സ്വാഗതം
WELCOME

News Update..

Sunday, January 20, 2013

അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും- സോണിയ Madhyamam News Feeds

അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും- സോണിയ Madhyamam News Feeds

Link to

അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും- സോണിയ

Posted: 19 Jan 2013 11:36 PM PST

Image: 

ജയ്പൂര്‍: അഴിമതിക്കെതിരായ പോരാട്ടം പാര്‍ട്ടി തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. എ.ഐ.സി.സി യോഗത്തില്‍ അഴിമതിയായിരുന്നു പ്രധാന വിഷയമെന്നും അഴിമതി ഇല്ലാതാക്കാന്‍ അഞ്ചിന അജണ്ടക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. ജയ്പൂരില്‍ നടക്കുന്ന പാര്‍ട്ടിയുടെ 'ചിന്തന്‍ ശിബിരി'ല്‍ സംസാരിക്കുകയായിരുന്നു സോണിയ.

അഴിമതി ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നിയമവും അഴിമതിക്കാരെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണവും സബ്‌സിഡികള്‍ നേരിട്ട് നല്‍കാനുള്ള ചരിത്രപരമായ തീരുമാനവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇത്തരം തീരുമാനങ്ങള്‍ ഇടനിലക്കാരുടെ അഴിമതി ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.

ദല്‍ഹി കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടി ഇന്ത്യയിലെ സ്ത്രീകളുടേയും കുട്ടികളുടേയും പ്രതീകമാണെന്ന് പറഞ്ഞ സോണിയ അവളുടെ മരണം വൃഥാവിലാവില്ലെന്നും അവര്‍ വ്യക്തമാക്കി.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധികള്‍ രാജ്യത്തെയും ബാധിച്ചു. അതിനാലാണ് രാജ്യത്ത് കടുത്ത സാമ്പത്തിക നടപടി കൈക്കൊള്ളേണ്ടി വന്നത്. ഈ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. അഴിമതിയെ ക്രിയാത്മകമായി നേരിടും. ഭിന്നശക്തികളുമായി പൊരുതി രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതികളെക്കുറിച്ച് പാര്‍ട്ടിയുടെ അഭിപ്രായം സ്വരൂപിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും സോണിയ വ്യക്തമാക്കി.

വനിതാശാക്തീകരണത്തിനുള്ള പ്രചാരണം തുടരും. പാര്‍ലമെന്റുള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് വ്യക്തിപരമായി മുന്‍കൈയെടുക്കുമെന്നും അവര്‍ പറഞ്ഞു.

ചിന്തന്‍ ശിബരത്തിലെ ഫലപ്രാപ്തിയില്‍ പൂര്‍ണസന്തോഷമുണ്ടെന്ന് വ്യക്തമാക്കിയാണ് സോണിയ പ്രസംഗം ആരംഭിച്ചത്.

 

നഗരത്തില്‍ പേപ്പട്ടി ശല്യം രൂക്ഷം

Posted: 19 Jan 2013 11:13 PM PST

തിരുവനന്തപുരം: നഗരത്തില്‍ പേപ്പട്ടികളുടെ ആക്രമണം വര്‍ധിക്കുന്നു. 10 ദിവസത്തിനിടെ 25 ലധികം പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. നന്ദന്‍കോട്ട് ഒരുദിവസം 15ലേറെ പേര്‍ക്ക് കടിയേറ്റപ്പോള്‍ പേട്ടയില്‍ 10ഓളം പേര്‍ക്കാണ് കടിയേറ്റത്.
നിരവധി പേരെ കടിച്ച പേപ്പട്ടിയെ പിടികൂടിയെങ്കിലും മണിക്കൂറുകള്‍ക്കകം ചത്തതായി നായ്പിടിത്തത്തിന് നിയമിച്ചിട്ടുള്ള ജീവനക്കാര്‍ പറയുന്നു. ഇതിന്‍െറ കടിയേറ്റ നിരവധി നായ്ക്കള്‍ ഇപ്പോള്‍ തെരുവിലലയുന്നുണ്ട്. സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റിട്ടും ഇക്കാര്യം അന്വേഷിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായില്ലെന്ന് പരാതിയുണ്ട്. പേട്ട മൃഗാശുപത്രി കേന്ദ്രീകരിച്ച് നടത്തിയിരുന്ന നായ്പിടിത്തം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
തെരുവ് നായ്ക്കളെ നിയന്ത്രിക്കാനായി ആരംഭിച്ച എ.ബി.സി പദ്ധതിക്ക് ഒരു ഡോക്ടറെ നിയമിക്കാന്‍ നാലുമാസമായി അധികൃതര്‍ക്കായില്ല. കരിക്കകം, ഐ.ടി ജങ്ഷന്‍, വേളി, പാളയം, പേട്ട, മ്യുസിയം, കരമന ഭാഗങ്ങളെല്ലാം പേപ്പട്ടി ഭീഷണിയിലാണ്. നഗരത്തിലെ മാലിന്യ കൂമ്പാരങ്ങള്‍ നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. പ്രതിഷേധവുമായി വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ദേശീയപാതക്ക് കല്ലിടാനെത്തിയവരെ തടഞ്ഞു; സംഘര്‍ഷാവസ്ഥ

Posted: 19 Jan 2013 11:08 PM PST

കൊട്ടിയം: ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കാന്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഹൈവേ ആക്ഷന്‍ ഫോറത്തിന്‍െറ നേതൃത്വത്തില്‍ തടഞ്ഞത് കൊട്ടിയത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. സ്ത്രീകള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി.
ശനിയാഴ്ച രാവിലെ എട്ടരയോടെ കൊട്ടിയം ജങ്ഷനുകിഴക്കുവശത്തായിരുന്നു സംഭവം. ജങ്ഷനില്‍ ഫൈ്ള ഓവര്‍ ഉള്ളതിനാല്‍ കിഴക്കുവശത്തുനിന്നാണ് കല്ലിടല്‍ ആരംഭിച്ചത്. ഉദ്യോഗസ്ഥരെ ആക്ഷന്‍ ഫോറം നേതാവ് മൈലക്കാട് സുന്ദരേശന്‍പിള്ളയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
 നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ പ്രോജക്ട് ഡയറക്ടര്‍ വെങ്കിട്ടകൃഷ്ണന്‍െറ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. പരവൂര്‍ സി.ഐ ജവഹര്‍ ജനാര്‍ദിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് പ്രവര്‍ത്തകരെ തടയുകയും പ്രതിഷേധം ശക്തമായതോടെ സുന്ദരേശന്‍പിള്ള ഉള്‍പ്പെടെ 60 പേരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് കൊട്ടിയം മുതല്‍ ചാത്തന്നൂര്‍ ശീമാട്ടി വരെയുള്ള ഭാഗത്ത് കല്ലിടല്‍ നടത്തി. കല്ലുവാതുക്കല്‍ ക്രിസ്ത്യന്‍പള്ളിക്കുമുന്നില്‍ വന്‍ പ്രതിഷേധസാധ്യത കണക്കിലെടുത്ത് ഇവിടം ഒഴിവാക്കി കല്ലിടാനാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.
പഴയ അലൈന്‍മെന്‍റില്‍നിന്ന് വീണ്ടും വ്യത്യാസപ്പെടുത്തിയാണ് പുതുതായി കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
കൊട്ടിയത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കിയശേഷവും പലയിടങ്ങളിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി മടങ്ങി. സുന്ദരേശന്‍പിള്ള, നാസര്‍, വിജയചന്ദ്രന്‍, രാജന്‍, തോമസുകുട്ടി, രാജേന്ദ്രപ്രസാദ്, സത്യദേവന്‍, സത്യരാജന്‍, ഗീതാരാമചന്ദ്രന്‍, ശാന്തിതോമസ്, ലൈല, മഞ്ജു, കബീര്‍കുട്ടി, രാമചന്ദ്രന്‍നായര്‍, മുരളീധരന്‍, അബ്ദുല്ല, സുനില്‍കുമാര്‍, ദേവരാജ്, രാജന്‍കുറുപ്പ്, ശ്രീകുമാരി, അനിത, ശ്രീലത, സുധ, ഇന്ദിരാകുമാരിഅമ്മ, ഏലിയാമ്മ ജോണ്‍, വിജയമ്മ, ജഗദമ്മ, ഗോപാലകൃഷ്ണപിള്ള, രാജന്‍, അമീനുദ്ദീന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷെഫീക്ക് ചോഴിയക്കോട്, സാബിര്‍ എന്നിവരുള്‍പ്പെടെ 48 പുരുഷന്മാരും 12 സ്ത്രീകളുമാണ് അറസ്റ്റിലായത്.
കൊട്ടിയം എസ്.ഐ. രാജേഷ്, ചാത്തന്നൂര്‍ എസ്.ഐ ജസ്റ്റിന്‍ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

ഹൈറേഞ്ചില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Posted: 19 Jan 2013 11:03 PM PST

കട്ടപ്പന: വേനല്‍ ശക്തമാകുകയും നദികളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ ഹൈറേഞ്ചിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. പെരിയാര്‍ നദിയുള്‍പ്പെടെ എല്ലാ നദിയിലെയും നീരൊഴുക്ക് നിലച്ചതോടെ കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങി. മലമുകളില്‍ താമസിക്കുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. കിലോമീറ്ററുകള്‍ നടന്നാണ് പലരും കുടിവെള്ളം ശേഖരിക്കുന്നത്.
കട്ടപ്പന, വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാന്‍ സ്ഥാപിച്ച പദ്ധതികള്‍ പലതും പൂര്‍ത്തീകരിച്ചെങ്കിലും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. 45 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കട്ടപ്പന ടൗണ്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്.
ഏലപ്പാറ,പള്ളിക്കുന്ന്,കുട്ടിക്കാനം,ഉപ്പുതറ, വാഗമണ്‍, കോവില്‍മല എന്നിവിടങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്ന എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിക്കാനായിട്ടില്ല.
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ ചെല്ലാര്‍കോവില്‍, കരുണാപുരം, കൂട്ടാര്‍,രാമക്കല്‍മേട്, കമ്പംമെട്ട് എന്നീ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ പ്രദേശങ്ങിലെ ഒട്ടുമിക്ക ജലസ്രോതസ്സുകളും പൂര്‍ണമായും വറ്റിക്കഴിഞ്ഞു.
ഈ വര്‍ഷം മഴ കുറഞ്ഞതാണ് ശുദ്ധജല ക്ഷാമം രൂക്ഷമാകാന്‍ ഇടയാക്കിയത്. ഇടുക്കി, ഇരട്ടയാര്‍, കല്ലാര്‍ തുടങ്ങി ഹൈറേഞ്ചിലെ എല്ലാ ഡാമുകളിലും ജലനിരപ്പ് തീരെ താഴ്ന്നത് പരിസരത്തെ കിണറുകളിലും കുളങ്ങളിലെയും ജലനിരപ്പ് താഴാന്‍ ഇടയാക്കിയിട്ടുണ്ട്.
വേനല്‍ ശക്തമായാല്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ ഏറെ പണിപ്പെടേണ്ടി വരും.
കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കട്ടപ്പന, ഇരട്ടയാര്‍, വണ്ടന്‍മേട്, അയ്യപ്പന്‍കോവില്‍, ഉപ്പുതറ ഗ്രാമപഞ്ചായത്തുകള്‍ കുടിവെള്ള വിതരണത്തിന് പ്രത്യേക പദ്ധതികള്‍ തയാറാക്കി വരികയാണ്.
 എത്ര പദ്ധതികള്‍ നടപ്പാക്കിയാലും പകുതിപ്പേര്‍ക്ക് മാത്രമേ അതിന്‍െറ പ്രയോജനം ലഭിക്കൂയെന്നാണ് നാട്ടുകാരുടെ ആവലാതി.

പമ്പ വരളുന്നു; നാടും...

Posted: 19 Jan 2013 10:55 PM PST

വടശേരിക്കര: നീരൊഴുക്ക് നിലച്ച് പമ്പാനദി നാശത്തിലേക്ക്.നദിയിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്ന വിധം രൂപപ്പെട്ട മണ്‍പുറ്റുകളാണ്പമ്പാനദിയുടെ നാശത്തിന് കാരണമാകുന്നത്. ഒരുകാലത്ത് കഠിന വരള്‍ച്ചയില്‍പ്പോലും തടസ്സമില്ലാത്ത നീരൊഴുക്കുണ്ടായിരുന്ന പമ്പാനദിയുടെ നീര്‍ച്ചാലുകളില്‍ ചെളിയടിഞ്ഞ് രൂപപ്പെട്ട മണ്‍പുറ്റകള്‍ കരയെയും പുഴയെയും തിരിച്ചറിയാന്‍ വയ്യാത്തവിധം വ്യാപിച്ചു.
ഒരിക്കലും വറ്റാത്ത കൈത്തോടുകള്‍ നദിയില്‍ വന്നുചേരുന്ന ഭാഗങ്ങളില്‍ മണ്‍പുറ്റുംനിറഞ്ഞ് നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിലേക്ക് വളര്‍ന്നു. നദി മലിനപ്പെട്ടതും മണല്‍ വാരലും പ്ളാസ്റ്റിക് അടിയുന്നതും ഇത്തരത്തില്‍ പുറ്റകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. ചെളിയും മാലിന്യവും അടിഞ്ഞുകൂടുന്ന മണ്‍പുറ്റകളില്‍ പുല്ലും ജലജന്യസസ്യങ്ങളും വളരുന്നതോടെ ഈര്‍പ്പമുള്ള സ്ഥലങ്ങളിലെല്ലാം മണ്‍പുറ്റകള്‍ വ്യാപിക്കും.
കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനുള്ളിലാണ് നദിയില്‍  ഇത്രയധികം മണ്‍പുറ്റകള്‍ നിറയുന്നത്. പമ്പയുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ ഉടന്‍  നടപ്പാക്കിയില്ലെങ്കില്‍ വരുന്ന രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കരയും നദിയും ഏതെന്ന് തിരിച്ചറിയാന്‍ വയ്യാത്തവിധം നശിക്കും . ജനവാസപ്രദേശമായ അട്ടത്തോട് മുതല്‍ പെരുനാട് പഞ്ചായത്തിലെ മുക്കം വരെയുള്ള ഭാഗം ഈ അടുത്ത കാലം വരെ പാറക്കെട്ടുകളില്‍ കൂടി മാത്രം  വെള്ളമൊഴുകുന്ന  നദിയായിരുന്നു പമ്പ. എന്നാല്‍, ഇപ്പോള്‍ പമ്പാനദിയിലെ ഈ ഭാഗം പൂര്‍ണമായും പാറകള്‍ കാണാത്ത രീതിയില്‍ മണ്‍പുറ്റകള്‍ കയ്യടക്കിയിരിക്കുകയാണ്. മഴക്കാലമാകുന്നതോടെ കുതിച്ചൊഴുകുന്ന പമ്പാനദിയിലെ സ്വാഭാവിക നീരൊഴുക്കിന് മണ്‍പുറ്റകള്‍ തടസ്സമാകുകയും വെള്ളം അനിയന്ത്രിതമായി ഉയര്‍ന്ന് രൂക്ഷമായ മണ്ണൊലിപ്പിനും തിട്ടയിടിച്ചിലിനും കാരണമാകുന്നുമുണ്ട്.
 

ചോദിച്ചത് ചിക്കന്‍കറിയുടെ ചാറ്; കിട്ടിയത് തലക്ക് അടി

Posted: 19 Jan 2013 10:51 PM PST

കോട്ടയം: ചിക്കന്‍കറിയുടെ ചാറ് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന്‍െറ തലക്ക് അടിയേല്‍ക്കുന്നതില്‍. പരിക്കേറ്റ മൂലേടം ചെറുകനാലില്‍ അനൂപിനെ (പൊന്നന്‍-24) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30ന് കടുവാക്കുളം മരിയ ഹോട്ടലിലായിരുന്നു സംഭവം.സുഹുത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ അനൂപ് പൊറോട്ടയും ചിക്കനുമാണ് മേടിച്ചത്. കഴിച്ചുകൊണ്ടിരിക്കെ ചിക്കന്‍കറിയുടെ ചാറ് ചോദിച്ചു. എന്നാല്‍, കിട്ടിയത് ഉള്ളിച്ചാറാണ് ഇതോടെ ഉടമയുമായി വാക്കേറ്റവും ഉന്തുംതള്ളുമായി. ഇതേതുടര്‍ന്ന് ഷട്ടര്‍താഴ്ത്തിയശേഷം ഹോട്ടല്‍ ഉടമ തലക്കടിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന അനൂപ് പൊലീസിന് മൊഴി നല്‍കി. അതേസമയം ഉന്തും തള്ളും മാത്രമാണ് നടന്നതെന്നും മദ്യലഹരിയിലായിരുന്ന യുവാവ് നിലത്തുവീണാണ് തലപൊട്ടിയതെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി.
 

ബി.ജെ.പിയില്‍ അധികാര വടംവലി: ദേശീയ അധ്യക്ഷ പദവി ലക്ഷ്യമിട്ട് സുഷമ സ്വരാജും

Posted: 19 Jan 2013 10:45 PM PST

Image: 

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള  തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ അധികാരത്തിനായി കൂടുതല്‍ പേര്‍ രംഗത്ത്. പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജാണ് നിതിന്‍ ഗഡ്ക്കരിക്ക് വെല്ലുവിളിയായി രംഗത്തെത്തിയിരിക്കുന്നത്.
 എന്നാല്‍, നിതിന്‍ ഗഡ്ക്കരിക്ക് തന്നെ വീണ്ടും അവസരം നല്‍കണമെന്നാണ് ആര്‍.എസ്.എസിന്‍െറ വാദം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗത് അദ്വാനിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഗഡ്ക്കരിയെ പാര്‍ട്ടി ദേശീയ അധ്യക്ഷനായും ഗുജറാത്ത്് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ 2014ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായും ഉയര്‍ത്തിക്കാട്ടാനാണ് ആര്‍.എസ്.എസിന്റെപദ്ധതി. ഇതു സംബന്ധിച്ച് ഫെബ്രുവരി ആദ്യ വാരത്തില്‍ ആര്‍.എസ്.എസ് പ്രഖ്യാപനം നടത്തും.
എന്നാല്‍, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നെന്ന വാര്‍ത്ത സുഷമ നിഷേധിച്ചു.

ഒബാമയുടെ രണ്ടാമൂഴത്തിന് ഇന്ന് ഔദ്യോഗിക തുടക്കം

Posted: 19 Jan 2013 10:32 PM PST

Image: 

വാഷിങ്ടണ്‍: രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയ ബറാക്ക് ഒബാമയുടെ രണ്ടാമൂഴത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. രണ്ടാമതും ഒബാമ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ചടങ്ങ് നടക്കുക.

ഭരണഘടനയനുസരിച്ചു പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യേണ്ടതു ജനുവരി 20നാണ്. ഇത്തവണ ജനുവരി 20 അവധി ദിവസമായ ഞായറാഴ്ചയായതിനാലാണ് തിങ്കളാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈറ്റ് ഹൗസിലെ ബ്ലൂറൂമില്‍ (നീലമുറി) ഞായറാഴ്ച ഉച്ചക്ക് മുമ്പ് ഒബാമ സത്യപ്രതിജ്ഞ ചെയ്യും. ഇവിടെ പൊതുജനത്തിന് പ്രവേശനമില്ല. പിന്നീട് തിങ്കളാഴ്ച ക്യാപിറ്റോളിനു മുന്നിലെ വേദിയില്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ വീണ്ടും ഒബാമ പ്രതിജ്ഞയെടുക്കും.

2009ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒബാമക്ക് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നിരുന്നു. അന്ന് സത്യവാചകം ചൊല്ലിക്കൊടുത്ത ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്‌സിന്റെ നാക്കുപിഴകൊണ്ടാണ് കുറച്ചുദിവസത്തിനു ശേഷം ഒബാമക്ക് വീണ്ടും സത്യപ്രതിജ്ഞയെടുക്കേണ്ടിവന്നത്.
 

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 71 ആര്‍.ഒ പ്ളാന്‍റുകള്‍ കൂടി

Posted: 19 Jan 2013 10:21 PM PST

ആലപ്പുഴ: ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ 71 ആര്‍.ഒ പ്ളാന്‍റുകള്‍ കൂടി സ്ഥാപിക്കുമെന്ന് കലക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു. കുടിവെള്ള പ്രശ്നം നേരിടുന്ന കുട്ടനാട് പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മണിക്കൂറില്‍ 250 ലിറ്റര്‍ ശുദ്ധീകരണശേഷിയുള്ള 66 ആര്‍.ഒ പ്ളാന്‍റുകള്‍ ഡോ. സജിത്തിന്‍െറ നേതൃത്വത്തിലും അഞ്ച് ആര്‍.ഒ പ്ളാന്‍റുകള്‍ ‘ഏട്രീ’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലും ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി പൊതു ടെന്‍ഡര്‍ വിളിക്കും. പ്ളാന്‍റിന്‍െറ സാങ്കേതിക വിദഗ്ധന്‍ ഡോ. സജിത്, വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍മാര്‍, തദ്ദേശഭരണവകുപ്പ് എന്‍ജിനീയര്‍മാര്‍, ഭൂഗര്‍ഭജല വകുപ്പ് എന്‍ജിനീയര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവരടങ്ങുന്ന സമിതി ടെന്‍ഡര്‍ പരിശോധിച്ച് സാങ്കേതികാനുമതി നല്‍കും. തുടര്‍ന്ന് സര്‍ക്കാറിന്‍െറ അംഗീകാരവും വാങ്ങും. ഏട്രീയുടെ ചുമതലയിലുള്ള പ്ളാന്‍റുകള്‍ക്കായി പഞ്ചായത്തുകളുമായി സമ്മതപത്രം ഒപ്പുവെക്കും. അഞ്ച് പ്ളാന്‍റുകള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കും. കൈനകരി, കാവാലം, വെളിയനാട്, പുളിങ്കുന്ന്, മുഹമ്മ പഞ്ചായത്തുകളിലാണ്  പ്ളാന്‍റുകള്‍ സ്ഥാപിക്കുക.
വറ്റുന്ന കുഴല്‍ക്കിണറുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയെടുക്കും. ആലപ്പുഴ നഗരത്തിലെ മുഴുവന്‍ കുഴല്‍ക്കിണറുകളും പുനരുജ്ജീവിപ്പിക്കും. ആര്‍.ഒ പ്ളാന്‍റുകളുടെ പരിസരത്തുനിന്നും കെട്ടിടങ്ങളില്‍നിന്നും ലഭിക്കുന്ന മഴവെള്ളമുപയോഗിച്ചാണ് കുഴല്‍ക്കിണറുകള്‍ പുനരുജ്ജീവിപ്പിക്കുക.
ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. കണ്ടല്ലൂര്‍ പഞ്ചായത്ത് വെട്ടുതറ കോളനി, കരുവാറ്റ വാഴങ്കേരി കോളനി, ആറാട്ടുപുഴ മണിവേലിക്കടവ്, ദേവികുളങ്ങര പഞ്ചായത്തിലെ കളിയക്കച്ചിറ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന പാനൂര്‍ ഭാഗം എന്നിവിടങ്ങളിലെ കുഴല്‍ക്കിണറുകളും ആലപ്പുഴ നഗരസഭയിലെ ചുടുകാട് പമ്പ്ഹൗസിലെ പുതിയ കുഴല്‍ക്കിണറുകളും പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിച്ചു. പൂന്തോപ്പില്‍ പുതിയ കുഴല്‍ക്കിണര്‍ പൂര്‍ത്തീകരിച്ചത് ഉടന്‍ കമീഷന്‍ ചെയ്യും. പഞ്ചായത്തുകളുടെ ഡെപ്പോസിറ്റ് പ്രവൃത്തികളും ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ പറഞ്ഞു.
ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ‘ജിക്ക’ എക്സി. എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ചോര്‍ച്ച പരിഹരിക്കാന്‍ 48 മണിക്കൂറില്‍ കൂടുതല്‍ വേണ്ടിവന്നാല്‍ അക്കാര്യം കലക്ടറേറ്റില്‍ അറിയിക്കണം. കുടിവെള്ള പൈപ്പുകള്‍ നന്നാക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അറിയിച്ചതായി കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍മാരായ വി. ചന്ദ്രശേഖരന്‍, സോമശേഖരന്‍ നായര്‍, എ.ഡി. എം കെ.പി. തമ്പി, ഡോ. സജിത്ത്, ഏട്രീ പ്രോജക്ട് കോഓഡിനേറ്റര്‍ ടി.ഡി. ജോജോ എന്നിവര്‍ പങ്കെടുത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP