ചാതുര്‍ വര്‍ണ്യം നായര്‍ സൃഷ്ടം! Posted: 06 Jan 2013 12:46 AM PST ഒരു സ്ഥലത്ത് നാലു പേര്‍ നില്‍ക്കുന്നുവെന്ന് കരുതുക. അതില്‍ മൂന്ന് പേര്‍ക്ക് ഒരേ നിറം, ഒരേ ജാതി, മൂവരും ഒരേ നാട്ടുകാര്‍. എങ്കില്‍ നാലാമന്‍െറ കാര്യം കോഞ്ഞാട്ട! ആ മൂവരിലൊരാള്‍ പരം പുരുഷന്‍െറ ഫെയിസില്‍ നിന്ന് ബ്രാഹ്മണനും ഹാന്‍ഡ്സില്‍ നിന്ന് ക്ഷത്രിയനും ഊരുവില്‍ നിന്ന് വൈശ്യനും പാദങ്ങളില്‍ നിന്നും ശുക്രനും ഉണ്ടായെന്ന് ഒരു ഉത്തരവ് ഇറക്കുന്നതുകൂടി സങ്കല്‍പ്പിക്കുക. ഊഹിക്കാവുന്നതേയുള്ളൂ ഉത്തരവ് പുറപ്പെടുവിക്കുന്നവന്‍ തന്നെയാവും ആ കൂട്ടത്തിലെ ബ്രാഹ്മണന്‍! ശേഷിക്കുന്ന രണ്ടുപേരില്‍ ഒരുത്തന്‍ ഒരുത്തനിട്ട് ഒന്നു കൊടുത്താല്‍ താഴെ വീഴുന്നവന്‍ വൈശ്യനും നേരെ നില്‍ക്കുന്നവന്‍ ക്ഷത്രിയനും! ചരിത്രത്തെ ഇത്ര ക്രൂരമായി സിംപ്ളിഫൈ ചെയ്യാമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. മധ്യേഷ്യയില്‍ നിന്ന് ആര്യന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറിയകാലം ഇവിടെ സിന്ധു നദിക്കിപ്പുറം നായര്‍ സര്‍വീസ് സൊസൈറ്റിയോ, യോഗക്ഷേമ സഭയോ, എസ്.എന്‍.ഡി.പിയോ പുലയര്‍ മഹാസഭയോ നിലനിന്നിരുന്നതായി അവിടെ നിന്നും കുഴിച്ചെടുത്ത യാതൊന്നിലും തെളിവു കിട്ടിയിട്ടില്ല. ആ വന്ന ആര്യന്മാരില്‍ ആകെ മൂന്ന് ജാതികളേ ഉണ്ടായിരുന്നുള്ളൂ. ആണും പെണ്ണും പിന്നെ മൃഗങ്ങളും. വര്‍ണ വ്യവസ്ഥ അവരുടെ വേദങ്ങളിലുമില്ല. എന്നാല്‍ ഭഗവത്ഗീതയുടെ കാലമെത്തിയപ്പോള്‍ വര്‍ണ സങ്കരമുണ്ടായാല്‍ കുലം നശിക്കും. കുലം നശിച്ചാല്‍ എല്ലാം നശിക്കും എന്നും പറഞ്ഞ് നിലവിളിച്ച് യുദ്ധക്കളത്തില്‍ വിപ്പ് ലംഘിച്ചിരിക്കുന്ന അര്‍ജുനനെ കാണാം. വാട്ട് ഹാപ്പന്‍സ് ഇന്‍ ബിറ്റ്വീന്‍? ഓരുടെ കഥയിവിടെ നില്‍ക്കട്ടെ. കേരളക്കരയിലേക്ക് വന്നാലോ? പരശുരാമന്‍െറ നേതൃത്വത്തില്‍ ആദ്യത്തെ യോഗക്ഷേമസഭ കേരളത്തിലെത്തുമ്പോള്‍ പിച്ച് ബൗളിങിന് അനുകൂലമായതുകൊണ്ട് ക്യാപ്റ്റന്‍ ബൗളിങ് തെരഞ്ഞെടുത്ത് മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച വാറെ ഗാലറി നിറഞ്ഞിരുന്നത് ബൗദ്ധന്മാരും നാഗരാധനക്കാരായ നാഗന്മാരുമായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ഒടി വിദ്യയും മന്ത്രവാദവും ആയുര്‍വേദവും ജ്യോതിഷവും മനസുവെച്ചാല്‍ റോക്കറ്റ് വിദ്യയില്‍പോലും കൈവെയ്ക്കാന്‍ മടിക്കാത്ത ബഹുകേമന്മാരായിരുന്നു പരിഷകള്‍. പൂജാരിക്കും, തേവര്‍ക്കും കൈകൂപ്പിനിന്ന ആം ആദ്മിക്കുമൊക്കെ ഒരേ നിറം, ഒരേ ജാതി, ഒരേ ഭാഷ! ഇത്തിരിപോരായ്മ അറ്റന്‍ഡന്‍സ് രജിസ്ട്രറിലെ പേരായിരുന്നു. ഒക്കെയും ഒരു വഹ! കാളി, കൂളി, ശാസ്താവ്, മറുത, അറുകൊല, മാരിയമ്മ...എന്തിനു പറയുന്നു പരശുരാമന്‍െറ ടീമിന്‍െറ തൊലിവെളുപ്പും പൂജയും വേദാധ്യായനവും മണിചെയിന്‍പോലെ കേരളത്തിലങ്ങ് ക്ളിക്കായി. ബ്രഹ്മസ്വത്തിനും ദേവസ്വത്തിനും കേരളത്തിലങ്ങോളമിങ്ങോളം ബ്രാഞ്ച്! ശിവ! ശിവ! എന്നിട്ടും നമ്പൂരിയെ മൈന്‍ഡ് ചെയ്യാതെ വീട്ടില്‍തന്നെ കഴിച്ചുകൂട്ടിയ നായന്മാരും ഉണ്ടായിരുന്നത്രേ കേരളത്തില്‍! അവരെ ഗൃഹത്തില്‍ നായര്‍ (കിരിയത്തുനായര്‍) എന്നു വിളിച്ചു. നമ്പൂരിമാരുമായിസേവ കൂടി അവരുടെ കാര്യസ്ഥന്മാരായി ചാര്‍ജെടുത്ത നായന്മാര്‍ ഇല്ലത്തുനായന്മാരുമായി. നമ്പൂരിയും മടിച്ചില്ല. വര്‍ണ വ്യവസ്ഥയില്‍ ശൂദ്രസ്ഥാനം നല്‍കി പിന്തുണ പ്രഖ്യാപിച്ച വര്‍ഗത്തിനു ജാതി സര്‍ട്ടിഫിക്കറ്റും നല്‍കി. ബൗദ്ധന്മാര്‍: ഹിന്ദുക്കളല്ലായിരുന്നതിനാല്‍ അമ്പലത്തില്‍ കേറാന്‍ കൂട്ടാക്കാതെ അകലം പാലിച്ച് നടന്ന് അപഖ്യാതി പറഞ്ഞു. ഫലം വലിഞ്ഞു കേറി വന്നവര്‍ ഇവിടെ ജീവിച്ചവരെ ഇല്ലാത്ത വര്‍ണ വ്യവസ്ഥയില്‍ നിന്ന് പുറത്താക്കി അവര്‍ണരായി പ്രഖ്യപിച്ച് അമ്പലത്തിന്‍െറ നടയുമടച്ചു. ഇതാണ് കേരളത്തില്‍ നമ്പൂതിരി,നായര്‍, ഈഴവന്‍, ഇതര കീഴ്ജാതിക്കാര്‍ എന്നിവരുടെ വംശാവലി! കഥ ഇതുവരെ. ശേഷം ഭാഗം സ്ക്രീനില്‍ കാണാന്‍ എത്തുമ്പോഴേക്കും പെരുന്നയില്‍ മന്നത്തു പത്മനാഭന്‍ എന്നൊരു നേതാവിന്‍െറ നേതൃത്വത്തില്‍ ശുദ്രസഭ സ്ഥാപിതമായി. തുടര്‍ന്ന് അത് എന്‍.എസ്.എസ് ആയി പരിണമിച്ച് അതിന്‍െറ സെക്രട്ടറിയായി ജി. സുകുമാരന്‍നായര്‍ എന്നൊരാള്‍ ഇരുന്നുകൊണ്ട് പ്രവേശിച്ചു കഴിഞ്ഞിരുന്നു. നായന്മാരെ ശൂദ്രസ്ഥാനം കൊടുത്ത് അനുഗ്രഹിച്ച നമ്പൂതിരിയെ പൂച്ചയെ ഓടിക്കും വിധത്തിലാണ് അദ്ദേഹം ക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തുനിന്നും ഓടിച്ച് പകരം പൂജാരിയായി നായര്‍ മതിയെന്നു പറഞ്ഞുകളഞ്ഞത്! തന്ത്രവിദ്യ തപാല്‍ വഴി പഠിച്ചും ഇനി നായന്മാര്‍ക്ക് പൂജാരിമാരാകാം. ഗുണനിലവാരമാണ് അടിസ്ഥാന യോഗ്യത! കഴിഞ്ഞ ഇടതു മന്ത്രിസഭയുടെ കാലത്ത് ജസ്റ്റീസ് പരിപൂര്‍ണന്‍ കമ്മീഷന്‍ ദേവസ്വം ബോര്‍ഡ് ഷേത്രത്തിലെ ചില പൂജാരിമാരുടെ ഗുണനിലവാരം പരിശോധിക്കുകയുണ്ടായി. പുരുഷസുക്തം, ഐക്യമത്യ സൂക്തം, ഗണപതി പ്രാര്‍ഥന എന്തിന് ഗംഗേ ച യമുനോ ചൈവ... പോലും കാണാതെ ചൊല്ലാത്തവരായിരുന്നു ഭൂരിപക്ഷവും എന്ന് കമ്മീഷന്‍ പറഞ്ഞത് പത്രവാര്‍ത്തയായതാണ്! സുകുമാരന്‍ നായര്‍ജി പറയുന്നത് അത്തരം ബ്രാഹ്മണ്യം ഇല്ലാത്ത നമ്പൂതിരിമാര്‍ പുറത്ത്പോയി പകരം ബ്രാഹ്മണ്യമുള്ള നായര്‍ പൂജാരി അകത്തുവരട്ടെയെന്നാണ്. എന്താണപ്പാ ഈ ബ്രാഹ്മണ്യം? തെറ്റാതെ പൂജാവിധികള്‍ ചെയ്യലാണോ? |
കൊച്ചിയിലെ സി.പി.എം സമരം ദോഹയിലെ പ്രവാസി നിക്ഷേപകര്‍ ഏറ്റെടുത്ത ഭൂമിയില്‍ Posted: 05 Jan 2013 10:58 PM PST ദോഹ: സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഈ മാസം ഒന്നിന് ആരംഭിച്ച ഭൂസമരത്തിന്‍െറ ഭാഗമായി കൊച്ചിയിലെ സമരം നടക്കുന്നത് ദോഹയിലെ പ്രവാസി മലയാളികളായ നിക്ഷേപകര്‍ ഏറ്റെടുത്ത ഭൂമിയില്‍. ദോഹയിലെ ഏഴ് മലയാളികള്‍ പ്രമോട്ടര്‍മാരായി കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന പദ്ധതിക്കായി കൊച്ചിയിലെ കടമക്കുടിയില്‍ ഏറ്റെടുത്ത 132 ഏക്കറാണ് സി.പി.എം സമരഭൂമിയാക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ പറ്റിയ അന്തരീക്ഷം കേരളത്തിലില്ലെന്ന പൊതുധാരണയെ ശക്തിപ്പെടുത്തുന്നതാണ് സമരമെന്നും ഇത് കേരളത്തിന്‍െറ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാതിരിക്കുക, നെല്‍വയല്‍ തണ്ണീര്‍ത്തടം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ കേരളത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പട്ടികജാതി-വര്‍ഗക്കാരും ആദിവാസികളും സമരം ആരംഭിച്ചിരിക്കുന്നത്. ഭൂരഹിതര്‍ക്ക് നിലവിലുള്ള നിയമം സംരക്ഷിച്ച് ഭൂമി വിതരണം ചെയ്യുന്നതിന് പകരം കോര്‍പറേറ്റുകളും ഭൂമാഫിയകളും ബിനാമി പേരില്‍ വാങ്ങിക്കൂട്ടുന്ന ഭൂമിക്ക് നിയമപരിരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിക്കുന്നു. ഈ മാസം പത്തിന് ശേഷം സംസ്ഥാനത്തെ 200 ഏരിയകളില്‍ മിച്ചഭൂമിയുള്ള ഓരോ കേന്ദ്രത്തിലും ഭൂരഹിതരായ ആയിരങ്ങള്‍ കുടില്‍കെട്ടി താമസം ആരംഭിക്കാനാണ് തീരുമാനം. കൊച്ചി നഗരത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാറി കടമക്കുടിക്കടുത്ത് ചരിയന്‍തുരുത്തിലാണ് കൊച്ചി മെഡിക്കല്‍ സിറ്റിക്കായി ഭൂമി ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ആണ് പദ്ധതിയുടെ ബ്രാന്‍റ് അംബാസഡര്‍. ദോഹയിലെ പ്രമുഖ പ്രവാസി സംരംഭകരായ ഡോ. മോഹന്‍ തോമസ് പകലോല്‍മറ്റം (കമ്പനി ചെയര്‍മാന്‍), മാത്യു ഫ്രാന്‍സിസ് കാട്ടുക്കാരന്‍ (വൈസ് ചെയര്‍മാന്‍), എം.പി ഹസന്‍കുഞ്ഞി (മാനേജിങ് ഡയറക്ടര്‍), ജയ് വി. ജഗന്നാഥന്‍ (ഡയറക്ടര്‍ -ഫിനാന്‍സ്), മിബു നെറ്റിക്കാടന്‍ (ഡയറക്ടര്‍-ഓപറേഷന്‍സ്), ഡേവിസ് എടക്കുളത്തൂര്‍ (ഡയറക്ടര്‍-പബ്ളിക് റിലേഷന്‍സ്), ഫസല്‍ ഖാസി (ഡയറക്ടര്‍-റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ്) എന്നിവരാണ് പ്രമോട്ടര്‍മാര്‍. ആയിരം കോടി രൂപ ചെലവില്‍ മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന മെഡിക്കല്‍ ടൂറിസം പദ്ധതി ആരോഗ്യരംഗത്ത് ലോകോത്തരനിലവാരമുള്ള സൗകര്യങ്ങളും ചികിത്സാസംവിധാനങ്ങളും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ആയിരം കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, 50 കിടക്കകളുള്ള ആയുര്‍വ്വേദ ആശുപത്രി, മെഡി-ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മെഡിക്കല്‍ കോളജ്, ഡന്‍റല്‍ കോളജ്, പാരാമെഡിക്കല്‍ കോളജ്, നഴ്സിങ് കോളജ് എന്നിവയും മൂന്നാം ഘട്ടത്തില്‍ 2000 സീറ്റുള്ള അത്യാധുനിക മെഡിക്കല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, മെഡിക്കല്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, മത്സ്യകൃഷി പദ്ധതി, പരിസ്ഥിതി സൗഹൃദ പാര്‍ക്ക് എന്നിവയും ഉള്‍പ്പെടുന്നു. കാര്‍ഡിയാക് സെന്‍റര്‍, അവയവം മാറ്റിവെക്കല്‍ കേന്ദ്രം, കോസ്മെറ്റിക് സര്‍ജറി കേന്ദ്രം, നാനോ മെഡിസിന്‍ സെന്‍റര്‍, റോബോട്ടിക് സര്‍ജറി തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. നെല്‍വെയല്‍ കച്ചവടാവശ്യത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്നാണ് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചത്. കപില്‍ദേവിന് ഗുജറാത്തിലേക്കോ മുംബൈയിലേക്കോ പോകാമെന്നും കൊച്ചിയില്‍ കമ്പനി സ്ഥാപിക്കാമെന്ന് മോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, നിയമാനുസൃത നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യമായ ഉറപ്പുകളെല്ലാം ലഭിച്ചിട്ടുണ്ട് എന്നുമാണ് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പദ്ധതി നഷ്ടപ്പെട്ടരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തന്നെ രംഗത്തുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. |
മാനഭംഗശ്രമം: മലയാളി വീട്ടുജോലിക്കാരി മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി Posted: 05 Jan 2013 10:51 PM PST മസ്കത്ത്: ഒമാനില്‍ ജോലിക്ക് നിന്നിരുന്ന മലയാളി കുടുംബത്തിലെ ഗൃഹനാഥന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയുമായി കണ്ണൂര്‍ മാഹി സ്വദേശിനി മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി. ഒമാനില്‍ പൊലീസ് കേസ് തുടരാന്‍ താല്‍പര്യമില്ലെന്ന 37കാരിയുടെ അഭ്യര്‍ഥന മാനിച്ച് പരാതിക്കാരിയെ വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കാനുള്ള നടപടികളിലാണ് എംബസി. എറണാകുളം പിറവം സ്വദേശിയായ ഗൃഹനാഥന്‍ ശനിയാഴ്ച രാവിലെ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിപ്പെട്ടാണ് വൈകുന്നേരത്തോടെ ഇവര്‍ എംബസിയില്‍ എത്തിയത്. ഏഴുമാസം മുമ്പ് സീബിലെ ഒമാനിയുടെ വീട്ടിലേക്ക് ഹൈദരബാദി ഏജന്‍റ് വഴിയാണ് താന്‍ മസ്കത്തിലെത്തുന്നതെന്ന് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൃത്യമായി ശമ്പളവും, ഭക്ഷണവും, ചികില്‍സയും ലഭിക്കാതിരുന്ന ഈ വീട്ടില്‍ നിന്ന് മാറണമെന്ന് ആഗ്രഹിച്ചിരിക്കെ പരിചയക്കാരിയാണ് ബോഷറില്‍ താമസിക്കുന്ന പിറവം സ്വദേശിയുടെ വീട്ടിലേക്ക് ആളെ വേണമെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് നിര്‍മാണകമ്പനി ജീവനക്കാരനായ ഇയാള്‍ കഴിഞ്ഞമാസം ഒമ്പതിനാണത്രെ ഒമാനിക്ക് 400 റിയാല്‍ നല്‍കി സ്പോണ്‍സര്‍ഷിപ്പ് മലയാളിയുടെ കീഴിലേക്ക് ആക്കിയതെന്ന് യുവതി വിശദീകരിക്കുന്നു. ഇദ്ദേഹത്തിന് ഭാര്യയും 15 വയസുകാരി മകളടക്കം മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. ഭാര്യ മസ്കത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ്. പത്തുമാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനാണ് തന്നെ ചുമതലപ്പെടുത്തിയിരുന്നത്. കഴിഞ്ഞമാസം 12ന് തന്‍െറ പുതിയ വിസാ നടപടികള്‍ പൂര്‍ത്തിയാക്കി ഗൃഹനാഥനും കുടുംബവും 18ന് നാട്ടിലേക്ക് പോയിരുന്നു. ഈമാസം നാലിന് തിരിച്ചുവരുന്നത് വരെ ഇദ്ദേഹത്തിന്‍െറ സുഹൃത്തിന്‍െറ വീട്ടിലാണ് നിറുത്തിയിരുന്നത്. നാട്ടില്‍പോയ കുടുംബം തിരിച്ചുവന്ന തൊട്ടടുത്ത ദിവസമാണ് തനിക്ക് നേരെ മാനഭംഗ ശ്രമമുണ്ടായതെന്ന് ഇവര്‍ പറയുന്നു. മുതിര്‍ന്ന കുട്ടികള്‍ സ്കൂളിലും ഭാര്യയും ഭര്‍ത്താവും ജോലിക്കും പോയാല്‍ ഇളയകുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ഭര്‍ത്താവിനെ മൊബൈലില്‍ വിളിക്കണമെന്ന് വീട്ടമ്മ നിര്‍ദേശിച്ചിരുന്നു. കുഞ്ഞിന്‍െറ കരച്ചിലടക്കാന്‍ കഴിയാതായപ്പോള്‍ ഇക്കാര്യം ഗൃഹനാഥനെ അറിയിച്ചു. വീട്ടിലെത്തി കുഞ്ഞിനെ ഉറക്കിയ ഇയാള്‍ തന്‍െറ അടുക്കലെത്തി ലൈംഗികചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. മല്‍പിടിത്തത്തിനൊടുവില്‍ ഗൃഹനാഥനെ മുറിക്ക് പുറത്താക്കി കതകടച്ച താന്‍ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതുവരെ മുറിയില്‍ കഴിച്ചുകൂട്ടി. ഡ്യൂട്ടി കഴിഞ്ഞെത്തിയ വീട്ടമ്മയോട് വിവരം പറഞ്ഞ് കൂട്ടുകാരിയെ കാണാന്‍പോകുന്നുവെന്ന വ്യാജേന താന്‍ നേരത്തേ താമസിച്ച ഗൃഹനാഥന്‍െറ മലയാളി സുഹൃത്തിന്‍െറ കുടുംബത്തിന്‍െറ സഹായത്തോടെ എംബസിയിലെത്തുകയായിരുന്നുവെന്നും ഇവര്‍ വിശദീകരിക്കുന്നു. അധികൃതരുടെ നിര്‍ദേശമനുസരിച്ച് എംബസിയിലെത്തിയ ഗൃഹനാഥന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ജോലിക്കാരിക്ക് മാനസികരോഗമാണെന്നാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഒമാനില്‍ മാനഭംഗകേസ് പൊലീസിന് കൈമാറിയാല്‍ കേസ് തീരുന്നത് വരെ യുവതിക്ക് രാജ്യംവിട്ട് പോകാനാവില്ല. ഇത്തരം സങ്കീര്‍ണതകള്‍ കണക്കിലെടുത്താണ് പരാതിക്കാരി തനിക്ക് നാട്ടിലെത്തിയാല്‍ മതിയെന്ന് എംബസിയോട് ആവശ്യപ്പെട്ടതത്രെ. ഞായറാഴ്ച ഇവരെ നാട്ടിലെത്തിക്കാമെന്ന് എംബസി ഉറപ്പുനല്‍കിയതായും യുവതി പറഞ്ഞു. |
’ലോകമറിയട്ടെ, എന്റെമകളുടെ പേര്’ Posted: 05 Jan 2013 10:09 PM PST ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ പേര് പിതാവ് വെളിപ്പെടുത്തി. തന്റെമകളുടെ യഥാര്‍ഥ പേര് ലോകം അറിയണമെന്ന് പിതാവ് പേര് പരസ്യപ്പെടുത്തിക്കൊണ്ട് വ്യക്തമാക്കി. തന്റെമകള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അക്രമികളില്‍ നിന്നും ചെറുത്തുനില്‍ക്കുന്നതിടെ കൊല്ലപ്പെട്ടതാണെന്നും പിതാവ് പറഞ്ഞു. തനിക്കതില്‍ അഭിമാനമുണ്ട്. സമാനമായ അക്രമങ്ങളില്‍ അഭിമുഖികരീക്കേണ്ടിവരുന്ന സ്ത്രീകളുടെ അതിജീവനത്തിന് അവളുടെ പേര് ഊര്‍ജ്ജമാകണമെന്നും യുവതിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് പിതാവ് പറഞ്ഞു. പ്രമുഖ ബ്രിട്ടീഷ് പത്രമായ സണ്‍ഡേ പീപ്പിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെപേരും ചിത്രങ്ങളും അനുമതിയോടെ പത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന അഭ്യര്‍ത്ഥന മാനിച്ച് ഉള്‍പ്പെടുത്തിയില്ല. ഇന്ത്യയില്‍ മാനഭംഗത്തിന് ഇരയായവരുടെ പേരോ മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നത് നിയമം മൂലം തടഞ്ഞിട്ടുണ്ട്. ദല്‍ഹി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മിതത്വം പുലര്‍ത്താന്‍ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളും തീരുമാനിച്ചിരുന്നു. ഡിസംബര്‍ 16 ന് ദല്‍ഹിയിലെ തെരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതി 13 ദിവസങ്ങള്‍ക്കുശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. അതിസാധാരണ ധൈര്യത്തോടെ ജീവനുവേണ്ടി പൊരുതിയ യുവതിയുടെ പേര് വെളിപ്പെടുത്തണമെന്നും മാനഭംഗത്തിന് ശിക്ഷ ഭേദഗതി ചെയ്തുകൊണ്ടുവരുന്ന നിയമത്തിന് യുവതിയുടെ പേരു നല്‍കണമെന്നും കേന്ദ്രമാനവശേഷി സഹമന്ത്രി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ സുഹൃത്ത് സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുവതിയെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വിട്ടതായി ചൂണ്ടിക്കാട്ടി സീ ന്യൂസിനെതിരെ കേസെടുത്തിരുന്നു. കൂട്ടമാനഭംഗത്തിലെ അഞ്ചുപ്രതികള്‍ക്കെതിരെ സാകേത് കോടതിയില്‍ ശനിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ച മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് യുവതിയുടെ ഐഡന്‍്റിറ്റി വെളിപ്പെടുത്തുന്നത് നിരസിച്ചിരുന്നു. |
വെനിസ്വേലയില്‍ ദൊസ്ഡാദൊ കാബെല്ലൊ കാവല്‍ പ്രസിഡന്‍്റ് Posted: 05 Jan 2013 09:34 PM PST കറാക്കസ്: വെനിസ്വേലന്‍ പ്രസിഡന്‍്റ് ഊഗോ ചാവെസിന്റെആരോഗ്യനില മോശമായ സാഹചര്യത്തില്‍ ഭരണകൂടം ബദല്‍ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചു. ഴവെനിസ്വേലന്‍ പാര്‍ലമെന്‍്റായ നാഷനല്‍ അസംബ്ളിയുടെ നേതാവും കാവല്‍ പ്രസിഡന്‍്റുമായി ചാവെസിന്റെഅനുയായി ദൊസ്ഡാദൊ കാബെല്ലൊയെ തെരഞ്ഞെടുത്തു. ശനിയാഴ്ച അസംബ്ളിയില്‍ നടന്ന വോട്ടെടുപ്പിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ചാവെസിന്റെസത്യപ്രതിഞ്ജ വൈകുന്ന സാഹചര്യത്തില്‍ കാബെല്ലൊയെ പ്രസിഡന്‍്റായി നിയമിക്കുന്നതിന്റെഭാഗമായാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. |
ലോക ഫുട്ബാളര്‍ പ്രഖ്യാപനം നാളെ Posted: 05 Jan 2013 09:16 PM PST ജനീവ: വിസ്മയനേട്ടങ്ങളിലേക്ക് വലകുലുക്കുന്നത് ശീലമാക്കിയ ലയണല്‍ മെസ്സി പുരസ്കാരലബ്ധിയില്‍ പുതിയ ചരിത്രമെഴുതുമോ? സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് തിങ്കളാഴ്ച 2012ലെ മികച്ച ഫുട്ബാളര്‍ക്കുള്ള 'ഫിഫ ബാലണ്‍ ഡി ഓര്‍' പുരസ്കാര ജേതാവിനെ നിര്‍ണയിക്കുമ്പോള്‍ ഫുട്ബാള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. ബാഴ്സലോണക്കും അര്‍ജന്റീനക്കും വേണ്ടി കഴിഞ്ഞവര്‍ഷം 91 ഗോളുകളടിച്ച് ലോക ഫുട്ബാള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയ മെസ്സിക്കൊപ്പം മറ്റു രണ്ടു പ്രതിഭാധനരാണ് അവാര്‍ഡിനായി മത്സരരംഗത്തുള്ളത്. മധ്യനിരയിലെ മിന്നും നീക്കങ്ങളിലൂടെ യൂറോകപ്പ് നേട്ടത്തിലേക്ക് സ്പെയിനിനെ വീണ്ടും വഴിനടത്തിച്ച ആന്ദ്രേ ഇനിയസ്റ്റയും റയല്‍ മഡ്രിഡിനെ ലാ ലിഗ കിരീടത്തിലെത്തിച്ച പോര്‍ചുഗീസ് വിങ്ങര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മൂന്നു പേരടങ്ങുന്ന അവസാന ലിസ്റ്റില്‍ മെസ്സിക്കൊപ്പം മത്സരിക്കുന്നു. യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയതിന്റെ പിന്നാലെയാണ് ബാഴ്സലോണയില്‍ മെസ്സിയുടെ സഹതാരമായ ഇനിയസ്റ്റ സൂറിച്ചിലെത്തുന്നത്. ഇത്തവണയും മെസ്സിക്ക് സാധ്യത ഏറെയെന്നാണ് ഫുട്ബാള്‍ ലോകം വിലയിരുത്തുന്നത്. നാളെ വീണ്ടും പുരസ്കാര ലബ്ധിയിലേറിയാല്‍ ലോക ഫുട്ബാളര്‍ പട്ടം നാലാം തവണയും ശിരസ്സിലണിയുന്ന ആദ്യ കളിക്കാരനെന്ന അപൂര്‍വ ബഹുമതി അര്‍ജന്റീനക്കാരന് സ്വന്തമാകും. ഫ്രാന്‍സിന്റെ ഇതിഹാസ താരം സിനദിന്‍ സിദാനും ബ്രസീലിന്റെ വിഖ്യാത ഗോള്‍വേട്ടക്കാരന്‍ റൊണാള്‍ഡോയുമാണ് മൂന്നുതവണ ലോക ഫുട്ബാളര്‍ പട്ടം ചൂടിയ താരങ്ങള്‍. ഫിഫ നല്‍കിവന്നിരുന്ന ലോക ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ഫ്രഞ്ച് ഫുട്ബാള്‍ മാഗസിന്‍ 1956 മുതല്‍ നല്‍കിവന്ന ബാലണ്‍ ഡി ഓര്‍ പുരസ്കാരവും സമന്വയിപ്പിച്ച് ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം 2010 മുതലാണ് സമ്മാനിക്കുന്നത്. 2009ല്‍ ലോക ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ മെസ്സി 'ഫിഫ ബാലണ്‍ ഡി ഓര്‍' ബഹുമതി 2010ലും 2011ലും സ്വന്തമാക്കി. 2010ല്‍ ഇനിയസ്റ്റ രണ്ടാം സ്ഥാനത്തും ബാഴ്സയുടെ തന്നെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സാവി ഹെര്‍ണാണ്ടസ് മൂന്നാം സ്ഥാനത്തുമെത്തി. 2011ല്‍ മെസ്സിക്കു പിന്നില്‍ രണ്ടാം സ്ഥാനം ക്രിസ്റ്റ്യാനോക്കും മൂന്നാം സ്ഥാനം സാവിക്കുമായിരുന്നു. ദേശീയ ഫുട്ബാള്‍ ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും പുറമെ ലോകത്തെ മുന്‍നിര കളിയെഴുത്തുകാരുമാണ് മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. കലണ്ടര്‍ വര്‍ഷ ഗോള്‍ നേട്ടത്തില്‍ മെസ്സി റെക്കോഡിടുന്നതിനുമുമ്പ് നവംബറില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് മികച്ച യൂറോപ്യന്‍ താരത്തെ നിര്‍ണയിക്കാനുള്ള അവാര്‍ഡായാണ് മുമ്പ് പരിഗണിച്ചിരുന്നത്. മിഷേല്‍ പ്ലാറ്റീനി, യോഹാന്‍ ക്രൈഫ്, മാര്‍കോ വാന്‍ ബാസ്റ്റണ്‍ എന്നിവരാണ് മൂന്നുതവണ തുടരെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയവര്‍. അന്തിമ മത്സരരംഗത്തുള്ള മൂന്നു പേര്‍ക്കു പിന്നിലും അണിനിരന്ന് ഫുട്ബാള്‍ ലോകം സംവാദങ്ങളിലേര്‍പ്പെടുകയാണിപ്പോള്‍. ബാഴ്സലോണക്കുവേണ്ടി കഴിഞ്ഞവര്‍ഷം 79 ഗോള്‍ നേടിയ മെസ്സി രാജ്യത്തിനുവേണ്ടി 12 തവണ വലകുലുക്കി. 'അവന്റെ നേട്ടത്തില്‍ എനിക്ക് സന്തോഷമാണുള്ളത്. അവിശ്വസനീയമായ കളിയാണ് മെസ്സിയുടേത്. അസാമാന്യ പ്രതിഭാശാലിയായ അവന്‍ മാതൃകാ വ്യക്തിയുമാണ്.' കലണ്ടര്‍ വര്‍ഷം 85 ഗോളുകളെന്ന തന്റെ റെക്കോഡ് മെസ്സി ഭേദിച്ചതിനു പിന്നാലെ ജര്‍മനിയുടെ ഇതിഹാസ താരം ഗെര്‍ഡ് മ്യൂളര്‍ പറഞ്ഞു. വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മെസ്സി ദൈവമാണെന്നായിരുന്നു ബാഴ്സയില്‍ സഹതാരമായിരുന്ന സാമൂവല്‍ എറ്റുവിന്റെ പ്രതികരണം. ബാസ്കറ്റ്ബാളിലെ മൈക്കല്‍ ജോര്‍ദാനെപ്പോലെയാണ് ഫുട്ബാളിലെ മെസ്സിയെന്ന് മുന്‍ ബാഴ്സലോണ കോച്ച് പെപ് ഗ്വാര്‍ഡിയോള വിലയിരുത്തുന്നു. 'ചരിത്രത്തില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ തങ്ങളുടെ കളികളില്‍ ഇത്രമാത്രം മേധാവിത്വം കാട്ടാന്‍ കഴിഞ്ഞിട്ടുള്ളൂ. മെസ്സിയുടെ കിരീടം ആഗ്രഹിക്കുന്നവരോട് എനിക്ക് സഹതാപമാണുള്ളത്. അത് അസാധ്യമാണ്. അവന്‍ ഒട്ടേറെ ഗോളുകള്‍ നേടുന്നുവെന്ന് മാത്രമല്ല, ഓരോന്നും തൊട്ടുമുമ്പത്തേതിനേക്കാള്‍ മനോഹരമാണു താനും'- ഗ്വാര്‍ഡിയോള പറയുന്നു. ഒരു ലോകോത്തര കളിക്കാരനുവേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് 2012ല്‍ മെസ്സിയേക്കാള്‍ അവാര്‍ഡിന് അര്‍ഹനെന്ന് ഡച്ച് ഇതിഹാസം റൂഡ് ഗുള്ളിറ്റ് അഭിപ്രായപ്പെടുന്നു. പോര്‍ചുഗീസ് ടീമില്‍ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്ന വിഖ്യാത താരം ലൂയി ഫിഗോയും ഇതേ അഭിപ്രായക്കാരനാണ്. പെപെയും കരീം ബെന്‍സേമയും ഉള്‍പ്പെടെ റയല്‍ മഡ്രിഡിലെ മിക്ക താരങ്ങളും റൊണാള്‍ഡോയാണ് അവാര്‍ഡിന് അര്‍ഹന്‍ എന്ന് വിശ്വസിക്കുന്നു. റയല്‍ സ്പാനിഷ് ലീഗ് കിരീടം നേടിയപ്പോള്‍ 46 ഗോളുകള്‍ റൊണാള്‍ഡോയുടെ വകയായിരുന്നു. ഇനിയസ്റ്റക്കും ഏറെ പിന്തുണയുണ്ട് ഇത്തവണ. ജര്‍മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍, സ്പെയിന്‍ ദേശീയ ടീം കോച്ച് വിസെന്റെ ഡെല്‍ ബോസ്ക്, സ്വീഡിഷ് ക്യാപ്റ്റന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തുടങ്ങിയവര്‍ ഇനിയസ്റ്റ പുരസ്കാരം അര്‍ഹിക്കുന്നുവെന്ന പക്ഷക്കാരാണ്. മികച്ച പുരുഷതാരത്തിനു പുറമെ മികച്ച വനിതാ താരത്തെയും ചടങ്ങില്‍ പ്രഖ്യാപിക്കും. അമേരിക്കയുടെ അബ്ബി വാംബാക്കിനും അലക്സ് മോര്‍ഗനും പുറമെ ബ്രസീലിന്റെ വിഖ്യാതതാരം മാര്‍ത്തയും അന്തിമ ലിസ്റ്റില്‍പെടുന്നു. മാര്‍ത അഞ്ചു തവണ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച പുരുഷ കോച്ചിനുള്ള അവാര്‍ഡിനായി സ്പാനിഷ് കോച്ച് ഡെല്‍ ബോസ്ക്, റയല്‍ മഡ്രിഡിന്റെ ജോസ് മൗറിന്യോ, മുന്‍ ബാഴ്സാ കോച്ച് പെപ് ഗ്വാര്‍ഡിയോള എന്നിവരാണ് മത്സരരംഗത്തുള്ളത്. മികച്ച ഗോളിനുള്ള ഫെറങ്ക് പുഷ്കാസ് അവാര്‍ഡിന് സാന്റോസിന്റെ ബ്രസീല്‍താരം നെയ്മര്‍, അത്ലറ്റികോ മഡ്രിഡിന്റെ കൊളംബിയന്‍ സ്ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കാവോ, ഫിനര്‍ബാഷെയുടെ മിറോസ്ലാവ് സ്റ്റോച്ച് എന്നിവരാണ് മത്സരിക്കുന്നത്. |
അധാര്‍മിക സമരം Posted: 05 Jan 2013 09:06 PM PST അനിശ്ചിതകാല സമരങ്ങള്‍ വിപുലമായ തോതില്‍ പ്രഖ്യാപിക്കപ്പെടുന്നത് സാധാരണഗതിയില്‍ ജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന മട്ടില്‍ തൊഴില്‍, വേതന പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ്. ജനുവരി എട്ടിന് കേരളത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഇത്തരമൊരു സാഹചര്യത്തിലുള്ളതല്ല. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എന്ന വ്യവസ്ഥ മാറ്റി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് ബാധകമാകരുത് എന്ന ആവശ്യം മാത്രമാണ് സമരത്തിന് തയാറെടുക്കുന്ന ഇടതുപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നത്. ഇന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങളിലൊഴികെ ഇതിനകം നടപ്പാക്കിക്കഴിഞ്ഞതും കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഈ ആവശ്യംതന്നെയാണെന്നിരിക്കെ ഈ സമരം അനാവശ്യമാണെന്നതാണ് ഒന്നാമത്തെ കാര്യം. അതിനപ്പുറം, ഈ സമരത്തിന്റെ അധാര്‍മികതയാണ് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്. വിശേഷിച്ചും, സമരത്തില്‍ പങ്കെടുക്കുന്ന ഇരുപതിനായിരത്തിന് അടുത്തുവരുന്ന കോളജ്, സര്‍വകലാശാലാ അധ്യാപകരുടെ സമരപങ്കാളിത്തത്തിലെ അധാര്‍മികത. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നെല്ലാം ഭിന്നമായി അതിഭീമമായ ശമ്പളവര്‍ധന നടപ്പായി പ്രതിവര്‍ഷം അഞ്ചു ലക്ഷം (തുടക്കക്കാര്‍ക്ക്) മുതല്‍ 15 ലക്ഷം (മുതിര്‍ന്ന പ്രഫസര്‍മാര്‍ക്ക്) രൂപവരെ വരുമാനമുള്ളവരാണ് ഇന്ത്യയിലെവിടെയുമെന്നപോലെ കേരളത്തിലും യു.ജി.സി അധ്യാപകര്‍. രണ്ടു വര്‍ഷം മുമ്പുവരെ വാങ്ങിയിരുന്ന ശമ്പളത്തിന്റെ മൂന്നിരട്ടിയാണ് ആറാം ശമ്പളകമീഷന്റെ ഫലമായി ഇപ്പോള്‍ ഇവരുടെ വരുമാനം. പൊതുസമൂഹം ശമ്പളം നല്‍കുന്ന ഈ അധ്യാപകരില്‍ വലിയൊരു വിഭാഗത്തിന്റെ നിയമനരീതികളും അക്കാദമിക നിലവാരവും തൊഴില്‍ സംസ്കാരവും നിലനില്‍ക്കുന്നതാകട്ടെ പൊതുസമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത രീതിയിലുമാണ്. ഉദാഹരണത്തിന്, ഇവരില്‍ മൂന്നില്‍ രണ്ടുഭാഗം വരുന്ന എയ്ഡഡ് കോളജ് അധ്യാപകരുടെ കാര്യംതന്നെയെടുക്കുക. ഇവരുടെ നിയമനപ്രക്രിയയില്‍ സംവരണം എന്നൊരു സങ്കല്‍പംതന്നെയില്ല. ആര്‍ക്കുമറിയാവുന്നതുപോലെ ജാതി, മത പരിഗണനകളും സ്വാധീനവും വന്‍കോഴയുമാണ് ഈ രംഗത്തെ നിയമനവ്യവസ്ഥ. സമരത്തിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ അധ്യാപക സംഘടനപോലും നാളിതുവരെ ഈ മേഖലയില്‍ സംവരണം നടപ്പാക്കണമെന്നോ മെറിറ്റ് പാലിക്കണമെന്നോ കോഴ അവസാനിപ്പിക്കണമെന്നോ ആവശ്യമുന്നയിച്ചിട്ടില്ല. കാരണം, ഈ സംഘടനയിലെ അംഗങ്ങളില്‍ 99 ശതമാനവും മേല്‍പറഞ്ഞ രീതിയില്‍ നിയമനം നേടിയവരാണ്. കേരളത്തിലെ യു.ജി.സി അധ്യാപകരുടെ അക്കാദമിക നിലവാരം അതിന്റെ നെല്ലിപ്പടി കണ്ടിട്ട് കാലമേറെയായി. സര്‍വീസില്‍ കയറുന്ന കാലത്ത് തയാറാക്കുന്ന ടീച്ചിങ് നോട്സ് (അതോ വല്ല ഗൈഡുകളും പകര്‍ത്തിയതോ?) മാത്രമാണ് വലിയൊരു ശതമാനംപേരും പെന്‍ഷന്‍പറ്റുംവരെ ഉപയോഗിക്കുക. സ്വാഭാവികമായും സിലബസ് പരിഷ്കരണം മുതല്‍ ക്രെഡിറ്റ്, സെമസ്റ്റര്‍ രീതിവരെയുള്ളവക്ക് ഇവര്‍ സംഘടിതമായി പാരവെക്കും. വര്‍ഷത്തില്‍ രണ്ടു മാസം അവധി എന്നതാണ് വ്യവസ്ഥ. ഫലത്തില്‍ പരീക്ഷാക്കാലമുള്‍പ്പെടെ ഇത് നാലു മാസം വരും. തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനും പേപ്പര്‍ മൂല്യനിര്‍ണയം നടത്താനും ശമ്പളത്തിനു പുറമെ പ്രതിഫലം കണക്കെണ്ണി വാങ്ങുന്നവരാണ് കേരളത്തിലും യു.ജി.സി അധ്യാപകര്‍. വിദ്യാര്‍ഥിസമരവും ഉത്സവകാല അവധികളും സ്വന്തം ലീവ് അവകാശങ്ങളുമൊക്കെയായി വീട്ടിലിരിക്കുന്ന ദിവസങ്ങള്‍ വര്‍ഷത്തില്‍ ഇരുനൂറില്‍ കുറയില്ല. യഥാര്‍ഥത്തില്‍ 100-150 ദിവസത്തിലധികം സ്ഥാപനത്തില്‍ ജോലി ചെയ്യേണ്ടി വരാറില്ല ഒരധ്യാപകനും. ചെയ്യുന്ന ദിവസങ്ങളിലാകട്ടെ പരമാവധി മൂന്നു പീരിയഡ് ക്ളാസെടുക്കലാണുള്ളത്. ക്ളാസ് എന്നുവെച്ചാല്‍ കാലങ്ങളായി കാണാതെ പഠിച്ച കാര്യങ്ങളുരുവിടലാണ് മിക്കവര്‍ക്കും. ഏറ്റവും കുറഞ്ഞത് 12 മണിക്കൂര്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അയ്യായിരവും ആറായിരവും രൂപ മാസശമ്പളത്തിനായി തെരുവുസമരം നടത്തുന്ന നാട്ടിലാണ്, ഏതാണ്ടത്രയും തുക പ്രതിദിനം ശമ്പളം വാങ്ങുന്ന യു.ജി.സി പ്രഫസര്‍മാര്‍ ഇപ്പോള്‍ സമരത്തിന് തയാറെടുക്കുന്നത് എന്നുകൂടി ഓര്‍മിക്കാവുന്നതാണ്. ഗവേഷണ വിഭാഗത്തിലുള്ള അധ്യാപകര്‍ക്ക്, നിശ്ചയമായും ജോലിക്കൂടുതലുണ്ട് എന്നതു മറക്കുന്നില്ല. പക്ഷേ, 10 ശതമാനത്തിലധികം വരില്ല അക്കൂട്ടര്‍. ഒരൊറ്റ ക്ളാസില്‍പോലും കയറാത്ത എത്രയെങ്കിലും അധ്യാപകരെ നമ്മുടെ കോളജുകളിലും സര്‍വകലാശാലകളിലും കാണാം. വെറും 1500 വിദ്യാര്‍ഥികളുള്ള കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ 400 അധ്യാപകരുണ്ട് എന്നു പറഞ്ഞാല്‍ വായനക്കാര്‍ വിശ്വസിക്കുമോ എന്തോ? പക്ഷേ, സത്യമതാണ്. അപ്പോഴും അധ്യാപകര്‍ ക്ളാസെടുക്കുന്നില്ല എന്ന പരാതി കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്. എന്നിട്ടും പ്രതിമാസം അര ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെ ശമ്പളം വാങ്ങും സാറന്മാര്‍. ഇക്കൂട്ടരാണ് ഇപ്പോള്‍, നിലവില്‍ തങ്ങള്‍ക്ക് ബാധകമാവില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞ ഒരു വ്യവസ്ഥക്കെതിരെ സമരം ചെയ്യാനൊരുങ്ങുന്നത്. പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടാന്‍ സമരക്കാര്‍ക്കു വേണമെങ്കില്‍ മറ്റൊരു വാദമുന്നയിക്കാവുന്നത്, ഇനി സര്‍വീസില്‍ വരാനിരിക്കുന്നവര്‍ക്കുവേണ്ടി കൂടിയാണ് ഈ സമരം എന്നതാണ്. പക്ഷേ, അങ്ങനെയൊരു വാദം അവര്‍ ഉന്നയിക്കുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ പെന്‍ഷന്‍ പ്രായം നിലവിലുള്ള 56 (കോളജ് അധ്യാപകര്‍ക്ക്), 60 (സര്‍വകലാശാല അധ്യാപകര്‍ക്ക്) എന്നിവ യഥാക്രമം 60, 65 എന്നിങ്ങനെയാക്കി ഉയര്‍ത്തണമെന്നാണ് അടുത്തിടെ അധ്യാപക സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. പെന്‍ഷന്‍പ്രായം നൂറാക്കിയാലും അവര്‍ക്ക് സന്തോഷംതന്നെ. പങ്കാളിത്ത പെന്‍ഷന്‍ എന്ന നയത്തെക്കുറിച്ചാണ് മറ്റൊരു തര്‍ക്കമുള്ളത്. ഇവിടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കുറേക്കാലമായി അനുഭവിച്ചുവരുന്ന പെന്‍ഷന്‍ വ്യവസ്ഥയുടെതന്നെ ധാര്‍മികത ചോദ്യംചെയ്യപ്പെടുന്നത്. സമൂഹത്തില്‍ മറ്റൊരു വിഭാഗത്തിനുമില്ലാത്ത ഒരു വിശേഷാവകാശം, ആനുകൂല്യം എന്ന നിലയില്‍ ഇവര്‍ അനുഭവിച്ചുവരുകയാണ്. എന്നിട്ടും അത് നിര്‍ത്തലാക്കാനുള്ള നീക്കമല്ല ഇവിടെ ഉണ്ടായിരിക്കുന്നത്. മറിച്ച്, ശമ്പളപരിഷ്കരണങ്ങള്‍ വഴി ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ അതിലൊരു ഭാഗം പെന്‍ഷനുവേണ്ടി നീക്കിവെക്കണമെന്ന ആവശ്യമാണ്. യഥാര്‍ഥത്തില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുവിലും യു.ജി.സി അധ്യാപകര്‍ക്ക് വിശേഷിച്ചും ഇതിനെന്താണ് തടസ്സം? പ്രതിമാസം ജീവിതാവശ്യങ്ങള്‍ കഴിഞ്ഞ് 30,000 മുതല്‍ 90,000 രൂപവരെ മിച്ചംപിടിക്കുന്നുണ്ട് ഇന്ന് കേരളത്തിലെ ശരാശരി യു.ജി.സി അധ്യാപകര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത്രയുമെങ്കിലും തുക അവര്‍ റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലും വാഹനങ്ങളിലുമൊക്കെ ചെലവഴിക്കുന്നുണ്ട്. ഈവിധം ജീവിച്ചശേഷം സര്‍വീസില്‍നിന്ന് പിരിയുമ്പോഴും സമൂഹം തങ്ങളെ പോറ്റിക്കൊള്ളണം എന്ന, സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ന്യായമല്ലെന്നു മാത്രമല്ല, തികഞ്ഞ അധാര്‍മികത തന്നെയാണ്. പല എയ്ഡഡ് കോളജുകളിലും 10 മുതല്‍ 30 ലക്ഷം രൂപവരെ കോഴ നല്‍കാന്‍ മത്സരിക്കുന്നവരാണ് പ്രതിമാസം അഞ്ചോ പത്തോ ആയിരം രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കാന്‍ തയാറല്ലാത്തത്. സംവരണവ്യവസ്ഥ അട്ടിമറിച്ച് നിയമനം നേടിയ ഇതേ കൂട്ടരാണ് ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും മുദ്രാവാക്യം മുഴക്കുന്നത്. വിചിത്രമായി തോന്നാം, ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസം ശമ്പളം വാങ്ങുന്ന യു.ജി.സി പ്രഫസറും 6000 രൂപ ശമ്പളം വാങ്ങുന്ന അതേ കോളജിലെ അറ്റന്‍ഡറും സമരം വരുമ്പോള്‍ (മാത്രം) വര്‍ഗസമരക്കാരാണ്. ചിലരെങ്കിലും വാദിക്കുന്നതുപോലെ പൊതുമേഖലയുടെ നിലനില്‍പോ ആഗോളീകരണത്തിന്റെ നടപ്പാകലോ ഒന്നുമല്ല ഇവിടെ വിഷയം. പൊതുമേഖലയുടെ ജനാധിപത്യസ്വഭാവം ഇവര്‍ക്ക് ബാധകമല്ല; ആഗോളീകരണത്തിന്റെ ആനുകൂല്യങ്ങളൊന്നും അസ്വീകാര്യവുമല്ല. ചെയ്യുന്ന ജോലിക്ക് ലഭിക്കേണ്ടതിന്റെ പതിന്മടങ്ങ് ശമ്പളം ലഭിച്ചിട്ടും അടങ്ങാത്ത ധനാര്‍ത്തിയും ധാര്‍മികത ഒരു വിഷയം തന്നെയല്ലാത്ത സംഘടനാമുഷ്കും മാത്രമാണ് ജനുവരി എട്ടിന് ആരംഭിക്കുന്ന സമരത്തിന്റെ യഥാര്‍ഥ രാഷ്ട്രീയം. കേരളത്തിലെ യു.ജി.സി അധ്യാപകരുടെ കാര്യത്തിലെങ്കിലും ഇതാണ് വസ്തുത. (കാലടി ശ്രീശങ്കര സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ആണ് ലേഖകന്‍) |
ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കള്‍ക്ക് വന്‍ ബാധ്യത വരും Posted: 05 Jan 2013 09:04 PM PST തിരുവനന്തപുരം: ഉപയോഗിക്കുന്ന മുഴുവന്‍ വൈദ്യുതിക്കും ഒരേ നിരക്ക് ഈടാക്കണമെന്ന വൈദ്യൂതി ബോര്‍ഡ് ശിപാര്‍ശ നടപ്പായാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ബാധ്യത വരും. മാസം 40 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് നാല് രൂപയേ വര്‍ധിക്കൂവെങ്കിലും കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ വര്‍ധനയുണ്ടാകും. കഴിഞ്ഞ ദിവസമാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമീഷന് അപേക്ഷ നല്‍കിയത്. മാസം 80 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 28 രൂപയും 120 യൂനിറ്റ് ഉപയോഗിച്ചാല്‍ 52 രൂപയും 150 യൂനിറ്റുകാര്‍ക്ക് 115 രൂപയും 200 യൂനിറ്റുകാര്‍ക്ക് 240 രൂപയുമായിരിക്കും നിരക്കില്‍ മാത്രം വരുന്ന വര്‍ധന. മാസം 300 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 280 രൂപ അധികം നല്‍കേണ്ടിവരും. 500 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 655 രൂപ വര്‍ധിക്കും. അതേസമയം 500ന് മുകളിലുള്ളവര്‍ക്ക് നിലവിലെ നിരക്കില്‍ യൂനിറ്റിന് വെറും 25 പൈസ വീതമാണ് വര്‍ധിക്കുക. (ഫിക്സഡ് ചാര്‍ജ്, മീറ്റര്‍ വാടക, ഡ്യൂട്ടി തുടങ്ങിയവ പുറമെ. മീറ്റര്‍ വാടക ഒഴികെ ബാക്കി വിഭാഗങ്ങളിലെല്ലാം ആനുപാതിക വര്‍ധന വേറെ വരും). ഗാര്‍ഹിക ഉപഭോക്താക്കളെ പിഴിയാന്‍ തീരുമാനിച്ച ബോര്‍ഡ് വ്യവസായ മേഖലയെ താരതമ്യേന തലോടുകയും ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷത്തിനുശേഷമാണ് ഇക്കൊല്ലം 30 ശതമാനത്തിലേറെ നിരക്ക് കൂട്ടിയത്. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വര്‍ധനക്ക് ശ്രമം. ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഒരേ നിരക്ക് (നോണ്‍ ടെലിസ്കോപ്പിക്) അംഗീകരിച്ചുകിട്ടാന്‍ ബോര്‍ഡ് ഏറെ നാളായി ശ്രമിക്കുന്നുണ്ടെങ്കിലും റെഗുലേറ്ററി കമീഷന്‍ നിരാകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 300 യൂനിറ്റിനുമേല്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ യൂനിറ്റിനും ഒരേ നിരക്ക് (നോണ്‍ ടെലിസ്കോപ്പിക്) ഈടാക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചില്ലെങ്കിലും 500 യൂനിറ്റിനുമേല്‍ നോണ്‍ ടെലിസ്കോപ്പിക് സമ്പ്രദായം നടപ്പാക്കുന്നതിന് അനുമതി നല്‍കി. പുതിയ നിര്‍ദേശം നടപ്പായാല്‍ ഉപഭോക്താക്കള്‍ക്ക് ആദ്യ യൂനിറ്റുകളില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം നഷ്ടപ്പെടും. അതായത് 40 യൂനിറ്റുവരെ യൂനിറ്റിന് 1.60ഉം 41 മുതല്‍ 80 വരെ യൂനിറ്റിന് 2.30ഉം 81-120ല്‍ 2.70ഉം രൂപയാണ് പുതുതായി ശിപാര്‍ശ ചെയ്ത നിരക്ക്. തുടര്‍ന്നുള്ള ഉപയോഗത്തിനും ഇപ്രകാരം പുതിയ നിരക്കുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് നിലവിലെ നിരക്കിനെക്കാള്‍ കുറവാണെന്ന് തോന്നാമെങ്കിലും ഉപയോഗത്തിന് മുഴുവന്‍ ഒരേ നിരക്ക് ഏര്‍പ്പെടുത്തുന്നതോടെ വൈദ്യുതി വില കുത്തനെ ഉയരുകയാണ് ചെയ്യുക. സിംഗിള്‍ ഫേയ്സുകാരുടെ ഫിക്സഡ് ചാര്‍ജ് മാസം അഞ്ച് രൂപയും ത്രീ ഫേയ്സുകാരുടേത് 15 രൂപയും വര്‍ധിക്കും. കഴിഞ്ഞ തവണ പുതുതായി ഏര്‍പ്പെടുത്തിയ ഫിക്സഡ് ചാര്‍ജ് സ്ഥിരമാക്കാനും ബോര്‍ഡ് ശ്രമിക്കുകയാണ്. കൃഷിക്കാരുടെ നിരക്ക് കഴിഞ്ഞ തവണ കുത്തനെ ഉയര്‍ത്തിയതാണ്. ഇക്കുറി വീണ്ടും യൂനിറ്റിന് 50 പൈസയുടെ വര്‍ധന ബോര്‍ഡ് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപഭോക്താക്കളാണ് ബോര്‍ഡിന്റെ ഇരകളെങ്കിലും റെഗുലേറ്ററി കമീഷന് മുന്നില്‍ തെളിവ് നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ യുവജന സംഘടനകളോ എത്താറില്ല. എന്നാല്‍ വ്യവസായ മേഖല വിശദമായ പഠനം നടത്തുകയും അവരുടെ വാദങ്ങള്‍ കമീഷന് മുന്നില്‍ അവതരിപ്പിക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. |
ഹരിവരാസനത്തിന് 100 വയസ്സ് Posted: 05 Jan 2013 08:44 PM PST ശബരിമല: ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പിറവി എടുത്തിട്ട് 100 വര്‍ഷം ആകുന്നതായി വിശ്വാസം. ഇതിന്റെ രചയിതാവിനെ കുറിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വ്യക്തമായ ധാരണ ലഭ്യമല്ലെങ്കിലും 1913 കാലഘട്ടത്തിലാണ് ഹരിവരാസനം ജന്മം കൊണ്ടതെന്ന് കരുതപ്പെടുന്നു. രചനയെ സംബന്ധിച്ച് അവകാശവാദവും തര്‍ക്കങ്ങളും നിലനില്‍ക്കുകയാണ്. സ്വാമി അയ്യപ്പന്‍ സിനിമക്കായി സംഗീത സംവിധായകന്‍ ദേവരാജന്‍മാഷ് ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ച ഹരിവരാസനമാണ് ജനകീയമായത്. ശൈവ-വൈഷ്ണവ വിശേഷണങ്ങളാല്‍ മധ്യാവതി രാഗത്തില്‍ യേശുദാസ് പാടിയ ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി കേള്‍പ്പിച്ചാണ് ദിവസവും നടയടക്കുന്നത്. ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വര്‍ഷം വിഷുവിന് പ്രഥമ ഹരിവരാസനം പുരസ്കാരം യേശുദാസിന് ശബരിമലയില്‍ നല്‍കിയിരുന്നു. കമ്പകുടി കുളത്തൂര്‍ ശ്രീനിവാസ അയ്യരാണ് ഹരിവരാസനം രചിച്ചതെന്നും അതല്ല ആലപ്പുഴ ജില്ലയില്‍ പുറക്കോട്ട് കൊന്നക്കകത്ത് ജാനകിയമ്മയാണ് രചിച്ചതെന്നും പറയപ്പെടുന്നു. 1940ന് ശേഷം ആലപ്പുഴ സ്വദേശി വി.ആര്‍. ഗോപാലമേനോനാണ് ഹരിവരാസനം ആദ്യമായി സന്നിധാനത്ത് ആലപിച്ചത്. 1950 ല്‍ ശബരിമല മേല്‍ശാന്തിയായിരുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ സുഹൃത്തായിരുന്ന ഗോപാലമേനോന്‍ ദീപാരാധന സമയത്തായിരുന്നു ആദ്യകാലങ്ങളില്‍ പാടിയിരുന്നത്. 1930 കളില്‍ ഭജന സംഘങ്ങള്‍ ഈപാട്ട് പാടിയാണ് മലകയറിയിരുന്നതെന്ന വാദവും നിലനില്‍ക്കുന്നു. 1955ല്‍ ശബരിമല രക്ഷാധികാരിയെന്ന് വിളിപ്പേരുള്ള സ്വാമി വിമോചനാനന്ദയാണ് ഹരിവരാസനം ആദ്യമായി പാടിയതെന്ന് വാദിക്കുന്നവരുമുണ്ട്. ആദ്യകാലങ്ങളില്‍ ദീപാരാധനയും പിന്നീട് അത്താഴ പൂജക്കും പാടിയിരുന്ന ഹരിവരാസനം നട അടക്കുമ്പോള്‍ മേല്‍ശാന്തി ഉള്‍പ്പെടെ പാടിത്തുടങ്ങിയതോടെ പില്‍ക്കാലത്ത് ഉറക്ക്പാട്ടായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു. |
ബലിയാട് Posted: 05 Jan 2013 08:36 PM PST ഇന്ത്യന്‍ പൊലീസിനെപ്പറ്റി പ്രചരിക്കുന്ന ഒരു തമാശയുണ്ട്. കടുവയെ പിടിക്കാനുള്ള രാജ്യാന്തരമത്സരം നടക്കുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കാട്ടില്‍നിന്ന് കടുവയെ പിടിച്ചുകൊണ്ടു വരുന്നയാള്‍ക്കാണ് സമ്മാനം. ഇന്ത്യ, ചൈന, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളെല്ലാം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കടുവയെ പിടിച്ചുകൊണ്ടുവന്നു. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും ഇന്ത്യക്കാരനെയും കടുവയെയും കാണാനില്ല. മറ്റു രാജ്യക്കാരെല്ലാരുംകൂടി കാട്ടില്‍ ചെന്ന് തിരഞ്ഞുനോക്കുമ്പോള്‍ ഇന്ത്യക്കാരന്‍ ഒരു പാവം കരടിയെ പിടിച്ച് നെഞ്ചത്ത് ചവിട്ടുന്നു. 'സത്യം പറയെടാ, നീയല്ലേ കടുവ?' എന്ന് കരടിയെ ചോദ്യം ചെയ്യുകയാണ് അയാള്‍. ശങ്കര്‍ ബിദ്രിയെപ്പോലുള്ളവര്‍ അടങ്ങുന്ന ഇന്ത്യന്‍ പൊലീസ് കുറ്റംതെളിയിക്കുന്നത് ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. ശങ്കര്‍ ബിദ്രിയും സംഘവും കൊടുംതീവ്രവാദിയെന്ന് മുദ്രകുത്തിയ കശ്മീരുകാരനായ യുവക്രിക്കറ്റര്‍ പര്‍വേസ് റസൂല്‍ ഇന്ത്യ 'എ' ടീമില്‍ ഇടംനേടുമ്പോള്‍ ഈ തമാശ ഓര്‍മവരും. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജമ്മു-കശ്മീരില്‍നിന്നുള്ള ക്രിക്കറ്റര്‍. വയസ്സ് 23. 1989 ഫെബ്രുവരി 13ന് ജമ്മു-കശ്മീരിലെ ബിജ്ബഹാരയില്‍ ജനനം. മുഴുവന്‍ പേര് പര്‍വേസ് റസൂല്‍ സര്‍ഗവ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കൊച്ചുപ്രായത്തില്‍തന്നെ വേറിട്ട ഒരു എന്‍ട്രിയാണ് പര്‍വേസിന്റേത്. ഈയിടെ വ്യക്തിപരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജലന്ധറിലേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴാണ് ജമ്മു-കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍നിന്ന് വിളിവരുന്നത്. നിങ്ങളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങള്‍ എന്ന് അവര്‍. എന്തിന് എന്ന് ആശ്ചര്യപ്പെട്ടു പര്‍വേസ്. ഇംഗ്ളണ്ടിനെതിരായ ഏകദിനത്തില്‍ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് മറുപടി. ഈ സീസണിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം ഒരു വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പര്‍വേസ്. പക്ഷേ അത് ഇത്രപെട്ടെന്ന് ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഓള്‍റൗണ്ടറാണ്. ബാറ്റും ബോളും ഒരുപോലെ വഴങ്ങും. രഞ്ജി ട്രോഫി സീസണില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു സെഞ്ച്വറി ഉള്‍പ്പെടെ 594 റണ്‍സ്. എട്ടു മാച്ചുകളില്‍നിന്ന് 33 വിക്കറ്റുകള്‍. ബിഷന്‍ സിങ് ബേദിയായിരുന്നു കോച്ച്. മികച്ച ഓഫ് സ്പിന്നറായി മാറാന്‍ സഹായിച്ചത് ബേദിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍. ഈ വിജയവഴിയിലേക്കുള്ള യാത്ര പക്ഷേ എളുപ്പമായിരുന്നില്ല. ഇളംപ്രായത്തില്‍ നേരിട്ടത് കയ്പേറിയ അനുഭവം. കര്‍ണാടക പൊലീസിന്റെ വംശീയ മുന്‍വിധിയില്‍ തകര്‍ത്തെറിയപ്പെടുമായിരുന്ന ജീവിതമാണ് കളിമൈതാനത്ത് വീണ്ടും തളിര്‍ത്തത്. പര്‍വേസിന് ഇത് പുനര്‍ജന്മം. മൂന്നു വര്‍ഷം മുമ്പ് ഒക്ടോബറില്‍ പര്‍വേസിന്റെ പേര് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല. ആ സംഭവം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് ഇന്ന് പര്‍വേസ് പറയും. എവിടെ സ്ഫോടനം നടക്കുമ്പോഴും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന പൊലീസിന്റെ മുന്‍വിധിയുടെ ഇരകളിലൊരാളായി മാറുകയായിരുന്നു ഈ കായികപ്രതിഭ. 2009 ഒക്ടോബര്‍ 17നാണ് സംഭവം. അന്ന് ജമ്മു-കശ്മീരിന്റെ അണ്ടര്‍-22 ക്രിക്കറ്റ് ടീമംഗമാണ്. വയസ്സ് ഇരുപതേയുള്ളൂ. ചെറുപ്പത്തിന്റെ പ്രസരിപ്പുമായി കളിമൈതാനത്തിലെ ഭാവി സ്വപ്നംകണ്ട് ബംഗളൂരുവിലെത്തിയ ദിനം. ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച കരിദിനം. സി.കെ. നായുഡു ട്രോഫിയില്‍ മത്സരിക്കാനായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ അതിഥികളായെത്തിയതാണ് പര്‍വേസും സംഘവും. ചിന്നസ്വാമി സ്റ്റേഡിയത്തിലെ കെ.എസ്.സി.എ കോംപ്ലക്സില്‍ വിശ്രമിച്ച് യാത്രാക്ഷീണം തീര്‍ക്കുകയായിരുന്നു പര്‍വേസ്. അപ്പോഴാണ് കര്‍ണാടക പൊലീസ് പരിശോധനക്കായി അവിടെയെത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ വിക്ടോറിയ-കേപ് കോബ്രാസ് മത്സരത്തിനുള്ള സുരക്ഷാജോലിയിലായിരുന്ന പൊലീസ് ജമ്മു-കശ്മീര്‍ കളിക്കാരുടെ ബാഗും പരിശോധിച്ചു. പാഡും ബാറ്റും ജഴ്സികളുമടങ്ങിയ ബാഗില്‍ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളുണ്ടെന്ന പൊലീസിന്റെ വെളിപ്പെടുത്തല്‍ കളിക്കാരെ ഞെട്ടിച്ചു. ടീമംഗങ്ങളായ പര്‍വേസ് റസൂലിനെയും മെഹ്റാജുദ്ദീനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധിക്കാനും പിടിക്കാനും വന്നത് ശങ്കര്‍ ബിദ്രി എന്ന കുപ്രസിദ്ധന്‍. അന്നത്തെ കര്‍ണാടക ഡി.ജി.ആന്‍ഡ് ഐ.ജി.പി. പണ്ട് വീരപ്പനെ പിടിക്കാന്‍ കാട്ടില്‍ പോയ പ്രത്യേക ദൗത്യസംഘത്തിന്റെ തലവന്‍. ദൗത്യസേന കാട്ടിക്കൂട്ടിയ പേക്കൂത്തുകളത്രയും ശങ്കര്‍ ബിദ്രിയുടെ നേതൃത്വത്തിലായിരുന്നു. സമാനതകളില്ലാത്ത അതിക്രമങ്ങളുടെ പേരില്‍ അന്ന് കര്‍ണാടക ഹൈകോടതി സദ്ദാം ഹുസൈനേക്കാളും മുഅമ്മര്‍ ഖദ്ദാഫിയേക്കാളും വലിയ സ്വേച്ഛാധിപതി എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചത്. നരാധമനെന്നു പേരുകേട്ട ആ പൊലീസുകാരനാണ് പര്‍വേസിന്റെ ഭാവി തകര്‍ക്കാന്‍ മുന്നിലെത്തിയത്. രണ്ട് കൊടുംതീവ്രവാദികളെ പിടികൂടിയെന്നാണ് അയാള്‍ രാജ്യത്തെ അറിയിച്ചത്. വലിയ പരിശോധനകളില്ല. അന്വേഷണമില്ല. കളിക്കാരന്റെ ബാഗും തൂക്കി നേരെ മാധ്യമങ്ങള്‍ക്കു മുന്നില്‍നിന്ന് അയാള്‍ അത് വിളിച്ചുകൂവി. പിന്നെ ഒരു ദിവസം മുഴുവന്‍ നീണ്ട ചോദ്യംചെയ്യല്‍. ഫോറന്‍സിക് പരിശോധന വേറെ. സ്റ്റേഡിയം മുഴുവന്‍ അരിച്ചുപെറുക്കി പരിശോധന നടത്തി രണ്ടു മണിക്കൂറുകള്‍ക്കുശേഷം കളി തുടങ്ങി. ജമ്മുവില്‍നിന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയും മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും സമയോചിതമായി ഇടപെട്ടു. കളിക്കാരെ വിട്ടയക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ഉമര്‍ അബ്ദുല്ല ബംഗളൂരു പൊലീസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പര്‍വേസിനെ പൊലീസ് ബലിയാടാക്കുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. തൊട്ടുപിന്നാലെ വന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കളിക്കാര്‍ക്ക് ക്ളീന്‍ചിറ്റ്. പര്‍വേസിന്റെ ബാഗില്‍ സ്ഫോടകവസ്തുക്കളില്ലായിരുന്നുവെന്ന് അതോടെ തെളിഞ്ഞു. മൂന്നു ദിവസമാണ് കൊടുംതീവ്രവാദി എന്ന ചാപ്പ കുത്തപ്പെട്ട് ബംഗളൂരൂവില്‍ കഴിഞ്ഞത്. ശങ്കര്‍ ബിദ്രിയുടെ നായാട്ട് അവസാനിച്ചെങ്കിലും ചെയ്യാത്ത കുറ്റത്തിന് ഒരു ഇരുപതുകാരനെ ദ്രോഹിച്ചതിന്റെ പേരില്‍ പരസ്യമായ ഒരു ക്ഷമാപണം നടത്താന്‍ കര്‍ണാടക പൊലീസ് തയാറായില്ല. കളിക്കളത്തിലൂടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തി തന്റെ ദേശസ്നേഹത്തിന്റെ ആഴം അനുഭവിപ്പിക്കുകയാണ് ഇപ്പോള്‍ പര്‍വേസ് റസൂല്‍. 'ആ സംഭവത്തിനുശേഷമുള്ള രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ക്രിക്കറ്റ് കളി മതിയാക്കാന്‍ തന്നെ അന്ന് ഞാന്‍ വിചാരിച്ചിരുന്നു. ദൈവം എന്റെ സ്ഥിരോത്സാഹത്തെ പരീക്ഷിക്കുകയായിരുന്നിരിക്കണം. ആ കഠിനകാലങ്ങളില്‍ ജമ്മു-കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്റെ കൂടെ നിന്നു. അവരോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ കളിയിലാണ്. ഞാനൊരു ക്രിക്കറ്റര്‍ ആണ്, ടെററിസ്റ്റ് അല്ല. അത് ഞാനെന്റെ ബാറ്റുകൊണ്ട് തെളിയിക്കും' -പര്‍വേസ് പറയുന്നു. ബംഗളൂരുവില്‍ പൊലീസ് വിട്ടയച്ചശേഷം നാലു ദിവസത്തിനുശേഷം സി.കെ. നായുഡു ട്രോഫിയില്‍ പര്‍വേസ് കളിമൈതാനത്ത് കണക്കുതീര്‍ത്തു. കര്‍ണാടകക്കെതിരെ നടന്ന മത്സരത്തില്‍ 49 പന്തില്‍ 50 റണ്‍സടിച്ചെടുത്ത് പര്‍വേസ് കൊടുങ്കാറ്റായി. പിന്നെയുള്ള ലക്ഷ്യം ദേശീയ ടീമായിരുന്നു. രഞ്ജി ട്രോഫിയിലെ താരത്തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ അതും പര്‍വേസ് കൈപ്പിടിയിലൊതുക്കി. കടുത്ത വംശീയവിദ്വേഷം വെച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം നിയമപാലകരുടെ കരാളഹസ്തങ്ങളില്‍പെട്ട് തീവ്രവാദികള്‍ക്കൊപ്പം ജയിലറക്കുള്ളിലെ ഇരുട്ടിലൊടുങ്ങുമായിരുന്ന യുവാവ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനതാരങ്ങളിലൊന്നായി ഉയര്‍ന്നിരിക്കുന്നു. ഇന്ന് കളത്തിലിറങ്ങുമ്പോള്‍ നിശ്ശബ്ദമായ ഒട്ടേറെ പ്രാര്‍ഥനകള്‍ പര്‍വേസിന് ഒപ്പമുണ്ടാവും. ഭരണകൂടം ചവിട്ടിമെതിച്ച എത്രയോ യുവാക്കളുടെ നിശ്ശബ്ദമായ പ്രാര്‍ഥനകള്‍. പര്‍വേസിന്റെ മധുരമായ പ്രതികാരത്തിന് അത് പശ്ചാത്തല സംഗീതമാവും. |
No comments:
Post a Comment