹ്റൈന്‍ സ്ട്രൈക്കര്‍മാര്‍ ഇറാഖ് ഗോള്‍ മുഖത്ത് ഭീഷണി സൃഷ്ടിച്ചെങ്കിലും അബ്ദുല്ല ഇസ്മായിലിന്‍െറ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 33ാം മിനുട്ടില്‍ കാല്‍ നീട്ടിക്കൊടുത്താല്‍ മതിയായിരുന്ന തുറന്ന അവസരം ഹുസൈന്‍ അലി പാഴാക്കി. രണ്ടാം പകുതി ബഹ്റൈന്‍ ആക്രമണത്തോടെയായിരുന്നു തുടക്കം. 45ാം മിനുട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അബ്ദുല്ല ഇസ്മായിലിന് കിട്ടിയ അവസരം പുറത്തേക്ക് അടിച്ച് തുലച്ചു. 51ാം മിനുട്ടില്‍ മുഹമ്മദ് ഹുസൈന് ലഭിച്ച സുവര്‍ണാവസരവും പാഴാക്കി. തുടര്‍ന്നുള്ള മിനുട്ടുകളില്‍ ഇറാഖ് ഗോള്‍മുഖത്ത് ബഹ്റൈന്‍െറ നിരന്തര ആക്രമണമായിരുന്നു. 60ാം മിനുട്ടിലായിരുന്നു ബഹ്റൈന്‍ ലക്ഷ്യം കണ്ടത്. ടൂര്‍ണമെന്‍റിലെ മികച്ച ഗോളുകളിലൊന്നാണ് ഹുസൈന്‍ അലിയുടെ ബൂട്ടിലൂടെ പിറന്നത്. പെനാല്‍ട്ടി ബോക്സിന്‍െറ ഏതാനും വാര അകലെനിന്നെടുത്ത ഫ്രീകിക്ക് ഇറാഖ് താരങ്ങള്‍ തീര്‍ത്ത മതില്‍കെട്ടിന് മുകളിലൂടെ പറന്നു വീണത് ഗോള്‍വലയില്‍. 64ാം മിനുട്ടില്‍ ഫൗസി മുബാറക്കിന്‍െറ ഉഗ്രന്‍ ഷോട്ട് നൂലിയ വ്യത്യാസത്തില്‍ പുറത്തുപോയി. എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ തുറന്നു കിട്ടിയെങ്കിലും ഗോളാക്കി മാറ്റാനായില്ല. ഇരുടീമുകളെയും നിര്‍ഭാഗ്യം വേട്ടയാടിയപ്പോള്‍ നിരവധി ഗോളുകള്‍ കാണേണ്ടിയിരുന്ന യു.എ.ഇ-കുവൈത്ത് സെമി ഫൈനലില്‍ കണ്ടത് ഒരേ ഒരു ഗോള്‍. അതാകട്ടെ, 10 തവണ ചാമ്പ്യന്മാരായ കുവൈത്തിന് പുറത്തേക്കുള്ള വഴി തുറന്ന് യു.എ.ഇ ക്യാപ്റ്റന്‍ അഹ്മദ് ഖലീലിന്‍െറ ബൂട്ടില്‍നിന്ന് 88ാം മിനുട്ടില്‍ പിറന്ന മനോഹര ഗോളും. യു.എ.ഇ താരങ്ങളുടെയും ആരാധകരുടെയും ആഘോഷമായിരുന്നു പിന്നീട്. കളി തീരാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കെ യു.എ.ഇയുടെ അബ്ദുല്‍ അസീസിന്‍െറ ക്രോസ് അഹ്മദ് ഖലീല്‍ കുവൈത്ത് ഗോളിക്ക് അവസരം കൊടുക്കാതെ വലയിലേക്ക് അടിച്ചു കയറ്റിയതോടെ കുവൈത്തിന്‍െറ വിധി നിര്‍ണയിക്കപ്പെട്ടു. കളിയുടെ ആദ്യ പകുതി പൂര്‍ണമായും യു.എ.ഇയുടെ നിയന്ത്രണത്തിലായിരുന്നു. ഏഴാം മിനുട്ടിലും 10ാം മിനുട്ടിലും യു.എ.ഇ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തില്‍ എത്തിയില്ല. യു.എ.ഇയുടെ ഹബീബ് ഫര്‍ദാന്‍െറ കനത്ത ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്കാണ് പോയത്. 20ാം മിനുട്ടില്‍ ഗോള്‍ പോസ്റ്റിനടുത്തുനിന്ന് ലഭിച്ച സുവര്‍ണാവസരം യു.എ.ഇയുടെ അലി അഹ്മദ് ദുര്‍ബലമായി ഷോട്ടിലൂടെ പന്ത് കുവൈത്ത് ഗോളിയുടെ കൈകളിലേക്ക് നിക്ഷേപിച്ചു. 23ാം മിനുട്ടില്‍ യു.എ.ഇയുടെ അബ്ദുല്‍ അസീസിന് ലഭിച്ച നല്ല അവസരവും പാഴാക്കപ്പെട്ടു. യു.എ.ഇയുടെ ഉമര്‍ അബ്ദുറഹ്മാന്‍െറ കനത്ത ഷോട്ട് കുവൈത്ത് ഗോളി സേവ് ചെയ്തതിലൂടെ ലഭിച്ച കോര്‍ണറും മുതലാക്കാനായില്ല. 41ാം മിനുട്ടില്‍ കുവൈത്തിന്‍െറ അലി അഹ്മദ് എടുത്ത ഫ്രീകിക്ക് യു.എ.ഇ ഗോള്‍മുഖത്തേക്ക് താഴ്ന്നു വന്നെങ്കിലും സ്ട്രൈക്കര്‍ അലി അഹമ്മദ് തല വെച്ചത് പുറത്തേക്കായിരുന്നു. 45ാം മിനുട്ടില്‍ യു.എ.ഇയുടെ മുന്നേറ്റം ഗോളാകുമെന്ന് ഉറപ്പിച്ചെങ്കിലും അഹ്മദ് ഖലീലിന്‍െറ അടി പോസ്റ്റില്‍ തട്ടി തിരിച്ചു വന്നപ്പോള്‍ ആമിര്‍ അബ്ദുറഹ്മാന്‍ അടിച്ചതും പുറത്തേക്ക്. രണ്ടാം പകുതിയില്‍ 59ാം മിനുട്ടില്‍ വാരകള്‍ക്കപ്പുറത്തുനിന്ന് യു.എ.ഇയുടെ ഖമീസ് ഇസ്മായില്‍ എടുത്ത ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിയ ശേഷം കുവൈത്ത് ഗോളിയുടെ തലയിലും തട്ടി വീണ്ടും ക്രോസ് ബാറില്‍ തട്ടി ഗ്രൗണ്ടിലേക്ക് തന്നെ തിരിച്ചു വന്നതിലൂടെ യു.എ.ഇയെ നിര്‍ഭാഗ്യം വേട്ടയാടി. താളം വീണ്ടെടുത്തുകൊണ്ട് 68ാം മിനുട്ടില്‍ യു.എ.ഇ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ തുറന്നു കിട്ടിയ അവസരവും കുവൈത്ത് താരങ്ങള്‍ക്ക് മുതലാക്കാനായില്ല. ഗോളി തടുത്തിട്ട പന്ത് ഫഹദിന്‍െറ കാലിലേക്ക് വന്നെങ്കിലും വലയിലെത്തിക്കാനായില്ല. ഇതിനിടെ 84ാം മിനുട്ടില്‍ യു.എ.ഇയുടെ അഹ്മദ് ഖലീലിന്‍െറയും 85ാം മിനുട്ടില്‍ കുവൈത്ത് സ്ട്രൈക്കര്‍ ഫഹദ് സ്വാലിഹിന്‍െറയും ഒറ്റക്കുള്ള മുന്നേങ്ങള്‍ കണ്ടെങ്കിലും ഫിനിഷ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. തിരിച്ചടിക്കാനുള്ള കുവൈത്തിന്‍െറ കഠിന പ്രയത്നങ്ങള്‍ യു.എ.ഇയുടെ ശക്തമായ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. |
No comments:
Post a Comment