സ്വാഗതം
WELCOME

News Update..

Friday, January 4, 2013

ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്ന് കോടതി Madhyamam News Feeds

ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്ന് കോടതി Madhyamam News Feeds

Link to

ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്ന് കോടതി

Posted: 04 Jan 2013 12:08 AM PST

Image: 

ന്യൂദല്‍ഹി:സ്ത്രീ പീഡനകേസുകളില്‍ പ്രതികളാകുന്ന ജനപ്രതിനിധികളെ  അയോഗ്യരാക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് കോടതി.
സ്ത്രീ പീഡനക്കേസുകളില്‍ പ്രതികളാകുന്ന എം.എല്‍.എമാരെയും എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യം പരിഗണിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും നിയമനിര്‍മ്മാണ സഭകളാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കി. 

അതേസമയം, മാനഭംഗകേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ വേണമെന്ന ആവശ്യത്തില്‍ കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ചു.

ബലാത്സംഗ കേസുകളില്‍ വിചാരണ നേരിടുന്ന ജനപ്രതിനിധികളെ  അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട്  സമര്‍പ്പിപ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ദല്‍ഹി കൂട്ടമാനഭംഗത്തിന്റെപശ്ചാത്തലത്തില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥ പ്രൊമില ശങ്കറാണ് പൊതുതാല്‍പര്യ ഹരജി  നല്‍കിയത്.
 

റിട്ട. സി.ആര്‍.പി.എഫുകാരന്‍െറ മരണം കൊലപാതകം: 16 വര്‍ഷത്തിനുശേഷം പ്രതികളിലൊരാള്‍ പിടിയില്‍

Posted: 03 Jan 2013 10:57 PM PST

കിളിമാനൂര്‍: റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍െറ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. 16 വര്‍ഷത്തിന് ശേഷം പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്പോട് ഗീതാഭവനില്‍ നാരായണപിള്ളയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളാണ് നീങ്ങുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി കരുതുന്ന അനില്‍കുമാറിനെ നിലമ്പൂര്‍ പൊലീസാണ് പിടികൂടിയത്.
മടവൂര്‍ തുമ്പോട് പാറയില്‍ അനില്‍കുമാര്‍ മതം മാറി മുഹമ്മദ് ഇസ്മാഈല്‍ എന്ന പേര് സ്വീകരിച്ച് പെരിന്തല്‍മണ്ണയില്‍ താമസിച്ചുവരികയായിരുന്നു. തടി മോഷണക്കേസിലാണ് അനില്‍കുമാറും മറ്റ് രണ്ടുപേരും നിലമ്പൂരില്‍ പിടിയിലായത്.  1996 ആഗസ്റ്റ് എട്ട് മുതല്‍ കാണാതായ തുമ്പോട് ഗീതാഭവനില്‍ നാരായണപിള്ളയുടെ (50) മൃതദേഹം അഴുകിയ നിലയില്‍ ആഗസ്റ്റ് 15ന് തുമ്പോട് കിണറ്റില്‍ കാണുകയായിരുന്നു. കുടവൂരിലുണ്ടായിരുന്ന വസ്തു വിറ്റ് സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ചിട്ടി ബിസിനസ് നടത്തിവരികയായിരുന്നു നാരായണപിള്ള. മരണത്തില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സംശയമുണ്ടായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുക്കുകയും പിന്നീട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. അനില്‍കുമാര്‍ പിടിയിലായതോടെ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.നാരായണപിള്ള മരിച്ചതോടെ ഭാര്യ ഗീതാനായര്‍ക്ക്  മാനോനില തെറ്റി. പറക്കമുറ്റാത്ത മൂന്ന് കുട്ടികളും മാതാവും അവരുടെ മാതാവുമായി ഏറെ ബുദ്ധിമുട്ടിയായിരുന്നു ജീവിതം. നാവായിക്കുളം തൃക്കോവില്‍വട്ടത്താണിപ്പോള്‍ താമസിക്കുന്നത്.
തുമ്പോട്ടും മടവൂരുമുള്ള നിരവധി പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നാരായണപിള്ളയെ കാണാതായ ദിവസം ആലിന്‍െറമൂട് ജങ്ഷനില്‍ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു.

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അന്വേഷണം ഊര്‍ജിതം

Posted: 03 Jan 2013 10:53 PM PST

ചാത്തന്നൂര്‍: ഇ-മെയില്‍ സന്ദേശം വഴി യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് മനസ്സിലാക്കി  പൊലീസ് സംഘം  മുംബൈയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പരവൂര്‍ സ്വദേശിയായ അരുണ്‍ഗോപിയാണ് തട്ടിപ്പിനിരയായത്. കമ്പ്യൂട്ടര്‍ ഓപറേറ്ററായ ഇയാള്‍ക്ക് ഇ-മെയിലിലൂടെ റിസോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വിസക്കായി പലതവണയായി 12 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. മുംബൈയിലുള്ള ഈ ബാങ്ക് അക്കൗണ്ട് വ്യാജവിലാസത്തിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ ഫോണ്‍നമ്പറുകളും വ്യാജവിലാസത്തില്‍ എടുത്തിട്ടുള്ളതായിരുന്നു. ചെന്നൈ കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ അഡ്രസ്സിലുള്ള ഈ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സംഘം മുബൈയില്‍ തന്നെയുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ പൊലീസ് വീണ്ടും മുംബൈയിലേക്ക് പോകുന്നതിനുള്ള തയാറെടുപ്പിലാണ്.
 

ഹോട്ടല്‍ പരിശോധനക്കിടെ മരുന്നുശേഖരം കണ്ടെത്തി

Posted: 03 Jan 2013 10:44 PM PST

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ പരിശോധനക്കിടെ ഹോട്ടലില്‍ മരുന്നുശേഖരം കണ്ടെത്തി.  വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി.
ജനറല്‍ ആശുപത്രി ജങ്ഷനിലെ  മീന  ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാവിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് മരുന്നുശേഖരം  കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍  പ്രവര്‍ത്തിച്ചിരുന്ന ഈ ഹോട്ടല്‍ പിന്നീട്  അധികൃതര്‍ പൂട്ടി. ഭക്ഷ്യസുരക്ഷാ കമീഷണര്‍ ബിജു പ്രഭാകര്‍, ചീഫ് ഫുഡ് സേഫ്റ്റി  ഓഫിസര്‍  സുദര്‍ശനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്‍ജക്ഷനുപയോഗിക്കുന്ന മരുന്നുകള്‍, ഐ.വി ഫ്ളൂയിഡുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഹോട്ടലിന്‍െറ ഒരുഭാഗത്ത് സൂക്ഷിച്ചിരുന്നത്. കൂടാതെ പുകയില ഉല്‍പന്നങ്ങളും കണ്ടെത്തി. മരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍  എത്തി സാമ്പിളുകള്‍  ശേഖരിച്ചു. സമീപത്തെ മെഡിക്കല്‍  സ്റ്റോറിലെ മരുന്നുകളാണ്  ഹോട്ടലില്‍ കണ്ടെത്തിയതെന്നാണ് സൂചന.
പ്രത്യേക സംവിധാനത്തില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍  ഇവിടെ കണ്ടെത്തിയതിനെതിരെ  നടപടിയുണ്ടാകുമെന്ന്  ഉദ്യോഗസ്ഥര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് ഭാഗത്ത് നടന്ന പരിശോധനയില്‍  ഗംഗാ ഹോട്ടലും അധികൃതര്‍  പൂട്ടി. ഹോട്ടലുടമകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന്  അധികൃതര്‍ അറിയിച്ചു.  അതേസമയം അധികൃതര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായാല്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
 

ആര്‍മി റിക്രൂട്ട്മെന്‍റ് റാലി തുടങ്ങി; ജില്ലയില്‍ നിന്ന് 607 പേര്‍

Posted: 03 Jan 2013 10:41 PM PST

തൊടുപുഴ: സംസ്ഥാനത്തെ ഏഴ് തെക്കന്‍ ജില്ലകള്‍ക്കായി മുട്ടം പോളിടെക്നിക്ക് സ്റ്റേഡിയത്തില്‍  ഈമാസം ഒമ്പത് വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്‍റിന്‍െറ ആദ്യ ദിവസം ജില്ലയില്‍  നിന്ന് 607 ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുത്തു. റാലി ജലവിഭവ മന്ത്രി പി.ജെ. ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്തിന് ശക്തി പകരാന്‍ വേണ്ടി എത്തിയ എല്ലാ യുവാക്കള്‍ക്കും അദ്ദേഹം ഭാവുകങ്ങള്‍ നേര്‍ന്നു.
1.6 കിലോമീറ്റര്‍ ഓട്ടം, സിക് സാക് ബാലന്‍സ് തുടങ്ങിയവക്ക് ശേഷം എഴുത്ത് പരീക്ഷയും മെഡിക്കല്‍ ചെക്കപ്പും നടക്കും. അതിന് ശേഷം ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും. വെള്ളിയാഴ്ച ആലുപ്പുഴ ജില്ലക്കാണ് റാലി. സബ് കലക്ടര്‍ മുഹമ്മദ്. വൈ.സഫറുല്ല, കേണല്‍മാരായ ബി.കെ. ഭരദ്വാജ്, ആര്‍.എസ്. ചൗഹാന്‍, തഹസില്‍ദാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മുട്ടം പോളിടെക്നിക്കില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയില്‍ ശനിയാഴ്ച കൊല്ലം ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.റിക്രൂട്ട്മെന്‍റ് റാലി രാവിലെ 4.30 ന് ആരംഭിക്കും. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം വെള്ളിയാഴ്ച ഹാജരായി പേര് മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 04862-222503.

നഗരം കൈയടക്കി തെരുവുനായകള്‍; ഭീതിയോടെ ജനം

Posted: 03 Jan 2013 10:35 PM PST

പത്തനംതിട്ട: നഗരത്തില്‍ തെരുവുനായശല്യം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ടൗണ്‍ഹാളിന് സമീപം കുട്ടികളുടെ പാര്‍ക്കി ലെത്തിയ മൂന്നുവയസ്സുകാരി അടക്കം എട്ടു പേരെ തെരുവുനായ അക്രമിച്ചതാണ് ഒടുവിലത്തെ സംഭവം.
തെരുവുനായശല്യം മൂലം ജനങ്ങള്‍ക്ക് നഗരത്തില്‍ ഇറങ്ങി നടക്കാനാകാത്ത അവസ് ഥയാണ്.  ഇതിനകം നിരവധി പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. മാര്‍ക്കറ്റ്,  പഴയ, പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍, കെ.എസ്.ആര്‍.ടി.സി പരിസരം, റിങ് റോഡ്, അഴൂര്‍ കോ ഓപറേറ്റീവ് കോളജ് പരിസരം, സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍, ജനറല്‍ ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കള്‍ കൂടുതലുള്ളത്. മാര്‍ക്കറ്റിലെ ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും ഭക്ഷിക്കാന്‍ നായ്ക്കള്‍ കൂട്ടമായി എത്താറുണ്ട്. റിങ് റോഡിലും ഇതാണ് സ്ഥിതി. അറവുമാലിന്യങ്ങളും മറ്റും വഴിയരികില്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നതി നാല്‍ റിങ് റോഡിലും തെരുവ് നായ്ക്കള്‍ പെരുകിയിട്ടുണ്ട്.  നായശല്യം മൂലം  പൊലീസ് സ്റ്റേഷന്‍ റോഡിലൂടെയും മറ്റുമുള്ള സഞ്ചാരം നാട്ടുകാര്‍ ഒഴിവാക്കുകയാണ്.  റോഡിന് കുറുകെ ചാടുന്നതിനാല്‍ ഇരുചക്രയാത്രി കര്‍ക്കും ഇവ ശല്യമാണ്.

സ്ത്രീകള്‍ ലക്ഷ്മണരേഖ കടന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന് ബി.ജെ.പി നേതാവ്

Posted: 03 Jan 2013 10:33 PM PST

Image: 

ന്യൂദല്‍ഹി:  സദാചാരം ലംഘിക്കുന്ന സ്ത്രീകള്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്  ബി.ജെ.പി നേതാവ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാജ്യം ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കെയാണ് വിവാദ  പ്രസ്താവനയുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് കാബിനറ്റ് മന്ത്രിയുമായ  കൈലാഷ് വിജയവര്‍ഗിയ രംഗത്തെത്തിയിരിക്കുന്നത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാരം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വില നല്‍കേണ്ടി വരുമെന്നും ലക്ഷ്മണരേഖ കടക്കുന്നവരെ രാവണന്‍മാര്‍ എടുത്തുകൊണ്ടുപോകുമെന്നും രാമായണത്തിലെ സീതാപഹരണം ഉദാഹരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിര്‍ത്തി ലംഘിക്കുന്ന സ്ത്രീ  രാവണന്റെ മുന്നില്‍ സ്വയം പ്രതിഷ്ഠിക്കപ്പെടുകയാണെന്നും അതുകൊണ്ട് തന്നെ സീതാപഹരണം പോലെ അവള്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി  പറഞ്ഞു.

മന്ത്രിയുടെ  സ്ത്രീ വിരുദ്ധ പ്രസ്താവന ബി.ജെ.പി നേതൃത്വത്തിനെ വിവാദത്തിലാക്കിയിരിക്കുകയാണ്.

മുഖംമൂടിസംഘം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Posted: 03 Jan 2013 10:28 PM PST

പാലാ: കാറിലെത്തിയ മുഖംമൂടിസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രാമപുരത്ത് വീട്ടില്‍ ഡോ.ആര്‍.വി.ജോസിന്‍െറ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ആര്‍.വി. ചാക്കോക്കാണ് (28) വെട്ടേറ്റത്. പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചികിത്സയിലാണ്.
തോളിലും കൈക്കും കാലിനും ഉള്‍പ്പെടെ ദേഹത്ത് 15 ലേറെ വെട്ടേറ്റിട്ടുണ്ട്.ബുധനാഴ്ച രാത്രി 11ന് മരങ്ങാട്ടുപള്ളിക്ക് സമീപമാണ് സംഭവം. എറണാകുളത്തുനിന്നും കാറില്‍ സുഹൃത്ത് അരുണ്‍ടോമിനൊപ്പം പാലായിലേക്ക് വരുമ്പോള്‍ മരങ്ങാട്ടുപള്ളിക്കുസമീപം എതിര്‍ദിശയില്‍ നിന്നും എത്തിയ കറുത്തകാര്‍ റോഡിന് വിലങ്ങിട്ടശേഷം മുഖംമൂടി ധരിച്ചവര്‍  അരുണിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. തുടര്‍ന്ന് വടിവാള്‍കൊണ്ട്  ചാക്കോയെ വെട്ടുകയായിരുന്നു.  അക്രമത്തിനിടെ മുളകുപൊടി പ്രയോഗവും നടത്തി അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പരമലക്കുന്ന് കോളനിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചതിന്‍െറ പേരില്‍ വധഭീഷണിയുള്ളതായി മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്  ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തോമസുകുട്ടി മുകാലി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജാന്‍സ് കുന്നപ്പള്ളി, ബിജു പുന്നത്താനം, അഡ്വ.സന്തോഷ് മണര്‍കാട്, ആര്‍. മനോജ്, മാത്തുകുട്ടി ചെമ്പകശേരി, അനില്‍ പൊങ്ങവന,പി.ആര്‍. രാഹുല്‍ , തോമസുകുട്ടി നെച്ചിക്കാട് തോമസ് ആര്‍.വി. ജോസ്, ടോം രാജ് എന്നിവര്‍ സംസാരിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് പാലായില്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്ന് യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.
 

കായംകുളം-എറണാകുളം പാത ഇരട്ടിപ്പിക്കല്‍ 2015ല്‍ പൂര്‍ത്തിയാകും :കേന്ദ്രമന്ത്രി

Posted: 03 Jan 2013 10:22 PM PST

ചെങ്ങന്നൂര്‍: കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം ഇരട്ടപ്പാത 2015ല്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി കോട്ല ജയസൂര്യപ്രകാശ് റെഡ്ഢി. ഇതിനായി വേണ്ടിവരുന്ന 800 കോടി  അടുത്ത രണ്ടുവര്‍ഷത്തെ ബജറ്റുകളില്‍ ഉണ്ടാകേണ്ടതുണ്ട്. കേരളത്തിന്‍െറ പ്രത്യേകത കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടി റെയില്‍വേ ക്രോസുകളില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം-ചെങ്ങന്നൂര്‍ ഇരട്ടപ്പാതയുടെ സമര്‍പ്പണം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും ചില സര്‍വീസുകള്‍ നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍-തിരുവല്ല ഇരട്ടപ്പാത ഈ വര്‍ഷവും അവിടെനിന്ന് ചിങ്ങവനം വരെ 2014ലും പൂര്‍ത്തീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഡാനി തോമസ് അറിയിച്ചു. എറണാകുളം മുതല്‍ മുളന്തുരുത്തി വരെയുള്ള കമീഷനിങ് കഴിഞ്ഞു. പിറവം മുതല്‍ കുറുപ്പന്തറ ഇരട്ടപ്പാത  2014ല്‍ പൂര്‍ത്തിയാകും. ചിങ്ങവനം മുതല്‍ കുറുപ്പന്തറ വരെയുള്ള ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് എസ്റ്റിമേറ്റ് തയാറായിട്ടില്ലെങ്കിലും 2015ല്‍ പണി പൂര്‍ത്തിയാക്കും. കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ്, മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍, ദക്ഷിണറെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. ജി. നാരായണന്‍,തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു

Posted: 03 Jan 2013 10:15 PM PST

മട്ടാഞ്ചേരി: കുടുംബ വഴക്കുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്  ബീച്ച് റോഡില്‍ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. ആക്രമത്തില്‍ പരിക്കേറ്റ വൃദ്ധയടക്കം രണ്ടുപേരെ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീച്ച് റോഡ്  സൗദി പപ്പങ്ങാമുക്കില്‍ അഞ്ച് തൈക്കല്‍ വീട്ടില്‍ ഗ്രീഫന്‍െറ വീടാണ് പത്തംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ഗ്രീഫന്‍ (40), മാതാവ് അമ്മിണി (76) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സഹോദരന്മാര്‍ തമ്മിലുള്ള വഴിതര്‍ക്കത്തെത്തുടര്‍ന്ന്  ഒരു സംഘം ഗുണ്ടകള്‍ ചേര്‍ന്ന് വീട് കയറി കുടുംബാംഗങ്ങളെ  മര്‍ദിക്കുകയും വീട് അടിച്ചുതകര്‍ക്കുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
 അക്രമം കണ്ട് ഭയന്ന് കുട്ടികള്‍ അലമുറയിട്ടപ്പോഴാണ് പരിസരവാസികള്‍ അറിയുന്നത്. പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗ്രീഫനെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതായും പരാതിയുണ്ട്.  സംഭവത്തില്‍ പള്ളുരുത്തി സ്വദേശിയെ തോപ്പുംപടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP