സ്വാഗതം
WELCOME

News Update..

Tuesday, January 8, 2013

മെഡിക്കല്‍ കോളജില്‍ കുടിവെള്ളം നിലച്ചിട്ട് മൂന്നുനാള്‍ Madhyamam News Feeds

മെഡിക്കല്‍ കോളജില്‍ കുടിവെള്ളം നിലച്ചിട്ട് മൂന്നുനാള്‍ Madhyamam News Feeds

Link to

മെഡിക്കല്‍ കോളജില്‍ കുടിവെള്ളം നിലച്ചിട്ട് മൂന്നുനാള്‍

Posted: 08 Jan 2013 12:14 AM PST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രി സമുച്ചയം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജില്‍ കുടിവെള്ള വിതരണം സ്തംഭിച്ചിട്ട് മൂന്നുനാള്‍; പ്രതിഷേധം ഇരുമ്പുന്നു.
മൂന്നുനാള്‍ തുടര്‍ച്ചയായി കുടിവെള്ള വിതരണം നിലച്ചത് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കി. മെഡിക്കല്‍ കോളജിലെ നിരവധി വാര്‍ഡുകള്‍ അത്യാഹിത വിഭാഗം, എസ്.എ.ടി ആശുപത്രി, കോളജ് കാമ്പസ് എന്നിവിടങ്ങളിലാണ് ജലവിതരണം സ്തംഭിച്ചത്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദാഹജലത്തിനായി പാത്രങ്ങളുമായി രോഗികളുടെ ബന്ധുക്കള്‍ തലങ്ങും വിലങ്ങുമോടുന്ന കാഴ്ച സര്‍വ സാധാരണമായി. കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതര്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയെങ്കിലും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതില്‍ പരക്കെ ജനരോഷവും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലേ സെക്രട്ടറിയെ തടഞ്ഞത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. രാവിലെ 11ഓടെ സംഘടിച്ചെത്തിയ സി.പി.ഐ പ്രവര്‍ത്തകര്‍ രണ്ടര മണിക്കൂറോളം ലേ സെക്രട്ടറിയെ തടഞ്ഞുവെക്കുകയായിരുന്നു. കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിട്ടും പകരം സംവിധാനം ഉണ്ടാക്കാന്‍ ശ്രമിക്കാത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പൊലീസ് ഇടപെട്ട് വിവരം ഫയര്‍ഫോഴ്സ് അധികൃതരെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് വഴി അത്യാവശ്യത്തിനുള്ള കുടിവെള്ളം എത്തിക്കാമെന്ന് ഉറപ്പുകിട്ടിയതോടെയാണ് പ്രവര്‍ത്തകര്‍ ഉപരോധം പിന്‍വലിച്ചത്. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി.കെ. രാജു, ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍. മഹേന്ദ്രബാബു, കെ. വി.ജയപ്രകാശ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവും ഉപരോധവും.
രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമായി ടാങ്കര്‍ ലോറികളില്‍ അരുവിക്കരയില്‍ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് സൗജന്യമായി കുടിവെള്ളമെത്തിച്ച് കേരള കോണ്‍ഗ്രസ് (പി.സി. തോമസ്) പ്രവര്‍ത്തകര്‍ മാതൃക കാട്ടി.
കുടിവെള്ളം നിറച്ച ടാങ്കര്‍ ലോറി എസ്.എ.ടിയില്‍ എത്തിയതോടെ ആശുപത്രി അധികൃതര്‍ ഉച്ചഭാഷിണിയിലൂടെ വിവരം രോഗികളെയും കൂട്ടിരിപ്പുകാരെയും അറിയിച്ചു. എ.എച്ച്. ഹഫീസ്, തമ്പാനൂര്‍ രാജീവ്, കവടിയാര്‍ ധര്‍മന്‍, പൂന്തുറ പാപ്പച്ചന്‍, കൈപ്പരിക്കോണം തങ്കരാജ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരം ബി.ജെ.പിയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍െറ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമ്പോള്‍ സൂപ്രണ്ട് വസതിക്ക് പുറത്തായിരുന്നെങ്കിലും ഉപരോധവും മാര്‍ച്ചും ശക്തമായിരുന്നു.
 

മിനിബസില്‍ കടത്തിയ 2000 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

Posted: 07 Jan 2013 11:27 PM PST

പാരിപ്പള്ളി: മിനിബസില്‍ അനധികൃതമായി കടത്തിയ 2000 ലിറ്റര്‍ മണ്ണെണ്ണ പാരിപ്പള്ളി പൊലീസ് പിടികൂടി. തിരുവനന്തപുരം കളിയിക്കാവിള ഭാഗത്തുനിന്നും കൊല്ലത്തേക്ക് കൊണ്ടുപോകവേ കഴിഞ്ഞദിവസം രാത്രി 11.30 ഓടെ ദേശീയപാതയില്‍ പാരിപ്പള്ളിക്കുസമീപത്തുവെച്ചാണ് മണ്ണെണ്ണ പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ധനുവച്ചപുരം കൊറ്റാമം ജയ മന്ദിരത്തില്‍ യേശുദാസ് (42), കുഴിത്തുറ വിളവന്‍കോട് കിണറ്റടി പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിയെടുക്കുന്നവരാണ്.മിനിബസില്‍ 40 കന്നാസുകളിലായാണ് മണ്ണെണ്ണ കടത്തിയത്.  നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബര്‍ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനാണ് ഇവ കൊണ്ടുപോയതെന്നാണ് അറിയുന്നത്. തിരുവനന്തപുരം കൊല്ലംകോട് സ്വദേശിയാണ് ഇതിനുപിന്നിലെന്നാണ് സൂചനയെന്ന് പാരിപ്പള്ളി എസ്.ഐ ദേവരാജന്‍ പറഞ്ഞു. ഇയാള്‍ അനധികൃതമായി പലയിടത്തുനിന്നായി സംഭരിക്കുന്ന മണ്ണെണ്ണ ഇത്തരത്തില്‍ കന്നാസുകളിലാക്കി രഹസ്യമായി വിതരണം നടത്താറുണ്ട്.
പിടിയിലായ രണ്ടുപേര്‍ക്കും ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും ഡ്രൈവറെ പിടികൂടിയാലേ വിശദാംശങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായവരെ പരവൂര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
 

അത്യുന്നതങ്ങളില്‍ വീണ്ടും മെസ്സി

Posted: 07 Jan 2013 11:25 PM PST

Image: 

സൂറിച്ച്: വിസ്മയനേട്ടങ്ങളിലേക്ക് വലകുലുക്കുന്ന കളിയുടെ രാജകുമാരന്‍ പുരസ്കാരലബ്ധിയില്‍ പുതുചരിത്രമെഴുതി. ഭൂമിയിലെ ഏറ്റവും കേമനായ ഫുട്ബാള്‍ താരത്തിനു നല്‍കുന്ന ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം തുടര്‍ച്ചയായ നാലാം തവണയും കൈകളിലേന്തി ലയണല്‍ മെസ്സിയെന്ന അനുഗൃഹീത പ്രതിഭ അതുല്യനേട്ടത്തിന്‍െറ നിറവിലേറി. താളാത്മക ചുവടുവെപ്പുകളുടെ മായികഭാവങ്ങളില്‍ ബാഴ്സലോണക്കും അര്‍ജന്‍റീനക്കും വേണ്ടി ഗോളുകളടിച്ചുകൂട്ടുകയും കൂട്ടുകാരെക്കൊണ്ട് ഗോളുകളടിപ്പിക്കുകയും ചെയ്ത്  വാര്‍ത്തകളില്‍ നിറയുന്ന 25കാരന്‍ ലോക ഫുട്ബാളര്‍ പട്ടം നാലാം തവണയും ശിരസ്സിലണിയുന്ന ആദ്യ കളിക്കാരനെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കി. ഫ്രാന്‍സിന്‍െറ ഇതിഹാസതാരം സിനദിന്‍ സിദാനും ബ്രസീലിന്‍െറ വിഖ്യാത ഗോള്‍വേട്ടക്കാരന്‍ റൊണാള്‍ഡോയുമാണ് മൂന്നുതവണ ലോക ഫുട്ബാളര്‍ പട്ടം ചൂടിയ താരങ്ങള്‍.
മിഡ്ഫീല്‍ഡില്‍ മിന്നും നീക്കങ്ങളിലേക്ക് പന്തുതട്ടി സ്പെയിനിനെ വീണ്ടും യൂറോകപ്പ് നേട്ടത്തിലേക്ക് നയിച്ച ആന്ദ്രേ ഇനിയസ്റ്റയെയും സ്പാനിഷ് ലീഗ് കിരീടം തിരിച്ചുപിടിക്കാന്‍ റയല്‍ മഡ്രിഡിന് കരുത്തു പകര്‍ന്ന പോര്‍ചുഗീസ് വിങ്ങര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ്് കളത്തിനു പുറത്തെ ‘വമ്പന്‍ പോരാട്ടത്തില്‍’ മെസ്സി വീണ്ടും വിജയശ്രീലാളിതനായത്.
ബാഴ്സലോണക്കും അര്‍ജന്‍റീനക്കുംവേണ്ടി കഴിഞ്ഞവര്‍ഷം 91 ഗോളുകളടിച്ച് ലോക ഫുട്ബാള്‍ ചരിത്രത്തില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചാണ് മെസ്സി സൂറിച്ചില്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിനെത്തിയത്.  
മികച്ച വനിതാ താരത്തിനുള്ള ഫിഫ വുമന്‍സ് വേള്‍ഡ് പ്ളെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം അമേരിക്കയുടെ അബ്ബി വാംബാക്കനാണ്. നാട്ടുകാരിയായ അലക്സ് മോര്‍ഗനെയും ബ്രസീലിന്‍െറ വിഖ്യാതതാരം മാര്‍ത്തയെയുമാണ് അബ്ബി പിന്തള്ളിയത്. മാര്‍ത്ത അഞ്ചു തവണ പുരസ്കാരം നേടിയിട്ടുണ്ട്.  
നാലു തവണ അവാര്‍ഡ് നേടുകയെന്നത് അവിശ്വസനീയമായ നേട്ടമാണെന്ന് അവാര്‍ഡ് സ്വീകരിച്ച് മെസ്സി പറഞ്ഞു. ഈ നേട്ടത്തിന് സഹതാരങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനിയസ്റ്റക്കൊപ്പം കളിക്കുകയും പരിശീലിക്കുകയും ചെയ്യുന്നത്  മഹത്തരമാണ്. കുടുംബം, സുഹൃത്തുക്കള്‍ എന്നിവരോടും ഏറെ കടപ്പാടുണ്ടെന്ന് മെസ്സി പ്രതികരിച്ചു.
പുരുഷ ടീം കോച്ചായി യൂറോകപ്പ് ജയിച്ച സ്പെയിന്‍ ദേശീയ ടീം പരിശീലകന്‍ വിസെന്‍െറ ഡെല്‍ബോസ്ക് തെരഞ്ഞെടുക്കപ്പെട്ടു. റയല്‍ മഡ്രിഡ് കോച്ച് ജോസ് മൗറിന്യോ, മുന്‍ ബാഴ്സലോണ കോച്ച് പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്തള്ളിയാണ് ഡെല്‍ബോസ്കിന്‍െറ നേട്ടം.
വനിതാ ടീം കോച്ചായി തെരഞ്ഞെടുക്കപ്പെട്ടത് സ്വീഡന്‍െറ പിയ സുണ്‍ഡാഗെയാണ്.  2012ലെ ഫിഫ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിന് മുന്‍ ജര്‍മന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന ഫ്രാന്‍സ് ബെക്കന്‍ബവര്‍ അര്‍ഹനായി.
ഫിഫ ഫെയര്‍പ്ളേ അവാര്‍ഡിന് ഉസ്ബെകിസ്താന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഗോളിനുള്ള ഫെറങ്ക് പുഷ്കാസ് അവാര്‍ഡ് ഫിനര്‍ബാഷെയുടെ മിറോസ്ളാവ് സ്റ്റോച്ചിനാണ്. സാന്‍േറാസിന്‍െറ ബ്രസീല്‍താരം നെയ്മര്‍, അത്ലറ്റികോ മഡ്രിഡിന്‍െറ കൊളംബിയന്‍ സ്ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കാവോ എന്നിവരെയാണ് സ്റ്റോച്ച് പിന്തള്ളിയത്.
ഫിഫ്പ്രോ ഫിഫ വേള്‍ഡ് ഇലവനില്‍ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ താരങ്ങളും സ്പാനിഷ് ലീഗില്‍ കളിക്കുന്നവരാണ്. റയല്‍ മഡ്രിഡിന്‍െറയും ബാഴ്സലോണയുടെയും അഞ്ചു കളിക്കാര്‍ വീതം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത്ലറ്റികോ മഡ്രിഡില്‍നിന്ന് റഡാമെല്‍ ഫാല്‍കാവോയും ടീമില്‍ ഇടം നേടി.
ഫിഫ ലോക ഇലവന്‍
ഗോള്‍കീപ്പര്‍: ഇകേര്‍ കസീയസ്
ഡിഫന്‍ഡര്‍മാര്‍: ഡാനി ആല്‍വെസ്, ജെറാര്‍ഡ് പിക്വെ സെര്‍ജിയോ റാമോസ്, മാര്‍സെലോ.
മിഡ്ഫീല്‍ഡര്‍മാര്‍: സാബി അലോന്‍സോ, സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ.
ഫോര്‍വേഡുകള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, റഡാമെല്‍ ഫാല്‍കാവോ.
ഫിഫയുടെ ലോക ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ഫ്രഞ്ച് ഫുട്ബാള്‍ മാഗസിന്‍ 1956 മുതല്‍ നല്‍കിവന്ന ബാലണ്‍ ഡി ഓര്‍ പുരസ്കാരവും സമന്വയിപ്പിച്ച് 2010 മുതലാണ് ഫിഫ ബാലണ്‍ ഡി ഓര്‍ സമ്മാനിക്കുന്നത്. 2009ല്‍ ലോക ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ മെസ്സി ‘ഫിഫ ബാലണ്‍ ഡി ഓര്‍’ ബഹുമതി 2010ലും 2011ലും സ്വന്തമാക്കി. 2010ല്‍ ഇനിയസ്റ്റ രണ്ടാം സ്ഥാനത്തും ബാഴ്സയുടെതന്നെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സാവി ഹെര്‍ണാണ്ടസ് മൂന്നാം സ്ഥാനത്തുമെത്തി. 2011ല്‍ മെസ്സിക്കു പിന്നില്‍ രണ്ടാം സ്ഥാനം ക്രിസ്റ്റ്യാനോക്കും മൂന്നാം സ്ഥാനം സാവിക്കുമായിരുന്നു.
ദേശീയ ഫുട്ബാള്‍ ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും പുറമെ ലോകത്തെ മുന്‍നിര കളിയെഴുത്തുകാരുമാണ് മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തത്.
മുന്‍ ഫ്രഞ്ച് ക്യാപ്റ്റനും യുവേഫ പ്രസിഡന്‍റുമായ മിഷേല്‍ പ്ളാറ്റീനി, ബ്രസീലിന്‍െറ വിഖ്യാതതാരം റൊണാള്‍ഡോ, മുന്‍ കൊളംബിയന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് വാള്‍ഡറാമ, ലോകകപ്പ് ജയിച്ച ഇറ്റലി ക്യാപ്റ്റന്‍ ഫാബിയോ കന്നവാരോ, മുന്‍ യുക്രെയ്ന്‍ ക്യാപ്റ്റന്‍ ആന്ദ്രി ഷെവ്ചെങ്കോ തുടങ്ങി ലോക ഫുട്ബാളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 

ബസ് ജീവനക്കാരുടെ പണിമുടക്ക് വലച്ചു

Posted: 07 Jan 2013 11:23 PM PST

തൊടുപുഴ: ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് യാത്രക്കാരെ വലച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.വിദ്യാര്‍ഥികളും  ജീവനക്കാരുമാണ് പണിമുടക്കിനെത്തുടര്‍ന്ന് ഏറെ വലഞ്ഞത്. പ്രധാന സ്റ്റോപ്പുകളിലെല്ലാം കെ.എസ്.ആര്‍.ടി.സി ബസും സമാന്തര സര്‍വീസും കാത്ത് യാത്രക്കാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. സ്കൂള്‍ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ മുടക്കം കൂടാതെ പ്രവര്‍ത്തിച്ചു. സ്കൂളുകളില്‍ ഹാജര്‍ നില പൊതുവെ കുറവായിരുന്നു.

പണിമുടക്ക്; ജനം വലയും

Posted: 07 Jan 2013 11:20 PM PST

പത്തനംതിട്ട: സ്വകാര്യബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കില്‍ ജനം വലഞ്ഞു. ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കൂടി പണിമുടക്ക് തുടങ്ങുന്നതോടെ ജനം കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരും. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ചൊവ്വാഴ്ച പണിമുടക്കുകയാണ്.  ജില്ലയില്‍ ഇത് ഹര്‍ത്താല്‍ പ്രതീതി ഉളവാക്കും.
ജില്ലയില്‍ കൂടുതല്‍ റൂട്ടുകളിലും സ്വകാര്യബസുകളാണ് സര്‍വീസ് നടത്തുന്നത്. സമരത്തെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിലും മറ്റുമുള്ളവര്‍ യാത്രാക്ളേശത്താല്‍ വിഷമിക്കുകയാണിപ്പോള്‍. കിഴക്കന്‍ മലയോര മേഖലകളിലും യാത്രാക്ളേശം രൂക്ഷമായിരുന്നു. ഏതാനും ചില ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. യാത്രക്കാര്‍ കഴിഞ്ഞ ദിവസം ടൂ വീലര്‍, ഓട്ടോറിക്ഷ എന്നിവയെ ആശ്രയിക്കുകയായിരുന്നു. തിങ്കളാഴ്ച യാത്രാക്ളേശം കൂടുതല്‍ അനുഭവപ്പെട്ട ചില റൂട്ടുകളില്‍ പ്രത്യേകം സര്‍വീസുകള്‍ നടത്തുകയുണ്ടായി. എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും യാത്രക്കാരുടെ വന്‍ തിരക്കായിരുന്നു. ബസ്സ്റ്റാന്‍ഡുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. വൈകുന്നേരം ബസ് കിട്ടാന്‍ വൈകിയതും യാത്രക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിച്ചു. പലരും ഏറെ വൈകിയാണ് വീടുകളില്‍ എത്തിയത്.
തീര്‍ഥാടന കാലത്തെ ബസ് സമരം ആയിരക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ ചൊവ്വാഴ്ചത്തെ പണിമുടക്ക് തീര്‍ഥാടകരെ  ഏറെ കഷ്ടപ്പെടുത്തും.
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്മയടക്കമുള്ള നിയമങ്ങളും പ്രയോഗിക്കാനാണ് തീരുമാനം. എന്നാല്‍ സമരം വിജയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതിപക്ഷ സംഘടനകള്‍ നടത്തിയിട്ടുണ്ട്. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ചില യുവജന സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണത്തിനായി കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ സമരപ്രതിരോധ സമിതികളും രൂപവത്കരിച്ചതോടെ പരസ്പരം സംഘര്‍ഷത്തിനുള്ള സാധ്യതയും വര്‍ധിച്ചു.

സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം; യാത്രക്കാര്‍ വലഞ്ഞു

Posted: 07 Jan 2013 11:17 PM PST

കോട്ടയം: വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ സംസ്ഥാന തലത്തില്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല.
ശബരിമല സീസണായതിനാല്‍  കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ സര്‍വീസ് നടത്താനാവാതെ വന്നത് ജനങ്ങളെ വലച്ചു. സ്വകാര്യബസുകളെ കൂടുതല്‍ ആശ്രയിക്കുന്ന ഉള്‍നാടന്‍ റൂട്ടുകളെയാണ് സമരം ഏറെ ബാധിച്ചത്. കെ.എസ്.ആര്‍.ടി.സി ബസുകളും സമാന്തരസര്‍വീസുകളും മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. പലരും യാത്ര ഒഴിവാക്കിയാണ് സമരത്തെ നേരിട്ടത്. ഇതുമൂലം ഓഫിസുകളിലും സ്ഥാപനങ്ങളിലും ഹാജര്‍ കുറവായിരുന്നു. പുരുഷന്മാര്‍ കൂടുതലായും ടൂവീലറുകളുമായി റോഡിലിറങ്ങിയപ്പോള്‍ വനിതാ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ തന്നെയാണ് ആശ്രയിച്ചത്. രാവിലെ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിറഞ്ഞുകവിഞ്ഞാണ് സര്‍വീസ് നടത്തിയത്.
പമ്പ, ചേര്‍ത്തല, കുമളി, മെഡിക്കല്‍ കോളജ്, യൂനിവേഴ്സിറ്റി എന്നീ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തി. രാവിലെ മുതല്‍ കെ.എസ്.ആര്‍.ടി.സി കോട്ടയം ഡിപ്പോയിലെ ഫോണില്‍ അന്വേഷണ പ്രവാഹമായിരുന്നു.
സ്വകാര്യ ബസുകളുടെ കുത്തക റൂട്ടായ കിഴക്കന്‍ മേഖലയില്‍ ദുരിതമേറി. കുമളിയിലേക്ക് അധിക സര്‍വീസുകള്‍ നടത്തിയപ്പോള്‍ കട്ടപ്പന റൂട്ടിനെ കെ.എസ്.ആര്‍.ടി.സി അവഗണിച്ചതായി ആക്ഷേപമുയര്‍ന്നു. ഈ റൂട്ടില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടിവന്നു. പലസ്ഥലത്തും സമാന്തര സര്‍വീസിന്‍െറ പേരില്‍ യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു. ബസില്‍ സഞ്ചരിക്കേണ്ടതിന്‍െറ മൂന്നും നാലുമിരട്ടി പണം കൊടുത്താണ് പലരും യാത്രചെയ്തത്. ഓട്ടോറിക്ഷകളും മറ്റ് ടാക്സി വാഹനങ്ങളും കൂടുതലായി നിരത്തിലിറങ്ങിയത് പക്ഷേ യാത്രക്കാര്‍ക്ക് സൗകര്യമായി.ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗംകൂടി പണിമുടക്കുന്നത് ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമാകും. ഇത് ശബരിമല തീര്‍ഥാടകരെയും ബുദ്ധിമുട്ടിലാക്കിയേക്കും. എന്നാല്‍, ശബരിമല തീര്‍ഥാടകര്‍ക്ക് അൗസകര്യമുണ്ടാകാത്ത വിധം സര്‍വീസ് ക്രമീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. 50 ബസുകളും അതിനുള്ള ജീവനക്കാരും ഉണ്ടാകും. ഇന്ന് കൂടുതല്‍ പരിഗണന അയ്യപ്പഭക്തര്‍ക്കായിരിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
ചങ്ങനാശേരി: സ്വകാര്യ ബസ് സര്‍വീസ് മാത്രമുള്ള ചങ്ങനാശേരി-കറുകച്ചാല്‍-വാഴൂര്‍-മല്ലപ്പള്ളി റൂട്ടില്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു. കവിയൂര്‍, പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകേണ്ടവരും ബുദ്ധിമുട്ടി. നഗരത്തില്‍നിന്ന് തൃക്കൊടിത്താനം, പായിപ്പാട്, തെങ്ങണ, തുരുത്തി ഭാഗങ്ങളിലേക്ക് ഓട്ടോറിക്ഷകള്‍ ട്രിപ്പ് നടത്തി. ഇവര്‍ അമിത കൂലി ഈടാക്കിയതായി പരാതിയുണ്ട്. സര്‍ക്കാറോഫിസുകളില്‍ ഹാജര്‍ കുറവായിരുന്നു. പൊന്‍കുന്നം: കൊല്ലം-തേനി ദേശീയപാതയിലും ചങ്ങനാശേരി-മുണ്ടക്കയം റൂട്ടിലും കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉള്ളതിനാല്‍ യാത്രാക്ളേശം രൂക്ഷമായില്ല. എന്നാല്‍, കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇല്ലാത്ത പൊന്‍കുന്നം- കെ.വി.എം.എസ് വഴി എരുമേലി, കൊടുങ്ങൂര്‍-പാലാ, കൊടുങ്ങൂര്‍-മണിമല എന്നിവിടങ്ങളില്‍ യാത്രക്കാര്‍ വലഞ്ഞു.  ഓട്ടോയും സ്വകാര്യവാഹനങ്ങളും മാത്രമായിരുന്നു ആശ്രയം. പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് 34 ഷെഡ്യൂളുകളും തിങ്കളാഴ്ച സര്‍വീസ് നടത്തി. ശബരിമല സീസണ്‍ പ്രമാണിച്ച് ബസുകള്‍ പമ്പയിലേക്ക് പോയതിനാല്‍ അധികസര്‍വീസ് നടത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു.
 

ബസ് സമരം ജനത്തെ വലച്ചു

Posted: 07 Jan 2013 11:12 PM PST

ആലപ്പുഴ: സ്വകാര്യബസ് ജീവനക്കാരുടെ പണിമുടക്കുമൂലം ജില്ലയിലെ ഗതാഗത സംവിധാനം താറുമാറായി. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പലയിടത്തും യാത്രക്കാരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ പര്യാപ്തമായില്ല. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ഏറെ ബുദ്ധിമുട്ടിയത്.
ആലപ്പുഴ നഗരത്തിലും ചേര്‍ത്തലയിലുമായി നൂറിലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്. ആലപ്പുഴയില്‍ ഇരട്ടക്കുളങ്ങര ഭാഗത്തേക്കാണ് കൂടുതല്‍. തീരദേശ റൂട്ടുകളിലാണ് ചേര്‍ത്തല താലൂക്കില്‍ കൂടുതല്‍ സര്‍വീസുള്ളത്. ജീവനക്കാരുടെ പണിമുടക്കുമൂലം ഏറ്റവും കൂടുതല്‍ ജനം പ്രയാസത്തിലായത് തീരദേശ റൂട്ടിലാണ്. മുഹമ്മ ഭാഗങ്ങളിലേക്കുള്ള സ്വകാര്യബസുകള്‍ക്ക് പകരം കെ.എസ്.ആര്‍.ടി.സി ഓടിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. ചേര്‍ത്തലയില്‍ നിന്ന് തവണക്കടവ്,പുത്തനങ്ങാടി, മുഹമ്മ, കണിച്ചുകുളങ്ങര, അര്‍ത്തുങ്കല്‍, വയലാര്‍ പ്രദേശങ്ങളിലേക്ക് സ്വകാര്യബസുകള്‍ ഇല്ലാതിരുന്നതുമൂലം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വലിയ തിരക്കായിരുന്നു. സി.പി.ഐ നേതൃത്വത്തിലുള്ള സി.സി.ടി ബസ് സര്‍വീസും ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍വീസ് നടത്തിയില്ല. ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കായംകുളം ഭാഗങ്ങളിലും സ്വകാര്യബസ് പണിമുടക്ക് ജനങ്ങളെ ബാധിച്ചു. സ്വകാര്യബസുകളെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളാണ് കൂടുതല്‍ വലഞ്ഞത്. ഓച്ചിറ-താമരക്കുളം, ഓച്ചിറ-മാവേലിക്കര, കൃഷ്ണപുരം-മാവേലിക്കര തുടങ്ങിയ റൂട്ടുകളിലായിരുന്നു കൂടുതല്‍ പ്രശ്നം. ഈ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താനും കഴിഞ്ഞില്ല. മുന്നൂറോളം സര്‍വീസുകളാണ് കായംകുളത്ത് നിന്നും വിവിധ സ്ഥലങ്ങളിലേക്ക് സ്വകാര്യബസുകള്‍ ദിനേന നടത്തുന്നത്. ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി കൂടി പണിമുടക്കുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.
 

മരട് നഗരസഭാ ചെയര്‍മാനെ തടഞ്ഞുവെച്ചു

Posted: 07 Jan 2013 10:52 PM PST

നെട്ടൂര്‍: മരട് നഗരസഭ ഓഫിസിന് മുന്നില്‍ സി.പി.എം സ്ഥാപിച്ച ഭൂസമരത്തിന്‍െറയും ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്‍െറയും  ബോര്‍ഡുകളും ബാനറുകളും നഗരസഭാ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നഗരസഭാ ചെയര്‍മാനെ സി.പി.എം കൗണ്‍സിലര്‍മാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തടഞ്ഞുവെച്ചു.  സി.പി.എമ്മിന്‍െറയും ഡി.വൈ.എഫ്.ഐയുടെയും മാത്രം ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്നാരോപിച്ചായിരുന്നു സമരം.
എന്നാല്‍, പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍െറയും സന്ദര്‍ശനത്തിന്‍െറ ഭാഗമായി  കലക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ പറഞ്ഞു. മറ്റ് ബോര്‍ഡുകള്‍ നീക്കം ചെയ്തതോടൊപ്പം ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്‍െറയും ബോര്‍ഡുകളും നീക്കം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് പി. വാസുദേവന്‍,പ്രതിപക്ഷ നേതാവ് പി.കെ. രാജു എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സന്ദര്‍ശന പരിപാടി അവസാനിക്കുമ്പോള്‍ ബോര്‍ഡുകള്‍ പുന$സ്ഥാപിക്കുമെന്ന്  ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി എ.യു. വിജു,സി.എന്‍. വിപിന്‍, പി.കെ. സുനില്‍കുമാര്‍, ബിശാല്‍ വര്‍ഗീസ്, എ.കെ. അഫ്സല്‍, പി.എസ്. സുഷന്‍, കൗണ്‍സിലര്‍മാരായ രതി ദിവാകരന്‍, സൈന അജിത്, ജലജ  ദിനേശന്‍, പി.ടി. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
 

അഴീക്കോട് കായലില്‍ കാര്‍ മറിഞ്ഞ് നാലു യുവാക്കള്‍ മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍

Posted: 07 Jan 2013 10:41 PM PST

കൊടുങ്ങല്ലൂര്‍: കഴിഞ്ഞ നവംബര്‍ ഒന്നിന് അഴീക്കോട് കായലില്‍ കാര്‍ മറിഞ്ഞ് നാലു യുവാക്കള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും മരിച്ച യുവാക്കളുടെ രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഴീക്കോട് കായലില്‍ കാര്‍ വീണ് ഇരിങ്ങാലക്കുട പൊറത്തിശേരി ചേറ്റേടിത്തറ രാജേന്ദ്രബാബുവിന്‍െറ മകന്‍ അഖില്‍, തേറാട്ടില്‍ ദാസന്‍െറ മകന്‍ വിഷ്ണു, ചേര്‍പ്പ്കാനാടി വീട്ടില്‍ ശശിയുടെ മകന്‍ വൈശാഖ്, പാഴായി കിഴക്കേപാട്ടില്‍ സതിചന്ദ്രന്‍െറ മകന്‍ സതീഷ് എന്നിവരാണ് മരിച്ചത്.
സംഭവം സംബന്ധിച്ച് ദുരൂഹതകളും പൊരുത്തക്കേടുകളും വെളിവായ സാഹചര്യത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എല്‍.എമാര്‍, കലക്ടര്‍, പൊലീസ് അധികാരികള്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയുമുണ്ടായില്ല. പൊലീസിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. പൊലീസ് നിലപാടും സംശയകരമാണ്. ഇതെല്ലാം ദുരന്തം കൊലപാതകമാണെന്ന സംശയങ്ങള്‍ക്ക് ബലമേകുന്നു.
 ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന്  സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
മരണത്തോടെ നാല് കുടുംബങ്ങളാണ് അനാഥമായത്. എട്ടുപേര്‍ സഞ്ചരിച്ച കാര്‍ പുഴയിലേക്ക് വീണപ്പോള്‍ നാലുപേര്‍ മരിക്കുകയും മറ്റു നാലുപേര്‍ രക്ഷപ്പെട്ടുവെന്നതും വിശ്വസിക്കാനാകുന്നില്ല. രക്ഷപ്പെട്ട നാലുപേര്‍ ഇപ്പോഴും സത്യം തുറന്നുപറയാന്‍ തയാറാകുന്നില്ല. ചോദിക്കുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയാണ്.
അടുത്ത് താമസക്കാരനായിട്ടും രക്ഷപ്പെട്ടവരില്‍ ഒരാള്‍  ദുരന്തത്തില്‍ മരിച്ച സുഹൃത്തിന്‍െറ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല.
കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രകോപിതനാവുകയാണ്. കാര്‍ പുഴയില്‍ വീണ ശബ്ദം കേട്ട് ആളുകള്‍ എത്തുമ്പോള്‍ നാലുപേര്‍ രക്ഷപ്പെട്ട് നില്‍ക്കുന്നതായാണ് കാണുന്നത്.  
ഇവര്‍ അഴീക്കോട് ബീച്ചില്‍വെച്ച് മറ്റുള്ളവരെ മര്‍ദിച്ച് അവശരാക്കി കൊണ്ടുവന്ന് കാര്‍ സഹിതം പുഴയിലേക്ക് തള്ളുകയായിരുന്നൂവെന്നാണ് സംശയം.
ഹൃദയത്തില്‍ വെള്ളം കയറി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍, മൃതദേഹത്തിലെ മുറിവുകളൊന്നും പറയുന്നില്ല. ദുരന്തം കൊലപാതകമാണെന്നാണ്  നാട്ടുകാരുടെയും സംശയം. മരിച്ച സതീഷാണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ് ആദ്യ മൊഴി. പിന്നീട് അത് അരുണ്‍ എന്നാക്കിമാറ്റിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
മരിച്ച അഖിലിന്‍െറ പിതാവ് രാജേന്ദ്രബാബു, സഹോദരങ്ങളായ കൃഷ്ണക്കുറുപ്പ്, സുരേഷ്കുറുപ്പ്, മരിച്ച വൈശാഖിന്‍െറ പിതാവ് ശശി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
 

പറമ്പിക്കുളത്ത് വീടില്ലാതെ 60 കുടുംബങ്ങള്‍

Posted: 07 Jan 2013 10:23 PM PST

കൊല്ലങ്കോട്: പറമ്പിക്കുളം മുപ്പതേക്കര്‍, അല്ലിമൂപ്പന്‍ കോളനികളില്‍ വീടില്ലാതെ അറുപതിലധികം ആദിവാസി കുടുംബങ്ങള്‍. പലതവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും വനംവകുപ്പിന്‍െറ അധീനതയിലെ പ്രദേശമായതിനാല്‍ വീട് നല്‍കാനാവില്ലെന്ന് പറഞ്ഞ് ആവശ്യം തള്ളുകയായിരുന്നു.
ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് വീട് നിര്‍മിച്ച് നല്‍കുന്ന സര്‍ക്കാര്‍ രണ്ട് കോളനികളിലെ നിരാലംബരായ ആദിവാസികളെ പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ട്. എം.എല്‍.എ, എം.പി, പട്ടികവര്‍ഗ വകുപ്പ് എന്നിവയുടെ ഫണ്ട് ആദിവാസി ഭവന നിര്‍മാണത്തിന് ഉപയോഗിക്കാമെന്നിരിക്കെ അതിനും നടപടി ഉണ്ടാകുന്നില്ല.
വനത്തിലെ മരച്ചുവട്ടില്‍ അന്തിയുറങ്ങുന്ന നിരവധി കുടുംബങ്ങള്‍ ഈ കോളനികളിലുണ്ട്. രണ്ടുവര്‍ഷം മുമ്പുണ്ടായ ശക്തമായ പേമാരിയില്‍ തകര്‍ന്ന ഓലക്കുടില്‍ പുനര്‍നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ മുപ്പതേക്കര്‍ കോളനിയില്‍നിന്ന് താമസം മാറ്റിയ മന്താരന്‍-മോഹിനി ദമ്പതികള്‍ ഇപ്പോള്‍ പെരിയചോലയിലെ എസ്റ്റേറ്റില്‍ ജോലിക്ക് ചേര്‍ന്ന് അവിടെ കുടിലിലാണ് താമസം. വീട് തകര്‍ന്നതോടെ മൂന്ന് മക്കളുടെ വിദ്യാഭ്യാസം പ്രശ്നത്തിലായെന്ന് ഇവര്‍ പറയുന്നു. കിലോമീറ്ററുകള്‍ നടന്ന് നെല്ലിയാമ്പതിയിലെ സ്കൂളിലേക്ക് പോവുകയാണ് കുട്ടികള്‍. മുതലമട ഗ്രാമപഞ്ചായത്തിനും കോളനിയില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും കുടില്‍ തകര്‍ന്നതിന് നഷ്ടപരിഹാരം പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
രാഷ്ട്രീയ നേതാക്കള്‍ വരുമ്പോള്‍ അപേക്ഷ വാങ്ങി പോകുമെന്നല്ലാതെ മറ്റൊന്നും നടക്കാറില്ല. ഏറ്റവുമൊടുവില്‍ കോളനിയിലെത്തിയ വനംമന്ത്രി ഗണേഷ്കുമാറിന് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ആദിവാസികള്‍.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP