സ്വാഗതം
WELCOME

News Update..

Wednesday, January 23, 2013

മൊബൈല്‍ കമ്പനികള്‍ നിരക്കുകള്‍ ഇരട്ടിയാക്കി Madhyamam News Feeds

മൊബൈല്‍ കമ്പനികള്‍ നിരക്കുകള്‍ ഇരട്ടിയാക്കി Madhyamam News Feeds

Link to

മൊബൈല്‍ കമ്പനികള്‍ നിരക്കുകള്‍ ഇരട്ടിയാക്കി

Posted: 22 Jan 2013 11:09 PM PST

Image: 

ന്യൂദല്‍ഹി: ഡീസല്‍ വില വര്‍ധനയുടെ മറവില്‍ ഇന്ത്യയിലെ  വലിയ മൊബൈല്‍ ശൃംഖലകള്‍ കോള്‍ നിരക്ക് കുത്തനെ കൂട്ടി. ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ എന്നീ നെറ്റ്വര്‍ക്കുകളാണ് നിരക്ക് വര്‍ധിപ്പിച്ചത്.

മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാനവശ്യമായ ജനറേറ്ററുകള്‍ക്ക് വേണ്ട ഡീസല്‍  ലിറ്ററിന് 61.25 രൂപ നല്‍കണം. ഇതിന്റെഅടിസ്ഥാനത്തിലാണ് കമ്പനികള്‍ കാള്‍ നിരക്ക് കൂട്ടിയത്.

എയര്‍ടെല്‍ മിനിറ്റിന് ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയാക്കി ഉയര്‍ത്തി. കൂടാതെ സൗജന്യ മിനിട്ടുകള്‍ 10 മുതല്‍ 25 ശതമാനം വരെ കുറച്ചു.  പ്രീപൈഡ് വൗച്ചറുകളുടെ വില അഞ്ചുമുതല്‍  15 രൂപവരെ കൂട്ടാനും തീരുമാനിച്ചു. ഇന്‍്റര്‍നെറ്റ് 2ജി പ്ളാനില്‍ 100 രൂപക്ക്  ഒരു ജിബി എന്നത് 124 രൂപയായി വര്‍ധിപ്പിച്ചു.

ഐഡിയ സെക്കന്‍്റ് പള്‍സിന് 1.2 പൈസയില്‍ നിന്ന് രണ്ടു പൈസയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വോഡഫോണും നിരക്കുകള്‍ കൂട്ടിയതായി അറിയിച്ചിട്ടുണ്ട്.
വോഡാഫോണ്‍ പ്രതിമാസ പ്ളാനുകള്‍ 95 രൂപയില്‍ നിന്നും 124 രൂപയാക്കി വര്‍ധിപ്പിച്ചു. ഇന്‍്റര്‍നെറ്റ് ലഭ്യതയും കുറച്ചിട്ടുണ്ട്. 250 ജിബി എന്നത് 150  ആയും 150 ജിബിയില്‍ നിന്ന് 100 ആയും കുറച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം മുതല്‍ നെറ്റുവര്‍ക്കുകള്‍ എസ്.എം.എസുകളുടെ എണ്ണവും വെട്ടിച്ചുരുക്കിയിരുന്നു.
വന്‍കിട നെറ്റുവര്‍ക്കുകള്‍ നിരക്കു വര്‍ധിപ്പിച്ചതിനു പുറകെ റിലയന്‍സ്, ടാറ്റാ ഡോകോമോ, തമിഴ്നാട് ആസ്ഥാനമായുള്ള എയര്‍സെല്‍ എന്നിവയും നിരക്കു കൂട്ടുമെന്ന് കരുതുന്നു.

ഭാരതി എയര്‍ടെല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഓഹരി സൂചിക 3.5 ശതമാനം കൂടുന്നതിന് കാരണമായിട്ടുണ്ട്.

 

തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച; 130 പവന്‍ മോഷ്ടിച്ചു

Posted: 22 Jan 2013 11:06 PM PST

Image: 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വന്‍ കവര്‍ച്ച. സ്റ്റാച്ച്യു ജംങ്ഷനിലെ വെറൈറ്റി ഫാന്‍സി സ്റ്റോഴ്‌സ് ഉടമ ജോണിന്റെ കുന്നുകുഴി തമ്പുരാന്‍ മുക്കിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 130 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് വിവരം.

ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. അലാറമടക്കം സുരക്ഷാ സംവിധാനങ്ങള്‍ വെട്ടിച്ചാണ് കവര്‍ച്ച നടത്തിയത്. വീടിന്റെ പിറക് വശത്തെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ച ജോണിന്റെ മരുമകളുടെ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെ വീട്ടുകാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം പേരൂര്‍ക്കട മുട്ടടയില്‍ മാങ്കുളം ക്ഷേത്രത്തിന് സമീപം വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടന്ന ലക്ഷങ്ങളുടെ കവര്‍ച്ചയുടെ ഞെട്ടല്‍ മാറും മുന്‍പാണ് വീണ്ടും മോഷണം നടന്നത്. മുട്ടടയിലെ കവര്‍ച്ച നടത്തിയത് അന്താരാഷ്ട്ര മോഷ്ടാവ് ബണ്ടി ചോര്‍ ആണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഒരു ആഡംബര കാര്‍ ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ കവര്‍ച്ചയാണ് ഇവിടെ നടന്നത്.

ഡീസല്‍ വിലവര്‍ധന: കെ.എസ്.ആര്‍.ടി.സിക്ക് താളംതെറ്റുന്നു

Posted: 22 Jan 2013 11:06 PM PST

ആലപ്പുഴ: ഡീസല്‍ വിലവര്‍ധനയും എണ്ണക്കമ്പനികളുടെ നിബന്ധനകളും കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഡിപ്പോകളില്‍  സര്‍വീസുകള്‍ റദ്ദാക്കല്‍ തുടരുകയാണ്. സ്വകാര്യബസുകള്‍ കൂടുതല്‍ ഇല്ലാത്ത ആലപ്പുഴ ഭാഗത്ത് ബസുകളുടെ എണ്ണം കുറക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.
 ഡീസല്‍ പ്രതിസന്ധിമൂലം ചേര്‍ത്തല ഡിപ്പോയിലെ 99 സര്‍വീസുകളില്‍ ചൊവ്വാഴ്ച 14 എണ്ണം റദ്ദാക്കി.  സ്വകാര്യ സര്‍വീസുകള്‍ അധികമുള്ള കോട്ടയം, അരൂക്കുറ്റി റൂട്ടുകളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്. സ്ഥിരമായി യാത്രക്കാര്‍ ആശ്രയിക്കുന്ന സര്‍വീസുകളാണ് ഇവ.ഇതോടൊപ്പം 14,000 രൂപ പ്രതിദിനം കലക്ഷനുള്ള കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള സര്‍വീസും റദ്ദാക്കി. ചേര്‍ത്തല-ആലപ്പുഴ,ചേര്‍ത്തല-തോപ്പുംപടി ഭാഗത്തേക്കുള്ള ഏതാനും സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
പ്രതിദിനം 10 ലക്ഷം രൂപ കലക്ഷനുള്ള ആലപ്പുഴ ഡിപ്പോയിലും സ്ഥിതി സുഗമമല്ല.  8000നും 5000നും ഇടയിലും 5000ന് താഴെയും പ്രതിദിനം കലക്ഷനുള്ള സര്‍വീസുകളുടെ ലിസ്റ്റ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ എല്ലാ ഡിപ്പോകളില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് നല്‍കിയ ലിസ്റ്റില്‍ ആലപ്പുഴ ഡിപ്പോയില്‍ കാര്യമായ മാറ്റം  ഉണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും വിലവര്‍ധന ആലപ്പുഴയെയും ബാധിക്കുമെന്ന് ഉറപ്പാണ്.  തിരുവല്ല,എടത്വാ എന്നീ സമീപ ഡിപ്പോകളില്‍ നിന്നുള്ള ബസുകളും ആലപ്പുഴ ഡിപ്പോയില്‍ നിന്ന് ഡീസല്‍  എടുക്കുന്നുണ്ട്. 99 ബസുകളും 100 ഷെഡ്യൂളുകളുമാണ് ആലപ്പുഴ ഡിപ്പോക്കുള്ളത്.  പ്രതിദിനം 8000 ലിറ്റര്‍ ഡീസലാണ് ആലപ്പുഴ ഡിപ്പോക്ക് മാത്രമായി ആവശ്യം.
 ഒരുകിലോമീറ്ററിന് 20 രൂപയെങ്കിലും വരുമാനം വേണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിബന്ധന. അതുവെച്ച് നോക്കുമ്പോള്‍ ഡിപ്പോയില്‍ നിന്നുള്ള ചില സര്‍വീസുകളുടെ നില പരുങ്ങലിലാണ്.
 വിശേഷദിവസങ്ങളും പെരുന്നാള്‍ ആഘോഷങ്ങളും വരുമ്പോഴാണ് ആലപ്പുഴ ഡിപ്പോക്ക് കലക്ഷന്‍ കൂടുക. സമീപദിവസങ്ങളില്‍ ആലപ്പുഴ ഡിപ്പോയില്‍ റദ്ദാക്കല്‍ ഉണ്ടാകുമെന്നാണ് സൂചന.
കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ചൊവ്വാഴ്ച 18 ഷെഡ്യൂള്‍ റദ്ദാക്കി. 78 ഷെഡ്യൂളുകളാണ് ദിനേന ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്. ഒരേ റൂട്ടിലേക്കുള്ള ഒന്നില്‍ കൂടുതലുള്ള സര്‍വീസുകളാണ് കൂടുതലായും നിര്‍ത്തിയത്.
 നിലവിലുള്ള ഡീസല്‍ ശേഖരം ബുധനാഴ്ച ഉച്ചയോടെ തീരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ കൂടുതല്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവരും. ഒന്നിടവിട്ട ദിവസങ്ങളില്‍ 12,000 ലിറ്റര്‍ ഡീസല്‍ എത്തിയിരുന്ന സ്ഥാനത്ത് മൂന്ന് ദിവസത്തിലൊരിക്കല്‍ 8000 ലിറ്റര്‍ ഡീസലാണ് എത്തുന്നത്.ഹരിപ്പാട് ഡിപ്പോയില്‍ ജീവനക്കാരുടെ കുറവ് ഡീസല്‍ പ്രതിസന്ധിക്കൊപ്പം തലവേദനയാണ്.
ഡീസല്‍ വിലവര്‍ധന ഇല്ലാത്തപ്പോള്‍ തന്നെ ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്ന പതിവ് ഹരിപ്പാട് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച ഒമ്പത് സര്‍വീസാണ് റദ്ദാക്കിയത്. ആറ് ഓര്‍ഡിനറിയും മൂന്ന് ഫാസ്റ്റ് പാസഞ്ചറും.
ദിനംപ്രതി 2500 ലിറ്റര്‍ ഡീസലാണ് ഹരിപ്പാടിന് ആവശ്യം. കലക്ഷന്‍ ശരാശരി 3.5നും 4.25 ലക്ഷത്തിനും ഇടയിലാണ്. എന്നിട്ടും പ്രതിസന്ധിക്ക് ഹരിപ്പാട് ഡിപ്പോയില്‍ കുറവില്ല.
ചെങ്ങന്നൂര്‍, മാവേലിക്കര ഡിപ്പോകളിലും ഡീസല്‍ ക്ഷാമം കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും.

രാജ്‌നാഥ് സിങ് ബി.ജെ.പി അധ്യക്ഷന്‍

Posted: 22 Jan 2013 11:03 PM PST

Image: 

ന്യൂദല്‍ഹി: രാജ്‌നാഥ് സിങ്ങിനെ ബി.ജെ.പി അധ്യക്ഷനായി തെരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സിങ്ങിനെ ഐകകണ്‌ഠേന തെരഞ്ഞടുക്കുകയായിരുന്നു. നിലവില്‍ അധ്യക്ഷനായിരുന്ന നിതിന്‍ ഗഡ്കരി നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രി രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാജ്‌നാഥ് സിങിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ടാംതവണയാണ് രാജ്‌നാഥ് സിങ്ങ് പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലെത്തുന്നത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ സിങ്ങ് 2005ല്‍ അദ്വാനിയുടെ പിന്‍ഗാമിയായിട്ടാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയത്.

നിതിന്‍ ഗഡ്കരിയെ വീണ്ടും ബി.ജെ.പി ദേശീയ അധ്യക്ഷനാക്കാന്‍ ആര്‍.എസ്.എസ് നടത്തിയ കരുനീക്കം അവസാന മണിക്കൂറില്‍ പൊളിയുകയായിരുന്നു. ഗഡ്കരിക്കെതിരെ ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണം ഊര്‍ജിതമായതിനെ തുടര്‍ന്നാണ് അവസാന നിമിഷം ആര്‍.എസ്.എസിന് അടിതെറ്റിയത്. ചരിത്രത്തിലാദ്യമായാണ് ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ അഭീഷ്ടം നടക്കാതെ പോകുന്നത്.

അഴിമതി ആരോപണമുള്ള പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധം തെളിയിക്കുന്നതിന്റെ രേഖകള്‍ പുറത്തുവന്നതോടെയാണ് ഗഡ്കരിയുടെ നില പരുങ്ങലിലായത്. അഴിമതി വിവാദത്തില്‍പ്പെട്ട മഹാരാഷ്ട്രയിലെ പൂര്‍ത്തി ഗ്രൂപ്പിന്റെ കമ്പനികളില്‍ നിതിന്‍ ഗഡ്കരിയുടെ ഭാര്യക്കും മകനും അനന്തരവനും ഓഹരിയുള്ളതിന്റെ രേഖകള്‍ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം വഴി പുറത്താകുകയായിരുന്നു.

പൂര്‍ത്തി ഗ്രൂപ്പിന്റെ അഴിമതി ഇടപാടുകളില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഗഡ്കരി രാജിവെക്കണമെന്ന് മുന്‍ കേന്ദ്ര  ധനമന്ത്രി യശ്വന്ത് സിന്‍ഹ, രാജ്യസഭാ എം.പി രാം ജത്മലാനി, നടനും പാര്‍ട്ടി എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഗഡ്കരി തുടരുന്നതില്‍ പ്രതിഷേധിച്ച് രാം ജത്മലാനിയുടെ മകന്‍ മഹേഷ് ജത്മലാനി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് രാജിവെക്കുകയും ചെയ്തു. എന്നിട്ടും കുലുങ്ങാതെ ഗഡ്കരിക്കുവേണ്ടി വാശിപിടിച്ച ആര്‍.എസ്.എസ് നേതൃത്വം, ചൊവ്വാഴ്ച പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതോടെയാണ് അവസാന മണിക്കൂറില്‍ രാജ്‌നാഥിനെ തെരഞ്ഞെടുക്കാന്‍ സമ്മതം മൂളിയത്.

നിതിന്‍ ഗഡ്കരിക്ക് രണ്ടാമൂഴം നല്‍കാന്‍ ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം ബി.ജെ.പി ഭരണഘടന ഭേദഗതി ചെയ്തിരുന്നു. എല്‍.കെ. അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞാണ് ഗഡ്കരിയെ വീണ്ടും പ്രസിഡന്റ് പദത്തിലിരുത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. ഗഡ്കരിക്ക് പകരം വരാന്‍ സാധ്യതയുണ്ടായിരുന്ന രാജ്‌നാഥ് സിങ്ങും സുഷമ സ്വരാജും മത്സരരംഗത്തുനിന്ന് പിന്മാറുകയും ചെയ്തു. ആര്‍.എസ്.എസിന്റെ ഇടപെടലിനെ തുടര്‍ന്ന് മത്സരമില്ലാതെ നിതിന്‍ ഗഡ്കരി തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു ചൊവ്വാഴ്ച വൈകുംവരെ പ്രതീക്ഷ. എന്നാല്‍, അന്വേഷണക്കുരുക്ക് മുറുകിയതോടെ ബുധനാഴ്ച പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ബി.ജെ.പി ഗഡ്കരിയെ കൊള്ളാന്‍ വയ്യാത്ത പരുവത്തിലായി. ഗഡ്കരിക്ക് പ്രസിഡന്റ് പദം നല്‍കിയാല്‍ യു.പി.എ സര്‍ക്കാറിന്റെ അഴിമതിക്കെതിരെ പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത് ആയുധമാക്കുമെന്നുമുള്ള വാദം ആര്‍.എസ്.എസും സമ്മതിക്കുകയായിരുന്നു.

 

കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി 35 സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു

Posted: 22 Jan 2013 10:57 PM PST

കണ്ണൂര്‍: ഇന്ധന പ്രതിസന്ധിയുടെ പേരില്‍ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നുള്ള 35 സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു. നിര്‍ത്തലാക്കേണ്ട സര്‍വീസുകളുടെ പട്ടിക കഴിഞ്ഞദിവസം ഡിപ്പോ അധികൃതര്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. ഡീസല്‍വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പ്രതിദിനം 8000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കോര്‍പറേഷന്‍െറ തീരുമാനത്തിന്‍െറ ഭാഗമായാണിത്.
കോര്‍പറേഷന്‍ മേധാവികളുടെ ആവശ്യപ്രകാരം 8000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള 46 സര്‍വീസുകളുടെ പട്ടികയാണ് ഡിപ്പോ അധികൃതര്‍ തയാറാക്കി നല്‍കിയത്.
 2012 ഡിസംബര്‍ വരെയുള്ള വരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണിത്. ഈ ഡിപ്പോയില്‍നിന്ന് ആകെ 111 സര്‍വീസുകളാണ് നടത്തുന്നത്. ആദിവാസി മേഖലയിലും ദേശസാല്‍കൃത റൂട്ടുകളിലും ഓടുന്ന 11 സര്‍വീസുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി ശേഷിച്ചവ നിര്‍ത്തലാക്കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന മേഖല ഓഫിസര്‍മാരുടെ യോഗത്തില്‍ ധാരണയായത്. ഘട്ടംഘട്ടമായി ഇവ നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്.
പെരുമ്പടവ്, അഴീക്കല്‍, ചപ്പാരപ്പടവ്, കാഞ്ഞിരക്കൊല്ലി, കാസര്‍കോട് (ടി.ടി), അലക്സ് നഗര്‍, കാഞ്ഞങ്ങാട് (ചെയിന്‍ സര്‍വീസ്), വലിയരീക്കാമല, മയ്യില്‍, കാട്ടാമ്പള്ളി, കുടിയാന്മല, ഇരിക്കൂര്‍, പാളയം, വൈതല്‍മല, നടുവില്‍മല, ശാന്തിഗിരി, പെരുമ്പടവ്-ചെറുപുഴ, മുള്ളൂര്‍, കാപ്പിമല, തുടിമരം, മട്ടന്നൂര്‍-മണക്കായി, ഇരിട്ടി, പള്ളിയം, തലശ്ശേരി, പള്ളത്തുംകടവ്, പാത്തന്‍പാറ, പറശ്ശിനിക്കടവ്-മയ്യില്‍, ഇരിട്ടി, ജോസ്ഗിരി, കൊല്ലംചിറ, ഓടക്കടവ് എന്നിവിടങ്ങളിലേക്കുള്ള വരുമാനം കുറഞ്ഞ സര്‍വീസുകളാണ് പട്ടികയിലുള്ളത്.
ആദിവാസി മേഖല, വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കുന്ന റൂട്ടുകള്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെങ്കിലും 8000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള റൂട്ടുകളുടെ പട്ടികയില്‍ ഏറെയും ഇത്തരം സര്‍വീസുകളാണ്.ബസുകളുടെ കുറവ് കാരണം എട്ട് സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തലാക്കിയിരുന്നു.സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് ഉള്‍പ്രദേശങ്ങളിലെ യാത്രക്കാരെ ബാധിക്കും. ജീവനക്കാര്‍ക്കും ഭീഷണിയാണ്. എം പാനല്‍ വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്കും താല്‍ക്കാലിക വ്യവസ്ഥയിലുള്ളവര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് ആശങ്ക. സ്ഥിരം ജീവനക്കാര്‍ വ്യാപകമായി സ്ഥലംമാറ്റപ്പെടാനും സാധ്യതയുണ്ട്.
 

കെ.എസ്.ആര്‍.ടി.സി സ്റ്റേ ബസുകളടക്കം റദ്ദാക്കി; യാത്രക്കാര്‍ വലയുന്നു

Posted: 22 Jan 2013 10:43 PM PST

കൊല്ലം: ഡീസല്‍ വില വര്‍ധനവിനെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ജില്ലയില്‍ യാത്രാക്ളേശം രൂക്ഷമായി. സ്റ്റേ സര്‍വീസുകളടക്കം റദ്ദാക്കിയതാണ് യാത്രക്കാരെ  പെരുവഴിയിലാക്കിയത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുള്‍പ്പെടുന്ന കൊല്ലം സോണില്‍ ചൊവ്വാഴ്ച സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ലെന്നാണ് ഔദ്യാഗിക വിശദീകരണം. എന്നാല്‍ രണ്ടുദിവസമായി നൂറോളം ഷെഡ്യൂളുകള്‍ വിവിധ ഡിപ്പോകളിലായി വെട്ടിക്കുറച്ചിട്ടുണ്ട്. കൊല്ലം ഡിപ്പോയില്‍ മാത്രം ഏഴ് സ്റ്റേ ബസുകളടക്കം 30 ഓളം ഷെഡ്യൂളുകള്‍ ചൊവ്വാഴ്ച  റദ്ദാക്കി.
കൊല്ലം സോണല്‍ ഓഫിസിന് കീഴില്‍ പതിവായി നടത്തുന്ന 1100 ഷെഡ്യൂളുകള്‍ക്ക് പുറമേ ചൊവ്വാഴ്ച അധികമായി 25 ഷെഡ്യൂളുകള്‍ ഓടിച്ചെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചത്.
എന്നാല്‍ ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ റദ്ദാക്കാനുള്ള ചീഫ് ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിന്‍െറ ചുവടുപിടിച്ച് പല സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ വെട്ടിക്കുറക്കുകയായിരുന്നു.  എണ്ണായിരം രൂപയെങ്കിലും പ്രതിദിന കളക്ഷന്‍ കിട്ടാത്ത സര്‍വീസുകള്‍ റദ്ദാക്കാനാണ് നീക്കം. അതിനിടെ  പ്രതിസന്ധിയുടെ മറവില്‍ ശരാശരി വരുമാനമുള്ള ഗ്രാമീണ സര്‍വീസുകള്‍ പോലും വെട്ടിക്കുറക്കാനാണ്  ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.  ഇന്ന് മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ്  സൂചന.  
ഗ്രാമീണമേഖലയില്‍ യാത്രക്കാര്‍ ഏറ്റവുംകൂടുതല്‍ ആശ്രയിക്കുന്ന സ്റ്റേ സര്‍വീസുകള്‍ നിലക്കുന്നത് വരുംദിവസങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കും.  രാത്രി ഏഴോടെ തന്നെ സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനാല്‍ മിക്ക ഗ്രാമീണ റൂട്ടുകളിലും യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേ ബസുകളെയാണ് ആശ്രയിക്കുന്നത്.ഇത് നിലക്കുന്നതോടെ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സ്ഥിരം യാത്രക്കാര്‍ വലയും.
വരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ നാല് പൂളുകളായാണ് സര്‍വീസുകളെ തിരിച്ചിട്ടുള്ളത്. കിലോമീറ്ററിന് 25 രൂപക്ക് മുകളില്‍ വരുമാനമുള്ള പൂള്‍-എ യിലും 23 രൂപ മുതല്‍ 25 രൂപ വരെ ലഭിക്കുന്നവ പൂള്‍-ബിയിലും വരും. ഒരു കിലോമീറ്റര്‍ സര്‍വീസ് നടത്തുമ്പോള്‍ 20 മുതല്‍ 23 രൂപവരെ വരുമാനം കിട്ടുന്നയാണ് പൂള്‍-സിയില്‍ വരിക. 20 രൂപയില്‍ താഴെ മാത്രം കിലോമീറ്ററിന് വരുമാനമുള്ളവയാണ് പൂള്‍ ഡി യില്‍ വരുന്ന സര്‍വീസുകള്‍. ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നഷ്ടം നികത്താനായി അധികവും നിര്‍ത്തലാക്കുന്നത് സി, ഡി പൂളില്‍ വരുന്ന ഓര്‍ഡിനറി ഷെഡ്യൂളുകളാണ്.
സമയക്രമം പരിഷ്കരിച്ച് കൃത്യമായി ഓടിച്ചാല്‍ ഗ്രാമീണ സര്‍വീസുകളിലേറെയും ലാഭകരമാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ മിക്ക റൂട്ടുകളിലും സ്വകാര്യ ബസുകള്‍ക്ക് പിന്നാലെയും സ്വകാര്യ ബസുകള്‍ കൂടുതലായുള്ള സമയങ്ങളിലുമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍. ഗ്രാമീണ റൂട്ടുകളില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കാര്യക്ഷമമായ ക്രമീകരണങ്ങള്‍ മിക്ക ഡിപ്പോകളിലും ഉണ്ടാവുന്നില്ല. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ ദീര്‍ഘദൂര സര്‍വീസുകളില്‍ മാത്രമാണ് അധികൃതരുടെ ശ്രദ്ധ.
സര്‍വീസുകള്‍ റദ്ദാക്കുന്നതുമൂലം ജീവനക്കാരും പ്രതിസന്ധിയിലാവുന്ന സാഹചര്യമാണ്.  ഡ്രൈവറും കണ്ടക്ടറും ഡിപ്പോയില്‍ ജോലിക്കെത്തിയാലും അവരുടെ പതിവ് ഷെഡ്യൂള്‍ സര്‍വീസ് ഓടാനായില്ലെങ്കില്‍  അവധിയായാണ് പരിഗണിക്കുക. അവധി അക്കൗണ്ടില്‍ ബാക്കിയില്ലാത്തവര്‍ക്ക് ‘ലോസ് ഓഫ് പേ’ ആയി മാറുന്നതിനാല്‍ സാമ്പത്തികനഷ്ടവും ഉണ്ടാവും.

പാരിസ്ഥിതിക സംവേദക മേഖലകള്‍: മലയോരം പുകയുന്നു

Posted: 22 Jan 2013 10:18 PM PST

കല്‍പറ്റ:  കേരള സര്‍ക്കാറിന്‍െറ ഇ.എഫ്.എല്‍ നിയമം, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, വന്യമൃഗ സങ്കേതങ്ങള്‍ക്കു ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ എന്നിവയെ ച്ചൊല്ലി മലയോര  പ്രദേശങ്ങള്‍ പുകയുന്നു. പതിനായിരണക്കിന് കര്‍ഷകരും തൊഴിലാളികളും ആദിവാസികളും വനംവകുപ്പ്  കൂടുതല്‍ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ്.
സാധാരണ ജീവിതത്തിനും കെട്ടിട നിര്‍മാണത്തിനും ഭൂമി ഇടപാടുകള്‍ക്കും നിയന്ത്രണം വരുമെന്ന പ്രചാരണം ഒരു ഭാഗത്ത് സജീവമായി. ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ക്രൈസ്തവ സഭകളും പാരിസ്ഥിതിക സംവേദക മേഖലകള്‍ക്കെതിരെ രംഗത്തുണ്ട്. ജനരോഷം തിരിയുന്ന സര്‍ക്കാറുകള്‍ക്കും ഭരണകക്ഷികള്‍ക്കുമെതിരെ സാഹചര്യവുമുണ്ട്. ഇതേസമയം കോണ്‍ഗ്രസും യു.ഡി.എഫ് ഘടക കക്ഷികളും  പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചു വരികയാണ്.
ഭൂമിയും അതിലുള്ള അധ്വാനവും ഉപജീവനമാര്‍ഗമായ കര്‍ഷക സമൂഹം കടുത്ത ആശങ്കയിലാണ്. നഗരങ്ങള്‍വരെ പാരിസ്ഥിതിക സംവേദക മേഖലകളുടെ പരിധിയില്‍ വരുന്ന അവസ്ഥയാണ്. വന്യമൃഗ സങ്കേതങ്ങള്‍ക്ക് മേഖലകള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് 2002 മുതല്‍ ദേശീയതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനങ്ങള്‍ ജനങ്ങളെ വലക്കുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്ന നിലപാടിലാണ്. ഈ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതിനാല്‍ ഗോവ കേന്ദ്രമായ സന്നദ്ധ സംഘടന സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ പ്രശ്നത്തില്‍ കോടതി ഇടപ്പെട്ടു. ഫെബ്രുവരി 15നകം സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപനത്തിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അല്ലാത്തപക്ഷം ഏകപക്ഷീയമായി പ്രഖ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ട്.
പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ നിരോധിക്കപ്പെടേണ്ടതും നിയന്ത്രണ വിധേയമാക്കേണ്ടതുമായ പ്രവൃത്തികളും പദ്ധതികളും ഏതൊക്കെയാണെന്ന് സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ ചെയ്യാം.
വന്യജീവി സങ്കേതങ്ങള്‍ക്കകത്തും തൊട്ടടുത്തുമായി ആയിരക്കണക്കിന് കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി താമസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ കാടും നാടും വേര്‍തിരിക്കുകയല്ലാതെ മറ്റു നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ശക്തമായ ജനരോഷം ക്ഷണിച്ചുവരുത്തുമെന്ന യാഥാര്‍ഥ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതേ സമയം സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി സുപ്രീംകോടതിയില്‍ നല്‍കിയ നിര്‍ദേശ പ്രകാരം വന്യജീവി സങ്കേതങ്ങളുടെ വിസ്തൃതിയനുസരിച്ച്  100 മീറ്റര്‍ മുതല്‍ രണ്ട് കിലോ മീറ്റര്‍ വരെ സംവേദക മേഖലകള്‍ പ്രഖ്യാപിക്കാം. ഇത്തരം ശിപാര്‍ശകളും മലയോര മേഖലയുടെ ആശങ്ക അകറ്റുന്നില്ല.
സസ്യജാല സമ്പുഷ്ടമായ കൃഷിയിടങ്ങള്‍ പരിസ്ഥിതി ലോലമെന്ന് വിശേഷിപ്പിച്ച് നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കാതെയാണ് വനംവകുപ്പ് ഇ.എഫ്.എല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഏറ്റെടുക്കുന്നത്. നാലാം വകുപ്പില്‍  നാമമാത്രമായി നഷ്ടപരിഹാരം നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതുപോലും നല്‍കാതെയാണ് നിയമം പ്രയോഗിച്ചിട്ടുള്ളത്. നിയമാനുസൃതം എല്ലാ രേഖകളുമുള്ള സ്ഥലങ്ങളാണ് പിടിച്ചെടുത്തത്.
വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ കൂടിയാവുമ്പോള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങും.
പശ്ചിമഘട്ടത്തിലെ 30 ശതമാനം വനം എന്നത് 75 ശതമാനം ആക്കണമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 45 ശതമാനം ഭൂമി കൂടി പുതുതായി വനമാക്കണം. ഈ പ്രദേശത്തെ ജനങ്ങള്‍ എങ്ങോട്ടുപോകും എന്നതിനെക്കുറിച്ചും ചോദ്യം ഉയരുന്നുണ്ട്. ‘ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വന്നില്ലെങ്കില്‍ മനുഷ്യജീവിതം തന്നെ അസാധ്യമാവുന്ന തരത്തിലാണ് ജൈവസമ്പത്തിന്‍െറയും പരിസ്ഥിതിയുടെയും നാശമെന്നും ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്നും’ വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ ഇല്ലാത്ത പ്രചാരണങ്ങളാണ് നടന്നുവരുന്നത് അദ്ദേഹം അഭിപ്രായപ്പെട്ടു.
വനം വകുപ്പും കേന്ദ്ര സര്‍ക്കാരും ജനങ്ങള്‍ക്ക് മേല്‍ യുദ്ധം പ്രഖ്യാപിക്കുന്ന സ്ഥിതിയാണിപ്പോഴെന്നും മലയോര പ്രദേശത്ത് ജനവാസവും കൃഷിയും അസാധ്യമാക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഹരിത സേന ഡയറക്ടറുമായ അബ്രഹാം ബെന്‍ഹര്‍ പറഞ്ഞു. ആയിരക്കണക്കിന് ഏക്കറില്‍ യൂക്കാലിയും തേക്കും വളര്‍ത്തി വരള്‍ച്ചയും വന്യമൃഗങ്ങള്‍ക്ക് തീറ്റയും വെള്ളവും നഷ്ടപ്പെടുത്തിയത് വനംവകുപ്പാണ്. ഇത്തരം തോട്ടങ്ങള്‍ വെട്ടി മാറ്റി സ്വാഭാവിക വനം വളര്‍ത്തണം.
വന്യജീവികളുടെ ശല്യം കൊണ്ട് മലയോരങ്ങളില്‍ ഇപ്പോള്‍തന്നെ കൃഷി അസാധ്യമായി വരികയാണ്. നാണ്യവിളകളും ഭക്ഷ്യസുരക്ഷയും തകര്‍ക്കാനുള്ള  ഗൂഢശ്രമങ്ങള്‍ പുതിയ നിയന്ത്രണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും ബെന്‍ഹര്‍ അഭിപ്രായപ്പെട്ടു.

കൊയിലാണ്ടിയില്‍ വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

Posted: 22 Jan 2013 10:14 PM PST

കൊയിലാണ്ടി: തുവ്വക്കോട് മലയിലെ അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ വന്‍ സ്ഫോടക വസ്തുശേഖരം കണ്ടെത്തി. വടകര സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം മലയിലെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലയില്‍ മണി, മലയില്‍ ബിജൂഷ്, മലയില്‍ രാജന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം വളരെ ആസൂത്രിതമായാണ് പരിശോധക സംഘം മലയിലെത്തിയത്. സംഘം മഫ്ടിയിലായിരുന്നെങ്കിലും അപകടം മണത്ത് പടക്കനിര്‍മാണ ജോലിക്കാരില്‍ പലരും ഓടി രക്ഷപ്പെട്ടു. എട്ടു വീടുകളിലാണ് പരിശോധന നടന്നത്. ഇതില്‍ നാലു വീടുകളില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു.
വീടിന്‍െറ അകവും ഷെഡുകളുമെല്ലാം പടക്കനിര്‍മാണത്തിനും സ്ഫോടക വസ്തുശേഖരണത്തിനും ഉപയോഗപ്പെടുത്തിയിരുന്നു. പിടികൂടിയ സ്ഫോടകവസ്തുക്കളുടെ തൂക്കം പരിശോധിച്ചുവരികയാണ്. ഉത്സവ വെടിക്കെട്ടിനായാണ് പ്രധാനമായി ഇവിടെ പടക്കം നിര്‍മിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇവിടെനിന്ന് പടക്കങ്ങള്‍ കൊണ്ടുപോകാറുണ്ട്.
ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ ചില മേഖലകളിലാണ് പടക്കനിര്‍മാണം നടക്കുന്നത്. വന്‍ അപകട സാധ്യതയുള്ളതാണെങ്കിലും പലപ്പോഴും അധികൃതര്‍ പരിശോധന നടത്താറില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചേലിയ ഭാഗത്തുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഇടക്ക് തീപിടിത്തവും ഉണ്ടാവാറുണ്ട്.

കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

Posted: 22 Jan 2013 10:11 PM PST

Image: 

ബംഗളൂരു:കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ തുടരുമ്പോള്‍ മന്ത്രിസഭയില്‍ നിന്നും രണ്ട് മന്ത്രിമാര്‍ കൂടി രാജി വെച്ചു.
 മുന്‍ മുഖ്യമന്ത്രിയും കെ.ജെ.പി അധ്യക്ഷനുമായ  ബി.എസ് യെദിയൂരപ്പയുടെ അനുയായികളായ ഊര്‍ജ വകുപ്പ്  മന്ത്രി ശോഭ കരന്തലജെ , പൊതുമരാമത്ത് മന്ത്രി സി.എം ഉദാസി എന്നിവരാണ് രാജി വെച്ചത്.
മന്ത്രി പദവിയും എം.എല്‍.എ സ്ഥാനവും രാജിവെക്കുകയാണെന്നും  രാജി സംബന്ധിച്ച് ബുധനാഴ്ച അസംബ്ളി സെക്രട്ടറിയെ കാണുമെന്നും മന്ത്രി ഉദാസി  അറിയിച്ചു. സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനാലാണ് സെക്രട്ടറിയെ കാണുന്നത്. രണ്ടുപേരും യെദിയൂരപ്പയുടെ പാര്‍ട്ടിയായ കര്‍ണാടക ജനതാ പാര്‍ട്ടിയില്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ മന്ത്രിമാരുടെ രാജി സ്ഥിരീകരിച്ചു.

അതേസമയം, യെദിയൂരപ്പയെ അനുകൂലിക്കുന്ന 13 എം.എല്‍.എമാരുകൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്നാണ് സൂചന. നിയമസഭയില്‍ നിലവില്‍ 120 പേരുടെ പിന്തുണയുള്ള ബി.ജെ.പിയില്‍ നിന്നും 13 എം.എല്‍.എമാര്‍ രാജിവെക്കുന്നതിലൂടെ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധനമന്ത്രിയുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഫെബ്രുവരി എട്ടിന് അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ബി.ജെ.പിയില്‍ നിന്നും കൂട്ടരാജി. യെദിയൂരപ്പയുടെ ബംഗളൂരുവിലുള്ള വസതിയില്‍ ബുധനാഴ്ച നടക്കുന്ന നിര്‍ണായക കെ.ജെ.പി യോഗത്തില്‍ എം.എല്‍.എമാര്‍ രാജിവെക്കുമാനനാണ് കരുതുന്നത്.
 

ബ്രിട്ടനില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted: 22 Jan 2013 09:50 PM PST

Image: 

ലണ്ടന്‍: ബ്രിട്ടനില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സൗവിക് പാലി(19)നെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു സ്വദേശിയായ സൗവികിനെ പുതുവത്സരതലേന്നാണ് കാണാതായത്. മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിന് സമീപത്തെ കനാലില്‍ നിന്നാണ് സൗവിക്കിന്റെ ജഡം കണ്ടെത്തിയത്.

ഡിസംബര്‍ 31ന് സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാനായി നൈറ്റ് ക്ലബില്‍ പോയ സൗവിക്കിനെ പിന്നീട് കാണാതാവുകയായിരുന്നു. അന്നു രാത്രി 11 മണിക്കാണ് സൗവിക്കിനെ അവസാനമായി കണ്ടത്. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാലയിലെ പ്രൊഡക്ട് ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു.

സൗവിക്കിന്റെ അച്ഛന്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സൗവിക്കിന്റെ കുടുംബത്തിന് വിട്ടുകൊടുക്കും. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു കരുതുന്നില്ലെന്നു പൊലിസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പിന്നീട് നടക്കും.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP